অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

അതിരുകളില്ലാത്ത തൊഴിൽസാധ്യത

ആമുഖം

വിജ്‌ഞാന, വിനോദ മേഖലകളിലെ ആധുനികമുഖമാണ് മൾട്ടിമീഡിയ – ആനിമേഷൻ– ഗെയിമിങ് രംഗം. സിനിമ, ടിവി, കംപ്യൂട്ടർ ഗെയിമുകൾ എന്നിവയുടെ പ്രചാരം അനുദിനം കുതിച്ചുയരുന്നു. ആഗോളവിപണിയിൽ ഏതാണ്ട് 10,000 കോടി ഡോളർ മറിയുന്ന മുഖ്യധാരാവ്യവസായമാണു ഗെയിമിങ്.

വാർഷികവളർച്ച ആറു ശതമാനത്തോളം. മള്‍ട്ടിമീഡിയ, ആനിമേഷന്‍, വെബ് ഡിസൈന്‍, ഗ്രാഫിക് ഡിസൈന്‍ തുടങ്ങിയ മേഖലകളിലും ഏറെ സാധ്യതകള്‍. എന്നാല്‍ ഇവ പ്രയോജനപ്പെടുത്തണമെങ്കില്‍ ശാസ്‌ത്രീയപരിശീലനം വേണം. വിദഗ്ധ പരിശീലനം നേടിയ ഭാവനാശാലികളുടെ പ്രഫഷനൽ സേവനമാണ് ഈ മേഖലകളില്‍ ആവശ്യം.

എന്താണ് മൾട്ടിമീഡിയ

പേരു സൂചിപ്പിക്കുന്നതു പോലെ പല മാധ്യമങ്ങൾ ചേർന്നതാണു മൾട്ടിമീഡിയ. ടെക്‌സ്‌റ്റ്, ചിത്രങ്ങൾ, ഗ്രാഫിക്സ്, ഓഡിയോ, വിഡിയോ, ഇന്റർആക്ടിവിറ്റി എന്നിവയൊക്കെ ഘടകങ്ങളാണ്. കലയും ശാസ്‌ത്രവും സാഹിത്യവും വാണിജ്യവും വ്യവസായവും മൾട്ടിമീഡിയയിൽ ഒത്തുചേരുന്നു.

എൻജിനീയറിങ്ങിന്റെയും ആർക്കിടെക്‌ചറിന്റെയും അവിഭാജ്യഭാഗമാണ് കംപ്യൂട്ടർ–എയ്ഡഡ് ഡിസൈൻ. പല വെബ്സൈറ്റുകളെയും ശ്രദ്ധേയമാക്കുന്നത് അവയില്‍ ലഭ്യമാക്കിയിരിക്കുന്ന ലിങ്കുകളാണ്. വെറുതെ പുസ്‌തകത്തിലെപ്പോലെ എഴുതിവച്ചാൽ താൽപര്യമില്ലാത്ത പലതില്‍ കൂടിയും നാം കടന്നുപോകേണ്ടിവരും.

വിഷയങ്ങൾ വിഭജിച്ചു നൽകിയിട്ടുണ്ടെങ്കിൽ ഇഷ്‌ടമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ തുറന്നുകിട്ടുന്ന ഉപവിഭാഗത്തിൽ വീണ്ടും ക്ലിക്ക് ചെയ്‌തുപോയി ലക്ഷ്യസ്‌ഥാനത്ത് എളുപ്പമെത്താം. ഇത് ഇന്റർആക്‌ടിവിറ്റി നൽകുന്ന സൗകര്യമാണ്. കംപ്യൂട്ടർ ഗെയിമുകൾ, പരീക്ഷാപരിശീലന സൈറ്റുകൾ, തൊഴിലപേക്ഷാ സൈറ്റുകൾ മുതലായവയിൽ ഇതു ധാരാളമുണ്ടായിരിക്കും. കാർട്ടൂൺ നെറ്റ്‌വർക്കിലും മറ്റും നാം കാണുന്ന 2ഡി (ദ്വിമാന) ആനിമേഷനായാലും യഥാർഥമനുഷ്യരൂപമായും മറ്റും തോന്നിക്കുന്ന 3ഡി (ത്രിമാന) ആനിമേഷനായാലും, ചിത്രരചനയ്‌ക്കും നിർമാണത്തിനും ഏറെപ്പേരുടെ ദീർഘകാലപ്രയത്നം വേണ്ടിവരും.

ആനിമേഷനാണു വെബ്‌സൈറ്റുകൾക്കും കാർട്ടൂൺ ചിത്രങ്ങൾക്കും ജീവൻ പകരുന്നത്. ടെലിവിഷൻ, വിഡിയോ, സിനിമ മുതലായവയിൽ സങ്കീർണമായ ത്രിമാന സമ്പ്രദായം വേണം. പരസ്യചിത്രങ്ങളിൽ ഇതേറെ ഉപയോഗിക്കുന്നു. വിഎഫ്എക്സ് (വിഷ്വൽ ഇഫക്ട്സ്), സിജിഐ (കംപ്യൂട്ടർ–ജനറേറ്റഡ് ഇമേജറി) അടക്കമുള്ള സാങ്കേതികവിദ്യകൾ ഉപയോഗിച്ച് കാണികളെ അമ്പരപ്പിച്ച സ്റ്റാർ വാർസും ജുറാസിക് പാർക്കും മുതൽ പുലിമുരുകൻ വരെയുള്ള സിനിമകളില്‍ ഈ മേ‌ഖല‌യുടെ സംഭാവനകളുണ്ട്.

തൊഴില്‍സാധ്യത എവിടെ ?

മൾട്ടിമീഡിയയുടെ കുടക്കീഴിൽ ഒരൊറ്റ ജോലിയല്ല, പല രംഗങ്ങളിലെയും വൈവിധ്യമാർന്ന പല ജോലികളുമുണ്ട്.

  • ടെലിവിഷൻ പ്രോഗ്രാം/സിനിമ / കാർട്ടൂൺ ചിത്രങ്ങൾ / വിഡിയോ നിർമാണം
  • ഗ്രാഫിക് ഡിസൈൻ
  • കംപ്യൂട്ടർ ഗെയിംസ് നിർമാണം
  • ഇന്റർനെറ്റ്: വെബ് ഡിസൈൻ
  • പരസ്യക്കമ്പനികൾ
  • ഫാഷൻ ഡിസൈൻ സ്‌ഥാപനങ്ങൾ
  • ഡിസൈൻ കേന്ദ്രങ്ങൾ
  • ബിപിഒ സ്‌ഥാപനങ്ങൾ
  • വൻകിട പ്രസാധന സ്ഥാപനങ്ങള്‍
  • മൊബൈൽ ഫോൺ സേവനങ്ങൾ
  • സിഡി / ഡിവിഡി  രൂപകൽപനയും നിർമാണവും

വേണ്ടത് തൊഴിൽവൈദഗ്ധ്യം

കേന്ദ്ര സർക്കാരിന്റെ മീഡിയ & എന്റർടെയ്ൻമെന്റ് സ്കിൽ കൗൺസിലിന്റെ കണക്കു പ്രകാരം ഇന്ത്യയിൽ മൾട്ടിമീഡിയ / ഡിസൈൻ രംഗത്ത് 2018നകം 26 ലക്ഷത്തിലേറെ തൊഴിലവസരങ്ങളാകും സൃഷ്ടിക്കപ്പെടുക. ഇതു പ്രയോജനപ്പെടുത്താൻ ഉന്നത വിദ്യാഭ്യാസത്തെക്കാൾ തൊഴിൽനൈപുണ്യ വികസനത്തിൽ ഊന്നിയുള്ള പരിശീലനമാണ് ആവശ്യം. പ്രമുഖ കമ്പനികളെല്ലാം ഇത്തരം തൊഴിൽവൈദഗ്ധ്യം ജോലിക്കുള്ള മാനദണ്ഡമായി കണക്കാക്കുന്നു.

ഗെയിമിങ് രംഗത്തെ ജോലികൾ

ഏറ്റവും കൂടുതൽ അവസരങ്ങൾ സിനിമ, വിഡിയോ ഗെയിം, വെബ് ഡവലപ്മെന്റ് മേഖലകളിലാണ്. ഇന്ത്യൻ വ്യവസായങ്ങളിൽ ഇവയ്‌ക്ക് ഒട്ടേറെ പേരെ ആവശ്യമുണ്ട്.

  1. ഗെയിം ഡിസൈനർ: ചിത്രരചന, രൂപങ്ങൾ ഭാവനയിൽ കാണാനുള്ള വൈഭവം, പുതുചിന്ത, 3ഡി–ഡിസൈൻ സാമർഥ്യം, ഗെയിമിങ്ങിലെ നൂതനപ്രവണതകളുമായി പരിച‌യം എന്നിവ വേണം.
  2. ഗെയിം ഡവലപ്പർ: വർണബോധം, ചിത്രീകരണത്തിനുള്ള യുക്തി, ചിത്രകലാപ്രാവീണ്യം എന്നിവ വേണം.
  3. ഗെയിം ടെസ്റ്റർ: ആനിമേഷൻ–മൾട്ടിമീഡിയയിലെ യുക്തിയും ഇഫക്ട്സും ഉൾപ്പെടെ സാങ്കേതികത്തികവ് ആവശ്യമാണ്

4. ഗെയിമിങ് രംഗത്തെ മറ്റു ജോലികൾ:

2ഡി / 3ഡി ആനിമേറ്റർ, അഡ്വർടൈസിങ് ആർട്ടിസ്റ്റ്, കാർട്ടൂണിങ് വിദഗ്ധൻ, എന്റർടെയ്ൻമെന്റ്‌ സ്പെഷലിസ്റ്റ്, വിഷ്വൽ ഇഫക്ട്സ് എക്സ‌്പർട്ട്, ഗെയിം ജേണലിസ്റ്റ്, ഇന്റർഫേസ് ആർട്ടിസ്റ്റ്, മ്യൂസിക് കംപോസർ, സ്ക്രിപ്റ്റ് റൈറ്റർ, ടെക്സ്ചർ ആർട്ടിസ്റ്റ്, വോയിസ് ആക്ടർ.

യുഎസ് അടക്കമുള്ള പാശ്‌ചാത്യരാജ്യങ്ങൾ പുറംജോലികൾ കുറയ്‌ക്കുമെന്നു പറയപ്പെടുന്നുണ്ടെങ്കിലും ലാഭനഷ്ട കണക്കുകൾ നോക്കുമ്പോൾ മൾട്ടിമീഡിയ ഉൾപ്പെടെയുള്ള സേവനങ്ങൾക്ക് ഇന്ത്യയെയും മറ്റും വൻതോതിൽ ആശ്രയിക്കാനാണു സാധ്യത. ചിത്രരചനാപാടവം നിർബന്ധമല്ലെങ്കിലും വരയും വർണവും ചേർക്കാൻ അഭിരുചിയുണ്ടെങ്കിൽ അഭികാമ്യം.

കടപ്പാട്- മനോരമ ഓണ്‍ലൈന്‍.കോം

അവസാനം പരിഷ്കരിച്ചത് : 7/11/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate