Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

സമഗ്ര കൃഷി വിവരങ്ങള്‍

കൂടുതല്‍ വിവരങ്ങള്‍

സൂര്യകാന്തിയിൽ നിന്ന് എണ്ണ മാത്രമല്ല, തേനും

സൂര്യകാന്തിയിൽ നിന്ന് എണ്ണമാത്രമല്ല, തേനും ലഭിക്കും. സമശീതോഷ്ണ മേഖലയിലെ എണ്ണക്കുരുവാണ് സൂര്യ കാന്തി. സസ്യഎണ്ണയുടെ പ്രധാന ഉറവിടം. പൂവിടലിനെ തുടർന്ന് സൂര്യകാന്തിച്ചെടി ചൊരിയുന്ന പൂന്തേൻ അഥവാ നെക്ടർ ശേഖരിക്കാൻ തേനീച്ചയെ തോട്ടത്തിലിറക്കാം. ഇങ്ങനെ സൂര്യകാന്തിത്തോട്ടത്തിൽ തേനീച്ചപ്പെട്ടികൾ സ്ഥാപിച്ചാൽ ഇവമൂലമുണ്ടാകുന്ന പരപരാഗണം മൂലം ഭാരം കൂടിയ വിത്തുകളുമുണ്ടാകും. ഇതിൽ നിന്ന് കൂടുതൽ എണ്ണ ലഭ്യമാകും. ഒപ്പം തേനും ശേഖരിക്കാം. 30 കിലോ തേൻവരെ ഒരു ഇറ്റാലിയൻ തേനീച്ചക്കൂട്ടിൽ നിന്നു ലഭിക്കും.

വർധിച്ച തോതിലുള്ള ആന്‍റി ഓക്സിഡന്‍റുകളുടെയും ആന്‍റി കാൻസർ, ആന്‍റിറ്റ്യൂമർ വസ്തുക്കളുടെയും സാന്നിധ്യം കാൻസർ ചികിത്സയിൽ സൂര്യകാന്തിതേനിനെ ഫലപ്രദമായ ഒൗഷധമാക്കുന്നു. ഈ തേനിലുള്ള ആന്‍റി ഓക്സിഡന്‍റുകൾ ക്രമാതീതമായ കോശവിഭജനം തടയുകയും പുതിയ കോശനിർമാണത്തിന് സഹായിക്കുകയും ചെയ്യും. കൂടാതെ രോഗപ്രതിരോധ ശേഷി വർധിപ്പിച്ച് വാർദ്ധക്യത്തെ കുറച്ച് നിത്യയൗവനം കാത്തുസൂക്ഷിക്കും. കോശങ്ങളെ പുനർജീവിപ്പിക്കാനും സഹായിക്കുന്നു.

ഫ്രാൻസ്, സ്വിറ്റ്സർലൻഡ്, ജർമനി, സ്പെയിൻ എന്നിവരാണ് സൂര്യകാന്തിതേനിന്‍റെ മുഖ്യ ഉപഭോക്താക്കൾ. ജപ്പാനിലും ചൈനയിലും കാനഡയിലും സ്കൂൾ കുട്ടികൾക്ക് സർക്കാർ വിതരണം നടത്തുന്ന തേനിൽ മുൻപന്തിയിൽ നിൽക്കുന്നത് സൂര്യകാന്തി തേനാണ്. പതിവായ ഉപയോഗം കൊണ്ട് തേനിലെ സ്നേഹാമ്ലങ്ങൾ ദഹനേന്ദ്രിയത്തിന്‍റെ പ്രവർത്തനം ഉത്തേജിപ്പിച്ച് ദഹനം വർധിപ്പിച്ച് വിശപ്പുണ്ടാക്കും. ഇത് കുട്ടികളുടെ വളർച്ചയ്ക്കും ബുദ്ധിവികാസത്തിനും സഹാ യിക്കും. തേനിലെ എൻസൈമുകളും ജീവകങ്ങളും ശരീരത്തിന്‍റെ തേജസും ഓജസും വർധിപ്പിക്കും.

ചുമ, കഫക്കെട്ട്, ജലദോഷം, തൊണ്ടവേദന, ഒച്ചയടപ്പ്, ആസ്തമ, ടോണ്‍സലൈറ്റിസ്, പനി, നേത്രരോഗങ്ങൾ, പല്ലു വേദന, തലകറക്കം, മൈഗ്രേൻ, അപസ്മാരം, ഹൃദ്രോഹം, കൊളസ്ട്രോൾ, രക്തസമ്മർദ്ദം, പ്രമേഹം, കരൾ വീക്കം, വയറ്റിലെ അസുഖങ്ങൾ, മൂത്രാശയരോഗങ്ങൾ, വന്ധ്യത, ആർത്രൈറ്റിസ്, ത്വക്കുരോഗങ്ങൾ തുടങ്ങിയവയ്ക്ക് സൂര്യകാന്തി തേൻ ഒൗഷധമാണ്. 
സൂര്യകാന്തി എണ്ണ ഉത്പാദനത്തിൽ ഒന്നാം സ്ഥാനം ഇന്ത്യക്കാണ്. ഏതുകാലത്തും സൂര്യ കാന്തി വളരും. എങ്കിലും പൊതുവെ കൃഷി ആരംഭിക്കുന്നത് ഡിസംബർ-ജനുവരി മാസത്തിലാണ്. കൃഷിക്ക് നിലമുഴുതതിനു ശേഷം ഏക്കറിന് 3-4 ടണ്‍ കാലി വളം മണ്ണിൽ ചേർക്കണം. 60ഃ30 സെന്‍റിമീറ്റർ അകലത്തിൽ വിത്തു വയ്ക്കുകയാണ് പതിവ്. വിത്തു മുളച്ച് തൈവളരുന്ന സമയത്ത് തണുപ്പ് ആവശ്യമാണ്. നാലു മുതൽ ആറുവരെ ഇല വരുന്പോൾ പൂവിടൽ ആരംഭിക്കും. വർധിച്ച വിളവിന് നല്ല സൂര്യപ്രകാശം ആവശ്യമാണ്. തേൻ സംഭരിക്കാൻ മൈഗ്രേറ്ററി ബീകീപ്പിംഗ് രീതി ഉപയോഗിക്കാം. കാസർ ഗോട്ടെ ഏലിയാമ്മ സിബി എന്ന തേനീച്ചകർഷക ഇത്തരത്തിൽ സൂര്യകാന്തിതേൻ സംഭരിക്കുന്നുണ്ട്. ഇവിടെ തേൻസ്രോതസ് അവസാനിക്കുന്ന സമയം കർണാ ടകയിലെ കൂർഗിലെയും മൈസൂരിലെയും സൂര്യകാന്തിപ്പാടങ്ങളിൽ തേനീച്ചപ്പെടി മാറ്റിവച്ച് തേൻ ശേഖരിക്കുന്നുണ്ട് ഇവർ. പെരുംതേനീച്ച (എപ്പിസ്ഡോർ സേറ്റ), കോൽതേനീച്ച (എപ്പിസ് ഫ്ളോറിയ), ഇറ്റാലിയൻ തേനീച്ച (എപ്പിസ്മെല്ലിഫെറ), ഇന്ത്യൻ തേനീച്ച (എപ്പിസ്സെറാന ഇൻ ഡിക്ക), ചെറുതേനീച്ച (ടെട്രാഗൊ ണുലഇറിടിപ്പെന്നിസ്) എന്നീ തേനീച്ച ജനുസുകളെ തേൻ ശേഖരിക്കാൻ പ്രയോജനപ്പെടുത്താം. കൂടാതെ സൈലോകോപ്പ, ബംബിൾ ബീസ്, കാർപ്പെന്‍റർ ബീസ,് ലീഫ് കട്ടർ ബീസ്, ഡിക്ഷർ ബീസ്, സ്വൊറ്റ് ബീസ് എന്നീ വന്യഈച്ചകളുടെ സാന്നിധ്യവും തിരിച്ചറിഞ്ഞിട്ടുണ്ട്.

സൂര്യകാന്തി തോട്ടത്തിൽ മാറ്റി സ്ഥാപിക്കുന്ന തേനീച്ചയ്ക്ക് ഒരുമാസം വേണ്ടുവോളം പൂന്പൊടിയും പൂന്തേനും ലഭിക്കുന്നു. 20-40 ഡിഗ്രി സെൽഷ്യസ് ഉൗഷ്മാവുള്ള സമയമാണ് കൂടുതൽ തേൻ ചൊരിയുന്നത്. 1500 ചെറു പുഷ്പങ്ങൾ ചേർന്നതാണ് ഒരു പൂങ്കുല. പൂങ്കുലയുടെ ചുറ്റും ആദ്യം കാണുന്ന പൂക്കൾ തേനിന്‍റെ കലവറയാണ്. ലോകത്തിലെ തേനുകളിൽ മുന്തിയ ഗുണ നിലവാരമുള്ള സ്വാദിഷ്ടമായ രുചിയും മണവുമുള്ള സൂര്യ കാന്തിതേനിന് ഓറഞ്ചു കലർന്ന മഞ്ഞനിറമാണുള്ളത്.
വെള്ളായണി തേനീച്ച പരാഗണ ഗവേഷണകേന്ദ്രം ലബോറട്ടറി പരിശോധനയിൽ ഈ തേനിൽ 18.9 ശതമാനം ജലാംശം, 39.2 ശതമാനം ഫ്രക്ടോസ്, 37.4 ശതമാനം ഗ്ലൂക്കോസ്, 0.3 ശത മാനം സൂക്രോസ്, 3.8 അമ്ലത എന്നിവ രേഖപ്പെടുത്തി. വർധിച്ച തോതിലുള്ള (76.6) ഗ്ലൂക്കോസ്- ഫ്രക്ടോസ് സാന്നിധ്യം സൂര്യകാന്തിതേനിനെ കുടുതൽ മധുരമുള്ളതാക്കുന്നു. 

ഉയർന്ന ഗ്ലൂക്കോസ്- ഫ്രക് ടോസ് അനുപാതം ദീർഘനാളുകൾ സൂക്ഷിക്കുന്ന തേനിനെ കട്ടപിടിപ്പിക്കുന്നു. ചൂടാക്കിയ വെള്ളത്തിൽ കുപ്പിയോടെ ഇറക്കിവെച്ച് ഇതിനെ ദ്രാവക തേനാക്കാവുന്നതാണ്. ധാതുക്കൾ, ആന്‍റിഓക്സിഡന്‍റുകൾ അഥവാ നിരോക്സീകാരികൾ, അമ്ലങ്ങൾ, അമിനോ അമ്ലങ്ങൾ, ജീവകങ്ങൾ, എൻസൈമുകൾ എന്നിവയും ഈ തേനിലുണ്ട്. കൂടാതെ നൈട്രോ ജീനസ് വസ്തുക്കൾ, ആൽ ക്കലോയ്ഡുകൾ, ബയോ ജനിക്ക്സ്റ്റിമുലേറ്റേഴ്സ്, പ്ലാന്‍റ് ആന്‍റിബയോട്ടിക്കുകൾ, ഓർഗാനിക് ആസിഡുകൾ, എസെൻഷ്യൽ ഓയിലുകൾ, വോളറ്റയിൽ ഹോർമോ ണൽ വസ്തുക്കൾ എന്നിവയും ഈ തേനിലെ ഘടകങ്ങളാണ്. 

ഹെലിയാന്തസ് ആനസ് എന്ന ശാസ്ത്ര നാമമുള്ള സൂര്യകാന്തി ഇനമാണ് ഇന്ത്യയിൽ മുഖ്യമായും കൃഷിചെയ്യുന്നത്. അസ്റ്ററേസിയെ കുടുംബത്തിൽപ്പെടുന്ന സൂര്യ കാന്തിക്ക് 70 ജനുസുകളുണ്ട്. വടക്കേ അമേരിക്കയാണ് ജ·സ്ഥലം.

ഹെലിയാന്തസ് അഥവാ സൂര്യകാന്തിപ്പൂവ് എന്നത് ഗ്രീക്കു പദമായ ഹെലിയോസ്= സൂര്യൻ, ആന്തോസ് = പൂവ്, ഇവയിൽ നിന്നും രൂപപ്പെട്ടതാണ്. ഫോണ്‍ : 8547190984, 9847063300

പ്രഫ.ഡോ. കെ.എസ്. പ്രമീള
തേനീച്ച പരാഗണ ഗവേഷണ കേന്ദ്രം മേധാവി, കാർഷിക കോളജ,് വെള്ളായണി.

ഡോ. സ്റ്റീഫൻ ദേവനേശൻ
മുൻ ഡീൻ, കേരള കാർഷിക സർവകലാശാല

തക്കാളി കൃഷി ശാസ്ത്രീയമായി

തക്കാളി ശീതകാലവിളയായും കൃഷി ചെയ്യാം. കേരളീയർ മറ്റു പച്ചക്കറികളെപ്പോലെതന്നെ തക്കാളിക്കും അന്യസംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. ഇതരസംസ്ഥാനങ്ങളിൽ നിന്നും വരുന്ന തക്കാളി ഉൾപ്പെടെയുള്ള പച്ചക്കറികളിൽ ഉയർന്ന അളവിൽ മാരകമായ കീടനാശിനികൾ ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ഇവ കാൻസർപോലുളള മാരകരോഗങ്ങൾക്ക് വഴിതെളിക്കുകയും ചെയ്യാം. കൂടാതെ തക്കാളി കൂടുതൽ കാലം കേടുവരാതിരിക്കാനും കാഴ്ചയിൽ ഭംഗിയുളളതാക്കാനും വേണ്ടി മെഴുകിൽ മുക്കാറുണ്ട്. അതും ശരീരത്തിന് ദോഷമേ ചെയ്യൂ. ഇത്തരം തക്കാളികൾക്ക് കാത്തുനിൽക്കാതെ വീട്ടാവശ്യത്തിനുളള തക്കാളി നമുക്ക് വീട്ടിൽതന്നെ ഉണ്ടാക്കാവുന്നതാണ്. 

20-25 ഡിഗ്രി സെൽഷ്യസ് താപനിലയുളള കാലാവസ്ഥയാണ് തക്കാളി കൃഷിക്ക് അനുയോജ്യം. കനത്ത മഴയും അന്തരീക്ഷഈർപ്പവും ഈ വിളയ്ക്ക് അനുയോജ്യമല്ല. നല്ല നീർവാർച്ചയും വളക്കൂറും ജലസംഭരണ ശേഷിയുമുളള പശിമരാശി മണ്ണാണ് കൃഷിക്ക് അനുയോജ്യം. വിത്തുപാകി മുളപ്പിച്ച തൈകളാണ് നടുന്നത്. വിത്തുകൾ നല്ലയിനമായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ശക്തി, മുക്തി, അനഘ, വെളളായണി വിജയ്, മനുലക്ഷ്മി, മനുപ്രഭ എന്നിവ ബാക്ടീരിയൽ വാട്ട ത്തെ പ്രതിരോധിക്കാൻ കഴിവുളളതും കേരളത്തിൽ കൃഷി ചെയ്യാൻ യോജിച്ചതുമായ ഇനങ്ങളാണ്. മഴമറയിൽ കൃഷി ചെയ്യാവുന്ന തക്കാളി ഇനമാണ് അക്ഷയ.’

ശക്തി ഇനം ഉരുണ്ട ് 50-60 ഗ്രാം തൂക്കം വരുന്ന കായ്കൾ നൽകും. ശരാശരി വിളവ് ഹെക്ടറിന് 32 ടണ്‍. മുക്തി ഇനം വെളള നിറമുളള ഉരുണ്ട കായ്കൾ നൽകും. പഴുക്കു ന്പോൾ നല്ല ചുവപ്പു നിറം, ശരാശരി വിളവ് ഹെക്ടറിന് 43.5 ടണ്‍. ഇടത്തരം വലുപ്പമുളള കായ്കൾ തരുന്ന ഇനമാണ് അനഘ. കായകൾക്ക് 45 ഗ്രാം തൂക്കം. ശരാശരി വിളവ് ഹെക്ടറിന് 30 ടണ്‍. ഇല ചുരുളൽ, മൊസേക്ക്, പഴം വിളളൽ എന്നിവയെ പ്രതിരോധിക്കാൻ കഴിവുണ്ട്. ഹെക്ടറിന് ശരാശരി 32.5 ടണ്‍ വിളവു തരുന്ന ഇനമാണ് പുസാ റൂബി. പച്ചക്കറിയായും സംസ്കര ണത്തിനും യോജിച്ച ഇനമാണ്. 

പുസാ ഏർളി ഡ്വാർഫ് തൈകൾ നട്ട് 75-80 ദിവസം വിളവെടുപ്പു തുടങ്ങാം. ശരാ ശരി വിളവ് ഹെക്ടറിന് 35 ടണ്‍. 70-75 ഗ്രാം തൂക്കമുള്ള കായകൾ നൽകുന്ന ഇനമാണ് അർക്കാ ശ്രേഷ്ഠ. 140 ദിവസം മൂപ്പുളള ഈ ഇനത്തിന്‍റെ ശരാശരി വിളവ് ഹെക്ടറിന് 76 ടണ്ണാണ്. ബാക് ടീരിയൽ വാട്ടത്തെ പ്രതിരോധിക്കാൻ കഴിവുള്ള ഇനമാണിത്. 130 ദിവസം മൂപ്പുള്ള ഇനമാണ് അർക്കാ അലോക്. ഈ സങ്കരയിനത്തിന്‍റെ കായ്കൾക്ക് 120 ഗ്രാം തൂക്കം വരും. ശരാശരി വിളവ് ഹെക്ടറിന് 46 ടണ്‍. അർക്കാ ആഭ 75 ഗ്രാം വരെ തൂക്കമുളള കായ് കളുള്ളവയാണ്. 140 ദിവസം മൂപ്പ്. ശരാശരി വിളവ് ഹെക്ടറിന് 43 ടണ്‍. ഉരുണ്ട ് 65-70 ഗ്രാം വരെ തൂക്കം വരുന്ന കായ്കളുള്ള ഇനമാണ് അർക്കാ അഭിജിത്ത്. ശരാശരി വിളവ് ഹെക്ടറിന് 65 ടണ്‍. 140 ദിവസം മൂപ്പുളള ഈ ഇനത്തിന് ബാക്ടീരിയൽ വാട്ടത്തെ പ്രതിരോധിക്കാൻ കഴിവുണ്ട്.

ഒരു ഹെക്ടറിലേക്ക് 400 ഗ്രാം വിത്താണ് നടാനായി ആവശ്യം. വിത്തുകൾ പാകാനായി 90-100 സെന്‍റീമീറ്റർ വീതിയും ആവശ്യത്തിന് നീളവുമുളള ബഡുകൾ തയാറാക്കാം. തയാറാക്കിയ ബെഡുകളിൽ ആവശ്യത്തിന് ജൈവവളമോ കന്പോസ്റ്റോ ചേർക്കുക. ശേഷം വിത്തുകൾ പാകി പുതയിടുകയും നന്നായി നനച്ചുകൊടുക്കുകയും ചെയ്യുക. വിത്തുകൾ മുളച്ചയുടൻ പുത മാറ്റാവുന്നതാണ്. ബെഡ്ഡുകളിൽ പാകുന്ന തൈകൾ മാറ്റി നടുന്പോൾ വേരുപടലങ്ങൾക്ക് കേടു സംഭവിക്കുന്നതിനാൽ പ്രോ ട്രേകളിൽ പാകുന്നതാണ് ഉത്തമം. പാകിയ വിത്തുകൾ ഉറുന്പുകൾ കൊണ്ടുപോകുന്നത് തടയുന്നതിനായി മഞ്ഞൾപ്പൊടിയും ചാരവും തുല്യ അളവിൽ ചേർത്ത മിശ്രിതം വിതറാവുന്നതാണ്. വെളളം കെട്ടി നിൽക്കുന്ന സാഹചര്യം പരമാവധി ഒഴിവാക്കുക. 

ഒരു മാസം പ്രായമായ തൈകൾ പറിച്ചു നടാവുന്നതാണ്(12-15 സെന്‍റീമീറ്റർ വലുപ്പമുളള തൈകൾ). തക്കാളി കൃഷിക്കായി നിലം നന്നായി കിളച്ചൊരുക്കണം. മണ്ണു പരിശോധനയുടെ അടിസ്ഥാനത്തിൽ കുമ്മായം ചേർത്തുകൊടുക്കണം. കൃഷി സ്ഥലത്തിന്‍റെ കിടപ്പനുസരിച്ച് വാരങ്ങൾ കോരിയോ, ചാലുകൾ എടുത്തോ തടം കൊത്തിയോ 60 ഃ 60 സെന്‍റീമീറ്റർ അകലത്തിൽ ഒക്ടോബർ- നവംബർ മാസങ്ങളിൽ തൈകൾ പറിച്ചു നടാം. ജൈവവളങ്ങൾ ആവശ്യത്തിനുപയോഗിച്ചാൽ മാത്രമേ ജൈവാംശം മണ്ണിൽ നിൽക്കുകയുളളു. ഒരേക്കറിന് എട്ടു ടണ്‍ ജൈവവളത്തിന്‍റെ കൂടെ രണ്ടു കിലോ വീതം സ്യൂഡോ മോണാസ്, ട്രൈക്കോഡർമ, അസറ്റോബാ ക്ടർ, മൈക്കോ റൈസ എന്നിവയും ചേർക്കണം. ജൈവവളങ്ങളോടൊപ്പം രാസവളങ്ങളും ചേർ ന്നുളള സംയോജിത വളപ്രയോഗമാണ് ഏതൊരു കൃഷിയിലെയും പോലെ തക്കാളി കൃഷിയിലും അവലംബിക്കേണ്ടത്. ഇവ തക്കാളിയുടെ വളർച്ചയ്ക്കും വിളവിനും അത്യാ വശ്യമാണ്.

കളകൾ പറിച്ച് വൃത്തിയാക്കിയ ശേഷം വേണം വളപ്രയോഗം നടത്താൻ. ഫോസ്ഫറസ് വളം (രാജ്ഫോസ്) അടിവളമായാണ് ചേർക്കുക. രാസവളങ്ങൾ മണ്ണിൽ ചേർത്തിളക്കി നന്നായി നനച്ച ശേഷം പുതയിടാവുന്നതാണ്. രാസവള പ്രയോഗത്തിനുശേഷം നന അത്യാവശ്യമാണ്. പുതയിടുന്നതുവഴി മണ്ണിൽ ഈർപ്പം നിലനിർത്തുന്നതിനും രാസവളങ്ങളുടെ ഉപയോഗക്ഷമത വർധിപ്പിക്കുന്നതിനും സഹായിക്കും.

വീട്ടാവശ്യത്തിനുളള തക്കാളി ഗ്രോബാഗുകളിലോ ചട്ടികളിലോ ചാക്കുകളിലോ കൃഷി ചെയ്യാവുന്നതാണ്. വില കൂടുതലുളള ചട്ടികൾക്കു പകരം വളച്ചാക്കുകൾ, സിമന്‍റു ചാക്കുകൾ എന്നിവ നല്ലതുപോലെ കഴുകി വൃത്തി യാക്കിയതിനുശേഷം ഉപയോഗി ക്കാവുന്നതാണ്. മണ്ണ്, മണൽ, ചാണകപ്പൊടി എന്നിവ 1:1:1 എന്ന തുല്യഅനുപാതത്തിൽ എടുത്ത് കട്ടയും കല്ലും നീക്കി നന്നായി ഇളക്കി ചേർത്താണ് നടീൽ മിശ്രിതം തയാറാക്കേണ്ടത്. ചാക്കിൽ നടീൽ മിശ്രിതം നിറയ്ക്കും മുന്പ് അടിവശത്തുളള കോണുകൾ ഉളളിലോട്ട് മടക്കി വയ്ക്കേണ്ടതാണ്. ഗ്രോബാഗുകളിൽ മട്ടുപ്പാവിൽ കൃഷി ചെയ്യു ന്പോൾ ജൈവവളം ഉപയോഗിക്കുന്നതാണ് നല്ലത്. രാസവളം ഉപയോഗിക്കുന്നത് സിമന്‍റുതറയ്ക്ക് ദോഷകരമാകാൻ സാധ്യതയുണ്ട്. ആഴ്ചയിലോ 10 ദിവസം കൂടുന്പോഴോ വേപ്പിൻപിണ്ണാക്ക്, കടലപ്പിണ്ണാക്ക് ഇവയിലൊന്ന് അരകിലോ 10 ലിറ്റർ വെളളത്തിൽ ലയിപ്പിച്ച് ദ്രാവകവളം തയാറാക്കി തെളിവെളളം നാലിരട്ടി വെളളം ചേർത്ത് ചെടികൾക്ക് നൽകാം. കൂടാതെ ജീവാണു വളങ്ങൾ, ജൈവവളങ്ങൾ എന്നിവയും ഉപയോഗിക്കാം. ഗ്രോബാഗുകളിൽ വെളളം വാർന്നുപോകാൻ ആവശ്യത്തിന് ദ്വാരങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തുക. 

നട്ട് 2-3 ആഴ്ചകൾക്കുശേഷം ചെടികൾക്ക് താങ്ങുകൊടുക്കുക. പറിച്ചു നട്ട് 40-50 ദിവസത്തിനുളളിൽ ആദ്യ വിളവെടുപ്പ് നടത്താം. കായ്കൾക്ക് ചുവന്ന നിറം വന്നു തുടങ്ങുന്പോൾ വിളവെടുപ്പ് തുടങ്ങാം. നന്നായി പഴുത്തു പാകമായ പഴങ്ങളാണ് സംസ്കരണത്തിനായി ഉപയോഗിക്കുന്നത്. ഇനങ്ങൾക്കും കാലാ വസ്ഥയ്ക്കും അനുസരിച്ച് തക്കാളിയുടെ വിളവ് വ്യത്യാസപ്പെടാം. എന്നിരുന്നാലും സങ്കരയിനങ്ങൾക്ക് ഹെക്ടറിന് ശരാശരി 50 -60 ടണ്ണും മറ്റിനങ്ങൾക്ക് 20-25 ടണ്ണും വിളവു ലഭിക്കാം. 

രോഗങ്ങളും നിയന്ത്രണമാർഗങ്ങളും

1. വാട്ടരോഗം - തക്കാളി ഉൾപ്പെടു ന്ന വഴുതന വർഗവിളകളിലെ ഒരു പ്രധാന രോഗമാണ് വാട്ടരോഗം. കേരളത്തിൽ തക്കാളി വ്യാപകമാകാതിരിക്കാനുളള ഒരു പ്രധാന കാരണം ഈ രോഗമാണ്. പുളിരസമുളള മണ്ണുകളിൽ വളരുന്ന തക്കാളിച്ചെടികൾക്കാണ് കൂടുതലായി ബാക്ടീരിയൽ വാട്ടം കണ്ടുവരുന്നത്. ഇലകളും തണ്ടുകളും വാടുന്നതാണ് പ്രാരംഭ ലക്ഷണം. ചെടി ഒരാഴ്ചകൊണ്ട് വാടി ഉണങ്ങി നശിക്കുന്നു. നിയന്ത്രണമാർഗങ്ങൾ സ്വീകരിക്കാത്തപക്ഷം തൊട്ടടുത്ത ചെടികളിലേക്ക് ഈ രോഗം പടരും. പ്രതിരോധശേഷിയുളള ഇനങ്ങൾ കൃഷി ചെയ്യുന്നതുവഴിയും ഒരേ സ്ഥലത്ത് തുടർച്ചയായി വഴുതന വർഗ വിളകൾ കൃഷി ചെയ്യാതെ വിള പരിക്രമണം അനുവദിക്കുന്നതു വഴിയും ഈ രോഗത്തെ തടയാൻ സാധിക്കും. കൃഷിയിടത്തിൽ വെളളം കെട്ടിനിൽക്കുന്ന അവസ്ഥ പരമാവധി ഒഴിവാക്കുക. രോഗം ബാധിച്ച ചെടികൾ പിഴുതുമാറ്റിയ ശേഷം കുമ്മായം വിതറുക. കുമ്മായത്തിന്‍റെ അളവ് മണ്ണു പരിശോധന അടിസ്ഥാന ത്ിൽ മാത്രമേ നിർണയിക്കാൻ സാധിക്കൂ. പുതിയ ചാണകം 200 ഗ്രാം 10 ലിറ്റർ വെളളത്തിൽ കലക്കി ചെടികളുടെ ചുവട്ടിൽ ഒഴിക്കുക. സ്യൂഡോമോണാസ് ഫ്ളൂറസെൻസ് എന്ന ജൈവമിത്ര കുമിൾ 20 ഗ്രാം ഒരു ലിറ്റർ വെളളത്തിൽ കലക്കി തടത്തിൽ ഒഴിച്ചു കൊടുക്കുകയും ചെടിയിൽ തളിച്ചുകൊടുക്കുകയും ചെയ്യുക വഴി ഈ രോഗത്തെ നിയ ന്ത്രിക്കാം.

2. തൈ ചീയൽ - തക്കാളി ചെടിയിൽ തണ്ടുകളിലും കടഭാഗങ്ങളിലുമാണ് ചീയൽ രോഗം കാണാറുളളത്. രോഗം മൂർച്ഛിച്ച ചെടികൾ പറിച്ചു കളയുകയും ബാവി സ്റ്റിൻ എന്ന കുമിൾ നാശിനി രണ്ടുഗ്രാം ഒരു ലിറ്റർ വെളളത്തിൽ എന്ന തോതിൽ കലക്കി തളിച്ചു കൊടുക്കുകയും മണ്ണിലൊഴിച്ചു കൊടുക്കുകയും ചെയ്യുക. ഒരു ശതമാനം വീര്യമുളള ബോർഡോ മിശ്രിതം, ട്രക്കോഡെർമ എന്നിവ ഉപയോഗിക്കുന്നതും ഈ രോഗ ത്തെ നിയന്ത്രിക്കാൻ സഹായി ക്കും. മണ്ണിലെ രോഗാണുക്കളെ നിയന്ത്രിക്കുന്നതിന് സെന്‍റിന് ഒരു കിലോ എന്ന തോതിൽ വേപ്പിൻപിണ്ണാക്ക് ചേർക്കുന്നത് നല്ലതാണ്.

3. ഇലപ്പുളളി രോഗം - തക്കാളി ചെടിയുടെ ഇലകളിൽ മഞ്ഞ നിറത്തിൽ പുള്ളികൾ കാണപ്പെടുകയും മഞ്ഞച്ച ഭാഗങ്ങൾ പിന്നീട് കരിഞ്ഞുപോകുകയും ചെയ്യുന്നു. സ്യൂഡോമോണസ് ഫ്ളൂറസെൻസ് എന്ന ജൈവമിത്ര ബാക്ടീരിയ 10 ഗ്രാം, ഒരു ലിറ്റർ വെളളത്തിൽ എന്ന തോതിൽ കലക്കി രണ്ടാഴ്ചയിലൊരിക്കൽ തളിച്ചുകൊടുക്കുന്നതും പച്ചച്ചാണകം 20 ഗ്രാം ഒരു ലിറ്റർ വെളളത്തിൽ എന്ന തോതിൽ കലക്കി തളിച്ചുകൊടുക്കുന്നതും ഈ പൂപ്പൽ രോഗത്തെ നിയന്ത്രിക്കാൻ സഹായിക്കും. 

4. ഇല കരിച്ചിൽ
- തക്കാളി ചെടിയുടെ ഇലകൾ മഞ്ഞച്ച് കരിഞ്ഞു വരുന്നതാണ് ഇലകരിച്ചിൽ. കരിഞ്ഞ ഭാഗത്തിനു ചുറ്റും മഞ്ഞ നിറം കാണും. കരിഞ്ഞ ഇലകൾ കൊഴിഞ്ഞു പോകുന്നു. പ്രായം കൂടിയ ഇലകളിലാണ് ഈ രോഗം കൂടുതലായി കാണുന്നത്. കരിഞ്ഞ ഭാഗങ്ങൾ പറിച്ചുമാറ്റി രണ്ടുശതമാനം വീര്യമുളള ബാവിസ്റ്റിൻ എന്ന കുമിൾനാശിനി തളിച്ചു കൊടുക്കുക. 

കീടങ്ങളെയും രോഗങ്ങളെയും കൂടാതെ കാലാവസ്ഥാ വ്യതിയാനം, സമീകൃതമല്ലാത്ത വളപ്രയോഗം, ശരിയായ പരാഗണത്തിന്‍റെ അഭാവം, ജലസേചനത്തിലെ അപര്യാപ്തത എന്നിവയും ഗുണ മേൻമയുളളള തക്കാളിയുടെ ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കും. അത്തരത്തിൽ തക്കാളി കൃഷിയിൽ നേരിടാവുന്ന ചില പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും താഴെ കൊടുത്തിരിക്കുന്നു.

1. പഴത്തിന്‍റെ അടിഭാഗം ചീയൽ-
തക്കാളി ചെടി ആരോഗ്യമുള്ളതായി കാണപ്പെടുകയും മൂപ്പെത്തുന്നതോടെ തക്കാളിയുടെ അടിഭാഗം വട്ടത്തിൽ കറുത്തു വരുകയും ചീയുകയും ചെയ്യുന്നു. മണ്ണിൽ കാത്സ്യത്തിന്‍റെ അഭാവമുളള പ്രദേശങ്ങളിലും നൈട്രജൻ വളം അമിതമായി ഉപയോഗിക്കുന്ന ഇടങ്ങളിലും ആണ് ഇത്തരത്തിൽ കറുത്ത നിലയിൽ തക്കാളി കാണപ്പെടുന്നത്. മണ്ണിലെ അമ്ലത തീരെ കുറഞ്ഞാലും ചെടികൾക്ക് ആവശ്യാനുസരണം കാത്സ്യം വലിച്ചെടുക്കാൻ കഴിയാതെ വരും. അതിനാൽ അമ്ലതയുളള മണ്ണാണെങ്കിൽ അമ്ലത കുറയ്ക്കാനായി കുമ്മായം ചേർത്തു കൊടുക്കാം. കുമ്മായത്തിൽ കാത്സ്യം അടങ്ങി യിട്ടുളളതിനാൽ കാൽസ്യത്തിന്‍റെ അഭാവം നികത്തുന്നതിനും കുമ്മായം ചേർത്തു കൊടുക്കുന്നതു വഴി സാധിക്കും. കുമ്മായത്തിന്‍റെ അളവ് മണ്ണു പരിശോധന യിലൂടെ മാത്രമേ നിർണ്ണയിക്കാൻ സാധിക്കൂ. കാൽസ്യം നൈട്രേറ്റ് രണ്ടുഗ്രാം ഒരു ലിറ്റർ വെളളത്തിൽ എന്ന തോതിൽ കലക്കി തളിച്ചു കൊടുക്കുന്നത് ചെടികൾക്ക് കാൽസ്യം ലഭ്യമാക്കും. 

2. പഴത്തിൽ വിളളൽ -
മഴയെ ആശ്രയിച്ചു കൃഷി ചെയ്യുന്പോൾ നീണ്ട വരണ്ട കാലാവസ്ഥയ്ക്കു ശേഷം ദിവസങ്ങളോളം തക്കാളി ചെടികൾക്ക് മഴ ലഭിക്കാതെ, പെട്ടെന്ന് മഴ ലഭിക്കുന്ന സാഹചര്യത്തിലാണ് തക്കാളിയിൽ വിളളൽ രൂപപ്പെടുന്നത്. മഴ കുറയുന്ന സാഹചര്യത്തിൽ ചെടികൾക്ക് ആവശ്യമായ അള വിൽ നന ലഭ്യമാക്കിയാൽ ഇത്തര ത്തിലുളള വിള്ളലുകൾ ഇല്ലാതാക്കാൻ സഹായിക്കും. വിളളലിനെ പ്രതിരോധിക്കാൻ കഴിവുളള തക്കാളിയിനങ്ങൾ ഉപയോഗി ച്ചാലും മതി. 

3.പഴങ്ങളിൽ പൊളളൽ - തക്കാളി ചെടിയും പഴവും ആരോഗ്യമുളളതായി കാണപ്പെടുന്നു. എന്നാൽ സൂര്യാഘാതം മൂലം പഴങ്ങളിൽ മഞ്ഞ നിറത്തിൽ പൊളളിയ പാടുകൾ രൂപപ്പെടുന്നു. ഇത്തര ത്തിലുളള മഞ്ഞപ്പാടുകൾ പിന്നീട് വെളളയാകുകയും പേപ്പർ പ്രതലം പോലെ ആയിത്തീരുകയും ചെയ്യു ന്നു. ഇലകൾകൊണ്ട് മറച്ച് പഴത്തിനെ അമിത വെയിലിൽ നിന്ന് സംരക്ഷിച്ചാൽ ഇതു പരിഹരിക്കാൻ സാധിക്കും.

4. പഴം വികൃതമാകൽ -
അന്തരീക്ഷ താപനില വളരെ കുറഞ്ഞ പ്രദേശങ്ങളിലാണ് ഈ അവസ്ഥ സാധാരണയായി കാണാറുളളത്. കുറഞ്ഞ താപനിലയിൽ (10-12 ഡിഗ്രി സെൽഷ്യസ്) തക്കാളിയിൽ പരാഗണം നടക്കുന്ന സാഹചര്യത്തിലാണ് അവ വികൃതമായ പഴങ്ങൾ രൂപംകൊളളാൻ ഇടയാകുന്നത്. അതിശൈത്യം അനുഭവ പ്പെടുന്ന പ്രദേശങ്ങളിൽ ചെടികൾ നേരത്തേ നടുന്നത് ഇത് ഒരു പരിധിവരെ തടയാൻ സാധിക്കും. 
5. പഴം പൊളളയായി വീർക്കൽ -
പഴുത്തു പാകമായ, കാഴ്ചയിൽ ആരോഗ്യമുളളതുമായ പഴങ്ങൾക്കുള്ളിൽ മാംസളമായ ഭാഗം തീരെ കുറഞ്ഞും പൊളളയായും കാണപ്പെടുന്നു. ശരിയായ പരാഗണത്തിന്‍റെയും വളപ്രയോഗ ത്തിന്‍റെയും അഭാവം ഇത്തരത്തിലുളള പഴങ്ങൾ രൂപപ്പെടുന്നതിനുളള കാരണങ്ങളാണ്. സമീകൃതമായ വളപ്രയോഗത്തിലൂടെ ഈ അവസ്ഥ പരിഹരിക്കാം. 

കേരളീയരുടെ ഭക്ഷണങ്ങളിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് തക്കാളി. തക്കാളി ഉപയോഗിച്ച് മൂല്യവർധിത ഉത്പന്നങ്ങളായ സോസ്, കെച്ചപ്പ്, അച്ചാറുകൾ, പേസ്റ്റ് എന്നിവയും തയാറാക്കാം. ഒട്ടേറെ പോഷകഗുണങ്ങളാൽ സന്പന്നമാണ് തക്കാളി. വിറ്റാമിൻ സി, വിറ്റാമിൻ ബി, വിറ്റാമിൻ എ, കാത്സ്യം, പൊട്ടാസ്യം, സിങ്ക്, സോഡിയം, മഗ്നീഷ്യം, ഇരുന്പ് എന്നിവയെല്ലാം അടങ്ങിയിട്ടുളള തക്കാളിയിൽ കൊളസ്ട്രോളും കലോറിയും തീരെ കുറവാണ്. ഒരു കപ്പ് തക്കാളി രണ്ടുഗ്രാം നാരുകൾ തരുമെന്നാണ് കണ്ടെത്തലുകൾ. അതായത് ഒരു ദിവസം ആവശ്യമായ നാരുകളുടെ ഏഴ് ശതമാനം. ചർമ്മകാന്തിക്കും തക്കാളി ഉപയോഗിക്കാറുണ്ട്. എല്ലുകളുടെ ബലത്തിനും കാഴ്ച മെച്ചപ്പെടുത്തുന്നതിനും തക്കാളി നല്ലതാണ്. 

തക്കാളിയിൽ അടങ്ങിയിട്ടുളള ലൈക്കോപിൻ ആന്‍റി ഓക്സിഡന്‍റുകൾക്ക് പ്രോസ്ട്രേറ്റ് കാൻസറിനെ പ്രതിരോധിക്കാനുളള കഴിവുണ്ട്. ഇത്തരത്തിൽ പോഷകഒൗഷധഗുണങ്ങളാൽ സന്പുഷ്ടമായ തക്കാളി കൃഷി ചെയ്യുന്നതു വഴി ഉൻമേഷമുളള ഒരു മനസും ആരോഗ്യമുളള കുടുംബത്തെയും വാർത്തെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് : 8547991644

കീടങ്ങളും നിയന്ത്രണമാർഗങ്ങളും

തക്കാളിയിലെ പ്രധാന കീടങ്ങളായ കായ് തുരപ്പൻ, ഇലതീനി പുഴു, വണ്ടുകൾ എന്നിവയ്ക്കെതിരേ ബ്യൂവേറിയ ബാസിയാന എന്ന ജൈവ മിത്രകുമിൾ 10 ഗ്രാം ഒരു ലിറ്റർ വെളളത്തിൽ എന്ന തോതിൽ കലക്കി ഒഴിച്ചുകൊടുക്കുകയും തളിച്ചു കൊടുക്കുകയും ചെയ്യുക. അഞ്ചു ശതമാനം വീര്യമുളള വേപ്പിൻകുരുസത്ത് തളിക്കുന്നതും വേപ്പിൻപ്പിണ്ണാക്ക് ഒരു സെന്‍റിന് ഒരു കിലോ എന്ന തോതിൽ നടീൽ സമയത്തും 30-45 ദിവസത്തിനുശേഷവും ചേർത്തു കൊടുക്കുന്നതും നല്ല താണ്. തക്കാളിയെ ബാധിക്കുന്ന മറ്റു കീടങ്ങളായ മണ്ഡരി, വെളളീച്ച, മീലിമുട്ട, ശൽക്ക കീടങ്ങൾ എന്നിവയ്ക്കെതിരേ വെർട്ടിസീലിയം ലെക്കാനി എന്ന ജൈവ മിത്ര കുമിൾ 10 ഗ്രാം ഒരു ലിറ്റർ വെളളത്തിൽ എന്ന തോതിൽ കലക്കി തളിച്ചുകൊടുക്കുന്നതും ജൈവകീടനാശിനിയായ നിംബിസിഡിൻ അഞ്ചു മില്ലിലിറ്റർ ഒരു ലിറ്റർ വെളളത്തിൽ എന്ന തോതിൽ കലക്കി തളിച്ചുകൊടു ക്കുന്നതും നല്ലതാണ്. രണ്ടു ശതമാനം വീര്യമുളള വെളുത്തുള്ളി എമൽഷൻ തളിച്ചുകൊടുക്കു ന്നതും ഫലപ്രദമാണ്. ആവണക്കെണ്ണ പുരട്ടിയ മഞ്ഞക്കെണികൾ സ്ഥാപിക്കുന്നത് വെളളിച്ചയെ നിയന്ത്രിക്കാൻ സഹായിക്കും. 

ഷഫ്ന കളരിക്കൽ, സംഷീർ എം.
ടീച്ചിംഗ് അസിസ്റ്റന്‍റ്സ്
ആർഎആർഎസ്, അന്പലവയർ, വയനാട്

സാധ്യത തുറന്ന് സൂപ്പർ ഫുഡ് മുട്ടപ്പഴം

പറന്പുകളിൽ വീണുകിടക്കുന്ന സ്വർണത്തിലാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ എ.വി. സുനില ഗവേഷണം നടത്തുന്നത്. പറന്പിലെ സ്വർണം എന്നുദ്ദേശിച്ചത് മുട്ടപ്പഴമാണ്. പക്ഷികൾക്കും മൃഗങ്ങൾക്കും പോലും വേണ്ടാതെ വെറുതെ പഴുത്തു വീണുപോകുന്ന മുട്ടപ്പഴം കണ്ടപ്പോൾ അതിന്‍റെ ഗുണങ്ങളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും അറിയാൻ താത്പര്യമായി. പല ഘട്ടങ്ങൾ പിന്നിട്ട ഗവേഷണം തീരാൻ ഇനി കുറച്ചു മാസങ്ങൾ മാത്രം. യൂണിവേഴ്സിറ്റി കോളജിലെ ബോട്ടണി വിഭാഗത്തിലെ ഡോ. കെ. മുരുകനാണ് സുനിലയുടെ ഗൈഡ്. സപ്പോട്ട കുടുംബത്തിൽപ്പെട്ട മുട്ടപ്പഴം മധ്യ അമേരിക്ക, മെക്സിക്കോ സ്വദേശിയാണ്. കേരളത്തിന്‍റെ കാലാവസ്ഥയിൽ നന്നായി വളരുന്നു. മിക്ക വീടുകളിലും ഇതു കാണാറുണ്ടെങ്കിലും ഇതിന്‍റെ ഗുണം ആരും അറിയുന്നില്ല. മുട്ടപ്പഴത്തിന്‍റെ രൂക്ഷഗന്ധം അതിനെ മനുഷ്യർക്കും മൃഗങ്ങൾക്കും വേണ്ടാത്ത ഒന്നായി മാറ്റി. നമ്മുടെ നാട്ടിൽ ഇതിന്‍റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നില്ലെങ്കിലും അമേരിക്ക, തായ്വാൻ, ബ്രസീൽ, ഫിലിപ്പീൻസ്, വിയറ്റ്നാം എന്നിവിടങ്ങളിൽ ഇത് കൃഷിചെയ്യുന്നുണ്ട്. 

ഗവേഷണത്തിന്‍റെ വഴിയിൽ

പഞ്ചസാരയാണ് പഴത്തിലെ മുഖ്യഘടകം. ഉയർന്നതോതിലുള്ള ധാന്യകത്തിന്‍റെ അളവ് മുട്ടപ്പഴത്തെ ഉൗർജത്തിന്‍റെ നല്ല ഒരു ഉറവിടമാക്കി മാറ്റുന്നു. മാംസ്യത്തിന്‍റെ ഉറവിടമാണ് മുട്ടപ്പഴം. ഈന്തപ്പഴത്തിൽ അടങ്ങിയിരിക്കുന്നതിനേക്കാൾ മാംസ്യം മുട്ടപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. കൊഴുപ്പിന്‍റെ അംശംകുറവായതിനാൽ ഹൃദ്രോഗികൾക്കും ഉയർന്ന രക്തസമ്മർദ്ദമുള്ളവർക്കും പേടിക്കാതെ പഴം കഴിക്കാം. അമിനോ അമ്ലങ്ങൾ, ഫോസ്ഫറസ്, ആന്‍റി ഓക്സിഡന്‍റുകൾ എന്നിവയങ്ങിയ മുട്ടപ്പഴം ശരീരത്തിന്‍റെ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു. സൂക്ഷ്മാണുക്കളുടെ വളർച്ച തടയുന്നതിനും വീക്കത്തെ പ്രതിരോധിക്കാനും കഴിവുണ്ട്. കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം, മാംഗനീസ് മുതലായ ധാതുക്കൾ അടങ്ങിയിരിക്കുന്നു. ഏറ്റവും കൂടുതൽ കാത്സ്യമാണ് തൊട്ടടുത്ത് തന്നെ പൊട്ടാസ്യവുമുണ്ട്. 

ആപ്പിൾ, ഏത്തപ്പഴം, മുന്തിരി മുതലായ പഴങ്ങൾ നാം നമ്മുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തണമെന്ന് പറയാറുള്ളതാണ്. എന്നാൽ ഇവയിൽ അടങ്ങിയി രിക്കുന്നതിനേക്കാൾ കൂടുതൽ അളവിൽ ചെന്പ്, നാകം എന്നിവ മുട്ടപ്പഴത്തിൽ അടങ്ങിയിരിക്കുന്നു. അവയവങ്ങളുടെ പ്രവർത്തനത്തിനും ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങൾക്കും ചെന്പ്, നാകം എന്നിവ അവശ്യഘടക ങ്ങളാണ്. നമ്മുടെ പ്രിയപ്പെട്ട പഴങ്ങളോട് കിടപിടിക്കാൻ മുട്ടപ്പഴത്തിന് കഴിയുമെന്ന് ഇതിൽ നിന്നും വ്യക്തമായില്ലേ.

നാരുകൾ, ജീവകങ്ങൾ എന്നിവയാൽ സന്പുഷ്ടമായ സ്വർണപഴത്തിന്‍റെ ആന്‍റി- ന്യൂട്രിയന്‍റ് ഘടകങ്ങളെക്കുറിച്ചും സുനിലയുടെ ഗവേഷണത്തിൽ പ്രതിപാദി ക്കുന്നു. ഒരു പഴം ഭക്ഷ്യയോഗ്യമാണോ എന്ന് തീരുമാനിക്കാൻ അതിലടങങിയിരിക്കുന്ന ആന്‍റി- ന്യൂട്രിയന്‍റ്ഘടകങ്ങളുടെ വിശകലനം ആവശ്യമാണ്. ഓക്സലേറ്റുകൾ, ആൽക്കലോയ്ഡുകൾ, ലിഗ്നിൻ, ടാനിൻ, ഫൈറ്റിക് മുതലായ ആന്‍റി- ന്യുട്രിയന്‍റ് ഘടകങ്ങളുടെ പരിശോധനയിൽ നിന്ന് മുട്ടപ്പഴം ഭക്ഷ്യയോഗമെന്ന് തെളിയിക്കുന്നു.

വില്ലൻ കറ

പഴത്തിന്‍റെ പ്രത്യേക തരം കറ, പക്ഷികളെയും മറ്റും പഴം കൊത്തുന്നതിൽ നിന്നും അകറ്റി നിർത്തുന്നു.

പഴുക്കുന്പോൾ

കായ നല്ല കടും പച്ചനിറത്തിലുള്ളതാണ്. പഴുക്കാൻ തുടങ്ങുന്നതോടെ മഞ്ഞ നിറമാകാൻ തുടങ്ങുന്നു. പഴം പഴുത്തത് തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. ഓറഞ്ച് കലർന്ന മഞ്ഞ നിറമാണ് നന്നായി പഴുത്ത പഴത്തിന്. കായ പറിച്ചുവച്ച് പഴുപ്പിക്കുന്പോൾ രുചി വ്യത്യാസം വരാറുണ്ട്. മരത്തിൽ നിന്നു തന്നെ പഴുത്തു കിട്ടുന്ന പഴത്തിനാണ് കൂടുതൽ സ്വാദ്.

കൃഷി സാധ്യതകൾ

അധിക പരിചരണമൊന്നും ആവശ്യമില്ലാത്ത മരം നമ്മുടെ നാട്ടിൽ നന്നായി വളരുന്നതാണെങ്കിലും ഒരു കൃഷിയായി ഇതിനെ മാറ്റാൻ നമുക്കു കഴിഞ്ഞിട്ടില്ല. മുട്ടപ്പഴത്തിന്‍റെ രുചി എല്ലാവർക്കും ഇഷ്ടമാകണമെന്നില്ല. എന്നാലിത് കഴിക്കുന്ന വരുണ്ട്. രുചി ഇഷ്ടപ്പെടാത്തവർക്കായി ഐസ്ക്രീം, മിൽക്ക് ഷേക്ക് എന്നിങ്ങനെയുള്ള സാധ്യതകൾ പ്രയോജനപ്പെടുത്താം. പഴം പഴുത്തു കഴിഞ്ഞാൽ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടു പോവുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. പഴത്തിന്‍റെ തൊലി നേർത്തതാണ്. അതു കൊണ്ടു തന്നെ തൊലി പൊട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്. മാത്രവുമല്ല, പഴത്തിൽ ജലാംശം കൂടുതലാണ്. മെഴുകു പോലുള്ള ആവരണങ്ങൾ കൊണ്ട് ഇതിനെ ഒരു പരിധിവരെ തടുക്കാം എന്ന് സുനില അഭിപ്രായപ്പെടുന്നു.

സാധാരണ ഉഷ്മാവിൽ ഒരാഴ്ചയോളം പഴം കേടുകൂടാതിരിക്കും. ശീതീകരിച്ച് സൂക്ഷിക്കുകയാണെങ്കിൽ രണ്ടാഴ്ച വരെ പഴം കേടുകൂടാതെയിരിക്കും. പഴത്തി ന്‍റെ വിപണി സാധ്യതകൾ മനസിലാക്കി പ്രയോജനപ്പെടുത്തുകയാണെങ്കിൽ ഇത് നല്ലൊരു കാർഷിക വിളയാവുമെന്ന് പ്രതീക്ഷിക്കാം.

അലങ്കാരത്തിനും

ഈ മരം വളർന്നുവരുന്ന രീതി കാണാൻ ഭംഗിയുള്ളതുകൊണ്ട് ചില വീടുകളിലെ പൂന്തോട്ടങ്ങളിൽ ഈ മരം കാണാം. സാധ്യതകൾ പ്രയോജനപ്പെടുത്താം. കീടബാധ അധികം ഏൽക്കില്ല, പെട്ടെന്ന് കൃഷി ചെയ്യാം, പ്രത്യേക പരിചരണം ആവശ്യമില്ല എന്നിങ്ങനെയുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തി മുട്ടപ്പഴത്തിന്‍റെ കൃഷി തുടങ്ങാം. മറ്റേതു പഴങ്ങളെയും പോലെതന്നെ പോഷക സന്പുഷ്ടമായ ഈ സ്വർണപ്പഴത്തിന്‍റെ സാധ്യതകൾ കാണാതിരിക്കരുത്. ഫോണ്‍: സുനില-9495543970 

ജി. സജിനി

കടപ്പാട് : ദീപിക

3.03921568627
Shanavas Karimattam Dec 17, 2017 08:12 PM

നന്നയിരികുന്നു...

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top