অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

തൊഴിലവസരങ്ങള്‍

സിനിമയില്‍ തിളങ്ങാന്‍ സിനിമാട്ടോഗ്രഫി

മനസ്സിലൂടെ കാണും, കാമറയിലൂടെ പകര്‍ത്തും. അതെ, കാമറ ചലിപ്പിച്ച് ദൃശ്യവിസ്മയമൊരുക്കുന്നവരാണ് ഛായാഗ്രാഹകര്‍. സിനിമയിലും ടെലിവിഷന്‍ രംഗത്തുമൊക്കെ പ്രഫഷനല്‍ യോഗ്യത നേടി പരിശീലനം സിദ്ധിച്ച ഛായാഗ്രാഹകര്‍ക്ക് നല്ല ഡിമാന്‍ഡാണ്. ടെലിവിഷന്‍ ചാനലുകളുടെ എണ്ണം വര്‍ധിച്ചതോടെ സിനിമാട്ടോഗ്രഫിയില്‍ പഠന-പരിശീലനങ്ങള്‍ നേടിയ നിരവധി യുവാക്കള്‍ക്ക് തൊഴില്‍ നേടാനായിട്ടുണ്ട്. വാര്‍ത്താവിനിമയ രംഗത്ത് ഇനിയും ഇവരുടെ സേവനം ആവശ്യമായി വരും. വിവാഹമുള്‍പ്പെടെ എല്ലാവിധ ചടങ്ങുകളും കാമറയില്‍ പകര്‍ത്തി പണമുണ്ടാക്കാനും വിഡിയോ ഗ്രാഫര്‍മാര്‍ക്ക് കഴിയും.
ഭാവനയും കലാവാസനയും അഭിരുചിയുമൊക്കെയുള്ള ചെറുപ്പക്കാര്‍ക്ക് ഏറെ അനുയോജ്യമായ പാഠ്യപദ്ധതിയാണ് സിനിമാട്ടോഗ്രഫി അഥവാ ഛായാഗ്രഹണം. സര്‍ട്ടിഫിക്കറ്റ്, ഡിപ്ളോമ, ഡിഗ്രി, പോസ്റ്റ്ഗ്രാജ്വേറ്റ് ഡിപ്ളോമ തുടങ്ങിയ കോഴ്സുകള്‍ ഈ മേഖലയിലുണ്ട്. 
സിനിമാട്ടോഗ്രഫിയില്‍ ഡിപ്ളോമ അല്ളെങ്കില്‍ ഫിലിം ടെക്നോളജി, ഡിഗ്രി പഠനത്തിന് ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളോടെ പ്ളസ് ടു/തത്തുല്യ പരീക്ഷ വിജയിച്ചവര്‍ക്ക് അവസരമുണ്ട്. എന്നാല്‍, അഭിരുചിയുള്ള ഏതൊരു ബിരുദധാരിക്കും സിനിമാട്ടോഗ്രഫിയില്‍ പി.ജി ഡിപ്ളോമക്ക് ചേരാം. സര്‍ട്ടിഫിക്കറ്റ് കോഴ്സില്‍ അടിസ്ഥാന വിഷയങ്ങളായ ഷോട്ട് ഡിസൈന്‍, വിഷ്വലൈസിങ്, ബേസിക് ലൈറ്റിങ്, ലെന്‍സിങ്, കാമറ മൂവ്മെന്‍റ് തുടങ്ങിയ വിഷയങ്ങളിലാവും പഠന-പരിശീലനങ്ങള്‍. എന്നാല്‍, ബിരുദാനന്തര ഡിപ്ളോമ കോഴ്സുകളില്‍ ആര്‍ട്ട് ആന്‍ഡ് വിഷ്വല്‍ കള്‍ചര്‍, ഫിലിം എയ്സ്തറ്റിക്സ് ആന്‍ഡ് സിനിമാട്ടോഗ്രാഫിക് ടെക്നിക്സ്, പ്രിന്‍സിപ്ള്‍സ് ഓഫ് സിനിമാട്ടോഗ്രഫി, ഇമേജിങ് ഡിവൈസ്, ഫിസിക്സ് ഓഫ് ലൈറ്റ്, കളര്‍ ആന്‍ഡ് ആപ്ളിക്കേഷന്‍സ് ഇന്‍ പ്രാക്ടിക്കല്‍ സിനിമാട്ടോഗ്രഫി, ഇലക്ട്രിസിറ്റി ആന്‍ഡ് പവര്‍ ആപ്ളിക്കേഷന്‍സ് ഇന്‍ ലൈറ്റിങ്, ഒപ്ടിക്സ് ആന്‍ഡ് ലെന്‍സിങ്, ഇമല്‍ഷന്‍ ടെക്നോളജി ആന്‍ഡ് ലാബ് പ്രോസസിങ്, പ്രിന്‍സിപ്ള്‍സ് ഓഫ് ഡിജിറ്റല്‍ ഇമേജ്, മാനിപുലേഷന്‍ സിസ്റ്റംസ്, ആര്‍ട്ട് ഡയറക്ഷന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ തുടങ്ങിയ നിരവധി വിഷയങ്ങളാണ് പഠിക്കേണ്ടിവരുക. ഇതിനുപുറമെ ലാബ് പ്രാക്ടിക്കലുമുണ്ടാകും.
ഗൗരവമായി സിനിമാട്ടോഗ്രഫിയെ സമീപിക്കുന്നവര്‍ക്ക് വിഷ്വലൈസിങ് എബിലിറ്റി, എയ്സ്തറ്റിക്സ് സെന്‍സ്, ആര്‍ട്ടിസ്റ്റിക് ടാലന്‍റ്, കമ്യൂണിക്കേഷന്‍ സ്കില്‍സ്, പാഷന്‍ ഫോര്‍ ഫോട്ടോഗ്രഫി എന്നീ സവിശേഷതകളുണ്ടാകണം.
സിനിമാട്ടോഗ്രഫിയില്‍ യോഗ്യതയും വൈദഗ്ധ്യവും നേടുന്നവര്‍ക്കേ സിനിമാനിര്‍മാണ പ്രക്രിയയിലും മറ്റും സംവിധായകരുമായി ആലോചിച്ച് ഷോട്ടുകള്‍ രൂപപ്പെടുത്താനും കാമറയുടെ ആംഗ്ള്‍ നിശ്ചയിച്ച് ടേക്കുകളെടുക്കാനും പ്രൊഡക്ഷനില്‍ മികവുപുലര്‍ത്താനും കഴിയൂ. അതിനാല്‍ സിനിമാട്ടോഗ്രഫിയില്‍ മികച്ച പ്രഫഷനല്‍ വിദ്യാഭ്യാസം നേടുന്നവര്‍ക്കാണ് ഈ രംഗത്ത് കൂടുതല്‍ ശോഭിക്കാനാവുക.
പഠന സൗകര്യങ്ങള്‍
പ്ളസ് ടു കാര്‍ക്ക് സിനിമാട്ടോഗ്രഫിയില്‍ മൂന്നുവര്‍ഷത്തെ ഡിപ്ളോമ കോഴ്സില്‍ പഠനസൗകര്യമൊരുക്കുന്ന സ്ഥാപനമാണ് കോട്ടയത്ത് തെക്കുംതലയിലുള്ള കെ.ആര്‍. നാരായണന്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സ്.
ചെന്നൈക്കടുത്ത് താരാമണിയിലുള്ള എം.ജി.ആര്‍ ഗവ. ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും മൂന്നുവര്‍ഷത്തെ സിനിമാട്ടോഗ്രഫി ഡിപ്ളോമ കോഴ്സ് നടത്തുന്നുണ്ട്. ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളോടെ പ്ളസ് ടു/തുല്യ പരീക്ഷ വിജയിച്ചവര്‍ക്കാണ് പ്രവേശം. തമിഴര്‍ക്കാണ് മുന്‍ഗണന. 
ചെന്നൈ വടപളനിയിലെ എസ്.ആര്‍.എം ശിവാജി ഗണേശന്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്ളസ് ടുകാര്‍ക്ക് മൂന്നുവര്‍ഷത്തെ ബി.എസ്സി കോഴ്സില്‍ ഫിലിം ടെക്നോളജി പഠിക്കാം. സിനിമാട്ടോഗ്രഫിയും പഠനവിഷയങ്ങളില്‍പെടും.
എന്നാല്‍, ബിരുദധാരികള്‍ക്ക് പഠിക്കാവുന്ന പി.ജി ഡിപ്ളോമ പഠനാവസരങ്ങളാണ് കൂടുതല്‍ പ്രയോജനപ്പെടുത്താവുന്നത്.
പ്രമുഖ സ്ഥാപനങ്ങള്‍
രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളായ പുണെയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, സിനിമാട്ടോഗ്രാഫിയില്‍ മൂന്നുവര്‍ഷത്തെ പി.ജി ഡിപ്ളോമ കോഴ്സ് ബിരുദധാരികള്‍ക്കായി നടത്തുന്നുണ്ട്. ദേശീയതലത്തില്‍ നടത്തുന്ന അഭിരുചി പരീക്ഷ, ഇന്‍റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് (www.ftiindia.com).
കൊല്‍ക്കത്തയിലെ സത്യജിത്റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും സിനിമാട്ടോഗ്രഫി സ്പെഷലൈസേഷനായി മൂന്നുവര്‍ഷത്തെ പി.ജി ഡിപ്ളോമ ഇന്‍ സിനിമാ കോഴ്സ് നടത്തിവരുന്നു. 
ബിരുദധാരികള്‍ക്ക് പഠിക്കാം. എന്‍ട്രന്‍സും ഇന്‍റര്‍വ്യൂവും വഴിയാണ് തെരഞ്ഞെടുപ്പ്. (www.srfti.ac.in) സിനിമാട്ടോഗ്രഫിയില്‍ രണ്ടുവര്‍ഷത്തെ പി.ജി ഡിപ്ളോമ പഠനത്തിന് മുംബൈയിലെ വിസ്റ്റ്ലിങ് വുഡ്സ് ഇന്‍റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആന്‍ഡ് മീഡിയ അവസരം നല്‍കുന്നുണ്ട്. 
കോട്ടയം ചങ്ങനാശ്ശേരിയിലെ സെന്‍റ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷനില്‍ ബിരുദധാരികള്‍ക്കായി സിനിമ ആന്‍ഡ് ടെലിവിഷനില്‍ എം.എ കോഴ്സ് നടത്തുന്നുണ്ട്.
കൊല്‍ക്കത്തയിലെ ജാദവ്പുര്‍ യൂനിവേഴ്സിറ്റിയില്‍ ബിരുദക്കാര്‍ക്കായി സിനിമാ സ്റ്റഡീസില്‍ മാസ്റ്റേഴ്സ് ഡിഗ്രി കോഴ്സ് വര്‍ഷങ്ങളായി നടത്തിവരുന്നു. ഫിലിം ഇന്‍ഡസ്ട്രിയില്‍ തൊഴില്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ കോഴ്സുകള്‍ നല്ലതാണ്.
കൊച്ചിയിലെ അമൃത സ്കൂള്‍ ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സും തിരുവനന്തപുരത്തെ സെന്‍റര്‍ ഫോര്‍ ഡെവലപ്മെന്‍റ് ഓഫ് ഇമേജിങ് ടെക്നോളജിയും (സി.ഡിറ്റ്) ബിരുദധാരികള്‍ക്ക് വിഷ്വല്‍ മീഡിയയിലും വിഡിയോ പ്രൊഡക്ഷനിലുമൊക്കെ പഠനപരിശീലനങ്ങള്‍ നല്‍കിവരുന്നു.
ന്യൂഡല്‍ഹിയിലെ ജാമിഅ മില്ലിയ ഇസ്ലാമിയ്യയുടെ മാസ് കമ്യൂണിക്കേഷന്‍ റിസര്‍ച് സെന്‍റര്‍, ചെന്നൈയിലെ അണ്ണാ യൂനിവേഴ്സിറ്റി ഓഡിയോ വിഷ്വല്‍ റിസര്‍ച് സെന്‍റര്‍ പുണെയിലെ സിംബയോസിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍, നോയിഡയിലെ ഏഷ്യന്‍ അക്കാദമിക് ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ എന്നിവിടങ്ങളിലും ബിരുദധാരികള്‍ക്ക് വിഡിയോ-ടെലിവിഷന്‍ പ്രൊഡക്ഷനിലും മറ്റും പഠന പരിശീലനങ്ങള്‍ നല്‍കുന്നുണ്ട്.
ചെന്നൈയിലും തിരുവനന്തപുരത്തുമുള്ള എല്‍.വി. പ്രസാദ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ അക്കാദമിയിലും തിരുവനന്തപുരം കഴക്കൂട്ടത്തിനടുത്ത് കിന്‍ഫ്ര പാര്‍ക്കിലുള്ള രേവതി കലാമന്ദിര്‍ ഫിലിം അക്കാദമിയിലും ബിരുദധാരികള്‍ക്ക് സിനിമാട്ടോഗ്രഫിയില്‍ പി.ജി ഡിപ്ളോമ കോഴ്സില്‍ പരിശീലനം നല്‍കുന്നുണ്ട്.
തൊഴില്‍സാധ്യതകള്‍
സിനിമാട്ടോഗ്രഫി പഠിച്ചിറങ്ങുന്നവര്‍ക്ക് സിനിമാ-ടെലിവിഷന്‍ ചാനല്‍ മേഖലകളില്‍ തൊഴില്‍സാധ്യതകള്‍ ഏറെയാണ്. വൈദഗ്ധ്യം തെളിയിക്കുന്നവര്‍ക്ക് സിനിമാ നിര്‍മാണ മേഖലയില്‍ ഛായാഗ്രാഹകരാകാം. ഉയര്‍ന്ന യോഗ്യത നേടുന്നവര്‍ക്ക് ഫിലിം ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ആകര്‍ഷകമായ ശമ്പളനിരക്കില്‍ ഫാക്കല്‍റ്റിയാകാം

വരൂ, ഓട്ടോമൊബൈല്‍ എന്‍ജിനീയറാകാം

സ്വപ്നസമാനമായ ആഡംബര കാറുകളും കൊട്ടാരതുല്യം സഞ്ചരിക്കുന്ന വാഹനങ്ങളും ആധുനിക ജനജീവിതത്തിന്‍െറ പരിച്ഛേദമായി മാറിക്കഴിഞ്ഞു. ഓട്ടോമൊബൈല്‍ വാഹന രൂപകല്‍പനയും നിര്‍മാണവും ഇപ്പോള്‍ വമ്പിച്ച വ്യവസായമാണ്. പുതിയ മോഡലുകള്‍ വിപണിയിലത്തെിക്കാന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറിങ് കമ്പനികള്‍ തമ്മില്‍ മത്സരമാണ്. വാഹനങ്ങളുടെ നിര്‍മാണവും വിപണനവും ഉപയോഗവും അനുദിനം വര്‍ധിച്ചുവരുന്നു. ഇന്ന് കോടിക്കണക്കിന് വിറ്റുവരവുള്ള വ്യവസായമാണ് ഓട്ടോമൊബൈല്‍ ഇന്‍ഡസ്ട്രി. ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദ-ബിരുദാനന്തരബിരുദമെടുക്കുന്നവര്‍ക്ക് ഈ മേഖലയില്‍ മികച്ച പ്രഫഷനലുകളാകാം. ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് ബി.ടെക്, എം.ടെക്, പിഎച്ച്.ഡി എന്നിങ്ങനെ ധാരാളം പ്രഫഷനല്‍ പഠനാവസരങ്ങള്‍ ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് മേഖലയിലുണ്ട്. പോളിടെക്നിക് കോളജുകളില്‍ ത്രിവത്സര എന്‍ജിനീയറിങ് ഡിപ്ളോമ കോഴ്സും ഈ ബ്രാഞ്ചിലുണ്ട്. 10 കഴിഞ്ഞവര്‍ക്കാണ് ഡിപ്ളോമ പഠനാവസരം. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളില്‍ ഉയര്‍ന്ന മാര്‍ക്ക്/ഗ്രേഡോടെ പ്ളസ് ടു/തുല്യപരീക്ഷ വിജയിച്ചവര്‍ക്ക് ബി.ടെക് ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് പഠിക്കാം. നാലുവര്‍ഷമാണ് കോഴ്സിന്‍െറ ദൈര്‍ഘ്യം. ഓട്ടോമൊബൈല്‍ മെക്കാനിസം, വെഹിക്ള്‍ ചെയ്സിസ്, ഇന്‍േറണല്‍ കമ്പസ്റ്റണ്‍ എന്‍ജിന്‍, ഇലക്ട്രിക്കല്‍ ഇലക്ട്രോണിക് സിസ്റ്റംസ്, വര്‍ക്ഷോപ്പ് ടെക്നോളജി, ഓട്ടോമൊബൈല്‍ മെയ്ന്‍റനന്‍സ്, സ്പെയര്‍പാര്‍ട്സ് എന്നിവക്ക് പുറമെ വാഹനങ്ങളുടെ രൂപകല്‍പനയിലും വിദഗ്ധ പഠന-പരിശീലനങ്ങളാണ് ബി.ടെക് കോഴ്സിലൂടെ ലഭ്യമാകുന്നത്. അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലിന്‍െറ (എ.ഐ.സി.ടി.ഇ) അനുമതിയും അംഗീകാരവുമുള്ള ബി.ടെക് കോഴ്സിലാകണം പഠനം. മെറിറ്റ് സീറ്റില്‍ അഡ്മിഷന്‍ ലഭിക്കുന്നതിന് എന്‍ട്രന്‍സ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടണം. പഠനാവസരം: കേരളത്തില്‍ സ്വകാര്യ സ്വാശ്രയ കോളജുകളിലാണ് ബി.ടെക് ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് കോഴ്സുള്ളത്. ഓരോ കോളജിലും 60 സീറ്റുകള്‍ വീതം. കെ.എസ്.ആര്‍.ടി.സിയുടെ കീഴില്‍ തിരുവനന്തപുരം പാപ്പനം കോടുള്ള ശ്രീചിത്ര തിരുനാള്‍ എന്‍ജിനീയറിങ് കോളജില്‍ മെക്കാനിക്കല്‍ ഓട്ടോമൊബൈല്‍ കോഴ്സില്‍ 60 സീറ്റുകളും പത്തനംതിട്ട അടൂരിലെ ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ മെക്കാനിക്കല്‍ ഓട്ടോമൊബൈല്‍ കോഴ്സില്‍ 60 സീറ്റുകളുമുണ്ട്. ബി.ടെക് ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് നടത്തുന്ന സ്ഥാപനങ്ങള്‍ ചുവടെ: അമല്‍ജ്യോതി കോളജ് ഓഫ് എന്‍ജിനീയറിങ്, കുവപ്പള്ളി, കോട്ടയം. അല്‍അസ്ഹര്‍ കോളജ് ഓഫ് എന്‍ജിനീയറിങ്, പെരുമ്പിള്ളിച്ചിറ, തൊടുപുഴ. കൊച്ചിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി, മൂവാറ്റുപുഴ. കോട്ടയം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സ്, പള്ളിക്കതോട്, കോട്ടയം. മലബാര്‍ കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജി, ദേശമംഗലം, വടക്കാഞ്ചേരി, തൃശൂര്‍. നെഹ്റു കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് റിസര്‍ച് സെന്‍റര്‍, പാമ്പാടി, തിരുവണ്ണാമലൈ, തൃശൂര്‍. പിനക്കിള്‍ സ്കൂള്‍ ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജി, അരീപ്ളാച്ചി, അയണിക്കോട്, അഞ്ചല്‍, കൊല്ലം. എസ്.സി.എം.എസ് സ്കൂള്‍ ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജി കറുകുട്ടി, എറണാകുളം. മാതാ കോളജ് ഓഫ് ടെക്നോളജി, നോര്‍ത് പരവൂര്‍, എറണാകുളം. കെ.എം.സി.ടി കോളജ് ഓഫ് എന്‍ജിനീയറിങ്, കളന്‍തോട്, കോഴിക്കോട്. എ.പി.ജെ. അബ്ദുല്‍ കലാം കേരള ടെക്നിക്കല്‍ യൂനിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്താണ് കോഴ്സുകള്‍ നടത്തുന്നത്. സംസ്ഥാന എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷയുടെ റാങ്ക് പരിഗണിച്ചാണ് 50 ശതമാനം മെറിറ്റ് സീറ്റുകളില്‍ പ്രവേശം. രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി നടത്തുന്ന ബി.ടെക്, ഇന്‍റഗ്രേറ്റഡ് ഡ്യുവല്‍ ഡിഗ്രി എം.ടെക് കോഴ്സുകളില്‍ പ്രവേശത്തിന് JEE main & Advanced പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക്/മെറിറ്റ് കരസ്ഥമാക്കണം. സ്വകാര്യ മേഖലയില്‍പെടുന്ന കല്‍പിത സര്‍വകലാശാലകളിലും ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് പഠനസൗകര്യങ്ങളുണ്ട്. തഞ്ചാവൂരിലെ ശാസ്ത്ര യൂനിവേഴ്സിറ്റി (www.sastra.edu), നോയിഡയിലെ അമിറ്റി യൂനിവേഴ്സിറ്റി (www.amity.edu) എന്നിവ അവയില്‍ ചിലതു മാത്രം. എം.ടെക് പഠനം: ഓട്ടോമൊബൈല്‍ അല്ളെങ്കില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഉയര്‍ന്ന മാര്‍ക്കോടെ ബി.ടെക് ബിരുദവും ഗേറ്റ് സ്കോറും കരസ്ഥമാക്കുന്നവര്‍ക്ക് ഓട്ടോമൊബൈല്‍ ഡിസൈന്‍ അല്ളെങ്കില്‍ ട്രാന്‍സ്പോര്‍ട്ടേഷനില്‍ രണ്ടു വര്‍ഷത്തെ എം.ടെക് പഠനം നടത്താവുന്നതാണ്. അവസാന വര്‍ഷ ബി.ടെക് വിദ്യാര്‍ഥികള്‍ക്ക് ഗേറ്റ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനീയറിങ് എഴുതാം. സ്കോളര്‍ഷിപ്പോടെ എം.ടെക് പഠനത്തിന് ഗേറ്റ് യോഗ്യത വേണം. മെക്കാനിക്കല്‍ ഓട്ടോമൊബൈല്‍, പ്രൊഡക്ഷന്‍, മാനുഫാക്ചറിങ് എന്‍ജിനീയറിങ്ങില്‍ ബിരുദമെടുത്തവര്‍ക്ക് ഓട്ടോമൊബൈല്‍ അല്ളെങ്കില്‍ ഓട്ടോമോട്ടിവ് എന്‍ജിനീയറിങ്ങില്‍ എം.ടെക് പഠനത്തിന് അര്‍ഹതയുണ്ട്. അണ്ണാ യൂനിവേഴ്സിറ്റി ചെന്നൈ, ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, മെശ്ര, റാഞ്ചി ഉള്‍പ്പെടെ വളരെ കുറച്ച് സ്ഥാപനങ്ങളില്‍ മാത്രമേ എം.ടെക് ഓട്ടോമൊബൈല്‍/ഓട്ടോമോട്ടിവ് എന്‍ജിനീയറിങ് കോഴ്സ് ലഭ്യമായിട്ടുള്ളൂ. ഓട്ടോമൊബൈല്‍ ഡിസൈന്‍: വാഹനങ്ങളുടെ രൂപകല്‍പനയില്‍ വിദഗ്ധ പഠന-പരിശീലന സൗകര്യം നല്‍കുന്ന പ്രമുഖ സ്ഥാപനമാണ് അഹ്മദാബാദിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍. ഇവിടെ നടത്തുന്ന ട്രാന്‍സ്പോര്‍ട്ടേഷന്‍ ആന്‍ഡ് ഓട്ടോമൊബൈല്‍ ഡിസൈന്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമ കോഴ്സില്‍ ഓട്ടോമൊബൈല്‍ അല്ളെങ്കില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദക്കാര്‍ക്ക് പ്രവേശമുണ്ട്. ദേശീയതലത്തില്‍ നടത്തുന്ന എന്‍ട്രന്‍സ് ടെസ്റ്റ്, ഇന്‍റര്‍വ്യൂ എന്നിവയിലൂടെയാണ് തെരഞ്ഞെടുപ്പ്. ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ ഗാന്ധിനഗര്‍ കാമ്പസിലാണ് കോഴ്സുള്ളത്. ഓട്ടോമൊബൈല്‍ ഡിസൈനറാകുന്നതിന് ഏറെ അനുയോജ്യമാണ് ഈ പഠനം. കൂടുതല്‍ വിവരങ്ങള്‍ www.nid.edu എന്ന വെബ്സൈറ്റില്‍ ലഭിക്കും. തൊഴില്‍സാധ്യത: പഠിച്ചിറങ്ങുന്നവര്‍ക്ക് വാഹനനിര്‍മാണ കമ്പനികളിലും മറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനുകളിലും ഓട്ടോമൊബൈല്‍ എന്‍ജിനീയര്‍, മെയ്ന്‍റനന്‍സ് എന്‍ജിനീയര്‍, ഓട്ടോമൊബൈല്‍ ഡിസൈനര്‍ തുടങ്ങിയ തസ്തികകളില്‍ തൊഴില്‍ ലഭിക്കും. പ്രൊഡക്ഷന്‍ പ്ളാന്‍റുകളിലും റിസര്‍ച് ആന്‍ഡ് ഡെവലപ്മെന്‍റ് വിഭാഗത്തിലും മെയ്ന്‍റനന്‍സ് ഡിവിഷനുകളിലുമാണ് ജോലി. ബി.ടെക് കഴിഞ്ഞ് എം.ബി.എ ബിരുദം കരസ്ഥമാക്കുന്നവര്‍ക്ക് മാര്‍ക്കറ്റിങ്, സെയില്‍സ് വിഭാഗങ്ങളില്‍ മാനേജര്‍മാരാകാം. എം.ടെക്, പിഎച്ച്.ഡി മുതലായ ഉയര്‍ന്ന യോഗ്യതകള്‍ നേടുന്നവര്‍ക്ക് ടീച്ചിങ് പ്രഫഷനിലേക്കും ഓട്ടോമൊബൈല്‍ മാനുഫാക്ചറിങ് കമ്പനികളുടെ റിസര്‍ച് ആന്‍ഡ് ഡെവലപ്മെന്‍റ് വിഭാഗത്തില്‍ മികച്ച കരിയറിലത്തൊനും കഴിയും

നാവികസേനയും അവസരങ്ങളും

 

കടലോളം തൊഴിലവസരങ്ങള്‍ പ്രദാനംചെയ്യുന്ന പ്രതിരോധസേനാ വിഭാഗമാണ് ഇന്ത്യന്‍ നാവികസേന. അര്‍പ്പണമനോഭാവവും ദേശസ്നേഹവും  വിദ്യാഭ്യാസവുമുള്ള ചെറുപ്പക്കാര്‍ക്ക് വിവിധ തൊഴിലവസരങ്ങളാണ് സേന നല്‍കിവരുന്നത്. മെറിറ്റ് തന്നെയാണ് തെരഞ്ഞെടുപ്പിലെ മുഖ്യമാനദണ്ഡം. സുതാര്യമായ റിക്രൂട്ട്മെന്‍റ് രീതിയാണ് മുഖമുദ്ര.
യൂനിയന്‍ പബ്ളിക് സര്‍വിസ് കമീഷനിലൂടെയും (യു.പി.എസ്.സി) അല്ലാതെ നേരിട്ട് പെര്‍മനന്‍റ്/ഷോര്‍ട്ട് സര്‍വിസ് കമീഷനിലൂടെയുമാണ് റിക്രൂട്ട്മെന്‍റുകള്‍.
നാഷനല്‍ ഡിഫന്‍സ് അക്കാദമി (എന്‍.ഡി.എ)/നേവല്‍ അക്കാദമി (10+2); കമ്പയിന്‍ഡ് ഡിഫന്‍സ് സര്‍വിസസ് എക്സാമിനേഷന്‍ (സി.ഡി.എസ്.ഇ) എന്നിങ്ങനെ വര്‍ഷത്തില്‍ രണ്ടു തവണ യൂനിയന്‍ പബ്ളിക് സര്‍വിസ് കമീഷന്‍ നടത്തുന്ന പരീക്ഷകളിലൂടെയാണ് മുഖ്യ തെരഞ്ഞെടുപ്പ്. എന്‍.ഡി.എ/നേവല്‍ അക്കാദമി പരീക്ഷകളില്‍ സമര്‍ഥരായ പ്ളസ് ടു വിജയികള്‍ക്ക് പങ്കെടുക്കാം. എന്നാല്‍, സി.ഡി.എസ്.ഇയില്‍ ബിരുദധാരികള്‍ക്കു മാത്രമേ പങ്കെടുക്കാനാവൂ. എഴുത്തുപരീക്ഷ നടത്തി യോഗ്യത നേടുന്നവരുടെ ഷോര്‍ട്ട്ലിസ്റ്റ് തയാറാക്കി സര്‍വിസസ് സെലക്ഷന്‍ ബോര്‍ഡിന് നല്‍കി, എസ്.എസ്.ബി, ഇന്‍റര്‍വ്യൂ നടത്തി അര്‍ഹതയുള്ളവരുടെ ലിസ്റ്റ് വീണ്ടും യു.പി.എസ്.സിക്ക് കൈമാറുകയും റിക്രൂട്ട്മെന്‍റിനുള്ള അന്തിമ റാങ്ക്/മെറിറ്റ്ലിസ്റ്റ് യു.പി.എസ്.സി തയാറാക്കുകയുമാണ് ചെയ്യുന്നത്. മെഡിക്കല്‍ ഫിറ്റ്നസിന് വിധേയമായാകും അന്തിമ തെരഞ്ഞെടുപ്പ്. യു.പി.എസ്.സി വിജ്ഞാപനത്തിന് അനുസൃതമായി മാത്രമേ അപേക്ഷിക്കാനാവൂ.
യു.പി.എസ്.സി മുഖാന്തരമല്ലാതെയുള്ള പെര്‍മനന്‍റ്, ഷോര്‍ട്ട് സര്‍വിസ് കമീഷന്‍ (എസ്.എസ്.സി) റിക്രൂട്ട്മെന്‍റുകള്‍ എക്സിക്യൂട്ടിവ് (ലോജിസ്റ്റിക്സ്, ലോ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഹൈഡ്രോഗ്രഫി, നേവല്‍ ആര്‍മമെന്‍റ് ഇന്‍സ്പെക്ഷന്‍, പൈലറ്റ് ഒബ്സര്‍വര്‍); മറൈന്‍ എന്‍ജിനീയറിങ് (നേവല്‍ ആര്‍കിടെക്ട് ഉള്‍പ്പെടെ) വിഭാഗങ്ങളിലാണ് നടത്തുക.
പ്ളസ് ടു (ബി.ടെക്) എന്‍ട്രിയാണ് മറ്റൊരു ആകര്‍ഷണം. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളില്‍ ഉയര്‍ന്ന മാര്‍ക്ക്/ഗ്രേഡോടെ വിജയിച്ചിട്ടുള്ളവര്‍ക്ക് സര്‍വിസസ് സെലക്ഷന്‍ ബോര്‍ഡ് നടത്തുന്ന തെരഞ്ഞെടുപ്പിലൂടെ ഏഴിമല നേവല്‍ അക്കാദമിയില്‍ ചേര്‍ന്ന് സൗജന്യ എന്‍ജിനീയറിങ് പഠനം നടത്തി ഇലക്ട്രിക്കല്‍/നേവല്‍ ആര്‍കിടെക്ചര്‍ ബ്രാഞ്ചുകളില്‍ തൊഴില്‍ നേടാം. പഠന-പരിശീലനങ്ങള്‍ തികച്ചും സൗജന്യമാണ്. പരിശീലനകാലത്ത് സ്റ്റൈപന്‍ഡും ജോലിയില്‍ പ്രവേശിക്കുമ്പോള്‍ ആകര്‍ഷകമായ ശമ്പളവും ലഭിക്കുന്നതാണ്.
യൂനിവേഴ്സിറ്റി എന്‍ട്രി സ്കീമിലൂടെ ഫൈനല്‍ ഇയര്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് ടെക്നിക്കല്‍ ബ്രാഞ്ചുകളില്‍ തൊഴില്‍ നേടാം. അപേക്ഷകരുടെ ഷോര്‍ട്ട്ലിസ്റ്റ് തയാറാക്കി എസ്.എസ്.ബി ഇന്‍റര്‍വ്യൂ നടത്തി തെരഞ്ഞെടുക്കും. മെഡിക്കല്‍ ടെസ്റ്റുകളും ഉണ്ടാകും. സ്പെഷല്‍ നേവല്‍ ആര്‍കിടെക്ട്സ് എന്‍ട്രി സ്കീമിലൂടെ നേവല്‍ ആര്‍കിടെക്ട് ഓഫീസര്‍മാരെ നിയമിക്കുന്നതിലേക്ക് കാമ്പസ് ഇന്‍റര്‍വ്യൂകളും സംഘടിപ്പിക്കാറുണ്ട്. ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്, എജുക്കേഷന്‍ വിഭാഗങ്ങളിലേക്കും റിക്രൂട്ട്മെന്‍റ്  നടത്തുന്നുണ്ട്.
50 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദവും ‘ബി’ ഗ്രേഡില്‍ കുറയാതെയുള്ള എന്‍.സി.സി-സി സര്‍ട്ടിഫിക്കറ്റും ഉള്ളവരെ റെഗുലര്‍ കമീഷന്‍ഡ് ഓഫിസര്‍മാരായി നിയമിക്കാറുണ്ട്.  ഇക്കൂട്ടര്‍ സി.ഡി.എസ്.ഇ പരീക്ഷയെഴുതാതെ എസ്.എസ്.ബി ഇന്‍റര്‍വ്യൂ വഴി തെരഞ്ഞെടുക്കപ്പെടുകയാണ് ചെയ്യുന്നത്. എന്‍.സി.സി സര്‍ട്ടിഫിക്കറ്റുകാര്‍ക്ക്  ഷോര്‍ട്ട് സര്‍വിസ് കമീഷനിലൂടെ എക്സിക്യൂട്ടിവ് ബ്രാഞ്ചിലും തൊഴിലവസരം ലഭിക്കും. ഫിസിക്സ്, മാത്തമാറ്റിക്സ്  ഉള്‍പ്പെടെ ശാസ്ത്രവിഷയങ്ങളില്‍ ബിരുദമെടുത്തവര്‍ക്കാണ് അവസരം.
വിമന്‍ എന്‍ട്രി: ലോ, ലോജിസ്റ്റിക്സ്, എയര്‍ട്രാഫിക് കണ്‍ട്രോള്‍, ഒബ്സര്‍വേഴ്സ് (ഏവിയേഷന്‍), നേവല്‍ ആര്‍കിടെക്ചര്‍, എജുക്കേഷന്‍ ബ്രാഞ്ചുകളിലാണ് ഷോര്‍ട്ട് സര്‍വിസ് കമീഷനിലൂടെ വനിതകളെ ഓഫിസര്‍മാരായി തെരഞ്ഞെടുക്കപ്പെടുന്നത്.  പെര്‍മനന്‍റ് കമീഷന്‍ വഴിയും  ലോ, എജുക്കേഷന്‍ , നേവല്‍ ആര്‍കിടെക്ചര്‍ കേഡറുകളില്‍ വനിതകളെ നിയമിക്കാറുണ്ട്. വനിതകള്‍ക്കും പുരുഷന്മാര്‍ക്കും ഒരേ പരിശീലനങ്ങള്‍തന്നെയാണ് നല്‍കുക.
ഇന്ത്യന്‍ നേവിയില്‍ ചേരുന്നതിന് ഫിസിക്കല്‍, മെഡിക്കല്‍ ഫിറ്റ്നസ് അനിവാര്യമാണ്. സ്പോര്‍ട്സ്, സ്വിമ്മിങ് മുതലായ പാഠ്യേതരപ്രവര്‍ത്തന പ്രാവീണ്യം അഭിലഷണീയം.
എന്‍ജിനീയറിങ് ബിരുദക്കാര്‍ക്ക് എക്സിക്യൂട്ടിവ്, എജുക്കേഷന്‍ ബ്രാഞ്ചുകളിലോ ടെക്നിക്കല്‍ ബ്രാഞ്ചുകളിലോ ജോലിയില്‍ പ്രവേശിക്കാം. സന്നാഹമൊരുക്കി യുദ്ധം നയിക്കേണ്ട ചുമതല എക്സിക്യൂട്ടിവ് ഓഫിസര്‍ക്കുള്ളതാണ്. എന്നാല്‍, യുദ്ധോപകരണങ്ങളും മറ്റും സജ്ജമാക്കുകയും മെയ്ന്‍റയിന്‍ ചെയ്യുകയുമാണ് ടെക്നിക്കല്‍ ബ്രാഞ്ചുകളുടെ ചുമതല. ഓഫിസര്‍മാരെ പരിശീലിപ്പിക്കുകയാണ് എജുക്കേഷന്‍ ഓഫിസര്‍മാരുടെ കൃത്യനിര്‍വഹണം.
പ്രതിഭാശാലികളും കഠിനാധ്വാനികളുമായ ഓഫിസര്‍മാര്‍ക്ക് അഡ്മിറല്‍ റാങ്ക്വരെ  ഉയരാം. സെയിലര്‍മാര്‍ക്ക് കമീഷന്‍ഡ് ഓഫിസറാകാനും കഴിയും. സാഹസികത നിറഞ്ഞ പാരാ സെയിലിങ്, മൗണ്ടനീയറിങ്, ‘സ്കൂബാ’ ഡൈവിങ്, ഹാങ് ഗൈ്ളഡിങ്, വാട്ടര്‍ സ്പോര്‍ട്സ് തുടങ്ങിയ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാനും നേവിയില്‍ അവസരങ്ങളുണ്ട്.  റിക്രൂട്ട്മെന്‍റ്  സംബന്ധമായ വിവരങ്ങള്‍ക്ക് www.joinindiannavy.gov.in എന്ന വെബ്സൈറ്റില്‍ ബന്ധപ്പെടാം.

വേറിട്ടവഴികളില്‍ നടക്കാം, വ്യത്യസ്തത അറിയാം

 

ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനും ശേഷം ഒരേരീതിയിലേക്കുള്ള കരിയര്‍മേഖലയിലേക്ക് തിരിയുന്നതാണ് പതിവുശീലം. വ്യത്യസ്തത പരീക്ഷിക്കാന്‍ നാം എപ്പോഴും ഭയക്കും. ജോലിസുരക്ഷിതത്വവും സാമ്പത്തികബാധ്യതയും വിലങ്ങുതടിയാവുമ്പോള്‍ ആവര്‍ത്തനവിരസതയുണ്ടാക്കുന്ന തൊഴില്‍രംഗങ്ങളിലേക്ക് നാം ചെന്നുചേരുന്നു. അവസരങ്ങളുടെ വലിയലോകം കാണാതെയുംപോകും. പലപ്പോഴും ചില കോഴ്സുകളുടെ പേര് കേള്‍ക്കുമ്പോള്‍പോലും അപരിചിതത്വം തോന്നുന്നത് പതിവുവഴികളില്‍നിന്ന് മാറിനടക്കാനുള്ള ഭയംമൂലമാണ്. വലിയ സാമ്പത്തികബാധ്യത സൃഷ്ടിക്കാത്ത, സാധ്യതകള്‍ ഏറെയുള്ള രണ്ടു കോഴ്സുകള്‍ പരിചയപ്പെടാം. 
പാദങ്ങളെ അഴകണിയിക്കാന്‍
ഓരോ സാഹചര്യങ്ങളിലും ഓരോതരത്തിലുള്ള പാദരക്ഷകള്‍ ഉപയോഗിക്കുന്നവരാണ് നമ്മള്‍. ഒൗദ്യോഗികയോഗങ്ങളിലും സ്വകാര്യചടങ്ങുകളിലും പ്രത്യേകം പാദരക്ഷകള്‍തന്നെ വേണം. ഓരോ മനുഷ്യരുടെ താല്‍പര്യങ്ങളെ തൃപ്തിപ്പെടുത്തുന്ന രീതിയിലുള്ള പാദരക്ഷകളുടെ നിര്‍മാണം വെല്ലുവിളിതന്നെയാണ്. ഈ മേഖലയില്‍ ധാരാളം സാധ്യതകളുമുണ്ട്. 
ഫുട്വെയര്‍ ഡിസൈനിങ് ആന്‍ഡ് പ്രൊഡക്ഷന്‍ പ്രോഗ്രാം-ചെന്നൈയിലെ സെന്‍ട്രല്‍ ഫുട്വെയര്‍ ട്രെയ്നിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ രണ്ടുവര്‍ഷത്തെ ഡിപ്ളോമ കോഴ്സിന് ഇപ്പോള്‍ അപേക്ഷിക്കാം. പ്ളസ് ടുവാണ് യോഗ്യത. പ്രായം 25 കഴിയരുത്. അപേക്ഷാഫീസ് 500 രൂപ ഡയറക്ടര്‍ സി.എഫ്.ടി.ഐ, ചെന്നൈ എന്ന വിലാസത്തില്‍ ഡിമാന്‍ഡ് ഡ്രാഫ്റ്റായി അടക്കണം. www.cftichennai.in വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം. അപേക്ഷയുടെ പകര്‍പ്പ് ദ ഡയറക്ടര്‍, സെന്‍ട്രല്‍ ഫുട്വെയര്‍ ട്രെയ്നിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, ജി.എസ്.ടി റോഡ്, ചെന്നൈ-600032 എന്ന വിലാസത്തില്‍ അയക്കണം. അവസാന തീയതി ജൂലൈ 30. 
പഠനം ചായ രുചിച്ചും
പഠനത്തിനിടെ ക്ഷീണം തീര്‍ക്കാന്‍ ചായ കുടിക്കുന്നതിനെ കുറിച്ചല്ല പറയുന്നത്. ഇത് ചായയുടെ രുചിയെ കുറിച്ചുള്ള പഠനംതന്നെയാണ്. 
ടീ ടേസ്റ്റിങ് ആന്‍ഡ് മാര്‍ക്കറ്റിങ് പ്രോഗ്രാം. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ലക്ഷങ്ങളുടെ വിലയാണ് ടീ ടേസ്റ്റര്‍ക്ക്. ചായയെ അടിമുടി അറിയുന്നവരും പുതിയ ആശയങ്ങള്‍ പകരുന്നവരുമായിരിക്കണം ടീ ടേസ്റ്റര്‍മാര്‍. ബിരുദമുള്ള ആര്‍ക്കും തെരഞ്ഞെടുക്കാവുന്ന മേഖലയാണിത്. സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഓണ്‍ ടീ ടേസ്റ്റിങ് ആന്‍ഡ് മാര്‍ക്കറ്റിങ്-വാണിജ്യ-വ്യവസായമന്ത്രാലയത്തിന് കീഴില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ളാന്‍റ് മാനേജ്മെന്‍റില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഓണ്‍ ടീ ടേസ്റ്റിങ് ആന്‍ഡ് മാര്‍ക്കറ്റിങ്ങിന് ഇപ്പോള്‍ അപേക്ഷിക്കാം. 45 ദിവസം നീളുന്ന കോഴ്സ് ഫീസ് 70,000 രൂപയാണ്. 
ബിരുദവും ഇംഗ്ളീഷ് കൈകാര്യം ചെയ്യാന്‍ കഴിവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. അഭിമുഖം, മാനസികശേഷി പരിശോധന, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. 
www.iipmb.edu.in എന്ന വെബ്സൈറ്റില്‍നിന്ന് അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്യാം. 
1000 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് (എസ്.സി, എസ്.ടി-500), എം.ഡി.പി ഓഫിസ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ളാന്‍േറഷന്‍ മാനേജ്മെന്‍റ്, ജ്ഞാനഭാരതി കാമ്പസ്, ബംഗളൂരു-560056 എന്ന വിലാസത്തില്‍ അയക്കണം. അവസാന തീയതി മേയ് ആറ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

കടപ്പാട്-www.madhyamam.com

 

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate