സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഏകജാലക സംവിധാനം വഴിയുള്ള അപേക്ഷകള്‍ മെയ് ഒമ്പത് മുതല്‍ സ്വീകരിച്ച് തുടങ്ങി. ഇത്തവണ പത്താംക്ലാസ് പരീക്ഷ എഴുതിയവരില്‍ 4,31,162 പേരാണ് ഉപരിപഠന യോഗ്യത നേടിയിട്ടുള്ളത്. ഇവരില്‍ 4,22,853 പേര്‍ക്കു മാത്രമേ പ്ലസ് വണ്‍ പ്രവേശനം നേടാന്‍ കഴിയൂ.
എന്നാല്‍, ശേഷിക്കുന്ന 8309 പേരുടെ കാര്യത്തില്‍ ആശങ്കയുടെ ആവശ്യമില്ല. ആയിരക്കണക്കിന് സീറ്റുകള്‍ പോളിടെക്നിക്കിനും ഐ.ടി.ഐയ്ക്കുമായി നിലവിലുണ്ട്. അതുകൊണ്ട് ആവശ്യക്കാര്‍ക്ക് ഉപരിപഠനം സാധ്യമാണ്. മുന്‍വര്‍ഷങ്ങളിലേതില്‍നിന്നും ഇക്കുറി ഗ്രേഡുകള്‍ കുതിച്ചുയര്‍ന്നതിനാല്‍ പലര്‍ക്കും പ്രതീക്ഷിക്കുന്ന സ്‌കൂളുകളിലും ഇഷ്ടമുള്ള സബ്ജക്ട് കോംമ്പിനേഷുകളിലും പ്രവേശനം ബുദ്ധിമുട്ടായിരിക്കുമെന്നാണ് വിജയികളുടെ ആധിക്യം സൂചിപ്പിക്കുന്നത്.
20,967 പേര്‍ക്കാണ് കഴിഞ്ഞ വര്‍ഷം എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചത്. എന്നാല്‍, ഇത്തവണ അത് 34,313 ആയി ഉയര്‍ന്നു. അതുകൊണ്ട് തന്നെ സയന്‍സ് കോംമ്പിനേഷനിലേക്കുള്ള അപേക്ഷകളുടെ എണ്ണം പ്രവചനാതീതമായിരിക്കും.
നിലവിലെ വിജ്ഞാപനപ്രകാരം അപേക്ഷ സമര്‍പ്പിക്കുവാനുള്ള അവസാന തീയതി മേയ് 18 ആണ്. പത്താം ക്ലാസ് പരീക്ഷയില്‍ ഓരോ പേപ്പറിനും എ പ്ലസ് ഗ്രേഡോ, തത്തുല്യമായ മാര്‍ക്കോ വാങ്ങി ഉപരിപഠനയോഗ്യത സമ്പാദിച്ചിട്ടുള്ളവര്‍ക്ക് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാവുന്നതാണ്.
അപേക്ഷകര്‍ 2018 ജൂണ്‍ ഒന്നിന് 15 വയസ്സ് പൂര്‍ത്തിയാക്കിയിരിക്കണം. എന്നാല്‍, ഇരുപത് വയസ്സ് കവിയാനും പാടില്ല. കേരളത്തിലെ പൊതുപരീക്ഷാ ബോര്‍ഡില്‍നിന്ന് എസ്.എസ്.എല്‍.സി. പരീക്ഷ വിജയിച്ചവര്‍ക്ക് കുറഞ്ഞ പ്രായപരിധി ബാധകമല്ല. പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍പ്പെട്ട അപേക്ഷകര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ രണ്ട് വര്‍ഷം വരെ ഇളവനുവദിക്കും. അന്ധരോ, ബധിരരോ, ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവരോ ആയവര്‍ക്ക് ഇരുപത്തിയഞ്ച് വയസ്സ് വരെ അപേക്ഷിക്കാം.
സി.ബി.എസ്.ഇയുടെ പത്താം ക്ലാസ് പഠനത്തിനുശേഷം മറ്റ് സിലബസിലേക്ക് മാറുമ്പോള്‍ സി.ബി.എസ്.ഇ.യുടെ ബോര്‍ഡ്തല പരീക്ഷ എഴുതണമെന്ന് സിബിഎസ്ഇ നിര്‍ദേശമുണ്ട്. ഈ പരീക്ഷയില്‍ യോഗ്യത നേടുന്നവരെ മാത്രമേ ഏകജാലക പ്രവേശനത്തിനുള്ള മുഖ്യ അലോട്ട്മെന്റുകളിലേക്ക് പരിഗണിക്കുകയുള്ളൂ.
ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ അന്തിമമായി സമര്‍പ്പിച്ചശേഷം, രേഖപ്പെടുത്തിയ വിവരങ്ങളില്‍ മാറ്റം വരുത്താന്‍ കഴിയില്ല. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടില്‍ വിദ്യാര്‍ഥിയും രക്ഷകര്‍ത്താവും ഒപ്പിട്ടശേഷം സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജില്ലയിലെ ഏതെങ്കിലും ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പലിന് സമര്‍പ്പിക്കേണ്ടതാണ്.
മെറിറ്റ് സീറ്റ് അഡ്മിഷന് ഒരു റവന്യൂ ജില്ലയില്‍ ഒന്നിലേറെ അപേക്ഷകള്‍ സമര്‍പ്പിക്കുവാന്‍ പാടില്ല. ഇതിനായി ഓരോ ജില്ലയ്ക്കും പ്രത്യേകം അപേക്ഷകള്‍ നല്‍കണം. അപേക്ഷയ്‌ക്കൊപ്പമുള്ള അക്നോളജ്മെന്റ് സ്ലിപ്പ് പ്രിന്‍സിപ്പലിന്റെ ഒപ്പും സ്‌കൂള്‍ സീലും വെച്ച് വാങ്ങാന്‍ ഓര്‍ക്കണം. തുടര്‍ന്ന് അഡിമിഷന്‍ നേടുന്നത് വരെ ഈ സ്ലിപ്പ് ആവശ്യമുള്ളതിനാല്‍ അത് സൂക്ഷിച്ചുവയ്ക്കണം.
ഗ്രേയ്‌സ് മാര്‍ക്കിന് അര്‍ഹരായവര്‍ അത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ വയ്ക്കേണ്ടതാണ്. 2018-ല്‍ സംസ്ഥാനത്തെ എസ്.എസ്.എല്‍.സി. വിജയിച്ചവര്‍ അപേക്ഷയോടൊപ്പം മാര്‍ക്ക്ലിസ്റ്റിന്റെ കമ്പ്യൂട്ടര്‍ പ്രിന്റ് വച്ചാല്‍ മതിയാകും. അപേക്ഷകന്റെ ജാതി/മതം/മുതലായ വിവരങ്ങള്‍ തെളിയിക്കുന്നതിന് പ്രത്യേകം സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല.
ജില്ലയ്ക്കോ, സംസ്ഥാനത്തിനോ പുറത്തുള്ളവര്‍ക്ക് അവിടെനിന്ന് തന്നെ അപേക്ഷ സമര്‍പ്പിക്കം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടും മറ്റ് രേഖകളും ബന്ധപ്പെട്ട ജില്ലയിലെ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പലിന് തപാല്‍മാര്‍ഗം അയച്ചുകൊടുക്കാവുന്നതാണ്. അപേക്ഷാ ഫീസ് ഡിഡിയായി അപേക്ഷയോടൊപ്പം വച്ചാല്‍ മതി.
തെറ്റായ വിവരങ്ങള്‍ നല്‍കി പ്രവേശനം നേടിയാല്‍ പ്രസ്തുത അലോട്ട്മെന്റ് റദ്ദാക്കുന്നതാണ്. അതുകൊണ്ട് തന്നെ അപേക്ഷയില്‍ കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ ശ്രദ്ധിക്കണം. ഹയര്‍സെക്കണ്ടറി അഡ്മിഷന്‍ പോര്‍ട്ടലായ www.hscap.kerala.gov.in സന്ദര്‍ശിച്ച് അപേക്ഷ കാണുന്നതിനുള്ള 'view your application' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് അപേക്ഷാ നമ്പരും ജനനത്തീയതിയും ടൈപ്പ് ചെയ്ത് സബ്മിറ്റ് ചെയ്താല്‍ അപേക്ഷാവിവരങ്ങള്‍ കാണാവുന്നതാണ്.
