Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

കൃഷിയിലും വേണം സ്റ്റാര്‍ട്ടപ്പ്

കൂടുതല്‍ വിവരങ്ങള്‍

കൃഷിയിലും വേണം സ്റ്റാര്‍ട്ടപ്പ്

ഇന്ത്യയില്‍ ഇന്ന് തൊഴില്‍ സംരംഭകത്വവും പുത്തന്‍ കണ്ടെത്തലുകളും കൂടുതല്‍ പ്രാധാന്യം നേടിവരികയാണ്. മികച്ച സംരംഭങ്ങള്‍ക്ക് മുതല്‍മുടക്കാനും വിപണനസാധ്യതകള്‍ ഉറപ്പാക്കാനും വിവിധ ഏജന്‍സികളും സര്‍ക്കാരും ഏഞ്ചല്‍ ഇന്‍വെസ്റ്റേഴ്സും തയ്യാറായി നില്‍ക്കുന്നു. ബെര്‍ലിന് ശേഷം സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഏറ്റവും കൂടുതല്‍ വെഞ്ച്വര്‍ ഫണ്ട്‌ ലഭിക്കുന്ന രാജ്യം ഇന്ത്യയാണ്. ഇന്ന് അഭ്യസ്തവിദ്യരായ യുവതീയുവാക്കള്‍ ജോലി ജോലി അന്വേഷിക്കുന്നതിനുപകരം തൊഴില്‍ സംരംഭാകരാവുന്ന പ്രവണത രാജ്യത്തെമ്പാടും വര്‍ധിച്ചുവരുന്നു.

സോഫ്റ്റ്‌വെയര്‍ മേഖലയില്‍ മാത്രമല്ല സ്റ്റാര്‍ട്ടപ്പിനുള്ള സാധ്യതകള്‍. കാര്‍ഷികമേഖലയിലും ഇതിനുള്ള സാധ്യതകള്‍ ഏറെയുണ്ട്. ശരിയായ രീതിയിലുള്ള കാഴ്ചപ്പാടുകളും സാങ്കേതികവിദ്യകളും പ്രയോജനപ്പെടുത്താനായാല്‍ കാര്‍ഷികമേഖലയിലും സ്റ്റാര്‍ട്ടപ്പുകള്‍ വിജയമായി മാറും.

നിരവധി സ്റ്റാര്‍ട്ടപ്പ് കമ്പനികളാണ് ഇന്ത്യയില്‍ ഇപ്പോള്‍ പുതുതായി രൂപപ്പെട്ടുവരുന്നത്. അടുത്തയിടെ ബംഗളൂരുവില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി സംഘടിപ്പിച്ച പതിനൊന്നാമത് ഇന്ത്യ ഇന്നൊവേഷന്‍ സിമ്പോസിയം ദേശീയതലത്തില്‍ ശുദ്ധമായ വായു, വെള്ളം എന്നിവയിലൂടെ ശുചിത്വമുള്ള ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള പ്രാദേശികമായ പുത്തന്‍ കണ്ടെത്തലുകള്‍ക്കാണ് ഊന്നല്‍ നല്‍കിയത്.

നിര്‍മ്മാണം,ഭൗതീകസൌകര്യ വികസനം, സേവന മേഖലകളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പുവരുത്തുക എന്നിവയാണ് ഇന്നവേഷന്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം എന്നതുകൊണ്ട് വിഭാവനം ചെയ്യുന്നത്. ചെറുകിട ഇടത്തരം സംരംഭകരാണ് ഈ മേഖലയില്‍ കൂടുതലായി പ്രവര്‍ത്തിക്കുന്നത്. 1999-ല്‍ ഐ.ടി സേവന മേഖലയില്‍ ഒന്നര ലക്ഷം പേരുണ്ടായിരുന്ന സ്ഥാനത്ത് 2015 ആയപ്പോഴേക്കും നാല് ദശലക്ഷം പേരായി വളര്‍ന്നു. രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്‍റെ 6-7 ശതമാനം സംഭാവന ചെയ്യുന്നത് ഐ.ടി. വ്യവസായമാണ്‌. കയറ്റുമതിയില്‍ 25 ശതമാനം വര്‍ധനവ്‌ കൈവരിച്ചിരിക്കുന്നു. ഗ്രാമീണ, ദ്വിതീയ, ത്രിതീയ പട്ടണങ്ങളിലും സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം വിപുലപ്പെട്ടുവരുന്നു. ലോകത്ത് നിക്ഷേപ, വികസന സൂചികയില്‍ ഇന്ത്യ 76-)0 സ്ഥാനത്താണ്.

ഐ.ടി യിലും ബയോടെക്നോളജിയിലുമാണ് സ്റ്റാര്‍ട്ടപ്പ് മേഖല പ്രധാനമായും പുരോഗമിച്ചു വരുന്നത്. ഇന്ത്യയിലെ സിലിക്കണ്‍ വാലിയായി ബംഗലൂരു മാറിക്കഴിഞ്ഞു. കൊച്ചി സ്റ്റാര്‍ട്ടപ്പ് വില്ലേജും തിരുവനന്തപുരത്തെ ടെക്നോ പാര്‍ക്കും അന്താരാഷ്‌ട്രതലത്തില്‍ സ്ഥാനം നേടിക്കഴിഞ്ഞു. വര്‍ധിച്ചുവരുന്ന നഗരവത്ക്കരണം, മാറിവരുന്ന ആവശ്യങ്ങള്‍, പുത്തന്‍ ഐ.സി.ടി. (ഇന്‍ഫര്‍മേഷന്‍, കമ്മ്യൂണിക്കേഷന്‍, ടെക്നോളജി) ഡെലിവറബിള്‍സ് എന്നിവ സ്റ്റാര്‍ട്ടപ്പിനുള്ള അനുകൂല ഘടകങ്ങളാണ്. സംരംഭകത്വത്തിനും സ്റ്റാര്‍ട്ടപ്പിനും ഇത് കരുത്തേകുന്നു. വിജ്ഞാനത്തിലൂന്നിയുള്ള  സംരംഭങ്ങള്‍, സ്മാര്‍ട്ട്‌സിറ്റി, ഡാറ്റ വിപുലീകരിക്കല്‍, പ്രവര്‍ത്തന മികവിനുള്ള സാങ്കേതിക വിദ്യ, 51 ശതമാനത്തിലധികമുള്ള യുവാക്കളുടെ ജനസംഖ്യ എന്നിവയും സ്റ്റാര്‍ട്ടപ്പിന് പിന്തുണ നല്‍കും.

ഇന്ത്യയില്‍ എല്ലാ സേവനങ്ങളും ഓണ്‍ലൈനായി കഴിഞ്ഞു. കാര്‍ഷികോത്പന്ന വിപണനത്തിനുള്ള ഇ-വിപണി, തൊഴിലിനും പരിശീലനത്തിനുമുള്ള നാഷണല്‍ കരിയര്‍ സര്‍വ്വീസ് പോര്‍ട്ടല്‍ എന്നിവ ഇവയില്‍ ചിലതുമാത്രം. ലോകത്തെമ്പാടും രണ്ട് ബില്യണ്‍ പേരാണ് ഇന്റര്‍നെറ്റ്‌ സേവനം പ്രയോജനപ്പെടുത്തുന്നത്. വരുംതലമുറയ്ക്കുള്ള ഐ.ടി. സൊല്യൂഷനെക്കുറിച്ചും ഇ-കൊമെഴ്സിനേക്കുറിച്ചുമുള്ള പുത്തന്‍ കണ്ടെത്തലുകളും ശക്തിപ്പെട്ടുവരുന്നു.

കര്‍ണ്ണാടകയില്‍ ഇ-ഗവേണന്‍സിനു പുറമേ മൊബൈല്‍ അധിഷ്ടിത എം-ഗവേണന്‍സും ‘സക്കാല’ എന്ന ഐ.സി.ടി. സംവിധാനവും പ്രാവര്‍ത്തികമാക്കി വരുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത് നിര്‍മ്മാണ മേഖലയിലാണ്. ഈ മേഖല ഇന്ത്യയിലെ  മൊത്തം ആഭ്യന്തര ഉത്പാദനത്തിന്‍റെ 15 ശതമാനം സംഭാവന ചെയ്യുന്നു. എന്നാല്‍ ചൈനയില്‍ ഇത് 45 ശതമാനമാണ്. ഒരു രാജ്യത്തിന്‍റെ വളര്‍ച്ച നിര്‍മ്മാണ മേഖലയിലെ വളര്‍ച്ചയ്ക്ക് ആനുപാതികമായാണ്. മേയ്ക്ക് ഇന്‍ ഇന്ത്യ, സ്കില്‍ ഇന്ത്യ എന്നിവ നിര്‍മ്മാണ മേഖലയ്ക്കും സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്കും കരുത്തേകും.

ഇന്നവേഷനില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന മേഖലകളാണ് കാലയളവ്‌, അനിശ്ചിതത്വം, സങ്കീര്‍ണ്ണത, അരക്ഷിതാവസ്ഥ എന്നിവ. ആവശ്യകതയും ലഭ്യതയും തമ്മിലുള്ള അന്തരം മനസ്സിലാക്കി വേണം സ്റ്റാര്‍ട്ടപ്പ് തുടങ്ങേണ്ടത്. ചെലവും വരവും യുക്തിസഹമായി മനസ്സിലാക്കണം. വിപണി ലക്ഷ്യമിട്ടുള്ള സംരംഭങ്ങള്‍ മാത്രമേ തുടങ്ങാവൂ. ഉപഭോക്താക്കളേക്കുറിച്ചും വ്യക്തമായ ധാരണ വേണം. ഉത്പന്ന വില, വിപണന തന്ത്രങ്ങള്‍, ലഭ്യത എന്നിവയേക്കുറിച്ച് വിശധമായ പഠനങ്ങള്‍ (SWOT Analysis) നടത്തിയിരിക്കണം.

ടെക്നോളജി രൂപപ്പെടുത്തുക, ഉപഭോക്താക്കളെ കണ്ടെത്തുക എന്നിവയാണ് ഏറ്റവും വലിയ വെല്ലുവിളി. സാധ്യതകളും സങ്കീര്‍ണ്ണതകളും വ്യക്തമായി മനസ്സിലാക്കിയിരിക്കണം. ഡിജിറ്റല്‍ ഓപ്പറേഷന്‍ മോഡല്‍ പ്രാവര്‍ത്തികമാക്കാന്‍ പ്രവര്‍ത്തന മികവ്, ഇന്റെര്‍ണല്‍ ഫോക്കസ് എന്നിവ അത്യന്താപേക്ഷിതമാണ്. ജീനോമിക്സ്, കണക്ടോമിക്സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്ലൌഡ്, സോഷ്യല്‍, മൊബൈല്‍, അനലിറ്റിക്സ്, നാനോ സയന്‍സ് എന്നിവ സാധ്യതകളുള്ള പുത്തന്‍ മേഖലകളാണ്.

കൃഷിയിലും സ്റ്റാര്‍ട്ടപ്പിന്റെ കാലം

ഇന്ന് തൊഴില്‍സംരംഭകത്വം (എന്ട്രപ്രണര്‍ഷിപ്പ്) ആഗോളതലത്തില്‍ വിപുലപ്പെട്ടുവരുന്നു. അഭ്യസ്തവിദ്യരായ യുവതീയുവാക്കള്‍ തൊഴില്‍ അന്വേഷിക്കുന്നതിനുപകരം തൊഴില്‍ദാതാക്കളാകുന്നു. മുന്‍കാലങ്ങളില്‍ ഐ.ടി. മേഖലയില്‍ മാത്രമേ തൊഴില്‍സംരംഭകത്വത്തിനു സാധ്യതയുള്ളൂവെന്ന തെറ്റിദ്ധാരണ നിലവിലുണ്ടായിരുന്നു. എന്നാല്‍ എല്ലാ സേവനമേഖലകളിലും തൊഴില്‍സംരംഭകത്വത്തിനു പ്രസക്തി ഏറിവരികയാണ്.

കൃഷി, വ്യവസായം, സേവനം എന്നീ മൂന്ന് മേഖലകളിലായി രാജ്യത്തെ കാണുമ്പോള്‍ സേവനമേഖലയിലാണ് ഏറെ തൊഴിലവസരങ്ങള്‍ രൂപപ്പെട്ടുവരുന്നത്. കാര്‍ഷികമേഖലയെ അപേക്ഷിച്ച് 57 ശതമാനത്തിലധികം തൊഴിലവസരങ്ങളാണ് സേവനമേഖലയിലൂടെ ലഭിക്കുന്നത്. അതിനാല്‍ കാര്‍ഷികമേഖലയെ സേവനമേഖലയുമായി സമന്വയിപ്പിച്ചുള്ള തൊഴില്‍ സംരംഭങ്ങള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. കൃഷി (അഗ്രികള്‍ച്ചര്‍) മുന്‍കാലങ്ങളില്‍ സംസ്കാരത്തിന്‍റെ ഭാഗമായിരുന്നു. ഇന്ന് കൃഷി ബിസിനസിന്‍റെ ഭാഗമാകുന്ന അഗ്രിബിസിനസിന് പ്രസക്തി ഏറിവരുന്നു. സേവനമേഖലയ്ക്കിണങ്ങിയ അഗ്രിബിസിനസ് സംരംഭങ്ങള്‍ക്കാണ് പ്രസക്തിയേറുന്നത്. ഇതിന്‍റെ ഭാഗമായി സാങ്കേതികവിദ്യ ഉരുത്തിരിച്ചെടുക്കാനുള്ള പ്രക്രിയയാണ് ടെക്നോളജി ബിസിനസ് ഇന്‍കുബേഷനിലൂടെ നടക്കുന്നത്. ഇങ്ങനെ രൂപപ്പെടുന്ന വ്യാവസായിക സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയാണ് അടുത്തപടി. തുടര്‍ന്ന് ഇത്തരം സാങ്കേതികവിദ്യകള്‍ സാധാരണക്കാര്‍ക്ക് പ്രയോജനപ്പെടുത്താന്‍ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ ആരംഭിക്കാം.

സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ തുടങ്ങുന്നത് സമഗ്രമായ ഇന്നവേഷന്‍ ഇന്‍കുബേഷന്‍ പ്രക്രിയയിലൂടെയാണ്. ഇന്നവേഷന്‍ ഇന്‍കുബേഷന്‍ പ്രക്രിയയിലാണ് സംരംഭകത്വത്തിന്‍റെ സാധ്യത രൂപപ്പെടുത്തിയെടുക്കുന്നത്. ഇത് സുസ്ഥിര വികസനത്തിന് യോജിച്ച രീതിയിലായിരിക്കണം. സുസ്ഥിരരീതിയില്‍ സാമ്പത്തികം, സാമൂഹികം, പാരിസ്ഥിതികം എന്നീ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഇന്നവേഷന്‍ ഇന്‍കുബേഷന്‍ രണ്ട് രീതിയിലാണ്. ആദ്യത്തേത് ഉരുത്തിരിച്ചെടുക്കല്‍ (creation), രണ്ടാമത്തേത് പ്രവചനം (prediction). പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഉത്പന്നങ്ങളെ ഉരുത്തിരിച്ചെടുക്കുന്നതാണ് ആദ്യപടി. വിപണന സാധ്യതകള്‍ മനസ്സിലാക്കി ഉത്പാദനം വികസിപ്പിക്കുന്നത് പ്രവചനത്തില്‍പ്പെടും. ഒരു ഉത്പന്നം പ്രയോജനകരമായിരിക്കുമെന്നും അവ വിപണിയില്‍ പ്രിയം നേടുമെന്നും മുന്‍കൂട്ടി കണ്ടെത്തുന്നതിന് അനുഭവപരിചയവും യുക്തിയും തുണയാകും.

കാര്‍ഷികമേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍

ആഗോളതലത്തില്‍ ഭക്ഷ്യസുരക്ഷാ പ്രതിസന്ധി നിലനില്‍ക്കുമ്പോള്‍ സുസ്ഥിര കൃഷിരീതികള്‍ക്ക് പ്രാധാന്യമേറി വരുന്നു. പരിസ്ഥിതിയ്ക്ക് അനുസൃതമായ കൃഷിരീതികള്‍ക്കാണ് സുസ്ഥിരകൃഷിയില്‍ പ്രാധാന്യം ലഭിക്കുന്നത്. സുസ്ഥിരരീതികള്‍ സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ കാര്യങ്ങള്‍ വിലയിരുത്തിയാണ് നടപ്പിലാക്കുന്നത്.

ക്ലീന്‍ ഇന്ത്യ, ശുദ്ധ വായു, വെള്ളം എന്നിവയ്ക്ക് കേന്ദ്രസര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുമ്പോള്‍ ശുദ്ധമായ കാര്‍ഷികോത്പന്നങ്ങളുടെ ഉത്പാദനം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. സുസ്ഥിര കൃഷിയില്‍ കന്നുകാലി വളര്‍ത്തലിന് പ്രാധാന്യമുണ്ട്. കേരളത്തില്‍ അടുത്തകാലത്തായി ജൈവകൃഷി പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികള്‍ നടപ്പിലാക്കിവരുന്നു. 2016 മുതല്‍ കേരളം പൂര്‍ണ്ണമായി ജൈവകൃഷിയിലേക്ക് മാറാനുള്ള തയ്യാറെടുപ്പിലുമാണ്.

കീടനാശിനികളുടെയും ആന്‍റിബയോട്ടിക്കുകളുടെയും അമിതമായ ഉപയോഗം മൂലം കേരളത്തില്‍ കഴിഞ്ഞ 10 വര്‍ഷക്കാലയളവില്‍ കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ 291 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്.

കാര്‍ഷികമേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം കുറഞ്ഞുവരുന്ന ഉത്പാദനക്ഷമതയാണ്. കുറയുന്ന സ്ഥലവിസ്തൃതി, ഉത്പാദനം, കൂടിയ ഉത്പാദനക്ഷമത, എന്നിവ കാര്‍ഷികമേഖലയിലെ പരിമിതികളില്‍ ചിലതാണ്. ആഗോള ജനസംഖ്യ 2050-ല്‍ 10 ബില്ല്യനിലെത്തുമ്പോള്‍ ഭക്ഷ്യോത്പാദനം ഇരട്ടിയാക്കേണ്ടതുണ്ട്. ഇറച്ചി, പാല്‍, മുട്ട തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ വര്‍ധിച്ച ആവശ്യകത ഈ രംഗത്ത് നിലവില്‍ വരും.

2050-ല്‍ ആഗോള ഇറച്ചി ഉല്‍പ്പാദനം 465 ദശലക്ഷം ടണ്‍, പാലുല്‍പ്പാദനം 1043 ദശലക്ഷം ടണ്‍ എന്നിങ്ങനെ വര്‍ധിപ്പിക്കേണ്ടി വരും. കുറഞ്ഞ സ്ഥലത്തുനിന്നും കൂടുതല്‍ ഉല്‍പ്പാദനക്ഷമത കൈവരിക്കേണ്ടതിലേക്കാണിത് വിരല്‍ ചൂണ്ടുന്നത്. ലോകത്ത് കൃഷി മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്‍റെ 40 ശതമാനം സംഭാവന ചെയ്യുന്നു. 1.3 ബില്ല്യന്‍ ജനങ്ങളാണ് ഈ രംഗത്ത് തൊഴില്‍ ചെയ്യുന്നത്. ഗ്രാമീണ മേഖലയിലെ 880 ദശലക്ഷം ജനങ്ങളില്‍ 70 ശതമാനവും പ്രത്യക്ഷമായോ പരോക്ഷമായോ കന്നുകാലി വളര്‍ത്തലിനെ ആശ്രയിച്ചുവരുന്നു.

മൃഗസംരക്ഷണ മേഖല പ്രധാനമായും നാല് കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. ജനങ്ങള്‍, ലാഭം, പരിസ്ഥിതി, ജന്തുക്ഷേമം എന്നിവ ഇവയില്‍ പ്രധാനപ്പെട്ട ഘടകങ്ങളാണ്.

ഉത്പാദന സൂചിക പ്രധാനമായും ശാസ്ത്രീയത, ഉത്പാദനം, സുതാര്യത എന്നിവയേ ആശ്രയിച്ചിരിക്കുന്നു. ജന്തുക്ഷേമ പ്രവര്‍ത്തനങ്ങളും ഇവയില്‍ പ്രാധാന്യമര്‍ഹിക്കുന്നു. 2020-ല്‍ ഹരിതഗൃഹവാതകങ്ങളുടെ ഉത്പാദനം 40 ശതമാനത്തോളം കുറയ്ക്കാനും പദ്ധതിയുണ്ട്. ഉത്പാദന സൂചിക, ജന്തുക്ഷേമം, സാമ്പത്തികം, പാരിസ്ഥിതികം, സാമൂഹികം, എന്നിവയെയും ആശ്രയിച്ചിരിക്കുന്നു.

ജനങ്ങള്‍ക്കുണ്ടാകുന്ന സാമ്പത്തിക നേട്ടങ്ങള്‍, ഉപഭോക്താവിന്‍റെ ആത്മവിശ്വാസം, ഭക്ഷ്യസുരക്ഷ, ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മ, ഉല്‍പ്പാദനക്ഷമത, ലാഭം എന്നിവ ഉത്പാദന സൂചികയെ ബാധിക്കുന്ന സാമ്പത്തിക ഘടകങ്ങളാണ്. വെള്ളത്തിന്‍റെ ഉപയോഗം, ഗുണമേന്മ, ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളല്‍, ഊര്‍ജ്ജത്തിന്‍റെ ഉപഭോഗം, സ്ഥലത്തിന്‍റെ വിനിയോഗം, വായു സഞ്ചാരം, ഗുണമേന്മ, എന്നിവ പാരിസ്ഥിതിക സൂചികകളില്‍പ്പെടുന്നു. ഭക്ഷ്യ സുരക്ഷിതത്വം, ജൈവ വൈവിധ്യം, ഭക്ഷ്യസുരക്ഷ, സംയോജിത രീതി, സാമൂഹിക ബന്ധങ്ങള്‍, തൊഴില്‍ ബന്ധങ്ങള്‍, തൊഴില്‍ സുരക്ഷിതത്വം എന്നിവ സാമൂഹിക സൂചികകളില്‍പ്പെടുന്നു. ജന്തുക്ഷേമം എല്ലാ അര്‍ഥത്തിലുമുള്ള സുരക്ഷയും, സ്വാതന്ത്ര്യവും വിഭാവനം ചെയ്യുന്നു.

ഉപഭോക്താക്കളുടെ ആവശ്യത്തിനിണങ്ങിയ അളവില്‍ ഉല്‍പ്പന്നങ്ങള്‍ എത്തിക്കുവാനുള്ള സംരംഭങ്ങളും പുത്തന്‍ ആശയങ്ങളിലൂടെ ഉരുത്തിരിച്ചെടുക്കുന്ന സാങ്കേതികവിദ്യ പ്രാവര്‍ത്തികമാക്കുന്നതും വഴി കാര്‍ഷികമേഖലയില്‍ തൊഴില്‍ സംരംഭങ്ങള്‍ രൂപപ്പെടുത്തിയെടുക്കാം.

സംരംഭകത്വം പ്രോത്സാഹിപ്പിക്കാന്‍ മന്ത്രാലയവും ദേശീയനയവും

ആഗോളതലത്തിലുള്ള മാറ്റങ്ങള്‍ക്കനുസരിച്ച് രാജ്യത്ത് തൊഴില്‍ സംരംഭകത്വത്തിനും പ്രവര്‍ത്തന മികവിനും പ്രത്യേകം പ്രാധാന്യം നല്‍കിവരുന്നു. ഇതിനായി പുതുതായി സ്കില്‍ ഡെവലപ്പ്മെന്‍റ് ആന്‍ഡ്‌ എന്ട്രപ്രന്യര്‍ഷിപ്പ് മന്ത്രാലയം ഇന്ന് നിലവിലുണ്ട്. ഇന്ത്യന്‍ വിദ്യാര്‍ഥികളിലെ തൊഴില്‍ സംരംഭകത്വ ശേഷിക്ക് മികവേകാന്‍ മന്ത്രാലയത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ സഹായിക്കും.

വിവരസാങ്കേതികവിദ്യ ശക്തി പ്രാപിക്കുമ്പോള്‍ ഇ-കൊമേഴ്സിനും സാധ്യതയേറുന്നു. ലോജിസ്ടിക്സ് മേഖലയില്‍ ഈ സാധ്യതകള്‍ കൂടുതലായി പ്രയോജനപ്പെടുത്തിവരുന്നു. ബിസിനസ് ടു ബിസിനസില്‍ നിന്നും ബിസിനസ് ടു കണ്‍സ്യൂമറിലേക്കുള്ള രാജ്യത്തെ സപ്ലൈ ചെയിന്‍ സംവിധാനത്തിലുള്ള മാറ്റം ഏറെ പ്രകടമാണ്. 2014-ല്‍ 4.2 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്‍റെ വളര്‍ച്ചയാണ് ഇ-കൊമേഴ്സ്‌, ഇന്റര്‍നെറ്റ്‌ ഉപഭോക്തൃ മേഖലയില്‍ കൈവരിച്ചത്. ഇന്ത്യന്‍ ഇ-കൊമേഴ്സ്‌ വിപണി 2020-ല്‍ 70 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്‍റെ വളര്‍ച്ച കൈവരിക്കുമെന്നാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിനാനുപാതികമായി ലോജിസ്ടിക്സ് വിപണിയിലും വന്‍ വളര്‍ച്ചാനിരക്ക് പ്രകടമാണ്. കാഷ് ഓണ്‍ ഡെലിവറി, എം-കൊമേഴ്സ്‌ എന്നിവയിലും ഐ.സി.ടി. ഡെലിവറബിള്സിലും കൂടിയ വളര്‍ച്ചാനിരക്ക് ദൃശ്യമാണ്. 70 ശതമാനം ഇ-കൊമേഴ്സും ഇപ്പോള്‍ കാഷ് ഓണ്‍ ഡെലിവറി രീതിയിലാണ് നടക്കുന്നത്. ഇ-കൊമേഴ്സ്‌ ലോജിസ്ടിക്സ് സ്റ്റാര്‍ട്ടപ്പുകള്‍ ആഗോളതലത്തില്‍ ഇന്ന് വിപുലപ്പെട്ടുവരുന്നു.

സ്കില്‍ ഡെവലപ്പ്മെന്‍റ് ആന്‍ഡ്‌ എന്ട്രപ്രന്യര്‍ഷിപ്പ് മന്ത്രാലയം ഊന്നല്‍ നല്‍കുന്നത് പ്രവര്‍ത്തന മികവിലൂന്നിയ സംരംഭകത്വത്തിനാണ്. ഇതിന്‍റെ ഭാഗമായി മന്ത്രാലയം ജൂലൈ 15 ന് തൊഴില്‍ വൈദഗ്ദ്ധ്യ ദിനം ആചരിച്ചിരുന്നു. എല്ലാ രാജ്യങ്ങളിലും തൊഴില്‍ വൈദഗ്ദ്ധ്യത്തിന് പ്രത്യേകം നിയമങ്ങളുണ്ട്. സാങ്കേതികവിദ്യയിലൂന്നിയുള്ള എന്ട്രപ്രന്യര്‍ഷിപ്പ് അധിഷ്ടിത കോഴ്സുകള്‍ പുതിയ വഴിത്തിരിവാകും. യുവ സംരംഭകരെ ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക ഭാഷകളില്‍ വെബ്, മൊബൈല്‍ പ്ലാറ്റ്ഫോമിനു കീഴില്‍ കൊണ്ടുവരും. ടെക്നോളജി ഇന്ക്യുബേറ്ററുകളും ഇതിലൂടെ പ്രവര്‍ത്തനക്ഷമമാകും. ദേശീയനയം പ്രാവര്‍ത്തികമാകുന്നതോടെ സംരംഭകര്‍ക്ക് ഒറ്റ അപേക്ഷയിലൂടെ എല്ലാ സേവനങ്ങളും ലഭിക്കും. ബൗദ്ധികസ്വത്തവകാശത്തിനു ദേശീയ അന്തര്‍ദേശീയതലത്തില്‍ പരിഗണന ലഭിക്കും. നിലവിലുള്ള സംരംഭകര്‍ക്ക് നികുതിയില്‍ ഇളവും ലഭിക്കും.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ എന്ട്രപ്രന്യര്‍ഷിപ്പ്, ഇന്നവേഷന്‍ മേഖലയില്‍ രൂപപ്പെട്ടുവരുന്നു. എന്ട്രപ്രന്യര്‍ഷിപ്പ് പ്രോത്സാഹിപ്പിക്കാനായി ഗുവാഹട്ടിയിലെ നാഷണല്‍ ഇന്സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്ട്രപ്രന്യര്‍ഷിപ്പ് ആന്‍ഡ്‌ സ്മോള്‍ ബിസിനസ് ഡെവലപ്പ്മെന്‍റ്, ഇന്ത്യന്‍ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് എന്ട്രപ്രന്യര്‍ഷിപ്പ് സ്ഥാപനങ്ങള്‍ സ്കില്‍ ഡെവലപ്പ്മെന്‍റ് ആന്‍ഡ്‌ എന്ട്രപ്രന്യര്‍ഷിപ്പ് മന്ത്രാലയത്തിന്‍റെ കീഴില്‍ കൊണ്ടുവന്നിട്ടുണ്ട്.

ജൈവപാലുമായി അക്ഷയകല്‍പ

ബെംഗളൂരുവിലെ അക്ഷയകല്‍പ ഫാംസ് ആന്‍ഡ്‌ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനി ജൈവപാല്‍ ഉത്പാദിപ്പിച്ചു പാസ്ചറൈസ് ചെയ്യാതെ ശീതീകരിച്ച് പായ്ക്കറ്റിലാക്കി വിപണനം നടത്തുന്നു. ഗുരുത്വാഹാരം നല്‍കാതെ അഞ്ച് ഏക്കര്‍ സ്ഥലത്ത് തീറ്റപ്പുല്‍ കൃഷി ചെയ്ത് 25 പശുക്കളെ വളര്‍ത്തുന്നതാണ് ഒരു യൂണിറ്റ്. ഇത്തരം 100 യൂണിറ്റുകള്‍ അക്ഷയകല്‍പ സ്റ്റാര്‍ട്ടപ്പിന്‍റെ കീഴില്‍ വരും. 300 കര്‍ഷകരെ ആകര്‍ഷിക്കാനാണ് അക്ഷയകല്‍പ ലക്ഷ്യമിടുന്നത്.

സംരംഭകത്വം കോള്‍നിലങ്ങളില്‍

കേരള വെറ്ററിനറി സര്‍വ്വകലാശാലയില്‍ തൊഴില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേകം എന്ട്രപ്രന്യര്‍ഷിപ്പ് ഡയറക്ടറേറ്റ് തന്നെയുണ്ട്. സര്‍വ്വകലാശാല എന്ട്രപ്രന്യര്‍ഷിപ്പ് വിഭാഗം സ്റ്റാര്‍ട്ടപ്പ് പ്രൊജക്റ്റിനു രൂപം കൊടുത്തിട്ടുണ്ട്. വെറ്ററിനറി സര്‍വ്വകലാശാലയുടെ എന്ട്രപ്രന്യര്‍ഷിപ്പ് വിഭാഗം, തൃശ്ശൂര്‍ അര്‍ബന്‍ ഡെവലപ്പ്മെന്‍റ് അതോറിട്ടി, പുല്ലഴി കോള്‍ സഹകരണ സംഘം എന്നിവയുടെ സഹകരണത്തോടെയാണ് പുതുതായി പദ്ധതി നടപ്പിലാക്കുന്നത്. കോള്‍നിലങ്ങളില്‍ അഭ്യസ്തവിദ്യരായ യുവതീയുവാക്കള്‍ക്കായി സംയോജിത രീതിയില്‍ നടപ്പിലാക്കുന്ന സ്റ്റാര്‍ട്ടപ്പ് പദ്ധതികളിലൂടെ പാല്‍, മുട്ട, കോഴിയിറച്ചി, മത്സ്യം, പച്ചക്കറി എന്നിവ ഉത്പാദിപ്പിക്കും. ഉത്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഫാം ഫ്രഷ്‌ ഉത്പ്പന്നങ്ങളാക്കി പ്രീമിയം വിലയ്ക്ക് ഉപഭോക്താക്കളുടെ വീടുകളില്‍ എത്തിക്കുന്നത് പ്രാവര്‍ത്തികമാക്കാനാണ് സര്‍വ്വകലാശാല ഉദ്ദേശിക്കുന്നത്. ഉത്പാദനം മുതല്‍ വിപണനം വരെ എല്ലാ ഘട്ടങ്ങളിലും ഭക്ഷ്യസുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ അനുവര്‍ത്തിക്കും.

മൃഗചികിത്സാസേവനം വീടുകളിലെത്തിക്കുവാനും മൃഗചികിത്സ, പരിചരണം, തീറ്റക്രമം, രോഗനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ മുതലായവയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദുരീകരിക്കാനും ഗവേഷണശാലയില്‍ നിന്നുള്ള പുത്തന്‍ സാങ്കേതികവിദ്യകള്‍ ജനങ്ങളിലെത്തിക്കുവാനും വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ഇ-വൈറ്റ് കണക്റ്റ് പ്രൊജക്റ്റ്‌ സര്‍വ്വകലാശാല നടപ്പിലാക്കി വരുന്നു. ഇതിലൂടെ എമര്‍ജന്‍സി ചികിത്സ, ഉപദേശക സംവിധാനം, മൃഗശാസ്ത്ര മേഖലയേക്കുറിച്ചുള്ള സമഗ്ര വിവരത്തിനായി വെറ്റിപീഡിയ, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍സെന്‍ററുകള്‍, കസ്റ്റമര്‍ റിലേഷന്‍സ് മാനേജ്മെന്റ് സംവിധാനം എന്നിവ പ്രാവര്‍ത്തികമാക്കും. ഇന്ത്യയിലാദ്യമായാണ് ഇത്തരം സംരംഭങ്ങള്‍ നടപ്പിലാക്കുന്നത്.

വെറ്ററിനറി സര്‍വ്വകലാശാലയുടെ കീഴില്‍ വിദ്യാര്‍ഥികളില്‍ തൊഴില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കാനായി നാല് ക്യാമ്പസുകളിലും സ്റ്റുഡന്റ്റ് എന്ട്രപ്രന്യര്‍ഷിപ്പ് പദ്ധതി നടപ്പിലാക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിച്ചുവരുന്നു. തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കിന്‍റെ സഹായത്തോടെ എല്ലാ കോളെജുകളിലും സ്റ്റാര്‍ട്ടപ്പ് ബൂട്ട് ക്യാമ്പുകളും ആരംഭിക്കുന്നതാണ്. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്പ്മെന്‍റ് കോര്‍പറേഷന്‍റെ സഹകരണത്തോടെ വെറ്ററിനറി സര്‍വ്വകലാശാല തിരുവനന്തപുരം ബയോ സയന്‍സ് പാര്‍ക്കില്‍ പരീക്ഷണ മൃഗങ്ങളുടെ പ്രജനനം, ഉത്പാദനം, മരുന്നുകളുടെ ഗവേഷണം കണ്ടെത്തല്‍ എന്നിവയില്‍ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ തുടങ്ങാനും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.

തൊഴില്‍ സംരംഭകത്വം, ഭക്ഷ്യസുരക്ഷ, കൃഷി സുരക്ഷിതത്വം, ഫാം ജേര്‍ണലിസം, സംയോജിത കൃഷി, ഇന്‍ഫോര്‍മാറ്റിക്സ്‌ ആന്‍ഡ്‌ മാനേജ്മെന്‍റ്, വണ്‍ഹെല്‍ത്ത്‌, എത്നോ വെറ്ററിനറി ഫാര്‍മക്കോളജി എന്നിവയില്‍ സാങ്കേതിക മികവിലൂന്നിയുള്ള ഓണ്‍ലൈന്‍ വിദൂര വിദ്യാഭ്യാസ കോഴ്സുകള്‍ സര്‍വ്വകലാശാല നടത്തിവരുന്നു.

ഡോ.ടി.പി.സേതുമാധവന്‍

കടപ്പാട്:കര്‍ഷകമിത്രം, സമ്പൂര്‍ണ്ണ കാര്‍ഷിക ഗൈഡ്

3.16129032258
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top