സാന്ത്വന പരിരക്ഷയിലും വൃദ്ധരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിലും അധിഷ്ഠിതമായ ആശയങ്ങളും മാതൃകകളും തേടി കേരള സ്റ്റാര്‍ട്ടപ് മിഷനും (കെഎസ്യുഎം) ക്രിയേറ്റിവിറ്റി കൗണ്‍സിലും സംയുക്തമായി ത്രിദിന ശില്‍പശാല.
നവംബര്‍ 22 മുതല്‍ തൃശൂരിലെ അദാനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ തോംപ്സണ്‍ എന്‍റര്‍പ്രൈസസിലാണ് ക്രിയേറ്റീവ് ഐ-മേക്കത്തോണ്‍ എന്ന ശില്‍പശാല. നൂതനാശയങ്ങളിലൂടെ സാന്ത്വന പരിരക്ഷയില്‍ ജീവിതനിലവാരം വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി ഈ രംഗത്ത് ചലനശേഷിയും മാറ്റവും ഉള്‍പ്പെടെയുള്ള 20 സുപ്രധാന ആവശ്യങ്ങള്‍ കണ്ടെത്തി രേഖയാക്കിയിട്ടുണ്ട്.
സമൂഹത്തിന്‍റെ സങ്കീര്‍ണമായ ആവശ്യങ്ങള്‍ മുഖ്യധാരയിലെത്തിക്കാന്‍ ക്രിയാത്മകതയും നൂതനത്വവും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നതിനും വിന്യസിക്കുന്നതിനുമായി തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലാഭേതര സ്ഥാപനമായ ക്രിയേറ്റിവിറ്റി കൗണ്‍സില്‍ കെഎസ്യുഎമ്മിന്‍റെ സാമൂഹിക പങ്കാളിയാണ്.
ശില്‍പശാലയില്‍ നൂതനാശയകര്‍ത്താക്കളുടേയും വിദഗ്ധരുടേയും സഹായത്തോടെ വിദ്യാര്‍ത്ഥികള്‍ മാതൃകകള്‍ രൂപപ്പെടുത്തും. ഇതാണ് പദ്ധതിയുടെ ആദ്യ ഘട്ടം. സ്റ്റാര്‍ട്ടപ് പദ്ധതിക്കു രൂപം നല്‍കാന്‍ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തീവ്ര പരിശീലനം നല്‍കും.
കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിംഗ് കോളേജ് മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വകുപ്പ് പ്രൊഫസറും തേങ്ങപൊതിക്കല്‍ യന്ത്രമായ കേരമിത്രچയുടെ ആശയദാതാവുമായ ഡോ.ജിപ്പു ജേക്കബ്, ദേശീയ അവാര്‍ഡ്ജേതാവും നൂതനാശയകര്‍ത്താവും സംരംഭകനുമായ അഗസ്റ്റിന്‍ തോംപ്സണ്‍, ദേശീയ അവാര്‍ഡ് ജേതാവും നൂതനാശയകര്‍ത്താവുമായ ജോയ് അഗസ്റ്റിന്‍ എന്നിവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കും.
മാതൃകകള്‍ ചിട്ടപ്പെടുത്താന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിദഗ്ധര്‍ പ്രോത്സാഹനം നല്‍കും. പേറ്റന്‍റ് സെര്‍ച്ച് , ബിസിനസ് പ്ലാന്‍, ഇക്കണോമിക് വയബിലിറ്റി എന്നിവയിലൂന്നിയ പ്രവര്‍ത്തനങ്ങളുമുണ്ടാകും. ഉല്‍പ്പന്ന വികസനത്തിനാണ് മൂന്നാം ദിവസം മാറ്റിവച്ചിരിക്കുന്നത്. സാങ്കേതിക സഹായം, പ്രവര്‍ത്തന മൂല്യ നിര്‍ണയം, എന്‍ഡ് യൂസര്‍ വിശകലനം എന്നിവ ഇതില്‍ ഉള്‍പ്പെടും.തെരഞ്ഞെടുക്കപ്പെടുന്ന പ്രോജക്ടുകള്‍ക്ക് സ്റ്റാര്‍ട്ടപ്പുകള്‍ രൂപപ്പെടുത്താന്‍ കെഎസ്യുഎമ്മും ഐഐടി മദ്രാസിലെ റൂറല്‍ ടെക്നോളജി ആക്ഷന്‍ ഗ്രൂപ്പ് സെന്‍ററും സഹായം നല്‍കും. മാര്‍ഗനിര്‍ദേശം നല്‍കുന്നത് ക്രിയേറ്റിവിറ്റി കൗണ്‍സിലായിരിക്കും.
കടപ്പാട്:സി.വി.ഷിബു