Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

സസ്യവിവരങ്ങള്‍

വിവിധ ഇനം സസ്യങ്ങളെ കുറിച്ചുള്ല വിവരങ്ങള്‍

കടൽത്തെങ്ങ് (sea coconut) അഥവാ കൊക്കോ

സേഷെൽസിലെ രണ്ടു ദ്വീപുകളിൽ മാത്രം കണ്ടുവരുന്ന ഒരു പനയാണ്‌ കടൽത്തെങ്ങ് (sea coconut) അഥവാ കൊക്കോ ഡി മെർ എന്നറിയപ്പെടുന്നത്. (മറ്റു പേരുകൾ: കൊക്കോദ് മെർ, കോക്കോ ഡി മെർ). ലോഡോയ്സീ മാൽദിവിക (Lodoicea maldivica) എന്നാണ് ഇതിന്റെ ശാസ്ത്രനാമം (ഇതിന്റെ ഉൽഭവം മാലദ്വീപുകളിലാണ് എന്ന തെറ്റിദ്ധാരണയിൽ നിന്നാണ്‌ ഈ പേര്‌ വന്നത്).

ലോകത്തെ ഏറ്റവും വലിയ സസ്യവിത്തായ ഇതിന്റെ തേങ്ങക്ക് 20 കിലോഗ്രാം വരെ ഭാരമുണ്ടാകും. കുറഞ്ഞത് ഇരുന്നൂറു വർഷമെങ്കിലും ഈ വൃക്ഷത്തിന്‌ ആയുസ്സുണ്ട്. 800 വർഷം വരെ ഈ വൃക്ഷം നിലനിൽക്കുമെന്നും വാദങ്ങളുണ്ട്. 4000-ത്തോളം കടൽത്തെങ്ങുകൾ മാത്രമാണ്‌ ഇന്ന് ഭൂമിയിലുള്ളത്. ഇവയിൽ കൂടുതലും പ്രസ്ലിൻ ദ്വീപിലെ വല്ലീ ഡെ മയ് ദേശീയോദ്യാനത്തിലാണ്‌. ഇതിന്റെ തേങ്ങകളുടെ കയറ്റുമതി കർശനനിയന്ത്രണത്തിന്‌ വിധേയമാണ്‌. അക്രാരിത്തെങ്ങ് എന്നും പേരുണ്ട്.

ആഫ്രിക്കൻ തീരങ്ങളിലെ കടലിൽ നിന്ന് ഇതിന്റെ തേങ്ങ കണ്ട നാവികരാണ്‌ ഇതിന്റെ കടൽത്തേങ്ങ (കൊക്കോ ഡെ മെർ) എന്നു വിളിച്ചത്.

മൈല അഥവാ മയിലെള്ള് അഥവാ മയില. (ശാസ്ത്രീയനാമം: Vitex altissima).

കേരളത്തിൽ കാണപ്പെടുന്ന ഒരിനം വന്മരമാണ് മൈല അഥവാ മയിലെള്ള് അഥവാ മയില. (ശാസ്ത്രീയനാമം: Vitex altissima). വെർബിനേസീ സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ഈ വൃക്ഷം ഇന്ത്യ ഉൾപ്പെടെ ശ്രീലങ്ക, ബംഗ്ലാദേശ്, ഇന്തോനേഷ്യ, മ്യാന്മർ, പാപുവ ന്യൂ ഗിനിയ എന്നിവിടങ്ങളിൽ കാണപ്പെടുന്നു.

മയിലെള്ള് 40 മീറ്റർ വരെ ഉയരത്തിൽ വളരുന്നു. അനുപർണങ്ങളില്ലാത്ത ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. ഇലകൾക്ക് 15 സെന്റീമീറ്റർ വരെ നീളവും 6 സെന്റീമീറ്റർ വരെ വീതിയും കാണുന്നു. വേനൽക്കാലത്താണ് ഇലകൾ പൂക്കുന്നത്. ചെറിയ തരം പൂക്കൾക്ക് ഇളം നീലനിറമാണ്. പൂവിന് അഞ്ച് ദളങ്ങളും നാലു കേസരങ്ങളും ഉണ്ട്. ഈടും ഉറപ്പുമുള്ള തടിയുടെ കാതലിന് ഇളം ചാരനിറമാണ്. ഫർണിച്ചർ നിർമ്മാണത്തിനായും മറ്റും തടി ഉപയോഗിക്കുന്നു. തടിക്കു മഞ്ഞ കലർന്ന തവിട്ടു നിറമാണ്. ഗൃഹോപകരണങ്ങൾക്കു ഉത്തമമാണ് തടി. തേക്കിനെക്കാൾ ഈടു നിൽക്കും. എങ്കിലും തടി വളവും കേടുമില്ലാതെ കിട്ടാൻ വിഷമമാണ്.

മൂട്ടിപ്പഴം Baccaurea

കേരളത്തിലെ വനങ്ങളിൽ കാണപ്പെടുന്ന ഒരിനം മരമാണ് മൂട്ടി (ശാസ്ത്രീയനാമം: Baccaurea courtallensis). മൂട്ടിപ്പുളി, മൂട്ടിക്കായ്പ്പൻ, കുന്തപ്പഴം, മൂട്ടിക്കാ എന്നിങ്ങനെ അറിയപ്പെടുന്നു. ഈ സസ്യം പശ്ചിമ ഘട്ടത്തിലെ തനത് സ്പീഷ്യസിൽ (Endemic) പെട്ട അപൂർ‌വ മരമാണ്‌. മരത്തിന്റെ മൂട്ടിൽ കായ്ക്കുന്നതിനാലാണ് ഈ സസ്യത്തിന് ഈ പേരുവന്നത്. മലയണ്ണാൻ, കുരങ്ങ്, കരടി, ആമ,അണ്ണാൻ. മുയൽ, കേഴാ തുടങ്ങിയ ജീവികളുടെ ഇഷ്ടഭക്ഷണം കൂടിയാണ് മൂട്ടിപ്പഴം. മൂട്ടിക്കായ് പൈൻ എന്നും ഈ വൃക്ഷം അറിയപ്പെടുന്നു. ദക്ഷിണേന്ത്യയിലെ നിത്യഹരിതവനങ്ങളിലാണ് മൂട്ടിക്കായ മരം കാണപ്പെടുന്നത്. പൂക്കൾ തടിയിലാണ് ഉണ്ടാകുന്നത്. അപൂർവമായി ശിഖരങ്ങളിലും കായ് ഉണ്ടാകുമെങ്കിലും വൃക്ഷത്തിന്റെ കടയ്ക്കലാണ് ഫലങ്ങൾ കൂടുതലായി ഉണ്ടാകുന്നത്. ജനുവരി മുതൽ മാർച്ച് വരെയാണ് പൂക്കാലം. ദളങ്ങളില്ലാത്ത പൂൾ കടും ചുമപ്പ് നിറമാണ്. ഇവയ്ക്ക് ബാഹ്യദളങ്ങളുണ്ട്. കായ്‌കൾ കറുപ്പു നിറമായിരിക്കും പിന്നീട് വയലറ്റ് കലർന്ന നീല നിറവും വിളയും തോറും ചുമപ്പു നിറമാകുന്നു പഴുക്കുമ്പോൾ കടും ചുമപ്പ് നിറമാകുന്നു. ചിലമരങ്ങളിലെ കായ്‌കൾ പഴുക്കുമ്പോൾ ഇളം റോസ് നിറമായിരിക്കും. ഫലത്തിനു വലിയ നെല്ലിക്കയുടെ വലിപ്പമുണ്ട്. കട്ടിയുള്ള തോട് പൊളിച്ച് അകത്തുള്ള ജെല്ലി പോലെയുള്ള ഭാഗമാണ് ഭക്ഷിക്കുക, ചെറിയ പുളിപ്പും മധുരവും ചേർന്നതാണ് രുചി മണമില്ല എങ്കിലും തേൻ മധുരമാണ് പഴത്തിനു. കായുടെ തോടും കഴിക്കുവാൻ നല്ല രസമാണ് നല്ല പുളി രസമാണ് തടി ഈടും ബലവുമുള്ളതാണ്, തടിയാകുവാൻ കാലങ്ങൾ താണ്ടെടിവരും, പണ്ട് കാലത്ത് കിണറിനു തൂണിടുവാനും പാലമിടുവാനും കൂടുതൽ ഉപയോഗിച്ചിരുന്നത് മൂട്ടിയുടെ തടിയാണ്, അതുപോലെ ആട്ടിൻ കൂടുകൾ ഷെഡുകൾ ഇവയൊക്കെ നിർമ്മിക്കുവാൻ മൂട്ടി തടികൾ ഉപയോഗിച്ചിട്ടുണ്ട്, ഇപ്പോൾ വലിയ നഴ്സറികളില്‍ തൈ വാങ്ങുവാൻ ലഫിക്കും.. നട്ട് അഞ്ചാം വർഷം മുതൽ പൂക്കൾ ഉണ്ടാകുമെങ്കിലും പത്ത് വർഷം കഴിഞ്ഞു മാത്രമേ കായ്‌ ലഫിക്കുകയുള്ളു അതുപോലെതന്നെ മൂട്ടി ആൺ മരവും പെൺ മരവും ഉണ്ട്..പെൺ മരങ്ങളിൽ മാത്രമേ ഫലം ഉണ്ടാകുകയുള്ളൂ, ആൺ മരങ്ങൾ അഞ്ചാം വർഷം മുതൽ പൂത്തുതുടങ്ങും പൂക്കൾ കാണുവാൻ വളരെ ഭംഗിയാണ് പ്രദേശമാകെ മണവും ഉണ്ടാകും..

മരൽ

ഉഷ്ണപ്രദേശങ്ങളിൽ വന്യമായി വളരുന്ന, വിഷഹര ഔഷധമായി ഉപയോഗിക്കുന്ന സസ്യമാണ് മരൽ. ശാസ്ത്രീയനാമം: സാൻസേവിയേറിയ ട്രൈഫാഷിയേറ്റ . Sansevieria trifasciata കുടുംബം: '''അസ്പരാഗേഷ്യേ''' (Asparagaceae), ആയുർവേദത്തിൽ പാമ്പിൻ വിഷദംശത്തിനു പരിഹാരമായി ഈ ചെടിയെ ഉപയോഗിച്ചു വരുന്നു. രാത്രിയിലും ഓക്സിജൻ ഉണ്ടാക്കാൻ കഴിവുള്ള ഒരു സസ്യമാണിത്..

ചൂടുകൂടുതലായുള്ളതും വെള്ളം കുറവുള്ളതുമായ സ്ഥലങ്ങളിൽ വന്യമായി വളരുന്നു. നൈജീരിയയിലും കോംഗോയിലും ഇന്ത്യയിലും ഇവ കാണപ്പെടുന്നു.

60 സെ.മീ ഉയരത്തിൽ വളരുന്ന നിത്യഹരിത, അർധ്ഹരസഭരസസ്യമാണിത്. ഭൂമിക്കടിയിലായി പ്രകന്ദമുണ്ട് (കിഴങ്ങ്) പ്രകന്ദത്തിന്റെ ശാഖാഗ്രത്തിൽ നിന്ന് ഇലകൾ മുളക്കുന്നു. പ്രകന്ദങ്ങൾ ചിലപ്പോൾ മണ്ണിനു പുറത്തും കാണപ്പെടാം. ഇലകൾ താഴെ നിന്നും മുകളിലേക്ക് ചൂണ്ടി നിൽകുന്നു. ഇവക്ക് കടുത്ത പച്ച നിറമായിരിക്കും. 6-25 ഇലകൾ കാണപ്പെടുന്നു. ഒരിലക്ക് 40-60 സെ.മീ. നീളം ഉൺറ്റാവാം. അഗ്രം കൂർത്തതുമാണ്. ഉടനീളം ഇളം മഞ്ഞ്ഞ നിറത്തിലോ പച്ച നിറത്തിലോ വരകൾ പോലെ കാണാൻ സാധിക്കും . ശാസ്ത്രീയ നാമമായ ട്രൈഫേഷ്യ എന്നാൽ മൂന്ന് ചെണ്ടുകൾ എന്നാണ്>  ഇന്ന് കൂടുതലായും അലങ്കാര സസ്യമായി വളർത്തി വരുന്നു .

നാസയുടെ ശുദ്ധവായു പഠനങ്ങളിൽ ഈ ചെടിക്ക് അന്തരീക്ഷ വായുവിനെ ശുദ്ധീകരിക്കാനുള്ള കഴിവുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

ബേര്‍ഡ്‌സ് ചെറി

തൂണുപോലെയുള്ള തായ്ത്തടിക്കു മുകള്‍ഭാഗത്ത് കുടപിടിപ്പിച്ചുതുപോലെ താഴേക്കൊതുങ്ങിയ ശാഖകള്‍ നിറയെ ചെറിയ ഇലകളും മുത്തുമണികളെ അനുസ്മരിപ്പിക്കുന്ന ചുവപ്പുനിറത്തില്‍ പഞ്ചസാര മധുരമുള്ള കായ്കളുമായി കാണുന്ന ചെറുവൃക്ഷമാണ് 'ബേര്‍ഡ്‌സ് ചെറി'.

പഴങ്ങള്‍ കഴിക്കാന്‍ സദാസമയവും ചെറുപക്ഷികള്‍ ഈ ചെടിയില്‍ വിരുന്നെത്തു ന്നതിനാലാണ് 'ബേര്‍ഡ്‌സ് ചെറി' എന്ന പേരുലഭിക്കാന്‍ കാരണം. തണല്‍ വൃക്ഷമായി വളര്‍ത്താവുന്ന ഇവയുടെ ചുവട്ടിലുള്ള ശാഖകള്‍ മുറിച്ച് മുകള്‍ഭാഗം പടരാനനുവദിച്ചാല്‍ കൂടുതല്‍ മനോഹരമായി തോന്നും. ബേര്‍ഡ് ചെറിയുടെ ചെറുപഴങ്ങള്‍ ഭക്ഷ്യയോഗ്യമാണ്. കുട്ടികള്‍ നന്നായി ഇഷ്ടപ്പെടുന്നതാണ് ഇവയുടെ സ്വാദ്. ബേര്‍ഡ് ചെറി പാതയോരങ്ങളില്‍ തണല്‍ മരമായും പൂന്തോട്ടങ്ങള്‍ക്കരികിലായി ഭംഗിക്കും വളര്‍ത്താം. വേനല്‍ക്കാലത്താണ് ഇവയുടെ പ്രധാന പഴക്കാലമെങ്കിലും ഇടയ്‌ക്കൊക്കെ കായ്കളുണ്ടാകും. ബേര്‍ഡ് ചെറിയുടെ ശാഖകളില്‍ നിന്നു പതിവെച്ചെടുത്ത തൈകള്‍ നട്ടുവളര്‍ത്താനുപയോഗിക്കാം. ഒന്നു രണ്ടുവര്‍ഷത്തിനുള്ളില്‍ ഇവയില്‍ കായ്കള്‍ ഉണ്ടായിത്തുടങ്ങും.

ഗാക്ക്

തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളായ, തായ്‌ലന്‍ഡ്, വിയറ്റ്‌നാം, മലേഷ്യ എന്നിവിടങ്ങളില്‍ കാണുന്ന പടര്‍ന്നുവളരുന്ന പഴച്ചെടിയാണ് 'ഗാക്ക്'. പാഷന്‍ ഫ്രൂട്ടുപോലെ കാണുന്ന ഇവയുടെ കായ്കള്‍ ഉരുണ്ടതും പുറത്ത് ചെറിയ മുള്ളുകള്‍ നിറഞ്ഞതുമാണ്. ഇവയുടെ ഉള്ളില്‍ കാണുന്ന വിത്തിനെ പൊതിഞ്ഞ ചുവന്ന മാംസള ഭാഗമാണ് ഭക്ഷ്യയോഗ്യം.

മാധുര്യം നിറഞ്ഞ ഇവയില്‍ വിറ്റാമിന്‍ എ., ബി. എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. നേത്രരോഗങ്ങളെ 'പ്രതിരോധി'ക്കുന്ന ഔഷധമായി ഇത് മലേഷ്യയില്‍ ഉപയോഗിച്ചുവരുന്നു. വിദേശമലയാളികള്‍ ഒട്ടേറെ പഴവര്‍ഗച്ചെടികള്‍ കേരളത്തിലെത്തിച്ചെങ്കിലും ഗാക്കിന് ഇനിയും നാട്ടില്‍ പ്രചാരം ലഭിച്ചിട്ടില്ല. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന ഇവയുടെ പഴക്കാലം ഡിസംബര്‍, ജനവരി മാസങ്ങളാണ്. ഗാക്ക് പഴങ്ങളില്‍ കാണുന്ന ചെറിയ വിത്തുകള്‍ നട്ടുവളര്‍ത്താം.

കാട്ടാത്ത

ഉഷ്ണ മേഖലാ പ്രദേശങ്ങളിൽ കാണുന്ന ഒരു ഫലവൃക്ഷമാണ് കാട്ടാത്ത അഥവാ ചക്കക്കണ്ടൽ. (ശാസ്ത്രീയനാമം: Annona glabra). ചീങ്കണ്ണികൾ ഇതിന്റെ ഫലം തിന്നുന്നതിനാൽ ചീങ്കണ്ണിയാപ്പിൾ എന്നും വിളിക്കറുണ്ട്. അമേരിക്കൻ തദ്ദേശവാസിയാണ്.ഉപ്പുവെള്ളത്തിലും ചതുപ്പിലുമെല്ലാം വളരുന്ന ഈ മരത്തിന് വരണ്ട മണ്ണിൽ വളരാനാവില്ല.

10 മുതൽ 12 മീറ്റർ വരെ വളരുന്ന ഈ മരത്തിന്റെ തടി മെലിഞ്ഞതും ചാരനിറത്തിൽ ഉള്ളതുമാണ്. ഉരുണ്ടതോ നീണ്ടുരുണ്ടതോ ആയ പഴം ആപ്പിളിന്റെയോ അതിലും കുറച്ചുകൂടിയോ വലിപ്പത്തിൽ ഉള്ളതാണ്. പച്ചനിറത്തിലോ മഞ്ഞനിറത്തിലോ തന്നെ താഴെവീഴുന്ന കായയുടെ വിത്തുകൾ ഒഴുകി പുതിയ സ്ഥലങ്ങളിൽ എത്തുന്നു. കാട്ടുപന്നിയുൾപ്പെടെ നിരവധി മൃഗങ്ങളുടെ ഭക്ഷണമാണ് ഇതിന്റെ ഫലം. രണ്ടു വർഷം കൊണ്ടു കായ്ക്കുന്ന ഈ മരത്തിന്റെ ഫലത്തിനുള്ളിൽ ഒരു സെന്റീമീറ്റർ നീളത്തിൽ മത്തങ്ങാക്കുരുപോലുള്ള നൂറിൽ കൂടുതൽ വിത്തുകളുണ്ടാവും.

അന്നോന സ്പീഷിസിലുള്ള മറ്റു ഫലങ്ങളുടെ വെള്ളനിറത്തിലുള്ള ഫലാന്തർഭാഗത്തിൽ നിന്നും വ്യത്യസ്തമായി ഇതിന്റെ പഴത്തിന്റെയുള്ളിന്റെ നിറം മഞ്ഞയോ ഓറഞ്ചോ ആണ്. ഭക്ഷ്യയോഗ്യമാണ് കാട്ടാത്തയുടെ ഫലം. ജാം ഉണ്ടാക്കാൻ കൊള്ളാവുന്ന ഈ പഴം മാലദ്വീപിൽ ജ്യൂസ് ഉണ്ടാക്കാൻ ഉപയോഗിക്കുന്നു.നല്ല രുചിയും മണവും ഉണ്ടെങ്കിലും ഈ കുടുംബത്തിലെ മറ്റു അംഗങ്ങളായ ആത്ത, മുള്ളാത്ത, സീതപ്പഴം എന്നിവയുടെ സ്വീകാര്യത കാട്ടാത്തയ്ക്ക് ലഭിച്ചിട്ടില്ല. ഈ പഴങ്ങളുടെ മുകുളങ്ങൾ ബഡ്ഡ് ചെയ്യാൻ മുള്ളാത്ത തൈകൾ ഉപയോഗിച്ചു പരീക്ഷണം ഫ്ലോറിഡയിൽ നടത്തിയെങ്കിലും വലിയ വിജയമായിരുന്നില്ല.

