കേരളത്തിൽ പൊതുവിതരണ സംവിധാനവും ഡിജിറ്റലായി.മെയ് മാസം മുതൽ കാർഡുടമകൾ റേഷൻ കടകളിലെത്തി എത്തി വിരലടയാളം പതിച്ച് സംശയങ്ങളും തർക്കങ്ങളും ഇല്ലാതെ റേഷൻസാധനങ്ങൾ വാങ്ങി തുടങ്ങി.വയനാട് ഉൾപ്പെടെയുള്ള ജില്ലയിൽ മെയ് മാസം മുതൽ ഇപോസ് മെഷിനുകൾ വഴിയാണ് റേഷൻ വിതരണം ചെയ്യുന്നത്.. ഇതിന്റ ഭാഗമായി വയനാട് ജില്ലയിലെ 318 റേഷൻ കടകളിൽ ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ (ഇപോസ്) മെഷിൻ വിതരണം കഴിഞ്ഞ ദിവസം പൂർത്തിയാക്കി.. മെയ് മാസം മുതൽ വയനാട് ജില്ലയിൽ എല്ലാ റേഷൻ കടകളിലും റേഷൻ വിതരണം ഇപോസ് മെഷിനിലൂടെയാണ് നടക്കുന്നത്. ഇ പോസ് മെഷിനുമായി ബന്ധപ്പെട്ട് ആശങ്കകൾ ഉണ്ടായിരുന്നെങ്കിലും വിതരണം തുടങ്ങിയതോടെ അവക്ക് വിരാമമായതായി അധികൃതർ പറഞ്ഞു.
റേഷൻ കാർഡ് ഉടമകളെ തിരിച്ചറിഞ്ഞ് കൃത്യമായ അളവിൽ സാധനങ്ങൾ വിതരണം ചെയ്യുകയെന്നാണ് ഇ പോസ് സംവിധാനത്തിലുടെ ലക്ഷ്യമിടുന്നത്. ബയോമെട്രിക്ക് സംവിധാനത്തിൽ പ്രവർത്തിക്കുന്ന മെഷിനിൽ വിരലടയാളം ആധാർ ഉപയോഗിച്ച് പരിശോധിച്ചാണ് ഉപഭോക്താവിനെ തിരിച്ചറിയുക. ഇത്തരത്തിൽ വിരലടയാളം രേഖപ്പെടുത്തുമ്പേൾ കാർഡുടമയുടെ വീട്ടിലെ അംഗങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിവരങ്ങളും ഒപ്പം റേഷൻ വിഹിതം, നൽകേണ്ട തുക, ബിൽ എന്നിവയെല്ലാം മെഷിനിൽ ലഭ്യമാവും. സംസ്ഥാനത്ത് ഒമ്പത് ജില്ലകളിൽ ഇപോസ് മെഷിൻ ഉപയോഗിച്ച് റേഷൻ വിതരണം ആരംഭിച്ചു കഴിഞ്ഞു. വയനാട്, കണ്ണൂർ,കാസർകോട്, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളിൽ മെയ് മാസം മെഷിനുകൾ വഴി റേഷൻ വിതരണം ആരംഭിച്ചതോടെ സംസ്ഥാനത്ത് റേഷൻ വിതരണം പൂർണമായും ഇ പോസ് മെഷിൻ വഴിയായി.. സംസ്ഥാനത്ത് ആദ്യമായി ഇ പോസ് മെഷിൻ വഴി റേഷൻ വിതരണം ചെയ്ത ജില്ല കൊല്ലമാണ്. വയനാട്ടിൽ കല്പറ്റ, മുട്ടിൽ, കണിയാമ്പറ്റ എന്നിവിടങ്ങളിൽ മാർച്ച് മാസം മുതൽ റേഷൻ വിതരണം ഇ പോസ് മെഷിൻ വഴിയാണ്. ഇവിടെ പരാതികൾ ഇല്ലാതെ റേഷൻ വിതരണം സുഗമമായി നടക്കുന്നുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസർ കെ.വി. പ്രഭാകരൻ പറഞ്ഞു.
ആധാർ ഇല്ലാത്തവർക്കും റേഷൻ ലഭിക്കും.
ഇപോസ് മെഷിൻ ആധാറുമായി ബന്ധിപ്പിച്ച പ്രവർത്തിക്കുന്നതിനാൽ ആധാറില്ലാത്തവർക്ക് റേഷൻ ലഭിക്കില്ലെന്ന പരാതിയും അടിസ്ഥാന രഹിതമാണ്. ആധാർ കാർഡില്ലാത്തവർക്ക് രജിസ്ട്രേഷൻ സമയത്ത് ഫോണിൽ വൺടൈം പാസ്വേഡ് ലഭിക്കും. ഇതു ഉപയോഗിച്ച് റേഷൻ വാങ്ങാം. അധാർ നമ്പർ ചേർക്കാനുള്ള സൗകര്യം മെഷിനിൽ തന്നെയുള്ളതിനാൽ അധാർ കിട്ടിക്കഴിയുമ്പോൾ നമ്പർ ചേർത്താൽ മതി.
വൈദ്യുതി മുടങ്ങിയാലും, റെയ്ഞ്ച് പോയാലും ആശങ്ക വേണ്ട.
വൈദ്യുതി മുടങ്ങിയാൽ മെഷിൻ പ്രവർത്തിക്കില്ലെന്ന പ്രചാരണം തെറ്റാണ്. ആറുമണിക്കൂർ പ്രവർത്തനശേഷിയുള്ളതാണ് മെഷിൻ. അതിനാൽ വൈദ്യുതി മുടങ്ങിയാലും പ്രവർത്തിക്കും. മെഷിനിൽ രണ്ട് സിം കാർഡുകൾ ഉപയോഗിക്കാം. ഒരു സിം കാർഡ് തകരാറിലായാലും മറ്റൊന്നിൽ മെഷിൻ പ്രവർത്തിക്കും. കൂടാതെ വൈഫെ കണക്ട് ചെയ്യാനുള്ള സൗകര്യവും മെഷിനിലുണ്ട്.
സുതാര്യമായ പൊതു വിതരണ സമ്പ്രദായം.
ആധാർ ഉപയോഗിച്ച് പ്രവർത്തിക്കുന്നതിനാൽ ഉപഭോകാതാവിന്റെ വിവരങ്ങൾ കൃത്യമായി അറിയാൻ സാധിക്കും. അതിനാൽ ഉപഭോക്താവിന് അർഹതയുള്ള സാധനങ്ങൾ മാത്രമേ ലഭിക്കുകയുള്ളു. കടയിൽ ബാക്കിയുള്ള സാധനങ്ങളുടെ കൃത്യമായ വിവരങ്ങളും ലഭിക്കും. കടയുടമയ്ക്ക് ബിൽ, സ്റ്റോക്ക്, ലെഡ്ജർ എന്നിവ പ്രത്യേകം തയ്യാറാക്കണ്ടതില്ല. എല്ലാം മെഷിനിൽ തന്നെ ലഭിക്കും. തട്ടിപ്പ് നടക്കില്ല, പണി എളുപ്പം, സുതാര്യത, കൃത്യത കൂടുതൽ എന്നിവയാണ് ഇ-പോസ് മെഷിന്റെ ഗുണങ്ങൾ.
കടപ്പാട്: നവീൻ മോഹൻ, മാതൃഭൂമി.