অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ബയോഡൈനാമിക് ഫാമിംഗ്

ആമുഖം

വിദേശരാജ്യങ്ങളില്‍ വിജയം വരിച്ച ബയോഡൈനാമിക്ക്  കൃഷിരീതി കേരളത്തിലും പരീക്ഷിക്കുന്നു. ജൈവ കൃഷിരീതിയുമായി സംയോജിപ്പിച്ചാണ് ഈ ആധുനീക കൃഷിരീതി ആരംഭിക്കാന്‍ ഒരുങ്ങുന്നത്. നിലവില്‍ 12500 ഓളം രജിസ്റ്റര്‍ ചെയ്ത ജൈവകര്‍ഷകരുള്ള വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയാണ് തങ്ങളുടെ ബോയ്‌സ് ടൗണിലെ കുരുമുളക് സംരക്ഷണ – ഗവേഷണ തോട്ടത്തില്‍ ബയോഡൈനാമിക്ക് ഫാമിംഗ് നടത്താന്‍ തയ്യാറെടുക്കുന്നത്.

ജൈവകൃഷിരീതിയുടെ മറ്റൊരു സംയോജന രീതിയാണിത്. മണ്ണിന്റെ ആരോഗ്യം വര്‍ദ്ധിപ്പിച്ച് സസ്യങ്ങളുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും അതിലൂടെ ഉല്‍പാദനശേഷി കൂട്ടുകയുമാണ് ബയോഫാമിംഗ് കൃഷിരീതിയുടെ പ്രധാന ലക്ഷ്യം. ബയോഡൈനാമിക്ക് കലണ്ടര്‍ ഉപയേഗിച്ച് ഓരോ സീസണും അനുയോജ്യമായി വിളവിറക്കുക എന്നത് ഇതില്‍ പ്രധാനമാണ്. സസ്യങ്ങള്‍ക്ക് ആവശ്യമായ മൂലകങ്ങള്‍ പ്രദാനം ചെയ്യുന്നതിന് മണ്ണിലും ചെടികളുടെ ഇലയിലും ബയോഡൈനാമിക്ക്  മിശ്രിതം തളിക്കുകയാണ് ചെയ്യുന്നത്. BD 500 മുതല്‍ 508 വരെയുള്ള നമ്പറുകളിലാണ് അസംസ്‌കൃത വസ്തുക്കള്‍ (ബയോഡൈനാമിക്ക് സെറ്റുകള്‍) അറിയപ്പെടുന്നത്.  നാടന്‍ പശുവിന്റെ പച്ചചാണകം പ്രധാന ഘടകമായ bd500 ആണ് ഇതില്‍ കൂടുതലായി ഉപയോഗിക്കുന്നത്. ചാണകത്തെ പ്രത്യേക രീതിയില്‍ കമ്പോസ്റ്റ് ആക്കി മാറ്റുകയാണ് ഇതില്‍ ചെയ്യുന്നത്. കമ്പോസ്റ്റ്  കുഴി തയ്യാറാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പിന്നീട് അസംസ്‌കൃത വസ്തുക്കള്‍  ഉപയോഗിച്ച് സൊലൂഷന്‍ തയ്യാറാക്കുകയും ചെയ്യാം.

ബയോഫാമിംഗ്-ചരിത്രം

ജീവന്‍ എന്നര്‍ത്ഥം വരുന്ന ബയോസ് എനര്‍ജി ഡൈനാമോസ്  എന്നീ ഗ്രീക്ക് വാക്കുകളില്‍ നിന്നാണ് ബയോഡൈനാമിക്ക്  എന്ന പേര് ഉദ്ഭവിച്ചത്. 1924 മുതല്‍ ജര്‍മ്മനിയില്‍ ഈ  രീതി നിലവിലുണ്ട്. 1965 മുതല്‍ ന്യൂസിലാന്റിലും ഈ രീതി കര്‍ഷകര്‍ പ്രാവര്‍ത്തികമാക്കി. ഇന്ത്യയില്‍ ഔറാംഗബാദ്, മൈസൂര്‍, കൊടൈക്കനാല്‍ എന്നിവിടങ്ങളിലാണ് ഇതാരംഭിച്ചത്. 1990 ല്‍ ഇന്ത്യയില്‍ ബയോഡൈനാമിക്ക് അസോസിയേഷന്‍ രൂപീകൃതമായി. തമിഴ്‌നാട്ടിലെ കരൂരില്‍ വിനോബാജിപുരത്ത് സ്‌കൂള്‍ ഓഫ് ബയോഡൈനാമിക്ക്  പ്രവര്‍ത്തിച്ചു വരുന്നു. 2012 ല്‍ ആരംഭിച്ച ഈ സ്ഥാപനത്തില്‍ നിന്നും 2014 ല്‍ ആദ്യബാച്ച് പുറത്തിറങ്ങി. കൃഷിഭൂമിയിലേക്ക് ഉപയോഗിക്കാനാവശ്യമായ മിശ്രിതം തയ്യാറാക്കുന്നതിനുള്ള അസംസ്‌കൃത വസ്തുക്കള്‍ കൊടൈക്കനാലില്‍ നിന്ന് ലഭിക്കും.

ജീവനുള്ള മണ്ണിന് ബയോഫാമിംഗ്

മണ്ണില്‍ സൂഷ്മജീവികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനനുസരിച്ച് മണ്ണിന്റെ ഫലഭൂഷ്ടി കൂടും. സൂഷ്മജീവികള്‍ വളരാന്‍ ആവശ്യമായ മൂലകങ്ങളെ അധികമായി മണ്ണിലേക്ക് നല്‍കുകയാണ് മിശ്രിതം പ്രയോഗിക്കുന്നതിലൂടെ നടക്കുന്നത്. ചാണകം, മൃഗങ്ങളുടെ ശരീരഘടകങ്ങള്‍ എന്നിവ കൂടാതെ പുഷ്പങ്ങള്‍, ചെടികളുടെയും മരങ്ങളുടെയും തൊലി എന്നിവയില്‍ നിന്നും സംസ്‌കരിച്ചെടുക്കുന്ന ഘടകങ്ങളാണ് അസംസ്‌കൃത പദാര്‍ത്ഥങ്ങളായി ഉപയോഗിക്കുന്നത്. കമ്പോസ്റ്റ്  കുഴിയില്‍ മിശ്രിതം തയ്യാറാക്കല്‍ പൂര്‍ത്തിയാക്കി ചാക്ക് കൊണ്ട് മൂടിയിട്ടാല്‍ ആറാഴ്ചകൊണ്ട് വളമാകും. ഇടയ്ക്കിടെ ചാക്കിനു മുകളില്‍ വെള്ളം തളിക്കണം. ഒരു ഹെകടര്‍ കൃഷിഭൂമിയിലേക്ക് ഇങ്ങനെ തയ്യാറാക്കുന്ന മിശ്രിതത്തില്‍ നിന്നും 250 ഗ്രാമെടുത്ത് വെള്ളത്തില്‍ കലക്കി തളിച്ചാല്‍ മതിയെന്ന് കേരളത്തില്‍  ഇതിന് നേതൃത്വം നല്‍കുന്ന ബോട്ടണിസ്റ്റ് കെ.ജെ. ബിജു പറഞ്ഞു.

ജര്‍മ്മനിയിലെ കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്നുള്ള ഗവേഷകന്‍ ഐസകിന്റെ നേതൃത്വത്തിലാണ് കേരളത്തില്‍ മിശ്രിത നിര്‍മ്മാണത്തിനും ബയോഡൈനാമിക്ക് ഫാമിംഗ് ആദ്യഘട്ട പരിശീലനം നല്‍കിയത്. ബോയ്‌സ് ടൗണിലെ ഗവേഷണ തോട്ടത്തില്‍ ഇരുപതിനായിരം ഹെക്ടര്‍ കൃഷിഭൂമിയിലേക്ക് ആവശ്യമായ മിശ്രിതം പരീക്ഷണഘട്ടത്തില്‍ തയ്യാറായി വരുന്നതായി വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ: ബിജോ കറുകപ്പള്ളി പറഞ്ഞു.

മണ്ണില്‍ മിശ്രിതം തളിച്ചാല്‍ സൂഷ്മാണുക്കളുടെ ഉത്തേജനം കാര്യക്ഷമമാകുന്നതിനാല്‍ മണ്ണിന്റെ ജൈവ സ്വഭാവം നിലനില്‍ക്കും. നടീല്‍ വസ്തുക്കള്‍ മിശ്രിതം ഉപയോഗിച്ചുള്ള ലായനിയില്‍ മുക്കിവെച്ച ശേഷം നട്ടാല്‍ വേര് വേഗത്തില്‍ മുളയ്ക്കും. പച്ചക്കറികള്‍ക്കും  പൂച്ചെടികള്‍ക്കും ഇലകളില്‍ തളിച്ചാല്‍ വളര്‍ച്ചയും പച്ചപ്പും കൂടും.വലിപ്പം കൂടുതലുള്ള പൂക്കള്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കും.  പച്ചക്കറികള്‍ പുഷ്ട്ടിയുള്ളതായും പൂക്കള്‍ക്കും ഇലകള്‍ക്കും നിറം കൂടുതലുള്ളതായും കാണപ്പെടുന്നു.

ബയോഡൈനമിക് തോട്ടം സന്ദശിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഗുജറാത്തിലെ ബൈക്കാക്ക കൃഷി കേന്ദ്രം, കൊടൈക്കാനാലിലെ നന്ദാവന്‍ എസ്‌റ്റേറ്റും, മൈസൂരിലെ ഇസ്‌കോണ്‍ (ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്‌നെസ്) എന്നിവിടങ്ങളില്‍ സന്ദര്‍ശിക്കാം.

കേരളത്തില്‍ ബയോഡൈനമിക് ഫാമിംഗില്‍ താല്‍പര്യമുള്ളവര്‍ക്ക് വളവും പരിശിലവും നല്‍കാന്‍ വയനാട് ബോയ്‌സ് ടൗണിലെ പരിശീലന കേന്ദ്രത്തില്‍ സൗകര്യമുണ്ടെന്നും വയനാട് സേഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി പി.ആര്‍.ഒ ജോസ് പി.എ അറിയിച്ചു.

സി.വി ഷിബു

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate