മനുഷ്യന്റെ കലാഭിരുചി പ്രകടിപ്പിക്കാന്‍ ഉതകിയ ഏറ്റവും പുരാതനമായ മാധ്യമങ്ങളിലൊന്ന് കളിമണ്ണായിരുന്നു. എല്ലായിടത്തും കിട്ടുന്ന ഒരു വസ്‌തുവായതിനാല്‍ ലോകമെമ്പാടുമുള്ള കലാകാരന്മാര്‍ കളിമണ്ണിനെ കലാമാധ്യമമായി സ്വീകരിക്കുകയുണ്ടായി. അതുകൊണ്ടു തന്നെ മാനവസംസ്‌കാരത്തിന്റെയും കലയുടെയും ചരിത്രത്തില്‍ കളിമണ്‍കലാരൂപങ്ങള്‍ക്കു നിര്‍ണായകമായ സ്ഥാനമാണ് പുരാവസ്‌തു ഗവേഷകര്‍ നല്‌കിയിരിക്കുന്നത്. കളിമണ്‍ കലയെ (സിറാമിക്‌സ്) അതിന്റെ ഉദ്‌ഭവവികാസങ്ങളുടെ ചരിത്രത്തില്‍ നിന്ന് വേര്‍തിരിച്ചു കാണുക സാധ്യമല്ല. കലയുടെ ചരിത്രവും സംസ്‌കാരത്തിന്റെ ചരിത്രവും അത്രമാത്രം ബന്ധപ്പെട്ടാണിരിക്കുന്നത്. ശവകുടീരങ്ങളില്‍ മൃതദേഹങ്ങളോടൊപ്പം സംസ്‌കരിക്കുന്നതിനും ഉന്നതവ്യക്തികള്‍ക്ക് പാരിതോഷികങ്ങള്‍ നല്‌കുന്നതിനും ഓരോ കാലത്തെ കലാഭിരുചിയെ തൃപ്‌തിപ്പെടുത്തുന്നതിനും സമ്പന്നതയുടെ പ്രതീകമായും ഈശ്വരസമര്‍പ്പണത്തിനായും കളിമണ്‍ നിര്‍മിതികള്‍ ഉപയോഗിച്ചിരുന്നതില്‍ നിന്ന് കളിമണ്‍ പാത്രങ്ങള്‍ക്ക് നിത്യോപയോഗസാധനങ്ങള്‍ എന്നതിലുപരിയായി ഒരു സ്ഥാനം നല്‌കിയിരുന്നു എന്നു മനസ്സിലാക്കാം.
കളിമണ്‍ കലാരൂപങ്ങളുടെ ഉദ്‌ഭവ വികാസങ്ങളുടെ ചരിത്രത്തിന് സു. 9000 വര്‍ഷത്തെ പഴക്കമുണ്ട്. കലാകാരന്റെ അന്വേഷണതൃഷ്‌ണയും സാങ്കേതിക പ്രവിധികളിലുള്ള പരിഷ്‌കരണങ്ങളും അലങ്കരണകലയിലെ പുതിയ മാനങ്ങളും കളിമണ്‍ രൂപങ്ങള്‍ക്ക് വൈവിധ്യം നല്‌കി. ഒരു ശില്‌പത്തിന്റെ ആകൃതിയില്‍ നിന്നോ അലങ്കരണത്തില്‍ നിന്നോ മാത്രം അത് എത്രമാത്രം പുരാതനമാണെന്നും ഏതു ജനവര്‍ഗമാണ് അത് നിര്‍മിച്ചതെന്നും വിദഗ്‌ധര്‍ക്ക് നിര്‍ണയിക്കാന്‍ പ്രയാസമില്ല.
തുര്‍ക്കിയിലെ അനത്തോളിയന്‍ തടത്തിലെ കറ്റാല്‍ഹുയുക് എന്ന സ്ഥലത്തെ ഒരു നിയോലിത്തിക് അധിവാസത്തില്‍ നിന്ന് ഉത്‌ഖനനം ചെയ്യപ്പെട്ട കളിമണ്‍ പാത്രങ്ങള്‍ക്ക് സു. 9000 വര്‍ഷത്തെ പഴക്കമുണ്ടെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്. മെച്ചപ്പെട്ട ആകൃതിയില്‍ നിര്‍മിച്ച് ഉന്നത താപനിലയില്‍ ചുട്ടു മിനുസപ്പെടുത്തിയതും ബി.സി. 6500ല്‍ത്തന്നെ നിര്‍മിച്ചുവെന്നു കരുതപ്പെടുന്നതുമായ കളിമണ്‍ പാത്രങ്ങളും പില്‌ക്കാലത്ത് ഉത്‌ഖനനം ചെയ്യപ്പെട്ടിട്ടുണ്ട്. "അല്‍ഉബൈദ്' എന്ന് വ്യവഹരിക്കപ്പെടുന്ന തെ.പ. ഇറാനിലെ (ഷുഷാന്‍) കളിമണ്‍ പാത്രങ്ങളിലെ അലങ്കരണങ്ങളും കളിമണ്‍ കലാരൂപങ്ങളുടെ പ്രാചീനതയ്‌ക്കു മതിയായ തെളിവുകളാണ്. ഖൊര്‍സാബാദ്, നിംറൂദ്, സുസ, ബാബിലോണ്‍ എന്നിവിടങ്ങളിലെ മിനുസപ്പെടുത്തിയ ഇഷ്ടികത്തട്ടികളിലാണ് ടിന്‍ ഗ്ലോസിന്റെ ഉപയോഗം ആദ്യമായി കണ്ടെത്തിയിട്ടുള്ളത്.
രാജവാഴ്‌ചയ്‌ക്കു മുമ്പുള്ള കാലത്തു തന്നെ (ബി.സി. 3100നു മുമ്പ്) വൈവിധ്യമേറിയ കളിമണ്‍ കലാരൂപങ്ങള്‍ ഈജിപ്‌തിലുണ്ടായിരുന്നു. ചുവന്ന പശ്ചാത്തലത്തില്‍ വെള്ള നിറത്തിലുള്ള മൃഗരൂപങ്ങളും ഭൂദൃശ്യങ്ങളും ജ്യാമിതീയ രൂപങ്ങളും വരച്ചുചേര്‍ക്കുകയായിരുന്നു പതിവ്. ഈ അലങ്കരണ രീതി 26-ാം രാജവംശം വരെ (ബി.സി. 6645-25) നീണ്ടു നിന്നു. ഒന്നാം രാജവംശത്തിന്റെ കാലത്ത് കോപ്പര്‍ ഓക്‌സൈഡ്, കോബാള്‍ട്ട്, മാങ്‌ഗനീസ് എന്നിവകൊണ്ട് വര്‍ണങ്ങള്‍ രചിച്ചിരുന്നു.
നിയോലിത്തിക് കാലത്താണ് (ബി.സി. 6000-3000) ഈജിയനില്‍ കളിമണ്‍ കലാരൂപങ്ങള്‍ നിര്‍മിക്കാന്‍ തുടങ്ങിയത്. കൈകൊണ്ടു മെനഞ്ഞ് മിനുസപ്പെടുത്തിയ പാത്രങ്ങളുടെ നിര്‍മാണകേന്ദ്രങ്ങള്‍ തെസ്സാലിയും ക്രീറ്റും ആയിരുന്നു. ചുവന്ന നിറത്തിലുള്ള പാത്രങ്ങളാണ് തെസ്സാലിയിലെ പണിക്കാര്‍ നിര്‍മിച്ചിരുന്നതെങ്കിലും അപൂര്‍വമായി വര്‍ണവൈവിധ്യമുള്ളവയും ഉണ്ടാക്കിയിരുന്നു. മിക്ക പാത്രങ്ങളും കൊത്തുപണികൊണ്ട് അലങ്കരിക്കപ്പെട്ടിരുന്നു. വെങ്കലയുഗത്തിന്‍െറ ആദ്യഘട്ടത്തില്‍ നിര്‍മാണകേന്ദ്രം തെസ്സാലിയില്‍ നിന്ന് പെലപ്പൊന്നീസിലേക്കും ബൊയീഷ്യയിലേക്കും മാറി. ഈ പ്രദേശങ്ങളിലെ കളിമണ്‍ നിര്‍മിതികള്‍ ആദ്യ ഹെല്ലാഡിക്, മധ്യ ഹെല്ലാഡിക്, അന്ത്യ ഹെല്ലാഡിക് എന്നിങ്ങനെ വ്യവഹരിക്കപ്പെട്ടുവരുന്നു. ആദ്യ ഹെല്ലാഡിക് കാലത്തെ പാത്രങ്ങള്‍ക്ക് ലോഹപ്പണികളോടായിരുന്നു സാദൃശ്യം. കളിമണ്ണില്‍ നിന്ന് സംസ്‌കരിച്ചെടുത്ത ഒരു ഇരുണ്ട വര്‍ണകം കൊണ്ട് പ്രതലം പൂശുന്ന പതിവും ഇക്കാലത്തുണ്ടായിരുന്നു. സമകാലീന സൈക്ലാഡെസ് നിര്‍മിതികളിലെ അലങ്കരണങ്ങളില്‍ വര്‍ത്തുളാകാരമായ രൂപരേഖകളും പഴയ കപ്പലുകളുടെ ചിത്രീകരണങ്ങളും കാണാം. ആദ്യ മിനോവന്‍ ക്രീറ്റിലെ പാത്രങ്ങളില്‍ ജ്യാമിതീയ രൂപരേഖകളാണ് കാണപ്പെടുന്നത്. ഇളം നിറമുള്ള പശ്ചാത്തലത്തില്‍ കടും നിറത്തിലുള്ള ചായങ്ങളും ഇരുണ്ട പശ്ചാത്തലത്തില്‍ വെള്ളനിറവും പൂശുകയായിരുന്നു ചെയ്‌തിരുന്നത്. മധ്യവെങ്കലയുഗമായതോടെ നിര്‍മാണ പ്രവിധി വികാസം പ്രാപിച്ചു. ക്‌നോസസ്, ഫെയ്‌സ്റ്റസ് എന്നീ രാജധാനികളിലും കമാറസ് ഗുഹാപ്രദേശത്തും രൂപം കൊണ്ട കളിമണ്‍ കലാരൂപങ്ങളാണ് പൊതുവില്‍ "ക്രീറ്റ് പോട്ടറി' എന്ന പേരിലറിയപ്പെടുന്നത്. ഇരുണ്ട പ്രതലത്തില്‍ ചുവപ്പും വെളുപ്പും കൊണ്ട് സസ്യജാലങ്ങളുടെയും സമുദ്രജീവികളുടെയും രൂപങ്ങള്‍ ആലേഖനം ചെയ്യപ്പെട്ടിരുന്നു. മൂശയുടെ പ്രവര്‍ത്തനശേഷി മെച്ചപ്പെട്ടു വന്നതോടെ പാത്രങ്ങളുടെ ആകൃതിക്ക് കൂടുതല്‍ പൂര്‍ണത കൈവന്നു. മുട്ടത്തോടിന്റെ കനം മാത്രമുള്ള ഉരുളന്‍ ജാറുകളും വലിയ സംഭരണികളും ഇക്കാലത്തിന്റെ സംഭാവനകളാണ്.
അന്ത്യവെങ്കലയുഗത്തില്‍ (ബി.സി. 1580-1200) ഈജിയന്‍ നാഗരികത സമ്പന്നതയുടെ ഉച്ചകോടിയിലെത്തിയതോടെ കളിമണ്‍ കലാശൈലിയും മെച്ചപ്പെട്ടു. ക്രീറ്റിലെ കലാകാരന്മാര്‍ വര്‍ണവിന്യാസത്തില്‍ പരിഷ്‌കരണങ്ങള്‍ വരുത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. സമുദ്ര ജീവിത ദൃശ്യങ്ങള്‍ ഇക്കാലത്ത് കൂടുതല്‍ സ്വീകാര്യമായി. ഡോള്‍ഫിന്‍, കിനാവള്ളി, നക്ഷത്ര മത്സ്യം തുടങ്ങിയവയുടെ ചിത്രങ്ങള്‍ക്കായിരുന്നു കൂടുതല്‍ പ്രിയം. ക്‌നോസസിന്റെ പതനത്തോടെ കളിമണ്‍ നിര്‍മാണകേന്ദ്രം മൈസീനിയയിലേക്കു മാറി. കളിമണ്‍ കലാരൂപങ്ങള്‍ വന്‍തോതില്‍ നിര്‍മിക്കപ്പെടുകയും ഈജിപ്‌ത്, ഇറ്റലി, സിസിലി എന്നിവിടങ്ങളിലേക്കു കയറ്റി അയയ്‌ക്കപ്പെടുകയുമുണ്ടായി. ആദ്യ അയോയുഗത്തിന്റെ പൂര്‍വശതകങ്ങളില്‍ (ബി.സി. 1100-900) നിര്‍മിക്കപ്പെട്ട ശില്‌പങ്ങളില്‍ ലളിതമായ ചില ജ്യാമിതീയരൂപങ്ങളാണുണ്ടായിരുന്നത്. വളഞ്ഞുപുളഞ്ഞുള്ള രേഖാചിത്രങ്ങള്‍ക്കുപകരം ജ്യാമിതീയ രൂപരേഖകള്‍ സ്വീകരിച്ചത് ബി.സി. ഒന്‍പതാം ശ.ത്തിന്റെ ആദ്യദശകങ്ങളിലാണ്. സു. നാലു നൂറ്റാണ്ടുകാലം അമൂര്‍ത്ത ചിത്രങ്ങള്‍ക്കായിരുന്നു പ്രാധാന്യമെങ്കിലും എട്ടാം ശ. ആയതോടെ ചൈതന്യവത്തായ രൂപങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. അഥീനിയയിലെ ഡിപ്പിലോണ്‍ സെമിത്തേരിയില്‍ കാണപ്പെട്ട കൂറ്റന്‍ സ്‌മാരകങ്ങള്‍ ഇതിനു തെളിവു നല്‌കുന്നു. നൂറ്റാണ്ടുകളുടെ ഇടവേളയ്‌ക്കു ശേഷം, വീണ്ടും സമീപപൂര്‍വദേശങ്ങളുമായി ഗ്രീസിനു ബന്ധം പുതുക്കാന്‍ സാധിച്ചതോടെയാണ് പാരമ്പര്യശൈലിയില്‍ നിന്നു വ്യതിചലിക്കാനും കളിമണ്‍ കലാശൈലിക്ക് പുതുജീവന്‍ നല്‌കാനും അവര്‍ക്കു കഴിഞ്ഞത്. കലയിലും വാണിജ്യത്തിലും മുന്‍നിരയില്‍ നിന്ന കൊറിന്തില്‍ "പ്രാട്ടോകൊറിന്ത്യന്‍' എന്ന ഒരു ശൈലി തന്നെ രൂപം കൊണ്ടു. ബി.സി. 550 ആയതോടെ ഗ്രീസിലെ മണ്‍പാത്ര നിര്‍മാണത്തിന്റെ കേന്ദ്രം ആഥന്‍സ് ആയി. കളിമണ്ണും റെഡ് ഓക്കറും ചേര്‍ത്തുള്ള മിശ്രിതം ഉപയോഗിച്ച് ഒരു ഓറഞ്ച്‌ചുവപ്പു പ്രതലം ശില്‌പങ്ങള്‍ക്ക് നല്‌കാന്‍ കഴിഞ്ഞതിലൂടെയാണ് ആഥന്‍സുകാര്‍ കൊറിന്ത്യരെ കളിമണ്‍ നിര്‍മാണകലയില്‍ അതിശയിച്ചത്. ഈ നൂറ്റാണ്ടുകളില്‍ നിര്‍മിക്കപ്പെട്ട പാത്രങ്ങള്‍ക്ക് നിറം കൊടുക്കുന്നതിന് ഒരു പ്രത്യേക സാങ്കേതികവിദ്യ തന്നെ രൂപം കൊണ്ടു. ഫോട്ടോഗ്രാഫിക് പ്രിന്റിനു സദൃശമായ ചുമപ്പു രൂപരേഖകളും (റെഡ്‌ഫിഗര്‍ ശൈലി) അതിന്റെ നെഗറ്റീവിനു സദൃശമായ കറുത്ത രൂപരേഖകളും (ബ്ലാക് ഫിഗര്‍ ശൈലി) ആവിഷ്‌കരിക്കയായിരുന്നു ഇതിന്റെ പ്രത്യേകത. ഈ പ്രതലങ്ങളില്‍ വരകള്‍ കൊത്തിവച്ച ശേഷം മറ്റു നിറങ്ങളുപയോഗിച്ചും രൂപ ചിത്രണംനടത്തിവന്നു.
നിര്‍മാതാവിന്റെ പേര് സൂചിപ്പിക്കുന്ന അക്ഷരങ്ങള്‍ എഴുതിച്ചേര്‍ക്കുന്ന പതിവ് ഏഴാം നൂറ്റാണ്ടില്‍ പ്രാവര്‍ത്തികമായി. ആറാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ "ആറ്റമിക് ബ്ലാക്ക് ഫിഗര്‍' ശൈലി വളരെയേറെ വികസിച്ചു. ഹെര്‍ക്കുലിസ്, തെസിയുസ് എന്നീ വീരപുരുഷന്മാരുടെ വീരകഥകളാണ് അലങ്കരണത്തിനു വിഷയമാക്കിയത്. "ബ്ലാക്ക് ഫിഗര്‍ ശൈലി'യെ അനുകരിച്ചു മുന്നോട്ടു നീങ്ങാന്‍ "റെഡ് ഫിഗര്‍ ശൈലി'ക്കാര്‍ മടിച്ചില്ല. ആറ്റിക് പാത്ര അലങ്കരണത്തിന്റെ പ്രചാരം നഷ്ടപ്പെട്ടത് ക്ലാസ്സിക്കല്‍ കാലഘട്ടത്തിലായിരുന്നു.
അയോയുഗത്തിന്റെ ആരംഭത്തില്‍ നിര്‍മിക്കപ്പെട്ടിരുന്ന പാത്രങ്ങളില്‍ മിക്കവയും ശവസംസ്‌കരണഭരണി (നന്നങ്ങാടി)കളായിരുന്നു. ബി.സി. എട്ടാം നൂറ്റാണ്ടില്‍ നിര്‍മിച്ചുവെന്നു കരുതപ്പെടുന്ന "ബുച്ചെറോ' (Bucchero) ഇതിനുദാഹരണമാണ്. ഈ ബുച്ചെറോ കുടങ്ങളുടെ നിര്‍മിതിക്കു മൂശ ഉപയോഗിച്ചിരുന്നില്ല; അലങ്കരണമായി ചില ജ്യാമിതീയ രൂപങ്ങള്‍ കൊത്തിവച്ചിരുന്നുവെന്നുമാത്രം. ആറാം നൂറ്റാണ്ടായതോടെ ഈ ജ്യാമിതീയ രൂപങ്ങളോടൊപ്പം പക്ഷിമൃഗാദികളുടെ രൂപങ്ങളും ചേര്‍ത്തു തുടങ്ങി. അന്ത്യ ആര്‍ക്കെയിക് കാലഘട്ടത്തില്‍ എട്രൂസ്‌കര്‍, "ടെറാക്കോട്ട' ശില്‌പങ്ങള്‍ നിര്‍മിക്കുന്നതില്‍ വൈദഗ്‌ധ്യം നേടി. "വേ'യിലെ അപ്പോളൊയുടെ രൂപവും മറ്റും ഇതിനുദാഹരണങ്ങളാണ്.
റോമിലെ അറീറ്റിയം കേന്ദ്രമാക്കി നിര്‍മിച്ച അറീറ്റൈന്‍ പാത്രങ്ങളാണ് ആദ്യകാല റോമന്‍ കളിമണ്‍ നിര്‍മിതികളില്‍ പ്രശസ്‌തം. മൂശയുപയോഗിച്ചു വാര്‍ത്തെടുത്ത ശില്‌പങ്ങളില്‍ പിന്നീട് അലങ്കരണങ്ങള്‍ നടത്തുകയായിരുന്നു ചെയ്‌തിരുന്നത്. ലോഹപ്പണിയില്‍ നിന്ന് പ്രചോദനം കൊണ്ട "ടെറാ സിഗില്ലാറ്റാ' ഇതിനുദാഹരണമാണ്. ഈജിപ്‌തില്‍ രൂപം കൊണ്ട ലെഡ് ഗ്ലേസിങ് റോമന്‍ മണ്‍പാത്ര നിര്‍മാണ ശൈലിയെയും സ്വാധീനിച്ചിരിക്കണം.
യൂറോപ്യന്‍ മണ്‍പാത്ര നിര്‍മിതിയെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത് സിറിയ, ഈജിപ്‌ത്, മെസൊപ്പൊട്ടേമിയ, പേര്‍ഷ്യ, അഫ്‌ഗാനിസ്‌താന്‍ എന്നിവിടങ്ങളില്‍ രൂപം കൊണ്ട ഇസ്‌ലാമിക് മണ്‍പാത്ര കലാശൈലിയാണ്. ഖലീഫമാരുടെ ഉയര്‍ച്ചയും താഴ്‌ചയും കളിമണ്‍ കലാശൈലിയെയും ബാധിച്ചിരുന്നു. ഓരോ രാജവംശത്തെയും ചുറ്റിപ്പറ്റി ജീവസന്ധാരണം നടത്തിയിരുന്ന കലാകാരന്മാരും തൊഴിലാളികളും കളിമണ്‍ കലാശൈലിയെ ഔന്നത്യത്തിലെത്തിക്കാന്‍ ആവുന്നത്ര ശ്രമിച്ചു. ബാഗ്‌ദാദ്, അല്‍ഫുസ്‌താത്, സമര്‍ഖണ്ഡ്, റഖാ, റേ, കാഷാന്‍ എന്നിവിടങ്ങളായിരുന്നു നിര്‍മാണ കേന്ദ്രങ്ങള്‍. 14-ാം ശ.ത്തിനു മുമ്പ് നിര്‍മ്മിച്ചിരുന്ന കളിമണ്‍ പാത്രങ്ങളുടെ അവശിഷ്ടങ്ങള്‍ ലഭിച്ചിട്ടില്ല എന്നുതന്നെ പറയാം. അതുകൊണ്ട് അവയുടെ വിവരണം സാധ്യവുമല്ല. ഉമയാദ് ഖലിഫേറ്റിന്റെ കാലത്ത് (661-750) മണ്‍പാത്രനിര്‍മാണം കാര്യമായ തോതിലുണ്ടായിരുന്നില്ല. എന്നാല്‍ തുടര്‍ന്ന് അബ്ബാസിദ് ഘട്ടമായപ്പോഴേക്ക് ചൈനയുടെ സ്വാധീനത്തിനു വിധേയമായി ചൈനീസ് പാത്രങ്ങള്‍ ഇറക്കുമതി ചെയ്യുകയോ അവയുടെ അനുകരണങ്ങള്‍ നിര്‍മിക്കുകയോ ചെയ്‌തിട്ടുണ്ട്. പുഷ്‌പലതാദികളായിരുന്നു പ്രധാന അലങ്കരണവിഷയം. ജന്തുക്കളുടെ രൂപങ്ങള്‍ പകര്‍ത്തുന്നതിനു മതപരമായ വിലക്കുകള്‍ ഉണ്ടായിരുന്നതുകൊണ്ട് മൃഗരൂപ ചിത്രീകരണം കാര്യമായ തോതില്‍ ഉണ്ടായില്ല; ഖുര്‍ ആന്‍ വചനങ്ങള്‍ ശില്‌പങ്ങളില്‍ ആലേഖനം ചെയ്യുന്ന പതിവ് ഇക്കാലത്തുണ്ടായി.
ഇസ്‌ലാമിക മണ്‍പാത്രനിര്‍മാണശൈലിയിലെ ഔന്നത്യം പ്രകടമാകുന്നത് ടിന്‍ ഗ്ലേസിന്റെ കണ്ടുപിടിത്തത്തിലൂടെയാണ്. ബി.സി. 1100ല്‍ ത്തന്നെ ഈ പ്രക്രിയ അസീറിയയില്‍ നിലവിലിരുന്നുവെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും അത് അക്ഷരാര്‍ഥത്തില്‍ പ്രയോഗത്തില്‍ വരുത്തിയത് ഇസ്‌ലാമിക കലാകാരന്മാരായിരുന്നു. ലോഹവര്‍ണകങ്ങള്‍ ഉപയോഗിച്ചു കൊണ്ടുള്ള ചിത്രണരീതിക്ക് പ്രചാരം നല്‌കിയതും ഇക്കൂട്ടരാണ്. സമാനിഡ് രാജവംശക്കാലത്തെ ശൈലിയും നിര്‍മാണ പ്രവിധിയും പ്രത്യേകം പ്രാധാന്യമര്‍ഹിക്കുന്നു. ഇസ്‌ലാമിക് ഘട്ടത്തിലെ ഈജിപ്‌ഷ്യന്‍ മണ്‍പാത്ര നിര്‍മാണശൈലി ഏറ്റവും കൂടുതല്‍ വികാസം പ്രാപിച്ചത് ഫാത്തിമിഡ് വംശകാലത്താണ് (969-1171). ചൈനയുടെ സ്വാധീനത്തിനുവിധേയമാകാതെ തന്നെ അലങ്കരണത്തിലും വര്‍ണചിത്രണത്തിലും വരുത്തിയ മാറ്റങ്ങള്‍ സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നു. സാദ് എന്ന ശില്‌പിയുടെ പേരു ചേര്‍ത്തു വ്യവഹരിച്ചുപോരുന്ന പാത്രങ്ങള്‍ ഇക്കാലത്തേതാണ്.
മെസൊപ്പൊട്ടേമിയ, പേര്‍ഷ്യ എന്നിവിടങ്ങളില്‍ 11 മുതല്‍ 15 വരെ ശ.ങ്ങളില്‍ വികാസം പ്രാപിച്ച നിര്‍മാണ ശൈലി പ്രത്യേകം പ്രസ്‌താവ്യമാണ്. ടെഹ്‌റാനു സമീപമുള്ള റേ എന്ന പ്രദേശത്തു കണ്ടെടുക്കപ്പെട്ട പാത്രങ്ങളിലെ "മിനായ്' അലങ്കരണശൈലിയും ഗ്ലേസിങ്ങും സിലൂട്ട് അലങ്കരണവും എടുത്തുപറയത്തക്കതാണ്. "റഖാ' പാത്രങ്ങളും "കാഷാന്‍' മേച്ചിലോടുകളും "ലകാബി' പാത്രങ്ങളും ഈ കാലഘട്ടത്തിലേതാണ്. ചൈനയുമായി വ്യാപാരബന്ധത്തിലേര്‍പ്പെട്ടതോടെ ചൈനീസ് സ്വാധീനത്തിനു കൂടുതല്‍ വിധേയമായ ഇസ്‌ലാമിക കളിമണ്‍ പാത്രനിര്‍മാണ ശൈലിയുടെ സവിശേഷതകളാണ് ബഹുവര്‍ണ അലങ്കരണവും മറ്റും. 14-ാം ശ. മുതല്‍ തന്നെ ചൈനീസ് സെലഡോണ്‍ ശില്‌പങ്ങള്‍ അനുകരിച്ചുകൊണ്ടുള്ള നിര്‍മിതികള്‍ ധാരാളമുണ്ടായി.
മംഗോളുകളുടെ ആക്രമണത്തിനു വിധേയരായവര്‍ ദമാസ്‌കസിലേക്കു കുടിയേറിയതോടെയാണ് സിറിയയില്‍ കളിമണ്‍പാത്രനിര്‍മാണം വികാസം പ്രാപിച്ചത്. 14-ാം ശ.ത്തിന്റെ അന്ത്യത്തില്‍ ചൈനയെ അനുകരിച്ചുകൊണ്ട് വെണ്മയും നീലിമയും ഇടകലര്‍ത്തിയിട്ടുള്ള പാത്രങ്ങള്‍ നിര്‍മിച്ചുവന്നു. തുര്‍ക്കി ഭരണാധികാരിയായ സുലൈമാന്‍ കന്റെ കാലത്ത് ദമാസ്‌കസില്‍ പള്ളി പണിഞ്ഞതോടെയാണ് സിറിയയില്‍ ഈ വ്യവസായത്തിന് ഉണര്‍വുണ്ടായത്. ഇവിടെ നിര്‍മിക്കപ്പെട്ട ഇഷ്ടികയും മേച്ചിലോടും മറ്റു ശില്‌പങ്ങളും വളരെക്കാലം പ്രചാരത്തിലിരുന്നു.
തുര്‍ക്കിയില്‍ അനത്തോളിയ കേന്ദ്രമാക്കി 13-ാം ശ.ത്തില്‍ കളിമണ്‍ കലാരൂപങ്ങളുടെ നിര്‍മിതി ആരംഭിച്ചു. ഈ കലാരൂപങ്ങളില്‍ അധികവും വാസ്‌തുവിദ്യാരംഗത്തെ മോടി പിടിപ്പിക്കാനാണ് ഉപയോഗിച്ചിരുന്നത്. പള്ളികള്‍ അലങ്കരിക്കുന്നതിനാണ് കളിമണ്‍ കലാരൂപങ്ങള്‍ പ്രധാനമായും ഉപയോഗിച്ചിരുന്നത്. തുര്‍ക്കി മണ്‍പാത്രനിര്‍മിതിയുടെ സുവര്‍ണദശ ഒട്ടോമന്‍ ഭരണാധികാരികളുടെ കാലമാണ്. ചൈനയിലെ മിങ് രാജവംശകാലത്തെ നിര്‍മാണശൈലിയുടെ സ്വാധീനത്തിനു വിധേയമായുള്ള അലങ്കരണങ്ങളാണ് 16-ാം ശ.ത്തിന്റെ ആദ്യദശകങ്ങളില്‍ ഇവിടെ പ്രചാരത്തിലിരുന്നത്. തുടര്‍ന്നുള്ള ദശകങ്ങളില്‍ ഇസ്‌നിക് കളിമണ്‍പാത്രങ്ങള്‍ പ്രശസ്‌തി നേടി. നീലയും വെള്ളയും ചേര്‍ന്നുള്ള മിങ് (ചൈന) അലങ്കരണം അപ്പാടെ പകര്‍ത്തുകയാണ് അവര്‍ ചെയ്‌തത്. മുന്തിരിവള്ളികളുടെ ചിത്രണത്തിനു ചുറ്റുമായി "അമ്മണൈറ്റ് സ്‌ക്രാള്‍ ബോര്‍ഡര്‍' എന്നറിയപ്പെടുന്ന ഒരു അരികും സംവിധാനം ചെയ്യപ്പെട്ടു തുടങ്ങി. അക്കാലത്ത് ചൈനയില്‍ പ്രചാരത്തിലിരുന്ന ചില പുഷ്‌പലതാദിരൂപമാതൃകകളുടെ സ്ഥാനത്ത് റ്റുലിപ്പ്, പോപ്പി, റോസ് തുടങ്ങിയ, തുര്‍ക്കികള്‍ക്കു പ്രിയങ്കരങ്ങളായ പുഷ്‌പങ്ങളാണ് വരച്ചുചേര്‍ത്തത്. ഉപഭോക്താക്കളുടെ മതവിശ്വാസങ്ങള്‍ക്കനുസൃതമായി വിഷയങ്ങള്‍ക്കു മാറ്റങ്ങള്‍ വരുത്തുകയും ചെയ്‌തിരുന്നു. 1550ഓടെയാണ് "അര്‍മേനിയന്‍ ബോള്‍' എന്നറിയപ്പെടുന്ന കട്ടിയുള്ള ചുവന്ന വര്‍ണകം പ്രയോഗത്തില്‍ വരുത്തിയത്.
1575നോടടുത്ത് നിര്‍മിക്കപ്പെട്ടതും ഇനാമല്‍ പണി നടത്തിയിട്ടുള്ളതുമായ തുര്‍ക്കി കൂജകള്‍ ലണ്ടനിലെ വിക്‌ടോറിയാ ആന്‍ഡ് ആര്‍ബര്‍ട്ട് മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നു. മീന്‍ ചെതുമ്പലിന്റെ പ്രതീതി വരത്തക്കവണ്ണമുള്ള അലങ്കരണങ്ങള്‍ ഈ കാലഘട്ടത്തിന്റെ പ്രത്യേകതകളിലൊന്നാണ്.
മൃതദേഹങ്ങളോടൊപ്പം കളിമണ്‍ പാത്രങ്ങള്‍ സംസ്‌കരിക്കുന്ന പതിവ് ക്രസ്‌തവാചാരമല്ലാത്തതിനാല്‍ ഇവിടെ നടത്തിയ ഉത്‌ഖനനങ്ങളില്‍ നിന്ന് കളിമണ്‍ പാത്രങ്ങള്‍ അധികമൊന്നും തന്നെ ലഭിച്ചിട്ടില്ല. തത്‌ഫലമായി കാലനിര്‍ണയനവും അസാധ്യമായിത്തീര്‍ന്നിരിക്കയാണ്. ചുവന്ന പശ്ചാത്തലത്തില്‍ റിലീഫ് അലങ്കരണം നടത്തുന്ന ഒരു രീതിയുടെയും മനുഷ്യരൂപങ്ങളും മൃഗസസ്യരൂപങ്ങളും കൊത്തിവച്ച "സ്‌ഗ്രാഫിറ്റോശൈലി'യുടെയും ഏതാനും മാതൃകകളാണ് 12-ാം ശ.ത്തോടടുത്ത കാലങ്ങളില്‍ ഇവിടെ ഉണ്ടായിരുന്നതെന്ന് കരുതേണ്ടിയിരിക്കുന്നു.
ഈജിപ്‌തിലൂടെ സ്‌പെയിനിലേക്കു കടന്ന ലസ്റ്റര്‍ പ്രവിധിയാണ് സ്‌പെയിനില്‍ പ്രധാനമായും പ്രചാരത്തിലിരുന്നത്. പരുക്കന്‍ കളിമണ്ണ് രൂപപ്പെടുത്തി ചുട്ടെടുത്ത് ലെഡ് അടങ്ങിയ ടിന്‍ കൊണ്ട് ഗ്ലേസ് വരുത്തിയാണ് കലാരൂപങ്ങള്‍ നിര്‍മിച്ചിരുന്നത്. "ആല്‍ബറെല്ലോ' എന്നറിയപ്പെടുന്ന ഔഷധഭരണികളാണ് ഇതില്‍ പ്രധാനം. സസ്യരൂപരേഖകളും അരബസ്‌കുകളും ആണ് അലങ്കരണത്തിനുപയോഗിച്ചിരുന്നത്. പിന്നീട് സിംഹം, കഴുകന്‍ എന്നിവയുടെ രൂപങ്ങളും വര്‍ണങ്ങളില്‍ പകര്‍ത്തി.
പ്രഭുകുടുംബങ്ങളുടെ സ്ഥാനമുദ്രകള്‍ ആലേഖനം ചെയ്‌ത പാത്രങ്ങള്‍ അതിമനോഹരങ്ങളാണ്. "വാലന്‍ഷ്യ ലസ്റ്റര്‍' കളിമണ്‍ കലാരൂപങ്ങളുടെ സ്വാധീനത്തിനു വിധേയമായി പറ്റേര്‍ണായില്‍ നിര്‍മിക്കപ്പെട്ട പാത്രങ്ങള്‍ക്കു വലിയ പ്രചാരം ലഭിച്ചില്ല. 17ഉം 18ഉം ശ.ങ്ങളില്‍ ന്യൂകാസിലിലെ ടെലവേറ ദെല റൈനയില്‍ തയ്യാറാക്കപ്പെട്ട ടിന്‍ ഗ്ലേസ് ചെയ്‌ത പാത്രങ്ങള്‍ അതിമനോഹരങ്ങളാണ്. ഇറ്റലിയിലെ ഉര്‍ബിനോ ശൈലിയിലുള്ള "ഇസ്‌റ്റോറിയാറ്റോ'യും എന്‍ഗ്രവറായ അന്റോണിയോ ടെമ്പസ്റ്റായുടെ ശൈലിയും അനുകരിച്ചുകൊണ്ട് സ്‌പെയിനില്‍ ശില്‌പരചന തുടര്‍ന്നു. മേച്ചിലോടു നിര്‍മാണത്തിന് സ്‌പെയിനില്‍ പ്രചാരത്തിലിരുന്ന "കുവേര്‍ദാസേക്കാ' പ്രക്രിയ വളരെ പ്രശസ്‌തിനേടിയ ഒന്നാണ്.
യൂറോപ്പിന്റെ കളിമണ്‍ കലാശൈലിയെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത് ഇറ്റലിയാണ്. "മജോലിക്ക', "സ്‌ഗ്രാഫിറ്റോ' എന്നീ ഇനങ്ങള്‍ ഇറ്റാലിയന്‍ നിര്‍മാണശൈലിയുടെ വൈദഗ്‌ധ്യം പ്രകടമാക്കുന്നു. മധ്യപൂര്‍വദേശത്തു നിന്ന് സ്‌പെയിനിലേക്കും പിന്നീട് ഇറ്റലിയിലേക്കും വാണിജ്യം വിപുലപ്പെടുത്തിയ മജോര്‍ക്കന്‍ വ്യാപാരികളാണ് പ്രശസ്‌തമായ മജോലിക്കാ പാത്രങ്ങള്‍ക്കു ജന്മം നല്‌കിയത്. ക്ലാസ്സിക്കല്‍ കാലഘട്ടം മുതല്‍ യൂറോപ്പില്‍ നിര്‍മിച്ചിരുന്ന പാത്രങ്ങളുടെയും ഇതര കളിമണ്‍ കലാരൂപങ്ങളുടെയും അലങ്കരണങ്ങളില്‍ സാങ്കേതിക വൈദഗ്‌ധ്യം ഏറ്റവും കൂടുതല്‍ പ്രകടമാകുന്നത് ഇറ്റാലിയന്‍ മജോലിക്കയിലാണ്. ചുട്ടെടുക്കുന്നതിനു മുമ്പ്, ഉണങ്ങിയ പ്രതലത്തില്‍ ടിന്‍ ഗ്ലേസ് വര്‍ണങ്ങള്‍ പകര്‍ത്തുന്ന ഈ പ്രക്രിയയ്‌ക്ക് അധിക വൈദഗ്‌ധ്യം ആവശ്യമാണ്. സ്‌പെയിനിനെ അനുകരിച്ചുകൊണ്ട് ഇറ്റലിക്കാര്‍ തിളങ്ങുന്ന ചായക്കൂട്ടുകളും അവതരിപ്പിച്ചു. ഇറ്റലിയിലെ പ്രമുഖ നിര്‍മാണകേന്ദ്രങ്ങള്‍ ഉംബ്രിയ, ഫ്‌ളോറന്‍സ് എന്നിവിടങ്ങളായിരുന്നു. 16-ാം ശ.ത്തില്‍ "ഇസ്‌റ്റോറിയാറ്റോ' എന്ന നൂതനശൈലി തന്നെ രൂപംകൊണ്ടു. റാഫേല്‍, ശലോമോന്‍ എന്നിവരുടെ രചനകള്‍ പാത്രങ്ങളിലും മറ്റും പകര്‍ത്തിയതുകൊണ്ടാവണം ഇതിന് "റാഫേല്‍ വെയര്‍' എന്ന പേരുതന്നെ സിദ്ധിച്ചത്. ഫിയെന്‍സായില്‍ രൂപംകൊണ്ട ഇസ്‌റ്റോറിയാറ്റോ ശൈലി 1450ല്‍ത്തന്നെ പ്രചരിക്കുകയുണ്ടായി. ഡെറൂട്ടായില്‍ നിര്‍മിക്കുന്ന മജോലിക്കാകള്‍ക്ക് ഇന്നും നല്ല പ്രചാരമുണ്ട്. ലസ്റ്റര്‍ വര്‍ണകം ആദ്യമായി ഉപയോഗിച്ചതും ഇവിടെത്തന്നെയാണ്. പിന്നീട് മജോലിക്കാ വെനീസിലും നേപ്പിള്‍സിലും നിര്‍മിച്ചു തുടങ്ങി.
1472നു ശേഷമാണ് ബൈസാന്ത്യത്തില്‍ നിന്ന് സൈപ്രസിലൂടെ സ്‌ഗ്രാഫിറ്റോ ശൈലി ഇറ്റലിയിലെത്തിയത്. ബൊളോഞ്ഞ കേന്ദ്രമാക്കി നിര്‍മാണം നടക്കുന്ന സ്‌ഗ്രാഫിറ്റോ പാത്രങ്ങള്‍ അലങ്കരണത്തിന്റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു. പ്രതലത്തില്‍ ഒരു പ്രത്യേക നിറം പൂശിയശേഷം അതിന്മേല്‍ പോറലുകള്‍ ഏല്‌പിച്ച് വീണ്ടും മഞ്ഞ കലര്‍ന്ന ലെഡ് ഗ്ലേസ് പൂശിയാണ് ഇതിന്റെ അലങ്കരണം നിര്‍വഹിക്കുന്നത്. 16-ാം ശ.ത്തിന്റെ അന്ത്യത്തോടെ പോഴ്‌സലിന്‍ ഇറ്റലിയില്‍ പ്രചാരത്തിലായി.
13-ാം ശ.ത്തില്‍ത്തന്നെ ലെഡ്‌ഗ്ലേസ് ഫ്രാന്‍സില്‍ പ്രചരിച്ചിരുന്നു. ബര്‍ണാഡ് പാലിസ്സി 1539ല്‍ ഗ്ലേസുകള്‍ക്കു നിറം കൊടുത്തു കൊണ്ടു നിര്‍മിച്ച ഉപകരണങ്ങള്‍ റസ്റ്റിക്‌വെയര്‍ എന്നറിയപ്പെടുന്നു. ഈ പാത്രങ്ങളോടൊപ്പം ലോഹപ്പണിയെ അനുകരിച്ചുകൊണ്ടുള്ള ഒരു രീതിയും പ്രചാരത്തില്‍ വന്നു. "ഫിയെന്‍സ് ദ് ഒയറോങ്' എന്നു പേരുള്ള ഈ പാത്രത്തിന്റെ പ്രതലത്തിന് ആനക്കൊമ്പിന്റെ നിറമാണ്; പുറമേ കനം കുറഞ്ഞ ഗ്ലേസും കൊടുത്തിരിക്കുന്നു. ചുട്ടെടുക്കുന്നതിനു മുമ്പ് ലോഹ അച്ചുകള്‍ കൊണ്ട് രൂപങ്ങള്‍ മുദ്രണം ചെയ്‌ത ശേഷം അവയുടെ മുകളില്‍ വിവിധ നിറങ്ങള്‍ പകര്‍ത്തുകയാണ് ചെയ്യുന്നത്. ഈ രീതിക്കു കൊറിയയിലെ "മിഷിമാ' അലങ്കരണ ത്തോടു സാദൃശ്യമുണ്ട്. 1656ല്‍ എറ്റ്‌മെ പോട്ടറാ എന്നയാള്‍ റൂവെങ്ങില്‍ ഒരു ഫാക്‌റ്ററി സ്ഥാപിക്കുകയും "ലാംബ്രക്വിന്‍സ്' എന്ന പേരിലറിയപ്പെടുന്ന മറ്റൊരു അലങ്കരണപ്രക്രിയ ആവിഷ്‌കരിക്കുകയും ചെയ്‌തു. ഞൊറിവിന്റെയും ലേസിന്റെയും പ്രതീതി ജനിപ്പിക്കത്തക്കവിധമുള്ള രൂപരേഖകള്‍ക്കായിരുന്നു ഈ രീതിയില്‍ പ്രാധാന്യം. രണ്ടു ദശകങ്ങള്‍ക്കുശേഷം ബൈബിള്‍ കഥാരംഗങ്ങളും അന്റോണിയോ ടെമ്പസ്റ്റായുടെ എന്‍ഗ്രവിങ്ങുകളും പകര്‍ത്തിയിട്ടുള്ള ശില്‌പങ്ങള്‍ നിര്‍മിച്ചുതുടങ്ങി. ഫ്രഞ്ച് അലങ്കരണകലയെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചിരുന്ന ഷീന്‍ ബെറൈങ്ങിന്റെ ചിത്രീകരണങ്ങളും മണ്‍പാത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ലൂയി XIV-ാമന്റെ കാലത്ത് സ്‌പാനിഷ് പിന്തുടര്‍ച്ചാവകാശ യുദ്ധത്തിന്റെ ചെലവിനുവേണ്ടി വെള്ളി ആവശ്യമായി വന്നതോടെ വെള്ളിപ്പാത്രങ്ങളുടെ സ്ഥാനത്ത് ചെലവു കുറഞ്ഞ മറ്റെന്തെങ്കിലും കണ്ടെത്തേണ്ടതാവശ്യമായിവന്നു. അങ്ങനെയാണ് "ഫീയെന്‍സ്' കളിമണ്‍കലാരൂപങ്ങള്‍ ഫ്രാന്‍സില്‍ പ്രചരിച്ചത്. ഫീയെന്‍സ് നിര്‍മാണശൈലിയാണ് പിന്നീട് പോഴ്‌സലിന്‍ പാത്രനിര്‍മിതിക്കു വഴിതെളിച്ചത്.
ജര്‍മനിയിലെ ആദ്യത്തെ കളിമണ്‍ ഉത്‌പന്നങ്ങള്‍ "ഹാഫ്‌നെര്‍ ഗെഷിര്‍' എന്നറിയപ്പെടുന്നു. മഞ്ഞില്‍ നിന്നു രക്ഷനേടുന്നതിനുള്ള അടുപ്പുകള്‍ ഉണ്ടാക്കുന്നതിനുള്ള മേച്ചിലോടുകള്‍ എന്നായിരുന്നു ഹാഫ്‌നെര്‍ ഗെഷിര്‍ എന്ന സംജ്ഞകൊണ്ട് ആദ്യകാലങ്ങളില്‍ അര്‍ഥമാക്കിയിരുന്നത്. ഇതിന്റെ നിര്‍മാണത്തില്‍ ആവിഷ്‌കരിക്കപ്പെട്ട സാങ്കേതിക വൈദഗ്‌ധ്യം പിന്നീട് പാത്രനിര്‍മാണത്തിലും വ്യാപരിക്കുകയാണുണ്ടായത്. നൂറംബര്‍ഗിലെ പാള്‍ പ്രാണിങ് ആണ് ഇത് നിര്‍മിക്കാന്‍ ആദ്യം ശ്രമിച്ചത്. തുടര്‍ന്ന് സൈലീഷ്യയില്‍ നിന്നു "ഹാഫ്‌നെര്‍വെയര്‍' എന്ന പേരിലറിയപ്പെടുന്ന പാത്രസഞ്ചയങ്ങളും പുറത്തുവന്നു. 1500ഓടെ, സ്റ്റോണ്‍വെയറും ടിന്‍ ഗ്ലേസ്‌ഡ് വെയറും പ്രചാരത്തിലായി. 1540ല്‍ കൊളോണില്‍ സ്റ്റോണ്‍വെയര്‍ നിര്‍മാണം തുടങ്ങി. പിന്നീട് അത് റൈന്‍ലാന്‍ഡ്, വെസ്റ്റര്‍വള്‍ഡ്, സീഗ്‌ബെര്‍ഗ്, റേറെന്‍ എന്നിവിടങ്ങളിലേക്കു വ്യാപിച്ചു. കോബാള്‍ട്ടും സാള്‍ട്ട് ഗ്ലേസും കൊണ്ടലങ്കരിച്ച സ്റ്റോണ്‍ വെയര്‍ പാത്രങ്ങളും മനോഹരങ്ങളാണ്. കഴുത്തിന്റെ ഭാഗത്ത് താടിക്കാരന്റെ മുഖം ചിത്രീകരിച്ചിട്ടുള്ള "ബാര്‍ട്ട്‌മന്‍ക്രൂഗ്' കൊളോണില്‍ 16-ാം ശ.ത്തില്‍ പ്രചാരത്തിലിരുന്നു. ഗോഥിക് ശൈലിയില്‍ അലങ്കരണം നടത്തിയിരുന്ന ജര്‍മന്‍ സ്റ്റോണ്‍വെയറിലെ ഓക്ക്‌ഇല, മുന്തിരിയില എന്നിവയുടെ ചിത്രണം ശ്രദ്ധേയമാണ്. മധ്യഭാഗത്ത് ക്ലാസ്സിക്കല്‍ വിഷയങ്ങള്‍ ചിത്രീകരിച്ചിട്ടുള്ള "ദോപ്പെല്‍ ഫ്രീസ്‌ക്രൂഗെ' ജഗ്ഗുകളും പ്രചാരമുള്ളവയായിരുന്നു. 17-ാം ശ.
ആയതോടെ ബരോക്ക് ശൈലി ആവിഷ്‌കരിക്കപ്പെട്ടു. 1710ല്‍ മൈസെന്‍ കേന്ദ്രമാക്കി ബോട്ട്‌ഗെര്‍ എന്ന ശില്‌പി പോഴ്‌സലിന്‍ നിര്‍മിച്ചു തുടങ്ങിയതോടെ സ്റ്റോണ്‍വെയര്‍ അപ്രത്യക്ഷമായി. ഫീയെന്‍സ് ശൈലിയില്‍ ആദ്യം നിര്‍മാണം തുടങ്ങിയത് നൂറംബര്‍ഗിലായിരുന്നു. തുടര്‍ന്ന് ഫ്രാങ്ക് ഫര്‍ട്ട്‌അംമൈനിലും ഉത്‌പാദനം ആരംഭിച്ചു. ബ്രിക്‌സെനില്‍ നിര്‍മിച്ച ഓയ്‌ളെന്‍ക്രൂഗും ഹനാവുവിലെ ഉത്‌പന്നമായ എന്‍ഗല്‍സ്‌ക്രൂഗും മികച്ച ഫീയെന്‍സ് മാതൃകകളാണ്.
ബേയ്‌റോത്ത് ആസ്ഥാനമാക്കി എ.എഫ്. ഫൊണ്‍ലോവെന്‍ഫിന്‍ക്, യൊസേഫ് ഫിലിപ്പ് ഡാന്‍ഹോഫര്‍ എന്നിവര്‍ നിര്‍മിച്ച പാത്രങ്ങളിലെ ഓവര്‍ ഗ്ലേസ് (ലാവുഡ് ഉന്‍ഡ് ബാന്റെല്‍വെര്‍ക്ക്) സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു. ഫാക്‌റ്ററികളില്‍ നിന്ന് അലങ്കരിക്കാത്ത ഫീയെന്‍സ് വീട്ടില്‍ കൊണ്ടുവന്ന് ചെറിയ ചൂളകളില്‍ ചുട്ട് അലങ്കരണം നടത്തുന്ന ഒരു രീതി സ്വീകരിച്ചവരില്‍ പ്രമുഖരാണ് യൊഹാന്‍ ഷാപെര്‍, ജെ.എല്‍. ഫാബര്‍ എന്നിവര്‍.
18-ാം ശ.ത്തിന്റെ ആദ്യദശകങ്ങളില്‍ പോഴ്‌സലിന്‍ നിര്‍മാണത്തില്‍ ചില വ്യതിയാനങ്ങള്‍ വരുത്തിക്കൊണ്ട് പുതിയ സാങ്കേതികമാര്‍ഗങ്ങള്‍ രംഗത്തെത്തി. സാമുവല്‍ സ്റ്റോള്‍സെല്‍ ആണ് കാപ്പിപ്പൊടി നിറം ആദ്യമായി ഉപയോഗിച്ചത്; രൂപങ്ങള്‍ ആദ്യമായി പകര്‍ത്തിയത് യൊഹാന്‍ ഗോട്ട് ലോബ് കിര്‍ച്ച്‌നെര്‍ ആയിരുന്നു (1727). യൊഹാന്‍ യോചിം കെന്‍ഡ്‌ലെര്‍ ആവിഷ്‌കരിച്ച രൂപചിത്രണശൈലി യൂറോപ്പ് മുഴുവന്‍ പ്രചരിച്ചു. 1752ലാണ് ആസ്‌ട്രിയയില്‍ ആദ്യമായി പോഴ്‌സലിന്‍ നിര്‍മിച്ചത്.
ആദ്യകാലങ്ങളില്‍ ഗ്ലേസ് ചെയ്യാത്ത പാത്രങ്ങളാണ് ബ്രിട്ടനില്‍ നിര്‍മിച്ചിരുന്നത്. പിന്നീട് ഫ്രാന്‍സ് വഴി സോഫ്‌റ്റ് ലെഡ് ഗ്ലേസ് രീതി ഇംഗ്ലണ്ടില്‍ പ്രചരിച്ചു. കളിമണ്ണിലെ ഇരുമ്പിന്റെ അളവനുസരിച്ച് മഞ്ഞയും തവിട്ടും നിറങ്ങള്‍ കലര്‍ന്ന ഒരു ഗ്ലേസാണുണ്ടാക്കിയിരുന്നത്. പാത്രം ആദ്യം മാങ്‌ഗനീസ് കലര്‍ന്ന "സ്ലിപ്പി'ല്‍ കഴുകി ഗ്ലേസ് ചെയ്യുന്നതിന്റെ ഫലമായി നല്ല തവിട്ടു ഗ്ലേസും ലഭിച്ചിരുന്നു. കോപ്പര്‍ ഓക്‌സൈഡ് ഉപയോഗിച്ചു തുടങ്ങിയത് 13-ാം നൂറ്റാണ്ടില്‍ മാത്രമാണ്. 1550ല്‍ ടിന്‍ ഗ്ലേസിന്റെ ഡച്ച് സാങ്കേതികത്വം ബ്രിട്ടനില്‍ പ്രചരിച്ചതോടെ ലെഡ് ഗ്ലേസ് അപ്രത്യക്ഷമായി ഡെല്‍ഫ്‌റ്റിലെ ഉത്‌പാദനം പ്രചാരത്തിലായതിനെത്തുടര്‍ന്ന് "ഗാളിവെയര്‍' എന്ന് വിളിക്കപ്പെട്ടിരുന്ന ഈ പാത്രങ്ങള്‍ ഡെല്‍ഫ്‌റ്റ് എന്നറിയപ്പെടാന്‍ തുടങ്ങി. ഇതിന്റെ അവശേഷിക്കുന്ന മാതൃകകള്‍ "മാളിങ് ജഗ്‌സ്' എന്നറിയപ്പെടുന്നു. കെന്‍റിലെ വെസ്റ്റ് മാളിങ്ങില്‍ ഇത് സംരക്ഷിക്കപ്പെട്ടിട്ടുള്ളതു കൊണ്ടാണ് ഇതിന് ഈ പേര് ലഭിച്ചത്. 1628ല്‍ ലണ്ടനിലെ സൗത്ത് പാര്‍ക്കില്‍ ഒരു കളിമണ്‍ ഫാക്‌റ്ററി സ്ഥാപിക്കുകയുണ്ടായി. വാന്‍ ലി ചക്രവര്‍ത്തിയുടെ ഭരണകാലത്ത് (1573-1620) ചൈനയില്‍ പ്രചാരത്തിലിരുന്ന നീലയും വെള്ളയും കലര്‍ന്ന പോഴ്‌സലിനില്‍ നിന്നു പ്രചോദനം കൊണ്ട് നിര്‍മിക്കപ്പെട്ട പോഴ്‌സലിന്റെ ചില മാതൃകകള്‍ ബ്രിട്ടനിലുണ്ട്.
1600ല്‍ നിര്‍മിക്കപ്പെട്ടതും ലണ്ടന്‍ മ്യൂസിയത്തില്‍ സംരക്ഷിക്കപ്പെട്ടിട്ടുള്ളതുമായ ഒരു തളികയില്‍
'The rose is red the leaves are grene God save Elizabeth our Queene'
എന്ന ഈരടി ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു.
ചൈനയുടെ സ്വാധീനത്തിനു വിധേയമായി 18-ാം നൂറ്റാണ്ടിലും പുതിയ പാത്രങ്ങള്‍ നിര്‍മിച്ചുതുടങ്ങി. ടിന്‍ ഗ്ലേസ് നിര്‍മിതികളുടെ കേന്ദ്രം ലണ്ടന്‍, ബ്രിസ്‌റ്റള്‍, ലിവര്‍പൂള്‍ എന്നിവിടങ്ങളായിരുന്നു.തോമസ് ടോഫ്‌റ്റ് നിര്‍മിച്ച മഗ്ഗുകളും ജോണ്‍ ഡ്വൈറ്റിന്റെ നേതൃത്വത്തില്‍ തയ്യാറാക്കപ്പെട്ട സ്റ്റോണ്‍ വെയറും; ജോണ്‍ ഫിലിപ്പും ഡേവിഡ് എലേഴ്‌സും ചേര്‍ന്ന് സ്റ്റഫോഡ്‌ഷയറില്‍ സ്ഥാപിച്ച ഫാക്‌റ്ററിയിലെ ഉത്‌പന്നങ്ങളും ഇക്കാലത്തിന്റെ സംഭാവനകളാണ്.
പോഴ്‌സലിനു പകരമായ സാള്‍ട്ട് ഗ്ലേസ്‌ഡ് സ്റ്റോണ്‍ വെയര്‍ 1690ലാണ് ആദ്യമായി നിര്‍മിക്കപ്പെട്ടത്. സ്‌ഗ്രാഫിറ്റോ അനുകരിച്ചുകൊണ്ടുള്ള നിര്‍മിതി 1730 മുതല്‍ 1775 വരെ പ്രചാരത്തിലിരുന്നു. പ്ലാസ്റ്റര്‍ ഒഫ് പാരിസിന്റെ ഉപയോഗം വ്യാപകമായതോടെ ഇംഗ്ലീഷ് കളിമണ്‍ കലാരൂപങ്ങളുടെ നിര്‍മാണം വികസിച്ചു.
വിവിധ നിറങ്ങളിലുള്ള കളിമണ്ണു ചേര്‍ത്തുള്ള അഗേറ്റ് വെയര്‍ ആദ്യമായി നിര്‍മിച്ചത് തോമസ് വീല്‍ഡന്‍ ആയിരുന്നു. ബഹുവര്‍ണ ഗ്ലേസ് പ്രക്രിയ സ്വീകരിച്ചതും ഇദ്ദേഹം തന്നെയാണ്. 1765ലാണ് ജോസിയാ വെഡ്‌ജ്‌വുഡ് ക്രീംവെയര്‍ (ക്വീന്‍സ് വെയര്‍) നിര്‍മാണം ആരംഭിച്ചത്. 1775ലാണ് അര്‍ധതാര്യ സ്വഭാവമുള്ള ജാസ്‌പെര്‍ പാത്രങ്ങള്‍ നിര്‍മിച്ചു തുടങ്ങിയത്.
തിളങ്ങുന്ന വര്‍ണകങ്ങള്‍ ഇംഗ്ലണ്ടില്‍ ഉപയോഗിച്ചു തുടങ്ങിയത് 18-ാം നൂറ്റാണ്ടിലാണ്. പാത്രങ്ങളുടെ ഉപരിതലം പ്ലാറ്റിനം ലോഹത്തിന്റെ നേരിയ ഒരാവരണം കൊണ്ട് പൊതിഞ്ഞ ശേഷം ചുട്ടെടുക്കുകയാണ് ചെയ്‌തത്. അല്‌പം ലോഹമേ ഇതിനായി ഉപയോഗിക്കപ്പെട്ടിരുന്നുള്ളുവെങ്കിലും വെള്ളിപ്പാത്രങ്ങളുടെ പ്രതീതി ഇവയ്‌ക്കുണ്ടായിരുന്നു; ഇവ "പാവപ്പെട്ടവന്റെ വെള്ളിപ്പാത്രങ്ങള്‍' എന്നാണറിയപ്പെട്ടിരുന്നത്.
1743ല്‍ ചെല്‍സിയായില്‍ ചാള്‍സ് ഗുയിനും നിക്കോളാസ് സ്‌പ്രിമോണ്ടും ചേര്‍ന്ന് ആദ്യത്തെ പോഴ്‌സലിന്‍ നിര്‍മിച്ചു. ഐറിഷ് മിനിയേച്ചറിസ്റ്റായ ജെഫ്‌റി ഹാമെറ്റ് ഒനീല്‍ നടത്തിയ അലങ്കരണങ്ങള്‍ കൂടിയായപ്പോഴേക്ക് പോഴ്‌സലിന്‍ കൂടുതല്‍ ആകര്‍ഷകമായി. ആടിന്റെ രൂപത്തില്‍ നിര്‍മിക്കപ്പെട്ട കൂജകള്‍ എടുത്തു പറയേണ്ടവയാണ്. 19-ാം നൂറ്റാണ്ടില്‍ ഇതിന്റെ വ്യാജനിര്‍മിതികള്‍ ധാരാളം വിറ്റഴിയുകയുണ്ടായി. "സ്വര്‍ണനങ്കൂര' മുദ്രകളുണ്ടായിരുന്ന ഇക്കാലഘട്ടത്തിലെ കലാരൂപങ്ങള്‍ ഏറ്റവും അധികം വിലമതിക്കപ്പെട്ടിരുന്നു. അക്കൂട്ടത്തില്‍ "ദ് മ്യൂസിക് ലസന്‍' എന്ന ശില്‌പം ഏറെ ശ്രദ്ധേയമാണ്. ഇത് ന്യൂയോര്‍ക്കിലെ മെട്രാപോളിറ്റന്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നു. 1744ല്‍ ബൗ എന്ന പ്രദേശത്ത് കളിമണ്‍ ഫാക്‌റ്ററി സ്ഥാപിതമായി. 1750ലാണ് ഇവിടെ പോഴ്‌സലിനോടൊപ്പം അസ്ഥിച്ചാരവും ചേര്‍ത്തു തുടങ്ങിയത്. അതോടെ "ബോണ്‍ ചൈന' എന്ന പേരില്‍ അറിയപ്പെടുന്ന ഒട്ടനവധി കളിമണ്‍ കലാരൂപങ്ങള്‍ പുറത്തുവന്നു തുടങ്ങി.
18-ാം ശ.ത്തില്‍ പ്രചാരത്തിലിരുന്ന നിയോക്ലാസ്സിക്കല്‍ ശൈലിക്കു പിന്നീട് ജനസമ്മതി കുറഞ്ഞു; ഫ്രാന്‍സില്‍ പ്രചാരത്തില്‍ വന്ന "എംപയര്‍ സ്റ്റൈല്‍'ബ്രിട്ടനെയും സ്വാധീനിച്ചു. വോര്‍സെസ്റ്റര്‍, ഡെര്‍ബി, റോക്കിങ്‌ഹാം എന്നിവിടങ്ങളിലെ നിര്‍മാണ രീതികളിലുള്ള മാറ്റം ഇതിനുദാഹരണമാണ്. 1786ല്‍ റോബര്‍ട്ട് ചേംബര്‍ലൈന്‍ വോര്‍സെസ്റ്ററിലാരംഭിച്ച പോഴ്‌സലിന്‍ ഫാക്‌റ്ററിയില്‍ അലങ്കരണത്തിനു സ്വീകരിച്ചത് ജാപ്പനീസ് ശൈലിയായിരുന്നു.
ചൈന
ചൈനയെപ്പോലെ കളിമണ്‍ ശില്‌പകല വികസിച്ച മറ്റൊരു രാജ്യമില്ലെന്നു തന്നെ പറയാം. പില്‌ക്കാല യൂറോപ്യന്‍ കളിമണ്‍ കലാശൈലിയെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച രാജ്യവും ചൈന തന്നെയാണ്. ചൈനയില്‍ കളിമണ്‍ നിര്‍മാണം നിയോലിത്തിക് കാലഘട്ടത്തില്‍ത്തന്നെ ആരംഭിച്ചിരുന്നു എന്ന് ഹൊനാന്‍, കാന്‍സു എന്നീ പ്രവിശ്യകളില്‍ നടന്ന ഉത്‌ഖനനങ്ങള്‍ തെളിവു നല്‌കുന്നു. ഗൃഹാവശ്യങ്ങള്‍ക്കും ശവസംസ്‌കരണത്തിനും വേണ്ടിയായിരുന്നു ആദ്യകാലങ്ങളില്‍ കളിമണ്‍ പാത്രങ്ങള്‍ നിര്‍മിച്ചിരുന്നത്. ഇക്കൂട്ടത്തില്‍പ്പെട്ടതാണ് ഉയരം കൂടിയ ഉരുളന്‍ ഭരണികളും കോപ്പകളും മറ്റും. ഇവയിലെല്ലാം കറുത്ത നിറമോ ഇരുമ്പിന്റെ ചുവപ്പു നിറമോ ഉള്ള "സ്ലിപ്പു'കൊണ്ട് അലങ്കരണങ്ങളും നടത്തിയിരുന്നു. കളിമണ്‍ കലാരൂപങ്ങളുടെ നിര്‍മിതി വ്യവസ്ഥാപിതമായ തോതിലായത് ഷാങ് രാജവംശകാലത്താണ് (ബി.സി. 1611 ശ.). ഉയര്‍ന്ന താപനിലയില്‍ ചുട്ടെടുത്ത വെള്ളക്കളിമണ്ണില്‍ മൃഗരൂപങ്ങളും മറ്റും കൊത്തിവച്ചോ മുദ്രണം ചെയ്‌തോ അലങ്കരിച്ചിരുന്നു. ലോഹപ്പണിക്കാര്‍ സ്വീകരിച്ചിരുന്ന രൂപങ്ങളും അലങ്കരണങ്ങളും കളിമണ്‍ കലാരൂപങ്ങളിലും പ്രത്യക്ഷപ്പെട്ടത് ഇക്കാലത്താണ്. ചൗ രാജവംശകാലത്തെ (ബി.സി. 113 ശ.) കറുപ്പും തവിട്ടും നിറങ്ങളിലുള്ള കളിമണ്‍പാത്രങ്ങള്‍ക്ക് വെങ്കലപാത്രങ്ങളോടു സാദൃശ്യമുള്ളതായി കാണാം.
ഹന്‍ രാജവംശകാലത്ത് (ബി.സി. 2-ാം ശ.എ.ഡി. 3-ാം ശ.) കളിമണ്‍ കലാരൂപനിര്‍മാണം ഏറ്റവും പുരോഗതി കൈവരിച്ചു. ശവകുടീരങ്ങളില്‍ അലങ്കരണത്തിന് വെങ്കലത്തിന്റെ സ്ഥാനത്ത് കളിമണ്‍ നിര്‍മിതികള്‍ ഉപയോഗിച്ചു തുടങ്ങിയതിക്കാലത്താണ്. പശ്ചിമ ഏഷ്യയുമായുള്ള വാണിജ്യബന്ധം കൊണ്ടാവണം വെങ്കലപ്പണിയെ അനുകരിച്ചുകൊണ്ട് വലിയ ചുവപ്പുനിറത്തിലുള്ള ഭരണികളില്‍ പുരാണകഥകളിലെ ജന്തുക്കളുടെയും സസ്യജാലങ്ങളുടെയും മറ്റും രൂപങ്ങള്‍ കൊത്തിവയ്‌ക്കുകയും ഗ്ലേസ് പൂശുകയും ചെയ്‌തത്. ലെഡ്ഡും കോപ്പര്‍ ഓക്‌സൈഡും കലര്‍ത്തിയ ഒരു മിശ്രിതമാണ് ഗ്ലേസിനുപയോഗിച്ചിരുന്നത്. ഷിങ് ഹുവാങ് തി ചക്രവര്‍ത്തിയുടെ ശവകുടീരത്തിനടുത്തു നിന്ന് കളിമണ്ണുകൊണ്ട് മെനഞ്ഞെടുത്ത മനുഷ്യരൂപങ്ങളും കണ്ടെടുത്തിട്ടുണ്ട്. തങ് രാജവംശകാലത്ത് കളിമണ്‍ പാത്രനിര്‍മാണം ഒരു കലയായിത്തന്നെ വികാസം പ്രാപിച്ചു. അക്കാലത്ത് യോദ്ധാക്കളുടെയും സംഗീതജ്ഞരുടെയും നര്‍ത്തകരുടെയും രൂപങ്ങളും മൂന്നടി പൊക്കം വരുന്ന ബാക്‌ട്രിയന്‍ ഒട്ടകത്തിന്റെ രൂപങ്ങളും നിര്‍മിച്ചിരുന്നു. ബഹുവര്‍ണങ്ങള്‍ ഉപയോഗിച്ചു നടത്തിയിരുന്ന അലങ്കരണങ്ങള്‍ക്കു പകരം മഞ്ഞ, തവിട്ട്, പച്ച എന്നീ വര്‍ണങ്ങളിലുള്ള ലെഡ് ഗ്ലേസുകള്‍ പ്രചാരത്തിലായി. താമര തുടങ്ങിയ പുഷ്‌പങ്ങള്‍, വ്യാളികള്‍, ഫീനിക്‌സ് പക്ഷി എന്നിവയുടെ രൂപങ്ങളായിരുന്നു ഇക്കാലത്ത് അലങ്കരണത്തിന് കൂടുതലായി തിരഞ്ഞെടുക്കപ്പെട്ടിരുന്നത്.
സുങ് രാജവംശത്തിന്റെ കാലം കളിമണ്‍ കലാരൂപങ്ങളെ സംബന്ധിച്ചിടത്തോളം ഒരു സുവര്‍ണദശയായിരന്നുവെന്നു പറയാം. "സെലഡോണ്‍' എന്ന പേരില്‍ പ്രശസ്‌തരായ പോഴ്‌സലിന്‍ പാത്രങ്ങള്‍ ഇക്കാലത്താണ് നിര്‍മിച്ചു തുടങ്ങിയത്. ഉത്തര സെലഡോണ്‍ പാത്രങ്ങളില്‍ ഒലീവ് പച്ച നിറമാണ് ഗ്ലേസിനുപയോഗിച്ചിരുന്നത്; അലങ്കരണങ്ങള്‍ കൊത്തിവയ്‌ക്കുകയാണ് ചെയ്‌തിരുന്നത്. സുങ് കാലഘട്ടത്ത് മികച്ച കളിമണ്‍ കലാരൂപങ്ങളുടെ ഒരു ശൃംഖല തന്നെയുണ്ടായി. അവയില്‍ പ്രമുഖങ്ങളാണ് ജൂ, കുവാന്‍, കോ, തിങ്, ലുങ് ചുവാന്‍, ചുന്‍, ചീന്‍, ത്‌സുചൗ, യിങ്‌ചിങ് എന്നിവ. ഈ പാത്രങ്ങളില്‍ ഗ്ലേസിനുപയോഗിച്ചിരുന്നത് ലവന്‍ഡര്‍ തവിട്ട്, കടുംനീലം, തവിട്ടു കലര്‍ന്ന കറുപ്പ്, നീല കലര്‍ന്ന വെള്ള എന്നീ നിറങ്ങളായിരുന്നു. സസ്യലതാദികളും മറ്റും ആണ് അലങ്കരണത്തിനു വിഷയമാക്കിയത്.
യുവാന്‍ രാജവംശ കാലത്ത് (1314 ശ.) അലങ്കരണത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചു തുടങ്ങി. ചുറ്റിപ്പിണഞ്ഞു കിടക്കുന്ന വള്ളികളും ലതകളമാണ് അന്ന് കലാകാരന്മാര്‍ കൂടുതല്‍ ഇഷ്ടപ്പെട്ടത്. ആഴത്തില്‍ കൊത്തിച്ചേര്‍ത്ത രൂപങ്ങള്‍ കൊണ്ട് അലംകൃതങ്ങളായ "സെലഡോണ്‍' മാതൃകകള്‍ ഈ കാലഘട്ടത്തിന്റെ സൃഷ്ടിയാണ്. ചൈനയിലെ ശക്തമായ രാജവംശമായിരുന്നു മിങ് (1368-1644). ചിങ്‌തെചെന്‍ എന്ന സ്ഥലത്തെ പോഴ്‌സലിന്‍ നിര്‍മിതികള്‍ ചൈനീസ് കളിമണ്‍ കലാരൂപങ്ങള്‍ക്ക് തനതായ ഒരു മേല്‍വിലാസം ഉണ്ടാക്കാന്‍ തക്ക ഭംഗിയും മികവും ഉള്ളവയായിരുന്നു. യുങ്‌ലെ ചക്രവര്‍ത്തിയുടെ ഭരണകാലത്ത് (1402-24) കനം കുറഞ്ഞ പാത്രങ്ങളായിരുന്നു നിര്‍മിച്ചിരുന്നത്. അശരീരി എന്നര്‍ഥമുള്ള "തോതായ്' എന്നായിരുന്നു ഇതിന്റെ പേര്. ഇവയില്‍ പുഷ്‌പങ്ങളുടെയും ലതകളുടെയും രൂപങ്ങള്‍ കൊത്തിയിരുന്നു. മധ്യപൂര്‍വരാജ്യങ്ങളില്‍ നിന്നു ഇറക്കുമതി ചെയ്‌ത വര്‍ണകങ്ങള്‍ ഉപയോഗിച്ചു കൊണ്ടുള്ള നീല അണ്ടര്‍ ഗ്ലാസ് ഇക്കാലത്താണ് പ്രചാരം നേടിയത്. കലാരൂപങ്ങളില്‍ അവിടവിടെ വര്‍ണകങ്ങളുടെ കുമിളകള്‍ ഉണ്ടാക്കി ഇരുണ്ട പൊട്ടുകളും ഇട്ട് പുതിയതരം കലാരൂപങ്ങള്‍ സൃഷ്ടിച്ചത് ഹ്‌സുവാന്‍ തെ ചക്രവര്‍ത്തിയുടെ ഭരണകാലത്താണ് (1425-35).
15-ാം ശ.ത്തിന്റെ ഉത്തരാര്‍ധത്തിലാണ് ഓവര്‍ ഗ്ലേസ് അലങ്കരണം പ്രചാരത്തിലായത്. 16-ാം ശ.ത്തിന്റെ പൂര്‍വാര്‍ധത്തില്‍ പോഴ്‌സലിന്റെ പരിഷ്‌കരണത്തിനു കോട്ടമുണ്ടായെങ്കിലും ഗ്ലേസിന്റെ നിറങ്ങളില്‍ വൈവിധ്യമുണ്ടായി. തക്കാളിച്ചുവപ്പ് ആദ്യമായി ഉപയോഗിച്ചത് ഇക്കാലത്താണ്. കട്ടിയുള്ളതും തിളക്കമുള്ളതുമായ ഗ്ലേസ് കൊടുത്തുകൊണ്ടു നിര്‍മിച്ച പാത്രങ്ങള്‍ "ബ്ലാങ്ക് ഡി ചൈന'യെന്ന പേരില്‍ യൂറോപ്പില്‍ പ്രചരിച്ചു. കിയാങ് സു പ്രവിശ്യയിലെ ഇഹ്‌സിങ്ങില്‍ നിര്‍മിക്കപ്പെട്ട സ്റ്റോണ്‍വെയര്‍ "ബൊക്കാറോ പാത്രങ്ങള്‍' എന്ന പേരില്‍ യൂറോപ്പില്‍ പ്രചരിച്ചുവെന്നു മാത്രമല്ല, യൂറോപ്പിലാകമാനം അതിന്റെ അനുകരണങ്ങളുണ്ടാകുകയും ചെയ്‌തു. ചിങ് രാജവംശകാലത്താണ് (1644-1911) ഗ്ലേസിനു മുമ്പ് പ്രതലത്തില്‍ ഒരു നിറം പൂശുന്ന രീതി പ്രചാരത്തിലായത്. കോപ്പര്‍ റെഡ്, ബിന്‍ റെഡ് എന്നീ നിറങ്ങളാണ് ഇതിനുപയോഗിച്ചിരുന്നത്. കാങ്‌ഹ്‌സി ചക്രവര്‍ത്തിയുടെ കാലത്ത് "ഫമിലെ വെര്‍ട്ടെ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന "പച്ചനിറകുടുംബം' അലങ്കരണത്തിനുപയോഗിച്ചു. മഞ്ഞ, കറുപ്പ്, റോസ്, ചുവപ്പ് എന്നീ നിറങ്ങളില്‍ പച്ചനിറം കൂടുതലായി ചേര്‍ത്തിരുന്നതുകൊണ്ടാണ് ഈ പേരുണ്ടായത്.
യൂറോപ്പിന്റെ സ്വാധീനത്തിനു വിധേയമായതോടെ പില്‌ക്കാലത്തു ചൈനീസ് കലാരൂപങ്ങളില്‍ ചൈനയുടെ തനതായ അലങ്കരണ ശൈലികളോ ഗ്ലേസ് പ്രവിധികളോ ഉണ്ടായില്ല. ചൈനയുടെ സ്വാധീനത്തിനു വിധേയമായാണ് കൊറിയയിലും കളിമണ്‍ കലാരൂപങ്ങള്‍ സൃഷ്ടിക്കപ്പെട്ടത്. സില്ലാ രാജവംശകാലത്തെ ചാരതവിട്ട് സ്റ്റോണ്‍ വെയര്‍, കൊറ്യോ രാജവംശകാലത്തെ സെലഡോണ്‍ ഗ്ലേസുകള്‍, യി രാജവംശകാലത്തെ സ്‌ഗ്രാഫിറ്റോ രൂപരേഖകള്‍ അടങ്ങിയ "പഞ്ചുങ് പാത്രങ്ങള്‍' എന്നിവ ഉദാഹരണങ്ങളാണ്.
ജപ്പാന്‍
നിയോലിത്തിക് കാലത്താണ് ജപ്പാനില്‍ ആദ്യമായി കളിമണ്‍ പാത്രങ്ങള്‍ നിര്‍മിച്ചിരുന്നതെന്നു കരുതപ്പെടുന്നു. "ജോമൊന്‍' പാത്രങ്ങള്‍ എന്ന് പൊതുവേ വ്യവഹരിക്കപ്പെടുന്ന ഈ പാത്രങ്ങള്‍ കൈകൊണ്ടു നിര്‍മിച്ചതും നന്നായി ചുട്ടെടുക്കാത്തതും അധികം അലങ്കരണമില്ലാത്തതുമായിരുന്നു. ബി.സി. 200 മുതല്‍ എ.ഡി. 250 വരെ ജപ്പാനില്‍ പ്രചാരത്തിലിരുന്ന "യയോയ്' പാത്രങ്ങള്‍ക്കു "ജോമൊനെ' അപേക്ഷിച്ച് ചില സവിശേഷതകളുണ്ടായിരുന്നു. മൂശയില്‍ രൂപപ്പെടുത്തിയതും ചുവപ്പു നിറത്തിലുള്ളതുമായ ഈ പാത്രങ്ങള്‍ക്ക് വെങ്കല നിര്‍മിതികളുടെ സ്വാധീനം ഉണ്ടായിരുന്നു എന്നുപറയാം. കൊറിയയിലൂടെ എത്തിയ ചൈനീസ് സ്വാധീനവും ഇവിടെ പ്രകടമാണ്. എ.ഡി. മൂന്നാം നൂറ്റാണ്ടിന്റെ മധ്യം മുതല്‍ ആറാം നൂറ്റാണ്ടിന്‍െറ മധ്യം വരെ നിലവിലിരുന്ന റ്റുമുലസ് കാലഘട്ടത്തില്‍ പാത്രങ്ങള്‍ "ഭജി' എന്ന പേരിലാണ് അറിയപ്പെട്ടത്. "നൊബോറിഗാമ' എന്ന ഒരു പ്രത്യേകതരം ചൂള അന്നു പ്രചാരത്തിലിരുന്നു. ജപ്പാനിലെ ഇന്നത്തെ ചൂളകളുടെ സാങ്കേതികത്വത്തിന് അതില്‍ നിന്നും വലിയ മാറ്റം വന്നിട്ടില്ല. റ്റുമുലസ് കാലഘട്ടത്തിലെ "സുവേ' പാത്രങ്ങള്‍ കൊറിയന്‍ നിര്‍മിതികളുടെ ഒരനുകരണം തന്നെയായിരുന്നു.
നരാ (645-793), ഹിയന്‍ (784-1185) കാലങ്ങളിലെ നിര്‍മിതികളെക്കുറിച്ച് അധികം വിവരങ്ങള്‍ ലഭ്യമല്ല. തോടായ്‌ജി ക്ഷേത്രത്തില്‍ ശേഖരിച്ചിട്ടുള്ള പാത്രങ്ങളാണ് ഈ കാലഘട്ടത്തിലേതെന്ന് കരുതപ്പെടുന്നത്. ഷോമൂ ചക്രവര്‍ത്തിയുടെ നിര്യാണശേഷം അദ്ദേഹത്തിന്റെ വിധവ സൂക്ഷിച്ചുവച്ചിരുന്നുവെന്നു കരുതപ്പെടുന്ന ഈ പാത്രങ്ങളുടെ പ്രത്യേകത അവയിലെ പച്ച, വെള്ള, മഞ്ഞ നിറങ്ങളാണ്. താഴ്‌ന്ന താപനിലയില്‍ കൊടുത്ത റെഡ് ഗ്ലേസ് ഇവയുടെ ഒരു പ്രത്യേകതയാണ്. ഹിയന്‍ കാലഘട്ടത്തിന്റെ ആവിര്‍ഭാവത്തിനു മുമ്പുതന്നെ സോഫ്‌റ്റ് ഗ്ലേസ് മിനുസപ്പെടുത്തല്‍ അപ്രത്യക്ഷമായിരിക്കണം. പിന്നീടുള്ള ഫെല്‍സ്‌പതിക ഗ്ലേസുകള്‍ "ആഷ് ഗ്ലേസ്' എന്ന പേരിലറിയപ്പെടുന്നു. മിനോ, ഓവരി എന്നീ ജില്ലകളിലെ ചൂളകളില്‍ "ആഷ് ഗ്ലേസ് പ്രക്രിയ' അധികകാലം നീണ്ടു നിന്നു. റ്റീ മാസ്റ്റര്‍മാരുടെ ഇടയ്‌ക്ക് വളരെ പ്രചാരത്തിലിരുന്ന "യമാച്ചവാന്‍' കോപ്പകള്‍ ഇതില്‍പ്പെട്ടവയാണ്. ജപ്പാനിലെ ആറു പ്രാചീന ചൂള(kiln)കളില്‍ (സെതോ, ബിസെന്‍, ഷിഗറാകി, തംബാ, തകൊനാമെ, എകിസെന്‍) നിര്‍മിക്കപ്പെട്ടിരുന്നത് കൃഷിക്കാരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള രണ്ടടി പൊക്കമുള്ള ഭരണികളായിരുന്നു. ഇതില്‍ നിന്നെല്ലാം വ്യത്യസ്‌തമായ പാത്രങ്ങള്‍ നിര്‍മിച്ചിരുന്നത് ഓവരി പ്രവിശ്യയിലെ സെറ്റോയിലായിരുന്നു. ചൈനീസ് സെലഡോണിനെ അനുകരിച്ചു കൊണ്ടുള്ള കോപ്പകളും മറ്റും 11-ാം നൂറ്റാണ്ടില്‍ത്തന്നെ ഇവിടെ നിര്‍മിച്ചിരുന്നു. ആഷ് ഗ്ലേസിനുള്ള ഘടകങ്ങളില്‍ ഇരുമ്പു ചേര്‍ത്ത് പ്രത്യേക നിറങ്ങളും വരുത്തിയിരുന്നു. പുഷ്‌പാലങ്കരണങ്ങളായിരുന്നു ഈ പാത്രങ്ങളിലുണ്ടായിരുന്നത്. 1500 ആയതോടെ സെറ്റോയില്‍ ചായസത്‌കാരച്ചടങ്ങ് (Tea ceremony) പ്രചാരത്തിലായി. ഇതോടുകൂടി ചായസത്‌കാരത്തിനുവേണ്ടിയുള്ള ലളിതമായ അലങ്കരണങ്ങളുള്ള പ്രത്യേക കോപ്പകള്‍ നിര്‍മിക്കപ്പെട്ടു. "രാകു' എന്ന പ്രത്യേക തരം പാത്രങ്ങള്‍ക്കു രൂപം കൊടുത്തത് അമേയ എന്ന കലാകാരനാണ്. എദോ കാലഘട്ടത്തില്‍ (1603-1867) കകീമോണ്‍ എന്ന പേരില്‍ പിന്നീട് പ്രശസ്‌തമായ കളിമണ്‍പാത്രങ്ങള്‍ നിര്‍മിക്കപ്പെട്ടു. അറീറ്റയ്‌ക്കു സമീപം നിര്‍മിക്കപ്പെട്ട "നബിഷിമാ' പാത്രങ്ങളിലെ നിറം പൂശല്‍ പ്രക്രിയ ലളിതമായിരുന്നെങ്കിലും ജാപ്പനീസ് ഭൂദൃശ്യങ്ങളും തുണിത്തരങ്ങളിലെ ചിത്രീകരണങ്ങളും വിഷയകമാക്കിയുള്ള അലങ്കരണങ്ങള്‍ നടത്തിയിരുന്നു എന്നത് ശ്രദ്ധേയമാണ്.
അമേരിക്ക
യൂറോപ്യരുടെ ആഗമനം വരെ വടക്കേ അമേരിക്കയില്‍ വസിച്ചിരുന്ന ഗോത്രവര്‍ഗങ്ങള്‍ക്ക് മൂശയുടെ ഉപയോഗം വശമായിരുന്നില്ലെങ്കിലും കൈകൊണ്ടു രൂപപ്പെടുത്തിയ കളിമണ്‍ പാത്രങ്ങള്‍ അവര്‍ നിര്‍മിച്ചിരുന്നതായി കാണാം. എ.ഡി. ആദ്യശതകത്തില്‍ സ്ഥിരവാസമുറപ്പിച്ചതോടെയായിരിക്കണം വള്ളിക്കുട്ടകള്‍ നിര്‍മിച്ച് അവയുടെ അകവശം കളിമണ്ണ് കൊണ്ടു മെഴുകി സൂര്യപ്രകാശത്തില്‍ ഉണക്കിയെടുക്കുന്ന രീതി അവര്‍ സ്വായത്തമാക്കിയത്. എന്നാല്‍ രൂപപ്പെടുത്തിയ പാത്രങ്ങള്‍ അലങ്കരിക്കാന്‍ തുടങ്ങിയത് എ.ഡി. 700നോടടുത്ത കാലത്തു മാത്രമാണ്. തെക്കന്‍ അരിസോണയില്‍ അധിവാസമുറപ്പിച്ചിരുന്ന "ഹൊഹോകം' വര്‍ഗക്കാര്‍ അനുഷ്‌ഠാനകര്‍മങ്ങള്‍ക്കുവേണ്ടി നഗ്‌നസ്‌ത്രീരൂപങ്ങളുള്ള കളിമണ്‍ പാത്രങ്ങള്‍ നിര്‍മിച്ചിരുന്നു. 11ഉം 12ഉം നൂറ്റാണ്ടുകളില്‍ മെക്‌സിക്കോയില്‍ മത്സ്യമൃഗരൂപങ്ങള്‍ കൊണ്ട് അലങ്കരിച്ച ധാരാളം കളിമണ്‍ കലാരൂപങ്ങള്‍ നിര്‍മിക്കപ്പെട്ടു.
മധ്യ അമേരിക്കയില്‍ ബി.സി. 2-ാം സഹസ്രാബ്‌ദം തൊട്ടേ മായന്മാരും സപൊടെക്കുകളും ടോള്‍ടെക്കുകളും ആസ്‌ടെക്കുകളും കറുപ്പ്, തവിട്ട്, വെള്ള, ചുവപ്പ് എന്നീ നിറങ്ങളില്‍ പാത്രങ്ങള്‍ നിര്‍മിച്ച് അവയില്‍ ജ്യാമിതീയരൂപങ്ങള്‍ ആലേഖനം ചെയ്‌തിരുന്നു. തുണിത്തരങ്ങള്‍ക്കു നിറം കൊടുക്കുന്ന "ബാത്തിക്ക്' കലയോടു സാമ്യമുള്ള ഒരു രീതിയാണ് ഇക്കാലത്ത് മധ്യ അമേരിക്കക്കാര്‍ സ്വീകരിച്ചിരുന്നത്. പാത്രത്തിന്റെ ഉപരിതലം മെഴുകോ, പശയോ കൊണ്ടു പൊതിഞ്ഞശേഷം മെഴുക് ഭാഗികമായി ചുരണ്ടിക്കളയുകയും പിന്നീട് പാത്രത്തിന്റെ പ്രതലമാകെ ചായം പൂശുകയും ചെയ്യുന്നു. ചുടുന്ന സമയത്ത് പശയും മെഴുകും ഉരുകുന്നതോടെ ചുരണ്ടിയ ഭാഗത്തുമാത്രം നിറം അവശേഷിക്കും. ഇങ്ങനെ സൃഷ്ടിക്കപ്പെടുന്ന വര്‍ണരൂപങ്ങളോടൊപ്പം കൊത്തുപണികളും ചെയ്‌തുവന്നു.
ബി.സി. 600നും എ.ഡി. 1000നും ഇടയ്‌ക്ക് ബഹുവര്‍ണങ്ങളുള്ള മണ്‍പാത്രങ്ങള്‍ നിര്‍മിച്ച്, അവയില്‍ ചുവപ്പോ കറുപ്പോ നിറം കൊണ്ടുള്ള രൂപരേഖകള്‍ സൃഷ്ടിക്കുന്ന ഒരു വിദ്യ മായന്മാര്‍ വശമാക്കിയിരുന്നു. എ.ഡി. 4-ാം നൂറ്റാണ്ടിനും 10-ാം നൂറ്റാണ്ടിനുമിടയ്‌ക്കു സപൊടെക്കുകള്‍ തങ്ങളുടെ ദേവതകളുടെ രൂപങ്ങള്‍ കളിമണ്‍ കലാരൂപങ്ങളില്‍ പകര്‍ത്തിയിരുന്നു. ടോള്‍ടെക്കുകളും ആസ്‌ടെക്കുകളും ഓറഞ്ച് നിറത്തിലുള്ള മണ്‍പാത്രങ്ങള്‍ നിര്‍മിച്ച് അവയില്‍ അലങ്കരണങ്ങള്‍ വരുത്തുകയാണ് ചെയ്‌തിരുന്നത്. ജീനിച്ചുവടിന്റെ ആകൃതിയില്‍ നാളങ്ങളുള്ള ജഗ്ഗുകളാണ് ബി.സി. 2-ാം സഹസ്രാബ്‌ദത്തില്‍ തെക്കേ അമേരിക്കയിലുള്ള മധ്യ ആന്‍ഡീസിലെ ഗോത്രങ്ങള്‍ നിര്‍മിച്ചിരുന്നത്. ബാത്തിക് രീതിയിലുള്ള അലങ്കരണത്തിനു പുറമേ മനുഷ്യമൃഗരൂപങ്ങളും ചിത്രണം ചെയ്‌തിരുന്നു. പൂമാദേവതയുടെ വിവിധ രൂപങ്ങള്‍ ഈ കലാരൂപങ്ങളില്‍ ആലേഖനം ചെയ്‌തിട്ടുണ്ടെന്ന് കാണാം. മൊച്ചികാ സംസ്‌കാരത്തിന്‍െറ (പെറു) സംഭാവനയാണ് മനുഷ്യരുടെ തലയുടെ രൂപത്തിലുള്ള ഭരണികളും മറ്റും. പെറുവിലെ തന്നെ "നസ്‌കാ'കള്‍ അലങ്കരണത്തിന് ഉപയോഗിച്ചിരുന്ന നിറങ്ങളുടെ വൈവിധ്യമാണ് കളിമണ്‍ കലാരൂപ നിര്‍മാണരംഗത്ത് അവര്‍ക്ക് സ്ഥാനം നേടിക്കൊടുത്തത്. ചുവപ്പ്, നീല, മഞ്ഞ, ഓറഞ്ച്, പച്ച, തവിട്ട്, കറുപ്പ്, ചാരം, വെള്ള എന്നീ നിറങ്ങള്‍ കൂട്ടിയും കുഴച്ചും വിവിധ വര്‍ണരൂപങ്ങള്‍ വരുത്തുന്നതില്‍ ഇവര്‍ അസാമാന്യമായ വൈദഗ്‌ധ്യം നേടിയിരുന്നു. കുതിരയുടെ ജീനിയില്‍ ചവിട്ടാനുള്ള വളയങ്ങള്‍പോലെ രണ്ടു വളയങ്ങള്‍ നിര്‍മിച്ച് അവയെ ഒരു ചെറുപാളികൊണ്ടു യോജിപ്പിച്ച് ഒറ്റ നാളിയാക്കി നിര്‍മിക്കുന്ന പാത്രങ്ങളില്‍ മനുഷ്യരുടെ തലയുടെ രൂപവും പക്ഷിമൃഗാദികളുടെ രൂപങ്ങളും അതോടൊപ്പം ജ്യാമിതീയ മാതൃകകളും ആലേഖനം ചെയ്‌തിരുന്നു. ടിടിക്കാക്കാ തടാകത്തിന്റെ തീരങ്ങളില്‍ വസിച്ചിരുന്ന "ടിയാഹുവാന്‍കോ' ഗോത്രക്കാര്‍ക്കു നസ്‌കാകളുടെ വര്‍ണസങ്കലനം സാധ്യമായിരുന്നില്ലെങ്കിലും പൂമാദേവതയുടെ തലയും മറ്റും അലങ്കരണത്തിനു വിഷയകമായി സ്വീകരിച്ചിരുന്നു. മൊച്ചികായുടെ പിന്‍ഗാമികളായ ചിമുവര്‍ഗക്കാര്‍ കുതിരജീനിയും വളയവുമാണ് മാതൃകകളായി ഉപയോഗിച്ചത്. പ്രായോഗികത്വത്തിന് പ്രാധാന്യം കല്‌പിച്ചിരുന്ന ഇങ്കാകള്‍ അലങ്കരണത്തിനു വലിയ ശ്രദ്ധ കല്‌പിച്ചില്ല. ചുവപ്പു നിറത്തില്‍ മിനുസപ്പെടുത്തിയ പാത്രങ്ങള്‍ക്കായിരുന്നു പ്രിയം. ഇങ്കാകളുടെ ഇടയില്‍ പ്രചാരത്തിലിരുന്ന "അറിബല്ലോസ്' പാത്രങ്ങള്‍ക്ക് ഗ്രീക്ക് കളിമണ്‍ കലാരൂപത്തോടായിരുന്നു കൂടുതല്‍ സാദൃശ്യം. സ്‌പെയിന്‍കാര്‍ ഈ പ്രദേശത്ത് ആധിപത്യം ഉറപ്പിച്ചതോടെ ഇവിടത്തെ കളിമണ്‍ കലാരൂപ നിര്‍മാണചാതുരി നഷ്ടപ്രായമായി.
ആഫ്രിക്ക
ബി.സി. 750ല്‍ നിര്‍മിച്ചതെന്നു കരുതപ്പെടുന്ന കോപ്പകളും ജാറുകളും ജെബെല്‍മോയ, അബുഗെയ്‌ലി എന്നിവിടങ്ങളില്‍ നിന്നു കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. അമൂര്‍ത്തമോ ജ്യാമിതീയമോ ആയ രൂപങ്ങളാണ് കിഴക്കന്‍ ആഫ്രിക്കന്‍ കലാരൂപങ്ങളില്‍ അലങ്കരണത്തിനുപയോഗിച്ചിരുന്നത്. അയോയുഗത്തിന്റെ അന്ത്യഘട്ടത്തില്‍ കെനിയയിലും മറ്റും നിര്‍മിച്ചിരുന്ന നിത്യോപയോഗപാത്രങ്ങളുടെ ഉരുളന്‍ പ്രതലങ്ങളില്‍ ചെറിയ കുഴികളുണ്ടാക്കിയിരുന്നതുകൊണ്ട് അവയെ "നുണക്കുഴിപ്പാത്രങ്ങള്‍' (Dimple based pottery) എന്ന് വിളിച്ചുവന്നു. പൗരസ്‌ത്യരാജ്യങ്ങളില്‍ പ്രചാരത്തിലിരുന്ന ലോഹപ്പണികളുടെ സ്വാധീനത്തിനു വിധേയമായിട്ടായിരുന്നു എത്യോപ്യയില്‍ പാത്രങ്ങള്‍ നിര്‍മിച്ചിരുന്നത്. എത്യോപ്യയിലെ ധൂപക്കുറ്റികളും ജിറാഫിന്റെ രൂപം കൊത്തിവച്ച കറുത്ത ചഷകങ്ങളും പ്രശസ്‌തങ്ങളാണ്. തറയില്‍ കുഴിയുണ്ടാക്കി അതില്‍ വിരിച്ച പായയില്‍വച്ച് കളിമണ്ണ് രൂപപ്പെടുത്തുന്ന ഒരു രീതിയാണ് സുഡാന്‍െറ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളില്‍ നിലവിലിരുന്നത്. "പായ അടയാളമുള്ള കളിമണ്‍പാത്രങ്ങള്‍' എന്നൊരു ഇനം തന്നെ ഇങ്ങനെ രൂപംകൊണ്ടു. കെനിയയിലെ കംബഗോത്രജരായ ശില്‌പികള്‍ തങ്ങളുടെ നിര്‍മിതികളില്‍ അവരുടെ പേരിനെ സൂചിപ്പിക്കുന്ന അടയാളങ്ങള്‍ കൊത്തിവച്ചിരുന്നു. "കിക്കുയു' വര്‍ഗക്കാരുടെ പാത്രങ്ങളും "ബന്യോറോ' മണ്‍ പാല്‍ക്കുപ്പികളും ഉഗാണ്ടാറുവാന്‍ഡ എന്നിവിടങ്ങളിലെ അനുഷ്‌ഠാനാവശ്യങ്ങള്‍ക്കുള്ള വീഞ്ഞു കുപ്പികളും മിനുസം, ആകൃതി, അലങ്കരണം എന്നിവയുടെ കാര്യത്തില്‍ പ്രശംസാര്‍ഹങ്ങളാണ്.
കളിമണ്‍ കലാരൂപങ്ങളുടെ നിര്‍മാണശൈലിയെ സംബന്ധിച്ചിടത്തോളം പശ്ചിമാഫ്രിക്കയുടെ സംഭാവന ശ്രദ്ധാര്‍ഹമാണ്. പ്ലാസ്റ്റിക് അലങ്കരണങ്ങള്‍ക്കായിരുന്നു ഇവിടെ കൂടുതല്‍പ്രാധാന്യം. ചരിത്രാതീതകാലത്ത് ഉത്തരനൈജീരിയയില്‍ നിര്‍മിച്ചതെന്നു കരുതപ്പെടുന്ന ടെറാക്കോട്ടാ രൂപങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. അയോയുഗ കാലത്തെ ഫ്രഞ്ച് സുഡാനിലെ ശവകുടീരങ്ങളില്‍ നിന്ന് ഉത്‌ഖനനം ചെയ്യപ്പെട്ട കലാരൂപങ്ങളിലും പ്ലാസ്റ്റിക് അലങ്കരണങ്ങള്‍ കാണാം.
യാഥാതഥ്യകല ഏറ്റവും കൂടുതല്‍ പ്രകടമായിട്ടുള്ളത് തെ. പടിഞ്ഞാറന്‍ നൈജീരിയയില്‍പ്പെട്ട "ഐഫ്' എന്ന പ്രദേശത്താണ്. അവിടത്തെ ടെറാക്കോട്ടാ ശീര്‍ഷങ്ങളും മറ്റും ഇതിനുദാഹരണങ്ങളാണ്. എന്നാല്‍ ഈ യാഥാതഥ്യശൈലി പില്‌ക്കാലത്ത് വിസ്‌മൃതമായി. കളിമണ്‍ പാത്രങ്ങളുടെ ആകൃതിക്കു ചേര്‍ന്ന അലങ്കരണങ്ങള്‍ നല്‌കുന്നതില്‍ നൂപെ, യോറുബാ എന്നീ ഗോത്രക്കാര്‍ ശ്രദ്ധിച്ചിരുന്നു; അവരുടെ അനുഷ്‌ഠാന പാത്രങ്ങള്‍ ഇതിനു തെളിവു നല്‌കുന്നു. ഉത്തര നൈജീരിയയിലെ കാനോ എന്ന സ്ഥലത്തെ മൈക്ക കലര്‍ന്ന കളിമണ്ണുകൊണ്ട് പ്രതലം പൂശി, പാത്രങ്ങള്‍ക്ക് സ്വര്‍ണ നിറം നല്‌കിയിരുന്നു. പുകകൊണ്ടു കറുപ്പിച്ച പ്രതലങ്ങളായിരുന്നു ഘാനയിലെ അഷാന്തി മണ്‍പാത്രങ്ങളുടെ പ്രത്യേകത. ഉത്‌ഖനനം ചെയ്യപ്പെട്ട കാമെറൂണ്‍ ശില്‌പങ്ങള്‍ വൈവിധ്യത്തിലും ലാളിത്യത്തിലും മികച്ചവയാണ്. ഇവ അനുഷ്‌ഠാനാവശ്യങ്ങള്‍ക്കുള്ള ഉപകരണങ്ങളായിരുന്നു.
ഇന്ത്യ
ഇന്ത്യന്‍ കരകൗശല വിദ്യയുടെ ആദ്യസ്‌ഫുരണങ്ങള്‍ കാണപ്പെടുന്നത് മണ്‍പാത്രങ്ങളിലാണ്. നിയോലിത്തിക് കാലഘട്ടത്തിലെയും ആദിമശിലായുഗത്തിലെയും പാത്രങ്ങള്‍ മധുര, തിരുനെല്‍വേലി, സേലം, ബല്ലാറി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നു ലഭിച്ചിട്ടുണ്ട്. ചുവപ്പും കറുപ്പും നിറങ്ങളിലുള്ള ഇവയില്‍ വിരല്‍ത്തുമ്പ് പതിപ്പിച്ചും കൂര്‍ത്ത കമ്പുകൊണ്ടു വരഞ്ഞും ഭംഗിപ്പെടുത്തിയിരുന്നതായി കാണാം. തമിഴ്‌നാട്ടിലെ പല്ലവപുരത്തു നിന്നും ഉത്‌ഖനനം ചെയ്തെടുത്ത നന്നങ്ങാടികള്‍ക്ക് എട്രൂസ്‌കന്‍ ടെറാക്കോട്ടാ ശവകുംഭങ്ങളോടു വളരെ സാദൃശ്യമുണ്ട്. സിന്ധു നദീതട സംസ്‌കാരത്തിന്റെ ഭഗ്‌നാവശിഷ്ടങ്ങളില്‍ സാമാന്യം വലിയ ഒരു ഭാഗം കളിമണ്‍ ഉപകരണങ്ങളും കളിപ്പാട്ടങ്ങളും അലങ്കാര വസ്‌തുക്കളാണ്. കളിവണ്ടികള്‍, പക്ഷികളുടെ ആകൃതിയിലുള്ള ഊത്തുകള്‍, പാലൂട്ടുന്ന അമ്മക്കുരങ്ങുകളുടെ പ്രതിമകള്‍, മൃഗങ്ങളുടെയും പക്ഷികളുടെയും രൂപങ്ങള്‍, വിചിത്ര മുഖങ്ങളുള്ള കുള്ളന്മാരുടെ പ്രതിമകള്‍, ദേവതാശില്‌പങ്ങള്‍ തുടങ്ങി അനവധി കളിമണ്‍ ശില്‌പങ്ങള്‍ മൊഹന്‍ജൊദരോയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ബി.സി. 1000ല്‍ ത്തന്നെ ഇന്ത്യയില്‍ നിന്നു ഗ്ലേസ് ചെയ്‌ത കളിമണ്‍ കലാരൂപങ്ങള്‍ മെസൊപ്പൊട്ടേമിയയില്‍ എത്തിയിരുന്നു. അതിനു ശേഷം അവ ഈജിപ്‌തിലും പ്രചരിക്കുകയുണ്ടായി. കൊത്തുപണികള്‍ ചെയ്‌തതും വൈവിധ്യമേറിയ രൂപങ്ങള്‍ ഉള്ളതുമായ കളിമണ്‍പാത്രങ്ങള്‍ സിന്ധുനദീതട സംസ്‌കാരകാലത്ത് ഗൃഹങ്ങളില്‍ സാര്‍വത്രികമായി ഉപയോഗിച്ചിരുന്നതായി മനസ്സിലാക്കാം. ഇന്ത്യയിലാണ് ഗ്ലേസ് ചെയ്‌ത കളിമണ്‍പാത്രങ്ങള്‍ ആദ്യമായി നിര്‍മിക്കപ്പെട്ടതെന്നു കരുതപ്പെടുന്നു. മൊഹന്‍ജൊദരോ ശില്‌പികള്‍ കളിമണ്‍ നിര്‍മിതിയില്‍ ദീര്‍ഘകാലത്തെ പാരമ്പര്യമുള്ളവരായിരുന്നു എന്ന് ഉത്‌ഖനന വസ്‌തുക്കളില്‍ നിന്ന് മനസ്സിലാകുന്നു. വൃത്തത്തില്‍ കോര്‍ത്ത വൃത്തങ്ങള്‍ കൊണ്ടുള്ള ഒരു ചങ്ങല, പാത്രങ്ങള്‍ക്കു മുകളില്‍ വരച്ചുചേര്‍ക്കുന്ന രീതി സര്‍വസാധാരണമായിരുന്നു. വൃക്ഷങ്ങളുടെ രൂപങ്ങളും ആലേഖനം ചെയ്യപ്പെട്ടിരുന്നു. ഗുപ്‌തകാലഘട്ടത്തിലെ പാത്രങ്ങളില്‍ വൈവിധ്യമുള്ള നൂറു കണക്കിനു മൃഗശീര്‍ഷങ്ങള്‍ വരച്ചു ചേര്‍ത്തിരിക്കുന്നതായി കാണാം. ഭുവനേശ്വറിലെയും ബംഗാളിലെ ബിര്‍ബംപൂരിലെയും ക്ഷേത്രങ്ങളില്‍ വാസ്‌തുവിദ്യയോടൊപ്പം ഉപയോഗിച്ചിട്ടുള്ള കളിമണ്‍ കലാരൂപങ്ങള്‍ ഇന്ത്യന്‍ കലാകാരന്മരുടെ കരവിരുതിന് ഉദാഹരണങ്ങളാണ്. കൂജകള്‍, പൂപ്പാത്രങ്ങള്‍, ചഷകങ്ങള്‍ എന്നിവയുടെ അലങ്കരണത്തിനാണ് കൂടുതല്‍ പ്രാധാന്യം നല്‌കിക്കാണുന്നത്. പാകം ചെയ്യുന്നതിനും മറ്റും ഒരേ മണ്‍പാത്രങ്ങള്‍ വീണ്ടും വീണ്ടും ഉപയോഗിക്കുന്നതിനോട് വൈമുഖ്യമുള്ളവരായിരുന്നു പ്രാചീന ഭാരതീയര്‍. ഒരിക്കല്‍ ഉപയോഗിച്ച പാത്രങ്ങള്‍ നശിപ്പിച്ചു കളയുക സാധാരണമായിരുന്നു. പക്ഷേ ഈ പാത്രങ്ങളില്‍പ്പോലും പാകപ്പിഴകള്‍ ഉണ്ടായിരുന്നില്ലെന്നത് ശ്രദ്ധേയമാണ്; മാത്രമല്ല, അവ അലങ്കാരസമൃദ്ധവുമായിരുന്നു.
ഗ്ലേസ് ചെയ്‌തതും അല്ലാത്തതും ആയ കളിമണ്‍ ഉത്‌പന്നങ്ങളില്‍ വര്‍ണങ്ങള്‍ കൊടുക്കുന്ന രീതിയും പണ്ടുമുതല്‌ക്കേ ഭാരതത്തില്‍ പ്രചരിച്ചിരുന്നു. വര്‍ണശബളിമയുള്ള ഖുര്‍ജാ പൂപ്പാത്രങ്ങള്‍ പ്രസിദ്ധങ്ങളാണ്. ഡല്‍ഹി, റാംപൂര്‍, ഗ്വാളിയോര്‍ എന്നിവിടങ്ങളും പെയിന്റ് ചെയ്‌ത കളിമണ്‍ നിര്‍മിതികള്‍ക്ക് പ്രശസ്‌തങ്ങളാണ്. ഡല്‍ഹിയില്‍ പരമ്പരാഗതമായി നിര്‍മിക്കപ്പെട്ടുവരുന്ന "ടര്‍ക്വിസ് പോട്ടറി' പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നു. അള്‍വാറില്‍ നിര്‍മിച്ചുവരുന്ന അതീവലോലമായ കളിമണ്‍ കലാരൂപങ്ങള്‍ക്കു കടലാസിന്റെ കനമേയുള്ളു. ഇത് "കാഗസി' (കടലാസിനു തുല്യം) എന്നു തന്നെയാണ് അറിയപ്പെടുന്നത്. ജയ്‌പൂരിലെ കളിമണ്‍ നിര്‍മിതികളില്‍ പേര്‍ഷ്യന്‍ കലാശൈലിയുടെ സ്വാധീനം കാണാം. തവിട്ടുനിറവും മഞ്ഞനിറവും ഉള്ള പുഷ്‌പങ്ങളും പച്ചിലകളും ഇടകലര്‍ത്തിക്കൊണ്ടുള്ള അലങ്കരണമാണ് ജയ്‌പൂര്‍ ഉത്‌പന്നങ്ങളുടെ സവിശേഷത. കാശ്‌മീരില്‍ അതീവസുന്ദരങ്ങളായ കളിമണ്‍ കലാരൂപങ്ങള്‍ കാണപ്പെടുന്നുണ്ട്. അവയില്‍ മരതകപ്പച്ചയുടെ നിറമാര്‍ന്ന ചഷകങ്ങളും കൂജകളും പൂപ്പാത്രങ്ങളും ഉപ്പുഭരണികളും കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. ഉത്തര്‍പ്രദേശിലെ നിസാമബാദിലെ പണിക്കാര്‍ സാങ്കേതികത്വത്തില്‍ കൂടുതല്‍ മികച്ചവരാണ്. ചുട്ടെടുത്ത മണ്‍പാത്രങ്ങളില്‍ മെര്‍ക്കുറിയും ടിന്നും ചേര്‍ത്ത ഒരു ലോഹയൗഗികം തേച്ചു പിടിപ്പിച്ച്, കറുപ്പിച്ച ശേഷം അതിന്റെ മുകളില്‍ വെള്ളികൊണ്ട് ഉച്ചിത്രണം നടത്തി ഭംഗിപ്പെടുത്തുന്ന ഒരു രീതിയാണ് അവിടെ സ്വീകരിച്ചിട്ടുള്ളത്. ഉത്തര്‍പ്രദേശിലെ ചുനാറില്‍ നിര്‍മിച്ചുവരുന്ന കടുംചുവപ്പുപാത്രങ്ങളും പ്രസിദ്ധങ്ങളാണ്. ബറാംപൂര്‍ (ബംഗാള്‍), വെല്ലൂര്‍, വടക്കേ ആര്‍ക്കാട്, കുംഭകോണം എന്നീ സ്ഥലങ്ങളും ഗ്ലേസ് ചെയ്‌ത കളിമണ്‍ ഉത്‌പന്നങ്ങള്‍ക്കു പ്രസിദ്ധങ്ങളാണ്. മഞ്ഞ നിറത്തിലുള്ള മണ്ണും മറ്റു ചില വസ്‌തുക്കളും കൂട്ടിയെടുത്ത ഒരു മിശ്രിതം കൊണ്ട് ചിത്രപ്പണി ചെയ്‌തിട്ടുള്ള കറുത്ത കളിമണ്‍പാത്രങ്ങള്‍ മധുരയില്‍ നിര്‍മിച്ചുവരുന്നു. നൂറ്റാണ്ടുകളായിത്തന്നെ ഈ രീതി അവിടെ നിലനില്‌ക്കുന്നുണ്ട്.
ആധുനിക യുഗം
19-ാം നൂറ്റാണ്ടിലെ വ്യവസായവത്‌കരണം മറ്റു പല കരകൗശലവിദ്യകളെയും പോലെ കളിമണ്‍ കലാശൈലിയെയും പ്രതികൂലമായി ബാധിക്കുകയാണുണ്ടായത്. വന്‍തോതിലുള്ള ഉത്‌പാദനം മാത്രമായി വ്യവസായികളുടെ ലക്ഷ്യം. കലയുടെ തനിമ ഇതോടെ വിസ്‌മരിക്കപ്പെട്ടു. നൂറ്റാണ്ടുകളിലൂടെ നേടിയെടുത്ത പല അലങ്കരണരീതികളും പാടെ അവഗണിക്കപ്പെട്ടു. ഏതാണ്ട് ഒരു നൂറ്റാണ്ടോളം ഈ അവസ്ഥ തുടരുകയാണുണ്ടായത്. ഇതിനെതിരായി ശബ്‌ദമുയര്‍ത്തുകയും കളിമണ്‍കലയെ പുനരുദ്ധരിക്കുകയും ചെയ്‌തവരില്‍ ഫ്രഞ്ചുകലാകാരന്മാരായ തിയഡോര്‍ഡെക്ക്, ഏണസ്റ്റ് ചാപ്പലെറ്റ്, അഗസ്റ്റ് ദെലാര്‍ഷെ എന്നിവരും; ഇംഗ്ലീഷുകാരായ മാര്‍ട്ടിന്‍ സഹോദരന്മാര്‍, വില്യം ഡിമോര്‍ഗന്‍ എന്നിവരും പരാമര്‍ശമര്‍ഹിക്കുന്നു.
ഇസ്‌ലാമിക പാത്രങ്ങളുടെ ലസ്റ്റര്‍, ചൈനയുടെ ചുവന്ന കോപ്പര്‍ ഗ്ലേസ്, ഇറ്റാലിയന്‍ പാത്രങ്ങളിലെ ടിന്‍ ഗ്ലേസ്, ജപ്പാന്റെ റാകുവെയര്‍ തുടങ്ങിയവയുടെ സാങ്കേതികത്വം പുനരുദ്ധരിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. "അവാങ് ഗാര്‍ദെ' കലാകാരന്മാരും ഇതിനു വേണ്ടി യത്‌നിക്കുകയുണ്ടായി. കളിമണ്‍കലയെക്കുറിച്ച് പഠിപ്പിക്കാനുള്ള സാങ്കേതികസ്ഥാപനങ്ങളും 20-ാം നൂറ്റാണ്ടില്‍ പലയിടത്തും ആരംഭിച്ചു. ആഗോളവ്യാപകമായി കളിമണ്‍കലാരൂപങ്ങളുടെ പ്രദര്‍ശനങ്ങള്‍ നടന്നുവരുന്നു. ഇന്നു കലയുടെ ഒരു പ്രധാന വിഭാഗമായിത്തന്നെ "സിറാമിക്‌സ്' കണക്കാക്കപ്പെടുന്നു. മാത്രമല്ല, ഉപയോഗപ്രദമായ പാത്രങ്ങളുടെ നിര്‍മിതിയെക്കാള്‍ അലങ്കരണസമൃദ്ധമായ ശില്‌പങ്ങളുടെ നിര്‍മിതിയിലാണ് കൂടുതല്‍ ശ്രദ്ധിക്കുന്നതും. ആധുനിക കലാശൈലികളായ നിയോദാദാ, ഫങ്ക്, പോപ്പ് തുടങ്ങിയവയുടെ സ്വാധീനവും കളിമണ്‍ കലയില്‍ പ്രതിഫലിക്കുന്നുണ്ട്
അവസാനം പരിഷ്കരിച്ചത് : 2/15/2020
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍
ഇന്ത്യയിലെ സംസ്ഥാനങ്ങളും അതിന്റെ തലസ്ഥാനങ്ങളും