ജോസഫ് പ്രിയന്
സസ്യങ്ങള്‍ വളര്‍ത്തി കൊതുകിനെ തുരത്തുന്നതെങ്ങിനെയെന്നു സംശയം തോന്നിയേക്കാം. പണ്ട് സ്കൂളില്‍ പഠിക്കുമ്പോള്‍ നെപ്പന്തസ് എന്നും ആ വിഭാഗത്തില്‍പ്പെടുന്ന സസ്യങ്ങളെക്കുറിച്ചും കേട്ടിട്ടുണ്ടാകും. കീടഭോജികളായ സസ്യങ്ങളെയാണ് നെപ്പന്തസ് എന്നു വിളിക്കുക.
മാംസഭോജികളാണെന്നു കേള്‍ക്കുമ്പോള്‍ ചെടികള്‍ക്കു വൈരൂപ്യമുണ്ടെന്ന് കരുതേണ്ട. ഈ കീടഭോജികളുടെ സൗന്ദര്യത്തിനു മുന്നില്‍ ഓര്‍ക്കിഡും ഡാലിയയുമെല്ലാം ഒരുപടി മാറിനില്‍ക്കേണ്ടിവരും. പടര്‍ന്നുപന്തലിച്ച ഇലകള്‍ക്കിടയിലൂടെ ഞാന്നുകിടക്കുന്ന വലയ്ക്കുള്ളില്‍(പൂവിനുള്ളില്‍) ചെറുകീടങ്ങളെയും പ്രാണികളെയും ആകര്‍ഷിച്ചു വീഴ്ത്തി ദഹിപ്പിച്ച് ഭക്ഷണമാക്കുകയാണ് ഇവ ചെയ്യാറ്.
എലികളെപ്പോലും ഇത്തരത്തില്‍ കെണിയില്‍ വീഴ്ത്തി ഭക്ഷിക്കുന്ന ജയന്റ് നെപ്പന്തസുകളുണ്ട്. ഇത്തരം സസ്യങ്ങള്‍ ഒന്നു കാണണമെന്നു തോന്നുന്നുണ്ടാവും അല്ലേ... ചൈന, ഇന്തോനേഷ്യ, മലേഷ്യ, മഡഗാ സ്കര്, ഓസ്ട്രേലിയ, ഫിലിപ്പിന്‍സ്, തായ്ലന്ഡ് തുടങ്ങിയ രാജ്യങ്ങളിലാണ് ഇവ കണ്ടുവരാറുള്ളത്. ഇനിമുതല്‍ കോഴിക്കോട് കല്ലായിയും ഈ രാജ്യങ്ങളുടെ പട്ടികയില്‍ ഇടം പിടിക്കും. കോഴിക്കോട് കല്ലായി സ്വദേശി വിനയ് ഗാര്‍ഡന്‍സില്‍ വില്‍സന്റെ വീട്ടില്‍ പോയാന്‍ ഇത്തരം നൂറുകണക്കിന് ചെടികള്‍ കാണാന്‍ സാധിക്കും.
വീടിന്റെ ടെറസിനു മുകളില്‍ പ്രത്യേകം തയാറാക്കിയ പൂന്തോട്ടത്തിലാണ് നെപ്പന്തസ് ഇനത്തില്‍പ്പെട്ട നിരവധി ചെടികള്‍ നട്ടുവളര്‍ത്തുന്നത്. ഇത്തരം ഇരപിടിയന്‍ സസ്യങ്ങളെ ഇന്നും ഇന്നലെയുമല്ല വില്സന് വളര്‍ത്താന്‍ തുടങ്ങിയത്. ഇത്തരമൊരു പൂന്തോട്ടം നിര്‍മിച്ചത് രണ്ട് ദശാബ്ദത്തോളമായുള്ള ഇദ്ദേഹത്തിന്റെ നിരന്തരമായ പ്രയത്നത്തിലൂടെയാണ്. നെപ്പന്തസില് മാത്രം ഒതുങ്ങുന്നതല്ല വില്‍സന്റെ പൂന്തോട്ടം.
അമേരിക്കപോലുള്ള ശൈത്യരാജ്യങ്ങളില്‍ മാത്രം കണ്ടുവരുന്ന ടിലാന്‍സിയ ഇനത്തില്‍പ്പെട്ട ചെടികളും വില്സന് സ്വന്തമായുണ്ട്. മണ്ണോ, വളമോ, വെള്ളമോ ആവശ്യമില്ലാത്ത ഇത്തരം സസ്യങ്ങള്‍ അന്തരീക്ഷത്തിലെ ഈര്‍പ്പം മാത്രം വലിച്ചെടുത്താണു വളരുന്നത്.
ഇരപിടിയന്‍ സസ്യങ്ങള്‍
നെപ്പന്തേസീ സസ്യകുടും ബത്തിലെ ഒരു ജനുസാണ് ഉഷ്ണമേഖലയിലെ പിച്ചര്‍ ചെടികള്‍ എന്നറിയപ്പെടുന്ന നെപ്പന്തസ്. നെപ്പന്തസ് ഇനത്തില്‍ വരുന്ന സസ്യങ്ങളെല്ലാം കീടഭോജിസസ്യങ്ങളാണ്. ചെറുകീടങ്ങളെ ആകര്‍ഷിച്ച് കെണിയിലാക്കി ദഹിപ്പിച്ച് ആഹാ രമാക്കാനുള്ള ഘടനാവി ശേഷങ്ങ ളോടു കൂടിയ സസ്യങ്ങളെ യാണ് കീടഭോജിസസ്യങ്ങള്‍ എന്നുവി ളിക്കുന്നത്. നെപ്പന്തസ് ഇനത്തില്‍ ഏകദേശം 160 സ്പീഷി സുകള് ലോകത്തുണ്ട്. ചൈന, ഇന്തോനേഷ്യ, മലേഷ്യ, മഡഗാ സ്കര്, ഓസ്ട്രേലിയ, ഇന്ത്യ, ശ്രീലങ്ക, ബോര്‍ണിയോ, സുമാത്ര, ഫിലിപ്പിന്‍സ് എന്നീ രാജ്യങ്ങളി ലാണ് നെപ്പന്തസ് ചെടികള്‍ കാണപ്പെടുന്നത്. ഇന്ത്യയില്‍ ഒരു സ്പീഷിസ് മാത്രമാണുള്ളത്.
കോഴിക്കോട്ടെത്തിച്ച വഴി
ബിസിനസുകാരനായിരുന്ന വില്സന് പണ്ടുമുതലേ കൃഷിയില്‍ ആഭിമുഖ്യം പുലര്‍ത്തിയിരുന്നു. ഇത്തരം ചെടികളുടെ പ്രത്യേകതയും അദ്ഭുതപ്പെടുത്തുന്ന സൗന്ദര്യവും കണ്ടതോടെയാണ് ഇവ നാട്ടിലെത്തിച്ച് വളര്‍ത്താന്‍ തീരുമാനിച്ചത്. ആദ്യഘട്ടങ്ങളില്‍ പല സ്ഥലത്തും അന്വേഷിച്ചെങ്കിലും വിത്തുപോലും ലഭിച്ചില്ല. ഒടുവില്‍ തായ്ലന്റിലെ സുഹൃത്തുക്കള്‍ വഴി ലക്ഷങ്ങള്‍ ചെലവഴിച്ചാണ് ചെടികള്‍ ഇറക്കുമതി ചെയ്തത്.
ഇത്തരത്തില്‍ ഇറക്കുമതി ചെയ്ത ചെടികളില്‍ പലതും കാലാവസ്ഥാ വ്യതിയാനംമൂലം ഉണങ്ങിപ്പോയി. എന്നാല്‍ ഇരുപത് സ്പീഷിസുകളില്‍പ്പെടുന്ന നെപ്പന്തസുകള്‍ കരുത്താര്‍ജിച്ചു. ഇന്ന് അവ പെരുകി നൂറുകണക്കിന് ചെടികളാണ് വില്‍സന്റെ പൂന്തോട്ടത്തിലുള്ളത്. അലാറ്റ, കാസിയാനോ, വൈക്കിംഗ്, സര്‍സീന, വീനസ് ഫ്ളൈറ്റ്റാപ്, കോബ്രലില്ലി തുടങ്ങിയ ഇനങ്ങള്‍ ഇവയില്‍ ഉള്‍പ്പെടും.
വളര്‍ത്തുന്നതെങ്ങിനെ
ചെടിച്ചട്ടികളില്‍ മണ്ണുനിറച്ച് അതില്‍ ചെടികള്‍ കുഴിച്ചിട്ടാണ് ആദ്യഘട്ടങ്ങളില്‍ വളര്‍ത്തിയിരുന്നത്. വളവും വെള്ളവും ഉപയോഗിച്ചിരുന്നു. എന്നാല്‍ കാലങ്ങള്‍ കടന്നുപോയിട്ടും ചെടികളില്‍ ഇരയെ വേട്ടയാടുന്ന പൂവുപോലുള്ള വലകള്മാത്രം ഉണ്ടായില്ല. നെപ്പന്തസ് ചെടികളുടെ സൗന്ദര്യം ഇത്തരം പൂവുകളിലാണ്. എന്തുകൊണ്ടാണ് ഇവ ഉണ്ടാകാത്തതെന്ന് അന്വേഷിച്ചു. വിശദമായ പഠനം നടത്തിയപ്പോഴാണ് ഇവയ്ക്ക് ആവശ്യമുള്ള ഭക്ഷണവും വെള്ളവും ലഭിക്കുന്നതിനാലാണ് ഇരയെപിടിക്കുന്ന പൂവുകള്‍ ഉണ്ടാകാത്തതെന്നു മനസിലായത്.
പിന്നീട് ഇത്തരം ചെടികള്‍ വളവും വെള്ളവുമില്ലാത്ത വെറും പൂഴിയില്‍(മണല്‍) കുഴിച്ചിട്ടു. ഭക്ഷണം ലഭിക്കാതായതോടെ ഇവയില്‍ പൂവുകള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. പല നിറത്തിലും രൂപത്തിലും ഭാവത്തിലുമുള്ള പൂവുകള്‍ ചെടികളുടെ സൗന്ദര്യം ഇരട്ടിയാക്കി. ഇതോടെ പ്രാണികളും മറ്റും ഇവയില്വീഴാനും ചെടികള്‍ക്ക് ഭക്ഷണമാവാനും തുടങ്ങി. പൂവുകള്‍ക്കുള്ളിലെ ദഹനരസത്തില്‍ അടങ്ങിയ രാസപദാര്‍ഥമാണ് പ്രാണികളെ ആകര്‍ഷിച്ച് ഇവയില്‍ വീഴ്ത്തുന്നത്. ജൈന്റ് ഇനത്തില്‍പ്പെട്ട നെപ്പന്തസുകള്‍ എലികളെവരെ ഭക്ഷണമാക്കുന്നുണ്ട്. വില്‍സന്റെ പൂന്തോട്ടത്തിലുള്ള ഉണങ്ങിയ പൂവുകള്‍ക്കുള്ളില്‍ ഒച്ച്, എട്ടുകാലി, കടന്നല്, തേനീച്ച, കൊതുക് തുടങ്ങിയവയുടെ അവശിഷ്ടങ്ങള്‍ കാണാന്‍ സാധിക്കും.
ആവശ്യക്കാര്‍ നിരവധി
വില്സന് തന്റെ പൂന്തോട്ടത്തെക്കുറിച്ച് ഫേസ്ബുക്കിലൂടെ ലോകത്തെ അറിയിച്ചതിനെത്തുടര്‍ന്നാണ് ഇവയെക്കുറിച്ച് അറിയാനും കാണുവാനും വാങ്ങുവാനും ആളുകള്‍ എത്തിത്തുടങ്ങിയത്.
വിദേശ രാജ്യങ്ങളിലും ഉത്തരേന്ത്യയിലുമാണ് ഇതിന് ആവശ്യക്കാരേറെ. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് ചെടികള്‍ അടച്ചുറപ്പുള്ള പെട്ടിയിലാക്കി സ്പീഡ്പോസ്റ്റില്‍ അയയ്ക്കുകയാണ് ചെയ്യാറ്. എക്സ്പോര്‍ട്ട് ചെയ്യാന്‍ കഴിയാത്തതിനാല്‍ വിദേശരാജ്യങ്ങളില്‍ നിന്നും ആവശ്യക്കാര്‍ നേരിട്ടെത്തി വാങ്ങാറുണ്ട്. തൈകള്‍ക്ക് ആയിരം മുതല്‍ അയ്യായിരം രൂപ വരെയാണ് വില ഈടാക്കുന്നത്. വളര്‍ന്നു വലുതായ ചെടികള്‍ക്ക് ഇരുപതിനായിരം മുതല്‍ നാല്പതിനായിരം രൂപ വരെയും ഈടാക്കാറുണ്ട്.
ചെലവ് മിച്ചം, പണം മെച്ചം
നെപ്പന്തസ് ഇനത്തില്‍പ്പെട്ട ചെടികള്‍ വളര്‍ത്തുന്നതും അവയുടെ വില്പനയും മികച്ച ആദായം നല്കുന്ന വരുമാനമാര്‍ഗംകൂടിയാണ്. ഇവയ്ക്ക് കൃത്രിമമായി പരാഗണം നടത്താന്‍ സാധിക്കില്ല. അവ സ്വയം പരാഗണം നടത്തി അടുത്തുള്ള മരങ്ങളിലോ മറ്റോ സ്വയം വളരുകയാണ് ചെയ്യാറ്. ഇത്തരത്തില്‍ മുളച്ച തൈകള്‍ ചട്ടികളിലേക്കു മാറ്റിയാണ് വളര്‍ത്തുന്നത്. ഓരോ തൈകള്‍ക്കും കുറഞ്ഞത് ആയിരം രൂപയെങ്കിലും പ്രതിഫലം ലഭിക്കും. പ്രാഥമിക ഘട്ടത്തില്‍ ഉപയോഗിക്കുന്ന വളത്തിനും വെള്ളത്തിനും മാത്രമാണ് ചെലവുള്ളത്. മറ്റു ചെലവുകളൊന്നുമില്ലാതെ മികച്ച വരുമാനം ലഭിക്കാനുള്ള ഏറ്റവുംനല്ല മാര്‍ഗംകൂടിയാണ് ഇവയുടെ വളര്‍ത്തല്‍.
ടിലാന്‍സിയ അഥവാ എയര്‍ പ്ലാന്റ്
ശൈത്യരാജ്യങ്ങളില്‍ കണ്ടുവരുന്ന ടിലാന്‍സിയ ഇനത്തില്‍പ്പെട്ട ചെടികളും വില്‍സന്റെ കൈവശമുണ്ട്. ഇരുപതില്പരം സ്പീഷിസുകളിലുള്ള എയര്പ്ലാന്റുകളാണ് കോഴിക്കോട് കല്ലായിയിലെ വില്‍സന്റെ വീട്ടില്‍ തഴച്ചുവളരുന്നത്. മണ്ണോ, വെള്ളമോ, വളമോ വേണ്ടാത്ത ഇത്തരം ചെടികള്‍ അന്തരീക്ഷത്തിലെ ഈര്‍പ്പം മാത്രം വലിച്ചെടുത്താണ് വളരുന്നത്. കണ്ടാല്‍ പ്ലാസ്റ്റിക് ചെടികളാണെന്നു തോന്നുന്ന ഇവ വീടിനുള്ളിലോ, ചില്ലുകൂട്ടിലോ വളര്‍ത്താന്‍ സാധിക്കും. ഇവിടത്തെ അന്തരീക്ഷത്തില്‍ ഈര്‍പ്പമില്ലാത്തതിനാല്‍ ഇവയ്ക്ക് വെള്ളം നനയ്ക്കാറുണ്ട്.
വേരുകള്പോലുമില്ലാത്ത ഇത്തരം ചെടികള്‍ എവിടേക്കുവേണമെങ്കിലും മാറ്റിവയ്ക്കാനും മറ്റും കഴിയും. മുടിയിഴകള്‍പോലെ നീളത്തില്‍ വളരുന്ന ഇവയുടെ സൗന്ദര്യം ആരെയും അദ്ഭുതപ്പെടുത്തും.
കോഴിക്കോട് കല്ലായി കര്‍മ റസിഡന്റ്സിലാണ് വില്‍സന്റെ താമസം. ഭാര്യയും രണ്ട് മക്കളും വില്‍സനോടൊപ്പം ചെടിപരിപാലനത്തിലും വില്പനയിലും സജീവ പങ്കാളികളാണ്. ഫോണ്‍: 9349113475.
ഡോ. സാബിന് ജോര്‍ജ്
ദ്രുതഗതിയിലുള്ള വളര്‍ച്ച, പലവിധ ആഹാരം കഴിക്കാനുള്ള കഴിവ്, ഉയര്‍ന്ന തീറ്റ പരിവര്‍ത്തന ശേഷി, ഉയര്‍ന്ന പ്രത്യുത്പാദന നിരക്ക്, വിപണിയില്‍ പന്നി മാംസത്തിനും പന്നിക്കുട്ടികള്‍ക്കുമുള്ള വലിയ ഡിമാന്‍ഡ് എന്നിവയൊക്കെ പന്നി വളര്‍ത്തലിനെ ആകര്‍ഷകമാക്കുന്നു.
ശാസ്ത്രീയമായി പരിപാലിച്ചാല്‍ എട്ടു മാസമാകുമ്പോള്‍ പന്നികള്‍ 80 - 100 കിലോ തൂക്കം വരും. പന്നിക്കുട്ടികളെ 12-24 എണ്ണം വരെ 3ഃ6 മീറ്റര്‍ അളവുകളുള്ള ഭാഗികമായി തുറന്നതും മൂന്നിലൊന്ന് ഭാഗം മേല്‍ക്കൂരയു ള്ളതുമായ കൂടുകളില്‍ വളര്‍ത്താവുന്നതാണ്. കൂടുകളുടെ ഭിത്തിയും തറയും സിമന്റുകൊണ്ട് നിര്‍മിക്കണം. ഭിത്തിക്ക് തറയില്‍നിന്ന് ഒരു മീറ്ററും മേല്‍ക്കൂരയ്ക്ക് കുറഞ്ഞത് രണ്ടു മീറ്ററും ഉയരം വേണം. കൂടിന്റെ തുറസായ ഭാഗത്ത് ഒരു കോണില്‍ 3-4 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണവും 25 സെന്റീമീറ്റര്‍ ആഴവു മുള്ള ഒരു വെള്ളത്തൊട്ടി ഉണ്ടാവണം. പന്നികള്‍ വേനല്‍ക്കാലത്ത് ഈ വെള്ളത്തൊട്ടിയില്‍ കിടന്ന് അത്യുഷ്ണത്തില്‍നിന്ന് രക്ഷ നേടുന്നു.
കോഴിത്തീറ്റ, കാലിത്തീറ്റ എന്നിവപോലെ വിപണിയില്‍ പന്നികള്‍ക്കായി പ്രത്യേക തീറ്റ ലഭ്യമല്ല. ഹോട്ടല്‍, പച്ച ക്കറി-ഇറച്ചി-മീന്‍ മാര്‍ക്കറ്റുകള്‍, സംസ്കരണ കേന്ദ്രങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് ലഭിക്കുന്ന വേസ്റ്റ് തീറ്റയായി ഉപയോഗിക്കുമ്പോള്‍ മാത്രമാണ് പന്നി വളര്‍ത്തല്‍ ആദായകരമാവുന്നത്.
ഒരു ദിവസം ഒരു പന്നിക്ക് 4-6 കിലോ തീറ്റ ആവശ്യമാണ്. മൂന്നു മാസം വരെ ഭക്ഷണാവശി ഷ്ടങ്ങള്‍ നല്‍കരുത്. വളരെ പഴകിയ ഭക്ഷണാവശിഷ്ടങ്ങളും തൂവല്‍, പ്ലാസ്റ്റിക്ക് തുടങ്ങിയ ദഹിക്കാത്ത വസ്തുക്കളും നല്‍കരു ത്. ഭക്ഷണാ വശിഷ്ടങ്ങള്‍ വേവിച്ചു നല് കുക. ധാതുക്കളുടെ ന്യൂനത പരിഹരിക്കുവാന്‍ ഇഞ്ചക്ഷന് നല്‍കണം. പന്നി വളര്‍ത്തല്‍ ഭക്ഷണാവശിഷ്ടങ്ങളെ അടിസ്ഥാനമാക്കിയാണ് നടത്താറുള്ളത്. ഇത്തരത്തില്‍ തീറ്റച്ചെലവ് കുറയ്ക്കാന്‍ കഴിയുന്നതിനാലാണ് പന്നി വളര്‍ത്തല്‍ ലാഭകരമാകുന്നത്. എന്നാല്‍ തീറ്റച്ചിലവ് കുറയുമ്പോള്‍ തന്നെ ഇങ്ങനെ നല്കുന്ന ഭക്ഷ്യാവശിഷ്ടങ്ങള്‍ പ്രത്യേകിച്ച് ഹോട്ടല്‍ വേസ്റ്റ്, ചിക്കന്‍ വേസ്റ്റ് എന്നിവ സമീകൃതമല്ലാത്തതിനാല്‍ പോഷകന്യൂനതകള്‍ ഉണ്ടാകാനിടയുണ്ട്. അതിനാല്‍ വേസ്റ്റ് തീറ്റയായി നല്കുമ്പോള് പ്രത്യേക ശ്രദ്ധ നല്‍കണം.
ഹോട്ടല്‍ അവശിഷ്ടങ്ങളിലും മറ്റും വെള്ളത്തിന്റെ അളവു കൂടുതലായതിനാല്‍ കൃത്യമായ അളവില്‍ തീറ്റ കിട്ടുന്നുണ്ടോയെന്ന് നോക്കണം.
കോഴിക്കടയിലെ അവശിഷ്ടങ്ങളാണ് നല്കുന്നതെങ്കില് തിളപ്പിച്ചതിനുശേഷം കൊടുക്കുക. മൊത്തം തീറ്റയുടെ കാല് ഭാഗത്തില്‍ കൂടുതല്‍ കോഴി വേസ്റ്റ് നല്കാതിരിക്കുന്നതാണ് നല്ലത്. കോഴി വേസ്റ്റില്‍ കൊഴുപ്പിന്റെ അംശം കൂടുതലായതിനാല്‍ വിറ്റാമിന്‍, പോഷക ന്യൂനതയുണ്ടാകാം. പന്നികള്‍ക്ക് കുടിക്കുന്നതിനായി കുടിവെള്ളം കൂടിനുള്ളില്‍ ഉണ്ടായിരിക്കണം.
പന്നിയുടെ കാഷ്ഠവും പന്നിക്കൂടുകള്‍ കഴുകുന്ന വെള്ളവും സുരക്ഷിതമായ രീതിയില്‍ കൈ കാര്യം ചെയ്യണം. ഗോബര്‍ ഗ്യാസ് പോലെയുള്ള സംസ്കരണ രീതികള്‍ പ്രയോജനം ചെയ്യും. പന്നിക്കൂടുകളിലെ മണം മാറാന്‍ സൂക്ഷ്മ ജീവികളടങ്ങിയ പ്രത്യേക ലായനികള്‍ ലഭ്യമാണ്. പന്നി കാഷ്ഠം ഉണക്കിയോ കമ്പോസ്റ്റാ ക്കിയോ നല്ല ജൈവവളമായി പ്രയോഗിക്കാവുന്നതാണ്.
ഡോ.എസ്.ഹരികൃഷ്ണന്
ആയിരം കോഴിക്ക് അരക്കാട എന്നാണുചൊല്ല്. ആ പഴഞ്ചൊല്ലിനെ അന്വര്‍ഥമാക്കുംവിധം ഏറ്റവും വേഗത്തില്‍ വരുമാനം നേടിത്തരുന്ന ഒരു തൊഴില്‍ സംരംഭമാണ് കാടവളര്‍ത്തല്‍.
കാടകളെ ഒരു ദിവസം പ്രായ ത്തിലോ നാലാഴ്ച പ്രായത്തിലോ വിപണിയില്‍ നിന്നു ലഭിക്കും. ഇവയെ വീടിന്റെ ചായ്പിലോ, പ്രത്യേകമായി ഷെഡ്ഡു നിര്‍മിച്ചോ കേജ് രീതിയിലോ പാര്‍പ്പിക്കാം.
വിരിഞ്ഞിറങ്ങി ആദ്യത്തെ മൂന്നാഴ്ച ബ്രൂഡര്‍ കാടകള്‍ എന്നറിയപ്പെടുന്ന ഇവയെ പരിചരിക്കാന്‍ കൃത്രിമ ചൂടു നല്കാന് സംവിധാനമുള്ള ബ്രൂഡര്‍ കേജുകള്‍ ഉണ്ടാക്കണം. മൂന്നടി നീളവും രണ്ടടി വീതിയും ഒരടി ഉയരവുമുള്ള കൂട്ടില്‍ 100 കുഞ്ഞുങ്ങളെ പാര്‍പ്പിക്കാം.
ഒരു കുഞ്ഞിനു ഒരു വാട്ട് എന്ന പ്രകാരം 60 കുഞ്ഞുങ്ങള്‍ക്ക് 60 വാട്ടിന്റെ ഓരോ ബള്‍ബ് ലഭ്യമാക്കണം. ഇത്തരത്തില്‍ രണ്ടാഴ്ച വരെ കൃത്രിമ ചൂട് നല്‍കേണ്ടത് അത്യാവശ്യമാണ്.
കൂട്ടില്‍ ചണച്ചാക്ക് വിരിക്കുന്നത് കുഞ്ഞുങ്ങള്‍ വഴുതി വീഴാതിരിക്കാന്‍ ഉപകരിക്കും. ആദ്യത്തെ ആഴ്ച പത്രക്കടലാസില്‍ തീറ്റ നല്‍കണം. ആഴം കുറഞ്ഞ വെള്ളപ്പാത്രങ്ങള്‍ ഉപയോഗിച്ചാല്‍ കുഞ്ഞുങ്ങള്‍ വെള്ളപ്പാത്രത്തില്‍ മുങ്ങിച്ചാകുന്നത് ഒരു പരിധിവരെ തടയാം.
മൂന്നാഴ്ചകള്‍ക്കുശേഷം ആരോഗ്യമുള്ള കാടക്കുഞ്ഞുങ്ങളെ ഗ്രോവര്‍ കൂടുകളിലേക്കു മാറ്റാം. നാലടി നീളം, രണ്ടടി വീതി, ഒരടി ഉയരമുള്ള കൂട്ടില്‍ ഏകദേശം 60 ഗ്രോവര്‍ കാടകളെവളര്ത്താം. തീറ്റയും വെള്ളവും കൂടിനു പുറത്തു സജീകരിക്കാം.
വെള്ളം നല്‍കുന്നതിനായി പി.വി.സി. പൈപ്പുകള്‍ രണ്ടുവശത്തും അടപ്പിട്ടതിനുശേഷം നെടുകെ പിളര്‍ന്നു വീതികുറഞ്ഞ ഭാഗത്തായി പിടിപ്പിക്കാം. തീറ്റ നല്‍കാനായി അഞ്ചിഞ്ച് വ്യാസമുള്ള പി.വി.സി പൈപ്പ് മുകളില്‍ പറഞ്ഞ രീതിയില്‍ നിര്‍മിച്ച് കൂടിന്റെ നീളം കൂടിയ ഭാഗത്തായി ഉറപ്പിക്കാം. ഗ്രോവര്‍ കാടകള്‍ക്ക് കൃത്രിമ ചൂടോ വെളിച്ചമോ നല്‍കരുത്. ഗ്രോവര്‍ കാടകളുടെ ലിംഗ നിര്‍ണയം എളുപ്പമാണ.്
ആണ്‍കാടകള്‍ക്കു കഴുത്തിലും നെഞ്ചിലും ഇളം ചുവപ്പും തവിട്ടും കലര്‍ന്ന നിറമാണ്. പെണ്‍കാടകള്‍ക്ക് ഈ ഭാഗത്തായി കറുത്ത പുള്ളിക്കുത്തോടുകൂയിയ ചാരനിറമാണ്. ഇത്തരത്തില്‍ കാടകളെ വേര്‍തിരിച്ച ശേഷം ആണ്കാടകളെ ഇറച്ചിക്കായി വില്‍ക്കുകയും പെണ്‍കാടകളെ മാത്രം മുട്ടയ്ക്കായി വളര്‍ത്തുകയും ചെയ്യാം.
ഏഴാഴ്ചയ്ക്കുശേഷം കാടകള്‍ മുട്ടയിട്ടു തുടങ്ങുന്നു. അഞ്ചു കാടകളെ വളര്‍ത്താന്‍ ഒരു ചതുരശ്ര അടിസ്ഥലം ആവശ്യമാണ്. അതായത് നൂറ് മുട്ടക്കാടകളെ വളര്‍ത്താന്‍ ഏഴടി നീളവും മൂന്നടി വീതിയും ഒരടി പൊക്കവുമുള്ള കൂട് ധാരാളം.
കേജിന്റെ തട്ടുകളുടെ എണ്ണം നാലായി പരിമിതപ്പെടുത്തണം. കൂടിന്റെ അടിഭാഗത്തായി കാഷ്ഠം ശേഖരിക്കുന്നതിന് റബര്‍ഷീറ്റോ, പ്ലാസ്റ്റിക് ഷീറ്റോ ഉപയോഗിക്കാം. കാഷ്ഠം വീഴുന്ന ഷീറ്റില്‍ അറക്കപ്പൊടിയോ തവിടോ വിതറിയാല്‍ വൃത്തിയാക്കല്‍ എളുപ്പമാകും. രൂക്ഷഗന്ധം ഒഴിവാക്കാന്‍ വിനാഗിരി തളിക്കാവുന്നതാണ്. മുട്ടയിടുന്ന കാടകള്‍ക്ക് 14-16 മണിക്കൂര്‍ വെളിച്ചം അത്യാവശ്യമാണ്.
ഇതിനായി ഷെഡ്ഡില്‍ ബള്‍ബ്, ട്യൂബുകള്‍ എന്നിവ ഘടിപ്പിക്കാം. പകല്‍ സമയത്ത് സ്വാഭാവിക സൂര്യപ്രകാശം ലഭ്യമായതിനുശേഷം 16 മണിക്കൂര്‍ തികയ്ക്കാനായി കൃത്രിമ വെളിച്ചം ഉപയോഗിക്കാം.
കാടകള്‍ വൈകുന്നേരങ്ങളില്‍ കൂട്ടത്തോടെ മുട്ടയിടുന്നു. ഇതിനാല്‍ പകല്‍ ജോലിത്തിരക്കുകള്‍ക്കു ശേഷം മുട്ട ശേഖരണവും മറ്റു പരിപാലനങ്ങളും നടത്താവുന്നതാണ്.കൊത്തുമുട്ടകള്‍ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് കാടകളെ വളര്‍ത്തുന്നതെങ്കില്‍ 1:4 അനുപാതത്തില്‍ ആണ്‍കാടകളെയും പെണ്‍കാടകളെയും ഒരുമിച്ചു പാര്‍പ്പിക്കണം.
പെണ്‍കാടകള്‍ മുട്ടിയിട്ടു തുടങ്ങി ഏതാണ്ട് 3-4 ആഴ്ച കഴിഞ്ഞു മാത്രം ആണ്കാടകളെ കൂട്ടിലേക്കു വിടാം. ഇത്തരത്തില്‍ ഇണചേരാന്‍ അനുവദിച്ച് ഏതാണ്ട് ഒരാഴ്ചക്കു ശേഷം വിരിയിക്കാനുള്ള മുട്ടകള്‍ ശേഖരിക്കാം. കാടകള്‍ അടയിരിക്കല്‍ സ്വഭാവം കാണിക്കാത്തതിനാല്‍ ലഭിക്കുന്ന കൊത്തുമുട്ടകള്‍ ഇന്‍ക്യുബേറ്റര്‍ സഹായത്തോടെ മാത്രമേ വിരിയിക്കാനാകൂ. ഏതാണ്ട് എട്ടുമാസം ഇത്തരത്തില്‍ കൊത്തുമുട്ടകള്‍ ശേഖരിച്ചുപയോഗിക്കാവുന്നതാണ്.
ആദ്യം സ്റ്റാര്‍ട്ടര്‍ പിന്നെ മുട്ടക്കാട തീറ്റ
ബ്രോയിലര്‍ കോഴികള്‍ക്കു നല്കുന്ന സ്റ്റാര്‍ട്ടര്‍ തീറ്റതന്നെ കാടകള്‍ക്ക് ആറാഴ്ച വരെ നല്‍കാം. മുട്ടയിട്ടു തുടങ്ങിയശേഷം മുട്ടക്കാട തീറ്റ നല്കിത്തുടങ്ങാം. മുട്ടക്കാടത്തീറ്റ വിപണിയില്‍ ലഭ്യമല്ലെങ്കില്‍ ബ്രോയിലര്‍ സ്റ്റാര്‍ട്ടര്‍ തീറ്റയില്‍ കക്കപ്പൊടിച്ചിട്ട് മുട്ടക്കാടത്തീറ്റയായി ഉപയോഗിക്കാം.
ഇതിനായി 94 കിലോ ബ്രോയ്ലര്‍ സ്റ്റാര്‍ട്ടര്‍ തീറ്റയില്‍ ആറു കിലോ കക്കപൊടിച്ചിട്ട് നന്നായി മിശ്രണം ചെയ്യുക. കാടകള്‍ ആറാഴ്ച വരെ ഏകദേശം 650 ഗ്രാം തീറ്റയും അതിനുശേഷം 52 ആഴ്ച വരെ ഒമ്പതുകിലോ തീറ്റയും കഴിക്കുമെന്നു കണക്കാക്കപ്പെടുന്നു. മുട്ടക്കാടകള്‍ക്ക് ഒരു ദിവസം 25-30 ഗ്രാം തീറ്റ ആവശ്യമാണ്. തീറ്റ പാഴാക്കാതിരിക്കാന് പ്രത്യേകം ശ്രദ്ധിക്കണം. തീറ്റയിലെ പുപ്പല്‍ബാധ തടയാനായി നനവില്ലാത്ത സ്ഥലത്തു സൂക്ഷിക്കണം.
പൂപ്പല്‍ കലര്‍ന്ന തീറ്റ കാടകളുടെ ഉള്ളില്‍ ചെന്നാല്‍ പലവിധ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയും മുട്ടയില്‍ കുറവു വരികയും ചെയ്യും. പ്രതിരോധ കുത്തിവയ്പ്പുകള്‍, വിരമരുന്നുകള്‍ എന്നിവ നല്‍കേണ്ടതില്ല. എന്നിരുന്നാലും പരിപാലനത്തിലെ പോരായ്മകള്‍ മൂലം രക്താതിസാരം, ന്യുമോണിയ, വയറിളക്കം തുടങ്ങിയ രോഗങ്ങള്‍ കണ്ടുവരുന്നു. തുടക്കത്തില്‍ തന്നെ വൈദ്യസഹായം ലഭ്യമാക്കി ഇത്തരം പ്രശ്നങ്ങള്‍ വഷളാകാതെ ശ്രദ്ധിക്കണം. കുറഞ്ഞ സ്ഥലത്തു കൂടുതല്‍ കാടകളെ തിങ്ങിപാര്‍പ്പിക്കുക, ആവശ്യത്തിലേറെ കൃത്രിമ വെളിച്ചം നല്‍കുക എന്നീ കാര്യങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം.
തൃശൂര്‍ വെറ്ററിനറി സര്‍വകലാശാല ഫാമില്‍ നിന്നും ഒരു ദിവസം പ്രായമുള്ള കാടക്കുഞ്ഞുങ്ങളെ മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്ന കര്‍ഷകര്‍ 0487 2371178 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.
ബിജു കലയത്തിനാല്‍
കാര്‍ഷികമേഖലയില്‍ വ്യത്യസ്തതയും പുതുമയും തേടുന്ന കര്‍ഷകര്‍ക്ക് ആന്റണിയുടെ മുന്തിരി ജാതിയും എസ്-600 കൊക്കോയും ആവേശമാകുന്നു. ഇടുക്കി ജില്ലയില്‍ മുരിക്കാശേരിക്കുസമീപം പെരിഞ്ചാംകുട്ടി ശൗര്യാംകുഴിയില് ആന്റണിയാണ് കാര്‍ഷികമേഖലയില്‍ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുന്നത്.
സ്വന്തമായി വികസിപ്പിച്ചെടുത്ത മുന്തിരിജാതിയും എസ്-600 കൊക്കോയും ഇദ്ദേഹത്തെ പ്രശസ്തനാക്കുന്നു. രോഗപ്രതിരോധ ശേഷിയും നല്ല കായ്ഫലവും മുന്തിരിജാതിയെ ശ്രദ്ധേയമാക്കുന്നു. എഴുപതു കായ്ക്ക് ഒരുകിലോ ജാതിക്ക ഉണങ്ങിക്കിട്ടും.
പത്രിക്ക്കട്ടി കൂടുതലാണെന്നതും ഇതിന്റെ സവിശേഷതയാണ്. കുലകളായി കായ്ക്കുന്നതിനാലാണ് മുന്തിരിജാതിയെന്ന് പേര് നല്‍കിയിരിക്കുന്നത്. പല ആവര്‍ത്തി ഒരേകുല തന്നെ കായ്ക്കും. ഓരോ പ്രാവശ്യവും കുലയുടെ വലിപ്പം കൂടുകയും കൂടുതല്‍ കായ്ക്കുകയും ചെയ്യുമെന്നതും ഇവയുടെ പ്രത്യേകതയാണ്. കായ്ക്ക് നല്ല കറുപ്പുനിറം ഉള്ളതിനാല്‍ എക്സ്പോര്‍ട്ട് axക്വാളിറ്റിയായി പരിഗണിക്കുന്നു. മൂന്നാം വര്‍ഷം കായ്ക്കാനുമാരംഭിക്കും. ഇദ്ദേഹം തന്നെ ഉത്പാദിപ്പിച്ചെടുത്ത മറ്റൊരിനം ജാതിയാണ് കേരളശ്രീ. എന്നും ജാതിയില്‍ നിറയെ കായുണ്ടാവുമെന്നതും നല്ല പത്രികട്ടിയുണ്ടെന്നതും ഇതിന്റെ സവിശേഷതയാണ്. ആറു പ്രായത്തിലുള്ള കായ്കളാണിതില് എപ്പോഴും കാണുക. മൂന്നു കിലോക്ക് ഒരുകിലോ ജാതിക്കായ് ലഭിക്കും. ആന്റണി കൃഷിചെയ്യുന്ന മറ്റൊരിനം ജാതിയാണ് സീസണ് ജാതി. ഒരേസമയം കായ്ച്ച് ഒന്നിച്ച് വിളവെടുക്കാമെന്നതാണിതിന്റെ പ്രത്യേകത. വേനല്‍ പ്രതിരോധശേഷി കൂടുതലുണ്ട്. മാത്രമല്ല കായ്കള്‍ പൊട്ടിപ്പോകില്ലായെന്നതും ഇത്തരം ജാതിക്ക് പ്രചാരം വര്‍ധിപ്പിക്കുന്നു.
കൊക്കോ കര്‍ഷകര്‍ക്ക് വിജയപ്രതീക്ഷ നല്‍കുന്നതാണ് ആന്റണിയുടെ എസ്-600 കൊക്കോ. ഒരു കൊക്കോക്ക് 600 മുതല്‍ 800 ഗ്രാം വരെ പരിപ്പ് ലഭിക്കും. തൊണ്ടുകട്ടി കുറവും പരിപ്പിന് വലുപ്പം കൂടുതലും കൂഞ്ഞില് കുറവും ചെറിയ നനവ് നല്കിയാല് വേനലിലും മഴക്കാലത്തേതുപോലെ കായ്ഫലം തരുമെന്നതും കര്‍ഷകരെ ഏറെ ആകര്‍ഷിക്കുന്നു. രോഗപ്രതിരോധശേഷിയും ഇവയ്ക്ക് കൂടുതലായുണ്ട്. രണ്ടാം വര്‍ഷം മുതല്‍ കായ്ച്ചുതുടങ്ങും. എസ്-600 കൊക്കോയ്ക്ക് ആവശ്യക്കാരേറെയാണ്. ഇവകൂടാതെ ആന്റണിയുടെ കൃഷിയിടത്തില്‍ റംബൂട്ടാന്, മാങ്കോസ്റ്റിന്‍, മുസമ്പി, ഓറഞ്ച്, ബട്ടര്‍ഫ്രൂട്ട്, ലൂബി, ഞാവല്‍, മുള്ളാത്ത തുടങ്ങിയ പഴവര്‍ഗങ്ങളും കുരുമുളക്, ഏലം, കാപ്പി, തെങ്ങ്, റബര്‍, വാനില തുടങ്ങിയ നാണ്യവിളകളും സുലഭമായി കൃഷിചെയ്തു വരുന്നു. ഇതിനു പുറമെ, വീടിനോടനുബന്ധിച്ച് ഫിഷ് ഫാം, പശു ഫാം, മുട്ടക്കോഴി ഫാം, ആട് ഫാം, മുയല് ഫാം, കള്ഗങ്ങള് തുടങ്ങിയവയെയും പരിപാലിച്ചുപോരുന്നു. ചിന്നാര്‍ പുഴയുടെ തീരത്ത് സര്‍ക്കാര്‍ അംഗീകൃത കാര്‍ഷിക നഴ്സറിയും നടത്തിവരുന്നു. സ്വന്തമായി വികസിപ്പിച്ചെടുത്ത ജാതി, കൊക്കോ തൈകള്‍, പഴവര്‍ഗങ്ങള്‍, കുരുമുളക്,തെങ്ങ,് മറ്റെല്ലാനടീല് വൃക്ഷങ്ങള്‍, പൂച്ചെടികള്‍ എന്നിങ്ങനെ കാര്‍ഷിക നഴ്സറിയില്‍ കൃഷിചെയ്ത് വില്പന നടത്തുണ്ട്. കൃഷിക്കാര്യങ്ങളില്‍ ഭാര്യ ജോളിയും മക്കളായ അല്ലുമെരിറ്റും അഖില്‍ പോപ്പിയും എല്ലാവിധ പിന്തുണയും പ്രോത്സാഹനങ്ങളുമായി ഒപ്പമുണ്ടാകുമെന്ന് ആന്റണി പറയുന്നു.
ഫോണ്‍:04868210345,9744709175,9645611420.
നെല്ലി ചെങ്ങമനാട്
ചക്കയുടെ മണവും രുചിയും വിദേശിയരെ ആകര്‍ഷിച്ചതുകൊണ്ടാകാം ചക്കയുടെ മൂല്യവര്‍ധിത ഉത്പന്ന നിര്‍മാണം വയനാട്, പാലക്കാട്, ഇടുക്കി മേഖലകളില്‍ സജീവമാകുന്നത്. സര്‍ക്കാര്‍ സഹകരണത്തോടെ ചക്കയുടെ വിവിധ ഉത്പന്നങ്ങള്‍ അതിരപ്പള്ളി എക്സ്സര്‍വീസ് മെന്‍സ് കോളനിയില്‍ ഉണ്ടാക്കുന്നുണ്ട്. 2015 ലെ വിളവെടുപ്പു കാലത്താണ് ആതിരപ്പള്ളി വെറ്റിലപ്പാറയില്‍ പാഴായിപോകുന്ന ചക്ക,മൂല്യവര്‍ധനവിലൂടെ ജനങ്ങളില്‍ എത്തിച്ച് ഉപഭോഗം വര്‍ധിപ്പിക്കുന്നതിനുള്ള തീവ്രശ്രമം തുടങ്ങിയത്. ചാലക്കുടി നിവാസിയായ ജോയിയുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായിട്ടാണ് ശാസ്ത്രീയമായ രീതിയില്‍ ചക്കസംസ്കരണം എക്സര്‍വീസ് മെന്‍സ് കോളനിയില്‍ ആരംഭിക്കുന്നത്. ഇതിന്റെ മേല്‍നോട്ടത്തില്‍ ആദ്യം ആരംഭിച്ചത് നഴ്സറിയായിരുന്നു. പിന്നീട് ടൂറിസ്റ്റുകളെ ലക്ഷ്യമാക്കി ഒരു ഉദ്യാനവും ജൈവഭക്ഷണശാലയും ആരംഭിച്ചു. ഇതിന്റെ പിന്തുടര്ച്ചയായിട്ടാണ് ചക്ക സംസ്കരണം തുടങ്ങുന്നത്.
ജവാന്മാരുടെ കുടുംബാംഗങ്ങള്‍ക്ക് നല്കിയ ഭൂമികഴിഞ്ഞുള്ള 260 ഏക്കര്‍ സ്ഥലത്താണ് കോളനി പ്രവര്‍ത്തിക്കുന്നത്.
പഴയകാലം മുതല്‍ നിലനില്‍ക്കുന്ന നാട്ടുമാവുകളും പ്ലാവുകളും തെങ്ങുകളുമെല്ലാം ഇന്നു നശിപ്പിക്കാതെ നിലനിര്‍ത്തിയിരിക്കുന്നു. ഇവയില്‍ നിന്നാണ് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നത്. ചക്കയുടെ പ്രാധാന്യം മനസിലാക്കി ചക്ക ഉത്പന്നങ്ങള്‍ക്ക് മുന്‍തൂക്കം നല്കിയിരിക്കുന്നു. ചക്കയുടെ മുള്ളുള്ള ഭാഗം മാത്രമാണ് ഉപയോഗിക്കാതെ മാറ്റുന്നത്. ഇത് ജൈവവളനിര്‍മാണത്തിനായി ഉപയോഗിക്കുന്നതുകൊണ്ട് പരിസരമലിനീകരണം ഉണ്ടാകുന്നില്ല.
ചക്കച്ചുള സംസ്കരിച്ച് പള്‍പ്പ് ഉണ്ടാക്കി വിവിധ കമ്പനികള്‍ക്ക് നല്കുന്നു. ഇതു ഉപയോഗിച്ച് ഐസ്ക്രീം, കേക്ക്, മിഠായി തുടങ്ങിയവ ഉണ്ടാക്കുന്നുണ്ട്. കൂടാ തെ ചക്കപൊടിച്ച് ചപ്പാത്തി, പൂരി, പുട്ട്, ഉപ്പുമാവ്, കുറുക്ക് തുടങ്ങിയ വിഭവങ്ങള്‍ ഉണ്ടാക്കി കഴിക്കുന്നവരും നാട്ടിന്‍പുറങ്ങളിലുണ്ട്. ഈ ശീലം ജനങ്ങളിലേക്ക് എത്തിക്കുവാന്‍ എക്സ് സര് വീസ് മെന്‍സ് സഹകരണ കോളനി ശ്രമിക്കുന്നു.
ഇടിച്ചക്കമുതല് പഴം വരെ വ്യത്യസ്ത വിഭവങ്ങളാക്കി മൂല്യവര്‍ധന നടത്തുന്നതിലൂടെ ചക്ക മലയാളികളുടെ ഒരു പ്രധാന ഭക്ഷ്യ വിഭവമായി തീര്‍ന്നാല്‍ ആരോഗ്യമുള്ള ഒരു സമൂഹം ജന്മംകൊള്ളും. ഇതിലൂടെ കര്‍ഷകര്‍ക്കും നേട്ടങ്ങളുണ്ടാകും. ചക്കക്കുരു ഒഴിവാക്കിയാണ് മലയാളികള്‍ ചക്ക കഴിക്കുന്നത്. പോഷകഗുണമുള്ള കുരുവും മൂല്യവര്ധിതമാക്കുകയാണിവിടെ. പച്ചച്ചക്ക, പാചകം ചെയ്യുന്നതിന് സാ ധ്യമായ രൂപത്തില്‍ പായ്ക്ക് ചെയ്ത് ലഭ്യമാക്കുന്നുവെന്നതാണ് ചക്ക സംസ്കരണത്തിന്റെ പ്രധാന മേന്മയെന്ന് പ്രസിഡന്റായ ജോയി പറഞ്ഞു. ചക്കയുടെ പോഷകമൂല്യവും ശുദ്ധീകരണശേഷിയും രോഗങ്ങളെ നിയന്ത്രിക്കാനും ആരോഗ്യം വീണ്ടെടുക്കുവാനും സഹായിക്കുന്നുണ്ടെന്ന് എക്സ് സര്‍വീസ് മെന്‍സ് സഹകരണ കോളനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായ കെ. ജെ. ആന്റോ പറയുന്നു.
ചക്കയുടെ എല്ലാ ഭാഗങ്ങളും ഭക്ഷ്യയോഗ്യമായതിനാല്‍, ഒന്നും കളയാതെ എല്ലാം മൂല്യവര്‍ധന നടത്തുവാനുള്ള പരിശ്രമത്തിലാണ് സഹകരണ കോളനി അംഗങ്ങള്‍. ചക്കക്കുരു നുറുക്കി ഉണക്കിയതും, ചക്കക്കുരു പൊടിയും, ചക്കപ്പൊടിയും ചക്കപലഹാരങ്ങളും കേക്കും ജാമും സ്ക്വാഷും ഉള്‍പ്പെടെ 20 ല്‍ പരം ഉത്പന്നങ്ങളാണ് കൂട്ടായ്മയില്‍ ഇവരുണ്ടാക്കുന്നത്. ചക്ക വേവിച്ച് പള്പ്പുണ്ടാക്കുന്നു. ഇതുപയോഗിച്ച് വയാനാട്ടിലുള്ള സ്വകാര്യയൂണിറ്റിലാണ് ഐസ്ക്രീം ഉണ്ടാക്കുന്നത്. വിനോദസഞ്ചാരികള്‍ക്കായി തുമ്പൂര്‍ മൂഴി ഡാമില്‍ ചക്ക ഉത്പന്നങ്ങളുടെ പ്രത്യേക സ്റ്റാളുതന്നെയുണ്ട്. ഇവിടെ നിന്ന് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ വാങ്ങുവാനും ചക്കചേര്ത്തുള്ള ഭക്ഷണവിഭവങ്ങള്‍ ഭക്ഷിക്കുവാനും സാധിക്കും.
കേരളത്തിലെ പ്രധാന ചക്ക സീസണ് കഴിയുമ്പോഴാണ് ദേവികുളം, മൂന്നാര്‍ മേഖലയില്‍ ചക്ക സുലഭമായി ഉണ്ടാകുന്നത്. ഇവിടത്തെ വിളവെടുപ്പ് തീരുന്നതോടെ കളിയിക്കവിള മേഖലയില്‍ ചക്ക സുലഭമാകും. ഇങ്ങനെ നോ ക്കിയാല്‍ എന്നും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കാന്‍ ചക്കലഭിക്കുന്നതുകൊണ്ട് ചക്ക സംസ്കരണകേന്ദ്രം അടച്ചിടേണ്ട അവസ്ഥ ഉണ്ടാകുന്നില്ലെന്ന് ജോയി പറഞ്ഞു. ചക്ക പ്രധാന ഭക്ഷ്യ വിഭവമായിത്തീര്ന്നാല്, ആരോഗ്യമുള്ള ഒരു സമൂഹം ഉണ്ടാകും. വരുമാനമുള്ള ഒരുവിളയായി പ്ലാവുകള്‍ മാറും. ഇതിനുള്ള ശ്രമങ്ങളാണ് എക്സ് സര്‍വീസ് മെന്‍സ് സഹകരണ കോളനി നടത്തിവരുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9745240735.
രാജശ്രീ
കോളജ് ഓഫ് അഗ്രികള്‍ച്ചര്‍, വെള്ളായണി, തിരുവനന്തപുരം
പാല് നമ്മുടെ ദൈനംദിന ജീവിതത്തിലെ ഒരവശ്യവസ്തുവാണ്. അതുപോലെ തന്നെ പശുവും. ഏറ്റവും ശാസ് ത്രീയവും ശ്രദ്ധയോടും പശുവിനെ തെരഞ്ഞെടുക്കുക എന്നതു പശുപരിപാലനത്തില്‍ ഏറ്റവും ശ്രദ്ധിക്കേണ്ട ഒന്നാണ്. ഓരോ ഉരുവില്‍ നിന്നും പരമാവധി ഉത്പാദനം ലഭിച്ചാല്‍ മാത്രമേ പശുവളര്‍ത്തല്‍ ലാഭകരമാവുകയുള്ളൂ. ഉരുവിന്റെ ജനിതകമൂല്യം പാലുത്പാദനത്തെ ബാധിക്കുന്ന ഒന്നായതിനാല്‍ ഉരുക്കളുടെ തെരഞ്ഞെടുപ്പ് അത്രമേല്‍ പ്രാധാന്യമര്‍ഹിക്കുന്നു. അതിനാല്‍ പശുക്കിടാങ്ങളെ തെരഞ്ഞെടുക്കേണ്ടതിന്റെ ശാസ്ത്രീയവശം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
ജനനസമയത്ത് കൂടിയ ശരീരതൂക്കവും ആരോഗ്യവും പിന്നീട് ഉയര്‍ന്ന വളര്‍ച്ചാനിരക്കും ഉള്ള കിടാക്കളെയാണ് തെരഞ്ഞെടുക്കേണ്ടത്. അംഗവൈകല്യങ്ങളോ മറ്റ് അനാരോഗ്യലക്ഷണങ്ങള്‍ ഉള്ളതോ ആയ കിടാക്കളെ ഒഴിവാക്കുക. കറവപ്പശുവിനെ തെരഞ്ഞെടുക്കുമ്പോള്‍ ഏകദേശം 305 ദിവസത്തെ കറവക്കാലത്ത് 2000 കിലോഗ്രാമില്‍ അധികം പാലുത്പാദിപ്പിക്കുന്ന പശുക്കളാണ് ഉത്തമം. ഏറ്റവും കൂടിയ പ്രതിദിന പാലുത്പാദനശേഷിയുള്ള (9-10 ലിറ്റര്‍) പശുക്കളാണ് ഈ ഇനത്തില്‍പ്പെടുന്നത്.
പശുപരിപാലനത്തില്‍ പാലുത്പാദനക്ഷമത കൂടാതെ പാലിലെ കൊഴുപ്പിന്റെയും മറ്റുഖര പദാര്‍ഥങ്ങളുടെയും ശരാശരി അനുപാതം എന്നിവ അറിഞ്ഞിരിക്കേണ്ടതാണ്. പ്രസവശേഷം വേണ്ടിവരുന്ന ബീജദാനങ്ങളുടെ എണ്ണം മുന്‍കാല വന്ധ്യതയുടെ വിവരങ്ങള്‍ എന്നിവയും അറിഞ്ഞിരിക്കുക.
കിടാരികളെ തെരഞ്ഞെടുക്കുമ്പോള്‍ അവയുടെ മാതാപിതാക്കളുടെ ജനിതകമേന്മ അറിഞ്ഞിരിക്കേണ്ടതാണ്. നല്ല കിടാങ്ങളില്‍ രണ്ടു വയസിനുള്ളില്‍ ഗര്‍ഭധാരണം നടക്കേണ്ടതാണ്. മൂരിക്കിടാവിനോടൊപ്പം ജനിക്കുന്ന കിടാക്കളില്‍ വന്ധ്യതയ്ക്കുള്ള സാധ്യത കൂടുതലായതിനാല്‍ അങ്ങനെയുള്ളവയെ ഒഴിവാക്കുന്നതാണ് നല്ലത്.
ഓരോ പ്രസവം കഴിയുംതോറും കറവപ്പശുക്കളുടെ പാലുത്പാദനശേഷി ക്രമേണ വര്‍ധിച്ച് മൂന്നാമത്തെ പ്രസവം കഴിയുമ്പോഴേക്കും ഏറ്റവും കൂടിയ ഉത്പാദനശേഷി കൈവരുന്നു. പിന്നീട് ഉത്പാദനം കുറഞ്ഞുവരുന്നു. എട്ടു വയസാകുമ്പോഴേക്കും പാലുത്പാദനശേഷി തീരെ കുറയുന്നതിനാല്‍ കൂടുതല്‍ പ്രായമുള്ള പശുക്കളെ തെരഞ്ഞെടുക്കുന്നത് ഒഴിവാക്കേണ്ടതാണ്. പ്രസവശേഷം ഓരോ ദിനം കഴിയുന്തോറം പാലുത്പാദനം ക്രമേ ണ വര്‍ധിക്കും. അതിനുശേഷം നേരിയതോതില്‍ കുറഞ്ഞുവരികയും 10-ാം മാസത്തോടെ വളരെ കുറഞ്ഞ ഉത്പാദനത്തിലേക്ക് എത്തുകയും ചെയ്യുന്നു.
പ്രതിദിനപാലുത്പാദനം വേഗത്തില്‍ അതിന്റെ സ്ഥായിയിലെത്തുകയും പിന്നീട് അതേ ഉത്പാദനം നിലനിര്‍ത്തുകയും ചെയ്യുന്ന പശുക്കളാണുത്തമം.
ശരീരം, കൊമ്പ്, പല്ല് എന്നിവയെ നോക്കി പശുക്കളുടെ പ്രായം നിശ്ചയിക്കാനാകും. കൊമ്പുകളില്‍ കാണുന്ന വളയങ്ങള്‍ പശുവിന്റെ പ്രായത്തെ കാണിക്കുന്നു. ഇവ ഉരച്ചു മിനുക്കി എണ്ണ പുരട്ടുന്നതുകൊണ്ട് ഇത്തരത്തിലുള്ള പ്രായനിര്‍ണയം ശരിയാവണമെന്നില്ല. പ്രായം നിശ്ചയിക്കാനുള്ള മറ്റൊരു മാര്‍ഗം പല്ലുകളില്‍ പ്രായത്തിനനുസരിച്ച് ഉണ്ടാകുന്ന വ്യതിയാനങ്ങളാണ്.
താത്കാലിക പല്ലുകള്‍ വെളുത്തതും ചെറുതുമാണ്. ഇവ കൊഴിഞ്ഞതിനുശേഷം വരുന്ന സ്ഥിരം പല്ലുകള്‍ വലുതും മങ്ങിയനിറത്തോടുകൂടിയതുമാണ്. കീഴ്ത്താടികളിലെ നാലു ജോഡി ഉളിപ്പല്ലുകളാണ് പ്രായനിര്‍ണയത്തിന് ഉപയോഗിക്കുന്നത്. നാലുജോഡി താത്കാലിക പല്ലുകളാണുള്ളതെങ്കില്‍ പ്രായം രണ്ടാഴ്ച മാത്രമായിരിക്കും. ഉളിപ്പല്ലില്‍ നടുവിലത്തെ രണ്ടെണ്ണം കൊഴിഞ്ഞ് സ്ഥിരം പല്ല് വന്നിട്ടുണ്ടെങ്കില്‍ പ്രായം രണ്ടു-മൂന്ന് വയസ് എത്തിയിട്ടുണ്ടാകും. നാലു സ്ഥിരം പല്ലുകളെങ്കില്‍ നാലുവയസിനോടടുത്ത് പ്രായം എന്നാണര്‍ഥം. 4-5 വയസുവരെ പ്രായമായവയില്‍ ആറ് സ്ഥിരം പല്ലുകളും എല്ലാം ഉളിപ്പല്ലുകളും സ്ഥിരമെങ്കില്‍ ആറ് വയസിനോടടുത്തും പ്രായമാകും ഉണ്ടാകുക. പല്ലുകളുടെ തേയ്മാ നം നോക്കി ഉരുക്കളുടെ പ്രായം നിര്‍ണയിക്കാം. 10 വര്ഷത്തിനുമേല് പ്രായമുള്ളതെങ്കില്‍ അത് ആദായകരമായിരിക്കില്ല.
രണ്ടിലധികം തവണ പ്രസവിക്കാത്തതും പ്രായം കുറഞ്ഞതും ഇളം കറവയുള്ളതുമായതിനെവേണം തെരഞ്ഞെടുക്കാന്‍. തൊഴി, കുത്ത്, തന്നത്താനുള്ള പാല്കുടി മുതലായ ദുശീലങ്ങളുള്ള ഉരുക്കളെ ഒഴിവാക്കേണ്ടതാണ്. ശാന്തസ്വഭാവമുള്ളതും ഇണക്കമുള്ളതും കറവയ്ക്ക് ബുദ്ധിമുട്ടില്ലാത്തതും ആയതിനെ തെരഞ്ഞെടുക്കുന്നതാവും നല്ലത്. ആദ്യ ചുരത്തലില്‍ മുഴുവന്‍ പാലും തരുന്നതും തീറ്റ, കാലാവസ്ഥ, മറ്റു ചുറ്റുപാടുകള്‍ എന്നിവയുമായി പൊരുത്തപ്പെടുന്ന തരത്തിലുള്ളതും യഥേഷ്ടം ആഹാ രം കഴിക്കുന്നതുമായ പശുക്കളെയാവണം തെരഞ്ഞെടുക്കേണ്ടത്. ഇത്തരത്തില്‍ ശ്രദ്ധയോടെ നീങ്ങിയാല്‍ പാലുത്പാദനം കൊണ്ടുമാത്രം നല്ലവരുമാനം സാധ്യമാക്കാം.
ഡോ. ജോസ് ജോസഫ്
പ്രഫസര്‍ ആന്‍ഡ് ഹെഡ്, വിജ്ഞാനവ്യാപന വിഭാഗം, ഹോര്‍ട്ടികള്‍ച്ചര്‍ കോളജ്, വെള്ളാനിക്കര, തൃശൂര്‍
കാര്‍ഷികോത്പാദനം-വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഭൂമി പാട്ടത്തിന് നല്‍കുന്നത് വ്യവസ്ഥാപിതമാക്കാനുള്ള മാതൃകാഭൂമി പാട്ടത്തിനു നല്കല് നിയമത്തിന് കേന്ദ്രഗവണ്മെന്റ് രൂപം നല്കി. കേന്ദ്ര കാര്‍ഷിക വില നിര്‍ണയ കമ്മീഷന് മുന്‍ അധ്യക്ഷന്‍ ടി ഹക്കിന്റെ നേതൃത്വത്തിലുള്ള 11 അംഗ വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പുതിയ മാതൃകാ നിയമം ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര ആസൂത്രണ കമ്മീഷന് പകരമായി നരേന്ദ്ര മോദി സര്‍ക്കാര്‍ രൂപീകരിച്ച നീതി ആയോഗ് (നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഫോല്‍ ട്രാന്‍സ്ഫോമിംഗ് ഇന്ത്യ) നിയോഗിച്ചതാണ് ഈ വിദഗ്ധ സമിതിയെ. മാതൃകാ നിയമത്തെക്കുറിച്ചുള്ള അഭിപ്രായം എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും ലഭിച്ചതിനുശേഷം ഇതിനു പാര്‍ലമെന്റിന്റെ അംഗീകാരം തേടും. മാതൃകാ നിയമം നടപ്പാക്കേണ്ടത് സംസ്ഥാനങ്ങളാണ്. നിയമം നടപ്പാക്കാന്‍ തീരുമാനിക്കുന്ന സംസ്ഥാനങ്ങളിലെ നിയമനിര്‍മാണ സഭകളുടെ അംഗീകാരം ലഭിക്കുന്ന തീയതി മുതല്‍ അതാത് സംസ്ഥാനങ്ങളില്‍ ഈ നിയമം നടപ്പിലാകും. ബിജിപി ഭരണം നിലവിലുള്ള സംസ്ഥാനങ്ങളില്‍ മാതൃകാ ഭൂമി പാട്ടത്തിനു നല്കല് നിയമം ആദ്യം നടപ്പാക്കാനും കാര്‍ഷിക മേഖലയിലെ കേന്ദ്ര സഹായവുമായി ബന്ധപ്പെടുത്തി സമ്മര്‍ദ്ദത്തിലൂടെ മറ്റു സംസ്ഥാനങ്ങളില്‍ നടപ്പാക്കിക്കാനുമാണ് കേന്ദ്ര ഗവസൈന്റിന്റെ ശ്രമം.
സ്വാതന്ത്ര്യ പ്രാപ്തിക്കു ശേഷമുള്ള ആദ്യത്തെ ഒന്നോ രണ്ടോ ദശകങ്ങള്‍ക്കുള്ളില്‍ രൂപം നല്‍കിയതാണ് രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും നിലവിലുള്ള ഭൂപരിഷ്കരണ നിയമങ്ങള്‍. കേരളം ഉള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളിലും ജന്മിത്വം അവസാനിപ്പിച്ചുകൊണ്ടുള്ള ഭൂപരിഷ്കരണ നിയമങ്ങള്‍ നടപ്പാക്കിയതോടെ കൃഷി ഭൂമി പാട്ടത്തിനു നല്‍കുന്നത് നിയമപരമായി അനുവദനീയമല്ലാതായി. ഭൂപരിഷ്കരണ നിയമങ്ങള്‍ കാര്‍ഷികോത്പാദനം വര്‍ധിപ്പിക്കുന്നതില്‍ ഭാഗികമായി മാത്രമേ വിജയിച്ചിട്ടുള്ളുവെന്ന് ഹക്ക് സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ഭൂമി പാട്ടത്തിനെടുത്ത് കൃഷി നടത്തുന്നുണ്ടെങ്കിലും ഇതിന് നിയമപരമായ പരിക്ഷയില്ല. അനൗപചാരികമായ വാക്കാലുള്ള ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് മിക്ക ഇടത്തിലും പാട്ടക്കൃഷി. മറ്റു വരുമാനമാര്‍ഗങ്ങള്‍ ഉറപ്പായതിനാലും താത്പര്യക്കുറവുകൊണ്ടും കൃഷി ചെയ്യാനുള്ള മടികൊണ്ടും ഒഴിവു സമയമില്ലാത്തതിനാലും ഭൂ ഉടമകളില്‍ പലരും വര്‍ഷങ്ങളായി കൃഷി ഭൂമി തരിശിടുകയാണ്. നിയമപരമായ പരിരക്ഷയില്ലാത്തതിനാല്‍ ഭൂ ഉടമകള്‍ ഭൂമി പാട്ടകൃഷിക്കു വേണ്ടി മറ്റുള്ളവര്‍ക്ക് കൈമാറാന്‍ തയാറാകുന്നില്ല. അതേ സമയം കൃഷി ചെയ്യാന്‍ മനസും മിടുക്കുമുള്ളവര്‍ക്ക് കൃഷി ഭൂമി ലഭ്യമല്ലാത്ത സാഹചര്യവും രാജ്യത്ത് നിലവിലുണ്ട്. വാക്കാലുള്ള കരാറുകളുടെ അടിസ്ഥാനത്തില്‍ പാട്ടത്തിനെടുത്ത് കൃഷിചെയ്യുമെന്നത് സാഹസമായേക്കുമെന്നതിനാല് കൃഷിചെയ്യാന്‍ അതീവ താത്പര്യമുള്ള ചെറുപ്പക്കാര്‍പോലും പലപ്പോഴും ഭൂമി പാട്ടത്തിനെടുക്കാന്‍ മുതിരാറില്ല.
കൃഷി ചെയ്യാതെ വര്‍ഷങ്ങളായി തരിശിട്ടിരിക്കുന്ന ഭൂമി വ്യവസ്ഥാപിതമായ പാട്ടകൃഷി നിയമത്തിലൂടെ വിമോചിപ്പിച്ച് കൃഷിചെയ്യാന്‍ താത്പര്യമുള്ളവരുടെ കൈകളിലെത്തിച്ച് കാര്‍ഷികോത്പാദനം വര്‍ധിപ്പിക്കുകയാണ് നിര്‍ദ്ദിഷ്ട മാതൃകാ പാട്ടകൃഷി നിയമത്തിന്റെ ലക്ഷ്യം.
പാട്ടകൃഷി നിരോധിക്കുന്ന വ്യവസ്ഥകള്‍ നിലവിലുള്ള ഭൂപരിഷ്ക്കരണ നിയമങ്ങളില്‍ നിന്നും എടുത്തുകളയണമെന്നാണ് നിര്‍ദ്ദേശം. ഭൂ ഉടമയും പാട്ടക്കാരനും ചേര്‍ന്ന് പരസ്പരം ഉഭയസമ്മതത്തോടെ നിശ്ചയിക്കുന്ന വ്യവസ്ഥകളുടെ അടിസ്ഥാനത്തിലായിരിക്കും ഭൂമി പാട്ട കൃഷിക്കു വേണ്ടി നല്‍കുന്നത്. മാതൃകാ നിയമം ഉടമസ്ഥനു ഭൂമിയുടെ മേലുള്ള അവകാശം പൂര്‍ണമായും സംരക്ഷിക്കുന്നതോടൊപ്പം പാട്ടത്തിനെടുത്തു കൃഷി ചെയ്യുന്ന കര്‍ഷകരുടെ അവകാശങ്ങളും ഉറപ്പാക്കുന്നു. എത്രകാലത്തേക്കുവേണമെ ങ്കിലും ഭൂമി പാട്ടത്തിനു നല്‍കാം. പാട്ടക്കാലാവധി കഴിയുന്നതോടെ ഭൂമി ഉടമസ്ഥന്റെ പൂര്‍ണമായ അവകാശത്തിലേക്ക് തിരികെയെത്തും. പ്രത്യേക ട്രിബ്യൂണല്‍ ഉള്‍പ്പെടെ തര്‍ക്കപരിഹാരത്തിനുള്ള വ്യക്തമായ വ്യവസ്ഥകളും നിര്ദ്ദിഷ്ടമാതൃകാ നിയമത്തിന് എഴുതിച്ചേര്‍ത്തിട്ടുണ്ട്.
നിര്‍ദ്ദിഷ്ട മാതൃകാ നിയമ പ്രകാരം ഉടമസ്ഥനും പാട്ടക്കാരനും രേഖാമൂലം കരാര്‍ ഉണ്ടാക്കാം. നിശ്ചിത കാലയളവിലേക്ക് ഭൂമി പാട്ടത്തിനു നല്‍കിക്കൊണ്ടുള്ള ഈ കരാര്‍ രജിസ്റ്റര്‍ ചെയ്യാനും ചെയ്യാതിരിക്കാനും സ്വാതന്ത്യമുണ്ട്. പാട്ടക്കാലാവധി അവസാനിക്കുമ്പോള്‍ പാട്ടക്കാരന് ഭൂമിയുടെ മേല്‍ കൂടികിടപ്പ് കൈവശാമോ മറ്റേതെങ്കിലും അവകാശമോ ഉണ്ടായിരിക്കുകയില്ല. രേഖാമൂലം തയാറാക്കുന്ന പാട്ടക്കരാര്‍ വില്ലേജ് ഓഫീസര്‍,രണ്ടു സാക്ഷികളുടെ സാന്നിധ്യത്തില്‍ സാക്ഷ്യപ്പെടുത്തും. ഭക്ഷ്യധാന്യങ്ങള്‍, പഴം-പച്ചക്കറികള്‍, പുഷ്പ വിളകള്‍ തുടങ്ങിയവയുടെ കൃഷി, മത്സ്യം വളര്‍ത്തല്‍, മൃഗസംരക്ഷണം കാര്‍ഷിക സംസ്കരണ വ്യവസായം തുടങ്ങി കൃഷി അനുബന്ധ മേഖലകളിലെ ഏതാവശ്യത്തിനും ഭൂമി പാട്ടത്തിനു നല്‍കാം. പണമായോ ഉത്പന്നത്തിന്റെ ഒരു വിഹിതമായോ പാട്ടത്തുക കൈമാറാം. ഇത് കരാറില്‍ മുന്‍കൂട്ടി രേഖപ്പെടുത്തിയിരിക്കണം. പാട്ടത്തുകയില്‍ കുടിശിക വരുത്താത്തിടത്തോളം കാലം പാട്ടത്തിനു നല്കിയ ഭൂമിയിലെ കാര്‍ഷിക പ്രവൃത്തികളില്‍ ഇടപെടാന്‍ ഉടമസ്ഥന് അവകാശമില്ല. കരാറില്‍ മുന്‍കുട്ടി നിശ്ചയിക്കാത്ത മറ്റവശ്യങ്ങള്‍ക്ക് കൃഷി ഭൂമി ദുരുപയോഗിക്കുകയോ മണ്ണി ന്റെ ഫലഭുഷ്ടി ഘടനയും നഷ്ടപ്പെടുത്തുന്ന പ്രവൃത്തികളില്‍ പാട്ടക്കാരന് ഏര്‍പ്പെടുകയോ ചെയ്താല്‍ ഉടമസ്ഥന് ഇടപെടാം. കൃഷി ഭൂമി ഉടസ്ഥനില്‍ നിന്നും പാട്ടത്തിനെടുക്കുന്നയാള് മറ്റൊരാള്‍ക്കു വീണ്ടും പാട്ടത്തിനു മറിച്ചു നല്കാന് പാടില്ല. പാട്ടക്കാലാവധി കഴിയുന്നതോടെ സ്വാഭാവികമായി തന്നെ കൃഷിഭൂമി ഉടമസ്ഥനിലേക്ക് തിരിച്ചെത്തും. എന്നാല്‍ പാട്ടക്കാരന് പാട്ടക്കാലയളവില്‍ എന്തെങ്കിലും ബാധ്യത വരുത്തിയാല്‍ ഉടമസ്ഥന് ഉത്തരവാധിത്വമൊന്നു മുണ്ടായിരിക്കുകയില്ല. പാട്ടത്തിനെടുത്ത ഭൂമി പണയപ്പെടുത്തുവാനും അവകാശമില്ല. പാട്ടക്കാലാവധി കഴിയുമ്പോള്‍ പാട്ടക്കാരന് കുടിക്കിടപ്പ് അവാകാശവും ഉണ്ടായിരിക്കുകയില്ല.
പാട്ടഭൂമിയിലെ കൃഷിക്കും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി ഭൂമി പണയപ്പെടുത്താതെ തന്നെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും ബാങ്കുകളില്‍ നിന്നും വായ്പ എടുക്കുന്നതിനുള്ള അവകാശം മാതൃകാ നിയമം ഉറപ്പാക്കുന്നു. പാട്ടക്കാര് രജിസ്റ്റര്‍ ചെയ്ത രേഖയുടെയോ വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവര്‍ സാക്ഷ്യപ്പെടുത്തിയ പാട്ടക്കാരിന്റെയോ അടിസ്ഥനത്തിലായിരിക്കും വായ്പയുടെ തോത് നിശ്ചയിക്കുക. വിള ഇന്‍ഷ്വറന്‍സ്, പ്രകൃതി ദുരിന്തങ്ങള്‍ കാരണമായുണ്ടാകുന്ന വിളനാശത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്കുന്ന നഷ്ടപരിഹാരം, സബ്സിഡികള്‍ തുടങ്ങിയവക്കും പാട്ടക്കാലയളവില്‍ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവര്‍ക്ക് അവകാശമുണ്ടായിരിക്കും.
പരസ്പരം സമ്മതത്തോടെ രേഖപ്പെടുത്തിയിരിക്കുന്ന കാലാവധി കഴിഞ്ഞാല്‍ ഉടന്‍ തന്നെ പാട്ടക്കാരന് ഉടമസ്ഥന് ഭൂമി ഒഴിഞ്ഞു കൊടുക്കണം. പാട്ടകാലാവധി വേണമെങ്കില്‍ ഉഭയഭകക്ഷി സമ്മതത്തോടെ വീണ്ടും നീട്ടാം. ഉടമസ്ഥന്റെ സമ്മതപ്രകാരമല്ലാതെ പാട്ടകാലയളവില് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാടില്ല. ഉടമസ്ഥന്റെ സമ്മതപ്രകാരമാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെങ്കില്‍ പാട്ടക്കാരനു കാലാവധിക്കു ശേഷം ഭൂമി കൈമാറുമ്പോള്‍ നഷ്ടപരിഹാരം ആവശ്യപ്പെടാം. എന്നാല്‍ ഇതിനുള്ള വ്യവസ്ഥകള്‍ പാട്ടക്കാരില്‍ എഴുതിച്ചേര്‍ത്തിരിക്കണം. പാട്ടത്തുക കരാറില്‍ നിശ്ചയിച്ചിരിക്കുന്ന സമയത്തു തന്നെ ഉടമസ്ഥനു കൈമാറിയിരിക്കണം. മൂന്നു മാസത്തിനകം പാട്ടക്കാരന് കുടിശിക നല്കുന്നില്ലെങ്കില് ഭൂമി തിരിച്ചെടുക്കാന്‍ നോട്ടീസ് കൊടുക്കാന്‍ ഉടമസ്ഥന് അവകാശമുണ്ടായിരിക്കും. കരാറില്‍ സൂചിപ്പിച്ചിരിക്കുന്ന കൃഷി അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കു മാത്രമെ പാട്ടഭൂമി ഉപയോഗിക്കാന്‍ പാടുള്ളൂ. ഭൂമിക്ക് നാശനഷ്ടങ്ങളുണ്ടാകുന്ന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ പാടില്ല. ഭൂമിയുടെ അതിരുകള്‍ മാറ്റുകയോ അതിര്‍ത്തിക്കല്ലുകള്‍ നീക്കുകയോ ചെയ്യരുത്. പാട്ടക്കാരന് നിലനില്ക്കുമ്പോള് ഉടമസ്ഥന് കൃഷിഭൂമി മറ്റൊരാള്‍ക്ക് വില്‍ക്കുകയാണെങ്കിലും പാട്ടക്കാരന് മുന്‍നിശ്ചയിച്ച കാലാവധി പൂര്‍ത്തിയാക്കും വരെ കൃഷി ഭൂമി വിട്ടു കൊടുക്കേണ്ടതില്ല. കരാറില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ടെങ്കില്‍ ഉഭയകക്ഷി സമ്മതപ്രകാരം എപ്പോള്‍ വേണമെങ്കിലും പാട്ടകൃഷി അവസാനിപ്പിച്ച് ഭൂമി ഉടമസ്ഥനു തിരികെ നല്‍കാമെന്നും മാതൃകാ നിയമം വ്യക്തമാക്കുന്നു.
ഉടമസ്ഥനും പാട്ടക്കാരനും തമ്മില്‍ എന്തെങ്കിലും തര്‍ക്കമുണ്ടാവുകയാണെങ്കില്‍ ഗ്രാമപഞ്ചായത്തിന്റെയോ ഗ്രാമ സഭയുടെയോ മധ്യസ്ഥതയില്‍ സൗഹൃദപരമായി പ്രശ്നം പരിഹരിക്കണം. ഈ തലത്തില്‍ പരിഹാരമുണ്ടാകുന്നില്ലെങ്കില്‍ തഹസീല്‍ദാര്‍ക്ക് രേഖാമൂലം പരാതി നല്‍കാം. ഈ പരാതിയില്‍ നാലാഴ്ചക്കകം പരിഹാരമുണ്ടാക്കണം. ഇതില്‍ തൃപ്തിയില്ലെങ്കില്‍ ജില്ലാ കളക്ടര്‍ക്ക് അപ്പീല്‍ നല്‍കണം. തര്‍ക്കങ്ങളില്‍ അന്തിമ പരിഹാരം നിശ്ചയിക്കുന്നതിനുള്ള അധികാരം സംസ്ഥാന തലത്തില്‍ രൂപീകരിക്കുന്ന സ്പെഷ്യല്‍ ട്രിബ്യൂണലിനായിരിക്കും. ഹൈക്കോടതിയില്‍ നിന്നോ ജില്ലാക്കോടതിയില്‍ നിന്നോ വിരമിച്ച ജഡ്ജിക്കായിരിക്കും ട്രിബ്യൂണലിന്റെ നേതൃത്വം. മാതൃകാ പാട്ടകൃഷി നിയമം നടപ്പാക്കുന്നതിനെക്കുറിച്ചുള്ള അഭിപ്രായം നീതി ആയോഗ് എല്ലാ സംസ്ഥാനങ്ങളോടും ചോദിച്ചിരുന്നു. ഭൂരിഭാഗം സംസ്ഥാനങ്ങളും നിയമം നടപ്പാക്കുന്നതിനുള്ള സന്നദ്ധത കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ കേരളവും പശ്ചിമബംഗാളും വ്യക്തമായ നിലപാട് അറിയിച്ചിട്ടില്ല. എല്ലാ സംസ്ഥാനങ്ങളുടെയും നിലപാട് അറിഞ്ഞു കഴിഞ്ഞാല്‍ ദേശീയതലത്തില്‍ ഇതിനുള്ള നിയമം കൊണ്ടുവരുന്നതിന് കേന്ദ്ര ഗവണ്മെന്റിനോട് നീതി ആയോ ഗ് ആവശ്യപ്പെടും. എന്നാല്‍ ഭൂമി ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് ഒരു സംസ്ഥാന വിഷയമായതിനാല്‍ കേന്ദ്രത്തിന് തീരുമാനം സംസ്ഥാനങ്ങളുടെ മേല്‍ അടി ച്ചേല്പ്പിക്കാനാവില്ല.
മാതൃകാ പാട്ടകൃഷി നിയമം നടപ്പാക്കുന്ന സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ സംസ്ഥാനതല ഭൂബാങ്കുകള്‍ സ്ഥാപിക്കണമെന്നും നീതി ആയോഗിന്റെ നിര്‍ദ്ദേശമുണ്ട്. കൃഷി ചെയ്യാതെ തരിശിട്ടിരിക്കുന്ന ഭൂമി ഉടമകള്‍ക്ക് ഈ ബാങ്കില്‍ നിക്ഷേപിക്കാം.
കൃഷി ചെയ്യാന്‍ സ്ഥലമില്ലാതെ വിഷമിക്കുന്നവര്‍ക്ക് ഭൂബാങ്കില്‍ നിന്നും ഭൂമി പാട്ടത്തിനെടുക്കാം. ഉടമസ്ഥനെയും പാട്ടക്കാരനെയും തമ്മില്‍ ബന്ധപ്പെടുത്തുന്ന ഇടനിലക്കാരന്റെ റോളായിരിക്കും ഭൂബാങ്കിന്. പാട്ടക്കാരനില്‍ നിന്നും പാട്ടത്തുക ശേഖരിച്ച് ഉടമസ്ഥന് കൈമാറുന്നത് ഭൂബാങ്കായിരിക്കും. ഇതിന് ചെറിയൊരു ഫീസ് ബാങ്ക് ഈടാക്കും. ചെറുതുണ്ടുഭൂമികളെ കൂട്ടിയോജിപ്പിച്ച് യന്ത്രവത്കൃത കൃഷി നടപ്പാക്കാനുള്ള വലിപ്പത്തിലാക്കി മാറ്റുന്നതും ബാങ്കിന്റെ ഉത്തരവാദിത്വമായിരിക്കും. ഭൂമി സുരക്ഷിതമായിരിക്കുമെന്നതിന്റെ പുറമെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഭൂബാങ്ക് പാട്ടത്തുക വാങ്ങി നല്‍കുമെന്നതാണ് ഉടമക്കുള്ള നേട്ടം.
കൃഷി ഭൂമി കാര്‍ഷികാവശ്യങ്ങള്‍ക്കും മാത്രമായി പാട്ടത്തിനു നല്‍കാനാണ് മാതൃകാ നിയമത്തിലെ നിര്‍ദ്ദേശം. പൊതുമേഖലയുടെ ആവശ്യങ്ങള്‍ക്കു വേണ്ടി യോ വ്യാവസായിക ഇടനാഴികള്‍ ഉള്‍പ്പെടെയുള്ള കാര്‍ഷികേതര പദ്ധതികള്‍ക്കു വേണ്ടിയോ കൃഷിഭൂമി പാട്ടത്തിനു നല്‍കാനുള്ള നിര്‍ദ്ദേശം മാതൃകാനിയമത്തിനില്ല. കൃഷി ചെയ്യാന്‍ പ്രാപ്തിയില്ലാത്ത ചെറുകിട-നാമമാത്രകര്ഷകര്ക്ക് താത്പര്യമുള്ള മറ്റു കര്‍ഷകര്‍ക്ക് ഭൂമി പാട്ടത്തിനു നല്‍കാം. ഇങ്ങനെ ലഭിക്കുന്ന പാട്ടത്തുക ഈ കര്‍ഷകര്‍ക്ക് ഒരു വരുമാനമാര്‍ഗമായി മാറും. ഇതോടൊപ്പം ഇവര്‍ക്ക് കാര്‍ഷിക മേഖലയിലോ കാര്‍ഷികേതര മേഖലയിലോ ഭൂമി വാങ്ങുന്ന പണിക്കാരായി മാറാം. ഇത് ചെറുകിട നാമമാത്ര കര്‍ഷകരുടെ തൊഴില്‍-വരുമാന മേഖലകള്‍ വൈവിധ്യവത്കരിക്കുമെന്ന് വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കൃഷി ഭൂമി പാട്ടത്തിനു നല്കുന്ന കര്‍ഷകരില്‍ ഒരു വിഭാഗത്തെ കാര്‍ഷികേതര മേഖലയിലേക്കു തിരിച്ചുവിടുന്നതോടെ കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവരുടെ സംഖ്യ കുറയ്ക്കകയുമാവാം. ഇങ്ങനെ കൃഷിയില്‍ നിന്നും വഴിമാറിപ്പോകുന്ന കര്‍ഷകര്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങളിലോ കൂലി ലഭിക്കുന്ന തൊഴിലുകളിലോ ഏര്‍പ്പെടാം. കര്‍ഷകരുടെയോ വനിതകളുടെയോ സ്വയം സഹായ സംഘങ്ങള്‍ ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുമ്പോള്‍ അത് അവര്‍ക്ക് ഒരു അധിക വരുമാന മാര്‍ഗമായി മാറുന്നു. കേരളത്തില്‍ പാട്ടകൃഷി നിയമപരമായി അനുവദനീയമല്ലെങ്കിലും ഭൂമി പാട്ടത്തിനെടുത്തു കൃഷി ചെയ്യുന്ന കുടുംബ ശ്രീ യൂണിറ്റുകള്‍ ഏക്കറിന് 42000 രൂപയോളം വരുമാനമുണ്ടാക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യക്തിപരമായി പാട്ടത്തിനെടുത്തു കൃഷി നടത്തുന്ന കര്ഷകന് കേരളത്തില്‍ ശരാശരി 48000 രൂപയോളം വരുമാനം ലഭിക്കുന്നു.
കോര്‍പ്പറേറ്റുകള്‍ക്കും വന്‍കിട കര്‍ഷകര്‍ക്കും ചെറുകിട കര്‍ഷകരുടെ ഭൂമിയോ ഭൂബാങ്കുകളിലെ ഭൂമിയോ പാട്ടത്തിനെടുത്ത് കൃഷി നടത്തുന്നതില്‍ മാതൃകാ നിയമം നിരോധനമേര്‍പ്പെടുത്തിയിട്ടില്ല. ചെറുകിട കര്‍ഷകരെ കൃഷിയില്‍ നിന്നും വഴിമാറ്റി അവരുടെ ഭൂമി വന്‍കിടക്കാര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും കൈമാറുകയാണ് മാതൃകാ നിയമത്തിന്റെ ലക്ഷ്യമെന്ന് വിമര്‍ശമുയര്‍ന്നിട്ടുണ്ട്. ഭൂബാങ്കുകളില് നിക്ഷേപിക്കുന്ന കൃഷിക്കു മാത്രമല്ല, കാര്‍ഷികേതര ആവശ്യങ്ങള്‍ക്കും ദീര്‍ഘകാലത്തേക്ക് പാട്ടത്തിനു നല്‍കാമെന്ന് മുമ്പ് നിര്‍ദ്ദേശമുണ്ടായിരുന്നു. മാതൃകാനിയമത്തില്‍ കൃഷി ഭൂമി കാര്‍ഷികാവശ്യത്തിനു മാത്രമായി പാട്ടത്തിനു നല്‍കാനേ വ്യവസ്ഥയുള്ളൂ. എന്നാല്‍ ഭൂമി ഒരു സംസ്ഥാന വിഷയമായതിനാല്‍ നിയമ നിര്‍മാണം നടത്തുമ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് കൃഷി ഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്കും പാട്ടത്തിനു നല്‍കാമെന്ന് എഴുതിച്ചേര്ക്കാവുന്നതെയുള്ളൂ. ഗുജറാത്ത് അടുത്തിടെ ഭേദഗതി ചെയ്ത ഭൂമി ഏറ്റെടുക്കല്‍ നിയമത്തില്‍ വ്യാവസായികാവശ്യങ്ങള്‍ക്കു വേണ്ടി കര്‍ഷകരില്‍ നിന്നും ഭൂമി ഏറ്റെടുക്കുന്നതിനുള്ള വ്യവസ്ഥകള്‍ കൂടുതല്‍ ഉദാരമാക്കിയിട്ടുണ്ട്. 2013-ലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന് ഭേദഗതി കൊണ്ടുവരാനുള്ള ഭേദഗതി പരാജയപ്പെട്ടതോടെ വളഞ്ഞ മാര്‍ഗത്തിലൂടെ കര്‍ഷകരുടെ ഭൂമി കോര്‍പ്പറേറ്റുകളുടെ കൈവശമെത്തിക്കാനുള്ള ഗൂഢശ്രമമാണ് മാതൃകാ പാട്ടകൃഷി നിയമം എന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ആത്യന്തികമായി ചെറുകിട-നാമമാത്ര കര്‍ഷകരെ അവരുടെ കൃഷിഭൂമിയില്‍ നിന്നും ആട്ടി ഓടിക്കുകയാണ് മാതൃകാ നിയമത്തിന്റെ ലക്ഷ്യമെന്നും വിമര്‍ശകര്‍ പറയുന്നു.
കേന്ദ്ര ഗവണ്മെന്റിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇപ്പോള്‍ രാജ്യത്ത് ഒരു കോടിയിലേറെ ഹെക്ടര്‍ സ്ഥലത്ത് പാട്ടകൃഷി നടക്കുന്നുണ്ട്. രാജ്യത്ത് ആകെ കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ 15 ശതമാനത്തിലും പാട്ടകൃഷിയാണ് നടക്കുന്നതെന്ന് നീതി ആയോഗ് പറയുന്നു. സുതാര്യമായ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലല്ല ഇപ്പോള്‍ പാട്ടകൃഷി നടക്കുന്നത്. പലതും വാക്കാലുള്ള കരാറുകളുടെ അടിസ്ഥാനത്തിലാണ്. എപ്പോള്‍ വേണമെങ്കിലും അവസാനിപ്പിക്കാവുന്നതാണ് ഇത്തരം കരാറുകള്‍. കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഒരു കാരണവശാലും പാട്ടത്തിനെടുത്ത ഭൂമി വിനിയോഗിക്കുയില്ലെന്ന് ഉറപ്പാക്കുകയാണെങ്കില്‍ മാതൃകാ പാട്ടകൃഷി നിയമം കര്‍ഷകര്‍ക്ക് പ്രയോജനകരമായിരിക്കും.
ഡോ. സാബിന് ജോര്‍ജ്
അസിസ്റ്റന്റ് പ്രഫസര്‍
വെറ്ററിനറി കോളേജ്
മണ്ണുത്തി, തൃശൂര്‍
ചുരുങ്ങിയ സ്ഥലലഭ്യതയുള്ള കേരളത്തിന്റെ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ മൃഗസംരക്ഷണ പ്രവര്‍ത്തനമാണ് ആടു വളര്‍ത്തല്‍. പെട്ടെന്ന് പെറ്റു പെരുകുന്നതിനുള്ള കഴിവും, ചെലവു കുറഞ്ഞ പരിപാലന രീതികളും ഇവയെ ആകര്‍ഷകമാക്കുന്നു. നാട്ടിലും പുറത്തുമുള്ള ആട്ടിറച്ചിയുടെ ആവശ്യകത ഈ സംരംഭത്തിന്റെ സാധ്യതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ഒരാടിന് ഒരു ദിവസം മൂന്നു നാലു കിലോ വരെ പുല്ലും, പച്ചിലകളും ആവശ്യമായി വരും. ഈ നിരക്കിലുള്ള ലഭ്യത വര്‍ഷം മുഴുവനും നിലനിര്‍ത്തേണ്ടതുണ്ടെന്നതിനാല്‍, പറമ്പിലെ പുല്ലും പ്ലാവിലയും മറ്റും ഉപയോഗപ്പെടുത്തുന്നതിനോടൊപ്പം തന്നെ തീറ്റപ്പുല്‍ കൃഷിയിലേക്കും കൂടി ശ്രദ്ധപതിപ്പിക്കേണ്ടതുണ്ട്.
ഗിനിപ്പുല്ല്, സങ്കര നേപ്പിയര്‍, ലൂ സേണ്‍, സുബാബുള്‍, സ്റ്റൈലോ സാന്തസ്, അസോള, ശീമക്കൊന്ന എന്നിവ സ്ഥലത്തിന്റെ പ്രത്യേകതകള്‍ക്കനുസൃതമായി നമുക്ക് നട്ടുപിടിപ്പിക്കാം.
വായു സഞ്ചാരവും, സൂര്യപ്രകാശവും ലഭ്യമാകുന്ന തരത്തിലാണ് കൂടു നിര്‍മിക്കേണ്ടത്. കൂട് മണ്നിരപ്പില് നിന്നും ഒരു മീറ്ററെങ്കിലും ഉയരത്തിലായിരിക്കണം. കൂടിന്റെ മേല്‍ക്കൂര ഓല, ഓട്, തകര/അലുമിനിയം ഷീറ്റ് എന്നിവയിലേതെങ്കിലും ഉപയോഗിച്ച് നിര്മിക്കാവുന്നതാണ്.
പ്ലാറ്റ്ഫോം നിര്‍മാണത്തിനായി തെങ്ങ്, കമുക്, പനമരം എന്നിവ ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെ നിര്‍മിക്കുന്ന പ്ലാറ്റ്ഫോം പലകകള്‍ തമ്മില്‍ ഒരു സെന്റീമീറ്റര്‍ വിടവു നല്‍കേണ്ടതാണ്. വെള്ളവും മൂത്രവും കെട്ടിനില്‍ക്കാത്ത രീതിയാണ് പ്ലാറ്റ്ഫോം നിര്‍മാണ ത്തില്‍ അവലംബിക്കേണ്ടത്. ഒരു ആടിന് ഒരു ചതുരശ്രമീറ്റര്‍ സ്ഥലം കൂടിനുള്ളില്‍ ഉണ്ടായിരിക്കണം. ആട്ടിന്‍കുട്ടികള്‍, മുട്ടനാട്, ചെനയുള്ള ആട്, പ്രസവിച്ച ആട്, കറവയാട് എന്നിവയ്ക്ക് പ്രത്യേകം സ്ഥലം നല്‍കേണ്ടതുണ്ട്.
പ്രത്യുത്പാദനശേഷിയും രോഗപ്രതിരോധശേഷിയും, തീറ്റപരിവര്ത്തനനിരക്കും, കണക്കിലെടുക്കുമ്പോള്‍ മലബാറി ആടുകളാണ് നമ്മുടെ നാടിനനുയോജ്യം. ഇവയ്ക്ക് അറുപതു ശതമാനം പ്രസവത്തിലും ഒന്നില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടാകാറുണ്ട്. പൊതുവായ ആരോഗ്യ ലക്ഷണങ്ങള്‍, ജനുസിന്റെ ഗുണങ്ങള്‍ എന്നിവയോടൊപ്പം തന്നെ ഒരു പ്രസവ ത്തിലുണ്ടാകുന്ന കുട്ടികളുടെ എണ്ണം, പ്രസവങ്ങള്‍ക്കിടയിലുള്ള ദൈര്‍ഘ്യക്കുറവ്, ശരീര വളര്‍ച്ചയുടെ തോത്, പാലുത്പാദനശേഷി എന്നിവയ്ക്കും പ്രാധാന്യം കൊടുത്തുവേണം ആടുകളെ തെരഞ്ഞെടുക്കുന്നത്.
പതിനഞ്ചു കിലോഗ്രാം തൂക്കമെത്തിയ മദിലക്ഷണം കാണിക്കുന്ന പെണ്ണാടുകളെ ഇണ ചേര്‍ക്കാവുന്നതാണ്. ഇത് ഏഴു മുതല്‍ എട്ടു മാസത്തിനുള്ളിലാണ്. 150 ദിവസമാണ് ആടിന്റെ ഗര്‍ഭകാലം. രണ്ടു വര്‍ഷത്തില്‍ മൂന്ന് പ്രസവങ്ങളാണ് ഒരു മലബാറി ആടില്‍ നിന്നും ശരാശരി ലഭിക്കുന്നത്. ഇരുപത് ഇരുപത്തഞ്ച് പെണ്ണാടുകളെ ഇണ ചേര്‍ക്കുന്നതിനായി ഒരു മുട്ടനാടിനെ നിലനിര്‍ത്തിയാല്‍ മതിയാകും. രക്തബന്ധമുള്ള ആടുകള്‍ തമ്മില്‍ ഇണചേര്‍ക്കുന്നത് ഒഴിവാക്കേണ്ടതാണ്.
ആന്തരിക പരാദങ്ങളുടേയും ചെള്ള്, പേന്‍, പട്ടുണ്ണി പോലുള്ള ബാഹ്യപരാദങ്ങളുടേയും നിയന്ത്രണം ആട് വളര്‍ത്തലില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നു. വളര്‍ച്ചയുടെ ഘട്ടത്തില്‍ രണ്ടുമാസത്തിലൊരിക്കലെങ്കിലും വിരയിളക്കേണ്ടതാണ്. ബാഹ്യപരാദങ്ങളുടേയും നിയന്ത്രണത്തിനായി മരുന്നുകള്‍ ശരീരത്തില്‍ സ്പ്രേ ചെയ്യുകയോ, തേച്ചു പിടിപ്പിക്കുകയോ ചെയ്യാവുന്നതാണ്. മാരകമായ എന്ററോടോക്സിമിയ, ആട് പ്ലേഗ്, കുളമ്പ് രോഗം എന്നീ അസുഖങ്ങള്‍ക്ക് കൃത്യമായ പ്രതിരോധ കുത്തിവയ്പ്പുകള്‍ വേണം.
പുതിയതായി കൊണ്ടുവരുന്ന ആടുകളെ രണ്ടാഴ്ചയെങ്കിലും നിരീക്ഷണത്തില്‍ വെച്ചതിനുശേഷം മാത്രമേ മറ്റുള്ളവയുമായി ഇടകലര്‍ത്താവൂ. താരതമ്യേന കൊളസ്ട്രോളും കൊഴുപ്പും കുറഞ്ഞ ആട്ടിറച്ചിക്ക് മതപരമായോ മറ്റു രീതികളിലോ ഉള്ള വിലക്കുകള്‍ ഒന്നും തന്നെയില്ല. എളുപ്പം ദഹിക്കുന്ന ആട്ടിന്പാല് പല ആയുര്‍വേദ മരുന്നുകളുടേയും ചേരുവയാണ്. ആട്ടിന്‍കാഷ്ഠത്തില്‍ അടങ്ങിയിരിക്കുന്ന നൈട്രജനും, ഫോസ്ഫറസും അതിനെ നല്ല ഒരു ജൈവവളമാക്കി മാറ്റുന്നു. പ്രജനനത്തിനായുള്ള ആട്ടിന്‍കുട്ടികള്‍ക്ക് കേരളത്തില്‍ നല്ല ഡിമാന്‍ഡാണുള്ളത്. ഇടനിലക്കാരെ ഒഴിവാക്കിക്കൊണ്ടുള്ള വിപണനത്തിനായി കര്‍ഷകര്‍ സംഘടിക്കേണ്ടതുണ്ട്.
ആട്ടിന്‍കുട്ടി ജനിച്ചയുടനെതന്നെ അരമണിക്കൂറിനകം കന്നിപ്പാല്‍ നല്‍കുന്നതാണ് പ്രധാനം. ഇതുവഴി പ്രതിരോധശേഷി കൈവരിക്കാന്‍ ആട്ടിന്കുട്ടികള്ക്കാവുന്നു. മഴയും തണുപ്പും ബാധിക്കാതെ വേണം ഇവയെ പാര്‍പ്പിക്കാന്‍. ഈര്‍പ്പം നിറഞ്ഞ അന്തരീക്ഷം ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.
ആട്ടിന്‍കുട്ടികളില്‍ കാണുന്ന വയറിളക്കത്തിന് വൈദ്യസഹായം തേടേണ്ടതാണ്. കറവയുള്ള ആടുകള്‍ക്ക,് ഒരു ലിറ്റര്‍ പാലിന് 400 ഗ്രാം എന്ന നിരക്കിലും ചെനയുള്ള ആടുകള്‍ക്ക് നാലാം മാസം മുതല്‍ 250 ഗ്രാം എന്ന കണക്കിലും സാന്ദ്രീകൃത ആഹാരം ദിവസവും നല്‍കേണ്ടതുണ്ട്.
പൂപ്പല്‍ ബാധിച്ചതും, കട്ടപിടിച്ചതുമായ തീറ്റ ആടുകള്‍ക്ക് നല്‍കരുത്. പായസം, കഞ്ഞി, പഴുത്ത ചക്ക മുതലായവ അധികമായി നല്‍കുന്നത് മരണത്തിലേക്കു വരെ എത്തിച്ചേക്കാം. ദ്രവരൂപത്തിലുള്ള മരുന്നുകള്‍ പിടിച്ചു കൊടുക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ ഇവ ശ്വാസകോശത്തിലെത്തി ന്യുമോണിയ പിടിപെടാനുള്ള സാധ്യത വളരെ അധികമാണ്. ആടുകള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭ്യമാക്കാന്‍ ശ്രദ്ധിക്കുക.
ടോം ജോര്‍ജ്
അമേരിക്കയില്‍ നിന്നെത്തിച്ച അവക്കാഡോ ചങ്ങനാശേരിയിലെ വീട്ടുമുറ്റത്ത് വിളഞ്ഞതു 100 മേനി. ചങ്ങനാശേരി മാമ്മൂട് കുര്യച്ചന്‍പടിയിലെ കാരക്കാട് ഓര്‍ച്ചാഡ്സിന്റെ ഉടമയായ ജോസഫ് കാരക്കാടാണ് തന്റെ വീട്ടുമുറ്റത്ത് അമേരിക്കന്‍ അവക്കാഡോ വിളയിച്ചത്.
അമേരിക്കന്‍ പൗരത്വമുള്ള ഇദ്ദേഹം ഇവിടെ താന്‍ താമസിക്കുന്ന ഫ്ളോറിയില്‍ നിന്നുമാണ് അവക്കാഡോയുടെ ഗ്രാഫ്റ്റ് ചെയ്ത തൈ ചങ്ങനാശേരിയിലെ തന്റെ വീട്ടുമുറ്റത്തെത്തിച്ചത്. മൂന്നു വര്‍ഷം മുമ്പ് നട്ട തൈ രണ്ടാം തവണയാണ് കായ്ക്കുന്നത്. ഇത്തവണ കായ് നിറഞ്ഞതിനാല്‍ ശിഖരങ്ങള്‍ ഒടിഞ്ഞുപോകുകയായിരുന്നു. അടിവളമായി ചാണകപ്പൊടി, പിണ്ണാക്ക് എന്നിവയൊക്കെയിട്ടാണ് നട്ടത്. സൂര്യപ്രകാശം നല്ലതായി വേണ്ട അവക്കാഡോയ്ക്ക് കിലോ 200 രൂപവരെ നിലവില്‍ വിപണി വിലയുണ്ട്.
ഡിസംബറില്‍ പൂക്കുന്ന അവക്കാഡോ മേയ്- ജൂണ്‍ മാസങ്ങളില്‍ വിളവെടുപ്പു പരുവമാകും. വെണ്ണപ്പഴം എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന അവക്കാഡോയ്ക്ക് വെണ്ണയുടെ അതേ രുചി തന്നെയാണ്. വെജിറ്റേറിയന്‍ സാന്‍വിച്ച്, സലാഡ് എന്നിവയില്‍ അവക്കാഡോ ഉപയോഗിക്കുന്നു. ഇറച്ചിക്കു പകരമുള്ള സസ്യകൊഴുപ്പാണ്. എന്നാല്‍ ശരീരത്തിനു ഹാനികരമായ കൊളസ്ട്രോള്‍ ഇല്ലെന്ന പ്രത്യേകതയുമുണ്ട് പൊട്ടാസ്യത്തിന്റെ തോത് വളരെ കൂടുതലുണ്ട്. നാരിന്റെ അളവുകൂടുതലുള്ളതിനാല്‍ ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നിവ നിയന്ത്രിക്കും. മില്‍ക്ക്ഷേക്കിലും ഐസ്ക്രീമിലും ചേരുവയാക്കാം. പഴത്തൊലി വിര നാശിനിയാണ്. അതിസാര ചികിത്സക്കും ഉപയോഗിക്കുന്നു. ഇതിന്റെ ഇല ചവച്ചാല്‍ വായിലെ മോണപഴുപ്പ് മാറി നില്ക്കും.
മുറിവുണക്കാന്‍ ഇതിന്റെ ഇല അരച്ചു പുരട്ടിയാല്‍ മതിയാകും. ഇലചൂടാക്കി നെറ്റിയില്‍ വച്ചാല്‍ തലവേദനയ്ക്കു പരിഹാരമാകും. വാര്‍ധക്യ സംബന്ധമായ പ്രശ്നങ്ങള്‍ തടയാനും ഇതിനു കഴിവുണ്ട്. അവക്കാഡോ വിത്തില്‍ നിന്നെടുക്കുന്ന എണ്ണ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ നിര്‍മിക്കാനുപയോഗിക്കുന്നു. ഇത്രയും ഉപയോഗങ്ങളുള്ള ഈപ്പഴത്തൈ കൃഷിക്കായി തെരഞ്ഞടുക്കുമ്പോള്‍ നല്ല തൈ ആണോ എന്നു പരിശോധിക്കണമെന്നു മാത്രം. നൂറിനം അപൂര്‍വ ഫലവൃക്ഷത്തൈകളുടെ ശേഖരവും ജോസഫിനുണ്ട്. ഇതില്‍ ശരീരത്തിനു സുഗന്ധം നല്കുന്ന കെപ്പല്‍, ആപ്രിക്കോട്ട്, പുലാസന്, മിറക്കിള്‍ ഫ്രൂട്ട്, ബ്രസില്‍ സ്വദേശി മേമി സപ്പോര്‍ട്ട, അമേരിക്കയില്‍ നിന്നെത്തിച്ച ഇലാമ, സലാക്ക് അഥവ സ്നേക്ക് ഫ്രൂട്ട്, ബൊറോജ, ഐസ്ക്രീം ബീന്‍സ് തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്നു.
ഫോണ്‍: ജോസഫ്-9447294236.
റെജി ജോസഫ്
കുഞ്ഞന്‍ കാന്താരിക്ക് കറുത്ത പൊന്നിനേക്കാള്‍ വില കയറിയെന്ന വാര്‍ത്തയറിഞ്ഞ് സമീപകാലത്ത് പലരും മൂക്കത്തു വിരല്‍വച്ചു. മറയൂരില്‍ ആദിവാസികള്‍ വിളവെടുത്ത ജൈവ കാന്താരി കിലോക്ക് 800 രൂപ വരെ വില ഉയര്‍ന്നു. നാട്ടിന്‍പുറങ്ങളിലെ കടകളില്‍ 300 രൂപ കാന്താരിക്കു വില കിട്ടുന്നു. രണ്ടു കൊല്ലമായി വില 250 രൂപയില്‍ താഴുന്നുമില്ല.
ഇടവിളയായോ തടം തീര്‍ത്തോ വളര്‍ത്തി വിളവെടുത്ത് വിറ്റാലും കാന്താരി നേട്ടമാകുമെന്നും ഭാവിയില്‍ ഇനിയും വില കയറുമെന്നുമാണ് മാര്‍ക്കറ്റ് സൂചന.
കുടുംബശ്രീകളുടെയും അയല്‍ ക്കൂട്ടങ്ങളുടെയും നേതൃത്വത്തില്‍ അച്ചാര്‍ ബിസിനസ് വ്യാപകമായ തോടെയാണ് കാന്താരിക്ക് പ്രിയമേറിയത്. ഈ അച്ചാറുകളുടെ മുഖ്യ ചേരുവ കാന്താരിയാണ്. നാരങ്ങ, പാവയ്ക്ക, മാങ്ങ തുടങ്ങിയ അച്ചാറുകളിലെല്ലാം കാന്താരി അഭികാമ്യം. ഇതിനൊപ്പമാണ് വിദേശത്തും കാന്താരിക്ക് പ്രിയമേറിവന്നിരിക്കുന്നത്.
പുരയിടങ്ങളിലെ മറ്റു കാര്‍ ഷിക വിളകള്‍ക്ക് പ്രാണി ശല്യം ഏല്‍ക്കാതിരിക്കാനാണ് പഴമക്കാര്‍ കാന്താരി നട്ടുപിടിപ്പി ച്ചിരുന്നത്. കാന്താരി മുളകിന്റെ എരിവേറിയ വാസനമൂലം വിളക ള്‍ തിന്നുനശിപ്പിക്കാന്‍ കീടങ്ങളും പ്രാണികളും എത്തില്ലായിരുന്നു. എന്നാല്‍ ഇടക്കാലത്ത് തോട്ടങ്ങളും നാണ്യവിളകളും വന്നതോടെ കാന്താരിച്ചെടി പലയിടങ്ങളിലും കാണാന്‍ പോലുമില്ലാതായി.
കാന്താരി വളരാത്ത പുരയിടങ്ങളൊന്നും നമ്മുടെ നാട്ടിലില്ല. വെറുതെ കിളിര്‍ക്കുന്നതല്ലാതെ കാന്താരി വച്ചുപിടിപ്പിക്കുന്ന രീതി തീരെ കുറവ്. കൊമ്പന്മുളകിനങ്ങള് മാര്‍ക്കറ്റില്‍ കിട്ടുന്ന ഇക്കാലത്ത് കുഞ്ഞന്‍ കാന്താരി ക്ഷമയോടെ പറിച്ചെടുത്ത് പാചകം ചെയ്യാന്‍ പലര്‍ക്കും താല്പര്യവുമില്ല. ഇങ്ങനെയൊക്കെയാണെങ്കിലും തേങ്ങയിലും ഉള്ളിയിലും നാലു കാന്താരിവച്ച് അരകല്ലില്‍ അരച്ചുകൂട്ടിയിരുന്ന കാലം നാം മറന്നുകൂടാ. കറിയൊന്നുമില്ലെങ്കില്‍ കാന്താരി പൊട്ടിച്ചു കൂട്ടും എന്നത് ഗ്രാമീണജീവിതത്തിലെ ചൊല്ലാണല്ലോ.
കാന്താരിമുളക് ഉടച്ചതും പഴങ്കഞ്ഞിയുമുണ്ടെങ്കില്‍ പ്രാതല്‍ കുശാല്‍ എന്നതു പഴമക്കാരുടെ പ്രമാണവുമായിരുന്നു. കാന്താരിയുടെ ഗുണവും രുചിയും നാട്ടിലെ പുത്തന്‍ തലമുറ അറിയുന്നില്ലെങ്കിലും വിദേശികള്‍ ഗുണമറിഞ്ഞ് കാന്താരി വിലയ്ക്കുവാങ്ങുകയാണ്. വിശപ്പ് വര്‍ധിപ്പി ക്കാനും കൊഴുപ്പു കുറയ്ക്കാനും സഹായിക്കുന്ന ഘടകങ്ങള്‍ കാന്താരിയിലുണ്ടെന്നറിഞ്ഞ് വിദേശരാജ്യങ്ങള്‍, വിശേഷിച്ചും അറേബ്യന്‍ രാജ്യങ്ങളില്‍ പ്രധാന ഭക്ഷണചേരുവകളിലൊന്നായി കാന്താരി മുളകിനെ മാറ്റിയിരിക്കുന്നു. എരിവിനെ പ്രതിരോധി ക്കാന്‍ ശരീരം ധാരാളം ഊര്‍ജം ഉത്പാദിപ്പിക്കേണ്ടി വരുമെന്ന തിനാല്‍ കൊളസ്ട്രോളിന്റെ അളവു നിയന്ത്രിക്കുന്നതിന് കാന്താരി പ്രയോജനപ്പെടുന്നു.
രക്തത്തെ നേര്‍പ്പിക്കുന്ന ചില ഘടകങ്ങളും കാന്താരിയിലുണ്ട്. കേരളം, മേഘാലയ, തമിഴ്നാട്, കര്‍ണാടകം എന്നിവിടങ്ങളിലാണ് കാന്താരി നന്നായി വളരുന്നത്. ഏറ്റവും അനുകൂല കാലാവസ്ഥയുള്ള കേരളത്തില്‍ കാന്താരി കൃഷി വ്യാപകമായി വരുന്നതേയുള്ളു.
വാതം, അജീര്‍ണം,വായുക്ഷോ ഭം, പൊണ്ണത്തടി,പല്ലുവേദന, കൊളസ്ട്രോള്‍ എന്നിവ കുറയ് ക്കാന്‍ കാന്താരി മെച്ചമാണ്. ജീവകം സിയുടെ ഉറവിടമാണ് കാന്താരി മുളക്. വെള്ളക്കാന്താരി, പച്ചക്കാന്താരി, നീലക്കാന്താരി, ഉണ്ടക്കാന്താരി എന്നിങ്ങനെ പലയിനങ്ങളുള്ളതില്‍ പച്ച നിറമുള്ള ചെറിയ കാന്താരിക്കാണ് എരിവ് കൂടുതല്‍. കറികളില്‍ ഉപയോഗി ക്കുന്നതിനു പുറമെ അച്ചാറിട്ടും ഉണക്കിയും കാന്താരി മുളക് സൂക്ഷിക്കാറാണ്ട്.
ഏതു കാലാവസ്ഥയിലും കാന്താരി നന്നായി വളരും. വെയിലോ മഴയോ പ്രശ്നമല്ല. നല്ല വെയിലിലും തണലിലും ഉഷ്ണകാലത്തും വളരും. പൊതുവെ ഇടുക്കി, വയനാട് ജില്ലകളില്‍ വലിയ സാധ്യതയാണ് കാന്താരികൃഷിക്കുള്ളത്. പരിചരണം ഒന്നും വേണ്ടാത്ത കാന്താരി ഒരു നല്ല കീടനാശിനി കൂടിയാണ്. കാന്താരി മുളക് അരച്ച് സോപ്പ് ലായനിയില്‍ കലക്കി കീടനാശിനി ആയി ഉപയോഗിക്കാം. കാന്താരി യും ഗോമൂത്രവും ചേര്‍ന്നാല്‍ കീടങ്ങള്‍ നാടുവിടും. ചുവടുപിടിച്ചാല്‍ നാലഞ്ചുവര്‍ഷം വരെ ഒരു ചെടി നിലനില്ക്കും.
എരിവു കൂടുന്തോറും ഔഷധ മൂല്യവും കൂടുമെന്നാണ് വയ്പ്. കാന്താരിയില്‍ അടങ്ങിയിരിക്കുന്ന രസത്തിന് രക്തക്കുഴലുകളെ വികസിപ്പിക്കാന്‍ കഴിവുണ്ട്. കാന്താരിയിലെ ജീവകം സി ശ്വാസകോശരോഗങ്ങളെ ചെറു ക്കുകയും പ്രതിരോധശേഷി വര്‍ധി പ്പിക്കുകയും ചെയ്യും. മാത്രമല്ല , ഹൃദ്രോഗത്തിനു കാരണമാക്കുന്ന ട്രെെ ഗ്ലിസറൈഡുകളുടെ അധിക ഉത്പാദനത്തെ നിയന്ത്രിക്കും ഈ കുഞ്ഞന്‍ മുളക്.
കാന്താരിമുളക് ലായനി ചെടികളുടെയും പച്ചക്കറികളുടെയും ഇലകളെ നശിപ്പിക്കുന്ന പുഴുക്കളെ നശിപ്പിക്കാന്‍ അത്യുത്തമാണ്. തണ്ടുതുരപ്പന്‍ പുഴുക്ക ള്‍ക്ക് പ്രതിവിധിയായും കാന്താരി മുളകു ലായനി ഉപയോഗിക്കുന്നു.
25 ഗ്രാം കാന്താരിമുളക് ഒരു ലിറ്റര്‍ ഗോമൂത്രത്തില്‍ അരച്ച് ചേര്‍ത്ത് ഈ മിശ്രിതത്തില്‍ 10 ലിറ്റര്‍ വെള്ളം ചേര്‍ത്തു നേര്‍പ്പിച്ച് പുഴുക്കളുടെ മേല്‍ തളിച്ചാല്‍ കീടബാധ തടയാം.
കൃഷിരീതി
പഴുത്തു ചുവന്ന കാന്താരി മുളകുകള്‍ പേപ്പര്‍ കവറിലോ കടലാസിലോ നിരത്തുക. കടലാ സിന്റെ ഒരുഭാഗംകൊണ്ട് മുളകു മൂടി അവയുടെ മുകളില്‍ നന്നായി അമര്‍ത്തി ഉരസുക. വിത്ത് ഒരു പാത്രത്തില്‍ ശേഖരിച്ച് അതി ലേക്ക് ചെറു ചൂടുള്ളം ഒഴിക്കുക. പതിനഞ്ചു മിനിറ്റ് വിത്ത് ചൂടുവെള്ളത്തില്‍ത്തന്നെ വയ്ക്കണം. തുടര്‍ന്ന് വിത്തു കഴുകി മാംസളഭാഗങ്ങള്‍ ഒഴിവാക്കണം. ഒരുതവണ പച്ചവെള്ളത്തി ല്‍ക്കൂടി വിത്തു കഴുകണം. രണ്ടോ മൂന്നോ ദിവസത്തെ ഉണക്കിനു ശേഷം വിത്തു വിതയ്ക്കാം. മണല്‍, ചാണകപ്പൊടി, ചാരം എന്നിവ നന്നായി ചേര്‍ത്ത് ഇളക്കി വേണം തടം തയാറാക്കാന്‍.
വിത്തു പാകി ആദ്യ രണ്ടു ദിവസങ്ങളിലും മൂന്നുമണിക്കൂര്‍ ഇടവിട്ട് നയ്ക്കണം. ആറാം ദിവസം മുളച്ചുതുടങ്ങും.
മൂന്നാം ഇല വന്നാല്‍ തൈ പറിച്ചുനടാം. വാണിജ്യാടിസ്ഥാന ത്തില്‍ കാന്താരി മുളക് കൃഷിചെ യ്യു മ്പോള്‍ 40 സെന്റി മീറ്റര്‍ അകല ത്തില്‍ വേണം തൈകള്‍ നടാന്‍. കുഴികളില്‍ തൈ ഒന്നിന് 500 ഗ്രാം ചാരം, ഒരുകിലോ ചാണകപ്പൊടി എന്നിവ ചേര്‍ക്കണം. പറിച്ചു നട്ട് മൂന്നാം മാസംമുതല്‍ കാന്താരി മുളക് പൂവിടും.
കീടരോഗബാധ
കാന്താരി മുളകിന് സാധാരണ കീടങ്ങളുടെ ആക്രമണസാധ്യത മറ്റു ചെടികളെക്കാള്‍ കുറവാണ്. ഇലപ്പേന്‍ രൂപത്തിലുള്ള ഒരു കീടം ഇലകള്‍ക്കിടയില്‍ വന്നുനിറയുന്ന താണ് പ്രധാന കീടബാധ. ഇതിനു പരിഹാരമായി വേപ്പെണ്ണ (10 ലിറ്റര്‍ വെള്ളത്തില്‍ 100 മില്ലി) നേര്‍പ്പിച്ച് തളിക്കുകയോ ഗോമൂത്രം തളിക്കു കയോ ചെയ്താല്‍ മതി. കാന്താരി മുളകിന്റെ ഇലകള്‍ ചുരുണ്ട് വളര്‍ച്ച മുരടിക്കുന്നതും ഒരു രോഗമാണ്.
ചുരുണ്ടുനില്‍കുന്ന ഭാഗങ്ങള്‍ മുറിച്ചുമാറ്റി കട്ടിയായ തണുപ്പിച്ച കഞ്ഞിവെള്ളം തളിച്ചു കൊടു ത്താല്‍ ഇല ചുരുളല്‍ മാറിക്കിട്ടും. കഞ്ഞിവെള്ളം കാന്താരി മുളകിന്റെ ചുവട്ടില്‍ തുടര്‍ച്ചയായി ഒരാഴ്ച ഒഴിച്ചു കൊടുക്കുന്നത് മുളകിന്റെ വളര്‍ച്ച ത്വരിതപ്പെടുത്താനും ഇടയാക്കും.
ഇടവിളകൃഷിയില്‍ മികച്ച നേട്ടം
വയനാട് ചെമ്പരത്തിക്കുന്ന് സുകുമാരന്‍ കെഎസ്എഫ്ഇയില്‍ നിന്നു വിരമിച്ച ശേഷമാണ് കൃഷിയില്‍ സജീവമായത്. കാപ്പി, ഏലം, വാഴ തുടങ്ങിയ കൃഷികളെല്ലാം ഇദ്ദേഹം കൃഷി ചെയ്യുന്നു. കൃഷിയിടത്തില്‍ കുരങ്ങുശല്യം രൂക്ഷമായി സാഹചര്യത്തിലാണ് സുകുമാരന്‍ ഇടവിളയായി കാന്താരികൃഷി തുടങ്ങിയത്. 70 സെന്റ് സ്ഥലത്ത് കാപ്പിക്ക് ഇടവിളയായി കാന്താരി മുളകാണ് കൃഷി. കുരങ്ങിന് എരിവുള്ള കാന്താരി മുളകിനോടു തെല്ലും പ്രിയമില്ല. മറ്റു കൃഷിയെക്കാള്‍ കാന്താരിച്ചെടിക്ക് കീടബാധയുമില്ല. നന കൊടുത്താല്‍ മഴക്കാലത്തേക്കാള്‍ കൂടുതല്‍ വിള വേനല്‍ക്കാലത്ത് ലഭിക്കുമെന്ന് സുകുമാരന്‍ പറഞ്ഞു. സുകുമാരനും ഭാര്യ സുമതിയും ചേര്‍ന്നാണ് കൃഷിയും വിളവെടുപ്പും. ചാണകം ചുവട്ടില്‍ വിതറിക്കൊടുക്കുന്നതു മാത്രമാണ് വളം.
രണ്ടാഴ്ച ഇടവിട്ട് വിളവെടുപ്പു നടത്തും. ഒരു വര്‍ഷം ശരാശരി 150 കിലോ വരെ കാന്താരി മുളകു ലഭിക്കുന്നുണ്ട്. കൂടാതെ സുര്‍ക്ക ലായനിയിലും മുളക് പച്ചകെടാതെ സൂക്ഷിക്കുന്നു. തൈരിലിട്ട് ഉണക്കിയും അച്ചാറിട്ടും വിവിധ രൂപത്തില്‍ വിപണിയില്‍ എത്തിക്കാറുണ്ട്. വെളുപ്പു നിറങ്ങളിലുള്ള നാലിനം കാന്താരി സുകുമാരന്‍ കൃഷി ചെയ്യുന്നുണ്ട്. ഇപ്പോള്‍ കിലോയ്ക്ക് 300 രൂപയാണ് വില.
ഇടവിള കൃഷിയായതിനാല്‍ മറ്റു കൃഷികള്‍ക്കും പുരയിടത്തില്‍ ഇടമുണ്ട്. വിളവെടുത്താല്‍ വിറ്റഴിക്കാന്‍ വിപണിയില്ലെന്ന ആശങ്ക ഈ ദമ്പതികള്‍ക്കില്ല. ഏറെപ്പേര്‍ മുളക് വാങ്ങാന്‍ വീട്ടില്‍ എത്തുന്നു. വെള്ള, പച്ച നിറങ്ങളില്‍ വലുതും ചെറുതുമായ കാന്താരി ഇനങ്ങളാണ് കൃഷി ചെയ്യുന്നത്. അല്പം ക്ഷമ വേണമമെന്നാല്ലാതെ വിളവെടുക്കല്‍ ഏറെ ശ്രമകരമൊന്നുമല്ല. മൂന്നോ നാലോ മണിക്കൂര്‍ ചെലവിട്ടാല്‍ നന്നായി വിളവുള്ള ചെടികളില്‍നിന്ന് രണ്ടു കിലോ വരെ പറിച്ചെടുക്കാം.
ഫോണ്‍: സുകുമാരന്‍ 9847957629, 9895612202
ടോം ജോര്‍ജ്
മുളയുടെ സാധ്യതകള്‍ മനസിലാക്കി വ്യാവസായികാടിസ്ഥാനത്തില്‍ മുളക്കൃഷി തുടങ്ങിയ മനാഫിന്റെ പരീക്ഷണം വിജയം. കേരളത്തിലങ്ങോളമിങ്ങോളം ഇന്ന് മുള ആവശ്യമുള്ളവര്‍ ആദ്യം ഡയല് ചെയ്യുന്നത് പാലക്കാട് മണ്ണാര്‍കാട് ആലനെല്ലൂര് സ്വദേശി കളത്തില്‍ മനാഫിന്റെ നമ്പരാണ്. മൂന്നേക്കറിനു മുകളില്‍ ഒലിവേറി എന്ന മുള കൃഷിചെയ്യുന്നുണ്ട് മനാഫ്. വയനാട്ടില്‍ മുളക്കൃഷിക്കു നേതൃത്വം നല്കുന്ന ഉറവ് എന്ന സംഘടനയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നുമുണ്ട്. കൃഷിയുമായി ബന്ധപ്പെട്ട യാത്രക്കിടയിലാണ് മനാഫ് ഒലിവേറി മുളകണ്ടെത്തുന്നത്. പിന്നെ അതിന്റെ തൈവാങ്ങി വച്ചു. ഒരേക്കറില്‍ 200 തൈവരെ വയ്ക്കാം. 15ഃ15 ഇടയകലത്തില്‍ അടിവളമായി എല്ലുപൊടി, ആട്ടിന്കാഷ്ടം എന്നിവയിട്ടാണ് നടുന്നത്. എല്ലാവര്‍ഷവും രണ്ടുവളപ്രയോഗം. എന്‍പികെ യാണ് വളമായി നല്‍കുന്നത്. എട്ടു വര്‍ഷമാകുമ്പോള്‍ മുതല്‍ വെട്ടിത്തുടങ്ങാം. ഒരു ചുവട്ടില്‍ നിന്ന് ആറ്- ഏഴ് മുള ഒരു വര്‍ഷം വെട്ടാം. ഒരുമുളയ്ക്ക് 200 രൂപ പ്രകാരമാണ് വില്പന. തോട്ടി, ഊന്നുവടി, വാര്‍ക്കല്‍ താങ്ങ് തുടങ്ങിയ ആവശ്യങ്ങള്‍ക്കായാണ് മനാഫിന്റെ മുള ഉപയോഗിക്കുന്നത്. എന്നാല്‍ പുതിയൊരു പരീക്ഷണം ഈ രംഗത്തു നടന്നതായും മനാഫ് പറയുന്നു. വയനാട് തൃക്കൈപറ്റയില്‍ ഉറവിന്റെ മുന്‍ സെക്രട്ടറി ബാബുരാജ് കല്ലന്‍മുള ട്രീറ്റ് ചെയ്ത് വാര്‍ക്കല്‍ കമ്പിക്കു പകരം അദ്ദേഹത്തിന്റെ വീടിനുപയോഗിച്ചു. മുളയുടെ സാധ്യതകളുടെ വിശാലലോകം ഇതില്‍ നിന്ന് തിരിച്ചറിയണമെന്ന് മനാഫ് പറയുന്നു.
സാധരണ മഞ്ഞമുള ഉപയോഗിച്ച് ഓഫീസ് ഫയല്‍, ഫര്‍ണിച്ചര്‍, ബാഗ്, ലൈറ്റ് ഫിറ്റിംഗ്സ്, കൊട്ട, വട്ടി, വീട്ടുസാധനങ്ങള്‍, ആഭരണങ്ങള്‍, കരകൗശലവസ്തുക്കള്‍ എന്നിവയൊക്കെ നിര്‍മിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്നു. എല്ലാ വര്‍ഷവും കോയമ്പത്തൂരില്‍ മുള ഉത്പന്നങ്ങളുടെ പ്രദര്‍ശനം നടക്കുന്നുണ്ട്. ഹരിത ബാംബു നഴ്സറി എന്നപേരില്‍ മുളനഴ്സറി നടത്തുന്നുണ്ട് കൃഷി സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉടമകൂടിയായ മനാഫ്.
സ്വര്‍ണമുഖിയും മലവേപ്പും
സ്വര്‍ണമുഖി ഏത്തവാഴ രണ്ടരഏക്കറില്‍ കൃഷി ചെയ്യുന്നുണ്ട് മനാഫ്. ഹാഫി ബയോടെക്കില്‍ നിന്നും വാങ്ങി നട്ട ടിഷ്യൂകള്‍ച്ചര്‍ സ്വര്‍ണമുഖി വാഴത്തൈ മികച്ച വരുമാനമാണ് മനാഫിനു നല്‍കിയത്. 2000 വാഴ നട്ടതില്‍ ഒരെണ്ണം പോലും മോശം വന്നില്ല. ഒരു കുലയ്ക്ക് 30-35 കിലോ വിളവു കിട്ടി. 15-20 രൂപയ്ക്കു വിറ്റിട്ടും ഒരു വാഴയില്‍ നിന്ന് 1200 രൂപകിട്ടി. ഒരു ചുവട്ടില്‍ നിന്ന് കിട്ടിയ 10 വാഴക്കന്നു കൂടി കൂട്ടിയാണിത്. കുലയുടെ അത്രയും തന്നെ വില വാഴക്കന്നുവിറ്റും കിട്ടി. 9ഃ9 അടി അകലത്തിലാണ് വാഴ നട്ടത്. അടിവളമായി വേപ്പിന്‍പിണ്ണാക്ക്, കടലപ്പിണ്ണാക്ക്, ചാണകം എന്നിവയാണ് നല്‍കിയത്. കുഴിവെട്ടി കുമ്മായമിട്ട് 15 ദിവസം കഴിഞ്ഞാണ് അടിവളമിട്ട് കന്നു നട്ടത്. ഒരുവാഴക്ക് 15 കിലോ ചാണകം, അരക്കിലോ വീതം വേപ്പിന്‍പിണ്ണാക്കും കടലപ്പിണ്ണാക്കും 40 ദിവസം ഇടവിട്ട് മൂന്നു പ്രാവശ്യം നല്കി. യൂറിയ, പൊട്ടാഷ്, ഫോസ്ഫേറ്റ് എന്നിവ ജൈവവളത്തോടൊപ്പം ചേര്‍ത്തു നല്‍കും. ഒരു കന്നിന് ഇവ 100,150, 300 ഗ്രാം എന്ന അനുപാതത്തിലാണ് ചേര്‍ക്കുന്നത്. അതിനു ശേഷം യുറിയ, പൊട്ടാഷ് എന്നിവമാത്രം നല്‍കും. ട്രൈക്കോഡര്‍മ 15 ദിവസം ഇടവിട്ടു നല്‍കും. സ്യൂഡോമോണസ് ഇലകളില്‍ തളിക്കും. ഇതിനാല്‍ ഒരു വാഴപോലും പോയില്ല.
വേഗം തടിവയ്ക്കുന്ന മലവേപ്പ്
പ്ലൈവുഡ്ഡ്, തക്കാളിപ്പെട്ടി എന്നിവയ്ക്കെല്ലാം ഉപയോഗിക്കുന്ന മലവേപ്പും മനാഫിന്റെ കൃഷിയിലെ അപൂര്‍വതയാണ്. വന്‍ മരമാകുന്ന ഇത് എട്ടുവര്‍ഷം കൊണ്ട് 60 ഇഞ്ച് വണ്ണം വയ്ക്കും. ഏക്കറില്‍ 100 മരം വരെ വയ്ക്കാം. ഒരു മരത്തിനു 10000 രൂപവരെ ലഭിക്കും. എട്ടാം വര്‍ഷം വെട്ടുന്നതിനു പ്രായമാകും. 6ഃ6 അടി വച്ച് ആദ്യം മരം നടും ശിഖരങ്ങളില്ലാതെ മരം മുകളിലേക്കു പോകുന്നതിനാണ് അടുപ്പിച്ചു നടുന്നത്. രണ്ടു വര്‍ഷം കഴിയുമ്പോള്‍ ഇടയ്ക്കുള്ള ഒരു മരം മുറിച്ച് 12ഃ12 അകലത്തിലാക്കും. നാലു വര്‍ഷം കഴിയുമ്പോള്‍ 12 അടി 24 ആക്കും. ആദ്യം 1000 മരം വയ്ക്കുന്നത് വെട്ടാന്‍ പ്രായമാകുമ്പോള്‍ 100 മരമാകും. ഇടയ്ക്കു മുറിക്കുന്ന മരത്തില്‍ നിന്നും ആദായം ലഭിക്കും.
പച്ചോളി- ഔഷധ സസ്യം
കൂര്ക്കപോലിരിക്കുന്ന പച്ചോളി എന്ന ഔഷധസസ്യവും മനാഫ് കൃഷി ചെയ്യുന്നു. തൃശൂരാണ് ഇതിന്റെ മാര്‍ക്കറ്റ്. ഇതിന്റെ കമ്പില്‍ നിന്നും തൈലം എടുക്കും. സുഗന്ധദ്രവ്യങ്ങള്‍ നിര്‍മിക്കാനാണ് ഈ തൈലം ഉപയോഗിക്കുക. ഇതിനോടൊപ്പം കൃഷിയെക്കുറിച്ച് ക്ലാസുകള്‍ എടുക്കാനും മനാഫ് സമയം കണ്ടെത്തുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫോണ്‍- മനാഫ്-9495323551.
ഡോ. ബ്ലോസ്സം കെ. എല്‍, ഡോ. സീജ തോമാച്ചന്
കൃഷി വിജ്ഞാന കേന്ദ്രം, തൃശൂര്‍
വ്യാപകമായ തോതില്‍ ഉപയോഗിക്കുന്ന ഒരു ഭക്ഷ്യപദാര്‍ഥമാണ് വിനാഗിരി അഥവാ ചൊറുക്ക. പാകമെത്തിയ തേങ്ങയിലെ വെള്ളം ഉപയോഗിച്ചും വിനാഗിരി തയാറാക്കാം.
ചില സസ്യേതര വിഭവങ്ങളും ചൈനീസ് വിഭവങ്ങളും പാകം ചെയ്യുമ്പോള്‍ അതിന്റെ ഗുണമേന്മ വര്‍ധിപ്പിക്കുവാനും വിനാഗിരി ഉപയോഗിക്കുന്നു. പുളിച്ച് ചാരായം നല്കുന്നതിനു കഴിവുള്ള എല്ലാ പദാര്‍ഥങ്ങളില്‍ നിന്നും (പഞ്ചസാര അടങ്ങിയിട്ടുള്ള പദാര്‍ഥങ്ങള്‍, ജലാംശമുള്ള അന്നജങ്ങള്‍, പഴവര്‍ഗങ്ങള്‍) വിനാഗിരി ഉത്പാദിപ്പിക്കാം. കരിക്കിന്‍വെള്ളം അഥവാ ഇളനീര്, നാളികേരം ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിലെല്ലാം പാനീയമായി ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും മൂത്ത നാളികേരത്തിന്റെ വെള്ളം വെറുതെ പാഴാക്കി കളയുകയാണ് പതിവ്. മൂത്ത നാളികേരത്തിന്റെ വെള്ളത്തില്‍ നിന്നു വിനാഗിരി ഉല്‍പാദിപ്പിക്കുന്നതിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്.
തേങ്ങാവെള്ളത്തില്‍ പഞ്ചസാരയുടെ അളവ് 12 ശതമാനം ആക്കി ഉയര്‍ത്തിയശേഷം രണ്ടുപ്രാവശ്യം ഫെര്മെന്റേഷന് എന്ന പ്രക്രിയയിലാണ് വിനാഗിരി ഉണ്ടാക്കുന്നത്. ആദ്യം ആല്‍ക്കഹോളിക് ഫെര്‍മെന്റേഷനും പിന്നീട് അസറ്റിക് ഫെര്‍മെന്റേഷനും നടത്തുന്നു.
ആല്‍ക്കഹോളിക്ക് ഫെര്മെന്റേഷന് നടത്തുന്ന രീതി
ചേരുവകള്‍
തേങ്ങാവെള്ളം
പഞ്ചസാര (12%)
അമോണിയം സള്‍ഫേറ്റ് (0.1%)
സിട്രിക് ആസിഡ് (0.2%)
യീസ്റ്റ് (ലിറ്ററിന് 1/2 ഗ്രാം മുതല്‍ 1 ഗ്രാം വരെ)
രീതി
12 ശതമാനം പഞ്ചസാര ചേര്‍ത്ത തേങ്ങാവെള്ളം അരിച്ച് തിളപ്പിച്ചാറിയശേഷം അമോണിയം സള്‍ഫേറ്റും സിട്രിക് ആസിഡും ചേര്‍ത്തിളക്കുക. സാക്കറോമൈസസ് സെറവേസിയ അഥവാ വൈന്യീസ്റ്റ് ചേര്‍ത്തു നല്ലവണ്ണം ഇളക്കി യോജിപ്പിച്ചശേഷം വാവട്ടം കുറഞ്ഞ പ്ലാസ്റ്റിക് കാനുകളിലോ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പാത്രങ്ങളിലോ സൂക്ഷിക്കണം.
വാവട്ടം പഞ്ഞികൊണ്ട് അടയ്ക്കുകയോ തുണികൊണ്ട് മൂടിക്കെട്ടുകയോ ചെയ്യണം. 5-6 ദിവസം കൊണ്ട് ഫെര്മെന്റേഷന് പൂര്‍ത്തിയാവുന്നു. അതിനു ശേഷം രണ്ടു ദിവസം യീസ്റ്റ് അടിയുവാനായി വയ്ക്കണം. തെളി ഞ്ഞ ലായനി വേറൊരു പാത്രത്തിലേക്ക് അടിയിളകാതെ പകര്‍ത്തുന്നു. ഈ തെളിഞ്ഞ ലായനിയെ ആല്‍ക്കഹോളിക് ഫെര്‍മെന്റ് എന്നു പറയുന്നു. ഇതില്‍ ഏകദേശം 5.5 ശതമാനം ആല്‍ക്കഹോള്‍ ഉണ്ടാകും. 5.5 ശതമാനം വീര്യമുള്ള ആല്‍ക്കഹോളിക് ഫെര്‍മെന്റിനെ വീണ്ടും അസറ്റിക് ഫെര്മെന്റേഷന് നടത്തിയാല്‍ 5.5 ശതമാനം ഉള്ള വിനാഗിരി ലഭിക്കുന്നു.
അസറ്റിക് ഫെര്മെന്റേഷന് നടത്തുന്ന രീതി
അസറ്റിക് ഫെല്മെന്റേഷന് രണ്ടു രീതിയില്‍ നടത്താം. ഒന്ന് മന്ദരീതി അഥവാ പാരമ്പര്യരീതി. രണ്ടാമത്തേത് വിനീഗര്‍ ജനറേറ്റര്‍ ഉപയോഗിച്ചുള്ള ശീഘ്രരീതി. പാരമ്പര്യരീതിയില്‍ വിനാഗിരി ഉണ്ടാക്കുന്നതിന് കാലതാമസം നേരിടുന്നു. ഈ രീതിയില്‍ കൂടിയ അളവില്‍ വിനാഗിരി ഉല്പാദിപ്പിക്കുവാനും പ്രയാസമാണ്. ഒരു കുടില്‍ വ്യവസായമായി കുറഞ്ഞ അളവില്‍ നിര്‍മിക്കുവാന്‍ ഈ രീതി പ്രയോജനപ്പെടുത്താം. ഉത്പാദനച്ചെലവും കുറവാണ്. അസറ്റിക് ഫെര്മെന്റേഷന് നടത്തുന്നതിന് മാതൃവിനാഗിരി സ്റ്റാര്‍ട്ടര്‍ കള്‍ച്ചര്‍ ആയി ഉപയോഗിക്കുന്നു.
മാതൃവിനാഗിരി കുറഞ്ഞത് നാലു ശതമാനം അമ്ലത്വം ഉണ്ടായിരിക്കണം. അസറ്റിക്ക് ഫെര്മെന്റേഷന് നടത്തുന്നതിനായി മാതൃ വിനാഗിരിയും ആല്‍ക്കഹോളിക് ഫെര്‍മെന്റും കൂട്ടിച്ചേര്‍ത്ത് വാവട്ടം കൂടിയ പ്ലാസ്റ്റിക് പാത്രങ്ങളില്‍ വെയ്ക്കണം. മിശ്രിതത്തിന്റെ അമ്ലത്വം 2.5 ശതമാനം കുറയാന്‍ പാടില്ല. വാവട്ടം കനം കുറഞ്ഞ തുണികൊണ്ട് മൂടി റബര്‍ ബാന്റ് ഇട്ട് വെയ്ക്കണം. അന്തരീക്ഷത്തിലെ വായു സമ്പര്‍ക്കത്തില്‍ മാതൃവിനാഗിരിയിലുള്ള അസ റ്റോ ബാക്ടര്‍ അണുജീവികള്‍ അസറ്റിക് ആസിഡാക്കി മാറ്റുന്നു. മിശ്രിത്തിന്റെ അളവനുസരിച്ച് രണ്ടു മുതല്‍ അഞ്ചാഴ്ച വരെ സമയം കൊണ്ടാണ് അമ്ലീകരണം പൂര്‍ത്തിയാവുന്നത്. അമ്ലത്വം നാലു മുതല്‍ 5.5 ശതമാനത്തിനുള്ളില് എത്തുമ്പോല്‍ വിനാഗിരി അടിയിളകാതെ എടുത്ത് പാസ്ചുറീകണം (ഇതിനെക്കുറിച്ച് പുറകെ വിശദീകരിക്കുന്നുണ്ട്) നടത്തി കുപ്പികളില്‍ നിറച്ച് സീല്‍ ചെയ്യുന്നു.
ചെറുകിട സംരംഭകര്‍ക്കായുള്ള ഉത്പാദനരീതി
100 ലിറ്റര്‍ കൊള്ളുന്ന ഫുഡ് ഗ്രേഡ് പ്ലാസ്റ്റിക് കാനുകളിലാണ് ഉത്പാദനത്തിന് ഉപയോഗിക്കുന്നത്. പ്രോസസ് തുടങ്ങുന്നതിന് മുമ്പ് കന്നാസും അനുബന്ധ ഉപകരണങ്ങളും ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് നല്ലവണ്ണം ശുചിയാക്കുക. പ്രോസസ് തുടങ്ങാന്‍ കന്നാസിന്റെ മൂന്നില്‍ ഒരു ഗ്രാം ഭാഗം (30ലിറ്റര്‍) മാതൃവിനാഗിരി, സ്റ്റാര്‍ട്ടര്‍ കള്‍ച്ചര്‍ ആയി നിറയ്ക്കുക. മാതൃവിനാഗിരിക്ക് കുറഞ്ഞത് നാലു ശതമാനം എങ്കിലും അമ്ലത്വം ഉണ്ടായിരിക്കണം.
ഒന്നാം ദിവസം 30 ലിറ്റര്‍ മാതൃവിന്നാഗിരിയോടൊപ്പം 10 ലിറ്റര്‍ ആല്‍ക്കഹോളിക് ഫെര്‍മെന്റും ചേര്‍ക്കുക. ഒരാഴ്ച കഴിഞ്ഞ് (8-ാം ദിവസം) 10 ലിറ്റര്‍ ആല്‍ക്കഹോളിക് ഫെര്‍മെന്റും കൂടി ചേര്‍ക്കുക. രണ്ടാഴ്ച കഴിഞ്ഞ് (15-ാം) ദിവസം 15 ലിറ്റര്‍ ഫെര്‍മെന്റും മൂന്നാഴ്ചകഴിഞ്ഞ് (22-ാം ദിവസം) മറ്റൊരു 15 ലിറ്റര്‍ ഫെര്‍മെന്റും കൂടിചേര്ക്കുക. അങ്ങനെ മൂന്നാ ഴ്ച കഴിയുമ്പോള്‍ ആകെ 80 ലിറ്റര്‍ മിശ്രിതം (30+10+10+15+15) കന്നാസില്‍ ഉണ്ടാകും. നാലാഴ്ച കഴിയുമ്പോള്‍ (29-ാം ദിവസം) കന്നാസിന്റെ വശത്ത് ഘടിപ്പിച്ചിട്ടുള്ള ടാപ്പില്‍ കൂടി കുറച്ചു ലായനി എടുത്ത് അമ്ലത്വം നോക്കുക. അഞ്ചിനു മുകളില്‍ അമ്ലത്വം ആയിട്ടുണ്ടെങ്കില്‍ ടാപ്പില്‍ കൂടി 25 ലിറ്റര്‍ വിനാഗിരി പുറത്തെടുത്ത് വൃത്തിയുള്ള തുണിയില്കൂടി അരിച്ച് പാസ്ചുറീകരണം നടത്തി കുപ്പികളില്‍ നിറച്ച് സീല്‍ ചെയ്യുന്നു. ആവശ്യത്തിന് അമ്ലത്വം ആയിട്ടില്ലെങ്കില്‍ കുറച്ചു ദിവസം കൂടി കഴിഞ്ഞ് അമ്ലത്വം ആയതിനുശേഷം പുറത്തെടുക്കുക. 25 ലിറ്റര്‍ വിനാഗിരി പുറത്തെടുക്കുമ്പോള്‍ അത്രയും അളവില്‍ ആല്‍ക്കഹോളിക് ഫെര്‍മെന്റ് മുകളില്‍ ഘടിപ്പിച്ചിട്ടുള്ള ട്യൂബു വഴി ഉള്ളിലേക്ക് സാവധാനം ഒഴിക്കുക. വീണ്ടും 25 ലിറ്റര്‍ വിനാഗിരി അമ്ലത്വം നോക്കിയതിനുശേഷം പുറത്തെടുത്ത് മേല്‍ പറഞ്ഞ രീതിയില്‍ പായ്ക്ക് ചെയ്യുക. അത്രയും തന്നെ ഫെര്‍മെന്റ് അകത്തേക്ക് ഒഴിക്കുക. ഇത് ആഴ്ചയില്‍ ഒരിക്കല്‍ ആവര്‍ത്തിക്കുക.
3-4 ദിവസം കന്നാസിലെ മിശ്രിതം പൂര്‍ണമായും പുറത്തെടുത്ത് അരിച്ച് ജെല്ലി പുറത്തുകളഞ്ഞ് കന്നാസും അനുബന്ധ ഉപകരണങ്ങളും വൃത്തിയാക്കി വീണ്ടും 55 ലിറ്റര്‍ മാതൃവിനാഗിരിയും 25 ലിറ്റര്‍ ആല്‍ക്കഹോളിക് ഫെര്‍മെന്റും കൂട്ടിച്ചേര്‍ത്ത് പഴയതുപോലെ വെയ്ക്കുക. ഒരാഴ്ച കഴിഞ്ഞ് വീണ്ടും 25 ലിറ്റര്‍ വിനാഗിരി (അമ്ലത്വം നോക്കിയതിനുശേഷം) പായ്ക്ക് ചെയ്യുക.
വിനാഗിരിയുടെ പാസ്ചുറീകരണവും പായ്ക്കിംഗും
അടിയിളക്കാതെ മുകളിലത്തെ തെളിഞ്ഞ വിന്നാഗിരി പുറത്തെടുത്ത് വൃത്തിയുള്ള നേര്‍ത്ത തുണിയില്‍ കൂടി അരിച്ച് സ്റ്റീല്‍ പാത്രത്തില്‍ ഒഴിച്ച് വെയ്ക്കുക. സ്റ്റീല്‍ പാത്രത്തിനു യോജിച്ച അടപ്പുണ്ടായിരിക്കണം. സ്റ്റീല്‍ പാത്രം മറ്റൊരു വലിയ പാത്രത്തിലെ വെള്ളത്തില്‍ ഇറക്കിവെച്ച് വെള്ളം ചൂടാക്കുക.
വെള്ളത്തിന്റെ ചൂടേറ്റ് വിനാഗിരിയും ചൂടാകൂന്നു. ഇങ്ങനെ വിനാഗിരിയുടെ ചൂട് ഏകദേശം 78-80 സെന്റിഗ്രേഡില്‍ 8-10 മിനിറ്റ് നിലനിര്‍ത്തി പാസ്ചുറൈസ് ചെയ്യുന്നു. ഒരു തെര്‍മോമീറ്റര്‍ ഉപയോഗിച്ച് ചൂട് അളക്കാവുന്നതാണ്. വിനാഗിരിയുടെ പുളിക്ക് കാരണമായ അസറ്റിക് ആസിഡ് ഉണ്ടാക്കുന്ന ബാക്ടീരിയകളുടെ പ്രവര്‍ത്തനം ഇല്ലാതാക്കി അവയെ നിര്ജീവമാക്കുന്നതിനുവേണ്ടിയാണ് പാസ്ചൂറീകരണം നടത്തുന്നത്.
ആവശ്യത്തിനുള്ള പുളിയായിക്കഴിഞ്ഞാല് വിതരണം ചെയ്യാനുള്ള വിനാഗിരിയിലുള്ള ബാക്ടീരിയകളെ ഇപ്രകാരം നശിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കില്‍ ബാക്ടീരിയ വീണ്ടും പ്രവര്‍ത്തിച്ച് അസറ്റിക് ആസിഡിനെ വിഘടിപ്പിച്ച് പുളി കുറഞ്ഞുപോകാന്‍ സാധ്യതയുണ്ട്. പാസ്ചുറൈസ് ചെയ്ത വിനാഗിരി വായു കടക്കാതെ മൂന്നാഴ്ചക്കാലം ബള്‍ക്ക് സ്റ്റോറേജ് നടത്തി നിര്‍ജീവമായ ബാക്ടീരിയകളുടെ കോശങ്ങള്‍ അടിഞ്ഞ് വിനാഗിരി തെളിയും. അടിയിളക്കാത്ത വിധത്തില്‍ വശത്തുള്ള ടാപ്പ് വഴി പുറത്തെടുത്ത് കുപ്പികളില്‍ പൂര്‍ണ മായി നിറച്ച് സീല്‍ ചെയ്യുന്നു.
ടോം ജോര്‍ജ്
ഇരുപതു വര്‍ഷം കൊണ്ട് 60 ഇഞ്ച് വലിപ്പം ലഭിക്കുന്ന ടിഷ്യൂകള്‍ച്ചര്‍ തേക്ക് വിപണിയില്‍ താരമാകുന്നു. നിലവിലെ വിപണിവിലയനുസരിച്ച് ഒരു മരത്തിന് രണ്ടു ലക്ഷം രുപവരെ ലഭിക്കും. റീപ്ലാന്റേഷനായി റബര്‍ മുറിക്കുന്ന തോട്ടങ്ങളില്‍ കുറച്ചു സ്ഥലത്തെങ്കിലും പരീക്ഷിക്കാവുന്ന ഒന്നാണിതെന്ന് ടിഷ്യൂകള്‍ച്ചര്‍ തേക്കെന്ന് ഇത് കേരളത്തിലെത്തിച്ച ഈരാറ്റുപേട്ട മൂലേച്ചാലില്‍ ബയോടെക്ക് ടിഷ്യൂകള്ച്ചര്തേക്ക് നഴ്സറി ഉടമ റെജിജോസഫും സുഹൃത്ത് സോജന് കെ. ജോസഫും പറയുന്നു.
ടിഷ്യൂക്കള്ച്ചര് തേക്കു തൈകള്‍ നല്കുന്ന കേരളത്തിലെ ഏക നഴ്സറി തങ്ങളുടേതാണെന്നു റെജി പറഞ്ഞു. അമേരിക്കയില്‍ ബിസിനസും കടുത്തുരുത്തിയില്‍ കേരളാ ടിമ്പേഴ്സ് എന്ന സ്ഥാപനവും നടത്തുന്ന റെജി വുഡന്‍ ഫ്ളോറിംഗ് ജോലികള്‍ ചെയ്യുന്നുണ്ട്. ഇതിനായി തേക്കുമന്വേഷിച്ചു മഹാരാഷ്ട്ര അതിര്‍ത്തിയിലെത്തിയപ്പോള്‍ ബലാഷ എന്ന സ്ഥലത്തെ തേക്കുകള്‍ റെജിയെ അദ്ഭുതപ്പെടുത്തി. നല്ല വളര്‍ച്ചയുള്ള തേക്കുകള്‍. ഇതില്‍ നിന്നു ടിഷ്യുകള്‍ച്ചര്‍ വഴി തേക്കിന്‍തൈകള്‍ നിര്‍മിച്ചാലെന്തെന്ന ചിന്തയാണ് ടിഷ്യൂകള്‍ച്ചര്‍ തേക്ക് എന്ന ആശയത്തിലേക്കത്തിച്ചതിനു പിന്നില്‍.
ഇവിടുത്തെ മാതൃവൃക്ഷത്തില്‍ നിന്നെത്തിച്ച് ഹൈദരാബാദിലെ നഴ്സറിയിലാണ് ടിഷ്യൂക്കള്ച്ചര് തൈകള്‍ ഉത്പാദിപ്പിക്കുന്നത്. റെജിയുടേയും സോജന്റെയും വീട്ടില്‍ നട്ടിരിക്കുന്ന തേക്ക് ഒരു വര്‍ഷം കൊണ്ട് 25 അടി പൊക്കം വച്ചു. 27 വര്‍ഷമായി തടി ബിസിനസ് നടത്തുകയാണ് റെജി. തടിയുടെ വിലയിലുണ്ടാകുന്ന വര്‍ധനവാണ് ഈ കൃഷിക്ക് സാധ്യത കൂട്ടുന്നത്. 27 വര്‍ഷം മുമ്പ് ഒരു കുബിക്കടി തേക്കിന് 250 രൂപയായിരുന്നത് ഇപ്പോള്‍ 4000 രൂപയിലെത്തി നില്ക്കുന്നു. തേക്ക് കേരളത്തിലെവിടെയും വളരുമെന്നും എന്നാല്‍ പശ്ചിമഘട്ട താഴ്വരകളിലാണ് കൂടുതല്‍ സാധ്യതയെന്നും റെജി പറയുന്നു.
മഹാരാഷ്ട്രയിലെ മഴയില്ലാ പ്രദേശത്തുനിന്ന് തേക്ക് ഇവിടെയെത്തിയപ്പോള്‍ മൂന്നിരട്ടി വളര്‍ച്ചയുള്ളതായി ഇവര്‍ പറയുന്നു. ഹൈദരാബാദിലെ ലാബില്‍ നിന്നും വിമാനമാഗമാണ് തൈകള്‍ ഇവിടെയെത്തിക്കുന്നത്. ഒരു തൈയ്ക്ക് 120 രൂപ നിരക്കിലാണ് വില്‍പ്പന.
കൃഷിരീതി
10 ഃ 10 അടി ഇടയകലത്തില്‍ നടാം. നടുന്ന കുഴിയില്‍ എല്ലുപൊടി, ചാണകപ്പൊടി എന്നിവയിടാം. നട്ട ശേഷം ആഴ്ചയിലൊരിക്കല്‍ കടലപ്പിണ്ണാക്ക് പുളിപ്പിച്ച് ഒഴിച്ചുകൊടുക്കും.
മൂന്നു വര്‍ഷം ജൈവവളങ്ങള്‍ മാത്രം നല്കിയാല് മതിയാകും. ചെടികള്‍ നേര്‍കണയായി വളരുന്നതിനാല്‍ താങ്ങു നല്‍കണം. കയര്‍കെട്ടി വളയാതെ സൂക്ഷിക്കുകയുമാകാം. നേര്‍കണയായി പോകുന്ന മരങ്ങള്‍ക്ക് മാര്‍ക്കറ്റില്‍ 30 ശതമാനം വില അധികം ലഭിക്കും.
നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലമാണ് കൃഷിക്കനുയോജ്യം. നിലവില്‍ ബര്‍മ്മ, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള മരങ്ങളുടെ വരവു നിന്നിരിക്കുന്നതിനാല്‍ നാടന്‍ തടിക്ക് വന്‍ഡിമാന്‍ഡാണ്.
ഒരേക്കറില്‍ 250-300 മരങ്ങള്‍ നടാം. ഒരു മരത്തിന് നിലവിലെ വിലയില്‍ രണ്ടുലക്ഷം രൂപവച്ചു ലഭിക്കും.
ഇടവിള
ഇടവിളക്കൃഷിക്ക് വര്‍ധിച്ച സാധ്യതയാണ് തേക്കിന് തോട്ടത്തില്‍. കൈത, കൊക്കോ, കാപ്പി, തീറ്റപ്പുല്ല്, പച്ചക്കറികള്‍ മരച്ചീനി എന്നിവയെല്ലാം ഇടവിളയായി ചെയ്ത് ലാഭമുണ്ടാക്കുകയുമാകാം. വിപണിയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുള്ള ഒന്നാണ് തേക്ക്. ബ്രിട്ടണിലെ ബക്കിംങ്ങ്ഹാം കൊട്ടാരത്തില്‍ വരെ കേരളത്തിലെ തേക്കിന്റെ പെരുമ എത്തിനില്‍ക്കുന്നു. കേരളത്തിലെ തേക്കില്‍ കാണുന്ന എണ്ണയുടെ സാന്നിധ്യം മിനുസവും ഈടും നല്കുന്നു.
തന്റെ വീട്ടിലെ 25 വര്‍ഷം കൊണ്ട് 80 ഇഞ്ചായ മൂന്നു മരങ്ങളില്‍ നിന്ന് കള്‍ച്ചര്‍ ചെയ്ത് എം-1, എം-2, എം-3, എം-4 എന്നീ ഇനങ്ങള്‍ മൂന്നു മാസത്തിനകം വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് റെജി. ലാബില്‍ ഏഴുമാസത്തെ പ്രോസസിംഗിനൊടുവിലാണ് ഒരു തൈ വെളിച്ചം കാണുന്നത്. ഈ തൈകള്‍ ഇപ്പോള്‍ ബുക്കുചെയ്യാനുമാകും.
ഫോണ്‍: റെജി- 9447662405, 9446985716.
വ്യാവസായികാടിസ്ഥാനത്തില്‍ കറിവേപ്പില ജൈവകൃഷി സി. ഹരിഹരന്
തമിഴ്നാട്-കേരള അതിര് ത്തിയിലുള്ള എളവെട്ടാന്‍ കോവിലി നടുത്ത് 20 ഏക്കര്‍ വാഴകൃഷി നടത്തുന്ന എന്റെ സഹയാത്രികനായ തിരുവെക്കിടം-ഒരിക്കല്‍ സംസാരമധ്യേ വ്യാവസായികാടിസ്ഥാനത്തില്‍ കറിവേപ്പില, ജൈവകൃഷി ചെയ്യുന്ന നന്ദകുമാര്‍ എന്ന കര്‍ഷകനെക്കുറിച്ച് പറഞ്ഞു. ആദ്യം അത്ര വിശ്വാസം തോന്നിയില്ല.
കണ്ടറിഞ്ഞിടത്തോ ളം ജൈവകൃഷി അത്ര എളുപ്പമല്ലെന്നതായിരുന്നു നിഗമനം. കാലാവസ്ഥ, കീടരോഗബാധകള്‍, ജലസേചനം എന്നിവയെല്ലാം കൃഷിയിലെ പ്രതിസന്ധികളാണ്. കറിവേപ്പില കൃഷിചെയ്യുന്ന ഒട്ടുമിക്ക കര്‍ഷകരും രാസവളങ്ങളും കീടനാശിനികളും യഥേഷ്ടം ഉപയോഗിച്ചിട്ടുകൂടി ചില സമയങ്ങളില്‍ കൃഷി നഷ്ടത്തിലാവാറുണ്ട്.
ഈ സാഹചര്യത്തില്‍ 100 ശതമാനം ഓര്‍ഗാനിക് കൃഷി ചെയ്ത് വിജയം കൈവരിക്കുക എന്നതു വിശ്വസിക്കാന്‍ തന്നെ പ്രയാസമായിരുന്നു. എന്തുതന്നെയായിരുന്നാലും നന്ദകുമാര്‍ എന്ന കൃഷിക്കാരനെ കാണുവാന്‍ തീരുമാനിച്ചു.
കോയമ്പത്തൂരിനടുത്ത് മംഗളകരേപൂത്തൂര് എന്ന ഗ്രാമത്തിലാണ് നന്ദകുമാര്‍ താമസിക്കുന്നത്. ബി. ഇ. മെക്കാനിക്കല്‍ ബിരുദധാരിയായ ഇദ്ദേഹം 60 ഏക്കര്‍ സ്ഥലത്ത് വാഴ, തെങ്ങ്, കറിവേപ്പില കൃഷികള്‍ നടത്തുന്നു. അഞ്ച് ഏക്കര്‍ സ്ഥലത്ത് മെറ്റല്‍ ക്രഷര്‍ യൂണിറ്റും. വളരെ തിരക്കുണ്ടായിരുന്നിട്ടുപോലും തന്റെ കറിവേപ്പില കൃഷിയെക്കു റിച്ച് മൂന്നുമണിക്കൂറിലധികം വിശദമായി സംസാരിക്കാന്‍ സന്നദ്ധനായത് ജൈവകൃഷിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അര്‍പ്പണ മനോഭാവം വിളിച്ചോതുന്നതായിരുന്നു.
ജൈവകൃഷി പ്രസംഗിക്കുകയും എന്നാല്‍ രഹസ്യമായി കീടനാശിനി പ്രയോഗം നടത്തുകയും ചെയ്യുന്ന അഭിനവമാനവന്മാരുടെ കൂട്ടത്തില്‍ ഇദ്ദേഹത്തെ ഉള്‍പ്പെടുത്താന്‍ കഴിയില്ല. ഇദ്ദേഹം ജൈവകൃഷി രീതികളെക്കുറിച്ച് പഠിക്കുകയും പ്രവര്‍ത്തിക്കുകയും ചെ യ്ത കര്‍ഷകനാണ്. പ്രസ്തുത കൃഷിയോടുള്ള അഭിനിവേശം പലപ്പോഴും പരാജയങ്ങളായിരുന്നു ഇദ്ദേഹത്തിനു സമ്മാനിച്ചത്. എന്നാല്‍ ഓരോ പരാജയത്തിലും ഒട്ടേറെ വെളിപാടുകളും തിരിച്ചറിവുകളും അനുഭവിച്ചറിഞ്ഞപ്പോള്‍ ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കുകയും കൃഷി ലാഭകരമാക്കുകയും ചെയ്തു.
കറിവേപ്പില കൃഷിയില്‍ അഞ്ചു വര്‍ഷത്തെ അനുഭവസമ്പത്ത് 48 കാരനായ നന്ദകുമാറിനുണ്ട്. ജൈവകൃഷിരീതികള്‍ അനുവര്‍ത്തിച്ച് നടത്തിയ കറിവേപ്പില കൃഷിയില്‍ നാലു വര്‍ഷത്തിനുശേഷമാണ് കൃഷി ലാഭകരമായത്. ഈ കാലയളവില്‍ നഷ്ടമായത് ഏഴു ലക്ഷത്തോളം രൂപയാണ്. വിജയം കണ്ടേ തീരു എന്ന ദൃഢനിശ്ചയത്തില്‍ തടസങ്ങള്‍, നേട്ടങ്ങള്‍ക്കു വഴിമാറി. ഒരു വര്‍ഷമായി പ്രോജക്ട് ലാഭത്തിലാണ്.
നന്ദകുമാറിന്റെ അനുഭവത്തില്‍ ജൈവകൃഷിയിലെ വിജയം ഒരു സുപ്രഭാതത്തില്‍ ഉണ്ടാവുന്നതല്ല, മറിച്ച് ആയിത്തീരലാണ്, അല്ലെങ്കില്‍ പരിശ്രമമാണ്. ഘട്ടം ഘട്ടമായി മാറുന്ന മണ്ണും സൂക്ഷ്മജീവജാലങ്ങളും സമൃദ്ധമാവുന്നതോടെ ചെടികളെ ആക്രമിക്കാനെത്തുന്ന ശത്രുകീടങ്ങളും അവയെ തുരത്തുവാന്‍ എത്തുന്ന മിത്രകീടങ്ങളും പ്രകൃതിയുടെ താളവും ജീവന്റെ തുടിപ്പുമായി മണ്ണും പരുവപ്പെടുമ്പോള്‍ ജൈവകൃഷിക്കു തുടക്കമാവുന്നു.
പൊള്ളാച്ചിക്കടുത്തുള്ള കാരമടയിലാണ് കറിവേപ്പ് ഏറ്റവും കൂടുതല്‍ കൃഷിചെയ്യുന്നത്. വ്യാവസായികാടിസ്ഥാനത്തിലുള്ള കൃഷിയില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും കര്‍ഷകര്‍ തയാറല്ല. അതിനാല്‍ രാസകൃഷിയാണ് മിക്ക കര്‍ഷകരും ചെയ്യുന്നത്. എന്നാല്‍ നന്ദകുമാറിനെ സംബന്ധിച്ചിടത്തോളം ലാഭം മാത്രമല്ല കൃഷി. സാമുഹികമായ സേവനം കൂടിയാണ്. ജൈവ കറിവേപ്പിലയുടെ ഡിമാന്റും സാധ്യതകളും മനസിലാക്കി ഏഴേക്കറല് കൃഷിചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണിദ്ദേഹം.
കൃഷി ആരംഭിക്കുന്നു
കൃഷി ആരംഭിക്കുന്നതിനു മുന്നോടിയായി സ്ഥലം തെരഞ്ഞെടുക്കലാണ് ആദ്യം ചെയ്യേണ്ടത്. ദിവസത്തില്‍ പത്തുമണിക്കൂറെങ്കിലും സൂര്യപ്രകാശം ലഭിക്കുന്നതും വെള്ളക്കെട്ടില്ലാത്തതുമായ സ്ഥലമായിരിക്കണം. പച്ചിലകള്‍, ചാണകപ്പൊടി, കൂടാതെ മണ്ണില്‍ ചേരുന്ന ജൈവവസ്തുക്കള്‍ എന്തും കൃഷിയിടത്തില്‍ നിക്ഷേപിക്കാം. തുടര്‍ന്ന് ട്രാക്ടര്‍ ഉപയോഗിച്ച് സ്ഥലം ഉഴുതുമറിക്കുന്നു. ഡോളോമെറ്റ് തൂവി കൃഷിയിടം നന്നായി നനയ്ക്കുകയും ചെയ്യാം. നനവുള്ള മണ്ണില്‍ പയര്‍ വര്‍ഗത്തിലുള്ള വിത്തുകള്‍ വിതറി ട്രാക്ടര്‍ ഉപയോഗിച്ച് മണ്ണ് ഇളക്കും. മൂന്ന് ദിവസത്തിനുള്ളില്‍ വിത്തുകള്‍ മുളയ്ക്കുകയും 25 ദിവസം കൊണ്ട് കൃഷിസ്ഥലം മുഴുവന്‍ തിങ്ങിനിറഞ്ഞ് ചെടി വളരുകയും ചെയ്യും ഈ സമയങ്ങളില്‍ മണ്ണിന്റെ ഈര്‍പ്പം നിലനിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം. ചെടി പൂവിടുന്നതിനു മുന്നേതന്നെ റൊട്ടവേറ്റര്‍ ഘടിപ്പിച്ച ട്രാക്ടര്‍ ഉപയോഗിച്ച് ചെടികള്‍ മണ്ണില്‍ ഉഴുതുചേര്‍ക്കും. ഇത് നൈട്രജന്‍ മണ്ണില്‍ സമ്പന്നമാകുന്നതിനും സൂക്ഷ്മാണുക്കള്‍ പെരുകുന്നതിനുമാണ്. ഈര്‍പ്പം നിലനിര്‍ത്തി തടം എടുക്കലാണ് അടുത്തപടി. ചെടികള്‍ തമ്മില്‍ രണ്ടര അടി അകലം കൊടുക്കണം. 2ഃ2ഃ2 അടി അളവില്‍ കുഴികളെടുത്ത് ഉണങ്ങിയ ചാണകപ്പൊടി അഞ്ചു കിലോ വേപ്പിന് പിണ്ണാക്ക് 500 ഗ്രാം എല്ലുപൊടി 500 ഗ്രാം കമ്പോസ്റ്റ് ചെയ്ത കോഴിക്കാഷ്ടം രണ്ടുകിലോ എന്നിവ അടിവളമായി കൊടുത്ത് മൂന്നുമാസം പ്രായമായ കറിവേപ്പില ചെടികള്‍ നടുന്നു.
വിളവെടുപ്പ്
കറിവേപ്പില ജൈവകൃഷിരീതിയില്‍ വളര്‍ത്തിയെടുക്കുന്നതിന് കൃത്യത അടിസ്ഥാനമാണ്. മൂന്നു മാസം പ്രായമായ ചെടിനട്ട് അടുത്ത മൂന്നു മാസത്തിനുള്ളില്‍ ആദ്യ വിളവെടുപ്പു നടത്താം. ചുവട്ടില്‍ നിന്നു രണ്ടടി ഉയരത്തില്‍വച്ചു തണ്ടുകള്‍ മുറിച്ചെടുക്കുന്നു. മുറിച്ചെടുത്ത ഭാഗത്തുനിന്നും മൂന്നോ നാലോ ശിഖരങ്ങള്‍ ഉണ്ടാവുകയും ഇവ അടുത്ത വിളവെടുപ്പിന് ആദ്യം മുറിച്ച ഭാഗത്തുനിന്ന് ഒരടി മുകളില്‍ വച്ച് മുറിച്ചെടുക്കുകയും ചെയ്യുന്നു. വര്‍ഷത്തില്‍ മൂന്നു പ്രാവശ്യം ഒരു കറിവേപ്പുചെടിയില് നിന്നു വിളവെടുക്കാം. ചെടി നട്ട് ആദ്യ വര്‍ഷത്തെ വിളവെടുപ്പില്‍ ഒരേക്കറില്‍ നിന്നു രണ്ടു മുതല്‍ മൂന്നു ടണ്‍വരെ വിളവു ലഭിക്കും. രണ്ടാംവര്‍ഷം മുതല്‍ വിളവ് കൂടുതലാവുന്നു. കരുത്തോടെ വളരുന്ന കറിവേപ്പില ചെടികളില്‍ നിന്ന് ഏക്കറിന് വര്‍ഷത്തില്‍ 12 ടണ്‍വരെ വിളവെടുക്കാമെന്ന് നന്ദകുമാര്‍ പറഞ്ഞു. ഒരു ചെടിക്ക് 20 വര്‍ഷംവരെ ശരാശരി ആയുസുണ്ട്.
ഇദ്ദേഹത്തിന്റെ കൃഷിയിടത്തില്‍ കളകള്‍ നിയന്ത്രിക്കുന്നതു വ്യത്യസ്തരീതിയിലാണ്. മറ്റു കൃഷിസ്ഥലങ്ങളെ അപേക്ഷിച്ചു കൃഷിയിടത്തില്‍ മണ്ണിലെ ജൈവാംശം കൂടുതലായതിനാല്‍ കള വളരെ പെട്ടന്നാണു വ്യാപിക്കുക. പണിക്കാരെ വച്ചുള്ള കളനിയന്ത്രണം ചെലവേറിയതിനാല്‍ തന്റെ ഫാമിലെ ആട്ടിന്‍ കൂട്ടത്തെ കളകള്‍ നിയന്ത്രിക്കുന്ന തിനു പ്രയോജനപ്പെടുത്തുന്നുണ്ട്. മണിക്കൂറില്‍ രണ്ടു ലിറ്റര്‍ ജലം ലഭ്യമാകുന്ന ഡ്രിപ്പേഴ്സാണ് ഉപയോഗിക്കുന്നത്. ഒരു തടത്തില്‍ രണ്ട് ഡ്രിപ്പറുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ആഴ്ചയില്‍ രണ്ടു തവണ ജലസേചനം ഗുണത്തെക്കാളേറെ ദോഷമാണ് ഉണ്ടാക്കുക. ഒരു തവണയെന്നതാണ് നല്ല രീതി. ഓരോ മൂന്നു മാസത്തെ വിളവെടുപ്പു കഴിയുമ്പോഴും തന്റെ പ്രത്യേക വളക്കൂട്ട് 10 കിലോ ഒരു തടത്തില്‍ ചേര്‍ത്തുകൊടുക്കും.
ജൈവ കൃഷിരീതികള്‍
ജൈവകൃഷിയില്‍ വിജയം കണ്ടെത്തണമെങ്കില്‍ ആറു മാസത്തില്‍ ഒരിക്കല്‍ മണ്ണ് പരിശോധന നടത്തണം. മൂലകങ്ങളുടെ കുറവു മനസിലാക്കി വളക്കൂട്ടുകള്‍ മാറ്റി ചെയ്തുകൊണ്ടിരിക്കണം. നൈട്രജന്റെ കുറവാണ് മണ്ണില്‍ എങ്കില്‍ കടലപ്പിണ്ണാക്ക്, വേപ്പിന്‍പിണ്ണാക്ക്, എന്നിവ മൂന്ന് കിലോവീതവും അഞ്ചു ലിറ്റര്‍ ഗോമൂത്രവും കൂടി 200 ലിറ്റര്‍ ടാങ്കിലെ ജലത്തില്‍ അഞ്ചു ദിവസം പുളിപ്പിച്ച് മൂന്ന് ഇരട്ടിവെള്ളം ചേര്‍ത്ത് അരിച്ചെടുത്തു ഡ്രിപ്പിലൂടെ കൊടുക്കാം. ഫോസ്ഫറസ് മൂലകങ്ങളുടെ കുറവാണ് ഉള്ളതെങ്കില്‍ എല്ലുപൊടി, മണ്ണിരക്കമ്പോസ്റ്റ് എന്നിവ തുല്യമായി എടുത്ത് ഫോസ്പോബാക്ടീരിയ അഞ്ചു ശതമാനം ചേര്‍ത്തുകൊടുത്ത് ഈര്‍പ്പം നിലനിര്‍ത്തി രണ്ടാഴ്ചകഴിഞ്ഞ് ചെടിയുടെ ചുവട്ടില്‍ (തടങ്ങളില്‍) ചേര്‍ത്തുകൊടുക്കാം, പൊട്ടാസ്യം മണ്ണിലുണ്ടാവാന് 100 കിലോ ചാരത്തില്‍ ഒരു കിലോഫിഷ് അമിനോ 30 ലിറ്റര്‍ ജലവുമായി കലര്‍ത്തി ഫ്രൂട്ടുറിയ എന്ന ജീവാണുവളം അഞ്ചു ശതമാനം ചേര്‍ത്ത് തടങ്ങളില്‍ കൊടുക്കാം. കൂടാതെ കാല്‍സ്യം, മഗ്നീഷ്യം, സള്‍ഫര്‍, സൂക്ഷ്മമൂലകങ്ങള്‍ എന്നിവയ്ക്ക് ഡോളൊമേറ്റ്, പഞ്ചഗവ്യം, ഫിഷ് അമിനോ, എഗ്ഗ് അമിനോ, ഹ്യൂമിക് ആസിഡ്, സീവീഡ് എക്സ്ട്രാക്ട് എന്നിവ ഓരോ ആഴ്ചയിലും മാറിമാറി സ്പ്രേചെയ്തുകൊടുക്കാം. കീടരോഗബാധകളെ അകറ്റി നിര്‍ത്തുന്നതിനും ഇത് ഉപകരിക്കും. കറിവേപ്പിന്റെ തളിരിലകള്‍ തിന്നു നശിപ്പിക്കുന്ന പുഴുക്കള്‍ക്കെതിരേ ഇദ്ദേഹം പ്രയോഗിക്കുന്ന ജൈവക്കൂട്ടാണിത്. പാല്വരുന്ന ഇലകള്‍ 500 ഗ്രാം, ആര്യവേപ്പില 500 ഗ്രാം എന്നിവ ചതച്ചു രണ്ടു ലിറ്റര്‍ ഗോമൂത്രത്തില്‍ അഞ്ചു ദിവസം പുളിപ്പിച്ചുള്ള 100 മില്ലി ലായനിയില്‍ ഒരു ലിറ്റര്‍ ജലം ചേര്‍ത്ത് സ്പ്രേചെയ്തു കൊടുക്കുന്നത് പുഴുക്കള്‍ക്കെതിരേ ഫലപ്രദമാണ്. മറ്റു കീടങ്ങളുടെ ശല്യവും പെട്ടന്നു കുറയും. അതിരാവിലെയോ വൈകുന്നേരമോ മാത്രം സ്പ്രേ ചെയ്യണം. അന്തരീക്ഷം മേഘാവൃതമായ അവസരത്തിലും പ്രയോഗിക്കാം. മണ്ണിലെ ചെറുകീടങ്ങള്‍ക്കു മേല്പറഞ്ഞ അളവില്‍ ചുവട്ടില്‍ ഡ്രഞ്ച് ചെയ്തു കൊടുക്കുന്നതും ഫലപ്രദമാണ്. മണ്ണിലെ കീടങ്ങള്‍ക്ക് പ്രയോജനപ്രദമായ ഒന്നാണ് ബുവേറിയ എന്ന ബയോകണ്‍ ട്രോള്‍ ഉത്പന്നം. ഇത് 10 ഗ്രാം ഒരു ലിറ്റര്‍ ജലത്തില്‍ സ്പ്രേ ചെയ്യുക.
മഴക്കാലമാകുമ്പോള്‍ ഇലകളില്‍ കറുത്ത പുള്ളികള്‍ ഉണ്ടാകുന്നതിനുള്ള സാധ്യത വളരെ കുടുതലാണ്. സ്യൂഡോമോണസ് 10 ഗ്രാം ഒരു ലിറ്റര്‍ ജലത്തില്‍ സ്പ്രേ ചെയ്യുന്നതു പ്രയോജനം ചെയ്യും. കീടരോഗബാധകള്ക്കെതിരേ ഫലപ്രദമായ ഒരു കൂട്ടാണിത്. എരുക്ക്, നാറ്റപ്പൂച്ചെടി, ഒരുവേരന്‍, എന്നീ ചെടികളുടെ ഇലകളും തണ്ടുകളും വേരും സമം എടുത്ത് ചതച്ച് രണ്ടു ലിറ്റര്‍ ഗോമൂത്രത്തില്‍ ചേര്‍ത്ത് ആറു ദിവസം വയ്ക്കുക, 50 മില്ലി ഒരു ലിറ്റര്‍ ജലത്തില്‍ ചേര്‍ത്ത് സ്പ്രേചെയ്യുക. ചെടികളുടെ രോഗപ്രതിരോധശേഷിയും കൂടും.
ഓരോ മൂന്നുമാസത്തെയും വിളവെടുപ്പിനുശേഷം ചെടിയുടെ തടത്തില്‍ ചേര്‍ത്തു കൊടുക്കുന്ന ജൈവവള പ്രയോഗമാണ് കറിവേപ്പിലക്കൃഷിയെ കരുത്തുറ്റതാക്കുന്നത്. ചാണകം, ആട്ടിന്‍ കാഷ്ടം, കോഴിക്കാഷ്ടം, പശിമരാശി മണ്ണ് (ഡാമുകളില്‍ അടി ഞ്ഞു കൂടുന്നതോ പുഴയില്‍ നിന്നു ലഭിക്കുന്നതോ ആയ മണ്ണ്) കൂടാതെ ഫോസ്പോ ബാക്ടീരിയ, അസോസ്പെറില്ലം, വാം, അസറ്റോബാക്റ്റര്‍, എന്നീ ജീവാണുവളങ്ങള്‍ ഓരോന്നും അഞ്ചു ശതമാനം വീതം ചേര്‍ത്തു കൊടുത്ത് വെള്ളം നനച്ചുനന്നായി കലര്‍ത്തികൂട്ടിയിടുന്നു. ആറുമാസം പഴകിയ ഈ വളക്കൂട്ടാണ് ഓരോ വിളവെടുപ്പിനു ശേഷവും തടത്തില്‍ ചേര്‍ത്തുകൊടുക്കുന്നത്. ജൈവകൃഷി ചെയ്യാന്‍ ആഗ്രഹിക്കുന്നെങ്കില്‍ വളക്കൂട്ടുകളും ജൈവ കീടനാശിനികളുമൊക്കെ സ്വയം തയാറാക്കുക, കൃഷി ലാഭത്തിലാക്കാമെന്നാണ് നന്ദകുമാര്‍ ജൈവകര്‍ഷകരോട് പറയുന്നത്.
ഒന്നോ രണ്ടോ ഏക്കര്‍ സ്ഥല ത്തു കൃഷിചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ തന്റെ രീതികള്‍ പിന്തുടരുന്നതോടൊപ്പം മള്ട്ടിക്രോപ്പിംഗ് രീതിയിലേക്ക് കൃഷിയിടത്തെ കൊണ്ടുവരണമെന്നും ഇദ്ദേഹം പറയുന്നു. മിത്രകീടങ്ങള്‍ സമൃദ്ധമാകുമ്പോള്‍ ശത്രുകീടങ്ങളെ നിയന്ത്രിക്കാം. കറിവേപ്പിന് ഇടവിളയായി പയര്‍, ചോളം, വെണ്ട, ബന്ദി എന്നിവ കൃഷിചെയ്താല്‍ കീടരോഗബാധകള്‍ കുറച്ചുകൊണ്ടുവരാം. തന്റെ ഏഴേക്കര്‍ തോട്ടത്തില്‍ കളനിയന്ത്രണത്തിന് ആടുകളെ പ്രയോജനപ്പെടുത്തുന്നതിനാല്‍ ഈ രീതി നടപ്പാക്കാന്‍ സാധിക്കുന്നില്ല.
വിപണി/ഉപോത്പന്നങ്ങള്‍
കറിവേപ്പില വിറ്റഴിക്കുന്നതു പ്രധാനമായും കേരളം, തമിഴ്നാട് മാര്‍ക്കറ്റുകളിലാണ്. രണ്ടുവര്‍ഷം മുന്‍പ് കറിവേപ്പില എക്സ് പോര്‍ട്ട് ചെയ്തിരുന്നു. തന്റെ ഉല്പന്നം വാങ്ങിയിരുന്നവര്‍ മറ്റൊരു കര്‍ഷകന്റെയും കറിവേപ്പില വാങ്ങിയിരുന്നു. ഒരിക്കല്‍ പരിശോധനയില്‍ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തുകയും തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള കറിവേപ്പില മുഴുവന്‍ ബാന്‍ ചെയ്യുകയും ചെയ്തപ്പോല്‍ തന്റെ നിരപരാധിത്വം വാങ്ങുന്നവര്‍ക്കു ബോധ്യപ്പെട്ടെങ്കിലും പ്രയോജനമുണ്ടായില്ല. കഴിഞ്ഞിടെ ഇവരുമായി നടന്ന ചര്‍ച്ചയില്‍ ശുഭപ്രതീക്ഷയിലാണ് നന്ദകുമാര്‍
കറിവേപ്പില ഉണക്കി പായ്ക്കു ചെയ്യുന്നതിന് ഡിമാന്റ് കൂടിവരികയാണ്. നിഴലിലും ഡ്രയര്‍ ഉപയോഗിച്ചും ഉണക്കാം. 100 ഗ്രാം, 200 ഗ്രാം പായ്ക്കറ്റുകളിലാണ് വില്പന. വിലയും കൂടുതല്‍ കിട്ടും. നന്നായി ഉണക്കിയെടുത്ത കറിവേപ്പില പൊടിയാക്കി പായ്ക്കു ചെയ്യുന്ന ഉത്പന്നത്തിനും ആവശ്യക്കാര്‍ ഏറിവരികയാണ്. എട്ടുകിലോ വേപ്പില ഉണക്കി പൊടിച്ചെടുത്താല്‍ ഒരു കിലോ പൊടി ലഭിക്കും. കിലോ 380 രൂപ മുതല്‍ 420 രൂപ വരെയാണ് മാര്‍ക്കറ്റ് വില. കുപ്പിയിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ ഒരു വര്‍ഷം വരെ കേടുകൂടാതെ ഇരിക്കും.
വിഭവങ്ങള്‍ പാചകം ചെയ്യുമ്പോള്‍ വളരെ കുറച്ചുമാത്രം ഉപയോഗിച്ചാല്‍ മതിയാവും. സ്വാദും കൂടും. കറിവേപ്പില ഡ്രയറില്‍ ഉണക്കിപ്പൊടിച്ചെടുക്കുമ്പോള് പൊടിക്കു പച്ചകളര്‍ കൂടുതല്‍ ഉണ്ടാവും. കറിവേപ്പിലയുടെ ഹോല്‍സെയില്‍ വിപണിയില്‍ കിലോയ്ക്ക് 25 രൂപ മുതല്‍ 30 രൂപവരെ വിലയുണ്ട്. എന്നാല്‍ ചില സീസണില്‍ ഉത്പാദനം അധികമായാല്‍ കിലോയ്ക്ക് അഞ്ചു രൂപ വരെ വരുമെന്നു നന്ദകുമാര്‍ പറഞ്ഞു. ജൈവകൃഷിയില്‍ ഉല്പാദിപ്പിക്കുന്ന കറിവേപ്പിലയ്ക്ക് എപ്പോഴും ഒരു മീഡിയം വിലകിട്ടും. വിളവെടുത്ത കറിവേപ്പില കെട്ടുകളാക്കി നന്നായി വെള്ളം തളിച്ച് വൈകുന്നേരങ്ങളില്‍ ലോഡുചെയ്യുന്നു. അതിരാവിലെ മാര്‍ക്കറ്റില്‍ വില്പനയ്ക്കെത്തും.
അധികം വെയിലേല്‍ക്കാതെ തണലത്ത് ജലം തളിച്ചു പരിപാലിക്കുന്ന കറിവേപ്പില നാലു ദിവസം വരെ പുതുമ നഷ്ടപ്പെടാതെ ഇരിക്കുമെന്നു നന്ദകുമാര്‍ സാക്ഷ്യപ്പെടുത്തുന്നു.
നമ്മുടെ കറിക്കൂട്ടുകളില്‍ ഒഴിച്ചുകൂടാനാവാത്ത രുചിക്കൂട്ടായ കറിവേപ്പിലയ്ക്ക് സ്വദേശത്തും വിദേശത്തും ഡിമാന്റ് കൂടിക്കൊണ്ടിരിക്കുകയാണ്. കറിവേപ്പു കൃഷിയുടെ സാധ്യതയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്.
ഫോണ്‍ ഹരി- 09048002625.
തൈകള്‍ വളര്‍ത്തിയെടുക്കുന്ന വിധം
കറിവേപ്പിലത്തൈകള്‍ വേരുപിടിപ്പിച്ചും വിത്തുമുളപ്പിച്ചും വളര്‍ത്തിയെടുക്കാം, വിത്തുകള്‍ മുളപ്പിച്ചെടുക്കുന്നതാണ് അഭികാമ്യം, ചകരിച്ചോര്‍ (ട്രീറ്റഡ്) ചാണകപ്പൊടി, മണല്‍, വേപ്പിന് പിണ്ണാക്ക് എന്നിവ ചേര്‍ത്തു തയാറാക്കിയ വളക്കൂട്ടുകളില്‍ ഫോസ്പോ ബാക്ടീരിയ, അസറ്റോബാക്ടര്‍ എന്നിവ രണ്ടുശതമാനം ചേര്‍ത്തു നന്നായി യോജിപ്പിക്കുക. 100 ഗ്രാം മീഡിയ നിറയ്ക്കാവുന്ന പ്ലാസ്റ്റിക് കൂടുകളില്‍ മിശ്രിതം നിറച്ച് ഒരു കൂടില്‍ മൂന്നു വിത്തുകള്‍ പാകുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ ആരോഗ്യമുള്ളവ മുളച്ചുതുടങ്ങും. മണ്ണിന്റെ ഈര്‍പ്പം നിലനിര്‍ത്തുന്നതിനു മാത്രം ജലസേചനം നടത്തുക. വിത്തുകള്‍ മുളച്ചു രണ്ടാഴ്ചകഴിഞ്ഞ് സ്യൂഡോമോണസ് അഞ്ചു ഗ്രാം ഒരു ലിറ്റര്‍ ജലത്തിലും ബവേറിയ അഞ്ചു ഗ്രാം ഒരു ലിറ്റര്‍ ജലത്തിലും സ്പ്രേചെയ്തു കൊടുക്കുന്നു. രണ്ടു കൂട്ടുകളും ഒന്നിച്ച് സ്പ്രേചെയ്ത് രണ്ടു ദിവസത്തെ സമയപരിധി പാലിക്കണം. 10 ദിവസത്തില്‍ ഒരിക്കല്‍ പഞ്ചഗവ്യം 30 മില്ലി, ഫിഷ് അമിനോ 20 മില്ലി ഇവ ഒരു ലിറ്റര്‍ ജലത്തില്‍ ചേര്‍ത്ത് സ്പ്രേ ചെയ്തു കൊടുക്കാം. സ്പ്രേയിംഗ് അതിരാവിലെയോ വൈകിട്ടോ മാത്രം നടത്തുക. മൂന്നു മാസംവരെ ഈ രീതിയില്‍ ചെടികളെ വളര്‍ത്തിയെടുത്തു തടങ്ങളിലേക്ക് നടാം.
കടപ്പാട് : ദീപിക
അവസാനം പരിഷ്കരിച്ചത് : 2/15/2020
വിശദ വിവരങ്ങള്‍
ഇക്രിസാറ്റ് കൃഷിശാസ്ത്രത്തിന്റെ ആവശ്യകത
കൂടുതല്‍ വിവരങ്ങള്‍
പണ്ട് കാലങ്ങളിൽ ഉപയോഗിച്ചിരുന്ന കരകൌശല വിദ്യകളെയും...