ഓണ്‍ലൈന്‍ പത്രപ്രവര്‍ത്തനത്തിന്റെ ഈ കാലത്തും ജേര്‍ണലിസം കോഴ്‌സുകള്‍ക്ക് നല്ല ഡിമാന്‍ണ്ട് ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പത്രപ്രവര്‍ത്തനത്തിന് വേണ്ട കഴിവുകള്‍ ഉള്ളവര്‍ക്കുപോലും പലപ്പോഴും ശരിയായ പരിശീലനം നേടിയാല്‍ മാത്രമേ കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ എളുപ്പത്തില്‍ ഉള്‍ക്കൊണ്ടുകൊണ്ട് പ്രവര്‍ത്തനശൈലിയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയൂ എന്നത് കൊണ്ടാവാം ഇത്. അച്ചടി മാധ്യമങ്ങളിലൂടെയും ദ്രിശ്യശ്രാവ്യ മാധ്യമങ്ങളിലൂടെയും വാര്‍ത്തകളെ കണ്ടെത്തി, അവലോകനം ചെയ്ത്, അവതരിപ്പിക്കുന്നതാണ് ഒരു മാധ്യമപ്രവര്‍ത്തകന്റെ ധര്‍മം. വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുക, അവ എഴുതുക, എഡിറ്റ് ചെയ്യുക, ഫോട്ടോഗ്രഫി, സംപ്രേക്ഷണം ചെയ്യുക എന്നിങ്ങനെ മാധ്യമ പ്രവര്‍ത്തനത്തില്‍ തന്നെ വരുന്ന അനേകം ഉപമേഖലകള്‍ ഉണ്ട്.
മാധ്യമങ്ങളെ പൊതുവായി അച്ചടി മാധ്യമങ്ങള്‍ എന്നും ഇലക്ട്രോണിക് മാധ്യമങ്ങള്‍ എന്നും തിരിച്ചിരിക്കുന്നു. അച്ചടി മാധ്യമങ്ങളില്‍ എഡിറ്റര്‍, റിപ്പോര്‍ട്ടര്‍, കോളമിസ്റ്റ്, കറസ്‌പോണ്ടന്റ്‌റ് എന്നിങ്ങനെയുള്ള മേഖലയില്‍ ജോലി സാദ്ധ്യതകള്‍ ഉണ്ട്. റേഡിയോ, ടെലിവിഷന്‍, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ എന്നിവയാണ് ഇലക്ട്രോണിക് മാധ്യമങ്ങളില്‍ വരുന്നത്. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ രണ്ടു തരമുണ്ട് സ്വതന്ത്ര വെബ് പേജുകളും, ഏതെങ്കിലും പത്രദ്രിശ്യശ്രാവ്യമാധ്യമത്തിന്റെ ഓണ്‍ലൈന്‍ പതിപ്പും. ഇവയിലേയ്‌ക്കെല്ലാം റിപ്പോര്‍ട്ടര്‍, റൈറ്റര്‍,എഡിറ്റര്‍, കോളമിസ്റ്റ്, കറസ്‌പോണ്ടന്റ്‌റ്, ആങ്കര്‍, റിസേര്‍ച്ചര്‍ എന്നിങ്ങനെയുള്ള തൊഴില്‍ അവസരങ്ങള്‍ ഉണ്ട്.
ലഭ്യമായ കോഴ്‌സുകള്‍
പ്രധാനമായും ബാച്ചിലേഴ്‌സ് ഡിഗ്രി ഇന്‍ ജേര്‍ണലിസം/ മാസ് കമ്യൂണിക്കേഷന്‍, മാസ്റ്റേഴ്‌സ്ഡിഗ്രി ഇന്‍ ജേര്‍ണലിസം/ മാസ് കമ്യൂണിക്കേഷന്‍, പോസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ലോമഇന്‍ ജേര്‍ണലിസം/ മാസ് കമ്യൂണിക്കേഷന്‍ എന്നീ കോഴ്‌സുകള്‍ ആണ് ഇപ്പോള്‍ നിലവിലുള്ളത്. ചില സ്ഥാപനങ്ങളില്‍ ചില പ്രത്യേക മേഖലകള്‍ തിരഞ്ഞെടുത്ത് പഠിക്കുവാനും അവസരങ്ങള്‍ ഉണ്ട്.
പഠിക്കുവാന്‍ വേണ്ട അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത
ബാച്ചിലര്‍ ഡിഗ്രിക്ക് 10+2 ആണ് അടിസ്ഥാന യോഗ്യത. മിക്കവാറും അവസരങ്ങളില്‍ ബാച്ചിലര്‍ ഡിഗ്രി ജേര്‍ണലിസത്തില്‍ തന്നെ ഉള്ളവര്‍ക്കേ മാസ്റ്റേഴ്‌സ് ചെയ്യുവാന്‍ പറ്റുകയുള്ളു. അല്ലാതെയുള്ള കോഴ്‌സുകളും ഇപ്പോള്‍ ലഭ്യമാണ്. സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് 10+2 വും പി.ജി.ഡിപ്ലോമയ്ക്ക് ബിരുദവും ആണ് അടിസ്ഥാന യോഗ്യത.
പ്രവേശനം എങ്ങനെ?
പ്രധാന സ്ഥാപനങ്ങളില്‍ എല്ലാം അഡ്മിഷന്‍ ഒരു പ്രത്യേക പ്രവേശന പരീക്ഷ മുഖാന്തിരം ആയിരിക്കും.
പ്രധാന സ്ഥാപനങ്ങള്‍
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍ (IIMC), ന്യൂ ഡല്‍ഹി
ഏഷ്യന്‍ കോളേജ് ഓഫ് ജേര്‍ണലിസം, ചെന്നൈ
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസം ആന്‍ഡ് ന്യൂ മീഡിയ (IIJNM), ബാംഗ്ലൂര്‍
മുദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍, അഹമ്മദാബാദ്
സിംബയോസിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍, പൂനെ
ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, പൂനെ
മനോരമ സ്‌കൂള്‍ ഓഫ് കമ്യൂണിക്കേഷന്‍ (MASCOM), കോട്ടയം
മീഡിയ വില്ലേജ്, ചങ്ങനാശ്ശേരി
ഈ മേഖലയില്‍ പ്രാവീണ്യം നേടിയവര്‍ക്ക് പത്രങ്ങളിലും ആഴ്ച്ചപ്പതിപ്പുകളിലും മാസികകളിലും റേഡിയോയിലും ടിവി ചാനലുകളിലും ജോലി നേടാം. അതോടൊപ്പം തന്നെ സര്‍ക്കാര്‍ ജോലി വേണമെങ്കില്‍ സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ആന്‍ഡ് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയില്‍ തൊഴില്‍ അവസരങ്ങള്‍ ഉണ്ട്. ഒരു ഫ്രീലാന്‍സര്‍ ആവുക എന്നതും നല്ല ഒരു വഴിയാണ്. മറ്റു ജോലികള്‍ ചെയ്യുന്നവര്‍ക്കും പാര്‍ട്ട്‌ടൈം ആയി ജോലി ചെയ്യാന്‍ ഇപ്പോള്‍ വസരങ്ങള്‍ ഉണ്ട്.
എന്താണ് ബയോടെക്‌നോളജി എന്ന ചോദ്യത്തിന് ഉത്തരം വളരെ ലളിതമാണ്. ജൈവ വസ്തുക്കളെ അനുദിന ജീവിതത്തില്‍ ഉപകാരപ്രദമായ വിധത്തില്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഉപയോഗിക്കുന്ന ശാസ്ത്രശാഖയാണ് ബയോടെക്‌നോളജി. ജെനെറ്റിക്‌സ്, മോളിക്കുലാര്‍ ബയോളജി, ബയോകെമിസ്ട്രി, എംബ്രയോളജി, സെല്‍ ബയോളജി എന്നിവ ബയോടെക്‌നോളജിയില്‍ ഒന്നിക്കുന്നു. ഇവ കെമിക്കല്‍ എഞ്ചിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നീ മേഖലകളില്‍ തുടര്‍ന്നു ഉപയോഗപ്പെടുത്തുന്നു. അവസാന ഘട്ടത്തില്‍ കൃഷി, ഫുഡ് സയന്‍സ്, മെഡിസിന്‍ എന്നീ മേഖലകള്‍ ഇതില്‍ നിന്നും പ്രയോജനം സ്വീകരിക്കുന്നു.
ലഭ്യമായ കോഴ്‌സുകള്‍
പല തരം കോഴ്‌സുകള്‍ ബയോടെക്‌നോളജിയില്‍ ലഭ്യമാണ്. മിക്കവാറും ഇവ സ്ഥാപനങ്ങള്‍ക്ക് അനുസൃതമായി പെരുമാറ്റം വരുന്നത് കാണാം. ബി.എസ്.സി., ബി.ടെക്ക്, പഞ്ചവത്സര ബി.ടെക്ക്എം.ടെക്ക്, പഞ്ചവത്സര ബി.എസ്.എം.എസ്. എന്നിവയില്‍ ബയോടെക്‌നോളജി പഠിക്കുവാന്‍ കഴിയും. ഇതിനു ശേഷം ഗവേഷണ മേഖലയിലേയ്ക്ക് തിരിയാന്‍ ആണ് താല്പര്യം എങ്കില്‍ കൂടുതല്‍ സ്‌പെഷ്യലൈസ്ഡ് ആയ മേഖലകള്‍ തിരഞ്ഞെടുക്കുവാനും കഴിയും.
വിദ്യാഭ്യാസ യോഗ്യത
ബി.ടെക്ക്. കോഴ്‌സുകള്‍ക്ക് ഫിസിക്‌സ്/അഗ്രികള്‍ച്ചര്‍, കെമിസ്ട്രി, ബയോളജി എന്നിവ പ്ലസ് ടുവില്‍ പഠിച്ചിരിക്കണം. ബി.എസ്.സി. ബയോടെക്‌നോളജി പഠിക്കുവാന്‍ ബയോളജി പ്ലസ് ടുവില്‍ പഠിക്കാത്ത സയന്‍സ് ഗ്രൂപ്പുകാര്‍ക്കും സാധിക്കും. അതുപോലെ തന്നെ ഏതെങ്കിലും സയന്‍സ്/എഞ്ചിനീയറിംഗ്/മെഡിസിന്‍ ബിരുദം ഉള്ളവര്‍ക്ക് എം.എസ്.സി./എം.ടെക്ക് ബയോടെക്‌നോളജി ചെയ്യുവാന്‍ കഴിയും.
പ്രവേശനം
ഓരോ കോളേജുകള്‍ക്കും പ്രവേശനത്തിനുള്ള രീതി വ്യത്യസ്തമാണ്. പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പല കോളേജുകളിലും പ്രവേശനം ലഭിക്കും. എന്നാല്‍, രാജ്യത്തെ പ്രധാന സ്ഥാപനങ്ങളില്‍ പഠിക്കുവാന്‍ പ്രവേശന പരീക്ഷകകളിലൂടെ മാത്രമേ സാധിക്കൂ.
തൊഴില്‍ സാധ്യതകള്‍
കൃഷി, മെഡിസിന്‍ മേഖലകളിലെ ഗവേഷണങ്ങള്‍ക്ക് പബ്ലിക്പ്രൈവറ്റ് വിഭാഗങ്ങളില്‍ ധാരാളം തൊഴില്‍ അവസരങ്ങള്‍ ഉണ്ട്. മാലിന്യ സംസ്‌കരണത്തിലും പുതിയ ഊര്‍ജ സ്രോതസുകളുടെ കണ്ടുപിടുത്തത്തിലും ബയോടെക്‌നോളജിസ്റ്റുകളുടെ ആവ്ശയം ഉണ്ട്. അതുപോലെ തന്നെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് വിഭാഗങ്ങളില്‍ ഗവേഷകരായും ജോലി സാദ്ധ്യതകള്‍ ഉണ്ട്.
കടപ്പാട്- www.vayanamuri.com
സാങ്കേതിക മേഖല ദ്രുതഗതിയിലാണ് വികസിച്ചു കൊണ്ടിരിക്കുന്നത്. പത്തോ ഇരുപതോ വര്‍ഷത്തിന് ശേഷം നമ്മുടെ നാട്ടില്‍ ഉണ്ടായേക്കാവുന്ന സാങ്കേതിക മാറ്റങ്ങളെക്കുറിച്ച് ഒന്ന് സങ്കല്‍പ്പിച്ചു നോക്കൂ. നിങ്ങളുടെ വീട്ടില്‍ വസ്ത്രങ്ങള്‍ അലക്കി വൃത്തിയാക്കി തേച്ച് വെക്കുന്നത് ഒരു റോബോട്ട്, നിങ്ങളുടെ കുട്ടിയെ സുരക്ഷിതമായി സ്‌കൂളില്‍ എത്തിക്കുന്നത് മറ്റൊരു റോബോട്ട്, നിങ്ങളുടെ വീടിന്റെ തറ വൃത്തിയാക്കുന്നതും ഒരു യന്ത്രമനുഷ്യന്‍, നിങ്ങളുടെ അത്യാധുനിക വാഹനത്തില്‍, നിങ്ങളെ ഒരു പോറല്‍ പോലും ഏല്‍ക്കാതെ കൃത്യമായ ലക്ഷ്യസ്ഥാനത്തെത്തിക്കുന്നതും മറ്റൊരു റോബോട്ട്. ഇങ്ങനെ ഒരു ലോകക്രമം ചിന്തിച്ചിട്ടുണ്ടോ നിങ്ങള്‍? വില്‍ സ്മിത്തിന്റെ ഐ റോബോട്ട് എന്ന സിനിമയില്‍ 2035-50-കളില്‍ വരാനിരിക്കുന്ന സാങ്കേതിക വളര്‍ച്ചകളെ ഇങ്ങനെ സങ്കല്‍പ്പിക്കുന്നുണ്ട്. ഉപഗ്രഹ തല ഗവേഷണത്തിനായി നാം അയച്ച പാത്ത്‌ഫൈന്‍ഡര്‍ എന്ന റോബോട്ടിനെക്കുറിച്ച് പത്രത്തില്‍ ദിവസേന വന്ന റിപ്പോര്‍ട്ടുകളും വാര്‍ത്തകളും നമ്മെ ആവേശം കൊള്ളിച്ചിട്ടുണ്ട്. ഏതായാലും അധികം താമസിയാതെ തന്നെ ഇത്തരമൊരു സാങ്കേതിക വളര്‍ച്ച നമുക്കു ചുറ്റും പ്രതീക്ഷിക്കാവുന്നതാണ്. അങ്ങിനെ വന്നാല്‍ റോബോട്ടുകളുടെ രൂപകല്‍പ്പനയും നിര്‍മ്മാണവും വ്യാവസായികാടിസ്ഥാനത്തില്‍ വളര്‍ച്ച പ്രാപിക്കും. അനുബന്ധമായി റോബോട്ടിക്‌സ് എന്ന പഠന ഗവേഷണ ശാഖയും കൂടുതല്‍ ശക്തി പ്രാപിക്കും.
സ്വയം ചലിക്കുന്ന യന്ത്രങ്ങള്‍ എന്ന് വേണമെങ്കില്‍ റോബോട്ടുകളെ വിശേഷിപ്പിക്കാം. അല്ലെങ്കില്‍ മനുഷ്യര്‍ക്ക് ചെയ്യാവുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന മനുഷ്യ രൂപത്തിലോ അല്ലാതെയോ ഉള്ള യന്ത്രഭാഗങ്ങള്‍ എന്നും റോബോട്ടുകളെ വിളിക്കാം. ക്രമേണ, ചിന്തിക്കുകയും സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് സ്വയം തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുന്ന യന്ത്രഭാഗങ്ങള്‍ സൃഷ്ടിക്കപ്പെട്ടേക്കാം. ഈ യന്ത്രങ്ങള്‍ അഥവാ യന്ത്രമനുഷ്യരുടെ രൂപകല്‍പ്പന, നിര്‍മ്മാണം, പ്രവര്‍ത്തന സാങ്കേതികത, നിയന്ത്രണം, ഘടനാ രൂപീകരണം എന്നിവയുമായി ബന്ധപ്പെട്ട പഠന മേഖലയാണ് റോബോട്ടിക്‌സ്. സങ്കീര്‍ണ്ണമായ സാങ്കേതികതകള്‍ നിറഞ്ഞ വ്യാവസായിക സംരംഭങ്ങ, ഖനന വ്യവസായങ്ങള്‍, സമുദ്രാന്തര ഗവേഷണങ്ങള്‍, ബഹിരാകാശ ഗവേഷണ പദ്ധതികള്‍, സൈനികാവശ്യങ്ങള്‍ എന്നിവയില്‍ ഇപ്പോള്‍ ചെറിയ തോതിലെങ്കിലും റോബോട്ടുകളെ ഉപയോഗിക്കുന്നുണ്ട്. ഇനിയങ്ങോട്ട് ഈ മേഖലകളില്‍ റോബോട്ടുകളുടെ ഉപയോഗം വ്യാപകമാകും. ഗാര്‍ഹിക മേഖലയിലും ഇവയുടെ ഉപയോഗം വ്യാപകമായേക്കും. റോബോട്ടിക്‌സ് എന്ന പഠന മേഖല കൂടുതല്‍ സാധ്യതകള്‍ ഉള്ള ഒന്നായി മാറുകയും ചെയ്യും.
സാങ്കേതികമായ പഠന താത്പര്യവും അഭിരുചിയും ഉള്ളവര്‍ക്കെ റോബോട്ടിക്‌സ് അനുഗുണമാവൂ. ഗവേഷണാത്മകമായ ബോധവും, മാതമാറ്റിക്കല്‍ റീസണിംഗും, അന്വേഷണാത്മകതയും, രൂപകല്‍പ്പനയിലുള്ള താത്പര്യവും ഉള്ളവര്‍ക്ക് നല്ലൊരു പഠന മേഖലയാണ് റോബോട്ടിക്‌സ്. സ്വതന്ത്രമായ ഒരു കോഴ്‌സായി ഡിഗ്രി തലത്തില്‍ റോബോട്ടിക്‌സ് പഠിക്കാവുന്നതാണ്. ഫിസിക്‌സ്, കെമിസ്ട്രി, മാതമാറ്റിക്‌സ് എന്നിവ വിഷയങ്ങളായി പഠിച്ച് പ്ലസ്ടു പഠനം വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് റോബോട്ടിക്‌സില്‍ ഡിഗ്രി തല പഠനം തുടങ്ങാവുന്നതാണ്. മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രമെന്റേഷന്‍, ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് മുതലായ എഞ്ചിനീയറിംഗ് ശാഖകളിലെ ഡിഗ്രി തല പഠനത്തിന് ശേഷം ബിരുദാനന്തര തല പഠന മേഖലയായി റോബോട്ടിക്‌സ് തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും അഭികാമ്യം.
ഇന്ത്യയില്‍ ഒട്ടേറെ സ്ഥാപനങ്ങളില്‍ റോബോട്ടിക്‌സില്‍ ഉപരിപഠനം നടത്താനുള്ള സൗകര്യങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ്, മുംബൈയിലെ ഭാഭ ആറ്റമിക് റിസര്‍ച്ച് സെന്റര്‍ എന്നിവയാണ് ഈ രംഗത്തെ പഠന ഗവേഷണങ്ങള്‍ക്ക് ഇന്ത്യയില്‍ തുടക്കമിട്ടത്. ഫിസിക്‌സ്, മാതമാറ്റിക്‌സ് എന്നിവ വിഷയങ്ങളായുള്ള പ്ലസ്ടു പൂര്‍ത്തിയാക്കിയവര്‍ക്ക് ഡിഗ്രി തലത്തില്‍ റോബോട്ടിക്‌സ് എഞ്ചിനീയറിംഗ് ചെയ്യാവുന്നതാണ്. ചില സ്വകാര്യ സ്ഥാപനങ്ങള്‍ റോബോട്ടിക്‌സില്‍ ബ ടെക് / ബി ഇ കോഴ്‌സുകള്‍ നല്‍കുന്നുണ്ട്. എഞ്ചിനീയറിംഗ് ബിരുദ കോഴ്‌സുകള്‍ക്ക് ശേഷം ബിരുദാനന്തര ബിരുദ എം ടെക് / എം ഇ കോഴ്‌സുകളായി റോബോട്ടിക്‌സ് പഠിക്കാവുന്നതാണ്. ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങള്‍ എല്ലാം ബിരുദാനന്തര ബിരുദ കോഴ്‌സുകളായാണ് റോബോട്ടിക്‌സ് നല്‍കി വരുന്നത്.
ഇന്ത്യയിലെ, അന്തര്‍ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധ പിടിച്ചു പറ്റിയ ചില സ്ഥാപനങ്ങള്‍ റോബോട്ടിക്‌സില്‍ മാസ്റ്റര്‍ ബിരുദങ്ങള്‍ നല്‍കി വരുന്നുണ്ട്. ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ്, മുംബൈ, മദ്രാസ്, കാണ്‍പൂര്‍, ഡല്‍ഹി, ഖരഗ്പൂര്‍ എന്നിവിടങ്ങളിലുള്ള ഐ ഐ ടികള്‍, രാജസ്ഥാനിലെ പിലാനിയിലുള്ള ബിര്‍ള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ആന്റ് സയന്‍സ് എന്നിവ അവയില്‍ ചിലതാണ്. ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ പ്രതിരോധ ഗവേഷണ – വികസന സ്ഥാപനമായ ഡി ആര്‍ ഡി ഒക്ക് കീഴിലെ ബാംഗ്ലൂരിലുള്ള സെന്റര്‍ ഫോര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് റോബോട്ടിക്‌സില്‍, റോബോട്ടിക്‌സിലെ ഉപരി പഠനത്തിന് ശേഷം ഗവേഷണത്തിനും തൊഴില്‍ സാധ്യതകള്‍ക്കും ശ്രമിക്കാവുന്നതാണ്. ഇ്തതരം സ്ഥാപനങ്ങളിലെ പഠന – ഗവേഷണങ്ങള്‍ക്ക് ശേഷം പത്തോ പതിനഞ്ചോ വര്‍ഷത്തിന് ശേഷം നിങ്ങള്‍ പുതിയ ഒരു റോബോട്ടിനെ വികസിപ്പിച്ചെടുത്തെന്ന നിങ്ങളുടെ ഫോട്ടോ അടക്കമുള്ള വലിയ ഒരു വാര്‍ത്ത ദേശീയ അന്തര്‍ദേശീയ വാര്‍ത്താ മാധ്യമങ്ങളില്‍ വരുന്നതൊന്ന് ഇനി സങ്കല്‍പ്പിച്ചു നോക്കൂ…
കടപ്പാട്- മാതൃഭൂമി
എസ്.ഹരികിഷോര്‍ ഐ.എ.എസ്
കരിയര്‍ മേഖല തിരഞ്ഞെടുക്കുമ്പോള്‍ നാം സാധാരണയായി വരുത്തുന്ന ഒരു തെറ്റാണ് സ്വയം ഉത്തരവാദിത്വം ഏറ്റെടുക്കുന്നതില്‍ നിന്നും പിന്‍മാറുക എന്നത്. മാതാപിതാക്കളും ഗുരുജനങ്ങളും സമൂഹവും നിശ്ചയിക്കുന്ന പാതയിലൂടെ സഞ്ചരിക്കാന്‍ നമ്മുടെ യുവതലമുറ വ്യഗ്രത കാണിക്കുന്നു. തീരുമാനങ്ങള്‍ ഏടുക്കാനും എടുത്ത തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാനും ഇതുകാരണം നാം വിമുഖത കാണിക്കുന്നു.
ഉദാഹരണമായി, പത്രപ്രവര്‍ത്തകനാവാന്‍ താത്പര്യമുള്ള ഒരു വിദ്യാര്‍ഥിയോട് കൂട്ടുകാരും, രക്ഷിതാക്കളും സമൂഹവുമൊക്കെ പറയുന്നത്. 'സര്‍ക്കാര്‍ ജോലിയാണ് നല്ലത്; അതാണ് സുരക്ഷിതം. ഒരു ഗവണ്‍മെന്റ് ജോലി നേടിയതിനുശേഷം താത്പര്യമുള്ള മേഖലയില്‍ പ്രവര്‍ത്തനം നടത്താമല്ലോ' എന്നൊക്കെ ആയിരിക്കാം. ഈ ഉപദേശം സ്വീകരിച്ച് എല്‍.ഡി.ക്ലര്‍ക്ക് പരീക്ഷയെഴുതുന്ന 'ജേണലിസ്റ്റ്' തന്റെ താത്പര്യങ്ങളോട് തീരെ യോജിക്കാത്ത തൊഴില്‍മേഖലയില്‍ എത്തിച്ചേരുന്നു!
സ്വയം ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോള്‍ ചിലപ്പോള്‍ ജോലിനേടാന്‍ വൈകിയേക്കാം. സ്വന്തം ആഗ്രഹവും ഇഷ്ടവും പിന്തുടരുന്നതിനാല്‍ ജീവിതത്തില്‍ പരാജയപ്പെട്ടു എന്നും തന്റെ തീരുമാനങ്ങള്‍ അപ്രായോഗികമാണ് എന്നും ഉള്ള ചിന്തവരാം. ആരുടെയും പ്രോത്സാഹനമോ പ്രചോദനമോ കിട്ടാതെയും പോവാം. എന്നാല്‍ ക്ഷമയോടെ ഉറച്ചുനിന്നാല്‍ വിജയം നേടാന്‍ സാധിക്കും എന്നുറപ്പാണ്.
എന്റെ ഒരു ബാച്ച്‌മേറ്റിന്റെ കഥനോക്കുക. 8-ാം തരം കഴിഞ്ഞയുടനെതന്നെ ഐ.എ.എസ്. എന്ന സ്വപ്‌നം സ്വയം ഏറ്റെടുത്ത ഇദ്ദേഹം 12-ാം തരം കഴിഞ്ഞയുടനെ റെയില്‍വേയില്‍ ടിക്കറ്റ് ക്ലര്‍ക്കായി ജോലിക്കുചേര്‍ന്നു. കിട്ടുന്ന വരുമാനമുപയോഗിച്ച് സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് പഠിക്കാന്‍ തുടങ്ങി. ഇത് അദ്ദേഹം സ്വയം എടുത്ത തീരുമാനമായിരുന്നു. ഒരു കോളേജിന്റെ പടിപോലും കയറാതെ, ബിരുദം അടിസ്ഥാനയോഗ്യതയായി ഉള്ള ഒരു പരീക്ഷ പാസ്സാവാം എന്ന തീരുമാനം. 'എന്റെ തീരുമാനം വിജയിപ്പിക്കാനുള്ള ഉത്സാഹം എനിക്കുണ്ടാവുമല്ലോ? മറ്റുള്ളവര്‍ എന്തുപറയുന്നു എന്നൊന്നും നോക്കാതെ ഞാന്‍ പഠിച്ചു. ആദ്യചാന്‍സില്‍ തന്നെ ഐ.എ.എസ്. നേടി' - സുഹൃത്ത് അഭിമാനത്തോടെ പറയുന്നു. അഞ്ചുവര്‍ഷം ടിക്കറ്റ് ക്ലര്‍ക്കായി ജോലിചെയ്യുന്നതിനിടയില്‍ തപാല്‍ വഴി ബിരുദം നേടിയ ശേഷമാണ് ഇദ്ദേഹം സിവില്‍ സര്‍വീസ് പരീക്ഷയെഴുതി വിജയിക്കുന്നത്. ഉത്തരവാദിത്വബോധത്തിന്റെയും ആത്മവിശ്വാസത്തിന്റെയും വിജയം. ഈ സ്വാഭാവഗുണമാണ് കരിയര്‍ തിരഞ്ഞെടുക്കുമ്പോള്‍ നമ്മളില്‍ പലരും പ്രകടിപ്പിക്കാത്തത്.
റിസ്‌ക് എടുക്കുക
കിട്ടിയ ജോലിയില്‍ സംതൃപ്തിനേടി ജീവിതവും കരിയറും സന്തോഷപ്രദമാക്കുക എന്ന ചിന്താഗതി ഇന്ന് പലരിലും ഉണ്ട്, വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ പൊതുവേ തയ്യാറാവുന്നില്ല എന്നതാണ് കരിയര്‍ തിരഞ്ഞെടുപ്പില്‍ നമ്മുടെ വിദ്യാര്‍ഥികള്‍ വരുത്തുന്ന മറ്റൊരു പ്രധാന തെറ്റ്.
ഡോക്ടറാവണമെന്ന അതിയായ ആഗ്രഹമുള്ള ഒരു കുട്ടിക്ക് പ്രവേശനപ്പരീക്ഷ വിജയിച്ച് മെഡിസിന് സീറ്റുവാങ്ങാന്‍ സാധിച്ചില്ല എന്നു കരുതൂ. ഈ കുട്ടിയുടെ മുന്‍പില്‍ രണ്ടു വഴികളാണുള്ളത്. ഒന്ന് മെഡിസിന് പ്രവേശനം ലഭിക്കാന്‍വേണ്ടി ഒരു തവണകൂടി കോച്ചിങ്ങിനുപോവുക. രണ്ട്, മറ്റേതെങ്കിലും കോഴ്‌സിനുചേരുക.
ഒരു തവണകൂടി എന്‍ട്രന്‍സിനുവേണ്ടി പഠിക്കുന്നത് റിസ്‌ക് ആണ്, പതിനായിരത്തോളം പേര്‍ 'റിപ്പീറ്റ്' ചെയ്യുന്നുണ്ട്. കൂടാതെ പതിനായിരത്തോളം പേര്‍ പുതിയതായി വരികയും ചെയ്യും. ഇവരോട് മത്സരിച്ച് ആദ്യ 600 റാങ്കിനുള്ളില്‍ നേടാന്‍ സാധിക്കില്ല എന്നു കരുതി ഡോക്ടറാവണമെന്ന ആഗ്രഹം മാറ്റിവെക്കാന്‍ വിദ്യാര്‍ഥികള്‍ തയ്യാറായേക്കാം. എന്നാല്‍ ജീവിതകാലം മുഴുവനും ഈ 'റിസ്‌ക്' എടുക്കേണ്ട എന്നു തീരുമാനിച്ചത് നമ്മെ വേട്ടയാടും എന്ന് നാം മനസ്സിലാക്കുന്നില്ല.
വിദ്യാര്‍ഥികള്‍ അവരവരുടെ ഇഷ്ടത്തിനും അഭിരുചിക്കുമിണങ്ങിയ കോഴ്‌സ് തിരഞ്ഞെടുക്കാന്‍ ശ്രമിക്കുമ്പോള്‍ 'റിസ്‌ക്' എടുക്കാതെ പിറകോട്ടുപോകുന്നത് പരാജയഭീതിയോ ആത്മവിശ്വാസത്തിന്റെ കുറവോ കൊണ്ടാവാം. 'റിസ്‌ക്' എടുത്തശേഷം പരാജയപ്പെട്ടാല്‍ അതില്‍ വിഷമമുണ്ടാകില്ല. ശ്രമിച്ചിട്ടില്ല എന്ന കുറ്റബോധവും 'ആ രീതിയില്‍ തീരുമാനിക്കാമായിരുന്നു' എന്ന ചിന്തയില്‍ നിന്നുത്ഭവിക്കുന്ന ആത്മനിന്ദയും അവിടെ ഉണ്ടാവില്ല. അതിനാല്‍ കരിയര്‍ തിരഞ്ഞെടുക്കുന്ന എല്ലാവരും ചെറിയ റിസ്‌ക് എടുത്തേതീരൂ - 'നമ്മള്‍ എടുക്കുന്ന റിസ്‌കുകളായിരിക്കും നമ്മള്‍ എപ്പോഴും ഓര്‍മിക്കുക'
മാര്‍ഗനിര്‍ദേശത്തിന്റെ അഭാവം
കഴിഞ്ഞ മാസം ഞാന്‍ 8,9,10 ക്ലാസ്സിലെ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന 'ഐ.എ.എസ് ഓറിയന്റേഷന്‍ ക്ലാസില്‍ പങ്കെടുത്തു.' മിടുക്കന്മാരും മിടുക്കികളുമായ 50 ഓളം കുട്ടികള്‍ ഈ ക്യാമ്പില്‍ വന്നിരുന്നു.
8,9,10 ക്ലാസ്സുകളിലെ കുട്ടികളോട് സിവില്‍സര്‍വീസ് പരീക്ഷയെപറ്റി എന്തു പറയാന്‍ എന്ന ആശയക്കുഴപ്പം എനിക്കുണ്ടായി. ''12-ാംതരം വരെ നല്ലവണ്ണം പഠിക്കുക. ദിവസേന പത്രം വായിച്ച് ക്രമേണ, അനുകൂലമായ വായനയിലൂടെ ഓരോ വിഷയത്തെക്കുറിച്ചും സ്വന്തം അഭിപ്രായം രൂപവത്കരിക്കുക. ഡിഗ്രി പഠനസമയത്ത് സിവില്‍സര്‍വീസ് പരീക്ഷയ്ക്കുവേണ്ടി പഠിച്ചുതുടങ്ങുക'' - ഇത്ര മാത്രമേ എനിക്ക് പറയാനൂള്ളൂ. ഒന്നര മണിക്കൂര്‍ നേരമാണ് ക്ലാസ്സെടുക്കേണ്ടത്. അതിനാല്‍ കുട്ടികള്‍ ഓരോരുത്തരോടും 'നിങ്ങളുടെ ആഗ്രഹമെന്താണ്?' 'എന്തുകൊണ്ടാണ് ഈ ആഗ്രഹം ജീവിതലക്ഷ്യമായി മാറിയത്?' എന്നീ ചോദ്യങ്ങള്‍ ആരായാന്‍ തീരുമാനിച്ചു.
'ഐ.എ.എസ്, ഐ.പി.എസ്സാണ് എന്റെ ലക്ഷ്യം' എന്ന് ഭൂരിപക്ഷവും പറയുമെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ ആറു പേര്‍ ഒഴികെ ആര്‍ക്കും ഐ.എ.എസ്. ആവേണ്ട. ''പിന്നെയെന്തിന് ഐ.എ.എസ്. മാര്‍ഗനിര്‍ദേശക്യാമ്പില്‍ പങ്കെടുക്കാന്‍ വന്ന് മൂന്നു ദിവസം കളയുന്നു?'' എന്നു ചോദിച്ചപ്പോള്‍ ''എന്തെങ്കിലും ജനറല്‍ നോളജ് കിട്ടുമെന്ന് കരുതിയാണ് വന്നത്'' എന്നായിരുന്നു ഭൂരിപക്ഷത്തിന്റെയും മറുപടി! ബഹിരാകാശയാത്രികനും കലാകാരനും അഡ്വക്കേറ്റും ഗവേഷകയുമൊക്കെയാവാന്‍ തീരുമാനിച്ചവരാണ് ഇവരില്‍ പലരും. ഈ ക്യാമ്പിന്റെ ആവശ്യമില്ലാത്തവര്‍ ഇപ്രകാരം കൃത്യമായ ലക്ഷ്യബോധമുണ്ടെങ്കിലും മറ്റു വഴികളിലൂടെ നടന്നുനോക്കാനുള്ള ആഗ്രഹം മാര്‍ഗനിര്‍ദേശത്തിന്റെയും ആത്മവിശ്വാസത്തിന്റെയും കുറവുകൊണ്ടുതന്നെയാണ് വരുന്നത്. കരിയര്‍ മേഖല തിരഞ്ഞെടുത്ത് മനസ്സില്‍ ഉറപ്പിച്ചാലും ഇതുപോലെ പാതതെറ്റി സഞ്ചരിക്കുന്നത് നമ്മുടെ തീരുമാനം നടപ്പില്‍ വരുത്തുന്നതിനെ പ്രതികൂലമായി ബാധിച്ചേക്കാം.
കഠിനാധ്വാനം കുറവ്
കരിയര്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് ഈ ലക്കത്തിലെ കരിയര്‍ വിന്‍ഡൊ. എങ്കിലും കരിയര്‍ മേഖല കണ്ടെത്തിയാല്‍ ആ മേഖലയില്‍ ജോലിസമ്പാദിക്കാന്‍ കഠിനാധ്വാനം കൂടിയേ തീരൂ എന്നതിനാല്‍ കഠിനാധ്വാനത്തിന്റെ അഭാവം കരിയര്‍ തിരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കും എന്നുതന്നെ പറയാം.
നല്ലൊരു പൊതുമേഖലാ സ്ഥാപനത്തില്‍ എഞ്ചിനിയറായി ജോലി നേടണമെന്ന് ആഗ്രഹമുള്ള ഒരു കുട്ടിയുടെ മുന്നില്‍ ധാരാളം അവസര ങ്ങള്‍ ഉണ്ട്. ചഠജഇ, ആജഇഘ, ചജഇഘ, കടഞഛ, ഉഞഉഛ തുടങ്ങിയ ധാരാളം സ്ഥാപനങ്ങള്‍ എഞ്ചിനിയര്‍മാരെ ഉയര്‍ന്ന ജോലികളിലേക്ക് തിരഞ്ഞെടുക്കുന്നു. ഈ ആഗ്രഹവുമായി മത്സരപ്പരീക്ഷ എഴുതാന്‍ പോയാല്‍ നല്ല തയ്യാറെടുപ്പില്ല എങ്കില്‍ കരിയര്‍ മേഖലതന്നെ മാറ്റേണ്ടതായി വരും. കാരണം, കരിയര്‍ മേഖല തിരഞ്ഞെടുത്തുവെന്നല്ലാതെ മത്സരപ്പരീക്ഷയില്‍ വിജയിക്കാന്‍ വേണ്ട തയ്യാറെടുപ്പ് നടത്തിയിട്ടില്ല എന്നതുതന്നെ.
ഉത്തര്‍പ്രദേശ്, ബിഹാര്‍, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ എഞ്ചിനിയറിങ്ങിനു പഠിക്കുന്ന കുട്ടികള്‍ പഠനത്തിന്റെ രണ്ടാമത്തെ വര്‍ഷമാകുമ്പോഴേക്കും ഇത്തരം മത്സരപ്പരീക്ഷകള്‍ക്കായി പഠിച്ചുതുടങ്ങാം. മൂന്നു വര്‍ഷത്തെ കഠിനാധ്വാനത്തിന്റെ പിന്‍ബലവുമായി വരുന്നവര്‍ എഴുതുന്ന പരീക്ഷയില്‍ വിജയം നേടാന്‍ അത്രയും കാലത്തെ അധ്വാനംതന്നെ വേണ്ടിവന്നേക്കാം.
അതിനാല്‍ കരിയര്‍മേഖല തിരഞ്ഞെടുക്കുമ്പോള്‍, അവിടെ എത്തിച്ചേരാന്‍ വേണ്ട മാര്‍ഗനിര്‍ദേശവും ലക്ഷ്യത്തിലെത്തുന്നതുവരെ ആത്മാര്‍ഥമായി അധ്വാനിച്ച് ലക്ഷ്യം നേടിയെടുക്കാനുള്ള തീക്ഷ്ണമായ ആഗ്രഹവും വേണം.
മനസ്സിനിണങ്ങിയ ജോലി ലക്ഷ്യമിടുക
നമ്മുടെ 'കരിയര്‍' മേഖല എന്നാല്‍ വെറുമൊരു ജോലിയോ ശമ്പളം കിട്ടാനുള്ള മാര്‍ഗമോ മാത്രമല്ല. അതുകൊണ്ട് മനസ്സിനിണങ്ങിയ ജോലിയായിരിക്കണം ഓരോരുത്തരും ലക്ഷ്യമിടേണ്ടത്. മനസ്സിനിണങ്ങിയ ജോലി ചെയ്താല്‍ വരുമാനവും സാമൂഹിക അംഗീകാരവും നേടാന്‍ സാധിക്കില്ല എന്ന ചിന്ത കാരണം പലരും ഇഷ്ടമുള്ള മേഖലയില്‍ പ്രവര്‍ത്തനം നടത്താന്‍ മടികാണിക്കുന്നു. കരിയര്‍ തിരഞ്ഞെടുക്കുമ്പോള്‍ ഈ തെറ്റു വരുത്താതിരിക്കാന്‍ ശ്രമിക്കണം.
ഇന്ന് ഏതു ജോലി ചെയ്താലും താരതമ്യേന നല്ല ശമ്പളം ലഭിക്കുന്ന രീതിയിലേക്ക് നമ്മുടെ സമൂഹം മാറിവരികയാണ്. എല്ലാ മേഖലകളിലും അവസരങ്ങളുണ്ട്. താത്പര്യമുള്ള മേഖലയിലാണെങ്കില്‍ മാത്രമേ മനസ്സറിഞ്ഞ് ജോലിചെയ്യാനും അവസരങ്ങള്‍ ലഭിക്കുമ്പോള്‍ ഉയര്‍ച്ചയുടെ പടവുകള്‍ കയറാനും സാധിക്കൂ.
''when work is a pleasure, life is joy'' എന്നാണ് പഴമൊഴി. ഇഷ്ടമുള്ള മേഖലയിലെ തൊഴില്‍, അത് എന്തുമാവട്ടെ, പൂര്‍ണമായ ഇഷ്ടത്തോടെ തിരഞ്ഞെടുത്തതാണെങ്കില്‍ ഉയര്‍ച്ച ഉണ്ടാവും.
ജീവിതത്തില്‍ പെട്ടെന്ന് 'സെറ്റില്‍' ചെയ്യണമെന്ന ആഗ്രഹവും കരിയര്‍ മേഖല തിരഞ്ഞെടുക്കുമ്പോള്‍ തെറ്റായ തീരുമാനങ്ങള്‍ എടുക്കുന്നതിന് കാരണമായേക്കാം. ക്ഷമയോടെ കഠിനാധ്വാനം ചെയ്ത് മനസ്സിനിണങ്ങിയ മേഖലയില്‍ ജോലിക്ക് ശ്രമിക്കുന്നത് സമയമെടുക്കും എന്നും പെട്ടെന്ന് സെറ്റില്‍ ചെയ്ത് ജീവിതം നല്ല സാമ്പത്തിക അടിത്തറയോടെ മുന്നോട്ടു കൊണ്ടുപോകണം എന്നുമുള്ള ചിന്ത മാറേണ്ടതുണ്ട് എന്നാണ് എന്റെ അഭിപ്രായം.
സ്വന്തം മനസ്സിന്റെ ആഗ്രഹവും മനസ്സില്‍ കണ്ട കരിയര്‍ മേഖലയില്‍ പ്രവര്‍ത്തിക്കാനുള്ള ആത്മാര്‍ഥമായ ആവേശവുമായിരിക്കണം ഓരോരുത്തരുടെയും ലക്ഷ്യം. കഠിനാധ്വാനത്തിലൂടെ മാത്രമേ ഇത് സാധിക്കുകയുള്ളൂ.
കടപ്പാട്- മാതൃഭൂമി
ഒന്നാം ക്ലാസില്‍ ചേര്‍ന്നാല്‍ പ്ലസ്ടു വരെ ഒന്നും ചിന്തിക്കണ്ട; പഠിപ്പിക്കുന്നത് നന്നായി പഠിച്ചാല്‍ ജയിച്ചങ്ങനെ പോകാം. എന്നാല്‍ പ്ലസ്ടു കഴിഞ്ഞാല്‍ അങ്ങനെയല്ല. അടുത്ത ചുവടുവെപ്പ് ചിന്തിച്ചു തന്നെ വേണം. ഏത് കോഴ്‌സ് തിരഞ്ഞെടുക്കണം,ഏത് സ്ഥാപനത്തില്‍ ചേരണം, ഏത് തൊഴില്‍ മേഖല ലക്ഷ്യം വെക്കണം അങ്ങനെ പലതും കണക്കുകൂട്ടിയാവണം പ്ലസ്ടുവിന് ശേഷമുള്ള കോഴ്‌സ് തിരഞ്ഞെടുക്കാന്‍. ആര്‍ട്‌സ് വിഷയങ്ങളില്‍ താത്പര്യമുള്ള വിദ്യാര്‍ഥി ബിസിനസ്സ് ഡിഗ്രിക്ക് ചേര്‍ന്നാലെന്താവും? കഷ്ടപ്പെട്ട് ജയിച്ച് ഒരു ജോലി നേടാന്‍ കഴിഞ്ഞേക്കാം. എന്നാലും ആ ജോലിയില്‍ സംതൃപ്തനാവാന്‍ അയാള്‍ക്ക് കഴിഞ്ഞെന്നു വരില്ല. കാരണം താത്പര്യമുള്ള വിഷയത്തിലല്ല അയാളുടെ ബിരുദം എന്നതു തന്നെ. സീറ്റ് കിട്ടിയതുകൊണ്ട് മാത്രം ഏതെങ്കിലും കോഴ്‌സിനു ചേരുന്നത് ചിലപ്പോള്‍ നല്ല ഭാവിയിലേക്കുള്ള വഴി അടയ്ക്കാന്‍ പോലും കാരണമായേക്കാം.
പ്ലസ്ടു കഴിഞ്ഞാല്‍ ചേരാവുന്ന തൊഴില്‍ സാധ്യതയുള്ള ഒട്ടേറെ കോഴ്‌സുകളുണ്ട്. അവയോരോന്നിനെക്കുറിച്ചും വിശദമായിത്തന്നെ മനസ്സിലാക്കുകയാണ് ആദ്യം വേണ്ടത്. ഉദാഹരണത്തിന് പ്ലസ്ടുകഴിഞ്ഞാല്‍ തിരഞ്ഞെടുക്കാവുന്ന മികച്ചൊരു മേഖലയാണ് മാധ്യമ പഠനം. സ്വകാര്യ മേഖലയില്‍ മാത്രമല്ല സര്‍ക്കാര്‍ തലത്തിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് നിറയെ അവസരങ്ങളാണിന്ന്. എന്നാല്‍ ഈ കോഴ്‌സ് തിരഞ്ഞെടുക്കും മുമ്പേ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെന്താമെല്ലാമാണ്. നോക്കൂ,
ജോലിസാധ്യത
മാധ്യമസ്ഥാപനങ്ങള്‍, വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളിലെ പി.ആര്‍.ഒ.,ഗവണ്‍മെന്റ് തലത്തിലെ സമാന തസ്തികകള്‍ എന്നിവയെല്ലാം മാധ്യ പഠിതാക്കളുടെ തൊഴില്‍ സാധ്യതകളാണ്. ഫ്രീലാന്‍സായി പ്രവര്‍ത്തിക്കാനുള്ള സൗകര്യവുമുണ്ട്. പ്ലസ് ടു തലം മുതല്‍ ജേണലിസം ഒരു വിഷയമായി ഉള്‍പ്പെടുത്തിയതോടെ അധ്യാപനരംഗത്തും ജേണലിസം പി.ജി.ക്കാര്‍ക്ക് ഒരു കൈ നോക്കാം.
കോഴ്‌സുകളെന്തെല്ലാം
ജേണലിസത്തില്‍ ബിരുദം, രണ്ടു വര്‍ഷത്തെ ബിരുദാനന്തര ബിരുദം, ഒരുവര്‍ഷത്തെ പി.ജി. ഡിപ്ലോമ, പി.എച്ച്.ഡി. കോഴ്‌സുകളാണ് നിലവിലുള്ളത്.
ബി.എ. കമ്യൂണിക്കേഷന്‍/ ബി.എ. ജേണലിസം
നിരവധി കോളേജുകളില്‍ മലയാളം, ഇംഗ്ലീഷ് മെയിന്‍ ബിരുദങ്ങള്‍ക്കൊപ്പം സബ്‌സിഡിയറിയായി ജേണലിസം പഠിക്കാനുള്ള സൗകര്യമുണ്ട്. വിഷയത്തെക്കുറിച്ച് സാമാന്യമായ അറിവ് നേടാന്‍ പര്യാപ്തമാവുന്നതാണ് ഇവയുടെ സിലബസ്. നല്ല സ്ഥാപനങ്ങളില്‍ ജോലിനേടാന്‍ പര്യാപ്തവുമാണ് ഈ കോഴ്‌സുകള്‍
സ്ഥാപനങ്ങള്‍.
കേരള, കലിക്കറ്റ്, എം.ജി., കണ്ണൂര്‍ സര്‍വകലാശാലകള്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദ കോഴ്‌സ് റഗുലറായി നടത്തുന്നുണ്ട്. എന്‍ട്രന്‍സ് ടെസ്റ്റില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കാണ് പ്രവേശനം. കേരള യൂണിവേഴ്‌സിറ്റിയുടെ വിദൂര വിദ്യാഭ്യാസ വിഭാഗം ജേണലിസത്തില്‍ ഒരു വര്‍ഷത്തെ പി.ജി. ഡിപ്ലോമ കോഴ്‌സും നടത്തുന്നുണ്ട്.
എറണാകുളം ജില്ലയില്‍ കാക്കനാട്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനമായ കേരള പ്രസ് അക്കാദമിയില്‍ ജേണലിസത്തിലും പബ്ലിക് റിലേഷന്‍സിലും ഏകവര്‍ഷ പി.ജി. ഡിപ്ലോമ കോഴ്‌സുകള്‍ നടത്തിവരുന്നു. 50 സീറ്റുകള്‍ വീതമുണ്ട്. കൂടാതെ പബ്ലിക് റിലേഷന്‍സ് ആന്റ് അഡ്വര്‍ടൈസിങ്ങില്‍ ഒരു വര്‍ഷത്തെ പി.ജി. ഡിപ്ലോമ കോഴ്‌സും നടത്തുന്നുണ്ട്.
തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം പ്രസ് ക്ലബ്ബുകളില്‍ ജേണലിസത്തല്‍ പി.ജി. ഡിപ്ലോമ കോഴ്‌സുകള്‍ നടത്തുന്നു. ബിരുദമാണ് അടിസ്ഥാന യോഗ്യത. തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഇലക്‌ട്രോണിക് ജേണലിസത്തില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സും നടത്തുന്നുണ്ട്. ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം.
ജേര്‍ണലിസം പഠനത്തിന് ഏറ്റവും ശ്രദ്ധേയമായ സ്ഥാപനമാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍. റേഡിയോ/ടെലിവിഷന്‍/പ്രിന്റ്/അഡ്വര്‍ടൈസിങ്/പബ്ലിക് റിലേഷന്‍സ് കോഴ്‌സുകള്‍ നടത്തിവരുന്നു. ന്യൂഡല്‍ഹിയാണ് ആസ്ഥാനം ഒഡീഷയിലെ ധന്‍കനാലില്‍ ഒരു ശാഖയുമുണ്ട്. നാല് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സുകളാണ് ഉള്ളത്. 1. ജേണലിസം (ഇംഗ്ലീഷ്), (ഡല്‍ഹി 54 സീറ്റ്, ധന്‍കനാല്‍ 54). 2. ജേണലിസം (ഹിന്ദി-53 സീറ്റ്), 3. റേഡിയോ, ആന്‍ഡ് ടെലിവിഷന്‍ ജേണലിസം (40), 4. അഡ്വര്‍ടൈസിങ് ആന്‍ഡ് പബ്ലിക് റിലേഷന്‍സ് (63).
ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. പരീക്ഷാഫലം കാത്തിരിക്കുന്ന അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാനവസരമുണ്ട്. ബിരുദാനന്തര ബിരുദം, മാധ്യമപ്രവര്‍ത്തന പരിചയം എന്നിവ അഭികാമ്യയോഗ്യതകളാണ്. 25 വയസ്സ് കവിയാത്തവരെയാണ് പ്രവേശിപ്പിക്കുക. പട്ടിക-പിന്നാക്ക വിഭാഗക്കാര്‍ക്ക് 30-28 വരെയാകാം. പ്രവേശനവര്‍ഷത്തെ, ആഗസ്ത് ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
പ്രവേശന വിജ്ഞാപനം ഫിബ്രവരി, മാര്‍ച്ച് മാസങ്ങളില്‍ പ്രതീക്ഷിക്കാം. ന്യൂഡല്‍ഹി, ഭുവനേശ്വര്‍, കൊല്‍ക്കത്ത, പട്‌ന, ലഖ്‌നൗ, മുംബൈ, ബാംഗ്ലൂര്‍, ഗുവാഹാട്ടി എന്നീ കേന്ദ്രങ്ങളില്‍ വെച്ച് എല്ലാ വര്‍ഷവും മെയ് മൂന്നാമത്തെ ആഴ്ച നടത്തുന്ന പ്രവേശന പരീക്ഷ, ജൂണിലോ ജൂലായ് ആദ്യവാരമോ ഗ്രൂപ്പ് ഡിസ്‌കഷന്‍/അഭിമുഖം (ഡല്‍ഹി/കൊല്‍ക്കത്ത) എന്നിവയുടെ അടിസ്ഥാനത്തിലാവും പ്രവേശനം. കോഴ്‌സുകള്‍ ജൂലായ് മധ്യത്തോടെ തുടങ്ങി ഏപ്രില്‍ മാസത്തോടെ പൂര്‍ത്തിയാകും. ഒരു മാസം ഇന്റേണ്‍ഷിപ്പുണ്ടാകും.
എഫ്.എം. റേഡിയോകള്‍ തരംഗമായതോടെ ജോക്കികള്‍ക്ക് നല്ല കാലമാണ്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍ റേഡിയോ ജോക്കി കോഴ്‌സ് തുടങ്ങിയിട്ടുണ്ട്. ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സായാണ് തുടക്കം. ഫിബ്രവരിയില്‍ ആരംഭിച്ച് ഏപ്രിലില്‍ അവസാനിക്കുന്ന വിധമാണ് കോഴ്‌സ് കാലം. മറ്റു കോഴ്‌സുകളില്‍ നിന്നും വ്യത്യസ്തമായി +2 തലത്തിലുള്ളവര്‍ക്ക് സര്‍ട്ടിഫൈഡ് ജോക്കി ആവാം. എന്നാല്‍ ബിരുദം കൂടിയുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധമാണ്. പ്രായം 18-നും 25-നും ഇടയിലായിരിക്കണം. പ്രത്യേക സാഹചര്യങ്ങളില്‍ 5 വര്‍ഷം വരെ ഇളവും ലഭിക്കാം.
ഓള്‍ ഇന്ത്യ റേഡിയോ, റേഡിയോ ജോക്കികള്‍ക്ക് രണ്ടു മാസത്തെ പരിശീലന കോഴ്‌സ് നടത്തുന്നുണ്ട്. കൂടാതെ ചണ്ഡീഗഢ്് എ.ഐ.ആര്‍. ഒരാഴ്ചത്തെ വാണി സര്‍ട്ടിഫിക്കറ്റ് കോഴ്‌സും നടത്തിവരുന്നുണ്ട്. മുംബൈയിലെ സേവ്യര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്യൂണിക്കേഷന്‍സില്‍ അനൗണ്‍സിങ്, ബ്രോഡ്കാസ്റ്റിങ്, കോമ്പിയറിങ്, ഡബ്ബിങ്, ഇ ബുക്ക് നറേഷന്‍ എന്നിവയില്‍ കോഴ്‌സ് നടത്തുന്നുണ്ട്. റേഡിയോ ജോക്കി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുമുണ്ട്. ഇനിയുമുണ്ട് വിവിധമേഖലകളില്‍ നിരവധി കോഴ്‌സുകള്‍.
‘ഈ കോഴ്‌സെടുത്താല്‍, അല്ലെങ്കില്‍ ബിബിഎയോ, ബികോമോ, ലിറ്ററേച്ചറോ എടുത്തു പഠിച്ചാല്‍ എന്തു കിട്ടും സര്‍?’ കരിയര്‍ കൗണ്‍സിലിംഗിനെത്തുന്ന ഒട്ടുമിക്ക വിദ്യാര്‍ത്ഥികളും ചോദിക്കുന്ന ചോദ്യമാണിത്. പത്താം ക്ലാസ്സിലോ, പ്ലസ്ടു തലത്തിലോ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ സമീപിച്ച് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യത്തെക്കുറിച്ചു ചോദിച്ചു നോക്കൂ. നമ്മള്‍ പ്രതീക്ഷിക്കുന്നതിന് വിപരീതമായി, എത്രയും വേഗം പഠനം പൂര്‍ത്തിയാക്കി പെട്ടെന്ന് ജോലിക്ക് ചേരാന്‍ സാധിക്കുന്ന ഒരു കോഴ്‌സു പഠിക്കണം എന്നതാണ് ലക്ഷ്യമെന്ന് അവര്‍ പറയും. സ്വഭാവ രൂപീകരണവും, മൂല്യബോധം ഉണ്ടാക്കിയെടുക്കലുമാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നത് പഴങ്കഥയായി മാറിയിരിക്കുന്നു. എന്നാല്‍ നല്ലൊരു ജോലി തരപ്പെടുത്തിയെടുക്കുക എന്നതാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്ന വിദ്യാര്‍ത്ഥികളുടെ ചിന്താഗതിയെ നിരാകരിക്കാനുമാവില്ല. പക്ഷെ, കോഴ്‌സുകള്‍ തിരഞ്ഞെടുക്കുന്നത് കേവലം സാമ്പത്തിക നേട്ടങ്ങളുടെയോ, കേവല വ്യക്തിരിക്തതക്ക് വേണ്ടിയോ ആവരുതെന്നു മാത്രം.
താത്പര്യമുള്ള ഒരു കോഴ്‌സ് മാത്രമേ തിരഞ്ഞെടുക്കാവൂ. അതോടൊപ്പം അവ തങ്ങള്‍ക്ക് ചേരുന്നതാണോ എന്നു കൂടി പരിഗണിക്കേണ്ടതുണ്ട്. നന്നായി ആശയ വിനിമയം നടത്താനാവാത്ത ഒരാള്‍ക്ക് എങ്ങനെ നല്ലൊരു മാനേജര്‍ ആകാനാവും? അയാള്‍ക്കെങ്ങനെ ഒരു ട്രെയിനറോ, അഡ്വക്കറ്റോ, സോഷ്യല്‍ വര്‍ക്കറോ ആവാന്‍ സാധിക്കും? തീര്‍ച്ചയായും നമ്മുടെ വ്യക്തിത്വത്തിന് ഇന്ന് നമ്മുടെ തൊഴില്‍ മേഖലകളില്‍ ഒരുപാട് സ്വാധീനമുണ്ട്. വളരെ സെസിറ്റീവായ ഒരാള്‍ക്ക് നല്ലൊരു സൈക്കോളജിസ്‌റ്റോ, കൗണ്‍സിലറോ ആകാനാവില്ല എന്നത് നിസ്തര്‍ക്കമാണ്. അപ്പോള്‍ നമ്മുടെ വ്യക്തിത്വം കോഴ്‌സിന്റെ തിരഞ്ഞെടുപ്പില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്നത് സുവ്യക്തമാണ്. ഇതോടൊപ്പം പ്രാധാന്യമര്‍ഹിക്കുന്നതാണ് നമ്മുടെ അഭിരുചിയും താത്പര്യവും. ഇവ കൂടി പരിഗണിച്ചിട്ടാവണം കോഴ്‌സ് തിരഞ്ഞെടുക്കേണ്ടത്. സാധ്യമെങ്കില്‍ ഒരു അഭിരുചി പരീക്ഷക്ക് സ്വയം വിധേയരാവുകയും ടെസ്റ്റ് റിസള്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒരു കൗണ്‍സിലിംഗ് നടത്തുകയും ചെയ്യുക. തീര്‍ച്ചയായും കരിയര്‍ തിരഞ്ഞെടുപ്പില്‍ കുറേക്കൂടി വ്യക്തത നമുക്കു ലഭിക്കാന്‍ ഇതു സഹായിക്കും.
ഒരുപാടു കോഴ്‌സുകള്‍ നമ്മുടെ നാട്ടില്‍ ലഭ്യമാണ്. ഇവയില്‍ ഏതാണ് ഏറ്റവും നല്ല കോഴ്‌സ്? എപ്പോഴും നമ്മെ കുഴക്കുന്ന ഒരു ചോദ്യമാണിത്. നല്ല കോഴ്‌സ് എന്നതു കൊണ്ട് നമ്മള്‍ ഉദ്ധേശിക്കുന്നത് എന്തെന്ന് വേറെ തന്നെ ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയമാണ്. എങ്കിലും നാട്ടില്‍ ലഭ്യമായ പ്രധാന കോഴ്‌സുകളും സാധ്യതകളും ഒന്നു വിശദീകരിക്കാം. പ്ലസ്ടുവോ മറ്റു ഹയര്‍ സെക്കണ്ടറി കോഴ്‌സോ പൂര്‍ത്തിയാക്കുന്നവര്‍ തൊഴില്‍ജന്യമായ പ്രൊഫഷണല്‍ കോഴ്‌സുകളെ കുറിച്ചാണ് പൊതുവെ അന്വേഷിക്കുക.
ഹയര്‍ സെക്കണ്ടറി പഠനത്തിന് ശേഷം എഞ്ചിനീയറിങ്ങ് മേഖലയിലേക്ക് തിരിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഹയര്‍ സെക്കണ്ടറിക്കൊപ്പം തന്നെ പ്രധാന പ്രവേശന പരീക്ഷകള്‍ എഴുതി നോക്കാവുന്നതാണ്. ആദ്യത്തെ ശ്രമത്തില്‍ തന്നെ കിട്ടുന്നില്ലെങ്കില്‍ നിരാശരാവുകയോ, കിട്ടുന്ന ഏതെങ്കിലും ഒരു കോഴ്‌സിന് ഏതെങ്കിലും ഒരു കോളേജില്‍ പോയി പഠിക്കുകയോ ചെയ്യണമെന്നില്ല. ഒരു വര്‍ഷം പ്രവേശന പരീക്ഷകള്‍ക്കായുള്ള തയ്യാറെടുപ്പിനായി നീക്കിവെക്കാവുന്നതാണ്. മെഡിക്കല്‍ രംഗത്തെയോ, എല്‍ എല്‍ ബി, മാനേജ്‌മെന്റ്, പോലുള്ള കോഴ്‌സുകള്‍ക്ക് വേണ്ടിയുള്ളതോ, ഹ്യൂമാനിറ്റീസ്, കൊമേഴ്‌സ് സ്ട്രീമുകള്‍ക്ക് ശേഷമുള്ളതോ ആയ പ്രവേശന പരീക്ഷകള്‍ക്ക് തയ്യാറെടുക്കാനായി ഒരു വര്‍ഷം നീക്കിവെക്കുക എന്നത് ഒരു നഷ്ടമായി കണക്കാക്കേണ്ടതില്ല. നമ്മുടെ താത്പര്യങ്ങള്‍ക്കോ അഭിരുചിക്കോ ഇണങ്ങാത്ത ഒരു കോഴ്‌സെടുത്ത് പഠിച്ച് ജീവിതം മുഴുവന്‍ നഷ്ടപ്പെടുത്തുന്നതിനേക്കാള്‍ നല്ലത്, നമുക്കിണങ്ങുന്ന ഒരു പഠന മേഖലയിലേക്കെത്താന്‍ ഒരു വര്‍ഷം നഷ്ടപ്പെടുത്തുന്നതാണ്. കേരള എഞ്ചിനീയറിങ്ങ പ്രവേശന പരീക്ഷക്ക് പുറമെ, ഓള്‍ ഇന്ത്യ എഞ്ചിനീയറിങ്ങ്, ഐ ഐ ടി, ബിര്‍ള ഇന്‍സ്റ്റിട്യൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി, നേവല്‍ എഞ്ചിനീയറിംഗ് കോളേജ് – പൂണെ, ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സ്‌പെയ്‌സ് ടെക്‌നോളജി – തിരുവനന്തപുരം, കുസാറ്റ് എഞ്ചിനീയറിംഗ് എന്നീ പ്രധാന പ്രവേശന പരീക്ഷകള്‍ കൂടി ശ്രമിക്കാവുന്നതാണ്. ഇതൊന്നും കിട്ടാത്തവര്‍ക്ക് കേരളത്തിന് പുറത്തു തന്നെ പഠിക്കണം എന്നുണ്ടെങ്കില്‍ കര്‍ണാടകയിലെ സ്വാശ്രയ എഞ്ചിനീയറിംഗ്, മെഡിക്കല്‍ കോഴ്‌സുകളിലേക്ക് ഡൊണേഷന്‍ ഇല്ലാതെ തന്നെ പ്രവേശനത്തിന് സഹായിക്കുന്ന ‘കോമെഡ്‌കെ’ പ്രവേശന പരീക്ഷ നല്ലൊരു അവസരമാണ് ഒരുക്കുന്നത്. മറ്റൊരുപാട് സംസ്ഥാനങ്ങള്‍ തങ്ങളുടെ സ്വാശ്രയ എഞ്ചിനീയറിംഗ് സ്ഥാപനങ്ങളില്‍ ഡൊണേഷന്‍ ഇല്ലാതെ തന്നെ കേരളക്കാര്‍ക്ക് പ്രവേശനം നല്‍കുന്നുണ്ട്. ഇന്ത്യയില്‍ ഏതാണ്ട് 120-ലധികം എഞ്ചിനീയറിംഗ് ശാഖകളുണ്ട്. ഇതില്‍ ഏതാണ് ഏറ്റവും നല്ലതെന്ന് ഒറ്റയടിക്ക് പറയാനാവില്ല. പൊതുവെ, എല്ലാ എഞ്ചിനീയറിംഗ് ശാഖകളും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നവയാണ്. ചില ശാഖകള്‍ക്ക് താരതമ്യേന മറ്റു ശാഖകളേക്കാള്‍ കൂടുതല്‍ ഉപരി പഠന- തൊഴില്‍ സാധ്യതകള്‍ ഉണ്ട്. കോര്‍ ബ്രാഞ്ചുകള്‍ എന്നറിയപ്പെടുന്ന സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ എന്നിവ അത്തരത്തില്‍പെട്ട ശാഖകളാണ്. കെമിക്കല്‍ എഞ്ചിനീയറിംഗ് കോഴ്‌സിനെയും ഈ ഗണത്തില്‍ പെടുത്താവുന്നതാണ്. വ്യക്തിരിക്തതക്ക് വേണ്ടി ഒരു കോഴ്‌സ് തിരിഞ്ഞെടുക്കുക എന്നതിനേക്കാള്‍, ഒരുപാട് തൊഴില്‍ – ഉപരി പഠന സാധ്യതകള്‍ ഉള്ളതും, എന്നാല്‍ ഉപരി പഠനത്തില്‍ പിന്നീട് വ്യക്തിരിക്തതക്ക് സാധ്യത ഉള്ളതുമായ കോഴ്‌സ് തിരഞ്ഞെടുക്കുന്നതാണ് ഉത്തമം. ഉദാഹരണത്തിന്, മെക്കട്രോണിക്‌സ് അടിസ്ഥാന ബിരുദമായി എടുക്കുമ്പോള്‍ ഉപരിപഠന – തൊഴില്‍ സാധ്യതകള്‍ ചുരുങ്ങുന്നു. അതേ സമയം മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് എടുക്കുന്നവര്‍ക്ക് ഉപരിപഠന തലത്തില്‍ മെക്കട്രോണിക്‌സ് എഞ്ചിനീയറിംഗ് പിന്നീട് പഠിക്കാന്‍ സാധിക്കുന്നു എന്നതിനൊപ്പം അടിസ്ഥാന ശാഖ എന്ന നിലക്ക് ഒരുപാട് ഉപരിപഠന – തൊഴില്‍ സാധ്യതകള്‍ക്കു കൂടി വഴി തുറക്കുന്നു.
പ്ലസ്ടുവിന് മികവ് തെളിയിക്കാന്‍ കഴിയാത്തവര്‍ക്ക് എഞ്ചിനീയറിംഗ് തന്നെ പഠിക്കണമെന്ന താത്പര്യം തന്നെയാണുള്ളതെങ്കില്‍ പോളി ടെക്‌നിക്ക് ഡിപ്ലോമ കോഴ്‌സ് ചെയ്ത ശേഷം, പിന്നീട് ലാറ്ററല്‍ എന്‍ട്രി വഴി ബിരുദ പഠനത്തിലേക്ക് പ്രവേശിക്കുകയുമാവാം. അതേ സമയം, ഇങ്ങനെ ദീര്‍ഘകാലം പഠിക്കാന്‍ താത്പര്യമോ സന്ദര്‍ഭമോ ഇല്ലാത്തവര്‍ക്ക്, പ്ലസ്ടുവിന് ശേഷം പത്താം തരത്തിന്റെയോ പ്ലസ്ടുവിന്റെയോ അടിസ്ഥാനത്തില്‍ തന്നെ ചെയ്യാവുന്ന ഹ്രസ്വകാല തൊഴില്‍ജന്യ കോഴ്‌സുകള്‍ ലഭ്യമാണ്. ലെതര്‍ ടെക്‌നോളജി, പ്ലാസ്റ്റിക് മോള്‍ഡ് ടെക്‌നോളജി, ഫുട വെയര്‍ ടെക്‌നോളജി, സെറാമിക് ടെക്‌നോളജി, സിമന്റ ടെക്‌നോളജി, പേപ്പര്‍ ടെക്‌നോളജി, പാക്കേജിങ്ങ് ടെക്‌നോളജി മുതലായ ഒട്ടനവധി കോഴ്‌സുകള്‍ ഇത്തരത്തില്‍ പെട്ടവയാണ്.
എഞ്ചിനീയറിംഗിലോ, മെഡിക്കല്‍ പഠനത്തിലോ താത്പര്യമില്ലാത്തവര്‍ക്ക് പ്ലസ്ടു തലത്തില്‍ പഠിച്ച തങ്ങള്‍ക്കിഷ്ടപ്പെട്ട വിഷയം ഡിഗ്രി തലത്തില്‍ തിരഞ്ഞെടുത്ത് പഠിക്കാവുന്നതാണ്. ശേഷം അക്കാദമിക്കോ പ്രൊഫഷണലോ ആയ ഒട്ടേറെ ഉപരി പഠന – തൊഴില്‍ സാധ്യതകള്‍ക്ക് ശ്രമിക്കാവുന്നതാണ്. ഉദാഹരണത്തിന്, ഫിസിക്‌സ ബിരുദമെടുത്തവര്‍ക്ക്, ശേഷം സൗണ്ട് എഞ്ചിനീയറിംഗ്, മെഡിക്കല്‍ ഇലക്ട്രോണിക്‌സ്, റേഡിയോ ഐസൊടാപ് ടെക്‌നിക്ക്‌സ്, പൈപ്പിങ്ങ് എഞ്ചിനീയറിംഗ്, മുതലായ ഒട്ടനവധി ടെക്‌നോളജി കോഴ്‌സുകളിലൂടെ തൊഴില്‍ മേഖലകളില്‍ എത്തിച്ചേരാവുന്നതാണ്. ഇതേപോലെ എല്ലാ ഡിഗ്രി കോഴ്‌സുകള്‍ക്കു ശേഷവും തൊഴില്‍ജന്യ കോഴ്‌സുകള്‍ ലഭ്യമാണ്. എം. എസ്. സി മെഡിക്കല്‍ ഫിസിക്‌സ്, റേഡിയോ ഫിസിക്‌സ്, ബയോഫിസിക്‌സ, ഇലക്ട്രോണിക്‌സ്, ഇന്‍സ്ട്രുമെന്റേഷന്‍, ആസ്‌ട്രോണമി, ന്യൂക്ലിയര്‍ ഫിസിക്‌സ് – ഇങ്ങനെ ഒട്ടനവധി സവിശേഷ കോഴ്‌സുകളും ലഭ്യമാണ്. കൂടാതെ, ഫയര്‍ ആന്റ് സേഫ്ടി എഞ്ചിനീയറിംഗ്, സോഫ്ട് വെയര്‍ എഞ്ചിനീയറിംഗ്, ഇന്‍സ്ട്രുമെന്റേഷന്‍, റിഫൈനറി എഞ്ചിനീയറിംഗ് മുതലായ എഞ്ചിനീയറിംഗ് കോഴ്‌സുകളും ചെയ്യാവുന്നതാണ്. ഏതു ഡിഗ്രിക്കാര്‍ക്കും ചെയ്യാവുന്ന മാനേജ്‌മെന്റ്, ലോ, സോഷ്യല്‍ വര്‍ക്ക്, ജേണലിസം, ഗ്രാഫിക്‌സ് പോലുള്ള ജനറല്‍ കോഴ്‌സുകളും ഫിസിക്‌സുകാര്‍ക്ക് ചെയ്യാവുന്നതാണ്. ഇതേപോലെ, എല്ലാ ഡിഗ്രിക്കാര്‍ക്കും ചെയ്യാവുന്ന സാധ്യതകളുള്ള ഒട്ടേറെ കോഴ്‌സുകള്‍ നമ്മുടെ നാട്ടില്‍ ലഭ്യമാണ്.
മെഡിക്കല്‍ രംഗത്ത് കോഴ്‌സുകള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബയോളജി ഒരു വിഷയമായി പഠിച്ച് ഒട്ടേറെ മേഖലകളിലേക്ക് തിരിയാവുന്നതാണ്. എം ബി ബി എസ്, ബി ഡി എസ്, ബി എച്ച് എം എസ്, ബി എ എം എസ്, ബി എസ് എം എസ്, ബ യു എം എസ് എന്നിങ്ങനെ ഫിസിഷ്യനായി ജോലി ചെയ്യാവുന്ന മെഡിക്കല്‍ ബിരുദങ്ങളോ, അനുബന്ധ മെഡിക്കല്‍ കോഴ്‌സുകളായ നേഴ്‌സിംഗ്, ഫാര്‍മസി, ലാബ് ടെക്‌നോളജി, റേഡിയോളജിക്കല്‍ ടെക്‌നിക്ക്‌സ്, ഒപ്‌ടോമെട്രി മുതലായ പാരാമെഡിക്കല്‍ കോഴ്‌സുകളോ ചെയ്യാം.
മെഡിക്കല്‍ ബയോ കെമിസ്ട്രി, മെഡിക്കല്‍ മൈക്രോബയോളജി, ഫിസിയോതെറാപ്പി, ഒക്ക്യുപ്പേഷണല്‍ തെറാപ്പി, അനസ്‌തേഷ്യ ടെക്‌നോളജി, ബ്ലഡ് ബാങ്കിങ്ങ് ടെക്‌നോളജി, ഡയാലിസിസ് ടെക്‌നോളജി മുതലായ മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളും നമ്മുടെ നാട്ടില്‍ ലഭ്യമാണ്. ഹോസ്പിറ്റലുകളിലും, മെഡിക്കല്‍ പാരാമെഡിക്കല്‍ ലാബുകളിലും ജോലി ലഭിക്കുന്നതിന് ഈ കോഴ്‌സുകള്‍ സഹായിക്കുന്നു.
ദീര്‍ഘകാലം പഠിക്കാന്‍ താത്പര്യം ഇല്ലാത്തവര്‍ക്ക് രണ്ടു കൊല്ലം കൊണ്ടു ചെയ്തു തീര്‍ക്കാവുന്ന ഫാര്‍മസി, ലാബ് ടെക്‌നോളജി, റേഡിയോളജിക്കല്‍ ടെക്‌നിക്‌സ്, ഒപ്‌ടൊമെട്രി, ഡെന്റല്‍ ടെക്‌നോളജി, പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്‌സുകളും ചെയ്യാവുന്നതാണ്. കാര്‍ഡിയാക് വാസ്‌കുലര്‍ ടെക്‌നോളജി, അനസ്‌തേഷ്യ ടെക്‌നോളജി, ബ്ലഡ് ബാങ്കിങ്ങ് ടെക്‌നോളജി, ഡയാലിസിസ് ടെക്‌നോളജി മുതലായ ഒട്ടേറെ ഹ്രസ്വകാല കോഴ്‌സുകളും പുതുതായി ആരംഭിച്ചിട്ടുണ്ട്. നീണ്ട കാലം പഠിക്കാതെ തന്നെ പെട്ടെന്ന് ജോലിക്ക് പ്രവേശിക്കാന്‍ സഹായിക്കുന്നവയാണ് ഇത്തരം കോഴ്‌സുകള്‍.
മൈക്രോബയോളജി, ബയോകെമിസ്ട്രി, സുവോളജി, ബോട്ടണി മുതലായവ പഠിച്ചും ബയോളജി പഠന മേഖലയിലെ അക്കാദമിക്കോ – പ്രൊഫഷണലോ ആയ ഒട്ടേറെ ഉപരിപഠന – തൊഴില്‍ സാധ്യതകള്‍ക്ക് ശ്രമിക്കാവുന്നതാണ്. ഹിസ്റ്റൊപാതോളജി, കാര്‍ഡിയാക് ലാബ് ടെക്‌നോളജി, പെര്‍ഫ്യൂഷന്‍ ടെക്‌നോളജി, അനസ്‌തേഷ്യ ടെക്‌നോളജി, ബ്ലഡ് ബാങ്കിംഗ് ടെക്‌നോളജി, ഡയാലിസിസ് ടെക്‌നോളജി മുതലായ തൊഴില്‍ജന്യ ഹ്രസ്വകാല കോഴ്‌സുകളും ബയോളജിക്കല്‍ കോഴ്‌സുകള്‍ക്ക് ശേഷം ചെയ്യാവുന്നതാണ്. വളരെ പെട്ടെന്ന് ഹോസ്പിറ്റല്‍ അനുബന്ധ തൊഴിലുകള്‍ക്ക് ശ്രമിക്കാം എന്നതാണ് ഇത്തരം കോഴ്‌സുകളുടെ പ്രത്യേകത. സുവോളജി പൂര്‍ത്തിയാക്കിയവര്‍ക്ക് സൈറ്റോ ടെക്‌നിഷ്യന്‍, ഹിസ്‌ടൊപാതോളജി തുടങ്ങിയ ഒട്ടേറെ തൊഴില്‍ജന്യ കോഴ്‌സുകള്‍ തുടര്‍ന്ന് പഠിക്കാവുന്നതാണ്.
ഫുഡ് സയന്‍സ്, ഫിഷറീസ് സയന്‍സ്, അഗ്രിക്കള്‍ച്ചര്‍, വെറ്റിനറി സയന്‍സ്, ഡയറി സയന്‍സ്, ഫോറസ്ട്രി, മുതലായ കോഴ്‌സുകള്‍ക്ക് കേരള മെഡിക്കല്‍ എന്‍ട്രന്‍സ് വഴിയോ, ആള്‍ ഇന്ത്യ അഗ്രിക്കള്‍ച്ചര്‍ അല്ലെങ്കില്‍ വെറ്റിനറി എന്‍ട്രന്‍സ് വഴിയോ പ്രവേശനം തേടാവുന്നതാണ്. ചില ആര്‍ട്ട് ഏന്റ് സയന്‍സ് കോളേജുകള്‍ ഫുഡ് സയന്‍സില്‍ ഡിഗ്രി കോഴ്‌സുകള്‍ നല്‍കി വരുന്നുണ്ട്.
ഉപരി പഠന തലത്തില്‍ ഒട്ടേറെ വൈവിധ്യമാര്‍ന്ന കോഴ്‌സുകള്‍ക്ക് ശ്രമിക്കാവുന്ന ഒരു മേഖലയാണ് ബയോളജിക്കല്‍ സയന്‍സ്. ജെനറ്റിക്‌സ്, ഒങ്കോളജി, ഹെമറ്റോളജി, പ്ലന്റ് ബ്രീഡിംഗ്, ഇന്‍ഡസ്ട്രിയല്‍ ബയോ ടെക്‌നോളജി, ഫോറന്‍സിക് സയന്‍സ് തുടങ്ങിയ വ്യത്യസ്ഥവും വൈവിധ്യവുമാര്‍ന്ന ഒരുപാട് കോഴ്‌സുകള്‍ ഈ മേഖലയില്‍ ലഭ്യമാണ്. അഗ്രിക്കള്‍ച്ചര്‍ മേഖലയില്‍ തന്നെ ഏതാണ്ട് 130-ലധികം സ്‌പെഷലൈസേഷനുകളാണ് നമ്മുടെ നാട്ടിലുള്ളത്. ഇങ്ങനെ നോക്കിയാല്‍ ഒട്ടേറെ വൈവിധ്യങ്ങളാണ് സയന്‍സ് പ്ലസ്ടു കഴിഞ്ഞവര്‍ക്കുള്ളത്.
പ്ലസ്ടു കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് എന്നിവ കഴിഞ്ഞവര്‍ക്ക്, ബികോം, ബിബിഎ, ബിഎ ഇക്കണോമിക്‌സ് മുതലായവ പൊതുവായി ചെയ്യാവുന്ന കോഴ്‌സുകളാണ്. ഹോട്ടല്‍ മാനേജ്‌മെന്റ്, ട്രാവല്‍ ഏന്റ് ടൂറിസം, വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍, ആനിമേഷന്‍ മുതലായവ പ്ലസ്ടു കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ് എന്നിവ കഴിഞ്ഞവര്‍ക്കുള്ള പ്രൊഫഷണല്‍ കോഴ്‌സുകളായാണ് പരിഗണിക്കപ്പെടുന്നത്. ബി എ സോഷ്യോളജി, സൈക്കോളജി, പൊളിറ്റിക്കല്‍ സയന്‍സ് എന്നിവ അതാത് വിഷയങ്ങളില്‍ താത്പര്യമുള്ളവര്‍ക്ക് പറ്റിയ കോഴ്‌സുകളാണ്.
സ്വാതന്ത്ര്യലബ്ധിയുടെ കാലം തൊട്ടേ ഇന്ത്യ കാര്‍ഷികരാജ്യമായിരുന്നു. പതിറ്റാണ്ടുകള്‍ ഏറെ പിന്നിട്ടിട്ടും അക്കാര്യത്തില്‍ കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. ജനസംഖ്യയുടെ 62 ശതമാനം പേരും ഇപ്പോഴും കാര്‍ഷികവൃത്തിയെ ആശ്രയിച്ചുതന്നെ കഴിയുന്നു. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ 20 ശതമാനം സമാഹരിക്കപ്പെടുന്നത് കാര്‍ഷികമേഖലയില്‍ നിന്നാണ്. പഴങ്ങളും പച്ചക്കറികളും ധാന്യവര്‍ഗങ്ങളുമൊക്കെ ഉല്പാദിപ്പിക്കുന്നതില്‍ ലോകത്തുതന്നെ ഒന്നാം സ്ഥാനക്കാരാണ് നമ്മുടെ രാജ്യം.
കൃഷിയോടുളള താത്പര്യം കുറഞ്ഞിട്ടില്ലെങ്കിലും പരമ്പരാഗതരീതിയില്‍ കാര്‍ഷികവൃത്തിയിലേര്‍പ്പെടുന്നവരുടെ എണ്ണം നന്നേ കുറഞ്ഞിട്ടുണ്ട്. എല്ലാം ‘ഹൈടെക്’ ആയിക്കൊണ്ടിരിക്കുന്ന പുതുകാലത്ത് കൃഷിയും അതിവേഗത്തില്‍ ഹൈടെക് രീതിയിലേക്ക് മാറുകയാണ്. പണ്ടത്തെ പോലെ കലപ്പയും കാളയുമല്ല കമ്പ്യൂട്ടറും സ്മാര്‍ട്‌ഫോണുമൊക്കെയാണ് പുതിയ കൃഷിക്കാരന്റെ സഹായികള്‍. കാര്‍ഷികരീതിയിലും കര്‍ഷകരുടെ നിലപാടുകളിലുമൊക്കെ മാറ്റം വന്നതോടെ ‘അഗ്രിക്കള്‍ച്ചറല്‍ സയന്‍സ്’ എന്ന പഠനശാഖയുടെയും പ്രസക്തി വര്‍ധിച്ചിട്ടുണ്ട്.
കൃഷിയെക്കുറിച്ചുള്ള സമഗ്രപഠനമാണ് അഗ്രിക്കള്‍ച്ചറല്‍ സയന്‍സ് അഥവാ കാര്‍ഷികശാസ്ത്രം കൊണ്ട് ഉദ്ദ്യേശിക്കുന്നത്. ബയോളജി,കെമിസ്ട്രി,ഫിസിക്‌സ്,മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളില്‍ നിന്നുള്ള പഠനതത്വങ്ങള്‍ കാര്‍ഷികരംഗത്ത് എങ്ങനെ കാര്യക്ഷമമായി പ്രയോജനപ്പെടുത്താം എന്ന അന്വേഷണമാണ് അഗ്രിക്കള്‍ച്ചറല്‍ സയന്‍സിന്റെ മര്‍മം. കാര്‍ഷികവിളകളുടെ ഗുണമേന്മ മെച്ചപ്പെടുത്തല്‍, കുറഞ്ഞ സ്ഥലത്ത് നിന്ന് ശാസ്ത്രീയമായ രീതിയില്‍ കൂടുതല്‍ വിളവ് ഉത്പാദിപ്പിക്കല്‍, കാര്‍ഷിക ഉത്പന്നങ്ങളുടെ സംസ്‌കരണം, അവയുടെ വിപണനം എന്നിവയെല്ലാം അഗ്രിക്കള്‍ച്ചറല്‍ സയന്‍സില്‍ പഠിക്കാനുണ്ടാകും. ഫൂഡ് സയന്‍സ്, പ്ലാന്റ് സയന്‍സ്, സോയില്‍ സയന്‍സ്, അനിമല്‍ സയന്‍സ് എന്നീ സ്‌പെഷലൈസേഷനുകളും അഗ്രിക്കള്‍ച്ചറല്‍ സയന്‍സിന്റെ കീഴില്‍ വരുന്നു.
ഭക്ഷ്യോല്‍പാദനത്തിന്റെ കാര്യത്തില്‍ നമ്മുടെ രാജ്യത്തെ സ്വയംപര്യാപ്തതയിലെത്തിച്ചതില്‍ അഗ്രിക്കള്‍ച്ചറല്‍ സയന്‍സ് പ്രൊഫഷനലുകള്‍ക്ക് കാര്യമായ പങ്കുണ്ട്. മണ്ണ്, ജലസംരക്ഷണം, കീടനിയന്ത്രണം, കാര്‍ഷികരംഗത്തെ യന്ത്രവത്കരണം എന്നീ മേഖലകളിലും അഗ്രിക്കള്‍ച്ചറല്‍ സയന്‍സുകാര്‍ക്ക് ഫലപ്രദമായി പലകാര്യങ്ങളും ചെയ്തുതീര്‍ക്കാന്‍ സാധിച്ചു. ഓരോ വര്‍ഷം കഴിയുന്തോറും അഗ്രിക്കള്‍ച്ചറല്‍ സയന്‍സ് ബിരുദക്കാരുടെ ആവശ്യം കൂടിവരുകയാണ്. സര്‍ക്കാര്‍തലത്തില്‍ മാത്രമല്ല സ്വകാര്യമേഖലയിലും ഈ വിഭാഗക്കാര്‍ക്ക് പ്രിയമേറെയാണിപ്പോള്‍. മണ്ണിനോട് മനസുകൊണ്ടടുപ്പവും കൃഷിയില്‍ താത്പര്യവുമുള്ളവര്‍ക്ക് തിരഞ്ഞെടുക്കാന്‍ പറ്റിയ കരിയര്‍ സാധ്യതയാണ് അഗ്രിക്കള്‍ച്ചറല്‍ സയന്‍സ്.
എന്ത് പഠിക്കണം
കാര്‍ഷികമേഖലയാണ് പഠനത്തിനായി തിരഞ്ഞെടുക്കുന്നതെങ്കില്‍ അഗ്രിക്കള്‍ച്ചറില്‍ ബിരുദം നേടാം. കേരളത്തിനകത്തും പുറത്തുമുള്ള മിക്ക കാര്‍ഷികസര്‍വകലാശാലകളിലും ബി.എസ്.സി. അഗ്രിക്കള്‍ച്ചര്‍ കോഴ്‌സ് നടത്തുന്നുണ്ട്. സയന്‍സ് വിഷയങ്ങളില്‍ മികച്ച മാര്‍ക്കോടെ പ്ലസ്ടു പാസായവര്‍ക്ക് ബി.എസ്.സി. അഗ്രിക്കള്‍ച്ചര്‍ കോഴ്‌സിന് ചേരാം. പ്രവേശനപരീക്ഷ വഴിയായിരിക്കും അഡ്മിഷന്‍. നാലുവര്‍ഷമാണ് ബി.എസ്.സി. അഗ്രിക്കള്‍ച്ചര്‍ കോഴ്‌സിന്റെ കാലാവധി.
ബി.എസ്.സി. അഗ്രിക്കള്‍ച്ചര്‍ കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഉപരിപഠനത്തിനായി എം.എസ്.സിക്ക് ചേരാം. രണ്ടു വര്‍ഷമാണ് എം.എസ്.സി. അഗ്രിക്കള്‍ച്ചര്‍ കോഴ്‌സിന്റെ കാലാവധി. ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, അധ്യാപകര്‍ എന്നീ നിലകളില്‍ ജോലി നേടാന്‍ ഈ കോഴ്‌സ് സഹായകരമാകും. കാര്‍ഷികരംഗത്ത് തന്നെയുള്ള വിവിധ വിഷയങ്ങളില്‍ ഏതെങ്കിലുമൊന്ന് സ്‌പെഷലൈസ് ചെയ്തുകൊണ്ട് എം.എസ്.സി. കോഴ്‌സ് ചെയ്യുന്നതിനും സര്‍വകലാശകളില്‍ സൗകര്യമുണ്ട്. ഫോറസ്ട്രി, വൈല്‍ഡ്‌ലൈഫ്, ഹോര്‍ട്ടിക്കള്‍ച്ചര്‍, ഫിഷറീസ്, ഡെയറി സയന്‍സ്, അനിമല്‍ ഹസ്ബന്‍ഡറി തുടങ്ങി പഠിതാവിന്റെ താത്പര്യങ്ങള്‍ക്കനുസരിച്ചുള്ള വിഷയങ്ങളില്‍ സ്‌പെഷലൈസ് ചെയ്തുകൊണ്ട് എം.എസ്.സി. അഗ്രിക്കള്‍ച്ചര്‍ കോഴ്‌സ് പൂര്‍ത്തിയാക്കാം. അതിനനുസരിച്ചുള്ള തൊഴില്‍മേഖലകളില്‍ നിന്നുള്ള അവസരവും ഇവരെ തേടിയെത്തും.
ഓര്‍ഗാനിക് ഫാര്‍മിങ്, വാട്ടര്‍ ഹാര്‍വസ്റ്റിങ്, ഫുഡ് സേഫ്റ്റി ആന്‍ഡ് ക്വാളിറ്റി മാനേജ്‌മെന്റ് തുടങ്ങിയ കാര്‍ഷിക അനുബന്ധ വിഷയങ്ങളില്‍ ഇന്ദിരാഗാന്ധി നാഷനല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ) വഴി വിദൂരവിദ്യാഭ്യാസത്തിനുള്ള അവസരവുമുണ്ട്.
കടപ്പാട്- www.boolokam.com
അവസാനം പരിഷ്കരിച്ചത് : 7/28/2020