Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

വിജയകരമായ തൊഴില്‍ ജീവിതം

വിജയകരമായ തൊഴില്‍ ജീവിതത്തെ സംബന്ധിക്കുന്ന കൂടുതല് വിവരങ്ങള്

തൊഴില്‍, വിദ്യാഭ്യാസം, മാര്‍ഗ്ഗദര്‍ശനം എന്നിവയുടെ പ്രസക്തി

തൊഴിലുകളെപ്പറ്റിയുള്ള ഉള്‍ക്കാഴ്ചയില്‍ ഊന്നിയ വിദ്യാഭ്യാസവും അതിന്‍െറ ഭാഗമെന്ന നിലയില്‍ ശരിയായ ദിശാബോധത്തിലൂന്നിയുള്ള മാര്‍ഗ്ഗ ദര്‍ശനവും  വളരെ പ്രധാനമാണ്.  കാരണം, ഒരു തൊഴിലില്‍ പ്രവേശിക്കാന്‍ ഒരുങ്ങുന്ന വ്യക്തിക്ക് തൊഴില്‍ രംഗത്തെക്കുറിച്ചു പൊതുവേയും ഓരോ തൊഴിലിന്‍െറ സവിശേഷതകളെക്കുറിച്ച് പ്രത്യേകിച്ചും വേണ്ടത്ര ഉള്‍ക്കാഴ്ച കാണില്ല.  പരമ്പരാഗതമായി തൊഴിലുകള്‍ സ്വീകരിച്ചുപോന്ന പഴയകാലത്ത് അനുഭവങ്ങളിലൂടെ ചെറുപ്പം മുതല്‍ തന്നെ ഇത് ഒട്ടൊക്കെ കിട്ടുമായിരുന്നു.  ഇന്നത്തെ സാഹചര്യം അതല്ല. തൊഴില്‍ രംഗത്തിന്‍െറ സങ്കീര്‍ണ്ണ സ്വഭാവം മൂലം തികഞ്ഞ അപരിചിതത്വം നിലനില്‍ക്കുന്നു.  ഒരു തൊഴിലില്‍ പ്രവേശിക്കും മുമ്പ് വ്യക്തിയാര്‍ജ്ജിക്കേണ്ട ദിശാബോധത്തിന്‍െറ അഭാവത്തില്‍ തെറ്റായ ലക്ഷ്യങ്ങളിലേക്കാവും മിക്ക വ്യക്തികളും എത്തിപ്പെടുക. ഫലമോ അവനവന്‍െറ കഴിവുകള്‍ക്കും താല്‍പര്യങ്ങള്‍ക്കും പ്രേരണകള്‍ക്കും നിരക്കാത്ത രംഗങ്ങളില്‍ വ്യക്തി അകപ്പെട്ടുപോകുന്നു.  തനിക്കു പറ്റിയ രംഗം ഇതായിരുന്നില്ല എന്ന് വൈകി മാത്രം കിട്ടുന്ന അനുഭവപാഠം അയാളെ നിരാശനാക്കുന്നു.  അപ്പോഴേക്കും അതുവിട്ട് മറ്റൊരിടം തേടാനുള്ള സാഹചര്യം നഷ്ടപ്പെട്ടിരിക്കും.  തന്‍െറ പ്രവര്‍ത്തന മേഖലയുമായി ഇണങ്ങിച്ചേരാന്‍ പറ്റാത്ത ആ നിര്‍ഭാഗ്യവാന്‍ ജീവിതകാലം മുഴുവന്‍ വെറുപ്പും നിരാശയും അടക്കിവച്ച് ഇഷ്ടമില്ലാത്ത രംഗത്ത് പ്രവര്‍ത്തിക്കാന്‍ വിധിക്കപ്പെടുന്നു.  തൊഴില്‍ രംഗത്തെ ഈ പൊരുത്തമില്ലായ്മ കുടുംബജീവതത്തിലും സാമൂഹ്യജീവിതത്തിലും പ്രതിഫലിക്കുന്നു.

ഇനി, ആ വ്യക്തി നിര്‍വഹിക്കേണ്ട തൊഴിലില്‍ നിന്ന് സമൂഹത്തിനുണ്ടാ കേണ്ട നേട്ടങ്ങളുടെ കാര്യമോ?  ഉല്‍പാദനക്ഷമതയാണല്ലോ ഏതൊരു തൊഴിലിന്‍െറയും വിജയത്തിന്‍െറ അടിത്തറ.  അസംതൃപ്തനായ പ്രവര്‍ത്തകനില്‍ നിന്ന് പരമാവധി ഉല്‍പാദനക്ഷമത പ്രതീക്ഷിക്കേണ്ടതില്ല.  അതൊരു നഷ്ടം. അയാളുടെ വിദ്യാഭ്യാസത്തിനുവേണ്ടി സമൂഹം ചെലവഴിച്ച പണത്തിന്‍െറയും സമയത്തിന്‍േറയും റിട്ടേണ്‍സ് അയാളില്‍ നിന്ന് കിട്ടുകയില്ല എന്ന നഷ്ടം വേറെയും.

ചുരുക്കത്തില്‍, അശാസ്ത്രീയമായ തിരഞ്ഞെടുപ്പ് വ്യക്തിക്കും സമൂഹത്തിനും വമ്പിച്ച നഷ്ടത്തിന് കാരണമാകുന്നു.  ഇക്കാരണത്താലാണ് തൊഴിലുകളുടെ തിരഞ്ഞെടുപ്പ് ശ്രദ്ധാപൂര്‍വം നടത്തണം എന്ന് പറയുന്നത്.  അതിന് സമൂഹത്തെയും വ്യക്തിയെയും പ്രാപ്തരാക്കുന്നതിന് തൊഴില്‍ സംബന്ധമായ വിദ്യാഭ്യാസവും മാര്‍ഗ്ഗ ദര്‍ശനവും കൂടിയേതീരൂ.   ഈ മാര്‍ഗ്ഗ ദര്‍ശനം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമല്ല തൊഴിലില്‍ വ്യാപരിച്ചുകൊണ്ടിരിക്കുന്ന വ്യക്തികള്‍ക്കും ആവശ്യമാണ്. ഈ തത്വം ഇന്ന് പൊതുവേ അംഗീകരിക്കപ്പെട്ടിരിക്കുന്നു.

തൊഴില്‍ മേഖലകളുടെ സങ്കീര്‍ണ്ണത

തൊഴിലുകളുടെയും അവയിലേക്ക് നയിക്കുന്ന പഠനപരിപാടികളുടെയും ശരിയായ തിരഞ്ഞെടുപ്പ് അത്ര എളുപ്പമല്ല. ഇവയ്ക്ക് ഇന്നുള്ള സങ്കീര്‍ണ്ണ സ്വഭാവമാണ് ഈ പ്രയാസത്തിന് മുഖ്യകാരണം. തിരഞ്ഞെടുക്കാന്‍ വേണ്ടി പരിഗണിക്കാവുന്ന വ്യത്യസ്ത തൊഴിലുകളുടെ പേരുകള്‍ സ്വയം ഓര്‍ത്തുനോക്കുന്നത് രസാവഹമാണ്.  വിദ്യാസമ്പന്നനായ ഒരു വ്യക്തിയോടുതന്നെ ഇതിനായി ആവശ്യപ്പെട്ടു നോക്കൂ. ഡോക്ടര്‍, എഞ്ചിനീയര്‍, അദ്ധ്യാപകന്‍, നഴ്സ്, ടെക്നീഷ്യന്‍, ക്ലാര്‍ക്ക്... ഇങ്ങനെ ഏതാനുമെണ്ണം പെട്ടെന്ന് ഓര്‍മ്മയില്‍വരും. എന്നാല്‍ ആ പട്ടിക അധികം നീളുകയില്ല. മിക്കവരുടെ കാര്യത്തിലും ഏറിയാല്‍ ഒരു മുപ്പത് അല്ലെങ്കില്‍ അങ്ങേയറ്റം അന്‍പത്. അവിടം കൊണ്ട് അതവസാനിക്കും. തൊഴിലിനു സഹായകമായ പഠന ശാഖകളെപ്പറ്റിയാണ് അന്വേഷിച്ചാലും സ്ഥിതി മറിച്ചാവില്ല.

അതേ സമയം എന്താണ് യാഥാര്‍ത്ഥ്യം? ഭാരതത്തില്‍ നിലവിലുള്ള തൊഴിലുകള്‍ സമാഹരിച്ച് പട്ടികയാക്കിയ ഒരു പ്രസിദ്ധീകരണമുണ്ട്-നാഷണല്‍ ക്ലാസിഫിക്കേഷന്‍ ഓഫ് ഒക്യൂപേഷന്‍. അതില്‍ വളരെ മുമ്പുതന്നെ പതിനായിരത്തിലേറെ വ്യത്യസ്ത തൊഴിലുകള്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇപ്പോള്‍ അതിലും എത്രയോ അധികമായിരിക്കും പുതിയ സംഖ്യ. ഡിക്ഷ്ണറി ഓഫ് ഒക്യുപേഷണല്‍ ടൈറ്റില്‍സ് എന്ന സമഗ്ര പ്രസിദ്ധീകരണമനുസരിച്ച് ലോകത്തൊട്ടാകെയുള്ള തൊഴിലുകളുടെ എണ്ണം ഇതിന്‍െറ എത്രയോ മടങ്ങാണ്.  ഒരുവശത്ത് തൊഴിലില്ലായ്മയെക്കുറിച്ച് വിലപിക്കുമ്പോള്‍ മറുവശത്ത് ഉള്ള തൊഴിലുകളെപ്പറ്റിയുള്ള അജ്ഞത അവിശ്വസനീയമാം വിധം ഭീമമാണ് എന്ന സ്ഥിതി നിലനില്‍ക്കുന്നു.

തൊഴില്‍ തിരഞ്ഞെടുക്കാന്‍ പരിശ്രമിക്കുന്ന വ്യക്തികള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കും വിധം തൊഴിലുകളെയും അവയുടെ സവിശേഷതകളെയും ഓരോന്നിന്‍െറയും വിദ്യാഭ്യാസാവശ്യങ്ങളെയും കുറിച്ച് സൂക്ഷ്മ വിവരം നല്‍കുന്ന ഏജന്‍സികളും പ്രസിദ്ധീകരണങ്ങളും നിരവധിയുണ്ട്. അവയെപ്പറ്റിയുള്ള  വിവരങ്ങളും സൂചനകളും നല്‍കുകയെന്നതും തൊഴില്‍ വിദ്യാഭ്യാസത്തിന്‍െറയും മാര്‍ഗ്ഗദര്‍ശനത്തിന്‍െറയും ഭാഗമത്രേ.

പൊരുത്തക്കേടിന്റെ പ്രശ്നങ്ങള്‍

കണിയാനെപ്പിടിച്ചു തെങ്ങിലേറ്റുക, പോലീസിനെ പിടിച്ച് പേഷ്ക്കാരാക്കുക-നാട്ടിന്‍പുറങ്ങളില്‍ പ്രയോഗത്തിലുള്ള ശൈലികളാണിവ. എന്താണ് ഇവയുടെ സൂചന? ഒരു പ്രത്യേക തൊഴിലിന് അനുയോജ്യരല്ലാത്തവരെ അതിന് നിയോഗിക്കുന്നതിലെ അനൗചിത്യവും അതിന്‍െറ ദുരന്ത ഫലങ്ങളുമാണ് ഇവ സൂചിപ്പിക്കുന്നത്. സ്ക്വയര്‍ പ്ലഗ്ഗ്സ് ഇന്‍ റൗണ്ട് ഹോള്‍സ് എന്ന ഇംഗ്ലീഷ് പ്രയോഗം  ഇതാണ് അര്‍ഥമാക്കുന്നത്. സമചതുരാകൃതിയിലുള്ള ഒരു ആപ്പ് കൊണ്ട് വൃത്താകൃതിയായ ദ്വാരം ഭദ്രമായി അടയ്ക്കാനാവില്ലല്ലോ. അതുവഴിയുണ്ടാകുന്ന വിടവിലൂടെ ക്ഷുദ്രജീവികള്‍ക്ക് അകത്തുകടന്ന് താമസമാക്കാം!

ശ്രമിച്ചാല്‍, പരിശീലിപ്പിച്ചാല്‍ ആര്‍ക്കും ഏതു തൊഴിലിലും നൈപുണ്യം നേടിക്കൂടേ എന്ന് തോന്നാം. പറ്റില്ല എന്നതാണല്ലോ അനുഭവം. ദുര്‍ബ്ബലന്‍ യുദ്ധക്കളത്തില്‍ തോക്കേന്തിയാലോ? ആരോടും സംസാരിക്കാത്ത വ്യക്തി ഒരു ഉല്‍പന്നം വില്‍ക്കാനായി നാട്ടിലിറങ്ങിയാലോ?  ഒരെണ്ണം പോലും വില്‍ക്കാല്‍ കഴിഞ്ഞില്ലെങ്കില്‍ അതയാളെ  നിരാശനാക്കി മൂലയിലിരുത്തും എന്നതിനു സംശയമുണ്ടോ? ദുര്‍മുഖവും ശുണ്ഠിയും നിറഞ്ഞ പെണ്‍കുട്ടി വിനോദസഞ്ചാരികളെ സ്വീകരിക്കുന്ന റിസപ്ഷനിസ്റ്റോ എയര്‍ഹോസ്റ്റസോ ആയാലത്തെ സ്ഥിതിയെന്താവും? വാക്കുകള്‍ തപ്പിത്തടഞ്ഞ് മാത്രം പറയാനാവുന്ന പണ്ഡിതന്‍ അധ്യാപകനായി ക്ലാസ്സില്‍ എത്തിയാലോ? അതുപോലെ പൊതുവേ സഭാകമ്പമുളള ഗായിക ഒരു ഗാനമേളയ്ക്ക് എത്തിയാലോ? ചുരുക്കത്തില്‍ തൊഴില്‍ രംഗത്ത്  ഇന്ന് നാം കാണുന്ന ഇത്തരം പൊരുത്തക്കേടുകളാണ് ആ മേഖലയിലെ പ്രശ്നങ്ങള്‍ക്ക് മുഖ്യകാരണം.

തൊഴിലിന്‍റെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഘടകങ്ങള്‍

തൊഴില്‍ രംഗവും അതുമായിബന്ധപ്പെട്ട പഠന രംഗവും ഇന്ന്  അതീവ സങ്കീര്‍ണ്ണമാണ്. വ്യക്തി, തനിക്ക് അനുയോജ്യമല്ലാത്ത തൊഴിലില്‍ പ്രവേശിച്ചാല്‍ അയാള്‍ക്കും സമൂഹത്തിനും സംഭവിക്കുന്ന നഷ്ടവും വലുതാണ്. ഈ സാഹചര്യത്തിലാണ് വ്യക്തിക്ക് പറ്റിയ തൊഴില്‍ തിരഞ്ഞെടുക്കുക എന്ന പ്രശ്നം തൊഴില്‍ ദായകരും തൊഴിലന്വേഷകരും ഗൗരവമായി കാണണം എന്ന് പറയുന്നത്.

ഏതൊക്കെ ഘടകങ്ങളാണ് ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത്? ആദ്യം വേണ്ടത് വ്യക്തി അയാളുടെ തിരഞ്ഞെടുപ്പിനായി പരിഗണിക്കുന്ന തൊഴിലിന്‍െറ സവിശേഷതകള്‍ വിശദമായും ഉള്‍ക്കാഴ്ചയോടെയും അറിയുക. ഈ സവിശേഷതകള്‍ മിക്കവര്‍ക്കും അറിയില്ല. പ്രവൃത്തി സ്ഥലത്തിന്‍െറ പ്രത്യേകതപോലും സുപ്രധാനമാണ്. ഭൗതികവും സാമൂഹികവുമായ പരിസ്ഥിതിയുടെ സ്വഭാവം, കാലാവസ്ഥ, സ്വീകരിക്കേണ്ടിവരുന്ന ജീവിതശൈലി തുടങ്ങിയവ ഇതില്‍പ്പെടും. തൊഴിലില്‍ വിജയിക്കണമെങ്കില്‍ വേണ്ടിവരുന്ന കായികശേഷിയുടെ സ്വഭാവവും മാനസിക ശേഷികളും വ്യക്തിത്വ സവിശേഷതകളും ഒക്കെ ആ തൊഴിലിന്‍െറ പ്രത്യേകതയ്ക്കൊത്ത് അറിയേണ്ടതുണ്ട്. വരുമാനം, ജോലിസമയം, വിശ്രമവിനോദസാധ്യതകള്‍, കുടുംബ ജീവിതത്തെ ബാധിക്കാവുന്ന പ്രത്യേകതകള്‍, ഭാവി ഭദ്രത തുടങ്ങി എത്രയോ കാര്യങ്ങള്‍ പരിശോധിക്കണം. തൊഴിലിന്‍െറ ലഭ്യതക്ക് തടസമാകുന്ന കടമ്പകളും അറിയേണ്ടതുണ്ട്.

ഇതേപോലെതന്നെ പ്രധാനമാണ് വ്യക്തിയെ സംബന്ധിച്ച വിശദാംശങ്ങളും. ശാരീരിക ഘടന, ആരോഗ്യനില, അക്കാദമിക നേട്ടങ്ങളുടെ സ്വഭാവം, ബൗദ്ധിക നിലവാരം, താല്‍പര്യങ്ങള്‍, മനോഭാവങ്ങള്‍, വാസനകള്‍, ഉത്ക്കര്‍ഷേച്ഛയുടെ സ്വഭാവം, കുടുംബ ബന്ധങ്ങളുടെ പ്രത്യേകതകള്‍, സാമ്പത്തിക നേട്ടങ്ങളോടുള്ള കാഴ്ചപ്പാട് എന്നിങ്ങനെ എന്തെല്ലാം കാര്യങ്ങള്‍ അറിയണം. കാരണം, തൊഴിലിന്‍െറ പ്രത്യേകതകളും വ്യക്തിയുടെ പ്രത്യേകതകളും പൊരുത്തപ്പെട്ടാല്‍ മാത്രമേ തൊഴിലിലെ സംതൃപ്തി  ഉറപ്പുവരുത്താനാവൂ. അപഗ്രഥനത്തിലൂടെ കണ്ടെത്തുന്ന ഘടകങ്ങളില്‍, പരമാവധിയെണ്ണത്തിന് ഒന്നിനൊന്ന് പൊരുത്തമുണ്ടെങ്കില്‍ ആ തൊഴിലാവും ഏറ്റവും അഭികാമ്യം.

വ്യക്തിത്വ ഗുണങ്ങള്‍ കണ്ടെത്തല്‍

ഒരു തൊഴിലിന് അതിന്‍റേതായ സവിശേഷതകള്‍ കാണും. അതിനൊത്ത് ആ തൊഴില്‍ കാര്യക്ഷമമായി ചെയ്യാന്‍ സഹായകമാകുന്ന നിരവധിശേഷികളും കഴിവുകളും തൊഴില്‍ ഏറ്റെടുക്കുന്ന വ്യക്തിക്ക് ഉണ്ടായിരിക്കണം.  ഈ ഘടകങ്ങളുടെ കൂട്ടത്തില്‍ സുപ്രധാനമാണ് വ്യക്തിത്വ(സ്വത്വ) സവിശേഷതകള്‍(പേഴ്സണാലിറ്റി ട്രെയ്റ്റ്സ്). ഓരോ വ്യക്തിക്കും തനിമയുള്ള ഒരു സ്വത്വം (വ്യക്തിത്വം) ഉണ്ടെന്നത് അംഗീകൃത വസ്തുതയാണ്. സ്വത്വത്തിന്‍െറ തനിമ, ഏറിയും കുറഞ്ഞും അയാളുടെ ഏതു വ്യവഹാരത്തിലും പ്രതിഫലിക്കുന്നുണ്ടാവും. നോക്കിലും വാക്കിലും പ്രതികരണങ്ങളിലും ശേഷികളിലും താല്‍പര്യങ്ങളിലും മനോഭാവങ്ങളിലും ഒക്കെ സ്വത്വ സവിശേഷതകള്‍ നിഴലിടും. വ്യക്തിയുടെ ഈ സവിശേഷതകളും തൊഴിലിന്‍െറ പ്രത്യേകതകളും പൊരുത്തപ്പെടുമ്പോള്‍ ആ പ്രവര്‍ത്തനത്തില്‍ അയാളുടെ കാര്യക്ഷമത വര്‍ദ്ധിക്കുന്നു.

വ്യക്തിത്വ സവിശേഷതകളില്‍ ചിലത് മൗലികവും മറ്റ് ചിലത് അത്ര ശക്തമല്ലാത്തതുമാകാം.  ഏതായാലും സ്വത്വ സവിശേഷതകള്‍ ജന്മനാല്‍ ലഭിക്കുന്ന പ്രവണതകളുടെ പ്രതിഫലനമാണ്. കേന്ദ്രനാഡീവ്യൂഹത്തിന്‍െറ പ്രത്യേകതകളില്‍ നിന്നാണ് ഈ സവിശേഷതകള്‍ ഉടലെടുക്കുന്നത്.  അനുഭവം കൊണ്ടും പരിശീലനം കൊണ്ടും ഇവയുടെ സ്വഭാവത്തില്‍ പ്രയോജനകരമായ മാറ്റം വരാമെങ്കിലും അവയുടെ അടിസ്ഥാന സ്വഭാവം മാറുകയില്ല.

ഉദാഹരണമായി, ചിലര്‍ ജന്മനാ കൂടുതല്‍ അന്തര്‍മുഖരായിരിക്കും. എപ്പോഴും അറിയാതെ സ്വയം ഉള്ളിലേക്ക് നോക്കിപ്പോകുന്ന പ്രവണത അവര്‍ കാണിക്കും. കടുത്ത അന്തര്‍മുഖത്വമാണെങ്കില്‍ സമൂഹത്തില്‍ നിന്ന് വിട്ടൊഴിഞ്ഞ് ഏകാന്തമായി കഴിയാനാകും ഇവര്‍ ഇഷ്ടപ്പെടുക. മറിച്ച്, വ്യക്തി കൂടുതല്‍ ബഹിര്‍മുഖനാണെങ്കില്‍ സമൂഹവുമായി ഇടപഴകുന്നതില്‍ തല്‍പരനാകും.  കടുത്ത ബഹിര്‍മുഖത്വമായാല്‍ ഈ ബാഹ്യ വ്യവഹാരം ചിലപ്പോള്‍ സമൂഹവിരുദ്ധം പോലുമാകാം. ഈ വ്യത്യാസങ്ങള്‍ തൊഴില്‍ രംഗത്തും പ്രതിഫലിക്കുമല്ലോ. തൊഴിലുകളില്‍ ചിലതിന് അന്തര്‍മുഖത്വം സഹായകമാകും.  ഉദാഹരണം ഗവേഷണം.  മറ്റ് ചിലതിന് ബഹിര്‍മുഖത്വവും; ഉദാഹരണം ഗ്രാമസേവകന്‍. സാമൂഹികാഭിമുഖ്യമാണ് (സോഷ്യാലിറ്റി) മറ്റൊരു സ്വഭാവസവിശേഷത.  ഈ സവിശേഷത ശക്തമാണെങ്കില്‍ വ്യക്തി, സമൂഹത്തിലെ അംഗങ്ങളുമായും സാമൂഹിക പ്രശ്നങ്ങളുമായും ഇഴുകിച്ചേരും. മറിച്ചാണെങ്കില്‍ അയാള്‍ കഴിയുന്നത്ര അതില്‍ നിന്നൊക്കെ പിന്‍വാങ്ങും.  ആര്‍ജ്ജവം, ഫലിത ബോധം, വിധേയത്വം, അധീശ മനോഭാവം, ആര്‍ദ്രത, ചാഞ്ചല്യം എന്നിങ്ങനെ നിരവധി സ്വത്വ സവിശേഷതകളുണ്ട്.  ഒരു വ്യക്തിക്ക് ഒരു പ്രത്യേക തൊഴിലിന്‍െറ സ്വഭാവത്തിന് അനുയോജ്യമായ സ്വത്വ സവിശേഷതകളില്ലെങ്കില്‍ അയാള്‍ ആ രംഗത്ത് ഒരു മിസ്സ്ഫിറ്റ് ആയിരിക്കും എന്ന് പറയേണ്ടതില്ലല്ലോ.

ചുരുക്കത്തില്‍ തൊഴിലുകളുടെ സ്വഭാവവും വ്യക്തിയുടെ സ്വത്വ സവിശേഷതകളും ആഴത്തില്‍ പഠിച്ചിട്ടുവേണം ഒരു തൊഴില്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്.  തൊഴിലിലെ കാര്യക്ഷമത ഉന്നമാക്കുന്ന തൊഴില്‍ ദായകരും തൊഴിലിലെ സംതൃപ്തിയും തൊഴില്‍ സംസ്കാരവും വിലമതിക്കുന്ന തൊഴിലന്വേഷകരും ഇക്കാര്യത്തില്‍ ശ്രദ്ധിക്കണമെന്ന് സാരം.

സാമാന്യശേഷികളുടെയും സവിശേഷശേഷികളുടെയും കണ്ടെത്തല്‍

ഏതൊരു തൊഴിലും നന്നായി ചെയ്യാന്‍ അതില്‍ ഏര്‍പ്പെടുന്ന വ്യക്തിക്ക് നിരവധി യോഗ്യതകളും ശേഷികളും  കൂടിയേ തീരൂ.  ഇവ ശാരീരികമോ വിദ്യാഭ്യാസപരമോ മാനസികമോ ആകാം.  വ്യക്തിത്വ ഗുണങ്ങളും ഇതിന് വേണ്ടിവരും.  ഇവയില്‍ ചിലത് ഏത് ജോലിക്കും സാമാന്യമായി വേണ്ടവയത്രേ.  അത്തരം ശേഷികളുടെ അഭാവത്തില്‍ ഒരു തൊഴിലും നന്നായി ചെയ്യാനാവില്ല.  അവയെ സാമാന്യ ശേഷികള്‍ എന്ന് പറയാം.  മറ്റ് ചിലവ എല്ലാ വ്യക്തികളിലും പ്രതീക്ഷിക്കാനാവാത്തവയാണ്.  അവയില്‍ പലതും പ്രത്യേക തൊഴിലുകള്‍ക്ക് മാത്രമേ അവശ്യം ഉണ്ടാകേണ്ടതുള്ളൂ.  അത്തരം ശേഷികളെ സവിശേഷ ശേഷികള്‍ എന്ന് പറയാം.

തൊഴിലിന്‍െറ സ്വഭാവത്തിനൊത്ത് ഏറിയും കുറഞ്ഞുമാകാമെങ്കിലും അത്യാവശ്യം ശാരിരികാരോഗ്യവും ആകര്‍ഷകത്വവും ഏത് തൊഴിലിലും വേണം.  അത് കൊണ്ട് അത് സാമാന്യ ശേഷിയുടെ വകുപ്പില്‍പ്പെടുത്താം.  പോലീസ് ഓഫീസറുടെയോ ഫുട്ബോള്‍ കളിക്കാരന്‍െറയോ അത്ര വേണ്ടെങ്കിലും ക്ലാര്‍ക്കിനും അത്യാവശ്യമായ ശാരീരികാരോഗ്യം വേണമല്ലോ.  ഏറിയും കുറഞ്ഞുമാണെങ്കിലും ബുദ്ധിശക്തിയും ചിന്താശക്തിയും അന്തസുറ്റ പെരുമാറ്റ ശൈലിയും ഒക്കെ സാമാന്യമായി വേണ്ടവതന്നെ.

എല്ലാവര്‍ക്കും സംഗീതശേഷി ഉണ്ടാവില്ല; ഉണ്ടാവണമെന്നില്ലതാനും.   പക്ഷേ  ഗായകര്‍ക്ക് അത് കൂടിയേ തീരൂ.  ഭാവ പ്രകടനത്തില്‍ അധിഷ്ഠിതമായ അഭിനയശേഷി നടനുവേണ്ട സവിശേഷ ശേഷിയാണ്. ഇത്തരം സവിശേഷ ശേഷികളെ സാധാരണയായി അഭിരുചി(ആപ്റ്റിറ്റ്യൂഡ്) എന്ന് പറയാറുണ്ട്.  ആധുനിക സിദ്ധാന്തമനുസരിച്ച് സംഗീതത്തിലെയും അഭിനയത്തിലെയും മികവ് സ്വതന്ത്രമായ ബുദ്ധിശക്തികളാണ്.   ബഹുവിധ (മള്‍ട്ടിപ്പിള്‍) ബുദ്ധിശക്തിയെന്ന സിദ്ധാന്തത്തിനാണ് ആധുനിക കാലഘട്ടത്തില്‍ പ്രാധാന്യം.

ഏത് തൊഴിലിനെപ്പറ്റി ചിന്തിക്കുമ്പോഴും അതിലെ വിജയത്തിന് ആവശ്യമായ സാമാന്യ യോഗ്യതകളും ശേഷികളും ഏതൊക്കെയെന്ന് നിര്‍ണയിക്കണം.  അതുപോലെ തന്നെ അതിന്‍െറ പ്രത്യേക സ്വഭാവം ആവശ്യപ്പെടുന്ന സവിശേഷ യോഗ്യതകളും ശേഷികളും ഏവയെന്നും നിര്‍ണയിക്കണം.  തൊഴിലിലെ വിജയത്തിന് ശാസ്ത്രീയമായ ഈ നിര്‍ണയം സഹായകമാകും.

പഠനനേട്ടങ്ങളുടെ അപഗ്രഥനം

തൊഴിലിന്‍െറ പ്രത്യേകതകളും വ്യക്തിയുടെ യോഗ്യതകളും ശേഷികളും സമഗ്രമായി അപഗ്രഥിച്ച്, അവ തമ്മില്‍ കഴിയുന്നത്ര ഒന്നിനൊന്ന് പൊരുത്തം ഉറപ്പുവരുത്തുകയാണ് വേണ്ടത്. ഇതില്‍, തൊഴിലിന്‍െറ പ്രത്യേകതകള്‍ പ്രായേണ സ്ഥിരമാണ്. കാരണം, പ്രവര്‍ത്തനത്തിന്‍െറ രീതിയും ഉല്‍പന്നത്തിന്‍െറ സ്വഭാവവും ഒക്കെ സ്റ്റാന്‍ഡര്‍ഡൈസ് ചെയ്യാനാകും. എന്നാല്‍, വ്യക്തിയുടെ സവിശേഷതകളുടെ കാര്യം അതല്ല. സവിശേഷ ശേഷികള്‍-പ്രത്യേകിച്ചും മാനസിക സവിശേഷതകള്‍-സ്വത്വ സവിശേഷതകളും വാസനകളും താല്‍പര്യങ്ങളുമൊക്കെ പ്രത്യക്ഷമായും പരോക്ഷമായും പലരീതിയില്‍ നിരീക്ഷിക്കേണ്ടി വരും. അങ്ങനെ ലഭിക്കുന്ന വിവരങ്ങള്‍ അപഗ്രഥിച്ചാണ് നിഗമനങ്ങളില്‍ എത്തുന്നത്. നിര്‍ദ്ദിഷ്ട വിദ്യാഭ്യാസ യോഗ്യത തൊഴിലിന് അവശ്യം വേണ്ട ഘടകമാണല്ലോ. ഈ രംഗത്ത് വ്യക്തിയുടെ നേട്ടങ്ങള്‍ സൂക്ഷ്മമായി അപഗ്രഥിച്ചാല്‍ വിദ്യാഭ്യാസപരമായ  കഴിവുകള്‍  മാത്രമല്ല മറ്റ് പല സവിശേഷതകളും കണ്ടെത്താനാകും. അത് ഒരന്തിമ പരീക്ഷയുടെ ഫലം മാത്രം അടിസ്ഥാനമാക്കി ആകരുതെന്ന് മാത്രം. ഇടവിടാതെ നടക്കുന്ന സമഗ്രമായ വിലയിരുത്തല്‍ എന്ന സങ്കല്പം കുറെയൊക്കെ പ്രാവര്‍ത്തികമാക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടല്ലോ. അവയുടെ ഫലം ഒരു സഞ്ചിത രേഖ(ക്യുമുലേറ്റീവ് റെക്കോര്‍ഡ്)   ആയി സൂക്ഷിക്കുന്ന സമ്പ്രദായവും സാധ്യമാണ്. അത്തരം ഒരു രേഖയില്‍ ശാരീരികവും ആരോഗ്യപരവുമായ വിവരങ്ങള്‍, അക്കാദമിക പഠന രംഗത്തെ വിവിധ ഘടകങ്ങളുടെ നേട്ടത്തിന്‍െറയും ശേഷികളുടെയും വിശദാംശങ്ങള്‍, കായിക രംഗത്തും പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളിലുമുള്ള നേട്ടങ്ങള്‍, കുടുംബ പശ്ചാത്തലം എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ ഉണ്ടാകും. ഇത്തരം രേഖകളെ സൂക്ഷ്മമായി അപഗ്രഥിച്ചാല്‍ വസ്തുനിഷ്ഠമായ നിരവധി നിഗമനങ്ങളില്‍ എത്തിച്ചേരാം.

ഒരു പ്രത്യേക ജോലിക്ക് ഗണിതവുമായി ബന്ധപ്പെട്ട അറിവും യുക്തി ചിന്തയും സൂക്ഷ്മതപോലുള്ള സ്വത്വ സവിശേഷതകളും പ്രസക്തമാണെങ്കില്‍ ആ രംഗത്ത് വ്യക്തിയുടെ പ്രകടനം എങ്ങനെയായിരുന്നുവെന്ന് പരിശോധിക്കാമല്ലോ. ആശയ വിനിമയശേഷി, ഭാഷാ സ്വാധീനം, ശാസ്ത്രാഭിമുഖ്യം, ശാസ്ത്രീയ ബോധം, അന്വേഷണ ബുദ്ധി, സാമൂഹികാവബോധം എന്നിങ്ങനെ ഓരോരോ തൊഴിലിന് പ്രസക്തമായ എത്രയോ കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ കണ്ടെത്താം. പക്ഷെ ഒരു കാര്യം ശ്രദ്ധിക്കുക. ഇതിന്‍െറ അപഗ്രഥനം മാത്രം വെച്ചുകൊണ്ട് ശരിയായ നിഗമനത്തില്‍ എത്താനാവില്ല. ഇത് മറ്റ് ഘടകങ്ങള്‍ക്ക് അനുപൂരകമായി  സ്വീകരിക്കാം. ഈ വിശകലനം തൊഴില്‍ദായകര്‍ക്കെന്നപോലെ വ്യക്തികള്‍ക്കും ആകാവുന്നതേയുള്ളൂ.

തൊഴില്‍ സംബന്ധമായ ആത്മാവബോധം

ആത്മാവബോധം വ്യക്തിയുടെ മാനസികാരോഗ്യത്തെ നിര്‍ണയിക്കുന്ന മുഖ്യഘടകമായി കരുതപ്പെടുന്നു. ഒരു വ്യക്തി തന്‍റെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ തന്നെത്തന്നെ വിലയിരുത്തുന്നു. മിക്കപ്പോഴും അയാള്‍ ഇടപെടുന്ന സമൂഹം അയാളെ എങ്ങനെയാണു വിലയിരുത്തുന്നതെന്ന് അയാള്‍ ധരിക്കുന്നുവോ ആ ധാരണയാവും അയാളുടെ വിലയിരുത്തലിന് ആധാരം. ഈ വിലയിരുത്താല്‍ ശരിയാകാം തെറ്റിപ്പോയി എന്നും വരാം. ഇങ്ങനെ അയാള്‍ സ്വയം രൂപപ്പെടുത്തിയെടുക്കുന്ന ധാരണയാണ് ആത്മബോധം. വ്യക്തിയുടെ വ്യക്തിത്വത്തിന്‍റെ സ്വഭാവം, ലക്ഷ്യങ്ങളുടെയും ആദര്‍ശങ്ങളുടെയും അടിസ്ഥാനത്തില്‍ താന്‍ ഏതുതരത്തിലുള്ളവനാകണമെന്നാണോ ആഗ്രഹിച്ചത് എന്നിവയുമായി തട്ടിച്ചുനോക്കിയാണ് ഒരു വ്യക്തി ആത്മബോധം ആര്‍ജ്ജിക്കുന്നത്. അന്തിമമായ ഈ ആത്മബോധത്തിന് മറ്റു രണ്ടുതലങ്ങളിലുമുള്ള ആത്മബോധത്തോളം അതായത് യഥാര്‍ത്ഥ നിലവാരത്തിലും ആദര്‍ശങ്ങളുടെ അടിസ്ഥാനങ്ങളിലും സങ്കല്‍പിക്കുന്ന ആത്മബോധത്തോട് പൊരുത്തമുണ്ടെങ്കില്‍ ആരോഗ്യകരമായിരിക്കും. മറിച്ച് ഇവ മൂന്നും തമ്മില്‍ പൊരുത്തമില്ലെന്ന അനുഭവമോ തോന്നലോ വ്യക്തിക്കുണ്ടായാല്‍ ആത്മബോധം വികലമാകും. ആത്മബോധത്തെക്കുറിച്ചു പറഞ്ഞ ഈ പൊതുതത്വം കുടുംബ ജീവിതത്തിന്‍റെയും സമൂഹജീവിതത്തിന്‍റെയും തൊഴില്‍ ജീവിതത്തിന്‍റെയും ഒക്കെകാര്യത്തില്‍ സത്യമാണ്.

തൊഴിലുമായി ബന്ധപ്പെട്ട ആത്മബോധം തൃപ്തികരമല്ലെങ്കില്‍ അത് വ്യക്തിയുടെ ജീവിതത്തെ ഒട്ടാകെ ബാധിക്കുന്നു. തൊഴില്‍ സംബന്ധമായി ആരോഗ്യകരമല്ലാത്ത  ആത്മബോധം രൂപപ്പെടുന്നത് രണ്ടുകാരണം കൊണ്ടാകാം. ഒന്നാമത്തെ കാരണം, വ്യക്തിയുടെ വാസനകള്‍ക്കും ശേഷികള്‍ക്കും താല്‍പര്യങ്ങള്‍ക്കും സവിശേഷതകള്‍ക്കും അനുയോജ്യമല്ലാത്ത തൊഴില്‍ തിരഞ്ഞെടുക്കുന്നു എന്നതാണ്. തൊഴിലില്‍ കഴിവു പ്രദര്‍ശിപ്പിച്ച് അംഗീകാരവും അതുവഴിയുള്ള സംതൃപ്തിയും നേടാന്‍ അത്തരം വ്യക്തികള്‍ക്കു കഴിയുകയില്ലല്ലോ. അവനവന്‍റെ ശരിയായ വ്യക്തിത്വം കണ്ടെത്തി അതിനൊത്ത പ്രവൃത്തികള്‍ മാത്രം ഏറ്റെടുക്കുകയാണ് ഇവിടെ അഭികാമ്യം. രണ്ടാമത്തെക്കാരണം യാഥാര്‍ത്ഥ ബോധമില്ലാതെ വികലമായ ആത്മബോധം സ്വരൂപിക്കുന്നതാണ്. തൊഴിലുമായി ബന്ധപ്പെട്ട് താന്‍ ഏതുനിലവാരത്തില്‍ നില്‍ക്കുന്നു എന്ന് ശരിക്കും അറിയായ്കവഴിയാണ് ഈ വൈകല്യം സംഭവിക്കുന്നത്. ഈ സാഹചര്യത്തില്‍ ശരിയായ മാര്‍ഗദര്‍ശനം, പ്രബോധനം എന്നിവ വേണ്ടിവരും. ഏതു തൊഴില്‍ സാഹചര്യമായാലും തൊഴില്‍പരമായി ആരോഗ്യകരമായ ആത്മാവബോധം ഉറപ്പുവരുത്തുകയെന്നത് തൊഴിലിലെ വിജയത്തിനും തൊഴിലിലൂടെയുള്ള സംതൃപ്തിക്കും ആവശ്യമത്രേ. സമൂഹത്തിന്‍റെ നന്മയ്ക്കും വ്യക്തിയുടെ സന്തോഷത്തിനും ഇതുകൂടിയേതീരൂ.

തൊഴില്‍ സംസ്ക്കാരം

ഓരോതൊഴിലിനും അതിന്‍റേതായ തനിമയുണ്ട്. അതുപുലര്‍ത്താന്‍ അതില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ അവശ്യം പാലിക്കേണ്ട ധര്‍മ്മങ്ങളുടെ ആകെത്തുകയാണ് തൊഴില്‍ സംസ്കാരം. ഉല്‍പാദനക്ഷമതയില്‍ ഊന്നിയുള്ള പ്രവര്‍ത്തനം തൊഴില്‍ സംസ്കാരത്തിന്‍റെ ഒരുഭാഗം മാത്രമേ ആകുന്നുള്ളൂ. ഉല്‍പാദനത്തിന്‍റെ ഗുണമേന്മയ്ക്ക് ഉദാത്തമായ മാനദണ്ഡങ്ങള്‍ കല്‍പിച്ചിട്ടുണ്ടാകും. അതു നിലനിര്‍ത്തണമല്ലോ. ഇവിടെ ഉല്‍പന്നം എന്ന പദത്തിന് വ്യാപകമായ അര്‍ത്ഥമാണുള്ളത്. ചികിത്സാവൃത്തിയില്‍ ഉല്‍പന്നം രോഗവിമുക്തിയാണ്. അധ്യാപനവൃത്തിയില്‍ പഠിതാക്കളുടെ വികസനമാണത്. അതായത് ഉല്‍പന്നം ഒരു പദാര്‍ത്ഥമോ ഫലമോ ആശയമോ ഒക്കെയാകാം. ഏതായാലും അതിന്‍റെ നിലവാരം പാലിക്കാനുള്ള പരിശ്രമം തൊഴില്‍ സംസ്കാരത്തിന്‍റെ ഭാഗമാണ്. ഓരോ തൊഴില്‍രംഗത്തും പ്രവര്‍ത്തിക്കുന്നവരില്‍ നിന്നും പ്രതീക്ഷിക്കുന്ന അംഗീകൃത സവിശേഷതകള്‍ ഇനിയുമുണ്ട്. രോഗിയോടും അയാളുടെ സങ്കടങ്ങളോടും വൈകാരികമായ താദാത്മ്യവും അതില്‍ നിന്നുണ്ടാകുന്ന ആഴത്തിലുള്ള അനുകമ്പയും ചികിത്സകരുടെയും ശുശ്രൂഷകരുടെയും തൊഴില്‍ സംസ്കാരത്തിലും പ്രതിഫലിക്കും. തൊഴിലിനോടുള്ള പ്രതിബദ്ധത, ആത്മാര്‍ത്ഥവും ത്യാഗപൂര്‍ണ്ണവുമായ ലയം, തൊഴില്‍ നന്നായി ചെയ്യുമ്പോളുള്ള സംതൃപ്തി, ഉപഭോക്താക്കളോടുള്ള കടമ നിര്‍വഹിക്കാനുള്ള അഭിവാഞ്ഛ, സാമൂഹികാഭിമുഖ്യം, തൊഴില്‍ രംഗത്തെ സഹപ്രവര്‍ത്തകരോടുള്ള സമഭാവം, സംഘബോധം, വ്യക്തിയെന്ന നിലയില്‍ പുലര്‍ത്തുന്ന തൊഴില്‍ സദാചാരം എന്നിവയൊക്കെച്ചേര്‍ന്ന് ഉണ്ടാക്കുന്ന ഒരു പ്രതിഭാസമാണ് തൊഴില്‍ സംസ്കാരം. ഇതെല്ലാം ഒരേസമയം പുലര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ആ സംസ്കാരത്തിന് ലോപം ഉണ്ടാകും. ഇതുകൊണ്ടാണ് ഏതുതൊഴിലിനുവേണ്ടിയുള്ള പരിശീലനത്തിലും മാര്‍ഗ്ഗദര്‍ശകപരിപാടികളിലും തൊഴില്‍ സംസ്കാരം സുപ്രധാന ഇനമായി കരുതിപ്പോരുന്നത്. ഇത് സമൂഹത്തിന്‍റെ നന്മയ്ക്കും വ്യക്തിയുടെ സന്തോഷത്തിനും ആവശ്യമാണ്. ഈ സംസ്കാരം പുലര്‍ത്തുകതന്നെയാണ് പ്രൊഫഷണലിസം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതും.

തൊഴിലിന്‍റെ അന്തസ്സ്

ഒരു ജോലിക്ക് അന്തസ്സുണ്ട്, മറ്റൊന്നിന് അത് ഒട്ടുമേയില്ല എന്നു കരുതുന്നവരാണ് ഭൂരിപക്ഷം. ഈ തെറ്റായ വിലയിരുത്തല്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലുമായുള്ള പൊരുത്തക്കുറവിന് കാരണമാകും. തന്‍റെ തൊഴിലിന് അന്തസുകുറവാണ് എന്ന് സ്വയം കരുതുന്ന വ്യക്തിയുടെ കാര്യം ആലോചിച്ചുനോക്കുക. ആ ധാരണ അയാളില്‍ അപകര്‍ഷതാബോധവും അതില്‍ നിന്നുണ്ടാകാവുന്ന മറ്റു പ്രശ്നങ്ങളും സൃഷ്ടിക്കും. ആദ്യത്തേതാണുണ്ടാകുന്നതെങ്കില്‍ അയാള്‍ എല്ലാറ്റിനും പെട്ടെന്ന് കീഴടങ്ങുകയും എല്ലാറ്റില്‍ നിന്നും പിന്‍വലിയുകയും ചെയ്യുന്ന പ്രവണത കാണിക്കും. രണ്ടാമത്തേതാണുഫലമെങ്കില്‍ നേതൃസ്ഥാനത്തുള്ളവരോട് അനാവശ്യമായി കലഹിക്കുന്ന വാസന പ്രകടമാവും. രണ്ടും പൊരുത്തക്കുറവ് തന്നെ. മറിച്ച് തന്‍റെ തൊഴില്‍ അങ്ങേയറ്റം അന്തസ്സുറ്റതാണെന്നും മറ്റു പലതും അതിനുതാഴെയാണെന്നും കരുതുന്നവര്‍ക്ക് സുപ്പീരിയോറിറ്റി കോംപ്ലക്സ് ആവും ഉണ്ടാവുക. അപ്പോഴും ഫലം പൊരുത്തക്കുറവ് തന്നെയാണ് സംഭവിക്കുന്നത്. ഇത്തരത്തിലുള്ള പൊരുത്തക്കേട് മാനസികാരോഗ്യത്തെയും ജീവിതോല്ലാസത്തെയും പ്രതികൂലമായി ബാധിക്കുന്നു.

ഏതുതൊഴിലിനും അതിന്‍റെതായ അന്തസ്സും മാന്യതയുമുണ്ട്. ഗാന്ധിജി എഴുതുകയുണ്ടായി-തോട്ടിപ്പണി നികൃഷ്ടമായ തൊഴിലെന്ന ധാരണ അബദ്ധമാണ്, മറിച്ച് ശുചിത്വപാലനത്തിനു പ്രാധാന്യം നല്‍കുന്ന മഹത്തായ ഒരു പ്രവര്‍ത്തനമാണത്. എല്ലാ തൊഴിലുകളും ഒരുപോലെ അന്തസ്സുറ്റതാണെന്ന ധാരണ വളര്‍ത്താന്‍ അവസാനംവരെ അദ്ദേഹം പരിശ്രമിച്ചു. തന്‍റെ ആശ്രമത്തിലെ അന്തേവാസികള്‍ എല്ലാ ജോലികളും സ്വയം ചെയ്യണമെന്ന് അദ്ദേഹം നിര്‍ബന്ധിച്ചത് ആ മൂല്യബോധം അവരില്‍ വളര്‍ത്താനാണ്. ഈ മൂല്യം ഏതു തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും ആര്‍ജ്ജിക്കണം. അപ്പോള്‍ മാത്രമേ തൊഴില്‍ ഉത്സാഹത്തോടെയും ആത്മാര്‍ത്ഥമായും ചെയ്യാനാവൂ. എങ്കില്‍ മാത്രമേ ഉല്‍പാദനക്ഷമത പൂര്‍ണ്ണമായി പ്രകടമാവുകയുള്ളൂ. ഇക്കാരണത്താലാണ് തൊഴില്‍ സംസ്കാരത്തിന്‍റെ വളര്‍ച്ചയില്‍ തൊഴിലിന്‍റെ അന്തസ്സ് എന്ന മൂല്യത്തിന് സുപ്രധാനമായസ്ഥാനം കല്പിച്ചിരിക്കുന്നത്

തൊഴിലും വ്യക്തിഗുണങ്ങളും തമ്മിലുള്ള പൊരുത്തം

ഒരു വ്യക്തി ഒരു തൊഴില്‍ സ്വീകരിച്ച് അതില്‍ പ്രവര്‍ത്തിക്കുന്നു. അതില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാമെന്നും അതില്‍ നിന്ന് തൊഴില്‍പരമായ സംതൃപ്തി കൈവരിക്കാമെന്നും ഉറപ്പുണ്ടോ? വേണമെന്നില്ല. കാരണം അതു സാധ്യമാണോ എന്നുനോക്കാതെയാണ് മിക്കപ്പോഴും തൊഴിലുകള്‍ തിരഞ്ഞെടുക്കാറുള്ളത്. ഏതുതൊഴിലും എല്ലാവര്‍ക്കും പറ്റിയതല്ല. ഉദാഹരണത്തിന്  അധ്യാപനത്തിന്‍റെ കാര്യമെടുക്കാം. കഴിവുറ്റ അധ്യാപകനാവണമെങ്കില്‍ ആ വ്യക്തിക്ക് ചില നൈസര്‍ഗ്ഗിക ഗുണങ്ങളും പ്രത്യേകതകളും വേണം. പഠിതാക്കളുടെ ആദരവും ബഹുമാനവും നേടിയെടുക്കാന്‍ പര്യാപ്തമായ രൂപഗുണവും ആ തൊഴിലില്‍ വ്യാപരിക്കാനാവശ്യമായ ആരോഗ്യസ്ഥിതിയും വേണമല്ലോ. കൈകാര്യം ചെയ്യേണ്ട വിഷയത്തിലുള്ള ആഴമായ അറിവും അതു കാലത്തിനൊത്തു വികസിപ്പിക്കാനുള്ള ബുദ്ധിയും മനോഭാവവും കൂടിയേതീരൂ. വിവിധ പശ്ചാത്തലത്തില്‍ നിന്ന് വന്നെത്തുന്ന വ്യത്യസ്ത സ്വഭാവക്കാരായ പഠിതാക്കളുടെ വൈവിധ്യമായ ആവശ്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സഹായകമായ പക്വതയും ആര്‍ജ്ജവവും മറ്റു സ്വത്വ സവിശേഷതകളും ഒഴിവാക്കാനാവില്ല. നേതൃഗുണവും ആശയസംവേദന ശേഷിയും ഭാഷാനൈപുണ്യവും സാമൂഹിക ബോധവും ആത്മാര്‍ത്ഥതയും അനുകമ്പയും വൈകാരികമായി താദാത്മ്യം പ്രാപിക്കാനുള്ള ഹൃദയാലുത്വവും ഒക്കെയുള്ള ഒരു വ്യക്തിത്വത്തിന്‍റെ ഉടമയാകണം അധ്യാപകന്‍. ഈ കഴിവുകളില്‍ പലതും ഇല്ലാത്ത വ്യക്തി അധ്യാപകനായാലോ? നഷ്ടം ആര്‍ക്കൊക്കെ? കുട്ടികള്‍ക്ക് നഷ്ടമുണ്ടാകുമല്ലോ? പഠിതാക്കളില്‍ ഉണ്ടാകുന്ന വികസനം വരുത്താന്‍ സാധിക്കാത്തതുകൊണ്ടുള്ള നഷ്ടം സമൂഹത്തിനും സഹിക്കേണ്ടിവരും. അധ്യാപകനുമുണ്ട് നഷ്ടം. തൊഴിലില്‍നിന്നും കിട്ടേണ്ട സംതൃപ്തി, ആനന്ദം ഒക്കെ നഷ്ടമാവില്ലേ? ചുരുക്കത്തില്‍ നല്ലൊരു ജീവിതം തന്നെയാണ് അയാള്‍ക്കു നഷ്ടപ്പെടുന്നത്. അതുപോലെ മറ്റുള്ളവര്‍ക്കും.

ഇപ്പറഞ്ഞത് ഏതു തൊഴിലിന്‍റെ കാര്യത്തിലും നേരുതന്നെ. ഡോക്ടറും നഴ്സും എഞ്ചിനീയറും ഡ്രൈവറും പൈലറ്റും ഒക്കെ മറ്റുള്ളവരെ സേവിക്കേണ്ടവരാണ്. അതിനുള്ള നൈസര്‍ഗ്ഗിക സവിശേഷതകളും ശേഷിയും ഇല്ലെങ്കില്‍ അവര്‍ സമൂഹത്തിന് നഷ്ടമല്ലേ? സ്വന്തം ആനന്ദം നഷ്ടപ്പെടുന്ന വ്യക്തിയുടെ കാര്യം അതിലും കഷ്ടമല്ലേ? അതുകൊണ്ടാണ് തൊഴിലും വ്യക്തിയുടെ ശേഷികളും തമ്മിലുള്ള പൊരുത്തപ്പെടുത്തല്‍ തൊഴിലിന്‍റെ തിരഞ്ഞെടുപ്പിലെ നിര്‍ണ്ണായക ഘടകമായി കരുതപ്പെടുന്നത്.

തൊഴില്‍ സാഹചര്യവുമായുള്ള പൊരുത്തപ്പെടല്‍

ഏതൊരു ജീവിയുടെ കാര്യത്തിലും പരിസ്ഥിതിക്കുള്ള സ്വാധീനം അംഗീകരിക്കപ്പെട്ട വസ്തുതയാണ്. ആവാസവ്യവസ്ഥയുടെ സ്ഥിതി ജീവിക്ക് ഇണങ്ങുന്നതല്ലെങ്കില്‍ ജീവിതം ദു:സ്സഹമായിരിക്കും. തൊഴില്‍ ചെയ്യുന്ന സ്ഥാപനത്തിന്‍റെ സാഹചര്യങ്ങളുടെ കാര്യവും ഭിന്നമല്ല. എന്താണ് തൊഴില്‍ പരിസ്ഥിതി എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്? ഭൗതികമായ സൗകര്യങ്ങളും സാഹചര്യങ്ങളും സ്ഥാപനം സ്ഥിതിചെയ്യുന്ന സഥലത്തെ പ്രകൃതിയുടെ സ്വഭാവം, കാലാവസ്ഥ, ഭൂപ്രകൃതി, ജനസമൂഹം, ദിനചര്യകളുടെ നിര്‍വഹണത്തിന് അവശ്യംവേണ്ട സൗകര്യങ്ങള്‍ ഒക്കെ പരിസ്ഥിതിയുടെ ഭാഗമാണ്. ഇതിനുപുറമേ സുപ്രധാനമായ മറ്റൊരു സാമൂഹികമാനവും തൊഴില്‍ പരിസ്ഥിതിയില്‍ പരിഗണിക്കാനുണ്ട്. വിവിധ നിലകളില്‍ പ്രവര്‍ത്തിക്കുന്ന സഹപ്രവര്‍ത്തകരുടെ പരസ്പര ബന്ധം, ഭരണ സാരഥികളുടെ മനോഭാവം, സജീവ പങ്കാളിത്തത്തിന്‍റെ അളവ്, സമീപസ്ഥ സമൂഹത്തിന് സ്ഥാപനത്തോടുള്ള മനോഭാവം എന്നിവയും സുപ്രധാനം തന്നെ. വിവിധങ്ങളായ ഈ പരിസ്ഥിതിഘടകങ്ങളുമായി പൊരുത്തപ്പെടുകയാണ് തൊഴില്‍ രംഗത്തെ സംതൃപ്തിക്കും വിജയത്തിനും ആവശ്യമായ മുഖ്യഘടകങ്ങളില്‍ ഒന്ന്.

വ്യക്തിക്ക് സ്വന്തം നിലയില്‍ കഴിവും താല്‍പര്യവും ഉണ്ടായതുകൊണ്ടുമാത്രം കാര്യമില്ലല്ലോ. ഇതൊക്കെ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്താന്‍ സഹായകമായ ഭൗതികവും സാമൂഹികവുമായ സാഹചര്യങ്ങളും വേണ്ടേ?  ഈ രണ്ടു മാനങ്ങളുടെ ഇണങ്ങിച്ചേരലാണ് (പൊരുത്തപ്പെടലിന്) ആവശ്യമായുളളത്.

ഇതു നടക്കണമെങ്കില്‍ പറ്റിയ സാഹചര്യങ്ങള്‍ പരിസ്ഥിതിയില്‍ ലഭ്യമാക്കുകയാണ് ആദ്യപടി. ഇതിനുളള ചുമതല അധികാരികള്‍ക്കുമാത്രമല്ല തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ക്കും കൂടിയുളളതാണ്. ഭൗതിക സാഹചര്യത്തിന്‍െറ മുഖ്യമായ ചുമതല അധികാരികള്‍ക്കുണ്ട്. അതേ സമയം ലഭ്യമായ സാഹചര്യങ്ങളെ പരമാവധി ഇണക്കിച്ചേര്‍ത്ത് ഹൃദ്യമായ തൊഴില്‍ പരിസ്ഥിതി സൃഷ്ടിച്ചെടുക്കേണ്ട കടമ പ്രധാനമായും സ്ഥാപനത്തിലെ വിവിധ നിലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളുടേതാണ്. പരിമിതികള്‍ ഉണ്ടാകാം. എന്നാല്‍ അത് നീക്കുന്നതിന് ശ്രമിക്കുന്നതോടൊപ്പം അതുമായി കഴിയുന്നത്ര പൊരുത്തപ്പെടാനുള്ള ദീര്‍ഘദൃഷ്ടിയും പ്രവര്‍ത്തകര്‍ക്കുണ്ടാകണം. ആരോഗ്യ കരവും ഹൃദ്യവുമായ ബന്ധം പുലര്‍ത്തുന്ന ഒരു കൂട്ടായ്മ കെട്ടിപ്പടുക്കുകയാണ് മുഖ്യം. ഇത് സാധിച്ചില്ലെങ്കില്‍ വ്യക്തികളുടെ സുഖവും സ്ഥാപനത്തിന്‍െറ ഉല്‍പാദനക്ഷമതയും ചോര്‍ന്ന് പോകും. അത് ഒഴിവാക്കുകതന്നെ വേണം. അതുകൊണ്ടാണ് തൊഴില്‍ പരിസ്ഥിതിയുമായുള്ള സമായോജനം തൊഴില്‍ പരിശീലനത്തിലെയും മാര്‍ഗ്ഗദര്‍ശന പരിപാടികളിലെയും പ്രധാനപ്പെട്ട ഒരിനമായി കരുതുന്നത്.

ഇക്കാലത്ത് ഈ പൊരുത്തപ്പെടല്‍ സാധ്യമാകണമെങ്കില്‍ നൂതന സാങ്കേതികവിദ്യകള്‍ പ്രവൃത്തിയുമായി ബന്ധപ്പെട്ട ഏതു സാഹചര്യത്തിലും പ്രയോഗിക്കാനുള്ള ശേഷി കൈവരിക്കേണ്ടി വരും. അതില്ലെങ്കില്‍ പൊരുത്തപ്പെടല്‍ പ്രയാസമായിരിക്കും.

തൊഴിലിലെ സംതൃപ്തി

ഒരു വ്യക്തി ഒരു പ്രത്യേക തൊഴിലില്‍ ഏര്‍പ്പെടുന്നു. എന്തൊക്കെയാണ് അയാള്‍ അതില്‍ നിന്നും പ്രതീക്ഷിക്കുന്നത്? ജീവസന്ധാരണത്തിന് ആവശ്യമായ വരുമാനം തീര്‍ച്ചയായും പ്രതീക്ഷിക്കുന്നുണ്ടാകും. കാരണം, ഏതു തൊഴിലും പ്രാഥമികമായി ജീവിതമാര്‍ഗ്ഗമാണല്ലോ. എന്നാല്‍ വരുമാനം മാത്രം മതിയാകുമോ?  ഇല്ലല്ലോ. അവനവന് ഇഷ്ടം തോന്നുന്നതാവണ്ടേ തൊഴില്‍? എന്ന് വച്ചാല്‍ എന്താണര്‍ത്ഥം?  വ്യക്തിയുടെ നൈസര്‍ഗ്ഗികമായ കഴിവുകള്‍ക്കും താല്‍പര്യങ്ങള്‍ക്കും മനോഭാവങ്ങള്‍ക്കും ഒത്ത് പ്രവര്‍ത്തിക്കാനാവണം. സംഗീതത്തില്‍ അതിയായ താല്‍പര്യമുള്ള ഒരു കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ ആ രംഗത്ത് വ്യാപരിക്കണം എന്ന് ആഗ്രഹിച്ചുപോകുന്നത് വരുമാനത്തെ ചൊല്ലിയല്ലല്ലോ. അല്ലാതെ തന്നെ അയാള്‍ക്ക് ഉയര്‍ന്ന വരുമാനം കാണും; ഭൗതിക ജീവിത സുഖങ്ങള്‍ ആര്‍ജ്ജിക്കാന്‍ അതുമതിയാവുകയുംചെയ്യും. അതേ സമയം സംഗീത രംഗത്ത് വ്യാപരിക്കുമ്പോള്‍ അയാള്‍ക്ക് മാനസിക സംതൃപ്തി അനുഭവപ്പെടും. എല്ലാ തൊഴിലിന്‍െറ കാര്യത്തിലും ഇത്തരത്തിലുണ്ടാകുന്ന സംതൃപ്തി  പ്രധാനമാണ്. ഒരു ക്ലാസ് സമര്‍ത്ഥമായി എടുത്തുകഴിയുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ കണ്ണുകളില്‍ വിടരുന്ന പ്രകാശം കാണുമ്പോള്‍, അവരുടെ സ്നേഹവും അംഗീകാരവും അനുഭവിക്കുമ്പോള്‍, നിര്‍വൃതി തോന്നുന്ന അധ്യാപകന് തൊഴിലില്‍ സംതൃപ്തി ഉണ്ട്.  വേദനയില്‍ നിന്ന് വിമോചനം നേടുന്ന രോഗിയുടെ ആശ്വാസവും അയാളുടെ കണ്ണുകളില്‍ നിഴലിടുന്ന നന്ദിയുമാവണം കിട്ടുന്ന വലിയ തുകയെക്കാള്‍ ഡോക്ടര്‍ക്ക് സംതൃപ്തി പകരുന്നത്.    പൂര്‍ത്തിയാക്കുന്ന ഒരു കെട്ടിടത്തിന്‍െറയോ പാലത്തിന്‍െറയോ കെട്ടുറപ്പും രൂപഭംഗിയും അതിന് സമൂഹം നല്‍കുന്ന അംഗീകാരവും ഉണര്‍ത്തുന്ന സംതൃപ്തിയെ ഏറെ വിലമതിക്കുന്ന എഞ്ചിനീയറും തൊഴിലില്‍ നിന്നുള്ള യഥാര്‍ത്ഥ സംതൃപ്തി അനുഭവിക്കുന്നു.

ഏതുതൊഴിലില്‍ നിന്നാണ് സംതൃപ്തി ലഭിക്കുക? അവനവന്‍റെ സവിശേഷതകള്‍ക്ക് അനുഗുണമായതാണു തൊഴിലെങ്കില്‍ മാത്രമേ അതില്‍ നിന്ന് സംതൃപ്തി ഉണ്ടാവുകയുള്ളൂ. തൊഴിലില്‍ നിന്നു ലഭിക്കുന്ന സംതൃപ്തിയാണ് ജീവിതത്തിലൊട്ടാകെ വ്യക്തി അനുഭവിക്കുന്ന സംതൃപ്തിയെ നിയന്ത്രിക്കുന്ന മുഖ്യഘടകങ്ങളിലൊന്ന്. കാരണം, ചെലവിടുന്ന സമയത്തില്‍ ഏറിയപങ്കും തൊഴില്‍ സംബന്ധമായ കാര്യങ്ങള്‍ക്കാണ് വേണ്ടിവരുന്നത്. കുടുംബ ജീവിതത്തിലെ സംതൃപ്തിപോലും പരോക്ഷമായി തൊഴിലിലെ സംതൃപ്തിയെ ആശ്രയിച്ചിരിക്കുന്നു. ഇക്കാരണത്താലാണ് സ്വാഭാവികമായിത്തന്നെ സംതൃപ്തി നല്‍കാന്‍ കഴിയുന്ന പൊരുത്തമുള്ള തൊഴിലേ തിരഞ്ഞെടുക്കാവൂ എന്നുപറയുന്നത്. അതുപറ്റിയില്ലെങ്കില്‍ ഏര്‍പ്പെട്ട തൊഴിലുമായി ലയിച്ച് ചേര്‍ന്ന് അതുമായി പൊരുത്തപ്പെട്ട് സംതൃപ്തി കൈവരിക്കാന്‍ ശ്രമിക്കണം.

ശാരീരികവും മാനസികവുമായ ഘടകങ്ങള്‍

ആരോഗ്യമുള്ള മനസ്സും ശരീരവും ഉണ്ടെങ്കില്‍ മാത്രമേ ജീവിതത്തില്‍ വിജയിക്കാന്‍ കഴിയൂ. കരുത്തുറ്റ തീരുമാനങ്ങളെടുക്കണമെങ്കില്‍ ക്രിയാത്മകമായി ചിന്തിക്കുന്ന ഒരു മനസ്സുണ്ടാകണം. ആ തീരുമാനങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കണമെങ്കില്‍ ആരോഗ്യമുള്ള ശരീരവുമുണ്ടാകണം. ഈ രണ്ടു ഘടകങ്ങളാണ് വ്യക്തിജീവിതത്തിലും തൊഴില്‍ ജീവിതത്തിലും വ്യക്തികളുടെ ജയപരാജയങ്ങള്‍ നിശ്ചയിക്കുന്നത്. സര്‍വരംഗങ്ങളിലും കഠിനമായ മല്‍സരം നിലനില്‍ക്കുന്ന ഈ കാലഘട്ടത്തില്‍ ദീര്‍ഘനേരം തളരാതെ ഉന്മേഷത്തോടെ പണിചെയ്യാന്‍ കഴിവുള്ള ഉദ്യോഗാര്‍ത്ഥികളെയാണ് ഇന്ന് ഏതു തൊഴിലുടമകളും തേടുന്നത്. കാരണം, നൂറ് ശതമാനം ഉല്‍പാദന ക്ഷമത ആവശ്യപ്പെടുന്ന മേഖലകളില്‍ അത്രയും നല്‍കാന്‍ കഴിയണമെങ്കില്‍, അതിനുള്ള ശേഷി ആര്‍ജ്ജിക്കുക എന്നതാണ് മുഖ്യം. ശാരീരിക അദ്ധ്വാനമാവശ്യമുള്ള മേഖലയായാലും ബൗദ്ധിക വ്യായാമം ആവശ്യമുള്ള മേഖലയായാലും ശരി അതാതു പ്രവര്‍ത്തികള്‍ ഏറ്റെടുക്കാന്‍ കഴിയുന്ന വിധത്തില്‍ ശരീരത്തേയും മനസ്സിനേയും പാകപ്പെടുത്തുക എന്നതാണ് പ്രധാനം. ആത്മവിശ്വാസത്തോടെയാവണം ചെയ്യാന്‍ പോവുന്ന ജോലിയെ സമീപിക്കേണ്ടത്. പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവരെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണിത്. കാരണം ആത്മവിശ്വാസമുണ്ടെങ്കില്‍ മാത്രമേ ചെയ്യാന്‍ പോകുന്ന തൊഴിലിന്‍റെ വ്യാപ്തിയും ആഴവും മനസ്സിലാക്കി കൃത്യസമയത്ത് തീര്‍ത്തുനല്‍കാന്‍ കഴിയൂ. മാത്രമല്ല ആദ്യമാദ്യം ചെയ്യുന്ന ജോലികളും അതിന്‍റെ ഫലവുമാണ് തൊഴിലുടമകള്‍ സാധാരണ വിലയിരുത്തുന്നത്. ഇങ്ങിനെ ലഭിക്കുന്ന സല്‍പ്പേര് ഗുണകരമാക്കി മാറ്റാന്‍ കഴിയും. സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും, പ്രശ്നങ്ങളെ ലാഘവത്തോടെ നേരിട്ട് കൃത്യസമയത്ത് ജോലികള്‍ തീര്‍ക്കുകയെന്നത് നിസാരമല്ല. പ്രത്യേകിച്ച് ഇന്നത്തെ കാലഘട്ടത്തില്‍ സര്‍വജ്ഞന്‍ എന്ന ഭാവം ഉപേക്ഷിച്ച് സഹപ്രവര്‍ത്തകരോടും മേലുദ്യോഗസ്ഥരോടും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തേടുന്നത് ഏറ്റെടുക്കുന്ന ജോലി കൃത്യമായും ഭംഗിയായും ചെയ്ത് തീര്‍ക്കാന്‍ സഹായിക്കും. നിരീക്ഷണങ്ങളില്‍ നിന്നും, പരാജയങ്ങളില്‍ നിന്നും പുതിയ പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയണം. അതിനു വേണ്ടവിധത്തില്‍ മനസ്സിനെ പാകപ്പെടുത്തുക എന്നത് വലിയൊരു വെല്ലുവിളിയാണ്. വേഗം നിരാശക്കടിമപ്പെടുന്നയാളാണ് നിങ്ങളെങ്കില്‍ ഏറ്റെടുക്കുന്ന ജോലികള്‍ കൃത്യസമയത്ത്, ഭംഗിയായിചെയ്ത് തീര്‍ക്കാന്‍ കഴിയില്ല. അതിനുപുറമേ കഠിനമായ സമ്മര്‍ദ്ദം നിങ്ങളുടെ ശാരീരികസ്ഥിതിയെ ബാധിക്കുകയും ചെയ്യും. കുറഞ്ഞ സമയത്തിനുള്ളില്‍ വേത്ര വിഭവങ്ങളില്ലാതെ ജോലികള്‍ ചെയ്ത് തീര്‍ക്കേണ്ടിവരുമ്പോള്‍ നിരാശ ഉണ്ടാവുന്നത് സ്വാഭാവികമാണ്. സെല്‍ഫ് മാനേജ്മെന്‍റ് എന്ന വിദ്യയിലൂടെ നിരാശയെ വെടിഞ്ഞ് ജോലി സംതൃപ്തി ലക്ഷ്യമാക്കി പ്രവര്‍ത്തിക്കാന്‍ സാധിക്കും. ഇതിനായി താഴെപ്പറയുന്ന കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ നിരാശ ഒഴിവാക്കി ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത് ഭംഗിയായി നടപ്പിലാക്കാം.

1.    മറ്റുള്ളവരുടെ പ്രവര്‍ത്തിയുടേയോ വികാരങ്ങളുടേയോ ചിന്തയുടേയോ ഉത്തരവാദിത്വമേറ്റെടുക്കാതിരിക്കുക.

2.    നമ്മളേക്കാള്‍ കരുത്തരായ വ്യക്തികളില്‍ നിന്ന് ഉപദേശവും സഹായവും തേടുന്നത് കാര്യക്ഷമമായി      ജോലി ചെയ്യാന്‍ സഹായിക്കും.

3.    മാനസികനില നേരെയല്ലാത്തപ്പോള്‍ ഉദാഹരണമായി വിഷാദം, ദേഷ്യം തുടങ്ങിയവയുള്ളപ്പോള്‍      തീരുമാനങ്ങളെടുക്കാതിരിക്കുക.

4.    കുറ്റപ്പെടുത്തുവാന്‍ ശ്രമിക്കാതെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുക.

5.    മറ്റുള്ളവരെ സ്വാധീനിക്കാനോ നിയന്ത്രിക്കാനോ ശ്രമിക്കരുത്.

6.    യാഥാര്‍ത്ഥ്യങ്ങളിലും വസ്തുതകളിലും ശ്രദ്ധയുണ്ടാക്കുക.

ജീവനക്കാരുടെ മാനസിക സമ്മര്‍ദ്ദം അകറ്റി അവരെ ഊര്‍ജ്ജസ്വലരാക്കി കൂടുതല്‍ പ്രവര്‍ത്തനോന്‍മുഖമാകുന്നതിന് ആധുനിക മാനേജ്മെന്‍റ് വിദഗ്ദ്ധര്‍ നിരവധി കാര്യങ്ങള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ഉദാഹരണത്തിന് യോഗാഭ്യാസം ചെയ്യുന്നതിലൂടെ മാനസിക സംഘര്‍ഷം കുറയുന്നതായും ഉല്‍പാദനക്ഷമതവര്‍ദ്ധിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതുപോലുള്ള വിദ്യകള്‍ മിക്ക ബഹുരാഷ്ട്ര കമ്പനികളും അവരുടെ ഉദ്യോഗാര്‍ത്ഥികള്‍ക്കിടയില്‍ വിജയകരമായി നടപ്പിലാക്കുന്നുണ്ട്.

തൊഴില്‍ വിവരങ്ങള്‍

ഓരോ തൊഴിലിന്‍റെയും ലഭ്യത, പ്രവര്‍ത്തനരംഗവുമായി ബന്ധപ്പെട്ട വിവരങ്ങള്‍, ജോലിയുടെ സ്വഭാവം, അവശ്യംവേണ്ട പരീക്ഷായോഗ്യതകള്‍, ആവശ്യമായ കായികക്ഷമതയുടെ തോത്, പ്രത്യേക വാസനകള്‍, വ്യക്തിത്വഗുണങ്ങള്‍ ബുദ്ധിനിലവാരം ഒട്ടേറെ കാര്യങ്ങള്‍ മനസിലാക്കിയശേഷമാകണം തൊഴിലുകള്‍ തെരഞ്ഞെടുക്കേണ്ടത്. ഈ വിവരങ്ങളൊക്കെ എവിടെനിന്നാണു കിട്ടുക? തൊഴിലുകളെ സംബന്ധിച്ച വിദ്യാഭ്യാസവും മാര്‍ഗ്ഗദര്‍ശനവും ഏതു സംഘടനകളില്‍ നിന്നുലഭിക്കും? വികസിത രാജ്യങ്ങളിലേപോലെതന്നെ  ഈ വിവരങ്ങള്‍ യഥേഷ്ടം സമാഹരിക്കാന്‍പറ്റിയ സാഹചര്യം ഇന്ന് നമ്മുടെ നാട്ടില്‍ നിലവിലുണ്ട്.

ഇന്ന് കേരളത്തിലെ പല വിദ്യാലയങ്ങളിലും കരിയര്‍ ഗൈഡന്‍സ് സെല്ലുകള്‍ വന്നുകഴിഞ്ഞു. തൊഴിലുകളെയും തൊഴില്‍ വിദ്യാഭ്യാസത്തെയും പറ്റിയുള്ള വിവരങ്ങള്‍ ശേഖരിച്ച് പഠിതാക്കള്‍ക്ക് ലഭ്യമാക്കാന്‍ അധ്യാപകരും മുന്നിലുണ്ട്. അവരില്‍ പലരും തൊഴില്‍ സംബന്ധമായ പ്രഭാഷണങ്ങളും കോണ്‍ഫറന്‍സുകളും പരിശീലന ക്ലാസുകളും ചര്‍ച്ചകളും സംഘടിപ്പിക്കുന്നു. ഇത്തരം കരിയര്‍ കോര്‍ണറുകളും ഗൈഡന്‍സ് സെല്ലുകളും പരിപാടികളും അതാതു വിദ്യാലയത്തിനുമാത്രമല്ല സമീപത്തുള്ള മറ്റു വിദ്യാലയങ്ങള്‍ക്കും പ്രയോജനപ്പെടും.

തൊഴിലുകള്‍ക്കായുള്ള ദേശീയ ഡയറക്ടറേറ്റും സംസ്ഥാനതല ഡയറക്ടറേറ്റുമാണ് ഔദ്യോഗികമായി തൊഴില്‍ വിവരങ്ങള്‍ നല്‍കാന്‍ ചുമതലപ്പെട്ടവര്‍. ഇവയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകള്‍ തൊഴില്‍ ലഭ്യത ഉറപ്പുവരുത്താന്‍ ശ്രമിക്കുന്നതോടൊപ്പം തൊഴില്‍ വിവരങ്ങള്‍ വിനിമയം ചെയ്യുന്നു. ഇപ്പോള്‍ പല സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്ലെയ്സ്മെന്‍റ് സര്‍വീസ് (അതതു സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ തൊഴിലില്‍ പ്രവേശിക്കാന്‍ സഹായിക്കുന്ന സേവനം) നടത്തുന്നതോടൊപ്പം തൊഴില്‍ വിവരങ്ങളും ശേഖരിച്ചു നല്‍കുന്നു. ക്യാമ്പസ് സെലക്ഷന്‍പോലെയുള്ള പരിപാടികളിലൂടെയും തൊഴില്‍ സാധ്യതയുംവിവരങ്ങളും പകരാനുള്ള ശ്രമവും ഉണ്ട്.

സര്‍ക്കാര്‍ തലത്തിലും അക്കാദമിക തലത്തിലും മാത്രം നല്‍കി വന്നിട്ടുള്ള തൊഴില്‍ വിവരങ്ങള്‍ ഇന്ന് സ്തുത്യര്‍ഹമായ നിലയില്‍ മാധ്യമങ്ങള്‍ നല്‍കി വരുന്നു. മുഖ്യധാരാപത്രങ്ങളുടെ  തൊഴില്‍ പേജുകള്‍, തൊഴില്‍ വാര്‍ത്തകള്‍, തൊഴില്‍ വാരികകള്‍ എന്നിവയിലൂടെ ഈ സേവനം ലഭ്യമാകുന്നു. മാധ്യമങ്ങള്‍ നടത്തുന്ന ജോബ് ഫെയറുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ രംഗത്തേക്കുള്ള പ്രവേശനം സുഗമാക്കുന്നു. ഐ.ടി., എഞ്ചിനീയറിംഗ് രംഗത്തെ കമ്പനികള്‍ ഇത്തരം  ഫെയറുകള്‍ക്ക് എത്താറുണ്ട്.

തൊഴില്‍ വിവരങ്ങള്‍ക്ക് ഇന്‍റര്‍നെറ്റിന്‍റെ സേവനം മികച്ചതാണ്. സര്‍ക്കാര്‍-സ്വകാര്യ ജോബ് സൈറ്റുകള്‍ തൊഴില്‍ രംഗത്തെക്കുറിച്ച് വിവരം നല്‍കുന്നു.

തൊഴില്‍പരമായ വിജ്ഞാനവ്യാപ്തത്തിനും മാര്‍ഗ്ഗദര്‍ശനത്തിനും വേണ്ട അക്കാദമീയ സേവനം നടത്തുന്നത് മുഖ്യമായും യു.ജി.സിയും  എന്‍.സി.ഇ.ആര്‍.ടിയുമാണ്. ഇവയുടെ സേവനങ്ങളുടെ യഥാര്‍ത്ഥ സ്വഭാവം മനസ്സിലാക്കി പരമാവധി പ്രയോജനപ്പെടുത്താന്‍ തൊഴില്‍ദായകരും തൊഴിലന്വേഷകരും ശ്രദ്ധിക്കണം എന്നുമാത്രം.

മത്സര പരീക്ഷയും ഇന്‍റര്‍വ്യൂവും

തൊഴിലില്ലായ്മ എന്ന പ്രശ്നം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് യുവതലമുറകടന്നുപോകുന്നത്. സമൂഹത്തില്‍ മാന്യമായ സ്ഥാനവും സാമ്പത്തിക ഭദ്രതയും ആഗ്രഹിക്കുന്നവര്‍ എന്തു ത്യാഗവും സഹിച്ചും ഒരു തൊഴില്‍ നേടാന്‍ വേണ്ടിയുളള നെട്ടോട്ടത്തിലാണ്. ഈ അവസരത്തില്‍ മത്സരപരീക്ഷകള്‍, ഇന്‍റര്‍വ്യൂ തുടങ്ങിയവ വളരെ പ്രാധാന്യമര്‍ഹിക്കുന്നു. എന്നാല്‍ മത്സരപരീക്ഷയെന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമുക്കു പലര്‍ക്കും വേവലാതിയാണ്. എന്തെങ്കിലും പഠിച്ച് പരീക്ഷയെഴുതുന്നവരാണ് പലരും. മറ്റൊരുകൂട്ടര്‍ കുറുക്കുവഴികളെക്കുറിച്ചാവും ആദ്യം ചിന്തിക്കുക. ഇനി ആവശ്യമുള്ളത് പഠിക്കാതെ, ധാരാളം മറ്റു കാര്യങ്ങള്‍ പഠിച്ച് പരീക്ഷയ്ക്ക് പോകുന്ന വേറൊരു കൂട്ടരുമുണ്ട്. ഇങ്ങിനെ പലവിധത്തിലാണ് പരീക്ഷയോടുള്ള പരീക്ഷാര്‍ത്ഥികളുടെ സമീപനം.

ഇതില്‍ ഒന്നാമതായി മനസ്സിലാക്കേണ്ട കാര്യം, മത്സരപരീക്ഷകള്‍ വെറും പരീക്ഷകളല്ല. മത്സരം തന്നെയാണ്. സ്കൂളിലെ ടെര്‍മിനല്‍, വാര്‍ഷിക പരീക്ഷകളോ കോളേജിലെ ഡിഗ്രി പരീക്ഷയോ അല്ലെങ്കില്‍ ജോലിക്കുള്ള പി.എസ്.സി. പരീക്ഷയോ ആകട്ടെ, ഇവയുടെയെല്ലാം സ്വഭാവവും ഉദ്ദേശ്യവും ഒന്നുതന്നെയാണ്-മിടുക്കരായവരെ കണ്ടുപിടിക്കുക. അപ്പോള്‍ പിന്നെ ഈ മത്സരത്തില്‍ നമ്മളെന്തിന് തോല്‍ക്കണം. കാരണം തോല്‍വി പലപ്പോഴും മുന്‍പു പറഞ്ഞതുപോലെ ജീവിതം തന്നെയാകും നഷ്ടപ്പെടുത്തുക. അതിനാല്‍ ജയിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ഏതെന്ന് അന്വേഷിക്കുകയാണ് അഭികാമ്യം. മത്സരപരീക്ഷകള്‍ക്കുള്ള തയ്യാറെടുപ്പിനെ മത്സരത്തിനുള്ള കായികതാരങ്ങളുടെ തയ്യാറെടുപ്പിനോട് ഉപമിക്കാം. പി.ടി. ഉഷയും ഷൈനി വില്‍സണും ബീനാമോളുമൊക്കെ ട്രാക്കില്‍ കൊയ്തെടുത്ത വിജയങ്ങള്‍ ഒന്നുംതന്നെ പൊടുന്നനെ നേടിയവയല്ല.-അതിനുപിന്നില്‍ വര്‍ഷങ്ങളുടെ കഠിനാദ്ധ്വാനമുണ്ട്. കൃത്യതയോടെ മുടങ്ങാത്ത പരിശീലനവും പരിശ്രമവും അതിലുപരി നിശ്ചയദാര്‍ഢ്യവുമാണ് അവരുടെ വിജയത്തിനു പിന്നിലെ ഘടകങ്ങള്‍. മത്സരപരീക്ഷയും ഇതുപോലെതന്നെ. ഒരു സുപ്രഭാതത്തില്‍ പേനയെടുത്ത് എഴുതാവുന്നതല്ല അത്. ചിട്ടയോടെയുള്ള തയ്യാറെടുപ്പ് ഇതിനാവശ്യമാണ്. തയ്യാറെടുപ്പ് എന്നുദ്ദേശിക്കുമ്പോള്‍ പരീക്ഷയ്ക്ക് ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കോ ആഴ്ചകള്‍ക്കോ മുമ്പ് തുടങ്ങുന്ന പഠിത്തമല്ല. ഒരു മത്സര പരീക്ഷയെ അഭിമുഖീകരിക്കാന്‍ കുറഞ്ഞത് ആറ് മാസത്തെയെങ്കിലും തയ്യാറെടുപ്പ് ആവശ്യമാണ്. എന്നാല്‍ സിവില്‍ സര്‍വീസ് പോലുള്ള വലിയ മത്സരപരീക്ഷകള്‍ക്ക് ഒന്നോ രണ്ടോ വര്‍ഷത്തെ തയ്യാറെടുപ്പുകള്‍ ആവശ്യമാണ്. പഠിക്കുന്നതിന് വ്യക്തമായ പദ്ധതികളുണ്ടാവണം. വെറുതെ കുറെ പുസ്തകങ്ങള്‍ വാങ്ങി വായിച്ചു പഠിക്കുകയല്ല വേണ്ടത്. എന്തൊക്കെയാണ് പഠിക്കേണ്ട കാര്യങ്ങളെന്ന് ആദ്യം തീരുമാനിക്കുക. ഇതിന് അധ്യാപകരുടേയോ സുഹൃത്തുക്കളുടേയോ ഒക്കെ സഹായം തേടാം. മുന്‍വര്‍ഷത്തെ ചോദ്യപേപ്പറുകളും ഇതിന് സഹായകമാകും. എന്നിട്ട് പഠിക്കേണ്ട വിഷയങ്ങളും ഭാഗങ്ങളും കൃത്യമായി പഠിച്ചുതീര്‍ക്കാന്‍ വേണ്ട ടൈം-ടേബിള്‍ ഉണ്ടാക്കി പഠിക്കാനാരംഭിക്കണം. പരീക്ഷയ്ക്ക് ഒരു മാസം മുന്‍പുതന്നെ പഠിക്കേണ്ട ഭാഗങ്ങള്‍ പഠിച്ചുതീര്‍ത്തിരിക്കണം. അവസാനത്തെ ഒരു മാസം റിവിഷനുള്ളതാണ്. ഇങ്ങനെ ചിട്ടയോടുകൂടിയ പഠിത്തം പെട്ടെന്ന് വരുന്ന മറ്റു പരീക്ഷകളും ഒരു വിഷമവും കൂടാതെ എഴുതാന്‍ സഹായിക്കും.

ഇതുപോലെ തന്നെയാണ് ഇന്‍റര്‍വ്യൂവിന്‍റെ കാര്യവും. ഇന്‍റര്‍വ്യൂ എന്ന ചടങ്ങിനെ അഭിമുഖീകരിക്കാതെ ഭേദപ്പെട്ട ഒരു തൊഴിലും നേടാന്‍ കഴിയാത്ത കാലമാണിത്. പക്ഷേ ഭൂരിപക്ഷം ഉദ്യോഗാര്‍ത്ഥികള്‍ക്കും ഇന്‍റര്‍വ്യൂ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഭയവും ഉത്കണ്ഠയുമാണ് ആദ്യമുണ്ടാകുന്നത്. ഇക്കാരണത്താല്‍ തന്നെ മത്സരപരീക്ഷയില്‍ മികച്ച നേട്ടം കൈവരിച്ചവര്‍ പോലും ചോദ്യകര്‍ത്താക്കളുടെ മുന്നില്‍ പതറുകയും തങ്ങളുടെ പ്രകടനം മോശമാക്കി ജോലി സാദ്ധ്യത നഷ്ടപ്പെടുത്തുകയും ചെയ്യും. അതുകൊണ്ടുതന്നെ ഇന്‍റര്‍വ്യൂവിനെ ഭയക്കാതെ സ്വാഭാവികമായി നേരിടാനുള്ള ആത്മവിശ്വാസം കൈവരിക്കേണ്ടതാവശ്യമാണ്. ഇന്‍റര്‍വ്യൂ എന്നത് ഒരുപറ്റം ആള്‍ക്കാര്‍ ചുറ്റുമിരുന്ന് ചോദ്യശരങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടിക്കുന്ന ഏര്‍പ്പാടാണെന്നാണ് മിക്കവരുടേയും ധാരണ. ഇന്‍റര്‍വ്യൂ ചെയ്യുന്നത് ഒരാളോ ഒന്നിലധികം ഉദ്യോഗസ്ഥരോ അടങ്ങിയ ഒരു പാനല്‍ ആയിരിക്കും. ഉദ്യോഗാര്‍ത്ഥിയുടെ ആത്മവിശ്വാസം നഷ്ടപ്പെടാതിരിക്കാന്‍ വളരെ സൗഹാര്‍ദ്ദപരമായി ഇടപെട്ട് സ്വാഭാവിക അന്തരീക്ഷം നിലനിര്‍ത്താനാണ് ഇവര്‍ ശ്രമിക്കുക. ഉദ്യോഗാര്‍ത്ഥിയെ ഭയപ്പെടുത്തി തൊഴിലവസരം നഷ്ടപ്പെടുത്താന്‍ ആര്‍ക്കും യാതൊരു ഉദ്ദേശവുമുണ്ടാവില്ല. പ്രതിഭകളെ കണ്ടെത്തി നിയമിക്കുകയെന്നതാണ് ഏവരുടെയും ലക്ഷ്യം. അതുകൊണ്ട് തന്‍റെ പ്രതിഭ തെളിയിക്കുകയെന്നത് ഉദ്യോഗാര്‍ത്ഥിയുടെ കടമയാണ്. ഇന്‍റര്‍വ്യൂ എന്നത് പ്രഹസനമാണെന്നാണ് ബഹുഭൂരിപക്ഷം പേരും കരുതുന്നത്. ശുപാര്‍ശയുടെ പുറത്ത് നിയമനം നടത്തിയിട്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണെന്നും മറ്റുമുള്ള ആക്ഷേപങ്ങളുമുണ്ട്. ഇത്തരം സംസാരങ്ങള്‍ക്ക് ചെവികൊടുക്കരുത്. നമുക്ക് ചെയ്യാനുള്ളത് നമ്മള്‍ ചെയ്യണം. അതുകൊണ്ട് ശുഭാപ്തി വിശ്വാസത്തോടെ ഇന്‍റര്‍വ്യൂ അഭിമുഖീകരിക്കുക, നിങ്ങള്‍ക്ക് ലക്ഷ്യത്തിലെത്താനാവും.

ഇന്‍റര്‍വ്യൂവിന് തയ്യാറെടുക്കുമ്പോള്‍

ഇന്‍റര്‍വ്യൂ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാന്‍ വളരെ നേരത്തെ തന്നെ തയ്യാറെടുപ്പു നടത്തിയിരിക്കണം. ആദ്യമായി ഇന്‍റര്‍വ്യൂ നടത്തുന്നത് ഏതുസാഹചര്യത്തിലാണെന്ന് ശ്രദ്ധിക്കണം. മത്സര പരീക്ഷയില്‍ വിജയിച്ച ശേഷമാണ് ഇന്‍റര്‍വ്യൂ എങ്കില്‍ വിഷയത്തെ അധികരിച്ചുള്ള പഠനം വളരെ ആവശ്യമാണ്. ഉദ്യോഗാര്‍ത്ഥിയുടെ സമഗ്ര വ്യക്തിത്വം പരിശോധിക്കുന്നതിനാവും ഇന്‍റര്‍വ്യൂവില്‍ മുന്‍തൂക്കം നല്‍കുക, ഏതു വിഷയത്തെപ്പറ്റിയും തത്വാധിഷ്ഠിതമായ കാഴ്ചപ്പാട്, ആഴമേറിയ അപഗ്രഥനം ബുദ്ധിപരമായ സമീപനം, എന്നിവയാണ് പരിശോധിക്കപ്പെടുക. സ്വകാര്യ സ്ഥാപനങ്ങളിലേയ്ക്കുള്ള ഇന്‍റര്‍വ്യൂ ആണെങ്കില്‍ ആ സ്ഥാപനത്തേക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങളെങ്കിലും അറിഞ്ഞിരിക്കണം. സ്ഥാപനത്തിന്‍റെ പശ്ചാത്തലം, പ്രവര്‍ത്തനരീതി, അവരുടെ നേട്ടങ്ങള്‍, പുതിയ സംരംഭങ്ങള്‍ എന്നിവയെക്കുറിച്ച് കിട്ടാവുന്ന അറിവുകള്‍ ശേഖരിക്കണം. ജോലി ചെയ്യാന്‍ പോകുന്ന സ്ഥാപനത്തേക്കുറിച്ച് ഉദ്യോഗാര്‍ത്ഥിക്കുള്ള അറിവ് പരിശോധിക്കാറുണ്ട്.

വ്യക്തിപരമായ തയ്യാറെടുപ്പുകള്‍

ഇന്‍റര്‍വ്യൂവിന് ദിവസങ്ങള്‍ക്കു മുമ്പുതന്നെ ഉദ്യോഗാര്‍ത്ഥി മാനസികമായി തയ്യാറെടുപ്പു നടത്തണം. മനസ്സിനെ മറ്റ് ഉത്കണ്ഠകളില്‍ നിന്ന് മാറ്റി നിര്‍ത്തി ആത്മവിശ്വാസവും കൈവരിക്കണം. ഇന്‍റര്‍വ്യൂ ബോര്‍ഡിന് മുന്‍പാകെ ഹാജരാക്കേണ്ട സര്‍ട്ടിഫിക്കറ്റുകളും മറ്റ് അത്യാവശ്യ രേഖകളുമെല്ലാം നേരത്തേതന്നെ തയ്യാറാക്കി വയ്ക്കണം. പുറപ്പെടും മുന്‍പ് എല്ലാം കൈവശമുണ്ടോയെന്ന് ഒരു പുന:പരിശോധനയുമാവാം. വേഷത്തിലും മറ്റുമാണ് ഇനി ശ്രദ്ധിക്കേണ്ടത്. ഇന്‍റര്‍വ്യൂവിന് പോകുമ്പോള്‍ വൃത്തിയും വെടിപ്പുമുള്ള വേഷം ധരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ധരിക്കുന്ന വേഷം മാന്യമായിരിക്കുകയും വേണം. കടുത്ത നിറമുള്ളതോ നിറം മങ്ങിയതോ ആയ വേഷങ്ങള്‍ ഒഴിവാക്കണം. അലസമായി വസ്ത്രം ധരിക്കരുത്. ചില എക്സിക്യൂട്ടീവ് തസ്തികകളില്‍ ടൈ കെട്ടണം എന്ന് നിര്‍ബന്ധമുണ്ട്. എങ്കിലും ടൈ കെട്ടി ശീലമില്ലാത്തവര്‍ അത് ഉപയോഗിച്ച് മറ്റ് അസ്വസ്ഥതകള്‍ സൃഷ്ടിക്കാതിരിക്കുന്നതാണ് നല്ലത്. ഇന്‍റര്‍വ്യൂ നടക്കുന്ന സ്ഥലത്ത് കൃത്യസമയത്ത് ഹാജരാകണം. പരിചയമില്ലാത്തിടത്താണെങ്കില്‍ കുറച്ചുനേരത്തെ എത്തുന്നത് ആ സ്ഥലത്തേക്കുറിച്ചും സ്ഥാപനത്തേക്കുറിച്ചും എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കാന്‍ സഹായകമാകും. ഇന്‍റര്‍വ്യൂ നടക്കുന്ന മുറിയിലേക്ക് കയറിച്ചെല്ലുമ്പോള്‍ സങ്കോചമോ സംഭ്രമമോ പാടില്ല. കയറിച്ചെന്നയുടന്‍ ഉപചാര വാക്കുകള്‍ ഉപയോഗിക്കണം. ഇരിക്കാന്‍ അനുവാദം കിട്ടിയശേഷം ഇരിക്കുക, കസേര ശബ്ദത്തോടെ വലിച്ചിട്ട് ഇരിക്കരുത്. കസേരയില്‍ മുന്നോട്ട് കയറിയിരിക്കുക, അലസമായി പുറകോട്ട് ചാരിയിരിക്കുക തുടങ്ങിയ രീതികള്‍ പാടില്ല. താടിക്ക് കൈകൊടുത്തിരിക്കുക, മേശപ്പുറത്തെ പേപ്പര്‍ വെയ്റ്റ് ഉരുട്ടിക്കളിക്കുക, അസ്വസ്ഥതയോടെ മൂക്കിലോ തലയിലോ ചൊറിയുക തുടങ്ങിയ ചീത്ത ശീലങ്ങളും ചിലര്‍ക്കുണ്ട്. ഇതൊക്കെ ഒഴിവാക്കേത് ആവശ്യമാണ്. ഉത്തരം പറയുമ്പോള്‍ ഇടയ്ക്കിടെ സര്‍ എന്നൊക്കെപ്പറയുന്നത് ഒഴിവാക്കണം. ഉത്തരം അറിയില്ലെങ്കില്‍ ആവശ്യമില്ലാത്ത വിഡ്ഡിത്തങ്ങള്‍ പറയാതെ അറിയില്ല എന്ന് തന്നെ പറയണം.

 

2.92857142857
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top