অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഹൈഡ്രോപോണിക് കൃഷി

ഹൈഡ്രോപോണിക് കൃഷിരീതികൾ

ഹൈഡ്രോപോണിക് കൃഷി എന്നാല്‍ മണ്ണ് ഇല്ലാതെ കൃഷി ചെയ്യുന്ന രീതി എന്നു ഒറ്റവാക്കില്‍ പറയാം. മാത്രമല്ല, ഇതാണ് ക്ലീന്‍ കൃഷി അഥവാ ഭാവിയുടെ പ്രതീക്ഷയായ കൃഷി സമ്പ്രദായം.  വളരുന്ന എന്താണോ അതാണ് ജൈവത.  ജീവനുള്ള എന്തിനും വളരാന്‍ ആഹാരം വേണം.  ചെടികളുടെ ആഹാരം എന്നു പറയുന്നത് 17 തരം രാസമൂലകങ്ങളാണ്. ഇവയില്‍ മൂന്നെണ്ണം  കാര്‍ബണ്‍ , ഓക്സിജന്‍,ഹൈഡ്രജന്‍ എന്നിവ അന്തരീക്ഷത്തില്‍ നിന്നും വെള്ളത്തില്‍ നിന്നും സസ്യങ്ങള്‍ക്ക് ലഭിക്കും.  അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ‌ഓക്സൈഡില്‍ നിന്നാണ് കാര്‍ബണ്‍ സ്വീകരിക്കുന്നത്. ജലത്തില്‍ നിന്ന് ഓക്സിജനും ഹൈഡ്രജനും സ്വീകരിക്കുന്നു. കാര്‍ബണും ഹൈഡ്രജനും ചേര്‍ന്ന പദാര്‍ത്ഥങ്ങളെയാണ് നാം ജൈവ പദാര്‍ത്ഥങ്ങള്‍ എന്നു പറയുന്നത്. പ്രകൃതിയില്‍ ഉള്ളത് എല്ലാം രാസപദാര്‍ത്ഥങ്ങള്‍ തന്നെയാണ്. രണ്ട് ഭാഗം ഹൈഡ്രജനും ഒരു ഭാഗം ഓക്സിജനും ചേര്‍ന്നതാണ് വെള്ളം. ഇങ്ങനെ പ്രകൃതിയില്‍ ആകെ 102 രാസപദാര്‍ത്ഥങ്ങള്‍ മാത്രമേയുള്ളൂ. ഈ പദാര്‍ത്ഥങ്ങള്‍ കൊണ്ടാണ് ജീവനുള്ളതും ഇല്ലാത്തതുമായി കോടാനുകോടി പദാര്‍ത്ഥങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. ഒരു സസ്യത്തിന്റെ 60ശതമാനത്തിലധികവും കാര്‍ബണ്‍ ആണ്.

എല്ലാ ജീവജാലങ്ങള്‍ക്കും ഭക്ഷണം ആവശ്യമാണ് എന്ന് പറഞ്ഞുവല്ലൊ.  ഭക്ഷണത്തിന്റെ പ്രധാനപ്പെട്ട ഒരു ധര്‍മ്മം ഊര്‍ജ്ജം പ്രദാനം ചെയ്യുക എന്നതാണ്.  സസ്യങ്ങള്‍ക്കും ജന്തുക്കള്‍ക്കും എല്ലാം ഊര്‍ജ്ജം വേണം. ഊര്‍ജ്ജമില്ലാതെ ജീവനുള്ള ഒന്നിനും  ഒരു നിമിഷം പോലും ജീവനോടെ നിലനില്‍ക്കാന്‍ പറ്റില്ല.  എവിടെ നിന്നാണ് ഈ ഊര്‍ജ്ജം സസ്യ-ജന്തുജാലങ്ങള്‍ക്ക് ലഭിക്കുന്നത്?  സംശയമില്ല, സൂര്യനില്‍ നിന്നാണ് ഈ ഊര്‍ജ്ജം എല്ലാ ജീവജാലങ്ങള്‍ക്കും കിട്ടുന്നത്.  എന്നാല്‍ സൂര്യനില്‍ നിന്ന് നേരിട്ട് ഊര്‍ജ്ജം സ്വീകരിക്കുന്നതിന് സസ്യങ്ങള്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂ. സസ്യങ്ങള്‍ സൌരോര്‍ജ്ജം സ്വീകരിച്ച്, അവയില്‍ ശേഖരിച്ചു വെക്കുന്നു. ആ ഊര്‍ജ്ജമാണ് ഭക്ഷണത്തിലൂടെ മനുഷ്യര്‍ക്കും മറ്റെല്ലാ ജീവജാലങ്ങള്‍ക്കും ലഭിക്കുന്നത്.  അത്കൊണ്ട് സസ്യങ്ങളെ ഭൂമിയിലെ ഊര്‍ജ്ജഫാക്ടറി എന്നു പറയാം. സസ്യങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഊര്‍ജ്ജമില്ലാതെ ഭൂമിയില്‍ ഒരു ചലനവും നടക്കുകയില്ലായിരുന്നു.  നമ്മള്‍ വാഹനങ്ങള്‍ ഓടിക്കാന്‍ ഉപയോഗിക്കുന്ന ഡീസലും പെട്രോളും എല്ലാം ഒരു കാലത്ത് സസ്യങ്ങള്‍ സൂര്യനില്‍ നിന്ന് ശേഖരിച്ച ഊര്‍ജ്ജം തന്നെ ആണെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ആലോചിട്ടുണ്ടോ? സസ്യങ്ങള്‍ ഇങ്ങനെ ഊര്‍ജ്ജം ശേഖരിക്കുന്ന പ്രക്രിയയെ ആണ് പ്രകാശസംശ്ലേഷണം അഥവാ ഫോട്ടോ സിന്തസിസ്സ് എന്നു പറയുന്നത്.

കൂടുതൽ വിവരങ്ങൾ

സസ്യങ്ങള്‍ ആകെ വേണ്ടത് 17 മൂലകങ്ങള്‍ ആണെന്ന് പറഞ്ഞല്ലൊ.  ആ മൂലകങ്ങളുടെ പട്ടികയാണ് ഇടത് ഭാഗത്ത് കാണുന്നത്. ഇതില്‍ കാര്‍ബണും ഹൈഡ്രജനും ഓക്സിജനും അന്തരീക്ഷത്തില്‍ നിന്നും ജലത്തില്‍ നിന്നും ലഭിക്കും എന്നും പറഞ്ഞു.  ബാക്കിയുള്ള 14 മൂലകങ്ങളും മണ്ണില്‍ നിന്ന് ലഭിക്കും എന്നുള്ളത് കൊണ്ടാണ് നമ്മള്‍ മണ്ണില്‍ കൃഷി ചെയ്യുന്നത്.  സസ്യങ്ങളെ സംബന്ധിച്ച് പ്രധാനപ്പെട്ട മൂന്ന് മൂലകങ്ങളായ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസിയം എന്നിവ ചിലപ്പോള്‍ മണ്ണില്‍ തീര്‍ന്നുപോകും. അത്കൊണ്ടാണ് ഈ മൂന്നും അടങ്ങിയ NPK എന്ന രാസവളം നമ്മള്‍ മണ്ണില്‍ ചേര്‍ക്കുന്നത്.  രാസവളം മണ്ണില്‍ ഇടരുത്, അത് വിഷമാണ് എന്നൊക്കെ ഒരു അബദ്ധധാരണ ഇപ്പോള്‍ സമൂഹത്തില്‍ നിലവിലുണ്ട്. ജൈവവളം മാത്രമേ ചെടികള്‍ക്ക് ഇടാവൂ എന്ന് മന്ത്രിമാര്‍ വരെ പ്രസ്താവിക്കുന്നു. ജൈവകൃഷി എന്ന വാക്ക് ഇപ്പോള്‍ എല്ലാവര്‍ക്കും സുപരിചിതമാണ്.

എന്നാല്‍ ജൈവകൃഷി എന്നൊരു ഏര്‍പ്പാട് ഇല്ല എന്നതാണ് സത്യം.  ജൈവവളങ്ങള്‍  മണ്ണില്‍ ഇട്ടാല്‍ അത് നല്ലതാണ്. ഇപ്പറഞ്ഞ മൂലകങ്ങളില്‍ ചിലതോ അല്ലെങ്കില്‍ പലതോ ജൈവവളത്തില്‍ ഉണ്ടായേക്കാം.  എന്നാല്‍ അവയിലെ മൂലകങ്ങള്‍ സസ്യങ്ങള്‍ക്ക് പ്രയോജനപ്പെടണമെങ്കില്‍ അവയില്‍ സൂക്ഷ്മജീവികള്‍ പ്രവര്‍ത്തിച്ച് ലഘുതന്മാത്രകളായി വിഘടിക്കപ്പെടണം. അത് കാലതാമസം വരുന്ന സംഗതിയാണ്.  ജൈവളത്തില്‍ ഉള്ളത് സങ്കീര്‍ണ്ണമായ കൂറ്റന്‍ തന്മാത്രകളാണ്.  മണ്ണില്‍ ഇട്ടാല്‍ അവ ഡിപ്പോസിറ്റായി മണ്ണില്‍ കിടന്ന് ഭാവിയില്‍ സസ്യങ്ങള്‍ക്ക് ഉപകാരപ്പെടും. പക്ഷെ തല്‍‌സമയം സസ്യങ്ങള്‍ക്ക് എന്തെങ്കിലും മൂലകങ്ങളുടെ കുറവ് ഉണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ രാസവളം ഇടുക തന്നെ വേണം.

രാസവളങ്ങള്‍ ദോഷമോ വിഷമോ അല്ല.  കെമിക്കല്‍ എന്നു കേട്ടാല്‍ വിഷം എന്നൊരു മുന്‍‌വിധിയാണ് ഇപ്പോള്‍ ആളുകള്‍ക്ക്. എല്ല്ലാം കെമിക്കല്‍ പദാര്‍ത്ഥങ്ങള്‍ തന്നെയാണ്.  ജൈവവളം വിഘടിച്ച് സസ്യങ്ങള്‍ക്ക് ആഗിരണം ചെയ്യാന്‍ സാധിക്കുന്ന പരുവത്തില്‍ എത്തുന്ന മൂലകങ്ങളും രാസപദാര്‍ത്ഥങ്ങള്‍ തന്നെ. വിറകും കരിയിലയും കത്തിച്ചാല്‍ കിട്ടുന്ന ചാരവും രാസപദാര്‍ത്ഥം തന്നെയാണ്. മേല്പറഞ്ഞ 14 മൂലകങ്ങള്‍ അടങ്ങിയ സംയുക്തങ്ങള്‍ മണ്ണില്‍ നിന്ന് ആഗിരണം ചെയ്യുമ്പോള്‍ അവ ജൈവവളം വിഘടിച്ച് ഉണ്ടായ മൂലകങ്ങളാണോ രാസവളം ഇട്ടതില്‍ നിന്നാണോ മണ്ണില്‍ മുന്‍പേ ഉള്ളതാണോ എന്ന വ്യത്യാസം സസ്യങ്ങള്‍ക്ക് ഇല്ല.  ഇപ്പറഞ്ഞ മൂലകങ്ങള്‍ അടങ്ങിയ തന്മാത്രകള്‍ ജലത്തിന്റെ സാന്നിദ്ധ്യത്തില്‍ അയണുകള്‍ ആയാണ് സസ്യങ്ങള്‍ വലിച്ചെടുക്കുന്നത്. ഓസ്‌മോസിസ് മര്‍ദ്ധം എന്നൊരു പ്രതിഭാസമാണിത്. അയണ്‍ എന്നാല്‍ എന്തെന്ന് രസതന്ത്രം പഠിച്ചവര്‍ക്ക് അറിയാം. ഒരു മൂലകത്തിലോ തന്മാത്രയിലോ ഒരു ഇലക്ട്രോണ്‍ കുറഞ്ഞാലോ കൂടിയാലോ നെഗറ്റീവ് ചാര്‍ജ്ജോ പോസിറ്റീവ് ചാര്‍ജ്ജോ ഉണ്ടാ‍കുന്ന കണങ്ങളെയാണ് അയണ്‍ എന്നു പറയുന്നത്. 

ഇത്രയും മനസ്സിലാക്കിയാല്‍ മാത്രമേ ഹൈഡ്രോപോണിക് കൃഷി എന്നാല്‍ എന്ത് എന്നു മനസ്സിലാവുകയുള്ളൂ.  സസ്യങ്ങള്‍ക്ക് വളരാന്‍ വേണ്ടത് മണ്ണ് അല്ല, പ്രത്യുത മേല്പറഞ്ഞ 14 മൂലകങ്ങള്‍ ആണെന്ന് സാരം.  അതാണ് ഹൈഡ്രോപോണിക്ക് കൃഷിയില്‍ ചെയ്യുന്നതും.  ഈ രീതിയില്‍ കൃഷി ചെയ്യുമ്പോള്‍ 14 മൂലകങ്ങളും റെഡിയായി അനുസ്യൂതം കിട്ടുന്നത്കൊണ്ട് ചെടി ക്രമാനുഗതമായി വളരുന്നു. വേരുകള്‍ക്ക് വളം അന്വേഷിച്ച് ദൂരെ പോകേണ്ടതില്ലാത്തത്കൊണ്ട് വേരുകള്‍ അധികം വളരുന്നില്ല. ആ വളര്‍ച്ച കൂടി തണ്ടുകള്‍ക്കും ഇലകള്‍ക്കും ഉണ്ടാകുന്നു.  എല്ലാ പോഷകഘടങ്ങളും സമീകൃതമായി ലഭിക്കുന്നത്കൊണ്ട് അവയില്‍ കായ്ക്കുന്ന ഫലങ്ങള്‍ക്ക് പൂര്‍ണ്ണ വളര്‍ച്ചയും കൂടുതല്‍ സ്വാദും ഉണ്ടാവുകയും ചെയ്യും. ഏറ്റവും പ്രധാനപ്പെട്ട സംഗതി കീടനാശിനികള്‍ വേണ്ടിവരില്ല എന്നതാണ്. അഥവാ വേണ്ടി വന്നാലും നാമമാത്രമായിരിക്കും. അധികം കീടങ്ങളും മണ്ണില്‍ നിന്നാണ് സസ്യങ്ങളെ ബാധിക്കുന്നത്.  ജൈവവളങ്ങള്‍ ഉണ്ടാക്കുന്ന വേളയില്‍ അവയില്‍ കീടങ്ങളും കാരീയം പോലെയുള്ള ഉപദ്രവകാരികളായ ലോഹങ്ങളും കലര്‍ന്ന് ജൈവവളങ്ങള്‍ ദോഷകരമാവാനും സാധ്യതയുണ്ട് എന്നതും ഇവിടെ പ്രസ്താവ്യയോഗ്യമാണ്.

ഒരു കുടുംബത്തിന് ആവശ്യമായ പച്ചക്കറികളും പഴങ്ങളുമൊക്കെ ഹൈഡ്രോപോണിക് രീതിയില്‍ ശുദ്ധമായി കൃഷി ചെയ്യാന്‍ ആര്‍ക്കും സാധിക്കും. ഇതിന് ആവശ്യമായ ഉപകരണങ്ങളും  എല്ലാ മൂലകങ്ങളുമടങ്ങിയ പോഷകലായനിയും മാര്‍ക്കറ്റില്‍ വാങ്ങാന്‍ കിട്ടും. ഓണ്‍ലൈന്‍ ഷോപ്പിങ്ങ് വഴിയും ഇവ വാങ്ങാനുള്ള സൌകര്യമുണ്ട്.  ആദ്യത്തെ പ്രാവശ്യം മാത്രമേ മുതല്‍‌മുടക്ക് ഉള്ളു.  വ്യത്യസ്തമായ സമ്പ്രദായങ്ങളില്‍ ഹൈഡ്രോപോണിക് കൃഷി ചെയ്യാം. ഇതില്‍ ഏറ്റവും ലളിതമായത് നാട സമ്പ്രദായമാണ് (Wick System). ചിത്രം നോക്കുക.  നിങ്ങള്‍ക്ക് മനസ്സിലാകാന്‍ വേണ്ടി ഞാന്‍ ഇത് ലളിതമായി വിവരിക്കാം. 

നമുക്ക് വേണ്ടത്, ചെടിക്ക് വേരു പിടിപ്പിക്കാന്‍ ഗ്രോയിങ്ങ് മീഡിയം,പോഷക ലായനി, നാട, പിന്നെ ഗ്രോ മീഡിയവും പോഷകലായനിയും നിറക്കാന്‍ പാത്രങ്ങളും.   ഇപ്പോള്‍ എല്ലാ വീടുകളിലും പ്ലാസ്റ്റിക്ക് വാട്ടര്‍ ബോട്ടില്‍ ഉണ്ടാകും. അത് പകുതി കണ്ട് മുറിക്കുക. ബോട്ടിലിന്റെ അടപ്പിന് ഒരു ദ്വാരം ഉണ്ടാക്കുക. ബോട്ടിലിന്റെ അടിഭാഗം ലായനി നിറക്കാന്‍ ഉപയോഗിക്കാം.  മേല്‍ഭാഗം കമിഴ്ത്തി അടിഭാഗത്ത് വെക്കുക. അടപ്പിലെ സുഷിരത്തില്‍ കൂടി ഒരു തുണിനാട ബോട്ടിലിന്റെ  അടിഭാഗത്ത് ഇടുക. മേല്‍ഭാഗത്ത് മണല്‍ അഥവാ പൂഴി നല്ല പോലെ കഴുകി വൃത്തിയാക്കി നിക്ഷേപിക്കുക. മേലെയുള്ള ചിത്രം നോക്കിയാല്‍ ഒരു ഏകദേശ ഐഡിയ കിട്ടും. ഇനി ആ മണലില്‍ വിത്ത് നടുക. ഓസ്മോസിസ് തത്വപ്രകാരം താഴെയുള്ള ലായനി മേലെയുള്ള മണലിനെ നനച്ചുകൊണ്ടേയിരിക്കും.  ഒരു ഉദാഹരണത്തിന് പറഞ്ഞതാണിത്.
ഇനി ഹൈഡ്രോപോണിക് പോഷകലായനി എങ്ങനെ മിക്സ് ചെയ്യാം എന്ന് നോക്കാം. ഈ ലായനിയാണ് വെള്ളത്തില്‍ കലര്‍ത്തി മേലെ പറഞ്ഞ ബോട്ടിലിന്റെ അടിഭാഗത്ത് നിറക്കേണ്ടത്. Nitrogen, Phosphorus, Potassium, and 10 other trace elements: Sulphur, Magnesium, Calcium, Iron, Manganese, Zinc, Copper, Chlorine, Boron and Molybdenum എന്നിങ്ങനെയുള്ള മൂലകങ്ങളാണ് ലായനിയില്‍ കൂടി ചെടികള്‍ക്ക് ലഭിക്കേണ്ടത് എന്ന് പറഞ്ഞല്ലൊ.  വ്യത്യസ്ത രീതികളില്‍ ഈ ലായനി മിക്സ് ചെയ്യാം. ഓരോ ചെടിക്കും വ്യത്യസ്ത അളവിലാണ് ഈ മൂലകങ്ങള്‍ ആവശ്യമായി വരുന്നത്. അത്കൊണ്ട്  ഹൈഡ്രോപോണിക് കൃഷിയില്‍ താല്പര്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. 

കെമിക്കല്‍ ഷോപ്പുകളില്‍ നിന്ന് ലഭിക്കുന്ന Superphosphate, Potassium sulphate, Sodium nitrate, Calcium nitrate, Magnesium sulphate, Iron sulphate, Boric acid powder, Manganese sulphate, Copper sulphate, Zinc sulphate  എന്നിവ ശരിയായ അളവിലും അനുപാ‍തത്തിലും മിക്സ് ചെയ്ത് ഹൈഡ്രോപോണിക് പോഷകലായനി ഉണ്ടാക്കാവുന്നതാണ്.  
ജൈവകൃഷി, ജൈവപച്ചക്കറി , ജൈവപഴങ്ങള്‍ എന്നൊക്കെ പറഞ്ഞ് ആളുകളെയും ഉപഭോക്താക്കളെയും ഇന്ന് വ്യാപകമായി പറ്റിക്കുന്നുണ്ട്. അത്കൊണ്ട് എന്താണ് കൃഷി എന്നതിനെ  പറ്റിയുള്ള ഒരു  ശരിയായ ശാസ്ത്രീയധാരണ ഉണ്ടാവാന്‍ വേണ്ടിയാണ് ഈ ലേഖനം എഴുതുന്നത്. ഹൈഡ്രോപോണിക് കൃഷിയെ പറ്റി മുഴുവനും എഴുതണമെങ്കില്‍ അതിനായി മാത്രം ഒരു ബ്ലോഗ് വേണ്ടി വരും. മലയാളത്തില്‍ വിഷയാധിഷ്ഠിതമായി അങ്ങനെ ബ്ലോഗുകള്‍ എഴുതുന്ന സംസ്ക്കാരം വികസിച്ചു വന്നിട്ടില്ല.  വെറുതെ സമയം കളയുന്ന വിവാദവിഷയങ്ങള്‍ ഒന്നിന് പിറകെ ഒന്നൊന്നാ‍യി എഴുതിയും ചര്‍ച്ച ചെയ്തും അഭിരമിക്കാനാണ് മലയാളികള്‍ക്ക് പൊതുവെ താല്പര്യം.  ഒരു കാര്യത്തിലും ശാസ്ത്രീയ ബോധം ആര്‍ക്കും ഇല്ല എന്നതാണ് അവസ്ഥ.  എന്തായാലും വീടിന്റെ ടെറസ്സിലും ഫ്ലാറ്റുകളുടെ ബാല്‍ക്കണിയിലും  മാത്രമല്ല വേണ്ടി വന്നാല്‍ റൂമില്‍ പോലും ആരോഗ്യകരമായ രീതിയില്‍ ഹൈഡ്രോപോണിക് രീതിയില്‍ പച്ചക്കറി കൃഷി ചെയ്യാന്‍ സാധിക്കും. റൂമില്‍ ആകുമ്പോള്‍ പ്രകാശം കൃത്രിമമായി കൊടുക്കണം എന്നേയുള്ളൂ.  കീടനാശിനി തളിക്കാത്ത , പൂര്‍ണ്ണ വളര്‍ച്ചയും സ്വാദും ഉള്ള പച്ചക്കറികള്‍ സ്വന്തമായി മണ്ണ് ഇല്ലാതെ കൃഷി ചെയ്യാന്‍ പറ്റും എന്ന് മാത്രമല്ല രസകരമായ ഒരു ഹോബ്ബി കൂടിയായിരിക്കും ഹൈഡ്രോപോണിക് കൃഷി.

പ്രകൃതിയേയും പച്ചപ്പിനേയും സ്നേഹിക്കുന്ന കേരളത്തിലെ ഏതൊരാൾക്കും കൃഷിയുടെ വിവിധ വശങ്ങളെ കുറിച്ചും വ്യത്യസ്ഥ രീതികളെയും കുറിച്ചും നന്നായി അറിയാം. അതായത് ടെറസ്സിലെ കൃഷി, ഓർഗാനിക് കൃഷി, അങ്ങനെ പലതും. എന്നാൽ വളരെ കുറച്ച് പേർക്ക് മാത്രമേ മണ്ണ് ഹൈഡ്രോപോണിക് കൃഷി രീതിയെ കുറിച്ച് കേട്ടറിവുണ്ടാകു. സ്വന്തം അടുക്കള തോട്ടത്തിൽ നിന്നും ഉല്പാദിപ്പിക്കുന്ന പച്ചക്കറി അത് എത്ര കുറച്ചാണെങ്കിലും അതിലൂടെ ലഭ്യമാകുന്ന സംതൃപ്തി ആസ്വദിക്കുന്നവരായിരുന്നു ഇതുവരെയുള്ള തലമുറ. എന്നാൽ ഇനി അധ്വാനത്തിന് ആനുപാതികമായി ഫലം കിട്ടിയാൽ മാത്രമേ ഏതു കൃഷി രീതിയിലായാലും, വീട്ടാവശ്യത്തിന് പച്ചക്കറി ഉത്പാദിപ്പിക്കാനായാൽ മാത്രമേ ഇത്തരം കൃഷിയിലായാലും ആളെ കിട്ടു. മാത്രമല്ല വർഷത്തിൽ 300 ദിവസമെങ്കിലും വീട്ടവശ്യത്തിനായുള്ള പച്ചക്കറി ഉല്പാദിപ്പിക്കാനായാൽ മാത്രമേ ഇത്തരം കൃഷിരീതികളെ ഒരു ബദൽ നിർദ്ദേശമായി പരിഗണിക്കാനാകു എന്ന സ്ഥിതി വിശേഷമാണ് നിലവിലുള്ളത്. വിപുലമായ ടെറസ് കൃഷിയ്ക്ക് വേണ്ടത്ര മേൽ മണ്ണ് കണ്ടെത്തേണ്ടിവരുന്നതും ഒരു വെല്ലുവിളിയാണ് പലർക്കും. അതിശയിപ്പിക്കുന്ന ഉല്പാദന ക്ഷമതയിലൂടെ ലോകമെങ്ങും ശ്രദ്ധാകേന്ദ്രമാകുന്ന ഹൈഡ്രോപോണിക്സ് അഥവാ മണ്ണില്ലാകൃഷിയുടെ പ്രസക്തി ഇവിടെയാണ്. ചെടികളെ പോഷകലായനിയിൽ വളർത്തുന്ന ശൈലിയെന്ന നിലയിൽ ഹൈഡ്രോപോണിക്സ് എന്ന പദം പണ്ടേ സുപരിചിതമാണ് പലർക്കും. എന്നാൽ വിദേശങ്ങളിലെ ഒരു ഹൈടെക് കൃഷിരീതിയെന്നതിനപ്പുറം ധാരാളം കൃഷിക്കാരും കൃഷിഭൂമിയുമുള്ള നമ്മുടെ നാട്ടിൽ ഹൈഡ്രോപോണിക്സിനു അധികമാരും പ്രസക്തി കണ്ടിരുന്നില്ല. എന്നാൽ മാറിയ സാഹചര്യങ്ങളിൽ കേരളമെന്ന നഗരശൃംഖലയുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുവാൻ നാം ഹൈഡ്രോപോണിക്സ് ഉൾപ്പെടെയുള്ള നഗരകൃഷിരീതികൾ പരിചയപ്പെടുകയും പഠനവിധേയമാക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.

 

ലക്ഷക്കണക്കിനു രൂപ മുതൽമുടക്കി വൻ കോർപറേറ്റ് സ്ഥപനങ്ങൾ നടത്തുന്ന ഹൈഡ്രോപോണിക്സ് കൃഷിയാണ് നമുക്ക് പരിചിതമായിട്ടുള്ളത് എന്നാൽ ഏതാനും വർഷം മുൻപ് ഇന്ത്യയിലാദ്യമായി ബാംഗ്ലൂരിൽ അവതരിപ്പിക്കപ്പെട്ട സിപ്ലിപ്ഗൈഡ് ഹൈഡ്രോപോണിക്സ് ഈ ധാരണ തിരുത്തുന്നു. ഹൈഡ്രോപോണിക്സിന്റെ അടിസ്ഥാന തത്വങ്ങൾ ഉപയോഗപ്പെടുത്തി, ലളിതവും ചിലവ് കുറഞ്ഞതുമായ വിധത്തിൽ നടത്തുന്ന ഈ മണ്ണില്ലാകൃഷി ഓസ്ട്രേലിയയിൽ നിന്നാണ് ബാംഗ്ലൂരിലെത്തിയത്. മലയാളിയയ സി.വി. പ്രകാശാണ് മണ്ണില്ലകൃഷിയുടെ ഇന്ത്യയിലെ അപ്പോസ്തലൻ. ബാംഗ്ലൂരിൽ ഇദ്ദേഹം സ്ഥപിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിമ്പ്ലിഫൈഡ് ഹൈഡ്രോപോണിക്സ് ഇതിനകം മുന്നൂറോളം പേർക്ക് ഈ കൃഷിയിൽ വൈദഗ്ദ്ധ്യം പകർന്നിട്ടുണ്ട്. ഇവരിലൂടെ ഇന്ത്യയിലൊട്ടാകെ ഈ കൃഷി പ്രചരിപ്പിക്കുകയാണ് പ്രകാശിന്റെ ലക്ഷ്യം.

വിളകൾക്കാവശ്യമായ പോഷകങ്ങളടങ്ങിയ ലായനിയിൽ അവയെ വളർത്തുന്ന സമ്പ്രദായമാണ് ഹൈഡ്രോപോണിക്സ് എന്ന് ലളിതമായി പറയാം. കൃഷി നടത്താൻ മണ്ണാവശ്യമില്ല എന്നതാണ് ഈ കൃഷിയെ വ്യത്യസ്ഥമാക്കുന്നത്. പോഷകലായനിയിലാണ് വളരുന്നതെങ്കിലും ചെടികളെ ഉറപ്പിച്ചു നിർത്തുന്നതിനായി കയർപിത്ത്, വെള്ളാരം കല്ലുകൾ തുടങ്ങിയ നിഷ്ക്രിയ പദാർഥങ്ങൾ ഉപയോഗപ്പെടുത്താറുണ്ട്. പ്രത്യേകിച്ച് പോഷകഗുണമില്ലാത്ത ഇവയ്ക്ക് ചെടിയെ ഉറപ്പിക്കുക എന്ന ധർമ്മം മാത്രമേയുള്ളു. ഇതിനു പകരം പോഷകലായനിയ്ക്കു മീതേ ദ്വാരങ്ങളുള്ള തെർമോകോളിന്റെ ഷീറ്റിട്ട ശേഷം പ്രസ്തുത ദ്വാരങ്ങളിൽ ചെടിയെ ഉറപ്പിച്ചു നിർത്തുന്ന തീതിയുമുണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ ഷീറ്റിനു താഴെ പോഷലായനിയിൽ വേര് മുങ്ങിയിരിക്കും. വളർച്ചയുടെ വ്യത്യസ്ഥ ഘട്ടങ്ങളിൽ വ്യത്യസ്ഥ ഘടനയുള്ള പോഷകലായനികളാണ് ഉപയോഗിക്കുന്നത്. എന്നാൽ വ്യത്യസ്ഥ ഇനം വിളകൾക്കായി ഒരേ ലായനി മതിയാകും. ഇങ്ങനെ ഒരിക്കൽ കൃഷിയ്ക്കുപയോഗിച്ച പോഷകലായനി വീണ്ടും വീണ്ടും ഉപയോഗിക്കാമെന്നത് ഹൈഡ്രോപോണിക്സിന്റെ പ്രധാന മെച്ചമാണ്.

സിമ്പ്ലിഫൈഡ് ഹൈഡ്രോപോണിക്സ്

കൃഷിരീതികൊണ്ടുള്ള ഗുണങ്ങൾ

പരിമിതമായ സ്ഥലത്തു നിന്നും പരമാവധി ഉല്പാദനം സാധ്യമാക്കുന്നു, വെള്ളവും പോഷകങ്ങളും പാഴാകുന്നില്ല. മണ്ണൊലിപ്പ് കൊണ്ടുണ്ടാകാൻ സാധ്യതയുള്ള പോഷക നഷ്ടം, പരിസരമലിനീകരണം എന്നിവ ഒഴിവാകുന്നു, ഉപയോഗശൂന്യമായ പാത്രങ്ങളിലും മറ്റും പോഷകലായനി നിറച്ച് ചെടികൾ വളർത്തുകയും ചെയ്യാം എന്നത് മറ്റൊരു മേന്മ. ‘മട്ടുപ്പാവിലെ പെട്ടികൃഷി’യെന്ന് വേണമെങ്കിൽ ഇതിനെ വിളിക്കാം. തരതമ്യേന കൂടുതൽ പോഷലഭ്യതയും വലിപ്പവുമുള്ള ഫലങ്ങൾ വിളവെടുക്കാനാകും, സ്വന്തമായി കൃഷിയിടമില്ലാത്തവർക്ക് വീട്ടാവശ്യത്തിനു പച്ചക്കറിയും മറ്റും ഉത്പാദിപ്പിക്കാൻ സാധിക്കുന്നു, വെള്ളവും വളവും അല്പം പോലും നഷ്ടമാകുന്നില്ല, രോഗ-കീടബാധകൾക്കുള്ള സാധ്യത കുറയുന്നു, മണ്ണിലൂടെ പകരുന്ന രോഗങ്ങൾ പൂർണമായും ഒഴിവാക്കപ്പെടുന്നു, കളശല്യം ഒഴിവാകുന്നു, മട്ടുപ്പാവുകളും വിടിനുൾവശവും ഭക്ഷ്യോത്പാദനത്തിന് പ്രയോജനപ്പെടുന്നു, ഇങ്ങനെ തുടങ്ങി സിപ്ലിഫൈഡ് ഹൈഡ്രോപോണിക്സിന്റെ മെച്ചങ്ങൾ പലതാണ്. ഇരുപതിലേറെ വർഷങ്ങളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ കൃഷി വിജയകരമായി നടപ്പാക്കി വരുന്നു.

എല്ലാ സസ്യങ്ങളും ഈ രീതിയിൽ വളരും എന്നത് എടുത്തു പറയേണ്ടതാണ്. എന്നാൽ വലിപ്പം കുറഞ്ഞതും ചെറു സംഭരണികളിൽ വളർത്താവുന്നതുമായ പച്ചക്കറികൾ, സുഗന്ധവിളകൾ, ഔഷധസസ്യങ്ങൾ എന്നിവ ഹൈഡ്രോപോണിക്സിന് കൂടുതൽ അനുയോജ്യമാണ്. മുടക്കുന്ന പണത്തിന് തക്ക മൂല്യം തിരികെ നൽകുന്ന വിളകൾ വളർത്താൻ പ്രത്യേകം ശ്രദ്ധിക്കണം. ഇലവർഗ പച്ചക്കറികൾ, തക്കാളി, മുളക് എന്നിവയൊക്കെ ഇപ്രകാരം വളർത്താവുന്നതാണ്. ഓരോ വിളയ്ക്കും അനുയോജ്യമായ മാധ്യമം തിരഞ്ഞെടുക്കുകയാണ് ആദ്യമായി ചെയ്യേണ്ടത്, തീരെ ഭാരം കുറഞ്ഞ ചെടികൾ ഒരു തെർമോകോൾ ഷീറ്റിൽ ഉറപ്പിച്ച് പോഷകലായനിയുടെ പുറത്ത് ഇട്ടാൽ മതിയാകും. ഏതെങ്കിലുമൊരു ഖരമാധ്യമത്തിൽ ഉറപ്പിച്ചില്ലെങ്കിൽ മറിഞ്ഞുപോകുന്ന വലിയ ചെടികൾ കയർപിത്ത്, വെള്ളാരംകല്ലുകൾ, ഈർച്ചപ്പൊടി തുടങ്ങിയ നിഷ്ക്രിയ വസ്തുക്കളിൽ ഉറപ്പിച്ചാൽ മതിയാകും.

ബാംഗ്ലൂരിലെ കമ്മനഹള്ളിയിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിപ്ലിഫൈഡ് ഹൈഡ്രോപോണിക്സ് മണ്ണില്ലാകൃഷിയുടെ ലളിതരൂപം സാധാരണക്കാരെ പഠിപ്പിക്കുന്നതിനായി ‘പേഠ് ഭരോ’ എന്ന പ്രോജക്ട് നടപ്പാക്കിവരുന്നു, ഈ സ്ഥാപനത്തിന്റെ ഒരു ഫ്രാഞ്ചൈസി ഇപ്പോൾ കോഴിക്കോട് നഗരത്തിലും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് Petbharoproject.co.in

മതിയായ വലിപ്പത്തിലുള്ള വീഞ്ഞപ്പെട്ടി അല്ലെങ്കിൽ പ്ലാസ്റ്റിക് ബോക്സ് എന്നിവ ചെടികൾ വളർത്താനായി തിരഞ്ഞെടുക്കാവുന്നതാണ്. പ്രസ്തുത പെട്ടിയിൽ വളർച്ചാമാധ്യമം നിറച്ചാണ് ചെടികൾ നടേണ്ടത്. അതിനുമുൻപായി പെട്ടിയുടെ ഉൾവശത്ത് പ്ലാസ്റ്റിക് ഷീറ്റ് വിരിക്കണം. ഒരു മൂലയിലായി ജലനിർഗമനത്തിനു ദ്വാരമുണ്ടാക്കി അവിടെ കുഴൽ ഘടിപ്പിക്കാൻ മറക്കരുത്. വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ വ്യത്യസ്ഥ പോഷകലായനികൾ മാറ്റി നൽകണം. ചെടികൾ വളരുന്ന ബെഡുകളുടെ ചുവട്ടിൽ ഊറിവരുന്ന പോഷകലായനി ശേഖരിച്ച് വീണ്ടും ഉപയോഗിക്കാനായി ഡ്രെയിനേജ് പൈപ്പിനോടു ചേർത്ത് ഉപയോഗശൂന്യമായ ഒരു പ്ലാസ്റ്റിക് കുപ്പി ഘടിപ്പിച്ചാൽ മതിയാകും. പോഷകലായനി മാത്രമേ വിലകൊടുത്ത് വാങ്ങേണ്ടതുള്ളു. ചെടികളും മറ്റുമൊക്കെ വീടിന്റെ പരിസരത്തുനിന്ന് തന്നെ കണ്ടെത്താനാകും. കീടനിയന്ത്രണത്തിന് ജൈവകീടനാശിനികൾ മതിയാകും. ചെറിയ പോളീ ഹൗസുകൾ ടെറസ്സിൽ നിർമ്മിച്ച് ഹൈഡ്രോപോണിക്സ് കൃഷി തുടങ്ങുകയാണെങ്കിൽ കീട ശല്യം പൂർണമായും ഒഴിവാക്കാം.

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate