കോര്‍പറേറ്റ് മേഖലയിലും മറ്റും കമ്പനി സെക്രട്ടറിയാകുന്നതിന് കമ്പനി സെക്രട്ടറിഷിപ് (സി.എസ്) മെംബര്‍ഷിപ് നേടണം. തുടര്‍ച്ചയായ പ്രഫഷനല്‍ ഡെവലപ്മെന്‍റിലൂടെ മാത്രമേ മികച്ച കമ്പനി സെക്രട്ടറി ആകാനാകൂ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയാണ് (ഐ.സി.എസ്.ഐ) കമ്പനി സെക്രട്ടറിഷിപ് പഠന-പരിശീലനങ്ങളും പരീക്ഷകളും നടത്തി മെംബര്‍ഷിപ് സമ്മാനിക്കുന്നത്.
കമ്പനി സെക്രട്ടറിയാകാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ കമ്പനി സെക്രട്ടറിഷിപ് കോഴ്സിന്‍െറ വിവിധ ഘട്ടങ്ങളായ ഫൗണ്ടേഷന്‍, എക്സിക്യൂട്ടിവ്, പ്രഫഷനല്‍ പ്രോഗ്രാമുകളില്‍ രജിസ്റ്റര്‍ ചെയ്ത് പഠിച്ച് പരീക്ഷകള്‍ പാസാകണം. അത് കഴിഞ്ഞ് പ്രീ മെംബര്‍ഷിപ് ട്രെയ്നിങ് വിജയകരമായി പൂര്‍ത്തിയാക്കുമ്പോഴാണ് കമ്പനി സെക്രട്ടറിഷിപ് മെംബര്‍ഷിപ് ലഭിക്കുന്നത്. ഐ.സി.എസ്.ഐക്ക് പഠന-പരിശീലനങ്ങള്‍ നല്‍കുന്നതിന് ചാപ്റ്ററുകള്‍ ഉണ്ടെങ്കിലും അര്‍പ്പണമനോഭാവത്തോടെ സ്വന്തമായി നല്ലവണ്ണം പഠിക്കുന്നവര്‍ക്ക് മാത്രമേ കമ്പനി സെക്രട്ടറിഷിപ് മെംബര്‍ഷിപ് നേടാനാകൂ. വിദ്യാര്‍ഥികള്‍ക്ക് ചാപ്റ്ററുകളിലെ ലൈബ്രറി സൗകര്യങ്ങളും ക്ളാസുകളും പ്രയോജനപ്പെടുത്താം.
സി.എസ് ഫൗണ്ടേഷന്‍: ഏതെങ്കിലും സബ്ജക്ട് കോമ്പിനേഷനില്‍ ഹയര്‍ സെക്കന്‍ഡറി /പ്ളസ് ടു/തുല്യ ബോര്‍ഡ് പരീക്ഷ പാസായവര്‍ക്കും ഫൈനല്‍ യോഗ്യതാ പരീക്ഷ എഴുതുന്നവര്‍ക്കും സി.എസ് ഫൗണ്ടേഷന്‍ പ്രോഗ്രാമിന് രജിസ്റ്റര്‍ ചെയ്യാന്‍ അര്‍ഹതയുണ്ട്. 2017 ജൂണ്‍ സെഷനില്‍ നടത്തുന്ന ഫൗണ്ടേഷന്‍ പരീക്ഷയില്‍ പങ്കെടുക്കുന്നതിന് 2016 സെപ്റ്റംബര്‍ 30 വരെ രജിസ്ട്രേഷന് സമയമുണ്ട്. രജിസ്ട്രേഷന്‍ ഫീസ് 4500 രൂപയാണ്.
സി.എസ് ഫൗണ്ടേഷന്‍ പ്രോഗ്രാമില്‍ ബിസിനസ് എന്‍വയണ്‍മെന്‍റ് ആന്‍ഡ് എന്‍റര്‍പ്രണര്‍ഷിപ്, ബിസിനസ് മാനേജ്മെന്‍റ്, എത്തിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ബിസിനസ് ഇക്കണോമിക്സ്, ഫണ്ടമെന്‍റല്‍ ഓഫ് അക്കൗണ്ടിങ് ആന്‍ഡ് ഓഡിറ്റിങ് എന്നിങ്ങനെ നാലു വിഷയങ്ങള്‍ പഠിച്ച് പരീക്ഷയെഴുതി പാസാകണം.
സി.എസ് എക്സിക്യൂട്ടിവ്: സി.എസ് ഫൗണ്ടേഷന്‍ വിജയിക്കുന്നവര്‍ക്കും ഫൈന്‍ ആര്‍ട്സ് ഒഴികെ ഏതെങ്കിലും വിഷയത്തില്‍ ബിരുദമെടുത്തവര്‍ക്കും ഫൈനല്‍ ഡിഗ്രി പരീക്ഷയെഴുതുന്നവര്‍ക്കും അടുത്ത ഘട്ടമായ സി.എസ് എക്സിക്യൂട്ടിവ് പ്രോഗ്രാമിന് രജിസ്റ്റര്‍ ചെയ്ത് പഠിക്കാം.
സി.എസ് ഫൗണ്ടേഷന്‍ കോഴ്സ് വിജയിച്ച വിദ്യാര്‍ഥികള്‍ 8500 രൂപയും കോമേഴ്സ് ബിരുദക്കാര്‍ 9000 രൂപയും മറ്റ് ബിരുദക്കാര്‍ 10,000 രൂപയും രജിസ്ട്രേഷന്‍ ഫീസായി അടക്കണം. 2017 ജൂണ്‍ സെഷനിലെ സി.എസ് എക്സിക്യൂട്ടിവ് പരീക്ഷയില്‍ പങ്കെടുക്കുന്നതിന് 2016 ആഗസ്റ്റ് 31നകം രജിസ്റ്റര്‍ ചെയ്യണം. കമ്പനി ലോ, കോസ്റ്റ് ആന്‍ഡ് മാനേജ്മെന്‍റ് അക്കൗണ്ടിങ്, ഇക്കണോമിക്സ് ആന്‍ഡ് കമേഴ്സ്യല്‍ ലോസ്, ടാക്സ് ലോസ് ആന്‍ഡ് പ്രാക്ടിസ്, കമ്പനി അക്കൗണ്ട്സ് ആന്‍ഡ് ഓഡിറ്റിങ് പ്രാക്ടിസ്, കാപിറ്റല്‍ മാര്‍ക്കറ്റ്സ് ആന്‍ഡ് സെക്യൂരിറ്റീസ് ലോസ്, ഇന്‍ഡസ്ട്രിയല്‍ ലേബര്‍ ആന്‍ഡ് ജനറല്‍ ലോസ് എന്നീ വിഷയങ്ങളാണ് സി.എസ് എക്സിക്യൂട്ടിവ് പ്രോഗ്രാമില്‍ പഠിച്ച് പരീക്ഷയെഴുതേണ്ടത്.
പട്ടികജാതി/പട്ടിക വര്‍ഗം, വികലാംഗര്‍, മിലിട്ടറി/ പാരാമിലിട്ടറി ഫോഴ്സിലെ ജോലിക്കിടെ ജീവന്‍ നഷ്ടപ്പെട്ടവരുടെ വിധവകള്‍/ആശ്രിതര്‍ എന്നീ വിഭാഗക്കാര്‍ക്ക് ഫീസില്‍ ഇളവ് ലഭിക്കും. പഠന-പരിശീലനങ്ങള്‍ക്ക് ഐ.സി.എസ്.ഐയുടെ ചാപ്റ്ററുകളിലും മറ്റും സൗകര്യം ലഭിക്കുന്നതാണ്. ഐ.സി.എസ്.ഐയുടെ ചെന്നൈ സതേണ്‍ റീജനല്‍ ഓഫിസിന് കീഴില്‍ തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, മംഗളൂരു, സേലം, മധുര, മൈസൂരു, കോയമ്പത്തൂര്‍, ബംഗളൂരു, ഹൈദരാബാദ്, വിശാഖപട്ടണം, അമരാവതി എന്നിവിടങ്ങളില്‍ ചാപ്റ്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിദൂരപഠന സൗകര്യവും ലഭ്യമാണ്.
സി.എസ് ഫൗണ്ടേഷന്‍, എക്സിക്യൂട്ടിവ് പ്രോഗ്രാമുകളിലേക്കുള്ള രജിസ്ട്രേഷനും വിവരങ്ങള്‍ക്കും www.icsi.edu എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
തൊഴില്‍ സാധ്യത:
സി.എസ് മെംബര്‍ഷിപ് കരസ്ഥമാക്കുന്നവര്‍ക്ക് കോര്‍പറേറ്റ് മേഖലയില്‍ വന്‍കിട കമ്പനികളിലും മറ്റും ആകര്‍ഷകമായ ശമ്പളത്തോടെ കമ്പനി സെക്രട്ടറിയാകാം. യോഗ്യത നേടുന്നവരുടെ എണ്ണം കുറവായതിനാല്‍ തൊഴില്‍ ഉറപ്പാണ്. കമ്പനിയുടെ അമരക്കാരില്‍ പ്രധാനിയാണ് കമ്പനി സെക്രട്ടറി. സ്വന്തമായി പ്രാക്ടിസ് ചെയ്ത് വരുമാനമുണ്ടാക്കാനും കഴിയും.
സോഫ്റ്റ്വെയര്‍ സാങ്കേതികവിദ്യയില്‍ നൈപുണ്യം നേടിയവര്‍ക്ക് ഐ.ടി മേഖലയില്‍ തൊഴില്‍ സാധ്യതകളേറെയാണ്. ഐ.ടി മേഖലയില്‍ സോഫ്റ്റ്വെയറിനാണ് കൂടുതല്‍ പ്രാമുഖ്യം. കോടിക്കണക്കിന് മൂലധന നിക്ഷേപമുള്ള ബഹുരാഷ്ട്ര ഐ.ടി കമ്പനികള്‍ ഇന്ത്യക്കകത്തും പുറത്തും ധാരാളമുണ്ട്. ഒട്ടേറെ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഐ.ടി കമ്പനികള്‍ക്ക് ഏറ്റവും നൂതനമായ സങ്കേതികവിദ്യ പഠിച്ചിറങ്ങുന്ന സോഫ്റ്റ്വെയര്‍ ഫ്രഫഷനലുകളെ ഇനിയും ധാരാളം ആവശ്യമായി വരും.
പഠനാവസരം:
ആന്‍ഡ്രോയ്ഡ് ആപ്ളിക്കേഷനും ഡോട്ട് നെറ്റ് ടെക്നോളജിയുമൊക്കെ സമന്വയിപ്പിച്ച് ഐ.ടി വ്യവസായ മേഖലക്കാവശ്യമായ സോഫ്റ്റ്വെയര്‍ പ്രഫഷനലുകളെ വാര്‍ത്തെടുക്കുന്ന പ്രമുഖ സ്ഥാപനങ്ങളിലൊന്നാണ് കോഴിക്കോട് പ്രവര്‍ത്തിക്കുന്ന നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (നീലിറ്റ്). കേന്ദ്രസര്‍ക്കാറിന് കീഴിലുള്ള ഈ സ്ഥാപനത്തില്‍ സെപ്റ്റംബര്‍ അഞ്ചിന് സോഫ്റ്റ്വെയര്‍ ടെക്നോളജിയില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമ കോഴ്സ് ആരംഭിക്കുന്നുണ്ട്. 24 ആഴ്ചത്തെ ഫുള്‍ടൈം കോഴ്സാണിത്. തിങ്കള്‍ മുതല്‍ വെള്ളിവരെ രാവിലെ 9.30 മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് ക്ളാസുകള്‍. കോഴ്സ് ഫീസായി 60,000 രൂപയും സര്‍വിസ് ടാക്സും നല്‍കണം. ആകെ 69,000 രൂപയോളം നല്‍കേണ്ടിവരും. ഫീസ് രണ്ടു ഗഡുക്കളായി അടക്കാവുന്നതാണ്. പട്ടികജാതി/വര്‍ഗ വിദ്യാര്‍ഥികളെ ട്യൂഷന്‍ ഫീസില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഒരു ബാച്ചില്‍ 20 പേര്‍ക്കാണ് പ്രവേശം.
അപേക്ഷ ഇപ്പോള്‍:
അപേക്ഷ calicut.nielit.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായോ നിശ്ചിത അപേക്ഷാഫോറം വെബ്സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകള്‍ സഹിതമോ സമര്‍പ്പിക്കാവുന്നതാണ്. അഡ്വാന്‍സ് ഫീസായി 1000 രൂപ Director, NIELIT, Calicutന് SBI -NIT കാമ്പസ് ബ്രാഞ്ച് (കോഡ് 2207) ചാത്തമംഗലത്ത് മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റായി പൂരിപ്പിച്ച അപേക്ഷയോടൊപ്പം ഇനി പറയുന്ന വിലാസത്തില്‍ അയക്കണം. Training Officer, National Institute of Electronics and Information Technology, P.B. No.5, NIT Campus Post, Calicut-673601, Kerala. അപേക്ഷകള്‍ 2016 ഓഗസ്റ്റ് 24 വരെ സ്വീകരിക്കും. അവസാന തീയതിയുടെ അന്ന് വൈകീട്ട് അഞ്ചുമണിക്കുശേഷം തെരഞ്ഞെടുക്കപ്പെടുന്നവരുടെ ലിസ്റ്റ് വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. അഡ്മിഷന്‍ കൗണ്‍സലിങ് സെപ്റ്റംബര്‍ അഞ്ചിന് നടത്തും. അന്നുതന്നെ ക്ളാസും ആരംഭിക്കും.
അഡ്മിഷന്‍ ലഭിക്കുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മിതമായ നിരക്കില്‍ ഹോസ്റ്റല്‍ സൗകര്യവും മെസ്സും ലഭ്യമാണ്. 1000 മുതല്‍ 1600 രൂപ വരെയാണ് ഹോസ്റ്റല്‍ ഫീസ്. ഹോസ്റ്റ് ആന്‍ഡ് മെസ് ഫീസായി 3000 രൂപ നല്‍കേണ്ടിവരും. കോഷന്‍ ഡെപ്പോസിറ്റായി 3000 രൂപ കെട്ടിവെക്കണം.
പഠനത്തിനാവശ്യമായ എല്ലാവിധ സോഫ്റ്റ്വെയറുകളോടും കൂടിയ ഇന്‍റര്‍നെറ്റ് സംവിധാനമുള്ള 100 കമ്പ്യൂട്ടറുകള്‍ അടങ്ങിയ മികച്ച ഐ.ടി ലാബ് സൗകര്യങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ട്. കാമ്പസിലെവിടെയും വൈ-ഫൈ സൗകര്യം ലഭ്യമാണ്.
തിയറിക്കും പ്രായോഗികതക്കും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പാഠ്യപദ്ധതിയില്‍ C.Net, VB.Net, ASP.Net, Core Java, Android Application, Project എന്നിവ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പ്രസക്തമായ പ്രോജക്ടുകള്‍ ഇന്‍ഡസ്ട്രിയില്‍നിന്നും എടുക്കാം.
യോഗ്യത:
ഐടി/കമ്പ്യൂട്ടര്‍ സയന്‍സ്/ഇലക്ട്രോണിക്സ് വിഷയങ്ങളില്‍ എം.എസ്സി/ബി.എസ്സി/ഡിപ്ളോമ; BCA/MCA; BE/BTech, ME/M Tech അല്ളെങ്കില്‍ തത്തുല്യ യോഗ്യതയോ പ്രവൃത്തി പരിചയമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.
യോഗ്യതാ പരീക്ഷക്ക് ലഭിച്ച മാര്‍ക്കിന്‍െറ മെറിറ്റ് പരിഗണിച്ചാണ് തെരഞ്ഞെടുപ്പ്. അഡ്മിഷന്‍ കൗണ്‍സലിങ് നടത്തും.
പ്ളേസ്മെന്‍റ്:
വിജയകരമായി പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് തൊഴില്‍ സഹായത്തിനായി പ്ളേസ്മെന്‍റ് സെല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്‍ഡസ്ട്രിക്കാവശ്യമായ സാങ്കേതികവും പ്രായോഗികവുമായ അറിവ് വര്‍ധിപ്പിക്കുന്നതിലും വീക്കിലി പ്ളേസ്മെന്‍റ് ടെസ്റ്റ്, മോക്ക് ഇന്‍റര്‍വ്യൂ എന്നിവയിലൂടെ ഉദ്യോഗാര്‍ഥികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിലും പ്ളേസ്മെന്‍റ് സെല്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. കാമ്പസ് പ്ളേസ്മെന്‍റിലൂടെയും മറ്റും ഐ.ടി കമ്പനികള്‍ക്കാവശ്യമായ മാന്‍പവര്‍ ലഭ്യമാക്കും.
പഠിച്ചിറങ്ങിയ 80 ശതമാനം പേര്‍ക്കും വിപ്രോ, ടി.സി.എസ്, സാംസങ്, ബി.ഡി.ഐ സിസ്്റ്റംസ് , കോഗ്നിസന്‍റ്, എക്സ്പെറ്റേഷന്‍സ് ഐ.റ്റി സൊലൂഷ്യന്‍സ് മുതലായ കമ്പനികളില്‍ ജോലി നേടാനായെന്നും ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ പ്രോസ്പെക്ടസില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ അദ്ധ്യയന വര്‍ഷത്തിലേക്കുള്ള തയ്യാറെടുപ്പിലാണ് എല്ലാവരും. കൂടുതല്‍ വ്യത്യസ്തവും, ആകര്‍ഷകവുമായ പാഠ്യമേഖലകളും അവ തുറക്കുന്ന തൊഴില്‍ സാധ്യതകളുമുണ്ട്. പുതു തലമുറയുടെ ജീവിതസാഹചര്യങ്ങളില്‍ വന്ന മാറ്റത്തിനൊപ്പം മൂല്യമേറിയ ചില പഠനമേഖലകളെ പരിചയപ്പെടാം. സ്‌കൂളുകളില്‍ നിന്നും കലാലയങ്ങളിലേക്ക് കൂടേറാന്‍ ഒരുങ്ങുന്ന പ്ലസ് ടു കഴിഞ്ഞവര്‍ക്ക് പുതിയ അദ്ധ്യയന വര്‍ഷം ഭാവിയിലേക്കുള്ള ചുവടുവെയ്പ് കൂടിയാണ്. അച്ഛനമ്മമാരുടെ തീരുമാനത്തിന് വഴങ്ങി കോഴ്‌സുകള്‍ തിരഞ്ഞെടുക്കുന്ന പഴയകാല രീതിയോടും പുതുതലമുറയ്ക്ക് ആഭിമുഖ്യം ഇല്ല. എന്തു പഠിക്കണം, എവിടെ പഠിക്കണം എന്നെല്ലാമുള്ള കാര്യങ്ങള്‍ സ്വയം തിരഞ്ഞെടുക്കുകയാണ് അവര്‍. ഏറ്റവും കൂടുതല്‍ പേര്‍ ഉന്നം വെയ്ക്കുന്ന കോഴ്‌സ് ചെയ്യുകയല്ല, തന്റെ അഭിരുചികള്‍ക്കനുസരിച്ചുള്ള കോഴ്‌സാണ് ചെയ്യേണ്ടത്. ഇത്തരത്തില്‍ തന്റെ അഭിരുചികള്‍ക്കനുസരിച്ച് ഭാവിയില്‍ ചെയ്യാനാഗ്രഹിക്കുന്ന ജോലി കൂടി ലക്ഷ്യം വെച്ചാകണം കോഴ്‌സുകള്‍ തിരഞ്ഞെടുക്കുന്നത്.
മെഡിസിന്‍, എന്‍ജിനീയറിംഗ്, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് തുടങ്ങിയ കോഴ്‌സുകള്‍ കാലങ്ങളായി പഠിച്ചുവരുന്നുണ്ട്. എന്നാല്‍ ഇതിനുമപ്പുറം കൂടുതല്‍ വ്യത്യസ്തവും, ആകര്‍ഷകവുമായ പാഠ്യമേഖലകളും അവ തുറക്കുന്ന തൊഴില്‍ സാധ്യതകളുമുണ്ട്. ഇവയെ കുറിച്ച് കൂടി പരിശോധിച്ച് മാത്രമേ മുന്നോട്ട് പോകാവൂ. പുതു തലമുറയുടെ ജീവിതസാഹചര്യങ്ങളില്‍ വന്ന മാറ്റത്തിനൊപ്പം മൂല്യമേറിയ ചില പുതിയ പഠനമേഖലകളാണിവിടെ പരിചയപ്പെടുത്തുന്നത്..
മ്യൂസിയോളജി
ഒരിരുമ്പായുധം മ്യൂസിയത്തിലെ ചില്ലുകൂട്ടില്‍ കിടക്കുമ്പോള്‍ അതിന് ലഭിക്കുന്ന ചരിത്ര പരിവേഷം കാഴ്ചക്കാരന്റെ കണ്ണില്‍ കൗതുകവും ആശ്ചര്യവുമാണ് നിറയ്ക്കുന്നത്. ഇനിയും കണ്ടെത്തിയിട്ടില്ലാത്ത അനേകമായിരം ചരിത്രസംഭവങ്ങളിലേക്കും, പ്രപഞ്ചസത്യങ്ങളിലേക്കുമുള്ള കിളിവാതിലുകളാണ് ഓരോ മ്യൂസിയവും. ഒരു തൊഴില്‍ മേഖലയായി അധികമാരും ശ്രദ്ധ പതിപ്പിക്കാത്ത ഇടമാണ് മ്യൂസിയം സ്റ്റഡീസ് എന്ന പേരില്‍ കൂടി അറിയപ്പെടുന്ന ഈ കോഴ്‌സ്.
പ്ലസ് ടുവിന് ശേഷം ഹിസ്റ്ററി, സോഷ്യോളജി, ആര്‍ക്കിയോളജി, അപ്ലൈഡ് ആര്‍ട്‌സ് തുടങ്ങിയ വിഷങ്ങളില്‍ ബിരുദം നേടിയ ശേഷം മ്യൂസിയോളജിയില്‍ ബിരുദാനന്തര ബിരുദം നേടാം. കേരളത്തില്‍ മാത്രമല്ല, രാജ്യത്തിനകത്തും, വിദേശ രാജ്യങ്ങളിലും മ്യൂസിയോളജി പഠിച്ചിറങ്ങുന്നവര്‍ക്ക് വലിയ തൊഴില്‍ സാധ്യതകളാണ് ഉള്ളത്. ഗാന്ധിഗ്രാം റൂറല്‍ ഇന്‍സ്റ്റിറ്റിയൂട്ട്, കല്‍ക്കത്ത സര്‍വകലാശാല തുടങ്ങിയ ഇടങ്ങളില്‍ മ്യൂസിയോളജി കോഴ്‌സ് ലഭ്യമാണ്.
അര്‍ബന്‍ പ്ലാനര്‍
രാജ്യത്തിന്റെ ആത്മാവ് ഗ്രാമങ്ങളിലാണ് എന്ന രാഷ്ട്രപിതാവിന്റെ വാക്യങ്ങള്‍ എക്കാലത്തും ഓര്‍മ്മിക്കപ്പെടുമെങ്കിലും കാലഗതിയില്‍ ഓരോ ഗ്രാമവും വികസന വഴിയിലേക്ക് കണ്ണും നട്ടിരിക്കുകയാണ്. അങ്ങാടികള്‍ മിനി ടൗണ്‍ഷിപ്പുകളായി മാറിയ നമ്മുടെ നാട്ടില്‍ പഞ്ചായത്ത് കവലയ്ക്ക് പോലും ഒരു മിനി മെട്രോയുടെ ഭംഗിയാണ്. കാലം മാറും തോറും നഗരങ്ങള്‍ക്ക് പോലും അടുക്കും ചിട്ടയും വേണമെന്ന ചിന്താഗതി രൂപപ്പെട്ടിട്ടുണ്ട്.
നഗരത്തിലെ നിരത്തുകള്‍, നടപ്പാതകള്‍, സ്‌കൂളുകള്‍, ഷോപ്പിങ് മാളുകള്‍, ആസ്പത്രികള്‍ തുടങ്ങിയവയ്‌ക്കെല്ലാം അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തി നാടിന്റെ വികസനത്തിന് കൃത്യമായ ദിശാബോധം നല്‍കണം. നോക്കൂ, നാളെ ആ നഗരം നിങ്ങള്‍ രൂപകല്‍പ്പന ചെയ്തതാണെന്ന് അഭിമാനത്തോടെ പറയാം. സാമ്പത്തികമായ വികാസത്തോടൊപ്പം നഗരവത്കരണം പുതുജീവന്‍ ആര്‍ജ്ജിക്കുമ്പോള്‍ അര്‍ബന്‍ പ്ലാനര്‍ കോഴ്‌സുകള്‍ക്ക് വലിയ സാധ്യതകളാണ് തുറക്കപ്പെടുന്നത്.
ബിരുദ തലത്തില്‍ ആര്‍ക്കിടെക്ചര്‍ അല്ലെങ്കില്‍ പ്ലാനിംഗ് പഠിച്ചവര്‍ക്ക് ബിരുദാനന്തര ബിരുദ കോഴ്‌സായി അര്‍ബന്‍ പ്ലാനിംഗ് തിരഞ്ഞെടുക്കാം. നഗരങ്ങളില്‍ ജനസംഖ്യ ഉയര്‍ന്നുവരികയും കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുകയും വേണ്ടപ്പോഴാണ് അര്‍ബന്‍ പ്ലാനറുടെ ആവശ്യം പ്രസക്തമാകുന്നത്. ന്യൂഡല്‍ഹിയിലെ സ്‌കൂള്‍ ഓഫ് പ്ലാനിംഗ് ആന്‍ഡ് ആര്‍ക്കിടെക്ചര്‍, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡവലപ്‌മെന്റ് സ്റ്റഡീസ് മൈസൂര്‍, ഐ.ഐ.ടി.കള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കോഴ്‌സ് ലഭ്യമാണ്.
ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്
ഏറ്റവുമധികം വേതനം ലഭിക്കുന്ന ജോലികളിലൊന്നായി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് മാറിക്കഴിഞ്ഞു. ഒരു ലക്ഷം വരെ പ്രതിമാസ വേതനം ലഭിക്കുന്ന ഒരു ജോലിയാണിത്. കാലാവസ്ഥാ വ്യതിയാനങ്ങളും, പ്രകൃതിദുരന്തങ്ങളും കൂടിയ സാഹചര്യത്തില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സൃഷ്ടിക്കുന്ന തൊഴിലവസരങ്ങള്‍ വലുതാണ്. പ്രത്യേകിച്ചും സര്‍ക്കാര്‍ സ്ഥാപനങ്ങളിലാണ് ഈ കോഴ്‌സ് പഠിച്ചിറങ്ങിയവര്‍ക്ക് ആവശ്യമേറെയുള്ളത്.
എതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയ ശേഷം ഡിസാസ്റ്റര്‍ മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദം നേടാവുന്നതാണ്. പ്ലസ് ടു വിന് ശേഷം ചെയ്യാവുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും ഉണ്ട്. ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് മുംബൈ, സെന്റര്‍ ഫോര്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പൂനെ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇക്കോളജി ആന്‍ഡ് എന്‍വയോണ്‍മെന്റ് ന്യൂഡല്‍ഹി എന്നിവിടങ്ങളില്‍ ഈ കോഴ്‌സ് ലഭ്യമാണ്.
ഒക്ക്യുപ്പേഷണല്‍ തെറാപ്പി
അപകടങ്ങള്‍ നിത്യസംഭവങ്ങളാണ് ജീവിതത്തില്‍. പലപ്പോഴും കൈകാലുകള്‍ നഷ്ടപ്പെട്ട് ശിഷ്ടജീവിതം വീല്‍ചെയറില്‍ മാത്രമായി മാറുന്ന അനേകം ഹതഭാഗ്യരുണ്ട്. അവരുടെ ജീവിതങ്ങളിലേക്ക് നവോന്മേഷം പകരുക, ഭിന്ന ശേഷിയുള്ള കുട്ടികളെ അവരുടെ കഴിവുകള്‍ക്കനുസരിച്ച് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ സഹായിക്കുക എന്നതൊക്കെയാണ് ഒരു ഒക്ക്യുപ്പേഷന്‍ തെറാപ്പിസ്റ്റിന്റേ ജോലി. മെഡിസിനും, നഴ്‌സിംഗിനുമപ്പുറം ആരോഗ്യരംഗത്ത് മൂല്യമേറിയ ഒന്നാണ് ഇത്.
അപകടത്തില്‍ പെട്ടവര്‍ക്ക് നഷ്ടപ്പെട്ട കഴിവുകള്‍ തിരികെ ലഭ്യമാക്കുന്നതോടൊപ്പം വാര്‍ദ്ധക്യസഹജമായ ശാരീരിക മാനസിക പ്രയാസങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുക തുടങ്ങിയവ ഇതിലുള്‍പ്പെടും. പുനരധിവാസ ക്യാമ്പുകള്‍, നഴ്‌സിങ് ഹോമുകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, സ്‌പെഷല്‍ സ്‌കൂളുകള്‍ തുടങ്ങിയ ഇടങ്ങളില്‍ തൊഴില്‍ സാധ്യതയുണ്ട്. പ്ലസ് ടു വിന് ശേഷം ഒക്ക്യുപേഷണല്‍ തെറാപ്പിയില്‍ ബിരുദം നേടാന്‍ സാധിക്കും.
ആക്ചൂറിയല്‍ സയന്‍സ്
മൊബൈല്‍ ഫോണ്‍ ഇന്‍ഷൂര്‍ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞാല്‍ ആരും ഇക്കാലത്ത് അന്തം വിടില്ല. കാരണം വില കൂടിയ വസ്തുക്കളെല്ലാം നഷ്ടപ്പെടുകയോ മോഷണം പോവുകയോ ചെയ്താല്‍ നഷ്ടം നികത്തുന്നതിന് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തുക പതിവാണ്. എന്നാല്‍ ആരാണ് നമ്മുടെ പ്രീമിയം തുകയും, നമുക്ക് ലഭിക്കേണ്ട തുകയും നിശ്ചയിക്കുന്നത്? ആരാണ് ഏതൊക്കെ അപകടങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് തുക നല്‍കണമെന്ന് നിശ്ചയിക്കുന്നത്? ഒരു ആക്ച്വറിയുടെ പ്രധാന ചുമതലകളാണിവ.
സംഭവിച്ചേക്കാവുന്ന ഒരു അപകടത്തിന്റെ സാമ്പത്തിക ബാദ്ധ്യത മുന്‍കൂട്ടി കണക്കാക്കുകയും, അതിനനുസരിച്ച് ഉപഭോക്താവില്‍ നിന്നും ഈടാക്കേണ്ട പ്രീമിയം തുക നിശ്ചയിക്കുന്നതുമായ ജോലിയാണ് ആക്ച്വറിയുടേത്. ആക്ച്വറി സയന്‍സില്‍ ബിരുദവും ബിരുദാനന്തര ബിരുദവും ലഭ്യമായാല്‍ മാത്രം പോര, ആക്ച്വറി സൊസൈറ്റിയില്‍ അംഗത്വം നേടുക കൂടി ചെയ്താലേ ആക്ച്വറിയായി പ്രാക്ടീസ് ചെയ്യാന്‍ സാധിക്കൂ. 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കും, പ്ലസ് ടു പരീക്ഷയില്‍ സ്റ്റാറ്റിസ്റ്റിക്‌സിലോ, ഗണിതത്തിലോ 85 ശതമാനം മാര്‍ക്ക് നേടിയവര്‍ക്കും ആക്ച്വറി സൊസൈറ്റിയില്‍ അംഗമാകാം. വിവരങ്ങള്‍ക്ക് : www.actuariesindia.org
ലാംഗ്വേജ് എക്‌സ്‌പേര്‍ട്ട്
ലോകം തന്നെ ഒരു വില്ലേജായി മാറിക്കഴിഞ്ഞു. ഫ്രാന്‍സ്, ഇറ്റലി, കാനഡ, ജര്‍മനി എന്നിവിടങ്ങളിലേക്കും ഗള്‍ഫ് നാടുകളിലേക്കും ചേക്കേറുന്നവര്‍ക്ക് വിദേശ ഭാഷാപഠനം തുറന്നിടുന്ന സാധ്യതകള്‍ ചെറുതല്ല. ഫ്രഞ്ച്, ജര്‍മന്‍, ഇറ്റാലിയന്‍, സ്പാനിഷ്, റഷ്യന്‍ തുടങ്ങി പത്തോളം ഭാഷാ പഠന പ്രോഗ്രാമുകള്‍ ഉണ്ട്. ലാംഗ്വേജ് സ്‌പെഷലിസ്റ്റ്, ഇന്റര്‍പ്രട്ടേര്‍സ്, ട്രാന്‍സ്‌ലേറ്റേര്‍സ്, തുടങ്ങി അനേകം തൊഴില്‍ സാധ്യതകളാണ് ഈ രംഗത്തുള്ളത്. വിദേശ രാജ്യങ്ങളുടെ എംബസ്സികളിലും വന്‍കിട കമ്പനികളിലും മറ്റു രാജ്യങ്ങളുമായുള്ള ആശയവിനിമയത്തിന് ഭാഷാ വിദഗ്ദ്ധരെ നിയമിക്കാറുണ്ട്. പ്ലസ് ടു പഠിച്ചിറങ്ങുന്നവര്‍ക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയ ശേഷം ചെയ്യാവുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും ഡിപ്ലോമ കോഴ്‌സുകളും പല സര്‍വകലാശാലകളും നല്‍കുന്നുണ്ട്.
നോട്ടിക്കല്‍ സയന്‍സ്
കടല്‍ ഒരു കാലത്ത് മത്സ്യബന്ധനത്തിന് മാത്രമുള്ള സങ്കേതമായിരുന്നു. ഇന്നതില്‍ മാറ്റം വന്നു. വിവിധതരം ഗതാഗതങ്ങള്‍ക്ക് കടല്‍ ഒരു മീഡിയേറ്ററായി മാറിക്കഴിഞ്ഞു. കടലിലെ യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കും, നാല് മുതല്‍ ആറ് മാസം വരെ കരയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ കുഴപ്പമില്ലാത്തവര്‍ക്കും ഉചിതമായ ജോലിസാധ്യതയാണ് നോട്ടിക്കല്‍ സയന്‍സ് തുറന്നുവെയ്ക്കുന്നത്.
പാസഞ്ചര്‍ ഷിപ്പ്, ടാങ്കേഴ്‌സ്, കാരിയേഴ്‌സ്, കണ്ടെയ്‌നര്‍ വെസ്സല്‍സ് തുടങ്ങി വിവിധ തരം കപ്പലുകളുണ്ട്. പ്ലസ് ടു വിന് ഭൗതികശാസ്ത്രം, രസതന്ത്രം, ഗണിതം വിഷയങ്ങള്‍ പഠിച്ചവര്‍ക്ക് നോട്ടിക്കല്‍ സയന്‍സില്‍ ബിരുദം നേടാം. ഡെക്ക് കാഡറ്റ്, സെക്കന്‍ഡ് ഓഫീസര്‍, ചീഫ് ഓഫീസര്‍, ക്യാപ്റ്റന്‍ എന്നിങ്ങനെയാണ് സ്ഥാനങ്ങള്‍. മാരിടൈം സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളില്‍ ഈ കോഴ്‌സുകള്‍ ലഭ്യമാണ്.
അവസാനം പരിഷ്കരിച്ചത് : 2/21/2020
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍
കഥാപാത്രങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കമ്പ്യൂട്ടറിന...