2008 -ൽ നടത്തിയ ഒരു പഠനത്തിൽ ഇതിന്റെ വിത്തുകളിൽ നിന്നും കാൻസറിനെ പ്രതിരോധിക്കാനാവശ്യമായ സംയുക്തങ്ങൾ ലഭിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

കണ്ടൽക്കാടുകളിൽ വളർന്ന് അതിന്റെ വളർച്ചയെ ഞെരുക്കുന്ന കാട്ടാത്തയെ ശ്രീലങ്കയടക്കം പലയിടങ്ങളിലും ഒരു അധിനിവേശസസ്യമായി കരുതിപ്പോരുന്നു. തീരങ്ങളിലെല്ലാം മെത്ത വിരിച്ച മാതിരി ചിതറിക്കിടക്കുന്ന ഇതിന്റെ വിത്തുകൾ മറ്റു ചെടികൾ മുളയ്ക്കുന്നതിനും വളരുന്നതിനും തടസ്സം നിൽക്കുന്നു.. ആത്തയെ ബഡ്ഡ് ചെയ്യാൻ ശ്രീലങ്കയിൽ കൊണ്ടുവന്ന ഈ മരം കൊളംബോയ്ക്ക് ചുറ്റുമുള്ള ചതുപ്പുകളിലെല്ലാം ഇന്ന് വ്യാപിച്ചിരിക്കുന്നു.

ശ്രീലങ്കയിൽ നിന്നുമാണ് കാട്ടാത്ത കേരളത്തിൽ എത്തിയതെന്നു കരുതുന്നതിനാൽ ഇതിനെ ലങ്കപ്പഴം എന്നും വിളിക്കാറുണ്ട്. കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലെ കണ്ടൽ പ്രദേശങ്ങളിൽ കണ്ടുവരുന്നു. വിറവാലൻ ശലഭം ഈ ചെടിയുടെ ഇലയിൽ മുട്ടയിടാറുണ്ട്.

റ്റുലിപ്

ഏകബീജപത്രികളിലെ ലിലിയേസീ (Liliaceae) കുടുംബത്തില്‍പ്പെടുന്ന ഉദ്യാനസസ്യമാണ് റ്റുലിപ്. ഇതിനു 109 ലധികം തരങ്ങള്‍ ഉണ്ടെന്ന് കരുതപ്പെടുന്നു.  'തലകീഴായിട്ടുള്ള പുഷ്പത്തിനെ പ്രതിനിധീകരിക്കുന്നു' എന്നാണ് ടൂലിപ്പ് എന്ന പദംകൊണ്ട് അര്‍ഥമാക്കുന്നത്. 'ടോലിബന്‍' (toliban) എന്ന പേര്‍ഷ്യന്‍ വാക്കില്‍നിന്നാണ് ടൂലിപ്പ് എന്ന പേര് നിഷ്പന്നമായിട്ടുള്ളത്. വസന്തകാലത്തെ ഏറ്റവും പകിട്ടുള്ള ഒരു പുഷ്പ ഇനമാണിത്. സാധാരണ ഒറ്റ തണ്ടില്‍ വിരിയുന്ന പൂക്കളാണു്. എന്നാല്‍ ചെലയിനങ്ങളില്‍ ഒന്നിലേറെ പൂക്കള്‍ ഒരു തണ്ടില്‍ നിന്നും ഉണ്ടാകുന്നു. റ്റുലിപ് പൂക്കള്‍ പല വര്‍ണ്ണത്തില്‍ ഉണ്ടു്. എന്നാല്‍ നീലനിറത്തിലുള്ള ടൂലിപ്പ് പുഷ്പങ്ങള്‍ കാണാറില്ല. ചെടിയുടെ ആകൃതിയും വലുപ്പവും ഏത് സ്ഥലത്തും ഇവ നട്ടുവളര്‍ത്തുന്നതിന് അനുയോജ്യമായ വിധത്തിലുള്ളതാണ്. 75 സെ.മീ. ഉയരത്തില്‍ വരെ വളരുന്നയിനങ്ങളുണ്ടെങ്കിലും 30 സെ.മീ. താഴെ മാത്രം വളരുന്നയിനങ്ങളാണ് ഏറെ നട്ടുവളർത്തപ്പെടുന്നത്

റോസ്‌മേരി

ഒരു ബഹുവര്‍ഷ കുറ്റിച്ചെടിയാണ് റോസ്‌മേരി. (ശാസ്ത്രീയനാമം: Rosmarinus officinalis). മദ്ധ്യധരണ്യാഴി പ്രദേശത്തെ തദ്ദേശവാസിയാണ്. സൂചിപോലുള്ള ഇലകളാണ്. വെള്ള, പിങ്ക്,  നീല എന്നീ നിറങ്ങളില്‍ പൂക്കളുണ്ടാവാറുണ്ട്. അലങ്കാരസസ്യമെന്നതിനുപരി ഔഷധഗുണങ്ങളും ഭക്ഷ്യഗുണങ്ങളുമുള്ള സസ്യമാണിത്. ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കാനുള്ള കഴിവുണ്ടെന്ന് കരുതുന്നു. ഭക്ഷണം പാകം ചെയ്യുമ്പോള്‍ ഇലകള്‍ ചേര്‍ക്കാറുണ്ട്. റോമാക്കാരുടെ കാലത്തുതന്നെ ഭക്ഷണങ്ങളില്‍ ചേര്‍ത്തിരുന്നു. വരvച്ചയെ അതിജീവിക്കാനുള്ള കഴിവുണ്ട്.

റോസ് ചെത്തി

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു വലിയ കുറ്റിച്ചെടിയാണ് റോസ് ചെത്തി. (ശാസ്ത്രീയനാമം: Ixora elongata). 300 മീറ്റര്‍ മുതല്‍ 900 മീറ്റര്‍ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിലും അര്‍ദ്ധനിത്യഹരിതവനങ്ങളിലും കാണുന്നു

പനിനീര്‍പ്പൂവ്, റോസ്‌

ലോകത്ത് വാണിജ്യാടിസ്ഥാനത്തില്‍ വളരെയധികം ഉപയോഗിക്കുന്ന മനോഹരപുഷ്പങ്ങളില്‍ ഒന്നാണ് റോസപ്പൂവ് എന്നും വിളിക്കപ്പെടുന്ന പനിനീര്‍പ്പൂവ്. (ഇംഗ്ലീഷില്‍ :Rose, തമിഴില്‍ റോജാ ). ഈ പൂവിന് വളരെ നല്ല ഗന്ധവും ഉണ്ട്. പൂവിതളില്‍ നിന്നും ഹൃദ്യമായ സുഗന്ധമുള്ള പനിനീര്‍വേര്‍തിരിച്ചെടുക്കാന്‍ കഴിയുന്നതുകൊണ്ടാണ് ഈ ചെടി പനിനീര്‍ച്ചെടി എന്നറിയപ്പെടുന്നത്. പനിനീര്‍ കണ്ണിലുണ്ടാകുന്ന ചില അസുഖങ്ങള്‍ക്കു പ്രതിവിധിയായും, സുഗന്ധ ലേപനമായും പരമ്പരാഗതമായി ഉപയോഗിച്ചിരുന്നു. വിവിധ നിറങ്ങളിലും ഭാവങ്ങളിലും വലിപ്പത്തിലും കാണപ്പെടുന്ന ഈ പുഷ്പങ്ങള്‍ സ്നേഹത്തിന്റെയും പ്രണയത്തിന്റെയും പ്രതീകമായി ലോകമെമ്പാടും അറിയപ്പെടുന്നു.

ഊട്ടിയിലെ റോസ് ഗാര്‍ഡനില്‍ 5000-ത്തോളം വര്‍ഗ്ഗങ്ങളിലുള്ള റോസാച്ചെടികള്‍ ഉണ്ട്. ഏകദേശം 25,000 പരം ഇനങ്ങളിലുള്ള‍ പനിനീര്‍ച്ചെടികള്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ഉണ്ട് . നിറം, വലിപ്പം,ആകൃതി, ഗന്ധം എന്നിവ അടിസ്ഥാനമാക്കി പ്രധാനമായും അഞ്ചായി ചെടികള്‍വിഭജിച്ചിട്ടുണ്ട്. വ്യാവസായിക അടിസ്ഥാനത്തിലും അലങ്കാരത്തിനായും ‍ വളര്‍ത്താന്‍ കഴിയുന്ന ഒരു ചെടികൂടിയാണ്‌ പനിനീര്‍. ഇംഗ്ലണ്ട്, അമേരിക്കന്‍ ഐക്യനാടുകള്‍ എന്നീ രാജ്യങ്ങളുടെ ദേശീയപുഷ്പവുമാണിത്.

റെഡ് ജിഞ്ചര്‍

സിഞ്ചിബെറേസി സസ്യ കുടുംബത്തില്‍പ്പെടുന്ന ഒരു അലങ്കാര പുഷ്പസസ്യമാണ്‌ റെഡ് ജിഞ്ചര്‍. ശാസ്ത്രനമം അല്പിനിയ പർപ്യൂറേറ്റ. അലങ്കാരത്തിനും ആദായത്തിനും ഈ സസ്യം വളര്‍ത്തുന്നു.

ചട്ടിയിലും മണ്ണിലും വളര്‍ത്താന്‍ കഴിയുന്ന ഒരു സസ്യമാണിത്. തെങ്ങ്, കവുങ്ങ് തുടങ്ങിയവയ്ക്ക് ഇടവിളയായും ഇതിനെ വളര്‍ത്താം. ഏകദേശം ഒരടി മുതല്‍ പത്ത് അടി വരെ പൊക്കത്തില്‍ വളരുന്ന ഇനങ്ങള്‍ ഈ കൂട്ടത്തിലുണ്ട്. 10 മുതല്‍ 20 ദിവസങ്ങള്‍ വരെ ഇവയുടെ പൂങ്കുലകള്‍ വാടാതെനില്‍ക്കും. ചുവപ്പ്, വെള്ള, പിങ്ക്, റോസ് എന്നീ നിറങ്ങളില്‍ പതിനെട്ടോളം ഇനങ്ങള്‍ കണ്ടുവരുന്നു. വര്‍ഷം മുഴുവന്‍ പുഷ്പിക്കുന്ന പൂച്ചെടിയാണിത്. മലേഷ്യയാണ്‌ ഇതിന്റെ ജന്മദേശം

കോറ, പഞ്ഞപ്പുല്ല്, കൂവരക്, റാഗി, മുത്താറി

കോറ, പഞ്ഞപ്പുല്ല്, കൂവരക്, റാഗി എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്ന ഒരു ധാന്യമാണു് മുത്താറി.

കാത്സ്യം ഇരുമ്പ് എന്നീ ധാതുക്കളും നന്നായി അടങ്ങിയതിനാല്‍ ചെറിയ കുഞ്ഞുങ്ങള്‍ക്ക് കുറുക്കുണ്ടാക്കാന്‍ പറ്റിയ ധാന്യമാണു് മുത്താറി. പ്രോട്ടീന്‍, കാര്‍ബോ ഹൈഡ്രേറ്റ്, കാത്സ്യം, കൊഴുപ്പ് എന്നിവ നന്നായി അടങ്ങിയിരിക്കുന്നുണ്ടിതില്‍. വിറ്റാമിന്‍ എ, തയാമിന്‍, റൈബോഫ്ലേവിന്‍, നിയാസിന്‍ എന്നീ ഘടകങ്ങളും ഫോസ്ഫറസ് എന്ന ധാതുവും അടങ്ങിയിരിക്കുന്നു. പ്രമേഹരോഗികള്‍ക്കു് റാഗി ഉത്തമാഹാരമാണ്.

റമ്പൂട്ടാന്‍..

മലേഷ്യ, ശ്രീലങ്ക, ഇന്തോനേഷ്യ,ഫിലിപ്പീന്‍സ്, എന്നിവിടങ്ങളിലും തെക്കുകിഴക്കന്‍ ഏഷ്യയിലും മറ്റും കണ്ടുവരുന്ന ഒരു ഫലമാണ് റമ്പുട്ടാന്‍. മലായ് ദ്വീപസമൂഹങ്ങള്‍ ജന്മദേശമായ ഈ ഫലത്തിന് രോമനിബിഡം എന്നര്‍ത്ഥം വരുന്ന റമ്പൂട്ട് എന്ന മലായ് വാക്കില്‍ നിന്നാണ് പേര് ലഭിച്ചത്. റമ്പുട്ടാന്റെ പുറന്തോടില്‍ സമൃദ്ധമായ നാരുകള്‍ കാണപ്പെടുന്നതാണ് കാരണം. കേരളത്തിലും ഇത് നന്നായി വളരുകയും കായ്ഫലം തരുകയും ചെയ്യുന്നുണ്ട്.

സമുദ്രനിരപ്പില്‍ നിന്നും 1800 - മുതല്‍ 2000 അടിവരെ ഉയരത്തില്‍ കൃഷി ചെയ്യാവുന്ന ഒരു സസ്യമാണിത്. നീര്‍വാഴ്ചയും ജൈവാംശവും ഉള്ള മണ്ണില്‍ കൃഷിചെയ്യാവുന്നതാണ്. ജൂണ്‍ മുതല്‍ നവംബര്‍ വരെയുള്ള മഴക്കാലമാണ് റമ്പൂട്ടാന്‍ കൃഷി ചെയ്യാന്‍ പറ്റിയ സമയം. കൃഷി സ്ഥലത്തിന് അല്പം ചരിവുള്ളതാണ് കൃഷിക്ക് ഏറ്റവും നല്ല സ്ഥലം. 3 അടി നീളത്തിലും വീതിയിലും താഴ്ചയിലും ഉള്ള കുഴികളില്‍ 15 മുതല്‍ 20 അടി വരെ അകലത്തില്‍ റമ്പൂട്ടാന്‍ കൃഷി ചെയ്യാവുന്നതാണ്. കുഴികളില്‍ മുക്കാല്‍ ഭാഗത്തോളം മേല്‍മണ്ണ്, ചാണകപ്പൊടിയോ മണ്ണിര കമ്പോസ്റ്റോ, എല്ലുപൊടി, റോക്ക് ഫോസ്ഫേറ്റ്, വേപ്പിന്‍ പിണ്ണാക്ക് എന്നിവകൊണ്ട് നിറച്ച കുഴികള്‍ നിറച്ച് റമ്പൂട്ടാന്‍ നടാവുനതാണ്. നടുന്നതിനായി സങ്കരയിനം തൈകളുടെ ബഡ്ഡു ചെയ്ത തൈകള്‍; കുഴിയുടേ നടുവില്‍ ഒരു ചെറിയ കുഴി ഉണ്ടാക്കി അതില് വാം എന്ന മിത്രകുമിള്‍ വിതറി തൈകള്‍ നടാവുന്നതാണ്. തൈകള്‍ നട്ടതിനു ശേഷം, കുഴിയുടെ വശങ്ങള്‍അരിഞ്ഞിട്ട് ഏകദേശം നിരപ്പാക്കുക.

കേരളത്തിലും നന്നായി വളരും റമ്പൂട്ടാന്‍........

ഈ അടുത്ത കാലത്തായി കേരളത്തില്‍ പ്രചുര പ്രചാരം നേടിയ റമ്പൂട്ടാന്‍ പഴങ്ങള്‍ സ്വാദിലും മുമ്പന്‍ തന്നെ. റമ്പൂട്ടാന്റെ ജന്മദേശം മലേഷ്യ ആണെങ്കിലും കേരളത്തിലെ കാലാവസ്ഥയില്‍ നന്നായി വളര്ന്നു കായ്ക്കുന്ന മരമാണ് റമ്പൂട്ടാന്‍..

റമ്പൂട്ടാനില്‍ ആണ് മരങ്ങളും പെണ് മരങ്ങളും ഉള്ളതിനാല്‍ ഒട്ടു തൈകള്‍ വേണം നടാന്‍. കുരു ഇട്ടു മുളപ്പിച്ച ഒരു വര്ഷം പ്രായമായ തൈകളില്‍ നനായി കായ്ഫലം തരുന്ന മരത്തിന്റെ കമ്പുകള്‍ വശം ചേര്ത്ത് ഒട്ടിച്ചു നടീല്‍ വസ്തുക്കള്‍ തയ്യാറാക്കാം.

ജൈവാംശം കൂടുതലുള്ളതും നീര്‍വാര്ച്ചയുള്ളതുമായ സ്ഥലങ്ങളില്‍ അര മീറ്റര്‍ ആഴമുള്ളതും, അരമീറ്റര്‍ സമചതുരവുമായ കുഴികളില്‍ മേല്‍മണ്ണ്, ചാണകപ്പൊടി, എല്ലുപൊടി, വേപ്പിന്‍ പിണ്ണാക്ക് എന്നിവ നിറച്ച് തൈകള്‍ നടാം. ജൂലൈ ഓഗസ്റ്റ്‌ മാസങ്ങളാണ് തൈകള്‍ നടാന്‍ അനുയോജ്യം. നട്ടു ആദ്യ മൂന്നു വര്ഷ്ങ്ങളില്‍ തണല്‍ നല്കണം. അതിനു ശേഷം നല്ല സൂര്യപ്രകാശം ലഭിക്കേണ്ടുന്ന കൃഷിയാണ് ഇത്. റമ്പൂട്ടാന് നല്ല രീതിയിലുള്ള വളപ്രയോഗവും, ജലസേചനവും ആവശ്യമാണ്. ചാണകപ്പൊടി, ജൈവ വളങ്ങള്‍, എല്ലുപൊടി എന്നിവയും തുടര്‍ വര്ഷങ്ങളിലും നല്കേണ്ടതുണ്ട്. നവംബര്‍ മുതല്‍ ജനുവരി വരെയുള്ള കാലയളവില്‍ പുഷ്പിക്കുകയും ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളില്‍ വിളവെടുക്കാന്‍ സാധിക്കുകയും ചെയ്യും. നന്നായി വില കിട്ടുന്ന പഴവര്ഗ്ഗ്ങ്ങളില്‍ ഒന്നാണ് റമ്പൂട്ടാന്‍. ഇത് അലങ്കാരവൃക്ഷമായും വളര്ത്താന്‍ സാധിക്കും. 

റമ്പൂട്ടാന്‍ പഴത്തിന്റെ കുരുവില്‍ നിന്ന് വേര്തി്രിക്കുന്ന കൊഴുപ്പ് സോപ്പ്, മെഴുകുതിരി എന്നിവയുടെ നിര്മ്മാണത്തിന് ഉപയോഗിക്കുന്നു.

ഹൈഡ്രാഞ്ചിയ

പൊതുവേ കുറ്റിച്ചെടിയായി വളരുന്നതും പുഷ്പിക്കന്നുതുമായ ഒരു ചെടിയാണ്‌ ഹൈഡ്രാഞ്ചിയ - തെക്കേ ഏഷ്യ, തെക്ക് കിഴക്കേ ഏഷ്യ, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളില്‍ കാണപ്പെടുന്നു. ഈ വംശത്തില്‍പ്പെടുന്ന ചില ചെടികളില്‍ വെളുത്ത നിറത്തിലുള്ള പുഷ്പങ്ങള്‍ ഉണ്ടാവുമ്പോള്‍ മറ്റുചിലവയിലെ പൂക്കള്‍ മണ്ണിലെ പി എച്ച് മൂല്യം, അലൂമിനിയത്തിന്റെ തോത് എന്നിവയനുസരിച്ച് പൂക്കളുടെ നിറം മാറാം, സാധാരണയായി അമ്‌ളഗുണമുള്ള മണ്ണില്‍ വളരുന്ന ചെടികളില്‍ നീലനിറത്തിലും ക്ഷാരഗുണമുള്ള മണ്ണില്‍ വളരുന്ന ചെടികളില്‍ പിങ്കുനിറത്തിലുമുള്ള പൂക്കളാണ്‌ കാണപ്പെടുന്നത്. പൊതുവേ ഒരു മീറ്റര്‍ മുതല്‍ രണ്ട് മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്നുവെങ്കിലും പ്രായമേറിയ ചെടികള്‍ ചിലപ്പോള്‍ മൂന്നു മീറ്ററില്‍ അധികം ഉയരത്തില്‍ വളരാറുണ്ട്.

ബല്ലഡോണ, ഹൃദയപത്മം

കാശ്മീര്‍, സിംല, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സ്ഥലങ്ങളില്‍ കൃഷി ചെയ്തുവരുന്ന ഒരു ഔഷധസസ്യമാണ് ബല്ലഡോണ. ഇതിന്റെ ജന്മദേശം യൂറോപ്പാണ്. Atropa bella-donna എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന ഇതിനെ മലയാളത്തില്‍ ഹൃദയപത്മം എന്നും അറിയപ്പെടുന്നു. ശരാശരി ഒരു മീറ്റര്‍ വരെ പൊക്കത്തില്‍ വളരുന്ന ഇതിന്റെ തണ്ടുകള്‍ പച്ച നിറത്തിള്‍ ഉള്ളതും ശാഖോപശാഖകളായി കാണപ്പെടുന്നു. തണ്ടുകളിള്‍ സമ്മുഖമായി വിന്യസിച്ചിരിക്കുന്ന ഇലകല്‍ക്ക് ഹൃദയാകാരമാണുള്ളത്. പൂക്കള്‍ പള്‍പ്പില്‍ നിറത്തിലും കായ്കള്‍ പച്ച നിറത്തിലും കാണപ്പെടുന്നു. പാകമാകുന്ന കായ്കള്‍ കറുപ്പു നിറവും മിനസമുള്ളതുമായിരിക്കും

സ്റ്റീവിയ, മധുര തുളസി

പഞ്ചസാരയുടെ പകരക്കാരന്‍ എന്നറിയപ്പെടുന്ന വിദേശിയായ ഈ ഔഷധസസ്യമാണ് സ്റ്റീവിയ(മധുര തുളസി). തെക്കേ അമേരിക്കയിലെ പരാഗ്വേയാണ് സ്റ്റീവിയയുടെ ജന്മദേശം. ശാസ്ത്ര നാമം-Stevia rebaudiana, കുടുംബനാമം-Asteraceae, ഉപയോഗിക്കുന്ന ഭാഗം-ഇല

സ്റ്റീവിയയുടെ ഇലയില്‍ നിന്ന് നിര്‍മ്മിക്കുന്ന പഞ്ചസാര കരിമ്പില്‍ നിന്നുമെടുക്കുന്ന പഞ്ചസാരയേക്കാള്‍ മുപ്പതിരട്ടി മധുരമുള്ളതും, പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്നതുമാണ്.ശീതള പനീയങ്ങള്‍,മിഠായികള്‍,ബിയര്‍,ബിസ്കറ്റുകള്‍ എന്നിവയില്‍ പഞ്ചസാരക്ക് പകരമായി ചേര്‍ക്കുന്നു.

സ്നേഹക്കൂറ

ഒരു മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഒരു ഏകവര്‍ഷ കുറ്റിച്ചെടിയാണ് സ്നേഹക്കൂറ. (ശാസ്ത്രീയനാമം: Bidens pilosa). പലനാടുകളിലും കളയായി കരുതപ്പെടുന്ന ഈ ചെടി മറ്റു പലയിടങ്ങളിലും വറുതിയുടെ അവസരങ്ങളില്‍ ഭക്ഷണമായി ഉപയോഗപ്പെടുന്നു. പലവിധ ഔഷധഗുണങ്ങളുള്ള സ്നേഹക്കൂറയില്‍ നിന്നും രക്താര്‍ബുദത്തിനെതിരെ ഔഷധം ഉണ്ട

സ്കൂട്ട്മരം അഥവാ ഫൗണ്ടര്‍മരം, ആഴാന്തല്‍, മണിപ്പൂമരം

കേരളത്തിലെ ഇലകൊഴിയും വനങ്ങളിലും നാട്ടിന്‍പ്രദേശങ്ങളിലും കാണപ്പെടുന്ന ഒരിനം മരമാണ് സ്കൂട്ട്മരം അഥവാ ഫൗണ്ടര്‍മരം (ശാസ്ത്രീയനാമം: Spathodea campanulata). ആഫ്രിക്കന്‍ ഉഷ്ണമേഖലയില്‍ നിന്നും 19-ആം നൂറ്റാണ്ടിലാണ് ഇവ അലങ്കാരസസ്യമായി ഭാരതത്തിലെത്തിയത്. പുഷ്പദളങ്ങള്‍ക്ക് കൊതുമ്പിന്റെ ആകൃതിയായതിനാലാണ് ഇവയ്ക്ക് സ്പാത്തോഡിയ എന്ന ശാസ്ത്രനാമം ലഭിച്ചത്. ആഴാന്തല്‍, മണിപ്പൂമരം എന്നും പേരുകളുണ്ട്. Spathodea nilotica മറ്റൊരു പേരാണ്. Spathodea Genus-ല്‍ ഈ ഒരൊറ്റ Species മാത്രമേയുള്ളൂ.

സോമലത

യാഗങ്ങളില്‍ മന്ത്രോച്ചാരണങ്ങളുടെ അകമ്പടിയില്‍ അഗ്നിയില്‍ അര്‍പ്പിക്കുന്ന ഔഷധസസ്യങ്ങളില്‍ പ്രധാനം. ധാരാളം ഔഷധഗുണങ്ങളുള്ള ഒരു വള്ളിച്ചെടിയാണ് സോമലത. (ശാസ്ത്രീയനാമം: Sarcostemma acidum). വംശനാശഭീഷണിയുണ്ടെന്ന് കാണുന്നു. മറ്റു Apocynaceae കുടുംബത്തിലെ അംഗങ്ങളെപ്പോലെ ഇതിന്റെ തണ്ടിലും കൊഴുപ്പുള്ള പാല്‍ ഉണ്ടാവാറുണ്ട്. ചവര്‍പ്പുള്ള ഈ പാലില്‍ നിന്നും ഒരു ലഹരിയുള്ള ദ്രാവകം ഉണ്ടാക്കിയിരുന്നു.

സര്‍ക്കോസിമ അബ്സിഡം എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന സസ്യമാണ് സോമലത. ഇല ഇല്ലാത്ത ശാഖകളുള്ള വള്ളിയാണിത്. സോമലതയുടെ പൂവിന് വെളുപ്പും ഇളംപച്ചയും കലര്‍ന്ന നിറം. സവിശേഷമായ സുഗന്ധമാണ് ഇതിനുള്ളത്. എട്ടു വര്‍ഷം കൂടുമ്പോള്‍ പൂക്കും. ബിഹാറിലും ബംഗാളിലുമാണ് സോമലത കൂടുതല്‍ കാണുന്നത്. 1350 മീറ്ററിലധികം ഉയരമുള്ള കുന്നുകളില്‍ സോമലത നന്നായി വളരും.

ഔഷധ സസ്യമെന്നതാണ് യാഗശാലയ്ക്കു പുറത്ത് സോമലതയുടെ സ്ഥാനം. ഹൈഡ്രോ ഫോബിയ, ചൊറിച്ചില്‍, നാഡീ സംബന്ധമായ രോഗങ്ങള്‍, പേ വിഷബാധ എന്നിവയെ ചെറുക്കുന്ന ഔഷധമാണിത്. കുളിരുള്ള ഇതിന്‍റെ നീര് ലഹരിയുള്ളതും ശക്തിയുള്ള പ്രതിരോധശേഷിയോടു കൂടിയതുമാണ്. വേദകാലത്തിന്‍റെ കണ്ടെത്തലായതിനാലാവാം, സോമലതയ്ക്ക് നിത്യയൗവ്വനം നിലനിര്‍ത്താനാവുമെന്നും വിശ്വസിക്കപ്പെടുന്നു. മരണത്തെ അതിജീവിക്കാനാവുമെന്ന് കൊട്ടാരം വൈദ്യന്മാര്‍ പറഞ്ഞിരുന്നുവെങ്കിലും ഇതിനൊന്നും ശാസ്ത്രീയ വിശദീകരണമില്ല. ആയുര്‍വേദാചാര്യന്‍ സുശ്രുതന്‍റെ സംഹിതയില്‍ 24 ഇനം സോമലതകളെക്കുറിച്ചു വിവരിക്കുന്നുണ്ട്. ചന്ദ്രമാ എന്ന സോമതലയാണ് ഇതില്‍ ഏറ്റവും ഗുണമുള്ളതെന്നു സുശ്രുതന്‍ പറയുന്നു. ഇതു സിന്ധു നദീതടത്തിലാണ് വളര്‍ന്നിരുന്നത്.

നിലവാക

സിസാല്‍പിനിയേസി (Caesalpiniaceae) എന്ന സസ്യകുടുംബത്തില്‍പ്പെടുന്ന ഒരു ഔഷധ സസ്യമാണ് നിലവാക. (ശാസ്ത്രീയനാമം:- കാഷ്യ ആംഗുസ്റ്റിഫോളിയ - Cassia Angustifolia). ചിന്നാമുക്കി, ചെന്നാമുക്കി എന്നീ പേരുകളിലറിയപ്പെടുന്ന നിലവാകയ്ക്കു സംസ്കൃതത്തില്‍ സോനമുഖി, ഭൂമിചാരി, മാർക്കണ്ഡികാ എന്നീ പേരുകളുമുണ്ട്. തെക്കേ ഇന്ത്യയില്‍ തിരുനെല്‍വേലി, മധുര, തൃശിനാപ്പള്ളി എന്നിവിടങ്ങളിലും മൈസൂറിലും നിലവാക വന്‍തോതില്‍ കൃഷിചെയ്യുന്നു.

സൊളാനം

സൊളാനേസീ സസ്യകുടുംബത്തിലെ അതിപ്രധാനമായ ഒരു ജനുസാണ് സൊളാനം (Solanum). ഈ ജനുസ്സില്‍ ലോകത്തിലെ ഏറ്റവും പ്രധാന ഭഷ്യവസ്തുക്കളില്‍പ്പെടുന്ന തക്കാളി, ഉരുളക്കിഴങ്ങ്, വഴുതന എന്നിവ ഈ ജനുസ്സിലെ അംഗങ്ങളാണ്. ഈ ജനുസ്സില്‍ പലതും വിഷമയമുള്ളതാണ്. ധാരാളം ഔഷധഗുണമുള്ള ചെടികളും സൊളാനം ജനുസ്സിലുണ്ട്.

കരിങ്കണ്ണി, സൂസന

അക്കാന്തേസീ കുടുംബത്തില്‍ പെട്ട ഒരു വള്ളിച്ചെടി ആണ്കരിങ്കണ്ണി. സൂസനഎന്നും ഇവ അറിയപ്പെടുന്നു. (ശാസ്ത്രീയനാമം: Thunbergia alata). ആഫ്രിക്ക ആണ് ജന്മദേശം. എന്നാല്‍ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും എത്തി ചേര്‍ന്നിട്ടുണ്ട്. ഇന്ന് ഇവയെ സ്വാഭാവികമായി ബ്രസീല്‍, ഹവായ്, ഈസ്റ്റ്‌ ഓസ്ട്രേലിയ , അമേരിക്കര്‍ സംസ്ഥാനങ്ങള്‍ ആയ ഫ്ലോറിഡ , ടെക്സസ് എവിടങ്ങളിലും കണ്ടുവരുന്നു. ഇതിനെ ഒരു അലങ്കാരച്ചെടിയായി വളര്‍ത്തി വരുന്നു. രണ്ട്‌ കൊല്ലത്തില്‍ കുടുതല്‍ ആയുസുണ്ട് ഈ ചെടിക്ക്.

സൂര്യകാന്തി

ഒരു വാര്‍ഷിക സസ്യമാണ് സൂര്യകാന്തി. ഇവയുടെ പൂവിന്റെ തണ്ട് 3 മീറ്റര്‍ ഉയരത്തില്‍ വരെ വളരാറുണ്ട്. 30 സെന്റീമീറ്റര്‍ വരെ വ്യാസത്തില്‍ കാണപ്പെടുന്ന പൂവില്‍ വലിയ വിത്തുകള്‍ കാണാം. ജന്മദേശം അമേരിക്കയായ ഈ സസ്യത്തിന്റെ കുടുംബം “ആസ്റ്ററാസീയേ“(Asteraceae) ആണ്‌. എണ്ണയോടൊപ്പം അമേരിക്കയില്‍ നിന്നും 16ആം നൂറ്റാണ്ടില്‍ യൂറോപ്പിലേക്ക് സൂര്യകാന്തി വിത്തുകള്‍ കൊണ്ടുവന്നു. സൂര്യകാന്തി പാചക എണ്ണ വളരെ പ്രചാരം നേടി. നാരുകള്‍ കൂടുതലുള്ളതുകൊണ്ട് പേപ്പര്‍ നിര്‍മ്മാണത്തിനും കാലിത്തീറ്റാ മിശ്രിതമായും സൂര്യകാന്തി ഇല ഉപയോഗിക്കാം.

പഞ്ഞിമരം

ദക്ഷിണ-മധ്യ അമേരിക്കന്‍ വംശത്തില്‍പ്പെട്ട മരമാണ് പഞ്ഞിമരം. കപോക്ക്‌, കപോക്കുമരം, നകുലി, പഞ്ഞി ഇലവ്‌, മുള്ളില്ലാപ്പൂള, സീബപ്പരുത്തി, ശീമപ്പൂള എന്നെല്ലാം അറിയപ്പെടുന്നു. (ശാസ്ത്രീയനാമം: Ceiba pentandra). പോർട്ടോ റിക്കോയിലെയും ഗ്വാട്ടിമാലയിലെയും ദേശീയവൃക്ഷമാണിത്.

രൂപവിവരണം

60-70 മീറ്റര്‍ വരെ ഉയരം വയ്ക്കുന്ന വന്മരം. ഇളംതണ്ടിന് പച്ചനിറമാണ്, നല്ല മിനുസവുമുണ്ട്. വളരെ വലിയ മരമായതിനാല്‍ വലുതാകുംതോറും വപ്രമൂലങ്ങള്‍ക്കും (buttress roots) വീതി കൂടി വരുന്നു. കുറുകെ 12 അടിയോളം വീതിയുള്ള മരങ്ങളുണ്ട്.

ഹസ്താകാരസംയുക്തരൂപത്തിലുള്ളതാണ് ഇലകള്‍. ഇലപൊഴിഞ്ഞതിനുശേഷം പുതിയ ഇലകള്‍ വരുന്നതിനു മുന്‍ന്‍പേതന്നെ നിറയെ വെളുത്ത പൂക്കള്‍ പൂങ്കുലകളായി പ്രത്യക്ഷപ്പെടുന്നു. ജനുവരി-ഫെബ്രുവരി മാസങ്ങളിലാണ് പൂക്കളുണ്ടാവുക. മഞ്ഞകലര്‍ന്ന വെള്ളനിറമുള്ള പൂക്കള്‍ക്ക് ചെറിയദുര്‍ഗന്ധം ഉണ്ട്. അത് പരാഗണത്തിനായി വവ്വാലുകളെ ആകര്‍ഷിക്കാനാവാം. കായ ഏപ്രിലില്‍ വിളയും. നൂറുകണക്കിന് പഞ്ഞിക്കായകള്‍ വലിയ മരങ്ങളില്‍ ഉണ്ടാവും. കായകളുടെ ഭാരം കാരണം പലപ്പോഴും കമ്പുകള്‍ ഒടിഞ്ഞുപോവാറുണ്ട്. കായകള്‍ക്ക് ഇലവിന്റെ വിത്തുകളോട് സാമ്യമുണ്ട്. വളരെപ്പെട്ടെന്നു വളരുന്ന വൃക്ഷമാണ് പഞ്ഞിമരം.

കാണപ്പെടുന്ന ഇടങ്ങള്‍

മധ്യഅമേരിക്കയിലാണ് പഞ്ഞിമരം ഉദ്‌ഭവിച്ചത് എന്ന് കരുതുമ്പോഴും ഈ മരത്തിന്റെ കൃത്യമായ ചരിത്രം അറിയില്ല. പലവിധ ഗുണങ്ങളുള്ളതിനാല്‍ വളരെക്കാലമായി പലയിടത്തും ഇതു കൃഷി ചെയ്തുവരുന്നു. ഇപ്പോള്‍ മധ്യരേഖാപ്രദേശത്തിനു തെക്കും വടക്കും 16 ഡിഗ്രി വരെയുള്ളയിടങ്ങളിൽ 900 മീറ്റര്‍ വരെ ഉയരമുള്ള 18-38 ഡിഗ്രി താപനിലയുള്ള സാമാന്യം മഴയുള്ള വെള്ളം കെട്ടിനില്‍ക്കാത്ത ഇടങ്ങളില്‍ പഞ്ഞിമരം കാണുന്നുണ്ട്.

ഗുണങ്ങള്‍

പൂക്കളില്‍ ധാരാളം തേന്‍ അടങ്ങിയിരിക്കും, അതിനാല്‍ല്‍ തന്നെ തേനീച്ചകള്‍ക്ക് പ്രിയപ്പെട്ട വൃക്ഷമാണിത്. സീറ്റുകള്‍, കുഷ്യനുകള്‍, മെത്തകള്‍, ജാക്കറ്റുകള്‍, തലയിണ എന്നിവയ്ക്ക് പഞ്ഞി ഉപയോഗിക്കുന്നു. ശബ്ദത്തെ തടഞ്ഞുനിര്‍ത്തുന്ന ഗുണമുള്ളതിനാല്‍ ശബ്ദശല്യം തടയാന്‍ ഉപയോഗിക്കുന്നു. ഇതെല്ലാം കൂടാതെ ധാരാളം ഗുണമുള്ളതാണ് പൊതുവേ ഈ മരം.

 

ഭക്ഷ്യയോഗ്യമായ ഒരു എണ്ണ പഞ്ഞിക്കുരുവില്‍ നിന്നും വേര്‍തിരിക്കാറുണ്ട്. സോപ്പുണ്ടാക്കാനും ഇതുപയോഗിക്കുന്നു. കാലിത്തീറ്റയായി പഞ്ഞിക്കുരു ഉപയോഗിക്കുന്നു.

വലിയ പഞ്ഞിമരത്തില്‍ പലയിനം ചെടികളും ജീവികളും വസിക്കാറുണ്ട്. പരുത്തിയുടെ പഞ്ഞിയേക്കാള്‍ എട്ടിലൊന്നു ഭാരമേ ഈ മരത്തിന്റെ പഞ്ഞിക്കുള്ളൂ. കോര്‍ക്കിനേക്കാളും അഞ്ചിരട്ടി വെള്ളത്തില്‍ പൊങ്ങിക്കിടക്കാന്‍ കഴിവുള്ള പഞ്ഞി അതിനാല്‍ത്തന്നെ ജലരക്ഷോപകരണങ്ങള്‍ ഉണ്ടാക്കാനും ഉപയോഗിക്കുന്നു. വെള്ളത്തിലിട്ടാല്‍ നനയുകയുമില്ല, കീടബാധയും തീരെക്കുറവാണ്. തീരെ ഭാരം കുറഞ്ഞ തടി വള്ളങ്ങള്‍ ഉണ്ടാക്കാന്‍ മികച്ചതാണ്. അതുകൂടാതെ വിവിധങ്ങളായ പാത്രങ്ങളും സംഗീതോപകരണങ്ങളും എല്ലാം ഉണ്ടാക്കാന്‍ പഞ്ഞിമരത്തിന്റെ തടി ഉപയോഗിക്കുന്നു. പേപ്പറുണ്ടാക്കാനും തടി ഉത്തമമാണ്.

പലയിടത്തും വിറകിനും പുകയിടാനും തടി ഉപയോഗിക്കുന്നു. ഒരു കായില്‍ നിന്നും ഒരു ഗ്രാം പഞ്ഞി കിട്ടും. ചെറുതും മിനുസമുള്ളതുമായ പഞ്ഞി നൂല്‍ നിര്‍മ്മിക്കാന്‍ ഉപയോഗയോഗ്യമല്ല.
ഇലകളും മൊട്ടുകളും കായകളും ജാവയിലും പടിഞ്ഞാറന്‍ ആഫ്രിക്കയിലും വേവിച്ചു തിന്നാറുണ്ട്

സീനിയ അഥവാ സിന്നിയ

വളരേയധികം നിറങ്ങളില്‍ പൂക്കള്‍ ഉണ്ടാകുന്ന ഒരു ഉദ്യാനസസ്യമാണ് സീനിയ അഥവാ സിന്നിയ. ഇരുപതോളം ഉപവര്‍ഗ്ഗങ്ങളുള്ള ജനുസ്സാണ് പുഷ്പിക്കുന്ന സസ്യങ്ങളായ ഇവ ഒരു വര്‍ഷമോ രണ്ടുവര്‍ഷമോ ജീവിത കാലയളവുള്ളവയാണ്. നീളത്തിലുള്ള തണ്ടോടുകൂടിയ പുഷ്പങ്ങള്‍ ഇതിന്റെ പ്രത്യേകതയാണ്. തെക്കേ അമേരിക്കയിലും മെക്സിക്കോയിലുമാണ് ഇവ കണ്ടുവരുന്നത്. ചിത്രശലഭങ്ങള്‍ക്ക് പ്രിയപ്പെട്ട പുഷ്പങ്ങളിലൊന്നാണിത്.

മാധവി, പന്നിവള്ളി, സീതാമ്പു

ഇന്ത്യയിലും മറ്റു ഏഷ്യന്‍ രാജ്യങ്ങളിലും കാണുന്ന നിത്യഹരിതയായ ഒരു ബഹുവര്‍ഷവള്ളിച്ചെടിയാണ് പന്നിവള്ളി, സീതാമ്പു എന്നെല്ലാം പേരുകളുള്ള മാധവി. (ശാസ്ത്രീയനാമം: Hiptage benghalensis). സുഗന്ധവും ഭംഗിയുമുള്ള പുഷ്പങ്ങളുള്ളതിനാല്‍ നട്ടുവളര്‍ത്താറുണ്ട്. ആയുര്‍വേദത്തില്‍ ഔഷധമായി ഉപയോഗിക്കാറുണ്ട്. പലരാജ്യങ്ങളിലും ഇതിനെ ഒരു അധിനിവേശസസ്യമായി കരുതുന്നു.

സിങ്കോണ(Cinchona)

ഹോമിയോപ്പതിയില്‍ ജര്‍മ്മന്‍ ഭിഷഗ്വരനായ സാമുവല്‍ ഹാനിമാന്‍ പരീക്ഷണം നടത്തിയ സസ്യമായിരുന്നു സിങ്കോണ(Cinchona). മലമ്പനിക്കുള്ള ഏറ്റവും പ്രധാന ഔഷധമായ ക്വിനിന്‍ ഉത്പാദിപ്പിച്ചത് ഈ സസ്യത്തില്‍ നിന്നുമാണ്‌[1]. Rubiaceae സസ്യകുടുംബത്തില്പ്പെടുന്ന ഇതിന്റെ ശാസ്ത്രീയനാമം Chinchona calisaya എന്നാണ്‌.. ,.

നീലഗിരി, ഊട്ടി, സിക്കിം, ഹിമാലയസാനുക്കളിലും സിങ്കോണ കൃഷിചെയ്തുവരുന്നു.

പ്രധാനമായും ഉണ്ടാക്കുന്ന ഔഷധം മലമ്പനിക്കെതിരെയുള്ള മരുന്നായ ക്വിനിന്‍ ആണ്‌. പനി വിറയല്‍, വിയര്‍പ്പ് എന്നീ ലക്ഷണങ്ങളോടെ ഉണ്ടാകുന്ന മലമ്പനിക്കാണ്‌ ക്വിനിന്‍ സാധാരണ ഉപയോഗിക്കുന്നത്. കൂടാതെ സാധാരണയില്‍ കവിഞ്ഞ വിശപ്പ്, ഭക്ഷണം കഴിച്ച ഉടനേ വീണ്ടും കഴിക്കണം എന്നുള്ള തോന്നല്‍, എല്ലാ ഭക്ഷണ സാധനങ്ങളോടും അത്യാര്‍ത്തി, ദാനത്തിന്‌ താമസം, വറുവേദന, വയല്‍ സ്തംഭനം എന്നുതുടങ്ങി വര്‍ദ്ധിച്ച രക്തവാതത്തിനുവരെ ക്വിനിന്‍ ഉപയോഗിക്കുന്നു . ചെവിയില്‍ നിന്നും ഉണ്ടാകുന്ന പഴുപ്പ്, മൂക്കില്‍ നിന്നും രക്തംവരിക, സ്വപ്നസ്ഖലനം എന്നീ അവസ്ഥവിശേഷങ്ങള്‍ക്ക് സിങ്കോണയില്‍ നിന്നുമുള്ള ഔഷധം ഉപയോഗിക്കുന്നു

സാമ്പാര്‍ ചീര

സാമ്പാര്‍ ചീര(waterleaf)യുടെ ശാസ്ത്രനാമം Talinum fruticosum എന്നാണ്. ഇന്ത്യ, വെസ്റ്റ് ഇന്‍ഡീസ്,ഇന്ത്യോനേഷ്യ, മലേഷ്യ, അറബ് രാജ്യങ്ങള്‍ എന്നിവടങ്ങളില്‍ വളര്‍ത്തുന്നുണ്ട്. ബ്രസീലില്‍ ആണ് സാമ്പാര്‍ ചീര ഉദ്ഭവിച്ചത് എന്ന് കരുതുന്നു. ഉഷ്ണമേഖല പ്രദേശങ്ങളില്‍ വളരുന്ന ഈ ചെടിയുടെ ഇലകളും ഇളം തണ്ടും പലതരം കറികളുണ്ടാക്കാന്‍ ഉപയോഗിക്കുന്നു.

  • കൃഷിരീതി

ചെടിയുടെ ഇലയും തണ്ടും വളരെ നേര്‍മതയുള്ളതും മാംസളവുമാണ്. വിത്തുമുഖേനയും ഇളമ് തണ്ടുമുറിച്ച് വേരുപിടിപ്പിച്ചുമാണ് തൈകള്‍ ഉണ്ടാക്കുന്നത്. കൃഷിയായി ചെയ്യാന്‍ ഏറ്റവും യോജിച്ച സമയം കാലവര്‍ഷാരംഭമാണ്. നട്ടുകഴിഞ്ഞ് ആറാഴ്ചയ്ക്ക് ശേഷം വിളവെടുപ്പ് തുടങ്ങാം.

സാമുദ്രപ്പച്ച

കുറ്റിച്ചെടിയായും പിന്നീട് വള്ളിച്ചെടിയായും വളരുന്ന ഒരു

ഔഷധസസ്യമാണ് സാമുദ്രപ്പച്ച. വാര്‍ദ്ധക്യത്തെ അകറ്റാന്‍ ഉപയോഗിക്കുന്നതുകൊണ്ട് ‘’വൃദ്ധദാരക’‘ എന്നും പേരുണ്ട്. (ശാസ്ത്രീയ നാമം: Agyreia nervosa (Burm.f.) Boj ) സംസ്കൃതത്തില്‍ വൃദ്ധദരകഃ, വൃദ്ധദാരു, വൃഷ്യഗന്ധ എന്നിങ്ങനെ പേരുകളുണ്ട്. ഇംഗ്ലീഷില്‍ Elephant creeper എന്നാണ് പേരു്. ജന്മദേശം ഇന്ത്യന്‍ ഉപഭൂഖണ്ഡമാണ്. ഹവായി, ആഫ്രിക്ക, കരീബിയന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില് കണ്ടുവരുന്നു. സമുദ്രനിരപ്പില്‍ നിന്നും 500മീറ്റര്‍ വരെ ഉയര്‍ന്ന പ്രദേശങ്ങളിലെ ചതുപ്പുകളിലും നദീതടങ്ങളിലും വളരുന്നു. ഒന്നുരണ്ടു വര്‍ഷത്തോളം കുറ്റിച്ചെടിയായി വളരുന്നു. പിന്നീട് തണ്ടുകള്‍ താഴേയ്ക്ക് വീഴുകയും വള്ളിച്ചെടിയായി വളരുകയും ചെയ്യുന്നു.

സബോള, സവാള, വലിയ ഉള്ളി

ഉള്ളിവര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുന്ന പ്രധാന പച്ചക്കറിയാണ് സബോള അഥവാ സവാള. ചിലയിടങ്ങളില്‍ വലിയ ഉള്ളി എന്നും പറയാറുണ്ട്. അല്ലിയേസീയു കുടുംബത്തില്‍ പെട്ട സസ്യമാണിത്. ശാസ്ത്രനാമം: അല്ലിയം സിപ. ലോകമാകെ ഏറ്റവും വ്യാപകമായി കൃഷി ചെയ്യുന്ന ഉള്ളിവര്‍ഗ്ഗമാണ് സവാള. സ്വന്തം നിലയിലും മറ്റനേകം കറികളിലും ചേര്‍ത്ത് സവാള ഉപയോഗിക്കുന്നു. മറ്റു ഭക്ഷണങ്ങള്‍ക്ക് രുചി വര്‍ദ്ധിപ്പിക്കാനും സാലഡ്, അച്ചാര്‍ എന്നിവയുണ്ടാക്കാനും ഇത് ഉപയോഗിക്കുന്നു.

ഉള്ളിയുടെ വലിയ കോശങ്ങള്‍ മൈക്രോസ്കോപ്പ് വഴി നോക്കുമ്പോള്‍ വ്യക്തമായി കാണുന്നതിനാല്‍ ശാസ്ത്രമേളകളിലും മറ്റും ഉപയോഗിക്കുന്നുണ്ട്. തുണിക്ക് ചായ കൊടുക്കാനും ഉള്ളിക്ക് കഴിയും. 7000 വര്‍ഷങ്ങള്‍ക്ക് മുന്നെ ഉള്ളി ഉപയോഗിച്ചിരുന്നുവെന്ന് കരുതുന്നു. ഹോമിയോപ്പതിയില്‍ ഉള്ളിക്ക് വലിയ പ്രാധാന്യമുണ്ട്. സവാള ഉല്‍പ്പാദനത്തില്‍ ചൈനയ്ക്ക് പിന്നില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനമുണ്ട്.

സര്‍പ്പപ്പോള

ആഫ്രിക്കന്‍ വംശജനായ ഒരു അലങ്കാരച്ചെടിയാണ് സര്‍പ്പപ്പോള (ശാസ്ത്രീയനാമം: Sansevieria trifasciata). നിത്യഹരിത ബഹുവര്‍ഷകുറ്റിച്ചെടി. മണ്ണില്‍നിന്നും നേരേ ഉയര്‍ന്നുനില്‍ക്കുന്ന കട്ടിയുള്ള ഇലകള്‍. പാമ്പിനെപ്പോലെയുള്ള രൂപത്താല്‍ ഇതു പാമ്പുചെടിയെന്ന് അറിയപ്പെടുന്നു. മൂര്‍ച്ചയുള്ള വശങ്ങളുള്ളതിനാല്‍ അമ്മായിയമ്മയുടെ നാവെന്നും ഇതിനെ വിളിക്കുന്നു. വളരെക്കുറച്ച് വെളിച്ചവും വെള്ളവും മാത്രം മതിയായതുകൊണ്ട് ചട്ടിയില്‍ വളര്‍ത്താനും വീടിനുള്ളില്‍ വളര്‍ത്താനും അനുയോജ്യമാണ്. . നാസയുടെ ഒരു പഠനപ്രകാരം വിഷാംശമുള്ള നൈട്രജന്‍ ഓക്സൈഡുകളും ഫോര്‍മാന്‍ഡിഹൈഡും മറ്റും വലിച്ചെടുത്ത് അന്തരീക്ഷം ശുദ്ധീകരിക്കാന്‍ ഈ ചെടിക്കുള്ള കഴിവുകാരണം വീടിനുള്ളില്‍ വളര്‍ത്താന്‍ ഏറ്റവും യോജിച്ച ചെടിയാണിതെന്നാണ്.

സര്‍പ്പഗന്ധി

ഇന്ത്യയിലേയും മലേഷ്യയിലേയും നിത്യഹരിത വനങ്ങളിലും, ഇലപൊഴിയും വനങ്ങളിലും കാണപ്പെടുന്ന കുറ്റിച്ചെടി ആണ് സര്‍പ്പഗന്ധി അഥവാ അമല്‍പ്പൊരി. “അപ്പോസൈനേസീ“ എന്ന കുടുംബത്തില്‍ പെട്ട ഈ സസ്യം “റാവോള്‍ഫിയ സെര്‍പ്പെന്റൈന”(Rauwolfia serpentina) എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്നു.

ഒരു മീറ്റര്‍ ഉയരത്തില്‍ വരെ വളരുന്ന സര്‍പ്പഗന്ധിയുടെ ഇലകള്‍ക്ക് കടും പച്ച നിറമാണ്. കാണ്ഡത്തിലെ പര്‍വ്വസന്ധിയില്‍(Node) നിന്നും മൂന്നിലകളുണ്ടാകും. മണ്‍സൂണ്‍ കാലത്തിനുശേഷമാണ് ചെടി പൂവിടാന്‍ തുടങ്ങുന്നത്. ചുവന്ന ഞെട്ടും, പുഷ്പവൃതിയുമുള്ള പൂക്കുലകളില്‍ വെളുത്ത പൂക്കളാണുണ്ടാവുക. പരാഗണശേഷം പൂങ്കുല അവശേഷിച്ച് പൂക്കള്‍ കൊഴിയുന്നു, ഏതാനം ദിവസങ്ങന്ക്കകം തത്സ്ഥാനത്ത് പച്ച കായ്കള്‍ പ്രത്യക്ഷപ്പെടുന്നു. ഒരു മാസത്തില്‍ താഴ്ന്ന കാലം കൊണ്ട് കായ്കള്‍ പഴുക്കുന്നു. കായ്കള്‍ കടുത്ത പിങ്കുനിറം പ്രാപിക്കുമ്പോളിതു മനസ്സിലാക്കാം. തണലും, ചൂടും, ആര്‍ദ്രതയുമുള്ള പ്രദേശങ്ങളിലാണ് സര്‍പ്പഗന്ധി വളരുന്നത്. വിത്തുകള്‍ നട്ടും, കാണ്ഡം, വേര് മുതലായവ മുറിച്ചു മാറ്റിനട്ടും വളര്‍ത്തിയെടുക്കാം

നീര്‍പേഴ്, ആറ്റുപേഴ്, സമുദ്രശോഷ

ചെറിയ സംസ്ത്രാദി, നീര്‍പേഴ്, സമുദ്രശോഷ എന്നെല്ലാം അറിയപ്പെടുന്ന ആറ്റുപേഴ് ഇടത്തരം വലിപ്പമുള്ള ഒരു നിത്യഹരിതവൃക്ഷമാണ്. (ശാസ്ത്രീയനാമം: Barringtonia acutangula). ഒരു വേദനാസംഹാരിയായും മല്‍സ്യവിഷമായും വളരെക്കാലമായി ഉപയോഗിച്ചുവരുന്ന ഒരു സസ്യമാണിത്. വേദനാസംഹാരിയെന്നനിലയില്‍ പുതിയ പഠനങ്ങള്‍ നടന്നുവരുന്നു.

സപ്പോട്ട, ചിക്കു

സപ്പോട്ടേസ്യ കുടുംബത്തിലെ ഒരു അംഗമായ സപ്പോട്ട ‘ചിക്കു’ എന്നും അറിയപ്പെടുന്നു. സപ്പോട്ട കേരളത്തില്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് വളരെക്കാലമായി. ബോംബേ, ബീഹാര്‍, തമിഴ്‌നാട്, മൈസൂര്‍ എന്നീ പ്രദേശങ്ങളില്‍ സപ്പോട്ട ഒരു വാണിജ്യ വിളയായി വന്‍തോതില്‍ കൃഷി ചെയ്തുവരുന്നു. സപ്പോട്ട കായ്കള്‍ക്ക് മരോട്ടിക്കായ്കളോട് സാദൃശ്യമുണ്ട്. ഇതിന്‍റെ തൊലിക്ക് തവിട്ടുനിറമാണ്. പരുപരുത്തിരിക്കും, തീരെ കനമില്ല. പഴത്തിനു തേനിൻറെ മാധുര്യവും. സപ്പോട്ട എല്ലാ മാസങ്ങളിലും കായ്ക്കുമെങ്കിലും ജനുവരി-ഫെബ്രുവരി, മേയ്-ജൂണ്‍ എന്നീ മാസങ്ങളിലാല്‍ കൂടുതല്‍ കായ്കള്‍ നല്‍കുന്നത്.

കല്ലുരുക്കി

കേരളത്തില്‍ പരക്കെ കാണപ്പെടുന്ന ഒരു ഔഷധസസ്യം ആണ്‌ കല്ലുരുക്കി. ഇതിന്റെ ശാസ്ത്രീയനാമം Scoparia dulcis എന്നാണ്‌. ഈ സസ്യം Scrophulariaceae സസ്യകുടുംബത്തില്‍ പെടുന്നു. മലയാളത്തില്‍ , ഋഷിഭക്ഷ എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഈ സസ്യത്തിന്റെ സംസ്കൃതനാമം ആസ്മാഗ്നി എന്നാണ്‌. ഏകദേശം 30 സെന്റീമീറ്റര്‍ പൊക്കത്തില്‍ വളരുന്ന ഒരു വാര്‍ഷിക സസ്യമാണ്‌ കല്ലുരുക്കി. ചെറിയ ഇലകള്‍ പച്ചനിറമുള്ള തണ്ടിന്റെ ചുറ്റുപാടും കാണപ്പെടുന്നു. തണ്ടുകള്‍ പച്ചനിറത്തില്‍ ശാഖകളായി വളരുന്നു. ചെറിയ വെളുത്ത പൂക്കളാണ്‌ ഇതിനുള്ളത്. വിത്തുകള്‍ തൊങ്ങലുകള്‍ പോലെ പച്ചനിറത്തില്‍ കാണപ്പെടുന്നു. സമൂലമായിട്ടാണ്‌ കല്ലുരുക്കി ഔഷധങ്ങളില്‍ ഉപയോഗിക്കുന്നത് കഫം, പിത്തം, പനി, മുറിവ്, ത്വക്ക് രോഗങ്ങള്‍, മൂത്രത്തിലെ കല്ല് തുടങ്ങിയവയ്ക്ക് ഔഷധമായി ഉപയോഗിക്കുന്നു

ശീമവേപ്പ് അഥവാ മലവേപ്പ്

പലപ്പോഴും ആര്യവേപ്പെന്നു തെറ്റിദ്ധരിക്കപ്പെടുന്ന ഒരു മരമാണ് ശീമവേപ്പ് അഥവാ മലവേപ്പ്. (ശാസ്ത്രീയനാമം: Melia azedarach). ഇന്ത്യന്‍ വംശജനായ ഒരു വലിയ നിത്യഹരിതവൃക്ഷമാണിത്. 45 മീറ്റര്‍ വരെ ഉയരം വയ്ക്കാറുണ്ട്. കൂട്ടമായി കാണുന്ന പൂക്കള്‍ക്ക് നല്ല സുഗന്ധമുണ്ട്. ഇലകള്‍ക്ക് ആര്യവേപ്പിന്റെ ഇലയോളം കയ്പില്ല. പക്ഷികളാണ് വിത്തുവിതരണം നടത്തുന്നത്. ഇപ്പോള്‍ ചൂടുകാലാവസ്ഥയുള്ള എല്ലാ നാട്ടിലും വളര്‍ത്താറുണ്ട്. നൈജീരിയയില് ധാരാളമായി വളര്‍ത്തിവരുന്നുണ്ട്. 

തടിക്കായാണ് പ്രധാനമായും വളര്‍ത്തുന്നത്. തേക്കിന്റെ തടിയുമായി കാഴ്ചയ്ക്ക് സാമ്യമുണ്ട്. നല്ല പോഷകമൂല്യമുള്ള ഇലകള്‍ കാലിത്തീറ്റയായി ഉപയോഗിക്കുന്നു. വിറകിനും തടി നല്ലതാണ്. കായകള്‍ ആഭരണമായും മാല കൊരുക്കാനും ഉപയോഗിക്കാറുണ്ട്. കാപ്പിത്തോട്റ്റത്തില്‍ തണല്‍ വൃക്ഷമായി ഉപയോഗിക്കുന്നു. അലങ്കാരവൃക്ഷമായി നട്ടുവരുന്നുണ്ട്. കരിമ്പിന്റെയും ഗോതമ്പിന്റെയും കൂടെ മിശ്രവിളയായി ശീമവേപ്പ് നട്ടുവളര്‍ത്താറുണ്ട്.

ഔഷധഗുണം തടിയും കായും നിമറ്റോഡയ്ക്കെതിരായ ചികില്‍സയില്‍ ഉപയോഗിക്കുന്നു. ഇലകളും പൂക്കളും മണിപ്പൂരില്‍ തലവേദനയ്ക്കെതിരായ ചികില്‍സയ്ക്ക് ഉപയോഗിക്കാറുണ്ട്. ഇലയും കായും പഴവും പ്രാണികളെ ഓടിക്കാന്‍ നല്ലതാണ്. കുരുവില്‍ നിന്നും കിട്ടുന്ന എണ്ണ വാതചികില്‍സയ്ക്കും ആസ്തമയ്ക്കും ഉപയോഗിക്കുന്നു.

വിഷാംശം മരം മുഴുവന്‍ തന്നെ മനുഷ്യന് വിഷമാണ്. ആറോളം കായ തിന്നാല്‍ തന്നെ മരണം സംഭവിക്കാം. കൂടുതല്‍ പഴങ്ങള്‍ തിന്നുന്ന പക്ഷികള്‍ മരവിച്ചുപോവുന്നതായി കാണാറുണ്ട്.

കടപ്പാട് -കൃഷിയിടം.കോം

2.94339622642
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top