കടകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും കാര്‍ഡുപയോഗിച്ച് ക്രയവിക്രയം സാധ്യമാക്കുന്നത് പോയന്റ് ഓഫ് സെയില്‍ ടെല്‍മിനലുകള്‍ വഴിയാണ്. സൈ്വയ്പ്പിങ് യന്ത്രങ്ങള്‍ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാകുമ്പോള്‍, എങ്ങനെയാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നതെന്ന് അറിയുന്നത് നന്നായിരിക്കും
ഒരു റീട്ടെയില്‍ ഇടപാട് പൂര്‍ണമാകുന്ന സ്ഥലം അല്ലെങ്കില്‍ സമയം എന്നതാണ് സാധാരണയായി 'പോയന്റ് ഓഫ് സെയില്‍' എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്.
അതായത് നമുക്കേവര്‍ക്കും പരിചയമുള്ളതുപോലെ കടയില്‍ നിന്ന് നാം സാധനങ്ങള്‍ തിരഞ്ഞെടുത്ത് ബില്ലിംഗ് ഏരിയയില്‍ എത്തിക്കുന്നു. അവിടെ ബാര്‍ കോഡ് റീഡര്‍ ഉപയോഗിച്ചോ അല്ലെങ്കില്‍ മാനുവലായോ ഒരാള്‍ ബില്ലിംഗ് പ്രക്രിയ പൂര്‍ത്തിയാക്കുന്നു. അടുത്തതായി പണമിടപാട് നടത്തുന്നത്തിനുള്ള ഊഴമാണല്ലോ. അപ്പോള്‍ നാം ഒന്നുകില്‍ പണം നല്‍കുന്നു, അല്ലെങ്കില്‍ കാര്‍ഡ് ഉപയോഗിച്ച് കടക്കാരന്റെ കറണ്ട് അക്കൗണ്ടിലേക്ക് ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ നടത്തുന്നു.
പോയന്റ് ഓഫ് സെയില്‍ സ്ഥലങ്ങളില്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ ഉപയോഗിച്ച് പണമടയ്ക്കുന്നതിന് സഹായിക്കുന്ന കാര്‍ഡ് ഇന്റര്‍ഫേസിങ് ഉപകരണമാണ് 'പോയന്റ് ഓഫ് സെയില്‍ ടെര്‍മിനല്‍'. ഇതിനെ മിക്കവാറും സൗകര്യാര്‍ത്ഥം പിഒഎസ് എന്ന് മാത്രം വിളിച്ചു പോരുന്നു. ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് ടെര്‍മനില്‍, ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ പോയന്റ് ഓഫ് സെയില്‍ ( EFTPOS ) ടെര്‍മിനല്‍ എന്നൊക്കെ ഈ ഉപകരണത്തിന് പേരുകളുണ്ട്.
ചില രാജ്യങ്ങളില്‍ പി.ഡി.ക്യൂ (പ്രോസസ് ഡാറ്റ ക്വിക്ക്‌ലി) ടെര്‍മിനല്‍ എന്ന പേരിലും ഇതറിയപ്പെടുന്നു. നാളെ മറ്റൊരു സാങ്കേതികവിദ്യക്ക് വഴിമാറും വരെ കാര്‍ഡുപയോഗിച്ച് ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ നടത്തുന്നതിനുള്ള അവശ്യസംവിധാനമാണ് പി.ഒ.എസ് ടെര്‍മിനല്‍.
മിക്ക സൂപ്പര്‍മാര്‍ക്കറ്റുകളിലും മാളുകളിലുമൊക്കെ പോയന്റ് ഓഫ് സെയില്‍ സിസ്റ്റം ഉപയോക്താക്കള്‍ കണ്ടിരിക്കും. ഒരു വി.ഡി.യു (ചിലയിടങ്ങളില്‍ ടച്ച് സ്‌ക്രീന്‍ ഉപയോഗിക്കുന്നു), സിപിയു, കീബോര്‍ഡ്, മൈക്രോ പ്രിന്റര്‍, ബാര്‍കോഡ് സ്‌കാനര്‍ എന്നിവ ചേരുന്ന ഒരു കാഷ് രജിസ്റ്ററാണ് ഈ സിസ്റ്റത്തിന്റെ പ്രധാന ഭാഗം.
കച്ചവടം രേഖപ്പെടുത്താനും, സ്റ്റോക്ക് ലഭ്യത പരിശോധിക്കാനും പി.ഒ.എസ് സിസ്റ്റം സഹായിക്കുന്നു. മിക്ക സ്ഥലങ്ങളിലും ഇത് സെര്‍വറിലേക്കു ബന്ധിപ്പിച്ചിരിക്കുന്ന രീതിയിലായിരിക്കും പ്രവര്‍ത്തിക്കുക. ഈ സിസ്റ്റത്തിന്റെ ഭാഗമായി ഇലക്ട്രോണിക് കാശ് കൈമാറ്റം നടത്താനായി പ്രവര്‍ത്തിക്കുന്ന ഒന്നാണ് പോയിന്റ് ഓഫ് സെയില്‍ ടെര്‍മിനല്‍ അഥവാ പി.ഒ.എസ്.ടി.
നാഷണല്‍ ഡിപ്ലോയര്‍, സര്‍വീസ് പ്രൊവൈഡര്‍, ട്രാന്‍സാക്ഷന്‍ പ്രൊവൈഡര്‍ എന്നിവ ചേരുന്നതാണ് പോയന്റ് ഓഫ് സെയില്‍ ടെര്‍മിനല്‍ ഉപകരണമുള്‍പ്പെടുന്ന സേവന ശൃംഖലയുടെ പൂര്‍ണ്ണഘടന. വിസ, മാസ്റ്റര്‍കാര്‍ഡ് എന്നിവയ്ക്കൊപ്പം ഇന്ത്യയില്‍ റുപയ് കാര്‍ഡും നാഷണല്‍ ഡിപ്ലോയര്‍ ആയി വര്‍ത്തിക്കുന്നു.
രാജ്യത്തെ പോയന്റ് ഓഫ് സെയില്‍ ടെര്‍മിനലുകളില്‍ സര്‍വീസ് പ്രൊവൈഡര്‍ വ്യത്യാസമില്ലാതെ ഏതു ട്രാന്‍സാക്ഷന്‍ പ്രൊവൈഡറുടെയും കാര്‍ഡുകള്‍ ഒരു പി ഒഎസ് ടെര്‍മിനല്‍ ഉപയോഗിക്കാന്‍ കഴിയും. ഉദാഹരണത്തിന് 'എക്‌സ്' എന്ന ബാങ്കിന്റെ പോയന്റ് ഓഫ് സെയില്‍ ടെര്‍മിനലുകളില്‍ 'വൈ' ബാങ്കുകളുടെ വിസ/മാസ്റ്റര്‍/റുപയ് കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയുന്നു. ഇതില്‍ 'എക്‌സ്' സര്‍വീസ് പ്രൊവൈഡറും 'വൈ' ട്രാന്‍സാക്ഷന്‍ പ്രൊവൈഡറുമാണ്.
പോയന്റ് ഓഫ് സെയില്‍ ടെര്‍മിനലുകള്‍ പ്രധാനമായും രണ്ടു തരത്തിലുണ്ട്-ഫിക്‌സഡ് ടെര്‍മിനലുകളും, പോര്‍ട്ടബിള്‍ ടെര്‍മിനലുകളും. സൂപ്പര്‍ മാര്‍ക്കറ്റ് പോലുള്ള സ്ഥലങ്ങളില്‍ സാധാരണയായി ഫിക്‌സഡ് ടെര്‍മിനലുകളാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഹോട്ടലുകള്‍,പെട്രോള്‍ പമ്പുകള്‍ എന്നിവിടങ്ങളില്‍ ഉപഭോക്താവിന്റെ സൗകര്യം മുന്‍നിര്‍ത്തി പോര്‍ട്ടബിള്‍ കാര്‍ഡ് റീഡറുകള്‍ ഉപയോഗിച്ച് വരുന്നു.
സാധാരണയായി ഫിക്‌സഡ് പോയന്റ് ഓഫ് സെയില്‍ ടെര്‍മിനല്‍ ടെലഫോണ്‍ കേബിള്‍ വഴിയായിരിക്കും സ്വിച്ചിങ് സെന്ററുമായി ഘടിപ്പിച്ചിരിക്കുന്നത്. ഇതില്‍ ട്രാന്‍സാക്ഷന്‍ നടത്തുമ്പോള്‍ ഡയല്‍അപ് രീതിയിയിലാണ് വിവരങ്ങള്‍ സെര്‍വറിലേക്ക് കൈമാറുന്നത്. നിലവില്‍ കാര്‍ഡുകള്‍ സൈ്വപ്പ് ചെയ്യാന്‍ കഴിയുന്നതും (മാഗ്‌നറ്റിക് സ്ട്രിപ്പ് ഉള്ള കാര്‍ഡുകള്‍ക്ക് വേണ്ടി) കാര്‍ഡ് ഉള്ളിലേക്ക് കടത്തി വച്ച് ട്രാന്‍സാക്ഷന്‍ പൂര്‍ത്തിയാക്കുന്ന തരം പി.ഒ.എസ് ടെര്‍മിനലുകളും ലഭ്യമാണ്.
മര്‍ച്ചന്റ് അക്വയറിങ് ബിസിനസ്സ് ( MAB ) എന്ന പേരിലാണ് എസ്ബിടിയുടെ പോയന്റ് ഓഫ് സെയില്‍ ടെര്‍മിനല്‍ സേവനങ്ങള്‍ അറിയപ്പെടുന്നത്. എസ്ബിടി യുടെ പോയന്റ് ഓഫ് സെയില്‍ ടെര്‍മിനല്‍ ലഭിക്കാന്‍ പ്രത്യേക ഇന്‍സ്റ്റലേഷന്‍ ചാര്‍ജുകള്‍ നല്‍കേണ്ടതില്ല.
19.05.2014 മുതല്‍ ഒരു മാസത്തേക്ക് പോയന്റ് ഓഫ് സെയില്‍ ടെര്‍മിനല്‍ വഴി നടത്തേണ്ട ഏറ്റവും കുറഞ്ഞ ഇടപാടുകള്‍ 15,000 രൂപയുടെതായി നിശ്ചയിച്ചിട്ടുണ്ട്. 15,000 രൂപയ്ക്ക് ഒരു മാസം പി.ഒ.എസ് ടെര്‍മിനല്‍ വഴി കച്ചവടം നടന്നില്ലെങ്കില്‍ 200 രൂപയ്ക്കടുത്ത ഒരു തുക ആ മാസം അടക്കേണ്ടി വരുമെന്നു മാത്രം.
ഇനി നിങ്ങള്‍ വാങ്ങി വെയ്ക്കുന്ന പി.ഓ.എസ് ടെര്‍മിനല്‍ ഉദ്ദേശിച്ചത്ര വിജയമല്ലെങ്കില്‍ ബാങ്ക് അത് തിരിച്ചെടുത്തുകൊള്ളും. അപ്പോള്‍ 500 രൂപ ബാങ്കിന് നല്‍കേണ്ടിവരുമെന്ന് മാത്രം.
കച്ചവടക്കാരുടെ ആവശ്യാനുസരണം മൂന്നുതരത്തില്‍ പി.ഒ.എസ് ടെര്‍മിനല്‍ സൗകര്യം ലഭ്യമാണ്. സാധാരണ ടെലഫോണ്‍ലൈന്‍ വഴി പി.എസ്.റ്റി.എന്‍ കണക്ടിവിറ്റി നല്‍കുന്ന പി.ഒ.എസ് ടെര്‍മിനല്‍, സിം ഉപയോഗിച്ച് ജിപിആര്‍എസ് കണക്ടിവിറ്റി നല്‍കുന്ന ഡെസ്‌ക്ടോപ്പ് ജിപിആര്‍എസ് പി.ഒ.എസ് ടെര്‍മിനല്‍. ഇവ രണ്ടും ഫിക്‌സഡ് പി.ഒ.എസ് ടെര്‍മിനലുകളാണ്.
മൂന്നാമതായുള്ളത് പോര്‍ട്ടബിള്‍ ജിപിആര്‍എസ് പി.ഒ.എസ് ടെര്‍മിനലാണ് ഇന്‍ബില്‍റ്റ് ബാറ്ററിയുള്ള ഈ ഉപകരണം ആവശ്യാനുസരണം എവിടെയും കൊണ്ട് നടന്നു ഉപയോഗിയ്ക്കാന്‍ കഴിയും. ഓക്‌സിജന്‍, ഹിറ്റാച്ചി തുടങ്ങിയ കമ്പനികളുടെ പി. ഒ. എസ് ടെര്‍മിനലുകള്‍ സംസ്ഥാനത്ത് ഉപയോഗിച്ച് വരുന്നു.
പി.ഒ.എസ് ടെര്‍മിനലില്‍ എന്റര്‍ ചെയ്യുന്ന പിന്‍ മറ്റൊരാള്‍ കാണുന്നില്ല എന്ന് ഡെബിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ ഉറപ്പു വരുത്തുക. ഒരു കൈ കൊണ്ട് മറച്ചുപിടിച്ച് പിന്‍ നല്കുന്നതാകും ഉചിതം.
ചില പെട്രോള്‍ പമ്പുകളില്‍ വാഹനത്തില്‍ ഇരുന്നു കൊണ്ട് കാര്‍ഡ് നല്‍കിയ ശേഷം പിന്‍ പറഞ്ഞുകൊടുത്ത് ഇടപാടുകള്‍ നടത്തുന്നത് കാണാറുണ്ട്. അത്തരം കാര്‍ഡ് ഇടപാടുകള്‍ ഒഴിവാക്കാന്‍ പമ്പുടമകളും ഉപഭോക്താവും ശ്രദ്ധിക്കേണ്ടതാണ്. അതുപോലെ തന്നെ കാര്‍ഡിന് പുറത്തായി പിന്‍നമ്പര്‍ എഴുതി വയ്ക്കുന്നത് ദുശ്ശീലം തന്നെയാണ് ഒരിക്കലും അത്തരത്തില്‍ കള്ളന് മുന്നിലേക്ക് താക്കോല്‍ ഇട്ടുകൊടുക്കരുത്.
മൊബൈലില്‍ ബന്ധിപ്പിച്ചു പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ചെറു കാര്‍ഡ് റീഡറുകള്‍ പി.ഒ.എസ് ടെര്‍മിനലുകളായി വിസ ഈയിടെ അവതരിപ്പിച്ചിരുന്നു. ഇന്ത്യയില്‍ മൊബൈല്‍ വിപ്ലവം വരുംമുന്‍പ് നാടിന്റെ മുക്കിലും മൂലയിലും വ്യാപകമായിരുന്ന ഒന്നാണല്ലോ ടെലഫോണ്‍ ബൂത്തുകള്‍, പിന്നീട് അവ കോയിന്‍ ബോക്‌സുകള്‍ക്ക് വഴിമാറി. കുറച്ചുനാളുകള്‍ കഴിഞ്ഞപ്പോള്‍ അവ വെറും തകരപെട്ടികളായി പല കടകളുടെയും മൂലയില്‍ തുരുമ്പെടുക്കുന്നുണ്ട്.
ഈ അവസ്ഥയ്ക്ക് സമാനമായി ഇപ്പോള്‍ ബാങ്കുകള്‍ വാങ്ങിക്കൂട്ടുന്ന പി.ഒ.എസ്.ടികള്‍ സാങ്കേതികവിദ്യയുടെ കുതിപ്പിനനുസരിച്ച് അപ്രത്യക്ഷമായി എന്ന് വരാം. എന്തായാലും ഇപ്പോള്‍, നോട്ടുക്ഷാമത്തിന്റെ ഈ കാലത്ത് നാട്ടുകാര്‍ക്ക് ഉപകാരി ഈ പി.ഒ.എസ് ടെര്‍മിനലുകളാണ്.
കടപ്പാട് : ഷിയാസ് മിര്‍സ
അവസാനം പരിഷ്കരിച്ചത് : 1/26/2020
കൂടുതല്‍ വിവരങ്ങള്‍