‘ദാരിദ്ര്യത്തെ നിര്‍മാര്‍ജനം ചെയ്യുന്നതിനും വികസനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ട ഏറ്റവും പ്രധാനപ്പെട്ട, ഒരുപക്ഷേ ഏക അടിസ്ഥാന ഘടകമാണ് സദ്ഭരണം’
– കോഫി അന്നന്
എന്നും സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സുപ്രധാന വിഷയമാണ് വികസനം. ഭരണകൂടങ്ങളും വിഭവദാതാക്കളും വികസന ഏജന്‍സികളും സര്‍ക്കാരിതര സാമൂഹ്യ സംഘടനകളും വികസനത്തില്‍ അവരുടേതായ പങ്ക് വഹിക്കുന്നു. എന്നിരുന്നാലും വികസനത്തിന്റെ പ്രധാന പങ്കാളി ഭരണകൂടമാണ്. ഭരണകൂടങ്ങള്‍ അവയുടെ കൃത്യനിര്‍വഹണം എങ്ങിനെ നടത്തുന്നു എന്നത് വികസനത്തെ നയിക്കുന്ന ഘടകമാണ്. മോശമായ ഭരണം, മോശമായ നയങ്ങളുടെ തിരഞ്ഞെടുപ്പ്, അഴിമതി, മനുഷ്യാവകാശ ലംഘനം എന്നിവ ത്വരിതമായ വളര്‍ച്ചയെ മുരടിപ്പിക്കുന്ന ഘടകങ്ങളാണ്.
മാനവസംസ്കാരത്തോളം പഴക്കമുള്ള ഒരു ആശയമാണ് ഭരണം. ഭരണത്തിന് സാര്‍വത്രികമായി അംഗീകരിക്കപ്പെട്ടിട്ടുള്ള നിര്‍വചനം ഇല്ലെന്നു തന്നെ പറയാം. ഭരണനിര്‍വഹണം എന്നാല്‍ തീരുമാനങ്ങളെടുക്കാനും അത് പ്രാവര്‍ത്തികമാക്കാനുമുള്ള വിവിധ ഘട്ടങ്ങളുള്ള പ്രക്രിയകളായി ഐക്യരാഷ്ട്രസഭയുടെ ഏഷ്യ-പസഫിക് രാജങ്ങള്‍ക്ക് വേണ്ടിയുള്ള സാമ്പത്തിക-സാമൂഹ്യ കമ്മീഷന് (UNESCAP) സാമാന്യമായി നിര്‍വചിച്ചിട്ടുണ്ട്.
വികസ്വര, അവികസിത രാജ്യങ്ങളുടെ വികസന കാഴ്ചപ്പാടിന് പ്രയോഗികമായ മാതൃകകള്‍ മുന്‍നിര്‍ത്തി ദിശാബോധം നല്‍കാനും അവയുടെ വികസന ലക്ഷ്യങ്ങള്‍ രൂപീകരിക്കാനും സഫലമാക്കാനുമുള്ള പിന്തുണ ഐക്യരാഷ്ട്രസഭയും അനുബന്ധ സംഘടനകളും നല്കി വരുന്നുണ്ട്. കാര്യക്ഷമതയും ഫലപ്രാപ്തിയുമുള്ള ഭരണം തന്നെയാണ് സമഗ്ര വികസനത്തിന്റെ അടിസ്ഥാന ശില എന്നത് അംഗീകരിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ്.
വികസനത്തെക്കുറിച്ചുള്ള പഠനങ്ങളില്‍ സമീപകാലത്ത് ധാരാളമായി ഉപയോഗിച്ചു വരുന്ന പദമാണ് സദ്ഭരണം (Good Governance). സദ്ഭരണം എന്നത് അങ്ങേയറ്റം ആദര്‍ശാത്മകമായ ഒരു ആശയമാണ്. സത്വരമായ വികസനത്തിന്റെ അടിസ്ഥാനം എന്ന നിലയില്‍ ഭരണകൂടങ്ങള്‍ക്ക് അനുകരണീയമായ ഒരു മാതൃകയായി ഈ ആശയം കണക്കാക്കപ്പെടുന്നു.
സദ്ഭരണത്തിന്റെ സവിശേഷതകള്‍ ഇവയാണ്:
സദ്ഭരണം എന്ന ആശയത്തോട് കഴിയുന്നത്ര അടുക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ലോകമെമ്പാടുമുള്ള സര്‍ക്കാരുകള്‍ ഭരണ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിവരുന്നത്.
ഭരണ നിര്‍വഹണത്തിലെ ഓരോ പ്രക്രിയയും അതുമായി ബന്ധപ്പെട്ട നിയമങ്ങളും നടപടി ക്രമങ്ങളും കാലാകാലങ്ങളായി ആവശ്യാനുസരണം ഉരുത്തിരിഞ്ഞു വന്നവയാണ്. ഓരോ പ്രക്രിയയും അത് ഉരുത്തിരിഞ്ഞുവന്ന കാലഘട്ടത്തിലെ സഹായക സാങ്കേതിക വിദ്യകളുടെ ലഭ്യതക്കനുസരിച്ചാണ് രൂപകല്‍പ്പന ചെയ്യപ്പെട്ടിരിക്കുന്നത്.
നൂതന സാങ്കേതിക വിദ്യകള്‍ നിലവില്‍ വരുന്നതോടുകൂടി പഴയ സാങ്കേതികവിദ്യകള്‍ കാലഹരണപ്പെട്ടു പോകുന്നു. ഒപ്പം അത് ഉപയോഗിക്കുന്ന പ്രക്രിയകളുടെ നടപടിക്രമങ്ങളും. എന്നാല്‍ ഇതിനനുസരിച്ച് നടപടിക്രമങ്ങള്‍ പുതുക്കി നിശ്ചയിക്കാറില്ല. പഴയ നടപടിക്രമങ്ങള്‍ പുതിയ സങ്കേതങ്ങളുമായി പോരുത്തപ്പെടുകയുമില്ല. തത്ഫലമായി ഭരണനിര്‍വഹണത്തിന്റെ കാര്യക്ഷമത ചോര്‍ന്നു പോകുന്നു.
വിവരവിനിമയ രംഗത്ത് സാങ്കേതികവിദ്യയുടെ അത്ഭുതകരമായ കുതിച്ചു ചാട്ടം സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് ലോകം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ‘അറിവ് സമൂഹ’ങ്ങളുടെ (Knowldge Society) കാലഘട്ടത്തില്‍ വിവര വിനിമയ സാങ്കേതിക വിദ്യകളുടെ (ICT) കൃത്യതയാര്‍ന്ന ഉപയോഗം നവസമീപനങ്ങളും സൂക്ഷ്മമായ പരിഹാരങ്ങളും സാധ്യമാക്കുന്നു.
ഐക്യരാഷ്ട്ര സംഘടനയുടെ വികസന പരിപാടി (UNDP), വിവര ആശയ വിനിമയ സാങ്കേതിക വിദ്യകളെ ഇങ്ങനെ നിര്‍വചിച്ചിരിക്കുന്നു:-
‘അടിസ്ഥാനപരമായി, വിവര വിനിമയ സാങ്കേതിക വിദ്യകള്‍ എന്നാല്‍ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന സാമഗ്രികളാണ് – അത്, വിവരങ്ങള്‍ ഉത്പാദിപ്പിക്കാനും സംഭരിക്കാനും സംസ്കരിക്കാനും വിതരണം ചെയ്യാനും കൈമാറ്റം ചെയ്യാനും ഉപയോഗിക്കുന്ന സാധനങ്ങളുടെയും സങ്കേതങ്ങളുടെയും സേവനങ്ങളുടെയും വിഭിന്നമായ ഒരു സഞ്ചയമാണ്. റേഡിയോ, ടെലിവിഷന്‍, ടെലിഫോണ്‍, കമ്പ്യൂട്ടര്‍, കൃത്രിമ ഉപഗ്രഹങ്ങള്‍, വയര്‍ലെസ് സങ്കേതങ്ങള്‍, ഇന്റര്‍-നെറ്റ് തുടങ്ങി പഴയതും നവീനവുമായ സാങ്കേതിക സഞ്ചയങ്ങള് ഇതില്‍ ഉള്‍പ്പെടുന്നു. ഈ വിവിധയിനം സാമഗ്രികള്‍ക്ക് ഇപ്പോള്‍ സംയോജിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയും. അങ്ങനെ അവ കൂടിച്ചേര്‍ന്ന് പരസ്പരബന്ധിതമായ നമ്മുടെ ലോകത്തെ രൂപപ്പെടുത്തുന്നു. അടിസ്ഥാനസൗകര്യങ്ങളായ, ബൃഹത്തായ ടെലിഫോണ്‍ ശൃംഖലകളും പ്രാമാണീകരിക്കപ്പെട്ട കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയറുകളും ഇന്റര്‍-നെറ്റും റേഡിയോയും ടെലിവിഷനും മറ്റും ചേര്‍ന്ന് അവ ലോകത്തിന്റെ ഓരോ മുക്കിലും മൂലയിലും എത്തുന്നു’.
നിക്ഷ്പക്ഷമായതും മെച്ചമാര്ന്നതുമായ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും, സങ്കീര്‍ണമായ ആസൂത്രണ പ്രക്രിയകളെയും വിവിധ മേഖലകളുടെ പരസ്പര എകോപനത്തേയും സുഗമമാക്കുന്നതിനും, വിവരങ്ങളുടെ വര്‍ദ്ധിതവും വിദൂരവുമായ പങ്കുവയ്ക്കലിനെ സഹായിക്കുന്നതിനും, പദ്ധതികളുടെ നിര്‍വഹണത്തിന് മേല്‍-നോട്ടം നല്‍കുന്നതിനും വിവര വിനിമയ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കാവുന്നതാണ്.
അനുയോജ്യമായ നവീന സാങ്കേതിക വിദ്യകളുടെ, ഉചിതമായ ഉപയോഗത്തിലൂടെ ഭരണ നിര്‍വഹണ പ്രക്രിയകള്‍ ഉടച്ചു വാര്‍ക്കുകയാണ് സദ്ഭരണത്തിലേക്കുള്ള ശരിയായ വഴി. സദ്ഭരണം നടപ്പാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഭരണ നിര്‍വഹണം നടപ്പാക്കുന്ന പ്രക്രിയയാണ് ഇ-ഭരണം (e-Governance).
ഇ-ഭരണം നടപ്പാക്കുന്നതില്‍ വികസിത രാജ്യങ്ങള്‍ വളരെയേറെ മുന്നേറിയിട്ടുണ്ട്. വികസ്വര രാജ്യങ്ങള്‍ ഈ പാത പിന്തുടരാനുള്ള പദ്ധതികളുമായി മുമ്പോട്ടു പോകുന്നുണ്ട്.
വികസനത്തില്‍ ഭരണ നവീകരണത്തിന്റെ പ്രാധാന്യം ഭാരത സര്‍ക്കാര്‍ വളരെ മുമ്പ് തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. പൊതുഭരണ വ്യവസ്ഥയെ കാലോചിതമായി പരിഷ്കരിക്കുന്നതിനുള്ള ശുപാര്‍ശകള്‍ സമര്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരു ഭരണ നവീകരണ കമ്മീഷനെ ഭാരത സര്‍ക്കാര്‍ 1966-ല്‍ നിയമിച്ചു. 1970-കളുടെ മദ്ധ്യത്തോടെ ആ കമ്മീഷന് പ്രവര്‍ത്തനം പൂര്‍ത്തിയാക്കി.
രാജ്യത്തെ ഭരണകൂടത്തിന്റെ എല്ലാ തട്ടുകളിലും സ്വയം പ്രവര്‍ത്തിക്കുന്നതും പ്രതികരണ സ്വഭാവമുള്ളതും സമൂഹത്തോട് ഉത്തരവാദിത്തം ഉള്ളതും സുസ്ഥിരവും കാര്യക്ഷമവുമായ ഭരണസംവിധാനം ഉണ്ടാക്കുന്നതിനാവശ്യമായ ശുപാര്‍ശകള്‍ സമര്‍പ്പിക്കുക എന്ന ചുമതലയോടെ രണ്ടാമത്തെ ഭരണ നവീകരണ കമ്മീഷന് 2005-ല്‍ നിയമിതമായി.
രണ്ടാം ഭരണ നവീകരണ കമ്മീഷന്റെ പതിനൊന്നാം രേഖ (Promoting e-Governance - The Smart Way Forward) ഭരണനിര്‍വഹണത്തില്‍ നവീന സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞു കൊണ്ട് ഭാരതത്തില്‍ ഇ-ഭരണം ആസൂത്രിതമായി നടപ്പാക്കേണ്ടതിന്റെ ആവശ്യകത മുന്നോട്ടു വയ്ക്കുന്നു. ഭാരതത്തില്‍ ഇ-ഭരണത്തിന് ഗൌരവപരമായ പരിഗണന കിട്ടിത്തുടങ്ങിയത് ഇതിനു ശേഷമാണ്
ഇതോടൊപ്പം തന്നെ നവീന സാങ്കേതിക വിദ്യകളുടെ ഉപയോഗത്തിന് സാധുത നല്‍കുന്നതിനായി ഭാരത സര്‍ക്കാര്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവരികയും നിലവിലുള്ളവ പരിഷ്കരിക്കുകയും ചെയ്തു തുടങ്ങി.
അങ്ങിനെ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ചിതറിക്കിടന്നിരുന്ന നിലവിലുള്ള നടപടികളുടെ കമ്പ്യുട്ടര്വല്കരണ പ്രക്രിയകളില്‍ നിന്ന് പൌര കേന്ദ്രീകരണം, സേവന സന്നദ്ധത, സുതാര്യത എന്നിങ്ങനെ ഭരണ നിര്‍വഹണത്തിന്റെ അതിസൂക്ഷമമായ വശങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഭാരതത്തിലെ ഇ-ഭരണം വളര്‍ന്ന് പക്വമായി.
രാജ്യത്തെമ്പാടും ഭരണ നിര്‍വഹണത്തില്‍ വിവര-ആശയ വിനിമയ സാങ്കേതിക വിദ്യകളുടെ ഫലപ്രദമായ ഉപയോഗം നടപ്പാക്കുന്നതില്‍ വ്യക്തമായ ദിശാബോധവും സമഗ്രമായ കാഴ്ചപ്പാടും വ്യക്തമായ ആസൂത്രണ അവബോധവും നല്കുന്ന ബൃഹത്തായ പരിപാടിയായാണ് ദേശീയ ഇ-ഭരണ പദ്ധതി (NeGP) രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
രാജ്യത്താകമാനമുള്ള ഇ-ഭരണ പ്രക്രിയകളെ സമഗ്രമായിക്കാണ്ട് സമാന ദര്ശനത്തിലേക്കും തുല്യ ലക്ഷ്യത്തിലേക്കും സമന്വയിപ്പിക്കുകയാണ് ദേശീയ ഇ-ഭരണ പദ്ധതി ചെയ്യുന്നത്. പൊതു സേവനങ്ങള്‍ പൌരന്റെ വാസസ്ഥലത്തിനു പരമാവധി അടുത്ത് ലഭ്യമാക്കുക എന്നതാണ് ദേശീയ ഇ-ഭരണ പദ്ധതിയുടെ ആത്യന്തിക ലക്ഷ്യം.
2006 മെയ് 18 ന് ദേശീയ ഇ-ഭരണ പദ്ധതിക്ക് ഭാരത സര്‍ക്കാര്‍ അംഗീകാരം നല്കി. 10 കേന്ദ്ര പദ്ധതികളും 10 സംസ്ഥാന പദ്ധതികളും 7 സംയുക്ത പദ്ധതികളുമായി മൊത്തം 27 ദൌത്യ രീതിയിലുള്ള പദ്ധതികളായാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്.
ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് കൃഷി. അന്നം ജീവന്റെ നിലനില്‍പ്പിന് ആവശ്യമായിരിക്കുന്നിടത്തോളം കൃഷി നിലനില്ക്കും. എന്നാല്‍ ഒരു ജീവനോപാധി എന്ന നിലയില്‍ കൃഷി സാധാരണ കര്ഷകന് ദുരിതം നല്കുന്നു എന്ന് വിലയിരുത്തത്തക്ക വാര്‍ത്തകള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്നു.
ചിതറിക്കിടക്കുന്ന കൃഷിയിടങ്ങളും ദുര്‍ബലമായ അടിസ്ഥാന സൗകര്യങ്ങളും അസംഖ്യം ഇടനിലക്കാരുടെ ഇടപെടലുകളും ചൂഷണവും ആവശ്യമായ സമയത്ത് കൃത്യമായ വിവരങ്ങളുടെ ലഭ്യതയില്ലായ്മയും ഭാരതത്തിലെ കാര്‍ഷിക മേഖലയുടെ പ്രത്യേകതകളാണ്.
കാര്‍ഷിക മേഖലയുടെ വികസനത്തിനായി നടത്തുന്ന ശ്രമങ്ങള്‍ക്ക് കൃത്യമായ ഫലപ്രാപ്തിയില്ലാതെ വരുന്നതില്‍ കാര്യക്ഷമമായ പൊതുഭരണത്തിന്റെ അഭാവം പ്രകടമാണ്. മറ്റെല്ലാ മേഖലകളെയും പോലെ കാര്‍ഷിക മേഖലയുടെ സമഗ്ര വികസനത്തിനും സദ്ഭരണം അത്യന്താപേക്ഷിതമാണ്.
കര്‍ഷകര്‍ക്ക് സഹായകമായ വിവരങ്ങള്‍ പ്രാദേശിക ഭാഷയില്‍ തന്നെ ലഭ്യമാകേണ്ടതാണ്. കാര്‍ഷിക വ്യവസ്ഥകളുടെ നിര്‍മാണം, ഗവേഷണത്തിനും വിജ്ഞാനവ്യാപനത്തിനും പ്രാപ്തരായ മനുഷ്യവിഭവശേഷിയുടെ നിര്‍മാണം, സര്‍ക്കാരിന്റെയും കാര്‍ഷിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരുടെയും നൈപുണ്യവും ജ്ഞാനവും വര്‍ധിപ്പിക്കല്‍ എന്നിവ കാര്‍ഷിക മേഖലയുടെ വികസനത്തില്‍ കര്‍ഷകര്‍ക്ക് നേരിട്ടു സഹായം നല്കുന്നതുപോലെ തന്നെ പ്രാധാന്യമുള്ളവയാണ്.
ദേശീയ ഇ-ഭരണ പദ്ധതി, കാര്‍ഷിക മേഖലയില്‍
ദൌത്യ രീതിയിലുള്ള ഒരു സംസ്ഥാന പദ്ധതിയായാണ് കാര്‍ഷിക മേഖലയില്‍ ഇ-ഭരണം നടപ്പാക്കുന്നത്. കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിനു കീഴില്‍ കൃഷിക്കും സഹകരണ മേഖലയ്ക്കുമായുള്ള വകുപ്പാണ് ഈ പദ്ധതിക്ക് മേല്‍-നോട്ടം നല്‍കുന്നത്.
കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന പന്ത്രണ്ടു സേവന സഞ്ചയങ്ങളെക്കുറിച്ച് വിവിധ മാര്‍ഗങ്ങളിലൂടെ കര്‍ഷകര്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം.
ഈ പ്രാഥമിക ലക്ഷ്യങ്ങള്‍ നടപ്പാക്കുന്നതോടെ ബന്ധപ്പെട്ട ഭരണ നിര്‍വഹണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും വിപ്ലവകരമാം വിധം പരിഷ്കരണത്തിന് വിധേയമാകും.
ദേശീയ ഇ-ഭരണ പദ്ധതി, കാര്‍ഷിക മേഖലയില്‍ പ്രാഥമികമായി നടപ്പാക്കുന്നത് രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിലാണ്. അതില്‍ കേരളവും ഉള്‍പ്പെടുന്നു. കേരളത്തിന്റെ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ കാര്യക്ഷമതയും ഫലപ്രാപ്തിയും വര്‍ധിപ്പിക്കാനും അവയുടെ പ്രവര്‍ത്തനത്തില്‍ സുതാര്യതയും സാമൂഹിക പ്രതിബദ്ധതയും ഉറപ്പുവരുത്തുവാനും തദ്വാരാ, സംസ്ഥാനത്തിലെ കാര്‍ഷിക മേഖലയുടെ സമഗ്ര വികസനത്തിന് ഉണര്‍വ് പകരാനും ഈ സമഗ്ര പദ്ധതിക്ക് കഴിയും
അവസാനം പരിഷ്കരിച്ചത് : 2/15/2020
കൂടുതല
കൂടുതല്‍ വിവരങ്ങള്‍
ആസൂത്രണം - വിശദ വിവരങ്ങൾ
കൂടുതല്‍ വിവരങ്ങള്‍