സാമ്പത്തിക ഉദാരീകരണ നയങ്ങള്‍ ലോകത്തിനൊപ്പം ഇന്ത്യയിലും വേരോടുമ്പോള്‍ സാമ്പത്തിക ശാസ്ത്ര വിദഗ്ധര്‍ക്ക് തുറന്നുകിട്ടുന്നത് സാധ്യതകളുടെ കലവറയാണ്. എന്നാല്‍, തുറന്നുകിട്ടുന്ന അവസരങ്ങള്‍ മുതലാക്കാന്‍ ദിശാബോധമുള്ള പരിശീലനം അനിവാര്യമാവുകയാണ്.
മിക്ക മാനേജ്മെന്‍റ് കോഴ്സുകളിലെയും പ്രധാന വിഷയങ്ങളിലൊന്ന് സാമ്പത്തികശാസ്ത്രമാണ്. അതുകൊണ്ടുതന്നെ സാമ്പത്തിക ശാസ്ത്ര ബിരുദധാരികള്‍ എം.ബി.എ കോഴ്സുകള്‍ ചെയ്യുന്നതോടെ തൊഴില്‍വിപണിയില്‍ അവരുടെ സാധ്യത ഏറുകയാണ്. വെറുമൊരു തൊഴിലല്ല, ആരെയും മോഹിപ്പിക്കുന്ന വരുമാനത്തോടെ തൊഴില്‍ നേടാനുള്ള സാധ്യതയിലേക്കാണ് അവര്‍ ഒരു ചുവട് അടുക്കുന്നത്.
എന്നാല്‍, വെറുമൊരു എം.ബി.എ കോഴ്സല്ല സാമ്പത്തികശാസ്ത്ര ബിരുദധാരികള്‍ ചെയ്യേണ്ടത്. ബാങ്കിങ്, ഫിനാന്‍സ്, സ്റ്റോക്, കമ്മോഡിറ്റി ബ്രേക്കിങ് തുടങ്ങിയ മേഖലകളില്‍ സ്പെഷലൈസേഷനോടെയുള്ള മാനേജ്മെന്‍റ് കോഴ്സുകളാവും ഇവരെ മറ്റുള്ള ഉദ്യോഗാര്‍ഥികളില്‍നിന്ന് വ്യത്യസ്തരാക്കുക. അലഹബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വിവര-സാങ്കേതികവിദ്യയില്‍ സ്പെഷലൈസേഷനോടെ നടത്തുന്ന എം.ബി.എയാണ് ഈ രംഗത്തെ പുതുമുഖം. ഇവിടെ എം.ബി.എ-പിഎച്ച്.ഡി ഇന്‍റഗ്രേറ്റഡ് കോഴ്സും ലഭ്യമാണ്. വിശദവിവരങ്ങള്‍ക്ക്www.iiita.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
ധന്‍ബാദിലെ ദേശീയപ്രാധാന്യമുള്ള സ്ഥാപനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ സ്കൂള്‍ ഓഫ് മൈന്‍സിലെ മാനേജ്മെന്‍റ് വകുപ്പും കോഴിക്കോട് എന്‍.ഐ.ടിയിലെ മാനേജ്മെന്‍റ് വിഭാഗവും എം.ബി.എ കോഴ്സുകള്‍ നടത്തുന്നുണ്ട്. റായ്ബറേലിയിലെ രാജീവ് ഗാന്ധി പെട്രോളിയം ഇന്‍സ്റ്റിറ്റ്യൂട്ട്, ഡറാഡൂണിലെ യൂനിവേഴ്സിറ്റി ഓഫ് പെട്രോളിയം ആന്‍ഡ് എനര്‍ജി സ്റ്റഡീസ് എന്നിവ പെട്രോളിയം മേഖലയുമായി ബന്ധപ്പെട്ട മാനേജ്മെന്‍റ് കോഴ്സുകള്‍ നടത്തുന്നു.
മാസ്റ്റര്‍ ഓഫ് ഫിനാന്‍സ് ആന്‍ഡ് കണ്‍ട്രോള്‍ ആണ് ഇക്കണോമിക്സിലെ ഉന്നതപഠനത്തിന് തെരഞ്ഞെടുക്കാവുന്ന മറ്റൊരു ശാഖ. ലോകത്തുള്ള എല്ലാ കമ്പനികളും ലക്ഷ്യമിടുക ഏറ്റവും കുറഞ്ഞ ചെലവിലുള്ള ഉല്‍പാദനമാണ്. ഈ ലക്ഷ്യം ആസൂത്രണം ചെയ്യുന്നവരാണ് ഈ ശാഖയില്‍ പഠനം പൂര്‍ത്തിയാക്കുന്നവര്‍. ഡല്‍ഹി സര്‍വകലാശാലയുടെ സൗത് കാമ്പസും മധുര കാമരാജ് സര്‍വകലാശാലയും ഈ കോഴ്സ് നടത്തുന്നുണ്ട്.
മൂലധന വിപണിയാണ് സാമ്പത്തികശാസ്ത്ര ബിരുദധാരികള്‍ക്കും ബിരുദാനന്തര ബിരുദധാരികള്‍ക്കും ലക്ഷ്യംവെക്കാവുന്ന മറ്റൊരു മേഖല. ദി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാപിറ്റല്‍ മാര്‍കറ്റ്സ് ബിരുദാനന്തര തലത്തില്‍ സെക്യൂരിറ്റീസ് മാര്‍ക്കറ്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നുണ്ട്. ഒരു വര്‍ഷമാണ് കോഴ്സിന്‍െറ കാലാവധി. ഏതെങ്കിലും വിഷയത്തില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ആണ് അപേക്ഷിക്കാനുള്ള യോഗ്യത. ദേശീയതലത്തിലുള്ള പ്രവേശപരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശം.
www.utiicm.com എന്ന സൈറ്റ് സന്ദര്‍ശിച്ചാല്‍ ഈ കോഴ്സുകള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.
സാമ്പത്തികശാസ്ത്രത്തില്‍ വൈദഗ്ധ്യം നേടുന്നവര്‍ക്ക് ബാങ്കിങ്, ഇന്‍ഷുറന്‍സ്, സ്റ്റോക് ബ്രേക്കിങ്, ഫിനാന്‍സ് തുടങ്ങിയ മേഖലകളില്‍ ജോലി ലഭിക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വന്‍കിട ബിസിനസ് സ്ഥാപനങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ ഇവര്‍ക്ക് ആകര്‍ഷകമായ ജോലി ലഭിക്കും. റിസര്‍വ് ബാങ്കാണ് സാമ്പത്തികശാസ്ത്രത്തില്‍ വിദഗ്ധരായ മിടുക്കന്മാര്‍ക്കൊപ്പം മിടുക്കികളെയും തേടുന്ന മറ്റൊരു സ്ഥാപനം. യൂനിയന്‍ പബ്ളിക് സര്‍വീസ് കമീഷന്‍ വഴി ഇന്ത്യന്‍ ഇക്കണോമിക് സര്‍വീസില്‍ പ്രവേശിക്കാനും അവസരം ലഭിക്കും.
കേരളത്തില്‍ നിരവധി കോളജുകളും എല്ലാ സര്‍വകലാശാലകളും സാമ്പത്തികശാസ്ത്രത്തില്‍ എം.എ കോഴ്സുകള്‍ നടത്തുന്നുണ്ട്. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) ബിസിനസ് ഇക്കണോമിക്സില്‍ മാസ്റ്റര്‍ കോഴ്സ് (എം.ബി.ഇ) നടത്തുന്നുണ്ട്. ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടെ ബിരുദമാണ് പ്രവേശയോഗ്യത.
ഡല്‍ഹി സര്‍വകലാശാലക്കു കീഴിലെ ദ ഡല്‍ഹി സ്കൂള്‍ ഓഫ് ഇക്കണോമിക്സ്, ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല, പുണെയിലെ ഗോഖലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സ് ആന്‍ഡ് ഇക്കണോമിക്സ്, ചെന്നൈയിലെ മദ്രാസ് സ്കൂള്‍ ഓഫ് ഇക്കണോമിക്സ്, മുംബൈയിലെ ഇന്ദിര ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്‍റ് റിസര്‍ച്, ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റി തുടങ്ങിയവയാണ് ഇന്ത്യയില്‍ സാമ്പത്തികശാസ്ത്രത്തില്‍ ഉയര്‍ന്ന നിലവാരമുള്ള ഉന്നത വിദ്യാഭ്യാസം ലഭ്യമാക്കുന്നത്.
ഒരു ബിരുദാനന്തര ബിരുദ കോഴ്സിന് ഏറ്റവുമധികം വിദ്യാര്‍ഥികള്‍ക്ക് പ്രവേശം നല്‍കുന്നുവെന്ന പ്രത്യേകതകൂടി ഡല്‍ഹി സ്കൂള്‍ ഓഫ് ഇക്കണോമിക്സിനുണ്ട്. വര്‍ഷം 150 വിദ്യാര്‍ഥികള്‍ക്കാണ് ഇവിടെ പ്രവേശം ലഭിക്കുക. സാമ്പത്തികശാസ്ത്രത്തിലെ ഏറ്റവും നവീന വിഷയങ്ങള്‍ പഠിപ്പിക്കുന്നതിനൊപ്പം ഇക്കണോമെട്രിക്സ് സോഫ്റ്റ്വെയര്‍ ഉപയോഗിക്കാനും പരിശീലനം നല്‍കും. പഠിച്ചുകൊണ്ടിരിക്കെതന്നെ കാമ്പസ് റിക്രൂട്ട്മെന്‍റ് വഴി മികച്ച നിയമനം ലഭിക്കാനുള്ള അവസരമാണ് ഡല്‍ഹി സ്കൂള്‍ ഓഫ് ഇക്കണോമിക്സിന്‍െറ മറ്റൊരു പ്രത്യേകത. ജൂണില്‍ നടക്കുന്ന പരീക്ഷ വഴിയാണ് പ്രവേശം.
വിശദവിവരങ്ങള്‍ക്ക് www.econdse.org എന്ന സൈറ്റ് സന്ദര്‍ശിക്കുക.
മുംബൈയിലെ ഉന്നതപഠന ഗവേഷണ സ്ഥാപനമായ ഇന്ദിര ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്‍റ് റിസര്‍ച് (ഐ.ജി.ഐ.ഡി.ആര്‍) എം.എസ്സി ഇക്കണോമിക്സ്, എം.എഫില്‍/പിഎച്ച്.ഡി (ഡെവലപ്മെന്‍റ് സ്റ്റഡീസ്) എന്നീ പ്രോഗ്രാമുകള്‍ നടത്തുന്നുണ്ട്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐ.ജി.ഐ.ഡി.ആര്‍ കല്‍പിത സര്‍വകലാശാലയുടെ പദവിയുള്ള സ്ഥാപനമാണ്. ഇക്കണോമിക്സില്‍ ബി.എ, ബി.എസ്സി ബിരുദമോ ബി.കോം അല്ളെങ്കില്‍ ഫിസിക്സിലോ മാത്തമാറ്റിക്സിലോ ബിരുദമോ ബി.ടെക്കോ ആണ് യോഗ്യത. കുറഞ്ഞത് 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. www.igidr.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ചാല്‍ വിശദവിവരങ്ങള്‍ ലഭ്യമാണ്.
സിമ്പയോസിസ് സ്കൂള്‍ ഓഫ് ഇക്കണോമിക്സ് നടത്തുന്ന ബി.എസ്സി, എം.എസ്സി ഇക്കണോമിക്സ് കോഴ്സുകളാണ് സാമ്പത്തിക മേഖലയില്‍ ഉന്നത നിലവാരത്തിലത്തൊന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശ്രയിക്കാവുന്ന മറ്റൊരു സ്ഥാപനം. വെബ്വിലാസം: www.sse.ac.in
ഇവക്കു പുറമെ ഡല്‍ഹി സര്‍വകാലാശാലയും ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയും ഇക്കണോമിക്സിലും മാനേജ്മെന്‍റിലും മികച്ച കോഴ്സുകള്‍ നടത്തുന്നുണ്ട്.
സാമ്പത്തികശാസ്ത്ര പഠനത്തിലെ ഏറ്റവും പുതിയ ശാഖകളില്‍ ഒന്നാണ് ഇക്കണോമെട്രിക്സ്. അക്കങ്ങളില്‍ അവതരിപ്പിക്കപ്പെടുന്ന സാമ്പത്തികശാസ്ത്ര തത്ത്വങ്ങളും സ്റ്റാറ്റിസ്റ്റിക്സും സംയോജിക്കുന്ന സ്പെഷലൈസേഷനാണ് ഇക്കണോമെട്രിക്സ്. പല സര്‍വകലാശാലകളുടെയും സാമ്പത്തികശാസ്ത്ര പഠനത്തില്‍ ഒരു വിഷയമാണിത്. വളരെ ചുരുക്കം സ്ഥാപനങ്ങളേ ഇക്കണോമെട്രിക്സില്‍ ബിരുദാനന്തര ബിരുദ കോഴ്സുകള്‍ ലഭ്യമാക്കുന്നുള്ളൂ.
സാമ്പത്തിക ശാസ്ത്രജ്ഞര്‍ക്ക് വിവരങ്ങളുടെ കൂമ്പാരത്തില്‍നിന്ന് സരളമായ സാമ്പത്തികബന്ധങ്ങള്‍ രൂപപ്പെടുത്തുന്നതിന് സഹായകമാകുന്നതാണ് ഇക്കണോമെട്രിക്സ്. ഉദാഹരണത്തിന്, സാമ്പത്തികശാസ്ത്ര തത്ത്വപ്രകാരം ഒരു ഉല്‍പന്നത്തിന്‍െറ വില വര്‍ധിക്കുന്നതോടെ ആ ഉല്‍പന്നത്തിനുള്ള ആവശ്യം കുറയും. എന്നാല്‍, ഈ തത്ത്വത്തില്‍ ഉപഭോക്താക്കളുടെ വരുമാനത്തിലുണ്ടാകുന്ന വര്‍ധന തുടങ്ങിയ ഘടകങ്ങള്‍ കണക്കിലെടുക്കുന്നില്ല. ഒരു ഉല്‍പന്നത്തിന്‍െറ ഡിമാന്‍ഡിനെ ഇത്തരം ഘടകങ്ങള്‍കൂടി എങ്ങനെ ബാധിക്കുന്നുവെന്ന് വിലയിരുത്തി സൂത്രവാക്യം രൂപപ്പെടുത്താന്‍ സഹായിക്കുന്ന സാമ്പത്തികശാസ്ത്ര ശാഖയാണ് ഇക്കണോമെട്രിക്സ്.
ഫലത്തില്‍, സാമ്പത്തിക തീരുമാനങ്ങളിലേക്കത്തൊന്‍ സഹായകമാകുന്ന ഒരു ശാസ്ത്രരീതിയാണിത്. പ്രശ്നങ്ങള്‍ക്ക് വിവരങ്ങളുടെ വിശകലനത്തിലൂടെ ഫലപ്രദമായ പരിഹാരം കണ്ടത്തൊനുള്ള വഴി. അതുകൊണ്ടുതന്നെ പല ഉപദേശക സംഘടനകള്‍ക്കും ബഹുരാഷ്ട്ര കമ്പനികള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും വന്‍കിട ബിസിനസ് ഗ്രൂപ്പുകള്‍ക്കും ഈ മേഖലയിലെ വിദഗ്ധരെ ആവശ്യമുണ്ട്.
ആഗോള തലത്തില്‍തന്നെ വിപണികളുടെ ആധിപത്യത്തിനായി കടുത്ത മത്സരം നടക്കുന്ന കാലഘട്ടമാണിത്. സാമ്പത്തിക മോഡലുകള്‍ക്ക് ഈ കുതിപ്പില്‍ നിര്‍ണായക പങ്കാണുള്ളത്. വിശാല വിപണിയുള്ളതും അതിവേഗത്തില്‍ സാമ്പത്തികവളര്‍ച്ച നേടുന്ന ഒരു രാജ്യവുമായ ഇന്ത്യയില്‍ വരുംനാളുകളില്‍ ഇക്കണോമെട്രിക്സ് വിദഗ്ധരുടെ സേവനം ഏറെ വേണ്ടിവരും.
ഇന്ത്യയില്‍ ചില സ്ഥാപനങ്ങള്‍ ഇക്കണോമെട്രിക്സില്‍ ബിരുദാനന്തര ഡിപ്ളോമ കോഴ്സുകള്‍ നടത്തുന്നുണ്ട്. പല കോളജുകളിലും ഇക്കണോമെട്രിക്സ് പാഠ്യവിഷയമായി ഇക്കണോമിക്സ് ബിരുദ കോഴ്സുകള്‍ ലഭ്യമാണ്.
പല സര്‍വകലാശാലകളും ഇക്കണോമെട്രിക്സില്‍ എം.എ, എം.എസ്സി കോഴ്സുകളും നടത്തുന്നു. ഇത്തരം ചില സ്ഥാപനങ്ങള്‍ ചുവടെ:
1. യൂനിവേഴ്സിറ്റി ഓഫ് മദ്രാസ്, ചെന്നൈ
2. പോണ്ടിച്ചേരി യൂനിവേഴ്സിറ്റി, പുതുച്ചേരി
3. ശ്രീവെങ്കിടേശ്വര യൂനിവേഴ്സിറ്റി, തിരുപ്പതി
4. ഗുജറാത്ത് യൂനിവേഴ്സിറ്റി
5. സെന്‍റര്‍ ഫോര്‍ പോപ്പുലേഷന്‍ സ്റ്റഡീസ്
6. ഭാരതിയാര്‍ യൂനിവേഴ്സിറ്റി
7. യൂനിവേഴ്സിറ്റി ഓഫ് ജമ്മു
8. യൂനിവേഴ്സിറ്റി ഓഫ് ഡല്‍ഹി
9. ദിബ്രുഗഢ് യൂനിവേഴ്സിറ്റി
10. ഡല്‍ഹി സ്കൂള്‍ ഓഫ് ഇക്കണോമിക്സ്
വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരിടേണ്ടിവരുന്ന സാമ്പത്തിക പ്രതിസന്ധികള്‍ക്ക് പരിഹാരം കണ്ടത്തെുന്നയാളാണ് ഫിനാന്‍ഷ്യല്‍ അനലിസ്റ്റ്. കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍ ഇത്തരം ജോലിയില്‍ നിയമിക്കപ്പെടുന്നവര്‍ക്ക് കമ്പനി നേരിടാന്‍ ഇടയുള്ള പ്രതിസന്ധികള്‍ മുന്‍കൂട്ടി കണ്ട് പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടഉത്തരവാദിത്തമാണുള്ളത്. പ്രശ്നങ്ങള്‍ അഭിമുഖീകരിക്കാതിരിക്കാന്‍ സമ്പാദ്യവും വരുമാനവും എങ്ങനെ നിക്ഷേപിക്കണമെന്ന നിര്‍ദേശങ്ങളും ഫിനാന്‍ഷ്യല്‍ അനലിസ്റ്റുകള്‍ വ്യക്തികള്‍ക്കും കമ്പനികള്‍ക്കും നല്‍കണം.
നിക്ഷേപ സുരക്ഷാ വിശകലനം, നിക്ഷേപങ്ങള്‍ സംബന്ധിച്ച വിശകലനങ്ങള്‍, ഓഹരി വിശകലനങ്ങള്‍, മറ്റു നിക്ഷേപമാര്‍ഗങ്ങള്‍ സംബന്ധിച്ച വിശകലനങ്ങള്‍ എന്നിവയും ഇവര്‍ നടത്തുന്നു. ആഗോള സാഹചര്യങ്ങള്‍ക്കനുസരിച്ച് സാമ്പത്തിക സാഹചര്യ വിശകലനത്തിനുള്ള കഴിവുമുണ്ടായിരിക്കണം.
ഒരു ഫിനാന്‍ഷ്യല്‍ അനലിസ്റ്റില്‍നിന്ന് പ്രതീക്ഷിക്കുന്നത് സങ്കീര്‍ണങ്ങളായ സാമ്പത്തിക വിശകലനങ്ങള്‍ ചെയ്യാനുള്ള കഴിവാണ്. ഇതിനായി, സാമ്പത്തികശാസ്ത്രത്തില്‍ ആഴത്തിലുള്ള അറിവിനു പുറമെ ഗണിതശാസ്ത്രം, സ്റ്റാറ്റിസ്റ്റിക്സ്, ഓപറേഷന്‍സ് റിസര്‍ച് തുടങ്ങിയ മേഖലകളിലും അറിവുണ്ടായിരിക്കണം.
ഫിനാന്‍ഷ്യല്‍ അനലിസ്റ്റായി ശോഭിക്കാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ക്ക് മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഓപറേഷന്‍സ് റിസര്‍ച് എന്നിവ പഠിച്ച് കോമേഴ്സ്, ഇക്കണോമിക്സ് എന്നീ വിഷയങ്ങളില്‍ ഒന്നില്‍ ബിരുദമാണ് ആവശ്യമായ അടിസ്ഥാന യോഗ്യത. ഫിനാന്‍സില്‍ എം.ബി.എ, ഇക്കണോമിക്സില്‍ എം.എസ്സി അല്ളെങ്കില്‍ എം.എ, എം.കോം, സി.എ തുടങ്ങിയ അധിക യോഗ്യതകളാണ് തുടര്‍ന്ന് ലക്ഷ്യമിടേണ്ടത്.
ചാര്‍ട്ടേഡ് ഫിനാന്‍ഷ്യല്‍ അനലിസ്റ്റ് (സി.എഫ്.എ) കോഴ്സ് ഈ യോഗ്യതകളെല്ലാം ഒരാളില്‍ സംയോജിപ്പിക്കാന്‍ സഹായകമായ പാഠ്യപദ്ധതിയാണ് പിന്തുടരുന്നത്. ഈ കോഴ്സ് ഫിനാന്‍ഷ്യല്‍ അനലിസ്റ്റായി ശക്തമായൊരു കരിയര്‍ പടുത്തുയര്‍ത്താന്‍ ഉപകരിക്കുകയും ചെയ്യും.
ഈ മേഖലയില്‍ പ്രയോജനപ്പെടുന്ന സോഫ്റ്റ്വെയറുകളില്‍ പ്രാവീണ്യം നേടുന്നതും ഗുണകരമായിരിക്കും. എന്നാല്‍, ഈ രംഗത്ത് ശോഭിക്കാന്‍ അക്കാദമിക് യോഗ്യതകളേക്കാള്‍ ഏറെ അനിവാര്യം പ്രായോഗിക പരിജ്ഞാനമാണ്. അതുകൊണ്ട് പഠിക്കുമ്പോള്‍തന്നെ ഏതെങ്കിലും സ്ഥാപനങ്ങളില്‍ പരിശീലനത്തിന് പോകുന്നതും ഗുണകരമായിരിക്കും.
ആശയവിനിമയത്തിനുള്ള കഴിവാണ് ഒരു ഫിനാന്‍ഷ്യല്‍ അനലിസ്റ്റിന് ഒഴിച്ചുകൂടാനാവാത്ത മറ്റൊരു യോഗ്യത. പല സാമ്പത്തികപ്രശ്നങ്ങള്‍ക്കും ഉത്തരം കണ്ടത്തെണമെങ്കില്‍ പല വകുപ്പുകളില്‍പെട്ട ജീവനക്കാരില്‍നിന്ന് വിവരങ്ങള്‍ തേടേണ്ടിയും വരും.
വിദേശത്തും ഇന്ത്യയിലും ഫിനാന്‍ഷ്യല്‍ അനലിസ്റ്റായി പരിശീലനം നല്‍കുന്നതിന് കോഴ്സുകള്‍ ലഭ്യമാണ്. ഇന്ത്യയില്‍ ലഭ്യമായ പ്രധാന കോഴ്സുകളില്‍ ഒന്ന് ക്രിസില്‍ സര്‍ട്ടിഫൈഡ് അനലിസ്റ്റ് പ്രോഗ്രാം (സി.സി.എ.പി) ആണ്. ക്ളാസ്റൂം പഠനത്തിനൊപ്പം പ്രായോഗിക പരിശീലനവും സംയോജിപ്പിക്കുന്നതാണ് രണ്ടു വര്‍ഷ കാലാവധിയുള്ള ഈ കോഴ്സ്. ലോകപ്രശസ്ത റേറ്റിങ് ഏജന്‍സിയായ ക്രിസിലാണ് കോഴ്സ് നടത്തുന്നത്.
കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ ബിരുദമാണ് സി.സി.എ.പി പ്രവേശത്തിനു വേണ്ട അടിസ്ഥാന യോഗ്യത. വര്‍ഷം 60 പേര്‍ക്കാണ് പ്രവേശം ലഭിക്കുക. എല്ലാ വര്‍ഷവും ജനുവരി-ഫെബ്രുവരി മാസത്തില്‍ അപേക്ഷ ക്ഷണിക്കും. കൊച്ചി ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ നടക്കുന്ന പ്രവേശ പരീക്ഷയുടെയും അഭിമുഖത്തിന്‍െറയും അടിസ്ഥാനത്തിലാണ് പ്രവേശം. വിശദ വിവരങ്ങള്‍ www.crisil.com/Crisil/ccap എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
1. ഡല്‍ഹി സര്‍വകലാശാലയുടെ കോളജ് ഓഫ് ബിസിനസ് സ്റ്റഡീസ് നടത്തുന്ന ബാച്ലര്‍ ഇന്‍ ഫിനാന്‍ഷ്യല്‍ ആന്‍ഡ് ഇന്‍വെസ്റ്റ്മെന്‍റ് അനാലിസിസ് (ബി.എഫ്.ഐ.എ).
2. ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍ഷ്യല്‍ പ്ളാനിങ്, ഫിനാന്‍ഷ്യല്‍ പ്ളാനിങ് ആന്‍ഡ് വെല്‍ത്ത് മാനേജ്മെന്‍റില്‍ പി.ജി ഡിപ്ളോമ കോഴ്സും ഫിനാന്‍ഷ്യല്‍ പ്ളാനര്‍-സി.എഫ്.എ സര്‍ട്ടിഫിക്കറ്റ് കോഴ്സും നടത്തുന്നുണ്ട്.
3. എസ്.പി ജെയ്ന്‍ സ്കൂള്‍ ഓഫ് ഗ്ളോബല്‍ മാനേജ്മെന്‍റ് -എം.ബി.എ ഫിനാന്‍സ് മാനേജ്മെന്‍റ്.
4. സേവ്യര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ്-പോസ്റ്റ് ഗ്രാജ്വേറ്റ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ബാങ്കിങ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്. ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആപ്ളിക്കേഷന്‍സാണ് ഈ കോഴ്സിന്‍െറ ഭാഗമായി നടത്തുന്നത്.
5. പീലാനിയിലെ ബിര്‍ല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സ് (ബിറ്റ്സ്) നടത്തുന്ന ഫിനാന്‍സില്‍ എം.എസ്സി കോഴ്സാണ് ഈ രംഗത്തെ മറ്റൊരു ആകര്‍ഷകമായ കോഴ്സ്.
ഇന്ത്യയിലെ സാമ്പത്തിക മേഖല വര്‍ഷം എട്ടു ശതമാനം നിരക്കില്‍ വളര്‍ച്ച രേഖപ്പെടുത്തുന്നുണ്ട്. കൂടാതെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചനിരക്ക് രേഖപ്പെടുത്തുന്നതും സാമ്പത്തിക സേവന മേഖലയാണ്.
വര്‍ഷം 77 ലക്ഷം കോടി രൂപയുടെ വിറ്റുവരവുള്ള ഇന്ത്യയിലെ ബാങ്കിങ് വ്യവസായ മേഖലയും ഫിനാന്‍ഷ്യല്‍ അനലിസ്റ്റുകള്‍ക്ക് നിരവധി അവസരങ്ങളാണ് ഒരുക്കുന്നത്.
വര്‍ഷം 15-20 ശതമാനം വളര്‍ച്ച നേടുന്ന ഇന്‍ഷുറന്‍സ് മേഖലയിലും ഇതേ വളര്‍ച്ചനിരക്ക് രേഖപ്പെടുത്തുന്ന ഇന്‍ഷുറന്‍സ്, മ്യൂച്വല്‍ ഫണ്ട് മേഖലകളിലും നിരവധി അവസരങ്ങളാണ് ലഭ്യമായിട്ടുള്ളത്.
ക്രെഡിറ്റ് റേറ്റിങ് സ്ഥാപനങ്ങളും ധനകാര്യ സേവന കമ്പനികളുമാണ് ഫിനാന്‍ഷ്യല്‍ അനലിസ്റ്റുകള്‍ക്ക് കനകാവസരം ഒരുക്കുന്ന മറ്റു ചില മേഖലകള്‍. ജൂനിയര്‍ ഫിനാന്‍ഷ്യല്‍ അനലിസ്റ്റ്, ഫിനാന്‍ഷ്യല്‍ അനലിസ്റ്റ്, അക്കൗണ്ട്സ് ഓഫിസര്‍, റിസര്‍ച് അനലിസ്റ്റ് തുടങ്ങിയ തസ്തികകളില്‍ ഫിനാന്‍ഷ്യല്‍ അനലിസ്റ്റ് രംഗത്തെ പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് നിയമനം ലഭിക്കും. പ്രവര്‍ത്തനമികവാണ് ഈ രംഗത്തെ ശമ്പളത്തിന്‍െറ അളവുകോല്‍. പ്രവൃത്തിപരിചയം ഏറുന്നതോടെ കരിയര്‍ ഗ്രാഫില്‍ കുത്തനെ ഉയരാനും സാധ്യതകള്‍ ഏറെയാണ്.
അവസാനം പരിഷ്കരിച്ചത് : 10/8/2019
കൊക്കൂണ്‍ ഉല്‍പ്പാദനത്തിലെ സാമ്പത്തികശാസ്ത്രം (ഏക്...