കര്‍ഷകര്‍ക്ക് ഇനി കന്നുകാലികളേയും വളര്‍ത്തുമൃഗങ്ങളേയും ഇടനിലക്കാരില്ലാതെ വില്‍ക്കാം. എല്ലാം ഓണ്‍ലൈനില്‍ വിരല്‍ത്തുമ്പിലാകുന്ന കാലത്ത് ഡിജിറ്റല്‍ കാലത്ത് വളര്‍ത്തുമൃഗങ്ങളെ വില്‍ക്കാനും വാങ്ങാനും പെറ്റ്‌സ് കാര്‍ട്ട് ഡോട്ട് കോം എന്ന ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ നിലവില്‍ വന്നു. മാനന്തവാടി കമ്മന സ്വദേശിയായ അജയ് തോമസാണ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ നിര്‍മ്മിച്ചത്. സുഹൃത്തായ സന്ദീപുമൊത്ത് കഴിഞ്ഞ വര്‍ഷം ബാണാസുര സാഗര്‍ അണക്കെട്ടില്‍ നിര്‍മ്മിച്ച ഒഴുകുന്ന സൗരോര്‍ജ്ജ പ്ലാന്റ് ഏറെ ജനശ്രദ്ധ നേടിയിരുന്നു. ദീര്‍ഘനാളായി താന്‍ മനസ്സില്‍ കൊണ്ടു നടന്ന ഒരു സ്വപ്നമാണ് രണ്ട് മാസം കൊണ്ട് യാഥാര്‍ത്ഥ്യമായതെന്ന് അജയ് തോമസ് ദേശാഭിമാനിയോട് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ആപ്ലിക്കേഷന്‍ ലോഞ്ച് ചെയ്തത്. പശുവിനെയോ കിടാങ്ങളേയോ ആടിനേയോ മറ്റ് വളര്‍ത്തു മൃഗങ്ങളേയോ വില്‍ക്കാനുണ്ടെങ്കില്‍ അവയുടെ ഫോട്ടോ എടുത്ത് വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്യാം. വില്‍പ്പനക്കാരന്റെ വിവരങ്ങള്‍ കൂടി ഇതിനോടൊപ്പം രജിസ്റ്റര്‍ ചെയ്യണം. വളര്‍ത്തു മൃഗങ്ങളെ വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്കും പെറ്റ്‌സ് കാര്‍ട്ടില്‍ അന്വേഷിക്കാം. ഒന്നിനും ഫീസ് ഈടാക്കുന്നില്ല. എന്നാല്‍ ഭാവിയില്‍ ബിസിനസ്സ് താത്പര്യാര്‍ത്ഥം വന്‍കിട അന്വേഷണങ്ങള്‍ക്ക് ഫീസ് ഈടാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് അജയ്‌തോമസ് പറഞ്ഞു. പാവപ്പെട്ട കര്‍ഷകരെ ഇടനിലക്കാര്‍ ചൂഷണം ചെയ്യുന്നത് ഒഴിവാക്കാനാണ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വിഭാവനം ചെയ്തത്. രണ്ട് മാസത്തിനുള്ളില്‍ പെറ്റ്‌സ്‌കാര്‍ട്ട്‌സിന്റെ മൊബൈല്‍ ആപ്ലിക്കേഷനും നിര്‍മ്മിക്കും.
കമ്മന വാഴാ൦പ്ലാക്കല്‍ തോമസിന്റെയും ഷീലയുടെയും മകനായ അജയ് കെ എസ് ഇ ബി യുമായി സഹകരിച്ചാണ് ബാണാസുര സാഗര്‍ ഡാമില്‍ ഒഴുകുന്ന സൗരോര്‍ജ്ജ പ്ലാന്റ് നിര്‍മ്മിച്ചത്. 2016 ജനുവരി മുതല്‍ പ്രതിദിനം ഈ പ്ലാന്റില്‍ നിന്ന് ലഭിക്കുന്ന 10 കിലോ വാട്ട്‌സ് വൈദ്യുതി കെ എസ് ഇ ബി ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. ആകെ 22 ലക്ഷം രൂപ ചിലവ് വന്ന ഈ പദ്ധതിക്ക് കെ എസ് ഇ ബി 20 ലക്ഷം രൂപ നല്‍കിയിരുന്നു. 2014-ല്‍ വയനാട് ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് ഇലട്രിക്കല്‍ എഞ്ചിനീയറിംഗ് കോഴ്‌സ് പാസായ അജയ് തോമസ് സൗരോര്‍ജ്ജ പദ്ധതികളുടെ കണ്‍സല്‍ട്ടന്റായി പ്രവര്‍ത്തിച്ചു വരികയാണ്. കൂടാതെ വാട്‌സാ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ സി ഇ ഒ കൂടിയാണ്. വീടുകള്‍ക്കായി സൗരോര്‍ജ്ജ പ്ലാന്റുകള്‍ നിര്‍മ്മിച്ചു നല്‍കിയാണ് ഇത്തരം സൗജന്യ പദ്ധതികള്‍ക്കുള്ള വരുമാനം ഉണ്ടാക്കുന്നത്.
കടപ്പാട്: നവീന്‍ മോഹന്‍, ദേശാഭിമാനി ദിനപത്രം
അവസാനം പരിഷ്കരിച്ചത് : 8/29/2019