অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

തെയ്യം

ഐതിഹ്യം

വടക്കന്‍കേരളത്തിൽ പ്രചാരത്തിലുള്ള അനുഷ്ഠാനകലകളിൽ പ്രധാനപ്പെട്ട ഒന്നാണ് തെയ്യം. നൃത്തം ചെയ്യുന്ന ദേവതാസങ്കല്പമാണ്‌ തെയ്യം. തെയ്യത്തിന്‍റെ നർത്തനം തെയ്യാട്ടം എന്നും തെയ്യത്തിന്‍റെ വേഷം തെയ്യക്കോലം എന്നും അറിയപ്പെടുന്നു. ദേവാരാധന നിറഞ്ഞ തെയ്യംകലയിൽ മന്ത്രപരമായ അനുഷ്ഠാനം, തന്ത്രപരമായ അനുഷ്ഠാനം, കർമ്മപരമായ അനുഷ്ഠാനം, വ്രതപരമായ അനുഷ്ഠാനം എന്നിവ ഇടകലർന്നുകാണുന്നു. പ്രധാനമായും അമ്മ ദൈവങ്ങൾ ആണ് തെയ്യങ്ങൾ (ഉദാ: മുച്ചിലോട്ട് ഭഗവതി) . കൂടാതെ വീരന്മാരെയും തെയ്യങ്ങൾ ആയി ആരാധിക്കുന്നു.(ഉദ:കതിവന്നൂർ വീരൻ). ഏതാണ്ട്‌ അഞ്ഞൂറോളം തെയ്യങ്ങൾ ഉണ്ടെന്നാണു പറയപ്പെടുന്നത്‌. എങ്കിലും നൂറ്റിരുപതോളം തെയ്യങ്ങളാണ്‌ സാധാരണമായിട്ടുള്ളത്‌.

ചരിത്രം

പ്രാചീനകാലത്തെ സാമൂഹികജീവിതത്തിന്റെ പ്രതിഫലനങ്ങളായിരുന്നു നാടൻ കലകൾ. ആചാരാനുഷ്ഠാനം, ആരാധന എന്നിവയുമായി ബന്ധപ്പെട്ട് ഉണ്ടായവയാണ് അവയിൽ ഏറിയകൂറും. സമൂഹത്തിന്റെ ഐക്യത്തെ ദൃഢീകരിക്കാനും വ്യക്തിവികാരങ്ങളുടെ സ്ഥാനത്ത് സമൂഹവികാരത്തെ പ്രതിഷ്ഠിക്കുവാനും നാടൻ കലകൾക്കു കഴിഞ്ഞു. പല നാടൻ കലകളും അടിച്ചമർത്തപ്പെട്ട അധഃസ്ഥിതന്റെ ആത്മപ്രകാശനത്തിനുള്ള ഉപാധികളായി മാറ്റപ്പെട്ടു. നൂറ്റാണ്ടുകൾ പഴക്കമുള്ള വടക്കേമലബാറിന്റെ തനതു കലാരൂപമാണ് തെയ്യം. കാസർഗോഡ്, കണ്ണൂർ ജില്ലകളിലാണ് ഈ അനുഷ്ഠാനകല കെട്ടിയാടുന്നത്. വൈദികേതരമായ അനുഷ്ഠാനചര്യകളോടെ ദൈവപ്രീതിക്കുവേണ്ടി അധഃസ്ഥിതസമുദായക്കാർ നടത്തുന്ന നൃത്തമാണ് തെയ്യം. ദൈവം എന്നതിന്റെ വാമൊഴി രൂപമാണ് തെയ്യം. ഓരോ സമുദായത്തിനും നിശ്ചിത തെയ്യക്കോലങ്ങൾ കെട്ടിയാടാനുള്ള അവകാശം തമ്പുരാൻ നൽകിയിട്ടുണ്ടെന്നാണ് വിശ്വാസം. സങ്കീർണ്ണവും മനോഹരവുമായ മുഖത്തെഴുത്തും കുരുത്തോലകളും പൂക്കളും മറ്റും ഉപയോഗിച്ചുള്ള രക്തവർണ്ണാങ്കിതമായ ആടയാഭരണങ്ങളും ചെണ്ട, ചേങ്ങില, ഇലത്താളം, കറുംകുഴൽ, തകിൽ, തുടങ്ങിയ വാദ്യമേളങ്ങളും, ലാസ്യ താണ്ഡവ നൃത്താദികളും സമ്മോഹനമായി സമ്മേളിക്കുന്ന തെയ്യം വിശ്വാസത്തോടൊപ്പം കലാസ്വാദനചാതുര്യവും ഉണർത്തുന്ന അപൂർവമായ ഒരു കലാരൂപമാണ്. വർഷങ്ങൾ നീളുന്ന പരിശീലനത്തിലൂടെ മാത്രമെ ഒരാൾക്ക് നല്ല തെയ്യക്കാരനാകാൻ കഴിയുകയുള്ളൂ. തെയ്യത്തെ തോറ്റിച്ച് (പ്രാർത്ഥിച്ച്) ഉണർത്തുന്ന പാട്ടാണ് തോറ്റം പാട്ട്. പ്രത്യേകകാലങ്ങളിൽ സമൂഹജീവിതത്തെ സമർത്ഥമായി പ്രതിഫലിപ്പിക്കുന്ന സാഹിത്യ രൂപം കൂടിയാണ് തോറ്റം പാട്ടുകൾ. തോറ്റം പാടുന്ന ഇളം കോലത്തിനും തോറ്റം എന്നു പറയും. ചില തെയ്യങ്ങൾക്ക് തലേന്നാൾ വെള്ളാട്ടമാണ് കെട്ടിയാടുന്നത്.

അവസാനം പരിഷ്കരിച്ചത് : 3/20/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate