অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

നവകേരള മിഷന്‍

നവകേരളം

സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിനായിട്ടുള്ള ദീര്‍ഘകാല പദ്ധതികളും, ദുരിതമനുഭവിക്കുന്നവര്‍ക്ക് സമാശ്വാസം നല്‍കുവാനുള്ള സത്വര ക്ഷേമനടപടികളും ഉള്‍ച്ചേരുന്ന ദ്വിമുഖ നയപരിപാടിയാണ് എല്‍ഡിഎഫ് ഗവണ്‍മെന്റ് ആവിഷ്കരിച്ചിരിക്കുന്നത്. വികസന പ്രക്രിയയില്‍ അവഗണിക്കപ്പെട്ടിരുന്ന അല്ലെങ്കില്‍ അതിന്റെ ഗുണഫലങ്ങള്‍ പൂര്‍ണമായും അനുഭവിക്കുവാന്‍ കഴിയാതെയിരുന്ന ഒരു വിഭാഗത്തിന്റെ ജീവിതനിലവാരം വര്‍ദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് നാല് ദൗത്യങ്ങള്‍ നടപ്പിലാക്കുവാന്‍ പോകുന്നത്.

സംസ്ഥാനത്തിന്റെ വികസനത്തിനായി ജനകീയ ബദല്‍ സഫലീകരിക്കുക എന്ന ഉദ്ദേശത്തോടെയാണ് മുഖ്യമന്ത്രിയുടെ     ഈ ദൗത്യങ്ങള്‍ രൂപകല്പന ചെയ്തിരിക്കുന്നത്. നവകേരളം എന്ന സര്‍ഗാത്മകവും അതേസമയം മൂര്‍ത്തവുമായ സങ്കല്പത്തെക്കുറിച്ച് ഭരണകാര്യ ചട്ടക്കൂടുകളില്‍ മനംമടുത്തിരിക്കുന്നവരില്‍ വിശ്വാസമാര്‍ജിക്കുവാന്‍ ഇത് സഹായകരമാകും. നമ്മുടെ സമൂഹത്തിലെ ഏറ്റവും പിന്നോക്കാവസ്ഥയിലുള്ളവര്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വികസനപദ്ധതികളുടെ ഗുണങ്ങള്‍ പ്രയോജനപ്പെടുത്തുവാനും സ്വയം ശാക്തീകരിക്കുവാനുമുള്ള പുത്തനവസരങ്ങള്‍   ഈ ദൗത്യങ്ങള്‍ സൃഷ്ടിക്കും.

നമ്മുടെ പരിസ്ഥിതി ശുചീകരണത്തിനും സംരക്ഷണത്തിനും,കാര്‍ഷിക മേഖലയുടെ അഭിവൃദ്ധിക്കും കാര്‍ഷികോല്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുവാനുമുള്ള ‘ഹരിതകേരളം’, വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും പാഠ്യപദ്ധതി കാലപ്രസക്തമായി നവീകരിക്കുവാനും അങ്ങനെ പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുവാനുമുള്ള ‘സമഗ്ര വിദ്യാഭ്യാസ നവീകരണ പദ്ധതി’, ഭവനരഹിതര്‍ക്ക് വീടും ഉപജീവനത്തിന് നൈപുണ്യവികസനവും പ്രാപ്തമാക്കുന്ന ‘LIFE’, സര്‍ക്കാര്‍ ആശുപത്രികള്‍ രോഗീസൗഹാര്‍ദപരമാക്കുന്നതിന് വേണ്ടിയുള്ള അടിസ്ഥാനസൗകര്യവികസനം ലക്ഷ്യമാക്കിയുള്ള ‘ആര്‍ദ്രം’ എന്നിവയാണ് എല്‍ഡിഎഫ് ഗവണ്‍മെന്റ് മുന്നോട്ട് വയ്ക്കുന്ന നാല് ദൗത്യങ്ങള്‍.

ഹരിതകേരളം

ശുചിത്വം-മാലിന്യ സംസ്കരണം, കൃഷി വികസനം, ജലസംരക്ഷണം എന്നീ മൂന്ന് മേഖലകളില്‍ ഊന്നല്‍ നല്‍കുന്ന ബൃഹത്തായ ഇടപെടലാണ് ഹരിത കേരളം കണ്‍സോര്‍ഷ്യം മിഷന്‍വഴി ഉദ്ദേശിക്കുന്നത്. ഇതിനായി മൂന്ന് ഉപമിഷനുകൾ ഉണ്ടാകും.

നിലവിലുള്ള ജലസ്രോതസ്സുകളുടെ നവീകരണവും ശുദ്ധീകരണവും ഉറപ്പാക്കുന്നതു വഴി പ്രാദേശിക തലത്തില്‍ ജലസേചനത്തിനും കുടിവെള്ള വിതരണത്തിനും ഉതകുന്ന ഒരു പുതിയ ജല ഉപയോഗ സംസ്കാരം രൂപപ്പെടുത്തുന്നതിലാണ് ജലസംരക്ഷണ ഉപമിഷന്റെ ഊന്നല്‍. ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് ഒട്ടാകെയുള്ള കുളങ്ങളും തോടുകളും പുനരുജ്ജീവിപ്പിക്കുന്നതിനും നിലനിര്‍ത്തുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും. രണ്ടാംഘട്ടത്തില്‍ നദികള്‍, കായലുകള്‍, മറ്റു ജലസ്രോതസ്സുകള്‍ എന്നിവയുടെ സംരക്ഷണവും ശുചീകരണവും നടപ്പാക്കും. യുവജനസംഘടനകള്‍, വിദ്യാര്‍ഥികള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങി എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കും. ജലസ്രോതസ്സുകളില്‍ മാലിന്യം നിക്ഷേപിക്കുന്നത് കര്‍ശനമായി തടയുന്നതോടൊപ്പം, ഉറവിട മാലിന്യസംസ്കാര സങ്കേതങ്ങള്‍ ഉപയോഗിച്ച് ജൈവകൃഷിക്ക് അനുയോജ്യമായ പശ്ചാത്തലമൊരുക്കുകയും വീടുകളില്‍ കൃഷി വ്യാപിപ്പിക്കുകയും ചെയ്യുക എന്നതാണ് മാലിന്യസംസ്കരണ-കൃഷി വികസന കർമ്മസേനകൾ അടിസ്ഥാനപരമായി ലക്ഷ്യമിടുന്നത്. അതോടൊപ്പം ബയോഗ്യാസ് സംവിധാനങ്ങള്‍, തുമ്പൂര്‍മൂഴി മാതൃകയിലുള്ള വികേന്ദ്രീകൃത മാലിന്യസംസ്കാര സംവിധാനങ്ങള്‍, ബ്ലോക്ക് അടിസ്ഥാനത്തില്‍ പ്ലാസ്റ്റിക്, ഇ-വേസ്റ്റ്, ആശുപത്രി മാലിന്യങ്ങള്‍ തുടങ്ങിയവ സംസ്കരിക്കാനുള്ള സങ്കേതങ്ങള്‍ ലഭ്യമാക്കുക എന്നിവയും ശുചിത്വ-മാലിന്യ സംസ്കരണ ഉപമിഷന്റെ ലക്ഷ്യങ്ങളാണ്. ഉറവിട മാലിന്യ സംസ്കരണത്തോടൊപ്പം തന്നെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരപ്രദേശങ്ങള്‍ക്കായി നൂതന രീതിയിലുള്ള കേന്ദ്രീകൃത സംസ്കരണ സംവിധാനങ്ങളും നടപ്പാക്കും. വീടുകള്‍ തോറുമുള്ള കൃഷി സാധ്യതയ്ക്കു പുറമെ പച്ചക്കറിയിലും മറ്റ് അടിസ്ഥാന കൃഷി ഉല്‍പന്നങ്ങളിലും സ്വയംപര്യാപ്തത നേടാനുതകുന്ന വിധത്തില്‍ പൊതുവായ ഇടപെടലുകളും കൃഷി വികസന ഉപമിഷൻ  ലക്ഷ്യമിടുന്നതാണ്.ഇക്കാര്യത്തില്‍ മൂന്ന് ടാസ്ക്ഫോഴ്സുകളും സംസ്ഥാന, ജില്ല, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തലത്തില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്.

സംസ്ഥാന ഹരിത കേരളം കണ്‍സോര്‍ഷ്യത്തിന്റെ ഘടന:

അധ്യക്ഷന്‍

: മുഖ്യമന്ത്രി

സഹ അധ്യക്ഷര്‍

: തദ്ദേശസ്വയംഭരണം, കൃഷി, ജലവിഭവം മന്ത്രിമാര്‍

ഉപ അധ്യക്ഷന്‍

: എംഎല്‍എമാര്‍/ മുന്‍ മന്ത്രി/ മുന്‍ എംഎല്‍എ/ മുന്‍ എം പി,
സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി

ഉപദേഷ്ടാവ്

: സീനിയര്‍ നിലവാരത്തിലുള്ള ഒരു ശാസ്ത്രജ്ഞന്

പ്രത്യേക ക്ഷണിതാവ്

: പ്രതിപക്ഷ നേതാവ്

അംഗങ്ങള്‍

: എംഎല്‍എമാര്‍, ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ നാമനിര്‍ദേശം ചെയ്യുന്ന
ആസൂത്രണ       ബോര്‍ഡിലെ ഒരംഗം, പ്രിന്‍സിപ്പല്‍ സെക്രട്ടറി
(
തദ്ദേശസ്വയംഭരണം, ആരോഗ്യം, കൃഷി, ജലവിഭവം, ടൂറിസം, വിദ്യാഭ്യാസം),
സംസ്ഥാനത്തെ മൂന്ന് ടാസ്ക്ഫോഴ്സുകളുടെ ചീഫ് എക്സിക്യുട്ടീവ്

മിഷന്‍ സെക്രട്ടറി

ആസൂത്രണവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി

 

കൃഷി

നിലവിലെ അവസ്ഥ
സംസ്ഥാനവരുമാനത്തിന്‍റെ 11.6 ശതമാനം കാര്‍ഷികമേഖലയില്‍ നിന്നാണ്. എന്നാല്‍കാര്‍ഷിക മേഖലയിലെ വളര്‍ച്ചാനിരക്ക് താഴേക്കാണ്.  കൂടാതെ, വന്‍തോതില്‍ കാര്‍ഷിക ഭൂമി മറ്റാവശ്യങ്ങള്‍ക്കായി പരിവര്‍ത്തനപ്പെടുത്തുന്നതുംവ്യാപകമാണ്.

യന്ത്രവത്കരണത്തിന്‍റെ കുറവുകളും, അശാസ്ത്രീയ കൃഷിയും, കാര്‍ഷികവശ്യങ്ങള്‍ മനസിലാക്കാതെയുള്ള ജലസേചനവും, രാസവളങ്ങളുടെ അമിതോപയോഗവും ഒക്കെ കാര്‍ഷികമേഖലയിലെ വര്‍ത്തമാനകാല തിരിച്ചടികളാണ്.

കൂടാതെ, കര്‍ഷകര്‍ക്ക്വിപണിയുമായി ബന്ധമില്ലാത്തത്, പ്രവര്‍ത്തന മൂലധനം എളുപ്പത്തില്‍ ലഭ്യമാകാത്തത്, ജലസേചനസൗകര്യമില്ലായ്മ, അത്യുല്‍പാദന വിത്തുകള്‍ ലഭ്യമല്ലാത്തത്, ശേഖരണസംവിധാനമില്ലാത്തത്, കാര്‍ഷികഭൂമിയുടെ അപര്യാപ്തത തുടങ്ങിയവ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികളാണ്.

ലക്ഷ്യങ്ങള്‍

സുരക്ഷിത ഭക്ഷ്യേല്‍പാദനത്തില്‍സ്വയംപര്യാപ്തത, കൂടുതല്‍ മേഖലകളില്‍ കാര്യക്ഷമമായ ജല ഉപയോഗം, കാര്‍ഷകര്‍ക്ക് മാന്യമായ വരുമാനം ഉറപ്പാക്കല്‍, വന്‍ തോതില്‍തൊഴില്‍ ലഭ്യമാക്കല്‍, ഇതുവഴി സാമ്പത്തിക വളര്‍ച്ചക്ക് സംഭാവന നല്‍കല്‍ എന്നിവയാണ് ‘ഹരിതകേരള’ത്തിന്‍റെ പ്രധാന ലക്ഷ്യങ്ങള്‍.

സുജലം സുഫലം

ജലസേചന പദ്ധതികളുടെ സംയോജനം, മാലിന്യ പുനഃചംക്രമണം, വിപണികളുമായി ബന്ധപ്പെടുത്തല്‍, മൂല്യവര്‍ധന, കര്‍ഷകര്‍ക്ക് പിന്തുണ, കൃഷിക്ക് കൂടുതല്‍ ഭൂമി ലഭ്യമാക്കല്‍, അനുകൂല കാലാവസ്ഥ സൃഷ്ടിക്കല്‍, തുടങ്ങിയവയാണ് പ്രധാന ലക്ഷ്യങ്ങള്‍.

ഉത്പാദനം, വിപണനം, പിന്തുണ എന്നീ മേഖലകളില്‍സുജലംസുഭലം പദ്ധതി ലക്ഷ്യമൂന്നുന്നു.

ഉത്പാദനം

പങ്കാളിത്ത കൃഷി, കര്‍ഷക കൂട്ടായ്മകള്‍, വ്യക്തികള്‍ക്ക് പ്രോത്സാഹനം എന്നിവ ഉത്പദന മേഖലക്ക് ഊര്‍ജമേകും. തദ്ദേശസ്ഥാപനങ്ങളുടെയുംസര്‍ക്കാരിന്‍െറയും പിന്തുണ ഇക്കാര്യത്തില്‍ പ്രധാന പങ്ക് വഹിക്കും. ഇത്തരത്തില്‍കൂടുതല്‍ മേഖലയില്‍കൃഷി, ശാസ്ത്രീയരീതിയില്‍കൃഷി, അത്യുല്‍പാദന വിത്തുകളുടെ ഉപയോഗം, ആധുനിക കാര്‍ഷികരീതികള്‍ എന്നിവ നടപ്പാക്കും.

പ്രാദേശികതല ആസൂത്രണം

ഭൂമി ലഭ്യത, നിലവിലെ കൃഷികള്‍, ജലസേചന സൗകര്യങ്ങള്‍ തുടങ്ങിയവ പ്രാദേശികതലത്തില്‍വിലയിരുത്തപ്പെടും. അയല്‍ക്കൂട്ടം, വാര്‍ഡ്, പഞ്ചായത്തുതലത്തില്‍ ഇക്കാര്യങ്ങള്‍ നടക്കും. അത്തരത്തില്‍, ജനങ്ങള്‍ തീരുമാനിക്കും എന്തു കൃഷിചെയ്യണം, എങ്ങനെ വേണംഎന്നൊക്കെ.

എല്ലാ പഞ്ചായത്തുകളും ഇത്തരത്തില്‍ ലഭ്യമായ സൗകര്യങ്ങളും പ്രാദേശിക സാധ്യതകളും അധിഷ്ഠിതമായികൃഷി പദ്ധതികള്‍ ആവിഷ്കരിക്കും. ഇതിനായി പഞ്ചായത്ത് റിസോഴ്സ് ഗ്രൂപ്പുകളുംരൂപീകരിക്കും. വിവിധ മേഖലയിലെ വിദഗ്ധര്‍, വിരമിച്ച ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഈ ഗ്രൂപ്പിന്‍റെ ഭാഗമാകും. ഈ ഗ്രൂപ്പുകള്‍ക്ക് ജില്ലാതല പരിശീലനം നല്‍കുകയും, ഇവരുടെ നേതൃത്വത്തില്‍ വാര്‍ഡുതല യോഗങ്ങള്‍ നടത്തി കൃഷിക്കാവശ്യമായ പദ്ധതികള്‍ക്ക്  പിന്തുണ നല്‍കും.

വിവിധ കാര്‍ഷിക മേഖലകള്‍ ഉള്‍പ്പെടുത്തി സംയോജിത കാര്‍ഷിക സമ്പ്രദായവും കര്‍ഷകര്‍ക്കായി ആവിഷ്കരിക്കും. വാര്‍ഡ്തല കാര്‍ഷിക പ്ലാനും പഞ്ചായത്തുതല കാര്‍ഷിക പ്ലാനുംരൂപീകരിക്കും. ഗ്രാമീണ വികസന പദ്ധതികളുമായി ഏകോപിപ്പിക്കാന്‍ ബ്ളോക്ക് പ്ലാനുമുണ്ടാകും. ഇത്തരത്തിലെ പദ്ധതികള്‍ സംയോജിപ്പിക്കാന്‍ ജില്ലാ തല പ്ലാനുമുണ്ട്.

പ്രത്യേക കാര്‍ഷിക സോണുകള്‍ (സ്പെഷ്യല്‍ അഗ്രികള്‍ചറല്‍സോണ്‍)

ഇത്തരംസോണുകള്‍ മുഖാന്തിരം ഉത്പാദനത്തിന് ഇണങ്ങുന്ന മേഖലകളില്‍കൂടുതല്‍ ശ്രദ്ധയും പിന്തുണയും നല്‍കും. കൂടുതല്‍ കൃഷിയിലൂടെകൂടുതല്‍ ഉത്പാദനം എന്നത് ലക്ഷ്യമാക്കും. സാധ്യമായ ഭൂമികളിലെല്ലാംകൃഷിയിലൂടെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ നടപടികളുണ്ടാകും. ജലസേചന സൗകര്യവും ആധുനിക കാര്‍ഷിക സങ്കേതങ്ങളും ഒരുക്കിനല്‍കും. പ്രത്യേക സാമ്പത്തിക മേഖലകളിലേതു പോലെ ഇന്‍സെന്‍റീവുകള്‍ ലഭ്യമാക്കും.

മുഴുവന്‍ സമയ കര്‍ഷകരുടെയും ഭൂമിയുടേയും ലഭ്യത, മെച്ചപ്പെട്ട ജലസേചന സൗകര്യങ്ങള്‍, കര്‍ഷക കൂട്ടായ്മകളുടെ ശക്തമായ സാന്നിധ്യം, അനുയോജ്യമായ മണ്ണ്, കാര്‍ഷിക കാലാവസ്ഥ എന്നിവ പരിഗണിച്ചായിരിക്കുംസോണുകളുടെതെരഞ്ഞെടുപ്പ്.

പ്രത്യേക കാര്‍ഷിക സോണുകളില്‍ ആഗ്രോ സര്‍വീസ് സെന്‍ററുകള്‍, കാര്‍ഷിക കര്‍മസേന, ബയോ കണ്‍ട്രോള്‍ലാബ്, പ്ലാന്‍റ് ക്ലിനിക്കുകള്‍, ലീഡ് ഫാര്‍മര്‍ ഇന്‍ഷ്യേറ്റീവ്, റിസോഴ്സ് ഗ്രൂപ്പുകള്‍, വിത്ത് നഴ്സറികള്‍, പ്രദേശിക വിപണി, മണ്ണ് പരിശോധനാ ലാബ്, കമ്പോസ്റ്റ് ഫെര്‍ട്ടിലൈസര്‍യൂണിറ്റ്, മാലിന്യ പുനഃചംക്രമണ യൂണിറ്റുകള്‍, ബയോഗ്യാസ് പ്ലാന്‍റുകള്‍, ബയോ ഫാര്‍മസി, കാര്‍ഷിക പരിശീലന കേന്ദ്രങ്ങള്‍, കാര്‍ഷികോല്‍പന്നങ്ങളുടെയും ഫെര്‍ട്ടിലൈസറുകളുടേയും ശേഖരണ സൗകര്യം, കോള്‍ഡ് ചെയിന്‍ ഫെസിലിറ്റി തുടങ്ങിയ ഒരുക്കും. ആര്‍.ഡി.ഒയുടെമേല്‍നോട്ടത്തില്‍ കര്‍ഷകര്‍ക്ക് ഏക ജാലക സഹായത്തിനായി പ്രത്യേക ഓഫീസുകളുംസ്ഥാപിക്കും.

പദ്ധതി അധിഷ്ഠിത സമീപനമായിരിക്കും പ്രത്യേക കാര്‍ഷിക സോണുകളില്‍. വിപണി ബന്ധവും മൂല്യവര്‍ധിത ഉത്പന്ന കേന്ദ്രങ്ങളും ഉറപ്പാക്കും. പലിശരഹിത വായ്പകള്‍ക്ക് സൗകര്യമുണ്ടാകും. വിള ഇന്‍ഷുറന്‍സ് പദ്ധതികളും ഇതിന്‍റെ ഭാഗമാകും. കിസാന്‍, സോയില്‍ക്രെഡിറ്റ്കാര്‍ഡുകള്‍, നിരന്തര പരിശീലനം തുടങ്ങിയവയുമുണ്ടാകും.

ശാസ്ത്രീയ കൃഷിക്ക് ഉന്നത ഗുണനിലവാരമുള്ള വിത്തുകള്‍, മണ്ണ് പരിശോധനയുംവിലയിരുത്തലും, തന്ത്രവത്കരണം, മികച്ച കര്‍ഷക ശീലങ്ങള്‍ തുടങ്ങിയവ പ്രോത്സാഹിപ്പിക്കും.

കര്‍ഷക കൂട്ടായ്മകള്‍

കര്‍ഷകരുടെ എണ്ണം കാലതോറുംകുറഞ്ഞു വരുന്നതിന് തടയിടാന്‍ കര്‍ഷക കൂട്ടായ്മകള്‍ സഹായകമാകും. കൂട്ടുകൃഷിചെലവും ബാധ്യതയും കുറയ്ക്കാന്‍ ഏറെ സഹായകമാകും.

കൂടുതല്‍ സ്ഥലത്ത് കൃഷിചെയ്യുന്നവര്‍ക്ക് ആവശ്യമായ പ്രോത്സാഹനം നല്‍കും. അഞ്ചു മുതല്‍ 20 വരെ അംഗങ്ങളുള്ള ക്ലസ്റ്ററുകള്‍ കര്‍ഷക കൂട്ടായ്മയിലൂടെരൂപീകരിക്കും.

വിപണനസാധ്യതകള്‍

പൊതുവില്‍ കര്‍ഷകര്‍ക്ക് വിപണി ബന്ധത്തിനുംവിപണനത്തിനുമുള്ള സൗകര്യങ്ങളും മികവുംകുറവായി കണ്ടുവരുന്നുണ്ട്. ഹോര്‍ട്ടികോര്‍പ്, വി.എഫ്.പി.സി.കെ എന്നീ സ്ഥാപനങ്ങള്‍ പോലും നിലവില്‍കേരളത്തിന് പുറത്ത് വന്‍തോതിലുള്ള വിപണനത്തിന് സൗകര്യമൊരുക്കുന്നില്ല.

ഉത്പന്നങ്ങള്‍ പ്രത്യേക സീസണുകളില്‍ ലഭ്യമാകുന്നതിനാല്‍ ഇവ സംസ്ഥാനത്തിനും പുറത്തുംവിപണനം ചെയ്യേണ്ടതുണ്ട്. അധികോത്പാദനം മൂല്യാധിഷ്ഠിത ഉത്പന്നങ്ങളാക്കി മാറ്റാനുംസൗകര്യങ്ങള്‍ ഒരുക്കും.

പോര്‍ട്ടല്‍

ഒരു ഇ-പോര്‍ട്ടലിലൂടെ കൃഷിയിടം മുതല്‍ കര്‍ഷകരേയും സ്ഥാപനങ്ങളേയും വിപണിയേയും ഉള്‍പ്പെടെ ബന്ധിപ്പിച്ച് ഉപഭോക്താക്കളിലേക്ക് ഉത്പന്നം എത്തിക്കുന്ന രീതിയിലേക്ക് വളരും.

വിപണനം

കാര്‍ഷികോത്പന്നങ്ങളുടെവിപണനത്തിനായി 25 അഗ്രോ ബസാറുകളും 1000 ഇക്കോഷോപ്പുകളും കൃഷി വകുപ്പിന്‍റെയും വി.എഫ്.പി.സി.കെയുടേയും ഹോര്‍ട്ടി കോര്‍പിന്‍റെയും ആഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍റെയും നേതൃത്വത്തില്‍ ആരംഭിക്കും. കര്‍ഷക കൂട്ടായ്മകള്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തിലായിരിക്കും നടത്തിപ്പ്.

അഗ്രാ ബസാറുകള്‍ പ്രമുഖ പട്ടണങ്ങളിലായിരിക്കും അഗ്രോ ബസാറുകള്‍ വരിക. സേഫ് ടു ഈറ്റ് ഭക്ഷണസാമഗ്രികളുടെ കേന്ദ്രമാകും ഇവിടെ. പച്ചക്കറികള്‍ മാത്രമല്ല, സര്‍ക്കാര്‍ അനുബന്ധ സ്ഥാപനങ്ങളുടെ മത്സ്യം, ചിക്കന്‍, എണ്ണ, പാലുത്പന്നങ്ങള്‍ തുടങ്ങിയവയും ഇവിടെ ലഭ്യമാക്കും.

കൂടാതെ, ഓണ്‍ലൈന്‍ വഴി ഇത്തരം ഉത്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ പോര്‍ട്ടലൊരുക്കും. ‘കര്‍ഷകമിത്ര’യിലൂടെയും ഇത്തരംവിപണനം സാധ്യമാക്കും.

കേരള അഗ്രോ ബിസിനസ് കമ്പനി (കാബ്കോ)

കേരളത്തിലെകാര്‍ഷിക മേഖലയുടെ പുനരുദ്ധാരണത്തിനുള്ള പ്രധാന സംരംഭമാകുമീ കമ്പനി. അഗ്രാ പാര്‍ക്കുകളും അഗ്രോ മാളുകളും സ്ഥാപിക്കല്‍, പച്ചക്കറി-പഴം-നാണ്യവിളകളുമായി ബന്ധപ്പെട്ട വ്യവസായങ്ങളുടെവികസനം, ഇവയുടെ പ്രാദേശിക വിപണി, കയറ്റുമതി എന്നിവയ്ക്ക് സഹായിക്കല്‍ തുടങ്ങിയവക്ക് കമ്പനി മുന്‍കൈ എടുക്കും.

കാര്‍ഷിക സമൂഹത്തിന് വിവിധ വിഷങ്ങളില്‍കൈത്താങ്ങ്, പുതുവിപണികള്‍ കണ്ടെത്തല്‍, ഐ.ടി അധിഷ്ഠിതമായ സേവനങ്ങളുടെ നടത്തിപ്പ് തുടങ്ങിയവയും കമ്പനി മേല്‍നോട്ടം വഹിക്കും. കൃഷി മന്ത്രിയായിരിക്കും കമ്പനി ചെയര്‍മാന്‍.

പിന്തുണ

സബ്സിഡികള്‍, പലിശരഹിത വായ്പകള്‍, പ്രത്യേക പാക്കേജുകള്‍, ഉന്നത നിലവാരമുള്ള വിത്തുകള്‍, യന്ത്രവത്കരണം, മനുഷ്യവിഭവശേഷി, നയപരമായ സഹായങ്ങള്‍, രോഗങ്ങള്‍ കണ്ടെത്താനും പരിഹരിക്കാനുമുള്ള സഹായങ്ങള്‍ തുടങ്ങിയ പിന്തുണകള്‍ കൃത്യമായി നല്‍കും.

ഇത്തരത്തില്‍കൃഷി ആസൂത്രണംമുതല്‍ വിപണിയിലെത്തിക്കല്‍ വരെയുള്ള സമഗ്രവും ശാസ്ത്രീയവുമായ പദ്ധതികള്‍ ആവിഷ്കരിച്ച് കാര്‍ഷികമേഖലയെ ഉണര്‍ത്താനും കര്‍ഷകര്‍ക്ക് നവാവേശം നല്‍കാനും ഉദ്ദേശിച്ചുള്ള പദ്ധതികളാണ് ‘ഹരിതകേരളം’ പദ്ധതിയിലൂടെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.

ജലസംരക്ഷണം

നിലവിലുള്ള ജലസ്രോതസ്സുകളുടെ നവീകരണവും ശുദ്ധീകരണവും ഉറപ്പാക്കുന്നതുവഴി പ്രാദേശികതലത്തില്‍ ജലസേചനത്തിനും കുടിവെള്ള വിതരണത്തിനും ഉതകുന്ന ഒരു പുതിയ ജല ഉപയോഗ സംസ്കാരം രൂപപ്പെടുത്തുന്നതിലാണ് ജലസംരക്ഷണ മിഷന്റെ ഊന്നല്‍. ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് ഒട്ടാകെയുള്ള കുളങ്ങളും തോടുകളും പുനരുജ്ജീവിപ്പിക്കുന്നതിനും നിലനിര്‍ത്തുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും. രണ്ടാംഘട്ടത്തില്‍ നദികള്‍, കായലുകള്‍, മറ്റു ജലസ്രോതസ്സുകള്‍ എന്നിവയുടെ സംരക്ഷണവും ശുചീകരണവും നടപ്പാക്കും. യുവജനസംഘടനകള്‍, വിദ്യാര്‍ഥികള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങി എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കും

ലക്ഷ്യം
രാജ്യത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശങ്ങളിലൊന്നാണെങ്കിലും ഓരോ വർഷം കഴിയുന്തോറും കടുത്ത വരള്‍ച്ചയുടേയും ശുദ്ധജലദൗർലഭ്യത്തിന്‍റെയും പിടിയിലായിക്കൊണ്ടിരിക്കുകയാണ് സംസ്ഥാനം.  കണക്കുകളനുസരിച്ച് ശരാശരി 3000 മി.മീറ്റർ മഴ ലഭിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്തിന് അത് പ്രയോജനപ്പെടുത്താനാവുന്നില്ല.  ഇവിടെയാണ് ജലസുരക്ഷയുടെ പ്രസക്തി.  ജലസംരക്ഷണത്തിന്‍റെ ആദ്യഘട്ടം എന്നനിലയില്‍ എല്ലാവർക്കും സുരക്ഷിതമായ കുടിവെള്ളം ഉറപ്പാക്കുകയാണ് ലക്ഷ്യം.  അഞ്ചുവർഷത്തിനുള്ളില്‍ കുളങ്ങള്‍, തോടുകള്‍, നദികള്‍, കിണറുകള്‍, തുടങ്ങിയ ജലസ്രോതസ്സുകളിലെ ജലലഭ്യത വർദ്ധിപ്പിക്കാനാണ് ഹരിതകേരള മിഷന്‍ കർമ്മപദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്.

നിർവ്വഹണം
കുളങ്ങള്‍, നീർച്ചാലുകള്‍, അരുവികള്‍, തോടുകള്‍, എന്നിവ പുനരുദ്ധരിക്കുക, മഴവെള്ള സംരക്ഷണത്തിലൂടെ സംസ്ഥാനത്തെ പ്രധാന കുടിവെള്ള സ്രോതസ്സായ കിണറുകളിലെ ജലലഭ്യത ഉറപ്പാക്കണം.  CWDRM കണക്കുകള്‍ പ്രകാരം 45 ലക്ഷം കിണറുകളാണ് സംസ്ഥാനത്തുള്ളത്.  ഇവയെ സമ്പൂർണ കിണർ റീചാർജ് പദ്ധതിയിലൂടെ റീചാർജ് ചെയ്ത് ജലസമൃദ്ധമാക്കണം.  ഭൂമിശാസ്ത്രപരവും പാരിസ്ഥിതികവുമായ വൈവിധ്യമുള്ള മലനാട്, ഇടനാട്, തീരപ്രദേശങ്ങള്‍ക്ക് അതിനനുസൃതമായ ജല, മണ്ണ്, പരിസ്ഥിതി സംരക്ഷണ പദ്ധതികള്‍ തയ്യാറാക്കുക.  ജ്യോഗ്രഫിക്കല്‍ ഇന്‍ഫർമേഷന്‍ സിസ്റ്റം ഉപയോഗിച്ച് നദീതടം, ഉപനദീതടം എന്നിവ വേർതിരിച്ച് അതിനകത്തുവരുന്ന പ്രകൃതിദത്തവും മനുഷ്യനിർമ്മിതവുമായ ജലസ്രോതസ്സുകള്‍ അടയാളപ്പെടുത്തി മാസ്റ്റര്‍ പ്ലാനുകള്‍ തയ്യാറാക്കുക. നദീതട മാസ്റ്റർ പ്ലാനുകളുടെ അടിസ്ഥാനത്തില്‍ നദികളിലെ നീരൊഴുക്ക് സുഗമമാക്കുന്നതിനുള്ള തടയണകള്‍, റെഗുലേറ്ററുകള്‍ എന്നിവ ആവശ്യം വേണ്ടിടത്ത് നിർമ്മിക്കുക. മലയോര മേഖലയില്‍ അശാസ്ത്രീയമായി നിർമ്മിച്ചിട്ടുള്ള തടയണകളെക്കുറിച്ച് പഠിച്ച് ശാസ്ത്രീയ പരിഹാരമാർഗ്ഗങ്ങള്‍ നിർദ്ദേശിക്കുക.  ഓരോ നദീതടത്തിലുമുള്ള ജലവിഭവ ലഭ്യത, വിവിധ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍ എന്നിവയുടെ ജലവിനിയോഗം എന്നിവ പഠിച്ച് ശാസ്ത്രീയമായ ജലസംരക്ഷണ വിനിയോഗ മാർഗ്ഗങ്ങള്‍ ഏർപ്പെടുത്തണം.  ജലാശയങ്ങളിലെ/ നദികളിലെ മാലിന്യ ലഘൂകരണത്തിനുള്ള നടപടി സ്വീകരിക്കുക.  നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തുക.  സാമൂഹിക ഓഡിറ്റ് മാതൃകകള്‍ രൂപപ്പെടുത്തുക.  മിഷന്‍റെ ലക്ഷ്യവും പരിപാടികളും ജീവനക്കാരില്‍ എത്തിക്കാനുള്ള പരിശീലനം, ജലവിഭവ വിവരസാങ്കേതിക വിനിമയ സംവിധാനം ദേശീയ ഹൈഡ്രോളജി പ്രോജക്ട് -IIIയുടെ  സഹായത്തോടെ രൂപപ്പെടുത്തുക.  വിവിധ വകുപ്പുകള്‍, ഏജന്‍സികളുടെ കൈവശമുള്ള നീർത്തട മാപ്പുകള്‍ ഏകോപിപ്പിച്ച് ഓരോ നീർത്തടത്തിലും നടത്തേണ്ട പ്രവർത്തനങ്ങള്‍ മുന്‍ഗണനാക്രമത്തില്‍ രൂപപ്പെടുത്തുക.  വന്‍കിട ജലസേചന പദ്ധതികളില്‍ നിന്നുള്ള ജലവിതരണ കനാലുകളിലെ ജലനഷ്ടം കുറച്ച് സമീപത്തെ കുളങ്ങളുമായി ബന്ധിപ്പിച്ച് വേനല്‍ക്കാലത്ത് കുളങ്ങളിലെ ജലലഭ്യത ഉറപ്പാക്കുക.  കനാല്‍ജലം കെട്ടി നിന്നുണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കി പ്രസ്തുത ജലം ഉപകാരപ്രദമായി വിനിയോഗിക്കുക.

 

ശുചിത്വ  മാലിന്യ സംസ്കരണം

വൃത്തിയും വെടിപ്പുമുള്ള ഹരിതാഭമായ കേരളം ഉത്തരവാദിത്വബോധമുള്ള ജനതയുടെ പങ്കാളിത്തത്തോടെ സൃഷ്ടിക്കുകയാണ് മാലിന്യസംസ്കരണ കർമപദ്ധതിയുടെ ലക്ഷ്യം.

ജനപങ്കാളിത്തത്തോടെയുള്ള പരിസ്ഥിതി സൗഹൃദപരവും സുസ്ഥിരവുമായ ശുചിത്വ മാലിന്യസംസ്കരണ പ്രവർത്തനങ്ങളിലൂടെ സംസ്ഥാനത്തെ മാലിന്യമുക്തമാക്കാനും ലോകത്തിനു പഠനവിധേയമായ മാതൃക സൃഷ്ടിക്കാനും ശുചിത്വ മാലിന്യസംസ്കരണ പദ്ധതി ലക്ഷ്യമിടുന്നു.  ഇന്ന് കേരള സമൂഹം അവലംബിക്കുന്ന മാലിന്യസംസ്കരണ രീതി പരിസ്ഥിതി സൗഹൃദപരമായില്ലെങ്കില്‍ വലിയ പ്രകൃതി ദുരന്തത്തിനുതന്നെ സാക്ഷിയാകേണ്ടിവരും എന്നതിന്‍റെ പശ്ചാത്തലത്തിലാണ് ഈ കർമ്മ പരിപാടിക്ക് രൂപം നല്‍കിയിരിക്കുന്നത്.

ശുചിത്വ മാലിന്യസംസ്കരണ കർമപരിപാടിയുടെ ബഹുമുഖ വികസന തന്ത്രങ്ങളില്‍ ദീർഘകാല, ഇടക്കാല, അടിയന്തിര ദൗത്യങ്ങള്‍ ഉള്‍ക്കൊള്ളുന്നു.  ദീർഘകാല ആസൂത്രണ കാഴചപ്പാടെന്ന നിലയില്‍ മാലിന്യസംസ്കരണത്തിന് ഒരു വിഭവ പരിപാലനനയം അത് വിഭാവനം ചെയ്യുന്നു.  സമ്പൂർണ്ണ മാലിന്യമുക്തി (zero waste), പുറന്തള്ളപ്പെടുന്ന മാലിന്യത്തിന്‍റെ അളവ് ചുരുക്കല്‍ (waste minimize reduce), പുനരുപയോഗം, പുനഃചംക്രമണം (recycling), തിരിച്ചെടുക്കല്‍ (recovery) എന്നീ ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണത്.  മാലിന്യമുക്ത കേരളത്തിന് സമഗ്രമായ വികസന തന്ത്രങ്ങളും പ്രവർത്തന ലക്ഷ്യങ്ങളും നിശ്ചയിച്ച് അടുത്ത നാലു വർഷക്കാലത്തേക്കുള്ള ഇടക്കാല നയവും ഓരോ വർഷവും സ്വീകരിക്കേണ്ട പ്രവർത്തനങ്ങള്‍ ചിട്ടപ്പെടുത്തി അടിയന്തിര കർമ്മപരിപാടിയും ആവിഷ്കരിച്ച് നടപ്പാക്കുക.

ശുചിത്വ മാലിന്യസംസ്കരണ കർമപരിപാടിയുടെ ലക്ഷ്യപ്രാപ്തിക്ക് ജനപങ്കാളിത്തവും സാധാരണ ജനങ്ങളുടെ ശീലങ്ങളിലും ജീവിതശൈലിയിലുള്ള മാറ്റവും നിർണായകവുമാണ്.  അതിനാല്‍ തീവ്രവും തുടർച്ചയായുള്ളതുമായ കാമ്പയിന്‍ ആവശ്യമാണ്.  ജൈവ, അജൈവ മാലിന്യങ്ങളുടെ ശേഖരണം, സംഭരണം, സംസ്കരണം എന്നിവയ്ക്കാവശ്യമായ ഭൌതിക സംവിധാനങ്ങള്‍ ഒരുക്കും.  പുതിയ അറിവും സാങ്കേതികവിദ്യയും അനുദിനം പ്രയോഗത്തില്‍ വന്നുകൊണ്ടിരിക്കുന്ന മേഖലയായതിനാല്‍ ശുചിത്വ മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട എല്ലാ സർക്കാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും മനുഷ്യവിഭവശേഷിയും സാങ്കേതിക വൈദഗ്ദ്ധ്യവും വർദ്ധിപ്പിക്കുന്നതിന് പ്രധാന പരിഗണന നല്‍കും.  സുസ്ഥിരതയും തുടർച്ചയും ഉറപ്പുവരുത്തുന്നതിന് നൂതന സംരംഭങ്ങളെയും സംരംഭകരെയും കണ്ടെത്തി പ്രോത്സാഹിപ്പിക്കും.

ജൈവ മാലിന്യ സംസ്കരണത്തിന് ഗാർഹിക, സ്ഥാപന തലങ്ങളില്‍ ഉറവിട മാലിന്യ സംസ്കരണത്തിന് പ്രഥമ പരിഗണന നല്‍കും.  പൊതുസ്ഥലങ്ങളില്‍ നിന്നും മറ്റും ശേഖരിക്കുന്ന ജൈവമാലിന്യം ചെറിയ വികേന്ദ്രീകൃത മാലിന്യസംസ്കരണ സംവിധാനങ്ങള്‍ സ്ഥാപിച്ച് സംസ്കരിക്കും.  പരമ്പരാഗത മാർഗങ്ങള്‍ പ്രായോഗികമല്ലാതെവരുന്ന പ്രത്യേക പരിതസ്ഥിതികളില്‍ നൂതന സാങ്കേതിക വിദ്യയുടെ പ്രയോഗം ആരായും.  മാലിന്യ സംസ്കരണത്തിലൂടെ ഉത്പാദിപ്പിക്കുന്ന ജൈവവളത്തിന് കൃഷിവകുപ്പുമായി ചേർന്ന് വിപണന സംവിധാനം രൂപപ്പെടുത്തും.

അജൈവ മാലിന്യത്തിന്‍റെ തോത് ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കി കുറയ്ക്കും.  പുനരുപയോഗ പുനചംക്രമണ സാധ്യതകള്‍ പ്രോത്സാഹിപ്പിക്കും.  പുനഃചംക്രമണ സാധ്യതയുള്ള പേപ്പർ, ഗ്ലാസ്സ്, മെറ്റല്‍, ഇ-വേസ്റ്റ്, തുടങ്ങിയവ പരമാവധി ചംക്രമണം ചെയ്യും.  വാർഡ് അടിസ്ഥാനത്തില്‍ വീടുകളില്‍നിന്നും ശേഖരിക്കുന്ന അജൈവമാലിന്യം സംഭരിക്കുന്നതിന് മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി, വ്യവസായ വകുപ്പുമായി ചേർന്ന് റീസൈക്ലിംഗ് പാർക്കുകള്‍ ആരംഭിക്കും.  സാനിട്ടറി വെയ്സ്റ്റിന് ആശുപത്രി മാലിന്യം സംസ്കരിക്കുന്ന രീതി സ്വീകരിക്കും.

ആശുപത്രികള്‍, ഹോട്ടലുകള്‍, റസ്റ്റോറന്‍റുകള്‍, അതിഥി മന്ദിരങ്ങള്‍, കച്ചവട സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍, വിനോദസഞ്ചാര തീർത്ഥാടന കേന്ദ്രങ്ങള്‍, പൊതു ഓഫീസുകള്‍ എന്നിവിടങ്ങളിലെ മാലിന്യ സംസ്കരണത്തിന് പ്രത്യേക പരിഗണന.

ദ്രവമാലിന്യം സാധ്യമായ സാഹചര്യത്തില്‍ അതത് സ്ഥലത്തുതന്നെ ശുദ്ധീകരിക്കും.  മറ്റ് സ്ഥലങ്ങളില്‍ സീവറേജ് -സെപ്റ്റേജ് ട്രീറ്റ്മെന്‍റ് സംവിധാനങ്ങള്‍ ഏർപ്പെടുത്തും.

നിർവ്വഹണം
കാമ്പയിന്‍ നിർവഹണത്തിന്‍റെ ആത്യന്തിക ഉത്തരവാദിത്വം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിക്ഷിപ്തമായിരിക്കും.  തദ്ദേശ സ്വയംഭരണവാർഡ് ആയിരിക്കും നിർവ്വഹണത്തിലെ അടിസ്ഥാന യൂണിറ്റ്.  വാർഡ് തലത്തില്‍ സന്നദ്ധ സേവനത്തിന് തയ്യാറുള്ള വ്യത്യസ്ഥ മേഖലകളില്‍ നിന്നുള്ള വ്യക്തികളെയും സംഘടനകളെയും വാർഡ് തല സാനിട്ടേഷന്‍ സമിതിയില്‍ ഉള്‍പ്പെടുത്തും.  കുടുംബശ്രീ സംഘടനാ സംവിധാനത്തെ കാമ്പയിന്‍ പ്രവർത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ഫലപ്രദമായി പ്രയോജനപ്പെടുത്തും.

പരിപാടികളുടെ ലക്ഷ്യം കൈവരിക്കുന്നതിന് ശേഷീവർദ്ധനയും പരിശീലനവും പ്രധാനമാണ്.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവർത്തകർ, വിദഗ്ദ്ധർ, കർമപരിപാടിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, എഞ്ചിനീയർ മാരുള്‍പ്പെട്ട സാങ്കേതിക വിദഗ്ദ്ധർ, വീടുകളില്‍ സ്ഥാപിക്കുന്ന ശുചിത്വസംവിധാനങ്ങളുടെ സർവ്വീസിംഗിന് നിയോഗിക്കപ്പെടുന്ന, സംരഭകത്വ രീതിയില്‍ പ്രവർത്തിക്കുന്ന അടിസ്ഥാനതല സാങ്കേതിക വിദഗ്ദ്ധർ (barefoot technicians ), സേവന ദാതാക്കള്‍, സന്നദ്ധ സംഘടനകള്‍, സർക്കാറിതര സംഘടനകള്‍, ജനകീയ കൂട്ടായ്മകള്‍ എന്നിവർക്ക് ശേഷി വർദ്ധിപ്പിക്കുന്നതിന് പരിപാടികള്‍ സംഘടിപ്പിക്കും.

കാമ്പയിന്‍ നിർവ്വഹണത്തിനും വിവിധ പരിശീലനങ്ങള്‍ നടത്തുന്നതിനും സംസ്ഥാന ജില്ലാതലങ്ങളില്‍ റിസോഴ്സ് പേഴ്സണ്‍മാരെ കണ്ടെത്തി നിയോഗിക്കും.  സംസ്ഥാന ജില്ലാതലങ്ങളില്‍ രൂപീകരിക്കുന്ന ഫാക്കല്‍ട്ടി ഗ്രൂപ്പുകള്‍ക്ക് സംസ്ഥാന ശുചിത്വമിഷന്‍ പരിശീലനം നല്‍കും.  ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലും രൂപീകരിക്കുന്ന റിസോഴ്സ് മാനേജ്മെന്‍റ് സെല്ലിന്‍‍റെ ഭാഗമായി ഇവർ പ്രവർത്തിക്കും.  കാമ്പയിന്‍ ഫലപ്രദമായി ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതിന് വിശദമായ മാർഗനിർദ്ദേശങ്ങളും കൈപ്പുസ്തകങ്ങളും സംസ്ഥാന മിഷന്‍ തയ്യാറാക്കി നല്‍കും

ആര്‍ദ്രം

ആരോഗ്യരംഗത്ത് രാജ്യത്തെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മുന്നോട്ടു പോകാന്‍ കേരളത്തിന് സാധിച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും അധികാരത്തില്‍ വന്ന സര്‍ക്കാരുകളുടെ തുടര്‍ പ്രവര്‍ത്തനങ്ങളാണ് ഈ നേട്ടത്തിലെത്താന്‍ നമ്മെ പ്രധാനമായും സഹായിച്ചത്. പക്ഷെ ഈ നേട്ടങ്ങളെ സുസ്ഥിരമായി നിലനിറുത്തുന്നതില്‍ നമ്മള്‍ പരാജയപ്പെട്ടു. പൊതുമേഖലയിലെങ്കിലും കാര്യമായ നിക്ഷേപങ്ങള്‍ ഉണ്ടാവാതിരുന്നതും ദീര്‍ഘവീക്ഷണമുള്ള പദ്ധതികളുടെ അഭാവവുമാണ് ഈ ദുരവസ്ഥയ്ക്ക് പ്രധാന കാരണങ്ങള്‍. ഇതിന്റെ ഫലമായി പുതിയ തരം പകര്‍ച്ചവ്യാധികള്‍ ഉടലെടുക്കുകയും ഹൃദ്രോഗം, കാന്‍സര്‍ തുടങ്ങിയ മാരകരോഗങ്ങള്‍ സാധാരണമാവുകയും ചെയ്തു. ജീവിതരീതി രോഗങ്ങളുടെ വര്‍ദ്ധനയും സംസ്ഥാനത്തിന്റെ ആരോഗ്യത്തിന് വലിയ ഭീഷണിയായി നിലനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ ജനങ്ങളില്‍ ശ്രദ്ധയൂന്നുന്നതും പ്രാഥമിക ആരോഗ്യത്തിന് മുന്‍ഗണന നല്‍കുന്നതുമായ ഒരു നയം നടപ്പിലാക്കേണ്ടത് അനിവാര്യമായിരിക്കുന്നു.

ഇതോടൊപ്പം സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന ചികിത്സ ചിലവുകളും ഭീഷണി ഉയര്‍ത്തുന്നുണ്ട്. സ്വകാര്യമേഖലയിലെ ചികിത്സ ചിലവുകള്‍ താങ്ങാന്‍ ഇടത്തരക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും സാധിക്കാതെ വരുന്നു. നിലവില്‍ 34% പേര്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ ആരോഗ്യസംവിധാനങ്ങളെ ആശ്രയിക്കാന്‍ സാധിക്കുന്നത്. രോഗാവസ്ഥയിലുള്ളവരുടെ എണ്ണം പെരുകുകയും താങ്ങാനാവുന്ന ചികിത്സയുടെ ലഭ്യത കുറയുകയും ചെയ്യുന്നത് സംസ്ഥാനത്തിന്റെ ഭാവിയെ തന്നെ പ്രതികൂലമായി ബാധിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ആര്‍ദ്രം മിഷന് സര്‍ക്കാര്‍ രൂപം കൊടുത്തിരിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സയുടെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുകയും രോഗികള്‍ക്ക് സൗഹാര്‍ദപരമായ ഒരു അന്തഃരീക്ഷം പ്രദാനം ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ ദൗത്യം.

ലക്ഷ്യങ്ങള്‍
ആരോഗ്യരംഗത്ത് നിലവിലുള്ള കാഴ്ചപ്പാടുകള്‍ മാറ്റിമറിക്കുകയും അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യുന്നതിനോടൊപ്പം പുതിയ ചില ആശയങ്ങള്‍ അവതരിപ്പിക്കാനും ആര്‍ദ്രം മിഷന്‍ ലക്ഷ്യമിടുന്നു. കിടത്തി ചികിത്സ ആവശ്യമില്ലാത്ത രോഗികള്‍ക്ക് കൂടുതല്‍ സൗഹാര്‍ദപരമായ അന്തഃരീക്ഷം സൃഷ്ടിക്കുകയാണ് ഇതില്‍ പ്രധാനം. ദൈനംദിനം ആശുപത്രി സന്ദര്‍ശിക്കേണ്ടിവരുന്ന രോഗികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ക്കാവും മുന്‍ഗണന. അതോടൊപ്പം തന്നെ ആരോഗ്യരംഗത്തെ മറ്റ് സ്ഥാപനങ്ങളുമായി ചേര്‍ന്ന് ഗുണനിലവാരമുള്ള സേവനങ്ങള്‍ പ്രദാനം ചെയ്യുന്നതിനുള്ള ശ്രമങ്ങളും നടത്തും. ജില്ല, താലൂക്ക് ആശുപത്രികളില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സംവിധാനങ്ങള്‍ ഒരുക്കും. പ്രാഥമിക ചികിത്സ കേന്ദ്രങ്ങളെ കുടുംബ ചികിത്സ കേന്ദ്രങ്ങളാക്കി മാറ്റുക എന്നതാണ് മറ്റൊരു സുപ്രധാന ലക്ഷ്യം. ഇതുവഴി ഗ്രാമീണ മേഖലയിലെ ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കും. പ്രാദേശിക സമൂഹങ്ങളുടെ പങ്കാളിത്തത്തോടെ പ്രതിരോധത്തിനും പുരനധിവാസത്തിനും ഊന്നല്‍ നല്‍ക്കുന്ന ഒരു നവീനരീതി നടപ്പിലാക്കാനാണ് ഇവിടെ ശ്രമിക്കുന്നത്. എന്‍എച്ച്ആര്‍എം തുടങ്ങിയ ആരോഗ്യപദ്ധതികളുടെ മാര്‍ഗ്ഗരേഖകള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്നും ഓരോ രോഗിയുടെ പ്രശ്‌നവും കൃത്യമായി പിന്തുടരുന്നുണ്ടെന്നും ഉന്നത ഗുണനിലവാരമുള്ള സേവനങ്ങളാണ് രോഗികള്‍ക്ക് ലഭിക്കുന്നതെന്നും ഉറപ്പാക്കുന്നതിനുള്ള ശക്തമായ അവലോകന സംവിധാനം നടപ്പില്‍ വരുത്തും.

ദൗത്യം
കിടത്തി ചികിത്സ ആവശ്യമില്ലാത്ത രോഗികള്‍ക്ക് ആശുപത്രി സന്ദര്‍ശന സമയങ്ങളില്‍ പരമാവധി അനായാസമായ രീതിയില്‍ സേവനങ്ങള്‍ ലഭ്യമാക്കുക എന്നതാണ് ആര്‍ദ്രം മിഷന്റെ പ്രഥമ ദൗത്യം. രോഗനിര്‍ണയം സമയം വെബ് വഴി തീരുമാനിക്കാനുള്ള സംവിധാനം, രോഗികള്‍ക്കായുള്ള രജിസ്‌ട്രേഷന്‍ കേന്ദ്രങ്ങള്‍, ഓരോ വിദഗ്ധന്റെയും മുറിക്ക് മുന്നില്‍ ഇലക്ട്രോണിക് ബോര്‍ഡുകള്‍, രോഗികള്‍ക്ക് തങ്ങളുടെ ഊഴം വരുന്നതുവരെ കാത്തിരിക്കാനുള്ള സംവിധാനം, കാത്തിരിപ്പു മേഖലയില്‍ അടിസ്ഥാനസൗകര്യങ്ങള്‍, സ്ഥലം കൃത്യമായി നിര്‍ണിയിക്കുന്നതിനുള്ള മാപ്പുകളും ചിഹ്നങ്ങളും, സ്വകാര്യത ഉറപ്പാക്കുന്നതിനായി പരിശോധന നടക്കുന്ന സ്ഥലത്തിനും പരിശോധന മേശയ്ക്കും കര്‍ട്ടന്‍ മറകള്‍, ഓരോ രോഗങ്ങളുടെയും ചികിത്സാഘട്ടങ്ങള്‍ കൃത്യമായി പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡുകള്‍ തുടങ്ങിയവയെല്ലാം ഈ തന്ത്രത്തിന്റെ ഭാഗമായി വരും. മൂന്നു വര്‍ഷം കൊണ്ട് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഈ സംവിധാനങ്ങള്‍ സ്ഥാപിക്കുകയാണ് ലക്ഷ്യം.

ആശുപത്രികളിലെ സേവന നിലവാരം മെച്ചപ്പെടുന്നതിനായി ആശുപത്രി ഭരണസമിതികള്‍, വികസനസമിതികള്‍ എന്നിവയുടെ പ്രതിനിധികള്‍, ജീവനക്കാര്‍ എന്നിവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കമ്മിറ്റികള്‍ക്ക് രൂപം നല്‍കും. ആശുപത്രിയിലെ എല്ലാ മേഖലകളുടെയും പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ ഉദ്ദേശിച്ചുകൊണ്ട് സ്വോട്ട് (SWOT-ശക്തി, ദൗര്‍ബല്യം, അവസരങ്ങള്‍, ഭീഷണി) വിശകലനങ്ങള്‍ ഏര്‍പ്പെടുത്തും. പദ്ധതികളെ മൂന്ന് ഘട്ടങ്ങളായാണ് തിരിച്ചിരിക്കുന്നത്. ആറു മാസം കൊണ്ട് തീര്‍ക്കാവുന്നവ, ഒരു വര്‍ഷം കൊണ്ട് തീര്‍ക്കാവുന്നവ, ഒരു വര്‍ഷത്തിന് മുകളില്‍ സമയമെടുക്കുന്നവ എന്നിങ്ങനെ തരംതിരിച്ച് ഒരോ പ്രവര്‍ത്തനങ്ങളും കൃത്യമായി അവലോകനം ചെയ്യും.

നിര്‍വ്വഹണം
ആരോഗ്യവകുപ്പാണ് ആര്‍ദ്രം മിഷന്റെ നിര്‍വഹണ ഏജന്‍സി. എന്നാല്‍ സംസ്ഥാന, ജില്ല തലങ്ങളില്‍ വകുപ്പിന് ആവശ്യമായ പിന്തുണ സംവിധാനങ്ങള്‍ വികസിപ്പിക്കും. ആവശ്യമായ സമയങ്ങളില്‍ വ്യക്തഗതവും സ്ഥാപനപരവുമായ സഹകരണങ്ങള്‍ സ്വകാര്യമേഖലയില്‍ നിന്നും തേടും. ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ സാങ്കേതിക വിദഗ്ധര്‍, വിദേശത്തും സ്വദേശത്തുമുള്ള ഈ മേഖലയിലെ വിദഗ്ധര്‍ എന്നിവരുടെ സേവനങ്ങള്‍ ലഭ്യമാക്കും. പദ്ധതിയുടെ നടത്തിപ്പിന് ദേശീയ ആരോഗ്യ മിഷന്‍, പ്രദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സജീവ സഹകരണം ഉറപ്പാക്കും. ആശുപത്രി ഭരണസമിതി, ശുചിത്വ കമ്മിറ്റി തുടങ്ങിയവയില്‍ പൊതുജനപങ്കാളിത്തവും ഉറപ്പാക്കും. സംസ്ഥാന, ജില്ല തലങ്ങളില്‍ ഏകോപന സമിതികള്‍ രൂപീകരിക്കും.

അവലോകനം
ഓരോ ദൗത്യവും കൃത്യമായി പൂര്‍ത്തീകരിച്ചു എന്ന് ഉറപ്പാക്കുന്നതിനായി സൂചികകള്‍ നിര്‍ണയിക്കും. അടിസ്ഥാനതല ആരോഗ്യ സൂചികകളും ആപത്ഘടകങ്ങളും വിലയിരുത്തുന്നതിനായി സാംക്രമികരോഗ സര്‍വേകള്‍ നടത്തും. ഫലസൂചികകള്‍ വിലയിരുത്തിയതിന് ശേഷമുള്ള ഓരോ അഞ്ചു വര്‍ഷത്തിലും ഈ സര്‍വേകള്‍ ആവര്‍ത്തിക്കും. പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടത്തുന്ന സാമൂഹിക ഓഡിറ്റിലൂടെ ഈ സൂചികകളുടെ ഫലങ്ങള്‍ അവലോകനം ചെയ്യും

ദൌത്യസേന

സംസ്ഥാനതല മിഷന്‍

അധ്യക്ഷന്‍

:       മുഖ്യമന്ത്രി

സഹ അധ്യക്ഷന്‍          :       ആരോഗ്യ വകുപ്പുമന്ത്രി

ഉപ അധ്യ
">ക്ഷന്‍മാർ       :       ധനകാര്യ വകുപ്പുമന്ത്രി, തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി, പൊതുവിതരണ വകുപ്പുമന്ത്രി

പ്രത്യേക ക്ഷണിതാവ്     :       പ്രതി

XXപക്ഷ നേതാവ്

മിഷന്‍ അംഗങ്ങള്‍        :       ചീഫ് സെക്രട്ടറി ആസൂത്രണബോർഡ് ഉപാധ്യക്ഷന്‍  നാമനിർദ്ദേശം ചെയ്യുന്ന ആസൂത്രണബോർഡിലെ ഒരംഗം.                                            ആരോഗ്യവകുപ്പ് അഡീഷണല് ചീഫ്  സെക്രട്ടറി, തദ്ദേശ ഭരണ വകുപ്പ്  പ്രിന്‍സിപ്പല്‍ സെക്രട്ടറി, ധനവകുപ്പ്                                           അഡീഷണല് ചീഫ് സെക്രട്ടറി,  കുടുംബശ്രീ  ഡയറക്ടർ, ആസുത്രണവകുപ്പ്  അഡീഷണല്‍ ചീഫ് സെക്രട്ടറി,                                           ഐ.ടി.വകുപ്പ് സെക്രട്ടറി, സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി

ജില്ലാതല മിഷന്‍ അധ്യക്ഷന്‍

അധ്യക്ഷന്‍                  :       ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് & ജില്ലാ ആസൂത്രണസമിതി ചെയർമാന്‍

അംഗങ്ങള്‍                 :       ജില്ലയില്‍ നിന്നുള്ള ലോക്സഭാ അംഗങ്ങള്‍,  എംഎല്‍എ മാര്‍, മേയര്‍, മുനിസിപ്പല്‍ ചെയര്‍മാന്മാര്‍, ഒരു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, രണ്ട്  പഞ്ചായത്ത് പ്രസിഡന്റുമാര്‍ (പഞ്ചായത്ത്  പ്രസിഡന്റുമാരുടെ ജില്ലാ അസോസിയേഷന്റെ പ്രസിഡന്‍റും സെക്രട്ടറിയും).

സെക്രട്ടറി                   :       ജില്ലാ കലക്ടർ & ജില്ലാ ആസൂത്രണസമിതി സെക്രട്ടറി

 

ജീവനം

എല്ലാ ഭൂരഹിത-ഭവനരഹിത കുടുംബങ്ങള്‍ക്കും അഞ്ച് വര്‍ഷം കൊണ്ട് വീടുകള്‍ നിര്‍മിച്ചു നല്‍കും. അതൊടൊപ്പം തൊഴില്‍ ചെയ്ത് ഉപജീവനം കഴിക്കാനുള്ള സംവിധാനം ഉറപ്പാക്കും. സേവന-ക്ഷേമ പദ്ധതികളുടെ പ്രയോജനം ലഭ്യമാക്കും.നാലു വിധത്തിലുള്ള ഗുണഭോക്താക്കള്‍ ആണുള്ളത്:

1. ഭൂമിയുള്ള ഭവനരഹിതര്‍.

2. സര്‍ക്കാര്‍ സഹായം അപര്യാപ്തമാകയാല്‍ വീടുപണി പൂര്‍ത്തിയാക്കാത്തവര്‍. സര്‍ക്കാര്‍ പദ്ധതി പ്രകാരം കിട്ടിയ വീടുകള്‍ വാസയോഗ്യമല്ലാതായി എന്ന നിലയിലുള്ളവര്‍.

3. പുറമ്പോക്കിലോ തീരത്തോ തോട്ടം മേഖലയിലോ താല്‍ക്കാലിക വീടുള്ളവര്‍.

4. ഭൂമിയും ഭവനവും ഇല്ലാത്തവര്‍. ആദ്യ രണ്ടു കൂട്ടര്‍ക്കും ആവശ്യമായ തുക പിഡബ്ല്യുഡി ഷെഡ്യൂള്‍    അടിസ്ഥാനപ്പെടുത്തി ലഭ്യമാക്കും.

നിര്‍മാണ സാമഗ്രികളുടെ ലഭ്യത ബ്ലോക്ക് തലത്തിലുറപ്പാക്കും. ഇതിനായി എഞ്ചിനീയറിങ് കോളേജുകളുടെ മേല്‍നോട്ടസംവിധാനം ഒരുക്കും. നിര്‍മാണ പുരോഗതി ജനങ്ങളെ അറിയിക്കാന്‍ ഐറ്റി അധിഷ്ഠിത മോണിറ്ററിങ് സംവിധാനം. മൂന്നൂം നാലും വിഭാഗക്കാര്‍ക്ക് പാര്‍പ്പിട സമുച്ചയങ്ങള്‍. അവിടങ്ങളില്‍ എല്ലാ സര്‍ക്കാര്‍ സേവനങ്ങളും ലഭ്യമാക്കും. ഉദാ: അങ്കണവാടി, സ്കൂള്‍ വിദ്യാഭ്യാസം ഉറപ്പാക്കല്‍, പഠനത്തില്‍ പിന്നിലായവര്‍ക്ക് സ്പെഷ്യല്‍ കോച്ചിങ്, ഇംഗ്ലീഷ്, ഐറ്റി പഠനത്തിനു പ്രത്യേക ഊന്നല്‍, കൗമാരക്കാര്‍ക്ക് കൗണ്‍സ്‌ലിങ്, സ്കില്‍ ട്രെയിനിങ്, ഉന്നത വിദ്യാഭ്യാസ പരിശീലനം, ആരോഗ്യ പരിരക്ഷ, വിവാഹ സഹായം. വയോജന പരിപാലനം. പാലിയേറ്റീവ് കെയര്‍ തുടങ്ങിയവ. പദ്ധതിയിലൂടെ നിര്‍മിക്കുന്ന വീടുകള്‍ വാടകയ്ക്കു നല്‍കാനോ കൈമാറാനോ അനുവാദമുണ്ടാകില്ല. എന്നാല്‍ പ്രതിമാസം നിശ്ചിത തുക മുടക്കം കൂടാതെ നല്‍കി 15-20 വര്‍ഷങ്ങള്‍ക്കുശേഷം ഇതു സ്വന്തമാക്കാം.

പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന-ജില്ലാ-പഞ്ചായത്തു തലങ്ങളില്‍ ത്രിതല സംവിധാനം ഒരുക്കും.

ലക്ഷ്യം

വരുന്ന അഞ്ച് വര്‍ഷത്തിനുളളിൽ കേരളത്തിലെ എല്ലാ ഭൂരഹിതരായ ഭവന രഹിതര്‍ക്കും സ്വന്തമായി തൊഴിൽ ചെയ്ത് ഉപജീവനം നിർവഹിക്കുന്നതിനും സാമൂഹിക പ്രക്രിയകളിൽ മാന്യമായി ഭാഗഭാക്കാകാനും സാമ്പകത്തിക സേവനങ്ങൾ ഉൾപ്പടെ എല്ലാ സാമൂഹിക ക്ഷേമ പദ്ധതികളുടെയും പ്രയോജനം ക്രേന്ദ്രീകരിക്കാനും ഉതകുന്ന സുരക്ഷിതവും മാന്യവുമായ വീടുകൾ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് സമ്പൂർണ്ണ  പാർപ്പിട സുരക്ഷ പദ്ധതി നടപ്പിലാക്കുക

സമ്പൂർണ്ണ  പാർപ്പിട സുരക്ഷ പദ്ധതി നടപ്പിലാക്കുന്നതിന്.മെച്ചപ്പെട്ട ഭവനത്തോടൊപ്പം തന്നെ ഉപജീവനമാർഗ്ഗം ശക്തിപ്പെടുത്തുവാൻ ഉതകുന്ന സംവിധാനങ്ങൾ  കുട്ടികളുടെ പഠനത്തിനും  പ്രത്യേക പരിശീലനങ്ങൾക്കും സൗകര്യം,  സ്വയം തൊഴിൽ പരിശീലനം, വയോജന പരിപാലനം, സ്വാന്തന ചികിത്സ, സമ്പാദ്യവും വായ്പ സൗകര്യങ്ങളും ലഭ്യമാക്കുന്നതിനുളള സംവിധാനം തുടങ്ങി ജീവിതവും ജീവിതനിലവാരവും മെച്ചപ്പെടുത്താൻ ഉതകുന്ന സഹായങ്ങളും സേവനങ്ങളും കൂട്ടിയിണക്കിക്കൊണ്ടാണ് പാർപ്പിട സൗകര്യം ലഭ്യമാക്കുക.

മിഷനെപ്പറ്റി

സംസ്ഥാന ആസൂത്രണ ബോർഡിന്‍റെ കണക്കുകൾപ്രകാരം നമ്മുടെ സംസ്ഥാനത്ത് 4.32 ലക്ഷം കുടുംബങ്ങളാണ് ഭവന രഹിതർ. ഇതി ൽ 1.58 ലക്ഷം ഭൂമിയില്ലാത്ത ഭവനരഹിതരുവുമാണ്.  ലൈഫ് പ്രോജക്ടിന്‍റെ ഗുണഭോക്തങ്ങളായി വരുന്നത് ഈ  ഭൂമിയില്ലാത്ത ഭവന രഹിതരാണ്.    ഇവരിൽ 50 ശതമാനത്തോളം  5 കോർപ്പറേഷനുകൾ,  16 മുനിസിപ്പാലിറ്റികൾ , 43 ഗ്രാമപഞ്ചായത്തുകൾ  എന്നിവിടങ്ങളിലായി കേന്ദ്രീകരിച്ചിരിക്കുന്നതുകൂടാതെ 264 ഗ്രാമപഞ്ചായത്തുകളിലും    5 മുനിസിപ്പാലിറ്റികളിലും 100 നും 250 നും മിടയിൽ ഭവന രഹിതരുണ്ട്.  191 ഗ്രാമപഞ്ചായത്തുകളിലും    1  മുനിസിപ്പാലിറ്റിയിലും 100-ൽ താഴെയാണ് ഭവന രഹിതരുടെ എണ്ണം.   ഇതനുസരിച്ച് 87000 ഭവനങ്ങൾ നൽകാനായാൽ സംസ്ഥാനത്തെ 533 ഗ്രാമപഞ്ചായത്തുകളെയും 7 മുനിസിപ്പാലിറ്റികളെയും ഭവനരഹിതരില്ലാത്ത പ്രദേശങ്ങളായി മാറ്റാം.ആകെ ഭവന രഹിതരിൽ 10.4 ശതമാനത്തിന് തങ്ങളുടെ ഭവനങ്ങൾ പണിതീർത്തെടുക്കാൻ സാധിക്കാത്തവരും അധിക ഫണ്ട് ആവശ്യമുളളവരുമാണ്.  ഭൂരിഭാഗം  ഭവന രഹിതരും (92 ശതമാനം) നിലവിലുളള ഭവന നിർമ്മാണ സഹായ പദ്ധതികളിൽ ലഭ്യമാകുന്ന സഹായ ധനം പര്യാപ്തമല്ല എന്ന് അഭിപ്രായപ്പെട്ടവരാണ്

ഉപജീവന മാര്‍ഗങ്ങള്‍ക്ക് ഉതകുന്ന രീതിയിൽ    മാര്‍ഗങ്ങള്‍ക്ക് ഉതകുന്ന രീതിയില്‍ മറ്റ് സാമൂഹിക സേവനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുമിക്കുന്ന, സമൂഹത്തില്‍ അന്തസ്സുള്ള ഒരു ഭവനം ലഭ്യമായാല്‍ അവയുടെ പരിപാലനത്തിനും കാത്ത് സൂക്ഷിപ്പിനും വേണ്ടി ന്യായമായ ഒരു തുക മാസംതോറും മാറ്റി വയ്ക്കാന്‍ മടിയുണ്ടാകില്ല എന്നാണ് സൂചിപ്പിക്കുന്നത്.

വളരെ കഷ്ടപ്പെട്ടാണെങ്കിലും ഒരു ഭവനം സ്വന്തമാക്കിയവര്‍ പോലും, ജീവിതത്തിലെ അടിയന്തിര ഘട്ടങ്ങളിൽ അവ പണയപ്പെടുത്തുന്നതിനോ വില്‍ക്കുന്നതിനോ പോലും തയ്യാറാകുന്ന നിസ്സഹായവസ്ഥ നിലനില്‍ക്കുന്നു. ആരോഗ്യപ്രശ്നങ്ങള്‍, കുട്ടികളുടെ പഠനം, ജോലി, വിവാഹം തുടങ്ങിയ സന്ദര്‍ഭങ്ങളിലാണ് പലപ്പോഴും ഇതുണ്ടാകുന്നത്. അപ്രാപ്യമായ സ്ഥലങ്ങളില്‍ ഒറ്റയ്ക്കൊറ്റയ്ക്ക് നല്‍കിയിട്ടുള്ള പാര്‍പ്പിടങ്ങളിൽ ആരോഗ്യ പരിപാലനത്തിന്, സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന്, ജീവിത സൗകര്യങ്ങള്‍ കരുപ്പിടിപ്പിക്കുന്നതിന് ഒക്കെയുള്ള സാഹചര്യമില്ലായ്മയാണ് പലപ്പോഴും ഭവനങ്ങൾ നഷ്ടപ്പെടാൻ കാരണമാകുന്നത്.

ഏറ്റവും കൂടുതല്‍ ഭൂരഹിത ഭവന രഹിതരുള്ള 64 തദ്ദേശ സ്വയംഭരണപ്രദേശങ്ങളില്‍ ആധുനിക സൗകര്യങ്ങളെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ട്, ജീവിതവും, ഉപജിവനവും, സാമൂഹിക സുരക്ഷയും ഒന്നിക്കുന്ന പാര്‍പ്പിട സമുച്ചയങ്ങൾ  നിര്‍മ്മിച്ച് സുരക്ഷിത ഭവനങ്ങൾ നല്‍കാനായാൽ ഈ രംഗത്തെ ഇന്ന് അനുഭവപ്പെടുന്ന മിക്ക പ്രശ്നങ്ങള്‍ക്കും പരിഹാരമാകും.

നിലവില്‍ കേന്ദ്രസര്‍ക്കാര്‍, സംസ്ഥാനസര്‍ക്കാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തങ്ങളുടെ പദ്ധതികളിൽ ഭവന നിര്‍മ്മാണത്തിന് വളരെയധികം തുക മാറ്റി വയ്ക്കുകയും ചെലവഴിയ്ക്കുകയും ചെയ്യുന്നുണ്ട്. സംസ്ഥാന പദ്ധതിയിലും കേന്ദ്രസര്‍ക്കാർ വിഹിതമായും ഭവനപദ്ധതികള്‍ക്ക് വകമാറ്റി വയ്ക്കുന്നുമുണ്ട്.

നിര്‍വ്വഹണം

വിവിധ വകുപ്പുകളിലായി ഇപ്പോള്‍ നടപ്പിലാക്കി ക്കൊണ്ടിരിക്കുന്ന വ്യത്യസ്ത ഭവനപദ്ധതികള്‍ സംയോജിപ്പിച്ച് സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷ പദ്ധതിക്ക് കീഴിൽ കൊണ്ടുവരും.

സമൂഹത്തിലെ ഏറ്റവും താഴേക്കിടയിലുള്ളവര്‍ക്കും വിധവകള്‍ക്കും അഗതികൾ ഉള്‍പ്പെടെയുള്ളവര്‍ക്കും മുന്‍ഗണന നല്‍കും.

സ്വന്തമായി വീടും സ്ഥലവുമില്ലാത്തവര്‍ക്കും ഫ്ലാറ്റുകളിൽ താമസിക്കുന്ന ഭവനരഹിത ഗുണഭോക്താക്കള്‍ക്കും സ്ഥലം ലഭ്യമാക്കി ഫ്ലാറ്റ് സമുച്ചയങ്ങൾ തയ്യാറാക്കും.

പട്ടികവര്‍ഗ്ഗ മേഖലകളിൽ അട്ടപ്പാടി മോഡലിൽ വിശ്വാസ്യതയുള്ള ഏജന്‍സികൾ മുഖാന്തിരം ഗുണഭോക്തൃ പങ്കാളിത്തത്തോടെ ഭവനനിര്‍മ്മാണം സാധ്യമാക്കും.

ഭൂരഹിത ഭവനരഹിത മത്സ്യത്തൊഴിലാളികള്‍ക്ക് ഫിഷറീസ് വകുപ്പ് മുഖേന, യൂണിറ്റ് കോസ്റ്റ് 10 ലക്ഷം രൂപയിൽ കവിയാതെ സ്ഥലം ലഭ്യമാക്കി വീട് നിര്‍മ്മിച്ചു നല്‍കുന്ന ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതിയും ഈ പദ്ധതിയിൽ ഉള്‍പ്പെടുത്തും.

കേന്ദ്രസര്‍ക്കാർ  സംസ്ഥാന സര്‍ക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയിലൂടെ ഭവന പദ്ധതികള്‍ക്കായി മാറ്റിവച്ചിട്ടുള്ള പണം ലൈഫ് പ്രോജക്ടിന്‍റെ നടത്തിപ്പിലേയ്ക്ക് പൂര്‍ത്തിയാക്കിയ പണികളുടെ സാക്ഷ്യപ്പെടുത്തലിലൂടെ വിതരണം ചെയ്യുന്നതിന് മാനദണ്ഡങ്ങള്‍ ഉണ്ടാക്കും.

കേരളത്തിലെ എഞ്ചിനീയറിംഗ് കോളേജുകളും പോളിടെക്നിക്കുകളും സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയിൽ തേര്‍ഡ് പാര്‍ട്ടി ടെക്നിക്കൽ ഏജന്‍സികളായിരിക്കും. ഇവയുടെ ഏകോപനത്തിനും നേതൃത്വം നല്‍കുന്നതിനുമായി എന്‍.ഐ.റ്റി. കോഴിക്കോടിനെയും, സി.ഇ.റ്റി തിരുവനന്തപുരത്തിനേയും മുഖ്യതേര്‍ഡ് പാര്‍ട്ടി ടെക്നിക്കൽ ഏജന്‍സികളായി നിയമിക്കും.

പണിപൂര്‍ത്തിയാക്കാതെ കിടക്കുന്ന ഭവനങ്ങളുടെ സാങ്കേതിക ഓഡിറ്റ് നടത്തുന്നതിനും അവയുടെ പൂര്‍ത്തീകരണത്തിനാവശ്യമായ തുകയെത്രയെന്ന് നിര്‍ണ്ണയിക്കുന്നതിനും ജില്ലാതലത്തിലും ബ്ലോക്ക് തലത്തിലും സംവിധാനമൊരുക്കും.

പണിപൂര്‍ത്തിയാകാതെ നിലവില്‍. ഭവന നിര്‍മ്മാണ സഹായം ലഭിച്ചിട്ടുള്ളവര്‍ക്ക് അര്‍ഹമായ സാമ്പത്തിക സഹായമുള്‍പ്പെടെ നല്‍കി പാര്‍പ്പിടങ്ങ‍‍‍‍‍‍‍‍‍‍‍‍‍‍ൾ പൂര്‍ത്തീകരിക്കുന്നതിന് സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയുടെ ആദ്യഘട്ടത്തിൽ മുന്‍ഗണന നല്‍കും.

പൂര്‍ത്തിയാക്കാത്ത പാര്‍പ്പിടങ്ങൾ ഉള്ളവര്‍‍ അതാത് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ രജിസ്റ്റർ ചെയ്യുകയും ലഭിച്ച സഹായങ്ങളുടെയും വിനിയോഗത്തിന്‍റെയും വിവരങ്ങളും. വീട് പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ തുകയുടെ വിവരവും തേര്‍ഡ് പാര്‍ട്ടി ടെക്നിക്കൽ ഏജന്‍സികളെ പരിശോധിച്ചാണ് തീരുമാനമെടുക്കുക.

കേന്ദ്രനഗരഭവനമിഷന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ ഭവനങ്ങളുടെ വലിപ്പം 600 സ്ക്വയർ ഫീറ്റ് ആയിരിക്കും. സര്‍ക്കാർ സഹായം അഞ്ച് ലക്ഷം രൂപയായിരിക്കും.

സ്പോണ്‍സര്‍മാരെ കണ്ടെത്തുന്നതിന് പഞ്ചായത്ത് തല മിഷനുകള്‍ക്കായിരിക്കും ചുമതല.

സംസ്ഥാന തലത്തിലും ജില്ലാതലത്തിലുമുള്ള മിഷനുകള്‍, കമ്പനികള്‍, ഗവണ്‍മെന്‍റിതര സംഘടനകള്‍, സാമൂഹിക സംഘടനകൾ മത സ്ഥാപനങ്ങള്‍ എന്നിവകളുമായി ഭവന നിര്‍മ്മാണത്തിന് പങ്കാളിത്തത്തിൽ ഏര്‍പ്പെടാവുന്നതാണ്. ഇത്തരം നിര്‍മ്മാണപ്രവര്‍ത്തനങ്ങളും തേര്‍ഡ് പാര്‍ട്ടി ടെക്നിക്കൽ ഏജന്‍സികളുടെ ഓഡിറ്റിന് വിധേയമാകും.

മണല്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മാണ സാമഗ്രികളുടെ ലഭ്യത, ഭവന നിര്‍മ്മാണത്തിന് മുന്‍ഗണനാടിസ്ഥാനത്തിൽ ഉറപ്പ് വരുത്താൻ ജില്ലാ കളക്ടർമാർ മേൽ  നോട്ടം വഹിക്കും

ലൈഫ് പ്രോജക്ടില്‍ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാനും സൂക്ഷ്മ പരിശോധന നടത്താനും മുൻഗണന ലൈഫ് പദ്ധതിരേഖയില്‍ വിവരിക്കുന്ന ശാസ്ത്രീയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും.

64 തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങളിൽ  ലൈഫ് പ്രോജക്ട് നടപ്പാക്കാനായി മിച്ചഭൂമി, സർക്കാർ ഭൂമി എന്നിവ ഉള്‍പ്പെടെ അനുയോജ്യമായ സ്ഥലം കണ്ടെത്തുക ജില്ലാകളക്ടറായിരിക്കും.

പദ്ദതി നിര്‍വ്വഹണത്തിൽ ലൈഫ് പ്രോജക്ടിലെ ഗുണഭോക്താക്കളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് സാമൂഹിക വിദഗ്ദ്ധരുടെ സഹായത്താല്‍ ഒരു പങ്കാളിത്ത നടത്തിപ്പ് രീതി ആണ് അനുവര്‍ത്തിക്കുക.

കേന്ദ്രസര്‍ക്കാർ ഏജന്‍സിയായ ബില്‍ഡിംഗ് ടെക്നോളജി പ്രൊമോഷന്‍ കൗണ്‍സിൽ കണ്ടെത്തിയിട്ടുള്ള പ്രീഎഞ്ചിനീയറിംഗ്, പ്രീഫാബ് സാങ്കേതിക വിദ്യകള്‍ പദ്ധതി നിര്‍വ്വഹണത്തിൽ ഉപയോഗിക്കും. ഇതിനായി ആവശ്യമുള്ള പരിശോധനകൾ  നടത്തുന്നതും അനുയോജ്യമായത് തെരഞ്ഞെടുത്ത് ശുപാര്‍ശകൾ നല്‍കുന്നത് മുഖ്യ തേര്‍ഡ് പാര്‍ട്ടി ടെക്നിക്കൽ ഏജന്‍സികളായിരിക്കും.

തദ്ദേശസ്വയംഭരണ തലത്തില്‍ പ്രവര്‍ത്തിക്കുന്ന മിഷന്റെ ഘടന
അധ്യക്ഷന്‍ : ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്/ മുനിസിപ്പല്‍ ചെയര്‍മാന്‍/ മേയര്‍.
അംഗങ്ങള്‍ : ബന്ധപ്പെട്ട ജില്ലാ/ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ അംഗങ്ങള്‍, പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ ഭരണസമിതി അംഗങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ സെക്രട്ടറി, കൃഷി ഓഫീസര്‍, കുടുംബശ്രീ, ഐസിഡിഎസ് സൂപ്പര്‍വൈസര്‍, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ എഞ്ചിനീയര്‍. ഓരോ പദ്ധതിതലത്തിലും ഗുണഭോക്താക്കളെ സംഘടിപ്പിച്ചുകൊണ്ട് അവര്‍ക്ക് ആവശ്യമായ പരിശീലനങ്ങളും ശേഷിവര്‍ധനവും ഉറപ്പാക്കി ജനപങ്കാളിത്തത്തോടെ ആയിരിക്കും പദ്ധതികളുടെ ആസൂത്രണം, നിര്‍വഹണം, തുടര്‍നടത്തിപ്പ്, സാമൂഹിക ഓഡിറ്റിങ് നടപ്പാക്കുക.

ഭൂമിലഭ്യത ഉറപ്പാക്കല്‍, വിഭവസമാഹരണമുറപ്പാക്കല്‍, ഗുണഭോക്താക്കളെ നിര്‍ണയിക്കാനുള്ള മാനദണ്ഡം നിശ്ചയിക്കല്‍, മേല്‍നോട്ടം നടത്തല്‍, പൊതുമാര്‍ഗ നിര്‍ദേശങ്ങള്‍ അതതുസമയം ആവിഷ്കരിക്കല്‍ എന്നിവയാണ് മിഷന്റെ പ്രധാന ദൗത്യങ്ങള്‍.

അധ്യക്ഷന്‍

: മുഖ്യമന്ത്രി

സഹ അധ്യക്ഷന്‍

: തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി

ഉപ അധ്യക്ഷന്‍

: ധനകാര്യം, ഭവനനിർമ്മാണം, സാമൂഹിക നീതി, വൈദ്യുതി, ജലവിഭവം, തൊഴില്‍, പട്ടികജാതി-പട്ടികവർഗ്ഗ വികസനം, മത്സ്യബന്ധനം വകുപ്പുമന്ത്രിമാരും സംസ്ഥാന ആസൂത്രണബോര്‍ഡ് ഉപാധ്യക്ഷനും (9 പേർ)

പ്രത്യേക ക്ഷണിതാവ്

: പ്രതിപക്ഷ നേതാവ്

മിഷന്‍ സെക്രട്ടറി

: തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി

മിഷന്‍ അംഗങ്ങള്‍

ചീഫ് സെക്രട്ടറി

സംസ്ഥാന പാര്‍പ്പിട മിഷന്‍ ടാസ്ക്ഫോഴ്സ്

അധ്യക്ഷന്‍

: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് & ജില്ലാ ആസൂത്രണസമിതി ചെയർമാന്‍

അംഗങ്ങള്‍

: ജില്ലയില്‍ നിന്നുള്ള ലോക്സഭാ അംഗങ്ങള്‍, എംഎല്‍എ മാര്‍ മേയര്‍, മുനിസിപ്പല്‍ ചെയര്‍മാന്മാര്‍, ഒരു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, രണ്ട് പഞ്ചായത്ത് പ്രസിഡന്റുമാര്‍ (പഞ്ചായത്ത് പ്രസിഡന്റുമാരുടെ ജില്ലാ അസോസിയേഷന്റെ പ്രസിഡന്‍റും സെക്രട്ടറിയും).

സെക്രട്ടറി

: ജില്ലാ കലക്ടർ

ജില്ലാതല മിഷന്‍

വിദ്യാഭ്യാസം

കേരളത്തിന്റെ വികസനക്കുതിപ്പിന് വേഗതയും കരുത്തും പകരേണ്ട ഊര്‍ജദായിനിയാണ് പൊതുവിദ്യാഭ്യാസ സംവിധാനം. അവയെ കാലോചിതമായി വികസിപ്പിക്കുന്നതിനായാണ് സമഗ്ര വിദ്യാഭ്യാസ നവീകരണ മിഷന്‍ ആവിഷ്കരിച്ചിരിക്കുന്നത്. സ്കൂളിലെത്തുന്ന ഓരോ കുട്ടിയുടെയും സവിശേഷതകളും പരിമിതികളും തിരിച്ചറിഞ്ഞ്, വേണ്ട ഇടപെടലുകളിലൂടെ ഓരോരുത്തരുടെയും വ്യക്തിപരമായ മികവുകളും കഴിവും പരമാവധി പോഷിപ്പിക്കുകയാണ് ലക്ഷ്യം. സങ്കേതങ്ങളുടെയും സമ്പ്രദായങ്ങളുടെയും സമന്വയത്തിലൂടെ അടുത്ത തലമുറയെ സാമൂഹിക ബോധമുള്ള പൗരരും മെച്ചപ്പെട്ട മനുഷ്യരുമായി വാര്‍ത്തെടുക്കുന്നതിനുള്ള ശ്രമമാണിത്.

ഒന്ന് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ എല്ലാ കുട്ടികള്‍ക്കും ഓരോ ക്ലാസിലും കൈവരിക്കേണ്ട ശേഷികളും ധാരണകളും നേടി അന്തര്‍ദേശീയ നിലവാരത്തില്‍ സ്കൂള്‍ പഠനം പൂര്‍ത്തിയാക്കുന്നതിനുള്ള സംവിധാനം വരുന്ന അഞ്ച് വര്‍ഷത്തിനകം പൊതുവിദ്യാലയങ്ങളില്‍ ഉറപ്പു വരുത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യങ്ങളിലൊന്ന്. ഇതിനു വേണ്ടി ഇപ്പോള്‍ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം അളക്കേണ്ടതുണ്ട്. ശാസ്ത്രം, ഗണിതശാസ്ത്രം, ഭാഷാശേഷികള്‍ എന്നിവയെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു ബേസ് ലൈന്‍ സൃഷ്ടിച്ചതിന് ശേഷം 2017 ജൂണ്‍ മുതലുള്ള അക്കാദമിക വര്‍ഷത്തെ സ്കൂള്‍തല ഇടപെടലുകളിലൂടെ ആരംഭിച്ച് 2021 മാര്‍ച്ച് വരെ ഓരോ വിദ്യാലയവും നേടേണ്ട നിലവാരം കേരള പൊതു വിദ്യാഭ്യാസ ലക്ഷ്യങ്ങള്‍ (Kerala Education Missions Agenda 2021) നിര്‍വചിക്കും.

നിർവഹണം

പൊതുവിദ്യാലയങ്ങളുടെ പഠനനിലവാരം ഉയര്‍ത്തുന്നതിന് തെരെഞ്ഞെടുത്ത 1000 ഹയര്‍സെക്കന്‍ഡറി വിദ്യാലയങ്ങള്‍ ‘ഹൈടെക്’ ആക്കും. ഇവയെ ഹബ്ബുകള്‍ (Hub) ആക്കുകയും, ഇവയെ കേന്ദ്രീകരിച്ച് ചുറ്റുമുള്ള മറ്റ് പൊതുവിദ്യാലയങ്ങളെ സ്പോക്കുകള്‍ (Spoke) ആയും കണ്ട് 2017 ജൂണ്‍ മുതല്‍ 2021 മാര്‍ച്ച് വരെ ICT ഉപയോഗിച്ചുള്ള പഠന-ബോധന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. നാല് അക്കാദമിക വര്‍ഷങ്ങള്‍ കൊണ്ട് മിഷന്‍ ലക്ഷ്യങ്ങള്‍ കൈവരിക്കാനുതകുന്ന രീതിയിലായിരിക്കും പഠനരീതി ആവിഷ്കരിക്കുക. പഠന-ബോധന പ്രവര്‍ത്തനങ്ങളില്‍ സാമൂഹിക-സാമ്പത്തിക-സാംസ്കാരിക വ്യത്യാസങ്ങളില്ലാതെ ഭിന്നശേഷിക്കാരായ കുട്ടികളെക്കൂടി ഉള്‍ക്കൊള്ളുന്ന രീതിയില്‍, വിഷ്വല്‍, ഓഡിറ്ററി & കൈനെസ്തെറ്റിക്‍ (Visual, Auditory & Kinesthetic) അനുഭവങ്ങള്‍ പകരുന്ന ഒരു പഠനരീതി ആയിരിക്കും ആവിഷ്കരിക്കുക. ഈ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ ഒരു സമഗ്ര വിദ്യാലയ വികസന പദ്ധതിയിലുള്‍പ്പെടുത്തി 5 വര്‍ഷത്തിനകം വികസിപ്പിക്കും. ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന എല്ലാവര്‍ക്കും അവരവരുടെ അഭിരുചിക്കനുസരിച്ചുള്ള തൊഴില്‍ പരിശീലനത്തിനും സംരംഭകത്വശേഷി വികസനത്തിനുമുള്ള പ്രത്യേക സംവിധാനങ്ങള്‍ ഉറപ്പാക്കും.

പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി വരുന്ന മൂന്നര ലക്ഷത്തോളം വരുന്ന യുവജനങ്ങള്‍ കേരളത്തിന്റെ ഭാവി വികസനത്തിന്റെ നെടുംതൂണുകളാണ്. സമഗ്ര വിദ്യാഭ്യാസ നവീഷകരണ മിഷന്‍ നടപ്പിലായാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ PISA (Program for International Student Assessment), TIMSS (Trends in International Mathematics and Science Study) മുതലായ അന്തര്‍ദേശീയ സര്‍വേകളില്‍ ആദ്യ ഇരുപത് സ്ഥാനങ്ങള്‍ക്കുള്ളിലാകും കേരളത്തിലെ കുട്ടികളുടെ സ്ഥാനം.

അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തേണ്ട സര്‍ക്കാര്‍ സ്കൂളുകള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ കണ്ടെത്തുക ജില്ലാ വിദ്യാഭ്യാസ മിഷന്റെ ചുമതലയാണ്. ഈ സ്കൂളുകളില്‍ പിറ്റിഎ, മദര്‍ പിറ്റിഎ, പൂര്‍വ വിദ്യാര്‍ഥി സംഘടനകള്‍, പ്രാദേശികമായ സന്നദ്ധ സംഘടനകള്‍ എന്നിവയെ പദ്ധതിനടത്തിപ്പുമായി ആര്‍ജവമായി കൂട്ടിയോജിപ്പിക്കാനും ജില്ലാ വിദ്യാഭ്യാസ മിഷന്‍ മുന്‍കൈയെടുക്കേണ്ടതുണ്ട്. കുട്ടികള്‍ കൂടുതല്‍ ഉള്ളതും പഴയ കെട്ടിടങ്ങളും ക്ലാസ് മുറികളും ഉള്ള സ്കൂളുകള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്.

മിഷൻ ഘടന

അധ്യക്ഷന്‍

: മുഖ്യമന്ത്രി

സഹ അധ്യക്ഷന്‍

: വിദ്യാഭ്യാസ വകുപ്പുമന്ത്രി

ഉപ അധ്യക്ഷന്‍മാർ

: ധനകാര്യം, തദ്ദേശ സ്വയംഭരണം, കൃഷി, ജലവിഭവം, ആരോഗ്യം, വനം മന്ത്രിമാർ, ആസൂത്രണബോർഡ് ഉപാധ്യക്ഷന്‍

ഉപദേഷ്ടാവ്

: സീനിയർ നിലവാരത്തിലുള്ള ഒരു ശാസ്ത്രജ്ഞന്‍

പ്രത്യേക ക്ഷണിതാവ്

: പ്രതിപക്ഷ നേതാവ്

മിഷന്‍ അംഗങ്ങള്‍

ചീഫ് സെക്രട്ടറി, പ്രിന്‍സിപ്പല്‍ സെക്രട്ടറി (തദ്ദേശ സ്വയംഭരണം, ആരോഗ്യം, കൃഷി, ജലവിഭവം, ടൂറിസം, വിദ്യാഭ്യാസം, വനം), സംസ്ഥാനത്തെ മൂന്ന് ടാസ്ക് ഫോഴ്സുകളുടെ ചീഫ് എക്സിക്യൂട്ടിവ്

മിഷന്‍ സെക്രട്ടറി

: ആസൂത്രണവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി

സംസ്ഥാനതല മിഷന്‍

അധ്യക്ഷന്‍

: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് &ജില്ലാ ആസൂത്രണസമിതി ചെയർമാന്‍

അംഗങ്ങള്‍

: ജില്ലയില്‍ നിന്നുള്ള ലോക്സഭാ അംഗങ്ങള്‍, എംഎല്‍എ മാര്‍ മേയര്‍, മുനിസിപ്പല്‍ ചെയര്‍മാന്മാര്‍, ഒരു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, രണ്ട് പഞ്ചായത്ത് പ്രസിഡന്റുമാര്‍ (പഞ്ചായത്ത് പ്രസിഡന്റുമാരുടെ ജില്ലാ അസോസിയേഷന്റെ പ്രസിഡന്‍റും സെക്രട്ടറിയും).

സെക്രട്ടറി

: ജില്ലാ കലക്ടർ & ജില്ലാ ആസൂത്രണസമിതി സെക്രട്ടറി

അവസാനം പരിഷ്കരിച്ചത് : 7/27/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate