Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

സംരക്ഷിത കൃഷി

സംരക്ഷിത കൃഷിയെ കുറിച്ചുള്ള വിവരങ്ങൾ

പഞ്ചവത്സരപദ്ധതിയുടെ അവസാന വര്‍ഷമെത്തുമ്പോഴേക്കും കേരളം പച്ചക്കറി ഉല്‍പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു പദ്ധതി ഘടകം സംരക്ഷിതകൃഷിയാണ്.

അടുത്ത 25 വര്‍ഷം, കേരളത്തിലെ കാര്‍ഷികമേഖല അഭിമുഖീകരിക്കാന്‍ പോകുന്ന ഏറ്റവും വലിയ പ്രശ്‌നം ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക എന്നതു തന്നെയായിരിക്കും. കൃഷിഭൂമിയുടെയും ജലത്തിന്റെയും ലഭ്യത ദിനംപ്രതി കുറഞ്ഞു വരുന്നതിനാല്‍ അവയുടെ കാര്യക്ഷമമായ ഉപയോഗം വളരെ പ്രാധാന്യമര്‍ഹിക്കുന്നു.

അതിനാല്‍ വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യയെ ആരോഗ്യമുള്ളവരായി വാര്‍ത്തെടുക്കുന്നതിന് ലഭ്യമായ ജലം ഉപയോഗിച്ച് ഒരു യൂണിറ്റ് കൃഷിഭൂമിയില്‍ നിന്ന് ഏറ്റവും ഉയര്‍ന്ന ഉല്‍പാദനക്ഷമത ഉറപ്പുവരുത്തേണ്ടതുണ്ട്. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ 2012-13 മുതല്‍ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ഭക്ഷ്യസുരക്ഷയുടെ ഭാഗമായി ഏറ്റവും വലിയ ഊന്നല്‍ നല്‍കിയിരിക്കുകയാണ്.

സംരക്ഷിതകൃഷി സവിശേഷതകള്

എന്താണ് സംരക്ഷിത കൃഷിരീതി അഥവാ ഹരിതഗൃഹകൃഷി? സംരക്ഷിത കൃഷിരീതിയില്‍ നാം ചെടികള്‍ വളര്‍ത്താന്‍ ആവശ്യത്തിനു വലിപ്പമുള്ള ഹരിതഗൃഹങ്ങള്‍ നിര്‍മ്മിക്കുന്നു. ഇവ ഹരിതഗൃഹങ്ങളില്‍ വളരുന്ന ചെടികള്‍ക്ക് ചുറ്റുമുള്ള അന്തരീക്ഷത്തെ പുറത്തുള്ള അന്തരീക്ഷത്തില്‍ നിന്നും വേര്‍തിരിക്കുന്നു. ഓരോ ഹരിതഗൃഹത്തിന്റെയും രൂപകല്‍പനക്കനുസരിച്ച് ചെടികള്‍ക്ക് ചുറ്റുമുള്ള അന്തരീക്ഷനില വ്യത്യാസപ്പെട്ടിരിക്കും.

ഓരോ വിളയ്ക്കും ഏറ്റവും ഉയര്‍ന്ന ഉല്‍പാദനക്ഷമത കൈവരിക്കണമെങ്കില്‍ അതിനു ചുറ്റുമുള്ള അന്തരീക്ഷത്തിലെ പ്രകാശം, അന്തരീക്ഷത്തിലെയും വേരുമണ്ഡലത്തിലെയും (മണ്ണിലെ) താപനില, വേരുമണ്ഡലത്തിലെ വിവിധ മൂലകങ്ങളുടെ അളവും വായു സഞ്ചാരവും, അന്തരീക്ഷവായുവിന്റെ ഘടന എന്നിവ ചെടിക്ക് ഏറ്റവും അനുയോജ്യമായ അളവിലായിരിക്കണം.

എന്നാല്‍ നാം കാലാകാലങ്ങളായി അനുവര്‍ത്തിക്കുന്ന കൃഷിമുറകള്‍ കൊണ്ട് ചെടികളുടെ വേരുമണ്ഡലത്തിലുള്ള മണ്ണിലെ വായു സഞ്ചാരം, ഫലപുഷ്ടി എന്നിവ ക്രമീകരിക്കാന്‍ മാത്രമേ കഴിഞ്ഞിട്ടുള്ളൂ. ശരിയായ നന, പുതയിടല്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെ മണ്ണിലെ താപനില ഒരളവുവരെ ക്രമീകരിക്കാന്‍ കഴിയുന്നതാണ്. തുറസ്സായ കൃഷിഭൂമിയില്‍ നാം പരമ്പരാഗതമായി അനുവര്‍ത്തിക്കുന്ന മാര്‍ഗങ്ങളിലൂടെ അന്തരീക്ഷത്തിലെ താപനില, പ്രകാശത്തിന്റെ തീവ്രതയും ദൈര്‍ഘ്യവും വായുവില്‍ അടങ്ങിയിരിക്കുന്ന വിവിധ മൂലകങ്ങളുടെ അളവ് എന്നിവയുടെ ക്രമീകരണം സാധ്യമല്ല.

സംരക്ഷിതകൃഷി രീതിയില്‍ ഈ ഘടകങ്ങളെല്ലാം ക്രമീകരിച്ച് ചെടികള്‍ക്ക് അനുയോജ്യമായ അന്തരീക്ഷം പ്രദാനം ചെയ്യാന്‍ കഴിയുന്നതിനാല്‍ 3 മുതല്‍ 5 ഇരട്ടിവരെ ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കാനാകും. സംരക്ഷിതകൃഷിയില്‍ നൂതനസാങ്കേതികവിദ്യകളായ സൂക്ഷ്മ ജലസേചനം, മണ്ണ്-ഇതര മാധ്യമകൃഷി, ഫെര്‍ട്ടിഗേഷന്‍, സൂക്ഷ്മ പ്രജനനം, ഉയര്‍ന്ന ഉല്‍പാദനക്ഷമതയുള്ള ഹൈബ്രിഡ് വിത്തുകള്‍, പ്ലാസ്റ്റിക് പുത, സൂര്യപ്രകാശത്തിന്റെ തീക്ഷ്ണതയുടെ നിയന്ത്രണം, രാത്രി-പകല്‍ ദൈര്‍ഘ്യത്തിന്റെ നിയന്ത്രണം, കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ സാന്ദ്രതയുടെ നിയന്ത്രണം എന്നിവ ഉപയോഗപ്പെടുത്തുന്നു.

സാധാരണ, തുറസ്സായ സ്ഥലത്ത് കൃഷി ചെയ്യുമ്പോള്‍ ഓരോ വിളകളും കാലോചിതമായേ കൃഷി ചെയ്യാനാകൂ. എന്നാല്‍ ഹരിതഗൃഹത്തിനുള്ളിലെ ഈര്‍പ്പം, താപനില, പ്രകാശത്തിന്റെ തീവ്രത, രാത്രി-പകല്‍ ദൈര്‍ഘ്യം, കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ സാന്ദ്രത എന്നിവ നിയന്ത്രിക്കാന്‍ കഴിയുന്നതിനാല്‍ ഉയര്‍ന്ന ഗുണമേന്മയും ഉല്‍പാദനക്ഷമതയും ഉറപ്പുവരുത്താനും ഏതു വിളകളും ഏതു സമയത്തും ഹരിതഗൃഹത്തിനുള്ളില്‍ കൃഷി ചെയ്യാനും സാധിക്കും.

അതിനാല്‍ ചെടികളുടെ ഫലങ്ങള്‍ അവയുടെ ആവശ്യകത അധികമുള്ളപ്പോഴും എന്നാല്‍ ലഭ്യത വളരെ പരിമിതമായിരിക്കുകയും ചെയ്യുന്ന സമയത്ത് വിപണിയില്‍ എത്തിക്കാനും കര്‍ഷകന് മുന്തിയ വില നേടുവാനും കഴിയും. ഹരിതഗൃഹത്തിന് കൊല്ലത്തില്‍ 365 ദിവസവും ഉല്‍പാദനം സാധ്യമാണ്.

ഹരിതഗൃഹങ്ങളില്‍, ചെടികളില്‍നിന്നും മണ്ണില്‍നിന്നും വെള്ളം നഷ്ടമാകുന്നത് താരതമ്യേന കുറവാണ്. വെള്ളവും വളവും ചിലയിനം കീടനാശിനികളും സൂക്ഷ്മ ജലസേചന സംവിധാനത്തിലൂടെ കൊടുക്കുന്നതിനാല്‍ ചെടികള്‍ക്ക് ഇവ വളരെ ഫലപ്രദമായി ഉപയോഗപ്പെടുത്താനാകും.

വെള്ളവും വളവും ഫെര്‍ട്ടിഗേഷന്‍ വഴി (സൂക്ഷ്മ ജലസേചന സംവിധാനം വഴി വെള്ളത്തോടൊപ്പം വളം കൊടുക്കുന്ന രീതി), ചെടികള്‍ക്ക് അവയുടെ വേരുമണ്ഡലത്തില്‍ കൃത്യമായ അളവില്‍ ഇടവിട്ട് പല തവണകളായി കൊടുക്കുന്നതുമൂലം ചെടികളുടെ വേരുമണ്ഡലത്തില്‍ ഈര്‍പ്പവും വായുസഞ്ചാരവും ധാതുലവണങ്ങളും താപനിലയും ശരിയായ അളവില്‍ നിലനിര്‍ത്താന്‍ കഴിയും.

പാരമ്പര്യകൃഷിരീതികളില്‍ വെള്ളവും വളവും നല്‍കുമ്പോള്‍ കാലാവസ്ഥയിലോ മണ്ണിലെ മൂലകങ്ങളിലോ ഉളള വ്യത്യാസം കണക്കിലെടുക്കാറില്ല. എന്നാല്‍ ഉയര്‍ന്ന ഉല്‍പാദനക്ഷമത ഉറപ്പുവരുത്തുന്നതിന് ഓരോ സ്ഥലത്തേയും മണ്ണിലുള്ള പ്രധാനപ്പെട്ട മൂലകങ്ങളുടെയും സൂക്ഷ്മമൂലകങ്ങളുടെയും അളവുകള്‍ തിട്ടപ്പെടുത്തി ചെടിയുടെ ആവശ്യാനുസരണം വിവിധ മൂലകങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ട്.

സൂക്ഷ്മകൃഷിയില്‍ ഓരോ സ്ഥലത്തേയും മണ്ണിലെ മൂലകങ്ങളുടെ അളവ് കൃത്യമായി കണ്ടുപിടിച്ച് ചെടിക്ക് ആവശ്യമായ അളവില്‍ അതിന്റെ വേരുമണ്ഡലത്തില്‍ത്തന്നെ വെള്ളവും വളവും നല്‍കുകയാണ് ചെയ്യുന്നത്. വളം വെള്ളത്തോടൊപ്പം ചെടികള്‍ക്ക് ലഭ്യമായ രൂപത്തില്‍ കൃത്യമായ അളവില്‍ പല തവണകളായി നല്‍കുന്നതിനാല്‍ ചെടികളുടെ വളര്‍ച്ചയും ഉല്‍പാദനക്ഷമതയും ഗണ്യമായി വര്‍ദ്ധിപ്പിക്കാനും വളം വേരുമണ്ഡലത്തിന് താഴേക്കിറങ്ങി ഭൂഗര്‍ഭജലം മലിനീകരിക്കപ്പെടുന്നത് ഇല്ലാതാക്കാനും കഴിയുന്നു.

അതിനാല്‍ വെള്ളം 30 മുതല്‍ 70 ശതമാനവും വളം 30 മുതല്‍ 50 ശതമാനവും ലാഭിക്കാന്‍ കഴിയും. പാരമ്പര്യ ജലസേചന രീതികള്‍ക്ക് 30 മുതല്‍ 40 ശതമാനം മാത്രം കാര്യക്ഷമതയുള്ളപ്പോള്‍ സൂക്ഷ്മ ജലസേചനരീതി 75 മുതല്‍ 95 ശതമാനംവരെ കാര്യക്ഷമമായി ജലം നല്‍കുന്നു.

ഹരിതഗൃഹങ്ങളില്‍ രോഗകീടബാധകള്‍ താരതമ്യേന കുറവായിരിക്കും. മുഴുവനായി അടച്ചുകെട്ടിയതും പൂര്‍ണ്ണമായി നിയന്ത്രിത അന്തരീക്ഷവുമുള്ള ഹരിതഗൃഹങ്ങളില്‍, രോഗകീടബാധ ദുര്‍ലഭമായേ ഉണ്ടാകാറുള്ളൂ.

ഈ സംവിധാനത്തില്‍ സാധാരണ ജൈവകീടനാശിനികള്‍ ഉപയോഗിച്ചാണ് കീടനിയന്ത്രണം നടത്തുന്നത്. വിഷാംശമില്ലാത്ത ജൈവഉത്പന്നങ്ങള്‍ക്ക് ആഗോള വിപണിയില്‍ ആവശ്യകത വര്‍ദ്ധിച്ചുവരുന്നതിനാല്‍ കര്‍ഷകര്‍ക്ക് ജൈവകൃഷിയില്‍ താത്പര്യം കൂടിവരുന്നുണ്ട്. എന്നാല്‍ രോഗാണുക്കളുടെയും കീടങ്ങളുടെയും ആക്രമണമാണ് ജൈവകര്‍ഷകരെ അലട്ടുന്നത്. സംരക്ഷിത കൃഷിരീതി അവലംബിക്കുന്നതുവഴി ഒരുപരിധിവരെ ഈ പ്രശ്‌നം പരിഹരിക്കുന്നു.

തുറസ്സായ സ്ഥലത്തെ അപേക്ഷിച്ച്, ഹരിതഗൃഹങ്ങളില്‍ വിത്തുകള്‍ മുളയ്ക്കുന്നതും ഗ്രാഫ്റ്റ് ചെയ്ത കമ്പുകള്‍ പൊടിച്ചുകിട്ടുന്നതും കൂടുതലായി വിജയിച്ചു കാണുന്നു. ടിഷ്യുകള്‍ച്ചര്‍ ചെയ്ത ചെടികള്‍, തുറസ്സായ കൃഷിയിടത്തില്‍ നേരിട്ട് വയ്ക്കുന്നതിനുമുമ്പ് കുറച്ചു ദിവസം ഹരിതഗൃഹങ്ങളില്‍ വച്ചാല്‍ കൂടുതല്‍ ചെടികള്‍ കേടുകൂടാതെ സംരക്ഷിച്ചെടുക്കാനാകും.

ഹരിതഗൃഹങ്ങളില്‍ മണ്ണ് ഉപയോഗിക്കാതെ കൃഷി ചെയ്യുന്ന നൂതന കൃഷിരീതികള്‍ ഇന്ന് പ്രചാരത്തിലുണ്ട്. ചകിരി, രാസലായനി, കമ്പോസ്റ്റ്, നെല്ലിന്റെ ഉമി എന്നീ മാധ്യമങ്ങളില്‍ ചെടികള്‍ നട്ട് ഹരിതഗൃഹങ്ങളില്‍ വളര്‍ത്തുന്ന രീതിക്ക് പ്രചാരം സിദ്ധിച്ചുവരുന്നു. ഹരിതഗൃഹത്തിനുള്ളില്‍ ജലസേചനം, വളം നല്‍കല്‍, അന്തരീക്ഷ ക്രമീകരണം എന്നിവ അതിയന്ത്രവത്കരണം വഴി നിയന്ത്രിക്കാന്‍ കഴിയും.

അതിനാല്‍ ഉയര്‍ന്ന വില ലഭിക്കുന്ന ഉത്പന്നങ്ങള്‍ നല്‍കുന്ന വിളകള്‍ വളരെ കാര്യക്ഷമമായി ഉയര്‍ന്ന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് കൃഷി ചെയ്യാനുള്ള സാദ്ധ്യതകളുണ്ട്. ഇതുമൂലം കര്‍ഷകന് കൂടുതല്‍ വരുമാനവും സമൂഹത്തില്‍ വലിയ മാന്യതയും നേടാനാകും. അതിനാല്‍ വിദ്യാസമ്പന്നരായ ചെറുപ്പക്കാരെ ഈ കൃഷിരീതിയിലേക്ക് ആകര്‍ഷിക്കുവാന്‍ കഴിയും.

ഹരിതഗൃഹത്തില്‍ സൂക്ഷ്മജലസേചനം, ഫെര്‍ട്ടിഗേഷന്‍, പുതയിടല്‍ തുടങ്ങിയ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതുകൊണ്ട് 60 മുതല്‍ 77 ശതമാനം വരെ കൂലിച്ചെലവ് കുറയ്ക്കാനാകും. ഇത്രയും ഗുണമേന്മകളുള്ള സംരക്ഷിത കൃഷിരീതിക്ക് കേരളത്തിലെ കാര്‍ഷികരംഗത്തെ ഉയര്‍ച്ചയിലേക്ക് നയിക്കുന്നതിന് പ്രധാന പങ്ക് വഹിക്കാന്‍ കഴിയുമെന്നതിനും കേരളത്തില്‍ വരുംഭാവിയില്‍ ഇതിന് വലിയ പ്രചാരം നേടാന്‍ കഴിയുമെന്നതിനും ഒരു സംശയവും വേണ്ട.

ഹരിതഗൃഹത്തിനുയോജിച്ച ചെടികള്

ഹരിതഗൃഹത്തിനുള്ളില്‍ വളര്‍ത്താന്‍ ചെടികള്‍ തെരഞ്ഞെടുക്കുന്നത് അവയുടെ വിളവിലെ മികവും വിപണിയിലെ സാധ്യതയും മുന്‍നിര്‍ത്തിയാണ്. ലോകത്തെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ പഠനങ്ങളില്‍നിന്നും താഴെപ്പറയുന്ന ചെടികള്‍ ഹരിതഗൃഹത്തില്‍ വളര്‍ത്താന്‍ യോജിച്ചതായാണ് കണ്ടിട്ടുള്ളത്.

പച്ചക്കറികള്‍ തക്കാളി, സലാഡ് കുക്കുമ്പര്‍, പയറിനങ്ങള്‍, വിവിധയിനം മുളകുകള്‍, ചെറി തക്കാളി, വെണ്ട, കയ്പ, ബ്രോക്കോളി, കാബേജ്, കോളിഫ്‌ളവര്‍, ഉള്ളി, ചീര, പാലക്ക് തുടങ്ങിയ പച്ചിലവര്‍ഗങ്ങള്‍.

പഴവര്‍ഗ്ഗങ്ങള്‍ സ്‌ട്രോബെറി, മുന്തിരി, വാഴ, തണ്ണിമത്തന്‍.

പൂച്ചെടികള്‍ റോസ്, ജെര്‍ബറ, കാര്‍നേഷന്‍, ഓര്‍ക്കിഡ്, ആന്തൂറിയം, ക്രിസാന്തമം, ലില്ലികള്‍. ഹരിതഗൃഹത്തില്‍ ചെടികളുടെ ഉയര്‍ന്ന ഗുണനിലവാരമുള്ള നഴ്‌സറികള്‍ ഉണ്ടാക്കി വിപണനം നടത്തുന്നത് വളരെ ആദായകരമായി കണ്ടിട്ടുണ്ട്.

ഹരിതഗൃഹം രൂപകല്പനചെയ്യുമ്പോള്

ഓരോ ഹരിതഗൃഹത്തിനും അതിനുള്ളിലെ അന്തരീക്ഷത്തെ നിയന്ത്രിക്കാനുള്ള കഴിവ് അതിന്റെ രൂപകല്‍പനയേയും അതില്‍ അന്തരീക്ഷം ക്രമീകരിക്കുന്നതിനുപയോഗിച്ചിട്ടുള്ള സംവിധാനത്തേയും ആശ്രയിച്ചിരിക്കും. ഏതുതരം സസ്യമാണ് ഹരിതഗൃഹത്തില്‍ വളര്‍ത്താനുദ്ദേശിക്കുന്നത്, അതിന്റെ ഉത്പന്നങ്ങള്‍, വിപണിയിലുള്ള വിലയും പ്രാധാന്യവും, എവിടെയാണ് കൃഷി ചെയ്യാന്‍ ഉദ്ദേശിക്കുന്നത് (കൃഷി ചെയ്യുന്ന സ്ഥലത്തെ കാലാവസ്ഥ) എന്നിവയെ ആശ്രയിച്ചായിരിക്കണം ഹരിതഗൃഹത്തിന്റെ രൂപകല്‍പനയും അതിലെ അന്തരീക്ഷം ക്രമീകരിക്കുന്നതിനുള്ള സംവിധാനവും തെരഞ്ഞെടുക്കേണ്ടത്.

പല ആകൃതിയിലും വലിപ്പത്തിലും വിവിധതരം നിര്‍മ്മാണസാധനങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഹരിതഗൃഹങ്ങളുണ്ട്. ചെലവ് കുറഞ്ഞതും ലളിതവുമായ ഹരിതഗൃഹങ്ങള്‍ മുതല്‍ വളരെ ചെലവേറിയതും ഉയര്‍ന്ന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുമുള്ള ഹരിതഗൃഹങ്ങളും ഇന്ന് പ്രചാരത്തിലുണ്ട്.

ജി.ഐ. പൈപ്പുകൊണ്ടോ കോണ്‍ക്രീറ്റ് അഥവാ ഇഷ്ടിക കൊണ്ടുള്ള തൂണും ഉരുക്കുകൊണ്ടുള്ള മേല്‍ക്കൂരയും ഉപയോഗിച്ച് ഹരിതഗൃഹങ്ങളുടെ ചട്ടക്കൂട് നിര്‍മ്മിക്കാം. ചെലവു കുറഞ്ഞ ഹരിതഗൃഹങ്ങള്‍ ഉണ്ടാക്കുന്നതിന് മുള, കമുക്, ചൂളമരത്തിന്റെ തടി എന്നിവയും ഉപയോഗിക്കാം.

ത്രികോണ മുഖപ്പോടുകൂടിയത് കോണ്‍സെറ്റ് അഥവാ കമാന മേല്‍ക്കൂര, അറക്കവാളിന്റെ വായ്തലയോടുകൂടിയത്, മന്‍സാഡ് ടൈപ്പ് തുടങ്ങി വിവിധയിനം ആകൃതികളുള്ള ഹരിതഗൃഹങ്ങളുണ്ട്. സംരക്ഷിതഗൃഹങ്ങള്‍ ആവരണം ചെയ്യുന്നതിന് ഉപയോഗിക്കുന്ന ഷീറ്റുകള്‍ അതില്‍ വളര്‍ത്താന്‍ ഉദ്ദേശിക്കുന്ന സസ്യങ്ങളെ ആശ്രയിച്ചുവേണം തിരഞ്ഞെടുക്കേണ്ടത്.

ഹരിതഗൃഹം ആവരണം ചെയ്യാനായി ഗ്ലാസ്സ്, എക്രിലിക്, പോളികാര്‍ബണേറ്റ് ഫൈബറിനാല്‍ ബലിഷ്ഠമാക്കിയ പ്ലാസ്റ്റിക് യൂവി സ്റ്റെബിലൈസ്ഡ് പോളി എത്തിലീന്‍ ഷീറ്റ് എന്നിവ ഉപയോഗിക്കാം. ഇന്ന് അള്‍ട്രാവയലറ്റ് രശ്മികളെ തടുക്കാന്‍ കഴിയുന്ന പോളി എത്തിലീന്‍ ഷീറ്റുകളാണ് (200 മൈക്രോണ്‍ കനമുള്ളത്) കൂടുതലായി ഉപയോഗിച്ചുവരുന്നത്.

ഇവയ്ക്ക് താരതമ്യേന വില വളരെ കുറവും 90 ശതമാനത്തില്‍ കൂടുതല്‍ പ്രകാശരശ്മിയെ കടത്തിവിടാന്‍ കഴിയുകയും ചെയ്യുന്നതിനു പുറമെ ഭാരം വളരെ കുറവായതിനാല്‍ ഹരിതഗൃഹത്തിന്റെ ചട്ടക്കൂട് ഉണ്ടാക്കാനായി ഉപയോഗിക്കുന്ന മരം, സ്റ്റീല്‍, ജി.ഐ. പൈപ്പ് എന്നിവയുടെ വലിപ്പം വളരെ കുറവ് മതിയാകും. ഇവ മടക്കി ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകാനും ഇവ ഉപയോഗിച്ച് ഹരിതഗൃഹം എളുപ്പത്തില്‍ ആവരണം ചെയ്യാനും കഴിയും.

ഇവയ്ക്ക് 30-50 ഡിഗ്രി ചൂട് താങ്ങാനുള്ള കഴിവുണ്ട്. 60 ഡിഗ്രിക്ക് മുകളില്‍ ശക്തി കുറയുകയും 80 ഡിഗ്രിക്ക് മുകളില്‍ ഉരുകുകയും ചെയ്യുന്നു. പ്ലാസ്റ്റിക് ഷീറ്റുകളില്‍ സൂര്യരശ്മി പതിക്കുമ്പോള്‍ പഴകി പെട്ടെന്ന് കീറിപ്പോകാന്‍ ഇടയുണ്ട്. അതിനാല്‍ ചില സ്റ്റെബിലൈസേഴ്‌സ് ചേര്‍ത്ത് പ്ലാസ്റ്റിക് ഷീറ്റിനെ സൂര്യന്റെ അള്‍ട്രാവയലറ്റ് രശ്മികള്‍ തട്ടിയാലും കേടുസംഭവിക്കാത്തതും അള്‍ട്രാവയലറ്റ് രശ്മികള്‍ കടത്തിവിടാത്തതും ആക്കി മാറ്റുന്നു.

യൂവി സ്റ്റെബിലൈസ്ഡ് അല്ലാത്ത ഷീറ്റുകള്‍ 6 മാസം മുതല്‍ 1 വര്‍ഷത്തിനുള്ളില്‍ നശിച്ചുപോകുമ്പോള്‍ യൂവി സ്റ്റെബിലൈസ്ഡ് ഷീറ്റുകള്‍ക്ക് 3 വര്‍ഷം വരെ യാതൊരു കേടുപാടും സംഭവിക്കുന്നില്ല. ആദ്യകാലത്ത് ഒറ്റപ്പാളിയുള്ള ഷീറ്റുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് മൂന്നും അഞ്ചും പാളികളുള്ള ഷീറ്റുകള്‍ ലഭ്യമാണ്. അള്‍ട്രാവയലറ്റ് രശ്മികളെ തടയുന്നതും പൊടിപിടിക്കാത്തതും ചിതറിയ പ്രകാശം തരുന്നതും മഞ്ഞുകണങ്ങളെ ഒഴുക്കിവിട്ട് ഹരിതഗൃഹാന്തരീക്ഷത്തിലെ ഈര്‍പ്പം ചെടികള്‍ക്ക് യോജിച്ച രീതിയില്‍ നിലനിര്‍ത്തുന്നതും ഇന്‍ഫ്രാറെഡ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതും ഗന്ധകപ്രതിരോധമുള്ളതുമായ ഗുണഗണങ്ങളെ കോ എക്‌സ്ട്രൂഷന്‍ വഴി ഒരു ഷീറ്റാക്കി മാറ്റുകയാണ് ചെയ്യുന്നത്.

ഒരു സ്ഥലത്തെ കാലാവസ്ഥ, ഹരിതഗൃഹത്തില്‍ വളര്‍ത്താനുദ്ദേശിക്കുന്ന ചെടികള്‍, അവയ്ക്ക് വിപണിയില്‍ ലഭിക്കുന്ന വില എന്നിവയെ ആസ്പദമാക്കിവേണം ഹരിതഗൃഹത്തിന്റെ ആകൃതിയും അതിലെ കാലാവസ്ഥാ ക്രമീകരണ സംവിധാനവും രൂപകല്‍പന ചെയ്യാന്‍. പലപ്പോഴും കര്‍ഷകര്‍ തണുപ്പുരാജ്യങ്ങള്‍ക്ക് യോജിച്ച ഹരിതഗൃഹങ്ങള്‍ നിര്‍മ്മിക്കുന്നതുമൂലം വേനല്‍ക്കാലത്ത് ഹരിതഗൃഹങ്ങള്‍ ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥ സംജാതമാകുന്നു. സ്വാഭാവിക വെന്റിലേഷനുള്ള ഹരിതഗൃഹങ്ങളാണ് വ്യാവസായികാടിസ്ഥാനത്തില്‍ കൂടുതലായി ഉപയോഗിക്കുന്നത്.

ത്രികോണ മുഖപ്പോടുകൂടിയതും വശങ്ങളില്‍ 30 ശതമാനത്തില്‍ കുറയാതെയും മേല്‍ക്കൂരയില്‍ 9 ശതമാനത്തില്‍ കുറയാതെയും ഫലപ്രദമായ വാതായനങ്ങള്‍ നല്‍കി തെക്കുവടക്കുദിശയില്‍ ഹരിതഗൃഹം നിര്‍മ്മിക്കുകയാണെങ്കില്‍ ഹരിതഗൃഹത്തിലെ ചൂട് താരതമ്യേന വളരെ കുറവായിരിക്കും. തറവിസ്തീര്‍ണ്ണം കൂടുതലുള്ള ഹരിതഗൃഹങ്ങള്‍ക്ക് അറക്കവാള്‍ വായ്ത്തലയോടുകൂടിയ മാതൃക സ്വീകരിക്കാവുന്നതാണ്.

ഹരിതഗൃഹത്തിന്റെ വശങ്ങള്‍ ലംബമായിരിക്കണം. (വശങ്ങള്‍ ചരിച്ചോ കമാനരൂപത്തിലോ കൊടുത്താല്‍ ഹരിതഗൃഹത്തിലെ ചൂട് കൂടാന്‍ സാധ്യതയുണ്ട്). മേല്‍ക്കൂരയിലെ വെന്റിലേറ്റര്‍ ഒരു വശത്തു മാത്രമാണ് കൊടുക്കുന്നതെങ്കില്‍ കാറ്റ് ഏത് വശത്തേക്കാണോ വീശുന്നത് അവിടെ വേണം സ്ഥാപിക്കാന്‍. അതായത് കാറ്റ് കിഴക്കുനിന്നും പടിഞ്ഞാറോട്ടാണ് വീശുന്നതെങ്കില്‍ മേല്‍ക്കൂരയിലെ വെന്റിലേറ്റര്‍ പടിഞ്ഞാറുഭാഗത്ത് സ്ഥാപിക്കാന്‍ ശ്രദ്ധിക്കണം.

കേരളത്തിലെ ഹരിതഗൃഹങ്ങളിലെ അന്തരീക്ഷം തണുപ്പിക്കുന്നതിന് ഹൈപ്രഷര്‍ ഫോര്‍വേ ഫോഗറുകളാണ് എറ്റവും അനുയോജ്യമായി കണ്ടിട്ടുള്ളത്. കേരളത്തില്‍ സംരക്ഷിത കൃഷി പ്രാരംഭദിശയിലാണ്. 2008 മുതല്‍ പെരുമാട്ടി സര്‍വ്വീസ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കര്‍ഷകരെ സംരക്ഷിതകൃഷി ചെയ്യുവാന്‍ പ്രോത്സാഹിപ്പിക്കുന്നു. സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ വഴിയും ആര്‍.കെ.വി.വൈ. വഴിയും സബ്‌സിഡിയും നല്‍കിവരുന്നു.

ഹരിതഗൃഹകൃഷി പരിമിതികള്

ഉയര്‍ന്ന നിര്‍മ്മാണച്ചെലവ് – ഹരിതഗൃഹം നിര്‍മ്മിച്ച് അതില്‍ ജലസേചനവും വളവും കാലാവസ്ഥാ ക്രമീകരണവും നിലമൊരുക്കലും ചെയ്യുന്നതിന് ചതുരശ്രമീറ്ററിന് ഏകദേശം 1000-1100 രൂപ ചെലവ് വരും. ഇത്രയും രൂപ മുടക്കുന്നതിന് കേരളത്തിലെ മിക്ക കര്‍ഷകര്‍ക്കും കഴിയുകയില്ല. ഹരിതഗൃഹ നിര്‍മ്മാണത്തെ പ്രോത്സാഹിപ്പിക്കുന്നതിന് കൂടുതല്‍ സബ്‌സിഡി അനിവാര്യമാണ്.

ഹരിതഗൃഹനിര്‍മ്മാണത്തിനും കൃഷിക്കും ആവശ്യമായ സാധനങ്ങളുടെ ഉയര്‍ന്ന വില.

നിര്‍മ്മാണ സാധനങ്ങളുടെയും സോളുബിള്‍/ദ്രാവക ഫെര്‍ട്ടിലൈസറുകളുടെയും ഗുണമേന്മയുള്ള വിത്തുകളുടെയും ലഭ്യതയിലുള്ള കുറവ്.

കര്‍ഷകരെ സഹായിക്കുന്നതിനായി സുസജ്ജമായ ഒരു കര്‍മ്മസേനയുടെ കുറവ്.

കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് ന്യായമായ വില ഉറപ്പു നല്‍കുന്നതും മുഴുവന്‍ ഉത്പന്നങ്ങള്‍ സ്വീകരിക്കുന്നതുമായ വിപണിയുടെ കുറവ്.

ഓരോ വിളകള്‍ക്കും ദ്രാവകവളങ്ങള്‍ നല്‍കേണ്ട അളവുകളും സമയക്രമങ്ങളും ശരിയായി നിജപ്പെടുത്തിയിട്ടില്ല. ഇതിനായി പരീക്ഷണ നിരീക്ഷണങ്ങള്‍ ഇനിയും ചെയ്യേണ്ടിയിരിക്കുന്നു.

സബ്‌സിഡിയും മറ്റു സാമ്പത്തിക സഹായങ്ങളും സമയബന്ധിതമായി ലഭിക്കുന്നില്ല.

കര്‍ഷകര്‍ക്ക് വേണ്ട പരിശീലനങ്ങള്‍ നല്‍കുന്നതിന് വേണ്ടത്ര സൗകര്യങ്ങള്‍ ലഭ്യമല്ല.

കേരളത്തിലെ വ്യത്യസ്ത കാലാവസ്ഥയെ പ്രതിനിധീകരിക്കുന്ന ഓരോ പ്രദേശങ്ങള്‍ക്കനുയോജ്യമായ ഹരിതഗൃഹരൂപകല്‍പനകള്‍ ഇനിയും ഉരുത്തിരിയേണ്ടതുണ്ട്.

ബാങ്കുകള്‍ ഹരിതഗൃഹനിര്‍മ്മാണത്തിന് വായ്പ നല്‍കുന്നതിന് പലപ്പോഴും വിമുഖത കാട്ടുന്നു.

ഹരിതഗൃഹം ഇന്ത്യയില്

മറ്റു വികസിത രാജ്യങ്ങളെ അപേക്ഷിച്ച് നമ്മുടെ ഉല്‍പാദനക്ഷമത വളരെ കുറവാണ്. ഉല്‍പാദനക്ഷമത കൂട്ടുന്നതിന് ഉയര്‍ന്ന സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തി കാര്‍ഷികമേഖലയില്‍ ഒരു മുന്നേറ്റം വരുത്തേണ്ടതുണ്ട്. ഹരിതഗൃഹക്കൃഷി അവലംബിക്കുകവഴി ഈ ലക്ഷ്യം കൈവരിക്കാന്‍ കഴിയും. എന്നാല്‍ ഇന്ത്യയില്‍ ഈ സാങ്കേതികവിദ്യ ഇപ്പോഴും ശൈശവാവസ്ഥയിലാണ്.

2011ലെ കണക്കനുസരിച്ച് ഇന്ത്യയില്‍ മൊത്തം 2000 ഹെക്ടര്‍ ഭൂമിയില്‍ സംരക്ഷിതകൃഷി ചെയ്തുവരുന്നു. ഇതില്‍ 500 ഹെക്ടര്‍ വിസ്തൃതിയുള്ള തണല്‍വല കൊണ്ടുള്ള ഗൃഹങ്ങളും 1500 ഹെക്ടര്‍ വിസ്തൃതിയുള്ള ഹരിതഗൃഹങ്ങളുമാണ് ഉള്ളത്.

വികസിത രാജ്യങ്ങളിലെന്നപോലെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും സംരക്ഷിത കൃഷി എന്ന നൂതന കൃഷിരീതിയിലൂടെ പച്ചക്കറി ഉല്‍പാദനം പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കാനായിട്ടുണ്ട്. സമൂഹത്തിലെ ഇടത്തരം വരുമാനക്കാര്‍ക്കിടയില്‍ അടുത്തകാലത്തായി ഈ സാങ്കേതികവിദ്യ നല്ല പ്രചാരം സിദ്ധിച്ചു വരുന്നു. ഇന്ത്യയില്‍ ഈ സാങ്കേതികവിദ്യ 1980ല്‍ ഗവേഷണസ്ഥാപനങ്ങളില്‍ ആരംഭിച്ചു.

കാര്‍ഷികമേഖലയില്‍ പ്ലാസ്റ്റിക്കിന്റെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിനായി നാഷണല്‍ കമ്മിറ്റി ഓഫ് പ്ലാസ്റ്റിക് ഇന്‍ അഗ്രികള്‍ച്ചര്‍ പല കര്‍മ്മപരിപാടികളും നടപ്പില്‍വരുത്തുകയുണ്ടായി. ഇന്ത്യയില്‍ വ്യാവസായികാടിസ്ഥാനത്തില്‍ സംരക്ഷിതകൃഷി അഥവാ ഹരിതഗൃഹങ്ങളിലെ കൃഷി 1980കളുടെ അവസാനമാണ് പ്രചാരത്തില്‍ വന്നത്.

ഹരിതഗൃഹങ്ങള്കേരളത്തില്

കേരളത്തില്‍ പച്ചക്കറിയുടെ ആവശ്യകതയും ലഭ്യതയും തമ്മില്‍ വലിയ അന്തരമുണ്ട്. നമ്മുടെ ഓരോ ദിവസത്തെ പച്ചക്കറികളുടെയും പൂക്കളുടെയും ആവശ്യകത നിറവേറ്റുന്നതിന് നമ്മള്‍ അയല്‍ സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. നമ്മുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്ന പച്ചക്കറികളിലും പഴങ്ങളിലും അനുവദനീയമായതിലും വളരെയധികം വിഷാംശം അടങ്ങിയിരിക്കുന്നതായാണ് കാണപ്പെടുന്നത്.

സംരക്ഷിത കൃഷിരീതി അവലംബിക്കുക വഴി വര്‍ഷത്തില്‍ 365 ദിവസവും വളരെ കുറച്ച് കീടനാശിനികള്‍ മാത്രം ഉപയോഗപ്പെടുത്തി ഏതു വിളയും ഏതു കാലാവസ്ഥയിലും കൃഷി ചെയ്യാന്‍ കഴിയും. 2 മഴക്കാലമുള്ള കേരളത്തില്‍ പച്ചക്കറി ഉല്‍പാദനം പലപ്പോഴും ബുദ്ധിമുട്ടായാണ് കാണപ്പെടുന്നത് (മഴക്കാലങ്ങളില്‍). ഇന്ന് കേരളത്തിലെ മിക്ക വീടുകള്‍ക്കുമുകളിലും ജി.ഐ.ഷീറ്റുകള്‍കൊണ്ട് മേഞ്ഞ ഒരു മേല്‍ക്കൂര കൂടി കാണാം. വീടിനെ മഴയില്‍നിന്നും ചൂടില്‍നിന്നും സംരക്ഷിക്കാന്‍ വേണ്ടിയാണിത്.

എന്നാല്‍ ജി.ഐ. ഷീറ്റിനു പകരം യൂവി സ്റ്റെബിലൈസ്ഡ് പോളി എത്തിലീന്‍ ഷീറ്റ് ഉപയോഗിച്ച് ആ സ്ട്രക്ച്ചര്‍ ആവരണം ചെയ്ത് അതിനുള്ളില്‍ പച്ചക്കറി കൃഷി ചെയ്യുകയാണെങ്കില്‍ നമ്മുടെ ആവശ്യത്തിന് പച്ചക്കറി ലഭിക്കുന്നതോടൊപ്പം വീടിനെ മഴയില്‍നിന്നും ചൂടില്‍നിന്നും രക്ഷിക്കാനും കഴിയും.

ഹരിതഗൃഹങ്ങള്‍ക്ക് കേരളത്തില്‍ വലിയ സാദ്ധ്യതകള്‍ ഉണ്ടെങ്കിലും കര്‍ഷകര്‍ക്കിടയില്‍ ഇതിന്റെ സ്വീകാര്യത സുഗമമാക്കുന്നതിന് വിലങ്ങുതടിയായി പല പ്രശ്‌നങ്ങളുമുണ്ട് എന്നുള്ള കാര്യം വിസ്മരിച്ചുകൂടാ. കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ വിപുലമായ കര്‍മ്മപദ്ധതികള്‍ തയ്യാറാക്കി ത്രിതല പഞ്ചായത്തുകളും വിവിധ ഏജന്‍സികളും ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ സംരക്ഷിതകൃഷി വിജയിപ്പിക്കുവാനും വിപുലപ്പെടുത്തുവാനും തീര്‍ച്ചയായും സാധിക്കും.

2008ല്‍ അഖിലേന്ത്യാടിസ്ഥാനത്തില്‍ നടത്തിയ ഒരു പഠനത്തില്‍ കേരളത്തിലെ 33 ശതമാനം കര്‍ഷകരും കാര്‍ഷികമേഖലയില്‍ നിന്ന് വിട്ടുപോകുവാന്‍ താല്പര്യം പ്രകടിപ്പിക്കുകയുണ്ടായി. സംരക്ഷിതകൃഷി പ്രോത്സാഹിപ്പിക്കുന്നതിലൂടെ കുറേയേറെ കര്‍ഷകരെ കാര്‍ഷികമേഖലയില്‍ കൊണ്ടുവരുവാന്‍ തീര്‍ച്ചയായും സാധിക്കും.

സംസ്ഥാന ആസൂത്രണബോര്ഡ് കാര്ഷിക വിഭാഗം മേധാവിയാണ് ലേഖകന്

 

3.02941176471
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top