অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പിന്തുടര്‍ച്ചാവകാശ നിയമങ്ങള്‍

പിന്തുടര്‍ച്ചാവകാശം

മരിച്ചുപോകുന്ന ഒരാളുടെ സ്വത്തുക്കള്‍ക്ക് പിന്നീടുള്ള അവകാശികളെ സംബന്ധിച്ചാണ് പിന്തുടര്‍ച്ചാവകാശനിയമം വ്യവസ്ഥ ചെയ്യുന്നത്. വിവാഹം, വിവാഹമോചനം എന്നിവപോലെതന്നെ പിന്തുടര്‍ച്ചാവകാശത്തെ സംബന്ധിച്ചും വ്യത്യസ്ഥ മതവിഭാഗങ്ങള്‍ക്ക് വ്യത്യസ്ഥ നിയമങ്ങളുണ്ട്.

ഹിന്ദു നിയമങ്ങള്‍

കൂട്ടുകുടുംബ സമ്പ്രദായമായിരുന്നു മുമ്പ് ഹിന്ദുസമുദായത്തില്‍ നിലനിന്നിരുന്നത്. അന്ന് സ്വത്തവകാശം ജന്മം കൊണ്ട് നേടുന്നതായിരുന്നു. 1976 ഡിസംബര്‍ ഒന്നിന് കേരളത്തില്‍ ഹിന്ദുക്കള്‍ക്കിടയിലെ കൂട്ടുകുടുംബ സമ്പ്രദായവകാശങ്ങള്‍ എടുത്തുകളഞ്ഞു. ഇപ്പോള്‍ ഹിന്ദുസമുദായങ്ങളില്‍ സ്വത്തവകാശം നിര്‍ണയിക്കുന്നത് 1956 ലെ  ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമപ്രകാരമാണ്. ഒസ്യത്തെഴുതാതെ മരണപ്പെട്ട ഒരാളുടെ സ്വത്ത് വിഭജനത്തെ സംബന്ധിച്ചാണ് ഈ നിയമം പറയുന്നത്. ഒസ്യത്തെഴുതാതെ മരിച്ച ഒരു പുരുഷന്‍റെ സ്വത്ത് ആദ്യം അവകാശപ്പെടാവുന്നത്- ക്ലാസ് 1 അവകാശികള്‍ക്കാണ്.

ക്ലാസ്-1

1) മകന്‍, 2) മകള്‍, 3) വിധവ, 4) മാതാവ്, 5) മരണപ്പെട്ട മകന്‍റെ മകന്‍, 6) മരണപ്പെട്ട മകളുടെ മകന്‍, 7) മരണപ്പെട്ട മകളുടെ മകള്‍, 8) മരണപ്പെട്ട മകന്‍റെ വിധവ, 9) മരിച്ച മകന്‍റെ മകന്‍ മരിച്ചാല്‍ അയാളുടെ മകനും മകളും വിധവയും, 10) മരണപ്പെട്ട മകന്‍റെ മരണപ്പെട്ട മകന്‍റെ മകള്‍, 11) മരണപ്പെട്ട മകന്‍റെ മരണപ്പെട്ട മകന്‍റെ വിധവ.

ക്ലാസ്-1 അവകാശികളായി ആരുമില്ലെങ്കില്‍ ക്ലാസ്-2 അവകാശികള്‍ക്ക് ആ സ്വത്തവകാശം വന്നുചേരും.

ക്ലാസ്-2

1) പിതാവ്, 2) മകന്‍റെ മകളുടെ മകന്‍, മകന്‍റെ മകളുടെ മകള്‍, സഹോദരന്‍, സഹോദരി 3) മകളുടെ മകന്‍റെ മകന്‍, മകളുടെ മകന്‍റെ മകള്‍, മകളുടെ മകളുടെ മകള്‍, മകളുടെ മകളുടെ മകന്‍ 4) സഹോദരന്‍റെ മകള്‍, സഹോദരിയുടെ മകള്‍. 5) പിതാവിന്‍റെ പിതാവ്, പിതാവിന്‍റെ മാതാവ്. 6) പിതാവിന്‍റെ വിധവ, സഹോദരന്‍റെ വിധവ. 7) പിതാവിന്‍റെ സഹോദരന്‍, പിതാവിന്‍റെ സഹോദരി 8)മാതാവിന്‍റെ പിതാവ്, മാതാവിന്‍റെ മാതാവ്. 9) മാതാവിന്‍റെ സഹോദരന്‍, മാതാവിന്‍റെ സഹോദരി.

ഇവിടെ 1 ഇല്ലെങ്കില്‍മാത്രം 2നും, 2 ഇല്ലെങ്കില്‍ 3 ന് അതുപോലെ തുടര്‍ന്നും ആണ് അവകാശം.

ക്ലാസ്-1ല്‍പെട്ട അവകാശികള്‍ക്കാണ് മരണപ്പെട്ട വ്യക്തിയുടെ സ്വത്തവകാശം. ക്ലാസ്-1 ലെ അവകാശികള്‍ നിലവിലില്ലായെങ്കില്‍ ക്ലാസ്-2ലുള്ള അവകാശികള്‍ക്ക് സ്വത്ത് ലഭിക്കും. ഇവരിലും ആരും നിലവിലില്ലായെങ്കില്‍ രക്തബന്ധത്തിലൂടെയോ, ദത്തെടുപ്പിലൂടെയോ, പുരുഷബന്ധമുറകള്‍ വഴിയുള്ള ബന്ധുക്കള്‍ക്കായിരിക്കും അവകാശം. ഇവരും ഇല്ലെങ്കില്‍ രക്തബന്ധത്തിലൂടെയോ, ദത്തെടുക്കലിലൂടെയോ പുരുഷബന്ധമുറയിലൂടെ അല്ലാതെയുള്ള ബന്ധുക്കള്‍ക്ക് ലഭിക്കും.

വിഭജന തത്വങ്ങള്‍

വിധവയ്ക്ക് ഓഹരി ലഭിക്കും. ഒന്നില്‍ക്കൂടുതല്‍ വിധവകള്‍ ഉണ്ടെങ്കില്‍ എല്ലാവര്‍ക്കുംകൂടി ഒരോഹരി. നിലവിലുള്ള ആണ്‍മക്കള്‍ക്കും പെണ്മക്കള്‍ക്കും അദ്ദേഹത്തിന്‍റെ മരണപ്പെട്ട ആണ്‍മക്കള്‍ക്കും തുല്യ ഓഹരിയില്‍നിന്നുവേണം ഈ വിഭജനം നടത്താന്‍.

മരണപ്പെട്ട ആളുടെ ആണ്‍മക്കള്‍ക്കും, പെണ്മക്കള്‍ക്കും കൂട്ടായി ലഭിച്ച ഒരു ഓഹരിയില്‍നിന്ന് തുല്യമായി വിഭജിക്കണം.

സ്ത്രീയുടെ സ്വത്തിന് അവകാശികള്‍

ഒസ്യത്തോ, മറ്റ് തത്തുല്യരേഖകളോ ഇല്ലാതെ മരണപ്പെട്ട ഹിന്ദുസ്ത്രീയുടെ സ്വത്തിന്‍റെ അവകാശികള്‍:

  1. ആണ്‍മക്കള്‍, പെണ്‍മക്കള്‍, മരണപ്പെട്ട മകന്‍റെയോ മകളുടെയോ കുട്ടികള്‍, ഭര്‍ത്താവ്
  2. ഭര്‍ത്താവിന്‍റെ അനന്തരാവകാശികള്‍
  3. മാതാവും പിതാവും
  4. പിതാവിന്‍റെ അനന്തരാവകാശികള്‍
  5. മതാവിന്റെ അനന്തരാവകാശികള്‍

ഇവിടെയും (1) വിഭാഗക്കാര്‍ (2) നെ പുറന്തള്ളുന്നു. (2) വിഭാഗക്കാര്‍ (3) വിഭാഗക്കാരെയും തുടര്‍ന്നങ്ങോട്ടും.

ഒരു ഹിന്ദുസ്ത്രീക്ക് അവളുടെ സ്വത്തിനുമേല്‍ പൂര്‍ണ്ണാവകാശമുണ്ട്. സ്വത്തുക്കളില്‍ പൂര്‍വ്വികസ്വത്തും സ്വയാര്‍ജ്ജിത സമ്പത്തും ഉള്‍പ്പെടുന്നു.

മക്കളുടെ വിധവകള്‍ പുനര്‍വിവാഹം ചെയ്‌താല്‍ അവകാശമില്ലാതാകും. സ്വത്തിനുവേണ്ടി ഒരാളെ കൊന്നാല്‍ കൊല്ലപ്പെട്ട ആളിന്‍റെ സ്വത്ത് കൊലയാളിക്കുള്ള അവകാശം നഷ്ടപ്പെടും.

മരിക്കുന്ന സമയം അവകാശിയായി ഗര്‍ഭസ്ഥശിശു ഉണ്ടെങ്കില്‍ ആ ശിശു ജനിച്ചുകഴിഞ്ഞാല്‍ അവകാശിയായിത്തീരുന്നു.

ഇസ്ലാമിക നിയമങ്ങള്‍

മരണപ്പെടുന്ന ഒരു മുസ്ലീം വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കളുടെ അവകാശികളെപ്പറ്റിയും, മരിച്ചയാളുടെ കടബാധ്യതകള്‍ക്ക് പിന്തുടര്‍ച്ചാവകാശികള്‍ക്കുള്ള ബാധ്യതയെപ്പറ്റിയും മറ്റും ജഫ്രി ബീഗം കേസില്‍ അലഹബാദ് ഹൈക്കോടതിയുടെ ഫുള്‍ ബെഞ്ച്‌ വിധിയില്‍ ആധികാരികമായി പ്രസ്താവിച്ചിട്ടുണ്ട്. ഓരോരുത്തരുടെയും അവകാശങ്ങളെപ്പറ്റിയും, അവരവരുടെ ഓഹരിയെപ്പറ്റിയും വിശദമാക്കുന്നതാണ് ഇസ്ലാമിലെ പിന്തുടര്‍ച്ചാവകാശനിയമം. 1996 ലെ സുപ്രീംകോടതിവിധിയില്‍ പറയുന്നത് ഒസ്യത്തെഴുതാതെ മരിക്കുന്ന ഒരു മുസല്‍മാന്‍റെ സ്വത്ത് മരണത്തോടെ അവകാശികളില്‍ ഓഹരിയനുസരിച്ച് വന്നു ചേരുന്നു. ഓരോരുത്തരുടെ അവകാശവും ഓഹരിയും വ്യക്തവും വ്യത്യസ്തവുമാണ്‌. മരണപ്പെട്ടയാളുടെ കടബാധ്യതയില്‍, അനന്തരാവകാശികളുടെ ബാധ്യത, അവരുടെ അവകാശത്തിന്‍റെ ശതമാനത്തോളമേയുള്ളൂ.

ഉദാഹരണത്തിന് മൂന്ന് പിന്തുടര്‍ച്ചാവകാശികളെ ബാക്കിയാക്കി മരിച്ച ഒരു മുസ്ലീമിന്‍റെ സ്വത്ത് അവരവരുടെ ഓഹരിയനുസരിച്ച് വീതിക്കപ്പെട്ടുവെന്നു കരുതുക. മരണപ്പെട്ടയാള്‍ കടംകൊണ്ട ഒരാള്‍, അയാളുടെ പണം ലഭിക്കുവാനായി ഈ മൂന്ന് അവകാശികളില്‍ രണ്ടാളുടെ പേരില്‍ കേസ് കൊടുത്തു.കേസിന്‍റെ വിധി അവര്‍ക്ക് ലഭിച്ച സ്വത്തിന് ആനുപാതികമായി മാത്രമേ ബാധ്യതയുള്ളൂവെന്നായിരിക്കും. അതുകൊണ്ടുതന്നെ ഒറ്റയായോ, വെവ്വേറെയായോ, മുഴുവന്‍ കടവും വീട്ടുന്നതിനായി അവര്‍ക്ക് ബാധ്യതയില്ല. കടബാധ്യതകളും ആനുപാതികമായി വീതിക്കപ്പെട്ടിരിക്കുന്നുവെന്നര്‍ത്ഥം.

പൊതുതത്വങ്ങള്‍

ഇസ്ലാമിക സ്വത്തുനിയമത്തിലെ പ്രധാന പൊതുതത്വങ്ങള്‍ ഇവയാണ്.

  • മരിച്ചയാളുടെ സ്ഥാവരജംഗമവസ്തുക്കള്‍ സ്വയാര്‍ജ്ജിതമായാലോ പൂര്‍വാര്‍ജ്ജിതമായാലോ അവയെ വേര്‍തിരിച്ചു കാണാതെ, ഒരേരീതിയില്‍ കാണുന്നു.
  • പിന്തുടര്‍ച്ചക്കാരന്‍റെ അവകാശം ദാതാവിന്‍റെ മരണത്തോടെ പ്രാബല്യത്തില്‍വരുന്നു. ജീവിക്കുന്ന വ്യക്തിക്ക് പിന്തുടര്‍ച്ചാവകാശി ഇല.
  • മരണപ്പെട്ട ഒരാളുടെ ഏതെങ്കിലും ഒരവകാശി മരണസമയത്ത് പ്രത്യക്ഷത്തിലില്ലെങ്കിലും, അയാള്‍ മടങ്ങിവരുന്നതുവരെ ആ അവകാശം സൂക്ഷിക്കേണ്ടതാണ്.
  • ഒരാള്‍ക്ക് ഒന്നിലധികം വഴികളിലൂടെ ഒന്നില്‍ക്കൂടുതല്‍ അവകാശം ലാഭിക്കാമെങ്കില്‍, എല്ലാത്തിനും അയാള്‍ക്കര്‍ഹതയുണ്ട്.
  • ഏതെങ്കിലും പൊതു അപകടത്തില്‍പ്പെട്ട് വ്യക്തികള്‍ മരിക്കുകയും മരണത്തിന്‍റെ ക്രമം, ആര് ആദ്യം മരിച്ചു തുടങ്ങിയവ നിജപ്പെടുത്തുവാന്‍ പറ്റാതെവരികയും ചെയ്താല്‍ അതത് വ്യക്തികളുടെ സ്വത്ത് അവകാശികള്‍ക്ക് ലഭിക്കും.
  • വിവാഹബന്ധത്തിലൂടെയല്ലാതെ ജനിച്ച സന്തതികളുടെ സ്വത്തില്‍ പിതാവിന് അര്‍ഹതയുണ്ടാവുകയില്ല. മറിച്ച് പിന്തുടര്‍ച്ചക്കാര്‍ക്കും മാതാവ് വഴിയുള്ള ബന്ധുക്കള്‍ക്കും മാത്രമേ അവകാശം സിദ്ധിക്കൂ.

മുസ്ലീങ്ങളുടെ പിന്തുടര്‍ച്ചക്കാരില്‍ മൂന്ന് വിഭാഗത്തില്‍പ്പെട്ട അവകാശികളാണുള്ളത്.

  • പങ്കുകാര്‍ അഥവാ Shares - ഇവര്‍ ഒരു നിശ്ചിത ശതമാനം ഭാഗം അവകാശപ്പെട്ടവരാണ്. ഇവരെ ഖുര്‍ആനിക് അവകാശികള്‍ എന്ന് പറയുന്നു.
  • ശിഷ്ടാവകാശികള്‍ അഥവാ Residuaries - ഇവര്‍ നിശ്ചിത ശതമാനം ഭാഗത്തിന് അര്‍ഹരല്ലെങ്കിലും, ഖുര്‍ആനിക് അവകാശികള്‍ കഴിഞ്ഞ് ബാക്കിവരുന്നവര്‍ക്ക് അവകാശികളാണ്.
  • അകന്ന ബന്ധുജനം – പങ്കുകാരോ, അവശേഷിക്കുന്ന സ്വത്തിന്‍റെ അവകാശികളോ അല്ലാത്ത എല്ലാ രക്തബന്ധമുള്ളവരും ഈ പട്ടികയില്‍പെടുന്നു.

പങ്കുകാര്‍: മരണാനന്തര ചടങ്ങുകളുടെ ചെലവുകളും കടബാധ്യതകളും ഒസ്യത്തുപ്രകാരം അവകാശപ്പെട്ടതുമൊക്കെ തീര്‍ന്നാല്‍, സ്വത്തവകാശത്തില്‍ ആദ്യത്തെ പിന്തുടര്‍ച്ചാവകാശികള്‍ പങ്കുകാര്‍ അഥവാ ഖുര്‍ആനിക് അവകാശികള്‍.

ഇവരില്‍ ഭര്‍ത്താവ്, ഭാര്യ, മകള്‍ (മകന് ലഭിക്കുന്നതിന്‍റെ പകുതി), മകന്‍റെ മകള്‍ (മകന്‍ ജീവിച്ചിരിപ്പില്ലെങ്കില്‍), അച്ഛന്‍, അമ്മ, മുത്തച്ഛന്‍ (അച്ഛന്‍ ജീവിച്ചിരിപ്പില്ലെങ്കില്‍), മുത്തശ്ശി (അമ്മ ജീവിച്ചിരിപ്പില്ലെങ്കില്‍), സഹോദരിയുടെ (മകനോ മകന്‍റെ മകനോ ഇല്ലെങ്കില്‍), രക്തബന്ധമുള്ള സഹോദരി (മകനോ മകന്‍റെ മകനോ അച്ഛനോ ഇല്ലെങ്കില്‍ ), സഹോദരി എന്നിവര്‍ ഉള്‍പ്പെടുന്നു.

അവശേഷിക്കുന്ന സ്വത്തിന്‍റെ അവകാശികള്‍

പങ്കുകാര്‍ക്ക് അവകാശപ്പെട്ട ഭാഗംകൊടുത്ത് ബാക്കിയുള്ളത്, അല്ലെങ്കില്‍ പങ്കുകാര്‍ ഇല്ലെങ്കില്‍ സ്വത്ത്‌ മുഴുവനും ഇവര്‍ക്കവകാശപ്പെട്ടതാണ്.

  • പിന്മുറക്കാര്‍-മകന്‍, മകന്‍റെ മകന്‍
  • മുന്‍മുറക്കാര്‍- അച്ഛന്‍, അച്ഛന്‍റെ അച്ഛന്‍
  • അച്ഛന്റെ പിന്മുറക്കാര്‍- സഹോദരന്‍, സഹോദരി, അമ്മയൊന്നായ സഹോദരന്‍, സഹോദരി, സഹോദരന്‍റെ മകന്‍, സഹോദരന്‍റെ മകന്‍റെ മകന്‍, രക്തബന്ധത്തിലുള്ള സഹോദരന്‍റെ മകന്‍റെ മകന്‍.
  • മുത്തച്ഛന്റെ പിന്മുറക്കാര്‍.

ഇവരില്‍ അച്ഛനും മുത്തച്ഛനും പങ്കുകാരായും, അവശേഷിക്കുന്ന സ്വത്തിന്‍റെ അവകാശികളായും ഭാഗം ലഭിക്കും.

അകന്ന ബന്ധുജനം

പങ്കുകാരോ, അവശേഷിക്കുന്ന സ്വത്തിന്‍റെ അവകാശികളോ അല്ലാത്ത എല്ലാ രക്തബന്ധമുള്ളവരും ഈ പട്ടികയില്‍പ്പെടുന്നു. പങ്കുകാരില്‍ ഒന്നോ രണ്ടോപേരെ അവകാശികളായുള്ളൂവെങ്കില്‍, അവശേഷിക്കുന്ന സ്വത്തിന് അവകാശികളായിട്ടാരുമില്ലെങ്കില്‍ ബാക്കിയുള്ള സ്വത്ത്‌ അകന്ന ബന്ധുജനത്തിന് ലഭിക്കും.

ഇവരില്‍ പങ്കുകാരോ, അവശേഷിക്കുന്ന സ്വത്തിന്‍റെ അവകാശികളോ അല്ലാത്ത പിന്മുറക്കാരാണ് അകന്ന ബന്ധുജനങ്ങള്‍.

  1. പിന്മുറക്കാര്‍ - മകളുടെ മക്കളും, മകന്‍റെ മകളുടെ മക്കളും
  2. മുന്‍മുറക്കാര്‍ - പിതാമഹന്‍, മാതാമഹി
  3. പിതാവിന്‍റെയോ മാതാവിന്‍റെയോ പിന്മുറക്കാര്‍
    • സഹോദരന്‍റെ പെണ്മക്കളും അവരുടെ പിന്മുറക്കാരും.
    • രക്തബന്ധത്തിലുള്ള സഹോദരന്‍റെ പെണ്മക്കളും അവരുടെ പിന്മുറക്കാരും.
    • ഒരേ അമ്മയിലുള്ള സഹോദരന്മാരുടെ മക്കളും അവരുടെ പിന്മുറക്കാരും
    • സഹോദരന്‍റെ മകന്‍റെ പെണ്മക്കളും അവരുടെ പിന്മുറക്കാരും
    • രക്തബന്ധത്തിലുള്ള സഹോദരന്‍റെ മകന്‍റെ പെണ്മക്കളും അവരുടെ പിന്മുറക്കാരും
    • രക്തബന്ധത്തിലോ, ഒരേ അമ്മയിലുള്ളതോ അല്ലാതെയോ ഉള്ള സഹോദരികളുടെ മക്കളും അവരുടെ പിന്മുറക്കാരും
  4. നേര്‍പിതാമഹരുടെ പിന്മുറക്കാര്‍
    • അമ്മാവന്‍റെ പെണ്‍മക്കളും പിന്മുറക്കാരും
    • രക്തബന്ധത്തിലുള്ള അമ്മാവന്‍റെ പെണ്‍മക്കളും പിന്മുറക്കാരും
    • ഒരേ അമ്മവഴിക്കുള്ള അമ്മാവന്‍റെ മക്കളും അവരുടെ പിന്മുറക്കാരും
    • അമ്മായിമാരുടെ മക്കളും അവരുടെ പിന്മുറക്കാരും
    • അമ്മവഴി അമ്മാവന്മാരും, അമ്മായിമാരും അവരുടെ പിന്മുറക്കാരും
    • നിയമമനുസരിച്ച് ഒരു മുസല്‍മാന് പിന്തുടര്‍ച്ചാവകാശം നിഷേധിക്കാന്‍ സാധ്യമല്ല. അതുപോലെതന്നെ പിന്തുടര്‍ച്ചയ്ക്ക് സാധ്യതയുണ്ടെന്നോ ഒസ്യത്ത്പ്രകാരം സ്വത്ത്‌ വന്നുചേരുമെന്നോ ഉള്ള സാധ്യതകൊണ്ട് അത്തരം അവകാശങ്ങളെ പ്രതീക്ഷിച്ച് സ്വത്തവകാശ കൈമാറ്റം നടത്താന്‍ പാടില്ല.
    • ഒരു പിന്തുടര്‍ച്ചാവകാശി സ്വത്ത്‌ കൈവശം വന്നുചേരുന്നതിനു മുമ്പേ മരിച്ചാല്‍, അയാളുടെ അവകാശം നിയമപ്രകാരമുള്ള അയാളുടെ അവകാശികളില്‍ നിക്ഷിപ്തമാകും.
    • മാനസികവൈകല്യങ്ങളില്ലാത്ത ഒരു മുസ്ലീമിന് പ്രായപൂര്‍ത്തിയായാല്‍ തന്‍റെ സ്വത്ത്‌ ഒസ്യത്തെഴുതിവയ്ക്കാം. ഒരാള്‍ താന്‍ ജീവിച്ചിരിക്കേ തന്‍റെ മരണശേഷം സ്വന്തം ഉടമസ്ഥാവകാശത്തിലുള്ള സ്വത്തുക്കള്‍ എങ്ങനെ ഉപയോഗിക്കപ്പെടണമെന്ന് സ്വമനസ്സാലെയും പരപ്രേരണ കൂടാതെയും, സ്വബുദ്ധിയോടുംകൂടി പ്രകടിപ്പിക്കുന്ന പ്രഖ്യാപനത്തെ ഒസ്യത്ത് എന്ന് പറയുന്നു. ഇത് വാക്കാലോ, രേഖപ്രകാരമോ ചെയ്യാവുന്നതാണ്. എന്നാല്‍, മറ്റു മതസ്ഥരില്‍നിന്നും വ്യത്യസ്തമായി ഒരു മുസ്ലീമിന് തന്‍റെ മുഴുവന്‍ സ്വത്തും ഒസ്യത്തിലൂടെ കൈമാറ്റാനാവില്ല. മരണസമയത്ത് സ്വന്തം അവകാശത്തിലുള്ള സ്വത്തിന്‍റെ മൂന്നില്‍ ഒരുഭാഗം മാത്രമേ നിയമപരമായി അവകാശിയല്ലാത്ത ഒരാള്‍ക്ക് ഒസ്യത്ത് മുഖേന കൈമാറാനാവൂ. ഒസ്യത്ത് ചെയ്യുന്ന ആളുടെ മരണസമയത്ത് ഒസ്യത്തിലെ അവകാശകര്‍ നിലവിലുണ്ടായിരിക്കണം. ദാതാവിന്‍റെ മരണസമയത്ത് ഗര്‍ഭത്തില്‍ വഹിക്കപ്പെടുകയും ആറുമാസത്തിനുള്ളില്‍ ജനിക്കുകയും ചെയ്യുന്ന ശിശുവിന് ഒസ്യത്തിലെ അവകാശം ലഭിക്കുന്നതാണ്.

ക്രിസ്ത്യന്‍ നിയമങ്ങള്‍

ക്രിസ്ത്യാനികളുടെ പിന്തുടര്‍ച്ചാവകാശനിയമം പ്രാദേശികമായ വ്യത്യസ്തതകള്‍ നിറഞ്ഞതായിരുന്നു. ഈ പിന്തുടര്‍ച്ചാവകാശ നിയമങ്ങളെയെല്ലാം 1865ല്‍ ആദ്യമായി ക്രോഡീകരിച്ചു. പിന്നീട് 1925ല്‍ ഇന്ന് ഇന്ത്യയിലുള്ള ക്രിസ്ത്യാനികള്‍ക്കെല്ലാം ബാധകമാക്കിക്കൊണ്ട് ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശനിയമം, 1925 (Indian Succession Act, 1925) നിലവില്‍വന്നു.

വിധവകള്‍ക്കും കുട്ടികള്‍ക്കും

ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശനിയമപ്രകാരം മരിച്ചുപോയ ഒരാളുടെ വിധവയ്ക്കും മക്കള്‍ക്കും പ്രത്യേക അവകാശങ്ങളുണ്ട്. മരണപ്പെട്ടയാളുടെ സ്വത്തിന്‍റെ മൂന്നില്‍ ഒരു ഭാഗം ഭാര്യക്കോ/ഭര്‍ത്താവിനോ ലഭിക്കും. ബാക്കിയുള്ളത് മക്കളെല്ലാവര്‍ക്കുമായി തുല്യമായി വീതിച്ചെടുക്കാം.

മരണപ്പെട്ടയാള്‍ക്ക് ഒസ്യത്തെഴുതിവെച്ചിട്ടില്ലെങ്കില്‍ അവകാശികളായി ഭാര്യയോ/ഭര്‍ത്താവോ മാത്രമേയുള്ളൂ. നേര്‍പിന്തുടര്‍ച്ചക്കാര്‍ ഇല്ലായെങ്കില്‍, സ്വത്തിന്‍റെ പകുതിഭാഗം ഭാര്യക്ക്/ഭര്‍ത്താവിന് ബാക്കിയുള്ളത് രക്തബന്ധത്തിലുള്ള അവകാശികള്‍ക്ക് തുല്യമായും ലഭിക്കും. രക്തബന്ധത്തിലുള്ള അവകാശികളും ഇല്ലെങ്കില്‍ മുഴുവന്‍ സ്വത്തും ഭാര്യക്ക്/ഭര്‍ത്താവിന് ലഭിക്കും.

നേര്‍പിന്തുടര്‍ച്ചക്കാരില്ലെങ്കിലും, സ്വത്ത്‌ 5000/- രൂപമാത്രം മൂല്യമുള്ളതുമാണെങ്കില്‍, അതില്‍ മറ്റാര്‍ക്കും അവകാശമില്ല. അവകാശം ഭാര്യക്കോ/ഭര്‍ത്താവിനോ മാത്രമാണ്. പിന്മുറക്കാരില്‍ ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും തുല്യമായ ഓഹരികളാണ് ലഭിക്കുന്നത്. നേര്‍സന്താനം മരിച്ചു പേരക്കുട്ടികളുണ്ടെങ്കില്‍, ജീവിച്ചിരിക്കുമായിരുന്നെങ്കില്‍ ആ മകനോ മകള്‍ക്കോ കിട്ടുന്ന ഓഹരി അവരുടെ മക്കളായ, പേരക്കുട്ടികള്‍ തുല്യമായി വീതിച്ചെടുക്കും. മരിച്ചയാള്‍ക്ക്‌ നേര്‍പിന്തുടര്‍ച്ചക്കാരില്ലാത്തപക്ഷം, അച്ഛന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍, അച്ഛന് അവകാശം ലഭിക്കും.

സഹോദരങ്ങള്‍

നേര്‍പിന്തുടര്‍ച്ചക്കാരും, അച്ഛനും മരിച്ച ഒരാളുടെ സ്വത്തിന് മരിക്കുമ്പോള്‍ അമ്മയും സഹോദരന്മാരും സഹോദരിമാരും ജീവിച്ചിരിപ്പുണ്ടെങ്കില്‍ അവര്‍ക്കെല്ലാം തുല്യമായ ഓഹരികള്‍ക്ക് അവകാശമുണ്ട്.

മരിച്ചയാളുടെ അച്ഛന്‍ ജീവിച്ചിരിപ്പില്ല, സഹോദരനോ, സഹോദരിയോ, അല്ലെങ്കില്‍ മക്കളോ ഇല്ല എന്നാല്‍ അമ്മ ജീവിച്ചിരിപ്പുണ്ടെങ്കില്‍ സ്വത്തിന് അവകാശം അമ്മയ്ക്കാണ്.

മാതാപിതാക്കന്മാരോ മറ്റ് നേര്‍പിന്തുടര്‍ച്ചക്കാരോ ഇല്ലാത്തപക്ഷം സഹോദരീ-സഹോദരന്മാരോ ഇല്ലായെങ്കില്‍ ഏറ്റവുമടുത്ത രക്തബന്ധമുള്ള ബന്ധുക്കളുടെയിടയില്‍ സ്വത്ത്‌ ഭാഗിക്കപ്പെടും.

സ്വത്ത്‌ ഭാഗിക്കുമ്പോള്‍ ഒരു മകനോ മകള്‍ക്കോവേണ്ടി പ്രത്യേകമായി വല്ല ചെലവും നടത്തിയിട്ടുണ്ടെങ്കില്‍ അത് കണക്കാക്കുന്നതല്ല.

നിയമവിധേയമല്ലാതെയുള്ള മക്കള്‍

ജീവനാംശത്തിനും സ്വത്തിനും ക്രിസ്തീയ നിയമപ്രകാരം നിയമപരമല്ലാതെയുള്ള മക്കള്‍ക്ക് അവകാശമില്ല. ക്രിമിനല്‍ നടപടിക്രമം വകുപ്പ് 125 പ്രകാരം കിട്ടുന്ന ജീവനാംശം മാത്രമാണ് അവരുടെ അവകാശം.

പിന്തുടര്‍ച്ചാവകാശത്തെ സംബന്ധിച്ച്, 1925 ലെ ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശനിയമം പറയുന്നത് അവിഹിതമായി ഉണ്ടാവുന്ന കുട്ടിക്ക്, നിയമവിധേയമായ കുട്ടിക്ക് ലഭിക്കുന്ന പരിഗണനകളും, അവകാശങ്ങളും ലഭിക്കില്ലെന്നാണ്. അതുകൊണ്ട് പിന്തുടര്‍ച്ചാവകാശം നിയമവിധേയരല്ലാത്ത കുട്ടികള്‍ക്ക് ഇല്ല. കൊച്ചിന്‍ ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശനിയമം അമ്മയുടെ സ്വത്തില്‍, നിയമവിധേയമല്ലാതെയുല്ലതാണെങ്കിലും കുട്ടികള്‍ക്ക് അവകാശമുള്ളതായി പറയുന്നുണ്ട്. പക്ഷേ, ഈ നിയമം ഇന്ന് പ്രാബല്യത്തിലില്ല.

ദത്തെടുക്കപ്പെട്ട കുട്ടികള്‍

നിയമപരമായി ദത്തെടുക്കപ്പെട്ട കുട്ടികള്‍ക്ക് പിന്തുടര്‍ച്ചാവകാശം വ്യക്തമാക്കപ്പെട്ടിട്ടില്ലെങ്കില്‍, ഏതെങ്കിലും ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും ഭാഗമായി ദത്തെടുക്കപ്പെട്ട കുട്ടികള്‍ക്ക് അവകാശം പറയുന്നുണ്ടെങ്കില്‍ സാധാരണ മക്കളുടെ അതേ ഓഹരിക്ക് ദത്തെടുക്കപ്പെട്ട കുട്ടികള്‍ക്കും അവകാശമുണ്ട്.

ഒസ്യത്ത് (വില്‍പത്രം)

ഒരു വ്യക്തി തന്‍റെ സ്വത്ത്‌ മരണശേഷം എങ്ങനെ കൈകാര്യം ചെയ്യപ്പെടണം എന്നതിനെ സംബന്ധിച്ച് നടത്തുന്ന പ്രഖ്യാപനത്തിനാണ് ഒസ്യത്ത് എന്നുപറയുന്നത്. ഇത് എഴുതപ്പെട്ടതോ, വാക്കാലുള്ളതോ ആകാം. ഒസ്യത്തിനോടൊപ്പം നിശ്ചയങ്ങളെ വിശദീകരിച്ചും മാറ്റംവരുത്തിയും, കൂട്ടിച്ചേര്‍ത്തും ഒസ്യത്തിന്‍റെ ഭാഗമായി കണക്കാക്കപ്പെടേണ്ട അനുബന്ധവും ഉണ്ടാക്കാവുന്നതാണ്.

മാനസികരോഗമില്ലാത്തതും, മൈനര്‍ അല്ലാത്തതുമായ ഒരു വ്യക്തിക്ക് ഒസ്യത്ത് തയ്യാറാക്കുവാനുള്ള അവകാശമുണ്ട്. സാധാരണനിലയില്‍, മാനസികരോഗമുള്ള വ്യക്തിക്ക് അയാള്‍ ബുദ്ധിസ്ഥിരതയോടെ ഇരിക്കുന്ന അവസ്ഥയില്‍ ഒസ്യത്ത് ചെയ്യാവുന്നതാണ്. എന്നാല്‍, മദ്യപാനമോ രോഗമോ മറ്റു കാരണങ്ങളോ ബോധമില്ലാത്ത അവസ്ഥയിലുള്ള ഒരു വ്യക്തിക്ക് ഒസ്യത്ത് തയ്യാറാക്കുവാനുള്ള അവകാശം നിയമപരമായി ഇല്ല.

വഞ്ചിച്ചോ നിര്‍ബന്ധിച്ചോ, നിരന്തരമായ അപേക്ഷയുടെ ഫലമായോ എഴുതപ്പെടുന്ന ഒസ്യത്ത്, നിയമം അംഗീകരിക്കുന്നില്ല. ഒസ്യത്ത് തയ്യാറാക്കുന്ന ആളിന്‍റെ സ്വതന്ത്ര മാനസികവ്യാപാരത്തിന്‍റെ ഫലമാകണം ഒസ്യത്ത് എന്ന് നിയമം നിഷ്കര്‍ഷിക്കുന്നതാണ്. ഒരിക്കല്‍ തയ്യാറാക്കിയാല്‍, ഒസ്യത്ത് പിന്നീട് ദുര്‍ബലപ്പെടുത്തുവാനും, തിരുത്താനും ഒസ്യത്ത് എഴുതിയ ആള്‍ക്ക് അധികാരമുണ്ട്. ഭാഗികമായോ, പൂര്‍ണ്ണമായോ വില്‍പത്രകര്‍ത്താവിനു തിരുത്തുവാനും അധികാരമുണ്ട്.

സാങ്കേതികപദങ്ങള്‍ ഉപയോഗിക്കണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍, ഉപയോഗിച്ച പദങ്ങളാല്‍ ഒസ്യത്തിന്‍റെ ഉദ്ദേശ്യം വ്യക്തമാക്കണം. ഉദ്ദേശ്യലക്ഷ്യങ്ങള്‍ വ്യക്തമല്ലെങ്കില്‍ ഒസ്യത്ത് നിഷ്ഫലമായ ഒന്നായി കണക്കാക്കും. ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം ഒസ്യത്ത് രജിസ്റ്റര്‍ ചെയ്യണമെന്നും, മുദ്രപത്രത്തില്‍ എഴുതണമെന്നും നിര്‍ബന്ധമില്ല. എന്നാല്‍, രെജിസ്ടര്‍ ചെയ്യുന്നതിന് നിയമതടസ്സമില്ല.

രണ്ടോ അതിലധികമോ സാക്ഷികളെക്കൊണ്ട് വില്‍പത്രത്തിലെ ഒപ്പ് സാക്ഷ്യപ്പെടുത്തേണ്ടതാണ്. ഒസ്യത്ത് സാക്ഷ്യപ്പെടുത്തല്‍ ആവശ്യമായ രേഖയാണ്. സാക്ഷികള്‍, ഒസ്യത്ത് എഴുതിയ ആളിന്‍റെ ഒപ്പ്, സാക്ഷ്യപ്പെടുത്തേണ്ടതാണ്. ഒസ്യത്ത് കര്‍ത്താവ്‌ രേഖയില്‍ ഒപ്പുവച്ചതിനുശേഷം സാക്ഷികള്‍ ഒപ്പുവയ്ക്കണം. മറ്റു നിബന്ധനകളൊന്നും സാക്ഷ്യപ്പെടുത്തലിനെ സംബന്ധിച്ചില്ല.

കടപ്പാട്: കേരള സംസ്ഥാന ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി (കെല്‍സ)

അവസാനം പരിഷ്കരിച്ചത് : 4/21/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate