ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ കേരളം ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ 12-ാം സ്ഥാനത്തുനിലകൊള്ളുന്നു (2011). 2011-ലെ സെന്‍സസ് പ്രകാരം കേരളത്തിലെ ജനസംഖ്യ 3,34,060,61 ആണ്. ഇതില്‍ 1,73,78,649 സ്ത്രീകളും 1,60,27,412 പുരുഷന്മാരും ഉള്‍പ്പെടുന്നു. 2011-ലെ സെന്‍സസ് അനുസരിച്ച് ജനസംഖ്യയുടെ 47.72 ശതമാനം നഗരപ്രദേശങ്ങളിലാണ് വസിക്കുന്നത്. ഇത് ദേശീയ ശരാശരി(31.16 ശ.മാ.)യെക്കാള്‍ കൂടുതലാണ്. കേരളത്തിലെ ജനസാന്ദ്രത ഒരു ച.കി.മീറ്ററിന് 860 ആണ്. ഇത് ദേശീയ ശരാശരിയെക്കാള്‍ മൂന്നുമടങ്ങ് കൂടുതലാണ്. രാജ്യത്തെ ജനസാന്ദ്രത കൂടിയ സംസ്ഥാനങ്ങളിലൊന്നായ കേരളത്തില്‍ 9.43 വളര്‍ച്ചാനിരക്കാണ് കഴിഞ്ഞ ദശാബ്ദത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. സ്ത്രീ-പുരുഷ അനുപാതം (1000 പുരുഷന്മാര്ക്ക് സ്ത്രീകളുടെ എണ്ണം) പോസിറ്റീവ് സംഖ്യയായിട്ടുള്ള ഒരേയൊരു സംസ്ഥാനം കേരളമാണ്. കേരളത്തിലെ സ്ത്രീ-പുരുഷ അനുപാതം 1084 ആണ്. കേരളത്തിന്റെ ആകെ വിസ്തൃതി (38,863 ച.കി.മീ.) രാജ്യത്തിന്റെ 1.275 ശ.മാ. മാത്രമേയുള്ളൂവെങ്കിലും ദേശീയ ജനസംഖ്യയുടെ 2.76 ശ.മാ. കേരളത്തിലാണ്.
2001-ലെ കാനേഷുമാരി പ്രകാരം കേരളത്തിലെ ജനസംഖ്യയില്‍ 56.2 ശതമാനം ഹിന്ദുക്കളാണ്; 17,883,449 പേര്. 24.3 ശ.മാ. മുസ്ലിങ്ങളും (7,803,342 പേര്) 19 ശതമാനം (6,057,427 പേര്) ക്രിസ്തുമതക്കാരുമാണ്. കൂടാതെ 2,742 സിക്കുകാരും 2,027 ബൗദ്ധന്മാരും 4,528 ജൈനന്മാരും 2.256 ഇതര മതവിശ്വാസികളും സംസ്ഥാനത്തുണ്ട്. മതം രേഖപ്പെടുത്താത്തവരുടെ എണ്ണം 25,083 ആണ്. ഇതില്‍ 13,867 പേര് പുരുഷന്മാരും 11,216 പേര് സ്ത്രീകളുമാണ്.
2011-ലെ കാനേഷുമാരി അനുസരിച്ച് കേരളത്തിലെ ആകെ ജനസംഖ്യയുടെ 9.47 ശതമാനം പട്ടികജാതി-പട്ടികഗോത്ര വിഭാഗങ്ങളാകുന്നു.
2011-ലെ കാനേഷുമാരി പ്രകാരം ജില്ലാടിസ്ഥാനത്തില്‍ ജനസംഖ്യയില്‍ ഒന്നാംസ്ഥാനം മലപ്പുറം ജില്ലയ്ക്കാണ്. 41,12,920 പേര് ഇവിടെ വസിക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. തലസ്ഥാനജില്ലയായ തിരുവനന്തപുരത്തിനാണ് രണ്ടാംസ്ഥാനം. 33,01,427 ആണ് ഇവിടത്തെ ജനസംഖ്യ. 8,17,420 പേര് മാത്രം വസിക്കുന്ന വയനാട് ആണ് ജനസംഖ്യയില്‍ ഏറ്റവും പിന്നില്‍ നില്ക്കുന്ന ജില്ല.
2001 മുതല്‍ 11 വരെയുള്ള കാലയളവില്‍ 4.91 ശതമാനം വളര്‍ച്ചയാണ് ജനസംഖ്യയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 1991-2001 കാലയളവില്‍ ഇത് 9.43 ശതമാനമായിരുന്നു.
ഇടുക്കിയിലും പത്തനംതിട്ടയിലുമാണ് ജനസംഖ്യയില്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. പത്തനാപുരം, ഉടുമ്പന്‍ചോല, കാര്‍ത്തികപ്പള്ളി, അടൂര്‍, മല്ലപ്പള്ളി, കോഴഞ്ചേരി, ചെങ്ങന്നൂര്‍, ദേവികുളം, റാന്നി, തിരുവല്ല, കുട്ടനാട്, പീരുമേട് എന്നീ താലൂക്കുകളാണ് ജനസംഖ്യാക്കുറവ് രേഖപ്പെടുത്തിയത്. ആറു വയസ്സിനുതാഴെയുള്ള കുട്ടികളുടെ എണ്ണം 2001-ല്‍ 37,93,146 ആയിരുന്നത് 2011-ല്‍ 3,472,955 ആയി കുറഞ്ഞിട്ടുണ്ട്. കുട്ടികളുടെ എണ്ണത്തിലെ വളര്‍ച്ചാനിരക്ക് -8.44 ശതമാനമാണ്. അതേസമയം മലപ്പുറം ജില്ലയില്‍ കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.
2013-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട പ്രവാസി സെന്‍സസ് പ്രകാരം കേരളത്തിലെ ജനസംഖ്യയില്‍ 16.25 ലക്ഷം പേര് പ്രവാസികളാണ്. ഇതില്‍ 88 ശ.മാ. പേരും ഗള്‍ഫ് നാടുകളിലാണ് കഴിയുന്നത്. യു.എസ്.എ.യില്‍ 78,357 പേരും യു.കെ.യില്‍ 45,264 പേരും വസിക്കുന്നു. വിദേശത്തു ജോലി ചെയ്യുന്ന മലയാളികളില്‍ 13.25 ലക്ഷം (93 ശ.മാ.) പേര് പുരുഷന്മാരും 99,326 (7 ശ.മാ.) പേര് സ്ത്രീകളുമാണ്. സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ പേര് കോട്ടയം ജില്ലയില്‍ നിന്നുള്ളവരാണ്. ഏറ്റവും കുറവ് (1240 പേര്) കാസര്‍കോട് ജില്ലയില്‍ നിന്നുമാണ്. പ്രവാസി വനിതകളില്‍ 57 ശതമാനവും നഴ്സായി ജോലിചെയ്യുന്നു. 2.9 ലക്ഷം പ്രവാസികളുള്ള മലപ്പുറം ജില്ലയാണ് മുന്നില്‍.
അതിപ്രാചീനകാലം (7000 വര്‍ഷം) മുതല്‍ മഹാശിലായുഗസംസ്കാര കാലത്തോളം ദൈര്‍ഘ്യമുണ്ട് കേരളത്തില്‍ പ്രാക്ചരിത്രത്തിന്. പ്രാചീനശിലായുഗ കാലഘട്ടത്തിലെ മനുഷ്യര്‍ ഉപയോഗിച്ചിരുന്ന വിവിധങ്ങളായ ശിലായുധങ്ങള്‍, ഈ കാലഘട്ടത്തിലെ മനുഷ്യരുടെ അധിവാസ സ്ഥാനങ്ങളായിരുന്ന മലമടക്കുകളിലെ ശിലാഗുഹകള്‍, ശിലാഗുഹകള്‍ക്കുള്ളിലെ ആള്‍പ്പെരുമാറ്റത്തെ സ്ഥിരീകരിക്കുന്ന ഗുഹാചിത്രങ്ങള്‍ തുടങ്ങിയവയാണ് കേരളത്തിന്റെ പ്രാക്തനചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന പ്രധാന ചരിത്രസാമഗ്രികള്‍.
പ്രാചീന ശിലായുഗ മനുഷ്യന് കേരളത്തില്‍ അധിവസിച്ചിരുന്നില്ല എന്നൊരു വിശ്വാസം മുമ്പുണ്ടായിരുന്നു. എന്നാല്‍ 1863-ല്‍ റോബര്‍ട്ട് ഫൂട്ട് എന്ന പുരാതത്വവിജ്ഞാനി തമിഴ്നാട്, കര്‍ണാടകം, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നും പുരാതന ശിലായുഗ സംസ്കാരത്തിന്റെയും നവീന ശിലായുഗസംസ്കാരത്തിന്റെയും ചരിത്രാവശിഷ്ടങ്ങള്‍ കണ്ടെത്തിയതോടെ ദക്ഷിണേന്ത്യയും പ്രാചീന ശിലായുഗ സംസ്കാരത്തിന്റെ കണ്ണിയാണെന്നു സ്ഥിരീകരിക്കപ്പെട്ടു. തുടര്‍ന്ന് കേരളത്തില്‍നിന്നും വിപുലമായ തോതിലല്ലെങ്കിലും പ്രാചീന ശിലായുധങ്ങള്‍ കണ്ടെത്തുകയുണ്ടായി. 1972-74 വര്‍ഷത്തില്‍ ഡെക്കാന്‍ കോളജിലെ ഡോ. സാങ്കലിയ നടത്തിയ പഠനങ്ങളിലൂടെയായിരുന്നു ആദ്യമായി കേരളത്തില്‍ നിന്നും പ്രാചീനശിലായുഗ മനുഷ്യര്‍ ഉപയോഗിച്ചിരുന്ന വിവിധങ്ങളായ ശിലായുധങ്ങള്‍ അഥവാ ശിലോപകരണങ്ങള്‍ കണ്ടെത്താനായത്. ഇതേ കാലയളവിലും അതിനുശേഷവും കണ്ടെത്തിയ ശിലായുധങ്ങളില്‍ പുരാതന ശിലായുഗത്തിന്റെ അവസാനഘട്ടം മുതല്‍ നവീന ശിലായുഗം വരെ ഇവിടെ അധിവസിച്ചിരുന്ന ആദിമമനുഷ്യര്‍ ഉപയോഗിച്ചിരുന്ന പരുക്കന്‍ ശിലായുധങ്ങള്‍ മുതല്‍ സൂക്ഷ്മ ശിലായുധങ്ങള്‍ ഉള്‍പ്പെടെ മിനുസപ്പെടുത്തിയ ശിലായുധങ്ങള്‍ വരെ കാണപ്പെടുന്നുണ്ട്. ചിലയിടങ്ങളില്‍ നിന്നും വെള്ളാരങ്കല്ലില്‍ നിര്‍മിച്ച ആയുധങ്ങളും കല്‍മഴുവും കൂര്‍പ്പിച്ച ലഘുശിലായുധങ്ങളും ലഭിച്ചിട്ടുണ്ട്. ഈ കാലഘട്ടത്തില്‍ മനുഷ്യന് അധിവസിച്ചിരുന്ന ആവാസകേന്ദ്രങ്ങള്‍ കൂടി കണ്ടെത്തിയതോടെ കേരളത്തിന്റെ പ്രാചീന ശിലായുഗ സംസ്കൃതി അസന്ദിഗ്ധമായി തെളിയിക്കപ്പെട്ടു.
കേരളത്തില്‍ കോഴിക്കോട് ജില്ലയിലെ ചേവായൂരില്‍ നിന്നും പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴ നദിയുടെ തീരത്തുനിന്നുമാണ് പ്രാചീന ശിലായുഗത്തിലേതെന്ന് കരുതപ്പെടുന്ന ശിലായുധങ്ങള്‍ ആദ്യം കണ്ടെത്തിയത്. തുടര്‍ന്ന് കൊല്ലം ജില്ലയിലെ ചെന്തുരുണിമലയുടെ അടിവാരത്ത് നിന്നും പ്രാചീനശിലായുധങ്ങള്‍ കണ്ടെത്തുകയുണ്ടായി. തുടര്‍ ഗവേഷണങ്ങളില്‍ സംസ്ഥാനത്തിന്റെ പലഭാഗങ്ങളില്‍നിന്നും ലഘുശിലായുധങ്ങളും സൂക്ഷ്മശിലായുധങ്ങളും ലഭിച്ചു. പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴയുടെ തീരങ്ങള്‍, കോഴിക്കോട്ടെ ചേവായൂര്‍, കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, ഇടുക്കി ജില്ലയിലെ മറയൂര്‍, എറണാകുളം ജില്ലയിലെ കീഴില്ലം തുടങ്ങിയ സ്ഥലങ്ങളില്‍നിന്നായിരുന്നു പ്രധാനമായും ലഘുശിലായുധങ്ങള്‍ ലഭിച്ചത്. എറണാകുളം ജില്ലയിലെ കൊച്ചിക്കടുത്ത് നിന്നും ലഘുശിലായുധങ്ങളുടെ ഒരു നിര്‍മാണശാലയും കോഴിക്കോടിനടത്തു നിന്ന് ഏതാനും ലഘുശിലായുധങ്ങളും പില്ക്കാലത്ത് ലഭിക്കുകയുണ്ടായി. വയനാട്ടിലെ എടയ്ക്കല്‍ മലയുടെ താഴ്വാരത്തുള്ള കുപ്പകൊല്ലി, ആയിരംകൊല്ലി എന്നിവിടങ്ങളില്‍നിന്നും സൂക്ഷ്മശിലായുഗസംസ്കാര കാലത്തെ മനുഷ്യര്‍ വെള്ളാരങ്കല്ലില്‍ നിര്‍മിച്ച വിവിധതരം പണിയായുധങ്ങളും കണ്ടെടുത്തു. എടയ്ക്കല്‍ പ്രദേശത്തുനിന്നും അടുത്തകാലത്ത് കല്ലുളിയും സൂക്ഷ്മ ശിലായുധങ്ങളും ലഭിക്കുകയുണ്ടായി.
1890-ല്‍ കോളിന് മെക്കന്‍സി സുല്‍ത്താന്‍ബത്തേരിക്ക് അടുത്തുനിന്നും നവീനശിലായുഗകാലത്തെ ഏതാനും ശിലായുധങ്ങളും കണ്ടെടുക്കുകയുണ്ടായി. 1901-ല്‍ ഫോസെറ്റ് വയനാട്ടിലെ എടയ്ക്കല്‍ ഗുഹയുടെ സമീപത്തുനിന്നും ഇതേകാലഘട്ടത്തിലേതെന്നു കരുതപ്പെടുന്ന കല്ലുളിയും കന്മഴുവും കണ്ടെടുത്തു. ഈ കണ്ടെത്തല്‍ എടയ്ക്കല്‍ ഗുഹാചിത്രങ്ങള്‍ നവീനശിലായുഗത്തിലേതായിരിക്കാം എന്ന നിഗമനത്തെ ബലപ്പെടുത്തുന്നുണ്ട്. പ്രാചീനശിലായുഗത്തിന്റെ അവസാനത്തോടെ അമ്പുംവില്ലും പ്രചാരത്തില്‍വന്നു. അമ്പിന്റെ കൂര്‍ത്തമുനമ്പായി ലഘുശിലായുധങ്ങള്‍ (microliths) ഉപയോഗിക്കുന്ന രീതി പ്രചാരത്തില്‍വന്നു. കേരളത്തില്‍ നിന്നും ലഭിച്ച ലഘുശിലായുധങ്ങള്‍ ഈ വസ്തുതയാണ് സൂചിപ്പിക്കുന്നത്. ദക്ഷിണേന്ത്യയിലെ ലഘുശിലായുധങ്ങളുടെ കാലം സുമാര്‍ ബി.സി. 4000 ആയിരിക്കാമെന്ന് അനുമാനിക്കപ്പെടുന്നുണ്ട്. മധ്യശിലായുഗത്തിന്റെ മധ്യത്തിലാണ് ലഘുശിലായുധങ്ങള്‍ ആവിര്‍ഭവിച്ചത്. പ്രാചീന ശിലായുധങ്ങള്‍ കേരളത്തില്‍ നിന്നും ലഭിച്ചിട്ടുള്ളതിനാല്‍ മധ്യശിലായുഗത്തിന്റെ അവസാനത്തിലാണ് കേരളത്തില്‍ മനുഷ്യവാസം ആരംഭിച്ചത് എന്ന ചരിത്രകാരന്മാരുടെ മുന്‍കാല വാദത്തിന് അടിസ്ഥാനമില്ല.
വയനാട്ടിലെ എടയ്ക്കല്‍, തൊവരി എന്നിവിടങ്ങളിലും ഇടുക്കി ജില്ലയിലെ മറയൂരിനുസമീപത്തെ കുടക്കാടിലും കൊല്ലം ജില്ലയിലെ ചെന്തുരുണിമലയിലുമാണ് പ്രാചീന ശിലായുഗകാലഘട്ടത്തിലെ മനുഷ്യവാസത്തിന്റെ തെളിവടയാളങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. എടയ്ക്കല്‍ ഗുഹയിലെ ഉത്ഖനനത്തില്‍ ലഭിച്ച കല്ലുളിയും സൂക്ഷ്മശിലോപകരണങ്ങളും ശിലായുഗകാലം മുതല്‍ ഈ പ്രദേശത്ത് മനുഷ്യവാസം ഉണ്ടായിരുന്നു എന്ന വസ്തുതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ശിലാഗുഹകളിലെ കൈപ്പെരുമാറ്റം ചിത്രങ്ങളുടെ രൂപത്തിലാണ്. എടയ്ക്കല്‍, തൊവരി എന്നിവിടങ്ങളില്‍ ശിലാപ്രതലത്തില്‍ കല്ലുളിയോ മറ്റോ കൊണ്ട് കുഴിച്ചാണ് ചിത്രങ്ങള്‍ വരച്ചിരിക്കുന്നതെങ്കില്‍ മറയൂരിലേത് പച്ചിലക്കൂട്ട് ഉപയോഗിച്ചുവരച്ച ഛായാചിത്രങ്ങളാണ്. എടയക്കലില്‍ പല കാലഘട്ടങ്ങളില്‍ വരച്ച ചിത്രങ്ങളും കാണപ്പെടുന്നുണ്ട്. മറയൂരിലെ സ്ഥിതിയും വ്യത്യസ്തമല്ല. എടയ്ക്കലിലെ ചിത്രങ്ങള്‍ കൊത്തപ്പെട്ട് നൂറ്റാണ്ടുകള്‍ക്കുശേഷം രേഖപ്പെടുത്തി എന്നുകരുതുന്ന ഒരു ബ്രഹ്മിലിഖിതവുമുണ്ട്. ഇതിന്റെ ശരിയായ രൂപം 'പലപുലിതാനന്തകാരി' (പല പുലികളെ കൊന്നൊടുക്കിയവന് എന്നാണ്). കേരള വനാന്തരങ്ങളില്‍ ആദ്യം കുടിയേറിപ്പാര്‍ത്ത നരവംശവിഭാഗങ്ങളില്‍ ഒന്നായ ആസ്ത്രലോയ്ഡ് വംശജരായ മുള്ളുവകുറുമരുടെ പൂര്‍വികരായിരിക്കാം എടയ്ക്കല്‍ ഗുഹാചിത്രങ്ങള്‍ കൊത്തിയത് എന്നാണ് ഭൂരിഭാഗം ചരിത്രകാരന്മാരുടെയും (ഫോസെറ്റ്, ഫുള്‍ട്ഷ്) അഭിപ്രായം. കുറുമരുടെ ഏതോ പൂര്‍വികനെയോ ഗോത്രത്തലവനെയോ പ്രതിനിധീകരിക്കുന്നതാണ് എടയ്ക്കല്‍ ചിത്രങ്ങളിലെ മനുഷ്യരൂപം എന്നും ചരിത്രകാരന്മാര് അഭിപ്രായപ്പെടുന്നു.
നവീനശിലായുഗത്തിന്റെ ആരംഭത്തോടെ കേരളത്തില്‍ കൃഷി ആരംഭിച്ചതായി കരുതുന്നു. മിനുസപ്പെടുത്തിയ കല്‍ക്കോടാലി ഈ കാലഘട്ടത്തിലേതാണെന്നു കരുതുന്നു. വയനാട്ടിലെ അമ്പലവയലിനു സമീപത്തെ അമ്പുകുത്തിയമലയില്‍ നിന്നും നവീനശിലായുധങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. സമീപകാലത്ത് പുല്‍പ്പള്ളി, കല്പറ്റ എന്നിവിടങ്ങളില്‍നിന്നും നവീനശിലായുധങ്ങള്‍ കണ്ടെത്തുകയുണ്ടായി. തൊവരി മലയിലെ ഗുഹാചിത്രങ്ങളും നവീനശിലായുഗത്തിലേതുതന്നെ.
പാലക്കാട് ജില്ലയിലെ തെന്മലയില് നടത്തിയ ഉത്്ഖനനത്തില് 27 സൂക്ഷ്മശിലായുധങ്ങളും 26 മഹാശിലായുഗസ്ഥാനങ്ങളും കണ്ടെത്തി. ഇവിടെ കണ്ടെത്തിയ ശിലാവരകളുടെ ശൈലിക്ക് പുരാതന ശിലായുഗ സംസ്കൃതിയോടു സാമ്യമുണ്ട്. കൊല്ലങ്കോട്, മുതലമട, ഇലവഞ്ചേരി, പല്ലശ്ശന എന്നിവിടങ്ങളില്‍ നിര്‍ണയിക്കപ്പെട്ട ശിലായുഗസംസ്കൃതിയില്‍ പുരാതന ശിലായുഗ സംസ്കൃതി മുതല്‍ ചരിത്രാരംഭ കാലഘട്ടം വരെയുള്ള അടരുകള്‍ ദൃശ്യമാണെന്നതും ശ്രദ്ധേയമാണ്.
കേരളത്തിലെ ഇരുമ്പുയുഗത്തിന്റെ ചരിത്രാവശിഷ്ടങ്ങളാണ് മഹാശിലാസ്മാരകങ്ങള്‍. കേരളത്തിലെ മഹാശിലായുഗസ്മാരകങ്ങളിലധികവും ചെങ്കല്ലില്‍ നിര്‍മിച്ച അറകളാണ്. ഇവ മുനിയറകള്‍ എന്നും അറിയപ്പെടുന്നു. ഇവ മിക്കവയും ശവപ്പറമ്പുകളോ മരണാനന്തരം ശവശരീരങ്ങള്‍ സംസ്കരിച്ച സ്ഥലങ്ങളോ ആണ്. മനുഷ്യാസ്ഥികൂടങ്ങളുടെ അവശിഷ്ടങ്ങളും ശവസംസ്കാരസാമഗ്രികളുമായി ബന്ധപ്പെട്ട 'പാണ്ടു കുഴികള്‍' എന്നറിയപ്പെടുന്ന ശവസംസ്കാരസ്മാരകങ്ങളാണ് ഇവയെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. ഒന്നും മൂന്നും നൂറ്റാണ്ടുകള്‍ക്കിടയിലേതെന്ന് കരുതപ്പെടുന്ന ഈ സ്മാരകങ്ങള്‍ വിവിധ തരത്തില്‍ ഉള്ളവയാണ്. പാറ തുരന്നുണ്ടാക്കിയുള്ള കല്ലറകള്‍, കുടക്കല്ല്, തൊപ്പിക്കല്ല് തുടങ്ങിയവ കേരളത്തില്‍ മാത്രം കാണപ്പെടുന്ന ചില സ്മാരകങ്ങളാണ്. മഹാശിലായുഗ സ്മാരകങ്ങളെ ചുവടെ ക്രമീകരിച്ചിരിക്കുംവിധം വര്‍ഗീകരിച്ചിരിക്കുന്നു.
പാറയില്‍ തീര്‍ത്ത കല്ലറകള്‍(Rock cut Tombs). തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ വെട്ടുകല്ല് (laterite) മേഖലകളില്‍ ഒന്നോ രണ്ടോ അറകളോടുകൂടി വൃത്താകാരത്തിലോ ദീര്‍ഘചതുരാകൃതിയിലോ കാണപ്പെടുന്നവയാണ് ഇത്തരം കല്ലറകള്‍. ദീര്‍ഘചതുരാകൃതിയിലുള്ള ഇടുങ്ങിയ കവാടത്തോടൊപ്പം ചില ഗുഹകളില്‍ ഒന്നോ രണ്ടോ കല് ഇരിപ്പിടങ്ങളും അല്പം തുറസ്സായ സ്ഥലവും ഉണ്ടായിരിക്കും. വടക്കോ കിഴക്കോ ദര്‍ശനമായിട്ടാണ് ഗുഹകള്‍ നിര്‍മിച്ചിരിക്കുന്നത്. മധ്യപൂര്‍വ പ്രദേശത്തും മെഡിറ്ററേനിയന്‍ ദ്വീപുകളിലുമുള്ളവയിലേതുപോലെ ഇവയിലും മധ്യത്തില്‍ ചെറിയ ഒരു തൂണുകാണാം. കല്ലറയ്ക്കുള്ളിലെ വസ്തുക്കളില്‍ ശവസംസ്കാരത്തിനുള്ള കലശങ്ങള്‍, മണ്‍പാത്രങ്ങള്‍, മഴു, വാള്, ഓടുകൊണ്ടുള്ള പാത്രങ്ങള്‍, കത്തികള്‍, ശൂലം, ആണി, ചൂണ്ടക്കൊളുത്ത് എന്നിവയാണ് പ്രധാനം. കന്മണികളാണ് പൊതുവേ കാണപ്പെടുന്ന മറ്റൊരു വസ്തു. ഇവയില്‍ ചുവപ്പ്, വെളുപ്പ്, കറുപ്പ് എന്നീ നിറങ്ങളിലുള്ളവയാണ് ലഭിച്ചിട്ടുള്ളത്.
ഫറോക്കിനടുത്തുള്ള ചാത്തപ്പറമ്പിലെ ഗുഹയില്‍ നിന്നും ജപമണികള്‍ കണ്ടെടുക്കുകയുണ്ടായി. അവയില്‍ ചിലത് ആലങ്കാരികവും വിലപിടിച്ച ഒരുതരം രത്നം(agate) കൊണ്ടുള്ളവയുമായിരുന്നു. ആകയാല്‍ എല്ലാ വെട്ടുകല്‍ ഗുഹകളും ശ്മശാനഗുഹകള്‍ അല്ലെന്നും ബുദ്ധസന്ന്യാസിമാര്‍ നിര്‍വാണമടഞ്ഞ ഗുഹകള്‍ ആയിരിക്കാം ഇവയില്‍ പലതുമെന്നും പ്രൊഫ. എല്‍.എ. കൃഷ്ണയ്യര്‍ അഭിപ്രായപ്പെടുന്നു.
കുടക്കല്ല്. മഹാശിലായുഗസ്മാരകങ്ങളില് കേരളത്തിന്റെ മാത്രം പ്രത്യേകതയാണ് കുടക്കല്ല്. ഓലക്കുടയുടെ ആകൃതിയില്‍ വെട്ടുകല്ലുകൊണ്ടാണ് ഇവ നിര്‍മിച്ചിട്ടുള്ളത്. കോണ്‍ (cone) ആകൃതിയില്‍ മൂന്നോ നാലോ വെട്ടുകല്ല് ഒന്നായി ഇണക്കി ഭൂമിയില്‍ 30.5 സെ.മീ. ആഴത്തില്‍ കുഴിച്ചിടുമ്പോള്‍ മണ്ണിനു മുകളിലുള്ള ഭാഗത്തിന് 183 സെന്റിമീറ്ററോളം ഉയരമുണ്ടാകും. അടിഭാഗത്തിന് 183 സെ.മീ. വിസ്തൃതി കാണും; ഉപരിതലത്തിന് 15 സെന്റിമീറ്ററും. അവിടെ മേല്‍ക്കൂര പോലെ കുടയുടെ ആകൃതിയില്‍ 183 സെ.മീ. വ്യാസമുള്ള ഭീമാകാരമായ ഒരു വെട്ടുകല്ല് കുടപോലെ പതിച്ചു വച്ചിരിക്കുന്നു. ഉത്ഖനനം നടത്തിയപ്പോള്‍ കുടക്കല്ലിന്റെ പ്രധാനഭാഗത്ത് 152.5 സെ.മീ. ഉയരവും 122 സെ.മീ. വീതിയുമുള്ള ഒരു വലിയ കുടം വയ്ക്കാവുന്ന അറയാണു കണ്ടത്. ശവപ്പെട്ടിക്കു പകരം കുടമോ ഭരണിയോ ആണ് ഉപയോഗിച്ചിരുന്നത്. കലശം, അസ്ഥിശകലങ്ങള്‍, ആയുധങ്ങള്‍, മുത്തുകള്‍, ഇരുമ്പുകൊണ്ടുള്ള ചെറിയ ശൂലം മുതലായവയും കണ്ടുകിട്ടിയിട്ടുണ്ട്. തൃശൂര്‍ ജില്ലയിലാണ് ഇവ അധികവും കാണപ്പെടുന്നത്. തൃശൂരിലെ കുടക്കല് പറമ്പില്‍ തൊപ്പിക്കല്ലുകളും കുടക്കല്ലുകളുമായി അറുപതോളം ശിലാസ്മാരകകുടീരങ്ങളുണ്ട്. കൂടാതെ അരിയന്നൂരും പാലക്കാട്, ഇടുക്കി, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലും ധാരാളം കുടക്കല്ലുകള്‍ കേടുകൂടാതെ ഇപ്പോഴുമുണ്ട്. നോ. കുടക്കല്ല്
തൊപ്പിക്കല്ല് (Hood stones). ചെറിയ ഒരു സ്തൂപത്തിനുമുകളില്‍ വൃത്താകൃതിയില്‍ കരിങ്കല്ലില്‍ കൊത്തിയെടുത്താണ് തൊപ്പിക്കല്ല് നിര്‍മിച്ചിരിക്കുന്നത്. കുടക്കല്ല് നിലത്തുപതിഞ്ഞിരിക്കുന്നതുപോലെയുള്ളതാണ്. സ്തൂപത്തിനു നാലു ഭാഗങ്ങളുണ്ട്.
കല്ലറകള്‍ (Dolmenoid cists). നാലു കരിങ്കല്‍ പലകകള്‍ ചേര്‍ത്ത മുകള്ഭാഗം അഞ്ചാമതൊന്നുകൊണ്ട് മൂടിയുണ്ടാക്കുന്ന കല്ലറയാണ് ഇത്. മൂടിക്കു ദ്വാരമുണ്ടായിരുന്നിരിക്കാം. കല്ലുകൊണ്ടുള്ള ഒരു വൃത്തത്തിനുള്ളില്‍ ഇതിന്റെ ഘടന ഉള്‍ക്കൊള്ളിച്ചിരുന്നു. ചിലപ്പോള്‍ ഇത്തരം ഒരു വൃത്തത്തിനുള്ളില്ത്തന്നെ ഒന്നിലധികം കല്ലറകള്‍ കാണാറുണ്ട്. ഈ വിധം പുരാതനശിലായുഗത്തില്‍ (Megalith) വെട്ടുകല്ലില്‍ തീര്‍ത്ത ഒരു ചതുഷ്കോണവും അതിന്റെ പാര്‍ശ്വങ്ങളില്‍ കരിങ്കല്‍ പാത്തികളും അതു മൂടുന്നതിനുള്ള തൊപ്പിക്കല്ലും കാണുന്നുണ്ട്.
നന്നങ്ങാടികള്‍ അഥവാ താഴികള്‍ (Buriel urns).കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ വ്യാപകമായി കാണപ്പെടുന്നവയാണ് ഈ ശവസംസ്കാരകലശങ്ങള്‍. കലശങ്ങള്‍ കുഴിച്ചിടാനുള്ള കുഴി ആദ്യം തീര്‍ക്കുന്നു. അതിനുള്ളില്‍ കല്‍വൃത്തം ഇറക്കിവയ്ക്കുന്നു. ഇതിനുള്ളിലാണ് ഭൌതികാവശിഷ്ടങ്ങള്‍ അടക്കം ചെയ്യുന്ന മണ്‍ഭരണികള്‍. അതിനു മീതെ ഒരു തൊപ്പിക്കല്ലും വയ്ക്കുന്നു. ഇത്തരം കലശങ്ങള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.
നടുകല്ലുകള്‍ അഥവാ പുലച്ചിക്കല്ലുകള്‍ (Menhirs).കരിങ്കല്ലിലുള്ള സ്മാരകശിലാസ്തംഭങ്ങളാണ് ഇവ. ശവസംസ്കാരസാധനങ്ങളുമായി ഇവയ്ക്കു ബന്ധമില്ല. മൃതാവശിഷ്ടങ്ങളുടെ മീതെ സ്മാരകസൂചകങ്ങളായി നാട്ടുന്ന വലിയ ഒറ്റക്കല്ലുകളാണ് നടുകല്ല്. കോട്ടയം തിരുനക്കരക്ഷേത്രത്തിനു മുന്നിലായി ഇത്തരം ഒരു ശിലാസ്തംഭം കാണാനുണ്ട്. തൃശൂരിനടുത്തുള്ള കുന്നംകുളത്ത് ഇത്തരം സ്മാരകസ്തംഭങ്ങള്‍ ധാരാളമുണ്ട്.
മൃതാവശിഷ്ടങ്ങള്‍ ഒരു വലിയ മണ്‍ഭരണിയില്‍ നിക്ഷേപിച്ചു നിലത്തു കുഴിച്ചിട്ട്, മീതെ വയ്ക്കുന്ന പരന്ന കല്ലാണ് മേശക്കല്ല് (Capstone Hush). മേശക്കല്ലിന്റെ മധ്യഭാഗത്ത് ഒരു ദ്വാരം കാണാം. അളിഞ്ഞുപോകുന്നതിനും പക്ഷിമൃഗാദികള്‍ ഭക്ഷിക്കുന്നതിനും വേണ്ടി മൃതശരീരങ്ങളെ നിക്ഷേപിക്കുന്ന ശ്മശാനങ്ങള്‍ കല്‍വൃത്തങ്ങള്‍ (stone circle) എന്നറിയപ്പെടുന്നു.
ഈയാല്‍, ചൊവ്വന്നൂര്‍, കക്കാട്, പോര്‍ക്കുളം, കാട്ടകമ്പാല്‍, കണ്ടല്ച്ചേരി തുടങ്ങിയ സ്ഥലങ്ങളില്‍ വിവിധ തരത്തിലുള്ള ധാരാളം സ്മാരകശിലാസ്തംഭങ്ങളുണ്ട്. ചൊവ്വന്നൂരില്‍ തൊപ്പിക്കല്ലുകളും പോര്‍ക്കുളത്ത് കുടക്കല്ലും കല്ലറകളും ധാരാളമായി കാണുന്നു. പോര്‍ക്കുളം, ഈയാല്‍ എന്നീ സ്ഥലങ്ങളിലെ ഗുഹകള്‍ മധ്യത്തില്‍ തൂണോടുകൂടിയവയാണ്. കാട്ടകമ്പാലിലെ ഗുഹയ്ക്ക് അനേകം അറകളുണ്ട്. കുന്നത്തൂര്‍ താലൂക്കിലെ പൂതങ്കര എന്ന സ്ഥലത്തു കണ്ടെത്തിയ കല്ലറകള്‍ക്ക് 6 മീ. മുതല്‍ 8 മീ. വരെ ചുറ്റളവുണ്ട്. കുന്നത്തുനാടു താലൂക്കിലെ ഓടനാടു കണ്ടെത്തിയ കല്ലറകളില്‍ താടിയുള്ള പുരുഷന്റെയും ആരാധികയായി നില്ക്കുന്ന സ്ത്രീയുടെയും രൂപം കൊത്തിവച്ചിട്ടുണ്ട്.
കേരളത്തില്‍ മാത്രം, പ്രത്യേകിച്ച് കൊച്ചിയില്‍, കണ്ടുവരുന്ന മഹാശിലാസ്മാരകങ്ങളാണ് കുടക്കല്ലുകള്‍. ഇവ ആകൃതിയില്‍ ഒരുപോലെയാണെങ്കിലും വലുപ്പത്തില്‍ വ്യത്യസ്തമാണ്. ഏറ്റവും വലിയ കുടക്കല്ലിന്റെ മുകള്‍ഭാഗത്ത് കമഴ്ത്തിവച്ചിട്ടുള്ള കൂമ്പാരക്കല്ലിന് ഏകദേശം 8 മീ. ചുറ്റളവ് വരും. ഇത് ബി. സി. രണ്ടാം സഹസ്രാബ്ദത്തിലേതാണെന്ന് സര് മോര്‍ട്ടിമര്‍ വീലര്‍ അഭിപ്രായപ്പെടുന്നു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അംഗഭംഗം വന്ന നിരവധി ബുദ്ധപ്രതിമകളും അവയുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. ആദ്യം ആലപ്പുഴ, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളില്‍ നിന്നാണ് ബുദ്ധപ്രതിമകള്‍ ലഭിച്ചത്. കൊല്ലം, ആലപ്പുഴ ജില്ലകളിലുള്ള ഭരണിക്കാവ്, പള്ളിക്കല്‍, മാവേലിക്കര, കരിമാടി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് എ.ഡി. 7-ഉം 9-ഉം നൂറ്റാണ്ടുകള്ക്കുള്ളിലുള്ളതെന്നു കരുതാവുന്ന ബുദ്ധപ്രതിമകള്‍ കണ്ടെത്തിയിട്ടുണ്ട്. കരുനാഗപ്പള്ളിക്കു സമീപമുള്ള മരുതൂര്‍ക്കുളങ്ങരയില്‍ നിന്നും കണ്ടെടുത്ത ബുദ്ധവിഗ്രഹം ശൈലീപരമായ അപഗ്രഥനത്തില്‍ 7, 8 നൂറ്റാണ്ടുകളിലേതാണെന്ന് കരുതപ്പെടുന്നു. ഇവയുടെ നിര്‍മാണകാലം, ശൈലി എന്നിവയ്ക്ക് ശ്രീലങ്കയിലെ അനുരാധപുരം ശൈലിയോട് സാമ്യമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എറണാകുളം, കോട്ടയം, തൃശൂര്‍ ജില്ലകളില്‍നിന്നും ബുദ്ധപ്രതിമകളുടെ അവശിഷ്ടങ്ങള്‍ ലഭിച്ചിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ കോട്ടപ്പുറത്തുനിന്ന് ലഭിച്ച പ്രതിമയുടെ ശിരോഭാഗം തകര്‍ക്കപ്പെട്ട അവസ്ഥയിലാണ്. പട്ടണം ഉത്ഖനനവേളയില്‍ ബുദ്ധപ്രതിമയുടെ ചില ഭാഗങ്ങള്‍ ലഭിച്ചിരുന്നു. ഇവിടെനിന്നും ബ്രഹ്മിയില്‍ എഴുതിയ ലിഖിതവും ലഭിച്ചിരുന്നു. ഇതെല്ലാം വ്യക്തമാക്കുന്നത് എ.ഡി. ആറാം ശതകത്തിനും 12-ാം ശതകത്തിനും മധ്യേ മഹായാന ബുദ്ധമതം കേരളത്തിലുടനീളം പ്രചരിച്ചിരുന്നു എന്നാണ്. കേരളത്തില്‍ നിലനിന്നിരുന്ന ബുദ്ധവിഹാരങ്ങളില്‍ പ്രശസ്തമായിട്ടുള്ളത് പാലിയം ചെപ്പേടിലെ തിരുമൂലപാദം എന്ന് പരാമൃഷ്ടമായ ശ്രീമൂലവാസം ആണ്. ആയ്രാജാവായ വിക്രമാദിത്യവരഗുണന്(885-925) ശ്രീമൂലവാസ ബുദ്ധക്ഷേത്രത്തിന് സംരക്ഷണം നല്കിയിരുന്നതിന്റെ തെളിവാണ് പാലിയം ചെപ്പേട്. ഈ ബുദ്ധവിഹാരകേന്ദ്രം പില്ക്കാലത്തു കടല്‍ക്ഷോഭത്തില്‍പ്പെട്ടു നശിച്ചുപോയതായി കരുതപ്പെടുന്നു. 11-ാം ശതകത്തില്‍ എഴുതിയ അതുലന്റെ മൂഷകവംശത്തിലും ശ്രീമൂലവാസത്തെപ്പറ്റി പരാമര്‍ശിച്ചിട്ടുണ്ട്.
കേരള സംസ്കാരത്തില്‍ ബുദ്ധമതം അഗാധമായ സ്വാധീനത ചെലുത്തിയിട്ടുണ്ട്. കേരളത്തിലെ വിദ്യാഭ്യാസ പ്രവര്‍ത്തകരില്‍ അഗ്രഗണ്യരായിരുന്നു ബുദ്ധസന്ന്യാസിമാര്‍. ബുദ്ധമതവിഹാരങ്ങളെ പള്ളി എന്നാണ് വിളിച്ചിരുന്നത്. മലയാളത്തിലെ'എഴുത്തുപള്ളി' ബുദ്ധമതവുമായി ബന്ധപ്പെട്ടതായിരിക്കാന്‍ സാധ്യത കാണുന്നു. ബുദ്ധസന്ന്യാസിമാര്‍ പ്രചരിപ്പിച്ച എഴുത്തുവിദ്യ 'നാനം മോനം' എന്നാണ് അറിയപ്പെട്ടിരുന്നത്.
9 മുതല്‍ 11-ാം നൂറ്റാണ്ടുവരെ പഴക്കമുള്ളവയെന്നു കരുതപ്പെടുന്ന ജൈനസ്മാരകങ്ങളും കേരളത്തിലുടനീളമുണ്ട്. കന്യാകുമാരി ജില്ലയിലെ ചിതറാളിനു സമീപമുള്ള തിരിച്ചാണത്തുമലയിലെ ഗുഹാക്ഷേത്രഭിത്തികളില് തീര്ഥങ്കരന്മാരുടെ ചിത്രങ്ങള്‍ കൊത്തിവച്ചിട്ടുണ്ട്. പാര്ശ്വനാഥന്, മഹാവീരന്, പദ്മാവതി, സിംഹാരൂഢയായ അംബിക എന്നിവരുടെ ചിത്രങ്ങള്‍, പ്രതിമകള്‍ എന്നിവ ഇതില്‍പ്പെടുന്നു. 13-ാം നൂറ്റാണ്ടിന്റെ മധ്യത്തോടുകൂടി ഇതൊരു ഭഗവതീക്ഷേത്രമായി മാറ്റപ്പെട്ടു. നാഗര്‍കോവിലിലെ നാഗരാജക്ഷേത്രം 16-ാം ശ. വരെ ജൈനക്ഷേത്രമായിരുന്നു. പെരുമ്പാവൂരിനടുത്തുള്ള കല്ലില്‍ എന്ന സ്ഥലത്ത് ജൈനരുടെ ഒരു ഗുഹാക്ഷേത്രമുണ്ട് (കല്ലില്‍ ക്ഷേത്രം). ഇതു പിന്നീട് ഭഗവതീക്ഷേത്രമാക്കി മാറ്റി. ആസനസ്ഥനായ മഹാവീരന്റെ അപൂര്‍ണമായ ഒരു ശില്പം ഇതിനുള്ളിലുണ്ട്. പാലക്കാട് ആലത്തൂരിനടുത്ത് ഗോദാപുരത്തുള്ള നാശോന്മുഖമായ ശക്തിയാര് ഭഗവതീക്ഷേത്രം ഒരു സുപ്രധാന ജൈനസ്മാരകമാണ്. ഇപ്പോഴും അവിടെ ജൈനസ്മാരകങ്ങളും കല്ലറകളും ഉണ്ട്. ഇവിടെ നിന്നും കണ്ടെത്തിയ മഹാവീരന്റെയും പാര്‍ശ്വനാഥന്റെയും (10-ാം ശ.) പ്രതിമകള്‍ തൃശൂര്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. 8-ാം തീര്‍ഥങ്കരനായ ചന്ദ്രപ്രഭന്റെ കീഴിലുള്ള ഒരു ജൈനക്ഷേത്രം പാലക്കാട്ടുണ്ട്. ക്ഷേത്രത്തിനു മുമ്പില്‍ 'വജ്രപര്യങ്ക' (9-ഉം, 10-ഉം ശ.) രൂപത്തിലുള്ള ശിരസ്സറ്റ ജൈനപ്രതിമ അവിടെനിന്നു കണ്ടെടുത്തു പ്രതിഷ്ഠിച്ചിരിക്കുന്നു. 14-ാം നൂറ്റാണ്ടിലേതെന്നു കരുതപ്പെടുന്ന ഒരു ജൈനബസ്തിയുടെ അവശിഷ്ടങ്ങള്‍ സുല്‍ത്താന്‍ബത്തേരിയിലെ ഗണപതിവട്ടത്തുനിന്നു കണ്ടെടുത്തിട്ടുണ്ട്. കോഴിക്കോടു നഗരമധ്യത്തിലായി റെയില്‍വേ സ്റ്റേഷനു സമീപം ഇപ്പോഴും ആരാധന നടക്കുന്ന ഒരു ജൈനക്ഷേത്രമുണ്ട്.
പല്ലവരാജാവായ മഹേന്ദ്രനാണ് ദക്ഷിണേന്ത്യയില്‍ ഗുഹാക്ഷേത്രസംസ്കാരത്തിന് ആരംഭം കുറിക്കുന്നത്. തുടര്‍ന്ന് ആയ് രാജവംശത്തിലൂടെ ഈ സംസ്കാരം കേരളത്തിന്റെ തെക്കും മൂഷകവംശത്തിലൂടെ വടക്കന്‍ ദേശങ്ങളിലും വ്യാപിച്ചു. കേരളത്തിലെ ഏറ്റവും പുരാതനമായ ഗുഹാക്ഷേത്രങ്ങള്‍ കാണപ്പെടുന്നത് വിഴിഞ്ഞം, മടവൂര്‍പ്പാറ (തിരുവനന്തപുരം ജില്ല), കോട്ടുകാല്‍ (കൊല്ലം ജില്ല), കവിയൂര്‍ (പത്തനംതിട്ട ജില്ല), ത്രിക്കൂര്, ഇരിങ്ങാലക്കുട (തൃശൂര്‍ ജില്ല) എന്നിവിടങ്ങളിലാണ്. ശിലകള്‍ തുരന്നാണ് ഈ ക്ഷേത്രങ്ങള്‍ നിര്‍മിച്ചിട്ടുള്ളത്. പെരുമ്പാവൂരിനു സമീപത്തെ കല്ലില്‍ക്ഷേത്രം മുമ്പ് ജൈനക്ഷേത്രമായിരുന്നു. കോട്ടുകാലിലെ ഗുഹാക്ഷേത്രത്തിനു രണ്ട് അറകളുണ്ട്. ഭിത്തിയില്‍ ഹനുമാന്റെ രൂപവും മുന്നില്‍ നന്ദിയുമുണ്ട്. ഇരിങ്ങാലക്കുടയിലെ ക്ഷേത്രത്തില്‍ വിഷ്ണുവിന്റെയും ശിവന്റെയും പ്രതിമകള്‍ കാണാം.
ശിലാശില്പകലയുടെ കാലഘട്ടത്തില്‍ ഗുഹാക്ഷേത്രനിര്മിതിക്ക് കരിങ്കല്ലു മാത്രമായിരുന്നു ഉപാധി. മഹാശിലായുഗസംസ്കാര കാലത്തെ നിര്‍മാതാക്കള്‍ക്കു കരിങ്കല്ലിന്റെയും വെട്ടുകല്ലിന്റെയും ഉപയോഗത്തെക്കുറിച്ച് അറിവുണ്ടായിരുന്നു. ഇന്നു നിലനില്‍ക്കുന്ന സ്മാരകങ്ങളെല്ലാം കരിങ്കല്ലില്‍ രൂപം കൊണ്ട ശില്പവൈദഗ്ധ്യത്തിന്റെയും ശാശ്വത സൗന്ദര്യത്തിന്റെയും നിദര്‍ശനങ്ങളാണ്. കന്യാകുമാരി ജില്ലയിലെ തിരുനന്തിക്കര, ഭൂതപ്പാണ്ടി, തുറവന്‍കാട്, ശിവഗിരി, അഴകിയപാണ്ടിപുരം, വിഴിഞ്ഞം എന്നിവിടങ്ങളിലെല്ലാം ഗുഹാക്ഷേത്രങ്ങള്‍ കാണുന്നു.
ഗുഹാക്ഷേത്രങ്ങളില്‍ കവിയൂര്‍ ശിവക്ഷേത്രം സുപ്രധാനമാണ്. ഗുഹയില്‍ ശിവലിംഗ പ്രതിഷ്ഠയും അര്‍ധമണ്ഡപവും ഉണ്ട്. അര്ധമണ്ഡപത്തിന്റെ ഭിത്തികളില്‍ ദാദാവിന്റെ ചിത്രം, താടിയുള്ള ഋഷി, ചതുര്‍ബാഹുവായ ഗണേശന്, ദ്വാരപാലകര്‍ എന്നിവരെ കാണാം. നിമ്നോദ്ധൃത ശില്പങ്ങളില് ഭരണാധികാരിയുടെ ചിത്രം പ്രകടമാണ്. കവിയൂര്‍ ക്ഷേത്രം പോലെ മലയുടെ മധ്യഭാഗത്തായി കണ്ടെത്തിയിട്ടുള്ള അയിരൂപ്പാറ ഗുഹാക്ഷേത്രവും വൃത്താകാരത്തിലും തെക്കുപടിഞ്ഞാറ് ദര്ശനവുമായിട്ടുള്ളതുമാണ്. പ്രസ്തുത ക്ഷേത്രത്തില്‍ പാറയില്‍ കൊത്തിയ ശിവലിംഗവും അര്‍ധമണ്ഡപവും ഉണ്ട്.
തിരുനന്തിക്കര ഗുഹാക്ഷേത്രത്തിനു തിരുമായത്തുള്ള സത്യവാഗീശ്വര ക്ഷേത്രം, തിരുപ്പറംകുന്റത്തിലെ ഉമയാണ്ടന്ഗുഹ എന്നിവയോടു സാദൃശ്യമുണ്ട്. കോട്ടുകാലിലെ കിഴക്കു ദര്‍ശനമായിട്ടുള്ള രണ്ടു ശിവക്ഷേത്രങ്ങളും (രണ്ടും ഒറ്റ ശിലയില്‍) ഗുഹാക്ഷേത്രങ്ങളാണ്. ഇവയില്‍ ചെറിയ ക്ഷേത്രത്തില്‍ ഹനുമദ്വിഗ്രഹം കാണുന്നു. വലിയ ഗുഹയില്‍ ചതുഷ്പാര്ശ്വങ്ങളോടുകൂടിയ ഗര്‍ഭഗൃഹം, അര്‍ധമണ്ഡപം എന്നിവയുണ്ട്. രണ്ടു ക്ഷേത്രങ്ങളിലും ശിവവാഹനമായ നന്ദിയുടെ ശിലാവിഗ്രഹം കാണാം. മറ്റെല്ലാ ഗുഹാക്ഷേത്രങ്ങളിലും ശിവലിംഗപ്രതിഷ്ഠകളാണ് . വിഴിഞ്ഞത്തുള്ള കോട്ടുകാലില്‍ നൃത്തമാടുന്ന ശിവപാര്‍വതിമാര്‍, കിരാതമൂര്‍ത്തിയായ ശിവന് എന്നിവരുടെ നിമ്നോദ്ധൃത ശില്പങ്ങളുണ്ട്. കിഴക്കോട്ടു ദര്‍ശനമായ ഗുഹയില്‍ വീണാധാരിയായ ദക്ഷിണാമൂര്‍ത്തിയുടെ ശില്പമുണ്ട്. ഈ ശില്പങ്ങളിലെ താളാത്മക രേഖകള്‍ക്കും കൃശരൂപങ്ങള്ക്കും പല്ലവശൈലിയുമായി സാധര്മ്യമുണ്ടെന്നാണ് പണ്ഡിതമതം. പാണ്ഡ്യരാജ്യത്തിലേതെന്നപോലെ കേരളഗുഹാക്ഷേത്രങ്ങളും ശൈവമാര്ഗത്താല് പ്രചോദിതമായിരുന്നു. എന്നാല്‍ കന്യാകുമാരിയിലെ തോവാളത്താലൂക്കിലെ അഴകിയപാണ്ടിപുരത്തെ വിഷ്ണുക്ഷേത്രത്തില്‍ ക്ഷേത്രത്തിന്റെ പിന്മതിലില് ചതുര്‍ബാഹുവായ വിഷ്ണുവിന്റെ അപൂര്ണരൂപമാണുള്ളത്. തൃശൂരിലെ തൃക്കൂര് ക്ഷേത്രത്തില്‍ ഗര്‍ഭഗൃഹവും ദ്വാരപാലകരും വടക്കുദര്‍ശനമായി നില്ക്കുമ്പോള്, ലിംഗപീഠം കിഴക്കുദര്ശനമായിട്ടാണു കാണുന്നത്. തൃശൂരിലെ ഇരുനിലക്കോടു ക്ഷേത്രത്തില്‍ ദക്ഷിണാമൂര്‍ത്തി, വിഷ്ണു, ശിവന് എന്നിവരുടെ രൂപങ്ങളുണ്ട്. പല്ലവശൈലി ചേരരാജ്യത്തേക്കു സംക്രമിച്ചതിനു തെളിവാണ് പാലക്കാട്ടു ഭ്രാന്തന്‍പാറയിലെ അപൂര്ണശില്പങ്ങള്. എട്ടാം നൂറ്റാണ്ടിനു മുമ്പുതന്നെ കേരളത്തില്‍ ശിലാവാസ്തു ശില്പവിദ്യ വ്യാപകമായിക്കഴിഞ്ഞിരുന്നു.
പ്രാചീന ക്ഷേത്രശില്പങ്ങള്
കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഭൂരിഭാഗവും ഹൈന്ദവ തച്ചുശാസ്ത്രമനുസരിച്ച് നിര്‍മിക്കപ്പെട്ടവയാണ്. എന്നാല്‍ അവയുടെ ഉത്പത്തി ഇപ്പോഴും ദുരൂഹമാണ്. സംഘകാലസാഹിത്യപരാമര്ശങ്ങളനുസരിച്ച് ആദികാല ചേരരാജാക്കന്മാര് വൈദികാനുഷ്ഠാനങ്ങള്‍ക്ക് പരമപ്രാധാന്യം നല്‍കിയിരുന്നതായി കാണാം. ചിലരാകട്ടെ വിഷ്ണുവിനെയും മുരുകനെയും ഭഗവതിയുടെയോ ദുര്‍ഗയുടെയോ ദക്ഷിണേന്ത്യന്‍ രൂപമായ കൊറ്റവൈയെയും ആരാധിച്ചിരുന്നു. കൊറ്റവൈക്കു തുറന്ന ക്ഷേത്രങ്ങള്‍ (open air shrines) ആണ് ഉണ്ടായിരുന്നത്. തുറന്ന ഭഗവതീക്ഷേത്രങ്ങള്‍ ഇപ്പോഴും കേരളത്തിലുണ്ട് ( ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തിലെ ഭഗവതീപ്രതിഷ്ഠ). 6-ാം ശതകത്തില്‍ ആരംഭിച്ച ഭക്തിപ്രസ്ഥാനമാണ് കേരളത്തിലെ ക്ഷേത്രശില്പകലയ്ക്ക് പ്രചോദനം നല്‍കിയത്. 8-ാം ശതകത്തില്‍ ആണ് ഗുഹാക്ഷേത്രങ്ങള്‍ നിലവില്‍ വന്നത്. അതിനു മുമ്പു ക്ഷേത്രങ്ങള്‍ നിര്‍മിക്കപ്പെട്ടു എന്നതിനു രേഖകളില്ല; ഉള്ളതു സാഹചര്യത്തെളിവുമാത്രം.
തിരുവഞ്ചിക്കുളത്തിനടുത്ത് തിരുക്കുലശേഖരപുരം കൃഷ്ണക്ഷേത്രം നിര്‍മിച്ചത് കുലശേഖര ആഴ്വാര്‍ ആണെന്നാണ് ഐതിഹ്യം. എന്നാല്‍ ക്ഷേത്രത്തിനു മുമ്പിലുള്ള 11-ാം ശതകത്തിലെ ശാസനം അതിന്റെ നിര്‍മിതിയുടെ 195-ാം വര്‍ഷം ദാനം നല്കി എന്നു വ്യക്തമാക്കുന്നു. അപ്പോള്‍ ക്ഷേത്രനിര്മിതി 9-ാം നൂറ്റാണ്ടില്‍ ആരംഭിച്ചിരിക്കണം. സമീപത്തുള്ള കീഴ്ത്തളി ശിവക്ഷേത്രത്തില്‍ നിന്നു ലഭിച്ച സപ്തമാതൃവിഗ്രഹത്തിന്റെ നിര്‍മാണ ശൈലി 9-ാം ശതകത്തിലേതാണ്. ആലപ്പുഴ ജില്ലയിലെ കണ്ടിയൂര്‍ ക്ഷേത്രശാസനം ദേവന്റെ 123-ാം വര്‍ഷത്തേതാണ്; അതായത് 823 ശാസനങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ കേരള ക്ഷേത്രശില്പകല 9-ാം ശതകത്തിന്റെ പ്രാരംഭദശയില്‍ ആരംഭിച്ചുവെന്നു കരുതാം.
ചതുരം, ദീര്‍ഘചതുരം, വൃത്തം, കമാനം (upsidal), അണ്ഡാകാരം (elliptical)എന്നീ തരത്തിലുള്ള ക്ഷേത്രങ്ങളാണ് കേരളത്തില്‍ വ്യാപകമായി കാണുന്നത്. വൃത്താകാര ക്ഷേത്രങ്ങള്‍ കേരളത്തിന്റെ മാത്രം സവിശേഷതയാണ്. വൈക്കം ശിവക്ഷേത്രം അണ്ഡാകൃതിയിലുള്ളതാണ്. ചെങ്ങന്നൂര്‍ മഹാദേവര്‍ ക്ഷേത്രത്തിലെ കൂത്തമ്പലവും അണ്ഡാകാരംതന്നെ. തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമിക്ഷേത്രം, തിരുവട്ടാര്ക്ഷേത്രം, അങ്ങാടിപ്പുറം ഭഗവതിക്ഷേത്രം എന്നിവിടങ്ങളില്‍ അനന്തശായി വിഷ്ണുവിനും സപ്തമാതാക്കള്‍ക്കും ദീര്ഘചതുരശില്പങ്ങളാണുള്ളത്. കേരള ക്ഷേത്രങ്ങളില്‍ മിക്കതിന്റെയും ഭിത്തി കരിങ്കല്‍ നിര്‍മിതമാണ്. എന്നാല്‍ കോട്ടയം, ആലപ്പുഴ ജില്ലകളില്‍ മിക്ക ക്ഷേത്രങ്ങളും തടിയില്‍ പണിതവയാണ്. അവയില്‍ പുരാണകഥകള്‍ ചിത്രീകരിച്ചിരിക്കുന്നു. തടികൊണ്ടുള്ള ചരിഞ്ഞ മേല്‍ക്കൂരയാണ് കേരള ക്ഷേത്രങ്ങള്‍ക്കു തനതായ വ്യക്തിത്വം നല്‍കിയത്. കേരളക്ഷേത്ര വാസ്തുശില്പവിദ്യയ്ക്ക് വികാസത്തിന്റേതായ മൂന്നു ഘട്ടങ്ങള്‍ പ്രകടമാണ്.
പ്രാരംഭഘട്ടം. ചേര-മൂഷകവംശരാജാക്കന്മാര് രക്ഷാധികാരിത്വം നല്കിയ 800-നും 1000-ത്തിനും ഇടയ്ക്കുള്ള കാലത്ത് സമചതുരം, ദീര്‍ഘചതുരം, വൃത്തം, കമാനം എന്നീ ആകൃതികളിലായിരുന്നു ക്ഷേത്രനിര്മിതി. പൊതുവേ ശ്രീകോവിലിന് അതോടുബന്ധപ്പെടാത്ത ഒരു നമസ്കാരമണ്ഡപവും കാണാം. ഇത് സമചതുരാകൃതിയിലുള്ള അടിത്തറയില്‍ പിരമിഡ് ആകൃതിയിലുള്ള മേല്ക്കൂരയോടു കൂടിയതാണ്. തിരുക്കുലശേഖരമംഗലത്ത് കൃഷ്ണക്ഷേത്രം, വടക്കാഞ്ചേരിക്കടുത്തുള്ള തളി ശിവക്ഷേത്രം, കഴക്കൂട്ടം മഹാദേവര്‍ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളില്‍ ഗര്‍ഭഗൃഹം, പ്രദക്ഷിണപഥം, അര്‍ധമണ്ഡപം, ഇടുങ്ങിയ മഹാമണ്ഡപം ഇവയോടുകൂടിയ ഇരുനിലവിമാനങ്ങളുമുണ്ട്. ഈ ക്ഷേത്രങ്ങളില്‍ ഉള്ള പുരാലിഖിതങ്ങളും ശില്പങ്ങളും ഇവയുടെ നിര്‍മിതി 9-ാം ശതകത്തില്‍ ആണെന്നു വ്യക്തമാക്കുന്നു.
കീഴ്ത്തളി ക്ഷേത്രത്തിന്റെ മാതൃകയിലുള്ള കൊടുങ്ങല്ലൂര്‍ ഭഗവതിക്ഷേത്രം, പന്നിയൂര്‍ ലക്ഷ്മീനാരായണ ക്ഷേത്രം ഇവയിലെ നിര്‍മാണശൈലിക്കു സാന്ധാര (sandhara) വിമാനം എന്നാണു പേര്. ക്ഷേത്രശില്പകലയില് ഗുപ്തകാലത്തുള്ള ഇത്തരം വിമാനങ്ങള്‍ കേരളത്തില്‍ ചാലൂക്യ- പല്ലവ പാരമ്പര്യങ്ങളില്‍ നിന്നും ലഭിച്ചതാകാനാണു സാധ്യത. കണ്ണൂരിലെ എരമത്തുള്ള നാശോന്മുഖമായ ക്ഷേത്രം പൂര്‍ണമായും വെട്ടുകല്ലില്‍ ഉള്ള സാന്ധാരക്ഷേത്രമാണ്. നാലമ്പലവും ഉള്ളില്‍ സമചതുരാകൃതിയിലുള്ള ഗര്‍ഭഗൃഹവും ഇവിടെ ഉണ്ട്. 866-ല്‍ ആയ് ഭരണാധികാരിയായിരുന്ന കരുനന്തടക്കന്‍ പണിയിച്ച കന്യാകുമാരി ജില്ലയിലെ പാര്‍ഥിവപുരം പാര്‍ഥസാരഥി ക്ഷേത്രം ഈ ശൈലിയിലുള്ളതാണ്.
വൃത്താകാരക്ഷേത്രങ്ങളില് കേരളത്തിന്റെ തനതായ ശില്പശൈലി പ്രകടമാണ്. പാലക്കാടു പുല്‍പ്പള്ളി ശിവക്ഷേത്രം നിരന്ധര (Nirandhara)ക്ഷേത്രമാണ്. പെരുമ്പഴുതൂര്‍ നിന്നു ഖനനം ചെയ്തപ്പോള്‍ കണ്ടത് വൃത്താകാരത്തിലുള്ള ചുറ്റുമതിലും ചതുരത്തിലുള്ള ഗര്‍ഭഗൃഹവും ആണ്. വാസ്തുശില്പചരിത്രത്തില് 'സര്‍വതോഭദ്ര' ക്ഷേത്രം എന്നറിയപ്പെടുന്ന വിഭാഗത്തില്‍പ്പെട്ടതാണ് കണ്ണൂര്‍ രാമന്തളിക്ഷേത്രം. ഇത് മൂഷകവംശത്തിന്റെ ഭരണകാലത്തുണ്ടായതാണ്. കമാനാകൃതിയിലുള്ള ക്ഷേത്രങ്ങളും ഇക്കാലത്തുണ്ടായി. തൃപ്രങ്ങോട് കാലസംഹാരമൂര്‍ത്തി ക്ഷേത്രം, തൃക്കണ്ടിയൂര്‍ ശിവക്ഷേത്രം എന്നിവിടങ്ങളില്‍ ഉപപീഠങ്ങളായി ഉപയോഗിക്കുന്ന അധിഷ്ഠാനങ്ങള്‍ നിലനിര്‍ത്തിയിട്ടുണ്ട്.
മധ്യഘട്ടം. 1000-ത്തിനും 1300-നും ഇടയ്ക്കുള്ള മധ്യഘട്ടത്തിന്റെ സവിശേഷത സാന്ധാര വിമാനമാണ്. സാന്ധാര ക്ഷേത്രങ്ങളില്‍ ആന്തരഭിത്തി ബാഹ്യഭിത്തിയെപ്പോലെ മേല്ക്കൂരയെ സ്പര്‍ശിക്കുന്നു. ഇവയുടെ മറ്റൊരു സവിശേഷത ഗര്‍ഭഗൃഹത്തിനു ചുറ്റുമുള്ള ഇരട്ട പ്രദക്ഷിണ മാര്‍ഗങ്ങളാണ്. മിക്കവയിലും ചുറ്റുനാഡി എന്നറിയപ്പെടുന്ന പ്രദക്ഷിണവീഥിയില്‍ സ്തൂപങ്ങളുണ്ട്. ഗര്‍ഭഗൃഹം മറ്റുഭാഗത്തുനിന്നും പൂര്‍ണമായും വിട്ടുനില്‍ക്കുന്നു. കേരളത്തിലെ ഒട്ടനേകം ക്ഷേത്രങ്ങളും മധ്യകാലത്തുണ്ടായവയാണ്. മഞ്ചേരി കാരിക്കാടു ക്ഷേത്രത്തിലെ വൃത്താകാരത്തിലുള്ള സുബ്രഹ്മണ്യന് കോവിലിന്റെ അടിസ്ഥാനശിലയില്‍ 12-ാം ശതകത്തിലെ ലിഖിതങ്ങള്‍ കാണുന്നു. തൃശൂര്‍ വടക്കുന്നാഥക്ഷേത്രം, പെരുവനം ശിവക്ഷേത്രം, തൃപ്രയാര്‍ ശ്രീരാമക്ഷേത്രം തുടങ്ങിയവയും ഇക്കാലഘട്ടത്തിലേതാണെന്നു തെളിഞ്ഞിട്ടുണ്ട്. 1035-ലെ ലിഖിതം കാണുന്ന കോട്ടയം കീഴ്വല്ലൂര് വാമനക്ഷേത്രം വെട്ടുകല്ലില്‍ നിര്‍മിച്ചതാണ്. ഇതില്‍ ദീര്ഘചതുരവൃത്താകാര ഗര്‍ഭഗൃഹവും ഗജപൃഷ്ഠാകാരത്തിലുള്ള മേല്‍ക്കൂരയും കാണുന്നു. പ്രദക്ഷിണവീഥിയില്‍ 14 സ്തൂപങ്ങളുണ്ട്. ദ്വിതല വിമാനങ്ങള്‍ ഇക്കാലത്താണ് നിലവില്‍ വന്നത്. പെരുവനം ക്ഷേത്രം അഷ്ടകോണ ഗ്രീവത്തോടും ശിഖരത്തോടും കൂടിയ ത്രിതല ക്ഷേത്രമാണ്. തിരുവല്ലം പരശുരാമക്ഷേത്രത്തില്‍ ദ്രാവിഡ വിമാനവും കേരളശൈലിയും സംയോജിതമായിരിക്കുന്നു. ഇവിടെ വേണാട്ടധിപനായിരുന്ന വീര കേരളവര്‍മന്റെ കൊ.വ. 399-ലെ (1224) ശാസനം കാണുന്നു.
ആധുനികഘട്ടം. കേരളത്തിലെ ബഹുഭൂരിപക്ഷം ക്ഷേത്രങ്ങളും ഈ ഘട്ടത്തില്‍ ഉള്ളവയാണ് (1301-1800). ഈ ഘട്ടത്തില്‍ ഒരേ ക്ഷേത്രവളപ്പില്ത്തന്നെ ഒന്നിലധികം ദേവന്മാരെ പ്രതിഷ്ഠിക്കുന്ന രീതി നിലവില്‍ വന്നു (തൃശൂര്‍ വടക്കുന്നാഥക്ഷേത്രത്തില്‍ വടക്കുന്നാഥന്, ശങ്കരനാരായണന് തുടങ്ങിയ ദേവന്മാര്). 16, 17 നൂറ്റാണ്ടുകളോടെ കൊത്തുപണിനിറഞ്ഞ ഇടനാഴികളും വാതായനങ്ങളും ബലിക്കല്‍ മണ്ഡപങ്ങളും നിലവില്‍ വന്നു. അതോടെ പ്രധാനക്ഷേത്രം മറയ്ക്കപ്പെട്ടു. ഉദാ. ശുചീന്ദ്രത്തെ സ്ഥാണുനാഥ സ്വാമിക്ഷേത്രം, തിരുവനന്തപുരത്തെ ശ്രീപദ്മനാഭസ്വാമിക്ഷേത്രം. ഇക്കാലത്ത് തിരുവട്ടാര്‍ ആദികേശവപ്പെരുമാള്‍ ക്ഷേത്രത്തിലെ തുറസ്സായ പ്രദക്ഷിണവീഥി ദീപലക്ഷ്മിയുടെ കൊത്തുപണികളുള്ള 21 സ്തൂപങ്ങളാല്‍ അടച്ചുമൂടിയ വീഥിയാക്കി മാറ്റി. ഈ കാലഘട്ടത്തിലെ ശ്രദ്ധേയമായ സവിശേഷത ശില്പകലാരൂപം (lay out) കുറേക്കൂടി സങ്കീര്‍ണമായി എന്നതാണ്. ഇതേ കാലഘട്ടത്തിലാണ് വൈക്കം ക്ഷേത്രത്തിലെയും വര്‍ക്കല ജനാര്‍ദനസ്വാമി ക്ഷേത്രത്തിലെയും ബലിക്കല്‍ മണ്ഡപങ്ങള്‍ തീര്‍ത്തത്.
ശ്രീകോവില്‍ എന്ന കേന്ദ്രബിന്ദു, തുറസ്സായ പ്രദക്ഷിണവീഥി, അടച്ചുകെട്ടിയ നാലമ്പലം, വിളക്കുമാടം, പ്രാകാരം, ശ്രീകോവിലിനു മുമ്പില്‍ സമചതുരാകൃതിയിലുള്ള നമസ്കാരമണ്ഡപം എന്നിവ ക്ഷേത്രത്തിന്റെ ശ്രദ്ധേയ ഘടകങ്ങളാണ്. ചില ക്ഷേത്രങ്ങളില്‍ നാലമ്പലത്തിന്റെ ശാഖയായ വലിയ അമ്പലത്തിനു മുമ്പില്‍ ബലിക്കല്മണ്ഡപം കാണുന്നു. ഇതിനഭിമുഖമായിട്ടാണ് ദീപസ്തംഭവും ധ്വജസ്തംഭവും.
2-ല്‍ വിശുദ്ധ തോമസ് പുണ്യവാളന് മുസ്സിരിസ്സില്‍ (കൊടുങ്ങല്ലൂര്‍) കപ്പല്‍ ഇറങ്ങി 71/2 പള്ളികള്‍ സ്ഥാപിച്ചതായി ഐതിഹ്യം പറയുന്നു. പുരാവസ്തുപരമായ രേഖകളൊന്നും ഇതിന് ഉപോദ്ബലകമായി ഇന്നോളം കിട്ടിയിട്ടില്ല. ഏതാനും റോമന്‍ നാണയങ്ങളും മഹാശിലാസ്മാരകങ്ങളും മാത്രമേ ലഭ്യമായിട്ടുള്ളൂ. പശ്ചിമേഷ്യയില്‍ നിന്നാവണം ക്രൈസ്തവതരംഗം കേരളത്തിലെത്തിയത്. സ്ഥാണുരവി (844-845), വീരരാഘവചക്രവര്‍ത്തി (1125) എന്നിവരുടെ ശാസനങ്ങളില്‍ ക്രൈസ്തവര്‍ക്കു പല അവകാശങ്ങളും സൗജന്യങ്ങളും നല്‍കിയതിനു സൂചനകളുണ്ട്. മധ്യകാല കേരളത്തിലെ വ്യാപാര വ്യവസായങ്ങളില്‍ ക്രൈസ്തവര്‍ നല്ലൊരു പങ്കുവഹിച്ചിട്ടുണ്ട്. നിനവേ (Nineveh)യില്‍ നിന്നെത്തിയ മറുവന് സാപ്പിര്‍ ഈശോ (Maruvan Sapir Iso) എന്ന പുരോഹിതന് വിശുദ്ധ തെരേസയുടെ പള്ളി പണിതതായും പ്രസ്തുത പള്ളിക്കു വളരെയധികം വസ്തുക്കള്‍ സ്ഥാണുരവി ദാനം ചെയ്തതായും തരിസാപ്പള്ളി രേഖകള്‍ വ്യക്തമാക്കുന്നു.
റോമിലെയും പശ്ചിമേഷ്യയിലെയും ദേവാലയങ്ങള്‍ സിവില്‍ ബസിലിക്കായുടെ രൂപശില്പം അര്‍ധവൃത്താകൃതിയിലുള്ള അഗ്രത്തോടുകൂടി പകര്‍ത്തിയപ്പോള്‍ കേരളത്തില്‍ ക്ഷേത്രരൂപകല്പനയനുസരിച്ചു നാലുവശങ്ങളുള്ള ബലിപീഠവും സ്തൂപാലങ്കൃതമായ മണ്ഡപവും ചേര്‍ത്താണ് ദേവാലയങ്ങള്‍ നിര്‍മിച്ചത്. ഹൈന്ദവക്ഷേത്രങ്ങളില്‍ ഗര്‍ഭഗൃഹത്തിനു മുകളിലുള്ള ശിഖരത്തിന് ഏറ്റവും അധികം ഉയരമുള്ളതുപോലെ ക്രൈസ്തവ ദേവാലയത്തില്‍ അള്‍ത്താരയ്ക്കു മുകളിലുള്ള ഗോപുരം പ്രധാന മധ്യഭാഗത്തെക്കാള് ഉയരമുള്ളതായിത്തീര്ന്നു. ഇത്തരം ദേവാലയശില്പകലാ സമ്പ്രദായം ഇന്നും നിലവിലുണ്ട്.
ചെങ്ങന്നൂര്‍ ഓര്‍ത്തഡോക്സ് സുറിയാനി ദേവാലയത്തില്‍ ഹിന്ദുക്ഷേത്രത്തിലെ ദ്വാരപാലകരുടെ സ്ഥാനം വിശുദ്ധ പത്രോസിനും വിശുദ്ധ പൗലോസിനും ആണ്. തീര്‍ഥാടകരുടെ സൗകര്യത്തിനായി ഒരു മുഖമണ്ഡപം തീര്‍ത്തിട്ടുണ്ട്. ഇന്നത്തെ പള്ളികളിലേതു പോലെ പ്രത്യേകം ഇരിപ്പിടങ്ങള്‍ അന്ന് ഇല്ലായിരുന്നു. ക്ഷേത്രങ്ങളില്‍ നിന്ന് പകര്‍ത്തിയതെന്നു കരുതുന്ന സംഗീതശാല മിക്കദേവാലയങ്ങളിലുമുണ്ട്. ബലിപീഠത്തിനും ദീപസ്തംഭത്തിനും പകരമായി മുഖ്യകവാടത്തില്‍ കുരിശു പ്രതിഷ്ഠിച്ചു. വാസ്കോ ദ ഗാമ പള്ളിയെന്നു കരുതി ഒരു ദുര്‍ഗാക്ഷേത്രത്തില്‍ ചെന്നു കയറിയത്രേ. അക്കാലത്തു പള്ളിയുടെയും ക്ഷേത്രത്തിന്റെയും ശൈലിക്ക് അത്രകണ്ടു സാദൃശ്യമുണ്ടായിരുന്നു എന്നു കരുതേണ്ടിയിരിക്കുന്നു.
കേരളസഭയുടെ ലത്തീന്വത്കരണത്തോടെ 16-ാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാരാണ് ദേവാലയ ശില്പശൈലി ഇവിടെ അവതരിപ്പിച്ചത്. ഈ ശൈലിയില്‍ ഭാരതത്തില്‍ ആദ്യം നിര്‍മിച്ച പള്ളി കൊച്ചിയിലെ സാന്തോ അന്തോണിയോ (Santo Antonio- ഇപ്പോഴത്തെ വിശുദ്ധ ഫ്രാന്‍സിസ് പള്ളി ) ആണ്. ഈ പള്ളിയുടെ നിര്‍മാണം ആരംഭിച്ച ദിവസം വ്യക്തമല്ല. പെഡ്രോ അള്‍വാരീസ് ഗബ്രാള് (Pedro Alvarez)എന്ന പോര്ച്ചുഗീസുകാരനൊപ്പം ഭാരതത്തിലെത്തിയ ഫ്രാന്‍സിസ്കന്‍ പുരോഹിത (Franciscan Friars) രാണ് ഇതു നിര്‍മിച്ചതെന്ന് കരുതുന്നു. ആദ്യം തടിയില്‍ നിര്‍മിച്ച ഈ പള്ളി 16-ാം നൂറ്റാണ്ടില്‍ പുതുക്കിപ്പണിതു. പ്രവേശനകവാടം അര്‍ധവൃത്താകൃതിയിലാണ്. മുന്‍വശത്തെ ഗോപുരത്തിനു മുകളില്‍ മണിമാളികയുണ്ട്. അള്‍ത്താരയിരിക്കുന്ന ഭാഗത്തിന്റെ മേല്‍ക്കൂരയില്‍ പടികളുള്ള രണ്ടു സ്തൂപങ്ങള്‍ കാണാം. കമാനശില്പശൈലിയാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്. 1524-ല്‍ വാസ്കോ ദ ഗാമയെ സംസ്കരിച്ച ദേവാലയം ഇതാണ് (1538-ല്‍ വാസ്കോ ദ ഗാമയുടെ ഭൗതികാവശിഷ്ടം പോര്‍ച്ചുഗലിലേക്കു കൊണ്ടുപോയി). ഈ പള്ളി 1663-ല്‍ പ്രൊട്ടസ്റ്റന്റ്കാരായ ഡച്ചുകാരുടെ അധീനതയിലായി. 1795-ല്‍ കൊച്ചിയില്‍ ബ്രിട്ടീഷുകാര്‍ എത്തിയതോടെ ഈ പള്ളി ആംഗ്ലിക്കന്‍ ദേവാലയമായി. ഇപ്പോഴിത് ചര്‍ച്ച് ഒഫ് സൗത്ത് ഇന്ത്യയുടെ ഭരണത്തിന് കീഴിലാണ്. പഴക്കമേറിയ പോര്‍ച്ചുഗീസ് ശ്മശാന ശിലാഫലകം 1562-ലേതും ഡച്ച്ഫലകം 1664-ലേതുമാണ്. കേരളത്തിലെ മിക്ക ദേവാലയങ്ങളുടെയും ഉള്‍ഭാഗം ദാരുശില്പങ്ങളാല് അലങ്കൃതമാണ്. മിക്കവയിലും ക്രിസ്തുവിന്റെ ജീവിതം ചിത്രീകരിക്കുന്ന ആലേഖ്യങ്ങളുണ്ട്; എന്നാല്‍ കാഞ്ഞൂര്‍ സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ ഇംഗ്ലീഷുകാരും ടിപ്പുസുല്‍ത്താനും തമ്മിലുള്ള യുദ്ധം ചിത്രീകരിക്കുന്ന ശില്പങ്ങളാണു കാണുന്നത്.
ഇന്തോ-ഇസ്ലാമിക് ശില്പകലയുടെ ചരിത്രത്തില്‍ കേരളത്തിന് ഗണനീയമായ സ്ഥാനമില്ല. കേരളത്തിലുടനീളം മുസ്ലിം പള്ളികള്‍ ഉണ്ടെങ്കിലും ഭാരതത്തിലുടനീളം കാണപ്പെടുന്ന ഇന്തോ-ഇസ്ലാമിക് ശില്പകലയുടെ രാജകീയശൈലിയോ പ്രാദേശികശൈലിയോ ഇവയിലൊന്നും കാണുന്നില്ല. മാലിക്-ഇബിന്-ദിനാര്‍ എന്ന മുസ്ലിം ആദ്യമായി കൊടുങ്ങല്ലൂരെത്തി ആദ്യത്തെ പള്ളി നിര്‍മിച്ചു; തുടര്‍ന്ന് 8 പള്ളികള്‍ കൂടി തീര്‍ത്തു. ഇവയുടെ കാലം കൃത്യമായി നിര്‍ണയിക്കുക പ്രയാസമാണ്. പുറംഭിത്തികള്‍ ഹൈന്ദവ ക്ഷേത്രത്തിന്റെ മാതൃകയിലുള്ളതാണ്. നാലു വശത്തും പ്രാര്ഥനയ്ക്കുവേണ്ടിയുള്ള ഇടനാഴികളുണ്ട്. കേരളത്തിലെ മുസ്ലിംപള്ളികള്ക്ക് സാധാരണ കാണാറുള്ള സ്വരൂപമാണ് ഇതിനുമുള്ളത്. 851-ല്‍ സില്‍സി-ലാത്-ഉത്-തവാരിഖു (silsi-lat-ut-Tawarikhu) എഴുതിയ സുലൈമാന്‍ കേരളം സന്ദര്‍ശിക്കുമ്പോള്‍ മുസ്ലിം ജനസംഖ്യ പരിമിതമായിരുന്നു. എന്നാല്‍ ഹൗക്കള് (Howkal) 10-ാം ശതകത്തില്‍ കേരളത്തില്‍ പള്ളികള്‍ ഉണ്ടായിരുന്നതായി ഊന്നിപ്പറയുന്നു. കോഴിക്കോടു പന്തലായനിക്കൊല്ലത്തു നിന്നു കിട്ടിയ ഒരു മുസ്ലിം ലിഖിതവും (ഹിജറ 166) ഇതേ വസ്തുത സൂചിപ്പിക്കുന്നു.
പുരാലിഖിതരേഖകള് അനുസരിച്ച് 13-16 ശതകങ്ങളില്‍ കേരളത്തില്‍ അറബികളുടെ വ്യാപാരം പുരോഗമിച്ചതോടെ മോസ്ക് ശില്പകല ഇവിടെ വികാസം പ്രാപിച്ചു. കോഴിക്കോടു ജില്ലയിലെ കൊല്ലം പറപ്പള്ളി ശ്മശാനത്തില്‍ 13-ാം ശതകത്തിലെ ശ്മശാനലിഖിതങ്ങള് കാണുന്നു. കോഴിക്കോടു മുച്ചാണ്ടിപ്പള്ളിയിലെ ദ്വിഭാഷാലിഖിതം (13-ാം നൂറ്റാണ്ട്) പള്ളിയും ഇമാമിനും മൂ ആദ്ദീനും ഉള്ള വസതികളും ശിഹാബുദീന് റൈഹാന്‍ എന്ന അടിമ സ്വതന്ത്രനായപ്പോള്‍ പണിയിച്ചതാണെന്നു സൂചനയുണ്ട്. ചില മുസ്ലിംപള്ളികള് പുതുക്കിപ്പണിതതിന്റെ രേഖകളും കാണാനുണ്ട്. കോഴിക്കോട് പരപ്പില്‍ മുഹിയുദ്ദീന്റെ പള്ളി ഹിജറ 958 (1551)-ല്‍ പണിതു; ഹിജറ 1197 (1782)-ല്‍ പുതുക്കി. ചാലിയത്തു കണ്ണന്‍കുളങ്ങര മോസ്കിലെ ഹിജറ 756 (1355)-ലെ ലിഖിതം പള്ളി പുതുക്കിപ്പണിതതിനെക്കുറിച്ച് പരാമര്‍ശിക്കുന്നു.
വില്യം ലോഗന്റെ അഭിപ്രായത്തില്‍ കൊല്ലം പന്തലായനി പള്ളിയുടെ മേല്‍ക്കൂര, ക്ഷേത്രങ്ങളുടെ മാതൃകയില്‍ ചെമ്പുതകിട് പൊതിഞ്ഞതാണ്. മലപ്പുറം താന്നൂര് ജുമാമസ്ജിദില്‍ ചെമ്പുതകിടുകള്‍ പൊതിഞ്ഞ ഗോപുരവും പ്രവേശനകവാടങ്ങളും ഉണ്ട്. ക്ഷേത്രസ്തൂപങ്ങള്പോലെ ഇവയുടെ മേല്‍ക്കൂരയിലും പടികളോടു കൂടിയ ഗോപുരങ്ങള്‍ കാണാം.
പള്ളികള്‍ പ്രയോഗക്ഷമതാസ്വഭാവമുള്ളവയാണ്. പേര്‍ഷ്യന്‍, തുര്‍ക്കി സംസ്കാരങ്ങളില്‍ നിന്നാണ് ഇന്തോ-ഇസ്ലാമിക് ശില്പകല രൂപം കൊണ്ടത്. എന്നാല്‍ കേരളത്തില്‍ ഘടനാപരമായ ലാളിത്യം എന്ന അറബിക് പാരമ്പര്യം പിന്തുടര്ന്നു കാണുന്നു. ഈ ശൈലി കേരളത്തിന്റെ തനതു ശൈലിയുമായി യോജിച്ച് പുതിയൊരു ശൈലി സംഭാവന ചെയ്തു. ഭാരതത്തിന്റെ ഇതരദേശങ്ങളില്‍ ലിഖിതങ്ങളുടെ ഭാഷ പേര്ഷ്യനായിരിക്കേ കേരളത്തില്‍ മാത്രം അവയുടെ ഭാഷ അറബി ആണെന്നതും പ്രസ്താവ്യമാണ്.
കൊടുങ്ങല്ലൂരിലാണ് കേരളത്തില്‍ ആദ്യമായി ഒരു ജൂതസമൂഹം വളര്‍ന്നുവന്നത്. ഭാസ്കരരവിവര്‍മ ഒന്നാമന്റെ (962-1020) 1000-ത്തിലെ ഒരു ചെമ്പു പട്ടയത്തില്‍ യഹൂദ കച്ചവടക്കാരനായ ജോസഫ് റബ്ബാന് അനേകം ആനുകൂല്യങ്ങള്‍ നല്കിയതായിക്കാണുന്നു (മട്ടാഞ്ചേരി ജൂതപ്പള്ളിയില്‍ പ്രസ്തുത ചെമ്പു പട്ടയം സൂക്ഷിച്ചിട്ടുണ്ട്). പോര്‍ച്ചുഗീസുകാരുടെ ആക്രമണത്തോടെ യഹൂദര്‍ കൊച്ചിയിലേക്കു പലായനം ചെയ്തു. 1615-ലെ ഒരു ഹീബ്രൂ രേഖയനുസരിച്ചു പറവൂരില്‍ ജൂതപ്പള്ളി നിര്‍മിച്ചു. മട്ടാഞ്ചേരി, കൊച്ചി എന്നിവിടങ്ങളിലെ യഹൂദപ്പള്ളികളാണ് ഇപ്പോഴുള്ള പ്രധാന സ്മാരകങ്ങള്‍. ശില്പകലാപരമായി, ഓടുമേഞ്ഞ, ചരിഞ്ഞ മേല്‍ക്കൂരയുള്ള, ഉയരം കൂടിയ കെട്ടിടമെന്നതൊഴിച്ചാല് മറ്റു സവിശേഷതകള്‍ ഇവയ്ക്ക് ഇല്ല. അടിത്തറ മൊസേക്കുപാകിയതാണ്. 18-ാം ശതകത്തില്‍ എസ്സിക്കിയിന് റഹാബി (Ezekien Rehabi) ഒരു മണിമാളിക നിര്‍മിച്ചു. ചൈനയിലെ കാന്റണില്‍ നിന്നു കൊണ്ടുവന്ന, കൈകൊണ്ടു പെയിന്റു ചെയ്ത തറയോടാണ് തറയില്‍ പാകിയിരിക്കുന്നത്.
ഇന്നു നിലവിലുള്ള കൊട്ടാരങ്ങളില്‍ പ്രധാനപ്പെട്ടവ കന്യാകുമാരി ജില്ലയിലെ പദ്മനാഭപുരം കൊട്ടാരവും ആലപ്പുഴ ജില്ലയിലെ കൃഷ്ണപുരം കൊട്ടാരവും (നോ. കൃഷ്ണപുരം) ആണ്. 1729-നും 58-നും മധ്യേ മാര്‍ത്താണ്ഡവര്‍മയാണ് ഇവ നിര്‍മിച്ചത്. തടി ഉപയോഗിച്ചുള്ള തദ്ദേശശില്പകലയ്ക്ക് മകുടോദാഹരണങ്ങളാണിവ.
മട്ടാഞ്ചേരി കൊട്ടാരം. 1557-ല്‍ പോര്‍ച്ചുഗീസുകാരാണ് കൊച്ചി രാജാവിന് വേണ്ടി ഈ കൊട്ടാരം പണിതത്. ഒരു നൂറ്റാണ്ടിനുശേഷം ഡച്ചുകാര്‍ ഇത് പുതുക്കിപ്പണിതു. അതോടെ ഇതു ഡച്ചുകൊട്ടാരം എന്നറിയപ്പെടാന്‍ തുടങ്ങി. പാലയന്നൂര്‍ ഭഗവതീക്ഷേത്രം ഒത്ത മധ്യത്തില്വരത്തക്കവിധം നാലുകെട്ടു മാതൃകയിലാണ് ഇതിന്റെ നിര്‍മിതി. കൊട്ടാരത്തിന്റെ തെക്കുഭാഗത്തായി വിഷ്ണു-ഭഗവതീക്ഷേത്രങ്ങളുമുണ്ട് ; കൊട്ടാരത്തിന് ചുറ്റുമായി കിഴക്കും പടിഞ്ഞാറും പ്രവേശനകവാടമുള്ള വലിയ ഒരു കോട്ടയും. തെക്കു ഭാഗത്തു നിന്നുമുള്ള ഒതുക്കുകള്‍ (ചവിട്ടുപടികള്‍) മുഖമണ്ഡപത്തിലേക്കു നയിക്കുന്നു. അവിടെ നിന്നും കിരീടധാരണശാലയിലേക്കു കടക്കാം. മുകളിലത്തെ നിലയില്‍ മൂന്നു കിടക്കറകളുണ്ട്. ഹാളിന്റെ തെക്കുവശത്തുള്ള പള്ളിയറയുടെ മേല്‍ക്കുര ചിത്രപ്പണികളാല്‍ അലങ്കൃതമാണ്. പുത്രകാമേഷ്ടിയാഗം മുതല്‍ സീതയുടെ തിരിച്ചുവരവു വരെയുള്ള രാമായണരംഗങ്ങള്‍ ഇതില്‍ ചിത്രീകരിച്ചിട്ടുണ്ട്. കോവിനിതലം എന്ന മുറിയില്‍ ശ്രീരാമന്റെയും ഗുരുവായൂരപ്പന്റെയും ചിത്രങ്ങള്‍ ഉണ്ട്. ഇതിനു വടക്കുള്ള മുറിയില്‍ വിഷ്ണുവിനെ വൈകുണ്ഠനാഥനായി ചിത്രീകരിച്ചിരിക്കുന്നു. താഴത്തെ നിലയിലെ സ്ത്രീകളുടെ കിടപ്പറയുടെ ചുവരില്‍ കാളിദാസന്റെ കുമാരസംഭവവും അടുത്ത മുറിയില്‍ പൗരാണികചിത്രങ്ങളും ആലേഖനം ചെയ്തിട്ടുണ്ട്.
പദ്മനാഭപുരം കൊട്ടാരം. തടിയിലെ ചിത്രപ്പണികള്‍ക്കും ചുവര്‍ച്ചിത്രങ്ങള്‍ക്കും പ്രസിദ്ധമാണ് പദ്മനാഭപുരം കൊട്ടാരം. സമചതുരാകൃതിയില്‍, കോട്ടയ്ക്കുള്ളില്‍ പണിതീര്‍ത്തിരിക്കുന്ന ഈ കൊട്ടാരത്തിന് കറയറ്റ രൂപരേഖയാണുള്ളതെന്നു പറയാനാവില്ല. പല കാലങ്ങളിലായിട്ടാണ് ഇതിന്റെ പുരോഗതി തുടര്‍ന്നത്. നാലുകെട്ടിന്റെ മാതൃകയിലുള്ള തായ് കൊട്ടാരമാണ് ഏറ്റവും പഴക്കമുള്ളത്. ഓടു മേഞ്ഞതാണ് ഇതിന്റെ മേല്‍ക്കൂര. പ്രവേശനകവാടവും സമ്മേളന മുറികളും നാടകശാലയും പൂജാമണ്ഡപവും തടിയില്‍ തീര്‍ത്ത സരസ്വതീക്ഷേത്രവും നവരാത്രിമണ്ഡപവും ശ്രദ്ധേയമായിട്ടുള്ളവയാണ്. മൂന്നാമത്തെ നിലയിലെ ഉപ്പിരിക്കമാളികയില്‍ പുരാണരംഗങ്ങള്‍ ചുവര്‍ച്ചിത്രങ്ങളിലൂടെ കമനീയമായി ചിത്രീകരിച്ചിരിക്കുന്നു. അനന്തശായിയായ വിഷ്ണു, അര്ധനാരീശ്വരന്, ലക്ഷ്മീനാരായണന്‍, കൃഷ്ണനും ഗോപികമാരും, നടരാജന് തുടങ്ങിയവയാണ് പ്രധാന ചുവര്‍ച്ചിത്രങ്ങള്‍. അവിടെയുള്ള ഏതാനും കട്ടിലുകള്‍ സങ്കീര്‍ണമായ ശില്പവൈദഗ്ധ്യം പ്രകടിപ്പിക്കുന്നവയാണ്. മേല്‍ക്കൂരയും മറ്റും ചിത്രപ്പണികളാല്‍ അലങ്കൃതമാണ്.
കോട്ടകള്‍
കേരളത്തില്‍ അനേകം കോട്ടകളുണ്ട്. 16-ാം ശതകത്തിനും 18-ാം ശതകത്തിനും മധ്യേയാണ് ഇവയുടെ നിര്‍മാണകാലം. ഇവയെ നിലനില്‍ക്കുന്ന കോട്ടകള്‍ എന്നും അവശിഷ്ടങ്ങള്‍ ആയവയെന്നും രണ്ടായി തിരിക്കാം. ഇവയില്‍ നാട്ടുരാജാക്കന്മാര് നിര്‍മിച്ചവയും പോര്‍ച്ചുഗീസുകാര്‍, ഡച്ചുകാര്‍, ഇംഗ്ലീഷുകാര്‍ എന്നിവര്‍ നിര്‍മിച്ച കോട്ടകളുമുണ്ട്. ഭൂരിഭാഗം കോട്ടകളും ചെങ്കല്ലുകൊണ്ട് നിര്‍മിച്ചവയാണ്. മണ്ണുകൊണ്ടു നിര്‍മിച്ച കോട്ടകളും (വാടകള്‍) ഉണ്ടായിരുന്നു. കരിങ്കല്‍ കോട്ടകളില്‍ പ്രധാനപ്പെട്ടവ പാലക്കാട്കോട്ട, തിരുവനന്തപുരം കോട്ട, പദ്മനാഭപുരം കോട്ട എന്നിവയാകുന്നു. കേരളചരിത്രവുമായി അവയ്ക്കുള്ള ബന്ധം സുദൃഢമാണ്. കൊച്ചി വൈപ്പിന്‍ ദ്വീപിലെ പള്ളിപ്പുറം കോട്ട 16-ാം ശതകത്തില്‍ പോര്‍ച്ചുഗീസുകാര്‍ നിര്‍മിച്ച മൂന്നു കോട്ടകളില്‍ ഒന്നാണ്. ഷഡ്ഭുജകോണ ഘടനയുള്ള വെട്ടുകല്ലില്‍ നിര്‍മിച്ച ഇതിന്റെ പ്രവേശനകവാടം കരിങ്കല്ലുകൊണ്ട് തീര്‍ത്തിരിക്കുന്നു. 1503 സെപ്. 27-ന് അസ്തിവാരമിട്ട കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം കോട്ട ഇപ്പോള്‍ നാശോന്മുഖമായിരിക്കുന്നു. കണ്ണൂര്‍ സെന്റ് ആഞ്ജലോക്കോട്ട പോര്‍ച്ചുഗീസ് വൈസ്രോയി ഡോം ഫ്രാന്‍സിസ്കോ ദ അല്‍മൈഡ കടലോരത്ത് ത്രികോണാകൃതിയില്‍ വെട്ടുകല്ലുകൊണ്ടു നിര്‍മിച്ചതാണ്. ടിപ്പുവിനെതിരായുള്ള പടനീക്കത്തില്‍ 1790-ല്‍ ബ്രിട്ടീഷുകാര്‍ ഈ കോട്ട കീഴടക്കി.
ടിപ്പുവിന്റെ പാലക്കാടുകോട്ട കരയിലുള്ള സൈനിക മുന്നേറ്റം തടയുന്നതിനായി കരിങ്കല്ലില്‍ നിര്‍മിച്ചിട്ടുള്ളതാണ്. ബ്രിട്ടീഷുകാര്‍ 1790 സെപ്. 22-ന് ഇത് പിടിച്ചടക്കി.
ബ്രിട്ടീഷുകാര്‍ അവരുടെ സ്വാധീനമേഖല അഞ്ചുതെങ്ങുകോട്ടയില്‍ നിന്ന് കണ്ണൂര്‍, തലശ്ശേരി കോട്ടവരെ വ്യാപിപ്പിച്ചു. 1690-ല്‍ ആറ്റിങ്ങല്‍ റാണി അഞ്ചുതെങ്ങുകോട്ട പണിയാന്‍ ബ്രിട്ടിഷുകാര്‍ക്ക് അനുമതി നല്കി. ചതുരാകൃതിയിലുള്ള ഈ കോട്ടയുടെ നിര്‍മാണം 1695-ല്‍ പൂര്‍ത്തിയാക്കി. കര്ണാടകയുദ്ധത്തില് സൈനികക്കോപ്പുകള് ശേഖരിച്ചത് ഇവിടെയാണ്. ബ്രിട്ടീഷ് കപ്പലുകള്‍ക്ക് സൂചന നല്കുന്ന ഈ കേന്ദ്രത്തിലാണ് കയര്‍, കുരുമുളക് തുടങ്ങിയ വിഭവങ്ങള്‍ ശേഖരിച്ചിരുന്നത്. അനേകം ശിലാഫലകങ്ങളും കല്ലറകളും ഇവിടെയുണ്ട്.
കണ്ണൂര്‍ജില്ലയിലെ കാസര്‍കോട്, ഹോസ്ദുര്‍ഗ് പ്രദേശങ്ങളില്‍ കാണുന്ന ഏതാനും കോട്ടകള്‍ കര്‍ണാടക നായ്ക്കന്മാര് (Keladi Nayakar, 1500-1763)നിര്‍മിച്ചവയാണ്. പള്ളിക്കര ബേക്കല്‍ക്കോട്ട യാണ് ഇതില്‍ പ്രധാനം. കടല്‍ത്തീരത്ത്, കരിങ്കല്ലില്‍ നിര്‍മിച്ച ഈ കോട്ടയാണ് കേരളത്തിലെ കോട്ടകളില്‍ ഏറ്റവും വലുത്.
(ശിലാലിഖിതങ്ങള്‍, താമ്രശാസനങ്ങള്‍, താളിയോലകള്‍, തീട്ടൂരങ്ങള്‍ തുടങ്ങിയവ).
പൗരാണിക ഭാരതത്തെക്കുറിച്ച് ഇന്നുള്ള കാതലായ അറിവെല്ലാം ലിഖിതങ്ങളിലൂടെയാണ് നമുക്കു സംലഭ്യമായത്. പുരാലിഖിതങ്ങള്‍ അവ കണ്ടെടുക്കപ്പെട്ട നാട്ടിന്റെ ഒരു പ്രത്യേക കാലഘട്ടത്തിലെ രാഷ്ട്രീയ സാമൂഹിക-സാമ്പത്തികാവസ്ഥകളെക്കുറിച്ച് അമൂല്യമായ തെളിവുകള്‍ നല്കുന്നു. രാജാക്കന്മാരുടെ ഭരണചരിത്രം, ഭൂദാനത്തെക്കുറിച്ചുള്ള രേഖകള്‍, പൗരജനങ്ങള്‍ക്കുള്ള ഉപദേശങ്ങള്‍, കാവ്യോദ്ധരണികള് തുടങ്ങിയവ ക്ഷേത്രങ്ങള്‍, പള്ളികള്‍, കൊട്ടാരഭിത്തികള്‍, സ്മാരകശിലകള്‍, ലോഹത്തകിടുകള്‍, മണ്‍പാത്രങ്ങള്‍, വാസ്തുശില്പങ്ങള്, ഇഷ്ടികകള്‍, താളിയോലകള്‍ മുതലായ വസ്തുക്കളില്‍ രേഖപ്പെടുത്തുക പൗരാണിക കാലത്തെ മനുഷ്യരുടെ പതിവായിരുന്നു. കേരളത്തിലെ പുരാലിഖിതങ്ങളെ ശ്മശാനലിഖിതങ്ങള്, മതപരവും ഐതിഹാസികവുമായ രേഖകള്‍, വാണിജ്യപരമായ ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍, സര്‍ക്കാര്‍ രേഖകള്‍, ചരിത്രലിഖിതങ്ങള്‍, നിയമരേഖകള്‍ തുടങ്ങി വിവിധ ശാഖകളായി തിരിക്കാവുന്നതാണ്.
കേരളത്തില്‍ പുരാരേഖാ വിദഗ്ധരുടെ ഗവേഷണ ഫലമായി അനേകം ഗുഹാലിഖിതങ്ങള്‍, ശിലാലിഖിതങ്ങള്‍, താമ്രശാസനങ്ങള്‍, താളിയോലകള്‍ തുടങ്ങിയവ കണ്ടെത്തി പഠനവിധേയമാക്കിയിട്ടുണ്ട്. തെക്കേ വയനാട്ടിലെ സുല്‍ത്താന്‍ബത്തേരിക്കു സമീപമുള്ള എടയ്ക്കല്‍ മലയുടെ പടിഞ്ഞാറേ ചരിവിലെ ഗുഹയില്‍ ചിത്രലിപിയുള്ള ലിഖിതങ്ങളുണ്ട്. പ്രാചീനകാലത്തെ മുള്ളുകുറുമരുടെ സൃഷ്ടികളാണിവ. മൂന്നാറില്‍ നിന്ന് നാലു കി.മീ. അകലെ സ്ഥിതി ചെയ്യുന്ന മറയൂര്‍ എന്ന സ്ഥലത്തും ഗുഹാചിത്രങ്ങള്‍ ഉണ്ട്. എഴുത്തുലിപി കണ്ടുപിടിക്കുന്നതിനുമുമ്പുള്ള കാലഘട്ടത്തിലെ ചിത്രങ്ങളാണിവ. ഇവയ്ക്ക് ഏഴായിരം വര്‍ഷത്തിന്റെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു. പരുപരുത്ത പാറകളില്‍ മൂര്‍ച്ചയുള്ള കല്ലുകള്‍ കൊണ്ട് കൊത്തിയും പോറിയും മനോഹരങ്ങളായ വര്‍ണങ്ങള്‍ നല്കി പ്രാചീന മനുഷ്യര്‍ വരച്ചിട്ട ഗുഹാചിത്രങ്ങള്‍ അറിയപ്പെടാത്തൊരു കാലത്തിന്റെ ഇതിഹാസ മുദ്രയായി നിലനില്ക്കുന്നു. ആയിരത്തോളം ശിലാശാസനങ്ങളും കണ്ടെത്തിയിട്ടുണ്ട്. കണ്ടെത്തിയതിനെക്കാള്ക്കൂടുതല് വനാന്തര്‍ഭാഗങ്ങളിലും പാറയിടുക്കുകളിലും ഭൂമിക്കടിയിലും ശാപമോക്ഷം കാത്തുകിടക്കുന്നുണ്ടാവാം.
പ്രാചീനകാലത്തെ വ്യവഹാരരീതി അനുസരിച്ച് ലേഖ്യം മൂന്നുവിധത്തിലുണ്ട് : രാജലേഖ്യം, സ്ഥാനലേഖ്യം, സ്വഹസ്തലേഖ്യം. പ്രകാരാന്തരേണ ഇവതന്നെ പത്തുവിധത്തിലാണ് - ദാനലേഖ്യം, ഭാഗലേഖ്യം, സീമാലേഖ്യം, ക്രയലേഖ്യം, ദാസലേഖ്യം, ആധിലേഖ്യം, സംവിത്തിലേഖ്യം, ഉദ്ധാമലേഖ്യം, ജയപത്രം, സന്ധിപത്രം. ഭൂമി ദാനംചെയ്ത് സൂര്യചന്ദ്രന്മാരുള്ളതുവരെ അനുഭവിക്കണമെന്നും ആരും അഴിക്കയും അപഹരിക്കയും ചെയ്യരുതെന്നും എഴുതിക്കൊടുക്കുന്ന ലേഖ്യമാണ് ദാനലേഖ്യം. ദായാദികള്‍ വസ്തുവകകള്‍ പകുത്ത് നിശ്ചയിച്ച് അവര്‍ തമ്മില്‍ എഴുതിക്കൊടുക്കുന്ന പത്രമാണ് ഭാഗലേഖ്യം. എലുകനിശ്ചയം വരുത്തി വിഭജിക്കുന്ന പത്രമാണ് സീമാലേഖ്യം. ഭവനങ്ങള്‍, നിലം, പുരയിടം മുതലായവ അര്‍ഹിക്കുന്ന വില കൊടുത്ത് എഴുതിവാങ്ങുന്ന പത്രമാണ് ക്രയലേഖ്യം. പണയം വച്ചെഴുതുന്ന ഓലയ്ക്ക് ആധിലേഖ്യമെന്നും ദാസന്മാരെഴുതി വയ്ക്കുന്ന ഓലയ്ക്ക് ദാസലേഖ്യമെന്നുമാണ് പേരുകള്‍. ഗ്രാമശ്രേണിഗണാദികളാല് തങ്ങള്‍ക്കു വേണ്ടുന്ന കാര്യം സിദ്ധിപ്പാനായി ശാസ്ത്ര വിരോധമെന്യേ ധര്‍മം നിമിത്തം എഴുതുന്ന പത്രമാണ് സംവിത്തിപത്രം. മറ്റൊരുവനോട് വൃദ്ധിക്കായി ദ്രവ്യം വാങ്ങി താന്‍തന്നെ എഴുതുന്നതാണ് ഉദ്ധാമലേഖ്യം. ധനികന്റെ ഇച്ഛാനുസരണം പലിശയ്ക്ക് കടം വാങ്ങുന്നവന് എഴുതിക്കൊടുക്കുന്നതാണ് ഋണപത്രം.
ആയിരത്തിനാനൂറോളം പ്രാചീനലിഖിതങ്ങളുടെ സമഗ്രപഠനം നിര്‍വഹിച്ച് ഒമ്പതു വാല്യങ്ങളിലായി ട്രാവന്‍കൂര്‍ ആര്‍ക്കിയോളജിക്കല്‍ സീരീസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൊച്ചി ആര്ക്കിയോളജിവകുപ്പും മറ്റു ഗവേഷകരുമൊത്ത് അഞ്ഞൂറോളം ശാസനങ്ങള്‍ പഠന വിധേയമാക്കിയിട്ടുണ്ട്. തിരുവനന്തപുരം മാനുസ്ക്രിപ്റ്റ്സ് ലൈബ്രറിയില്‍ സ്വതന്ത്രകൃതികളും പകര്ത്തിയെഴുതിയവയുമായി മുപ്പതിനായിരത്തോളം സംസ്കൃതകൃതികളുടെയും ആറായിരത്തോളം മലയാളകൃതികളുടെയും താളിയോലഗ്രന്ഥങ്ങള്‍ ഉണ്ട്. ഇതരഭാഷകളില്‍ എഴുതിയിട്ടുള്ള ഓലഗ്രന്ഥങ്ങളും ധാരാളമുണ്ട്. കോഴിക്കോടു സര്‍വകലാശാലയില്‍ ആയിരത്തി അഞ്ഞൂറോളം താളിയോലഗ്രന്ഥങ്ങള്‍ ഉണ്ട്. സംസ്ഥാന ആര്‍ക്കൈവ്സ് വകുപ്പില്‍ തിരുവെഴുത്തും തിട്ടൂരങ്ങളുമായി ഒരു ലക്ഷത്തിലേറെ താളിയോലകള്‍ ശേഖരിച്ചിരിക്കുന്നു. കൂടാതെ കേരളപുരാവസ്തുവകുപ്പിലും ആര്‍ക്കൈവ്സ് വകുപ്പിലും അനേകം താമ്രശാസനങ്ങളുടെ (ചെപ്പേട്) ശേഖരവും ഉണ്ട്.
കേരളത്തിന് പുറത്തും നിരവധി മലയാള പുരാലിഖിതങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്. ലണ്ടനിലെ ഇന്ത്യാ ആഫീസ് ലൈബ്രറിയില്‍ മലയാള താളിയോലഗ്രനന്ഥങ്ങളുടെ കൂട്ടത്തില്‍ സ്വര്ണത്തകിടിലും വെള്ളിത്തകടിലും എഴുതിയ രണ്ടു രേഖകള്‍ കാണാം. കോഴിക്കോടു സാമൂതിരിയും ലന്തക്കാരും ഈസ്റ്റിന്ത്യാക്കമ്പനിയും തമ്മിലുള്ള ഉടമ്പടികളാണിവ. 1691 ന. 16-ന് കോഴിക്കോട് കിഴക്കേക്കോവിലകത്തെ സാമൂതിരിയും ലന്തക്കാരും തമ്മില്‍ എഴുതിവച്ച ഈ ഉടമ്പടിരേഖയാണ് ലോകത്തിലെ ഏറ്റവും വലിയ പൊന്നോല. 131/2 ഔണ്‍സ് തൂക്കമുള്ള ഈ പൊന്തകിടിന് ഒന്നേമുക്കാല്‍ ഇഞ്ചു വീതിയും എണ്പതു ഇഞ്ചു നീളവും ഉണ്ട്. ഒരു വശത്ത് ഒമ്പതുവരിയും മറുവശത്ത് നാല് വരിയുമായിട്ടാണ് ഉടമ്പടി രേഖപ്പെടുത്തിയിട്ടുള്ളത്.
കേരളത്തിലെ പ്രചീനലിഖിതങ്ങളില് വട്ടെഴുത്ത്, കോലെഴുത്ത്, ഗ്രന്ഥലിപി, മലയാണ്മ (മലയാം-തമിഴ്), നാനംമോനം എന്നീ ലിപികളാണ് ഉപയോഗിച്ചുകാണുന്നത്. ഇവയില്‍ ഗ്രന്ഥലിപി ഒഴികെയുള്ളവ വട്ടെഴുത്തിന്റെ ദേശഭേദങ്ങളാണ്. കൊ.വ. 1040-ന് മുമ്പ് നീട്ട്, ഉത്തരവ്, ചീട്ട്, മൊഴികള്‍, വിധികള്‍, ആധാരങ്ങള്‍, പതിവ്, പട്ടയം, കണക്കുകള്‍, എഴുത്തുകള്‍, പ്രമാണങ്ങള്‍ മുതലായവയെല്ലാം കരിമ്പനയുടെ ഓലയിലാണ് എഴുതിയിരുന്നത്. ഇരുമ്പോ ഉരുക്കോ കൊണ്ടു നിര്‍മിച്ച എഴുത്താണി(നാരായം)കളാണ് തൂലികയായി ഉപയോഗിച്ചിരുന്നത്. പലതരം ഓലകളും നാരായങ്ങളും ഉണ്ടായിരുന്നെങ്കിലും മണപ്പാടന് ഓലയും കൈതമുക്ക് നാരായവുമാണ് ഒന്നാന്തരമായി ഗണിച്ചുവന്നത്.
ജ്യോതിശ്ശാസ്ത്രത്തിന് കേരളത്തില്‍ പണ്ടുകാലം മുതല്‍ തന്നെ വളരെ പ്രചാരവും പ്രാമാണികതയും ലഭിച്ചിരുന്നു. കേരളത്തിലെ കാലഗണനാപദ്ധതി തികച്ചും ശാസ്ത്രീയാടിസ്ഥാനത്തില്‍ സ്വതന്ത്രമായി നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ ഇവിടെ രൂപംകൊണ്ടതാണ്. വിശിഷ്ടങ്ങളായ അനവധി ജ്യോതിശ്ശാസ്ത്രഗ്രന്ഥങ്ങള്‍ കേരളീയരായ പണ്ഡിതന്മാര് പല കാലങ്ങളിലായി രചിച്ചിട്ടുണ്ട്. ദേവകേരളം, ശുക്രകേരളം, വരരുചികേരളം, കേരളീയസൂത്രം തുടങ്ങിയ ജ്യോതിഷഗ്രന്ഥങ്ങള്‍ അക്കൂട്ടത്തില്‍പ്പെടും. ഈ ഗ്രന്ഥങ്ങളുടെ രചനാകാലങ്ങള്‍ നിര്‍ണയിക്കപ്പെട്ടിട്ടില്ല. ശുക്രകേരളത്തിന് ഭാഗ്യകേരളമെന്നും കേരളരഹസ്യമെന്നും കേരളീയമെന്നും കൂടി പേരുകള്‍ ഉണ്ട്. അതുപോലെ തന്നെ വരരുചികേരളം ജാതകരഹസ്യം, കേരളനിര്ണയം എന്നീ പേരുകളാലും അറിയപ്പെടുന്നു.
ജ്യോതിശ്ശാസ്ത്രത്തെ പ്രമാണഭാഗമെന്നും ഫലഭാഗമെന്നും രണ്ടായി വിഭജിക്കാം. സൂര്യചന്ദ്രന്മാരുടെ ഗ്രഹണം, ചന്ദ്രശൃംഗോന്നതി, ഗ്രഹങ്ങളുടെ ഗതിഭേദങ്ങള്‍ മുതലായവ മുന്‍കൂട്ടി ഗണിച്ചറിയുക, ഭൂഗോളഖഗോളങ്ങളെ വിവരിക്കുക മുതലായവ പ്രമാണഭാഗത്തില്പ്പെടും; ജാതകം, പ്രശ്നം, ശകുനമുഹൂര്ത്താദികള് എന്നീ വിഷയങ്ങള്‍ ഫലഭാഗത്തിലും. ഭാരതീയരെ സംബന്ധിച്ചിടത്തോളം ജ്യാഗണിതം, ഗോളഗണിതം തുടങ്ങിയ ഗണിതശാഖകളും ജ്യോതിര്‍ഗണിതത്തിന്റെ ഭാഗമായിരുന്നു.
ജ്യോതിര്ഗണിതത്തിന് ആവശ്യമുള്ള വാക്യവും പരല്പേരും രചിച്ചത് വരരുചി എന്ന പണ്ഡിതനാണ് എന്നാണ് കേരളത്തില്‍ നിലവിലിരിക്കുന്ന ഐതിഹ്യം. ഇദ്ദേഹം നാലാം ശതകത്തില്‍ ജീവിച്ചിരുന്നതായി ഊഹിക്കപ്പെടുന്നു. സംഖ്യകളെ നിര്‍ദേശിക്കുന്ന പല പദ്ധതികളും പ്രാചീനഭാരതത്തില്‍ നിലവില്‍വന്നുവെങ്കിലും 'ഭൂതസംഖ്യ', 'കടപയാദി' എന്നീ രണ്ടു പദ്ധതികള്‍ ക്കായിരുന്നു കൂടുതല്‍ അംഗീകാരവും പ്രചാരവും ലഭിച്ചിരുന്നത്. കടപയാദി പദ്ധതി തെക്കേ ഇന്ത്യയില്‍ സുവിദിതമായിരുന്നു; കേരളത്തില്‍ സര്‍വസാധാരണമായിരുന്നുവെന്നും പറയേണ്ടതുണ്ട്. കടപയാദി പദ്ധതി ഭാരതീയ ഗണിതശാസ്ത്രത്തിന് കേരളത്തിന്റെ വകയായ ഒരു സുപ്രധാന സംഭാവനയായി കരുതപ്പെടുന്നു. ഒരു സംഖ്യയുടെ കടപയാദിക്കു പരല്പേര് എന്നും പറയാറുണ്ട്. ചന്ദ്രന്റെ സ്ഥാനം നിര്‍ണയിക്കുന്നതിനുള്ള പരല്പേരുകളായ 248 ചന്ദ്രവാക്യങ്ങളുടെ കര്‍ത്തൃത്വം വരരുചിയിലാണ് അര്‍പ്പിതമായിരിക്കുന്നത്.
ഭാരതീയ ജ്യോതിശ്ശാസ്ത്രജ്ഞന്മാരില്‍ പ്രമുഖനായ ആര്യഭടന്‍ 'അശ്മകപദ'മെന്ന സ്ഥലത്ത് 476-ല്‍ ജനിച്ചുവെന്നും 'കുസുമപുര'ത്തു ചെന്നു താമസിച്ച്, അവിടെ വച്ച് 499-ല്‍ ഗീതികം, ഗണിതം, കാലക്രിയ, ഗോളം എന്നീ നാലു പാദങ്ങളോടുകൂടിയ ആര്യഭടീയം രചിച്ചു എന്നും അറിവായിട്ടുണ്ട്. 'അശ്മകപദ'വും 'കുസുമപുര'വും എവിടെയാണെന്ന ചോദ്യത്തിനു ഖണ്ഡിതമായ ഉത്തരം നല്കുവാന് കഴിഞ്ഞിട്ടില്ല. ആര്യഭടന്‍ കേരളീയനാണെന്ന ഒരു അഭിപ്രായവും നിലവിലുണ്ട്. ഇതു ശരിയാണെന്നു തീര്‍ത്തു പറയുവാന്‍ വയ്യ; എങ്കിലും ആര്യഭടന്‍ ആവിഷ്കരിച്ച ഗണിതപദ്ധതിയാണ് കേരളീയ ജ്യോതിശ്ശാസ്ത്രജ്ഞന്മാരെല്ലാം അംഗീകരിക്കുകയും ആധാരമായി സ്വീകരിക്കുകയും ചെയ്തിട്ടുള്ളത്.
550-നും 630-നും മധ്യേ ജീവിച്ചിരുന്നതായി കരുതിപ്പോരുന്ന ഭാസ്കരാചാര്യന് I എന്ന സുപ്രസിദ്ധ ഗണിതജ്ഞന്‍ ആര്യഭടന്റെ ശിഷ്യപരമ്പരയില്‍പ്പെട്ട ആളായിരുന്നു. അദ്ദേഹവും ഒരു കേരളീയനായിരുന്നു എന്നാണ് ചില പണ്ഡിതന്മാരുടെ പക്ഷം. ഈ അഭിപ്രായത്തോട് യോജിക്കാത്തവരുമുണ്ട്. കേരളത്തില്‍ ആര്യഭടന്‍ കഴിഞ്ഞാല്‍ സമാദരണീയനും ആര്യഭടീയ വ്യാഖ്യാ താക്കന്മാരില് ഏറ്റവും പ്രസിദ്ധനുമാണ് ഭാസ്കരാചാര്യന് I. മഹാഭാസ്കരീയം (ഈഗ്രന്ഥത്തിന് കര്മനിബന്ധം എന്നും പേരുണ്ട്), ലഘുഭാസ്കരീയം, ആര്യഭടീയവ്യാഖ്യ എന്ന കൃതികള്‍ ഭാസ്കരാചാര്യന് I-ന്റെ വകയായി നമുക്ക് ലഭിച്ചിട്ടുണ്ട്.
ആര്യഭടീയ സിദ്ധാന്തത്തില്‍ കാലാനുരോധേന ന്യൂനതകള്‍ കണ്ടു തുടങ്ങി; ഗ്രഹങ്ങളുടെ ദൃഷ്ടസ്ഥാനങ്ങളില്നിന്നു ഭിന്നമായിരുന്നു ഗണിച്ചുകിട്ടിയ സ്ഥാനങ്ങള്‍. തത്ഫലമായി രണ്ടു നൂറ്റാണ്ടു കഴിയുന്നതിനുമുമ്പ് (683-ല്‍) പരഹിതഗണിതം സ്വീകരിച്ച് ആര്യഭടീയ സിദ്ധാന്തം പരിഷ്കരിക്കുകയുണ്ടായി. ഹരിദത്താചാര്യകൃതമായ ഗ്രഹചാരബന്ധനം എന്ന കൃതിയാണ് പരഹിതഗണിതത്തിന്റെ കരണഗ്രന്ഥം. ഹരിദത്താചാര്യരുടെ വകയായി മഹാമാര്ഗനിബന്ധമെന്ന മറ്റൊരു കൃതിയുണ്ടെന്ന് സൂചനകളില്‍ നിന്നു ഗ്രഹിക്കാം. പില്ക്കാലത്തു ഗ്രന്ഥകാരന്മാര് പരഹിതം എന്ന പേരില്‍ പൊതുവായി ഉദ്ധരിക്കുന്ന ഈ രണ്ടു കൃതികളുമാണ് പരഹിതപദ്ധതിയുടെ മൂലഗ്രന്ഥങ്ങള്‍. 650-700 എന്ന കാലഘട്ടത്തിലായിരുന്നിരിക്കണം ഹരിദത്താചാര്യര് ജീവിച്ചിരുന്നത്.
ഗോവിന്ദസ്വാമി എന്ന ഒരു കേരളീയന് ഭാസ്കരാചാര്യന് I-ന്റെ മഹാഭാസ്കരീയത്തിന് ഒരു ഭാഷ്യം രചിച്ചിട്ടുണ്ട്. സമ്പ്രദായദീപിക (പ്രകടാര്ഥം), ഗോവിന്ദപദ്ധതി, ഗോവിന്ദകൃതി തുടങ്ങിയവ ഗോവിന്ദസ്വാമിയുടെ കൃതികളാണെന്നു കാണുന്നു. ഗോവിന്ദസ്വാമിയുടെ ജീവിതകാലം 800-നും 850-നും ഇടയ്ക്കായിരിക്കണമെന്ന് ഊഹിക്കപ്പെട്ടിരിക്കുന്നു. ആര്യഭടീയത്തില്‍ കൊടുത്തിരിക്കുന്ന മഖി, ഭഖി, ഫഖി തുടങ്ങിയ ജ്യാര്ധാന്തരങ്ങളെ ഗോവിന്ദസ്വാമി പരിഷ്കരിച്ചു സൂക്ഷ്മതരമാക്കി. ഇദ്ദേഹത്തിന്റെ മറ്റൊരു സംഭാവന അന്തര്‍ഗണനം (interpolation) എന്ന ഗണിതവിഭാഗത്തില്‍ പ്പെടുന്നതാണ്. ഗോവിന്ദസ്വാമിയുടെ അന്തര്ഗണന-കരണസൂത്രങ്ങളെ ന്യൂട്ടന്-ഗാസ് അന്തര്ഗണന-കരണസൂത്രത്തിന്റെ 'മുന്കൂട്ടിക്കാണ'ലായി കരുതാം.
സ്കരാചാര്യന് I-ന്റെ ലഘുഭാസ്കരീയത്തിന് ശങ്കരനാരായണന് എന്ന കേരളീയ പണ്ഡിതന് ഒരു വ്യാഖ്യാനം നിര്‍മിച്ചു ; വിവരണം എന്നും ശങ്കരനാരായണീയം എന്നും ഈ വ്യാഖ്യാനത്തിനു പേരുകളുണ്ട്. ഇദ്ദേഹത്തിന്റെ ജന്മദേശം കൊല്ലപുരിയാണെന്നും വ്യാഖ്യാനത്തിന്റെ നിര്‍മിതി 869-ലാണെന്നും പറഞ്ഞുകാണുന്നു. ഇദ്ദേഹം 825-900 കാലഘട്ടത്തില്‍ ജീവിച്ചിരുന്നതായി കരുതപ്പെടുന്നു. ഗോവിന്ദസ്വാമിയുടെ ശിഷ്യനായിരുന്നു ഇദ്ദേഹം. കേരളത്തില്‍ ജ്യോതിശ്ശാസ്ത്രത്തിന് 9-ാം ശതകത്തില്‍ എത്രമാത്രം അഭിവൃദ്ധി സിദ്ധിച്ചിരുന്നു എന്ന് ശങ്കരനാരായണീയത്തില്‍ നിന്നു ഗ്രഹിക്കാവുന്നതാണ്. ചേരചക്രവര്‍ത്തിയായിരുന്ന രവിവര്മദേവന് രാജധാനിയായ മഹോദയപുരത്തില്‍ (കൊടുങ്ങല്ലൂരില്‍) ഒരു നക്ഷത്രബംഗ്ലാവ് സ്ഥാപിച്ചിരുന്നതായി ഈ ഗ്രന്ഥത്തില്‍നിന്നു മനസ്സിലാക്കാം.
ശ്രീപതി എന്ന ജ്യോതിശ്ശാസ്ത്ര പണ്ഡിതന് സിദ്ധാന്തശേഖരം (ആര്യഭടീയവ്യാഖ്യാനം), ഗണിതതിലകം, ജാതകകര്‍മപദ്ധതി എന്നിങ്ങനെ പല വിശിഷ്ടഗ്രന്ഥങ്ങളും നിര്‍മിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ജീവിതകാലം 11-ാം ശതകമാണെന്ന് ഊഹിക്കാം. ഇദ്ദേഹത്തിന്റെ ജന്മദേശം ഏതെന്നു വ്യക്തമായിട്ടില്ല. ഇദ്ദേഹത്തിന്റെ 'പദ്ധതി'ക്ക് കേരളത്തില്‍ പ്രചുരപ്രചാരം സിദ്ധിച്ചിട്ടുണ്ട്.
ലഘുഭാസ്കരീയത്തിന് 1073-ല്‍ സുന്ദരി എന്നൊരു വ്യാഖ്യാനം ഉദയദിവാകരന്‍ രചിക്കുകയുണ്ടായി. കേളല്ലൂര്‍ നീലകണ്ഠസോമയാജി ഈ വ്യാഖ്യാനത്തില്‍ നിന്ന് ചില ഭാഗങ്ങള്‍ അദ്ദേഹത്തിന്റെ ആര്യഭടീയഭാഷ്യത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്. ഉദയദിവാകരന്‍ കേരളീയനായിരിക്കാനാണ് സാധ്യത. ഇദ്ദേഹം ജയദേവന്റെ പല ശ്ലോകങ്ങളും ഉദ്ധരിച്ചുകൊണ്ടു Nx2+1=y2 എന്ന പ്രരൂപത്തി ( type)ലുള്ള അനിര്ണീതസമീകാരങ്ങളുടെ (indeterminate equations) ചക്രീയരീതിയില് (cyclic method) ഉള്ള നിര്ധാരണമാര്ഗം വിശദീകരിക്കുന്നുണ്ട് (12-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഭാസ്കരാചാര്യന് II-ന്റെ കണ്ടുപിടിത്തമായിട്ടാണ് ഈ നിര്ധാരണമാര്ഗം അറിയപ്പെടുന്നത്). ഈ ജയദേവനെപ്പറ്റി കൂടുതല്‍ വിവരമൊന്നും ലഭിച്ചിട്ടില്ല.
ശ്രീപതിയുടെ ജാതകകര്മപദ്ധതിക്ക് സൂര്യദേവയജ്വാവ് (സു. 1191-1250) രചിച്ച ടീകയാണ് ജാതകാലങ്കാരം. കേരളത്തില്‍ വളരെയധികം പ്രചാരം സിദ്ധിച്ചിട്ടുള്ള ഒരു ഗ്രന്ഥമാണിത്. ഇതു കൂടാതെ, ആര്യഭടീയത്തിനു ഭടപ്രകാശം എന്ന വ്യാഖ്യാനം, വരാഹമിഹിരന്റെ മഹായാത്ര(ബൃഹദ്യാത്ര)യ്ക്ക് ഒരു വ്യാഖ്യ, മുഞ്ജാലകന്റെ ലഘുമാനസകരണത്തിന് ഒരു വ്യാഖ്യ എന്നിവയും യജ്വാവിന്റെ കൃതികളാണ്.
12-ാം ശതകത്തിനുശേഷമാണ് ഗണിതം ഉള്‍പ്പെടെയുള്ള ജ്യോതിശ്ശാസ്ത്രത്തിന് കേരളത്തില്‍ വേണ്ടത്ര അഭിവൃദ്ധിയുണ്ടായത്. കേരളത്തിന് പുറമേയുള്ള ഭാരതീയര്‍ പൂര്‍വസൂരികളുടെ കൃതികള്‍ക്ക് വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും എഴുതിക്കൊണ്ടിരുന്ന ആ കാലഘട്ടത്തില്‍ കേരളക്കരയിലെ ചില ആചാര്യന്മാര് അന്യാദൃശങ്ങളും അഭിനവങ്ങളുമായ ഗണിത-ജ്യോതിശ്ശാസ്ത്രസിദ്ധാന്തങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പ്രൗഢഗ്രന്ഥങ്ങള്‍ രചിക്കുകയായിരുന്നു.
പ്രശ്നജാതകാദി വിഷയങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ചില ദൈവജ്ഞന്മാരും കേരളത്തില്‍ ഉണ്ടായിരുന്നു. കൃഷ്ണനീയം എന്ന പ്രമാണഗ്രന്ഥം രചിച്ച കൃഷ്ണാചാര്യരെക്കുറിച്ച് ഖണ്ഡിതമായ അറിവൊന്നും ലഭിച്ചിട്ടില്ല. എങ്കിലും ഇദ്ദേഹം ഒരു കേരളീയനാണെന്നാണ് കരുതപ്പെടുന്നത്. കൃഷ്ണനീയത്തിന് കേരളത്തിലെങ്ങും അന്യാദൃശമായ പ്രചാരമാണുള്ളത്. നോ. കൃഷ്ണനീയം
തലക്കുളത്തു ഭട്ടതിരി എന്ന പേരില്‍ പ്രഖ്യാതനായിട്ടുള്ള ആലത്തൂര്‍ ഗോവിന്ദഭട്ടതിരി(12371295)യുടെ ഏറ്റവും പ്രധാനപ്പെട്ട കൃതി ദശാധ്യായി എന്ന ജ്യൗതിഷഗ്രന്ഥമാണ്. 6-ാം ശതകത്തില്‍ അവന്തിദേശത്തില്‍ ജീവിച്ചിരുന്ന വരാഹമിഹരാചാര്യര് ബൃഹജ്ജാതകം എന്ന ഗ്രന്ഥം ഇരുപത്താറധ്യായത്തിലായി രചിക്കുകയുണ്ടായി. ആ ഗ്രന്ഥത്തിലെ ആദ്യത്തെ പത്തധ്യായങ്ങള്ക്ക് ഭട്ടതിരി നിര്‍മിച്ച പ്രൗഢമായ വ്യാഖ്യാനമാണ് ദശാധ്യായി. മുഹൂര്‍ത്തരത്നം മുതലായ വേറെയും ചില ജ്യോതിഷഗ്രന്ഥങ്ങള്‍ തലക്കുളത്തു ഭട്ടതിരി രചിച്ചിട്ടുണ്ട്.
വിദ്യാമാധവീയം എന്ന മുഹൂര്ത്തശാസ്ത്രഗ്രന്ഥത്തിന്റെ കര് ത്താവായ വിദ്യാമാധവന്‍, കരണാമൃതത്തിന്റെ നിര്‍മാതാവായ ചിത്രഭാനു നമ്പൂതിരി, (സു. 1475-1550) വരാഹമിഹിരന്റെ ഹോരയ്ക്കു വിവരണം എന്ന പേരില്‍ സവിസ്തരമായ ഒരു വ്യാഖ്യാനവും അഷ്ടമംഗലപ്രശ്നം എന്ന ഗ്രന്ഥവും രചിച്ച ദേശമംഗലത്ത് രുദ്ര(ഉഴുത്തിര)വാര്യര്‍ (സു. 1475-1550) മൂന്നു ഭാഗങ്ങളുള്ള ബാലശങ്കരം തുടങ്ങിയ കൃതികള്‍ ചമച്ച മഴ(മഹിഷ) മംഗലം ശങ്കരന് നമ്പൂതിരി (1494-1570), പ്രശ്നസാരകാരനായ ഇഞ്ചക്കാഴ്വാ മാധവന് നമ്പൂതിരി (സു. 1500-75), പ്രശ്നമാര്‍ഗകര്‍ത്താവായ പനക്കാട്ട് (ഇടയ്ക്കാട്ട്) നമ്പൂതിരി (സു. 1625-1725), തച്ഛിഷ്യനായ ഇടയ്ക്കാട്ടു ശങ്കരന് (?), കുക്കുണിയാള് (സു.1675-1750), പുലിമുഖത്തു പോറ്റി (1686-1758), കൃഷ്ണദാസനെന്ന പേരില്‍ അറിയപ്പെട്ട നെടുമ്പയില്‍ കൊച്ചുകൃഷ്ണന്‍ ആശാന് (1756-1812), മച്ചാട്ടു നാരായണന് ഇളയത് (1765-1843), അഗണിത കര്‍ത്താവായ നല്ലേപ്പള്ളി സുബ്രഹ്മണ്യശാസ്ത്രി (1829-88), സാമുദ്രികാശാസ്ത്രം, ഗൗളീശാസ്ത്രം മുതലായ കൃതികള്‍ എഴുതിയ കൈക്കുളങ്ങര രാമവാര്യര്‍ (1833-97), കരണപരിഷ്കരണവും പഞ്ചാംഗശുദ്ധിപദ്ധതിയും, ജ്യോതിഷപ്രകാശനം എന്നീ പ്രൗഢപ്രബന്ധങ്ങളുടെ കര്‍ത്താവായ ഏ. ആര്. രാജരാജവര്‍മ കോയിത്തമ്പുരാന്‍ (1853-1918), പഞ്ചബോധനത്തിനു ശ്രേഷ്ഠമായ ഒരു ഭാഷാവ്യാഖ്യാനം എഴുതിയ വെള്ളാനശ്ശേരി വാസുണ്ണിമൂസ്സത് (1855-1914), പഞ്ചബോധക്രിയ(ഭാഷ)യുടെ കര്‍ത്താവായ പുന്നശ്ശേരി നമ്പി നീലകണ്ഠശര്‍മ (1858-1935), കാണിപ്പയ്യൂര്‍ ശങ്കരന് നമ്പൂതിരി (1891-1982), പുലിയൂര് പി.എസ്. പുരുഷോത്തമന് നമ്പൂതിരി (1888-1960) തുടങ്ങി നിരവധി പണ്ഡിതന്മാര് കേരളക്കരയില്‍ ജീവിച്ച് പ്രശ്നജാതകാദിവിഷയങ്ങളില് പ്രവര്‍ത്തിച്ച് പേരും പെരുമയും സമ്പാദിച്ചിട്ടുണ്ട്.
ജ്യോതിശ്ശാസ്ത്രത്തിന്റെ സിദ്ധാന്ത ഗണിത വിഭാഗങ്ങളിലേക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയിട്ടുള്ള ചില ജ്യോതിശ്ശാസ്ത്രപണ്ഡിതന്മാരും കേരളത്തിലുണ്ടായിരുന്നു. ജ്യോതിര്‍ഗണിത പണ്ഡിതന്മാരില് സമുന്നതമായ ഒരു സ്ഥാനത്തിന് അര്‍ഹനാണ് സംഗമഗ്രാമ മാധവന്. 1340-നും 1425-നും ഇടയ്ക്ക് ജീവിച്ചിരുന്നതായി ഊഹിക്കപ്പെടുന്ന ഈ ആചാര്യന് അനന്തശ്രേണികള്‍ (infinite series) മുഖേന സമവൃത്തത്തിന്റെ പരിധി കണക്കാക്കാനുള്ള സൂത്രവും മറ്റും കണ്ടുപിടിക്കുകയുണ്ടായി.
ദൃഗ്ഗണിതകാരനായ വടശ്ശേരി പരമേശ്വരന് നമ്പൂതിരി ഗണിതത്തിലും ഫലഭാഗത്തിലും ഒരുപോലെ പ്രാമാണികനായിരുന്നെങ്കിലും ഒരസാമാന്യഗണിതജ്ഞന് എന്ന നിലയിലാണ് കൂടുതല്‍ അറിയപ്പെടുന്നത്. ഇദ്ദേഹത്തിന്റെ ജീവിതകാലം ഏതാണ്ട് 1360-നും 1460-നും ഇടയ്ക്കായിരിക്കാം.
ദൃഗ്ഗണിത കര്‍ത്താവിന്റെ മകനായ ദാമോദരന്‍ നമ്പൂതിരിയുടെ ശിഷ്യനും ആര്യഭടീയഭാഷ്യകാരനെന്നു വിഖ്യാതനുമായ കേളല്ലൂര്‍ നീലകണ്ഠസോമയാജി ഏതാണ്ട് 1443-1545 കാലഘട്ടത്തില്‍ ജീവിച്ചിരുന്നു. ഇദ്ദേഹം 1500-ാമാണ്ട് തന്ത്രസംഗ്രഹം എന്ന ഉത്കൃഷ്ടഗ്രന്ഥം രചിച്ചു.
കേളല്ലൂര്‍ സോമയാജിയുടെ തന്ത്രസംഗ്രഹത്തെ ആധാരമാക്കിക്കൊണ്ട്, ആലത്തൂര്‍ ഗ്രാമത്തില്‍പ്പെട്ട പറങ്ങോട്ടില്ലത്തെ ജ്യേഷ്ഠദേവന്‍ നമ്പൂതിരി (സു. 1500-1610) യുക്തിഭാഷ എന്നൊരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. ജ്യോതിശ്ശാസ്ത്രജ്ഞന്മാര്‍ ഉപയോഗിച്ചുവരുന്ന പ്രമിതികള് (Theorems), കരണസൂത്രങ്ങള് (formulae) എന്നിവയ്ക്കു ഉപപത്തികള്‍, വിശദീകരണങ്ങള്‍ എന്നിവ നല്കിയിട്ടുണ്ടെന്നൊരു മെച്ചം യുക്തിഭാഷയ്ക്കുണ്ട്.
ജ്യോതിശ്ശാസ്ത്രപഠനത്തില്‍ ഗ്രഹങ്ങളുടെ സ്ഥാനങ്ങളെ 'ക്രാന്തിവൃത്തത്തിലേക്ക് സമാനയനം ചെയ്യുക' ( reduction to the ecliptic) എന്നൊരു ക്രിയയുണ്ട്. പാശ്ചാത്യരുടെ ഇടയില്‍ ടൈക്കോബ്രാഹേ (1546-1601) ആദ്യമായി ഈ ക്രിയ നടപ്പില്‍ വരുത്തി ; അതേ കാലഘട്ടത്തില്‍ത്തന്നെ തൃക്കണ്ടിയൂര്‍ അച്യുതപ്പിഷാരൊടി (1550-1621) ഇക്കാര്യം സ്ഫുടനിര്‍ണയം എന്ന കൃതിയിലൂടെ അവതരിപ്പിക്കുകയുണ്ടായി.
കരണപദ്ധതി കേരളത്തിലെ ഒരു പ്രധാന ഗണിതഗ്രന്ഥമാണ്. ഈ കൃതിയുടെ പ്രണേതാവിന്റെ പേരു ലഭ്യമായിട്ടില്ല. ഇദ്ദേഹം ഒരു പുതുമന സോമയാജി (ചോമാതിരി)യാണെന്നും ശിവപുരം ഗ്രാമവാസിയായിരുന്നുവെന്നും അറിവായിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ജീവിതകാലം ഏതാണ്ട് 1660 മുതല്‍ 1740 വരെ ആയിരിക്കാമെന്ന് ഊഹിക്കപ്പെട്ടിരിക്കുന്നു.
കടത്തനാട്ടു ശങ്കരവര്മത്തമ്പുരാന്റെ സദ്രത്നമാല എന്ന ഗണിതഗ്രന്ഥം കേരളീയര്‍ പ്രമാണത്വേന അംഗീകരിച്ചിട്ടുള്ള ഒരു ശാസ്ത്രഗ്രന്ഥമാണ്. 1800-നും 1838-നും ഇടയ്ക്കാണ് ശങ്കരവര്മത്തമ്പുരാന്റെ ജീവിതകാലം.
പുലിയൂര് പുരുഷോത്തമന് നമ്പൂതിരി 1940-ല്‍ പ്രസിദ്ധീകരിച്ച ഗണിതനിര്ണയത്തിന്റെ മുഖവുരയില്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു: "ദൃക്പരഹിതാദിപ്രാചീന ഗണിത പദ്ധതികളെ അപേക്ഷിച്ച് ഗണിതനിര്‍ണയത്തില്‍ പല ഭേദഗതികളും വരുത്തേണ്ടതായി വന്നിട്ടുണ്ട്... കേന്ദ്രാകര്ഷണനിയമം, ആയതവൃത്തഗണിതം, സരളഗോളീയത്രികോണഗണിതം മുതലായ ഗണിതശാസ്ത്ര തത്ത്വങ്ങളെ അടിസ്ഥാനപ്പെടുത്തി പരിശോധിച്ചതില്‍ യുക്തിക്കും സൂക്ഷ്മതയ്ക്കും അവശ്യവും പര്യാപ്തവും ആണെന്നു ബോധ്യപ്പെട്ട പരിഷ്കരണങ്ങളാണ് സര്‍വത്ര സ്വീകരിച്ചിരിക്കുന്നതെന്നുള്ളത് പ്രത്യേകം പ്രസ്താവയോഗ്യമാണ്.
ഭാസ്കരാചാര്യര്‍ II-ന്റെ കാലത്തിനുശേഷം ഉണ്ടായിട്ടുള്ള ഗണിതഗ്രന്ഥങ്ങളില്‍ ദൃഗ്ഗണിതം, തന്ത്രസംഗ്രഹം, യുക്തിഭാഷ, സ്ഫുടനിര്‍ണയം, കരണപദ്ധതി, സദ്രത്നമാല, ഗണിതനിര്‍ണയം എന്നിവ മഹത്തരങ്ങളാണ്. 12-ാം ശതകത്തിനു ശേഷവും കേരളത്തില്‍ ഗണിത - ജ്യോതിശ്ശാസ്ത്രവിജ്ഞാനം വളരെയധികം അഭിവൃദ്ധി പ്രാപിച്ചിരുന്നു എന്ന് പ്രഖ്യാപിക്കുന്നവയാണ് ഈ ഗ്രന്ഥങ്ങള്‍.
സൂര്യന്റെ ഒരു ഉദയം മുതല്‍ അടുത്ത ഉദയം വരെയുള്ള ഇടവേള ഒരു ദിവസം; ഒരു കറുത്ത വാവു മുതല്‍ അടുത്ത കറുത്ത വാവുവരെയുള്ള ഇടവേള ഒരു മാസം; സൂര്യന് ക്രാന്തിവൃത്ത (ecliptic)ത്തില്‍ ഒരേ സ്ഥാനത്ത് തുടര്‍ച്ചയായി രണ്ടുപ്രാവശ്യം കാണപ്പെടുന്ന സന്ദര്‍ഭങ്ങള്‍ തമ്മിലുള്ള ഇടവേള ഒരു സംവത്സരം. ഈ കാലമാറ്റങ്ങളെ കോര്‍ത്തിണക്കിക്കൊണ്ട് ഒരു കലണ്ടര്‍ നിര്‍മിക്കുക ദുര്‍ഘടം പിടിച്ച ഒരു പണിയാണ്. ഭാരതീയ ജ്യോതിശ്ശാസ്ത്രജ്ഞന്മാരില്‍ പലരും'അധിമാസം' എന്നൊരു വ്യവസ്ഥയെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരുന്നപ്പോള്‍, കേരളത്തിലെ ചില ഗണിതപണ്ഡിതന്മാര് കാലഗണനയില്‍ നിന്ന് ചന്ദ്രനെ ഒഴിവാക്കാന്‍ ധൈര്യപ്പെട്ടു. വണ്ടിച്ചക്രത്തിന്റെ ആരക്കാലുപോലുള്ള (സാങ്കല്പിക) രേഖകളെക്കൊണ്ട് ക്രാന്തിവൃത്തത്തെ പന്ത്രണ്ടായി വിഭജിച്ചു; അടുത്തടുത്തുള്ള രണ്ട് ആരക്കാലുകള്‍ സൃഷ്ടിക്കുന്ന കോണ്‍ മുപ്പതു ഡിഗ്രിയാണെന്നും ആരക്കാലുകള്‍ നിയതപ്പെടുത്തുന്ന ചാപങ്ങള്‍ (arcs) രാശികളാണെന്നും ഓരോ രാശിയിലൂടെയും സൂര്യന് കടന്നു ചെല്ലുന്നതായി നമുക്കു തോന്നുന്നതിന്റെ കാലയളവാണ് ഓരോ മാസത്തിന്റെ ദൈര്‍ഘ്യമെന്നും അവര്‍ സിദ്ധവത്കരിച്ചു. ഓരോ രാശിയിലും ഓരോ നക്ഷത്രസമൂഹം കാണപ്പെട്ടു. ആ നക്ഷത്ര സമൂഹങ്ങളുടെ ആകൃതികളെ ആസ്പദമാക്കി അവയ്ക്ക് പേരുകളും ഉണ്ടായി. അവ ആ നക്ഷത്രക്കൂട്ടങ്ങള്‍ സ്ഥിതിചെയ്യുന്ന രാശികളുടെ പേരുകളായി. അങ്ങനെ മേടം (മേഷം), ഇടവം (വൃഷഭം), മിഥുനം, കര്‍ക്കടകം, ചിങ്ങം (സിംഹം), കന്നി (കന്യ), തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം എന്ന് പന്ത്രണ്ടു രാശികളെക്കുറിച്ചു പൂര്‍വികര്‍ വ്യവസ്ഥ ചെയ്തു. ഓരോ രാശിയിലും സൂര്യന് കാണപ്പെടുന്ന കാലമാണ് അതതു മാസമെന്നു നിശ്ചയിക്കുകയും ചെയ്തു.
സൂര്യന്റെ രാശിസംക്രമം ഉദയത്തില്‍ത്തന്നെ വരണമെന്നു നിര്ബന്ധമില്ലായ്കയാല് മാസാരംഭത്തിനു ഒരു വ്യവസ്ഥ വേണ്ടിവന്നു. മധ്യാഹ്നത്തിനു മുമ്പ് സംക്രമം വന്നാല്‍ അന്ന് ഒന്നാംതീയതി, അതിനു മേലായാല്‍ ഒന്നാംതീയതി പിറ്റേദിവസം-ഇതായിരുന്നു ലൗകിക വ്യവഹാരങ്ങള്‍ക്കു സ്വീകരിച്ച പദ്ധതി. തത്ഫലമായി ഒരേ മാസത്തിന് തന്നെ പല സംവത്സരങ്ങളില്‍ ഒരു ദിവസത്തിന്റെ ഏറ്റക്കുറച്ചില്‍ വരുന്നതായി കാണാം. കൊല്ലവര്‍ഷം 1061 മുതല്‍ 1160 വരെയുള്ള നൂറു സംവത്സരങ്ങളില്‍ നിന്നു ലഭിച്ച മാസങ്ങളുടെ ശരാശരി കാലയളവ് ചുവടെ ചേര്‍ക്കുന്നു:-
ഒരു മാസത്തിന്റെ സൂക്ഷ്മമായ ദൈര്‍ഘ്യം ആ മാസ സംക്രമസമയം മുതല്‍ അടുത്ത മാസസംക്രമം വരെയാണ്. അതുകൊണ്ട് പഞ്ചാംഗങ്ങളില്‍ കാണുന്ന മാസദൈര്ഘ്യങ്ങള് സ്ഥൂലമാണ്. പന്ത്രണ്ടുമാസങ്ങളുടെ ശരാശരി ദൈര്‍ഘ്യങ്ങള്‍ (സൂക്ഷ്മമായുള്ളത്) ചുവടെ ചേര്‍ക്കുന്നു.
ഇതര ഖേചരങ്ങള് നിമിത്തം ഉണ്ടാകാവുന്ന വ്യതിയാനങ്ങള്‍ മൂലം ഈ മാസദൈര്ഘ്യങ്ങള്ക്ക് പരമാവധി ഒമ്പതുമിനിട്ടുവരെ വ്യത്യാസം വരാവുന്നതാണ്. തുലാം, വൃശ്ചികം, ധനു, മകരം, കുംഭം എന്നീ അഞ്ചു മാസങ്ങള്‍ക്ക് ഓരോന്നിനും ശരാശരി മുപ്പത് ദിവസത്തില്‍ കുറവേ ഉള്ളു എന്നും മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം, ചിങ്ങം, കന്നി എന്നീ ഏഴു മാസങ്ങള്‍ക്ക് ഓരോന്നിനും ശരാശരി മുപ്പതില്‍ക്കൂടുതല്‍ ദിവസങ്ങള്‍ ഉണ്ടെന്നും കാണാം. മാത്രമല്ല, മാസങ്ങളുടെ ദൈര്‍ഘ്യം ധനു മുതല്‍ മിഥുനം വരെ ക്രമേണ കൂടിവരികയും പിന്നീട് മിഥുനം മുതല്‍ ധനുവരെ ക്രമേണ കുറഞ്ഞു വരികയും ചെയ്യുന്നു.
825-ല്‍ ആണല്ലോ കൊല്ലവര്‍ഷം ആരംഭിച്ചത്. കെപ്ലറുടെ ആദ്യത്തെ രണ്ടു ഗ്രഹചലന നിയമങ്ങളുടെ സാരാംശം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു കലണ്ടര്‍, കെപ്ളറുടെ കാലത്തിനു കുറഞ്ഞത് ഏഴെട്ടു ശതാബ്ദം മുമ്പുതന്നെ സംവിധാനം ചെയ്യാന്‍ കേരളീയ ഗണിത ശാസ്ത്രജ്ഞന്മാര്ക്ക് സാധിച്ചുവെന്നത് ശ്രദ്ധേയമാണ്.
(ഡോ. എസ്. പരമേശ്വരന്; വി.ആര്. പരമേശ്വരന്‍പിള്ള)
നിത്യോപയോഗസാധനങ്ങള്‍ ക്രിയവിക്രയം ചെയ്യുന്നതിന് വ്യത്യസ്തമായ അളവുകളും തൂക്കങ്ങളും പ്രാചീനകേരളത്തില് നിലനിന്നിരുന്നു. ഏത് കാലഘട്ടത്തിലാണ് ഇവ പ്രയോഗത്തില്‍ വന്നതെന്ന് വ്യക്തമല്ലെങ്കിലും ഇവ വ്യാപകമായി ഉപയോഗത്തിലിരുന്നു എന്നതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. കാലഗണനാ നിര്‍ണയം പ്രചാരത്തില്‍ വന്ന കാലഘട്ടത്തിലോ അതിനു മുമ്പോ ആയിരിക്കാം ഇവ പ്രചാരത്തില്‍ വന്നതെന്ന് അനുമാനിക്കുന്നു. ഭൂമിയും മറ്റു വസ്തുക്കളും ക്ഷേത്രത്തിനോ വ്യക്തിക്കോ ഭരണാധികാരികള്‍ക്കോ കൈമാറ്റം ചെയ്തുകൊണ്ടുള്ള കരാറുകളിലും (ചെപ്പേടുകള്‍) അനുബന്ധരേഖകളിലും അളവുകളെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. കടല്‍ത്തീരംവഴി വൈദേശികള്‍ കേരളവുമായി കച്ചവടബന്ധം സ്ഥാപിച്ചിരുന്ന കാലഘട്ടത്തിലും നാണയങ്ങള്‍ക്കുപകരം സാധനങ്ങള്‍ പരസ്പരം കൈമാറ്റം ചെയ്തിരുന്ന കാലഘട്ടത്തിലുമായിരിക്കാം കേരളീയര്‍ അളവുകളെപ്പറ്റി കൂടുതല്‍ ബോധവാന്മാരായിരുന്നത്. ബുദ്ധകാലഘട്ടത്തിലെ നാണയങ്ങള്‍ കേരളത്തില്‍ നിന്നും ലഭിച്ചിട്ടുള്ളതിനാല്‍ അതിനുമുമ്പുതന്നെ വിവിധ തരത്തിലുള്ള അളവുകളും തൂക്കങ്ങളും കേരളത്തില്‍ നിലനിന്നിരിക്കാം.
നാണയങ്ങള്‍
പ്രാചീന കേരളത്തിലെ നാണയസംവിധാനങ്ങളെക്കുറിച്ചുള്ള ലിഖിത രേഖകളല്ലാത്ത ചരിത്രപരമായ തെളിവുകള്‍ വളരെക്കുറവാണ്. ചന്ദ്രഗുപ്തമൗര്യന്റെ കാലഘട്ടത്തിലേതുള്പ്പെടെ വിവിധ കാലഘട്ടത്തിലെ ഉത്തരേന്ത്യന്‍ നാണയങ്ങളും വിദേശനാണയങ്ങളും കേരളത്തില്‍ നിന്നും ലഭിച്ചിട്ടുണ്ട്. 1945-ല്‍ തൃശൂര്‍ ജില്ലയിലെ ഇയ്യാല്‍ നിധിശേഖരത്തില്‍ നിന്ന് ലഭിച്ച മുദ്രാങ്കിത വെള്ളി കര്‍ഷാ പണമാണ് നമുക്ക് ലഭ്യമായ ഏറ്റവും പഴയ നാണയമെന്ന് പുരാവസ്തു വകുപ്പിന്റെ നാണയപഠനവിഭാഗം സാക്ഷ്യപ്പെടുത്തുന്നു. ഇത് ബി.സി. ഒന്നാം നൂറ്റാണ്ടിനും എ.ഡി. ഒന്നാം നൂറ്റാണ്ടിനും ഇടയിലുള്ളതാവാമെന്ന് അനുമാനിക്കപ്പെടുന്നു. തുടര്‍ന്ന് നൂറ്റാണ്ടുകളോളം നമ്മുടെ നാണയങ്ങളെക്കുറിച്ച് തെളിവുകളൊന്നും ലഭിക്കുന്നില്ല. ഐതിഹ്യങ്ങളും കെട്ടുകഥകളുമായി ധാരാളം പരാമര്‍ശങ്ങള്‍ കാണാം എന്നുമാത്രം. എന്നാല്‍, അവ ലഭ്യമായ തെളിവുകളുമായി ചേര്‍ത്തുവയ്ക്കാന്‍ കഴിയുന്നില്ല. ശാസനങ്ങളില്‍ നിന്നും ലിഖിതരേഖകളില്‍ നിന്നും സാഹിത്യങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മലയാളക്കരയിലെ ആദ്യകാല നാണയചരിത്രം ഇതള്‍ വിരിയുന്നത്. എന്നാല്‍ നിധിശേഖരണങ്ങളില്‍നിന്നും ലഭിച്ചിട്ടുള്ള വിദേശനാണയങ്ങള്‍ പ്രാചീനവ്യാപാരത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകളെ വിപുലപ്പെടുത്തുന്നവയാണ്. 15-ാം നൂറ്റാണ്ടിനു ശേഷമുള്ള നാണയത്തെളിവുകള്‍ ലഭ്യവുമാണ്.
പൊന്‍പണം, പരശുരാമന്‍രാശി, കലിയുഗരായന്‍ പണം തുടങ്ങിയവ നമ്മുടെ നാണയങ്ങളായിരുന്നു. കലിയുഗരായന്‍ പണം കേരളത്തിലുടനീളം വ്യാപിച്ചിരുന്നതായി ശാസനങ്ങളില്‍ നിന്ന് മനസ്സിലാക്കാം. പ്രാചീന തമിഴകത്ത് നിലനിന്നിരുന്ന നാണയമാണ് 'ഹൂണ്‍' അഥവാ 'പൊന്‍' (57.6 ഗ്രേന്‍ തൂക്കം). കേരളക്കരയിലും ഇതിന് പ്രചാരമുണ്ടായിരുന്നു. സ്വര്‍ണപ്പണമെന്ന നാണയത്തിന് പൊന്‍മൂല്യവും 5.75 ഗ്രേന്‍ തൂക്കവുമുണ്ടായിരുന്നു. കാശ്, ചക്രം, വരാഹന്‍ എന്നീ നാണയങ്ങളും പ്രബലമായിരുന്നു.
അകനാനൂറും പുറനാനൂറും 9, 10, 11 ശതകങ്ങളിലെ ശാസനങ്ങളും 'കാണം', 'കഴഞ്ച്', 'പാണ്ഡ്യക്കാശ്' എന്നിവയെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. ഒരു കഴഞ്ചിന് 12 പൊന്പണത്തൂക്കമുണ്ട്. പരശുരാമന് പണം (ചാണാരക്കാശ്) ഇവിടെ വ്യാപകമായിരുന്നത്രെ. കൊല്ലവര്‍ഷം 662-ലെ മതിലകം രേഖയില്‍ 'തിരമ'ത്തെക്കുറിച്ച് പറയുന്നുണ്ട്.
9, 10 നൂറ്റാണ്ടുകളില്‍ 'കഴഞ്ചി'ന്റെയും 'കാണ'ത്തിന്റെയും പ്രചാരത്തിന് ശാസനത്തെളിവുകളുണ്ട്. 12, 13, 14 നൂറ്റാണ്ടുകളില്‍ വീരകേരളപ്പണത്തിനൊപ്പം ചോഴക്കാശ്, ചീനക്കാശ്, അറബി ദിനാര്‍, പൊന്‍, കാണം, പണം എന്നിവയും പ്രചാരത്തിലുണ്ടായിരിക്കാം. കിളിമാനൂര്‍ രേഖയില്‍ തിരമം, അച്ച് എന്നിവ കടന്നുവരുന്നുണ്ട്. തിരുവാറ്റുവായ് രേഖയിലും അച്ച് പരാമൃഷ്ടമാണ്.
പൊന്ന്, വെള്ളിക്കാശ്, തുലുക്കുകാശ്, വെള്ളിപ്പണം, ചോഴിയക്കാശ് എന്നിവയും ഇവിടെ കൈമാറ്റം ചെയ്യപ്പെട്ടിരുന്നു. വിവിധ നാണയങ്ങള്‍ക്ക് പലതരം ഉത്പന്നങ്ങളുമായുള്ള വിനിമയ നിരക്കുകള്‍ പലരേഖകളില്‍ നിന്നും ലഭ്യമാണ്. നെല്ലും കുരുമുളകും മറ്റും പണം കൊടുത്തുവാങ്ങിയതിന്റെ രേഖകള്‍ ലഭ്യമാണ്.
ദക്ഷിണേന്ത്യയില്‍ പ്രചാരത്തിലുണ്ടായിരുന്ന നാണയമായിരുന്നു പണം. കര്‍ണാടകയില്‍ 'ഹണ' എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ചെറുതും വലുതുമായ കൈമാറ്റങ്ങള്‍ക്ക് വ്യാപകമായി ഉപയോഗിച്ചതുകൊണ്ടാവാം ധനം എന്ന പൊതുവായ അര്‍ഥത്തിലും പണം പ്രസിദ്ധമായിത്തീര്‍ന്നു. ഇബ്നുബത്തുത്ത, ജോണ്‍ മരിംഗോലി, അബ്ദുല്‍ റസാഖ് എന്നിവര്‍ പണത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. വേണാട്, കൊച്ചി, കോഴിക്കോട് രാജാക്കന്മാര്ക്ക് അവരവരുടെ 'പണം' ഉണ്ടായിരുന്നതായി മഹ്വാന്‍ (15-ാം ശ.) പ്രസ്താവിക്കുന്നു. ആദ്യം സ്വര്‍ണത്തിലായിരുന്നെങ്കിലും പിന്നീട് വെള്ളിയിലും ചെമ്പിലും പണം കമ്മട്ടം ചെയ്തു. ഇത് പണോപയോഗത്തിന്റെ പ്രചുരപ്രചാരത്തെ സൂചിപ്പിക്കുന്നതാണ്. പണം അളന്നുകണക്കാക്കുന്ന രീതിയും നിലവിലിരുന്നു.
ചോഴിയന്‍ കാശ്, തുലുക്കുകാശ്, വെള്ളിക്കാശ് എന്നിവയാണ് കാശുകള്‍. തിരമം, അരത്തിരമം, മുക്കാല്‍ത്തിരമം, കാല്‍ത്തിരമം എന്നിവയെക്കുറിച്ചും ഉണ്ണിച്ചിരുതേവീ ചരിതത്തില്‍ പരാമര്‍ശമുണ്ട്. ഒരു മീന്‍ ചെതുമ്പലിന്റെയത്ര എന്ന് പോര്‍ച്ചുഗീസുകാര്‍ വിവരിക്കുന്ന നാണയമാണ് താരം. ഗുളികമകാണി, മുമ്മുറി, മുണ്ടിയവട്ട്, കമ്പി എന്നിങ്ങനെയുള്ള നാണയങ്ങളെക്കുറിച്ചും മധ്യകാലകൃതികളില്‍ പരാമര്‍ശമുണ്ട്. സ്ഥലകാലങ്ങള്‍ക്കനുസരിച്ച് നാണയമൂല്യം വ്യത്യാസപ്പെട്ടിരുന്നു. നാണയങ്ങള്‍ തമ്മില്‍ത്തമ്മിലുള്ള കൈമാറ്റവിലയും താരതമ്യമൂല്യവും മറ്റും ഇഴപിരിച്ചെടുക്കാന്‍ ഏറെ പ്രയാസമാണ്.
മറ്റൊരു നാണയമായിരുന്നു രാശിപ്പണം (കലിയന്). റിങ് സോളര്‍=1 കലിയന്, 27 കലിയന്=1 വെനീഷ്യന്‍, 24 ഡച്ച് ഡ്യൂക്കറ്റ് =1 കലിയന് എന്നിങ്ങനെ കൈമാറ്റ നിരക്കുകള്‍ നിലനിന്നിരുന്നു. 'രായപ്പണം', 'രായന്‍പണം', 'കലിയുഗ രാമന് പണം', കലിയുഗ രാജന് രാശി എന്നീ പേരുകളില്‍ അറിയപ്പെടുന്ന നാണയങ്ങളെല്ലാം രാശിയാണ്.
കണ്ണൂര്‍ ആലിരാജാവിന്റെ നാണയങ്ങളെക്കുറിച്ചുള്ള ലഭ്യമായ രേഖകള്‍ 17-ാം നൂറ്റാണ്ടിന് ശേഷമുള്ളത് മാത്രമാണ്. കണ്ണൂര്‍ പണത്തിന്റെ പ്രചാരം 1709 മുതലാണ് ആരംഭിക്കുന്നത്. കോഴിക്കോട് സാമൂതിരിക്ക് 1667 മുതല്‍ കമ്മട്ടമുണ്ടായിരുന്നതിന് തെളിവുകളുണ്ട്. കമ്മട്ടക്കാരനെ വീരരായന്‍ തട്ടാന്‍ എന്നാണ് അറിയപ്പെടുന്നത്. 'വീരരായന്‍ പണവും' 'താരനും' പ്രസിദ്ധങ്ങളാണ്. വിജയനഗര നാണയങ്ങളെ മുന്നില്‍ക്കണ്ടാണ് ഈ നാണയങ്ങള്‍ രൂപകല്പന ചെയ്തത്. 1792-ല്‍ കമ്മട്ടം ചെയ്യാന്‍ ബ്രിട്ടീഷുകാരുമായി വ്യവസ്ഥയുണ്ടാക്കി.
കൊച്ചിയുടെ ഏറ്റവും പഴയനാണയം 'കലിയമേനി'യാകാമെന്ന് കരുതുന്നു. വെള്ളി ഒറ്റ-ഇരട്ട പുത്തനുകള്‍ ഡച്ചുകാരുടെ വരവിനും മുമ്പുള്ള നാണയങ്ങളായിരുന്നു. 1663-ല്‍ കൊടുങ്ങല്ലൂര്‍ക്കോട്ട ഡച്ചുകാര്‍ പിടിച്ചെടുത്തതോടെ ഇവരുടെ നാണയം കൊച്ചിയുടെ നാണയമായും പ്രവര്‍ത്തിച്ചു. 1847-നും 1858-നുമിടയിലാണ് കൊച്ചിക്കുവേണ്ടി അവസാനമായി നാണയനിര്‍മിതി നടത്തിയത്. 1900, 1941 വര്‍ഷങ്ങളിലെ വിളംബരമനുസരിച്ച് കൊച്ചിക്ക് നാണയനിര്‍മാണാവകാശം നഷ്ടപ്പെട്ടു. ഒറ്റ, ഇരട്ട പുത്തനുകള്‍ 1900 വരെ പ്രചാരത്തിലിരുന്നു.
'ചക്ര'ത്തിന്റെ നാടെന്ന് അറിയപ്പെടുന്ന തിരുവിതാംകൂറിലെ ആദ്യത്തെ ഔദ്യോഗിക കമ്മട്ടം 1790-ല്‍ പദ്മനാഭപുരത്ത് സ്ഥാപിച്ചു. പാര്‍വള്ളി മുദ്രകളുള്ളതും ഇല്ലാത്തതുമായ വെള്ളിച്ചക്രങ്ങള്‍ പ്രചാരത്തിലുണ്ടായിരുന്നു. 1809-ല്‍ വെള്ളി അരച്ചക്രവും രണ്ടുചക്രവും കമ്മട്ടം ചെയ്തു. അരച്ചക്രം ഏറ്റവും കുറഞ്ഞ ഭിന്നനാണ്യമായിരുന്നു. ബോംബെ രൂപ ഉരുക്കിയാണ് വെള്ളിച്ചക്രം നിര്‍മിച്ചിരുന്നത്. സ്പാനിഷ് ജര്‍മന്‍ ഡോളറും സൂറത്തി രൂപയും ഇതിനായി ഉപയോഗിച്ചിരുന്നു. കലിപ്പണവും രാശിപ്പണവും നാമമാത്രമായിരുന്നു. 1890-കളോടെ നാണയനിര്‍മാണം നിലച്ചു.
കേരളത്തിലെ റോമന്‍ നാണയശേഖരം ആദ്യമായി കണ്ടെത്തിയത് 1847-ല്‍ കണ്ണൂര്‍ ജില്ലയിലെ കോട്ടയം വാണിയന്‍കടവ് പുഴയോരത്തു നിന്നാണ്. തൃശൂര്‍ ജില്ലയിലെ ഇയ്യാലില്‍നിന്നു ലഭിച്ച ശേഖരമാണ് കേരള പുരാവസ്തു വകുപ്പിനു കീഴിലുള്ള ആദ്യശേഖരം. ഇതില്‍ 12 റോമന്‍ ഓറി (സ്വര്‍ണം), 71 ദിനാരി (വെള്ളി), 34 മുദ്രാങ്കിത (വെള്ളി) നാണയങ്ങളാണ് ഉണ്ടായിരുന്നത്. ഇത് ബി.സി. ഒന്നാം നൂറ്റാണ്ടിനും എ.ഡി. ഒന്നാം നൂറ്റാണ്ടിനും മധ്യത്തിലേതാണെന്ന് കരുതപ്പെടുന്നു.
1992-ല്‍ ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്തുനിന്നു ലഭിച്ച നാണയങ്ങളാവാം കേരളത്തിലെ ഏറ്റവും പഴക്കമാര്‍ന്ന റോമന്‍ സാന്നിധ്യത്തിന്റെ തെളിവ്. ഇവിടെനിന്നും 8 റോമന്‍ നാണയങ്ങളും അഗസ്റ്റസിന്റെ കാലത്തെ 11 നാണയങ്ങളും ലഭിച്ചിരുന്നു. ഇതില്‍ 190 ബി.സി.യിലെ നാണയങ്ങള്‍വരെ ഉണ്ടായിരുന്നു. മറ്റ് നിരവധി നിധിശേഖരങ്ങളില്‍നിന്നും വിവിധ കാലഘട്ടങ്ങളിലെ റോമന്‍ നാണയങ്ങള്‍ ലഭിച്ചിട്ടുണ്ട്. റോമുമായി നിലനിന്ന വ്യാപാരങ്ങളുടെ ഘനീഭവിച്ച തെളിവുകളായിവേണം ഈ നാണയങ്ങളെ മനസ്സിലാക്കാന്‍.
ചൈനീസ്, അറേബ്യന്‍ നാണയങ്ങളും വെനീഷ്യന്‍ ഡ്യൂക്കറ്റുകളും വൈദേശികബന്ധത്തിന്റെ തെളിവുകളാണ്. ഡ്യൂക്കറ്റുകളുപയോഗിച്ച് നെക്ലേസുകളും മറ്റും നിര്‍മിച്ചിരുന്നു. ഇവയ്ക്ക് ക്രിസ്ത്യാനികള്‍ക്കിടയില്‍ വ്യാപക പ്രചാരമുണ്ടായിരുന്നു. മധ്യകാല കൃതികളില്‍ കാണുന്ന 'ആമാട' ഡ്യൂക്കറ്റിനാല്‍ നിര്‍മിതമത്രെ.
പോര്‍ച്ചുഗീസ്, ഡച്ച്, ഫ്രഞ്ച്, ബ്രിട്ടീഷ് അധിനിവേശകാലത്ത് നിരവധി നാണയങ്ങള്‍ അവരുടേതായി കമ്മട്ടം ചെയ്ത് ഇവിടെ പ്രചാരത്തില്‍ വരുത്തിയിരുന്നു. 1521-57 വരെ ചെമ്പ് ബസാറുക്കൊ (കാല്, അര, ഒന്ന്, രണ്ട്, നാല്) കൊച്ചിക്കുവേണ്ടി പോര്‍ച്ചുഗീസുകാര്‍ കമ്മട്ടം ചെയ്തിരുന്നു. പോര്‍ച്ചുഗീസുകാര്‍ കൊച്ചിക്കുവേണ്ടി ഇറക്കിയ നാണയങ്ങളായിരുന്നു റീസ്, എറ്റിയ (ചെമ്പ്), സിറഫിം, റുപിയ, റീസ്, ബസാറുക്കൊ, ടങ്ക, പത്താക്ക്, ബസ്റ്റിയാവൊ (വെള്ളി), പത്താക്ക്, സിറഫിം, എസ്ക്യൂഡോ (സ്വര്‍ണം) എന്നിവ.
കാന്തിരവീരരായന്റെ കാന്തിരാജന്‍പണവും മൈസൂര്‍ സുല്‍ത്താന്റെ നാണയങ്ങളും പ്രചാരത്തിലുണ്ടായിരുന്നു. സ്ഥലനാമം മുദ്രണം ചെയ്ത ആദ്യ നാണയങ്ങള്‍ പുറത്തിറക്കിയത് കോഴിക്കോടും ഫറൂഖിലുമുള്ള ടിപ്പുവിന്റെ കമ്മട്ടങ്ങളില്‍നിന്നാണ്.
മാഹി പണവും കാരയ്ക്കല്‍ കാശും ഫ്രഞ്ച് സാന്നിധ്യത്തിന്റെ രേഖകളാണ്. തലശ്ശേരിപ്പണമെന്ന പേരില്‍ 1/5 രൂപ ഇംഗ്ലീഷുകാര്‍ പ്രചരിപ്പിച്ചു. തലശ്ശേരി വെള്ളയെന്നും ഈ നാണയങ്ങള്‍ അറിയപ്പെട്ടിരുന്നു. എട്ടുതരം നാണയങ്ങളുണ്ടായിരുന്നു, തലശ്ശേരിപ്പണ പരമ്പരയില്‍. ഡി.എ.സി., ഡി.ഒ.സി. എന്നീ അക്ഷരങ്ങള്‍ പതിച്ച ഡാനിഷ് നാണയങ്ങളും പ്രസിദ്ധമാണ്.
കടപ്പാട്- സര്‍വ്വവിജ്ഞാനകോശം വെബ്എഡിഷന്‍
അവസാനം പരിഷ്കരിച്ചത് : 2/15/2020
ഇന്ത്യൻ റിപ്പബ്ലിക്കുമായി ബന്ധപ്പെട്ട വിവരങ്ങൾ
കൂടുതല്‍ വിവരങ്ങള്‍
ഇന്ത്യയിലെ സംസ്ഥാനങ്ങളും അതിന്റെ തലസ്ഥാനങ്ങളും
കൂടുതല്‍ വിവരങ്ങള്‍