ഡിജിറ്റല്‍ ക്രയവിക്രയത്തിന്റെ കാര്യത്തില്‍ രാജ്യം ഒരു കുതിച്ചുചാട്ടത്തിന് ഒരുങ്ങുമ്പോള്‍ ഇന്ത്യന്‍ റെയില്‍വെയും അതില്‍ നിന്ന് മാറിനില്‍ക്കുന്നില്ല. റെയില്‍വേയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഐ.ആര്‍.സി.ടി.സി (ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍) ആണ് ടിക്കറ്റ് ബുക്കിങ്ങിനായി 'ഐ.ആര്‍.സി.ടി.സി റെയില്‍ കണക്ട്' എന്ന പുത്തന്‍ ആപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. വേഗത്തിലും ലളിതമായും ടിക്കറ്റ് ബുക്കിങ് സാധ്യമാക്കുന്ന ഈ ആപ്പ് 'കാഷ്‌ലെസ്സ് ഇന്ത്യ' എന്ന ലക്ഷ്യത്തിലേക്കുള്ള ഒരു ചവിട്ടുപടിയായും കാണാം.
റിസര്‍വേഷന്‍ കൗണ്ടറിനു മുന്നില്‍ മണിക്കൂറുകളോളം കാത്ത് നിന്ന് മുഷിയാതെ സ്വന്തം സ്മാര്‍ട്ട്‌ഫോണില്‍ ഏതാനും ടാപ്പുകളിലൂടെ ( ക്ലിക്കുകള്‍) റിസര്‍വേഷന്‍ സാധ്യമാക്കുന്ന പുതിയ ആപ്പ് രാജ്യത്തെ റെയില്‍ യാത്രികര്‍ക്ക് ഉപകാരിയാകും എന്നതില്‍ സംശയമില്ല. അടുത്ത തലമുറ ടിക്കറ്റിങ് രീതിയായ ഇ-ടിക്കറ്റിങ് സമ്പ്രദായം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ ആപ്പ് പുറത്തിറക്കിയതെന്നു ഐ.ആര്‍.സി.ടി.സി.കേന്ദ്രങ്ങള്‍ പറയുന്നു.
'ഐ.ആര്‍.സി.ടി.സി കണക്ട്' എന്ന പേരില്‍ നേരത്തെ ലഭ്യമായിരുന്ന ആപ്പില്‍ മതിയായ മാറ്റങ്ങള്‍ വരുത്തിയാണ് ലളിതമായ ഇന്റര്‍ഫേസോടെ എളുപ്പത്തില്‍ ലോഡ് ആകുന്ന 'ഐ.ആര്‍.സി.ടി.സി റെയില്‍ കണക്ട്' ആപ്പ്എത്തിയിരിക്കുന്നത്. ജനുവരി പത്തിന് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ അപ്‌ലോഡ് ചെയ്യപ്പെട്ട ആപ്പ് ഇതിനകം പത്തു ലക്ഷത്തോളം ആളുകള്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്.
നിലവിലെ കണക്കനുസരിച്ച് ഏകദേശം പതിനൊന്നു ലക്ഷത്തോളം പേരാണ് ദിനവും ഇ-ടിക്കറ്റിങ് സേവനം ഉപയോഗിക്കുന്നത്.തത്കാല്‍ ടിക്കറ്റ്, ലേഡീസ് ക്വാട്ട, പ്രീമിയം തത്കാല്‍ ക്വാട്ട ബുക്കിംഗും പുതിയ ആപ്പ് ഉപയോഗിച്ച് സാധ്യമാകും.
നിലവില്‍ 'ഐ.ആര്‍.സി.ടി.സി കണക്ട്' ഉപയോഗിക്കുന്നവര്‍ക്ക് അതേ യൂസര്‍ നെയിം, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് പുതിയ ആപ്പായ 'റെയില്‍ കണക്ട്' പ്‌ളേസ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. ആപ്പ് ഉപയോഗിക്കാതെ ഐ.ആര്‍.സി.ടി.സി വെബ് സൈറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കും സമാന വിവരങ്ങള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യാന്‍ കഴിയും. മറന്നു പോയ പാസ്‌വേഡ് തിരിച്ചെടുക്കാനും ആപ്പില്‍ സൗകര്യമുണ്ട്. ആപ്പില്‍ പ്രവേശിക്കുമ്പോള്‍ 'ട്രെയിന്‍ ടിക്കറ്റ്', 'ബുക്ക് മീല്‍', 'എയര്‍ ടിക്കറ്റ്' എന്നീ ഐക്കണുകള്‍ ദൃശ്യമാകും.
ട്രെയിന്‍ ടിക്കറ്റ് എന്ന ഐക്കണില്‍ ടാപ് ചെയ്യുമ്പോള്‍ ആദ്യമായി ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഒരു നാലക്ക പിന്‍ സജ്ജമാക്കേണ്ടി വരും. പിന്നീടുള്ള ആപ്പ് ഉപയോഗത്തിന് ഈ പിന്‍ നമ്പര്‍ ഓര്‍ത്തുവയ്‌ക്കേണ്ടതാണ്. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി സ്റ്റേഷനുകളുടെ പേരുകള്‍ നല്‍കി യാത്ര നടത്താനുദ്ദേശിക്കുന്ന ദിവസത്തെ ട്രെയിനുകള്‍ കണ്ടെത്താനാകും.
ട്രെയിനുകളുടെ പേരുകളുടെ തൊട്ടു താഴെ അവയില്‍ ലഭ്യമായ വിവിധ കോച്ചുകളുടെ ലിസ്റ്റും കാണാന്‍ കഴിയും ഓരോ വിഭാഗത്തിലും ടാപ്പ് ചെയ്തു സീറ്റ് ലഭ്യത പരിശോധിക്കാനോ ബുക്ക് ചെയ്യാനോ സാധിക്കും. യാത്രക്കാരുടെ വിവരങ്ങള്‍ നല്‍കിയ ശേഷം ഇ പേയ്‌മെന്റിലൂടെ ബുക്കിങ് പൂര്‍ണ്ണമാക്കാനാകും.
ട്രെയിന്‍ ടിക്കറ്റ് മെനുവില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ ഈ ആപ്പിലൂടെ നിങ്ങള്‍ നടത്തിയ മുന്‍ ബുക്കിംഗ് വിവരങ്ങള്‍, 'ഐ.ആര്‍.സി.ടി.സി കണക്ട്' എന്ന പഴയ ആപ്പ് ഉപയോഗിച്ചുള്ള ബുക്കിംഗ് വിശദാംശങ്ങള്‍ എന്നിവ പരിശോധിക്കുന്നതിനൊപ്പം ടിക്കറ്റ് കാന്‍സല്‍ ചെയ്യുന്നതിനും ടി.ഡി.ആര്‍ ( Ticket Deposit Receipt ) ഫയല്‍ ചെയ്യാനുമുള്ള സംവിധാനം ഈ ആപ്പില്‍ ലഭ്യമാണ്.
ഈ ആപ്പില്‍ തന്നെയുള്ള 'ബുക്ക് മീല്‍', 'എയര്‍ ടിക്കറ്റ്' എന്നീ ഐക്കണുകള്‍ ഉപയോഗിച്ച് ഐ.ആര്‍.സി.ടി.സിയുടെ കാറ്ററിംഗ്, എയര്‍ ടിക്കറ്റിങ് ആപ്പുകളും ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിയും.
ആപ്പ് വഴിയല്ലാതെ ബുക്ക് ചെയ്യുന്ന പി.എന്‍.ആര്‍. സ്റ്റാറ്റസ് പരിശോധിക്കാനുള്ള സൗകര്യം കൂടി ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ ഒരൊറ്റ ആപ്പ് കൊണ്ട് മിക്കവാറും എല്ലാ റെയില്‍ സേവനങ്ങളും ലഭ്യമാക്കാന്‍ കഴിഞ്ഞേനെ. എന്തായാലും 'ഐ.ആര്‍.സി.ടി.സി കണക്ട്' എന്ന പഴയ ആപ്പിനേക്കാള്‍ മികച്ച പ്രതികരണമാണ് 'ഐ.ആര്‍.സി.ടി.സി റെയില്‍ കണക്ട്' എന്ന പുത്തന്‍ ആപ്പിന് ലഭിക്കുന്നത്.
ഐ.ആര്‍.സി.ടി.സി റെയില്‍ കണക്ട്
കടപ്പാട് : സെയ്ദ് ഷിയാസ് മിര്‍സ
അവസാനം പരിഷ്കരിച്ചത് : 6/20/2020