অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പൊതുമേഖലാ സ്ഥാപനങ്ങളും ഇ-ഭരണവും

പൊതുമേഖലാ സ്ഥാപനങ്ങളും ഇ-ഭരണവും

ആമുഖം

ആധുനിക വിവര സാങ്കേതിക വിദ്യ (വി.സാ.വി.)-യുടെ താരതമ്യേനെ പെട്ടന്നുള്ള വളർച്ചയും വിവിധ മേഖലയിൽ അതിനുള്ള സ്വാധീനവും ഇന്നു് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ടു്. വി.സാ.വി.ക്കു് ഒരു നയതന്ത്രപ്രാധാന്യം കൈവന്നിട്ടു് ഒരു വ്യാഴവട്ടക്കാലത്തിലും അധികമായി. സമൂഹത്തിന്റേയും സ്ഥാപനങ്ങളുടേയും ഭരണതലത്തിൽ വി.സാ.വി.യുടെ പ്രയോഗത്തിനായി തന്നെ പ്രത്യേകം ആസൂത്രണം നടന്നു വരുന്നു. മിക്ക ആധുനിക സാങ്കേതിക വിദ്യകളേയും പോലെ, ഇതും മുതലാളിത്ത സമ്പദു് ഘടനയിലൂടെ തൊഴിലാളി വർഗ്ഗം വികസിപ്പിച്ചതാണു്. സാങ്കേതിക വിദ്യകൾക്കു് വർഗ്ഗ പക്ഷപാതിത്വമില്ലെങ്കിലും പ്രയോഗത്തിനു് വർഗ്ഗ സ്വഭാവമുണ്ടു്. മുതലാളിത്ത സമൂഹത്തിൽ കമ്പോളശക്തികളുടെ താൽപര്യത്തിനു് അനുസരിച്ചായിരിക്കും സാങ്കേതിക വിദ്യ പ്രയോഗിക്കപ്പെടുക. അതിനാൽ തന്നെ അവയുടെ സ്വാഭാവികമായ പ്രയോഗം മിക്കപ്പോഴും ബഹുഭൂരിപക്ഷം ജനങ്ങളുടെ താൽപര്യത്തിനു് എതിരായിയരിക്കും. എന്നാൽ സാങ്കേതികവിദ്യയുടെ പ്രയോഗത്തിൽ ബോധപൂർവ്വമായ ഇടപെടൽ നടത്തി, അവ ജനപക്ഷമാക്കാനും, അതുവഴി, മികച്ച സാമൂഹ്യ മാറ്റങ്ങൾക്കു് തുടക്കമിടാനും സാധിക്കും.

പൊതുമേഖലാ സ്ഥാപനങ്ങൾ

കേരളാ സർക്കാരിന്റെ കീഴിൽ നൂറോളം പൊതുമേഖലാ സ്ഥാപനങ്ങളുണ്ടു്. അതിൽ 39 എണ്ണം വ്യവസായ വകുപ്പിന്റെ കീഴിലാണു്. പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പൊതുവെ തൃപ്തികരമാണെന്നു് കരുതുക വയ്യ. കഴിഞ്ഞ സർക്കാരിന്റെ കാലത്തു് അവയൊക്കെ ലാഭത്തിലാവുകയും സഞ്ചിത നഷ്ടം കുറക്കുവാൻ തുടങ്ങിയെങ്കിലും, ആ പ്രവണത ഇപ്പോൾ നിലനിർത്താൻ സാധിക്കാതെ വന്നിട്ടുണ്ടു്. മിക്ക സ്ഥാപനങ്ങളും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണു്. ഉല്പാദനവും ഉല്പാദനക്ഷമതയും ഉയര്‍ത്തുന്നതിലും മുല്യവർദ്ധന ഉറപ്പാക്കുന്നതിലും പൊതുമേഖലാ സ്ഥാപനങ്ങൾ വളരെ പിന്നോട്ട് പോയിട്ടുണ്ടു്. മുല്യവർദ്ധന ഉറപ്പാക്കിക്കൊണ്ടുമാത്രമെ സ്ഥായിയായ പ്രവർത്തനമികവു് സാദ്ധ്യമാകുള്ളു. മുല്യവർദ്ധന സാദ്ധ്യമാകണമെങ്കിൽ കുറേ പ്രശ്നങ്ങൾക്കു് പരിഹാരം കാണേണ്ടതുണ്ടു്. വിപണിയുടെ ശോഷിപ്പും, പ്രവർത്തനമികവുള്ള തൊഴിൽശേഷി നഷ്ടപ്പെട്ടതും, താല്കാലിക തസ്തികകളിലൂടെ മാത്രം അവ നികത്തുന്നതിനുള്ള ശ്രമവും, തന്മുലം പ്രവർത്തന മികവും ചടുലതയും കുറയുന്നതും പ്രതിസന്ധിക്കു് ആക്കം കൂട്ടുന്നു. വിപണിയിലെ കേവലം ഇടനിലക്കാരെന്ന നിലയിൽ പ്രവർത്തിക്കുന്നതു് മൂലം വിറ്റുവരവു് നിലനിർത്താൻ പറ്റുമെങ്കിലും അതു് സ്ഥായിയായി നിലനിൽക്കുമെന്നു് കരുതുക വയ്യ. സംരക്ഷിത വിപണി എല്ലാക്കാലത്തേക്കുമുള്ളതല്ല. മാത്രമല്ല, ഇടനിലക്കാരെന്ന നിലയിലുള്ള പ്രവര്‍ത്തനം സ്ഥാപനത്തിന്റെ സ്വതന്ത്രമായ സാങ്കേതിക സ്വാംശീകരണത്തേയും വൈദഗ്ദ്ധ്യ പോഷണത്തേയും ദീര്‍ഘകാല താല്പര്യങ്ങളേയും പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

കുത്തക മൂലധനത്തിന്റെ ഭീഷണിയിൽനിന്നും സർക്കാരിനേയും ജനങ്ങളേയും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തിലേക്കു് എത്തുവാൻ പൊതുമേഖലാ സ്ഥാപനങ്ങൾ അവയുടെ പ്രവർത്തനം ഇനിയുമേറെ മെച്ചപ്പെടുത്തേണ്ടതുണ്ടു്. കേവലമൊരു തൊഴിൽസ്ഥാപനം എന്നതിലുപരി, സമൂഹത്തിനും, സർക്കാരിനും സാങ്കേതികവും, സാമ്പത്തികവുമായ കെട്ടുറപ്പു് നൽകുവാൻ പൊതുമേഖലാ സ്ഥാപനങ്ങൾക്കു് സാധിക്കണം. കേരളത്തിലെ സാമൂഹ്യ, സാങ്കേതിക, സാമ്പത്തിക ശേഷി ഫലപ്രദമായും, ക്രീയാത്മകമായും, ദുർവ്യയം ചെയ്യാതേയും ഉപയോഗിച്ചും, വൈദേശിക ആശ്രിതത്വം (ചരടുകളില്ലാത്ത സാങ്കേതിക-സാമ്പത്തിക സഹകരണം ആകാം, സ്ഥായിയായ ആശ്രിതത്വം ഒഴിവാക്കപ്പെടണം) പരിമിതപ്പെടുത്തിക്കൊണ്ടും മാത്രമേ, ഇതു് സാദ്ധ്യമാകുള്ളു.

കേരളത്തിലെ മറ്റു സാമൂഹ്യ സംരംഭങ്ങളുമായും, ചെറുകിട-ഇടത്തരം സ്വകാര്യ സംരംഭങ്ങളുമായും പരസ്പര സഹകരണത്തോടെ പ്രവർത്തിച്ചു് ഇവിടുത്തെ സാങ്കേതിക, വ്യവസായിക അന്തരീക്ഷം ആരോഗ്യകരമാക്കുന്നതിൽ പൊതുമേഖലാസ്ഥാപനങ്ങൾ നേതൃത്വം വഹിക്കേണ്ടതാണു്. എന്നാൽ ഇന്നു്, അടിസ്ഥാന സേവനങ്ങളടക്കം കുത്തകകളെ, അവർ നിശ്ചയിക്കുന്ന നിരക്കുകളിൽ, ഏല്പിക്കാനായുള്ള ഇടനിലക്കാരെന്ന നിലയിൽ പൊതുമേഖലാ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന പ്രവണത വർദ്ധിച്ചുവരുന്നു. ഇതു് ഇവിടുത്തെ ചെറുകിട-ഇടത്തരം സ്വകാര്യ സംരംഭങ്ങൾക്കും, മറ്റു സാമൂഹ്യ സംരംഭങ്ങൾക്കും അടക്കം ഭീഷണിയുർത്തുകയും ചെയ്യുന്നു. പ്രാദേശിക-ദേശീയ സമ്പദ്ഘടനയുടെ ദീര്‍ഘ കാല താല്പര്യത്തിനെതിരാണിതു്.

കേരളത്തിലെ വി.സാ.വി. പ്രയോഗം

വിവിധ സർക്കാർ കാര്യാലയങ്ങളിലും, പൊതുമേഖലാ സഥാപനങ്ങളിലും വി.സാ.വി. വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയിട്ടു് കുറച്ചു് കാലമായല്ലോ. തൊഴിൽമേഖലക്കു് ഒരു വലിയ ആഭ്യന്തര വിപണിയാണു് ഇതു് ഒരുക്കിയതു്, സ്ഥാപനങ്ങളുടെ നടത്തിപ്പിനു് പുറമെ, ജനങ്ങൾക്കു് സേവനം നൽകുന്നതിലും വി.സാ.വി. ഉപയോഗിക്കപ്പെടുന്നു. ഇതു് കാതലായ മാറ്റമാണു് സർക്കാറിന്റെയും പൊതുമേഖലാ സ്ഥാപനങ്ങളുടേയും കാര്യത്തിലുണ്ടായിരിക്കുന്നതു്. അവ പലതും ജനങ്ങൾക്കു് ആശ്വാസകരവുമായിട്ടുണ്ടു്. എന്നാൽ ഇ-ഭരണ വിപണി വളർന്നതോടുകൂടി, വിദേശ സ്ഥാപനങ്ങളടക്കമുള്ള പല കുത്തക സ്ഥാപനങ്ങളും ഈ രംഗത്തേക്കു് അവിഹിതമായ മാർഗ്ഗങ്ങൾ അവലംബിച്ചുപോലും കടന്നു് വരുന്നുണ്ടു്. അവർക്കായി, അവരുടെ താല്പര്യത്തിലും പ്രേരണയിലും അനാവശ്യമായ പല പദ്ധതികളും ആവിഷ്കരിക്കപ്പെടുമന്നുണ്ടു്. ജനങ്ങളുടെ വിവരം കേന്ദ്രീകൃതമായി ശേഖരിക്കപ്പെടുന്നു. ആധാർ പോലുള്ള ബഹുകോടി പദ്ധതികളുടെ യഥാർത്ഥ ഗുണഭോക്താക്കൾ ആരു്, അതിലൂടെ ശേഖരിച്ച വിവരങ്ങൾ ആരൊക്കെ എന്തിനൊക്കെ വേണ്ടി ഉപയോഗിക്കപ്പെടും എന്ന ആശങ്ക നാൾക്കുനാൾ വർദ്ധിക്കുന്നുണ്ടു്. അതേ സമയം, ജനോപകാരപ്രദമായ ജനസേവ കേന്ദ്രം പൊലുള്ള പദ്ധതികൾ നിർത്താലാക്കി അവിടെ സ്വകാര്യ ഏജൻസികളെ കൊണ്ടു വരാൻ ശ്രമം നടക്കുന്നു. അക്ഷയ സംരംഭകരുടെ യോഗ്യത മാനദണ്ഡങ്ങൾ കർക്കശമാക്കാനുള്ള ശ്രമം കേരളാ സർക്കാർ കൈകൊള്ളുന്നു. ഇതു് അവിടെയുള്ള ചെറുകിട സംരംഭകരെ ഒഴിവാക്കി വൻകിടക്കാരെ കുടിയിരുത്താനുള്ള ശ്രമമാണെന്ന ആശങ്കയുളവാക്കുന്നു.

ഇ.ആർ.പി.

സാധാരണ ഗതിയിൽ, പൊതുമേഖലാ സ്ഥാപനങ്ങളിലെ, വിവിധ പ്രവർത്തനങ്ങൾ, അതിനായി അനുകൂല സാഹചര്യങ്ങളുള്ള വിവിധ കേന്ദ്രങ്ങളിൽ നടത്തപ്പെടുന്നു. പലപ്പോഴും സങ്കീർണ്ണമായ ഇവയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു് നടത്തുകയെന്നതു് വലിയൊരു വെല്ലുവിളിയാണു്. അതേ സമയം, അവയുടെ ആസൂത്രണവും സമഗ്രമായ ഏകോപനവും വിവരസങ്കേതങ്ങളുടെ സഹായത്തോടെ എളുപ്പത്തിൽ നടത്താൻ ഇന്നു് സാദ്ധ്യമാണു്. അസംസ്കൃത വിഭവങ്ങളുടെ ശേഖരണവും, സംഭരണവും, ഉല്പന്നങ്ങളുടെ, നിർമ്മാണവും, വിപണിതേടലും, വിപണനവും, സ്ഥാപനങ്ങളുടെ നടത്തിപ്പും, മറ്റു സാമ്പത്തിക ഇടപാടുകളും വേഗത്തിലും കാര്യക്ഷമതയോടേയും ഏകോപിപ്പിച്ചു് നടത്തുന്നതിനായി സഹായിക്കുന്ന വി.സാ.വി. സംവിധാനമാണു് ഇ.ആർ.പി. ഇ-ഭരണത്തിനായുള്ള സാങ്കേതിക സംവിധാനമാണിതു്. ഫലപ്രദമായി പ്രയോഗിച്ചാൽ, ഇ.ആർ.പി.യുടെ സമഗ്രമായ ഏകോപനസാദ്ധ്യതകൾ, സ്ഥാപനങ്ങളുടെ പ്രവർത്തനത്തിനോടൊപ്പം, ഘടനയിലും മികവുണ്ടാക്കും. നടപടികൾ സുതാര്യമാകും. തൊഴിലാളികളുടെ പ്രവർത്തന ശേഷിയും, തൊഴിൽ പ്രാഗത്ഭ്യവും മെച്ചപ്പെടും. സ്വാഭാവികമായും ഇതിന്റെ നേട്ടം സമൂഹത്തിലും പ്രതിഫലിക്കും.

ഇആർ പി സോഫ്റ്റ്‌വെയറിനായി രണ്ടുതരം സമീപനങ്ങളാണു് സ്ഥാപനങ്ങൾ സ്വീകരിക്കാറുള്ളതു്. എല്ലാ പ്രവർത്തനങ്ങൾക്കും വേണ്ടി ഒരു പൊതു ധാരണയിലൂടെ സാമാന്യവൽക്കരിച്ചു് വികസിപ്പിച്ച സോഫ്റ്റ്‌വെയറുകൾ, ആവശ്യാനുസരണം ബാഹ്യക്രമീകരണങ്ങൾ നടത്തി സ്ഥാപനത്തിനു് യോജിച്ചതാക്കുക എന്ന രീതിയാണു് വിപണിയിൽ ഇ.ആർ.പി സേവനം നൽകുന്ന മിക്ക സ്ഥാപനങ്ങളും നൽകുന്നതു്. ഇത്തരം സോഫ്റ്റ്‌വെയറുകൾ ഒരു പാക്കേജായി വിപണിയിലിറക്കാം എന്നതാണു് അവരു് കാണുന്ന മെച്ചം. സാമാന്യവൽക്കരണത്തിന്റെ ഭാഗമായി വന്നതും എന്നാൽ സ്ഥാപനത്തിനു് വേണ്ടാത്തതുമായ പല തലങ്ങളും ഘടകങ്ങളും ഈ സോഫ്റ്റ്‌വെയറിൽ കാണും. അവയും പ്രവർത്തിക്കുന്നതിനായി ഹാർഡ്‌വെയർ, നെറ്റ്‌വർക്കു് വിഭവങ്ങളുപയോഗിക്കും. ഇവയിലെ പൊതുഘടകങ്ങളെ ക്രമീകരിച്ചു് സ്ഥാപനത്തിനുതകുന്ന വിധത്തിലാക്കുക എന്നതു് ശ്രമകരമായ ജോലിയാണു്. സ്ഥാപനങ്ങളാഗ്രഹിക്കുന്ന രീതിക്കു് പകരം സേവനദാതാവു് നൽകുന്നതു് സ്വീകരിക്കുക എന്ന പരിമിതിയും അതുവഴിയുള്ള അധികമായ ബാഹ്യ ആശ്രിതത്വത്തിനും ഇതു് കാരണമാകും.

അടിസ്ഥാന പ്രവർത്തനങ്ങൾക്കും, അവയുടെ ഏകോപനത്തിനു് വേണ്ടിയുള്ള ചട്ടകൂടുകൾ ഉപയോഗിച്ചു് അവക്കു്മേൽ സ്ഥാപനത്തിനു് ആവശ്യമായ ഘടകങ്ങൾ മാത്രം വികസിപ്പിച്ചുപയോഗിക്കുക എന്നതാണു് അടുത്തരീതി. സ്ഥാപനത്തിനു് അനുയോജ്യമായ സോഫ്റ്റ്‌വെയർ സംവിധാനം വേണമെന്നു് കരുതുന്ന സ്ഥാപനങ്ങളാണു് ഈ രീതി സ്വീകരിക്കാറു്. സാമാന്യവല്ക്കരിച്ച സോഫ്റ്റ്‌വെയർ ഘടകങ്ങൾ ക്രമീകരിച്ചു് ഉപയോഗിക്കുന്നതിലും വേഗത്തിലും ഫലപ്രദമായും അടിസ്ഥാന ചട്ടക്കൂടിനുമേൽ അവശ്യ ഘടകങ്ങൾ വികസിപ്പിക്കാമെന്നതാണു് പൊതുവേയുള്ള അനുഭവം. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചേ അതു് ചെയ്യാനാകൂ. അങ്ങിനെ ചെയ്യുമ്പോള്‍ സാങ്കേതിക സ്വാംശീകരണവും ഉടമസ്ഥതയും അധിക നേട്ടങ്ങളുമാണു്.

മൊത്തം വിപണിയിലെ തങ്ങളുടെ പങ്കു് വലുതാണെന്നു് കാട്ടിയാണു് SAP കൂടുതൽ സ്ഥാപനങ്ങളെ സമീപിക്കാറു്. ലഭ്യമായ കണക്കനുസരിച്ചു്൨ ഇ ആർ പി വിപണിയിൽ SAP-നു് 28.7%-വും ഒറാക്കിളിനു് 10.2%-വും, സ്വതന്ത്ര സോഫ്റ്റ്‌വെയർ അടക്കമുള്ള മറ്റുള്ളവ എന്ന വിഭാഗത്തിനു് 47.2%-വും ആണു് വിപണിയിലെ പങ്കു്. വിശദമായ കണക്കു് ലഭ്യമല്ല. വിപണിയിൽ നിന്നുള്ള വരുമാനത്തെ ആശ്രയിച്ചാണു് ഈ കണക്കു് ഉണ്ടായിരിക്കുന്നതു്. ഏതു് ഏജൻസി വഴി SAP-ന്റെ സോഫ്റ്റ്‌വെയർ നൽകിയാലും അതു് SAP എന്ന സ്ഥാപനത്തിന്റെ കണക്കിൽ തന്നെ വരും. OpenERP പോലുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയർ സേവനം ആർക്കും നൽകാവുന്നതാണു്. അതിനാൽ അതിന്റെ വിപണിയുടെ പങ്ക് ഒരു സ്ഥാപനത്തിന്റെ കണക്കിൽ മാത്രമായി ഒതുങ്ങില്ല, എത്ര സ്ഥാപനങ്ങളിൽ ഉപയോഗിക്കപ്പെടുന്നവെന്നറിയാൻ ശരാശരി സേവന-ലൈസൻസ് തുകവെച്ചു് വിലയിരുത്തണം. താരതമ്യേനെ ഉയർന്ന സേവന-ലൈസൻസ് തുക ഇടാക്കുന്ന SAP അടക്കമുള്ള കുത്തക സ്ഥാപനങ്ങൾക്കു് സേവനം നൽകിയ സ്ഥാപനങ്ങളുടെ എണ്ണം ഇതിലും താഴെയായിരിക്കും. സ്വതന്ത്ര സോഫ്റ്റ്‌വെയറിനു് ലൈസൻസ് തുക ഇല്ലാത്തതിനാൽ അവ ഉപയോഗിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം ഈ കണക്കിൽ കാണിച്ച അനുപാതത്തിലും കൂടിയതലായിരിക്കും. സ്വതന്ത്ര സോഫ്റ്റ്‌വെയർ സ്ഥാപനങ്ങൾ സ്വയം പ്രയോഗിക്കുന്നതിന്റെ കണക്കുകൾ ഇതിൽപെടുന്നുമില്ല. OpenERP പോലുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനംപ്രതി 1000 പേർ സൈറ്റിൽ നിന്നും ശേഖരിക്കുന്നുണ്ടു്. അതിൽ ചെറിയൊരു ശതമാനം അതു് ചില സ്ഥാപനങ്ങളിൽ ഉപയോഗിക്കുകയും ചെയ്യുന്നുണ്ടാകുമല്ലൊ.

സ്വതന്ത്ര ഇ ആർ പി സംവിധാനങ്ങൾ

ഭരണമേഖലയിൽ സാങ്കേതികവിദ്യയുടെ സ്വാഭാവിക പ്രയോഗത്തിൽ വളരെ ജാഗ്രത പുലർത്തേണ്ടതുണ്ടു്. ബുദ്ധി ഉപയോഗിച്ചു് ചെയ്യുന്ന കാര്യങ്ങളാണു് ഇ-ഭരണത്തിൽ സാങ്കേതികവിദ്യകളിലൂടെ നടപ്പിലാക്കപ്പെടുന്നതു്. അതിനാൽ ഇത്തരത്തിലുപയോഗിക്കുന്ന സാങ്കേതികവിദ്യകൾ പുർണ്ണമായും നമ്മുടെ നിയന്ത്രണത്തിലുള്ളവയും, സുതാര്യമായതും, ചതിക്കുഴികളില്ലാത്തതുമാണെന്നു് ഉറപ്പാക്കണം. അല്ലാതെയുള്ള സാങ്കേതികവിദ്യാ പ്രയോഗം നമ്മുടെ തലച്ചോറു് പണയംവെക്കുന്നതിനു് തുല്യമാണു്.

ഇ-ഭരണത്തിനായി ഇന്നു് ധാരാളം സ്വതന്ത്രമായ സാങ്കേതികവിദ്യകൾ ലഭ്യമാണു്. സ്വതന്ത്ര സോഫ്റ്റ്‌വെയർ അടിസ്ഥാനമാക്കി വിസിപ്പിച്ചവയാണവ. രഹസ്യ സ്വഭാവത്തോടെ പ്രവർത്തിക്കുന്ന കുത്തക സോഫ്റ്റ്‌വെയർ സംവിധാനങ്ങളെ അപേക്ഷിച്ചു്, സാമൂഹ്യവും സാങ്കേതികവും സാമ്പത്തികവുമായ മികവു് സ്വതന്ത്ര സോഫ്റ്റ്‌വെയർ സംവിധാനങ്ങൾ നൽകുന്നുണ്ടു്.

സാമൂഹ്യ മികവുകൾ

  • അറിവിന്റേയും, അതുവഴി സാങ്കേതിക വിദ്യകളുടെ പ്രയോഗത്തിലുമുള്ള സ്വാതന്ത്ര്യം ഉറപ്പ് വരുത്തുന്നു
  • സമൂഹത്തിനകത്തെ പരസ്പര സഹകരണം വളര്‍ത്തുന്നു
  • നടത്തിപ്പുകാരുടേയും, തൊഴിലാളികളുടേയും,സാങ്കേതിക ശേഷിയും, തൊഴിൽ പ്രാഗത്ഭ്യവും വര്‍ദ്ധിപ്പിക്കുന്നു
  • പ്രാദേശിക ശാക്തീകരണം ഉറപ്പാക്കുന്നു. സ്ഥായിയായ പുരോഗമനം ഉറപ്പാക്കുന്നു
  • തൊഴിലവസരങ്ങള്‍ കേരളത്തില്‍ തന്നെ വിനിയോഗിക്കപ്പെടുന്നതിനാൽ, പ്രാദേശിക തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നു
  • ലോകമെമ്പാടും വ്യാപിച്ചു് കിടക്കുന്ന തലച്ചോറുകളുടെ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയാണ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്നത്.
  • സുതാര്യമായ രീതിയിൽ അപ്പപ്പോള്‍ തന്നെ ഉപഭോക്താവിന്റെ പ്രതികരണം കിട്ടുന്നതുകൊണ്ട് ഉപഭോക്താവ് ഉദ്ദേശിക്കുന്ന രീതിയിലാവും സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കപ്പെടുക.
  • സോഫ്റ്റ്‌വെയറിന്റെ ടെസ്റ്റിങ്ങിനും, തെറ്റുകള്‍ കണ്ടെത്താനും കൂടുതല്‍ ആളുകള്‍ ഉള്ളതുകൊണ്ട് അവ എളുപ്പവും മികച്ചരീതിയിലും നടക്കുന്നു
  • സോഫ്റ്റ്‌വെയറിന്റെ പഠനരേഖകളും വിവരണങ്ങളും മികച്ചതാകുന്നു.
  • സാങ്കേതിക വിദ്യയുടെ പൂര്‍ണ്ണ കൈമാറ്റം നടക്കുകയും, സ്വതന്ത്രമായ തുടർപ്രവർത്തനം സാദ്ധ്യമാകുകയും ചെയ്യുന്നു
  • ലൈസന്‍സ് തുകയോ, ഒളിഞ്ഞിരിക്കുന്ന മറ്റ് ചെലവുകളോ ഇല്ല
  • കൂടുതൽ ഉപയോക്താക്കൾക്കോ, കമ്പ്യൂട്ടറിലോ ഉപയോഗിക്കാൻ അധിക ചെലവില്ല
  • ഒറ്റത്തവണ ചെലവു് മാത്രമേ സ്ഥാപനങ്ങൾക്കു് ഉണ്ടാകുള്ളു
  • വാര്‍ഷിക പരിപാലനത്തിനായി കേരളത്തില്‍ തന്നെയുള്ള വിദഗ്ദ്ധരെ ഉപയോഗിക്കാം
  • നിലവിലുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയറുകളില്‍ നിന്നാണ് പുതിയവ ഉത്പാദിപ്പിക്കുന്നത് എന്നതിനാല്‍ ഉത്പാദന ചിലവ് കുറയും
  • പ്രാദേശിക ശാക്തീകരണം വഴി സമൂഹത്തിന്റെ സാമ്പത്തിക-വ്യവസായിക വളർച്ചയെ സഹായിക്കുന്നു. 
    ഹാർഡ്‌വെയർ ഉപകരണങ്ങളുടെ മിതമായ ഉപയോഗത്താൽ അവയുടെ ചെലവും ഗണ്യമായി കുറയും.

സാങ്കേതിക മികവുകൾ

സാമ്പത്തിക മികവുകൾ

കേരളാ സർക്കാരിന്റെ വി.സാ.വി നയവും പ്രവർത്തനങ്ങളും

ഇ-ഭരണം വളരെ ഫലപ്രദമായി നടപ്പിലാക്കാൻ, അതിനുപയോഗിക്കുന്ന വി.സാ.വി. സംവിധാനങ്ങളുടെ മേൽ വ്യക്തമായ ഉപയോഗസ്വാതന്ത്ര്യം വേണമെന്നും സ്വതന്ത്ര സോഫ്റ്റ്‌വെയർ ഇതു് നൽകുന്നതിനോടൊപ്പം നല്ല സാമ്പത്തിക നേട്ടവും നൽകുമെന്നും, കേരളത്തിലെ സർക്കാർ മുമ്പു് തന്നെ തിരിച്ചറിഞ്ഞിട്ടുണ്ടു്. ഇതിന്റെ കൂടി ഫലമായാണു്, 2007-ലെ കേരളാ വി.സാ.വി. നയത്തിൽ സാദ്ധ്യമായിടത്തെല്ലാം സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിക്കണമെന്ന നിലപാടുണ്ടായതു്. കേരളത്തിലെ അദ്ധ്യാപക സംഘടനകളുടെ ഇടപെടലിലൂടെ ഐ.ടി@സ്കൂൾ പദ്ധതി സ്വതന്ത്ര സോഫ്റ്റ്‌വെയറിലേക്കു് മാറിയതും, അതു് വിജയകരമായി നടപ്പിലാക്കാൻ സാധിച്ചതും വളരെ നല്ല നേട്ടമാണു്. എന്നാൽ ഭരണതലങ്ങളിൽ, ആ വി.സാ.വി. നയം നടപ്പാക്കുന്നതിൽ ഭരണസംവിധാനം ശ്രദ്ധിച്ചിട്ടില്ല.

എന്തുകൊണ്ടാണു് ആ നയങ്ങൾ മിക്കപ്പോഴും പാലിക്കപ്പെടാതെ പോയതു് എന്നു് പരിശോധിക്കേണ്ടതുണ്ടു്. ഭരണനേതൃത്വം തീരുമാനിച്ചിട്ടും, സ്വതന്ത്രസോഫ്റ്റ്‌വെയർ ഭരണ മേഖലയിൽ കൊണ്ടുവരാൻ സാധിക്കാത്തത്തു് നമ്മുടെ പ്രശ്നമാണു്. ഒരുവിഭാഗം ഉന്നത ഉദ്യോഗസ്ഥരുടേയും, സ്ഥാപനമേധാവികളുടേയും സാങ്കേതിക പക്ഷപാതിത്വമോ, വി.സാ.വി. രംഗത്തെ പരിചയക്കുറവോ, ഇതിനു് കാരണമായിട്ടുണ്ടു്, കമ്പോള ശക്തികളുമായുള്ള ഭരണതലത്തിലെ അധാർമ്മിക ബന്ധവും സർക്കാറിന്റെ പ്രഖ്യാപിത നയത്തിനു് വിരുദ്ധമായി അവരെ പ്രവർത്തിപ്പിച്ചു. ഔദ്യോഗിക സ്ഥാനങ്ങളിലിരിക്കുന്നവർ പലപ്പോഴും തങ്ങളുടെ കേവലയുക്തിക്കനുസരിച്ചു് കാര്യങ്ങൾ നീക്കുന്നതാണു് മറ്റൊരു പ്രശ്നം. ഐ കെ എം, ജല അഥോറിറ്റി, സ്പാഷ്യൽ ഡാറ്റാ സെന്റർ തുടങ്ങി ധാരാളം അനുഭവങ്ങൾ അതു് വെളിവാക്കുന്നു. 1999-ൽ ഐ.കെ.എമ്മിന്റെ പഞ്ചായത്തു് വി.സാ.വി. പദ്ധതിയിലൂടെയാണു് കുത്തക സോഫ്റ്റ്‌വെയർ കേരളാ ഇ-ഭരണ രംഗത്തു് കാര്യമായ കടന്നുകയറ്റം തുടങ്ങിയതു്. അക്കാലത്തു് ചില പഞ്ചായത്തുകളിൽ നടന്ന സ്വതന്ത്ര സോഫ്റ്റ്‌വെയർ പദ്ധതികളെ തടഞ്ഞുകൊണ്ടാണു് ഐ.കെ.എം കുത്തക സോഫ്റ്റ്‌വെയറുകൾ പ്രചരിപ്പിക്കുവാൻ തുടങ്ങിയതു്. ഒരു വ്യാഴവട്ടക്കാലത്തിലേറെ, വളരെ വലിയ അദ്ധ്വാനവും തുകയും ചെലവഴിച്ചു് പ്രവർത്തിച്ചിട്ടും, കാര്യമായ ഫലം തരാത്തതിന്റെ ഒരു പ്രധാന കാരണം കുത്തക സോഫ്റ്റ്‌വെയറുകളോടുള്ള അതിന്റെ അധികൃതരുടെ വിധേയത്വമാണെന്നു് കാണാം. കേരളത്തിലെ സർക്കാരിന്റേയും, പൊതുമേഖല സ്ഥാപനങ്ങളിലേയും വി.സാ.വി. സംവിധാനം ഒരുക്കുന്നതിൽ കെൽട്രോൺ, സി-ഡിറ്റ് തുടങ്ങിയ സ്ഥാപനങ്ങളെ മൊത്ത സേവനദാതാക്കളായി (TSP) സർക്കാർ തിരഞ്ഞെടുത്തിട്ടുണ്ടു്. ഇത്തരം സ്ഥാപനങ്ങൾക്കു് പദ്ധതി നടപ്പിലാക്കുന്നതിൽ ടെണ്ടർ ഇളവുകൾ ലഭിക്കും. എന്നാൽ, സാധാരണഗതിയിൽ ഈ സ്ഥാപനങ്ങൾക്കു് കുറഞ്ഞ ചെലവിൽ ചെയ്യാവുന്ന പദ്ധതികൾ ഏറ്റെടുത്തു് നടപ്പിലാക്കുന്നതിനു് പകരം, കൂടിയ നിരക്കിൽ പുറംകരാറായി നൽകുവാൻ ഇപ്പോൾ സർക്കാർതലത്തിൽ ഈ സ്ഥാപനങ്ങൾക്കുമേൽ സമ്മർദ്ദമുണ്ടാകുന്നു. ഫലത്തിൽ, ഈ സ്ഥാപനങ്ങൾ, മിക്ക സർക്കാർ പദ്ധതികളിലും വെറും ഇടനിലക്കാരായി പ്രവർത്തിച്ചു് പോരുന്നു.

ഇ-ഭരണം നടപ്പാക്കുമ്പോൾ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങൾ

കേരളത്തിലെ വ്യക്തികളേയും, വിഭവങ്ങളേയും കുറിച്ചു് പരമപ്രധാനമായ വളരെയേറെ വിവരങ്ങള്‍ സൂക്ഷിച്ചുവെക്കുന്ന, ഇ-ഭരണം, പൊതുമേഖല ERP തുടങ്ങിയ വി.സാ.വി. സംവിധാനങ്ങള്‍, വിദേശ കമ്പിനികളുടെ കൈപ്പിടിയിലാകാതെ ശ്രദ്ധിക്കേണ്ടതിനു് ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കും, സര്‍ക്കാരിനും പൂര്‍ണ്ണമായ ഉപയോഗ സ്വാതന്ത്ര്യം നല്‍കുന്ന, സുതാര്യമായ വി.സാ.വി. സംവിധാനങ്ങളാണു് ഈ രംഗങ്ങളില്‍ ഉപയോഗിക്കേണ്ടതു്. സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഉപയോഗത്തിലൂടെ മാത്രമെ ഇതു് സാദ്ധ്യമാകുള്ളു. സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുമ്പോള്‍ ഒറ്റത്തവണ ചെലവു് മാത്രമേ ഉണ്ടാകുന്നുള്ളു. വാര്‍ഷിക പരിപാലനത്തിനായി കേരളത്തില്‍ തന്നെയുള്ള വിദഗ്ദ്ധരെ ഉപയോഗിക്കാം. സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രയോഗിക്കാനായുള്ള തൊഴിലവസരങ്ങള്‍ കേരളത്തില്‍ തന്നെ വിനിയോഗിക്കപ്പെടും. സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നതിലൂടെ, ERP, ഇ-ഭരണം തുടങ്ങിയ സംവിധാനങ്ങളുടെ പൂര്‍ണ്ണ ഉടമസ്ഥതത കേരളാ സര്‍ക്കാരിനും, ബന്ധപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ലഭിക്കും.

SAP-ന്റെ ERP പോലുള്ള കുത്തക സോഫ്റ്റ്‌വെയറുകളാണെങ്കില്‍, അവയുടെ ഉപയോഗിക്കന്നതിനുള്ള കേവല അനുമതി മാത്രമാണു് നിര്‍മ്മാതാക്കാള്‍ നല്‍കുക. ഉടമസ്ഥാവകാശം അവരില്‍ തന്നെ നിക്ഷിപ്തമായിരിക്കും. കൂടാതെ, അടഞ്ഞ സോഫ്റ്റ്‌വെയറായതിനാല്‍ അവയുടെ സ്രോതസ് ലഭ്യമാക്കുകയില്ല. അതിനാല്‍ തന്നെ അവയുടെ ആന്തരിക പ്രവര്‍ത്തനം പരിശോധിക്കുവാന്‍ സാദ്ധ്യമല്ല. പൊതു ആവശ്യങ്ങള്‍ക്കു്, അത്തരം സോഫ്റ്റ്‌വെയറുകളുടെ ഉപയോഗം വലിയ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നുണ്ടു്. അവ വിന്യസിപ്പിക്കാനായുള്ള ചെലവു് ഏതാണ്ടു് മുഴുവനായും പാശ്ചാത്യ രാജ്യങ്ങളിലെ വന്‍കിട കമ്പിനികളിലേക്കാണു് പോകുന്നതു്. സംവിധാനത്തിന്റെ ബാഹ്യമായ പ്രവർത്തന രീതികളൊഴിച്ചു് മറ്റു് വിവരങ്ങളുമൊന്നും നമ്മുടെ സ്ഥാപനങ്ങൾക്കു് SAP പോലുള്ള സ്ഥാപനങ്ങൾ കൈമാറില്ല. സ്ഥിരമായി കുത്തക സ്ഥാപനങ്ങളോടു് ആശ്രിതത്വം സൃഷ്ടിക്കപ്പെടുകയും നിലനിർത്തപ്പെടുകയും പൊതുമേഖലാ സ്ഥാപനങ്ങളുടെ വിഭവം ചോർത്തപ്പെടുകയും ചെയ്യും. കേരളത്തിൽ ലഭ്യമായ സാങ്കേതിക കഴിവും സ്വതന്ത്ര സോഫ്റ്റ്‌വെയറും ഉപയോഗിക്കാൻ തയ്യാറായാൽ ഇത്തരം ആശ്രിതത്വം ഒഴിവാക്കാം. പൊതുമേഖലാ മേധാവികളുടേയും ജീവനക്കാരുടേയും ഒരു സംഘം സേവനം നൽകുന്നവരോടൊപ്പം ആദ്യം മുതൽ തന്നെ പ്രവർത്തിച്ചു് തുടങ്ങിയാൽ ആദ്യ സേവന കാലം തീരുമ്പോഴേയ്ക്കും സാധാരണ ഗതിയിലുള്ള മെച്ചപ്പെടുത്തലിനും വികസനത്തിനുമുള്ള സാങ്കേതിക വിദ്യ സ്വാംശീകരിക്കാൻ കഴിയും. ഇത്തരത്തില്‍ സാങ്കേതിക കൈമാറ്റം നടന്ന മാതൃകകള്‍ ഇപ്പോള്‍ ലഭ്യമാണു്.

ഇ-ഭരണത്തിൽ കുത്തക സോഫ്റ്റ്‌വെയർ ഒഴിവാക്കുക

ഈയൊരു പശ്ചാത്തലത്തിൽ വേണം, സംസ്ഥാന പൊതു മേഖലാസ്ഥാപനങ്ങളിലെ വി.സാ.വി. പ്രയോഗത്തിനായി SAP എന്ന കമ്പിനിയുടെ ERP സോഫ്റ്റ്‌വെയർ ഉപയോഗിക്കാൻ കേരള സർക്കാരിന്റെ നീക്കത്തെ കാണുവാൻ. ഇതിനായി വ്യവസായ വകുപ്പു് വിവിധ സ്ഥാപനങ്ങളുടെ താല്പര്യം (EoI) ക്ഷണിച്ചിരിക്കുകയാണു്൧. ഇ-ഭരണരംഗത്ത് സംസ്ഥാന സർക്കാരും ദേശീയ സർക്കാരും സ്വീകരിച്ച പ്രഖ്യാപിത നയമായ സ്വതന്ത്രസോഫ്റ്റ്‌വെയർ ഉപയോഗത്തിനെ നിരാകരിക്കുന്നതാണ് ഈ നീക്കം. കോടികൾ ചിലവ് വരുന്ന ഈ പദ്ധതി സ്വതന്ത്രസോഫ്റ്റ്‌വെയർ ഉപയോഗിച്ച് നടപ്പാക്കിയാൽ സംസ്ഥാന സർക്കാരിനു് ERP-ക്കു് പുറത്തു് പൂർണ്ണ സ്വാതന്ത്ര്യം ലഭിക്കുമെന്നു് മാത്രമല്ല, അനാവശ്യമായ വലിയൊരു ചെലവ് ഒഴിവാക്കാനും കഴിയും. എന്നാൽ ഇതിനു് വിപരീതമായി SAP എന്ന കുത്തക സോഫ്റ്റ്‌വെയർ ഉപയോഗിക്കാനാണ് സർക്കാർ തീരുമാനം. മലബാർ സിമന്റ് കമ്പനിയിൽ വർഷങ്ങൾക്ക് മുമ്പേ ആരംഭിച്ചിട്ടും നാളിതു് വരെ മുഴുവൻ തലങ്ങളെയും സ്പർശിക്കാത്തതുമായ ഇ.ആർ.പി പദ്ധ്വതി പരാമർശിച്ചാണ്, ഇപ്പോൾ മറ്റ് സംസ്ഥാന പൊതു മേഖലാസ്ഥാപനങ്ങളിലേക്കും SAP വ്യാപിപ്പിക്കാൻ ശ്രമിക്കുന്നത്. ലോകമെമ്പാടുമുള്ള സര്‍ക്കാരുകള്‍ ഇ-ഭരണത്തിനായി സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഉപയോഗം പ്രോത്സാഹിപ്പിക്കുമ്പോള്‍ ഇവിടെ വിരുദ്ധ തീരുമാനം എടുക്കുന്നതിന്റെ താല്പര്യം പരിശോധിക്കേണ്ടതുണ്ടു്.

2013 ഫെബ്രുവരിയില്‍ നടന്ന ഇതിന്റെ ആലോചനാ യോഗത്തില്‍, 39 പൊതുമേഖലാ സ്ഥാപനങ്ങളില്‍, SAP-ന്റെ ERP വിന്യാസത്തിനായി, വലിയൊരുതുക ലൈസന്‍സ് ഇനത്തില്‍ തന്നെ മാറ്റി വെക്കാനാണു് ധാരണയായിരിക്കുന്നതു്. ആകെയുള്ള 13500-ൽ പരം ജീവനക്കാരില്‍ 875 (6.48%) ജീവനക്കാര്‍ക്ക് ഉപയോഗിക്കാനുള്ള സമ്മതത്തിനുള്ള തുകയാണിത്. കുടുതല്‍ പേര്‍ക്ക് ഉപയോഗിക്കണമെങ്കില്‍ കുടുതല്‍ ലൈസന്‍സ് തുക വേണം. SAP പോലുള്ള കമ്പനികളുടെ AMC തുക 20-25% ആണ്. ഭാവിയിൽ നിർബന്ധമായും അടിച്ചേൽപ്പിക്കപ്പെടാൻ പോകുന്ന പതിപ്പു് പുതുക്കലിനും മറ്റും ആവശ്യമായി വരുന്ന ചെലവു് വേറെ വേണ്ടി വരും. വിവരസുരക്ഷയ്ക്കായുള്ള പ്രത്യേക സംവിധാനങ്ങളും കമ്പ്യൂട്ടർ ഉപകരണങ്ങളുടെ ചെലവും ഭാവിയിൽ വർദ്ധിപ്പിക്കും. കൂടാതെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിലവിലുള്ള സോഫ്റ്റ്‌വെയറുകള്‍ക്കായി ചെലവഴിച്ച അദ്ധ്വാനവും തുകയും എല്ലാം വൃഥാവിലാകും. വലിയൊരു അഴിമതിക്കു് കളമൊരുക്കുന്ന ഈ നീക്കം, കേരളത്തിനും, സാമ്പത്തിക സ്ഥിതി മോശമായ സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വലിയ സാമ്പത്തിക നഷ്ടത്തിനും കാരണമാകും.

കോടികള്‍ ചിലവ് വരുന്ന ഈ പദ്ധതി സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് നടപ്പാക്കിയാല്‍ സംസ്ഥാന സര്‍ക്കാരിനു് ERP-ക്കു് പുറത്തു് പൂര്‍ണ്ണ സ്വാതന്ത്ര്യം ലഭിക്കുമെന്നു് മാത്രമല്ല, അനാവശ്യമായ വലിയ ചെലവ് ഒഴിവാക്കാനും കഴിയും. സ്വതന്ത്ര ERP സോഫ്റ്റ്‌വെയര്‍ ഇന്നു് ധാരാളമായി ഉപയോഗത്തിലുണ്ട്. ഇവ എളുപ്പത്തില്‍, കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ വിന്യസിക്കാവുന്നതാണു്. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ തന്നെ, സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ERP വിന്യസിപ്പിക്കാന്‍ പ്രാപ്തരാണ്. കെല്‍ട്രോണിന്റെ ചില യുണിറ്റുകളില്‍ ഇപ്പോള്‍ സമഗ്രമായ സ്വതന്ത്ര ERP സോഫ്റ്റ്‌വെയര്‍ വിന്യസിപ്പിച്ചു് വരുന്നുണ്ടു്. ഇപ്പോൾ തയ്യാറാക്കപ്പെട്ട പാക്കേജു് വഴി ലഭ്യമാകുന്നതിനേക്കാൾ കൂടുതലും മെച്ചപ്പെട്ടതുമായ സേവനം സ്വതന്ത്ര സോഫ്റ്റു്വെയറുപയോഗിച്ചു് പ്രാദേശിക സേവന ദാതാക്കൾക്കു് നൽകാൻ കഴിയും.

പൊതുമേഖലാ ജീവനക്കാരുടെ സംഘടനകൾ സ്ഥാപന ശാക്തീകരണ പരിപാടിയോടു് ക്രിയാത്മകമയി പ്രതികരിക്കേണ്ടതുണ്ടു്. സ്ഥാപനത്തിന്റെ ശരിയായ താല്പര്യം മുൻ നിർത്തി സ്ഥാപനമേധാവികളും സർക്കാരും പ്രവർത്തിക്കും എന്ന അമിത ധാരണ അവർക്കു് വേണ്ട. പ്രാദേശിക ശാക്തീകരണവും പൊതുമേഖലാ ജീവനക്കാരുടെ ശാക്തീകരണവും തകർക്കുന്നതും സംസ്ഥാനത്തിന്റെ വിഭവം ചോര്‍ത്തുന്നതുമായ നടപടികളുമായി മുന്നോട്ടു് പോകുവാൻ പാടില്ല. ബദല്‍ മാതൃകകള്‍ ലഭ്യമാണു്. അവ പരിശോധിക്കപ്പെടുകയും പകര്‍ത്തപ്പെടുകയും ചെയ്യാവുന്നതാണു്.

വിവര സാങ്കേതിക തൊഴില്‍ രംഗം

വിവര സാങ്കേതിക വിദ്യ (വിസാവി) ഒരു തൊഴില്‍ മേഖല എന്ന നിലയിലുള്ള വിശദമായൊരു പഠനം കേരളത്തില്‍ നടന്നതായി അറിവില്ല. ഈ തൊഴില്‍ മേഖല മൊത്തത്തില്‍ ഒരു ഏകമാനസ്വഭാവം കാണിക്കുന്നില്ല. തൊഴില്‍ സ്ഥാപനത്തിന്റെ വലിപ്പവും, തൊഴിലിന്റെ സ്വഭാവവും, മറ്റു തൊഴില്‍ മേഖലകളെ അപേക്ഷിച്ചു്, ഈ മേഖലയില്‍ വലിയ ആന്തരിക വ്യതിയാനമുണ്ടാക്കുന്നുണ്ടു്. സ്ഥാപനത്തിന്റെ വലിപ്പവും നടത്തിപ്പു് രീതിയിമനുസരിച്ചു് ഈ മേഖലയെ  വന്‍കിട കോര്‍പ്പറേറ്റ് മേഖല,  ഇടത്തരം സ്വകാര്യ മേഖല, ചെറുകിട മേഖല/സ്വയം സംരംഭക മേഖല, സര്‍ക്കാര്‍/പൊതുമേഖല എന്നിങ്ങനെ പലതായി തരംതിരിക്കാം. ഈ ഒരോ മേഖലയേയും കുറിച്ചു് പഠിക്കുവാന്‍ വ്യത്യസ്ത രീതികള്‍ തന്നെ സ്വീകരിക്കേണ്ടതുണ്ടു്.

മാനുഷിക വിഭവശേഷി
വിസാവി തൊഴില്‍ മേഖലയ്ക്ക് ഏറ്റവും ആവശ്യമുള്ള കാര്യം മാനുഷിക വിഭവ ശേഷിയാണു്. ഇതു് തിരിച്ചറിഞ്ഞു്, സര്‍ക്കാരും, മറ്റു് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും ധാരാളം കോഴ്സുകള്‍ ഇതിനായി നടത്തുന്നുണ്ടു്. പല തട്ടുകളിലുള്ള കോഴ്സുകള്‍ കൂടാതെ, വിവിധ ഹൃസ്വകാല കോഴ്സുകളിലുമൊക്കെയായി ധാരാളം ഉദ്യോഗാര്‍ത്ഥികള്‍ വര്‍ഷംതോറും കേരളത്തില്‍ പഠിച്ചിറങ്ങുന്നുണ്ടു്. ഇതിന്റെ തരം തിരിച്ചുള്ള കൃത്യമായ കണക്കുകള്‍ ലഭ്യമല്ല. വിദേശത്തും, അന്യസംസ്ഥാനങ്ങളിലും കേരളത്തിലുമായി ഇവര്‍ ജോലിക്കു് ശ്രമിക്കുന്നു. ഇതില്‍ ചുരുക്കം പേര്‍ക്കു് മാത്രമേ വിസാവി മേഖലയില്‍ തൊഴില്‍ ലഭിക്കുന്നുള്ളു. കൂടുതല്‍ സവിശേഷ പഠനമുണ്ടായാലെ ജോലി ലഭിക്കുള്ളുവെന്ന ധാരണയില്‍ വന്‍ തുക മുടക്കി, ഇവര്‍ ഒന്നിനു് പുറകേ ഒന്നായി പലതരം കോഴ്സുകള്‍ ചെയ്യുന്നു. അത്തരം പഠനത്തിലുടെ ആര്‍ജ്ജിക്കുന്ന പിരിശീലനം മിക്കപ്പോഴും ഉപയോഗിക്കപ്പെടാതെ പോവുന്നു.

തുടക്കക്കാരെന്ന നിലയില്‍ വിസാവി മേഖലയിലെ തൊഴിലാളികള്‍ ശമ്പളമില്ലാതേയോ, തുച്ഛശമ്പളത്തിനോ ദീര്‍ഘകാലം ജോലി ചെയ്യേണ്ടി വരുന്നുണ്ടു്. ഭാരിച്ച പഠനച്ചെലവിനു് പുറമേ, നല്ല പിടിപാടുമുണ്ടെങ്കിലെ ജോലി ലഭിക്കുള്ളു എന്ന അവസ്ഥ കൂടി നിലനില്‍ക്കുന്നതിനാല്‍, സാമൂഹ്യമായും, സാമ്പത്തികമായും, താഴെക്കടിയിലുള്ളവര്‍ക്കു് ഈ മേഖലയില്‍ തൊഴില്‍ ലഭ്യത കുറവാണു്. എന്നാല്‍ തൊഴില്‍ ലഭ്യതയില്‍ ലിംഗവിവേചനം പൊതുവേ കാണപ്പെടുന്നില്ല.

മറ്റു മേഖലയെ എങ്ങനെ ബാധിക്കുന്നു
വിസാവി തൊഴിലിനെ, അമിതമായി പൊലിപ്പിച്ചു് കാട്ടപ്പെട്ട ഇടക്കാലത്തു്, മറ്റു് വിഷയങ്ങള്‍ പഠിക്കുവാന്‍ പ്രാപ്തരായ വിദ്യാര്‍ത്ഥികളെ ലഭിക്കാത്ത അവസ്ഥയുണ്ടായിരുന്നു. താരതമ്യേനെ ഉയര്‍ന്ന പഠനനിലവാരം പുലര്‍ത്തുന്ന കുട്ടികള്‍ കൂട്ടമായി വിസാവി മേഖല തെരഞ്ഞെടുത്തു. മറ്റു മേഖലയില്‍ പഠിച്ചവരും, താരതമ്യേനെ ഉയര്‍ന്ന വരുമാനത്തില്‍ ആകൃഷ്ടരായി,ഈ മേഖലയില്‍ തൊഴില്‍ സ്വീകരിക്കുന്നു. അവിടെ അവരുടെ ശേഷി ക്രീയത്മകമായി ഉപയോഗിക്കാനായുള്ള അവസരങ്ങളും, ആവശ്യങ്ങളും ഇല്ലാതെ, ആ വിഭവശേഷി പാഴാകുമ്പോഴും, അതേ സമയം മറ്റു ശാസ്ത്ര സാങ്കേതിക മേഖലകളില്‍ നല്ല നിലവാരം പുലര്‍ത്തുന്ന ആള്‍ക്കാരുടെ കുറവു് അനുഭവപ്പെടുകയും ചെയ്തു. ഇതു് മറ്റു തൊഴില്‍ മേഖലയെ കാര്യമായി ബാധിച്ചു. വിദ്യാഭ്യാസം, തൊഴില്‍ എന്നിവയെ ബന്ധപ്പെടുത്തി വ്യക്തമായ ആസുത്രണം നടത്തുന്നതില്‍ നമ്മുടെ ഭരണസംവിധാനങ്ങള്‍ പരാജയപ്പെട്ടതായാണു് ഇതു് സൂചിപ്പിക്കുന്നതു്. എന്നാല്‍ വിസാവി രംഗത്തെ തൊഴില്‍ ലഭ്യത കുറഞ്ഞതിനാല്‍ ഈ പ്രവണത കുറഞ്ഞിട്ടുണ്ടു്.

വരുമാനത്തിലെ അന്തരം
തൊഴിലിന്റെ തരമനുസരിച്ചു് ശമ്പളത്തില്‍ വലിയ വ്യത്യാസമാണുള്ളതു്. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ ശമ്പളത്തിന്റെ ഒരു ഭാഗം വിറ്റുവരവിന്റെ അനുപാതത്തിലുള്ള ഇന്‍സെന്റീവു് ആയിട്ടാണു് നല്‍കുക. ഒരു പ്രൊജക്ടു് നടപ്പിലാക്കുന്നതു് മുലം തൊഴിലാളികള്‍ക്കു് ലഭിക്കുന്ന ഇന്‍സെന്റീവിന്റെ വലിയപങ്കും പ്രൊജക്ടു് മാനേജര്‍ക്കാകും ലഭിക്കുക. അവരുടെ താഴെയുള്ള തൊഴിലാളികള്‍ക്കു് ചെറിയ വിഹിതമാണു് ലഭിക്കുക. ഇൻസന്റീവ് കൂടാതെ, കമ്പനി ഓഹരികൾ ഉയര്‍ന്ന തസ്തികയിലുള്ള തൊഴിലാളികള്‍ക്കു് വിതരണം ചെയുന്ന ഏർപ്പാടുമുണ്ട്. പല കമ്പനികളിലും. തങ്ങളുടെ കമ്പനിയിൽ 30 ശതമാനത്തിനു മുകളിൽ ഷെയറുകൾ അത്തരത്തില്‍ വിതരണം ചെയ്തിരിക്കുകയാണ്. ഉയര്‍ന്ന തസ്തിതകളിലെത്തുവാന്‍ തൊഴിലാളികള്‍ തമ്മിലുള്ള കിടമത്സരമാണു് ഇതു് മൂലമൂണ്ടാകുന്നതു്. സ്വജനപക്ഷപാതിത്വം വളരെയേറയുള്ള ഇത്തരം സ്ഥാപനങ്ങളില്‍, മേധാവികളെ ചുറ്റിപറ്റി നില്‍ക്കുന്നവര്‍ക്കെ സ്ഥാനക്കയറ്റം ലഭിക്കാറുള്ളു. ഇത്തരം ഘട്ടത്തില്‍ പലര്‍ക്കും ജോലി നഷ്ടപ്പെടുന്ന അവസ്ഥയും ഉണ്ടാകാറുണ്ടു്.

ചെറുകിട, സ്വയം സംരംഭക സ്ഥാപനങ്ങള്‍ വിപണി കണ്ടെത്തുവാനും നിലനിര്‍ത്തുവാനും ഏറെ പണിപ്പെടേണ്ടിവരുന്നു.  തദ്ദ്വേശ വിപണിയെ ആശ്രയിച്ചു് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ പലപ്പോഴും തൊഴിലാളികളുടെ മിതമായ ശമ്പളത്തിനുള്ള വരുമാനം കണ്ടെത്തുവാന്‍ തന്ന ബുദ്ധിമുട്ടുന്നുണ്ടു്. വിദേശ വിപണിയെ ആശ്രയിക്കുന്നവര്‍ പലപ്പോഴും ഏതാനും ചില ഏജന്‍സികളുമായുള്ള ബന്ധം ഉപയോഗിച്ചായിരിക്കും പണിയെടുക്കുന്നതു്. ആഗോള സാമ്പത്തിക വ്യവസ്ഥയിലെ ചാഞ്ചാട്ടം ഇവരുടെ തൊഴിലിനെ കാര്യമായി ബാധിക്കാറുണ്ടു്.  

വീടുകളിലിരുന്നു് ഇന്റര്‍നെറ്റ് വഴി ജോലി ഏറ്റെടുത്തു് ചെയ്യുന്ന  സ്വയം സംരംഭകരില്‍  ഒരു ചെറിയ വിഭാഗത്തിനു് മാത്രമെ മതിയായ വരുമാനം ലഭിക്കുന്നുള്ളു. മറ്റു പല രാജ്യങ്ങളിലേയും ഉദ്യോഗാര്‍ത്ഥികള്‍ വളരെ കുറഞ്ഞ വേതനത്തിനു് ജോലി ഏറ്റെടുക്കുവാന്‍ തയ്യാറാകുന്നതു് മൂലം ഇവരുടെ വരുമാനത്തില്‍ ഇടിവു് സംഭവിക്കുന്നുണ്ടു്

സ്ഥാപനങ്ങളും തൊഴില്‍ വൈദഗ്ദ്ധ്യവും
വിസാവി വിഷയങ്ങള്‍ പഠിച്ച ഉദ്യോഗാര്‍ത്ഥികള്‍ വളരെയേറെ ലഭ്യമാണെങ്കിലും. കഴിവും സാങ്കേതികജ്ഞാനവുമുള്ളവര്‍ ഇല്ലായെന്ന പരാതി സ്ഥാപന നടത്തിപ്പുകാര്‍ സ്ഥിരം ഉയര്‍ത്തുന്നുണ്ടു്. സ്ഥാപനങ്ങള്‍ എന്നും കുറഞ്ഞ വേതനത്തിനു് തൊഴിലാളികളെ ലഭിക്കാനാണു് ശ്രമിക്കുന്നതു്. അതോടൊപ്പം തന്നെ, അതാതു് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന മേഖലയില്‍ സുക്ഷ്മ മേഖലയില്‍ വളരെ സവിശേഷ വൈദഗ്ദ്ധ്യമുള്ള ആള്‍ക്കാരെയാണു് അവര്‍ക്കു് വേണ്ടതു്. ആ സവിശേഷ വൈദഗ്ദ്ധ്യത്തിനു് വേണ്ടുന്ന പരിശീലനത്തിനുള്ള സമയവും ചെലവും താങ്ങുവാന്‍ അവര്‍ തയ്യാറാകുന്നില്ല. തങ്ങള്‍ക്ക് ആവശ്യം വരുമ്പോള്‍ തന്നെ അതിനൊത്ത വൈദഗ്ദ്ധ്യമുള്ള ഉദ്യാഗാര്‍ത്ഥികള്‍ ചുറ്റുമുണ്ടാകണമെന്നും, അതില്‍ വേണ്ടുന്നവരെ തിരഞ്ഞെടുക്കല്‍ മാത്രമാണു്  തങ്ങളുടെ ചുമതലയെന്നും അവര്‍ കരുതുന്നു. അതു് സാദ്ധ്യമല്ലാതെ വരുമ്പോള്‍ ഇവിടുത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പോരായ്മയായി അവര്‍ അതിനെ കാണുന്നു. യഥാര്‍ത്ഥത്തില്‍ ഈ സവിശേഷ പരിശീലനം ആരുടെ സമയത്തിലും ചെലവിലുമാണു് നടക്കേണ്ടതെന്നതു് വളരെ പ്രധാനപ്പെട്ട പ്രശ്നമാണു്. ഇപ്പോള്‍ തൊഴിലില്ലാത്ത ഉദ്യോഗാര്‍ത്ഥികളാണു് അതു് ചെയ്യുന്നതു്. അത്തരം സവിശേഷ വൈദഗ്ദ്ധ്യം ലഭിച്ചാലും തൊഴില്‍ ലഭിക്കുമെന്ന ഒരുറപ്പും അവര്‍ക്കില്ല. അപ്പോള്‍ അവര്‍ അടുത്ത കോഴ്സിനും ചേരേണ്ടി വരുന്നു. വളരെ ചടുലമായി സാങ്കേതിക വിദ്യകള്‍ മാറുന്ന ഇ മേഖലയില്‍ സവിശേഷ വൈദഗ്ദ്ധ്യം നേടേണ്ടുന്ന ചുമതല ഉദ്യോഗാര്‍ത്ഥികളും അതിന്റെ ഗുണഭോക്താവു് സ്ഥാപനങ്ങളുമാണെന്നതില്‍ വളരെ അപാകതയുണ്ടു്.

പ്രധാനമായും മാനുഷിക വിഭവശേഷി വ്യാപാരം നടത്തുന്ന കമ്പിനികളാണു് കാമ്പസ് റിക്രൂട്ട്മെന്റ് നടത്തുന്നതു്. ഇത്തരം കമ്പിനികള്‍ക്കു് അവരുടേതായ ഒരു 'ഉല്പന്നം', അല്ലെങ്കില്‍ സോഫ്റ്റ്‌വെയര്‍ വികസന ടീം സാധാരണഗതിയില്‍ ഉണ്ടാകാറില്ല. ഉണ്ടെങ്കില്‍ തന്നെ വളരെ ചുരുക്കം തൊഴിലാളികളെ ആ ടീമില്‍ പ്രവര്‍ത്തിക്കാറുള്ളു. അവരുടെ വിപുലമായ വിപണനശൃംഖല മുഖേനെ, കാലാകാലങ്ങളില്‍ മാനുഷിക വിഭവശേഷി നല്‍കാനുള്ള കരാര്‍ അവര്‍ നേടിയെടുക്കും. വരും കാലങ്ങളില്‍ വിഭാവനം ചെയ്യുന്ന വളര്‍ച്ചക്കനുസരിച്ചുള്ള മാനുഷിക വിഭവശേഷി അവര്‍ ആസുത്രണം ചെയ്യുന്നു. അതിനനുസരിച്ചു് അഞ്ചാം സെമസ്റ്റര്‍ ബി.ടെക് വിദ്യാര്‍ത്ഥികളെ തന്നെ അവര്‍ കാമ്പസ് റിക്രൂട്ട്മെന്റ് വഴി ജോലി വാഗ്ദാനം ചെയ്തുവെക്കുന്നു. മെച്ചപ്പെട്ട ശമ്പളമായതിനാല്‍ വിദ്യാര്‍ത്ഥികള്‍ അതിലേക്കു് പെട്ടന്നു് ആകൃഷ്ടരാകുന്നു. പ്രതീക്ഷിച്ച വിപണി തുടര്‍ന്നുമുണ്ടെങ്കില്‍, അവരെ കമ്പിനിയില്‍ ചേര്‍ത്തു്  വിപണിക്കനുസരിച്ചുള്ള വിഷയങ്ങളില്‍ ഒരു പ്രാഥമിക പരിശീലനം നല്‍കുന്നു. അതിനു് ശേഷം 'വിഭവപൂള്‍' (Talent Pool) എന്നു് പറയുന്ന 'ബെഞ്ചില്‍' ചേര്‍ക്കുന്നു. സേവനം വാങ്ങിക്കുന്ന കമ്പിനികള്‍ ഇവരെ വീണ്ടും ഇന്റര്‍വ്യൂ നടത്തിയാണു് അവരുടെ പ്രോജക്ടുകളിലേക്കു് എടുക്കുന്നതു്. പ്രതീക്ഷിച്ച വിപണി ഇല്ലെങ്കില്‍ ബുക്കു് ചെയ്ത വിദ്യാര്‍ത്ഥിളെ അവര്‍ എടുക്കില്ല. അത്തരം വിദ്യാര്‍ത്ഥികള്‍ വിഷമത്തിലാകും. വളരെക്കാലം വിഭവപൂളിലിരുന്നാല്‍ മാത്രമെ, പലര്‍ക്കും ഒരു പ്രോജക്ട് ലഭിക്കുള്ളു. അത്തരക്കാരും, പ്രൊജക്ടില്‍ ആള്‍ക്കാരുടെ എണ്ണം തികയ്ക്കാനായിട്ടെടുക്കപെടുന്നവരും സ്ഥാപനത്തില്‍ വെറുതേ സമയം കളയേണ്ടിവരുന്നു. ഒരുതരത്തിലുള്ള തൊഴില്‍ വൈദഗ്ദ്ധ്യവും അവര്‍ക്കു് ലഭിക്കുന്നില്ല. 

വിസാവി സംവിധാനങ്ങള്‍ വികസിപ്പിച്ചു് സേവനം നല്‍കുന്ന മിക്ക സ്ഥാപനങ്ങളും, അവരുടെ ബൗദ്ധികസ്വത്തിനെ കുറിച്ചു് വേണ്ടതിലധികം ജാഗ്രതയാണു് പുലര്‍ത്തുന്നതു്. ഇതു് മൂലം അവിടെയുള്ള തൊഴിലാളികള്‍ പ്രൊജക്ടിന്റെ വിവിധ വശങ്ങള്‍ മനസ്സിലാക്കാനുള്ള സൗകര്യം ലഭ്യമാകുന്നില്ല. ഇതു് തൊഴില്‍ വൈദഗ്ദ്ധ്യം ആര്‍ജ്ജിക്കുന്നതിനു് വലിയ വിലങ്ങുതടിയാകുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ എന്നാല്‍ സ്ഥിതി മറിച്ചാണു്. അവിടെയുള്ള തൊഴിലാളികളുടെ തൊഴില്‍ വൈദഗ്ദ്ധ്യം നല്ല തോതില്‍ തന്നെ വര്‍ദ്ധിക്കുന്നുണ്ടു്. അടഞ്ഞ സോഫ്റ്റ്‌വെയറും പ്ലാറ്റ്‌ഫോമും സ്വീകരിച്ചിരിക്കുന്ന സ്ഥാപനങ്ങളില്‍ തൊഴിലാളികള്‍ കേവലം യാന്ത്രികമായി പ്രവര്‍ത്തിച്ചു് പോകുന്ന അവസ്ഥയുണ്ടു്.

പ്രാദേശിക സേവനങ്ങള്‍

സമൂഹത്തിന്റെ എല്ലാ മേഖലകളിലും വിവര സാങ്കേതിക വിദ്യാ (വിസാവി) സേവനങ്ങള്‍ ആവശ്യമാണെന്നു് പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുണ്ടു്, എന്നാല്‍ ഈ സേവനങ്ങളെ കുറിച്ചുള്ള പ്രദേശികമായ അവബോധം  കുറവാണു്. മറ്റു മേഖലയിലെ തൊഴിലാളികള്‍ ഈ സേവനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ മാത്രം പാകത നേടിയവരാകണമെന്നില്ല. അതിനാല്‍ തന്നെ വിസാവി സേവനങ്ങളുടെ പ്രാദേശിക വിപണി വേണ്ടത്ര വളര്‍ച്ചയും പാകതയും നേടിയിട്ടില്ല. പാകത നേടാത്ത വിപണിയില്‍ സേവനം നല്‍കുവാന്‍ വന്‍കിട സ്ഥാപനങ്ങള്‍ തയ്യാറാവുകയില്ല. അതിനാല്‍ പ്രദേശികമായ  ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള വിസാവി സേവനങ്ങള്‍ നല്‍കി തുടങ്ങുന്നതു്  ചെറുകിട സ്ഥാപനങ്ങളും, സ്വയം സംരംഭകരുമായിരിക്കും. വളരെ ചുരുങ്ങിയ പ്രതിഫലത്തിനായിരിക്കും ഇവര്‍ പലപ്പോഴും സേവനം നല്‍കുക. എന്നാല്‍ ആ മേഖലകളിലെ ജീവനക്കാരെ പരിശീലിപ്പിച്ചു്, വിസാവി സേവനങ്ങളെ കുറിച്ചുള്ള സാമൂഹ്യ അവബോധം വളര്‍ത്തിയെടുക്കുന്നതില്‍ വലിയ പങ്കാണു്  ചെറുകിട സ്ഥാപനങ്ങളും, സ്വയം സംരംഭകരും വഹിക്കുന്നതു്.  അവരുടെ ശ്രമഫലമായി വിപണി പാകപ്പെട്ടു് തുടങ്ങിയാല്‍, വന്‍കിട സ്ഥാപനങ്ങള്‍ അവിടേക്കു് വരുകയും, ചെറുകിട സ്ഥാപനങ്ങളെ ആകെ തുടച്ചുമാറ്റുകയും ചെയ്യുന്നു.  അവിടങ്ങളിലെ ജീവനക്കാരെ അമ്പരപ്പിക്കുന്ന ആര്‍ഭാടത്തോടെ പരിശീലന ക്ലാസുകള്‍ നടത്തി, അവര്‍ ജീവനക്കാരുടെ മതിപ്പു് നേടുന്നു. അത്തരം വന്‍കിടക്കാര്‍ നല്‍കുന്ന സേവനം ചെറുകിട സ്ഥാപനങ്ങളേക്കാള്‍ നിലവാരം വളരെ കുറഞ്ഞതാണെങ്കില്‍ പോലും ജീവനക്കാരുടെ ഏതിര്‍പ്പുണ്ടാവില്ല. ചെയ്തു തീര്‍ന്ന പണിക്കുപോലും ചെറുകിടക്കാര്‍ക്കു് പണം നല്‍കാത്തവര്‍, ഒരെതിര്‍പ്പുമില്ലാതെ വന്‍കിടസ്ഥാപനങ്ങള്‍ക്കു് മുന്‍കൂര്‍ പണം വരെ നല്‍കുന്നു.  ആ സേവനമേഖലയില്‍ നിന്നും നിഷ്‌കാസിതരാകുന്ന ചെറുകിടക്കാര്‍ അടുത്ത മേഖലയിലും ഇതേ അഭ്യാസം ആവര്‍ത്തിക്കേണ്ടി വരുന്നു.  സമൂഹത്തിലെ വിസാവി സാക്ഷരത വളര്‍ത്തുന്നതില്‍ ചെറുകിടക്കാര്‍ക്കുള്ള പങ്ക് ഇനിയും തിരിച്ചറിയപ്പെട്ടിട്ടില്ല. 

തൊഴിലാളികളുടെ പ്രശ്നങ്ങള്‍
വിസാവി രംഗത്തെ തൊഴിലാളികള്‍ പല പ്രശ്നങ്ങളും നേരിടുന്നുണ്ടു്.  അമിതമായ തൊഴില്‍ സമയം,  ക്രമം തെറ്റുന്ന ദിനചര്യകള്‍, ഒരേ രീതിയിലുള്ള ഇരിപ്പും വ്യായാമക്കുറവും അവരില്‍ വലിയ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടു്.  ഇതിനെ കുറിച്ചു് പല പഠനങ്ങളും നടന്നിട്ടുണ്ടു്. ഒരേ രീതിയില്‍ ഇരുന്നു്  ദീര്‍ഘനേരം തൊഴിലെടുക്കുന്നതിനാല്‍ ഇവരുടെ കണ്ണ്, കഴുത്തു്, കൈകള്‍ എന്നീ അവയവങ്ങളുടെ പേശികള്‍ക്കു് ബലക്ഷയം സംഭവിക്കാറുണ്ടു്. വന്‍കിട സ്ഥാപനങ്ങളിലെ വിസാവി തൊഴിലാളികളാണു് കൂടുതലായും തൊഴില്‍ സംബന്ധമായ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നതു്. കുറഞ്ഞ സമയത്തിനുള്ളില്‍ വളരെയേറെ ആവര്‍ത്തിത ജോലി ചെയ്തുതീര്‍ക്കാന്‍ ഇവര്‍ നിര്‍ബന്ധിതരാകുന്നു. ഇതു് അവരില്‍ കടുത്ത മാനസികസമ്മര്‍ദ്ദം സൃഷ്ടിക്കുന്നു. ആരോഗ്യകരമായ കുടുംബാന്തരീക്ഷത്തെ തകര്‍ക്കാന്‍ വരെ  ഇതു് കാരണമാകുന്നുണ്ടു്.

സാമ്പത്തിക മേഖലയിലെ ഏറ്റിറക്കങ്ങള്‍ വളരെയേറെ ബാധിക്കുന്ന തൊഴില്‍രംഗമാണു് ഇതു്.  ബെഞ്ചിലിരിക്കുന്നവരും,  നിര്‍ത്തലാക്കുന്ന പ്രൊജക്ടിലുള്ളവരും ഏപ്പോഴും പിരിച്ചുവിടല്‍ ഭീഷണി നേരിടുന്നു. തൊഴില്‍ നിയമങ്ങള്‍ ബാധകമാകുന്നില്ല. അല്ലെങ്കില്‍ പാലിക്കപ്പെടുന്നില്ല. പിരിച്ചുവിട്ടവരും പുതിയ ഉദ്യോഗാര്‍ത്ഥികള്‍ക്കൊപ്പം തൊഴില്‍ തേടേണ്ടി വരുന്നു. പ്രായം കൂടുന്തോറും മറ്റൊരു ജോലി ലഭിക്കുക ഏറെ പ്രയാസകരമാകുന്നു. 

വിവിധ വിസാവി സ്ഥാപന മേധാവികളുടെ സജീവ കൂട്ടായ്മ നിലവിലുണ്ടു്. ഏതെങ്കിലും സ്ഥാപന മേധാവികളുമായി അപ്രീതിക്കു് പാത്രമായി പുറത്തേക്കു് പോകേണ്ടിവരുന്ന തൊഴിലാളികള്‍ക്കു് മറ്റു സ്ഥാപനങ്ങളില്‍ ജോലി കിട്ടാതിരിക്കാനുള്ള ശ്രമങ്ങള്‍ അവര്‍ ഈ കൂട്ടായ്മയിലൂടെ നടത്താറുണ്ടു്.   അതിനാല്‍, തൊഴിലാളികള്‍ സ്ഥാപന മേധാവികളുടെ അപ്രീതിക്കു് കാരണമാകാതിരിക്കാന്‍ എപ്പോഴും ശ്രദ്ധിക്കേണ്ടിവരുന്നു. അതിനാല്‍ കുറഞ്ഞ സമയത്തില്‍ ഭാരിച്ച ജോലി തീര്‍ക്കാന്‍ ഏല്പിച്ചാലും  അവര്‍ക്കു് അധികനേരം ജോലി ചെയ്തു് അതു് തീര്‍ക്കേണ്ടി വരും. വീട്ടിലിരുന്നു് ജോലി ചെയ്യാനുള്ള അവസരം ചില ദിവസങ്ങളില്‍ ലഭിച്ചാല്‍ തന്നെ,  ആ അവസരം ദുരുപയോഗം ചെയ്തില്ലെന്നു് കാണിക്കാനായി ആ ദിവസം കൂടുതല്‍ പണിയെടുക്കേണ്ടി വരുന്നു.

തൊഴിലിടങ്ങളില്‍  സ്ത്രീകള്‍ പൊതുവെ, പരസ്യമായ വിവേചനം നേരിടാറില്ലെങ്കിലും, തൊഴിലിടത്തിലേക്കും തിരിച്ചും രാത്രികാലങ്ങളിലൊക്കെ ഭീതിയോടെ യാത്രചെയ്യേണ്ടിവരാറുണ്ടു്. പല അനിഷ്ഠസംഭവങ്ങളും റിപ്പോര്‍ട്ടു് ചെയ്യപ്പെട്ടിട്ടുമുണ്ടു്. വീടുകളില്‍ നിന്നും മാറിയുള്ള ജീവിതത്തില്‍ ചിലരൊക്കെ ചതിയില്‍ അകപ്പെടാറുമുണ്ടു്. ഇവയില്‍ നിന്നൊക്കെ അവരെ സംരക്ഷിക്കാനുള്ള ചുമതല അവരുടെ തൊഴില്‍ സ്ഥാപനങ്ങള്‍ പലപ്പോഴും ഏറ്റെടുക്കാറില്ല.

വിസാവി തൊഴിലാളികള്‍ താമസിക്കുന്നയിടങ്ങളില്‍ വീട്ടുവാടകയും മറ്റു ദൈനംദിന ജീവിതചെലവും ക്രമാതീതമായി വര്‍ദ്ധിക്കുന്നു. ഇതുമൂലം, വരുമാനം കുറഞ്ഞ തൊഴിലാളികളും,  പിരിച്ചുവിടല്‍ ഭീഷണി നേരിടുന്നവരും വളരെ ദൂരെ താമസിക്കേണ്ടി വരുന്നു. വര്‍ദ്ധിച്ചുവരുന്ന ഗതാഗതകുരുക്കു് അവരുടെ ജീവിതം കൂടുതല്‍ ദുഷ്‌കരമാക്കുന്നു.

വിസാവി രംഗത്തു് തൊഴിലന്വേഷകര്‍ വളരെ അധികമാണു്. വര്‍ഷന്തോറും ധാരാളംപേര്‍ പഠിച്ചിറങ്ങുന്നു. ഇവരില്‍ വലിയൊരു വിഭാഗം വലിയ നഗരങ്ങളില്‍ ചെന്നു് താമസിച്ചു് ജോലി അന്വേഷിക്കുകയാണു് പതിവു്.  കടലാസ്  സ്ഥാപനങ്ങളുടേയും, റിക്രൂട്മെന്റു് സ്ഥാപനങ്ങളുടേയും പേരില്‍ ജോലി വാഗ്ദാനംചെയ്തു് വന്‍കോഴ ഈടാക്കി ഉദ്യോഗാര്‍ത്ഥികളെ ചതിക്കുന്ന സംഭവങ്ങള്‍ ഇപ്പോള്‍ വളരെ വര്‍ദ്ധിച്ചിട്ടുണ്ടു്.

തൊഴില്‍ സൃഷ്ടിക്കലും പ്രതിശീര്‍ഷ വരുമാനവും

വളരെയേറെ ആനുകൂല്യങ്ങള്‍ നമ്മുടെ സര്‍ക്കാരുകള്‍ വിസാവി വ്യവസായങ്ങള്‍ക്കു് നല്‍കുന്നുണ്ടു്.  നല്ല തൊഴില്‍ ജന്യമായമായ വ്യവസായമെന്ന ധാരണയിലും, ധാരാളം വിദേശപണം നേടിതരും എന്നുമുള്ള ധാരണയിലാണു് ഇതു് ചെയ്യുന്നതു്.  2007-28 വര്‍ഷത്തില്‍ ജി ഡി പി യുടെ 5.9% ആണു് വിസാവി വ്യവസായത്തിലൂടെ വന്നതു്, അതില്‍ ഒട്ടുമുക്കാലും സോഫ്റ്റ്‌വെയര്‍ സേവന മേഖലയുടെ സംഭാവനയാണു്, ഹാര്‍ഡ്‌വെയര്‍ നിര്‍മ്മാണ മേഖലയുടെ പങ്കു് നിസ്സാരമാണു്. വിസാവി വ്യവസായത്തിന്റെ ആരംഭകാലങ്ങളില്‍ ഹാര്‍ഡ്‌വെയര്‍ നിര്‍മ്മാണത്തിനു് കൊടുത്തിരുന്ന ഊന്നല്‍ ഇപ്പോഴില്ലെന്നു് വ്യക്തം. ഇതു് രാജ്യത്തിന്റെ സ്വാശ്രയത്വത്തെ വളരെ ദോഷകരമായി ബാധിച്ചിട്ടുണ്ടു്.

ഒരു വര്‍ഷം മുമ്പുള്ള കണക്കു് പ്രകാരം വിദേശത്തു് നിന്നും, മുപ്പത്തിയഞ്ചായിരം കോടി രൂപ വിസാവി സേവനത്തിലൂടെ ഇന്ത്യ നേടുമ്പോള്‍, ഇരുപത്തഞ്ചായിരം കോടി രൂപയുടെ ഹാര്‍ഡ്‌വെയര്‍ ഉല്പന്നങ്ങള്‍ വിദേശത്തു് നിന്നും വാങ്ങിക്കുന്നു. വളര്‍ന്നു വരുന്ന വിപണിയായ ഇന്ത്യയുടെ ഹാര്‍ഡ്‌വെയര്‍ ഇറക്കുമതി 2020 ആകുമ്പോഴേക്കും നാലിരട്ടിയായി വര്‍ദ്ധിക്കുമെന്നാണു് കണക്കു് കൂട്ടുന്നതു്. കുത്തക സോഫ്റ്റ്‌വെയര്‍ ലൈസന്‍സ് തുക ഇതിനും പുറമേ ചെലവായിട്ടുണ്ടു്. നമ്മുടെ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളിലൊക്കെ കുത്തക സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കുവാന്‍ ഏറെ സമ്മര്‍ദ്ദമുണ്ടു്. അതിലൂടെ വലിയൊരു തുക വീണ്ടും വിദേശത്തേക്കൊഴുകും. വളരെ കരുതലോടെ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വതന്ത്ര സോഫ്റ്റവെയറിനേയും, പ്രാദേശിക വിസാവി സേവനങ്ങളേയും ഉപയോഗിച്ചു് തുടങ്ങിയാല്‍ മാത്രമേ ഇതിനു് തടയിടാന്‍ സാധിക്കുള്ളു. ഹാര്‍ഡ്‌വെയര്‍ ഉല്പന്നങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാനുള്ള കാര്യമായ ശ്രമങ്ങള്‍ ഇവിടെയുണ്ടായിട്ടുമില്ല.   

2007-08 വര്‍ഷത്തിലെ കണക്കനുസരിച്ചു് ഇന്ത്യയില്‍ 20ലക്ഷം പേര്‍ വിസാവി മേഖലയില്‍ തൊഴിലെടുക്കുന്നു. കൂടാതെ, 70 ലക്ഷംപേര്‍ക്കു് പരോക്ഷമായി തൊഴില്‍ നല്‍കുന്നുവെന്നും കാണക്കാക്കുന്നു. മുന്‍ കാലങ്ങളിലേതു് പോലെ വ്യവസായ വളര്‍ച്ചക്കു് ആനുപാതികമായി തൊഴില്‍വര്‍ദ്ധന ഇപ്പോള്‍ ഉണ്ടാകുന്നില്ല. ആവര്‍ത്തന ജോലികള്‍ ചെയ്യുവാന്‍ ആവശ്യമായ സാങ്കേതിക സംവിധാനങ്ങള്‍ തയ്യാറാക്കി, തൊഴിലാളികളുടെ എണ്ണും കുറക്കാനാണു് ഇപ്പോള്‍ വന്‍കിട സ്ഥാപനങ്ങള്‍ ശ്രദ്ധിക്കുന്നതു്. ജിഡിപി-യുടെ 5.9% നല്‍കുന്ന വിസാവി മേഖലയില്‍ മൊത്തം ജനതയുടെ 0.2% മാത്രമാണു് ജോലിചെയ്യുന്നതു്. നിര്‍മ്മാണ മേഖലയിലേതു പോലെ കൂലികുറഞ്ഞ തൊഴിലാളികളെ ഇവരും അന്വേഷിച്ചു് തുടങ്ങി. കരാര്‍ തൊഴിലാളികളുടെ എണ്ണവും വളരെ വര്‍ദ്ധിച്ചു് വരുന്നുണ്ടു്. 

വിസാവി മേഖലയിലുടെ കൈവരുന്ന സമ്പത്തിന്റെ പുനര്‍വിതരണം, മറ്റു മേഖലകളിലേതെന്ന പോലെ നടക്കുന്നില്ല. വിസാവി സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ ഉപഭോക്തൃക്രമവും നിക്ഷേപ സ്വഭാവവും നിരീക്ഷിച്ചാല്‍ ഇതു് വ്യക്തമാകും, ഉല്പാദനകരമല്ലാത്ത ഊഹകച്ചവടത്തിലധിഷ്ഠിതമായ ഓഹരിക്കമ്പോളത്തിലും, റിയല്‍ എസ്റ്റേറ്റിലുമാണു് അവരുടെ വരുമാനത്തിന്റെ വലിയ പങ്കും നിക്ഷേപിക്കപ്പെടുന്നതു്.  വന്‍കിടമാളുകളിലും, ആഡംബര വാഹനങ്ങള്‍മൊക്കെയായാണു്  ചെലവിന്റെ ഭൂരിഭാഗവും പോകുന്നതു്. വളരെ തൊഴില്‍ജന്യമെന്നും, വിദേശപണം നേടിതരുന്നവെന്നതിന്റേയും, നാടിനു് വികസനമുണ്ടാക്കുന്നുവെന്നതിന്റേയും  പേരില്‍ വിസാവി വ്യവസായത്തിനും മറ്റും നല്കുന്ന നികുതിയിളവുകള്‍ എത്രനാള്‍ സമൂഹത്തിനു് താങ്ങാന്‍ കഴിയുമെന്നു്  കാണേണ്ടിയിരിക്കുന്നു.

സര്‍ക്കാരും പൊതുമേഖലാ സ്ഥാപനങ്ങളും

വിവിധ സര്‍ക്കാര്‍ കാര്യാലയങ്ങളിലും, പൊതുമേഖലാ സഥാപനങ്ങളിലും വിസാവി വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയിട്ടു് കുറച്ചു് കാലമായല്ലോ. വിസാവി തൊഴില്‍മേഖലക്കു് ഒരു വലിയ ആഭ്യന്തര വിപണിയാണു് ഇതു് ഒരുക്കിയതു്, സ്ഥാപനങ്ങളുടെ നടത്തിപ്പിനു് പുറമെ, ജനങ്ങള്‍ക്കു് സേവനം നല്‍കുന്നതിലും വിസാവി ഉപയോഗിക്കപ്പെടുന്നു. ഇതു് കാതലായ മാറ്റമാണു് സര്‍ക്കാറിന്റെയും പൊതുമേഖലാ സ്ഥാപനങ്ങളുടേയും കാര്യത്തിലുണ്ടായിരിക്കുന്നതു്. അവ പലതും ജനങ്ങള്‍ക്കു് ആശ്വാസകരവുമായിട്ടുണ്ടു്. എന്നാല്‍ ഇ-ഭരണ വിപണി വളര്‍ന്നതോടുകൂടി,  വിദേശ സ്ഥാപനങ്ങളടക്കമുള്ള പല കുത്തക സ്ഥാപനങ്ങളും ഈ രദഗത്തേക്കു് അവിഹിതമായ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചുപോലും കടന്നു് വരുന്നുണ്ടു്. അവര്‍ക്കായി, അല്ലെങ്കില്‍ അനാവശ്യമായ പല പദ്ധതികളും ആവിഷ്കരിക്കപ്പെടുമന്നുണ്ടു്. ജനങ്ങളുടെ വിവരം കേന്ദ്രീകൃതമായി ശേഖരിക്കപ്പെടുന്നു. ആധാര്‍ പോലുള്ള ബഹുകോടി പദ്ധതികളുടെ യഥാര്‍ത്ഥ ഗുണഭഓക്താക്കള്‍ ആരു്, അതിലൂടെ ശേഖരിച്ച വിവരങ്ങള്‍ ആരൊക്കെ എന്തിനൊക്കെ വേണ്ടി ഉപയോഗിക്കപ്പെടും എന്ന ആശങ്ക നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നുണ്ടു്. അതേ സമയം, ജനോപകാരപ്രദമായ   ജനസേവ കേന്ദ്രം പൊലുള്ള പദ്ധ്തികള്‍ നിര്‍ത്താലാക്കി അവടെ സ്വകാര്യ ഏജന്‍സികളെ കൊണ്ടു വരാന്‍ ശ്രമം നടക്കുന്നു. അക്ഷയ സംരംഭകരുടെ യോഗ്യത മാനദണ്ഡങ്ങള്‍ കര്‍ക്കശമാക്കാനുള്ള ശ്രമം കേരളാ സര്‍ക്കാര്‍ കൈകൊള്ളുന്നു. ഇതു് അവിടെയുള്ള ചെറുകിട സംരംഭകരെ ഒഴിവാക്കി വന്‍കിടക്കാരെ കുടിയിരുത്താനുള്ള ശ്രമമാണെന്ന ആശങ്കയുളവാക്കുന്നു.

ഇ-ഭരണം വളരെ ഫലപ്രദമായി നടപ്പിലാക്കാന്‍, അതിനുപയോഗിക്കുന്ന വിസാവി സംവിധാനങ്ങളുടെ മേല്‍ വ്യക്തമായ ഉപയോഗസ്വാതന്ത്ര്യം വേണം. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഇതു് നല്‍കുന്നതിനോടൊപ്പം നല്ല സാമ്പത്തിക നേട്ടവും നല്‍കുമെന്നു് കേരളാ സര്‍ക്കാരിന്റെ വിസാവി ആസൂത്രകര്‍ വളരെ മുമ്പു് തന്നെ തിരിച്ചറിഞ്ഞിട്ടുണ്ടു്. ഇതിന്റെ കൂടി ഫലമായാണു്, 2007-ലെ കേരളാ വിസാവി നയത്തില്‍ സാദ്ധ്യമായിടത്തെല്ലാം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കണമെന്ന നിലപാടുണ്ടായതു്. കേരളത്തിലെ അദ്ധ്യാപക സംഘടനകളുടെ ഇടപെടലിലൂടെ ഐ.ടി@സ്കൂള്‍ പദ്ധതി സ്വതന്ത്ര സോഫ്റ്റ്‌വെയറിലേക്കു് മാറിയതും, അതു് വിജയകരമായി നടപ്പിലാക്കാന്‍ സാധിച്ചതും വളരെ നല്ല നേട്ടമാണു്.  എന്നാല്‍ ഭരണതലങ്ങളില്‍, ആ വിസാവി  നയം നടപ്പാക്കുന്നതില്‍ ഭരണസംവിധാനം പരാജയപ്പെട്ടു.  സിവില്‍ സര്‍വ്വീസു് ഉദ്യോഗസ്ഥരുടെ അറിവില്ലായ്മയോടൊപ്പം തന്നെ, ഒറാക്കിള്‍, മൈക്രോസോഫ്റ്റ്, ഇ.എസ്.ആര്‍.ഐ. തുടങ്ങിയ വന്‍കിട സ്ഥാപനങ്ങളുമായുള്ള അവരുടെ ബാന്ധവവും, സര്‍ക്കാറിന്റെ പ്രഖ്യാപിത നയത്തിനു് വിരുദ്ധമായി അവരെ പ്രവര്‍ത്തിപ്പിച്ചു. 1999-ല്‍ ഐ.കെ.എമ്മിന്റെ പഞ്ചായത്തു് വിസാവി പദ്ധതിയിലൂടെയാണു് കുത്തക സോഫ്റ്റ്‌വെയര്‍ കേരളാ ഇ-ഭരണ രംഗത്തു് കാര്യമായ കടന്നുകയറ്റം തുടങ്ങിയതു്. അക്കാലത്തു് ചില പഞ്ചായത്തുകളില്‍ നടന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പദ്ധതികളെ തടഞ്ഞുകൊണ്ടാണു്  ഐ.കെ.എം കുത്തക സോഫ്റ്റ്‌വെയറുകള്‍ പ്രചരിപ്പിക്കുവാന്‍ തുടങ്ങിയതു്. ഒരു വ്യാഴവട്ടക്കാലത്തിലേറെ, വളരെ വലിയ അദ്ധ്വാനവും തുകയും ചെലവഴിച്ചു് പ്രവര്‍ത്തിച്ചിട്ടും, കാര്യമായ ഫലം തരുന്നതില്‍ ഐ.കെ.എം പരാജയപ്പെട്ടതില്‍ ഒരു പ്രധാനകാരണം കുത്തക സോഫ്റ്റ്‌വെയറുകളോടുള്ള അതിന്റെ അധികൃതരുടെ വിധേയത്വമാണെന്നു് കാണാം. സാങ്കേതിക വിദ്യകളെ കുറിച്ചു് തെറ്റായ കാഴ്ചപാടുകള്‍ നല്‍കി, കേരളത്തിലെ രാഷ്ട്രീയ നേതൃത്വത്തെ എ.കെ.എം അധികൃതര്‍ വഴിതെറ്റിച്ചതുകൊണ്ടും, സ്വയം പര്യാപ്തമായ ഇ-ഭരണസംവിധാനമൊരുക്കുന്ന കാര്യത്തില്‍ കേരളം വളരെ പിറകോട്ടു് പോയി. 
കേരളത്തിലെ സര്‍ക്കാരിന്റേയും, പൊതുമേഖല സ്ഥാപനങ്ങളിലേയും വിസാവി സംവിധാനം ഒരുക്കുന്നതില്‍ കെല്‍ട്രോണ്‍, സി-ഡിറ്റ് തുടങ്ങിയ സ്ഥാപനങ്ങളെ മൊത്ത സേവനദാതാക്കളായി (TSP) സര്‍ക്കാര്‍ തിരഞ്ഞെടുത്തിട്ടുണ്ടു്. ഇത്തരം സ്ഥാപനങ്ങള്‍ക്കു് പദ്ധതി നടപ്പിലാക്കുന്നതില്‍ ടെണ്ടര്‍ ഇളവുകള്‍ ലഭിക്കും. എന്നാല്‍ വിസാവി പദ്ധതികള്‍ സ്വയം നടപ്പിലാക്കുന്നതിനു് പകരം, ഇപ്പോഴത്തെ കേരള സര്‍ക്കാര്‍ അധികാരമേറ്റെടുത്തതോടെ, സാധാരണഗതിയില്‍ ഈ സ്ഥാപനങ്ങള്‍ക്കു് കുറഞ്ഞ ചെലവില്‍ ചെയ്യാവുന്ന ജോലി,  കൂടിയ നിരക്കില്‍ പുറംകരാറായി നല്‍കുവാന്‍ ഈ സ്ഥാപനങ്ങള്‍ക്കുമേല്‍ സമ്മര്‍ദ്ദമുണ്ടാകുന്നു. ഫലത്തില്‍, ഈ സ്ഥാപനങ്ങള്‍, മിക്ക സര്‍ക്കാര്‍ പദ്ധതികളിലും വെറും ഇടനിലക്കാരായി പ്രവര്‍ത്തിച്ചു് പോരുന്നു..

കേരള സര്‍ക്കാരിന്റെ 2012-ലെ വിസാവി നയം മുമ്പത്തെ നയത്തില്‍ നിന്നും കാര്യമായ മാറ്റമാണുള്ളതു്. ഭൂമി കച്ചവടത്തിനും, ഇടനിലകാര്‍ക്കു് കളമൊരുക്കുകയും ചെയ്യുന്ന നിലപാടു് കൂടാതെ, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കണെന്ന നിലപാടില്‍ നിന്നും പിറകോട്ടു് പോയതായി കാണാം. വികേന്ദ്രീകൃതമായി ചെറുകിട വ്യവസായ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തിലും വീഴ്ചവന്നു. വ്യവസായ പാര്‍ക്കുകളുടെ ഭൂമി ഉപയോഗത്തിന്റെ അനുപാതം മാറ്റി, ഭൂമി ഇടപാടുകാര്‍ക്കു് അനുകൂലമായ നിലപാടെടുത്തു. പുതിയ സംരംഭങ്ങള്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പി.പി.പി. ഫണ്ടു്  ഭരണതല സ്വാധീനത്തിലൂടെ സ്റ്റാര്‍ട് അപ് വില്ലേജു്  ഊറ്റിയെടുക്കുകയാണു്.  ചെറുകിട വിസാവി പാര്‍ക്കിലെ സംരംഭകര്‍ക്കു് അതു് ലഭ്യമാകുന്നില്ല. വൈദ്യുതി നിരക്കിലും മറ്റും സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ആനുകൂല്യം വന്‍കിട പാര്‍ക്കുകളിലെ ലഭ്യമാകുന്നുള്ളു. അത്തരം പാര്‍ക്കുകളില്‍ ചെറുകിടകാര്‍ക്കു് മുതല്‍മുടക്കാനുള്ള സാഹചര്യമില്ല. തൊഴില്‍ അന്വേഷകര്‍ അധികവും കൂടിയ വരുമാനത്തിനായി നഗരങ്ങളിലെ തൊഴില്‍ ലക്ഷ്യം വെക്കുന്നതിനാല്‍, ഗ്രാമങ്ങളിലെ ചെറുകിട പാര്‍ക്കുകളിലെ സംരംഭകര്‍ക്കു്  എപ്പോഴും പുതിയ പുതിയ തൊഴിലാളികളെയെടുത്തു് പരിശീലിപ്പിക്കേണ്ടി വരുന്നു.  ഇതു് അവരുടെ വ്യവസായത്തെ ദോഷകരമായി ബാധിക്കുന്നു. അതോടെപ്പം ഗ്രാമീണ വ്യവസായ പാര്‍ക്കുകള്‍ ആളില്ലാതാകുന്നു. അവയെ ചുരങ്ങിയ വിലക്കു് സ്വകാര്യ ഇടപാടുകാരെ ഏല്‍പ്പിക്കുന്നു. അവര്‍ ഭരണതല സ്വാധീനം ഉപയോഗിച്ചു് പൊതുമേഖലാ സ്ഥാപനങ്ങളുടെ യൂണിറ്റുകള്‍ അവിടെ നടത്തിപ്പിച്ചു് അവരുടെ വരുമാനം ഉറപ്പിക്കുകയും ചെയ്യുന്നു.  കൊച്ചിയിലെ ഐ.ടി ഹാബിറ്റാറ്റ് പോലെ ലാഭകരമായി പ്രവര്‍ത്തിക്കുന്ന ചെറുകിട പാര്‍ക്കും ഇടനിലക്കാര്‍ക്കു് കൈമാറ്റം ചെയ്യുവാനുള്ള നീക്കവുമുണ്ടു്. വിസാവി വകുപ്പിലെ ഭരണ തലവന്‍മാര്‍ക്കു്, സ്വജനപക്ഷപാതിത്വത്തോടെ ഐ.ടി ഹാബിറ്റാറ്റിലെ സ്ഥലം അനുവദിക്കാനായി അവിടെയുള്ള ചെറുകിട സംരംഭകരെ ഒഴിവാക്കുമെന്ന ആശങ്ക ഇതുമൂലം സൃഷ്ടിക്കപ്പെട്ടിട്ടുണ്ടു്.

മാറി വരുന്ന വിസാവി തൊഴില്‍ മേഖല
അനുദിനം മാറിമറയുന്ന, വളരെ ചടുലമായ സാങ്കേതിക വിദ്യകളിലൂടെയാണു്  വിസാവി തൊഴില്‍ മേഖലകടന്നു് പോകുന്നതു്. അതിനാല്‍ തന്നെ പലതരം തൊഴിലുകളും വേഗത്തില്‍ അപ്രത്യക്ഷമാവുകയും പുതിയ തൊഴിലുകള്‍ കടന്നു് വരുകയും ചെയ്യുന്നു. പരമ്പരാഗതമായി, കമ്പ്യൂട്ടറുകളെ ആശ്രയിച്ചാണു് ഈ മേഖല നിലനിന്നതെങ്കില്‍, മൊബൈല്‍ ഫോണ്‍ വ്യാപകമായതോടെ പുതിയതരം ജോലികള്‍ അവിടെ സൃഷ്ടിക്കപ്പെട്ടട്ടുണ്ടു്.  പരമ്പരാഗതമായി മനഷ്യര്‍ സമ്പാദിച്ച, പല രൂപത്തില്‍ നിലനില്‍ക്കുന്ന അറിവുകളുടെ,  ഡിജിറ്റൈസേഷന്‍ വളരെ തൊഴില്‍ സാദ്ധ്യത നല്‍കുന്നുണ്ടു്. കൂടുതല്‍ ജനവിഭാഗങ്ങള്‍ക്കു് ആധുനിക സാങ്കേതിക വിദ്യകള്‍ പ്രാപ്യമാകണമെങ്കില്‍, അവയെ പ്രാദേശികങാഷകളില്‍ ലഭ്യമാക്കണം. ഭാഷാ സാങ്കേതിക വിദ്യയും, പ്രാദേശിക ഭാഷാ ഉള്ളടക്ക വികസനവും, അവയുടെ വ്യാപനവും പുതിയ തൊഴില്‍ സാദ്ധ്യതകള്‍ തുറക്കുന്നുണ്ടു് മറ്റു പല മേഖലകളിലും വിസാവി ഇന്നു്  വ്യാപകമായി ഉപയോഗിക്കപ്പെടുന്നതില്‍, അവിടങ്ങളിലൊക്കെ  വിസാവി സംവിധാനങ്ങളുടെ നടത്തിപ്പിനും, പരിപാലനത്തിനുമായി തൊഴില്‍ കൂടുതല്‍ സൃഷ്ടിക്കപ്പെടും. അതേ സമയം തന്നം വ്യാപകമായ   യാന്ത്രികവല്‍ക്കരണത്തിലൂടെ (ഓട്ടോമേഷന്‍) നിലവിലുള്ള പലതരം വിസാവി തൊഴിലുകളും ഇല്ലാതാകും, സാങ്കേതികവിദ്യയുടെ മാറിമറയലിലൂടെ പലതരം തൊഴിലുകളും അപ്രസക്തമാവുകയും ചെയ്യും. വിദേശ കമ്പോള വിപണിയുടെ ഒരു ഭാഗം, വ്യാപകമായ പ്രദേശികവല്‍ക്കരണത്തിലൂടെ  രാജ്യത്തെ വിസാവി സംരംഭകര്‍ക്കു് നഷ്ടപ്പെടുകയും ചെയ്യും.  ഇവയൊക്കെ പഠിച്ചു് ദീര്‍ഘവീക്ഷണത്തോടുള്ള കാഴ്ചപാടുണ്ടാക്കി, തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും, മാനുഷിക വിഭവ ശേഷിവികസനവും കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കുക എന്ന ശ്രമകരമായ ദൗത്യമാണു് സമൂഹത്തിനുള്ളതു്.

കടപ്പാട് : അനിലന്‍

അവസാനം പരിഷ്കരിച്ചത് : 6/9/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate