ആഗോള സാമ്പത്തിക മാന്ദ്യം ഏറ്റവും അധികം ബാധിച്ചൊരു മേഖലയാണു സോഫ്റ്റ് വെയർ രംഗം. എന്നാൽ മാന്ദ്യകാലത്തും പിടിച്ച് നിന്നയൊരു രംഗമാണു നെറ്റ് വർക്കിങ്ങ്. കമ്പ്യൂട്ടർ രംഗത്ത് എന്നും ഏറെ സാധ്യത കല്‍പ്പിക്കപ്പെടുന്നയൊന്നാണ് ഈ മേഖലയിലെ ജോലി. എന്നാല്‍ ഈ മേഖലയില്‍ പ്രൊഫഷണലായി മാറുവാന്‍ ചില സർട്ടിഫിക്കറ്റുകളുടെ പിന്‍ബലമാവശ്യമാണ്. ഒരു പുതിയ സാങ്കേതിക വിദ്യയെ ഉള്‍ക്കൊള്ളുവാനും അടിസ്ഥാന തലം മുതല്‍ അവയെ സാംശീകരിക്കുവാനുമുള്ള കഴിവ്, ആഴത്തിലും പരപ്പിലുമുള്ള വായനാശീലം തുടങ്ങിയവ ഈ മേഖലക്ക് ഏറെ അത്യന്താപേക്ഷിതമാണ്. അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഈ മേഖലയില്‍ നിരന്തരം അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. ഔപചാരിക വിദ്യാഭ്യാസത്തേക്കാളേറെ ഈ മേഖലയില്‍ തൊഴിലധിഷ്ഠിതമായ അറിവുകള്‍ക്കും ആ അറിവുകളുടെ തെളിവായി അന്താരാഷ്ട്ര സർട്ടിഫിക്കേഷനുകളുമാണ് പരിഗണിക്കപ്പെടുന്നത്. അന്താരാഷ്ട്ര സർട്ടിഫിക്കേഷനുകളുടെ മെച്ചം അവ ഒരു പ്രത്യേക രാജ്യത്തെ കെട്ടുപാടുകളില്‍ നില്‍ക്കാതെ നിങ്ങളുടെ അറിവിന്‍റെ അംഗീകാരം ആയി മാറുന്നു എന്നതാണ്. മാത്രമല്ല ഈ രംഗത്ത് ഉള്ള ഉല്‍പ്പന്നങ്ങളുടേയും സേവനദാതാക്കളുടേയും നേരിട്ടുളള സർട്ടിഫിക്കേഷനുകള്‍ ആയത് കൊണ്ട് ആ ഉല്‍പ്പന്നങ്ങളുടെ ഉപയോഗത്തെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവ് പ്രദാനം ചെയ്യുകയും ചെയ്യുന്നു. ഇവിടെയും വ്യക്തമായ കാഴ്ചപ്പാടോടെ തിരഞ്ഞെടുപ്പ് നടത്തിയാലെ ഈ രംഗത്തെ മികച്ച ജോലികള്‍ നേടാനാവു.
അന്താരാഷ്ട്ര സർട്ടിഫിക്കറ്റുകള്‍
ഇന്‍ഫ്രാസ്ട്രക്ചർ മേഖലയിലെ സർട്ടിഫിക്കറ്റുകളും ഈ രംഗത്ത് പ്രദാനമാണ്. CCIEഎന്നതായിരുന്നു സിസ്കോയുടെ ഈ രംഗത്തെ ആദ്യ സർട്ടിഫിക്കേഷന്‍. അതി സങ്കീർണ്ണമായ ഇതിന് ശേഷം CCNA, CCNP തുടങ്ങിയവയെല്ലാം സാധാരണക്കാർക്കും എഴുതിയെടുക്കുവാന്‍ കഴിയുന്ന തരത്തിലുള്ളവയാണ്. മൈക്രോസോഫ്റ്റിന്‍റെയാണ് MCSE സർട്ടിഫിക്കേഷന്‍.
സാധാരണ ഇത്തരം സർട്ടിഫിക്കറ്റുകളെല്ലാം ഓരോ ഉല്‍പ്പന്നങ്ങള്‍ക്ക് വേണ്ടിയാണ്. എന്നാല്‍ ഇതില്‍ നിന്നും മാറിയുള്ള ഒരു സർട്ടിഫിക്കേഷന്‍ പ്രവണതയാണ് വെണ്ടർ ഇന്‍ഡിപെന്‍ഡന്‍റ് സർട്ടിഫിക്കേഷന്‍സ് എന്നറിയപ്പെടുന്ന സർട്ടിഫിക്കേഷനുകള്‍. അതാത് പൊതുവായ ഒരു സ്ഥാപനം വിവിധ തലത്തിലുള്ള വിഷയങ്ങളില്‍ സർട്ടിഫിക്കറ്റുകള്‍ നല്‍കുന്നു. ഏറ്റവും നല്ല ഉദാഹരണം കോംപ്റ്റിയ എന്ന സംഘടന നല്‍കുന്ന സർട്ടിഫിക്കേഷനുകളാണ്. അടിസ്ഥാന ഹാർഡ് വെയർ തലം മുതല്‍ ഡേറ്റാ സെന്‍റർ മാനേജ്മെന്‍റ് തലം വരെയുള്ള സർട്ടിഫിക്കേഷനുകള്‍ കോംപ്റ്റിയ നല്‍കുന്നുണ്ട്. കമ്പ്യൂട്ടറിനെക്കുറിച്ചുള്ള അടിസ്ഥാന അറിവും കമ്പ്യൂട്ടർ ഹാർഡ് വെയർ രംഗത്തേക്കുറിച്ചുള്ള ആഴത്തിലുള്ള അറിവുമാണ് അടിസ്ഥാന യോഗ്യതയായി വേണ്ടുന്നത്. ഐ ടി ഇന്‍ഫ്രാ രംഗത്തെ അടിസ്ഥാന തലത്തില്‍ ആഴത്തിലറിവുണ്ടുവെങ്കില്‍ മാത്രമേ ഈ രംഗത്ത് ശോഭിക്കാനാവു.
CompTIA – (Computing Technology Industry Association)
കോംപ്റ്റിയയുടെ പ്രത്യേകത അവർ വെണ്ടർ ഇന്‍ഡിപെന്‍ഡന്‍റ് ആയ സർട്ടിഫിക്കേഷനാണ് നല്‍കുന്നത് എന്നതാണ്. അതായത് ഏതെങ്കിലും ഒരു പ്രത്യേക കമ്പനിയുടെ ഉല്‍പ്പന്നത്തെക്കുറിച്ചുള്ള പഠനത്തേക്കാള്‍ പൊതുവായി കമ്പ്യൂട്ടർ ഹാർഡ് വെയർ നെറ്റ് വർക്കിങ്ങ് രംഗത്തെ അറിവുകളാണ് കോംപ്റ്റിയ നല്‍കുന്ന A+, N+ സർട്ടിഫിക്കേഷനുകളിലൂടെ അളക്കപ്പെടുന്നത്. ഈ രംഗത്ത് വരുന്നവർക്ക് ഈ വിഷയത്തില്‍ ആഴത്തിലുള്ള ഒരു അറിവും സമഗ്രമായ കാഴ്ചപ്പാടും നല്‍കുന്ന തലത്തിലുള്ളതാണ് ഈ സർട്ടിഫിക്കേഷന്‍. എന്നാലിന്‍റെ ചിലവ് വളരെ കൂടുതലാണ് എന്നതാണ് പ്രതികൂല ഘടകം. എന്നാല്‍ കോംപ്റ്റിയ തലത്തിലുള്ള പ്രായോഗിക പരിശീലനം നേടുന്നത് ഉത്തമമായിരിക്കും.
CompTIA A+
ഐ ടിയില്‍ ഒരു കരിയർ ലക്ഷ്യം വക്കുന്നവർക്കായുള്ള സ്റ്റാർട്ടിങ്ങ് പോയിന്‍റാണ്CompTIA A+ സർട്ടിഫിക്കേഷന്‍. കമ്പ്യൂട്ടർ ടെക്നോളജിയുടെ അടിസ്ഥാനങ്ങള്‍, പി സി, ലാപ്ടോപ്പ് മറ്റ് അനുബന്ധ ഹാർഡ വെയറുകളും ഇന്‍സ്റ്റലേഷനും കോണ്‍ഫിഗറേഷനും നെറ്റ് വർക്കിങ്ങ് അടിസ്ഥാനങ്ങള്‍, പി സി ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനും കോണ്‍ഫിഗർ ചെയ്യുന്നതിനുമുള്ള കഴിവുമൊക്കെയാണ് A+ സർട്ടിഫിക്കേഷനിലൂടെ ഒരു വിദ്യാർത്ഥിക്ക് കൈവരുന്നത്.
CompTIA A+ നെറ്റ് വർക്ക് +
ഒരു നെറ്റ് വർക്ക് ടെക്നീഷ്യന്‍ എന്ന നിലയിലുള്ള കഴിവ് വിലമതിക്കുന്നതിനുള്ള ഈ സർട്ടിഫിക്കേഷന്‍ നെറ്റ് വർക്ക് അഡ്മിനിസ്ട്രേറ്റർ, നെറ്റ് വർക്ക് ടെക്നീഷ്യന്‍, നെറ്റ് വർക്ക് ഇന്‍സ്റ്റാളർ, ഹെല്‍പ്പ് ഡെസ്ക് ടെക്നീഷ്യന്‍, ഐ ടി കേബിള്‍ ഇന്‍സ്റ്റാളർ തുടങ്ങിയ പദവികളിലേക്ക് നയിക്കുന്നു. നെറ്റ് വർക്ക് ഹാർഡ് വെയർ, ഇന്‍സ്റ്റലേഷന്‍, ട്രബിള്‍ ഷൂട്ടിങ്ങ് എന്നിവയെക്കുറിച്ചെല്ലാം അവബോധം നല്‍കുന്നു. നെറ്റ് വർക്ക്, ഹാർഡ് വെയർ കണക്ഷന്‍സ്, സോഫ്റ്റ് വെയർ, ഓപ്പറേറ്റിങ്ങ് സിസ്റ്റം റഫറന്‍സ്, LAN/WAN കളിലുപയോഗിക്കുന്ന വിവിധ പ്രോട്ടോക്കോളുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണിതിന്‍റെ പാഠ്യ പദ്ധതി, മൈക്രോസോഫ്റ്റ്, സിസ്കോ സർട്ടിഫിക്കേഷനുകളിലേക്ക് തുടരുവാന്‍ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു.
CompTIA സെർവ്വർ +
സെർവ്വർ സ്പെസിഫിക്ക് ഹാർഡ് വെയർ, ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങള്‍ തുടങ്ങിയ വിഷയങ്ങളെ ലക്ഷ്യം വക്കുന്ന കോംപ്റ്റിയായും ഓപ്പറേറ്റിങ്ങ് സിസ്റ്റം സർട്ടിഫിക്കേഷനാണ് സെർവ്വർ +, RAID, SCSI, മള്‍ട്ടിപ്പിള്‍ CPUS ഡിസാസ്റ്റർ റിക്കവറി, ട്രബിള്‍ ഷൂട്ടിങ്ങ് എന്നീ തലങ്ങളിലുള്ള തലങ്ങളിലുള്ള സാങ്കേതിക ജ്ഞാനം വിലയിരുത്തപ്പെടുന്നു. അടിസ്ഥാന ഹാർഡ് വെയർ പഠനം കഴിഞ്ഞാല്‍ ശ്രദ്ധിക്കേണ്ടത് നെറ്റ് വർക്കിങ്ങ് തലത്തിലുള്ള അറിവ് നെറ്റ് വർക്കിങ്ങിന്‍റെ അടിസ്ഥാന കാര്യങ്ങള്‍ മനസ്സിലാക്കാന്‍ നല്ലവണ്ണം സഹായിക്കും. ഈ ഘട്ടത്തില്‍ തീയറിക്കും പ്രാക്ടിക്കലിനും ഒരേ പോലെ പ്രാധാന്യം ഉണ്ട് എന്ന് ഓർക്കുക. അടിസ്ഥാന കേബിളിങ്ങ് കണ്‍സെപ്റ്റുകളില് തുടങ്ങിയുള്ള പരിശീലനങ്ങളുംISO/OSI റഫറന്‍സ് മോഡല്‍ തുടങ്ങിയുള്ള തീയറികളും മുതല്‍ തുടങ്ങി ഒരു പ്രത്യേക കമ്പനിയുടെ പ്രോഡക്ടുകളില്‍ ഊന്നല്‍ നല്‍കാതെ ഈ വിഷയം പഠിക്കുക. അവിടെ നമ്മളെ സാഹായിക്കുന്നത് കോംപ്റ്റിയയുടെ തന്നെ N+ ന്‍റെ പാഠ്യ പദ്ധതിയാണ്. അത് കൂടാതെ പ്രായോഗിക തലത്തിലും നെറ്റ് വർക്കിങ്ങ് പരിശീലനം നേടുക. 4 മുതല്‍ 6 മാസം വരെ സമയമിതിനെടുക്കാം.
ഹാർഡ് വെയർ രംഗത്തെ തുടർ പഠനം ചിപ്പ് ലെവല്‍ രംഗത്ത് ആഴത്തിലുള്ള അറിവ് നേടുവാന്‍ സഹായിക്കും. ഇലക്ട്രോണിക്സ് എന്ന വിഷയത്തോടുള്ള അഭിരുചിയും കുറച്ച് കഠിനാധ്വാനവും ഉണ്ടുവെങ്കില്‍ ലാപ്ടോപ്പ്, ഡെസ്ക്ടോപ്പ് രംഗത്തെ മദർബോർഡ് അടക്കമുള്ള ഘടക ഭാഗങ്ങളുടെ ചിപ്പ് ലെവല്‍ സർവ്വീസ് രംഗത്തെത്തുവാന്‍ സാധിക്കും. പ്രമുഖ ലാപ്ടോപ്പ കമ്പനികളുടെ സർവ്വീസ് വിഭാഗങ്ങളിലേക്കും വിദേശ കമ്പനികളിലേക്കും ഉള്ള തൊഴില്‍ സാധ്യതയും ഉള്ളതാണ് ഈ രംഗം. എന്നാലിവിടെ അന്താരാഷ്ട്ര സർട്ടിഫിക്കേഷനുകളില്ല. ഇലക്ട്രോണിക്സ് രംഗത്തെ ഇഷ്ടപ്പെടാത്തവർക്കുള്ള മേഖലയല്ലിത്.
നെറ്റ് വർക്കിങ്ങ് രംഗത്തെ സർട്ടിഫിക്കേഷനുകള്‍
കോംപ്റ്റിയ നടത്തുന്ന സർട്ടിഫിക്കേഷനുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവയ്ക്കുള്ള വ്യത്യാസം ഇത് ഈ രംഗത്തെ കമ്പനികള്‍ നല്‍കുന്ന സർട്ടിഫിക്കേഷന്‍ ആണെന്നതാണ്. ഈ രംഗത്ത് പ്രവർത്തിക്കുന്നവർക്കും ഈ രംഗത്തേക്ക് വരുവാന്‍ ആഗ്രഹിക്കുന്നവർക്കും ഏറെ പ്രിയപ്പെട്ടതാണ് വന്‍ ഐ ടി കമ്പനികള്‍ നല്‍കുന്ന അന്താരാഷ്ട്ര സർട്ടിഫിക്കറ്റുകള്‍. പൊതുവേ ഈ രംഗത്തെ സർട്ടിഫിക്കേഷനുകളെല്ലാം നെറ്റ് വർക്കിംഗ് സർട്ടിഫിക്കേഷനുകളായാണ് അറിയപ്പെടുന്നതെങ്കിലും ഇവ തമ്മില്‍ പ്രകടമായ വ്യത്യാസമുണ്ട്. ഇന്‍ഫ്രാ സ്ട്രക്ചർ തലം, പ്ലാറ്റ്ഫോം തലം, ആപ്ലിക്കേഷന്‍ തലം എന്നിങ്ങനെ പല രീതിയില്‍ ഇവയെ തരം തിരിക്കുവാന്‍ കഴിയും.
സിസ്കോ നല്‍കുന്ന സർട്ടിഫിക്കേഷനുകള്‍ അവരുടെ ഹാർഡ് വെയർ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാനുള്ള മികവാണ് അളക്കുന്നതെങ്കില്‍ മൈക്രോസോഫ്റ്റ്, റെഡ്ഹാറ്റ് തുടങ്ങിയ കമ്പനികള്‍ അവരുടെ സോഫ്റ്റ് വെയർ ഉല്‍പ്പന്നങ്ങളില്‍ ഉള്ള അറിവാണ് അളക്കുന്നത്. എന്ന പറഞ്ഞാല്‍ പൊതുവേ നെറ്റ് വർക്ക് അഡ്മിന്‍ എന്ന് വിലയിരുത്തപ്പെട്ടാലും സത്യത്തില്‍ ഇത് ഇന്‍ഫ്രാ അഡ്മിന്‍, സ്റ്റോറേജ് അഡ്മിന്‍, വെർച്വലൈസേഷന് അഡ്മിന് എന്നിങ്ങനെ പലതായി തരം തിരിക്കപ്പെട്ടിരിക്കുന്നു. ഇത്രയും തരം തിരിവുകള്‍ ഉണ്ടുവെങ്കിലും ചെറുകിട സ്ഥാപനങ്ങളില്‍ പലതും ഈ ജോലികളെല്ലാം ഒന്നോ രണ്ടോ പേരാണ് ചെയ്യുന്നത് എന്നതിനാല്‍ അവിടെ പ്രവർത്തിക്കുന്നവർക്ക് ഒന്നിലധികം മേഖലകളില്‍ കഴിവ് തെളിയിക്കുകയെന്നത് അനിവാര്യമാകുന്നു.
ഇന്‍റർനെറ്റ് വർക്കിങ്ങ് രംഗത്തെ ഏറ്റവും അറിയപ്പെടുന്ന കമ്പനി സിഡ്കോ ആണ്. റൌട്ടിങ്ങ്, സ്വിച്ചിങ്ങ് രംഗത്ത് ഏറ്റവും മുന്‍പില്‍ നില്‍ക്കുന്നത് സിഡ്കോ ഉല്‍പ്പന്നങ്ങളാണ്. സർട്ടിഫിക്കേഷനെ ഉല്‍പ്പന്നങ്ങളുടെ പ്രചരണത്തിനായി ഉപയോഗിക്കുവാന്‍ ആദ്യകാലത്ത് തന്നെ വിജയിച്ച കമ്പനിയാണ് സിഡ്കോ. അതിനാല്‍ത്തന്നെ മറ്റ് ഇന്‍റർ നെറ്റ് വർക്കിങ്ങ് കമ്പനികളുടെ സർട്ടിഫിക്കേഷനേക്കാള്‍ വിപണി മൂല്യം സിഡ്കോ സർട്ടിഫിക്കേഷനുകള്‍ക്കുണ്ട്.
എന്‍ട്രി, അസോസ്സിയേറ്റ്, പ്രൊഫഷണല്‍, എക്സ്പേർട്ട്, ആർക്കിടെക്ട് എന്നിങ്ങനെ പലതരത്തിലുള്ള സർട്ടിഫിക്കേഷനുകള്‍ സിഡ്കോ നല്‍കുന്നുണ്ട്. നെറ്റ് വർക്കിന്‍റെ അടിസ്ഥാന അറിവുകള്‍ ലഭ്യമാക്കുന്ന സിഡ്കോ സർട്ടിഫൈഡ് എന്‍ട്രി നെറ്റ് വർക്കിങ്ങ് ടെക്നീഷ്യന്‍ അഥവാ CCENT ആണ് സിസ്കോ സർട്ടിഫിക്കേഷനുകളിലെ പ്രാരംഭ ബിന്ദു. എങ്കിലും അസ്സോസിയേറ്റ് തലം മുതല്‍ തുടങ്ങുക എന്നതാണ് നമുക്ക് നല്ലത്. കാരണം CCENT എന്ന എന്‍ട്രി ലെവല്‍ സർട്ടിഫിക്കേഷന്‍ നിലവില്‍ നെറ്റ് വർക്കിങ്ങ് ധാരണ ഉള്ളവർക്ക് ആവശ്യമില്ല. ആത് കൊണ്ട് തന്നെ CCNA റൂട്ടിങ്ങ് & സ്വിച്ചിങ്ങ് എന്ന പഠന പദ്ധതിയില്‍ നിന്നും തുടങ്ങാം. പ്രായോഗിക തലത്തില്‍ പഠിക്കുകയാണെങ്കില്‍ വളരെയധികം അറിവ് ഇന്‍റർനെറ്റ് വർക്കിങ്ങ് തലത്തില്‍ നേടാന്‍ ഇത് സഹായിക്കും. സിസ്കോയുടെ അസോസിയേറ്റ് ലെവല്‍ സർട്ടിഫിക്കേഷനാണ് CCNA, CCDAഎന്നിവ. അഡ്വാന്‍സഡ് നെറ്റ്വർക്കിങ്ങ് ഡിസൈന്‍ എക്സ്പീരിയന്‍സുള്ള വിദ്യാർത്ഥികള്‍ക്കായുള്ളതാണ് പ്രൊഫഷണല്‍ ലെവല്‍ സർട്ടിഫിക്കേഷന്‍. മീഡിയം സൈസിലുള്ള നെറ്റ് വർക്കുകളുടെ ഇന്‍സ്റ്റലേഷന്‍, മാനേജ്മെന്‍റ് ട്രബിള്‍ ഷൂട്ടിങ്ങ് എന്നിവയില്‍ അനുഭവ സമ്പത്ത് ആർജ്ജിക്കുന്ന പ്രൊഫഷണല്‍ തലത്തിലുള്ള വിദ്യാർത്ഥികള്‍ നെറ്റ് വർക്ക് ടെക്നീഷ്യന്‍, സപ്പോർട്ട് എഞ്ചിനിയർ, സിസ്റ്റം എഞ്ചിനിയർ, നെറ്റ് വർക്ക് എഞ്ചിനിയർ തുടങ്ങിയ പദവികളിലേക്കാവശ്യമായ കഴിവുകളുള്ളവരായിരിക്കും. CCNP, CCDPഎന്നിവയാണ് സിസ്കോയുടെ പ്രൊഫഷണല്‍ ലെവല്‍ സർട്ടിഫിക്കേഷനുകളിലുള്ളത്. ഇതില്‍ CCNP യ്ക്ക് CCNP വോയ്സ്, CCNPവയർലെസ്സ്, CCNP സെക്യൂരിറ്റി, CCNP സർവ്വിസ് പ്രൊവൈഡർ, CCNP ഡേറ്റാ സെന്‍റർ എന്നിങ്ങനെ സ്പെഷ്യലൈസഡ് വേർഷനുകളുമുണ്ട്. അതി സങ്കീർണ്ണമായ കണ്‍വേർജ്ജഡ് നെറ്റ് വർക്കുകള്‍ ഇംപ്ലിമെന്‍റ് ചെയ്യുന്നതിനും, ട്രബിള്‍ ഷൂട്ടിങ്ങ് നത്തുവാനും ആവശ്യമായ കഴിവ് നേടുന്നവരാണ് എക്സ്പേർട്ട് ലെവലില്‍ വരുന്നത്. CCDE, CCIE എന്നിവ ഈ ഗണത്തില്‍പ്പെടുന്നു. ഇതില്‍ CCIE യ്ക്ക് സ്വെഷ്യലൈസഡ് വേർഷനുകളുണ്ട്.
CCAr സിസ്കോയുടെ പുതിയൊരു സർട്ടിഫിക്കേഷനാണ്. വിദ്യാർത്ഥികളുടെ ആർക്കിടെക്ചർ എക്സപീരിയന്‍സ് തെളിയിക്കുന്നതിനായി രൂപപ്പെടുത്തിയിരിക്കുന്നതായ സർട്ടിഫിക്കേഷനാണ്. വളരെ സങ്കീർണ്ണമായ നെറ്റ് വർക്കുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള നെറ്റ് വർക്ക് ഡിസൈനർമാരെയാണിത് ലക്ഷ്യമിടുന്നത്.
സിസ്കോ സബ്ജക്ട് ഏരിയ
റൂട്ടിങ്ങ് & സ്വിച്ചിങ്ങ്, ഡിസൈന്‍, നെറ്റ് വർക്ക് സെക്യൂരിറ്റി, സർവ്വീസ് പ്രൊവൈഡർ, സ്റ്റോറേജ് നെറ്റ് വർക്കിങ്ങ്, വോയ്സ്, വയർലെസ്സ്, വീഡിയോ, ഡേറ്റാ സെന്‍റർ എന്നിവയിലാണ് സിസ്കോയുടെ പ്രധാന സർട്ടിഫിക്കേഷന്‍ ട്രാക്കുകള്‍. സിസ്കോ സർട്ടിഫിക്കേഷനുകള്‍ക്ക് ട്രെയിനിങ്ങ് നല്‍കുവാനുള്ള സിസ്കോയുടെ പോർട്ടലാണ് നെറ്റ് വർക്കിങ്ങ് അക്കാദമി.
CCNA
സിസ്കോ സർട്ടിഫൈഡ് നെറ്റ് വർക്ക് അസ്സോസിയേറ്റ് എന്നതാണ് CCNA കൊണ്ട് ഉദ്ദേശിക്കുന്നത്. ഇപ്പോഴിത് CCNA റൂട്ടിങ്ങ് & സ്വിച്ചിങ്ങ് എന്നാണ് അറിയപ്പെടുന്നത്. സിസ്കോയുടെ ഏറ്റവും പ്രശസ്തമായ സർട്ടിഫിക്കേഷന്‍ ആണിത്. മീഡിയം സൈസഡ് റൂട്ടിങ്ങ്, സ്റ്റിച്ചിങ്ങ് നെറ്റ് വർക്കുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനും, കോണ്‍ഫിഗർ ചെയ്യുന്നതിനും ഓപ്പറേറ്റ് ചെയ്യുന്നതിനും ട്രബിള്‍ ഷൂട്ടിങ്ങ് നടത്തുന്നതിനുമൊക്കെയുള്ള കഴിവാണ് ഈ സർട്ടിഫിക്കേഷനിലൂടെ വിലയിരുത്തപ്പെടുന്നത്. കൂടാതെ വൈഡ് ആരിയ നെറ്റ് വർക്കിലൂടെ (WAN)റിമോട്ട് ഏരിയകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള അറിവും, കഴിവും ഉള്ളതിനോടൊപ്പം അടിസ്ഥാന സുരക്ഷാ ഭീഷണികള്‍ പരിഹരിക്കുവാനും CCNAസർട്ടിഫൈഡ് പ്രൊഫഷണലുകള്‍ക്ക് കഴിയും.
പരീക്ഷ എങ്ങനെ
LAN/WAN ഡിസൈന്‍, ഐ പി അഡ്രസ്സിങ്ങ്, റൂട്ടറുകള്‍, റൂട്ടിങ്ങ് പ്രോട്ടോക്കോളുകള്‍, നെറ്റ് വർക്ക് സെക്യൂരിറ്റി & മാനേജ്മെന്‍റ് തുടങ്ങിയ വിഷയങ്ങളിലധിഷ്ഠിതമായി 90 മിനിട്ട് ദൈർഖ്യമുള്ള പരീക്ഷയായിരിക്കും CCNAസർട്ടിഫിക്കേഷനായിട്ടുള്ളത്.
ജോലി സാധ്യതകള്‍
നെറ്റ് വർക്കിങ്ങ് അഡ്മിനിസ്ട്രേഷന്‍, നെറ്റ് വർക്കിങ്ങ് സ്പെഷ്യലിസ്റ്റ്, നെറ്റ് വർക്ക് സ്പോട്ട് പ്രൊഫഷഷല്‍ തുടങ്ങി നെറ്റ് വർക്കിങ്ങ് മേഖലയില്‍ വിവിധ തലത്തിലുള്ള ജോലികള്‍ നേടാം.
കാലാവധി
സിസ്കോ സർട്ടിഫൈഡ് നെറ്റ് വർക്ക് അസ്സോസിയേറ്റ് (CCNA) എക്സാം പാസാകുന്നതിലൂടെയോ, ഇന്‍റർ കണക്ടിങ്ങ് സിസ്കോ നെറ്റ് വർക്കിങ്ങ് ഡിവൈസസ്സ് പാർട്ട് (ICNDI) എക്സാം, ഇന്‍റർ കണക്ടിങ്ങ് സിസ്കോ നെറ്റ് വർക്കിങ്ങ് ഡിവൈസസ്സ് പാർട്ട് 2 CCNA സർട്ടിഫിക്കേഷന്‍ കരസ്ഥമാക്കാം. 3 വർഷമായിരിക്കും സർട്ടിഫിക്കേഷന്‍റെ കാലാവധി. തുടർന്ന് റീ സർട്ടിഫൈ ചെയ്യുന്നതിന് ICND2 എക്സാം അല്ലെങ്കില്‍ CCNA, CCDA പരീക്ഷകളിലേതെങ്കിലും തുടങ്ങി സിസ്കോ നിർദ്ദേശിച്ചിരിക്കുന്ന പരീക്ഷകളിലേതിലേതെങ്കിലും പാസാകേണ്ടതുണ്ട്.
CCENT
സിസ്കോ സർട്ടിഫൈഡ് എന്‍ട്രി നെറ്റ് വർക്കിങ്ങ് ടെക്നീഷ്യന്‍ എന്നാണിത് കൊണ്ടർത്ഥമാക്കുന്നത്. സിസ്കോയുടെ സർട്ടിഫിക്കേഷന്‍ സിസ്റ്റത്തിലെ ആദ്യ ഘട്ടമാണിത്. നെറ്റ് വർക്കിലെ അടിസ്ഥാന അറിവുകള്‍ പ്രദാനം ചെയ്യുന്ന കോഴ്സാണിത്. CCNA നേടുവാനുള്ള ആദ്യ പടിയായി പരിഗണിക്കാവുന്ന എന്‍ട്രി ലെവല്‍ ഐ പി നെറ്റ് വർക്കിങ്ങ് സർട്ടിഫിക്കേഷനാണ് CCENT. ICNDI എക്സാം പാസാകുന്നതിലൂടെ നേടാവുന്ന CCENT സർട്ടിഫിക്കേഷന്‍റെ കാലാവധിയും മൂന്ന് വർഷമാണ്. നെറ്റ് വർക്കിങ്ങിലെ അടിസ്ഥാന വിവരങ്ങള്‍, WAN ടെക്നോളജികള്‍, ബേസിക് സെക്യൂരിറ്റി & വയർലെസ്സ് കണ്‍സെപ്റ്റ്സ്, റൂട്ടിങ്ങ് & സ്വിച്ചിങ്ങ് അടിസ്ഥാനങ്ങള്‍, ലളിതമായ നെറ്റ് വർക്കുകളുടെ കോണ്‍ഫിഗറേഷന്‍ എന്നിവ ഉള്‍പ്പെടുന്നതായിരിക്കും CCENT കരിക്കുലം. എന്‍ട്രി ലെവല്‍ നെറ്റ് വർക്ക് സപ്പോർട്ട് എഞ്ചിനിയർ, ഹെല്‍പ്പ ഡസ്ക്, നെറ്റ് വർക്ക് അഡ്മിനിസ്ട്രേറ്റേഴ്സ് എന്നി മേഖലകളിലേക്ക് അത്യാലശ്യമായ കഴിവുകളാണ് CCENTസർട്ടിഫിക്കേഷനിലൂടെ വിലയിരുത്തപ്പെടുക. ചെറുകിട എന്‍റർപ്രൈസ് ബ്രാഞ്ച് നെറ്റ് വർക്കുകളുടെ ഇന്‍സ്റ്റലേഷന്‍, ഓപ്പറേഷന്, ട്രബിള്‍ ഷൂട്ടിങ്ങ് എന്നിവയ്കായി വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു.
CCNP
സിസ്കോ സർട്ടിഫൈഡ് നെറ്റ് വർക്ക് പ്രൊഫഷണല്‍, നെറ്റ് വർക്ക് എഞ്ചിനിയർ, സിസ്റ്റം എഞ്ചിനിയർ, നെറ്റ് വർക്ക് സപ്പോർട്ട് എഞ്ചിനിയർ, നെറ്റ് വർക്ക് അഡ്മിനിസ്ട്രേറ്റർ, നെറ്റ് വർക്ക് കണ്‍സള്‍ട്ടന്‍റ്, സിസ്റ്റം ഇന്‍റഗ്രേറ്റർ തുടങ്ങിയ പ്രൊഫഷണല്‍ തലത്തിലുള്ള ജോലികള്‍ക്ക് അനുയോജ്യമായ. വിദ്യാർത്ഥികളെയാണ് CCNP ലക്ഷ്യമിടുന്നത്. CCNP ROUTE (ഇംപ്ലിമെന്‍റിങ്ങ്, ഐ പി റേറ്റിങ്ങ്, CCNP SWITCH (ഇംപ്ലിമെന്‍റിങ്ങ്, ഐ പി സ്വിച്ചിങ്ങ്) CCNP TSHOOT (Maintaining and Trouble Shooting IP Networks) എന്നിങ്ങനെ മൂന്ന് കോഴ്സുകള്‍ ഉള്‍പ്പെട്ടതാണ് CCNPയൂടെ കരിക്കുലം. 2 മണിക്കൂർ ദൈർഖ്യമുള്ള പരീക്ഷകളായിരിക്കും. CCNPനേടുന്നതിന് CCNA റൂട്ടിങ്ങ് & സ്വിച്ചിങ്ങ് കരസ്ഥമാക്കിയിക്കണം.
CCIE
CCIE എന്നാല്‍ സിസ്കോ സർട്ടിഫൈഡ് ഇന്‍റർനെറ്റ് വർക്ക് എക്സപേർട്ട് എന്നാണ്. നെറ്റ് വർക്കിങ്ങിലെ PhD എന്നും വിശേഷിപ്പിക്കാവുന്ന ഒന്നാണ് CCIE. സിസ്കോ പ്രദാനം ചെയ്യുന്ന ചെക്നിക്കല്‍ സർട്ടിഫിക്കേഷനുകളില്‍ ഏറ്റവും ഉയർന്ന തലത്തിലുള്ളതാണ് CCIE. സിസ്കോയുടെ ഏറ്റവും പ്രശസ്തമായ സർട്ടിഫിക്കേഷനുകളില്‍ ഒന്നാണിത്. പല തരം CCIE കരിയർ പാത്തുകള്‍ ഉണ്ടെങ്കിലും CCIE റൂട്ടിങ്ങ് & സ്വിച്ചിങ്ങ് ആണ് ഏറ്റവും പ്രചാരത്തിലുള്ളത്. CCIEആകുന്നതിന് മുന്നോടിയായി CCNA, CCNP എന്നി കോഴ്സുകള്‍ പാസാവണമെന്ന് നിബന്ധനയില്ലെങ്കിലും നിലവില്‍ ഈ രംഗത്ത് മുന്‍ധാരണ ഇല്ലാത്തവർ CCIE ക്ക് ശ്രമിക്കാതിരിക്കുകയായിരിക്കും നല്ലത്. നെറ്റ് വർക്കിങ്ങ് മേഖലയിലെ വളരെ സ്പെസിഫിക്കായ കഴിവുകളാണ് CCIE യിലൂടെ സർച്ചിഫെ ചെയ്യപ്പെടുന്നത്. CCIEകൊളാബറേഷന്‍, CCIE സർവ്വീസ് പ്രൊവെഡർ, CCIE ഡേറ്റാ സെന്‍റർ, CCIE റൂട്ടിങ്ങ് &സ്വിച്ചിങ്ങ്, CCIE സെക്യൂരിറ്റി, CCIE സർവ്വീസ് പ്രൊവൈഡർ, CCIE സർവ്വീസ് പ്രൊവൈഡർ ഓപ്പറേഷന്‍സ്, സ്റ്റോറേജ് നെറ്റ് വർക്കിങ്ങ് (CCIE SAN), CCIE വോയ്സ്,CCIE വയർലെസ്സ് എന്നിങ്ങനെ ഒന്‍പതോളം ട്രാക്കുകളായി വിഭജിച്ചിട്ടുള്ള CCIEപ്രോഗ്കാമില്‍ ഏത് CCIE ട്രാക്കിലാണ് സർട്ടിഫൈഡ് ആകുന്നതിനനുസരിച്ചാണ് പ്രാഗത്ഭ്യം തെളിയിക്കപ്പെടുക.
CCIE സർട്ടിഫിക്കേഷന്‍ നേടുന്നതിനായി ഒരു എഴുത്ത് പരീക്ഷയും, തിരഞ്ഞെടുത്ത ട്രാക്കിന് പ്രത്യേകമായുള്ള ലാബ് എക്സാമും പാസാകേണ്ടതുണ്ട്. രണ്ട് മണിക്കൂറാണ് എഴുത്ത് പരീക്ഷയുടെ ദൈർഖ്യം. ഇത് പാസായിക്കഴിഞ്ഞാല്‍ 8 മണിക്കൂർ നീളുന്ന ലാബ് പരീക്ഷക്ക് യോഗ്യത ലഭിക്കും. CCIEസർട്ടിഫിക്കേഷന്‍റെ കാലാവധി 2 വർഷമാണ്. ഈ യോഗ്യത നേടുന്നവരുടെ എണ്ണം വളരെ പരിമിതമാണ്. സിസ്കോ പഠനത്തിന്‍റെ പഠനത്തില്‍ അടിസ്ഥാന ബൈനറി സംഖ്യാ അറിവ് മുതല്‍ കമാന്‍ഡ് മുതല്‍ കമാന്‍ഡ് പ്രോംപ്റ്റ് സ്കില്‍സ് വരെ വളരെയധികം ഘടകങ്ങള്‍ ഒത്ത് ചേരുന്നുണ്ട്. അത് കൊണ്ട് അല്‍പ്പം ബുദ്ധിമുട്ടുള്ള പഠനമായി വിശേഷിപ്പിക്കപ്പെടാറുണ്ട്. പക്ഷേ ഈ രംഗത്തോടുള്ള താല്‍പ്പര്യവും കുറച്ച് പ്രയത്നവും വഴി നേടാവുന്ന അറിവാണിത്.
തൊഴില്‍ സാധ്യതകള്‍
കുറച്ച് കമ്പ്യൂട്ടറുകള്‍ മാത്രമുള്ള ഒരു ചെറുകിട സ്ഥാപനത്തിന് ആവശ്യമുള്ള മാന്‍പവർ അല്ല സിസ്കോ പ്രൊഫഷണല്‍ മറിച്ച് ഇന്‍റർനെറ്റ് വർക്കിങ്ങ് മേഖലയില് പ്രവർത്തിക്കുന്ന കമ്പനികള്‍ക്കായിട്ടുള്ളതാണ്. ബി എസ് എന്‍ എല്‍, ഏഷ്യാനെറ്റ് തുടങ്ങിയ ഇന്‍റർനെറ്റ് സർവ്വീസ് പ്രൊവൈഡേഴ്സിന് ഏറ്റവും ആവശ്യ ഘടകങ്ങളാണ് സിസ്കോ രംഗത്ത് അറിവുള്ളവർ. അത് കൂടാതെ ബാങ്കിങ്ങ് സെക്ടർ, പത്ര സ്ഥാപനങ്ങള്‍ തുടങ്ങിയവർക്കും ടെക്നോപാർക്ക്, ഇന്‍ഫോപാർക്ക് തുടങ്ങിയവയിലെ മള്‍ട്ടി നാഷണല്‍ കമ്പനികള്‍ക്കും ഈ യോഗ്യത ഉള്ളവരെ അവശ്യമായി വരും. വിദേശത്തെ മിക്ക നെറ്റ് വർക്കിങ്ങ് തൊഴിലവസരങ്ങള്‍ക്കും പ്രതീക്ഷിക്കുന്ന അടിസ്ഥാന അറിവുകളിലൊന്ന് സിസ്കോ നെറ്റ് വർക്കിങ്ങ് കഴിവുകളാണ്.
നെറ്റ് വർക്കിങ്ങ് രംഗത്തെ സർട്ടിഫിക്കേഷനുകളില്‍ MCSE യുടെ അതേ ശ്രേഷിയില്‍ ചിന്തിക്കാവുന്നതാണ് റെഡ്ഹാറ്റ് എന്ന കമ്പനി അവരുടെ ലിനക്സ് ഉല്‍പ്പന്നങ്ങള്‍ക്ക് വേണ്ടി നടത്തുന്ന സർട്ടിഫിക്കേഷന്‍ ആയ RHCSA/RHCEഎന്നിവയാണ്.
ഡെസ്ക്ടോപ്പ് വിപണിയില്‍ കൂടുതല്‍ ഉപയോഗിക്കുന്നത് മൈക്രോസോഫ്റ്റ് പ്രോഡക്ടുകള്‍ ആണെങ്കിലും നെറ്റ് വർക്ക് സർവ്വർ വിപണിയില്‍ വളരെയധികം മുന്‍തൂക്കം ലിനക്സ് ഉല്‍പ്പന്നങ്ങള്‍ക്ക് ഉണ്ട്. മാത്രമല്ല സ്റ്റോറേജ്, വെർച്വലൈസേഷന്‍, ഫയർവാള്‍ പോലെയുള്ള മേഖലയിലെ പല പ്രോഡക്ടുകളും ആധിഷ്ടിതമായിരിക്കുന്നത് ലിനക്സിലാണ്. ആയതിനാല്‍ത്തന്നെ ലിനക്സിന്‍റെ പഠനം നെറ്റ് വർക്കിന്‍റെ രംഗത്ത് ഏറെ അത്യന്താപേക്ഷിതമാണ്. ലിനക്സ് രംഗത്ത് പല കമ്പനികള്‍ ഉണ്ടുവെങ്കിലും സർട്ടിഫിക്കേഷന്‍ രംഗത്ത് പ്രശസ്തരായവർ റെഡ്ഹാറ്റ് എന്ന കമ്പനിയാണ്. ലിനക്സ് നെറ്റ് വർക്കിങ്ങ് മേഖലയില്‍ ഏറ്റവും പ്രശസ്തം RHCE അഥവാ റെഡ്ഹാറ്റ് സർട്ടിഫൈഡ് എഢ്ചിനിയർ ആണ്. മൈക്രോസോഫ്റ്റ് സർട്ടിഫിക്കേഷന്‍ പ്രക്രിയയില്‍ നിന്നും വ്യത്യസ്തമായി ഒരു പ്രാക്ടിക്കല്‍ അധിഷ്ടിത പരീക്ഷയാണ് റെഡ്ഹാറ്റിന്‍റേത്.RHCSA (System Admin), RHCE എന്നീ ക്രമത്തിലാണ് റെഡ്ഹാറ്റിന്‍റെ സർട്ടിഫിക്കേഷനുകള്‍. മറ്റു പല മേഖലയിലും സർട്ടിഫിക്കേഷനുകള്‍ ഉണ്ടെങ്കിലും RHCE ആണ് ഏറ്റവും പ്രശസ്തം. മറ്റു പല മേഖലയിലും സർട്ടിഫിക്കേഷനുകളുടെ കൂടെ ഒരു വാല്യു അഡിഷന്‍ ആയിട്ടാണ് RHCEകൂടുതലും യോജിക്കുക. കാരണം അടിസ്ഥാന നെറ്റ് വർക്കിങ്ങ് ആശയങ്ങള്‍RHCE യിലെ ആശയങ്ങള്‍ മനസ്സിലായിക്കൊള്ളണമെന്നില്ല.
നെറ്റ് വർക്കിങ്ങ് ഓപ്പറേറ്റിങ്ങ് സിസ്റ്റം രംഗത്തെ അറിവുകള്‍ ആർജ്ജിച്ച് കഴിഞ്ഞാല്‍ പിന്നെ അടുത്ത ഘട്ടം ഇന്‍ർ - നെറ്റ് വർക്കിങ്ങ് രംഗത്തെ കഴിവുകള്‍ നേടുകയാണ്. ഈ രംഗത്ത് പലപ്പോഴും സംഭവിക്കാറ് ഹാർഡ് വെയർ നെറ്റ് വർക്കിങ്ങ് രംഗത്ത് പരിചയം ഇല്ലാതെ ഇന്‍റർനെറ്റ് വർക്ക് രംഗത്ത് പരിചയം ഇല്ലാതെ ഇന്‍റർനെറ്റ് വർക്കിങ്ങ് രംഗത്തെ കോഴ്സുകളിലേക്ക് നേരിട്ട് എത്തുന്നതാണ്. രണ്ട് കമ്പ്യൂട്ടറുകള്‍ കണക്ട് ചെയ്യുന്നത് നെറ്റ് വർക്ക് ആണെങ്കില്‍ രണ്ട് നെറ്റ് വർക്കുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് ഇന്‍റർനെറ്റ് വർക്കിങ്ങ്. അതായത് നെറ്റ് വർക്ക് എന്താണെന്ന് അറിയാത്തവർക്ക് അതിനെ തമ്മില്‍ ബന്ധിപ്പിക്കുന്ന സാങ്കേതിക വിദ്യ വഴങ്ങണമെന്നില്ല.
മൈക്രോസോഫ്റ്റ് ഉല്‍പ്പന്നങ്ങള്‍ക്കായുള്ള ഐടി പ്രൊഫഷണല്‍ സർട്ടിഫിക്കേഷനുകളാണ് മൈക്രോസോഫ്റ്റ് സർട്ടിഫിക്കേഷനുകള്‍. നെറ്റ് വർക്കിങ്ങിന്‍റെ ഏത് മേഖലയിലേക്ക് നീങ്ങിയാലും ആദ്യ പഠിക്കുവാന്‍ പറ്റിയ മേഖല മൈക്രോസോഫ്റ്റിന്‍റേതാണ്. എന്ന് പറഞ്ഞാല്‍ ലിനക്സ് രംഗത്താണ് നെറ്റ് വർക്കില്‍ മുന്നേറണമെന്ന് ആഗ്രഹിക്കുന്നതെങ്കിലും ആദ്യം മൈക്രോസോഫ്റ്റ് നെറ്റ് വർക്കിങ്ങ് പഠിക്കുന്നത് നല്ലതാണ്. ക്ലയന്‍റ് സർവ്വർ, പീർ - ടു – പീർ മാതൃകയിലുള്ള നെറ്റ് വർക്കിന്‍റെ ഏറ്റവും സരളമായ അവതരണം സാധ്യമാവുന്നത് മൈക്രോസോഫ്റ്റ് നെറ്റ് വർക്കിങ്ങിലാണ്.
ഇവർ പലതലത്തിലുള്ള സർട്ടിഫിക്കേഷനുകള്‍ നല്‍കുന്നുണ്ടുവെങ്കിലും ഐ ടി ഇന്‍ഫ്രാസ്ട്രക്ചർ രംഗത്തെ പ്രശസ്തമായ മൈക്രോസോഫ്റ്റ് സർട്ടിഫിക്കേഷന്‍ MCSEല്‍ തുടങ്ങുന്നു. മൈക്രോസോഫ്റ്റ് സർട്ടിഫൈഡ് സിസ്റ്റം എഞ്ചിനിയർ എന്നതാണ് ഇത് കൊണ്ടർത്ഥമാക്കുന്നത്. ഒരു ഐ ടി വിദ്യാർത്ഥിക്ക് പഠിച്ച് തുടങ്ങുവാന്‍ നല്ലത് വിന്‍ഡോസ് സെർവ്വർ 2012 ഓപ്പറേറ്റിങ്ങ് സിസ്റ്റത്തില്‍ അധിഷ്ടിതമായ MCSE ആണ്.
MCSE 2012 സർട്ടിഫിക്കേഷനായി 8 സ്പെഷ്യലൈസേഷന്‍ ട്രാക്കുകളാണ് മൈക്രോസോഫ്റ്റ് വാഗ്ദാനം ചെയ്യുന്നത്. MCSE സെർവ്വർ ഇന്‍ഫ്രാസ്ട്രക്ചർ, MCSEഡെസ്ക്ടോപ് ഇന്‍ഫ്രാസ്ട്രക്ചർ, MCSE പ്രൈവറ്റ് ക്ലൌഡ്, MCSE ഡേറ്റാ പ്ലാറ്റ്ഫോം, MCSEബിസിനസ്സ ഇന്‍റലിജെന്‍സ്, MCSE മെസ്സേജിങ്ങ്, MCSE കമ്യൂണിക്കേഷന്‍, MCSEഷെയർ പോയിന്‍റ് എന്നിവയാണവ. ഇതില്‍ ഐ ടി പ്രൊഫഷണലുകള്‍ക്കായി ഏറ്റവും പ്രചാരമുള്ളത് MCSE സെർവ്വർ ഇന്‍ഫ്രാസ്ട്രക്ചർ പാത്ത് ആണ്.
നെറ്റ് വർക്കിങ്ങ്, സ്റ്റോറേജ്, വെർച്വലൈസേഷന്‍, സിസ്റ്റംസ് മാനേജ്മെന്‍റ്, ഐഡന്‍റിറ്റി മാനേജ്മെന്‍റ് തുടങ്ങിയ മേഖലകളിലെ പ്രഗത്ഭ്യത്തിനൊപ്പം വളരെ കാര്യക്ഷമമായ ആധുനിക ഡേറ്റാ സെന്‍ററുകള്‍ റണ്‍ ചെയ്യുന്നതിനാവശ്യമായ കഴിവുകള്‍ ഉണ്ടെന്ന വിലയിരുത്തലുകളാണ് MCSE സെർവ്വർ ഇന്‍ഫ്രാസ്ട്രക്ചർ സർട്ടിഫിക്കേഷനിലൂടെ ഉറപ്പാക്കപ്പെടുന്നത്. കമ്പ്യൂട്ടർ സപ്പോർട്ട് സ്പെഷ്യലിസ്റ്റ്, ഇന്‍ഫർമേഷന്‍ സെക്യൂരിറ്റി അനലിസ്റ്റ് പോലുള്ള പദവികളിലേയ്ക്കായിരിക്കും ഈ സർട്ടിഫിക്കേഷനിലൂടെ എത്തിച്ചേരാനാവുക.
MCSE ആകുവാന്‍ 5 പരീക്ഷകള്‍ ഉള്ളതില്‍ ആദ്യ മൂന്ന് പേപ്പറുകള്‍ പൊതുവായിരിക്കും. അവയിലൂടെയാണ് MCSA (സൊല്യൂഷന്‍ അസ്സോസിയേറ്റ്) ആക്കുകയും തുടർന്ന് എഴുതുന്ന 2 പരീക്ഷകളാണ് MCSE ആക്കുകയും ചെയ്യുന്നത്. അവസാനത്തെ 2 പേപ്പറുകളാണ് നമ്മുടെ സ്പെഷ്യലൈസേഷന്‍ തീരുമാനിക്കുന്നത്. https://www.microsoft.com/en-us/learning/mcse-certification.aspx എന്ന ലിങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ സാധിക്കും.
ഐ ടി വിദ്യാർത്ഥികള്‍ ഈ രംഗത്ത് ചെയ്യാറുള്ള ഒരു രീതി ഒരു കമ്പനിയുടെ സർട്ടിഫിക്കേഷന്‍റെ പരമാവധി തലം വരെ എത്തിയ ശേഷം തുടർന്ന് അടുത്ത കമ്പനിയുടെ സർട്ടിഫിക്കേഷനിലേക്ക് തിരിയുകയെന്നതാണ്. എന്നാല്‍ ഈ രംഗത്ത് തൊഴില്‍ ചെയ്ത് കൊണ്ട് പഠനം നടത്തുന്ന പലരും അനുവർത്തിച്ച് പോരുന്ന ഒരു പ്രവണത ഏതെങ്കിലും ഉല്‍പ്പന്നങ്ങളുടെ സർട്ടിഫിക്കേഷന്‍ കരസ്ഥമാക്കിയ ശേഷം അടുത്ത ഒരു കമ്പനിയുടെ അടിസ്ഥാന സർട്ടിഫിക്കേഷന്‍ നേടുകയെന്നതാണ്. അതിലൂടെ ഒന്നിലധികം രംഗങ്ങളില്‍ പ്രാഗത്ഭ്യം ജോലി സ്ഥലത്ത് തെളിയിക്കുവാനും അത് വഴി ജോലിയില്‍ ഉയർച്ച നേടുവാനും സഹായിക്കുന്നു.
മൈക്രോസോഫ്റ്റ് സർട്ടിഫിക്കേഷനുകളുടെ കാലാവധി എത്ര നാള്‍ എന്ന ചോദ്യം ഉണ്ട്. ഇത് ആപേക്ഷികമാണ്. സാധാരണയായി അടുത്ത നെറ്റ് വർക്ക് ഓപ്പറേറ്റിങ്ങ് സിസ്റ്റം പുറത്തിറങ്ങുന്നത് വരെ എന്നാണ് ഉത്തരം. എന്നാല്‍ പുതിയ സെർവ്വർ എത്തുമ്പോള്‍ ആ ഉല്‍പ്പന്നത്തിന്‍റെ അറിവും നേടുകയെന്നതാണ് പ്രധാനം. എന്നാല്‍ ചില കമ്പനിക്കാർ അവരുടെ ജീവനക്കാർ പുതിയ സർട്ടിഫിക്കേഷനുകളിലേക്ക് അപ്ഡേറ്റ് ചെയ്യണമെന്ന് നിഷ്കർഷിക്കാറുണ്ട്. മാത്രമല്ല ഈ രംഗത്തെ മൈക്രോസോഫ്റ്റില്‍ തന്നെ പല അഡ്വാന്‍സ്ഡ് സർട്ടിഫിക്കേഷനുകള്‍ക്കും ഏറ്റവും പുതിയ MCSE വേണം എന്ന നിബന്ധനയുണ്ടാവും.
കടപ്പാട്: ഉന്നതവിദ്യാഭ്യാസം
അവസാനം പരിഷ്കരിച്ചത് : 6/20/2020