അവസാനവട്ട പരിശോധനയ്ക്കും തിരുത്തലിനുമായി ആദ്യ അലോട്ട്മെന്റിന് മുമ്പെ ട്രയല്‍ അലോട്ട്മെന്റ് നടത്തി, ലിസ്റ്റ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്. അപേക്ഷാ വിവരങ്ങളില്‍ എന്തെങ്കിലും തെറ്റുകള്‍ തിരുത്താനുണ്ടെങ്കില്‍ അപ്പോള്‍ സാധ്യമാണ്.
രണ്ട് അലോട്ട്മെന്റുകളുള്ള മുഖ്യ അലോട്ട്മെന്റിന് ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് സപ്ലിമെന്ററി അലോട്ട്മെന്റുകള്‍ നടത്തും. മുഖ്യ അലോട്ട്മെന്റ് അവസാനിക്കുന്നതോടെ താത്ക്കാലിക പ്രവേശനത്തില്‍ തുടരുന്ന വിദ്യാര്‍ഥികള്‍ പ്രവേശനം നിര്‍ബന്ധമായും സ്ഥിരപ്പെടുത്തണം. മുഖ്യഅലോട്ട്മെന്റ് അവസാനിച്ചിട്ടും ഇഷ്ടപ്പെട്ട സ്‌കൂളും സബ്ജക്ട് കോമ്പിനേഷനും ലഭിക്കാത്തവര്‍ക്ക് സ്‌കൂള്‍ മാറ്റത്തിനോ സ്‌കൂളിനുള്ളില്‍ തന്നെ സബ്ജക്ട് കോമ്പിനേഷന്‍ മാറ്റത്തിനോ അപേക്ഷിക്കാം.
ഏകജാലക സംവിധാനത്തില്‍ അഡ്മിഷന്‍ നേടിയവര്‍ക്ക് മാത്രം ഒഴിവുള്ള പക്ഷം മെറിറ്റടിസ്ഥാനത്തില്‍ ഈ മാറ്റങ്ങള്‍ അനുവദിക്കുന്നതാണ്. മുഖ്യഘട്ടത്തില്‍ ഒന്നാം ഓപ്ഷന്‍ പ്രകാരം പ്രവേശനം നേടിയവര്‍ക്ക് സ്‌കൂള്‍/കോമ്പിനേഷന്‍ മാറ്റത്തിനായി അപേക്ഷിക്കാന്‍ അര്‍ഹത ഉണ്ടായിരിക്കുകയില്ല.
മുഖ്യ അലോട്ട്മെന്റുകളില്‍ പ്രവേശനം ലഭിച്ചവര്‍ക്ക് സ്‌കൂള്‍/കോമ്പിനേഷന്‍ മാറ്റങ്ങള്‍ അനുവദിച്ചശേഷം മാത്രമായിരിക്കും സപ്ലിമെന്ററി അലോട്ട്മെന്റുകള്‍ നടത്തുക. സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷ ക്ഷണിക്കുന്നതിന് മുമ്പ് ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്. അപേക്ഷ നല്‍കിയിട്ടും മുഖ്യ അലോട്ട്്മെന്റുകളിലൊന്നിലും ഇടം നേടാന്‍ കഴിയാത്തവര്‍ സപ്ലിമെന്ററി അലോട്ട്മെന്റുകളിലേക്ക് പരിഗണിക്കപ്പെടുന്നതിനായി നിലവിലുള്ള അപേക്ഷ പുതുക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 18.05.2018
ട്രയല്‍ അലോട്ട്മെന്റ് തീയതി: 25.05.2018
ആദ്യ അലോട്ട്മെന്റ് തീയതി: 01.06.2018
മുഖ്യ അലോട്ട്മെന്റ് അവസാനിക്കുന്ന തീയതി: 12.06.2018
ക്ലാസ്സുകള്‍ തുടങ്ങുന്ന തീയതി: 13.06.2018
സപ്ലിമെന്ററി ഘട്ടങ്ങളുടെ തീയതി: 21.06.2018 മുതല്‍ 19.07.2018 വരെ
അഡ്മിഷന്‍ അവസാനിപ്പിക്കുന്നതിനുള്ള തീയതി: 19.07.2018
കടപ്പാട് : സീന
അവസാനം പരിഷ്കരിച്ചത് : 5/29/2020