অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

തൊഴിൽ നേടാൻ കോഴ്സുകൾ

തൊഴിൽ നേടാൻ കോഴ്സുകൾ

ഒരു ഡിഗ്രികൊണ്ടു മാത്രം ജീവിതം രക്ഷപ്പെട്ടു എന്നു ചിന്തിക്കുന്നവരുണ്ടെങ്കിൽ ഒരു നിമിഷം ഈ കണക്കുകൾ ഒന്നു ശ്രദ്ധിക്കുക.

∙ ഒാരോ വർഷവും പ്രഫഷനൽ ‌കോഴ്സുകൾ ഉൾപ്പെടെ ബിരുദധാരികളായി പുറത്തിറങ്ങുന്നവരുടെ എണ്ണം ഏതാണ്ട് മൂന്നു ലക്ഷത്തോളം വരും.

∙ 18-21 വയസ്സിനിടയിൽ ബിരുദം തിരഞ്ഞെടുക്കുന്നവർ ദേശീയ ശരാശരിയിൽ 22 ശതമാനമാണെങ്കിൽ കേരളത്തിൽ ബിരുദധാരികളാവാൻ തയാറെടുക്കുന്നത് 40 ശതമാനത്തിനടുത്ത് അതായത് ഇന്ത്യയിലെ മൊത്തം ശരാശരിയെക്കാൾ കൂടുതലാണ് നമ്മുടെ നാട്ടിൽ ബിരുദമെടുക്കാൻ തയാറെടുക്കുന്നവരുടെ എണ്ണം.

∙ ഡിഗ്രിക്കു ശേഷം എന്തു ചെയ്യണം എന്ന് അറിയാത്തവരുടെ എണ്ണത്തിൽ മാത്രം ഒരു കുറവുമില്ല. ബിരുദം കഴിഞ്ഞ് മികച്ച തൊഴിൽ കിട്ടാതെ എട്ടു ലക്ഷത്തോളം പേർ.

∙ ബിരുദധാരികളുടെ സ്വപ്നജോലിയായ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷ ഈ കഴിഞ്ഞ തവണ എഴുതിയത് 5.22 ലക്ഷം പേർ

. പത്താം ക്ലാസു പോലെ പ്ലസ്ടു പോലെ ഡിഗ്രിയും ഇന്നൊരു ജംങ്ഷനാണ്. നിങ്ങളുടെ കരിയറിനെ ഏതു വഴിയിലേക്കുദിശ മാറ്റണം എന്നു തീരുമാനിക്കേണ്ട നിർണായക സ്ഥലം. അതുകൊണ്ടു തന്നെ ബിരുദത്തിന് മികവേകാൻ മൂല്യ വർധിത കോഴ്സുകൾ കൂടിയേ തീരൂ. മികച്ച തൊഴിൽ സാധ്യതയുള്ള കാലത്തിനിങ്ങിയ പുത്തൻ കോഴ്സുകൾ എടുക്കുന്നതാണ് നല്ലത്. രാജ്യത്ത് സേവന മേഖല വൻ വളർച്ച കൈവരിക്കുമ്പോൾ അതിനിണങ്ങിയ കോഴ്സുകൾ കണ്ടെത്താനാണ് ശ്രദ്ധിക്കേണ്ടത്. ഹോസ്പിറ്റാലിറ്റി, ബാങ്കിങ് ഇൻഷുറൻസ്, ധനകാര്യം, ടൂറിസം, വിദ്യാഭ്യാസം, െഎ.ടി തുടങ്ങിയ മേഖലകളിലാണ് കൂടുതൽ തൊഴിലവസരങ്ങൾ ഇനിയുള്ള കാലത്ത് വരാനിരിക്കുന്നതെന്ന് കരിയർ രംഗത്തെ മാറ്റങ്ങൾ സൂചിപ്പിക്കുന്നു.

അനാലിറ്റിക്സ്

അനാലിറ്റിക്സ് മേഖലയ്ക്കാണ് വരും കാലത്ത് ലോകമെമ്പാടും സാധ്യതയേറുന്നത്. െഎ.ടി.സ്റ്റാറ്റിസ്റ്റിക്സ്. മാനേജ്മെന്റ്, മാത്തമാറ്റിക്സ് തുടങ്ങിയവ സമന്വയിപ്പിച്ചുള്ള അനാലിറ്റിക്സ് കോഴ്സുകളുണ്ട്. ബിഗ് ഡാറ്റ അനാലിറ്റിക്സ്, ക്ലൗഡ്, മൊബൈൽ, വെബ് അനാലിറ്റിക്സ്, ഗൂഗിൾ അനാലിറ്റിക്സ്, ബിസിനസ് അനാലിറ്റിക്സ് എന്നിവയിൽ ബിരുദാനന്തര ഡിപ്ലോമ പ്രോഗ്രാമുകളുണ്ട് ഏത് ബിരുദധാരിക്കും അപേക്ഷിക്കാവുന്നതാണ്. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ബാങ്കിങ് ഇൻഷുറൻസ്, െഎ.ടി. അധിഷ്ഠിത തൊഴിൽ ബിസിനസ് മേഖലകളിൽ പ്രവർത്തിക്കാം.

െഎ.എസ്.ബി. ഹൈദരാബാദ്, െഎ.എ.എം. ലക്നൗ, ബാംഗ്ലൂർ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ അനലിറ്റ‌ിക്സിൽ കോഴ്സുകളുണ്ട്. െഎ.െഎ.ടി.ബംഗ്ലൂർ, െഎ.െഎ.എം.റാഞ്ചി, ലേക്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെന്റ് ചെന്നൈ എന്നിവിടങ്ങളിലും അനലിറ്റിക്സ് കോഴ്സുകളുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്:

www.analyticsindiamag.com,

www.analyticstraining.in,

www.learningtree.com

ഇൻഷുറൻസ്, ആക്ച്വറീയൽ സയൻസ്

2020 ഒാടെ ബാങ്കിങ്, ഇൻഷുറൻസ്, ധനകാര്യ മേഖലകളിൽ 20 ലക്ഷം തൊഴിലവസരങ്ങളാണ് വരാനിരിക്കുന്നത്. ഇൻഷുറൻസ് മേഖലകളിൽ ‌ആക്ച്വറീയൽ സയൻസ്, റിസ്ക് അനാലിസിസ്, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ റിസ്ക് അനാലിസിസ്, കോഴ്സുകൾക്ക് സാധ്യതയേറെയുണ്ട്.

ലൈഫ് ഇൻഷുറൻസ്. ജനറൽ ഇൻഷുറൻസ്, റിസ്ക് മാനേജ്മെന്റ്, ആക്ച്വറീയൽ സയൻസ് എന്നിവയിലൂള്ള ബിരുദാനന്തര ഡിപ്ലോമ, അനലിസ്റ്റിക്സിലും ആക്ച്വറീയൽ സയൻസിലുമുള്ള ബിരുദാനന്തര ഡിപ്ലോമ എന്നിവ ബിരുദം പൂർത്തിയാക്കിയവർക്കുള്ള പ്രോഗ്രാമുകളാണ്. സാമ്പത്തിക വിശകലനം, റിസ്ക് അനാലിസിസ്, ഇൻഷുറൻസ് മാനേജ്മെന്റ് എന്നിവ തൊഴിലവസരങ്ങളുള്ള മികച്ച പ്രോഗ്രാമുകളാണ്.

കൂടുതൽ വിവരങ്ങൾക്ക്:

www.iirmworld.org.in

അനിമേഷൻ വിപ്ലവം

2015-16 രാജ്യത്തെ അനിമേഷൻ വ്യവസായ മേഖല 2 ബില്യൻ അമേരിക്കൻ ഡോളറിന്റെ വളർച്ച കൈവരിക്കുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഗ്രാഫിക് വ്യവസായം, ഡിജിറ്റൽ സാങ്കേതിക വിദ്യ, വീഡിയോ-മൊബൈൽ ഗെയിമിങ്, ഗ്രാഫിക് ഡിസൈൻ, സിനിമ, ടെലിവിഷൻ, പരസ്യം തുടങ്ങിയ മേഖലകളിൽ അനിമേഷന് മികച്ച സാധ്യതകളിന്നുണ്ട്.

അനിമേഷൻ കോഴ്സുകൾ പ്ലസ് ടു കഴിഞ്ഞവർക്കും ബിരുദധാരികൾക്കും ചെയ്യാം. അനിമേഷൻ, ഫിലിം പ്രൊഡക്ഷൻ, ഡിജിറ്റൽ ഗ്രാഫിക്സ് ആൻഡ് മോഷൻ ഗ്രാഫിക്സ്, വിഷ്വൽ ഇഫക്ട്സ്, ജനറൽ ബേസിക് ഡിജിറ്റൽ മീഡിയ, 3 ഡി ഡിജിറ്റൽ അനിമേഷൻ, 2 ഡിഅനിമേഷൻ, വിഷ്വൽ ഇഫക്ട്സ് ഫോർ ഫിലിം ആൻഡ് ബ്രോഡ്കാസ്റ്റ് ഗ്രാഫിക്സ് ഫോർ ഫിലിം ആൻഡ് ബ്രോഡ്കാസ്റ്റ് ഗ്രാഫിക്സ്, മൾട്ടിമീഡിയ തുടങ്ങി അനേകം കോഴ്സുകളുണ്ട്. ഇവയിൽ മൂന്നു മാസം മുതൽ മൂന്ന് വർഷം വരെ ദൈർഘ്യമുള്ള കോഴ്സുകളുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്:

www.toonzacademy.com,

www.antsindia.com,

www.idc.iitb.sc.in,

www.bitmesea.ac.in

ഇവന്റ് മാനേജ്മെന്റ്

കല്യാണം മുതൽ പൊതു ചടങ്ങുകൾ വരെ ഇവന്റ് മാനേജ്മെൻറിനെ ഏൽപ്പിക്കുക സാധാരണയായിരിക്കുന്നു. ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകൾ കൂടുതലായി രാജ്യത്തിനകത്തും വിദേശത്തും നിലവിൽ വരുന്നുണ്ട്. പരിപാടികൾ കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കാനാണ് ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പിന്റെ സഹായം തേടുന്നത്. പദ്ധതി രൂപീകരണം, ബഡ്ജറ്റിങ്, സംഘാടനം എന്നിവ ഇതിൽപ്പെടും. ഇവന്റ് മാനേജർമാർ, കൺസൾട്ടന്റുമാർ, ഇവന്റ് കോർഡിനേറ്ററുകൾ എന്നീ തൊഴിലുകൾ രാജ്യത്ത് വിപുലപ്പെട്ടു വരുന്നു. ഈ രംഗത്ത് വാർഷിക വളർച്ചാ നിരക്ക് 30 ശതമാനത്തിലധികമാണ്. ബിരുദധാരികൾക്ക് ഇവന്റ് മാനേജ്മെന്റിൽ ഡിപ്ലോമ, ബിരുദാനന്തര ഡിഗ്രി, എം.ബി.എ. പ്രോഗ്രാമുകളുണ്ട്.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഇവന്റ് മാനേജ്മെന്റ്, മുംബൈ, പേൾ അക്കാദമി, മുംബൈ, നാഷനൽ അക്കാദമി ഒാഫ് ഇവന്റ് മാനേജ്മെന്റ്ആൻഡ് ഡവലപ്മെന്റ്, ജയ്പൂർ എന്നിവ രാജ്യത്തെ പ്രധ‌ാനപ്പെട്ട സ്ഥാപനങ്ങളാണ്. യു.കെ, അമേരിക്ക, ആസ്ത്രേലിയ എന്നീ രാജ്യങ്ങളിലും ഇവന്റ് മാനേജ്മെന്റ് പ്രോഗ്രാം നടത്തുന്ന സർവകലാശലകളുണ്ട്. മാഞ്ചസ്റ്റർ, ഒാക്സ്ഫഡ്, ഫ്ളോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, മെൽബൺ സർവകാശാല എന്നിവ ഇവയിൽ ചിലതാണ്.

കൂടുതൽ വിവരങ്ങൾക്ക്:

www.htcampus.com,

www.naemd.com,

www.educations.com/event-management

ഫുട്ട് വെയർ ഡിസൈൻ, എന്റർപ്രണർഷിപ്പ്

ലോകത്ത് ഏറെ വളർച്ച കൈവരിക്കുന്ന മേഖലയാണ് പാദരക്ഷ ഡിസൈനിങ്ങും ഇതുമായി ബന്ധപ്പെട്ട സംരംഭകത്വവും. ഡിസൈൻ, പ്രൊഡക്ഷൻ എന്നിവയിലും റീട്ടെയിൽ, ഫാഷൻ-മെർച്ചന്റെയിസ്, ലെതർ, ആക്സസറി ഡിസൈൻ, ബിസിനസ് ആൻഡ് എന്റർപ്രണർഷിപ്പ് എന്നിവയിൽ മികച്ച കോഴ്സുകളുണ്ട്. ഇവയിലുള്ള എം.ബി.എ. പ്രോഗ്രാമിന് ഏത് ബിരുദധാരിക്കും അപേക്ഷിക്കാം.

ഫുട്ട് വെയർ ഡിസൈൻ ആൻഡ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കീഴിൽ നോയിഡ‌, കൊൽക്കൊത്ത, ചെന്നൈ, റോഹ്തക്ക് തുടങ്ങി രാജ്യത്ത് എട്ട് കേന്ദ്രങ്ങളുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്

www.fddiindis.com

പബ്ലിക് പോളിസി

രാജ്യത്ത് വികസനം, നായരൂപീകരണം തുടങ്ങിയ മേഖലകളിൽ സർക്കാർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, മാധ്യമങ്ങൾ മുതലായവയിൽ പബ്ലിക് പോളിസി കോഴ്സുകൾക്ക് സാധ്യതയുണ്ട്.

സിവിൽ സർവീസ് പരീക്ഷയ്ക്ക് തയാറെടുക്കുന്നവർക്കുള്ള മികച്ച കോഴ്സു കൂടിയാണിത്. ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ‌ഫിലോസഫി, എത്തിക്സ്, സോക്ഷ്യോളജി മുതലായവ കോഴ്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്

www.jsgp.edu.in

മാനേജ്മെന്റ് അക്കൗണ്ടിങ് കോഴ്സുകൾ

സാമ്പത്തിക മാന്ദ്യത്തിനു ശേഷം ഏറെ കരുത്താർജിച്ച മേഖലയാണ് അക്കൗണ്ടന്‍സി. ഏതൊരു സ്ഥാപനത്തിന്റെയും സുസ്ഥിര വികസനം ശാസ്ത്രീയ ഫിനാൻഷ്യ‌ൽ മാനേജ്മെന്റ് പ്രക്രിയയെ ആശ്രയിച്ചിരിക്കുന്നു. ഈ രംഗത്തെ ബിസിനസ് പഠനം, അക്കൗണ്ടിങ്, മാനേജ്മെന്റ് അക്കൗണ്ടിങ് കോഴ്സുകൾ എന്നിവ കരുത്താർജിച്ചു വരുന്നു. മാനേജ്മെന്റ് അക്കൗണ്ട ന്റുമാർക്ക് രാജ്യത്തിനകത്തും വിദേശത്തും അവസരങ്ങൾ ഏറെയുണ്ട്.

ഈ രംഗത്തു സിമ (ചാർട്ടേഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അക്കൗണ്ടിങ്), എ.സി.സി.എ(അസോസിയേഷൻ ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പ്രോഗ്രാം) കോഴ്സുകൾ ചെയ്താൽ തൊഴിലവസരങ്ങൾ ഏറെയാണ്. ഏതു ഡിഗ്രി ചെയ്തവർക്കും ഈ കോഴ്സുകൾ ചെയ്യാവുന്നതാണ്.

∙ സിമ: സിമ ഗ്ലോബൽ പ്രോഗ്രാമിന് 170 രാജ്യങ്ങളില്‍ അംഗീകാരം ഉണ്ട്. അതിനാൽ ഏതു വിദേശ രാജ്യത്തും തൊഴിൽ ലഭിക്കാൻ സിമ സർട്ടിഫിക്കേഷൻ ഉപകരിക്കും. പ്രവർത്തനമികവും അക്കൗണ്ടിങ്ങിലെ നൂതന സോഫ്റ്റ് വെയറുകളെക്കുറിച്ചുള്ള അറിവും പ്രദാനം ചെയ്യുന്ന സിമാ കോഴ്സുകൾ ബിഗ് ഡാറ്റാ അനാലിറ്റിക്സ് സുസ്ഥിരത, കോസ്റ്റിങ്, കോസ്റ്റ് മാനേജ്മെന്റ് എന്നിവയ്ക്കും ഊന്നൽ നൽകുന്നു.

∙ എ.സി.സി.എ: സിമയെപ്പോലെതന്നെ ലോകത്തിലെ ഏറെ മുന്നേറിയ അക്കൗണ്ടിങ് ശ‌‌ൃംഖലയാണിത്. 180 രാജ്യങ്ങ‌ളിൽ ആഗോളതലത്തിൽ എൺപതോളം അക്കൗണ്ടൻസി മേഖലകളിൽ പങ്കാളിത്തമുള്ള കോഴ്സാണിത്. ഇതിൽ ഫണ്ടമെന്റൽ- പ്രഫഷനൽ, വിഭാഗങ്ങളിലായി 14 കോഴ്സുകളുണ്ട്. ഈ കോഴ്സുകള്‍ പൂർത്തിയാക്കിയവർക്ക് ബി.പി.ഒ, കെ.പി.ഒ അനാലിറ്റിക്സ്, സോഷ്യൽ മൊബൈല്‍, അക്കൗണ്ടിങ് മേഖലകളിൽ പ്രവർത്തിക്കാ‌ം കൂടുതൽ വിവരങ്ങൾക്ക്:

www.cimaglobal.com,

www.accaglobal.com

ചില ഓൺലൈൻ കോഴ്സുകൾ

വിവരസാങ്കേതിക വിദ്യയുടെ ഫലം പ്രയോജനപ്പെടുത്തി നിരവധി വിദേശ സർവകലാശാലകൾ ഓൺലൈൻ കോഴ്സുകൾ നടത്തുന്നുണ്ട്.എം ഒ സി (മൂവ് ഓൺ ടു ഓപ്പൺ ഓൺലൈൻ കോഴ്സസ്) എന്ന പേരിലാണ് ഇവ അറിയപ്പെടുന്നത്. അമേരിക്കയിലെ ഹാവാർഡ്, സ്‌റ്റന്‍സ് ഫോർഡ്, ഫ്ളോറിഡ ഇന്റർനാഷനൽ തുടങ്ങിയ വിദേശ സർവകലാശാലകൾ ഓൺ ലൈൻ വഴിയുളള വിദൂര വിദ്യാഭ്യാസ കോഴ്സുകൾ ആരംഭിച്ചിട്ടുണ്ട്.

ഇത്തരം കോഴ്സുകളിൽ ഏതു ബിരുദധാരികൾക്കും ചേരാവുന്ന മാനേജ്മെന്റ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, സോഷ്യൽ സയന്‍സസ്, ഡെവലപ്മെന്റ് സയന്‍സസ്, തുടങ്ങിയ കോഴ്സുകളുണ്ട്. ഹാവാർഡിന്റേയും സ്റ്റാൻസ് ഫോർഡിന്റെയും ഓൺലൈൻ കോഴ്സുകൾ സൗജന്യമാണ്. നാട്ടിലിരുന്നുകൊണ്ട് അമേരിക്കയിൽ നിന്നുള്ള ബിരുദാന്തര ബിരുദം സ്വന്തമാക്കാം എന്നതാണ് ഇതിന്റെ ഗുണം. ഓരോ കോഴ്സിനും അഞ്ചു ലക്ഷത്തോളം വിദ്യാർത്ഥികൾ ചേരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

കേരളത്തിൽ അമൃത യൂണിവേഴ്സിറ്റി, അമൃത വിർച്വൽ ഇന്ററാക്ടീവ് ഇ ലേണിങ് വേൾഡിൽ ഉൾപ്പെടുത്തിക്കൊണ്ട് ഓൺലൈൻ കോഴ്സുകള്‍ നടത്തി വരുന്നു. അതുപോലെ വെറ്റിനറി സർവകലാശാല തൊഴിൽ സംരഭത്വം, ഭക്ഷ്യ സുരക്ഷ തുടങ്ങിയ നിരവധി വിഷയങ്ങളിൽ മൂവ് കോഴ്സുകൾ നടത്തുന്നുണ്ട്. അടുത്ത കാലത്തായി സർവകലാശാല ജൈവകൃഷിയിലും നായവളർത്തലിലും സ്മാർട് ഫോൺ അധിഷ്ഠിത കോഴ്സുകൾ തുടങ്ങാൻ തയാറെടുക്കുന്നു. കോഴ്സ് പഠനം മുതൽ സർട്ടിഫിക്കറ്റ് നൽകൽ വരെ സ്മാർട് ഫോണിലൂടെയാണ് നടത്തുക.

കൂടുതൽ വിവരങ്ങൾക്ക്:

www.coursera.org

www.edx.org,

www.kvasu.ac.in,

www.aview.in

വിഷ്വൽ കമ്മ്യൂണിക്കേഷൻ

ഇന്നത്തെ വിവരസാങ്കേതിക യുഗത്തിൽ ശരിയായ വിവരങ്ങൾ എത്തേണ്ട സ്ഥലത്തേക്ക് ദൃശ്യ മാധ്യമങ്ങളിലൂടെ എത്തിക്കുക എന്നതാണ് വി‌ഷ്വൽ കമ്യൂണിക്കേഷൻ ലക്ഷ്യമിടുന്നത്. വെബ്സൈറ്റ് ഡിസൈന്‍, പരസ്യം, വീഡിയോ, ഡിജിറ്റൽ സാങ്കേതിക വിദ്യ, ‌ടെലികാസ്റ്റ് മീഡിയ, ന്യൂ മീഡിയ എന്നിവയിൽ വിഷ്വൽ കമ്യൂണിക്കേഷൻ കോഴ്സുകൾക്ക് സാധ്യതകളുണ്ട്.

ഗ്രാഫിക് ഡിസൈൻ, വെബ്സൈറ്റ് നിര്‍മാണം, ആർട്ട് സംവിധായകൻ , കൊമേഴ്സ്യൽ ആർടിസ്റ്റ്, ഗെയിം ഡിസൈനർ, മ്യൂസിയം എക്സിബിഷൻ ഡിസൈന്‍ തുടങ്ങി വിവിധ മേഖലകളിലുള്ള തൊഴിലുകൾ വിഷ്വൽ കമ്യൂണിക്കേഷൻ വിദഗ്ധർക്ക് ലഭിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്:

www.krnnivsa.edu.in,

www.amrita.edu

ലോജിസ്റ്റിക് ആന്റ് റീട്ടെയിൽ കോഴ്സുകൾ

രാജ്യം 2014-15 ൽ സാമ്പത്തിക മേഖലയിൽ കൈവരിച്ച 7..3 ശതമാനം വളർച്ചയ്ക്ക് ആനുപാതികമായി സേവന മേഖലയിൽ ലക്ഷക്കണക്കിന് തൊഴിലവസരങ്ങളാണ് രൂപപ്പെടുന്നത്. മാനേജ്മെന്റ് രംഗത്ത് നിരവധി കസ്റ്റമൈസ്ഡ് മാനേജ്മെന്റ് പ്രോഗ്രാമുകൾ കരുത്താർജ്ജിച്ചു വരുന്നു.

സൂപ്പര്‍മാര്‍ക്കറ്റുകളും ഹൈപ്പര്‍മാർക്കറ്റുകളും മാളുകളും കൂടുതലായി ആരംഭിച്ചു വരുമ്പോൾ റീട്ടെയിൽ മേഖലയിൽ പതിനായിരക്കണക്കിന് തൊഴിലവസരങ്ങളാണ് രൂപപ്പെട്ടു വരുന്നത്. എഫ് എം സി ജി, വിപണനം, അഗ്രി ബിസിനസ്, സപ്ലൈ ചെയിന്‍, ലോജിസ്റ്റിക് മാനേജ്മെന്റ് എന്നിവ റീട്ടെയിൽ മേഖലയോടൊപ്പം ശക്തിയാർജിച്ചു വരുന്നു. റീട്ടെയിൽ മേഖലയിൽ മികച്ച തൊഴിൽ നേടാൻ റീട്ടെയിലും ലോജിസ്റ്റിക്കിലുമുള്ള എംബിഎ പഠനം സഹായിക്കും.

ഏത് ഡിഗ്രി പൂര്‍ത്തിയാക്കിയവർക്കും രാജ്യത്തിനകത്തും വിദേശത്തും മികച്ച തൊഴിലവസരങ്ങള്‍ വിഭാവനം ചെയ്യുന്ന കോഴ്സാണ് എംബിഎ ലോജിസ്റ്റിക് ആൻഡ് റീട്ടെയിൽ മാനേജ്മെന്റ്. ഭൗതീക സൗകര്യ വികസന മേഖലയിൽ സിവിൽ എൻജിനീയറിങ് സാധ്യതകളുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്:

www.iritm.indianrailways.gov.in,

www.htcampus.com,

www.genco.com,

www.lcbs.edu.in,

www.kau.edu,

www.manage.gov.in

വിവരങ്ങ‌ൾക്കു കടപ്പാട്: ഡോ.ടി.പി.സേതുമാധവൻ

ഡെവലപ്മെന്റൽ സയൻസ്

സിവിൽ സർവീസ് ലക്ഷ്യമിടുന്നവർക്കു േയാജിച്ച േകാഴ്സാണിത്. എൻജിഒകൾ, റൂറൽ ഡെവലപ്മെന്റ് തുടങ്ങിയ േമഖലകളിലും തൊഴിൽ സാധ്യതകളുണ്ട്. വികസ്വരരാജ്യങ്ങളിൽ വികസനം ലക്ഷ്യമിടുന്ന ഡവലപ്മെന്റൽ സയൻസിനു പ്രസക്തിയേറെയാണ്. കൃഷി, അനുബന്ധ മേഖല, ആരോഗ്യം, സാമൂഹികം, സാമ്പത്തികം, പാരിസ്ഥിതികം, ചെറുകിട വ്യവസായം എന്നിവയ്ക്കാണു ഡവലപ്മെന്റൽ സയൻസ് ഊന്നൽ നൽകുന്നത്. പ്ലസ്ടു കഴിഞ്ഞ വിദ്യാർഥികൾക്ക് ഡവലപ്മെന്റൽ സയൻസിൽ ബിരുദം തിരഞ്ഞെടുക്കാം. ഗവേഷണത്തിനും ഏറെ സാധ്യതകളുണ്ട്.

WHO, UNCTAD, World Bank അടക്കം നിരവധി വിദേശ സർവകലാശാലകൾ ഡവലപ്മെന്റൽ സയൻസിൽ ഗവേഷണത്തിന് ഫെല്ലോഷിപ്പ് നൽകിവരുന്നു. മുംെെബയിലെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സോഷ്യൽ സയൻസസ്, െഎ.െഎ.ടി. ചെന്നൈ, െബംഗളൂരുവിലെ അസിം പ്രേംജി സർവകലാശാല, അമൃത സർവകലാശാല, െജയിൻ സ്കൂൾ, താപ്പർ സർവകലാശാല, െെമസൂർ, ബാംഗ്ലൂർ സർവകലാശാലകൾ എന്നിവിടങ്ങളിലും ഡവലപ്മെന്റൽ സയൻസിൽ കോഴ്സുകളുണ്ട്. ഇന്ദിരാഗാന്ധി നാഷനൽ ഒാപൻ യൂനിേവഴ്സിറ്റിയും വിദ്യാഭ്യാസ പ്രോഗ്രാമിൽ ബിരുദാനന്തര കോഴ്സ് നടത്തിവരുന്നു.

ഹോസ്പിറ്റാലിറ്റി സെക്ടർ

ടൂറിസം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലയിൽ ഉയർന്ന വളർച്ചയാണ് ലോകമെങ്ങും ഉണ്ടാവുന്നത്. വ്യവസായ മേഖലയിലെ വാർഷിക വളർച്ചാ നിരക്ക് 2.6 ശതമാനമാണെങ്കിൽ സേവന മേഖലയിലെ വളർച്ചാ നിരക്ക് 10.3 ശതമാനത്തിലധികമാണ്. ഹോട്ടൽ മേഖലയിൽ മാനേജർ, ഫ്രണ്ട് ഒാഫിസ് മാനേജർ, ഹൗസ് കീപ്പിങ് മാനേജർ, ഷെഫ് തുടങ്ങിയവയും ടൂറിസം രംഗത്തു റിസർവേഷനും ടിക്കറ്റിങ്ങും ഒാപ്പറേഷൻ മാേനജ്മെന്റും ഉൾപ്പെടെയുള്ള അവസരങ്ങളുമുണ്ട്.

നാഷനൽ കൗൺസിൽ ഒാഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി (NHMCT) നടത്തുന്ന ജോയിന്റ് എൻട്രൻസ് എക്സാം (JEE) ആണ് ഈ മേഖലയിലെ പഠനത്തിനായുള്ള പ്രധാനപ്പെട്ട എൻട്രൻസ് പരീക്ഷ. ബി എസ്‌സി ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ മാേനജ്മെന്റ് ഉൾപ്പെടെ ഒൻപതോളം കോഴ്സുകൾ അമ്പതിലധികം ദേശീയസ്ഥാപനങ്ങളിൽ പഠനം നടത്താനുള്ള എൻട്രൻസാണ് NCHMC JEE. ഹോസ്പിറ്റാലിറ്റി മാേനജ്മെന്റിൽ ബിരുദവും രാജ്യാന്തര ഹോസ്പിറ്റാലിറ്റി അഡ്മിനിസ്ട്രേഷൻ ഡിപ്ലോമയും ഹോട്ടൽ മാനേജ്മെന്റ്, കാറ്ററിങ് ആൻഡ് ടൂറിസം ഡിഗ്രിയും മറ്റും പഠിക്കാൻ ഇന്ത്യയിൽ ഏഴ് ക്യാംപസുകളുള്ള IIHM (International Institute of Hotel Management) നടത്തുന്ന eCHAT എൻട്രൻസും മറ്റനേകം സ്ഥാപനങ്ങൾ നേരിട്ടു നടത്തുന്ന പ്രവേശന പരീക്ഷ വഴിയും പഠനം തുടങ്ങാം.

ബി.ആർക്കിന്റെ സാധ്യതകൾ

ബി.ആർക്ക് എന്നാൽ അഞ്ചുവർഷത്തെ ബാച്ചിലർ ഇൻ ആർക്കിടെക്ചർ കോഴ്സാണ്. കെട്ടിടങ്ങളുടെയും മറ്റു നിർമാണങ്ങളുടെയും പ്ലാനിങ്, ഡിസൈനിങ് എന്നിവയിൽ ആർക്കിടെക്ചർ എൻജിനീയറിങ് സാധ്യത ഏറെയുണ്ട്. പുരാതനകാലം മുതൽ ഏറെ വിപുലപ്പെട്ട മേഖലയാണിത്. റോമിലും ഭാരതത്തിലും പുരാതനകാലം മുതൽക്കേ ആർക്കിടെക്ചർ സംസ്കാരം കരുത്താർജിച്ചിരുന്നു. ഗ്രാമീണ നഗര പ്ലാനിങ്, ലാൻഡ്സ്കേപ്പ് ഡിസൈൻ, ഇന്റീരിയർ ഡിസൈൻ, കെട്ടിടങ്ങളുടെ പരിരക്ഷ, പരിസ്ഥിതിക്കിണങ്ങിയ നിർമാണം, സുസ്ഥിര നിർമാണ മേഖല എന്നിവയിൽ ആർക്കിടെക്ചറിന് പ്രസക്തിയുണ്ട്.

നാഷണൽ കൗൺസിൽ ഫോർ ആർക്കിടെക്ചറിന്റെ NATA എന്ന അഭിരുചി പരീക്ഷയെഴുതി പ്ലസ് ടു ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പഠിച്ച വിദ്യാർഥികൾക്ക് ബി.ആർക്കിന് അഡ്മിഷൻ നേടാം. ബി.ആർക്ക് പൂർത്തിയാക്കിയവർക്ക് സ്വന്തമായി ആർക്കിടെക്ടായി പ്രാക്ടീസ് ചെയ്യാം. ഒൗദ്യോഗിക സ്വകാര്യമേഖലയിൽ വരുന്ന ഡിസൈനിങ്ങുകൾ, മാസ്റ്റർ പ്ലാനുകൾ എന്നിവയ്ക്ക് ഇന്ന് പ്രസക്തിയേറിവരുന്നു. ആർക്കിടെക്ടുകൾക്ക് കെട്ടിടങ്ങളുടെ ഡിസൈനിങ് മാത്രമല്ല, ആശ്വാസകരവും സുഖകരവുമായ അവസ്ഥ കെട്ടിടങ്ങളിൽ സംജാതമാക്കുക എന്ന ലക്ഷ്യംകൂടിയുണ്ട്. ഒട്ടേറെ പൊതുമേഖല സ്ഥാപനങ്ങൾ, അർബൻ ഡെവലപ്മെന്റ്, ഡിഫൻസ്, ആർക്കിടെക്ചറൽ ഡിപ്പാര്‍ട്ട്മെന്റ്, കൺസ്ട്രക്ഷൻ കോർപറേഷൻ തുടങ്ങിയവയിൽ തൊഴിൽ ലഭിക്കും. രാജ്യത്തിനകത്തും ഗൾഫ് രാജ്യങ്ങളിലും മറ്റും വികസിത രാജ്യങ്ങളിലുളള ആർകിടെക്ട് കൺസൽട്ടൻസികളിൽ തൊഴിൽ നേടാം.

തുടക്കക്കാർക്ക് പ്രതിമാസം 50,000 രൂപ വരെ ശമ്പളം നേടാം. ഇന്ത്യയിൽ 10000 ആർക്കിടെക്ചറൽ എൻജിനീയർമാരുടെ ആവശ്യകതയുണ്ട്. അമേരിക്ക, ദുബായ്, ഒാസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ റിയൽ എസ്റ്റേറ്റ് ആർക്കിടെക്ചറൽ സ്ഥാപനങ്ങളിൽ യഥേഷ്ടം തൊഴിലവസരങ്ങളുണ്ട്. ബി.ആർക്ക് പൂർത്തിയാക്കിയവർക്ക് കൗൺസിൽ ഫോർ ആർക്കിടെക്ചറിന്റെ റജിസ്ട്രേഷനോടെ ആർക്കിടെക്ടായി പ്രാക്ടീസ് ചെയ്യാം. Duda/Paine, Atelier Bow-Wow, Leo A Baily-Zaha Hadid എന്നിവ പ്രശസ്ത ഇന്റർനാഷണൽ കമ്പനികളാണ്. കോഴ്സുകൾ പൂർത്തിയാക്കിയവർക്ക് ആർക്കിടെക്ട്, ആർക്കിടെക്ചർ ഡിസൈനർ, ആർക്കിടെക്ചർ എൻജിനീയർ, ഇന്റീരിയർ ഡിസൈൻ തസ്തികകളിൽ പ്രവർത്തിക്കാം. ആർക്കിടെക്ചറിൽ ബിരുദാനന്തര പഠനം എം.ആർക്ക് പൂർത്തിയാക്കിയവർക്ക് എൻജിനീയറിങ് കോളേജുകളിൽ പ്രവർത്തിക്കാം. വിദേശത്തും ഉപരിപഠന സാധ്യതയുളള മേഖലയാണിത്.

മാസ് കമ്യൂണിക്കേഷൻ

ഐടിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന ന്യൂ മീഡിയ ആൻഡ് റിസർച്ചിന് ഏഷ്യൻ രാജ്യങ്ങളിൽ പ്രസക്തിയേറുന്നതോടെ മാസ് കമ്യൂണിക്കേഷൻ രംഗത്തു മികച്ച തൊഴിലവസരങ്ങളാണ് ഉണ്ടാകുക. ഇംഗ്ലീഷ് ജേണലിസത്തിനു തൊഴിൽ സാധ്യതയേറെയാണ്. പത്രം, ടിവി, ഓൺലൈൻ പോർട്ടലുകൾ, അഡ്വർടൈസിങ് മേഖലകളിൽ മികച്ച തൊഴിലവസരങ്ങളാണുള്ളത്. പ്രിന്റ്, ബ്രോഡ്കാസ്റ്റ്, വെബ് ജേണലിസം, ന്യൂ മീഡിയ ആൻഡ് റിസർച്ച് എന്നിവ മാധ്യമരംഗത്ത് സാധ്യതകളുള്ള സ്പെഷലൈസേഷൻ മേഖലകളാണ്. പ്ലസ്ടു പൂർത്തിയാക്കിയവർക്ക് ജേണലിസം ഡിഗ്രി കോഴ്സിന് പഠിക്കാം. ബിരുദം പൂർത്തിയാക്കിയവർക്കു പിജി ഡിപ്ലോമ കോഴ്സുകളും പഠിക്കാം.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്യൂണിക്കേഷൻ ന്യൂഡൽഹി, ഏഷ്യൻ കോളജ് ഓഫ് ജേണലിസം ചെന്നൈ, മനോരമ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ (MASCOM) കോട്ടയം, സ്കൂൾ ഓഫ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം എം.ജി. യൂണിവേഴ്സിറ്റി കോട്ടയം, ഡിപ്പാർട്ട്മെന്റ് ഓഫ് ജേണലിസം കേരള സർവകലാശാല തിരുവനന്തപുരം. കാലിക്കറ്റ് സർവകലാശാല, മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ മണിപ്പാൽ, കേരള മീഡിയ അക്കാഡമി (പ്രസ്സ് അക്കാദമി, കൊച്ചി) എന്നിവ മികച്ച സ്ഥാപനങ്ങളാണ്.

ഹെൽത്ത് ആൻഡ് വെൽനസ്

ഹെൽത്ത് ആൻഡ് വെൽനസ്സിൽ ഡയറ്റീഷൻ, ന്യൂട്രീഷനിസ്റ്റ്, യോഗ കോഴ്സുകൾക്കു സാധ്യതയേറെയുണ്ട്. ഭാവിയിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ തലത്തിൽ യോഗ അധ്യാപകരുടെ നിരവധി ഒഴിവുകളാണു വരാനിരിക്കുന്നത്. ജൂൺ 21–ന് രാജ്യാന്തര യോഗ ദിനം ആചരിച്ചതോടെ യോഗയുടെ പ്രാധാന്യം ഇതിനകം തിരിച്ചറിഞ്ഞുകഴിഞ്ഞു.

ബിരുദ, ബിരുദാനന്തര തലത്തിലുള്ള യോഗ, ഡയറ്റീഷൻ, ന്യൂട്രീഷനിസ്റ്റ് കോഴ്സുകൾക്ക് സാധ്യതയേറെയുണ്ട്. ഇതിനായി പ്ലസ്ടു കഴിഞ്ഞവർക്കായി റെഗുലർ, വിദൂര വിദ്യാഭ്യാസ കോഴ്സുകളും ബിരുദധാരികൾക്ക് വേണ്ടിയുള്ള നിരവധി ബിരുദാനന്തര ഡിപ്ലോമ കോഴ്സുകളുമുണ്ട്. മാനസ ഗംഗോത്രിയിൽ (മൈസൂർ യൂണിവേഴ്സിറ്റി) റെഗുലർ കോഴ്സുകളും ഭാരതിയാർ, അണ്ണാമലൈ യൂണിവേഴ്സിറ്റികളിൽ വിദൂര വിദ്യാഭ്യാസ കോഴ്സുകളുമുണ്ട്.

അഗ്രി ബിസിനസ് മാനേജ്മെന്റ്

നമ്മുടെ രാജ്യത്തെ പ്രാഥമിക തൊഴിൽ മേഖലയാണു കാർഷിക രംഗം. കൃഷി സംസ്കാരത്തിന്റെ ഭാഗമെന്ന നിലയിൽ നിന്ന് ബിസിനസ്സായി മാറുമ്പോൾ അഗ്രി ബിസിനസ്സ് മാനേജ്മെന്റിന് പ്രസക്തിയേറുന്നു. രാജ്യത്ത് ഈ രംഗത്ത് തൊഴിൽ സാധ്യതകളേറെയുണ്ട്. ബാങ്ക്, കാർഷികോൽപന്ന വിപണന രംഗം, ഭക്ഷ്യ സംസ്കരണ പ്ലാന്റുകൾ, ക്ഷീര വ്യവസായ മേഖല എന്നിവിടങ്ങളിൽ മികച്ച ജോലി സാധ്യതകളുണ്ട്.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്മെന്റ് (IRMA) ആനന്ദ് ഗുജറാത്ത്, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എക്സ്ടൻഷൻ മാനേജ്മെന്റ് (MANAGE) ഹൈദരാബാദ് (www.manage.gov.in), കേരള കാർഷിക സർവകലാശാല വെള്ളാനിക്കര തൃശൂർ (www.kau.edu), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (അഹമ്മദാബാദ്, കോഴിക്കോട്, ബംഗളൂരു) ഇവ മികച്ച സ്ഥാപനങ്ങളാണ്.

ഭക്ഷ്യ സംസ്കരണത്തിൽ ബിടെക്

ഭക്ഷ്യ വിഭവങ്ങളുടെ നിർമാണം, സംസ്കരണം, കയറ്റുമതി ഗുണനിലവാരം ഉറപ്പാക്കൽ തുടങ്ങിയവയിൽ മികവ് നൽകുന്ന കോഴ്സാണു ഭക്ഷ്യസംസ്കരണത്തിലുള്ള ബിടെക്. ഈ കോഴ്സ് പൂർത്തിയാക്കുന്നവർക്കു ഫൂഡ് ടെക്നോളജിസ്റ്റുകളായി ജോലി ലഭിക്കും. ഭക്ഷ്യ വിഭവങ്ങളുടെ മേഖലയിൽ വൻ വളർച്ച നേരിടുന്നതിനാൽ ഈ രംഗത്തു തൊഴിൽ സാധ്യതകൾ ദിനം തോറും വർധിക്കുകയാണ്.

ഭക്ഷ്യസംസ്കരണം, സാങ്കേതികവിദ്യ, തൊഴിൽ സംരംഭകത്വം, മാനേജ്മെന്റ് എന്നിവ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഹരിയാനയിലെ National Institute of Food Technology Entrepreneurship and Management (NIFTEM) ൽ ബിടെക്, എംടെക്, പിഎച്ച്ഡി പ്രോഗ്രാമുകളുണ്ട്. പ്ലസ്ടു 50% മാർക്കോടെ പൂർത്തിയാക്കിയവർക്ക് നാലു വർഷ ബിടെക്കിന് അപേക്ഷിക്കാം. കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള ഭക്ഷ്യസംസ്കരണ മന്ത്രാലയത്തിന്റെ കീഴിലുള്ള സ്ഥാപനമാണിത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് സ്കോളർഷിപ്പും ലഭിക്കും. വെറ്ററിനറി സർവകലാശാലയുടെ കീഴിൽ ചാലക്കുടിക്കടുത്തു തുമ്പുർമുഴിയിൽ ഫൂഡ് ടെക്നോളജി കോഴ്സ് ഉണ്ട്.

ഫുട്‌വെയർ ഡിസൈനിങ്

പാദരക്ഷകളുടെ ഡിസൈനിങ്ങും മോഡലുകളുമൊരുക്കുന്ന രംഗത്തു വരും വർഷങ്ങളിൽ വൻ തൊഴിലവസരങ്ങളാണ് ഒരുങ്ങുന്നത്.

ഫുട്‌വെയർ ഡിസൈനിങ് രംഗത്തു നിരവധി കോഴ്സുകളുണ്ട്. നാലു വർഷത്തെ ബാച്ചിലർ ഓഫ് ഡിസൈൻ, ബിസിനസ് ആൻഡ് ഒൻട്രപ്രണർഷിപ് പ്രോഗ്രാമുകൾ ഇവയിൽപ്പെടുന്നു. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിനു കീഴിലുള്ള ഫുട്‌വെയർ ഡിസൈൻ ആൻഡ് ഡവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ലെതർ ഉൽപന്നങ്ങൾ, പാദരക്ഷകൾ, ഫുട്‌വെയർ ഡിസൈനിങ്, റീട്ടെയിൽ എന്നിവയിൽ ലോകോത്തര നിലവാരമുള്ള പുത്തൻ കോഴ്സുകളുണ്ട്. ഫുട്‌വെയർ ഡിസൈൻ ഡവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് FDDI എന്ന പേരിലാണറിയപ്പെടുന്നത്. നോയിഡ, ചെന്നൈ, കൊൽക്കത്ത, രോഹതക്, ചിന്താവര‍, ജോധ്പൂർ, ഫർസാർത്ത്ഗംജ് എന്നിവിടങ്ങളിലായി എട്ടു കേന്ദ്രങ്ങളുണ്ട്. പ്ലസ് ടു വിദ്യാർഥികൾക്ക് ഡിസൈനിങ്ങിൽ നാലുവർഷ ബാച്ചിലർ പ്രോഗ്രാമിന് അപേക്ഷിക്കാം. ഫുട്‌വെയർ ഡിസൈനിങ്, നിർമാണം തുടങ്ങിയവയിൽ ബിരുദ കോഴ്സുകളുണ്ട്.

ബിസിനസ് ആൻഡ് ഒൻട്രപ്രണർഷിപ്പിൽ അഞ്ചു വർഷത്തെ ഇന്റഗ്രേറ്റഡ് എം.ബി.എ.യും റീട്ടെയിൽ ഫാഷൻ മർച്ചന്റെയ്സ്, ഫുട്‌വെയർ ഡിസൈൻ, പ്രൊഡക്‌ഷൻ, ക്രിയേറ്റീവ് ഡിസൈൻ എന്നിവയിൽ രണ്ടു വർഷ എം.ബി.എ. പ്രോഗ്രാമുകളുമുണ്ട്.

ISO 9001, ISO 14000, ISO 17025 അംഗീകാരമുള്ള, വ്യവസായ മേഖലയുമായി സഹകരിച്ചു നടത്തുന്ന ഫുട്‌വെയർ കോഴ്സിന് PFIGermany, ശാസ്ത്ര–UK, LDI Nagold, Germany, AKS Sutoria, ഇറ്റലി, ചെക്ക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങളിലെ സ്ഥാപനങ്ങളുമായി ചേർന്നുള്ള പരിശീലനത്തിനും സ്കിൽ ഡെവലപ്മെന്റിനും പ്രാധാന്യം നൽകിയിട്ടുണ്ട്.

അമേരിക്ക, യു.കെ., ജർമനി, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ ഡിസൈനിങ്ങിൽ ബിരുദം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് തൊഴിൽ സാധ്യതകളുണ്ട്. ക്യാംപസ് റിക്രൂട്ട്മെന്റ് ഏറെയുള്ള ഫുട്‌വെയർ ഡിസൈനിങ് കോഴ്സുകൾ ആകർഷകമായ ശമ്പളം, തൊഴിൽ സംരംഭകത്വം എന്നിവയ്ക്കുള്ള അവസരങ്ങൾ വർധിപ്പിക്കുന്നു. FDDI യ്ക്കു കീഴിൽ സ്കൂൾ ഓഫ് റീട്ടെയിൽ ആൻഡ് ഫാഷൻ മെർച്ചന്റ്സ്, സ്കൂൾ ഓഫ് ഫാഷൻ ലെതർ ആക്സസറി ഡിസൈൻ, സ്കൂൾ ഓഫ് ഫാഷൻ ഡിസൈൻ, സ്കൂൾ ഓഫ് ബിസിനസ്സ് ആൻഡ് ഓൺട്രപ്രണർഷിപ്പ് അടക്കം അഞ്ചു സ്കൂളുകളുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് www.fddi.nic.iin സന്ദർശിക്കാം.

ജെമ്മോളജി കോഴ്സ്

രത്നങ്ങളെക്കുറിച്ചും കല്ലുകളെക്കുറിച്ചുമുള്ള ശാസ്ത്രശാഖയായ ജെമ്മോളജി ധാരാളം തൊഴിലവസരങ്ങളുള്ള മേഖലയാണ്. ജെമ്മോളജിയിൽ ആഭരണ ഡിസൈൻ, ടെക്നോളജി, വിപണനം, തൊഴിൽ സംരംഭകത്വം എന്നിവയിൽ ഡിഗ്രി, ഡിപ്ലോമ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളുണ്ട്. രാജ്യത്തിനകത്തും വിദേശത്തും ജെമ്മോളജി, ജ്വല്ലറി ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ടുകളും കോളജുകളുമുണ്ട്. ഡിസൈനിങ്, ഉൽപന്ന നിർമാണവുമായി ബന്ധപ്പെട്ട വിദഗ്ധർ, കൺസൾട്ടന്റ്, CAD ഡിസൈനർ, സെയിൽസ് ആൻഡ് മാർക്കറ്റിങ്, ജ്വല്ലറി സംരംഭകൻ, അഡ്വർടൈസിങ് തുടങ്ങി നിരവധി തൊഴിലവസരങ്ങളാണ് ഈ രംഗത്തുള്ളത്.

ആറു മാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്സ് മുതൽ 3–4 വർഷത്തെ ഡിഗ്രി, ഡിപ്ലോമ പ്രോഗ്രാമുകളുണ്ട്. ഡൽഹി, നോയിഡ, അഹമ്മദാബാദ്, പുണെ, ബെംഗളൂരു എന്നിവിടങ്ങളിൽ ജ്വല്ലറി ഡിസൈനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളുണ്ട്. പ്ലസ്ടു പൂർത്തിയാക്കിയവർക്കുള്ള മികച്ച ഉപരിപഠന മേഖലയാണിത്. ബിരുദധാരികൾക്കുള്ള പിജി ഡിപ്ലോമ പ്രോഗ്രാമുകളുണ്ട്. നോയിഡയിലെ ജ്വല്ലറി ഡിസൈനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഇൻഡോ ജർമൻ എക്സ്പോർട്ട് കൗൺസിലിന്റെ സഹകരണേത്താടെയുള്ളതാണ്.

ജ്വല്ലറി ഡിസൈനിങ്, സ്റ്റോൺ കട്ടിങ്, എൻഗ്രേവിങ് ആൻഡ് പോളിഷിങ്, ഇലക്ട്രോപ്ലേറ്റിങ്, ക്വാളിറ്റി കൺട്രോൾ തുടങ്ങിയവയിൽ ഡിപ്ലോമ പ്രോഗ്രാമുകളുണ്ട്. കനിഷ്ക, KBS, ACPL, റിനൈസെൻസ് മുതലായവ ജ്വല്ലറി ഡിസൈനിങ് തൊഴിൽ രംഗത്തു പ്രവർത്തിക്കുന്ന മികച്ച സ്ഥാപനങ്ങളാണ്. ജ്വല്ലറി ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ടിനു ദുബായ്, ചെന്നൈ, ഡൽഹി, അഹമ്മദാബാദ് തുടങ്ങിയ സ്ഥലങ്ങളിൽ ശാഖകളുണ്ട്. ഇന്റർനാഷനൽ ജെമ്മോളജി ഇൻസ്റ്റിറ്റ്യൂട്ട് (മുംബൈ, ഡൽഹി, ഹൈദരാബാദ്, കൊൽക്കത്ത, തൃശൂർ).

പേൾ അക്കാദമി (ന്യൂഡൽഹി, ജയ്പൂർ, മുംബൈ) യിൽ മൂന്നു വർഷ ബി.എ. ലക്ഷ്വറി ബ്രാൻഡ്, നാലു വർഷം ബി.എ. (Hons) ജ്വല്ലറി ഡിസൈനിങ് കോഴ്സുകളുണ്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെമ്മോളജിയിൽ ഡിപ്ലോമ കോഴ്സുകളുണ്ട്. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി, ഡൽഹി, IMS ഡിസൈൻ ആൻഡ് ഇന്നവേഷൻ അക്കാദമി, ഡൽഹി എന്നിവ മികച്ച സ്ഥാപനങ്ങളാണ്. അമേരിക്കയിലെ കാൻസാസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി, ബഫല്ലോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, ഇൻഡിയാന, സാൻഡിയാഗോ സർവകലാശാലകൾ, മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, മിച്ചിഗൺ യൂണിവേഴ്സിറ്റി എന്നിവയിൽ ജ്വല്ലറി ഡിസൈനിങ് കോഴ്സുകളുണ്ട്

മാരിടൈം കോഴ്സുകൾ

ആകർഷകമായ ശമ്പളം, കൂടുതൽ അവധി ദിനങ്ങൾ എന്നിവയുടെ ഗ്ലാമറുള്ള തൊഴിലുകളാണ് മാരിടൈം (മർച്ചന്റ് നേവി) കോഴ്സുകൾ വാഗ്ദാനം നൽകുന്നത്. ഇന്ത്യൻ, വിദേശ ഷിപ്പിങ് കമ്പനികളിൽ നേവൽ ആർക്കിടെക്ചർ, ഷിപ്പ് ബിൽഡിങ് എന്നീ രംഗങ്ങളിൽ ധാരാളം അവസരങ്ങൾ ലഭിക്കും.

ഇന്ത്യൻ മാരിടൈം സർവകലാശാലയുടെ ഡിപ്ലോമ, ഡിഗ്രി, ബിരുദാനന്തര പ്രോഗ്രാമുകൾ മർച്ചന്റ് നേവിയിൽ ജോലി നേടാൻ സഹായിക്കും. ചെന്നൈ, കൊച്ചി, കൊൽക്കത്ത, മുംബൈ, വിശാഖപട്ടണം എന്നീ കേന്ദ്രങ്ങളിൽ മാരിടൈം സർവകലാശാലയുടെ വിവിധ പ്രോഗ്രാമുകളുണ്ട്. മാരിടൈം സർവകലാശാലയുെട കീഴിൽ നോട്ടിക്കൽ സ്റ്റഡീസ്, മറൈൻ എൻജിനീയറിങ്, നേവൽ ആർക്കിടെക്ചർ, മാരിടൈം മാനേജ്മെന്റ്, മാരിടൈം ലോ എന്നീ സ്കൂളുകളുമുണ്ട്.

ഡിപ്ലോമ ഇൻ നോട്ടിക്കൽ സയൻസ്, ബിഎസ്‌സി നോട്ടിക്കൽ സയൻസ്, മാരിടൈം സയൻസ് എന്നിവ മൂന്നു വർഷത്തെ പ്രോഗ്രാമുകളാണ്. നോട്ടിക്കൽ ഡിപ്ലോമയ്ക്ക് ചേർന്നാൽ ബിഎസ്‌സി നോട്ടിക്കൽ സയൻസ് പൂർത്തിയാക്കാനുള്ള നടപടിക്രമങ്ങളുണ്ട്. ബിഎസ്‌സി ഷിപ്പ് ബിൽഡിങ് ആൻഡ് റിപ്പയർ തൊഴിൽ സാധ്യതയുള്ള കോഴ്സാണ്. മാരിടൈം എൻജിനീയറിങ്ങിൽ നാലു വർഷത്തെ ബി.ടെക്, ബി.ടെക് നേവൽ ആർക്കിടെക്ചർ, ഓഷൻ എൻജിനീയറിങ് എന്നിവയിൽ പ്ലസ്ടു പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. പ്ലസ്ടുവിന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയിൽ 60% മാർക്കും ഇംഗ്ലിഷിൽ 50% മാർക്കുമാണു യോഗ്യത.

നേവൽ ആർക്കിടെക്ചർ ആൻഡ് ഓഷൻ എൻജിനീയറിങ് എം.ടെക്, മാരിടൈം എൻജിനീയറിങ് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ, പോർട്ട് ആൻഡ് ഷിപ്പിങ്, ലോജിസ്റ്റിക്സ് എന്നിവയിൽ എം.ബി.എ, മാരിടൈം ലോയിൽ ബിരുദാനന്തര പ്രോഗ്രാം എന്നിവയുമുണ്ട്. മാരിടൈം യൂണിവേഴ്സിറ്റി നേരിട്ടും അംഗീകൃത കേന്ദ്രങ്ങൾ വഴിയും കോഴ്സുകൾ നടത്തിവരുന്നു. പ്രവേശന പരീക്ഷയുണ്ട്.

അവസാനം പരിഷ്കരിച്ചത് : 6/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate