കുട്ടികളുടെ നേര്‍ക്കുണ്ടാകുന്ന ലൈംഗികപീഡനം സംബന്ധിച്ച പരാതികള്‍ ഓണ്‍ലൈനായി നല്‍കാനായി ആരംഭിച്ച പദ്ധതി ആണ് പോക്സോ ഇ–ബോക്സ്.
കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ക്രിമിനലുകളെ കുടുക്കാന്‍ പുതിയ 'ഇ-ബോക്‌സ്' സംവിധാനം.
പോസ്‌കോ (പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ്) ആണ് ഇത്തരക്കാരെ കുടുക്കാന്‍ 'ഇ-ബോക്‌സ്' സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ കുട്ടികളുടെ വര്‍ധിച്ച തോതിലുള്ള പങ്കാളിത്തം പുതിയ സംവിധാനം വ്യാപകമാക്കും എന്ന പ്രതീക്ഷയിലാണ് ഇ-സംവിധാനം രൂപകല്പന ചെയ്തിരിക്കുന്നത്.
രാജ്യത്ത് കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ദിനംപ്രതി വര്‍ധിച്ചുവരുന്നതായാണ് കണക്കുകള്‍. ഇതില്‍ 50 ശതമാനത്തിലധികം ഇരകളാകുന്നത് ആണ്‍കുട്ടികളാണെന്ന് പറയുന്നു. ഇത്തരം പീഡനങ്ങള്‍ മാതാപിതാക്കളോട് പറയാനുള്ള മടിയും മറ്റ് മാര്‍ഗങ്ങളില്ലാതെ വരികയും ചെയ്യുമ്പോഴാണ് കുട്ടികള്‍ മാനസിക പ്രശ്‌നങ്ങളിലേക്ക് പോകുന്നതെന്നും പഠനങ്ങളില്‍ പറയുന്നു.ഇതിന് പരിഹാരമായാണ് ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ വെബ് സൈറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഇ-ബോക്‌സ് പുഷ് ബട്ടണ്‍ പരാതി സംവിധാനം.
ദേശീയ ശിശു അവകാശ സംരക്ഷണ കമീഷന്റെ വെബ്സൈറ്റായ http://nccr.gov.in ലാണ് ഇ–ബോക്സ് ലഭ്യമാകുക.പോസ്കോ ഇ–ബോക്സ് ബട്ടണില്‍ അമര്‍ത്തുമ്പോള്‍ കുട്ടികള്‍ക്കായുള്ള അനിമേഷന്‍ ചിത്രം ഉള്‍പ്പെടുത്തിയ അനിമേറ്റഡ് പേജില്‍ എത്തും. സംഭവിച്ചതൊന്നും തന്റെ കുഴപ്പം കൊണ്ടല്ലെന്നും കുറ്റബോധം തോന്നേണ്ട കാര്യമില്ലെന്നും ദേശീയ ശിശു അവകാശ സംരക്ഷണ കമീഷന്‍ സഹായത്തിനുണ്ടെന്നും കുട്ടികള്‍ക്ക് ഉറപ്പുനല്‍കുന്നതാണ് ഹ്രസ്വചിത്രം. തുടര്‍ന്നുവരുന്ന പേജില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിലൂടെ പരാതി രേഖപ്പെടുത്തും.
കൊച്ചു കുട്ടികള്‍ക്കായി അനിമേഷനൊക്കെ ഉള്‍പ്പെടുത്തി ആകര്‍ഷകമായ രീതിയിലാണ് രൂപകല്പന. പരാതി നല്‍കുന്നത് ഗൗരവമേറിയ ഒന്നാണെന്ന് തോന്നിപ്പിക്കാത്ത തരത്തില്‍ ഒരു കാര്‍ട്ടൂണ്‍ വായിക്കുന്നത്ര എളുപ്പത്തില്‍ കുട്ടികള്‍ക്ക് നേരിട്ട് പരാതിപ്പെടാനാവും.
തങ്ങള്‍ക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നും എല്ലാവരും പിന്തുണയുമായി ഒപ്പമുണ്ടെന്നും തോന്നിപ്പിക്കുന്ന ഭാഗത്തോടെയാണ് പരാതിപ്പെടലിന്റെ ഘട്ടം ആരംഭിക്കുന്നത് തന്നെ.
കുറ്റകൃത്യത്തിന്റെ രീതി മനസ്സിലാക്കുന്നതിന് പീഡനത്തിനിരയാകാനുള്ള വിവിധ സാഹചര്യങ്ങള്‍ ചിത്രരൂപത്തില്‍ കൊടുത്തിട്ടുണ്ട്. ഇതില്‍ നിന്ന് തങ്ങള്‍ക്ക് നേരിട്ട പീഡന രീതി സെലക്ട് ചെയ്യുന്നതോടെ പരാതി കൊടുക്കല്‍ കഴിഞ്ഞു. മൊബൈല്‍ നമ്പറും ഇ-മെയില്‍ അഡ്രസ്സും നല്‍കുന്നതോടെ കംെപ്ലയിന്റ് നമ്പറില്‍ കുറ്റകൃത്യം രജിസ്റ്റര്‍ ചെയ്യപ്പെടും.
സൈബര്‍ സ്‌പേസില്‍ സജീവമായി ആളുകളുള്ള മെട്രോ നഗരങ്ങളിലും കേരളമടക്കമുള്ള ചില സംസ്ഥാനങ്ങളിലും കുട്ടികള്‍ക്കിടയില്‍ വേഗത്തില്‍ സംവിധാനം പരിചയപ്പെടുത്താന്‍ കഴിയുമെന്നാണ് ബാലാവകാശ കമ്മിഷന്റെ പ്രതീക്ഷ.
Source : National Commission for Protection of Child Rights (NCPCR)
അവസാനം പരിഷ്കരിച്ചത് : 2/15/2020