অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഐറ്റി ആക്റ്റ് 2008

ഐറ്റി ആക്റ്റ് 2008

പുതുക്കിയ ഐറ്റി ആക്റ്റ് 2008

2008 ലെ ഐറ്റി അമെന്റുമെന്റ് ആക്ട് പൊതുജനങ്ങളുടെ അവകാശങ്ങളിൽ കടന്നു കയറാനുള്ള എല്ലാ അധികാരങ്ങളും നൽകുന്നു. America's Patriot Act നു സമാനമായ ഒന്നാണു ഇതെന്നും പറയപ്പെടുന്നു. അമേരിക്കയിലെ സെപ്റ്റമ്പർ 11 നുണ്ടായ ദാരുണസംഭവത്തിനു ശേഷമാണു അവിടുത്തെ ആക്ട് പാസാക്കിയെടുത്തത്. അതു പോലെ ഇൻഡ്യയിലും നവമ്പർ 26 നു ബോംബെയിലുണ്ടായ ആക്രമണത്തിനു ശേഷം പസ്സാക്കിയെടുത്തതാണു ഇവിടുത്തെ നിയമം. നവമ്പർ 26 ലെ ബോംബെ ആക്രമണം പ്ലാൻ ചെയ്യുന്നതിൽ കമ്പ്യൂട്ടർ നെറ്റ്വർക്കിൽ കൂടെയുള്ള ടെലിഫോൺ സംഭാഷണങ്ങൾ (VoIP) ഒരു സുപ്രധാന പങ്ക് വഹിച്ചിരുന്നുവെന്നു ഇന്റലിജൻസ് ബ്യൂറോ കേന്ദ്രസർക്കാരിനെ അറിയിച്ചിരുന്നു. അപ്രകാരമുള്ള സംഭാഷണങ്ങളെ (VoIP) നിയന്ത്രിക്കാനും നിരീക്ഷിക്കാനും അതുവരെ നിയമങ്ങളില്ലായിരുന്നു.ഇനി സർക്കാരിനു എവിടെയുമുള്ള കമ്പ്യൂട്ടറിലോ, ഫോണിലോ മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളിലോ ഊളിയിടാം (monitor). കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാത്രം ഇതുവരെ അന്വേഷണം നടത്തിയിരുന്ന കാര്യങ്ങളിൽ ഇനിമേൽ കോടതി ഇടപെടാതെ തന്നെ സർക്കാരിനു അന്വേഷണം നടത്താം, നടപടിയെടുക്കാമെന്നായിരിക്കുന്നു.

ഐറ്റി ആക്ട് 2000 ത്തിനെ തൂത്തുവാരുന്ന 45 ഓളം ഭേദഗതികളോടുകുടിയ ഈ നിയമം ഒരു വാദപ്രതിവാദമോ ചർച്ചയോ കൂടാതെയാണു പാലമെന്റ് പാസ്സാക്കിയെടുത്തത്. അന്നു (23-12-2008) പാർലമെന്റിൽ സന്നിഹിതരായിരുന്ന നമ്മുടെ പ്രീയ ജനപ്രതിനിധികൾ ലോക സഭയുടെ നടുക്കളത്തിലിറങ്ങി കേന്ദ്രമന്ത്രി എ.ആർ. ആന്തുലെയുടെ രാജിക്ക് വേണ്ടി മുറവിളികൂട്ടി പാർലമെന്റിനെ ഇളക്കിമറിക്കുകയായിരുന്നു. അന്നു പാർലമെന്റിൽ അവതരിപ്പിച്ച 12 ബില്ലുകളിന്മേൽ ഒന്നും ചർച്ച ചെയ്യാൻ അവർക്ക് മനസ്സില്ലായിരുന്നു. ഒരു ചർച്ചയും കൂടാതെ ഭരണകക്ഷികൾ ‘ഹായ്’ വിളിച്ച് 15 മിനുട്ടിനുള്ളിൽ പാസ്സാക്കിയടുത്ത നിയമങ്ങളിൽ ഒന്നു ഐറ്റി ആക്ട് 2008 ആയിരുന്നു. ഇൻഡ്യൻ ജനാധിപത്യത്തിന്റെ ഒരു കറുത്ത ദിനം.

ഏതെങ്കിലും സംസ്ഥാന സർക്കാർ ഈ നിയമത്തിനെ ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാനായുള്ള ഒന്നും തന്നെ ഇതിൽ ഉൾപ്പെടുത്താൻ കഴിഞ്ഞിട്ടില്ല.

ഈ നിയമം മൂലം പെട്ടുപോകുന്ന നിരപരാധികളുടെ രക്ഷക്കായി ഒരു ‘ഓംബുഡ്സ്മാനോ’ അതുപോലുള്ള മറ്റ് കാര്യങ്ങളോ ഒന്നും തന്നെ ഇല്ല. എല്ലാം ‘നിർദ്ദേശിക്കുന്നതു പോലെ’ എന്ന വാക്കുകളിൽ ഒതുക്കിയിരിക്കുന്നു. എന്നു്, ആർ നിർദ്ദേശിക്കും എന്നു കണ്ടറിയണം.

അധികാരങ്ങൾ വാരിക്കോരി കൊടുത്തിരിക്കുന്ന ഈ നിയമം നടപ്പാക്കുന്നവരുടെ ഉത്തരവാദിത്വങ്ങൾകൂടി സംശയങ്ങൾക്കിടയില്ലാതെ നിർവചിക്കണമായിരുന്നു. അതില്ലാത്തതിനാൽ ദുരുപയോഗം കൂടുമെന്നു വ്യക്തം.

അടിയന്തിരാവസ്ഥയിലോ പൊതുജനസുരക്ഷിതത്തിനു വേണ്ടിയോ മാത്രമായിരുന്നു IT Act, Clause 5(2) of the Indian Telegraph Act of 1885അനുസരിച്ച് ഫോൺ ടാപ്പിംഗ് അനുവദിച്ചിരുന്നുള്ളൂ. എന്നാൽ പുതുക്കിയ ഐറ്റി ആക്ടിൽ അടിയന്തിരാവസ്ഥ, പൊതുജനസുരക്ഷഎന്നിവയെപറ്റിയൊന്നും ഒരക്ഷരം പറയുന്നില്ല.

ഇന്ത്യ ഐ.ടി ആക്ട് (2000) ആണ് രാജ്യത്തെ സൈബര്‍ നിയമങ്ങളുടെ അടിസ്ഥാനപ്രമാണം. ഈ നിയമത്തില്‍ 2008 ഡിസംബര്‍ 23ന് സാരമായ ഭേദഗതികള്‍ പാര്‍ലമെന്റ് പാസ്സാക്കിയിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 27, 2009-നാണ് ഭേദഗതി ചെയ്യപ്പെട്ട ഐ.ടി. നിയമം രാജ്യത്ത് പ്രാബല്യത്തില്‍ വന്നത്. വിവര സാങ്കേതിക വിദ്യ (ഭേദഗതി) നിയമം, ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍, ഇന്റർനെറ്റ് ഫോൺ (VoIP) എന്നിവയുടെ ഉപയോക്താക്കള്‍ക്കു കടുത്ത മുന്നറിയിപ്പാണു നല്‍കുന്നത്.

ഇലക്ട്രോണിക് വിനിമയത്തിനും ക്രയവിക്രയത്തിനും സാധുത നല്‍കുന്നതിന് ഊന്നല്‍നല്‍കിയായിരുന്നു ഐടി ആക്ട് 2000 നിയമം അന്നു നടപ്പാക്കിയത്. 2005ല്‍ ആണു ഭേദഗതിക്കുള്ള കരടു തയാറാക്കിത്തുടങ്ങിയത്. മൂന്നുവര്‍ഷം കൊണ്ടാണ് ഇതു പൂര്‍ത്തിയായത്. ഇ-കൊമേഴ്സ് സൈറ്റായ ബാസീ ഡോട്ട് കോം സിഇഒ അവിനാശ് ബജാജിന്റെ അറസ്റ്റും തുടര്‍ന്നു കോര്‍പറേറ്റ് ലോകത്തുണ്ടായ പ്രതിഷേധവുമാണു നിയമഭേദഗതിക്കു വഴിതെളിച്ചത്. ഡല്‍ഹി പബ്ളിക് സ്കൂളിലെ രണ്ടു വിദ്യാര്‍ഥിനികളുടെ നഗ്നചിത്രങ്ങള്‍ 2004 ഡിസംബറില്‍ ഐഐടി വിദ്യാര്‍ഥി ബാസി ഡോട്ട് കോമില്‍ അപ്ലോഡ് ചെയ്തതിനെ തുടര്‍ന്നാണു അതിന്റെ സിഇഒയെ അറസ്റ്റ് ചെയ്തത്.

The IT AA, 2008 adds new eight cyber offences viz;

  1. sending offensive messages through a computer or mobile phone (Section 66A),
  2. receiving stolen computer resource or communication device (Section 66B)
  3. Punishment for identity theft (Section 66C)
  4. Punishment for cheating by personation using computer resource (Section 66D)
  5. Punishment for violating privacy or video voyeurism (Section 66E)
  6. Cyber Terrorism (Section 66F)
  7. Publishing or transmitting material in electronic form containing sexually explicit act (Section 67A),
  8. Child pornography (Section 67B)

2008 ലെ കൂട്ടിചേർക്കലുകളെ ഏതാണ്ട് ഇങ്ങനെ സംഗ്രഹിക്കാം:

സൈർ കുറ്റങ്ങളെപറ്റിയും അതിനുള്ള ശിക്ഷാവിധികളേയും പറ്റി വിശദീകരിക്കുന്നത് പ്രധാനമായും വകുപ്പ് 66 ലാണു. അതിൽ പ്രതിപാദിക്കുന്നതെല്ലാം വിരോധമുളവാക്കുന്ന സന്ദേശങ്ങൾ ഈ-മെയിൽ വഴി അയക്കുകയും കൈമാറുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന ഭവിഷ്യത്തുകളെ പറ്റിയാണു.

മറ്റൊരാളെക്കുറിച്ചു തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇ-മെയില്‍ സന്ദേശങ്ങൾ കൈമാറ്റം ചെയ്യുന്നതും ഇനി മൂന്നുവര്‍ഷം വരെ ശിക്ഷകിട്ടാവുന്ന കേസ്.

തികച്ചും കുറ്റകരമായ, അല്ലെങ്കില്‍ നിന്ദാപരമായ സന്ദേശങ്ങള്‍ അയയ്ക്കുകയോ, ഫോര്‍വേഡ് ചെയ്യുകയോ ചെയ്യുന്നതു മൂന്നുവര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്നതും 10 ലക്ഷം രൂപ വരെ പിഴ ലഭിക്കാവുന്നതുമായ കുറ്റകൃത്യമാണ്.

മറ്റൊരാളെ ശല്യപ്പെടുത്തുകയോ, ബുദ്ധിമുട്ടുണ്ടാക്കുകയോ, അപകടമുണ്ടാക്കുകയോ, അപമാനമുണ്ടാക്കുകയോ, ശത്രുതയുണ്ടാക്കുകയോ, ഭീഷണിപ്പെടുത്തുകയോ ചെയ്യുന്ന ഇ-മെയിൽ സന്ദേശങ്ങൾ ദുഷ്ടലാക്കോടെ അയയ്ക്കുന്നത് ഐടി ആക്ട് 66 വകുപ്പുപ്രകാരം മൂന്നുവര്‍ഷംവരെ തടവുകിട്ടാവുന്ന കേസാണ്.

[ഉദാഃ 1.സൌദി അറേബ്യയിൽ ബിസിനസ്സ് നടത്തുന്ന പ്രമോഷ് എന്നയാളുടെ കുന്നംകുളം കടവല്ലൂരിലെ വീടിന്റെ ചിത്രം മാർക്സിസ്റ്റ് പാർട്ടി സെക്രട്ടറി പിണറായി വിജയന്റെ വീടിന്റെ ചിത്രമെന്ന വ്യാജേന ഇന്റർനെറ്റ് ഈമെയിൽ വഴി പ്രചരണം നടക്കുകയുണ്ടായി. ഇതിനെതിരെ പിണറായി ഡി.ജി.പിക്ക് പരാതി നൽകി.

പിണറായി വിജയനെ അപകീർത്തിപ്പെടുത്തുന്ന ഈ-മെയിൽ അയച്ച കേസിൽ രണ്ടു പേരെ സൈബർ സെൽ അറസ്റ്റു ചെയ്തു. വ്യാജ ചിത്രം പുതിയ അടികുറിപ്പോടെ ഈ-മെയിലിൽ അയച്ചുവെന്നതാണു കുറ്റം. ഐ ടി ആക്ടിലെ 66 എ വകുപ്പ് പ്രകാരം അപകീർത്തിപ്പെടുത്തുന്ന സന്ദേശമയച്ചതിനാണു മൂന്നു വർഷം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റം ചാർത്തിയിരിക്കുന്നത്.

പിണറായി വിജയന്‍ കേസ് പൊതുജനങ്ങള്‍ക്കും കംപ്യൂട്ടര്‍ ഉപയോക്താക്കള്‍ക്കുമുള്ള 'പാഠംഎന്ന നിലയിലാണ് എടുത്തതെന്നു പൊലീസ് മേധാവികള്‍ പറയുന്നു. പിണറായി വിജയന്റെ വീടെന്ന രീതിയില്‍ വ്യാജചിത്രം പ്രചരിപ്പിച്ച എല്ലാവരും നിയമം അണുവിട തെറ്റാതെ നടപ്പാക്കിയാല്‍ കേസില്‍ പ്രതികളാകേണ്ടി വരും; ഇവരുടെ ഉദ്ദേശ്യം പിന്നീടു തെളിയിക്കപ്പെടേണ്ടതാണെങ്കിലും. ഫോട്ടോയ്ക്ക് അടിക്കുറിപ്പു നല്‍കിയവരെന്നു പൊലീസ് അവകാശപ്പെടുന്നവരെ മാത്രമാണു അറസ്റ്റ് ചെയ്തത്.

ഐ റ്റി നിയമ ഭേദഗതി നിലവിൽ വന്നതിനു ശേഷമുള്ള സംസ്ഥാനത്തെ ആദ്യത്തെ കേസാണിത്.

 

2. നിസ്സാരമായ ചില പരിഹാസങ്ങൾ പോലും ചിലർക്ക് പ്രയാസമുണ്ടാക്കിയേക്കാം. തീർന്നില്ലേ കാര്യം. ഐ.റ്റി നിയമത്തിനെതിരായി. എഴുതിയതിന്റെ ധ്വനി പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാം. അത്തരത്തിലുള്ള സന്ദേശങ്ങൾ കിട്ടുന്നവർക്ക് ബുദ്ധിമുട്ടോ, അപമാനമോ തോന്നിയേക്കാം. അപ്പോഴും പെട്ടതു തന്നെ.

മോഷ്ടിക്കപ്പെട്ട കംപ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍, സിഡിറോം, പെന്‍ഡ്രൈവ് ഉള്‍പ്പെടെയുള്ള കമ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ അതു മോഷ്ടിക്കപ്പെട്ടതാണെന്നറിഞ്ഞുകൊണ്ട് ഉപയോഗിച്ചാല്‍ മൂന്നുവര്‍ഷം വരെ തടവോ ഒരുലക്ഷം വരെ പിഴയോ ലഭിക്കും. കംപ്യൂട്ടര്‍ വഴിയുള്ള തട്ടിപ്പ്, വഞ്ചന, ഡിജിറ്റല്‍ ഒപ്പ് മോഷ്ടിക്കല്‍, പാസ്വേര്‍ഡ് ദുരുപയോഗം എന്നിവയ്ക്കും സമാനശിക്ഷയാണുള്ളത് [വകുപ്പ് 66ബി].

വ്യക്തിയുടെ അനുവാദമില്ലാതെ സ്വകാര്യഭാഗങ്ങളുടെ ചിത്രങ്ങള്‍ എടുക്കുന്നതും അയയ്ക്കുന്നതും അവരുടെ സ്വകാര്യതയിലോട്ടുള്ള കടന്നുകയറ്റമായി കരുതും. മൂന്നുവര്‍ഷം വരെ തടവോ രണ്ടുലക്ഷത്തിലധികം പിഴയോ ലഭിക്കാവുന്ന കുറ്റമാണ്.[വകുപ്പ് 66ഇ]

നഗ്നമോ, അടിവസ്ത്രങ്ങള്‍ കൊണ്ടു മറച്ചതോ ആയ ലൈംഗികാവയവങ്ങള്‍, ഗുഹ്യഭാഗങ്ങള്‍, നിതംബം, സ്ത്രീകളുടെ മാറിടം എന്നിവയാണു സ്വകാര്യഭാഗങ്ങളായി നിയമത്തില്‍ വിശദീകരിച്ചിരിക്കുന്നത്.

ഐടി ആക്ട് 67. ഇലക്ട്രോണിക് മാധ്യമത്തിൽ കൂടി പ്രസിദ്ധീകരിക്കുന്ന / പ്രസരിപ്പിക്കുന്ന ഏതുതരം അശ്ലീലങ്ങളേയും ഈ വകുപ്പിൽ പെടുത്താം. ഇവിടെയാണു ബ്ലോഗുകൾ പ്രസക്തമാകുന്നത്. അതായത് അശ്ളീലചിത്രങ്ങള്‍ /ലേഖനങ്ങൾ എന്നിവ വെബ്സൈറ്റിൽ /ബ്ലോഗിൽ പ്രസിദ്ധീകരിക്കുക, പ്രസരണം നടത്തുക എന്നിവയ്ക്കു മൂന്നുവര്‍ഷം തടവും അഞ്ചുലക്ഷം രൂപ വരെ പിഴയുമാണുള്ളത്. കുറ്റം ആവര്‍ത്തിച്ചാല്‍ തടവിന്റെ കാലാവധി അഞ്ചുവര്‍ഷവും പിഴയുടേതു 10 ലക്ഷവുമാകും. മറ്റു കുറ്റങ്ങളില്‍ പിഴയോ തടവോ ഏതെങ്കിലുമൊന്ന് അനുഭവിച്ചാല്‍ മതിയെങ്കില്‍ അശ്ളീലപ്രസാരണത്തിനു രണ്ടും ഒന്നിച്ചനുഭവിക്കണം.

ഇലക്ട്രോണിക് മാധ്യമത്തിലുടെ ലൈംഗിക പ്രവർത്തനം വ്യക്തമാകുന്ന ഏതുതരം കാര്യങ്ങളും ഇതു പോലെ പ്രസിദ്ധീകരിക്കുന്നതും പ്രസരണം നടത്തുന്നതും കുറ്റകരമാണു.[വകുപ്പ് 67 എ] ഇതും ബ്ലോഗുകൾ ശ്രദ്ധിക്കേണ്ട ഒരു വകുപ്പാണു.

എന്നാൽ ഇപ്രകാരം ചെയ്യുന്നത് പൊതുജന താല്പര്യപ്രകാരമോ, മതാവശ്യങ്ങൾക്ക് വേണ്ടിയോ ആണെങ്കിൽ ഈ നിയമം ബാധകമല്ല. [വകുപ്പ് 67 A]

അശ്ലീലമായാലും, ലൈംഗികമായാലും ഒരു കമ്പ്യൂട്ടറിൽ അല്ലെങ്കിൽ ഒരു ഇലക്ട്രോണിക് മാധ്യമത്തിൽ ശേഖരിച്ച് വക്കുന്നത് ഈ വകുപ്പുകൾ [67, 67എ] പ്രകാരം കുറ്റമാണെന്നു തോന്നുന്നില്ല. നിയമത്തിൽ പറയുന്നത് published or transmitted എന്നു മാത്രമാണു. പക്ഷേ ആ ശേഖരം ഉടമസ്ഥന്റെ അറിവോടും സമ്മതത്തോടും ആയിരിക്കണമെന്നു മാത്രം.

Child Pornography യുടെ കാര്യത്തിൽ ഈ നിയമം വളരെ കർക്കശമാണു.
18 വയസ്സിനു താഴെയുള്ള കുട്ടികളുടെ നഗ്ന, ലൈംഗിക ചിത്രങ്ങള്‍ പ്രസാരണം നടത്തുകയോ പ്രസിദ്ധീകരിക്കുകയോ കൈമാറുകയോ ചെയ്യുന്നത് കുറ്റകരം. അതുകൊണ്ട് അപ്രകാരമുള്ള ചിത്രങ്ങൾ/ചിത്രീകരണങ്ങൾ ഇന്റര്‍നെറ്റ്വഴി സ്വന്തം കമ്പ്യൂട്ടറിൽ ബ്രൌസ് ചെയ്യലും ഡൌണ്‍ലോഡ് ചെയ്യലും തെരച്ചിൽ നടത്തുന്നതും ശിക്ഷാര്‍ഹമാണ്. ലൈംഗികമായി പ്രലോഭിപ്പിക്കുന്ന ഇ-മെയില്‍, ചാറ്റിങ്, എസ്എംഎസ് എന്നിവയ്ക്കും സമാനശിക്ഷയാണുള്ളത്. [വകുപ്പ് 67ബി]

ഇനിമുതൽ, സ്വകാര്യമായി സ്വന്തം മുറിയിലിരുന്നു കമ്പ്യൂട്ടറിൽ ശേഖരിച്ച് വച്ചിരിക്കുന്ന ലൈംഗികവേഴ്ചകൾ കാണുമ്പോൾ, ആ വേഴ്ചകളിൽ 18 വയസ്സിനു മുകളിലുള്ളവർ മാത്രമേ ഉൾപ്പെട്ടിട്ടുള്ളുവെന്നു ഉറപ്പ് വരുത്തികൊള്ളണം. അത് ഇന്റർനെറ്റിൽ പ്രസിദ്ധീകരിച്ചതോ കൈമാറികിട്ടിയതോ ആയിരിക്കരുത് [വകുപ്പ് 67എ]. ആങ്ങനെയാണെങ്കിൽ ചിലപ്പോൾ ഗോതമ്പുണ്ട തിന്നേണ്ടി വരും. സന്തോഷ് മാധവനെ അനുകരിച്ചാ‍ൽ രക്ഷപെട്ടേക്കാം. അതായത് സ്വന്തമായി നഗ്ന ചിത്രങ്ങൾ /ചിത്രീകരണങ്ങൾ നിർമ്മിക്കുക. ഒരു കാര്യം ഓർമ്മ വേണം. ചിത്രീകരണത്തിൽ പങ്കെടുക്കുന്നവർ 18 വയസ്സ് കഴിഞ്ഞവരായിരിക്കണം. പിന്നെ ഒരു പോലീസ് കാരനേയും പേടിക്കേണ്ട. സ്വസ്ഥമായി സ്വന്തം മുറിയിലിരുന്നു നയന സുഖം ആസ്വദിക്കാം.

ശാസ്ത്രം, കല, സാഹിത്യം, പഠനം എന്നിവയുടെ താല്‍പര്യത്തിനനുസൃതമായി തയാറാക്കുന്ന ലൈംഗിക സ്വഭാവമുള്ളവ നിയമനടപടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പുതിയ വകുപ്പില്‍ ഏറ്റവും കർക്കശമായ ശിക്ഷയുള്ളതു സൈബര്‍ തീവ്രവാദത്തിനാണ്. രാജ്യത്തിന്റെ അഖണ്ഡത, സുരക്ഷ, വിദേശ രാജ്യങ്ങളുമായുള്ള സൌഹൃദം എന്നിവയ്ക്കു ഭീഷണിയുണ്ടാക്കുന്നതോ, വ്യക്തികള്‍ക്ക് അപകടം സംഭവിക്കാന്‍ കാരണമാക്കുന്നതോ, സമൂഹത്തെ പൊതുവായി ബാധിക്കുകയോ ചെയ്യുന്ന പ്രവൃത്തികളാണു സൈബര്‍ തീവ്രവാദത്തില്‍ ഉള്‍പ്പെടുന്നത്. ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്നതാണ് ഈ കുറ്റകൃത്യങ്ങള്‍.

നേരത്തേയുള്ള നിയമമനുസരിച്ചു വെബ്സൈറ്റിന്റെ നടത്തിപ്പുകാര്‍ക്കെതിരെയാണു കേസെങ്കില്‍ പുതിയ ഭേഗഗതിപ്രകാരം സ്വതന്ത്രമായി അപ്ലോഡ് ചെയ്യാവുന്ന സൈറ്റുകളില്‍ നിയമവിരുദ്ധമായ കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നവര്‍ക്കെതിരെ കേസെടുക്കും.

ഓര്‍ക്കുട്ട്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ വ്യാജപ്രൊഫൈലുകളുണ്ടാക്കി അപകീര്‍ത്തികരമായ പ്രവര്‍ത്തനം നടത്തുന്നവരും കേസിലാകും. അസിന്റെയോ ഷാറുഖ് ഖാന്റെയോ ഫോട്ടോ പ്രൊഫൈലില്‍ വച്ചു മനപ്പൂര്‍വം കബളിപ്പിക്കുന്നവരും പരാതിയുടെ അടിസ്ഥാനത്തില്‍ പിടിയിലാകും [വകുപ്പ് 66ഡി].

പരാതികളുടെ അടിസ്ഥാനത്തില്‍ അതതു പൊലീസ് സ്റ്റേഷനാണു കേസ് റജിസ്റ്റര്‍ ചെയ്തു നടപടി സ്വീകരിക്കേണ്ടതെന്നു സൈബര്‍ സെല്‍ മേധാവിയായ ഐജി ടോമിന്‍ തച്ചങ്കരി പറഞ്ഞു. സൈബര്‍സെല്‍ ഇതു സംബന്ധിച്ചു വിദഗ്ധസഹായം നല്‍കും. പ്രത്യേക സാഹചര്യങ്ങളില്‍ പരാതിയില്ലാതെ തന്നെ പൊലീസിനു സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്താം.

നേരത്തേ ഡിവൈഎസ്പിക്കു താഴെയല്ലാത്ത ഉദ്യോഗസ്ഥരാണു സൈബര്‍ ആക്ട് സംബന്ധിച്ചു നടപടിയെടുക്കേണ്ടിയിരുന്നതെങ്കില്‍ ഭേദഗതി അനുസരിച്ചു സിഐയ്ക്കു താഴെയല്ലാത്ത ഉദ്യോഗസ്ഥരാണു നടപടിയെടുക്കേണ്ടത്. ഇവര്‍ക്കു പൊതുസ്ഥലത്തു പ്രവേശിക്കാനും സെര്‍ച്ച് നടത്താനും വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനും അനുവാദമുണ്ട്.[വകുപ്പ് 80]

'...ഒരു കമ്പ്യൂട്ടറില്‍ നിന്ന് സത്യസന്ധമായി ലഭിക്കാത്ത, അല്ലെങ്കില്‍, കവര്‍ന്നെടുക്കുന്ന, വിവരങ്ങള്‍ ഉപയോഗിക്കുന്നത്...' മൂന്നുവര്‍ഷം വരെ തടവോ ഒരുലക്ഷം രൂപ പിഴയോ അല്ലെങ്കില്‍ ഇതു രണ്ടും ഒന്നിച്ചോ ശിക്ഷ ലഭിക്കത്തക്കവിധമുള്ള കുറ്റമാണെന്നാണ് 66-ബി ഉപവകുപ്പ് പറയുന്നത്. കട്ടെടുത്ത വസ്തുക്കൾ, നിയമവിരുദ്ധമായ കാര്യങ്ങൾ തുടങ്ങിയവ വീടുകളിൽ സൂക്ഷിക്കുന്നത് കുറ്റകരമല്ലേ. അതു പോലെ ഇനിമുതൽ അത്തരം കാര്യങ്ങൾ നിങ്ങളുടെ കമ്പ്യൂട്ടറിലോ, നിങ്ങൾക്കനുവദിച്ച നിങ്ങളുടെ പേരിലുള്ള മറ്റു ഡിജിറ്റൽ സ്പേസിലോ സൂക്ഷിക്കുന്നതും കുറ്റകരമാണു. ഈ നിയമം പാലിക്കുന്നുവെന്നു ഉറപ്പ് വരുത്താനായിരിക്കണം സൈബർ സുരക്ഷിതത്ത്വത്തിന്റെ പേരിൽ ഏത് പോലീസ് ഇൻസ്പെക്ടർ ഏമാനും ഏതു സമയത്തും പൊതു സ്ഥലങ്ങളിലുള്ള കമ്പ്യൂട്ടറുകളോ [വകുപ്പ 70], സ്വൊകാര്യ കമ്പ്യൂട്ടറുകളോ മോണിറ്റർ ചെയ്യുവാനുള്ള അധികാരം നൽകിയിട്ടുള്ളത് [വകുപ്പ് 69ബി].

ഒരു പ്രത്യേക കമ്പ്യൂട്ടര്‍ കുറ്റകരമായ കാര്യങ്ങള്‍ക്കുവേണ്ടി ഉപയോഗിച്ചയാളെ കണ്ടെത്തിയില്ലെങ്കില്‍ ആ കമ്പ്യൂട്ടറിന്റെ ഉടമസ്ഥന്‍ ഒന്നാംപ്രതിയാകുന്ന വ്യവസ്ഥയും ഐ.ടി. നിയമത്തിലുണ്ട്.

ഈ നിയമങ്ങൾ ഉണ്ടാക്കിയതും, മേലിൽ ഇതിനു വേണ്ടുന്ന പുതുക്കലുകൾ നടത്തേണ്ടതും കേന്ദ്രസർക്കാരാണെങ്കിലും, കേരളത്തിൽ ഈ നിയമങ്ങൾ നടപ്പാക്കുന്നതിനു വേണ്ടുന്ന ചട്ടങ്ങൾ ഉണ്ടാക്കേണ്ടത് സംസ്ഥാന സർക്കാരാണു [വകുപ്പ് 90].

പ്രത്യേക ശ്രദ്ധക്ക്:

വകുപ്പ് 66A(c).
മറ്റൊരാളെ അപകടമുണ്ടാക്കുകയോ, അപമാനമുണ്ടാക്കുകയോ, ശത്രുതയുണ്ടാക്കുകയോ,ഭീഷണിപ്പെടുത്തുകയോ ചെയ്യുന്ന ഇ-മെയിലുകള്‍ ദുഷ്ടലാക്കോടെ അയയ്ക്കുന്നത് ഐടി ആക്ട് 66 വകുപ്പുപ്രകാരം മൂന്നുവര്‍ഷംവരെ തടവുകിട്ടാവുന്ന കേസാണ്.

മേൽ പറഞ്ഞത് മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാൽ നം അയക്കുന്ന ഈ-മെയിലുകൾ മറ്റൊരാളെ ശല്യപ്പെടുത്തുകയോ, ബുദ്ധിമുട്ടുണ്ടാക്കുകയോ ചെയ്യുന്നുവെങ്കിൽ മൂന്നു വർഷം വരെ തടവു കിട്ടാവുന്ന കേസ്സാണെന്നു വന്നാലോ?

ഇതെന്താ വെള്ളരിക്കാ പട്ടണമോ. അയക്കുന്ന ആൾ ഉദ്ദേശിച്ചില്ലെങ്കിലും, ഈ-
മെയിൽ കിട്ടുന്ന ആൾക്ക് അങ്ങനെ തോന്നിപ്പോയാൽ സംഗതി കുഴഞ്ഞല്ലോ.

രസകരമായൊരു മറ്റൊരു കാര്യം. ഇത്തരത്തിലുള്ള ഈ മെയിലുകൾ അയക്കുന്ന ആളാണല്ലോ സാധാരണഗതിയിൽ അപമാനമുണ്ടാക്കിയതിനോ, ഭീഷണിപ്പെടുത്തിയതിനോ ഉത്തരവാദി. എന്നാൽ പുതുക്കിയ നിയമത്തിൽ “"transmitted or received on a computer," എന്നു പറഞ്ഞിരിക്കുന്നതിൽ നിന്നു മനസ്സിലാകുന്നത് ഈമെയിൽ അയച്ചവനും കിട്ടിയവനും തുല്യ ഉത്തരവാദിത്വമുണ്ടെന്നാണു.

വകുപ്പ് 66E - സ്വകാര്യതയിലോട്ടുള്ള കടന്നുകയറ്റം - sting operation

മറ്റാരും കാണില്ലെന്നു കരുതി ഉടുതുണി മാറാൻ കണ്ടെത്തിയ ഒരു സ്ഥലത്ത് അവിടം പൊതുസ്ഥലത്തിന്റെ ഭാഗമോ അല്ലെങ്കിൽ സ്വകാര്യസ്ഥലത്തിന്റെ ഭാഗം ആയാലും ശരി
അറിഞ്ഞുകൊണ്ട് മനഃപ്പൂർവം ഒളിക്യാമറ ഉപയോഗിച്ചോ മറ്റേതെങ്കിലും സംവിധാനം ഉപയോഗിച്ചോ ആണിന്റേതോ പെണ്ണീന്റേതോ അടിവസ്ത്രങ്ങൾക്കടിയിലുള്ള ശരീരഭാഗങ്ങളെ സമ്മതമില്ലാതെ ചിത്രീകരിക്കുകയോ, ചിത്രീകരണത്തെ കൈമാറുകയോ, പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നത് വകുപ്പ് 66 ഇ പ്രകാരം കുറ്റകരമാണു.

ഉദാഃ ആശുപത്രികൾ, ഹോട്ടൽ മുറികൾ, ഗ്രീൻ റൂം മുതലായവ.

അപ്പോൾ എല്ലാ സ്റ്റിംഗ് ഓപ്പറേഷനുകളും നിയമവിരുദ്ധമല്ല എന്നു സാരം.

ഐടി ആക്ട് 67. ബ്ലോഗുകൾ പ്രത്യേകം ശ്രദ്ധിക്കുക.

അങ്ങനെ ഇൻഡ്യ ചൈനയേയും കടത്തി വെട്ടിയിരിക്കുന്നു. നാം ഉപയോഗിക്കുന്ന ഇലക്ട്രോണിക് കമ്മ്യൂണിക്കേഷനുകളിൽ അനുവാദം കൂടാതെ സർക്കാരിനു ഊളിയിട്ട് നോക്കാനും വേണ്ടിവന്നാൽ ഇടപെടന്നും ഈ നിയമം അധികാരം നൽകിയിരിക്കുന്നു.

ഇലക്ട്രോണിക് മാധ്യമത്തിൽ കൂടി പ്രസിദ്ധീകരിക്കുന്ന / പ്രസരിപ്പിക്കുന്ന ഏതുതരം അശ്ലീലങ്ങളേയും ഈ വകുപ്പിൽ പെടുത്താം. ഇവിടെയാണു ബ്ലോഗുകൾ പ്രസക്തമാകുന്നത്. അതായത് അശ്ളീലചിത്രങ്ങള്‍ /ലേഖനങ്ങൾ എന്നിവ വെബ്സൈറ്റിൽ /ബ്ലോഗിൽ പ്രസിദ്ധീകരിക്കുക, പ്രസരണം നടത്തുക എന്നിവയ്ക്കു മൂന്നുവര്‍ഷം തടവും അഞ്ചുലക്ഷം രൂപ വരെ പിഴയുമാണുള്ളത്. കുറ്റം ആവര്‍ത്തിച്ചാല്‍ തടവിന്റെ കാലാവധി അഞ്ചുവര്‍ഷവും പിഴയുടേതു 10 ലക്ഷവുമാകും. മറ്റു കുറ്റങ്ങളില്‍ പിഴയോ തടവോ ഏതെങ്കിലുമൊന്ന് അനുഭവിച്ചാല്‍ മതിയെങ്കില്‍ അശ്ളീലപ്രസാരണത്തിനു രണ്ടും ഒന്നിച്ചനുഭവിക്കണം.

ഇലക്ട്രോണിക് മാധ്യമത്തിലുടെ ലൈംഗിക ചേഷ്ടകൾ വെളിവാക്കുന്ന ഏതുതരം കാര്യങ്ങളും ഇതു പോലെ പ്രസിദ്ധീകരിക്കുന്നതും പ്രസരണം നടത്തുന്നതും കുറ്റകരമാണു.[വകുപ്പ് 67 എ] ഇതും ബ്ലോഗുകൾ ശ്രദ്ധിക്കേണ്ട ഒരു വകുപ്പാണു.

എന്നാൽ ഇപ്രകാരം ചെയ്യുന്നത് പൊതുജന താല്പര്യപ്രകാരമോ, മതാവശ്യങ്ങൾക്ക് വേണ്ടിയോ ആണെങ്കിൽ ഈ നിയമം ബാധകമല്ല. [വകുപ്പ് 67 A]

വകുപ്പ് 67ബി.
തുടക്കത്തിൽ, കുട്ടികളെ ഉപയോഗിച്ചുള്ള (child pornography) ലൈംഗികപ്രദർശനം അടങ്ങിയ കാര്യങ്ങൾ കമ്പ്യൂട്ടറിൽ കൂടി പ്രസിദ്ധീകരിക്കുന്നതും, മറ്റുള്ളവർക്ക് അയച്ചു കൊടുക്കുന്നതും കുറ്റകരമാക്കിയിരുന്നു. എന്നാൽ 2008 ലെ പുതുക്കൽ പ്രകാരം അപ്രകാരം പ്രസിദ്ധികരിച്ച ലൈംഗികപ്രദർശനങ്ങളെ നോക്കുന്നതും (browzing), തെരയുന്നതും (seeking) കുറ്റകരമാക്കിയിരിക്കുന്നു. കമ്പ്യൂട്ടറിൽ പോൺ ചിത്രങ്ങൾ/ചിത്രീകരണങ്ങൾ (പ്രായപൂർത്തിയായവരുടേതായാലും) ശേഖരിച്ചോ പകർന്നോ വച്ചിട്ടുണ്ടെങ്കിൽ അതിന്റെ ഉടമയുടെ അനുവാദത്തോടെ ആയിരിക്കണം. ഇല്ലെങ്കിൽ അതും കുറ്റം. നിങ്ങൾ ശേഖരിച്ച് /പകർന്ന് വച്ചിട്ടുള്ള അശ്ലീല ചിത്രങ്ങൾ / ചിത്രീകരണങ്ങൾ ഇന്റർനെറ്റിൽ ഒരിക്കലും പ്രസിദ്ധികരിക്കരുത്. പ്രസിദ്ധികരിക്കുകയോ, പ്രസരിപ്പിക്കുകയോ ചെയ്താൽ വകുപ്പ് 67 പ്രകാരം കുറ്റക്കാരാകും.

വൈറസ്സ്, ട്രോജൻ മുതലായവ കാരണം നിരപരാധികളെ കുറ്റവാളികളാക്കുന്ന ഒരു നിയമമാണിത്. ഇന്ന് അവനവനു ആവശ്യമുള്ള വിവരങ്ങൾ സ്വന്തം കമ്പ്യൂട്ടറിൽ മാത്രമല്ല ശേഖരിച്ച് വക്കുന്നത്. മറ്റുള്ളവരുടെ കമ്പ്യൂട്ടറും, ഇന്റർനെറ്റിൽ നിന്നും ലഭ്യമാക്കുന്ന സ്ഥലങ്ങളും (storage space) ഇതിനുവേണ്ടി ഉപയോഗിക്കുന്നുണ്ട്. അവിടെയൊക്കെ ഉടമയറിയാതെ തന്നെ പലരും ആക്രമിച്ച് കൈയ്യേറി നിരോധിച്ചിരിക്കുന്ന കാര്യങ്ങൾ ശേഖരിച്ച് വക്കാൻ സാധ്യതയുണ്ട്. പക്ഷേ ആ സ്ഥലത്തിന്റെ (സ്റ്റോറേജ് സ്പേസ്) ഉടമ നിയമത്തിന്റെ മുന്നിൽ കുറ്റവാളിയാകുന്നു. നിരപരാധിത്വം തെളിയിക്കേണ്ട ബാധ്യത ഉണ്ടാകുന്നു. ഇത്തരം സന്ദർഭങ്ങളിൽ നിരപരാധികളെ ഒഴിവാക്കാനുള്ള ഒരു ചട്ടങ്ങളും പുതുക്കിയ നിയമത്തിൻ കീഴിൽ ഉണ്ടാക്കിയിട്ടില്ല.

മറ്റൊരാളിന്റെ കമ്പ്യൂട്ടറിൽ ഒരു വൈറസ് ഉപയോഗിച്ച് ലൈംഗിക പ്രദർശനങ്ങൾ ഉൽക്കൊള്ളുന്ന പടങ്ങളും, വീഡിയോവും സ്റ്റോർ ചെയ്ത് വക്കാനുള്ള സംവിധാനം ഇന്നു നിലവിലുണ്ട്. ഇന്നു പലർക്കും ഇന്റർനെറ്റിൽ സ്വന്തമായി ഫയലുകൾ സൂക്ഷിച്ച് വക്കാനുള്ള ഇടം പണം കൊടുത്തും അല്ലാതെയും ലഭ്യമാണു. അവിടെയൊക്കെ ഉടമസ്ഥൻ അറിയാതെ മറ്റുള്ളവർ കടന്നുകയരി കുട്ടികളെ ഉപയോഗിച്ചുള്ള ലൈംഗിക ചേഷ്ടകൾ അടങ്ങുന്ന ചിത്രങ്ങളും വീഡിയോകളും ശേഖരിച്ച് വക്കുവാനുള്ള സംവിധാനം ഇന്നു ലഭ്യമാണു. ആ കമ്പ്യൂട്ടറിന്റെ ഉടമസ്ഥൻ യാദൃശ്ചികമായി പോലും തന്റെ കമ്പ്യൂട്ടറിൽ താനറിയാതെ ശേഖരിച്ചിരിക്കുന്ന ആ പടങ്ങളെ, വീഡിയോകളെ കണ്ടു പോയാൽ, കുറ്റമാണന്നാണോ? ആണെന്നു നിയമം പറയുന്നു. ഇതു സംഭവിച്ച കഥയാണു. 

ഇങ്ങനെയൊക്കെയാണെങ്കിലും, ഈ വകുപ്പ് 67 ബി. ഒരു ഉമ്മാക്കിയാണന്നേ ഞാൻ പറയൂ. കാരണം നാം കാണുന്ന അല്ലെങ്കിൽ തെരയുന്ന ചിത്രങ്ങളിൽ / ചിത്രീകരണങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളവർ, ആണായാലും പെണ്ണായാലും, 18 വയസ്സിൽ താഴെയുള്ള കുട്ടികളാണെന്നു തെളിഞ്ഞാലേ, നാം കുറ്റക്കാരാവൂ.. അതു തെളിയിക്കാൻ ഇമ്മിണി പ്രയാസപ്പെടും. ആ കുട്ടികൾ ആരാണെന്നു ആദ്യം കണ്ടുപിടിക്കണം പിന്നെ അവരുടെ വയസ്സും.

വകുപ്പ് 69, വകുപ്പ് 69എ., വകുപ്പ് 69 ബി.
ഇന്റർനെറ്റ് ഫോൺ (VoiP) ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക.
പരിപൂർണ്ണ സ്വാതന്ത്ര്യം ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ നേരത്തേ തന്നെ അനുവദിച്ചിട്ടില്ല.

As per existing policy, VoIP calls are not allowed to be terminated on terrestrial PSTN network within India

എന്നാൽ സാധാരണ ഉപയോഗത്തിനെ നിരുത്സാഹപ്പെടുത്തുന്നതുമില്ല. (ഇൻഡ്യക്ക് വെളിയിൽ നിന്നുള്ള സേവനങ്ങൾ, ഉദഃ Skype, നിലനിൽക്കുന്നിടത്തോളം അതു സാധിക്കില്ലെന്നതു വേറെ കാര്യം) നവമ്പർ 26 ലെ ബോംബെ ആക്രമണത്തിൽ നിന്നും പാഠം പഠിച്ച്, സൈബർ സുരക്ഷിതത്വം, രാജ്യരക്ഷ, ഭീകരവാദനിവാരണം എന്നിവ ഉറപ്പാക്കുന്നതിനു വേണ്ടുന്ന അധികാരങ്ങൾ ഈ വകുപ്പുകൾ മുഖേന സർക്കാരിൽ നിക്ഷിപ്തമാക്കിയിട്ടുണ്ട്. അതിലൊന്നാണു നമ്മുടെ കമ്പ്യൂട്ടർ പ്രവർത്തനങ്ങളെ (VoIP യുടെ ദുരുപയോഗവും സ്വാഭാവികമായും അതിലുൾപ്പെടുമല്ലോ) അനുവാദം കൂടാതെ സർക്കാരിനു ഊളിയിട്ട് നോക്കാനും വേണ്ടിവന്നാൽ ഇടപെടാനും ഈ നിയമം അധികാരം നൽകിയിരിക്കുന്നു. പണ്ടാണെങ്കിൽ ഇതെല്ലാം ചെയ്യാൻ ഒരു വാറണ്ട് ആവശ്യമായിരുന്നു. ഇന്നതൊന്നും വേണ്ട. ഇതിനു വേണ്ടുന്ന വിശദമായ നടപടിക്രമങ്ങൾ ഉടൻ തന്നെ പ്രസിദ്ധീകരിക്കും. ടെലഫോൺ / മൊബൈൽ ഫോൺ സേവനദാതാക്കൾക്ക് വേണ്ടുന്ന നിർദ്ദേശങ്ങൾ ഉടൻ തന്നെ പ്രതീക്ഷിക്കാം.

ഏത് ഇൻസ്പെക്ടർ ഏമാനും ഏത് സമയത്തും നമ്മുടെ കമ്പ്യൂട്ടറിൽ ശേഖരിച്ചിരിക്കുന്ന കാര്യങ്ങളെ, സൈബർ സുരക്ഷിതത്വം, രാജ്യരക്ഷ, ഭീകരവാദം എന്നുവേണ്ട വിവരശേഖരണം എന്ന് പേരിൽ പോലും,മോണിറ്റർ ചെയ്യുവാനുള്ള അധികാരം നൽകിയിട്ടുണ്ട് . അതായത് ഏമാന്മാർ അവരുടെ ഓഫീസിൽ ഇരുന്നു തന്നെ പലവിധ മാർഗ്ഗങ്ങളിൽ കുടിയും സ്വകാര്യ കമ്പ്യൂട്ടറിൽ കടന്നു കയറി പരിശോധിക്കുവാനുള്ള (മോണിറ്റർ) അധികാരമാണിത്. വേണ്ടി വന്നാൽ കമ്പ്യൂട്ടറുകൾ പിടിച്ചെടുക്കുകയും ചെയ്യാം (വകുപ്പ് 76).

ഏമാനു നമ്മെ ഉപദ്രവിക്കണമെന്നുണ്ടെങ്കിൽ, കമ്പ്യൂട്ടറിൽ കണ്ട അശ്ലീല ചിത്രത്തിലെ ആണിനോ പെണ്ണിനോ വയസ്സ് 18 ൽ കൂടുതലാണെന്നു തെളിയിക്കേണ്ട ബാധ്യത നമ്മുടെ തലയിൽ വച്ചുതരും. ചുമ്മാ, ഉപദ്രവിക്കാൻ വേണ്ടി മാത്രം. ഏതായാലും കരുതിയിരിക്കുക.

ഇനിമുതൽ വെബ്സൈറ്റുകൾ സന്ദർശിക്കാനുള്ള നമ്മുടെ സ്വാതന്ത്ര്യം സർക്കാരിന്റെ ഔദാര്യംകൊണ്ടു മാത്രം . ഈ നിയമം വെബ്സൈറ്റുകളെ ബ്ലോക്ക് ചെയ്യാൻ അധികാരം നൽകുന്നു (വകുപ്പ് 69എ). അതായത് ഇനി ഇന്റർനെറ്റ് വഴി നാം എന്തെല്ലാം കാണണം, വായിക്കണം അല്ലെങ്കിൽ ഏത് ചാനൽ ടി.വി കാണണം എന്നു സർക്കാർ തീരുമാനിക്കും. ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽകൂടി സർക്കാരിനു ഇഷ്ടമല്ലാത്ത കാര്യങ്ങൽ പ്രസരണം ചെയ്യുന്നുവെന്നു തോന്നിയാൽ ഏഷ്യനെറ്റിനോട് ആ ചാനൽ ബ്ലോക്ക് ചെയ്യാൻ പറയും. അനുസരിച്ചില്ലെങ്കിൽ 7 കൊല്ലം തടവ് ശിക്ഷ.

ഏതൊരു നിയമവും നടപ്പിലാക്കുന്നത് അതിനുവേണ്ടി നിർമ്മിച്ച ചട്ടങ്ങളിൽ കൂടിയാണു. അത്തരം ചട്ടങ്ങളിലാണു വിശദമായ നടപടിക്രമങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും ഉണ്ടാകുന്നത്. വകുപ്പുകൾ 52,54,69,69A, 69B and 70B എന്നിവകൾക്ക് കേന്ദ്രസർക്കാർ ചട്ടങ്ങൾ നിർമ്മിച്ച് കഴിഞ്ഞിട്ടുണ്ട്. 43A, 67C, 79 എന്നീ വകുപ്പുകൾക്ക് ഉടൻ ചട്ടങ്ങൾ ഉണ്ടാക്കുമെന്നും അറിയുന്നു. ബാക്കിയുള്ളവകൾക്ക് സംസ്ഥാനസർക്കാരുകളാണു ചട്ടങ്ങൾ ഉണ്ടാക്കേണ്ടത്.

കടപ്പാട്-http:upabhokthavu.blogspot.in

അവസാനം പരിഷ്കരിച്ചത് : 2/15/2020© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate