অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഫിസിയോതെറാപ്പി

ആധുനിക വൈദ്യശാസ്ത്രത്തില്‍ ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യമായി ഫിസിയോതെറാപ്പി മാറി കഴിഞ്ഞു ഭൗതിക സ്രോതസുകളും വ്യായാമരീതികളും 
ചികിത്സാ സമ്പ്രദായങ്ങളും യോജിച്ച് ഫിസിക്കല്‍ ഡയഗനോസിസ് എന്ന രോഗനിര്‍ണയവും ചികിത്സയും നടത്തുന്ന ശാസ്ത്ര ശാഖയാണ് ഇന്ന് ഫിസിയോതെറാപ്പി.

ആരോഗ്യ മേഖലയിലെ ഒരു ചികിത്സാ രീതിയാണ് ഫിസിയോതെറാപ്പി. രോഗിയുടെ ഉള്ളിലേക്ക് മരുന്നുകളൊന്നും നല്‍കാതെ പൂര്‍ണമായും വ്യായാമ മുറകളിലൂടെ രോഗം ഭേദമാക്കുകയാണ് ഈ ചികിത്സാ രീതിയുടെ പ്രത്യേകത.

ഔഷധരഹിതമായ ചികിത്സാരീതിയാണ് ഫിസിയോതെറാപ്പി. രോഗകാരണങ്ങള്‍ ഒഴിവാക്കിയോ, രോഗം പരിഹരിച്ചോ, രോഗിയെ പുനരുദ്ധരിച്ചോ രോഗിയുടെ ജീവിത നിലവാരം ഉയര്‍ത്തുകയാണ് ഇവിടെ ചെയ്യുന്നത്.

വേദനസംഹാരിയുടെ ഉപയോഗം മൂലം ഉണ്ടാകുന്ന ആമാശയത്തിലെ അള്‍സര്‍ (മരുന്ന് അലര്‍ജി) ഉള്ള രോഗികള്‍ക്ക് ഫിസിയോതെറാപ്പി ഏറെ ഫലപ്രദമാണ്. വേദനരഹിതമായ ഒരു ചികിത്സാരീതികൂടിയാണിത്.

പുത്തന്‍ സാധ്യതകള്‍


ആധുനിക വൈദ്യശാസ്ത്രത്തില്‍ ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യമായി ഫിസിയോതെറാപ്പി മാറി കഴിഞ്ഞു. ഭൗതിക സ്രോതസുകളും വ്യായാമരീതികളും ചികിത്സാ സമ്പ്രദായങ്ങളും യോജിച്ച് ഫിസിക്കല്‍ ഡയഗനോസിസ് എന്ന രോഗനിര്‍ണയവും ചികിത്സയും നടത്തുന്ന ശാസ്ത്ര ശാഖയാണ് ഇന്ന് ഫിസിയോതെറാപ്പി. ഇതിന്റെ പ്രയോജനം ഇന്നെല്ലാ മേഖലകളിലും കാണാം.

ഫിസിയോതെറാപ്പി ഒരു തിരുമ്മു ചികിത്സയല്ല. മരുന്ന് രഹിത ചികിത്സയാണ്. ആധുനിക കാലഘട്ടത്തില്‍ ഫിസിയോതെറാപ്പി എന്ന ചികിത്സാശാഖയുടെ പ്രാധാന്യം ഏറെ വര്‍ധിച്ചിരിക്കുകയാണ്.

വൈദ്യചികിത്സയിലും ആരോഗ്യ പരിപാലനത്തിനുമൊക്കെ ഫിസിയോതെറാപ്പിസ്റ്റുകള്‍ക്ക് നിര്‍ണായക സ്ഥാനമാണുള്ളത്. എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 8-ാം തീയതിയാണ് ലോക ഫിസിയോതെറാപ്പി ദിനമായി ആചരിക്കുന്നത്.

പ്രസക്തി വര്‍ധിക്കുന്നു


വ്യാവസായികരംഗത്തും നിത്യജീവിതത്തിലും യന്ത്രവല്‍ക്കരണം കടന്നുവന്നതും പുതിയ ജീവിതക്രമങ്ങളും മനുഷ്യരുടെ കായിക ക്ഷമതയെ ബാധിക്കാന്‍ തുടങ്ങിയത് ഫിസിയോതെറാപ്പിയുടെ പ്രസക്തി വര്‍ധിപ്പിച്ചിട്ടുണ്ട്. സമൂഹത്തിന്റെ ജീവിതശൈലി രോഗങ്ങള്‍ പരിഹരിക്കുന്നതില്‍ നിസ്തുലമായ പങ്കാണ് ഫിസിയോതെറാപ്പി വഹിക്കുന്നത്.

രോഗിയെ ഫിസിയോതെറാപ്പിസ്റ്റ് പരിശോധനയ്ക്ക് വിധേയമാക്കി പ്രശ്‌നങ്ങളെ ശാസ്ത്രീയമായി മനസിലാക്കിയ ശേഷമാണ് ചികിത്സ തീരുമാനിക്കുക. ഭൗതിക സ്രോതസുകളും വ്യായാമമുറകളും ഫിസിയോതെറാപ്പിസ്റ്റ് നിര്‍ദേശിക്കുന്ന മോബിലൈസേഷന്‍, മാനിപുലേഷന്‍ ചികിത്സകളും തുടര്‍ വ്യായാമങ്ങളും രോഗം പൂര്‍ണമായും മാറ്റി ആശ്വാസമേകുന്നു.

തുടര്‍ ചികിത്സ


രോഗിയെ തുടര്‍ ഫിസിയോതെറാപ്പി പരിശോധനയ്ക്ക് വിധേയമാക്കി പുരോഗതി വിലയിരുത്തി ആവശ്യമെങ്കില്‍ ചികിത്സാ വിധികളില്‍ മാറ്റം വരുത്തുന്നു.കേരളത്തില്‍ ന്യൂനപക്ഷം രോഗികള്‍ക്കാണ് ഫിസിയോതെറാപ്പി ചികിത്സയുടെ ഗുണങ്ങള്‍ ലഭിക്കുന്നത്.

ഇതിന്റെ പ്രധാന കാരണം ഫിസിയോതെറാപ്പിയെ കുറിച്ചുള്ള അവബോധം കുറവ് കൊണ്ടാണ്. പാര്‍ശ്വഫലങ്ങള്‍ ഒന്നും ഇല്ലാത്ത ഈ ചികിത്സാരീതി മറ്റ് വൈദ്യശാസ്ത്രമേഖലകള്‍ക്കൊപ്പം ചെയ്യാവുന്നതാണ്.

ഫിസിയോതെറാപ്പി എപ്പോള്‍


ശാരീരികവൈകല്യങ്ങള്‍ ഭേദമാക്കുക, തളര്‍ന്ന പേശികളെ പ്രവര്‍ത്തനക്ഷമമാക്കുക, ശാരീരികക്ഷതങ്ങളിലൂടെ മാറ്റം വരുന്ന അസ്ഥികളെ യഥാസ്ഥാനത്ത് കൊണ്ടുവരുക, പ്രവര്‍ത്തന രഹിതമായ ശരീരഭാഗങ്ങള്‍ പ്രവര്‍ത്തന സജ്ജമാക്കുക, ആര്‍ത്രൈറ്റിസിന്റെ വേദന അകറ്റുക, നശിച്ചു പോകുന്ന പേശി - നാഡിവ്യവസ്ഥകളെ പുനരുജ്ജീവിപ്പിക്കുക, സന്ധിവേദന, നീര്‍വീക്കം, പുറംവേദന, കഴുത്ത് തോളു വേദന തുടങ്ങിയവയുമായി ബന്ധപ്പെട്ട ചികിത്സകളിലും അസുഖം ഭേദമാക്കാറുണ്ട്.

ജീവിതത്തിലേക്ക് തിരികെ വരാന്‍


രോഗങ്ങളുടെ പിടിയിലമര്‍ന്ന് പ്രതീക്ഷകള്‍ അസ്തമിച്ചവര്‍ക്ക് ഫിസിയോതെറാപ്പിയിലൂടെ ജീവിതത്തിലേക്ക് തിരികെ വരാന്‍ സാധിക്കും.

സ്‌ട്രോക്ക്, പാര്‍ക്കിന്‍സണ്‍സ്, ഉളുക്ക്, സ്‌പ്രെയിന്‍, സ്‌ട്രെയിന്‍, ഫ്രാക്ച്ചര്‍ കഴിഞ്ഞുള്ള പുനരധിവാസം, കൈ കാല്‍ കഴപ്പ്/മരപ്പ്, സന്ധിവാതം, ടെന്നീസ് എല്‍ബോ, സ്ഥാനഭ്രംശം (ഡിസ്‌ലോക്കേഷ ന്‍), നടുവിന്റെ പിടുത്തം, നട്ടെല്ലിലെ ഡിസ്‌കിന്റെ അകല്‍ച്ച, ക്ഷതം, കഴുത്ത്-നട്ടെല്ലിന്റെ തേയ്മാനം (സ്‌പൊണ്‍ടിലോസിസ്), ശാസ്ത്രക്രിയയ്ക്കു ശേഷമുള്ള വേദനകള്‍, ഗര്‍ഭകാല വ്യായാമങ്ങള്‍, ഒബീസിറ്റി (അമിതവണ്ണം) മുതലായവ ചതവ് ചികിത്സിച്ച് ഭേദമാക്കാം.

കുട്ടികളിലെ വളര്‍ച്ചക്കുറവ്, ചലനശേഷിക്കുറവ്, സെറിബ്രല്‍ പാള്‍സി മുതലായവയും, ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞുള്ള പുനരധിവാസം, കായിക താരങ്ങള്‍ക്ക് പറ്റുന്ന പരുക്കുകള്‍, വേദന കുറയ്ക്കുന്ന ചികിത്സകള്‍ തുടങ്ങിയ നിരവധി ചികിത്സാ ദൗത്യങ്ങളാണ് ഫിസിയോതെറാപ്പിസ്റ്റുകള്‍ക്കുള്ളത്.

ചികിത്സാരീതികള്‍


ഫിസിയോതെറാപ്പി ചികിത്സകള്‍ക്ക് ആള്‍ട്രാസൗണ്ട് തെറാപ്പി (യു.എസ്.ടി), ഐ.എഫ്.ടി, ടി.ഇ.എന്‍.എസ്, ലേസര്‍, ക്രയോ / ഐസ് തെറാപ്പി, മാനിപ്പുലേഷന്‍ മൊബിലൈസേഷന്‍, മയോഫേഷ്യല്‍ റിലീസ്, ഡ്രൈ നീഡിലിംഗ്, ടേപ്പിംങ്ങ്, മാനുവല്‍ തെറാപ്പി, സ്‌പോര്‍ട്‌സ് ഇഞ്ചുറി തെറാപ്പി, വാക്‌സ് തെറാപ്പി, യോഗ, ഐ.സി.യൂവില്‍ ചെസ്റ്റ് തെറാപ്പി, ശ്വസനവ്യായാമങ്ങള്‍ എന്നീ ഫിസിയോതെറാപ്പി രീതികളിലൂടെ രോഗിക്ക് അവരുടെ ആരോഗ്യദായക ജീവിത ശൈലി വീണ്ടെടുക്കാന്‍ സഹായിക്കുന്നു.

ഓര്‍ത്തോപീഡിക്, ന്യൂറോളജി, കാര്‍ഡിയോ - റെസ്പിറേറ്ററി, കമ്യൂണിറ്റി ആന്‍ഡ് പീഡിയാട്രിക് ഫിസിയോതെറാപ്പി, വിമന്‍സ് ഹെല്‍ത്ത് തുടങ്ങി എല്ലാ ചികിത്സാമേഖലകളിലും ഫിസിയോതെറാപ്പിയുടെ സേവനം വികസിച്ചിരിക്കുന്നു. നിരവധി കള്ളനാണയങ്ങള്‍ ഫിസിയോതെറാപ്പിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ശരിയായ യോഗ്യതയില്ലാത്തവരുടെ കീഴില്‍ ഫിസയോതെറാപ്പിക്ക് വിധേയമാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത് ഗുണത്തേക്കാള്‍ ഏറെ ദോഷമാണ് വരുത്തിവയ്ക്കുന്നത്.

ഡോ. ജോണ്‍ റിബു 
ചീഫ് ഫിസിയോതെറാപ്പിസ്റ്റ് 
എച്ച്.ജി.എം ഹോസ്പ്പിറ്റല്‍, മുട്ടുചിറ, കോട്ടയം.

അവസാനം പരിഷ്കരിച്ചത് : 6/20/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate