സ്ത്രീകളുടെ അരക്ഷിതാവസ്ഥയാണ് അവരെ രണ്ടാംതരം പൗരന്മാരാക്കുന്നതെന്ന കാര്യത്തില്‍ ആരും ഇന്ന് തര്‍ക്കിക്കില്ല. അതുകൊണ്ടുതന്നെ അവരുടെ സാമൂഹ്യരക്ഷ ഉറപ്പാക്കാന്‍ അവരുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കണമെന്നതും ഇന്ന് അംഗീകരിക്കപ്പെട്ട കാര്യം. സ്വത്തവകാശം ഇന്നും മതാധിഷ്ഠിതമാണ്. ഓരോ സമുദായത്തിലും അവരവരുടെ വ്യക്തിനിയമങ്ങള്‍ക്ക് അനുസരിച്ചാണ് സ്വത്തവകാശം. ഹിന്ദു പിന്തുടര്ച്ചാവകാശ നിയമത്തിയെ വ്യവസ്ഥകളാണ് ഈ കുറിപ്പില്‍ വിഷയമാകുന്നത്. ഹിന്ദുകുടുംബ വ്യവസ്ഥയില്‍ മക്കത്തായ(അച്ഛനിലൂടെയുള്ള അവകാശം)വും മരുമക്കത്തായ(അമ്മ വഴിയുള്ള അവകാശം)വും നിലനിന്നിരുന്നു.
മരുമക്കത്തായികള്‍ സാമ്പത്തികമായി കൂടുതല്‍ സ്വതന്ത്രരായിരുന്നുവെന്ന് പറയാം. മരുമക്കത്തായത്തില്‍ അമ്മയ്ക്കും പെണ്മക്കള്ക്കും വലിയ സ്ഥാനം കല്പ്പിച്ചിരുന്നു. സ്തീകള്‍വഴി മാത്രം പിന്തുടര്‍ച്ചാവകാശികളെ നിശ്ചയിക്കുന്ന അവകാശക്രമമാണ് മരുമക്കത്തായം. ഒരു സ്ത്രീയുടെ മക്കളും അവരുടെ പെണ്മക്കളുടെ മക്കളും എന്ന ക്രമത്തിനുളള അംഗങ്ങളുടെ കൂട്ടായ കുടുംബത്തിന് മരുമക്കത്തായ തറവാട് എന്നു പറയുന്നു. തറവാട് ഭാഗിക്കുമ്പോള്‍ ഓരോ ശാഖകളോ താവഴികളോ ആയി പിരിയുന്നു. ശാഖയിലെ ഓരോ അംഗത്തിനും വീതം കൊടുക്കുന്നതാണ് ആളോഹരിഭഭാഗം. പ്രധാനമായും നായര്‍ കുടുംബങ്ങളാണ് മരുമക്കത്തായം പിന്തുടര്ന്നിരുന്നത്. മറ്റു ഹിന്ദുക്കള്‍ പ്രധാനമായും പിന്തുടര്ന്നത് മിതാക്ഷര നിയമമാണ്. അച്ഛനും ആണ്മക്കളും അവരുടെ ആണ് സന്താനങ്ങളും അടങ്ങുന്ന മക്കത്തായ കുടുംബം. മിതാക്ഷര നിയമം സ്ത്രീകള്‍ക്ക് പുരുഷനു തുല്യമായ അവകാശം കൊടുത്തിരുന്നില്ല. സ്ത്രീകള്‍ക്ക് ലഭിക്കുന്ന സ്വത്തില്‍ പൂര്‍ണാവകാശമില്ലായിരുന്നു.
ഹിന്ദു പിന്തുടര്ച്ചാവകാശ നിയമം
1956ല്‍ നടപ്പില്‍ വന്ന ഹിന്ദു പിന്തുടര്ച്ചാവകാശനിയമവും തുടര്‍ന്നുളള ഭേദഗതികളുംമൂലം മിതാക്ഷരനിയമത്തിന് ഇപ്പോള്‍ പ്രസക്തിയില്ല. 1976 ഡിസംബര്‍ ഒന്നിന് കൂട്ടുകുടുംബം നിര്‍ത്തലാക്കല്‍ നിയമവും പ്രാബല്യത്തില്‍ വന്നു. മരുമക്കത്തായ സമ്പ്രദായവും ഏതാണ്ട് അവസാനിച്ചു. ഹിന്ദു പിന്തുടര്ച്ചാവകാശ നിയമമനുസരിച്ചുളള അവകാശികള്‍ക്കാണ് ഇപ്പോള്‍ വീതപ്രകാരം സ്വത്തുക്കള്‍ കിട്ടുന്നത്. 1976 ഡിസംബര്‍ ഒന്നിനുശേഷം ജനിക്കുന്ന കുട്ടികള്‍ക്ക് പൂര്‍വികമായി ഭാഗിക്കാതെ കിടക്കുന്ന കുടുംബസ്വത്തില്‍ അവകാശം ലഭിക്കുകയില്ല. എല്ലാ ഹിന്ദുക്കള്‍ക്കും ഹിന്ദു പിന്തുടര്ച്ചാവകാശ നിയമം ബാധകമാണ്. ആരൊക്കെയാണ് ഉള്‍പ്പെടുകയെന്ന് വിശദമായി ഹിന്ദു വിവാഹനിയമത്തിലെ ഹിന്ദുവിന്റെ നിര്‍വചനത്തില്‍പ്പെട്ടവര്‍ക്കെല്ലാം നിയമം ബാധകമാണ്. അതായത് ക്രിസ്ത്യാനികള്‍ക്കും മുസ്ലീമിനും പാഴ്സിക്കും ഈ നിയമം ബാധകമല്ല. മറ്റെല്ലാവര്‍ക്കും ബാധകമാണ്.
അവകാശികള്‍
അവകാശികളെ പ്രത്യേകം തരംതിരിച്ച് ഒരു പട്ടികയുണ്ടാക്കി ഹിന്ദു പിന്തുടര്ച്ചാവകാശ നിയമ അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്. ആദ്യത്തെ വിഭാഗത്തില്‍ പെടുന്നവര്‍ ; മകന് , മകള്‍ , വിധവ, അമ്മ, നേരത്തേ മരിച്ചുപോയ മകന്റെ മകനും മകളും, നേരത്തേ മരിച്ചുപോയ മകന്റെ ഭഭാര്യ, നേരത്തേ മരിച്ചുപോയ മകന്റെ മകനും നേരത്തേ മരിച്ചുപോയിട്ടുണ്ടെങ്കില്‍ മരുമകന്റെ മകനും മകളും വിധവയും. ഒരാള്‍ മരിച്ചാല്‍ മരിക്കുന്ന സമയത്ത് മേല്‍പ്പറഞ്ഞ പട്ടികയില്‍പ്പെട്ടവര്‍ക്ക് എല്ലാവര്‍ക്കുംകൂടി സ്വത്തു തുല്യമായി ലഭിക്കുന്നു. എന്നാല്‍ , മരിച്ചുപോയ മകളുടെ കാര്യത്തില്‍ അവരുടെ അവകാശികള്‍ക്ക് മകനോ മകള്‍ക്കോ കിട്ടുമായിരുന്ന ഒരു തുല്യ ഓഹരി മാത്രമേ കിട്ടുകയുളളൂ. ആദ്യത്തെ വിഭാഗത്തില്‍ അവകാശികള്‍ ആരും ഇല്ലെങ്കില്‍ രണ്ടാമത്തെ വിഭാഗത്തിലെ അവകാശികള്‍ക്ക് ക്രമമനുസരിച്ച് സ്വത്ത് ലഭിക്കും. രണ്ടാമത്തെ വിഭാഗത്തില്‍പ്പെട്ട അവകാശികളെ മുല്‍ഗണനാക്രമമനുസരിച്ച് താഴെ ചേര്‍ത്തിരിക്കുന്നു.
ഒന്ന്: അച്ഛന്
രണ്ട്: മകന്റെ മകളുടെ മകന് , മകന്റെ മകളുടെ മകള്‍ , സഹോദരന് , സഹോദരി
മൂന്ന്: മകളുടെ മകന്റെ മകന് , മകളുടെ മകന്റെ മകള്‍ , മകളുടെ മകളുടെ മകന് , മകളുടെ മകള്‍
നാല്: സഹോദരന്റെ മകന് , സഹോദരിയുടെ മകന് , സഹോദരന്റെ മകള്‍ , സഹോദരിയുടെ മകള്‍ അഞ്ച്: അച്ഛന്റെ അച്ഛന് , അച്ഛന്റെ അമ്മ
ആറ്: അച്ഛന്റെ വിധവ, സഹോദരന്റെ വിധവ ഏഴ്: അച്ഛന്റെ സഹോദരന് , അച്ഛന്റെ സഹോദരി
എട്ട്: അമ്മയുടെ അച്ഛന് , അമ്മയുടെ മാതാവ്
ഒമ്പത്: അമ്മയുടെ സഹോദരന് , അമ്മയുടെ സഹോദരി.
മുന്‍ഗണനാക്രമം
രണ്ടാമത്തെ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണനാക്രമത്തിലാണ് അവകാശം ലഭിക്കുക. ആദ്യമായി സ്വത്ത് അച്ഛനു ലഭിക്കുന്നു. അച്ഛനില്ലെങ്കില്‍ അടുത്ത പട്ടികയില്‍പ്പെട്ട അവകാശികള്‍ക്ക് തുല്യമായി ലഭിക്കുന്നു. ഉദാഹരണമായി വിവാഹം കഴിക്കാതെ മരിക്കുന്ന ഒരാളുടെ സ്വത്ത് അമ്മയുണ്ടെങ്കില് അമ്മയ്ക്ക് ലഭിക്കുന്നു. അമ്മയില്ലെങ്കില്‍ അച്ഛനു ലഭിക്കുന്നു. അച്ഛനും അമ്മയും ഇല്ലെങ്കില്‍ അവിവാഹിതനായി മരിച്ച ഒരാളിന്റെ സ്വത്ത് സഹോദരനും സഹോദരിക്കും ലഭിക്കുന്നു. അവകാശികളോ അടുത്ത ബന്ധുക്കളോ ഇല്ലെങ്കില്‍ സ്വത്ത് സര്‍ക്കാരിലേക്ക് ലയിക്കുന്നതാണ്. ഒരു ഹിന്ദു സ്ത്രീ സമ്പാദിക്കുന്ന സ്വത്തില്‍ അവര്‍ക്ക് പരിപൂര്‍ണ അവകാശം ഉണ്ടായിരിക്കും. സ്ത്രീയുടെ കാര്യത്തില്‍ അവകാശക്രമത്തിന് അല്‍പ്പം മാറ്റമുണ്ട്. സ്ത്രീ മരിച്ചാല്‍ അവരുടെ സ്വത്ത് മക്കളും (മരിച്ചുപോയ മക്കളുടെ മക്കള്‍ ഉള്‍പ്പെടെ) ഭഭര്‍ത്താവുംകൂടി തുല്യമായി വീതിക്കുന്നു. ഭര്‍ത്താവിനും മകനോ മകള്‍ക്കോ കിട്ടുന്ന ഓഹരി കിട്ടുന്നു. മക്കളും ഭര്‍ത്താവും ഇല്ലെങ്കില്‍ഭഭര്‍ത്താവിന്റെ അനന്തരാവകാശികള്‍ക്ക് ഈ സ്വത്ത് ലഭിക്കും. ഭര്‍ത്താവിന്റെ അവകാശികള്‍ ആരുമില്ലെങ്കില്‍ അച്ഛനും അമ്മയ്ക്കുംകൂടി മരിച്ച സ്ത്രീയുടെ സ്വത്ത് കിട്ടും. അവരുമില്ലെങ്കില്‍ മരിച്ച സ്ത്രീയുടെ അമ്മയുടെ അവകാശികള്‍ക്ക് സ്വത്ത് ലഭിക്കും. ഒരാള്‍ മരിക്കുമ്പോള്‍ അയാളുടെ അവകാശിയായി ഗര്‍ഭസ്ഥ ശിശുവുണ്ടെങ്കില്‍ ആ ശിശുവിനും വീതം ലഭിക്കും.
വീട്ടിനുള്ളില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ ഇന്ന് വെറും വീട്ടുകാര്യമല്ല. നാട്ടുനടപ്പ് എന്ന മട്ടില്‍ പുരുഷകേന്ദ്രീകൃത സമൂഹം എഴുതിതളളിയിരുന്ന ഈ പീഡനങ്ങള്‍ തടയാന്‍ ഇന്ന് പ്രത്യേക നിയമം (The Protection Of Women From Domestic Violence Act-2005) തന്നെയുണ്ട്.
2005 സപ്തംബര്‍ 13നാണ് നിയമത്തിന് രാഷ്ട്രപതിയുടെ അനുമതി ലഭിച്ചത്. 2006 ഒക്ടോബര്‍ 26 നാണ് പ്രാബല്യത്തില്‍ വന്നതെങ്കിലും ഇപ്പോഴും വേണ്ടത്ര വ്യാപകമായി ഈ നിയമം ഉപയോഗിക്കപ്പെട്ടുതുടങ്ങിയിട്ടില്ല. സ്ത്രീകള്‍ക്കെതിരായ എല്ലാത്തരം വിവേചനങ്ങളും അവസാനിപ്പിക്കാനുള്ള ഐക്യരാഷ്ട്ര സഭയുടെ ഉടമ്പടി ഇന്ത്യയ്ക്കും ബാധകമാണ്. ഇതനുസരിച്ച് രൂപപ്പെടുത്തിയതാണ് നിയമം. സ്ത്രീസംഘടനകളുടെ ദീര്‍ഘകാല പോരാട്ടത്തിന്റെ ഫലമായികൂടിയാണ് നിയമം നിലവില്‍ വന്നത്.
പങ്കാളിയായ ‘ഭര്‍ത്താവില്‍ നിന്നും അവരുടെ ബന്ധുക്കളില്‍ നിന്നും സ്ത്രീക്ക് നേരിടേണ്ടി വരുന്ന പീഡനങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുന്നതാണ് നിയമം. ‘എന്നാല്‍ ഭര്‍ത്താവിന്റെ ബന്ധുക്കളായ സ്ത്രീകള്‍ക്കെതിരെ നിയമപ്രകാരം കേസെടുക്കാമോ എന്ന തര്‍ക്കം നിലനിന്നിരുന്നു. 2011 മാര്‍ച്ചില്‍ ഈ തര്‍ക്കം സുപ്രീംകോടതി തീര്‍പ്പാക്കി. ‘സ്ത്രീ പരാതി നല്കിയാല് ഭര്‍ത്താവിന്റെ ബന്ധുക്കളായ സ്ത്രീകളും പ്രതികളാകുമെന്ന് ജസ്റിസുമാരായ അല്‍തമാസ് കബീറും സിറിയക് ജോസഫും ഉള്‍പ്പെട്ട ബെഞ്ച് വിധിച്ചു. ഭര്‍ത്താവിന്റെ ബന്ധുക്കളായ സ്ത്രീകള്‍ക്കെതിരേ കേസെടുക്കാന്‍ നിയമം പഴുതുനല്‍കുന്നില്ലെന്ന സെഷന്‍സ് കോടതിയുടേയും ബോംബെ ഹൈക്കോടതിയുടേയും വിധികള്‍ തിരുത്തിയായിരുന്നു സുപ്രീം കോടതി വിധി. 2005ലെ നിയമത്തില്‍ ‘ബന്ധു’ എന്ന വാക്കിനു പുരുഷനെന്നോ സ്ത്രീയെന്നോ നിര്‍വചനം നല്‍കിയിട്ടില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.
സാമ്പത്തികവും വൈകാരികവും ശാരീരികവും ലൈംഗികവുമായ അക്രമങ്ങളും അപമാനിക്കലും അപമാന‘ഭീഷണിയുമെല്ലാം അടങ്ങുന്ന ഗാര്‍ഹിക പീഡനങ്ങള്‍ ഈ നിയമത്തിന് കീഴില്‍ വരുന്നു. നിയമവിരുദ്ധമായി സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കപ്പെട്ട സ്ത്രീകള്‍ അല്ലെങ്കില്‍ അവരുടെ ബന്ധുക്കള്‍ കൂടി ഗാര്‍ഹികപീഡനത്തിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുന്നുണ്ട്.
പരാതിക്കാരിയെ മാനസികമോ, ശാരീരികമോ ആയി മുറിവേല്‍പ്പിക്കുന്നതോ വേദനിപ്പിക്കുന്നതോ പീഡനമാണ്. അവളുടെ ആരോഗ്യം, സുരക്ഷ, സ്വാസ്ഥ്യം, ശാരീരികാവയങ്ങള്‍ എന്നിവയെ അപകടത്തിലാക്കുന്നതും ശിക്ഷാര്‍ഹമാകും.
പരാതിക്കാരിക്ക് ശാരീരിക വേദനയോ, ഉപദ്രവമോ, അവളുടെ ജീവനോ, അവയവത്തിനോ, ആരോഗ്യത്തിനോ അപകടമോ ഉണ്ടാക്കുന്ന ഏത് പ്രവ്യത്തിയോ, പെരുമാറ്റമോ, അതിക്രമമോ, ആക്രമണാത്മകമായ ബലപ്രയോഗമോ, ‘ഭീഷണിയോ ശാരീരിക പീഡനം ആകാം.
ലൈംഗിക പീഡനത്തിന്റെ പരിധിയില്‍ ലൈംഗിക സ്വഭാവമുള്ള അംഗവിക്ഷേപം, അപമാനിക്കല്‍, സ്ത്രീയുടെ മാന്യതയ്ക്ക് ഭംഗം വരുത്തുന്ന പ്രവ്യത്തികള്‍ എന്നിവയൊക്കെ ഉള്‍പ്പെടും.
നാണം കെടുത്തല്, കളിയാക്കി പേരുവിളിക്കല്‍, കുഞ്ഞില്ലാത്തതിന്റെ പേരില്‍ അധിക്ഷേപിക്കല്‍, പരാതിക്കാരിക്ക് താല്പര്യമുള്ള ഏതെങ്കിലും വ്യക്തിയെ ഉപദ്രവിക്കുമെന്ന ‘ഭീഷണി എന്നിവ വാചികവും വൈകാരികവുമായ പീഡനത്തില്‍ ഉള്‍പ്പെടും.
പരാതിക്കാരിക്ക് അര്‍ഹതയുള്ള സ്ത്രീധനമോ, സ്വത്തോ, ജീവനാംശമോ, പങ്കിട്ടുപാര്‍ക്കുന്ന വീടിന്റെ വാടകയോ അപഹരിക്കുക, നിഷേധിക്കുക, ലഭിക്കുന്നത് തടയുക, പരാതിക്കാരിയുടെ സ്വത്തുക്കള്‍ കൈവശപ്പെടുത്തുക തുടങ്ങിയവ സാമ്പത്തിക പീഡനമാകും.
‘ഭാര്യമാത്രമല്ല, ഒരു പുരുഷന്റെ ലൈംഗികപങ്കാളിയായിട്ടും ഭാര്യയായി അംഗീകരിക്കപ്പെടാത്ത സ്ത്രീയും നിയമത്തിന്റെ പരിഗണനയില്‍ വരും.
ഗാര്‍ഹിക പീഡനത്തിന് ഇരയാക്കപ്പെടുന്ന സ്ത്രീക്കോ, അവര്‍ക്കുവേണ്ടി മറ്റൊരാള്‍ക്കോ നിയമപ്രകാരം പരാതി നല്‍കാം. പീഡനം നടക്കുന്ന വിവരം അറിയാവുന്ന ആര്‍ക്കും പരാതി/വിവരം നല്‍കാം. നിയമം അനുസരിച്ച് പരാതി നല്കാന് സ്ത്രീക്ക് മാത്രമേ കഴിയുകയുള്ളൂ. പരാതി ഇതിനായി ചുമതലപ്പെട്ട സംരക്ഷണോദ്യോഗസ്ഥ/ന്, സേവനദാതാക്കള്‍, പോലീസ്, മജിസ്ട്രേറ്റ് എന്നിവര്‍ക്ക് നല്‍കാം. എല്ലാപരാതിയും മജിസ്ട്രേറ്റായിരിക്കും ഒടുവില്‍ തീര്‍പ്പാക്കുക. സംരക്ഷണോദ്യോഗസ്ഥ/ന്, സേവനദാതാക്കള്‍ എന്നിവര്‍ക്ക് ഫോണിലൂടെയും പരാതി നല്‍കാം.
ഗാര്‍ഹിക പീഡനത്തിന് ഇരയാക്കപ്പെടുന്നവരുടെ സഹായത്തിനായി നിയമിക്കപ്പെടുന്ന വ്യക്തിയാണ് സംരക്ഷണോദ്യോഗസ്ഥ/ന്. കഴിവതും ഒരു സ്ത്രീയെതന്നെ ഇങ്ങനെ ചുമതലപ്പെടുത്തണം എന്ന് നിയമം അനുശാസിക്കുന്നു. കേരളത്തില്‍ സാമൂഹ്യക്ഷേമ വകുപ്പ് അതത് ജില്ലകളിലെ പ്രൊബേഷന്‍ ഓഫീസര്‍മാരെ ഈ നിയമ പ്രകാരമുള്ള സംരക്ഷണോദ്യോഗസ്ഥപദവിയില്‍ നിയോഗിച്ചിട്ടുണ്ട്.
നിയമപ്രകാരം രജിസ്റര്‍ ചെയ്യപ്പെട്ട സന്നദ്ധ സംഘടനകള്‍ക്കാണ്്് ഈ നിയമത്തിന്റെ കീഴില്‍ സേവനദാതാവായി രജിസ്റര്‍ ചെയ്യാം. വീട്ടിലുണ്ടായ കാര്യങ്ങളുടെ വിവരണം (ഡൊമസ്റിക് ഇന്‍സിഡന്റ് റിപ്പോര്‍ട്ട്) പരാതിക്കാരിക്കുവേണ്ടി തയ്യാറാക്കുക, വൈദ്യപരിശോധനയ്ക്ക് സംവിധാനമൊരുക്കുക, ആവശ്യമെങ്കില്‍ സുരക്ഷിതമായ താമസം ഏര്‍പ്പാടാക്കുക തുടങ്ങിയ കാര്യങ്ങള്‍ ഇവര്‍ക്ക് ചെയ്യാം.
പരാതി സമര്‍പ്പിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ ആദ്യ ഹിയറിങ്ങിന് വിളിക്കണമെന്നും അന്നുമുതലുള്ള 60 ദിവസ കാലാവധിക്കുള്ളില്‍ ഓരോ കേസും തീര്‍ക്കണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു.
ഈ നിയമപ്രകാരം ഒരു ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് വിവിധ ഉത്തരവുകള്‍ നല്‍കാം. അതിക്രമങ്ങള്‍ തടഞ്ഞുകൊണ്ടുള്ള സംരക്ഷണ ഉത്തരവ്, പങ്കിട്ടുപാര്‍ക്കുന്ന വീട്ടില്‍ നിന്നും ഇറക്കിവിടരുതെന്നുള്ള ഉത്തരവ്, ധനസഹായം/ജീവനാംശം നല്‍കണമെന്ന ഉത്തരവ്, കുട്ടികളുടെ താല്‍ക്കാലിക സംരക്ഷണ ഉത്തരവ്, നഷ്ടപരിഹാര ഉത്തരവ് തുടങ്ങിയ ഉത്തരവുകള്‍ക്ക് മജിസ്ട്രേറ്റിന് അധികാരമുണ്ട്. കോടതി ഉത്തരവുകള്‍ എതിര്‍കക്ഷി ലംഘിച്ചാല്‍ അത് ജാമ്യം ലഭിക്കാത്ത കുറ്റമാകും. കോടതിയുത്തരവ് ലംഘിച്ചാല്‍ ഹര്‍ജിക്കാരിയുടെ പരാതിയില്‍ എതിര്‍കക്ഷിയെ പോലീസിന് അറസ്റ് ചെയ്യുകയുമാകാം. പരാതിക്കാരിക്ക് ആവശ്യമെങ്കില്‍ സൌജന്യ നിയമസഹായത്തിനും വ്യവസ്ഥയുണ്ട്. സംരക്ഷണ ഉത്തരവോ ഇടക്കാലസംരക്ഷണ ഉത്തരവോ ലംഘിച്ചാല്‍ ഒരു വര്‍ഷം വരെ നീളാവുന്ന തടവും 20,000 രൂപവരെ പിഴയും ചിലപ്പോള്‍ ഇവ രണ്ടും കൂടിയുംശിക്ഷയായി ലഭിക്കാം.
സംരക്ഷണോദ്യോഗസ്ഥരുടെ
വിലാസം
ഗാര്‍ഹികപീഡനത്തില്‍ നിന്ന് സ്ത്രീകള്‍ക്ക് സംരക്ഷണം നല്കുന്ന നിയമമനുസരിച്ച് സാമൂഹ്യക്ഷേമ വകുപ്പ് സംരക്ഷണോദ്യോഗസ്ഥ (പ്രൊട്ടക്ഷന്‍ ഓഫീസര്‍മാര്‍)രായി വിവിധ ജില്ലകളില്‍ നിയമിച്ചിട്ടുള്ളവരുടെ മേല്‍വിലാസവും ഫോണ്‍ നമ്പറും ചുവടെ:
തിരുവനന്തപുരം: ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍
ഗ്രേഡ് 1, പൂജപ്പുര, തിരുവനന്തപുരം
കേരള, ഫോണ്‍. 0471 2342786
കൊല്ലം: ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍
ഗ്രേഡ് 2, സിവില്‍ സ്റ്റേഷന്, കൊല്ലം,
ഫോണ്‍. 0474 2794029
പത്തനംതിട്ട: ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍
ഗ്രേഡ്1, മിനി സിവില്‍ സ്റ്റേഷന്, പത്തനംതിട്ട ,
ഫോണ്‍. 0468 2325242
ആലപ്പുഴ: ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍
ഗ്രേഡ് 1,കോര്‍ട്ട് ബില്‍ഡിങ്ങ്, ആലപ്പുഴ
ഫോണ്‍. 0477 2238450
കോട്ടയം: ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍
ഗ്രേഡ് 1, ടി.ബി. റോഡ്, സൌത്ത് പി.ഒ., കോട്ടയം
ഫോണ്‍ . 0481 2300548
ഇടുക്കി: ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ഗ്രേഡ് 1,
മിനി സിവില്സ്റ്റേഷന് , തൊടുപുഴ പി.ഒ., ഇടുക്കി,
ഫോണ്‍. 0486 2220126
എറണാകുളം: ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍
ഗ്രേഡ് 1,കോര്പ്പറേഷന് ഷോപ്പിങ്ങ് കോംപ്ളക്സ്
ഹൈക്കോര്‍ട്ട് (ഈസ്റ്) എറണാകുളം,
ഫോണ്‍. 0484 2396649
തൃശൂര്‍: ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍
ഗ്രേഡ്1, സിവില്‍ സ്റ്റേഷന്, തൃശൂര്‍,
ഫോണ്‍. 0487 2363999
പാലക്കാട്: ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍
ഗ്രേഡ് 1,സിവില്‍ സ്റ്റേഷന്, പാലക്കാട്,
ഫോണ്‍. 0491 2505275
മലപ്പുറം: ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍
ഗ്രേഡ് 1, കോര്‍ട്ട് ബില്‍ഡിങ്ങ് , മഞ്ചേരി , മലപ്പുറം ,
ഫോണ്‍. 0483 2777494
കോഴിക്കോട്: ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍
ഗ്രേഡ് 1, സിവില്‍ സ്റ്റേഷന് , കോഴിക്കോട് ,
ഫോണ്‍. 0495 2373575
വയനാട്: ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍
ഗ്രേഡ് 1, കല്‍പ്പറ്റ,വയനാട് ,
ഫോണ്‍. 0493 6207157
കണ്ണൂര്‍: ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍
ഗ്രേഡ് 1 (ഇന്‍ ചാര്‍ജ്ജ്) തലശ്ശേരി , കണ്ണൂര്‍ ,
ഫോണ്‍. 0490 2344433
കാസര്‍ഗോഡ്: ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍
ഗ്രേഡ്1, സിവില്‍ സ്റ്റേഷന്, വിദ്യാനഗര്‍ പി.ഒ.
കാസര്‍ഗോഡ്, ഫോണ്‍. 0499 4255366
ദേശീയ ഗ്രാമീണ തൊഴിലുറപ്പു നിയമം(National Rural Employment Guarantee Act 2005)നിയമം നടപ്പായിട്ട് ഫെബ്രുവരിയില്‍ അഞ്ചുകൊല്ലം തികയുകയാണ്. 2005 ആഗസ്ത് 23നാണ് ലോക്സഭ ഇതിനുള്ള ബില്‍ പാസാക്കിയത്. 2006 ഫെബ്രുവരി രണ്ടിനാണ് രാജ്യത്തെ 200 ജില്ലകളില്‍ നിയമം പ്രാബല്യത്തില്‍ വന്നത്. 2008 ഏപ്രില്‍ ഒന്നുമുതല്‍ രാജ്യത്തെ മുഴുവന്‍ ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിച്ചു. നിയമപ്രകാരം തൊഴിലുറപ്പു പദ്ധതിക്ക് (Employment Guarantee Scheme)രൂപം നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. ഏറെ പോരായ്മകളുണ്ടെങ്കിലും പദ്ധതി ഇന്ന് ഇന്ത്യന്‍ ഗ്രാമജീവിതത്തിന്റെ ഭാഗമാണ്. സ്ത്രീകള്‍ക്ക് മുന്‍ഗണനയുള്ള ഈ തൊഴില്‍ദാന പദ്ധതിയില്‍ കേരളത്തില്‍ പണിയെടുക്കുന്നത് 90 ശതമാനവും സ്ത്രീകളാണെന്ന് ഗ്രാമവികസനവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. നിയമത്തെപ്പറ്റി സാധാരണ ഉയരുന്ന ചില ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളാണ് ഇവിടെ.
പദ്ധതിയുടെ അടിസ്ഥാന ആശയം എന്താണ്?
താല്‍ക്കാലിക കായികാധ്വാനം ചെയ്യാന്‍ തയ്യാറുള്ള ആര്‍ക്കും നിയമപ്രകാരമുള്ള മിനിമം വേതനത്തിന് തൊഴില്‍ ലഭിക്കും എന്നുറപ്പാക്കുകയാണ് നിയമത്തിന്റെ ലക്ഷ്യം. നിയമപ്രകാരം ജോലിക്ക് അപേക്ഷിക്കുന്നവര്‍ക്ക് വൈകാതെ തൊഴില്‍ നല്‍കണമെന്ന് നിയമം വ്യവസ്ഥചെയ്യുന്നു.
സാധാരണ സര്‍ക്കാര്‍ തൊഴില്‍ പദ്ധതികളും എന്‍ആര്‍ഇജിപി പ്രകാരമുള്ള തൊഴില്‍ പദ്ധതികളുമായി എന്താണ് വ്യത്യാസം?
എന്‍ആര്‍ഇജിപിയില്‍ നിയമപരമായി തൊഴില്‍ ഉറപ്പാക്കുന്നു എന്നതുതന്നെയാണ് പ്രത്യേകത. തൊഴില്‍ നല്‍കേണ്ടത് സര്‍ക്കാരിന്റെ നിയമപരമായ ഉത്തരവാദിത്തമാക്കിയിരിക്കുന്നു.
ആര്‍ക്കാണ് തൊഴിലിന് അര്‍ഹത?
ഗ്രാമീണമേഖലയില്‍ താമസിക്കുന്ന 18 വയസ്സ് കഴിഞ്ഞ ആര്‍ക്കും തൊഴിലിന് അര്‍ഹതയുണ്ട്.
ആര്‍ക്കാണ് പദ്ധതിയില്‍ അംഗത്വം?
എല്ലാ പ്രദേശങ്ങളിലേയും ഗ്രാമീണ കുടുംബങ്ങള്‍ക്ക് പദ്ധതിയില്‍ അംഗത്വം ലഭിക്കും. അംഗത്വം ആവശ്യമുള്ള കുടുംബങ്ങള്‍ ഗ്രാമപഞ്ചായത്തില്‍ താമസിക്കുന്നവരാകണം. തത്ക്കാലം അവിടെനിന്നു മാറിത്താമസിക്കുന്നവര്‍ക്കും അംഗത്വം ലഭിക്കാന്‍ അര്‍ഹതയുണ്ട്. ഒരു കുടുംബത്തിലെ പ്രായപൂര്‍ത്തിയായ എല്ലാ അംഗങ്ങള്‍ക്കും ജോലിക്കായി അപേക്ഷ നല്‍കാം. ഒരു സാമ്പത്തികവര്‍ഷത്തില്‍ ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കുമായി ഒരേ സമയത്തോ പലപ്പോഴായോ 100 ദിവസം ഈ പദ്ധതിമൂലം തൊഴില്‍ ലഭിക്കും.
തൊഴില്‍ കാര്‍ഡ് ആരുനല്‍കും?
രജിസ്ട്രേഷന് ലഭിക്കുന്ന എല്ലാ കുടുംബത്തിനും ഓരോ തൊഴില്‍ കാര്‍ഡ് ലഭിക്കും. കുടുംബത്തില്‍നിന്ന് അപേക്ഷിച്ച എല്ലാവരുടേയും ഫോട്ടോ കാര്‍ഡില്‍ പതിച്ചിരിക്കും. ഈ തൊഴില്‍ കാര്‍ഡിന്റെ കാലാവധി അഞ്ചുവര്‍ഷം ആയിരിക്കും. ഈ കാലയളവില്‍ ഏതെങ്കിലും അംഗത്തെ മാറ്റുകയോ പുതിയതായി ചേര്‍ക്കുകയോ ചെയ്യാം. കാര്‍ഡ് വിതരണത്തിന്റെ വിവരങ്ങള്‍ ഗ്രാമസഭകളില്‍ ലഭിക്കും അപേക്ഷ നല്‍കിയിട്ട് കാര്‍ഡ് ലഭിച്ചിട്ടില്ല എങ്കില്‍ ബ്ലോക്ക്ജില്ലാ പഞ്ചായത്തുകളില്‍ പരാതി നല്‍കാം. പരാതിയില്‍ 15 ദിവസത്തിനുള്ളില്‍ തീര്‍പ്പുണ്ടാക്കണം.
എങ്ങനെയാണ് ജോലിക്ക് അപേക്ഷിക്കേണ്ടത്?
ആദ്യം ഗ്രാമപഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യണം. ഇത് അഞ്ചുവര്‍ഷത്തിലൊരിക്കല്‍ മതി. തൊഴില്‍ ആവശ്യമുള്ളപ്പോള്‍ പഞ്ചായത്തില്‍ത്തന്നെ അപേക്ഷ നല്‍കണം.
എപ്പോഴാണ് തൊഴില്‍ ലഭിക്കുക?
അപേക്ഷിച്ച് 15 ദിവസത്തിനകം സര്‍ക്കാര്‍ തൊഴില്‍ നല്‍കണം. എവിടെയാണ് തൊഴില്‍ ലഭിക്കുക? കഴിവതും അപേക്ഷകനോ അപേക്ഷകയോ താമസിക്കുന്ന സ്ഥലത്തിന് അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ ജോലി നല്‍കണം. സ്ത്രീകള്‍ക്ക്, പ്രത്യേകിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകള്‍ക്കും പ്രായം കൂടിയവര്‍ക്കും അവരവരുടെ താമസസ്ഥലത്തിനടുത്തുതന്നെ തൊഴില്‍ നല്കാന് ശ്രമിക്കണമെന്ന് വ്യവസ്ഥയുണ്ട്. എന്തായാലും താമസിക്കുന്ന ബ്ലോക്കില്‍ ജോലി നല്‍കണം. തൊഴിലിടം താമസസ്ഥലത്തിന് അഞ്ചു കിലോമീറ്ററില്‍ അകലെയാണെങ്കില്‍ പത്തുശതമാനം അധികവേതനത്തിനും അര്‍ഹതയുണ്ട്. യാത്രപ്പടിയും നല്‍കണം.
എത്രയാണ് വേതനം?
സ്ത്രീപുരുഷന്മാര്ക്ക് മിനിമം തുല്യവേതനം ഉറപ്പ് നല്‍കുവെന്നത് ഈ പദ്ധതിയുടെ പ്രത്യേകതയാണ്. നിരന്തരം പൊതുജന ജാഗ്രതക്കായ് സാമൂഹിക ഓഡിറ്റ് നടത്തുക എന്നതും ഈ നിയമത്തിന്റേയും പദ്ധതിയുടേയും പ്രധാന സവിശേഷതകള്‍ ആണ്. ഇപ്പോള്‍ കൂലി 150 രൂപ.
വേതനം എപ്പോള്‍ ലഭിക്കും?
ഒരാഴ്ചയ്ക്കുള്ളില്‍ വേതനം നല്‍കണം. രണ്ടാഴ്ചയ്ക്കപ്പുറം വൈകാന്‍ പാടില്ല. മുന്‍കൂട്ടി നിശ്ചയിച്ച ദിവസം ഒരു പൗരപ്രമുഖന്റെ മുന്നില്‍വച്ച് തൊഴിലാളിക്ക് നേരിട്ടുതന്നെ വേതനം നല്‍കണം. വേതനം 25 ശതമാനമെങ്കിലും പണമായിരിക്കണം. ബാക്കി ഭക്ഷ്യധാന്യമായി നല്‍കാം.
തൊഴില്‍ നല്കാന് സര്‍ക്കാരിനു കഴിഞ്ഞില്ലെങ്കില്‍ എന്തെങ്കിലും പരിഹാരവ്യവസ്ഥയുണ്ടോ?
ഉണ്ട്. 15 ദിവസത്തിനകം തൊഴില്‍ നല്‍കിയില്ലെങ്കില്‍ സര്‍ക്കാര്‍ തൊഴിലില്ലായ്മ വേതനം നല്‍കണം. ആദ്യത്തെ 30 ദിവസം ആകെ വേതനത്തിന്റെ നാലിലൊന്നും അതിനുശേഷം പകുതിയും നല്‍കണം.
എന്തൊക്കെ ജോലികള്‍ പദ്ധതിപ്രകാരം ഏറ്റെടുക്കാം?
നിയമത്തിന്റെ ഒന്നാം പട്ടികയില്‍ ഏറ്റെടുക്കാവുന്ന തൊഴിലുകള്‍ കൊടുത്തിട്ടുണ്ട്. ജലസംരക്ഷണം, ചെറുകിട ജലസേചനം, ഭൂമിവികസനം, ഗ്രാമീണ റോഡ് നിര്‍മാണം തുടങ്ങിയവയാണിവ. കാലാകാലങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുമായി ആലോചിച്ച് വിജ്ഞാപനം ചെയ്യുന്ന മറ്റു ജോലികളും ഏറ്റെടുക്കാം.
കരാറുകാര്‍ക്ക് പണി ഏറ്റെടുക്കാമോ?
പാടില്ല. സ്വകാര്യ കരാറുകാരെ പണി ഏല്‍പ്പിച്ചുകൂടാ എന്ന് നിയമത്തില്‍ വിലക്കുണ്ട്.
സ്ത്രീകള്‍ക്ക് എന്തെങ്കിലും മുന്‍ഗണന ഉണ്ടോ?
ഉണ്ട്. തൊഴില്‍ ലഭിക്കുന്നവരില്‍ മൂന്നിലൊന്നെങ്കിലും സ്ത്രീകളായിരിക്കുംവിധം സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് നിയമത്തിലുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും തുല്യവേതനമായിരിക്കും. പദ്ധതിയുടെ ചെലവ് ഏതു സര്‍ക്കാരാണ് വഹിക്കുക? കൂലി പൂര്‍ണമായും കേന്ദ്രസര്‍ക്കാര്‍ നല്‍കണം. നിര്‍മാണസാമഗ്രികളുടെ ചെലവിന്റെ 75 ശതമാനവും കേന്ദ്രംതന്നെ വഹിക്കണം. സാമഗ്രികളുടെ 25 ശതമാനവും തൊഴില്‍ നല്കാനായില്ലെങ്കില് നല്‍കേണ്ട നഷ്ടപരിഹാരവും സംസ്ഥാന സര്‍ക്കാര്‍ നല്‍കണം.
പദ്ധതി നടത്തിപ്പിന്റെ ചുമതല ആര്‍ക്കാണ്?
ഗ്രാമപഞ്ചായത്താണ് പരമപ്രധാനമായ ഏജന്‍സി. മറ്റു തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും പങ്കുണ്ടാകാം. മരാമത്തുവകുപ്പ്, വനം വകുപ്പ്, സര്‍ക്കാരിതര സംഘടനകള്‍ എന്നിവയെയും നിര്‍വഹണ ഏജന്‍സികളാക്കാം എന്ന് നിയമം പറയുന്നു.
ഗര്‍ഭപാത്രം വാടകയ്ക്കു നല്‍കിയുള്ള ഗര്‍ഭധാരണം (Surrogacy) ഇന്ത്യയില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഈ രംഗത്ത് നിയമനിര്‍മാണത്തിന് ഒരുക്കം അവസാനഘട്ടത്തിലെത്തി. ഇതിനുള്ള ബില്‍ (Assisted Reproductive Technology Bill ) ഇപ്പോള്‍ കേന്ദ്രമന്ത്രിസഭയുടെ പരിഗണനയിലാണ്. മന്ത്രിസഭ അംഗീകരിച്ചാല്‍ ഇത് പാര്‍ലമെന്റിലെത്തും.
വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് വാടക അമ്മമാരെ തേടിയെത്തുന്നവരുടെ എണ്ണം വര്‍ഷം തോറും വര്‍ധിക്കുകയാണ്. കുട്ടികളെ ആവശ്യമുള്ള ദമ്പതിമാരുടെ ബീജവും അണ്ഡവും സംയോജിപ്പിച്ച് മറ്റൊരു സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ച് വളര്‍ത്തി പ്രസവിച്ചശേഷം കൈമാറുന്ന രീതിയാണ് നിലവിലുള്ളത്. ഇത്തരത്തിലുള്ള ഗര്‍ഭധാരണവും ഇങ്ങനെ ഉണ്ടാകുന്ന കുട്ടികളുടെ കൈമാറ്റവും നിയന്ത്രിക്കാന്‍ നിലവില്‍ ഇന്ത്യയില്‍ നിയമങ്ങളില്ല. ഒരു നിയമവും ഇത് വിലക്കുന്നുമില്ല. 2005ല്‍ പുറപ്പെടുവിച്ച ചില മാര്‍ഗനിര്‍ദേശങ്ങള്‍ മാത്രമാണ്
നിലവിലുള്ളത്. ചെലവ് കുറവും ശക്തമായ നിയമങ്ങളില്ലാത്തതും തന്നെയാണ് ഇന്ത്യയെ ഒരു "ഗര്‍ഭപാത്ര വിപണി"എന്ന നിലയില്‍ വിദേശികള്‍ക്ക് പ്രിയങ്കരമാക്കുന്നത്. അമേരിക്കയില്‍ ഒരുലക്ഷം ഡോളര്‍ (50 ലക്ഷം രൂപ) മുടക്കിയാലേ ഇത്തരത്തില്‍ ഒരമ്മയെ വാടകയ്ക്ക് കിട്ടുകയുള്ളൂ. ഇവിടെ ചെലവ് അതിന്റെ നാലിലൊന്നേ വരൂ. നിയന്ത്രണങ്ങള്‍ ഇല്ലാത്തതുകൊണ്ടുതന്നെ ഇത് സംബന്ധിച്ച കണക്കുകളൊന്നും സര്‍ക്കാരിന്റെ പക്കലില്ല.
ഈ സാഹചര്യത്തിലാണ് 2009 ആഗസ്ത് അഞ്ചിന് കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ച 228-ാമത് റിപ്പോര്‍ട്ടില്‍ പുതിയ നിയമം വേണമെന്ന നിര്‍ദേശം ദേശീയ ലോ കമീഷന് മുന്നോട്ടുവച്ചത്. വന്‍തോതില്‍ വാണിജ്യവല്‍ക്കരിക്കപ്പെടുന്ന ഈ രംഗത്ത് നിയന്ത്രണങ്ങള്‍ ആവശ്യമുണ്ടെന്ന് മുന്‍ സുപ്രീം കോടതി ജഡ്ജി ജ. ഡോ. എ ആര് ലക്ഷ്മണന് അധ്യക്ഷനായ കമീഷന് ചൂണ്ടിക്കാട്ടിയിരുന്നു.
"ഇതില്‍ ഏറെ മനുഷ്യാവകാശപ്രശ്നങ്ങളും ധാര്‍മികവിഷയങ്ങളും ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. നിയമപരമായ ചട്ടക്കൂട്ടിലല്ലെങ്കില്‍ ഒട്ടേറെ സങ്കീര്‍ണതകള്‍ ഉണ്ടാകാം. എന്നാല്‍ , അവ്യക്തമായ "ധാര്‍മിക" കാരണങ്ങള്‍ പറഞ്ഞ് ഇത്തരം ഗര്‍ഭധാരണങ്ങള്‍ നിരോധിക്കുന്നതിന് അര്‍ഥമില്ല"- കമീഷന് വ്യക്തമാക്കി. നിയമത്തില്‍ ഉണ്ടാകേണ്ടത് എന്തെല്ലാമെന്ന് കമീഷന് റിപ്പോര്‍ട്ടില്‍ വിവരിക്കുന്നുണ്ട്.
വ്യക്തമായ കരാറിലൂടെയാകണം ഗര്‍ഭധാരണം. ഗര്‍ഭധാരണത്തിനു തയ്യാറാകുന്ന സ്ത്രീയുടെ സമ്മതം കരാറിലുണ്ടാകണം. അവരുടെ ഭര്‍ത്താവും കുടുംബാംഗങ്ങളും ഇതിന് സമ്മതം നല്‍കണം. കൃത്രിമ ഗര്‍ഭധാരണത്തിനുള്ള സമ്മതവും കരാറിലുണ്ടാകണം.കുട്ടിയെ ആഗ്രഹിക്കുന്ന ദമ്പതികളില്‍ ഒരാളുടെ അണ്ഡമോ/ബീജമോ ഉപയോഗിച്ചുതന്നെയാകണം കൃത്രിമ ഗര്‍ഭധാരണം. കുട്ടിയുമായി രക്ഷിതാക്കള്‍ക്ക് ജൈവശാസ്ത്രപരമായ ബന്ധം രൂപപ്പെടാന്‍ ഇതാവശ്യമാണെന്ന് കമ്മീഷന് കാണുന്നു.പ്രസവചെലവുകളെല്ലാം കുട്ടിയെ ലഭിക്കേണ്ട കുടുംബം വഹിക്കണം. കുട്ടിയെ ആ രക്ഷിതാക്കള്‍ക്കോ രക്ഷിതാവിനോ വിട്ടുകൊടുക്കാന്‍ തയ്യാറാണെന്ന് ഗര്‍ഭം ധരിക്കുന്ന സ്ത്രീയും കരാറില്‍ വ്യക്തമാക്കണം. എന്നാല്‍ ,ഈ ഏര്‍പ്പാടുകളൊന്നും വാണിജ്യലക്ഷ്യത്തോടെയാകരുത്.
കുട്ടിയുടെ സാമ്പത്തികരക്ഷ ഉറപ്പാക്കാന്‍ വ്യവസ്ഥ വേണം. കുട്ടിയെ ഏറ്റെടുക്കേണ്ടയാള്‍ മരിക്കുകയോ ദമ്പതികളാണെങ്കില്‍ അവര്‍ വേര്‍പിരിയുകയോ ചെയ്താല്‍ കുട്ടി അനാഥ/അനാഥനാകരുത്. ഗര്‍ഭം ധരിക്കുന്ന സ്ത്രീയുടെ ജീവന് ഇന്‍ഷുര്‍ ചെയ്യാനും വ്യവസ്ഥ ഉണ്ടാകണം. ഏറ്റെടുക്കുന്ന ദമ്പതികളുടെ കുട്ടി എന്നതു തന്നെയായിരിക്കണം ഇത്തരത്തില്‍ കൈമാറുന്ന കുട്ടിയുടെ നിയമപരമായ അസ്തിത്വം. ദത്തെടുക്കലിന്റെയോ രക്ഷിതാവായി പ്രഖ്യാപിക്കലിന്റെയോ ആവശ്യം ഉണ്ടാകരുത്. കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ ഏറ്റെടുക്കുന്ന ദമ്പതികളായിരിക്കണം അച്ഛനമ്മമാര്‍ . ഗര്‍ഭം ധരിക്കുന്ന സ്ത്രീയുടെയും കുട്ടിയെ ഏറ്റെടുക്കുന്ന കുടുംബത്തിന്റെയും വിവരങ്ങള്‍ രഹസ്യമായിരിക്കണം. ഇത്തരത്തിലുള്ള വ്യവസ്ഥകളോടെ നിയമം നിര്‍മിക്കണമെന്നാണ് കമീഷന് നിര്‍ദേശിച്ചത്.
ഈ നിര്‍ദേശങ്ങള്‍ അംഗീകരിച്ചാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചി (icmr) നെ ബില്‍ തയ്യാറാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. പഠനങ്ങള്‍ക്കും തെളിവെടുപ്പുകള്‍ക്കും ശേഷം തയ്യാറാക്കിയ ബില്ലാണ് ഇപ്പോള്‍ പാര്‍ലമെന്റിലെത്തുന്നത്.
ഈ മേഖലയില്‍ മേല്‍നോട്ടത്തിനായി കേന്ദ്രആരോഗ്യ സെക്രട്ടറി ചെയര്‍മാനായി ഒരു 21അംഗ ഉപദേശക സമിതി രൂപീകരിക്കാന്‍ ബില്‍ നിര്‍ദേശിക്കുന്നു. സംസ്ഥാനത്തും സമാനമായ സമിതികള്‍ നിലവില്‍ വരും. ഈ രംഗത്തെ് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെല്ലാം രജിസ്ട്രേഷന് നിര്‍ബന്ധമാക്കും. ലോ കമീഷന് ശുപാര്‍ശ ചെയ്ത മറ്റു വ്യവസ്ഥകളും നിയമത്തിലുണ്ടാകുമെന്നാണ് സൂചന.
"മാറ്റമ്മ"മാരുടെ ആനന്ദ്
ഇന്ത്യയില്‍ ഇന്ന് വാടകപ്രസവത്തിന്റെ കേന്ദ്രമായി അറിയപ്പെടുന്നത് ഗുജറാത്തിലെ ആനന്ദ് നഗരമാണ്. പാല് സഹകരണ വിപണന സംഘമായ അമൂലിന്റെ ആസ്ഥാനമായ ഇവിടം ഇന്ന് ഗര്‍ഭപാത്ര വിപണിയെന്ന നിലയിലും പേരെടുത്തുകഴിഞ്ഞു.
ഡോ. നയനാ പട്ടേല്‍ നടത്തുന്ന കൈവാല്‍ ക്ലിനിക്കാണ് ആനന്ദില്‍ ഈ രംഗത്തെ മുഖ്യസ്ഥാപനം. 2005 മുതല്‍ ഇവിടെ വാടകപ്രസവം നടത്തിക്കൊടുക്കുന്നുണ്ട്. അമേരിക്ക, ബ്രിട്ടണ് , ആസ്ത്രേലിയ, കനഡ, ഇസ്രയേല്‍ , സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍നിന്ന് ദമ്പതികള്‍ ഇവിടേയ്ക്കെത്തുന്നു. 500ലേറെ കുട്ടികള്‍ ഇവിടെ ഇത്തരത്തില്‍ പ്രസവിച്ച് കൈമാറിക്കഴിഞ്ഞു.
ദരിദ്രകുടുംബങ്ങളില്‍നിന്നുള്ള സ്ത്രീകളാണ് അമ്മമാരാകാന്‍ എത്തുന്നവരേറെയും ഗര്‍ഭകാലം മുഴുവന്‍ ഇവര്‍ ആശുപത്രിയില്‍ കഴിയേണ്ടിവരും. ഇടനിലക്കാരുടെ ചൂഷണം ശക്തമായതിനാല്‍ വിദേശദമ്പതികള്‍ ആശുപത്രിക്ക് നല്കുന്ന തുകയുടെ ഒരുപങ്കേ പ്രസവിക്കുന്ന സ്ത്രീക്ക് ലഭിക്കുകയുള്ളൂ. എങ്കിലും പലര്‍ക്കും അവരുടെ ജീവിത പ്രാരാബ്ദങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഈ "അമ്മയാകല്" തുണയാകും. ഗര്‍ഭധാരണത്തിനും പ്രസവത്തിനും "സമയം കളയാനില്ലാത്ത" ദമ്പതികള്‍ മുതല്‍ ആരോഗ്യപ്രശ്നങ്ങളാല്‍ പ്രസവം സാധിക്കാത്ത സ്ത്രീകള്‍ വരെ ഈ രീതി തേടി എത്തുന്നു. രോഗിയായ മകളുടെ കുട്ടിയെ പ്രസവിക്കാന്‍ തയ്യാറായിവന്ന അമ്മയായിരുന്നു ഡോ നയന പട്ടേലിന്റെ ക്ലിനിക്കിലെ ആദ്യത്തെ "മാറ്റമ്മ" (surrogate mother).
ഇരുപത്തിയഞ്ചിനും നാല്‍പ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെയാണ് ക്ളിനിക്കില്‍ അമ്മമാരായി തെരഞ്ഞെടുക്കുന്നത്. വിവാഹിതരും ഒരു കുട്ടിയെങ്കിലും ഉള്ള സ്ത്രീകളാകണം. കുട്ടിയെ വേണ്ടട ദമ്പതിമാര്‍ക്ക് ഇവരെ കാണാനും പരിചയപ്പെടാനുമൊക്കെ ആശുപത്രി അധികൃതര്‍ സൌകര്യം ചെയ്യും. പ്രസവം ഏറെയും ശസ്ത്രക്രിയയിലൂടെയാകും. വിദേശ ദമ്പതികള്‍ക്ക് വന്നുപോകാന്‍ പറ്റുന്ന തീയതി നോക്കി ശസ്ത്രക്രിയ നടത്തുകയാണ് പതിവ്. ഇരട്ടകുട്ടികളെ പ്രസവിക്കേണ്ടിവരുന്ന വാടക അമ്മമാരുമുണ്ട്.
മഞ്ജി കുരുങ്ങിയ കുരുക്ക്
വാടക അമ്മമാര്‍ക്ക് പിറക്കുന്ന കുഞ്ഞുങ്ങളുടെ പൗരത്വം മുതല്‍ പിതൃത്വം വരെ നിയമക്കുരുക്കുകളില്‍ എത്താനുള്ള സാധ്യതയേറെയാണ്. പലരാജ്യങ്ങളിലും ഇത് സംഭവിക്കുന്നുമുണ്ട്. ഇന്ത്യയില്‍ ഇത്തരത്തിലൊരു കേസില്‍ തീര്‍പ്പുണ്ടാക്കിയത് സുപ്രീംകോടതിയാണ്. 2008ല്‍ ആയിരുന്നു ഇത്.
ജപ്പാനിലെ ദമ്പതികളായ ഇക്കുഫുമി യമാദയും ഭാര്യ ഡോ. യുക്കി യമാദയും ഇന്ത്യയില്‍നിന്ന് ഒരമ്മയെ വാടകയ്ക്കെടുക്കാന്‍ തീരുമാനിച്ചു. ബീജം ഇക്കുഫുമി യമാദയില്‍നിന്നുതന്നെയായിരുന്നു. എന്നാല്‍ , അണ്ഡം യുക്കി യമാദയുടേതായിരുന്നില്ല. അത് മറ്റൊരു സ്ത്രീയില്‍നിന്നായിരുന്നു. ഗര്‍ഭപാത്രം വാടകയ്ക്കു നല്കിയ അമ്മ ഗുജറാത്തിലെ ആനന്ദ് സ്വദേശിനി. പ്രസവം ഈ മേഖലയില്‍ ശ്രദ്ധേയയായ ഡോ. നയന പട്ടേലിന്റെ ആശുപത്രിയില്‍ .
കുട്ടി ഉണ്ടായപ്പോഴേക്കും ഇക്കുഫുമി യമാദയും ഭാര്യയും തമ്മില്‍ ബന്ധം മോശമായി. അവര്‍ വേര്‍പിരിഞ്ഞു. 2008 ജൂലൈ 25ന് കുട്ടി ജനിച്ചു. മഞ്ജി എന്നു പേരുമിട്ടു. യമാദ കുട്ടിയുടെ പാസ്പോര്‍ട്ടിനു ശ്രമിച്ചു. എന്നാല്‍ ജപ്പാന് എംബസി നല്‍കിയില്ല. കുട്ടി ഏത് നാട്ടുകാരിയാണെന്ന് നിശ്ചയിക്കാനാകാത്തതാണ് പ്രശ്നമായത്. ജനിച്ചത് ഇന്ത്യക്കാരിക്കായതിനാല്‍ കുട്ടിയ്ക്ക് പാസ്പോര്‍ട്ട് നല്‍കാനാകില്ലെന്ന് എംബസി പറഞ്ഞു. എന്നാല്‍ കുട്ടിയെ ദത്തെടുക്കാമെന്നായി യമാദ. അത് ഇന്ത്യന്‍ നിയമം അനുവദിക്കുന്നില്ല. വിഭാര്യനായ ആള്‍ക്ക് പെണ്‍കുഞ്ഞിനെ ദത്തെടുക്കാന്‍ ഗാര്‍ഡിയന്‍സ് ആന്റ് വാര്‍ഡ്സ് ആക്ടില്‍ വിലക്കുണ്ട്. ഇന്ത്യന്‍ പാസ്പോര്‍ട്ടിനുള്ള ശ്രമവും പരാജയപ്പെട്ടു. ആനന്ദ് മുനിസിപ്പാലിറ്റി നല്കിയ ജനന സര്‍ട്ടിഫിക്കറ്റില്‍ അമ്മയുടെ പേരില്ലാത്തതായിരുന്നു തടസ്സം.
ഇതിനിടെ വിസ കാലാവധി തീര്‍ന്നതിനാല്‍ ഇക്കുഫുമി യമാദയ്ക്ക് ജപ്പാനിലേക്ക് മടങ്ങേണ്ടിവന്നു. കുട്ടിയെ ഏറ്റെടുക്കാനായി യമാദയുടെ അമ്മ എമിക്കോ യമാദ ജപ്പാനില്‍നിന്നു പറന്നെത്തി.
അപ്പോള്‍ പുതിയ പ്രശ്നം. ഈ ഇടപാട് മുഴുവന്‍ നിയമവിരുദ്ധമാണെന്നും അനധികൃതമായി കുട്ടികളെ ജനിപ്പിച്ച് അവരെ വിദേശികള്‍ക്ക് വില്‍ക്കുന്ന റാക്കറ്റിന്റെ ഭാഗമാണ് പ്രസവം നടന്ന ആശുപത്രിയിലെ ഡോക്ടര്‍ നയന പട്ടേലും മറ്റുമെന്നാരോപിച്ച് ഒരു സന്നദ്ധസംഘടന ഗുജറാത്ത് ഹൈക്കോടതിയിലെത്തി. ഹൈക്കോടതി കുട്ടിയെ കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവായി. എന്നാല്‍ ഇക്കുഫുമി നല്കിയ ഹര്‍ജിയില്‍ സുപ്രീംകോടതി കേസില്‍ ഇടപെട്ടു. ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. എന്നാല്‍ പൗരത്വപ്രശ്നം സുപ്രീംകോടതിക്കും തലവേദനയായി.
കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ദേശീയ കമീഷന്റെ അഭിപ്രായംകൂടി മാനിച്ച് ഒടുവില്‍ മഞ്ജിക്ക് പാസ്പോര്‍ട്ട് നല്കാന് തീരുമാനമായി. അമ്മയുടെ പേരോ പൗരത്വമോ വ്യക്തമാക്കാത്ത ഒരു സര്‍ട്ടിഫിക്കറ്റ് രാജസ്ഥാന് പാസ്പോര്‍ട്ട് ഓഫീസില്‍നിന്ന് നല്‍കിയാണ് പാസ്പോര്‍ട്ട് ലഭ്യമാക്കിയത്. ഇത്തരത്തിലൊരു സര്‍ട്ടിഫിക്കറ്റ് ഇന്ത്യന്‍ ചരിത്രത്തിലാദ്യം. ജപ്പാനിലേക്ക് പോകാന്‍ മാത്രം ഉപയോഗിക്കാവുന്ന ഒരു ട്രാവല്‍ വിസയും നല്കി. രണ്ടര മാസം നീണ്ട നിയമക്കുരുക്കുകള്‍ അഴിച്ച് 2008 സപ്തംബര്‍ 15ന് അമ്മൂമ്മ കുട്ടിയുമായി ജപ്പാനിലെ ഒസാക്കയിലേക്ക് പോയി. ഇതിനിടെ അവിടെ കുട്ടിക്ക് പൗരത്വം നല്‍കാനാകുമെന്ന് ജപ്പാന് സര്‍ക്കാരും വ്യക്തമാക്കിയിരുന്നു. പ്രശ്നം തല്ക്കാലം പരിഹരിക്കപ്പെട്ടു. എന്നാല്‍ ഇനിയും ഒരു മഞ്ജി പ്രശ്നമുണ്ടായാല്‍ ഇതേ നിയമക്കുരുക്കുകള്‍ വീണ്ടും ഉണ്ടാകും എന്നതാണ് സ്ഥിതി.
വിവാഹമോചനം അപകടകരമായ എന്തോ ഒന്നാണ് എന്ന ധാരണ ഇന്ന് മാറിവരികയാണ്. സമൂഹത്തിനുമുന്നില്‍ മോശക്കാരായാലോ എന്ന വിചാരത്തില്‍ എന്തുംസഹിച്ച് കുടുംബം നിലനിര്‍ത്തുന്നവര്‍ കുറഞ്ഞുവരുന്നു. സ്ത്രീകള്‍ വിവാഹമോചനത്തിന് മുന്‍കൈ എടുക്കുന്നതും കൂടുന്നു. പലപ്പോഴും സാമൂഹിക നിബന്ധനകളുടെ ചട്ടക്കൂടില്‍നിന്ന് എന്തും സഹിക്കുക എന്ന നിലപാട് ഇന്ന് സ്ത്രീകള്‍ സ്വീകരിക്കുന്നില്ല. വിവാഹമോചനകേസുകള് കൂടിവരുന്നതാടെ മോചനത്തിന് ഇടയാക്കുന്ന കാരണങ്ങളും മാറിവരുന്നുണ്ട്. മാനസികപീഡനം വിവാഹമോചനത്തിന് കാരണമാക്കാം എന്നതു നിയമം. എന്നാല്‍ , മാനസികപീഡനത്തിന്റെ നിര്‍വചനം എങ്ങനെയാകണം?.
ഈ ചോദ്യത്തിനുകൂടി ഉത്തരം നല്‍കിക്കൊണ്ട് 2007 മാര്‍ച്ച് 26ന് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ചില്‍നിന്ന് വിധി വന്നു. കുട്ടി വേണ്ടെന്ന പിടിവാശി വിവാഹമോചനത്തിനു കാരണമാകാമോ എന്ന ചോദ്യമായിരുന്നു കേസിലെ മുഖ്യവിഷയം. എന്നാല്‍ , മാനസികപീഡനത്തിന്റെ പരിധിയില്‍ എന്തെല്ലാം പെടുത്താം എന്ന വിശദമായ പരിശോധനയാണ് കോടതി നടത്തിയത്. മാനസികപീഡനമാകാവുന്ന ചെയ്തികള്‍ വിധിയില്‍ വിവരിക്കുന്നുണ്ട്. എന്നാല്‍ , തുടര്‍ച്ചയായി നീണ്ട കാലയളവില്‍ ഉണ്ടായാല്‍മാത്രമേ ഇവയൊക്കെ പീഡനമായി കരുതാന്‍ കഴിയൂ എന്നും കോടതി വ്യക്തമാക്കുന്നു. ഭാര്യയോ ഭര്‍ത്താവോ കുട്ടി വേണ്ടെന്ന തീരുമാനം ഏകപക്ഷീയമായി സ്വീകരിക്കുന്നത് വിവാഹമോചനത്തിന് മതിയായ കാരണമാണെന്ന് വിധിയില്‍ കോടതി വ്യക്തമാക്കി. ജീവിതപങ്കാളിയുടെ അറിവോ സമ്മതമോ ഇല്ലാതെ സന്താനോല്‍പ്പാദനനിരോധന ശസ്ത്രക്രിയയ്ക്ക് വിധേയമാകുക, ആരോഗ്യകാരണങ്ങള്‍ കൂടാതെ ഭര്‍ത്താവിന്റെ അനുവാദമില്ലാതെ ഗര്‍ഭഛിദ്രം നടത്തുക, ന്യായമായ കാരണമോ ആരോഗ്യപരമായ പ്രശ്നങ്ങളോ ഇല്ലാതെ ലൈംഗികബന്ധത്തിന് വിസമ്മതിക്കുക, കുട്ടി വേണ്ടെന്ന് ഏകപക്ഷീയമായി തീരുമാനിക്കുക, സ്ഥിരമായി അധിക്ഷേപിക്കുകയോ അവഗണിക്കുകയോ ചെയ്യുക, സ്വന്തം സന്തോഷത്തിനായുള്ള പരപീഡനം, കൈയേറ്റം ചെയ്യുകയും അപമാനിക്കുകയും ചെയ്യുക, പങ്കാളിയുടെ ശാരീരികാരോഗ്യത്തെയും മാനസ്സികാരോഗ്യത്തെയും ബാധിക്കുന്ന വിധത്തില്‍ തുടര്‍ച്ചയായും അന്യായമായും പെരുമാറുക, മുറയ്ക്കുള്ള പരുക്കന്‍ പെരുമാറ്റവും അവഗണനയും തുടങ്ങിയവ മാനസ്സിക പീഡനമാണെന്ന് കോടതി വ്യക്തമാക്കി. ഇത്തരത്തിലുള്ള പീഡനങ്ങള്‍തന്നെ ഒറ്റപ്പെട്ടതാണെങ്കില്‍ അവ വിവാഹമോചനത്തിന് കാരണമാക്കാനാകില്ല. പെട്ടെന്നുണ്ടായ ദേഷ്യം കൊണ്ടോ ഇത്തരത്തിലുള്ള എന്തെങ്കിലും പെരുമാറ്റമുണ്ടായാലും അത് പീഡനമായി കരുതിക്കൂട. വിവാഹജീവിതത്തില്‍ കാലപ്പഴക്കംമൂലം ഉണ്ടാകുന്ന തകരാറുകളും വിവാഹമോചനത്തിന് ന്യായമായി കാണാനാകില്ല. അസൂയയും സ്വാര്‍ഥതയും മറ്റും മൂലമുണ്ടാകുന്ന സമ്മര്‍ദങ്ങളും പീഡനമായി കരുതിക്കൂടെന്ന് കോടതി വ്യക്തമാക്കി. മാനസികപീഡനത്തിന്റെ സങ്കല്‍പ്പങ്ങള്‍ സ്ഥിരമായി നില്‍ക്കുന്നതല്ലെന്ന് കോടതി പറഞ്ഞു. അത് കാലത്തിനനുസരിച്ച് മാറും. മാധ്യമങ്ങളിലൂടെ വരുന്ന ആധുനികസംസ്കാരം മൂല്യബോധത്തില്‍ വരുത്തുന്ന മാറ്റങ്ങളും പരിഗണിക്കണം. ഇന്ന് ക്രൂരതയായി കരുതുന്നത് നാളെ അങ്ങനെയല്ലെന്ന് വന്നേക്കാം. തിരിച്ചുമാകാം. ഇക്കാര്യത്തില്‍ എന്തെങ്കിലും തരത്തില്‍ കര്‍ക്കശസമീപനം സ്വീകരിക്കാനാവില്ല. നീണ്ടകാലത്തെ തുടര്‍ച്ചയായ മാനസികപീഡനംമൂലം കടുത്ത നിരാശയും തീവ്രമായ മാനസികവേദനയും മോഹഭംഗവും ഉണ്ടാകും. ഇത് വിവാഹമോചനത്തിന് ന്യായമായ കാരണമാണ്. ഇത്തരം കേസുകള്‍ പരിഗണിക്കുമ്പോള്‍ വിവാഹജീവിതം മൊത്തത്തില്‍ കണക്കിലെടുക്കണം. ഇരുവിഭാഗത്തെയും യോജിപ്പിക്കാന്‍ കോടതികള്‍ തീര്‍ച്ചയായും ശ്രമിക്കണം. പക്ഷേ, ഇനി പരിഹരിക്കാവുന്നതല്ല പ്രശ്നം എന്നു കണ്ടുകഴിഞ്ഞാല്‍ പിന്നീട് വിവാഹമോചനം അനുവദിക്കാന്‍ കോടതികള്‍ മടിക്കരുത്. മുന്നോട്ടുപോകാനാവില്ലെന്ന് ബോധ്യമായ ഒരു ബന്ധം നിയമത്തിന്റെ പേരില്‍ നിലനിര്‍ത്താന്‍ ശ്രമിക്കുന്നത് ഇരുകൂട്ടര്‍ക്കും കൂടുതല്‍ ദുരിതത്തിനേ ഇടയാക്കൂകയുള്ളൂ- കോടതി ചൂണ്ടിക്കാട്ടി.
ബംഗാളിലെ രണ്ട് ഐഎഎസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട കേസിലാണ് ജഡ്ജിമാരായ ബി എന്‍ അഗര്‍വാള്‍ , പി പി നവ്ലോക്കര്‍ , ദല്‍വീര്‍ ഭണ്ഡാരി എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെ വിധിയുണ്ടായത്. ഐഎഎസുകാരി ജയയ്ക്ക് ആദ്യവിവാഹത്തില്‍ ഒരു മകളുണ്ട്. വിവാഹമോചനത്തിനുശേഷം അവര്‍ ഐഎഎസുകാരനായ സമര്‍ഘോഷിനെ വിവാഹം കഴിച്ചു. എന്നാല്‍ , ദാമ്പത്യബന്ധം പുലര്‍ത്താന്‍ ജയ വിസമ്മതിക്കുന്നതായി സമര് പറയുന്നു. മകളോട് ഇടപഴകുന്നതില്‍നിന്നും അയാളെ വിലക്കിയിരുന്നു. സമര് കൊല്‍ക്കത്തയില്‍ വിവാഹമോചനത്തിന് അപേക്ഷ നല്കി. ആരോപണങ്ങള്‍ ജയ നിഷേധിച്ചു. എന്നാല്‍ , കോടതി മാനസികപീഡനം അംഗീകരിച്ച് വിവാഹമോചനം അനുവദിച്ചു. എന്നാല്‍ , ജയ നല്കിയ അപ്പീല്‍ പരിഗണിച്ച കൊല്‍ക്കത്ത ഹൈക്കോടതി ഈ വിധി റദ്ദാക്കി. ഇതിനെതിരെ സമര് നല്കിയ അപ്പീലാണ് സുപ്രീംകോടതിയിലെത്തിയത്. ഇക്കാര്യത്തില്‍ ജയ ഒരു ഐഎഎസ് ഓഫീസറാണെന്നതിന് അമിത പ്രാധാന്യം നല്‍കിയാണ് ഹൈക്കോടതി കേസ് പരിഗണിച്ചതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ജയ സമറിനെ മാനസ്സികമായി പീഡിപ്പിച്ചുവെന്നത് വ്യക്തമാണ്. ഒത്തുതീര്‍പ്പിന് സാധ്യതയില്ലാതെ അവര്‍ ഏറെക്കാലമായി അകന്നുകഴിയുകയുമാണ്. ഐഎഎസ് ഓഫീസറാണ് ഭാര്യ എന്നതിന് ഇക്കാര്യത്തില്‍ പ്രത്യേക പരിഗണന നല്‍കേണ്ട ആവശ്യമില്ല- വിധിയില്‍ വ്യക്തമാക്കി.
വിവാഹം കഴിച്ചോ കഴിക്കാതെയോ പ്രായപൂര്‍ത്തിയായ സ്ത്രീയ്ക്കും പുരുഷനും ഒന്നിച്ചുകഴിയാന്‍ ഇന്ന് തടസ്സങ്ങളില്ല. എന്നാല്‍ ഈ ദാമ്പത്യത്തിന് നിയമപരിരക്ഷ ആഗ്രഹിക്കുന്നവര്‍ ചിലകാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടിവരും. 'സ്ത്രീ'യിലേക്ക് വിവാഹ നിയമത്തെപ്പറ്റി സംശയമുന്നയിച്ച് എഴുതിക്കിട്ടിയ ചോദ്യങ്ങള്‍ക്ക് പൊതുവിലുള്ള ഉത്തരങ്ങളാണിവിടെ. ഹിന്ദുവിവാഹ നിയമത്തിലെ വ്യവസ്ഥകള്‍ മാത്രം ആധാരമാക്കിയാണ് കുറിപ്പ്. സിഖ്- ജൈന-ബുദ്ധ മതക്കാര്‍ക്കും ഈ നിയമം ബാധകമാണ്.
? ഹിന്ദു വിവാഹനിയമത്തിന്റെ പരിധിയില്‍ ആരൊക്കെയാണ് ഹിന്ദുക്കള്‍.
= ക്രിസ്ത്യാനികളും മുസ്ളിങ്ങളും പാഴ്സികളും ജൂതരുമല്ലാത്ത എല്ലാവരെയും ഹിന്ദുക്കളായാണ് ഹിന്ദു വിവാഹ, വിവാഹമോചന, പിന്തുടര്ച്ചാവകാശ നിയമങ്ങള്‍ കണക്കിലെടുക്കുന്നത്. സിഖ്- ജൈന-ബുദ്ധ മതക്കാരും അതിനാല്‍ ഹിന്ദു നിയമത്തിന്റെ പരിധിയില്‍വരും.
? എന്താണ് ശരിയായ ഹിന്ദുവിവാഹം.
= വധുവിന്റെയോ വരന്റെയോ ജാതിവിഭാഗത്തിന്റെ ആചാരപ്രകാരമായിരിക്കണം വിവാഹം നടന്നത്. ആചാരങ്ങള്‍ കൃത്യമായി പാലിച്ചിരിക്കുകയും വേണം. സപ്തപദി വേണമെന്ന് ആചാരത്തിലുണ്ടെങ്കില്‍ ചടങ്ങില്‍ അത് പാലിക്കണം. വേദിയിലെ ഹോമകുണ്ഡത്തിനു ചുറ്റും ഏഴുതവണതന്നെ വരനും വധുവും നടന്നേതീരൂ.
? ഹിന്ദുക്കള്‍ക്ക് മതാചാരപ്രകാരമല്ലാത്ത വിവാഹം കഴിക്കാനും നിയമത്തിലെ മറ്റ് വ്യവസ്ഥകള്‍ ബാധകമാകുംവിധം ഹിന്ദുവായി തുടരാനും കഴിയില്ലേ.
= കഴിയും. അതിനായി സിവില്‍ വിവാഹം (രജിസ്റ്റര്‍ വിവാഹമെന്ന് നാട്ടുഭാഷ) കഴിക്കാം. വിവാഹരജിസ്ട്രാര്‍ക്ക് ആദ്യം അറിയിപ്പ് നല്‍കണം. വധുവിന്റെയോ വരന്റെയോ വീടു നില്ക്കുന്ന പ്രദേശത്തെ രജിസ്ട്രാറാകണം. രജിസ്ട്രാര്‍ വിവാഹവിവരം പബ്ളിക് നോട്ടീസായി പ്രസിദ്ധീകരിക്കും. 30 ദിവസം എതിര്‍പ്പുകള്‍ പരിഗണിക്കാനായി സമയം നല്‍കും. സാധുവായ എതിര്‍പ്പുകള്‍ ഇല്ലെങ്കില്‍ മൂന്നു സാക്ഷികളുടെ സാന്നിധ്യത്തില്‍ ഒരു പ്രഖ്യാപനം ഒപ്പുവെച്ച് വിവാഹിതരാകാം. ഒരു സര്‍ട്ടിഫിക്കറ്റും രജിസ്ട്രാര്‍ നല്‍കും. 1954 ലെ സ്പെഷല്‍ മാര്യേജസ് ആക്ടിലാണ് ഈ വ്യവസ്ഥകളുള്ളത്. ഇങ്ങനെ വിവാഹിതരാകുന്നവര്‍ക്കും അവര്‍ ഇരുവരും ഹിന്ദുക്കളാണെങ്കില്‍ ഹിന്ദു വ്യക്തിനിയമത്തിലെ വ്യവസ്ഥകളൊക്കെ ബാധകമായിരിക്കും.
? ഹിന്ദു വിവാഹനിയമപ്രകാരം സാധുവായ വിവാഹത്തിനുള്ള വ്യവസ്ഥകള്‍ എന്തൊക്കെയാണ്.
= * വധൂവരന്മാര് വിവാഹം കഴിച്ചവരാകാന്‍ പാടില്ല. മുമ്പ് വിവാഹിതരായിട്ടുണ്ടെങ്കില്‍ നിയമപ്രകാരം വിവാഹമോചനം നേടിയിരിക്കണം.
* വിവാഹപ്രായമുണ്ടായിരിക്കണം. വധുവിന് 18 ഉം വരന് 21 ഉം വയസ്സ് തികഞ്ഞിരിക്കണം.
* സ്വയം വിവാഹത്തിനു സമ്മതിക്കാന്‍ ശേഷിയുള്ളവരാകണം ഇരുവരും. എന്തെങ്കിലും മാനസികരോഗം ഉള്ളവരാകാനും പാടില്ല.
* ചില ബന്ധുക്കള്‍ തമ്മില്‍ വിവാഹം പാടില്ല. ഈ ബന്ധുത്വങ്ങള്‍ നിയമത്തില്‍ വിശദീകരിക്കുന്നുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള വിവാഹങ്ങള്‍ക്ക് ഒരു സമുദായത്തില്‍ ആചാരപരമായ വിലക്കില്ലെന്നു തെളിയിക്കാന്‍ കഴിഞ്ഞാല്‍ അവര്‍ക്ക് വിവാഹം കഴിക്കാം.
? ഈ വ്യവസ്ഥകള്‍ പാലിക്കാത്ത വിവാഹത്തിന്റെ സാധുതയെന്താണ്.
= ഒരു സാധുതയും ഇല്ല. അത്തരത്തിലുള്ള വിവാഹം നടന്നതായി നിയമപ്രകാരം കണക്കാക്കില്ല. ആര്‍ക്കും കോടതിയെ സമീപിച്ച് കാര്യം തെളിയിച്ചാല്‍ ആ വിവാഹം അസാധുവായി പ്രഖ്യാപിച്ച് ഉത്തരവ് നേടാം. എന്നാല്‍ ആരും കോടതിയില്‍ പോകുന്നില്ലെങ്കില്‍ വിവാഹം സാധുവായി തുടരും.
? ഒരു പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുകയോ രേഖകളില്‍ കൃത്രിമം നടത്തി തെറ്റിദ്ധരിപ്പിച്ച് ഒരാള്‍ വിവാഹം കഴിക്കുകയോ ചെയ്താല്‍ പെണ്‍കുട്ടിക്ക് എന്തുചെയ്യാനാകും.
= അത്തരം വിവാഹങ്ങള്‍ അസാധുവാക്കാന്‍ കഴിയും. പക്ഷേ ഒരുവര്‍ഷത്തിനകം കോടതിയെ സമീപിക്കണം. സ്വന്തം ഇഷ്ടപ്രകാരമല്ല ഭര്‍ത്താവിനൊപ്പം കഴിഞ്ഞതെന്ന് തെളിയിക്കാനാകണം. എന്തെങ്കിലും ക്രമക്കേടുള്ളതായി കണ്ടെത്തുന്ന കേസില്‍, കണ്ടെത്തി ഒരുവര്‍ഷത്തിനകമാണ് പരാതി നല്‍കേണ്ടത്. വിവാഹിതയാകുമ്പോള്‍ ഒരു സ്ത്രീ മറ്റൊരാളില്‍നിന്ന് ഗര്‍ഭിണിയായിരുന്നു എന്ന് തെളിയിക്കാനായാല്‍ ഭര്‍ത്താവിനും വിവാഹം അസാധുവാക്കിക്കാം. ഈ പരാതിയും വിവാഹത്തീയതിമുതല്‍ ഒരുവര്‍ഷത്തിനകം നല്‍കണം.
? ഹിന്ദു വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമോ.
= ഹിന്ദു വിവാഹങ്ങള്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് ഇപ്പോള്‍ ചട്ടമുണ്ട്. മുമ്പും രജിസ്റ്റര്‍ ചെയ്യാമായിരുന്നു എന്നാല്‍ നിര്‍ബ്ബന്ധിതമായിരുന്നില്ല. (വിവാഹ രജിസ്ട്രേഷന് ചട്ടങ്ങളെപ്പറ്റി പിന്നീട്.)
? ഹിന്ദുനിയമപ്രകാരം വിവാഹം കഴിഞ്ഞശേഷം ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിക്കാന്‍ ശ്രമിച്ചാല്‍ ഭാര്യക്ക് എന്തു ചെയ്യാനാകും.
= പ്രഥമദൃഷ്ട്യാ തെളിവു കിട്ടിയാല്‍ പൊലീസില്‍ ക്രിമിനല്‍ പരാതി നല്‍കാം. വിവാഹം പൊലീസിന് തടയാം. പിന്നെയും വിവാഹനീക്കവുമായി ഭര്‍ത്താവ് മുന്നോട്ടുപോയാല്‍ കോടതിയില്‍നിന്ന് നിരോധനോത്തരവ് (injunction) നേടാം. വിവാഹം നടന്നുപോയാല്‍ അസാധുവായി പ്രഖ്യാപിക്കാന്‍ പരാതി നല്കുകയുമാകാം. പക്ഷേ രണ്ടാം വിവാഹം നിയമപ്രകാരമല്ല നടന്നതെങ്കില്‍ തെളിയിക്കാന്‍ പ്രയാസമാകും.
ഒരു വിവാഹത്തില്‍ ഒരുകൂട്ടര്‍ മറ്റേ കൂട്ടര്‍ക്ക് നല്‍കുകയോ നല്‍കാമെന്നു സമ്മതിക്കുകയോ ചെയ്യുന്ന സ്വത്തോ മറ്റെന്തെങ്കിലും സാധനങ്ങളോ സ്ത്രീധനനിരോധന നിയമത്തിലെ നിര്‍വചനപ്രകാരം സ്ത്രീധനമാകും. സ്ത്രീധനം വധൂവരന്മാരുടെ മാതാപിതാക്കളോ മറ്റാരെങ്കിലുമോ നല്കുന്നതാകാം. വിവാഹവുമായി ബന്ധപ്പെടുത്തി വിവാഹത്തിനു മുമ്പോ ശേഷമോ കൊടുക്കുന്നതുമാകാം.
സാധാരണ വധുവിന്റെ വീട്ടുകാരാണ് സ്ത്രീധനം നല്കുന്നതെങ്കിലും ചില വിഭാഗങ്ങള്‍ക്കിടയില്‍ മറിച്ചുള്ള രീതിയും നിലനില്‍ക്കുന്നതിനാല്‍ നിയമത്തില്‍ വിവാഹവുമായി ബന്ധപ്പെടുത്തി കൈമാറുന്ന ഏതു തരത്തിലുള്ള സ്വത്തുംപണവും സ്ത്രീധന (dowry)ത്തിന്റെ നിര്‍വചനത്തില്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ മുസ്ളിം വ്യക്തിനിയമം (ശരിഅത്ത്) ബാധകമായവര്‍ നല്കുന്ന മഹര്‍ ഈ നിയമത്തിന്റെ പരിധിയില്‍ വരില്ല.
സ്ത്രീധനം കൊടുക്കുകയോ വാങ്ങുകയോ ചെയ്യുന്നവരെ അഞ്ചുവര്‍ഷത്തില്‍ കുറയാത്ത തടവിനും 15,000 രൂപയില്‍ കുറയാത്ത പിഴയ്ക്കും ശിക്ഷിക്കാം.
വിവാഹവേളയില്‍ സമ്മാനമായി വധുവിന്റെയോ വരന്റെയോ വീട്ടുകാര്‍ നല്കുന്ന സാധനങ്ങള്‍ നിയമത്തിന്റെ പരിധിയില്‍ വരില്ല. എന്നാല്‍ ഈ സമ്മാനങ്ങള്‍ ചോദിച്ചുവാങ്ങിയതാകരുത്. സമ്മാനങ്ങളുടെ പട്ടിക പ്രത്യേകം തയ്യാറാക്കിവെക്കുകയും വേണം. ഇതെങ്ങനെ തയ്യാറാക്കണമെന്ന് ചട്ടമുണ്ട്. എഴുതി തയ്യാറാക്കുന്ന ലിസ്റ്റില്‍ ഓരോന്നും തന്നത് ആര്, അവരുമായുള്ള ബന്ധം, സാധനത്തിന്റെ വില തുടങ്ങിയ വിവരങ്ങള്‍ ഉണ്ടാകണം. വരനും വധുവും പട്ടികയില്‍ ഒപ്പുവെക്കണമെന്ന് വ്യവസ്ഥയുണ്ട്. ഈ സമ്മാനങ്ങള്‍ നല്കുന്നവരുടെയോ വാങ്ങുന്നവരുടെയോ സാമ്പത്തികനിലവാരമനുസരിച്ച് അമിതമൂല്യമുള്ളതാകരുത്. ആചാരപരമായ രീതി എന്ന നിലയിലാകണം ഈ സമ്മാനം നല്‍കുന്നത് എന്നു നിയമം പറയുന്നു.
സ്ത്രീധനം ചോദിച്ചതായി തെളിഞ്ഞാലും ശിക്ഷയുണ്ട്. നേരിട്ടോ അല്ലാതെയോ സ്ത്രീധനം ആവശ്യപ്പെടുന്നവരെ ആറുമാസംമുതല്‍ രണ്ടുകൊല്ലംവരെ തടവിനും 10,000 രൂപവരെ പിഴയ്ക്കും ശിക്ഷിക്കാം. ഒരാള്‍ സമ്പാദ്യത്തിന്റെ ഏതെങ്കിലും ഭാഗമോ പണമോ മകന്റെയോ മകളുടെയോ വിവാഹത്തിനുവേണ്ടി ചെലവാക്കുകയാണെന്ന് പരസ്യപ്പെടുത്തുന്നതും കുറ്റമാണ്. ഇതിനും ശിക്ഷ സ്ത്രീധനം ചോദിച്ചാല്‍ കിട്ടുന്നത്രതന്നെയാണ്.
സ്ത്രീധനം നല്കാമെന്നോ വാങ്ങാമെന്നോ വ്യവസ്ഥചെയ്തുണ്ടാക്കുന്ന ഏതു കരാറും അസാധുവാണെന്നും നിയമം വ്യക്തമാക്കുന്നു. ഏതെങ്കിലും തരത്തില്‍ സ്ത്രീധനം കയ്യില്‍ വന്നുപെട്ടാല്‍ അത് വരന്റെ വീട്ടുകാര്‍ മൂന്നുമാസത്തിനകം വധുവിനു കൈമാറിയിരിക്കണം. ജുഡീഷ്യല്‍ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതിയാണ് സ്ത്രീധനനിരോധന നിയമപ്രകാരമുള്ള കേസുകള്‍ പരിഗണിക്കേണ്ടതെന്നും വ്യവസ്ഥയുണ്ട്. കോടതിക്ക് നേരിട്ട് വിവരം ലഭിക്കുകയോ പൊലീസ് റിപ്പോര്‍ട്ട് കിട്ടുകയോ ചെയ്താല്‍ കേസെടുക്കാം. സ്ത്രീധനം ആരുടെ വിവാഹത്തിനാണോ കൊടുത്തത്, അവര്‍ക്കോ മാതാപിതാക്കള്‍ക്കോ ബന്ധുക്കള്‍ക്കോ പരാതി നല്‍കാം. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരമുള്ള ക്ഷേമസംഘടനകള്‍ക്കും കോടതിയെ സമീപിക്കാം. ഈ നിയമപ്രകാരമുള്ള കേസുകളില്‍ ജാമ്യംകിട്ടില്ല. കുറ്റം ആരോപിക്കപ്പെട്ടാല്‍ ചെയ്തിട്ടില്ലെന്നു തെളിയിക്കേണ്ട ഉത്തരവാദിത്തം ആരോപിക്കപ്പെടുന്നവര്‍ക്കാണ്. നിയമം നടപ്പാക്കാനായി സ്ത്രീധനനിരോധന ഉദ്യോഗസ്ഥരെ (Dowry Prohibition Officers) സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിയമിക്കാം. കേരളത്തില്‍ ഡെപ്യൂട്ടി കലക്ടര്‍, ആര്‍ഡിഒ, അസിസ്റ്റന്റ് കലക്ടര്‍ എന്നീ തസ്തികകളില്‍ കുറഞ്ഞ തസ്തികയിലുള്ളവരെ പ്രോഹിബിഷന്‍ ഓഫീസറാക്കാന്‍ പാടില്ലെന്ന് ചട്ടമുണ്ട്. സാമൂഹ്യക്ഷേമവകുപ്പിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനെ മുഖ്യ സ്ത്രീധന നിരോധന ഉദ്യോഗസ്ഥനായി (Chief Dowry Prohibition Officer) നിയമിച്ച് സംസ്ഥാനത്താകെയുള്ള നിരോധന ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കണമെന്നും വ്യവസ്ഥയുണ്ട്.
സ്ത്രീധനപീഡനങ്ങള്‍ തടയാന്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലാണ് (IPC) പ്രത്യേക വകുപ്പ് ചേര്‍ത്തിട്ടുള്ളത്. IPC 304B എന്ന ഈ വകുപ്പ് 1986 നവംബര്‍ 19 മുതലാണ് നിയമത്തില്‍ വന്നത്. വിവാഹശേഷം ഏഴുവര്‍ഷത്തിനുള്ളില്‍ വിവാഹിത പരിക്കേറ്റോ പൊള്ളലേറ്റോ മരിച്ചാല്‍ ഈ വകുപ്പ് ബാധകമാകും. മരണത്തിനു തൊട്ടുമുമ്പ്, സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചിരുന്നതായി തെളിഞ്ഞാല്‍ ഇത്തരം മരണങ്ങള് 'സ്ത്രീധനമരണം' (Dowry Death) ആയി കരുതി കേസെടുക്കാം. ഇത്തരം കേസുകളില്‍ കുറ്റം ആരോപിക്കപ്പെടുന്നവര്‍തന്നെ നിരപരാധിത്വം തെളിയിക്കണം. തെളിവുനിയമത്തില്‍ Indian Evidence Act) ഈ വ്യവസ്ഥയോടെ 113 ആ വകുപ്പ് ചേര്‍ത്തിട്ടുണ്ട്. കുറ്റം തെളിഞ്ഞാല്‍ ജീവപര്യന്തംവരെ ശിക്ഷ കിട്ടും. കുറഞ്ഞത് ഏഴുവര്‍ഷവും. വിവാഹശേഷം ഏഴുവര്‍ഷത്തിനുള്ളില്‍ സ്ത്രീധനപീഡനംമൂലം സ്ത്രീ ആത്മഹത്യചെയ്താലും ഐപിസിയിലെ 304 ബി വകുപ്പനുസരിച്ച് കേസെടുക്കാം. ആത്മഹത്യ സ്ത്രീധനപീഡനം മൂലമെന്നു തെളിഞ്ഞാല്‍ പത്തുവര്‍ഷംവരെ ശിക്ഷ ലഭിക്കാം.
അഞ്ചക്ക ശമ്പളം വാങ്ങുന്ന മക്കളുണ്ടായിട്ടും വഴിയോരത്ത് ഉറങ്ങേണ്ടിവരുന്ന അച്ഛനമ്മമാരെപ്പറ്റിയുള്ള വാര്‍ത്തകള്‍ക്ക് കുറവില്ല. മിക്കപ്പോഴും അവഗണനയുടെ പീഡനം ഏറെ അനുഭവിക്കേണ്ടിവരുന്നത് അമ്മമാര്‍ തന്നെ. പുരുഷന് സമൂഹത്തില്‍ നിലനില്‍ക്കുന്ന ഉയര്‍ന്ന പദവിയുടെ ബലത്തില്‍ മക്കള്‍ ഉപേക്ഷിച്ചാലും ഒരു പരിധിവരെ പിടിച്ചുനില്ക്കാന് പുരുഷന്മാര്ക്ക് കഴിയുന്നു. എന്നാല്‍ സ്വന്തമായി വരുമാനം ഉണ്ടായിരുന്ന കാലത്തുപോലും മക്കള്‍ക്കായി ജീവിക്കുന്ന അമ്മമാര്‍ അവസാനകാലത്തെ അനാഥാവസ്ഥയില്‍ കൊടും ദുരിതത്തിലാകുന്നു.
ഇങ്ങനെ തഴയപ്പെടുന്ന മാതാപിതാക്കളുടെയും മുതിര്‍ന്ന പൌരന്മാരുടെയും സംരക്ഷണം ഉറപ്പുവരുത്തുന്ന നിയമം (The Maintenance and Welfare of Parents and Senior Citizens Act, 2007) 2007 ഡിസംബറില്‍ ഇന്ത്യയിലും നിലവില്‍വന്നു. നിയമവും ബന്ധപ്പെട്ട ചട്ടങ്ങളും 2009 ആഗസ്ത് 29 ന് കേരളത്തിലും വിജ്ഞാപനമായി.
മാതാപിതാക്കളുടെയും മുതിര്‍ന്ന പൌരന്മാരുടെയും സംരക്ഷണം മക്കളുടെയും അവകാശികളുടെയും നിയമപരമായ ബാധ്യതയാക്കുകയാണ് നിയമം ചെയ്യുന്നത.്
അറുപത് കഴിഞ്ഞ അച്ഛനമ്മമാരെയും മുതിര്‍ന്ന പൌരന്മാരെയും അവര്‍ക്ക് സാധാരണ ജീവിതം ജീവിക്കാനാകുവോളം സംരക്ഷിക്കേണ്ടത് മക്കളുടെയും ബന്ധുക്കളുടെയും നിയമപരമായ ചുമതലയാണെന്ന് ആക്ടില്‍ പറയുന്നു.
സ്വന്തം നിലയ്ക്ക് ജീവന് നിലനിര്‍ത്താന്‍ കഴിയാത്ത ഏത് മുതിര്‍ന്ന വ്യക്തിക്കും ഈ നിയമപ്രകാരം അയാളുടെ/അവരുടെ മക്കളോട് പ്രതിമാസ ജീവനാംശം ആവശ്യപ്പെടാം. പ്രത്യേകം നിയമിക്കപ്പെടുന്ന ട്രിബ്യൂണല്‍ മുമ്പാകെയാണ് പരാതി നല്‍കേണ്ടത്.സ്വയം പരാതി നല്കാന് ബുദ്ധിമുട്ടുള്ളവര്‍ക്ക് ഏതെങ്കിലും വ്യക്തിയോ സന്നദ്ധ സംഘടനയോ മുഖേന അപേക്ഷ നല്‍കാം.
മക്കളെന്ന നിര്‍വ്വചനത്തില്‍ മകന്, മകള്‍, ചെറുമകന്, ചെറുമകള്‍ എന്നിവരെയാണ് നിയമം ഉള്‍പ്പെടുത്തുന്നത്. മക്കളില്ലാത്തവരുടെ കാര്യത്തില്‍ അവരുടെ സ്വത്തിന് അവകാശികളായി വരാനിടയുള്ള ബന്ധുക്കളാണ് സംരക്ഷിക്കേണ്ടത്. ഒന്നിലധികം ബന്ധുക്കള്‍ സ്വത്തിന് അവകാശികളായി വരുമെങ്കില്‍ അവര്‍ ഓരോരുത്തരും ഉത്തരവാദികളാകും.
ഓരോ റെവന്യൂ സബ്ഡിവിഷനിലും സംസ്ഥാനസര്‍ക്കാരുകള്‍ ഈ നിയമപ്രകാരമുള്ള കേസുകള്‍ പരിഗണിക്കാനുള്ള ട്രിബ്യുണലുകള്‍ ആരംഭിക്കണമെന്നും വ്യവസ്ഥയുണ്ട്. കേരളത്തില്‍ ആര്‍ഡിഒമാരാണ് ഈ ട്രിബൂണലിന്റെ അധ്യക്ഷന്മാര്. സിവില്‍ കോടതിയുടെ അധികാരങ്ങള്‍ ഈ ട്രിബ്യൂണലിനുണ്ടാകും.
മക്കളോ ബന്ധുക്കളോ മുതിര്‍ന്നവരെ സംരക്ഷിക്കുന്നില്ലെന്ന് പരാതി പരിഗണിക്കുമ്പോള്‍ ബോധ്യമായാല്‍ ട്രിബ്യൂണലിന് പ്രതിമാസ ജീവനാംശം അനുവദിച്ചുള്ള ഉത്തരവിടാം. പരമാവധി തുക സംസ്ഥാന സര്‍ക്കാരിന് നിശ്ചയിക്കാം. എന്നാല്‍ ഇത് 10000 രൂപയില്‍ കൂടാനാകില്ലെന്ന് വ്യവസ്ഥയുണ്ട്.
നിയമപ്രകാരം കേസ് കൊടുക്കാന്‍ അഭിഭാഷകന്റെ ആവശ്യമില്ല. ഇതിനായി ഒരു മെയിന്റനന്‍സ് ഓഫീസറുടെ സഹായം തേടാം. കേരളത്തില്‍ സാമൂഹ്യക്ഷേമ വകുപ്പിലെ ജില്ലാ വെല്‍ഫയര്‍ ഓഫീസര്‍ക്കാണ് ഈ ചുമതല. അപേക്ഷ പരിഗണിക്കും മുമ്പ് ഒരു ഒത്തുതീര്‍പ്പ് ശ്രമമുണ്ടാകും. ഇതിന് ചുമതലപ്പെട്ട ഉദ്യോഗസ്ഥന്റെ പരിഗണനക്ക് കേസ് വിടും. (കേരളത്തില്‍ ഈ സമവായ ചുമതല യും മെയിന്റനന്‍സ് ഓഫീസറായ ജില്ലാ വെല്‍ഫയര്‍ ഓഫീസര്‍ക്കാണ്). ഒരുമാസത്തെ സമയവും കൊടുക്കും. അവിടെ പ്രശ്നം പരിഹരിക്കപ്പെട്ടാല്‍ അതിനനുസരിച്ചുള്ള ഉത്തരവായിരിക്കും ട്രിബ്യൂണലില്‍ നിന്നുണ്ടാകുക. കേസുകള്‍ കഴിവതും തൊണ്ണൂറ് ദിവസത്തിനകം തീര്‍പ്പാക്കും. കേസ് പരിഗണനയിലിരിക്കെ ഇടക്കാലാശ്വാസത്തിനും വ്യവസ്ഥയുണ്ട.് അപേക്ഷ നല്കിയ തീയതി മുതലോ ഉത്തരവാകുന്ന തീയതി മുതലോ ആണ് ജീവനാംശം അനുവദിക്കാറ്. സാഹചര്യത്തില്‍ മാറ്റം വരുന്നതനുസരിച്ച് തുക മാറ്റിനിശ്ചയിക്കാന്‍ ട്രിബ്യൂണലിന് അധികാരം ഉണ്ട്.
ട്രിബ്യൂണലിന്റെ ഉത്തരവുകളിന്മേലുള്ള അപ്പീലുകള്‍ പരിഗണിക്കാന്‍ അധികാരമുള്ള അപ്പലേറ്റ് ട്രിബ്യൂണലുകള്‍ ജില്ലതോറും ഉണ്ടാകും. കേരളത്തില്‍ കലക്ടര്‍മാരാണ് ഈ ട്രിബ്യുണലിന്റെ അധ്യക്ഷന്‍. അപ്പീലുകള്‍ കഴിവതും ഒരുമാസത്തിനകം തീര്‍പ്പാക്കണം.
അനുവദിച്ച ജീവാനാംശം നല്കാതിരുന്നാല് മൂന്നുമാസത്തിനകം തുക നല്കാന് നിര്‍ദേശം നല്‍കും. ഈ കാലയളവില്‍ നല്‍കിയില്ലെങ്കില്‍ ഒരുമാസമോ പണം കൊടുക്കുന്നതുവരേയോ ജയിലില്‍ അടയ്ക്കാം.
പ്രായമായവരെ സംരക്ഷിക്കാതിരുന്നാല് മൂന്നുമാസം വരെ തടവും അയ്യായിരം രൂപ പിഴയും രണ്ടും കൂടെയോ ശിക്ഷ വിധിക്കാം. സംരക്ഷണം നല്‍കാമെന്ന വാഗ്ദാനത്തിന്റെ അടിസ്ഥാനത്തില്‍ ഒരു മുതിര്‍ന്ന പൌരന് മറ്റൊരാള്‍ക്ക് നല്കുന്ന സ്വത്തിന്റെ കൈമാറ്റം, വാഗ്ദാനം ലംഘിക്കപ്പെട്ടാല്‍ അസാധുവാക്കാന്‍ ട്രിബ്യൂണലിന് അധികാരമുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ ജില്ലതോറും 150 പേര്‍ക്കെങ്കിലും താമസ സൌകര്യമുള്ള ഓരോ വൃദ്ധമന്ദിരമെങ്കിലും നിര്‍മ്മിക്കണമെന്നും നിയമം വ്യവസ്ഥചെയ്യുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്ന എല്ലാ വൃദ്ധര്‍ക്കും കഴിവതും കിടക്ക ഉറപ്പാക്കണമെന്നതടക്കമുള്ള വ്യവസ്ഥകളും നിയമത്തിലുണ്ട്. നിയമത്തിലെ വ്യവസ്ഥകള്‍ നടപ്പാക്കുന്നു എന്നുറപ്പാക്കേണ്ട ചുമതല ജില്ലാ മജിസ്ട്രേറ്റിനാണ്.
ഇന്ത്യന്‍ നിയമങ്ങളില്‍ സ്ത്രീകളോട് വിവേചനം കാട്ടുന്ന വ്യവസ്ഥകള്‍ക്ക് പഞ്ഞമില്ല. സ്ത്രീ സംഘടനകള്‍ പലപ്പോഴായി ശബ്ദമുയര്‍ത്തിയിട്ടും ഇവയില്‍ പലതും തിരുത്താനെടുക്കുന്നത് നീണ്ട കാലമാണ്. ഇത്തരത്തിലുള്ള രണ്ടുവ്യവസ്ഥകള്‍ തിരുത്തപ്പെട്ടത് 2010 ലാണ്.
അച്ഛന് മരിച്ച, പ്രായപുര്‍ത്തിയാകാത്ത ഒരു കുട്ടിയുടെ രക്ഷിതാവാകാന്‍ അമ്മയെ അനുവദിക്കാത്ത വ്യവസ്ഥയായിരുന്നു ഒന്ന്. കുട്ടിയെ ദത്തെടുക്കാന്‍ ഭര്‍ത്താവിനുള്ള അവകാശം ഭാര്യക്ക് നിഷേധിക്കുന്നതായിരുന്നു മറ്റൊന്ന്.
കുട്ടിയുമായി ബന്ധപ്പെട്ട സ്വത്തുതര്‍ക്കം വന്നാല്‍ അമ്മ ജീവിച്ചിരിപ്പുണ്ടെങ്കിലും ആ കുട്ടിയുടെ രക്ഷിതാവായി മറ്റൊരാളെ കോടതിക്ക് നിയോഗിക്കാം എന്നതായിരുന്നു വിവേചനപരമായ വ്യവസ്ഥ.
ദത്തെടുക്കലിന്റെ കാര്യത്തില്‍ ഭര്‍ത്താവിന് കുട്ടിയെ ദത്തെടുക്കാം; ഭാര്യയുടെ അനുമതി നേടിയാല്‍ മതി എന്ന വ്യവസ്ഥ നിയമത്തിലുണ്ടായിരുന്നു. എന്നാല്‍ ഭാര്യക്ക് ഭര്‍ത്താവിന്റെ അനുമതിയോടെ പോലും. കുട്ടിയെ ദത്തെടുക്കാന്‍ അനുവദിച്ചിരുന്നുമില്ല.
രക്ഷിതാവിനെ നിശ്ചയിക്കുന്നതിലെ വിവേചനം അവസാനിപ്പിക്കാന്‍ ഗാര്ഡിയന് ആന്റ് വാര്‍ഡ്സ് ആക്ടിലും ദത്തെടുക്കല്‍ വിവേചനം അവസാനിപ്പിക്കാന്‍ഹിന്ദു അഡോപഷന്‍സ് ആന്റ് മെയിന്റനന്‍സ് ആക്ടിലുമാണ് ഭേദഗതി വരുത്തിയത.് ഇതിനുള്ള ബില്‍ പാര്‍ലമെണ്ട് അംഗീകരിച്ചു. 2010 ആഗസ്ത് 31 ന് ബില്ലിന് രാഷ്ട്രപതിയുടെ അനുമതി ലഭിച്ചു. ബില്‍ നിയമമാകുകുയും ചെയ്തു.
ഗാര്ഡിയന് ആന്റ് വാര്‍ഡ്സ് ആക്ട് 1890ല്‍ പാസാക്കിയതാണ്. 120 വര്‍ഷമായി നിലനിന്ന വിവേചനമാണ് അവസാനിച്ചത്. ദത്തെടുക്കല്‍ നിയമം 1956ല്‍ നിലവില്‍ വന്നതാണ്. 1989 ല്‍ ഇന്ത്യന്‍ നിയമകമ്മീഷന് അതിന്റെ 133 ാം റിപ്പോര്‍ട്ടില്‍ ഈ ഭേദഗതികള്‍ നിര്‍ദ്ദേശിച്ചിരുന്നു. അന്നത്തെ നിയമ മന്ത്രി ബി ശങ്കരാനന്ദിനു നല്കിയ ആ ശുപാര്‍ശയാണ് 21 വര്‍ഷത്തിനുശേഷം നടപ്പാക്കിയത്. ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച നിയമത്തിലെ സ്ത്രീവിവേചനം സ്വതന്ത്ര ഇന്ത്യയിലും അതേപടി തുടരുകയായിരുന്നു. എന്നാല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ 1925ല്‍ തന്നെ ബ്രിട്ടനില്‍ അവരുടെ നിയമം പുതുക്കി. ഇവിടെ പിന്നെയും 85 വര്‍ഷത്തിനുശേഷമാണ് മാറ്റം വന്നത്.
വ്യക്തിനിയമ (ഭേദഗതി) നിയമം 2010 ( The Personal Laws (Amendment) Act, 2010) എന്നപേരിലാണ് പുതിയ നിയമം.
ഗാര്ഡിയന് ആന്റ് വാര്‍ഡ്സ് ആക്ടിന്റെ 19ാം വകുപ്പിലാണ് മാറ്റം വരുത്തിയത്. പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയുടെ അച്ഛന് ജീവിച്ചിരിപ്പില്ലെങ്കിലോ അല്ലെങ്കില്‍ രക്ഷകര്‍ത്താവായിരിക്കാന്‍ യോഗ്യനല്ലെന്ന് കോടതിക്ക് തോന്നുകയോ ചെയ്താല്‍ മറ്റൊരാളെ കുട്ടിയുടെ രക്ഷിതാവായി കോടതിക്ക് നിയോഗിക്കാം എന്നാണ് നിയമത്തില്‍ ഉണ്ടായിരുന്നത്. ഇതിനു പകരം അച്ഛനോ അമ്മയോ ജീവിച്ചിരിപ്പില്ലെങ്കില്‍ എന്ന ഭേദഗതിയാണ് ചേര്‍ത്തത്. ഇപ്പോള്‍ അമ്മ ജീവിച്ചിരിക്കുമ്പോള്‍ തന്നെ കുട്ടിയുടെ രക്ഷാകര്‍ത്തൃത്വം മറ്റേതെങ്കിലം ബന്ധുവിനെ ഏല്‍പ്പിക്കുകയാണ് കോടതികള്‍ ചെയ്യുന്നത്.
ഹിന്ദു അഡോപ്ഷന്‍സ് ആന്റ് മെയിന്റനന്‍സ് ആക്ടില്‍ എട്ട്, ഒമ്പത് വകുപ്പുകളിലാണ് മാറ്റം. പഴയ വകുപ്പനുസരിച്ച് അവിവാഹിതയായ സ്ത്രിക്ക് ദത്താകാം. വിവാഹിതയാണെങ്കില്‍ ഭര്‍ത്താവ് മരിച്ചതോ തിരിച്ചുവരാത്ത വിധം ഉപേക്ഷിച്ചുപോയതോ ആണെങ്കിലേ ദത്ത് പാടുള്ളൂ. അല്ലെങ്കില്‍ ഭര്‍ത്താവ് മാനസിക സ്ഥിരതയില്ലാത്തയാളാണെന്ന് ഏതെങ്കിലും കോടതി പ്രഖ്യാപിച്ചിട്ടുണ്ടാകണം. എന്നാല്‍ പുരുഷനാണ് ദത്തെടുക്കുന്നതെങ്കില്‍ ഭാര്യയുടെ അനുമതി മതി. ഈ വ്യവസ്ഥ മാറ്റി പുതിയ വ്യവസ്ഥ ഉള്‍പ്പെടുത്തുകയാണ് ഭേദഗതി നിയമം ചെയ്തത്. ഇതനുസരിച്ച് ഇനി പ്രായപൂര്‍ത്തിയായ ഏതു സ്ത്രീക്കും കുട്ടികളെ ദത്തെടുക്കാം. അവര്‍ വിവാഹിതയാണെങ്കില്‍ ദത്തെടുക്കലിന് ഭര്‍ത്താവിന്റെ സമ്മതം കൂടി വേണം. ഭര്‍ത്താവ് മരിച്ചതോ എന്നെന്നേക്കുമായി ഉപേക്ഷിച്ചു പോയതോ മാനസിക സ്ഥിരതയില്ലാത്ത യാളോ ആണെങ്കില്‍ അനുമതി വേണ്ട.
അതേപോലെ ഒരുകുട്ടിയെ ദത്തു നല്‍കാനുള്ള അവകാശവും അച്ഛനുമാത്രമാണ്. അമ്മയുടെ സമ്മതം മതി. എന്നാല്‍ അമ്മയ്ക്ക് അച്ഛന്റെ അനുമതിയോടെ പോലും ഇത് ചെയ്യാനാകില്ല. ഇതും അച്ഛനും അമ്മയ്ക്കും തുല്ല്യാവകാശമാകും വിധം ഭേദഗതി ചെയ്താണ് പുതിയ നിയമം.
ഇന്ത്യയിലെ ഗര്‍ഭഛിദ്ര നിയമം ഇടയ്ക്കിടെ തര്‍ക്കവിഷയമാകും. 2008ല്‍ മുംബൈ ഹൈക്കോടതിയുടെ ഒരുവിധി ഏറെ വിവാദങ്ങള്‍ക്കു വഴിവെച്ചു. ഹൃദയതകരാറുണ്ടെന്നു കരുതപ്പെടുന്ന കുഞ്ഞിനെ ഗര്‍ഭഛിദ്രത്തിലൂടെ ഇല്ലാതാക്കാന്‍ അനുമതി തേടിയ മുംബൈയിലെ നികിതയുടെയും ഭര്‍ത്താവ് ഹരേഷ് മേത്തയുടെയും ഹര്‍ജി മുംബൈ ഹൈക്കോടതി തള്ളിയതാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. കുട്ടിയുടെ ഹൃദയതകരാര്‍ മുന്‍കൂട്ടി മനസ്സിലാക്കിയാണ് നികിത ഗര്‍ഭഛിദ്രത്തിന് അനുമതി തേടിയത്. എന്നാല്‍ 20 ആഴ്ച്ചയ്ക്കുശേഷമുള്ള ഗര്‍ഭഛിദ്രം നിയമം അനുവദിക്കുന്നതേയില്ല. നികിതയുടെ കേസില്‍ 24 ആഴ്ച്ച പിന്നിട്ടശേഷമാണ് അനുമതി തേടിയത്. നിയമം കര്‍ശനമായതിനാല്‍ കോടതി അനുമതി നിഷേധിക്കുകയായിരുന്നു. പെണ്‍ഭ്രൂണഹത്യ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയമത്തില്‍ ഇളവരുതെന്ന വാദത്തിനായിരുന്നു ഈ വിധിയെ തുടര്‍ന്നുണ്ടായ ചര്‍ച്ചകളിലും മുന്‍തൂക്കം. എന്നാല്‍ നികിതയുടേതുപോലെയുള്ള കേസുകളില്‍ നിയമം അയയണമെന്ന വാദവും ശക്തമായി ഉയര്‍ന്നു. വാദങ്ങള്‍ തുടരുമ്പോള്‍ നിലവിലുള്ള നിയമപ്രകാരം ഗര്‍ഭഛിദ്രം ഇന്ത്യയില്‍ കുറ്റമായി തന്നെ നിലനില്ക്കുന്നു. മൂന്നുവര്‍ഷം തടവും 10000 രൂപ പിഴയും ശിക്ഷ കിട്ടാവുന്ന കുറ്റം.
1971ല്‍ പാലമെന്റ് പാസാക്കിയ നിയമ (Medical Termination of Pregnancy Act)മാണ് ഗര്‍ഭഛിദ്രം ഇന്ത്യയില്‍ കുറ്റമാണെന്ന് വ്യക്തമാക്കുന്നത്. എന്നാല്‍ രജിസ്ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍ക്ക് ചില പ്രത്യേക സാഹചര്യങ്ങളില്‍ ഗര്‍ഭഛിദ്രം നടത്താം. ഇത്തരത്തില്‍ അനുവദനീയമായ സാഹചര്യങ്ങള്‍ നിയമത്തില്‍ വിവരിക്കുന്നുണ്ട്. 20 ആഴ്ച്ചയ്ക്കുശേഷമുള്ള ഗര്‍ഭഛിദ്രം നിയമം അനുവദിക്കുന്നതേയില്ല. നികിതയുടെ കേസില്‍ 24 ആഴ്ച്ച പിന്നിട്ടശേഷമാണ് ഗര്‍ഭഛിദ്രം നടത്താന്‍ അനുമതി തേടിയത്.
ഗര്‍ഭഛിദ്രം അനുവദനീയമായ സാഹചര്യങ്ങള്‍ നിയമത്തില്‍ പറയുന്നതിങ്ങനെ:
ഗര്‍ഭം തുടര്‍ന്നാല്‍ അത് സ്ത്രീയുടെ ജീവന് അപകടമുണ്ടാക്കുമെന്ന് ഉത്തമവിശ്വാസമുണ്ടെങ്കില്‍ ഗര്‍ഭഛിദ്രമാകാം. ഗര്‍ഭിണിയുടെ മാനസിക-ശാരീരീകാാഗ്യത്തെ അത് ഗുരുതരമായി ബാധിക്കുമെന്നുണ്ടെങ്കിലും ഗര്‍ഭഛിദ്രം നടത്താം.
ജനിക്കുന്ന കുഞ്ഞിന് ശാരീരികമോ മാനസികമോ ആയ വൈകല്യമുണ്ടാകും എന്നുറപ്പുണ്ടെങ്കിലും ഗര്‍ഭഛിദ്രം നിയമപരമാണ്.
12 ആഴ്ച്ചയില്‍ കുറവാണ് ഗര്‍ഭകാലമെങ്കില്‍ ഇത്തരം സാഹചര്യങ്ങളില്‍ ഒരു രജിസ്ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍ക്ക് ഗര്‍ഭഛിദ്രം നടത്താം. എന്നാല്‍ 12 മുതല്‍ 20 വരെയായ ഗര്‍ഭമാണെങ്കില്‍ രണ്ട് രജിസ്ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍ ഒരേ അഭിപ്രായം പറഞ്ഞിട്ടുണ്ടെങ്കില്‍ മാത്രമേ ഗര്‍ഭഛിദ്രം നിയമപരമാകൂ.
ബലാല്‍സംഗത്തിലൂടെ ഗര്‍ഭധാരണമുണ്ടായാല്‍ അത് ഒഴിവാക്കുന്നതിനായി ഗര്‍ഭഛിദ്രം അനുവദിക്കുന്നുണ്ട്. സന്താന നിയന്ത്രണ സംവിധാനം ഉപയോഗിച്ചതിന്റെ തകരാറുമൂലമുള്ള ഗര്‍ഭവും അലസിപ്പിക്കാം.
18 വയസ്സ് പൂര്‍ത്തിയാകാത്തവര്‍ക്ക് ഗര്‍ഭഛിദ്രം നടത്തണമെങ്കില്‍ രക്ഷിതാവിന്റെ രേഖാമൂലമുള്ള സമ്മതം വേണം. 18 വയസ്സില്‍ കൂടുതലുണ്ടെങ്കിലും മാനസിക വൈകല്ല്യമുള്ള സ്ത്രീയാണെങ്കിലും രക്ഷിതാവിന്റെ അനുമതി ആവശ്യമാണ്. എല്ലായ്പ്പോഴും ഗര്‍ഭഛിദ്രത്തിന് സ്ത്രീയുടെ അനുമതി രേഖാമൂലം തന്നെ വേണം. ഭര്‍ത്താവിന്റെ അനുമതി ആവശ്യമില്ല.
ഗര്‍ഭഛിദ്രം ഗവര്‍മെണ്ട് ആശുപത്രിയിലോ ഗവര്‍മെണ്ട് ഇതിനായി അനുമതി നല്‍കിയിട്ടുള്ള ആശുപത്രിയിലോ മാത്രമേ നടത്താവൂ എന്നും നിയമം വ്യവസ്ഥ ചെയ്യുന്നു.
(ലോകത്ത് സുരക്ഷിതമല്ലാത്ത ഗര്‍ഭഛിദ്രം ഏറ്റവും കൂടുതല്‍ നടക്കുന്ന രാജ്യം ഇന്ത്യയാണെന്നാണ് കണക്ക്. ഒരു വര്‍ഷം ഗര്‍ഭഛിദ്രത്തിലെ അപാകത മൂലം രാജ്യത്ത് ഒരുവര്‍ഷം ശരാശരി 15000 സ്ത്രീകള്‍ മരിക്കുന്നതായി സര്‍ക്കാര്‍ രേഖകള്‍ തന്നെ വ്യക്തമാക്കുന്നു.)
ഗ്രാറ്റുവിറ്റിക്ക് മതമുണ്ടോ? ഹിന്ദുവായ ജീവനക്കാരന് മരിച്ചാല്‍ ഗ്രാറ്റുവിറ്റിക്ക് ഭാര്യയ്ക്ക് അര്‍ഹതയുണ്ട്. മരിച്ച ജീവനക്കാരന് മുസ്ളീമാണെങ്കിലോ? മതേതര ഇന്ത്യയില്‍ അപ്രസക്തമെന്നു തോന്നാവുന്ന ചോദ്യം എന്നാല്‍ കേരളത്തിന്റെ സര്‍വീസ് ചട്ടങ്ങളില്‍ (കെഎസ്ആര്) ഭര്‍ത്താവിന്റെ ഗ്രാറ്റുവിറ്റി മുസ്ളിംസ്ത്രീക്ക് നിഷേധിക്കുന്ന വ്യവസ്ഥ അടുത്തിടെവരെ നിലനിന്നു. 2010 മെയ് 18ലെ വിധിയിലൂടെയാണ് ഈ വ്യവസ്ഥ കേരള ഹൈക്കോടതി റദ്ദാക്കിയത്.
കെഎസ്ഇബി ജീവനക്കാരനായിരിക്കെ മരിച്ച ടി കെ മന്‍സൂറിന്റെ ഗ്രാറ്റുവിറ്റിയാണ് കോടതിയിലെത്തിയത്. മന്‍സൂറിന് ഭാര്യയും പ്രായപൂര്‍ത്തിയാകാത്ത രണ്ടു മക്കളുമാണുള്ളത്. മന്‍സൂറിന്റെ ഗ്രാറ്റുവിറ്റിക്ക് അര്‍ഹത കുട്ടികള്‍ക്കുണ്ട്. അവര്‍ പ്രായപൂര്‍ത്തിയാകാത്തവരായതിനാല്‍ ആ വിഹിതം അമ്മയ്ക്കാണ് ലഭിക്കേണ്ടത്. പക്ഷേ കെഎസ്ആറിലെ മൂന്നാംഭാഗത്തിലെ 118-ാം ചട്ടത്തില്‍ പറയുന്നതിങ്ങനെ: 'മരിച്ച രക്ഷിതാവിന്റെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ ഗ്രാറ്റുവിറ്റി വിഹിതത്തിന് ജീവിച്ചിരിക്കുന്ന രക്ഷിതാവിനാണ് അര്‍ഹത. എന്നാല്‍ രക്ഷിതാവ് മുസ്ളിംസ്ത്രീയാണെങ്കില്‍ ആ തുക ഗാര്‍ഡിയന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നയാള്‍ക്കാണ് നല്‍കുക'. അതായത് അമ്മ മുസ്ളിമാണെങ്കില്‍ കുട്ടികള്‍ക്കുള്ള വിഹിതം വാങ്ങാനാവില്ലെന്ന് വ്യക്തം. വിചിത്രമായ ഈ വിവേചനവ്യവസ്ഥയാണ് കോടതിയുടെ മുന്നിലെത്തിയത്.
മുഹമ്മദന്‍ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം കെഎസ്ആറിലെ ചട്ടങ്ങള്‍ രൂപപ്പെടുത്തിയപ്പോഴാണ് മുസ്ളിം സ്ത്രീയ്ക്ക് അവകാശം നിഷേധിക്കപ്പെട്ടത്. മുഹമ്മദന്‍ നിയമപ്രകാരം കുട്ടികളുടെ അവകാശി അച്ഛനാണ്. അച്ഛന് മരിച്ചാല്‍ അച്ഛന്റെ അച്ഛന്. അല്ലെങ്കില്‍ അച്ഛന്റെ മരണപത്രത്തില്‍ നിയോഗിക്കപ്പെടുന്നയാളാണ് കുട്ടിയുടെ രക്ഷിതാവ്. മുഹമ്മദന്‍ നിയമത്തിലെ ഈ വ്യവസ്ഥ സര്‍വീസ് ചട്ടങ്ങളിലേക്ക് യാന്ത്രികമായി കടന്നുവന്നു.
വളരെ വിശദമായ വിധിന്യായത്തിലൂടെയാണ് ജ. തോട്ടത്തില്‍ ബി രാധാകൃഷ്ണന് കെഎസ്ആറിലെ ആ വ്യവസ്ഥ റദ്ദാക്കിയത്. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നത് സംസ്ഥാനത്തിന്റെ മതനിരപേക്ഷ ഖജനാവില്‍ നിന്നാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഗ്രാറ്റുവിറ്റിയുടെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. ഇങ്ങനെ ഗ്രാറ്റുവിറ്റി അനുവദിക്കുമ്പോള്‍ മതത്തിന്റെയോ ജാതിയുടേയോ വംശത്തിന്റെയോ ലിംഗത്തിന്റെയോ പേരില്‍ വിവേചനം പാടില്ല. സംസ്ഥാന ജീവനക്കാരെ അത്തരത്തില്‍ കള്ളിതിരിക്കാനുമാവില്ല. ഗ്രാറ്റുവിറ്റിപോലുള്ള ഒരു ആനുകൂല്യം സംബന്ധിച്ച വ്യവസ്ഥയില്‍ മതത്തെപ്പറ്റി പരാമര്‍ശം തന്നെ വന്നുകൂടാത്തതാണ് - കോടതി ചൂണ്ടിക്കാട്ടി.
ഗ്രാറ്റുവിറ്റിക്ക് അര്‍ഹതയുള്ള ജീവനക്കാരന് മരിച്ചാല്‍ അവകാശികളെ നിര്‍ണയിക്കേണ്ടത് ജാതിയും മതവും നോക്കിയല്ല. അവകാശി പദവി (Heirship) നോക്കിയാണ്. അതിനുള്ള വ്യവസ്ഥകളാണ് പരിഗണിക്കേണ്ടത്. സ്ത്രീകളെ ലിംഗപരമായി വേര്‍തിരിച്ചുകാണുന്നത് സ്ത്രീ എന്ന നിലയില്‍ അവര്‍ നേരിട്ട എന്തെങ്കിലും സാമ്പത്തിക പരാധീനത പരിഹരിക്കാനോ തുല്യ തൊഴിലവകാശം ലഭ്യമാക്കാനോ ആയിരിക്കണം. അല്ലാതെ സ്ത്രീകളെ നിയമപരമായോസാമൂഹ്യമായോ സാമ്പത്തികമായോ താഴ്ന്ന പദവിയില്‍ നിലനിര്‍ത്താന്‍ വേണ്ടിയാകരുതെന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുള്ള കാര്യം ജ. തോട്ടത്തില്‍ ബി രാധാകൃഷ്ണന് ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിലുള്ള വിവേചനം ഇന്ത്യന്‍ ഭരണഘടന 14-ാം അനുഛേദത്തിലൂടെ ഉറപ്പുനല്‍കുന്ന തുല്യതയ്ക്ക് വിരുദ്ധവുമാണ് - കോടതി വ്യക്തമാക്കി.
സര്‍ക്കാരിന് സ്ത്രീകള്‍ക്കായി പ്രത്യേക വ്യവസ്ഥകള്‍ രൂപപ്പെടുത്താന്‍ അധികാരമുണ്ട്. അതുപക്ഷേ അവര്‍ക്ക് അനുകൂലമായിട്ടാകണം; മറിച്ചാകരുത്. വ്യക്തിനിയമത്തിലെ വ്യവസ്ഥകളനുസരിച്ച് രൂപപ്പെടുത്തി എന്ന ഒരു ന്യായം മാത്രമേ ഗ്രാറ്റുവിറ്റി കാര്യത്തില്‍ മുസ്ളിം സ്ത്രീയോട് കാട്ടുന്ന വിവേചനത്തിന് ന്യായീകരണമായി പറയുന്നുള്ളു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ വളര്‍ത്താന്‍ മുസ്ളിമായ അമ്മയ്ക്ക് എന്തെങ്കിലും പ്രാപ്തിക്കുറവുണ്ടെന്ന് ചട്ടം പറയുന്നില്ല- കോടതി ചൂണ്ടിക്കാട്ടി. സ്ത്രീകള്‍ക്കെതിരായ എല്ലാ വിവേചനങ്ങളും അവസാനിപ്പിക്കാന്‍ കൂടുതല്‍ ഉത്തരവാദിത്തമുള്ള രാജ്യമാണ് ഇന്ത്യയെന്നും കോടതി ഓര്‍മിപ്പിക്കുന്നു.
1979ലെ സ്ത്രീവിവേചനവിരുദ്ധ കൺവന്‍ഷന്റെ പ്രഖ്യാപനം അംഗീകരിച്ച രാജ്യമാണ് ഇന്ത്യ. എല്ലാ നിയമങ്ങളിലും വ്യവസ്ഥകളിലും ചട്ടങ്ങളിലും കീഴ്വഴക്കങ്ങളിലും നിലനില്‍ക്കുന്ന സ്ത്രീവിരുദ്ധത നീക്കാന്‍ സര്‍ക്കാരുകള്‍ക്ക് ചുമതലയുണ്ട്. ഈ സാഹചര്യത്തില്‍, ഗ്രാറ്റുവിറ്റി നല്‍കാനായി മുസ്ളിംവിധവകള്‍ക്ക് ഒരു നിയമവും മറ്റുളള സ്ത്രീകള്‍ക്ക് മറ്റൊരു നിയമവും എന്നത് ഭരണഘടനാവിരുദ്ധവും മനുഷ്യാവകാശ നിഷേധവുമാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന മൌലികാവകാശങ്ങളുടെ ലംഘനവുമാണ്. അതുകൊണ്ട് ഈ വ്യവസ്ഥ റദ്ദാക്കുകയാണ്. കുട്ടികള്‍ക്ക് അര്‍ഹതപ്പെട്ട ഗ്രാറ്റുവിറ്റി വിഹിതം ഭാര്യ ഹസീനയ്ക്ക് നല്കാന് നടപടിയുണ്ടാകണം. കോടതിച്ചെലവും നല്‍കണം - വിധിയില്‍ പറഞ്ഞു.
ജോലിക്കിടയില്‍ തൊഴിലാളി അപകടത്തില്‍ മരിച്ചാല്‍ നഷ്ടപരിഹാരം നല്‍കുന്നതിന് തൊഴിലുടമയ്ക്ക് ഒഴികഴിവു പറയാനാകില്ല. തൊഴിലാളിയുടെ അശ്രദ്ധകൊണ്ടാണ് മരണമെങ്കില്‍പ്പോലും നഷ്ടപരിഹാരനിയമപ്രകാരം ) നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ""തൊഴിലാളി അപകടത്തില്‍പ്പെട്ടാല്‍ നഷ്ടപരിഹാരം നല്‍കുന്നതില്‍നിന്ന് ഉടമയ്ക്ക് ഒഴിവാകാവുന്ന ചില സാഹചര്യങ്ങള്‍ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നതു ശരിയാണ്. എന്നാല്‍, തൊഴിലാളി മരിച്ചാല്‍ ഈ വ്യവസ്ഥകള്‍ ബാധകമാകില്ലെ""ന്ന് ജ. ജെ ബി കോശി, ജ. കെ ആര് ഉദയഭാനു എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് 2005 ജൂലൈ ഏഴിലെ വിധിയില്‍ ചൂണ്ടിക്കാട്ടി. തലയില്‍ ചുമടുമായി പോകുന്നതിനിടയില്‍ തൊഴിലാളി പെട്ടെന്ന് തളര്‍ന്നുവീണു മരിച്ചതാണ് കോടതിയുടെ പരിഗണനയില്‍വന്നത്. അശ്രദ്ധമായി ചുമട് കൊണ്ടുപോകുമ്പോഴാണ് തൊഴിലാളി മരിച്ചതെന്നായിരുന്നു തൊഴിലുടമയുടെ ഒരു വാദം. ട്രിബ്യൂണലില്‍ കേസ് വന്നു.
തൊഴിലിനിടയിലുണ്ടായ അപകടമരണമാണെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ട്രിബ്യൂണല്‍ വിധിച്ചു. ഇതിനെതിരായ അപ്പീലാണ് ഹൈക്കോടതിയിലെത്തിയത്. തൊഴിലാളിക്ക് തൊഴിലിനിടയില്‍ അപകടംപറ്റിയാല്‍ തൊഴിലുടമ നഷ്ടപരിഹാരം നല്‍കണം. എന്നാല്‍, തൊഴിലാളി മദ്യപിച്ചിരുന്നെന്നോ, തൊഴില്‍സുരക്ഷ ലിഖിത വ്യവസ്ഥകള്‍ മനഃപൂര്‍വം ലംഘിച്ചാണ് ജോലിചെയ്തതെന്നോ വന്നാല്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ല. ഈ വ്യവസ്ഥകളും പക്ഷേ, തൊഴിലാളിക്ക് പരിക്കേല്‍ക്കുമ്പോള്‍മാത്രം ബാധകമാവുന്നവയാണ്. തൊഴിലാളി മരിച്ചാല്‍ നഷ്ടപരിഹാരത്തിന് ഈ വ്യവസ്ഥകള്‍പോലും തടസ്സമല്ല.
തൊഴിലാളി മരിച്ചാല്‍ അശ്രദ്ധയോടെയാണ് ജോലിചെയ്തതെന്നത് നഷ്ടപരിഹാരം നല്കാന് തടസ്സമാകില്ല. തൊഴിലാളി ഹൃദയാഘാതംമൂലമാണ് മരിച്ചതെന്നും അതിനാല്‍ സ്വാഭാവികംമാത്രമായ മരണമാണുണ്ടായതെന്നുമായിരുന്നു തൊഴിലുടമയുടെ മറ്റൊരു വാദം. അപകടമരണമായി ഇതിനെ കണക്കാക്കാനാകില്ലെന്നും വാദമുണ്ടായി. അസുഖംമൂലമുള്ള മരണം അപകടമരണമല്ലെന്ന വാദം കോടതി ശരിവച്ചു. എന്നാല്‍, ഇവിടെ ചുമടുമായിപ്പോയ തൊഴിലാളി തളര്‍ന്നുവീഴുകയും ഹൃദയാഘാതം വന്ന് മരിക്കുകയുമായിരുന്നു. ഇക്കാര്യത്തില്‍ ഹൈക്കോടതിയുടെതന്നെ മുന്‍കാല വിധികളുണ്ട്.
തൊഴിലാളി ചുമടുമായി പോകുമ്പോഴാണു വീണത്. ഈ വീഴ്ച നിയമത്തില്‍ നിര്‍വചിക്കുന്ന തരത്തിലുള്ള അപകടംതന്നെയാണ്. തുടര്‍ന്ന് ഹൃദയത്തിന്റെ പ്രവര്‍ത്തനവും നിലയ്ക്കുകയായിരുന്നു. അതിനാല്‍ നിയമത്തില്‍ പറയുംപോലെ "ജോലിക്കിടയിലും ജോലിമൂലവും ഉണ്ടായ അപകടത്തില്‍ പരിക്കേറ്റാണ്" തൊഴിലാളി മരിച്ചത് എന്നുതന്നെ കണക്കാക്കണം. തൊഴിലാളി താല്‍ക്കാലികക്കാരനാണ് എന്ന (ഇമൌമഹ ഘമയീൗൃലൃ) വാദവും തൊഴിലുടമ ഉയര്‍ത്തി. അതുകൊണ്ട് നഷ്ടപരിഹാരം നല്‍കേണ്ടെന്നായിരുന്നു വാദം. എന്നാല്‍, താല്ക്കാലികമായുണ്ടായ എന്തെങ്കിലും ജോലിക്ക് നിയോഗിക്കപ്പെടുന്ന തൊഴിലാളിയെ മാത്രമേ നിയമത്തില്‍ താല്ക്കാലികക്കാരനായി കാണുന്നുള്ളു. തൊഴിലുടമയുടെ വ്യാപാരാവശ്യങ്ങള്‍ക്കുവേണ്ടി താല്ക്കാലികാടിസ്ഥാനത്തില് ജോലിചെയ്യുന്ന തൊഴിലാളിക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് നിയമവ്യവസ്ഥയില്‍നിന്നു വ്യക്തമാണ്- വിധിയില്‍ പറഞ്ഞു.
കടപ്പാട് : കെ ആർ ദീപ
അവസാനം പരിഷ്കരിച്ചത് : 8/29/2019
വിവിധ വിഷയങ്ങളിൽ ഉള്ള നിയമ സഹായം
ബാലനീതി നിയമത്തിലെ വ്യവസ്ഥകളെപ്പറ്റി
നിയമം,നിയമത്തിന്റെ ഉപയോഗം
നിയമസഭകള്‍ - കൂടുതൽ വിവരങ്ങൾ