Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

സമഗ്ര കൃഷി വിവരങ്ങള്‍

കൂടുതല്‍ വിവരങ്ങള്‍

അകിടുവീക്കം അറിയാനും അകറ്റാനും കി‌റ്റ്

ചോദ്യം ഉത്തരം മൃഗസംരക്ഷണം

Q. അകിടുവീക്കം നിയന്ത്രിക്കുന്നതിന് എന്തെങ്കിലും പുതിയ മാർഗമുണ്ടോ.

പി.കെ. ചന്ദ്രൻ, എടത്തല

അകിടുവീക്ക നിയന്ത്രണ കിറ്റ് മൃഗസംരക്ഷണവകുപ്പ് സൗജന്യനിരക്കിൽ നൽകും. അകിടുവീക്കം നേരത്തെ കണ്ടെത്തുന്നതിനു പരിശോധനാ ലായനി, അകിടു കഴുകുന്നതിനു പൊട്ടാസ്യം പെർമാംഗനേറ്റ്, കറവയ്ക്കുശേഷം അകിടു മുക്കുന്ന പോവിഡോൺ അയോഡിൻ ലായനി, അകിടിലെ പരുക്കൾ മാറ്റുന്ന ബോറിക് പൗഡർ, തൊഴുത്ത് കഴുകാൻ ബ്ലീച്ചിങ് പൗഡർ, പാൽ പരിശോധിക്കുന്ന ഉപകരണം എന്നിവ അടങ്ങുന്നതാണ് തിരുവനന്തപുരം പാലോടുള്ള വെറ്ററിനറി ബയോളജിക്കൽ സ്ഥാപനം (ഫോൺ: 0472-2840262) ഒരുക്കുന്ന കിറ്റ്. ലഭ്യതയും ഉപയോഗരീതിയും അറിയാൻ തൊട്ടടുത്തുള്ള മൃഗാശുപത്രിയിൽ ബന്ധപ്പെടുക.

പശുക്കൾക്കു വേനൽരക്ഷ

Q. പശുക്കൾക്കു വേനൽക്കാലത്ത് ചൂട് നിയന്ത്രിക്കുന്നതിന് എന്തു ചെയ്യണം.

കെ. രാമചന്ദ്രൻ, കൊടുങ്ങല്ലൂർ

അത്യുൽപാദനശേഷിയുള്ള സങ്കരയിനം പശുക്കൾ കൂടുതൽ ആഹാരം കഴിക്കുമ്പോൾ പാലുൽപാദനത്തോടൊപ്പം ശരീരത്തിൽ ഉണ്ടാകുന്ന ചൂട് പുറത്തേക്കു തള്ളുന്നു. എന്നാൽ അന്തരീക്ഷത്തിലെ ചൂട് കൂടുമ്പോൾ അധികമായി ഉണ്ടാകുന്ന ചൂട് ഇവയ്ക്കു പുറത്തേക്ക‍ു തള്ളാനാവാതെ വരുന്നു. ഈ പ്രശ്നം ഒഴിവാക്കാനുള്ള പശുവിന്റെ സ്വ‍ാഭാവിക പ്രതികരണമാണ് തീറ്റ കുറയ്ക്കൽ. ചൂട് കൂടിയാൽ മദിലക്ഷണത്തിന്റെ കാലയളവ് കുറയും. നിശ്ശബ്ദ മദിയിൽ ഭ്രൂണാവസ്ഥയിലുള്ള കുട്ടിയുടെ മരണസാധ്യത കൂടും. ഇത് പ്രത്യുൽപാദന തകരാറുകൾക്കു വഴിയൊരുക്കും.

പശുക്കളെ വെയിലത്ത് കെട്ടരുത്. തൊഴുത്തിൽ ചൂട് നിയന്ത്രിക്കാനായി ഫാൻ ഘടിപ്പിക്കുക, എപ്പോഴും തണുത്ത വെള്ളം ഉറപ്പാക്കുക. തൊഴുത്തിനുള്ളിൽ വായുസഞ്ചാരം ഉറപ്പാക്കണം. തൊഴുത്തിൽ മേൽക്കൂര ഉയർത്തിയും ചുവരിന്റെ ഉയരം കുറച്ചും മേൽക്കൂരയിൽ ഓല നിരത്തിയും ചൂട് നിയന്ത്രിക്കാം. ചൂടുകൂടിയ സമയങ്ങളിൽ തൊഴുത്തിൽ മഞ്ഞുകണങ്ങൾപോലെ വെള്ളം തളിക്കുന്നതും നന്ന്.

തീറ്റ ക്രമീകരിക്കുക. പരുഷാഹാരം രാത്രിയിലും സാന്ദ്രിതാഹാരം പകലും നൽകാം. കൃത്രിമ ബീജാധാനത്തിനുശേഷം ചണച്ചാക്ക് നനച്ച് പശുവിന്റെ മുതുകത്ത് ഇടുന്നതു നന്ന്. വേനലിൽ ധാതുക്കളുടെ– വിശേഷിച്ച് പൊ‍ട്ടാസ്യം, സോഡിയം എന്നിവയുടെ നഷ്ടം ഉണ്ട‍ാകുന്നതിനാൽ ധാതുലവണമിശ്രിതം കൂടിയ അളവിൽ നൽകണം.

കാലികളിൽ ഗർഭമലസൽ

Q. പശുക്കളിൽ ഗർഭം അലസുന്നതിന് എന്താണ് കാരണം. എന്റെ പശു ചെന പിടിച്ച് എല്ലാത്തവണയും ഗർഭം അഞ്ചാം മാസത്തിൽ അലസിപ്പോകുന്നു. ഇതിനു പ്രതിവിധിയെന്ത്.

സി.വി. ശശിധരൻ, എടത്തല

ഗർഭം അലസുന്നതിനു പ്രധാന കാരണം അണുബാധയാണ്. ബാക്ടീരിയ രോഗങ്ങളായ ബ്രൂസല്ല, എലിപ്പനിയുണ്ടാക്കുന്ന ലെപ്റ്റോസ്പൈറ, ട്രൈക്കോമോണ എന്ന പ്രോട്ടോസോവ അണു, കുളമ്പുരോഗം, ബെബീസിയ രോഗം, പൂപ്പൽവിഷം എന്നിവ ഗർഭമുള്ള പശുക്കളെ ബാധിക്കുമ്പോഴും ഗർഭം അലസാറുണ്ട്. തീറ്റയിലൂടെ വന്നെത്തുന്ന ചില രാസപദാർഥങ്ങൾ, വിഷബാധ, ചിലയിനം മരുന്നുകൾ എന്നിവയും ഗർഭം അലസുന്നതിന് ഇടയാക്കും. ജീവകം എ, അയോഡിൻ, കാൽസ്യം എന്നീ ധാതുലവണങ്ങളുടെ കുറവും ഗർഭം അലസുന്നതിന് കാരണമാകാറുണ്ട്.

ഗർഭം അലസുന്നതു തടയാൻ പോഷകസമൃദ്ധമായ ആഹാരം, ശരിയായ സംരക്ഷണം എന്നിവ നൽകണം. ഗർഭാവസ്ഥ നിലനിർത്തുന്ന പ്രോജസ്റ്ററോൺ എന്ന ഹോർമോണിന്റെ അപര്യാപ്തതയും അലസലിനു കാരണമാണ്. പശു ചെന പിടിച്ച് നാലു മാസമാകുമ്പോൾ വെറ്ററിനറി ഡോക്ടറുടെ മേൽനോട്ടത്തിൽ ഹോർമോൺ കുത്തിവയ്പ് നൽകുക. ആവശ്യമായ തോതിൽ ഹോർമോൺ നിലനിർത്തുന്നതിന് നിശ്ചിത ഇടവേളകളിൽ തുടർന്നും കുത്തിവയ്ക്കുന്നതു നന്ന്.

ആടുകളിലെ മദിലക്ഷണം

Q. ഞാൻ കുറെ ആടു വളർത്തുന്നുണ്ട്. എന്നാൽ ഈ പ്രദേശത്ത് ഇണചേർക്കാൻ പറ്റിയ മുട്ടനാടുകളെ കിട്ടാനില്ല. ആടുകൾക്ക് കൃത്രിമ ബീജാധാനസൗകര്യം ലഭ്യമാണോ, ആടുകളിലെ മദിലക്ഷണങ്ങൾ എന്തൊക്കെ, ബീജാധാനത്തിന് ഏതിനം മുട്ടനാടുകളുടെ ബീജമാണ് ഉപയോഗിക്കുന്നത്.

പി. മുഹമ്മദ്, ആലുവ

ആടുകളിൽ കൃത്രിമ ബീജാധാന സൗകര്യം മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള തിരഞ്ഞെടുക്കപ്പെട്ട വെറ്ററിനറി ആശുപത്രികളിൽ മാത്രമാണ് ഇപ്പോഴുള്ളത്. ഇപ്പോൾ ഈ സേവനം സൗജന്യമാണ്. മദിയുള്ള ആടുകൾ അമറും. ഇടവിട്ട് മൂത്രം ഒഴിക്കും. വാൽ ചലിപ്പിച്ചുകൊണ്ടിരിക്കും. ഈറ്റത്തിൽനിന്ന് കൊഴുത്ത ദ്രാവകം ഒഴുകുന്നതു കാണാം. മദിയുള്ള ആട് മറ്റുള്ളവയുടെ പുറത്തു കയറുകയും മറ്റുള്ളവയെ പുറത്തുകയറാൻ അനുവദിക്കുകയും ചെയ്യും. അസ്വസ്ഥതയും തീറ്റയെടുക്കാൻ മടിയും മറ്റു ലക്ഷണങ്ങളാണ്.

കന്നുകാലി വികസന ബോർഡിന്റെ പാലക്കാട് ധോണിയിലുള്ള കേന്ദ്രത്തിൽ ഉൽപാദിപ്പിക്കുന്ന മേൽത്തരം ബീജങ്ങളാണ് ബീജാധാനത്തിന് മൃഗസംരക്ഷണവകുപ്പ് ഉപയോഗിക്കുന്നത്. പാലുൽപാദനത്തിലും രോഗപ്രതിരോധശേഷിയിലും മുന്നിൽ, ഒരു പ്രസവത്തിൽ രണ്ടിലധികം കുട്ടികൾ, പ്രായപൂർത്തിയാകുമ്പോൾ 30–40 കിലോ ശരീരതൂക്കം എന്നിവ മലബാറി ആടുകളുടെ സവിശേഷതകൾ.

 

പശുവിനെ വാങ്ങുമ്പോൾ

Q. ഇടനിലക്കാർ വഴി പശുക്കളെ വാങ്ങിയാണ് ഞാൻ ഡെയറിഫാം സംരംഭം തുടങ്ങിയത്. ഇവയിൽ രണ്ടെണ്ണത്തിന് നടക്കാൻ ബുദ്ധിമുട്ടാണ്. ഒന്നിനു ചികിത്സയിലൂടെ ഭാഗികമായി സുഖപ്പെട്ടു. മറ്റേത് കാലുവേദന കാരണം എഴുന്നേൽക്കാൻ പാടുപെടുന്നു. കുളമ്പിന്റെ താഴെ നീരും ഞെക്കുമ്പോൾ പഴുപ്പും കാണുന്നു. എന്താണ് ചെയ്യേണ്ടത്.

കെ.പി. അരവിന്ദാക്ഷൻ, തൃശൂർ

ഇടനിലക്കാരെ മാത്രം വിശ്വസിച്ച് പശുക്കളെ വാങ്ങരുത്. അവർക്ക് ലാഭം മാത്രമാണ് ലക്ഷ്യം. പശുക്കളെ ഉടമകളിൽനിന്നു നേരിട്ടു വാങ്ങണം. കറവപ്പശുവിന്റെ മുൻകാലം അറിഞ്ഞ് ക്ഷീര സംഘാംഗങ്ങൾ, ഡെയറി എക്സ്റ്റൻഷൻ ഓഫീസർ, വെറ്ററിനറി സർജൻ എന്നിവരുടെ ഉപദേശപ്രകാരം വാങ്ങുക. പശുക്കൾക്ക് എഴുന്നേൽക്കാനും നടക്കാനും ബുദ്ധിമുട്ടുണ്ടോ എന്നു നോക്കാഞ്ഞതിനാലാണ് നിങ്ങൾക്ക് അബദ്ധം പറ്റിയത്. കുളമ്പുകൾ, കാലിന്റെ സന്ധികൾ എന്നിവ നന്നായി പരിശോധിക്കണം. പശുക്കൾ‍ക്കു സുഖമേകുന്ന മാറ്റുകൾ തൊഴുത്തിൽ ഇടുന്നതു നന്ന്.

അഞ്ചുവയസ്സിൽ താഴെയുള്ള പശുക്കളെ വേണം വാങ്ങാൻ. രണ്ടര വയസ്സിനുള്ളിൽ ആദ്യപ്രസവം നടന്നവയായിരിക്കണം. പ്രസവത്തെ തുടർന്നു രോഗങ്ങൾ ഉണ്ടായതാണെങ്കിൽ ഒഴിവാക്കണം. അകിടും മുലക്കാമ്പും പരിശോധിച്ച് അവയിൽ കുരുക്കളും വ്രണങ്ങളുമില്ലെന്ന് ഉറപ്പുവരുത്തണം.

ഉത്തരങ്ങൾ തയാറാക്കിയത്: ഡോ.സി.കെ. ഷാജു, പെരുവ
സീനിയർ വെറ്ററിനറി സർജൻ, ഗവ. വെറ്ററിനറി ക്ലിനിക്, മുളന്തുരുത്തി. ഫോൺ: 9447399303

കൃഷിനാശത്തിനു നഷ്ടപരിഹാരം കൂട്ടി; 48500 രൂപ

 

നൂറു രൂപയ്ക്കു സംസ്ഥാന കൃഷി ഇൻ‍ഷുറൻസ് പദ്ധതിയിൽ അംഗമാകുന്നവരുടെ ഒരേക്കർ നെൽക്കൃഷിയുടെ നാശത്തിന് നഷ്ടപരിഹാരം 12500 രൂപ എന്നതു 35,000 രൂപയാക്കി വർധിപ്പിക്കാൻ തീരുമാനിച്ചതായി മന്ത്രി വി.എസ്.സുനിൽകുമാർ അറിയിച്ചു.

ഇതിനൊപ്പം സംസ്ഥാന സർക്കാരിന്റെ നഷ്ടപരിഹാരത്തുകയായ 13,500 രൂപ കൂടി ചേരുമ്പോൾ കർഷകനു 48,500 രൂപ ലഭിക്കും. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ഇത്രയും ഉയർന്ന തുക നൽകുന്നില്ലെന്നു മന്ത്രി പറഞ്ഞു.

വാഴയ്ക്ക് 50 രൂപ എന്നതു 300 രൂപയായും തെങ്ങിന് 700 രൂപ എന്നതു രണ്ടായിരം രൂപയുമായും വർധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പച്ചക്കറിക്കൃഷിക്ക് ഏക്കറിന് 12,500 രൂപ എന്നത് 25,000 രൂപയായി വർധിപ്പിക്കും. ഓരോ വിളയ്ക്കും രണ്ടിരട്ടി മുതൽ ആറിരട്ടി വരെ വർധന വരുത്തി നഷ്ടപരിഹാരം നൽകും.

നിലവിൽ ഒരേക്കർ നെൽക്കൃഷി നശിച്ചാൽ ഇൻഷുറൻസ് തുക 12,500 രൂപയും സംസ്ഥാന സർക്കാരിന്റെ 13500 രൂപയും അടക്കം 26,000 രൂപയാണു കർഷകനു ലഭിക്കുന്നത്. കടുത്ത വേനലിൽ വൻ കൃഷി നാശമുണ്ടായ പശ്ചാത്തലത്തിലാണ് ഇൻഷുറൻസ് ആനുകൂല്യത്തുക വർധിപ്പിക്കാൻ തീരുമാനിച്ചത്.

കൃഷിക്കാരുടെ പ്രാദേശിക കൂട്ടായ്മ രൂപീകരിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിൽ 40% യുവാക്കളുടെ കൂട്ടായ്മയായിരിക്കും. കർഷക കൂട്ടായ്മയിലൂടെ വിളയിച്ചെടുക്കുന്ന നെല്ല് കുത്തി പ്രാദേശിക ബ്രാൻ‍ഡിൽ അരിയായി പുറത്തിറക്കാനാണ് ഉദ്ദേശ്യം. ഇതിനായി പ്രദേശികതലത്തിൽ മില്ലുകൾ ആരംഭിക്കാൻ അടുത്ത ബജറ്റിൽ തുക വകയിരുത്തും.

തെക്കൻ കുരുമുളക് എന്ന അപൂർവത

 

അപൂർവ ഇനം കുരുമുളക് കണ്ടെത്തിയ ഇടുക്കിയിലെ ഗ്രാമീണ കർഷകന് ദേശീയ അംഗീകാരം. കാഞ്ചിയാർ സ്വദേശി ടി.ടി.തോമസി (76) നെയാണു മികച്ച കർഷക കണ്ടെത്തലിനുള്ള ഇന്ത്യൻ അഗ്രിക്കൾച്ചറൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുരസ്കാരം ലഭിച്ചത്. ഓരോ ഞെട്ടിലും പലകുലകളായി കായ്ക്കുന്ന കുരുമുളകിനം കണ്ടെത്തി പ്രചരിപ്പിച്ചതിനാണ് ഈ അംഗീകാരം.

നാടൻ ഇനങ്ങൾക്കു വേണ്ടിയുള്ള തെരച്ചിലിനിടയിലാണ് ഇടുക്കി കാടുകൾക്കിടയിൽ നിന്ന് ഈ അപൂർവ ഇനത്തെ തോമസ് കണ്ടെത്തിയത്. സാധാരണ കുരുമുളകിനങ്ങളിലെല്ലാം ഒരു ഞെട്ടിൽ ഒരുകുല വീതം ഉണ്ടാകുമ്പോൾ തോമസ് കണ്ടെത്തിയ ഇനത്തിൽ പലകുലകളായി പൊട്ടി വിരിയുന്ന കുരുമുളകാണ് ഉള്ളത്. ഓരോ ഞെട്ടിൽ നിന്നുമുണ്ടാകുന്ന കുലകൾ അറുപതു മുതൽ എൺപതു വരെ ശാഖകളായി വളരുന്നു.

ഇങ്ങനെയുണ്ടാകുന്ന കുലകളിൽ നാനൂറു മണികൾ വരെ കാണാം.

സാധാരണ ഇനങ്ങളിലും സങ്കര ഇനങ്ങളിലും പരമാവധി എൺപത് മണികൾ വരെയാണ്‌ കാണപ്പെടുക. സാധാരണ ഇനങ്ങൾ ഒരു വള്ളിയിൽ നിന്ന് ഒരു കിലോഗ്രാം മുതൽ ഒന്നര കിലോഗ്രാം വരെ കുരുമുളക് തരുമ്പോൾ തെക്കൻ കുരുമുളകെന്ന് തോമസ് പേരിട്ട ഇനം നാലു കിലോഗ്രം വരെ തരുന്നു. തെക്കൻ കുരുമുളകിന്റെ സവിശേഷതകൾ നാട്ടിൽ പാട്ടായതോടേ മിക്ക ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നും അന്വേഷണങ്ങൾ പതിവായി.

കാർഷിക സർവകലാശാലയും ഇന്ത്യൻ സുഗന്ധവിള ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടും ഈ ഇനത്തെ പറ്റി പഠനങ്ങൾ നടത്തുകയും ഈ ഇനം കൂടുതൽ ഉൽപാദനക്ഷമതയും രോഗപ്രതിരോധ ശക്തിയും ഉള്ളതാണെന്ന് കണ്ടെത്തുകയും ചെയ്‌തു.

തോമസിനെ ഈ പുരസ്കാരത്തിനായി നാമനിർദേശം ചെയ്‌തത് കാർഷിക സർവകലാശാലയാണ്.

കിടാരികളിലെ അകിടുവീക്കം‌

ചോദ്യം ഉത്തരം മൃഗസംരക്ഷണം

Q. എന്റെ പശുവിനു കന്നിപ്രസവത്തിൽത്തന്നെ അകിടിന് നീരുവന്നു. പ്രസവിച്ചയുടൻതന്നെ ഒരു വശത്തെ അകിടിൽനിന്നു പഴുപ്പുകലർന്ന നിറത്തിൽ പിരിഞ്ഞു കട്ടയായി വരികയും ചെയ്തു. കന്നിപ്രസവത്തിൽ പശുക്കൾക്ക് അകിടുവീക്കം വരാൻ എന്താണു കാരണം.

പി. ബാലകൃഷ്ണൻ, പുല്ലുവഴി

ചെനയുള്ള കിടാരികൾക്ക് അകിടുവീക്കം വരാൻ സാധ്യതയില്ല‍െന്നാണ് കരുതിയിരുന്നത്. എന്നാൽ ഇപ്പോൾ കിടാരികളിൽ ചെനയുള്ള അവസാന നാളുകളിൽ അകിടുവീക്കം വരുന്നതായി കാണുന്നു. അതിനാൽ ചെനയുടെ അവസാന നാളുകളിൽ അവയുടെ അകിടിൽ എവി‌ടെയെങ്കിലും അസാധാരണ വീക്കമോ മറ്റോ ഉണ്ടോയെന്നു നോക്കണം. അകിടിലെ സ്രവം തേൻപോലെയല്ലാതെ, പഴുപ്പുകലർന്ന രീതിയിൽ കണ്ടാൽ വെറ്ററിനറി ഡോക്‌ടറെ സമീപിച്ച് ഉചിതമായ ആന്റിബയോട്ടിക് ചികിത്സ നൽകണം. അകിടിൽ ഏതെങ്കിലും മുറിവോ ക്ഷതമോ കണ്ടാൽ അവിടെ മരുന്നു പുരട്ടണം. ഡെയറി ഫാമിലെ കിടാക്കൾ ചെനയുള്ള പശുക്കളുടെ അകിട് ചപ്പാൻ ഇടയാകരുത്. തൊഴുത്തിൽ ശുചിത്വവും ഉണങ്ങിയ അന്തരീക്ഷവും ഉറപ്പാക്കണം. ഈച്ചശല്യം ഒഴിവാക്കണം. പ്രാണികൾ അകിടിൽ മുറിവേൽപ്പിക്കാൻ ഇടയാകരുത്. ഉരുക്കൾക്കു പ്രതിരോധശേഷി ലഭിക്കാൻ സെലനിയം, സിങ്ക്, ജീവകം എ അടങ്ങിയ ധാതുക്കൾ നൽകണം.

കുരലടപ്പൻ രോഗം

Q. കന്നുകാലികളിലെ കുരലടപ്പൻ രോഗത്തിന്റെ ലക്ഷണങ്ങൾ, കാരണം, പ്രതിവിധി എന്നിവ നിർദേശിക്കാമോ?

വിഷ്ണു പ്രകാശ്, പായിപ്പാട്

കുരലടപ്പൻ രോഗം കിടാരികളിലും കറവപ്പശുക്കളിലും കൂടുതലായി കണ്ടുവരുന്നു. പാസ്ചറില്ല (Pasterulla) ഇനത്തിൽപ്പെടുന്ന ബാക്ടീരിയയാണ് രോഗകാരി. രോഗാണുക്കൾക്ക് മണ്ണിൽ വളരെക്കാലം തങ്ങിനിൽക്കാൻ കെൽപ്പുണ്ട്. മഴക്കാലത്തിന്റെ ആരംഭത്തിൽ പച്ചപ്പുല്ല് പശു ആർത്തിയോടെ തിന്നുമ്പോൾ വായിലുള്ള ചെറിയ പോറലുകളിലൂടെ മണ്ണിലെ രോഗാണുക്കൾ ഉരുവിന്റെ ഉള്ളിൽ കടക്കും. രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ചുകഴിയുമ്പോൾ പനി ശക്തമാകും. കീഴ്ത്താടയിലും തൊണ്ടയ്ക്കു ചുറ്റും ശക്തമായ നീര് ഉണ്ടാകും. ഭക്ഷണം കഴിക്കാൻ പ്രയാസം, ശ്വാസതടസ്സം, വായിൽനിന്ന് ഉമിനീർ പ്രവാഹം എന്നിവ ലക്ഷണങ്ങൾ. രക്തപരിശോധന വഴി രോഗം കൃത്യമായി നിർണയിക്കാം. സൾഫാ ഇനത്തിൽപ്പെടുന്ന മരുന്ന് കുത്തിവച്ചാൽ ഉരുക്കൾ സുഖം പ്രാപിക്കും. രോഗം വരാതിരിക്കാൻ മഴക്കാലത്തിനു മുമ്പായി പ്രതിരോധ കുത്തിവയ്പ് പശുക്കൾക്കു നൽകണം. ഓയിൽ അഡ്ജുവെന്റ്, ബ്രോത്ത് ഇനത്തിൽപ്പെടുന്ന പ്രതിരോധ കുത്തിവയ്പ് പശുക്കൾക്കു നൽകാം. തൊഴുത്തിന്റെ വൃത്തി ഉറപ്പാക്കുകയും വേണം.

ഉത്തരങ്ങൾ തയാറാക്കിയത്: ഡോ.സി.കെ. ഷാജു, പെരുവ
സീനിയർ വെറ്ററിനറി സർജൻ, ഗവ. വെറ്ററിനറി ക്ലിനിക്, മുളന്തുരുത്തി. ഫോൺ: 9447399303

മഹാഗണിയിൽ തണ്ടുതുരപ്പൻ

ചോദ്യം ഉത്തരം വിളകൾ

Q. എന്റെ കൃഷിയിടത്തിൽ മൂന്നു വർഷം പ്രായമായ ഏതാനും മഹാഗണിച്ചെടികളുണ്ട്. ചിലത് ഉണങ്ങിപ്പോകുന്നു. മണ്ണിനോടു ചേർന്ന ഭാഗത്തു പുഴു കയറി തുരന്നുതിന്നുന്നതാണ് കാരണം. പ്രതിവിധിയെന്ത്.

ഖാലിദ്, വയനാട്

വൃക്ഷങ്ങളിൽ സാധാരണ കണ്ടുവരുന്ന കീടശല്യമാണിത്. തടിതുരപ്പൻ വണ്ട് / പുഴു ആണിതിനു കാരണം. വണ്ട് അല്ലെങ്കിൽ പുഴു പുറമേനിന്നു പുറംതൊലി തുരന്ന് ഉള്ളിൽ കയറി മൃദുഭാഗം കാർന്നു തിന്നുന്നതു മരം ഉണങ്ങാൻ കാരണമാകുന്നു. വണ്ട് ഇടുന്ന മുട്ടകൾ വിരിഞ്ഞിറങ്ങുന്ന പുഴുക്കളും നാശകാരികളാണ്.

കീടം ഏത് അവസ്ഥയിലുള്ളതായാലും പെറുക്കിയെടുത്തോ ജൈവ, രാസ കീടനാശിനി ഉപയോഗിച്ചോ നശിപ്പിക്കുക. കൃഷിയിടം വൃത്തിയാക്കി സൂക്ഷിക്കുക. ചപ്പുചവറുകൾ ചുടുകയോ, കമ്പോസ്റ്റ് ആക്കുകയോ ചെയ്യുക. തടി തുരന്നു കയറുന്ന കീടം വിസർജിക്കുന്നതും അവശേഷിപ്പിക്കുന്നതുമായ ചണ്ടികളും ശേഖരിച്ചു നശിപ്പിക്കണം.

പുറമേ കാണുന്ന വേരുകളിലും തടിയിലും കാർബാറിൽ 50 W.P., 4 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ തയാറാക്കിയ ലായനി ബ്രഷ്കൊണ്ടു പുരട്ടുക. കോൾടാർ–മണ്ണെണ്ണ മിശ്രിതം 1:2 അനുപാതത്തിൽ തയാറാക്കി തടിയിലും വേരിലും തേച്ചുപിടിപ്പിച്ചാലും മതി. ഇത് മാർച്ച്-ഏപ്രിൽ മാസങ്ങളിൽ രണ്ടു തവണയും നവംബർ–ഡിസംബർ മാസങ്ങളിലും ചെയ്യണം. തായ്ത്തടിയുടെ ചുവട്ടിൽനിന്നു മുകളിലേക്ക് ഒരു മീറ്റർവരെ മരുന്നു പുരട്ടണം. തടിയിൽ കാണുന്ന രണ്ടോ മൂന്നോ ദ്വാരങ്ങൾ തുരന്നു വൃത്തിയാക്കിയശേഷം മറ്റു ദ്വാരങ്ങൾ ചെളികൊണ്ടടയ്ക്കുക. തുറന്നിരിക്കുന്ന ദ്വാരങ്ങളിലൂടെ ജൈവ കീടനാശിനികളിലൊന്ന് ഒഴിക്കുക. ഉണങ്ങി പച്ചപ്പ് തീർത്തും ഇല്ലാതായ ചെടികൾ വെട്ടിമാറ്റി തീയിടുകയും വേണം.

മാതളത്തിനു വളർച്ച പോരാ

Q. ഒരു വർഷം പ്രായമായതും അ‍ഞ്ച് അടി ഉയരമുള്ളതുമായ മാതളനാരകം ഈർക്കിലിയുടെ വണ്ണത്തിലാണ് നിൽക്കുന്നത്. വണ്ണം വയ്ക്കാനും വളർച്ച ത്വരിതപ്പെടാനും എന്തു ചെയ്യണം.

പി. സരസമ്മ, കുമ്പഴ

തുറസ്സായ സ്ഥലത്ത് ആഴത്തിൽ വളക്കൂറുള്ള മണ്ണ് ഉള്ളിടത്താണ് മാതളനാരകം നടേണ്ടത്. ഇത്രയും ഉയരമുള്ളതിന് ഈർക്കിൽ വണ്ണമാണ് ഉള്ളതെങ്കിൽ കുത്തനെ നിൽക്കാൻ താങ്ങു കൊടുത്തിട്ടുണ്ടാകുമല്ലോ. ശരിയായ പരിചരണവും നൽകുന്നുണ്ടെന്നു കരുതുന്നു. നട്ടപ്പോൾതന്നെ മൂന്ന് അടി വലുപ്പത്തിൽ കുഴിയെടുത്ത് കാലിവളം അല്ലെങ്കിൽ കമ്പോസ്റ്റ് 15 കിലോ ചേർക്കുകയും ചെയ്തിരിക്കുമല്ലോ. നട്ടത് കരുത്തുള്ള നല്ല തൈ ആയിരുന്നുവെന്ന് ഉറപ്പാക്കുക. ഇനി വേണ്ടത് വളപ്രയോഗമാണ്. ചെ‌ടിച്ചുവട്ടിൽനിന്നു 15 സെ.മീ. വിട്ട് ചുവടിനും വേരിനും ഇളക്കം തട്ടാതെ 15 സെ.മീ. താഴ്ചയിൽ തടം വലിച്ചു പിണ്ണാക്കുവളങ്ങളിലൊന്ന് ഒരു കിലോ തോതിൽ ഇട്ട് ക്രമമായും മിതമായും നനച്ചുകൊണ്ടിരിക്കുക. ഇവയെല്ലാം ചെയ്തിട്ടും ഫലമില്ലെങ്കിൽ ഇളക്കിമാറ്റി പുതിയ തൈ നടണം.

കോവലിൽ കായ്പിടിത്തം പോരാ

Q. രണ്ടര വർഷം പ്രായമായ കോവൽച്ചെടികൾ. ജൈവ വളങ്ങൾ മാത്രമേ നൽകിയിട്ടുള്ളൂ. കായ്പ‍ി‌ടിത്തം തീരെ കുറവ്. കോവലിൽ ആണും പെണ്ണുമുണ്ടോ. പ്രൂണിങ് നടത്തേണ്ടതുണ്ടോ.

കൃഷ്ണദാസ്, പൂക്കോട്ടിൽ വീട്, വാവാട്

വെള്ളരിവർഗ കുടുംബത്തിൽപ്പെട്ട ദീർഘകാലവിളയാണ് കോവൽ. ഉഷ്ണമേഖലാ വിളയായ കോവലിൽ ആൺ, പെൺ ചെടികൾ പ്രത്യേകമുണ്ട്. പെൺചെ‌ടികളാണ് കായ്ക്കുന്നത്. ഇടത്തരം മൂപ്പുള്ളതും 25–30 സെ.മീ നീളമുള്ളതുമായ വള്ളിക്കഷണങ്ങൾ മഴക്കാലാരംഭത്തിൽ നടണം. മഴയില്ലെങ്കിൽ നനയ്ക്കണം. തടത്തിൽ വെള്ളം കെട്ടി നിൽക്കാനിടയാകരുത്. ചെടി പടരാൻ തുടങ്ങുമ്പോൾ പന്തലിട്ടു കയറ്റി വിടുകയും വേണം.

വളപ്രയോഗം സെന്റൊന്നിന്: അടിവളമായി ചാണകപ്പ‍ൊ‌ടി, കമ്പോസ്റ്റ്, തത്തുല്യ ജൈവ വളങ്ങൾ 70–80 കിലോ, എല്ലുപൊടി 500 ഗ്രാം, കപ്പലണ്ടിപ്പിണ്ണാക്ക്– വള്ളി വീശുമ്പോൾ രണ്ടു കിലോ, പൂവിടുമ്പോഴും വിളവെടുപ്പിനിടയിലും 500 ഗ്രാം വീതം. ചാരം-വള്ളി വീശുമ്പോൾ 750 ഗ്രാം.

മഴക്കാലത്തു വെള്ളം കെട്ടിനിൽക്കാനിടയാകരുത്. വേനൽക്കാലത്ത് പുതയിടുന്നതും നന്ന്. ചെടികൾ നട്ട് 45–60 ദിവസംകൊണ്ടു പൂവിടാൻ തുടങ്ങും. കായ്കൾ ഇളം പരുവത്തിൽ പറിച്ചെടുത്തു കറിവയ്ക്കാം.

കോവലിലെ മൂത്തുമുരടിച്ചതും ഉണങ്ങിയതുമായ വള്ളികൾ മാർച്ച്–ഏപ്രിൽ മാസങ്ങളിൽ മുറിച്ചു നീക്കണം. ഇതിനുശേഷം തടമെടുത്തു വളങ്ങൾ ചേർത്താൽ 3–4 വർഷം വരെ വളർന്നു നല്ല വിളവും തരും. പിന്നീട് പുതിയ ചെടികൾ നടുന്നതാണു നല്ലത്.

താങ്കളുടെ ചെടി വിളവു തരാത്തതിനാൽ വെട്ടിനീക്കി പുതിയതു നടുക. ഇതിനായി ധാരാളം കായ്ക്കുന്ന ചെടിയിൽനിന്നു കമ്പുകൾ എടുക്കണം. മുകളിൽ പറഞ്ഞിട്ടുള്ളതുപോലെ പരിചരിക്കുക. നല്ല വിളവു കിട്ടും.

തക്കാളിയിൽ കീടബാധ

Q. തക്കാളിയുടെ ഇലഞെ‌ട്ടിൽ വെള്ളനിറത്തിൽ പൂപ്പൽപോലെ ജീവനുള്ള ഒന്നിനെ കാണുന്നു. ഇതിനെ നിയന്ത്രിക്കാൻ എന്തു ചെയ്യണം.

കെ.വി. മത്തായി, ഇലന്തൂർ

പൂപ്പൽപോലെ പറ്റിപ്പിടിച്ചിരിക്കുന്നത് ഒട്ടുമിക്ക സസ്യങ്ങളെയും ആക്രമിച്ചു നശിപ്പിക്കുന്ന ശൽക്കകീടമാണ്. ഇതിനെ ഇളക്കിയെടുത്ത് വിരലുകൊണ്ട് ഞെരടിയാൽ ചോര വിരലിൽ പുരളും. ഇത് ഇരിക്കുന്ന ഭാഗത്തെ നീരൂറ്റിക്കുടിച്ചു ചെടിയെ ഉണക്കുന്നു.

ഇവയെ നിയന്ത്രിക്കാൻ ബ്രഷ്കൊണ്ടു തൂത്തുകളയുക, ചെടി ഒടിയാനിടയാകാതെ സ്പ്രേയർകൊണ്ടു വെള്ളം ചീറ്റിക്കുക. വേപ്പെണ്ണ–വെളുത്തുള്ളി മിശ്രിതം തളിക്കുക. ഇതു തയാറാക്കുന്ന വിധം: ഒരു ലീറ്റർ വെള്ളത്തിൽ 5 ഗ്രാം ബാർസോപ്പ് അലിയിക്കുക. ഇതിലേക്ക് 250 ഗ്രാം വെളുത്തുള്ള‍ി അരച്ചുചേർത്തശേഷം 25 മി.ലീ വേപ്പെണ്ണ കൂടി ചേർത്ത് നന്നായി ഇളക്കി അരിച്ചെടുക്കുക.

ഉത്തരങ്ങൾ തയാറാക്കിയത്: ജി. വിശ്വനാഥൻ നായർ

സുഗന്ധ ഇലക്കറിവിളകൾ

ചോദ്യം ഉത്തരം വിളകൾ

Q. നിത്യഭക്ഷണത്തിൽ സാധാരണയായി ഉപയോഗിക്കുന്നതും ഭക്ഷ്യവസ്തുക്കൾക്കു സുഗന്ധം പകരുന്നതുമായ ഇലച്ചെടികൾ കേരളത്തിൽ കൃഷി ചെയ്യാനാകുമോ.

സുധാ മോഹനൻ, മോഹനസൗധം, മാലൂർ

കറിവേപ്പ്, മല്ലി, പുതിന എന്നിവയാണ് നമ്മൾ സാധാരണ ഉപയോഗിക്കുന്ന സുഗന്ധ ഇലക്കറികൾ.

കറിവേപ്പില: രുചിക്കും ഹൃദ്യമായ ഗന്ധത്തിനുമാണ് ഇതു കറികളിൽ ചേർക്കുന്നത്. കറിവേപ്പിലയ്ക്കു സുഗന്ധത്തിനൊപ്പം പോഷക, ഔഷധ ഗുണങ്ങളുമുണ്ട്. കറിവേപ്പിൻതൊലി വിഷഹരമാണ്. പച്ചിലകൾ ചവച്ചുതിന്നുന്നത് വയറുകടി ശമിപ്പിക്കും. ഇലകൾ വറുത്തും വേരു ചതച്ചും തിന്നുന്നതു വൃക്കരോഗങ്ങൾക്കു മരുന്നാണ്.

‌കേരളത്തിൽ കറിവേപ്പ് വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നില്ല. എന്നാൽ വീട്ടാവശ്യത്തിന് ഒന്നോ രണ്ടോ ചെടികൾ വളർത്താവുന്നതാണ്. വിത്ത് കിളിർപ്പിച്ചുള്ള തൈയോ വേരിൽനിന്നു വളരുന്ന തൈയോ നടാം. മഴക്കാലാരംഭത്തിൽ കുഴികളെടുത്തു നടണം. അധികം ഉയരത്തിൽ വളരാതിരിക്കാൻ ചെടിയുടെ അഗ്രമുകുളം ഇടയ്ക്കിടെ നുള്ളിക്കളയണം. നട്ട് ഒരു വർഷമാകുമ്പോഴേക്കു വിളവെടുപ്പ് തുടങ്ങാം.

മല്ലി: തനതു മണത്തിനും രുചിക്കും അപ്പോൾ പറിച്ചെടുത്ത് വേരു കളഞ്ഞ ചെടി ഉപയോഗിക്കണം. ഭക്ഷണത്തോടൊപ്പം പാകം ചെയ്തും സാലഡായും ഉപയോഗിക്കാം.

നല്ല നീർവാർച്ചയുള്ള സ്ഥലത്തെ വളക്കൂറുള്ള മണ്ണിൽ വേണം കൃഷി. ജൂൺ–ജൂലൈ, നവംബർ– ഡിസംബർ മാസങ്ങളാണ് മുഖ്യ നടീൽകാലം. നല്ല വിളവ് കിട്ടുക തണുപ്പുകാലത്താണ്.

മല്ലിവിത്തു രണ്ടായി പിളർന്നുവേണം വിതയ്ക്കാൻ. പിളരാത്തതു കിളിർക്കില്ല. 10–12 ദിവസംകൊണ്ട് വിത്തു കിളിർക്കും. മുളയ്ക്കുന്നതു വരെ വിത്തുകൾ കൃത്യമായി നനയ്ക്കണം. കിളിർപ്പ് 20–25 ദിവസമായാൽ വിളവെടുക്കാം.

പുതിന: ഭക്ഷണസാധനങ്ങൾക്കു സുഗന്ധം നൽകുന്ന പുതിന (മിന്റ്) തണ്ട് മുറിച്ചു നട്ടാണു കൃഷി ചെയ്യുന്നത്. നിലത്തു പടർന്നുവളരുന്ന ചെടിയുടെ ഓരോ മൂട്ടിൽനിന്നും വേരുകൾ പൊടിക്കുന്നു. ജൈവവളങ്ങൾ ചേർത്താൽ വർഷം മുഴുവൻ പുതിനയില പറിച്ചെടുക്കാം. ഓരോ വിളവെടുപ്പിനു ശേഷവും ചാണകം കലക്കി ഒഴിച്ചാൽ ചെടി തഴച്ചുവളരും.

തെങ്ങ് നഴ്സറി പരിചരണം

Q. നല്ല വിളവു നൽകിക്കൊണ്ടിരിക്കുന്ന ലക്ഷണമൊത്തതും കരുത്തോടെ വളരുന്നതുമായ ഏതാനും തെങ്ങുകൾ ഞങ്ങളുടെ പ്രദേശത്തുണ്ട്. ഇവയിൽനിന്നുള്ള വിളവ് വിത്തുതേങ്ങയ്ക്കായി ശേഖരിച്ചിട്ടുമുണ്ട്. ഇനി തൈകൾക്കായി ഒരു നഴ്സറി തയാറാക്കണമെന്നു കരുതുന്നു. അതെങ്ങനെ ചെയ്യണമെന്ന് അറിയണം.

ആർ.പി. കുഞ്ഞൻ, കണിയാരത്ത് വീ‌ട്, പെരുവയൽ

കീടരോഗബാധ ഏൽക്കാതെ കരുത്തോടെ വളരുന്ന തെങ്ങിൽനിന്നു ശാസ്ത്രീയമായി സംഭരിച്ചുള്ള വിത്തുതേങ്ങയുടെ തൈകൾ നടുന്നതിനായി നഴ്സറി തയാറാക്കണം. നനസൗകര്യമുള്ളതും എന്നാൽ വെള്ളം കെട്ടിനിൽക്കാത്തതുമായ നിരപ്പായ സ്ഥലത്താവണം നഴ്സറി. മണ്ണ് മണൽ കലർന്നതും ഇളക്കമുള്ളതുമായാൽ നന്ന്.

ശ്രദ്ധിക്ക‍േണ്ടത്: തവാരണ നല്ല നീർവാർച്ചയുള്ളതാകണം. ചിതൽശല്യത്തിനെതിരെ മുൻകരുതൽ എടുക്കണം. അത്യാവശ്യമെങ്കിൽ വിദഗ്ധോപദേശം വാങ്ങി ജൈവ, രാസ ചിതൽനാശിനികൾ ഉപയോഗിക്കുകയുമാവാം.

സൗകര്യമായ നീളത്തിലും വീതിയിലും വാരങ്ങളെ‌ടുത്താകണം വിത്തുതേങ്ങ പാകേണ്ടത്. നാലു വരിയിൽ പാകാൻ 160 സെ.മീറ്ററും 5 വരി പാകാൻ 200 സെ.മീറ്ററും വീതിയുള്ള വാരങ്ങൾ എടുക്കണം.

രണ്ടു നിരകൾക്കായി 40 സെ.മീറ്ററും രണ്ടു തേങ്ങകൾ തമ്മിൽ 30 സെ.മീറ്ററും അകലത്തിൽ വേണം പാകാൻ.

രണ്ടു വാരങ്ങൾ തമ്മിൽ 75 സെ.മീ. അകലം ഉണ്ടാകണം. തവാരണയ്ക്കു തിരഞ്ഞെടുക്കുന്ന സ്ഥലത്തു മതിയായ അളവിൽ സൂര്യപ്രകാശം ലഭിക്കണം. തണൽ അധികമാകുകയുമരുത്. നനസസൗകര്യം വേണം. തവാരണയ്ക്കു യോജിച്ചതു മണൽമണ്ണാണ്. തവാരണകളിൽ മഴക്കാലാരംഭത്തോടെ വിത്തുതേങ്ങകൾ പാകാം.

പാകുന്ന രീതി: ചാലുകൾ 25 സെ.മീ താഴ്ചയിലെടുത്ത് അതിൽവേണം വിത്തുതേങ്ങ പാകാൻ. പാകിയ ശേഷം തേങ്ങയുടെ മോടുഭാഗം മണ്ണിനു മുകളിൽ കാണത്തക്ക വിധം മണലിട്ടു മൂടണം. പാകുന്ന സമയം തേങ്ങയിൽ വെള്ളം ഉണ്ടെന്ന് ഉറപ്പാക്കുകയും വേണം.

നഴ്സറി സംരക്ഷണം: ആവശ്യാനുസൃതം തണൽ നൽകണം, വേലി കെ‍ട്ടി സംരക്ഷണം നൽകുകയും വേണം.

മഴയില്ലെങ്കിൽ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ നനയ്ക്കണം. ലഭ്യമെങ്കിൽ വാരങ്ങളി‍ൽ പുതയിടണം. കളവളർച്ച കണ്ടെങ്കിൽ പറിച്ചു നീക്കണം. ചിതൽശല്യത്തിനു തക്കതായ പ്രതിവിധി കൈക്കൊള്ളണം. കുമിൾബാധ കണ്ണിൽപെട്ടാൽ ബോർഡോമിശ്രിതം ഒരു ശതമാനം വീര്യത്തിൽ തയാറാക്കി തളിക്കണം. പാകിക്കഴിഞ്ഞാൽ വിത്തുതേങ്ങ മുളയ്ക്കാൻ എട്ട് ആഴ്ച എടുക്കും. നല്ല തേങ്ങകൾ എല്ലാം അഞ്ചു മാസത്തിനകം തന്നെ മുളയ്ക്കും. ആറു മാസമായാലും മുളയ്ക്കാത്തവയെല്ലാം ഇളക്കി നീക്കണം. പരിശോധനയിൽ തീരെ കരുത്തില്ലാത്തവയും നീക്കം ചെയ്യേണ്ടതാണ്.

മിത്രകീടങ്ങൾ

Q. ശത്രുകീടങ്ങളും മിത്രകീടങ്ങളും തമ്മിലുള്ള അന്തരമെന്ത്. കീട‍നിയന്ത്രണത്തിനു മിത്രകീടങ്ങളെ എങ്ങനെ പ്രയോജനപ്പെടുത്താം.

മേരി ജോസഫ്, മേരിത്തോട്ടം, കുണ്ടല്ലൂർ.

പ്രകൃതിയിൽ കാണുന്ന എല്ലാ കീടങ്ങളും വിളകൾക്കു ഭീഷണിയല്ല. നാശകാരികളായ കീടങ്ങളെ തുരത്താൻ പല മാർഗങ്ങൾ ഇന്നുണ്ട്. ഇവയിൽ പരിസ്ഥിതി സൗഹൃദപരവും ചെലവു കുറഞ്ഞതുമായ മാർഗമാണ് മി‍ത്രകീടങ്ങളെ ഉപയോഗിച്ചുള്ളത്. വിളകളുടെ ശത്രുകീടങ്ങളെ നശിപ്പി‍ക്കുന്ന കീ‌ടങ്ങളാണ് മിത്രകീടങ്ങൾ. ഇവയെ ആവശ്യാനുസരണം ഉൽപാദിപ്പിച്ചു ശത്രുകീട നിയന്ത്രണത്തിന് ഉപയോഗിക്കാം. ഉദാ: പച്ചക്കറികളെ ബാധിക്കുന്ന വെള്ളീച്ചയെ നശിപ്പിക്കുന്ന കീടമാണ് പച്ചനിറത്തിൽ സുതാര്യമായ ചിറകുകളോടെയുള്ള ഗ്രീൻ ലേസ് വിങ് ബഗ്. ഇവയുടെ മുട്ട വിരിഞ്ഞിറങ്ങുന്ന പുഴുക്കൾ വെള്ള‍ീച്ചകളെ തിന്നുന്നു. മുഞ്ഞ, ഇലപ്പേൻ, മീലിമൂട്ട എന്നിവയെയും ഇവ നശിപ്പിക്കും.

ഒരേക്കർ സ്ഥലത്തേക്ക് ഈ മിത്രകീടത്തിന്റെ ആയിരം മുട്ടകൾ വേണ്ടിവരും. ഇത്രയും എണ്ണം മുട്ടകളടങ്ങിയ ടിന്നുകൾ ഇന്നു ലഭ്യമാണ്. മുട്ട വിരിഞ്ഞുതുടങ്ങുന്നതോ‌ടെയോ അതിനു മുമ്പോ മുട്ടകൾ ചെടികളിൽ നിക്ഷേപിക്കണം. അതിനു ടിന്നിന്റെ വായ് മൂടിക്ക‍െട്ടിയ തുണി അഴിച്ച് ഉള്ളിലുള്ള മുട്ടകളെ കൃഷിയിടത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടഞ്ഞിട്ടാൽ മതി. അതിരാവിലെയോ വൈകിട്ടോ ഇടുന്നതാണ് നന്ന്. കീടാക്രമണാരംഭത്തിൽതന്നെ ഇതു ചെയ്യണം.

പയറിലെ മുഞ്ഞബാധയ്ക്കെതിരെ നീറു(മിശറ്)കളെ ഉപയോഗിക്കാം. ഇവ കൂടുകൂട്ടിയിട്ടുള്ള മരങ്ങളുമായി കയർകൊണ്ട് പയർചെടികളെ ബ‍ന്ധപ്പെടുത്തിയോ നീറുകൂടുകൾ പൊട്ടിച്ചെടുത്തു ചെ‌ടികളിൽ കുടയുകയോ ചെയ്താൽ മതി, അവ മുഞ്ഞകളെ തിന്നുതീർക്കും.

ഉത്തരങ്ങൾ തയാറാക്കിയത്: ജി. വിശ്വനാഥൻ നായർ

വായനക്കാരുടെ ശ്രദ്ധയ്ക്ക്
കൃഷി സംബന്ധമായ സംശയങ്ങൾക്ക് ഉത്തരം നൽകുന്ന ഈ പംക്തിയിലേക്ക് ചോദ്യങ്ങൾ അയയ്ക്കാം.
വിലാസം: എഡിറ്റർ ഇൻ ചാർജ്, കർഷകശ്രീ, മലയാള മനോരമ, കോട്ടയം - 686001

ഇ-മെയിൽ: karsha@mm.co.in

നാലു തരം പച്ചക്കറി കൃഷിരീതി ഇങ്ങനെ

ചീര

എല്ലാക്കാലത്തും കൃഷി ചെയ്യാം. നേരിട്ട് വിതയ്ക്കുന്നതിന് സെന്റിന് എട്ടു ഗ്രാമും പറിച്ചു നടുന്നതിന് സെന്റൊന്നിന് രണ്ടു ഗ്രാമും വിത്ത് വേണ്ടിവരും.

നടീൽ രീതി: നേരിട്ട് വിതയും പറിച്ചു നടീലും

നഴ്സറി (തവാരണ) ഒരുക്കൽ: വിത്ത് പാകുന്നതിനു മുമ്പ് നഴ്സറി തടങ്ങൾ സൂര്യതാപീകരണം നടത്തുക. വിത്ത് പരിചരണത്തിന് ഒരു ഗ്രാം സ്യൂഡോമോണാസ് പൊടി വിത്തുമായി കലർത്തുക. നഴ്സറി രോഗങ്ങൾ തടയാനായി ഒരു ചതുരശ്രമീറ്ററിന് ട്രൈക്കോഡേർമ സമ്പുഷ്ട കാലിവളം 10 കിലോ, പിജിപിആർ മിശ്രിതം–2,100 ഗ്രാം എന്ന തോതിൽ നൽകുക.

സ്ഥലം ഒരുക്കലും നടീലും: കൃഷിസ്ഥലം കിളച്ചു നിരപ്പാക്കി ഒരടി അകലത്തിൽ 30–35 സെ.മീ. വീതിയില്‍ ആഴം കുറഞ്ഞ ചാലുകൾ എടുക്കുക. അതിലേക്ക് സെന്റ് ഒന്നിന് 100 കിലോ ട്രൈക്കോഡേർമ, സമ്പുഷ്ട ചാണകം അടിവളമായി ചേർത്ത് ഇളക്കുക. ഈ ചാലുകളിൽ 20–30 ദിവസം പ്രായമായ തൈകൾ സ്യൂഡോമോണാസ് ലായനിയിൽ (20 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ കലക്കിയത്) വേരുകൾ 20 മിനിറ്റ് ഇട്ടതിനുശേഷം 20 സെ.മീ. അകലത്തില്‍ നടുക. മഴക്കാലത്ത് ചാലുകൾക്ക് പകരം തടങ്ങൾ എടുത്ത് നടുന്നതാണ് നല്ലത്.

വളപ്രയോഗം: തൈകൾ നട്ട് 8–10 ദിവസത്തെ ഇടവേളയിൽ താഴെപ്പറയുന്ന ഏതെങ്കിലും ജൈവവളം ചേർക്കണം.

1. ചാണകപ്പാൽ ബയോഗ്യാസ് സ്ലറി (200 ഗ്രാം) നാലു ലീറ്റർ വെള്ളവുമായി ചേർത്തത്.
2. ഗോമൂത്രം വെർമിവാഷ് (200 ലീറ്റർ) മൂന്നിരട്ടി വെള്ളവുമായി ചേർത്തത്.
3. നാലു കിലോ വെർമികമ്പോസ്റ്റ് കോഴിവളം, കടലപ്പിണ്ണാക്ക് (200 ഗ്രാം) നാലു ലീറ്റർ വെള്ളത്തിൽ കുതിർത്തത്.

കൂടാതെ, ഓരോ വിളവെടുപ്പ് കഴിയുമ്പോഴും നേർപ്പിച്ച വെർമിവാഷ് തളിച്ചു കൊടുക്കാം.

പരിപാലനമുറകൾ

മണ്ണിൽ ഈർപ്പം ഇല്ലെങ്കിൽ ആവശ്യത്തിനനുസൃതം പുതയിടുന്നതു നന്ന്. വേനൽക്കാലത്ത് രണ്ടു ദിവസത്തിലൊരിക്കൽ നനയ്ക്കണം. മഴക്കാലത്ത് മണ്ണ് കൂട്ടിക്കൊടുക്കണം.

കീടങ്ങൾ

കൂടുകെട്ടിപ്പുഴുക്കൾ: ഇവ ഇലകൾ കൂട്ടിയോജിപ്പിച്ച് അതിനുള്ളിലിരുന്ന് തിന്നു നശിപ്പിക്കുന്നു.

ഇലതീനിപ്പുഴുക്കൾ: ഇലകൾ തിന്ന് നശിപ്പിക്കുന്നു.

നിയന്ത്രണം: പുഴുക്കളോടുകൂടി ഇലകൾ പറിച്ചെടുത്ത് നശിപ്പിക്കുക. ആക്രമണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ അഞ്ചു ശതമാനം വേപ്പിൻകുരുസത്ത് തളിക്കണം. ജീവാണു കീടനാശിനിയായ ഡൈപ്പൽ അഥവാ ഹാൾട്ട് (0.7 മില്ലി) ഒരു ലീറ്റർ വെള്ളത്തിൽ തളിക്കുകയോ പെരുവലത്തിന്റെ നാലു ശതമാനം ഇലച്ചാർ സോപ്പുവെള്ളവുമായി ചേര്‍ത്ത് തളിക്കുകയോ ചെയ്യുക.

വെണ്ട

ജനുവരി– ഫെബ്രുവരി, മേയ്–‍ജൂൺ, സെപ്റ്റംബർ– ഒക്ടോബർ കാലത്ത് വെണ്ട കൃഷി ചെയ്യാം.

ഇനം: അർക്ക അനാമിക: മൊസേക്ക് രോഗത്തിനെതിരെ പ്രതിരോധശക്തിയുണ്ട്. വിത്ത് സെന്റിന് 15 മുതൽ 30 ഗ്രാം വരെ.

നടീൽ അകലം: വരികൾ തമ്മിലും ചെടികൾ തമ്മിലും 60 സെ.മീ അകലം.

വിത്തു പരിപാലനം: ഒരു ഗ്രാം സ്യൂഡോമോണാസ് പൊടി വിത്തുമായി കലർത്തി പരിചരണം നടത്തണം. വിത്ത് വിതച്ച് കഴിഞ്ഞാൽ മണ്ണിൽ ആവശ്യത്തിന് ഈർപ്പം ഉണ്ടാകണം.

നടീൽരീതി: കൃഷിസ്ഥലം കിളച്ച് കളകൾ മാറ്റി പരുവപ്പെടുത്തണം. വിത്ത് നടുന്നതിന് 10 ദിവസം മുൻപായി സെന്റിന് രണ്ടു കിലോ കുമ്മായം ചേർക്കുന്നത് മണ്ണിന്റെ അമ്ലരസം കുറയ്ക്കും. 100 കിലോ ചാണകമോ കമ്പോസ്റ്റോ 100 ഗ്രാം ട്രൈക്കോഡേർമയുമായി ചേർത്ത് തണലിൽ‌ 15 ദിവസം സൂക്ഷിച്ചശേഷം അടിവളമായി ചേർക്കണം. മേൽവളമായി താഴെ പറയുന്ന ഏതെങ്കിലും ഒരു വളം രണ്ടാഴ്ചയിൽ ഒരിക്കൽ ചേർക്കുക.

1. ചാണകപ്പാൽ/ ബയോഗ്യാസ് സ്ലറി 200 ഗ്രാം നാലു ലീറ്റർ വെളളവുമായി ചേർത്തത്.
2. ഗോമൂത്രം വെർമിവാഷ് രണ്ടു ലീറ്റർ എട്ടിരട്ടി വെള്ളവുമായി ചേർത്തത്.
3. നാലു കിലോ മണ്ണിരവളം / കോഴിവളം
4. കടലപ്പിണ്ണാക്ക് 200 ഗ്രാം നാലു ലീറ്റർ വെള്ളത്തിൽ കുതിർത്തത്.

പരിപാലനമുറകൾ

ആവശ്യാനുസരണം നനയ്ക്കണം. പുതയിടുന്നത് കള നിയന്ത്രിക്കാനും മണ്ണിലെ ഈർപ്പം നിലനിർത്താനും സഹായിക്കും.

കീടങ്ങൾ

തണ്ട് തുരപ്പൻ / കായ്തുരപ്പൻ പുഴു: ഇളംതണ്ടുകളിലും കായകളിലും തുളച്ചുകയറി ഉൾഭാഗം തിന്നു നശിപ്പിക്കുന്നു.

നിയന്ത്രണം: വിത്ത് നട്ട് രണ്ടാഴ്ച കഴിയുമ്പോൾ മണ്ണിൽ വേപ്പിൻപിണ്ണാക്ക് ഇട്ട് ഇളക്കുക. കീടബാധയേറ്റ തണ്ടു കായും മുറിച്ച് മാറ്റണം. ആക്രമണം കണ്ട് തുടങ്ങുമ്പോൾ അഞ്ചു ശതമാനം വീര്യത്തിൽ വേപ്പിൻകുരുസത്ത് അഥവാ വിപണിയിൽ ലഭ്യമാവുന്ന വേപ്പധിഷ്ഠിത കീടനാശിനി ഉപയോഗിക്കാം.

നീരൂറ്റും കീടങ്ങള്‍: (പച്ചത്തുള്ളൻ, മുഞ്ഞ, വെള്ളീച്ച) ഇവ ഇലയുടെ അടിഭാഗത്ത് പറ്റിപ്പിടിച്ചിരുന്ന് നീരൂറ്റിക്കുടിക്കുന്നു. ഇലകൾ മഞ്ഞളിച്ച് ഉണങ്ങുന്നു. കൂടാതെ വൈറസ് രോഗം പരത്തുകയും ചെയ്യുന്നു.

നിയന്ത്രണം: തോട്ടത്തിൽ മഞ്ഞക്കെണി സ്ഥാപിച്ച് വെള്ളീച്ച, മുഞ്ഞ എന്നിവയെ കുടുക്കി നശിപ്പിക്കുക. രണ്ടു ശതമാനം വീര്യത്തിൽ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം, വേപ്പെണ്ണ എമൽഷൻ മൂന്നു ശതമാനം ഇവയിലേതെങ്കിലും തളിക്കുക.

ഇലചുരുട്ടിപ്പുഴു: ഇലചുരുട്ടി തിന്നു നശിപ്പിക്കുന്നു.

നിയന്ത്രണം: ഇല ചുരുളുകൾ പറിച്ച് നശിപ്പിക്കുക.

വേപ്പിൻകുരുസത്ത് അഞ്ചു ശതമാനം തളിക്കുക.

*ബിവേറിയ ബാസിയാന തളിക്കുക. (ബയോഗോൾഡ് അഞ്ചു മില്ലി ലീറ്റർ / ഒരു ലീറ്റര്‍ വെള്ളം)

വേരുബന്ധക നിമാവിര: ചെടിയുടെ വേരുകളെ ആക്രമിക്കുകയും ക്രമേണ ചെടികൾ ഉണങ്ങിപ്പോവുകയും ചെയ്യുന്നു.

നിയന്ത്രണം: ഒരു സെന്റിൽ നാലു കിലോ വേപ്പിൻപിണ്ണാക്ക് ആവണക്കിൻപിണ്ണാക്ക് ചേർത്തു കൊടുക്കുക. ചെടികളുടെ ഇടയ്ക്ക് കെണിവിളയായി ചെണ്ടുമല്ലിച്ചെടി നട്ടുവളർത്തുക. നടുന്നതിന് ഒരാഴ്ച മുമ്പ് വേപ്പിലയോ കമ്മ്യൂണിസ്റ്റ് പച്ചിലയോ (ചെടിക്ക് 250 ഗ്രാം എന്ന തോതിൽ) തടങ്ങളിലിട്ട് ദിവസേന വെള്ളമൊഴിക്കുക.

വഴുതന വർ‌ഗവിളകൾ

1. മുളക് (അനുഗ്രഹ): ബാക്ടീരിയ വാട്ടത്തിനെതിരെ പ്രതിരോധശക്തിയുള്ള ഇനം.

2. വഴുതന (സി.ഒ–2): വെള്ളയില്‍ വയലറ്റ് വരകളോടു കൂടിയ ഉരുണ്ട കായ്കൾ.

നഴ്സറി: പറിച്ചു നടുന്ന വിളകളാണിവ. വിത്തുകൾ തവാരണകളിൽ പാകി മുളപ്പിച്ച് ഒരു മാസം പ്രായമായ തൈകൾ പറിച്ചുനടാം. തുറസ്സായ സ്ഥലത്ത് ധാരാളം ജൈവവളവും മേല്‍മണ്ണും ചേർത്ത് നഴ്സറി തയാറാക്കണം. വിത്ത് പാകിയ ശേഷം തവാരണ പച്ചിലകൊണ്ട് പുതയിട്ട് ദിവസേന നനയ്ക്കുക. വിത്ത് മുളച്ച് തുടങ്ങിയാൽ പുത മാറ്റാം. നിശ്ചിത ഇടവേളയിൽ സ്യൂഡോമോണാസ് ലായനി തളിക്കണം. ഒരു സെന്റിന് 2–3 ഗ്രാം വിത്ത് വേണ്ടിവരും.

നടീലും വളപ്രയോഗവും: കൃഷിസ്ഥലം നല്ലപോലെ കിളച്ച് നിരപ്പാക്കുക. തൈകൾ നടുന്നതിന് രണ്ടാഴ്ച മുമ്പ് സെന്റൊന്നിന് രണ്ടു കിലോ കുമ്മായം ചേർത്തു കൊടുക്കണം. അടിവളമായി 100 കിലോ ട്രൈക്കോഡേർമ സമ്പുഷ്ട ജൈവവളം ചേർക്കണം. നടുന്ന സമയത്ത് തൈകളുടെ വേരുകൾ സ്യൂഡോമോണാസ് ലായനിയിൽ (20 ഗ്രാം– ഒരു ലീറ്റർ വെള്ളത്തിൽ) 20 മിനിറ്റ് മുക്കിവയ്ക്കാൻ ശ്രദ്ധിക്കണം. 8–10 ദിവസത്തെ ഇടവേളയിൽ താഴെ പറയുന്ന ഏതെങ്കിലും മേൽവളം നൽകാം.

ചാണകപ്പാൽ / ബയോഗ്യാസ് സ്ലറി 200 ഗ്രാം നാലു ലീറ്റർ വെള്ളത്തിൽ ചേർത്തത്.

ഗോമൂത്രം വെർമിവാഷ്– രണ്ടു ലീറ്റർ എട്ടിരട്ടി വെള്ളവുമായി ചേർത്തത്.

നാലു കിലോ മണ്ണിര കമ്പോസ്റ്റ് / കോഴിവളം / ആട്ടിൻകാഷ്ഠം.

കടലപ്പിണ്ണാക്ക് 200 ഗ്രാം നാലു ലീറ്റർ വെളളത്തിൽ കുതിർത്തത്.

പരിപാലനമുറകൾ

വേനൽക്കാലത്ത് 2–3 ദിവസത്തിലൊരിക്കൽ നനയ്ക്കുക. കളയെടുക്കുക, വളപ്രയോഗം, മണ്ണ് കൂട്ടിക്കൊടുക്കൽ എന്നിവ ചെയ്യുക. പുതയിടുന്നത് നന്ന്.

വഴുതനയിലെ കീടങ്ങൾ

തണ്ട്, കായ് തുരപ്പൻപുഴു: ഇളംതണ്ടിലും കായിലും പുഴു തുളച്ച് കയറി ഉൾഭാഗം തിന്ന് നശിപ്പിക്കുന്നു. ആക്രമണവിധേയമായ തണ്ടുകൾ വാടി കരിയുന്നു.

നിയന്ത്രണം: തൈകൾ പറിച്ച് നടുമ്പോൾ വേപ്പിൻപിണ്ണാക്ക് മണ്ണില്‍ ഇടുക. കേടുവന്ന ഭാഗങ്ങൾ മുറിച്ചുമാറ്റി നശിപ്പിക്കുക. കീടാക്രമണം കണ്ടു തുടങ്ങുമ്പോൾ അഞ്ചു ശതമാനം വീര്യത്തിൽ വേപ്പിന്‍കുരുസത്ത് തളിക്കുക.

നീരൂറ്റിക്കുടിക്കുന്ന കീടങ്ങൾ: മീലിമൂട്ട, മുഞ്ഞ, രേന്ത്രപത്രകീടം എന്നിവ ഇലയുടെ അടിയിൽ പറ്റിപ്പിടിച്ചിരുന്ന് നീരൂറ്റിക്കുടിച്ച് നശിപ്പിക്കുന്നു. മീലിമൂട്ട മറ്റ് സസ്യഭാഗങ്ങളെയും ആക്രമിക്കുന്നു.

നിയന്ത്രണം: ആരംഭദശയിൽ ആക്രമണവിധേയമായ ഇലകൾ നശിപ്പിക്കുക. വേപ്പെണ്ണ, വെളുത്തുള്ളി എമൽഷൻ 2% / വേപ്പെണ്ണ എമൽഷൻ 3% തളിക്കുക.

മുളകിലെ കീടങ്ങൾ

നീരൂറ്റിക്കുടിക്കുന്ന പ്രാണികൾ: ഏഫിഡുകൾ, ജാസിഡുകൾ, ത്രിപ്സ് (ഇലപ്പേൻ), മണ്ഡരി, വെള്ളീച്ച എന്നിവ മുളകിനെ ആക്രമിക്കുന്ന കീടങ്ങളാണ്.

ഏഫിഡുകളെ നിയന്ത്രിക്കാൻ പുകയില കഷായം, വേപ്പെണ്ണ വെളുത്തുള്ളി എമൽഷൻ, നാറ്റപ്പൂച്ചെടി എമൽഷൻ എന്നിവയിൽ ഏതെങ്കിലും ഒന്ന് തളിക്കുക.

ജാസിഡുകളെ നിയന്ത്രിക്കുന്നതിന് കിരിയാത്ത് സത്ത് (10%) തളിക്കുക.

മണ്ഡരിയെ നിയന്ത്രിക്കുന്നതിനുവേണ്ടി വേപ്പെണ്ണ– വെളുത്തുള്ളി എമൽഷൻ 2% തളിക്കുക. പത്ത് ദിവസത്തിലൊരിക്കൽ നേർപ്പിച്ച കഞ്ഞിവെള്ളം ഇലയുടെ അടിയിൽ തളിച്ചുകൊടുക്കണം.

വെർട്ടിസീലിയം ലക്കാനി 3–5 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ കലർത്തി തളിക്കുക.

ആവണക്കെണ്ണ പുരട്ടിയ മഞ്ഞക്കെണികൾ സ്ഥാപിക്കുക.

വേപ്പെണ്ണ– വെളുത്തുള്ളി എമൽഷൻ 2% തളിക്കുക.

വിലാസം: ഡെപ്യൂട്ടി മാനേജർ (സീഡ് പ്രൊഡക്ഷൻ), വിഎഫ്പിസികെ, കൊച്ചി.

ഫോൺ: 9446400119

അരസെന്റിൽ അടുക്കളത്തോട്ടം

ചോദ്യം ഉത്തരം വിളകൾ

Q. വീട്ടമ്മയായ എനിക്ക് അടുക്കളത്തോട്ടം ഉണ്ടാക്കിയാൽ കൊള്ളാമെന്നുണ്ട്. ഇക്കാര്യത്തിൽ വേണ്ട അറിവു തരണം.

ശോഭ കെ.ജി., കൊല്ലറ വീട്, ഇരിങ്ങാലക്കുട

അടുക്കളത്തോട്ടത്തിനു 10 സെന്റിലധികം സ്ഥലം വേണമെന്നില്ല. ഒരാൾക്ക് അര സെന്റ് എന്നതാണ് കണക്ക്. വീടിന്റെ മട്ടുപ്പാവിലോ ചട്ടികളിലോ ഗ്രോബാഗുകളിലോ കൃഷി നടത്താം. നിലത്താണെങ്കിൽ മണ്ണ് താഴ്ത്തിക്കിളച്ച് നിരപ്പാക്കി കല്ലും കളയും നീക്കി കട്ടയുടച്ച് തടമെടുത്ത് അല്ലെങ്കിൽ വാരം / ചാല് എടുത്ത് വിത്ത് / തൈകൾ നടുക. ഏതു സമയത്തും കൃഷി ചെയ്യാവുന്ന വെണ്ട, വഴുതന, മുളക്, ചീര, മത്തൻ, കുമ്പളം, വെള്ളരി, പാവൽ, പടവലം എന്നിവയ്ക്കൊപ്പം പ്രത്യേക സീസണുകളിൽ മാത്രം വളർത്താവുന്നവ (ഉദാ: മഞ്ഞുകാലത്ത് കാബേജ്, കോളിഫ്ലവർ, കാരറ്റ് തുടങ്ങിയവ) ആ സമയത്തും കൃഷിയിറക്കുക. വിത്ത്, തൈകൾ, കൃഷി ചെയ്യുന്നതിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവ അറിയുന്നതിന് ഇരിങ്ങാലക്കുട കൃഷിഭവനുമായി ബന്ധപ്പെടാം.

മാമ്പഴപ്പുഴു നിയന്ത്രണം

Q. എനിക്കു കായ്ക്കുന്ന ഒരു പ്രിയോർ ഇനം മാവ് ഉണ്ട്. മാങ്ങകൾ പഴുക്കുന്നതോടെ അഴുകി നശിക്കുന്നു. ദശ ചെത്തിനോക്കിയപ്പോൾ നിറയെ പുഴുക്കൾ. പ്രതിവിധി അറിയിക്കണം.

കെ.ടി. തോമസ്, കരിപ്പാപറമ്പിൽ, കാഞ്ഞിരപ്പള്ളി

മാവ് എവിടെയായാലും കൃഷിക്കാർക്കു പ്രശ്നമാകാറുള്ള പ്രാണിയാണ് മാമ്പഴപ്പുഴു. കേരളത്തിൽ ഈ പുഴുവിന്റെ ആക്രമണം രൂക്ഷമാണ്, സർവത്രികവുമാണ്. കടും തവിട്ടു നിറത്തിലുള്ള കായീച്ചയുടെ പുഴുവാണ് ആക്രമണകാരി. ഇതിന്റെ കാലുകൾക്കു മ‍ഞ്ഞനിറമാണ്. പെണ്ണീച്ചയുടെ ഉദരാഗ്രത്തിലുള്ള സൂചിയുടെ സഹായത്താൽ മാങ്ങാത്തൊലിക്ക് അടിയിൽ മുട്ടയിടുന്നു. ഒരു ഈച്ച 200 മുട്ടകൾവരെ ഇടും. രണ്ടുമൂന്നു ദിവസംകൊണ്ടു മുട്ട വിരിയും. പുഴുക്കൾ കായ്ക്കുള്ളിലേക്കു കടന്ന് ഉൾഭാഗം തിന്ന് ഒരാഴ്ചകൊണ്ട് പൂർണവളർച്ചയിലെത്തുന്നു.

മുട്ടയിടുമ്പോൾ ഉണ്ടാകുന്ന ദ്വാരങ്ങൾവഴി അണുക്കൾ കടന്നു കൂടുന്നതിനിടയായാൽ മാങ്ങ പെട്ടെന്ന് അഴുകി നശിക്കും. ഇവയെല്ലാം അകാലത്തിൽ പൊഴിയുന്നു. പൂർണവളർച്ചയെത്തിയ പുഴുക്കൾ മണ്ണിനുള്ളിൽ സമാധിദശ കഴിച്ചുകൂട്ടി ഈച്ചകളായി പുറത്തുവരുന്നു.

നിയന്ത്രണം

∙ മാവിൻചുവട്ടിൽ വീണുകിടക്കുന്ന മാങ്ങകൾ ശേഖരിച്ചു നശിപ്പിക്കുക.
∙ വീര്യം കുറഞ്ഞ പൊടിരൂപത്തിലുള്ള കീടനാശിനികളിലൊന്ന് ചുവട്ടിൽ വിതറി മണ്ണിളക്കി യോജിപ്പിക്കുക.
∙ കഞ്ഞിവെള്ളക്കെണികളും തുളസിക്കെണികളും മാവിന്റെ കൊമ്പുകളിൽ തൂക്കിയിടുക.

കഞ്ഞിവെള്ളക്കെണി: ഒരു ചിരട്ടയുടെ കാൽഭാഗം കഞ്ഞിവെള്ളം എടുക്കുക. ഇതിലേക്ക് 10 ഗ്രാം പൊടിച്ച ശർക്കര ചേർത്തശേഷം ഇപ്പോൾ ഉപയോഗിക്കാൻ ശുപാർശയുള്ള കീടനാശിനികളിലൊന്ന് ചേർത്തിളക്കി പന്തലിൽ തൂ‍ക്കിയിട്ട ഉറിയിൽ വയ്ക്കുക. ഇതിലേക്ക് ആകർഷിക്കപ്പെ‌ടുന്ന പ്രാണികൾ വിഷം കലർന്ന ലായനി കഴിച്ചു ചാകുന്നു.

തുളസിക്കെണി: ഒരു പിടി തുളസിയിലകൾ അരച്ചു ചാറും ചണ്ടിയും ചിരട്ടയിൽ എടുക്കുക. ഇതിൽ അൽപം രാസകീടനാശിനികളിലൊന്നു ചേർത്ത് പന്തലിൽ തൂക്കിയിടുക. ഇതിലേക്ക് ആകർഷിക്കപ്പെടുന്ന കീടങ്ങൾ നീരൂറ്റിക്കുടിച്ചു ചാകുന്നു.

തെങ്ങ് കൂമ്പുചീയലും കൂമ്പടപ്പും

Q. ഞങ്ങളുടെ അസോസിയേഷനിൽപ്പെട്ട കേര കർഷകർക്കു വേണ്ടിയാണ് ഈ ചോദ്യം. തെങ്ങുകളുടെ കൂമ്പ് അഴുകിയും മുരടിച്ചും നശിച്ചുപോകുന്നു. ഇത് എന്തുകൊണ്ട്, എങ്ങനെ നിയന്ത്രിക്കാം.

ടി.എൻ. കൃഷ്ണപിള്ള, പ്രസിഡന്റ്, സമന്വയ റസിഡന്റ്സ് അസോസിയേഷൻ, മങ്ങാരം, പന്തളം

തെങ്ങ‍ിനെ ബാധിക്കുന്ന മാരകരോഗങ്ങളാണ് കൂമ്പുചീയലും കൂമ്പടപ്പും. വ്യത്യസ്ത കാരണങ്ങളാലാണ് ഈ രോഗങ്ങൾ വരുന്നത്. പ്രധാന രോഗലക്ഷണങ്ങളും നിയന്ത്രണമാർഗങ്ങളും താഴെ:

കൂമ്പുചീയൽ: രോഗഹേതു ഒരിനം കുമിൾ. പേര് ഫൈറ്റോഫ്തോറ പാമിവോറ, മഴക്കാലത്താണ് രോഗം രൂക്ഷമാകാറുള്ളത്. അതിവേഗം വ്യാപിക്കുകയും ചെയ്യുന്നു. ഉടൻ ശാസ്ത്രീയ നിവാരണ നടപടിയുണ്ടായില്ലെങ്കിൽ തെങ്ങ് സമ്പൂർണമായി നശിക്കുന്നു.

ലക്ഷണങ്ങൾ: നടുനാമ്പിന്റെ തൊട്ടടുത്തുള്ള ഒന്നോ രണ്ടോ ഇലകൾ മഞ്ഞ നിറത്തിലാകുന്നു. നാമ്പോലകൾ വാടി തൂങ്ങിക്കിടക്കുന്നതും സാധാരണയാണ്. നാമ്പിന്റെ മാർദവമുള്ള ഭാഗങ്ങൾ ചീയുകയും തന്മൂലം ദുർഗന്ധം വമിക്കുകയും ചെയ്യുന്നു. മണ്ടയഴുകൽ വർധിക്കുന്നതോടെ കൂമ്പു നശിക്കുന്നു. അതിനാൽ രോഗാരംഭദശയിൽതന്നെ ശാസ്ത്രീയ പരിഹാരം തേടണം. വൈകിയാൽ തെങ്ങിനെ രക്ഷപ്പെടുത്താനാകില്ല.

നിയന്ത്രണം: രോഗബാധ ആരംഭത്തിൽതന്നെ കണ്ടെത്താനാകണം. അഴുകിയ ഭാഗം പൂർണമായും ചെത്തി നീക്കി അവിടവിടെത്തന്നെ കൂട്ടി തീയിട്ടു നശിപ്പിക്കുക. ചെത്തിയെടുത്ത ഭാഗത്ത് ബോർഡോ കുഴമ്പ് പുരട്ടി മഴയിൽനിന്നു സംരക്ഷിക്കാൻ പരന്ന ചട്ടികൊണ്ടു മൂടുകയും വേണം. രോഗബാധയില്ലാത്ത നല്ല തെങ്ങുകളിലെല്ലാം ബോർഡോ മിശ്രിതം ഒരു ശതമാനം വീര്യത്തിൽ തയാറാക്കി തളിക്കുക. ഈ മരുന്നുതളി വർഷംതോറും രണ്ടു തവണ (മഴയ്ക്കു മുമ്പും ശേഷവും) നടത്തേണ്ടതാണ്.

കൂമ്പടപ്പുരോഗം: സസ്യമൂലകങ്ങളിൽ സൂക്ഷ്മ മൂലക വിഭാഗത്തിൽപ്പെട്ട ബോറോണിന് തെങ്ങുകൃഷിയിൽ വളരെ പ്രാധാന്യമുണ്ട്. ഈ മൂലകത്തിന്റെ കുറവുമൂലം തെങ്ങുകളിൽ കൂമ്പടപ്പു രോഗം ഉണ്ടാകുന്നു. പ്രധാന ലക്ഷണങ്ങൾ ഓലകൾ ചുരുങ്ങി ചെറുതായി വരിക, ഓലകളുടെ അഗ്രഭാഗം ചീഞ്ഞ് അഴുകുക, ഓലകൾ ശരിയായി വിരിയാതെ കൂട്ടിപ്പിടിച്ചിരിക്കുക എന്നിവയാണ്. രോഗാധിക്യത്താൽ തെങ്ങു പൂർണമായും നശിക്കുന്നു.

നിയന്ത്രണം: 'ബോറാക്സ്' കലർന്ന വളം തൈതെങ്ങുകൾക്കു 150 ഗ്രാമും കായ്ച്ചു തുടങ്ങിയ തെങ്ങുകൾക്ക് 250 ഗ്രാം എന്ന അളവിലും വർഷംതോറും രണ്ടു തവണ മറ്റു വളങ്ങൾ ചേർക്കുന്നതിനൊപ്പം കലർത്തി ഇടുക.

Q. ഉയരം കുറഞ്ഞ തെങ്ങിൻതൈകൾ തയാറാക്കുന്നതെങ്ങനെ

ജി. ശിവരാജൻ, ശിവകൃപ, മലയിൻകീഴ്

കുള്ളൻ തെങ്ങുകളുടെ സവിശേഷത ഉയരക്കുറവു മാത്രമല്ല, വേഗം വളരുമെന്നതുകൂടിയാണ്. ഇത്തരം തൈകൾ ഉൽപാദിപ്പിക്കുന്നത് ഉയരം കുറഞ്ഞവയും കൂടിയവയും തമ്മിൽ സങ്കരണം (പരാഗണം) നടത്തിയാണ്. ഇവയിലൊന്ന് മാതൃവൃക്ഷമായും മറ്റേതു പിതൃവൃക്ഷമായും കണക്കാക്കി സങ്കരണം നടത്തുക. ഉദാ. ഉയരം കൂടിയത് മാതൃവൃക്ഷവും കുറഞ്ഞതു പിതൃവൃക്ഷവുമാകുമ്പോൾ ഇത് ടി x ഡി യായും മറിച്ചുള്ളത് ഡി x ടിയുമാണ്.

വിളവുശേഷിയും രോഗപ്രതിരോധശേഷിയും കൂടിയ, ധാരാളം പൂമ്പൊടി ലഭിക്കുന്ന തെങ്ങ‍ുകളെ പിതൃവൃക്ഷമായി തിരഞ്ഞെടുക്കുക. മാതൃവൃക്ഷത്ത‍ിനു പിതൃവൃക്ഷത്ത‍ിന്റെ പ്രത്യേക ഗുണങ്ങൾ വേണം. എന്നാൽ ഉരുണ്ട തേങ്ങയുള്ളവയെക്കാൾ നന്ന് നീണ്ട തേങ്ങയുള്ളതായിരിക്കും.

സങ്കരണം: പരിശീലനം ലഭിച്ച, പരിചയമുള്ള തൊഴിലാളികളെക്കൊണ്ട് ഈ പണി ചെയ്യിക്കണം. ഒരു തൊഴിലാളി ഒരു ദിവസം 50 തെങ്ങുകളിൽ പരാഗണം നടത്തണമെന്ന നിലയ്ക്കാണ് കരാർ സാധാരണ നൽകുക. മാതൃവൃക്ഷങ്ങൾ തിരഞ്ഞെടുത്ത് കൂമ്പു വിടരാൻ തുടങ്ങുന്ന തീയതി മുൻകൂട്ടി രേഖപ്പെടുത്തും. ചൊട്ട പൊട്ടി എഴാം പക്കം ആൺപൂക്കൾ അടർത്തിക്കളയണം. സ്വയംപരാഗണം നടക്കാതിരിക്കാനാണ് ഈ കരുതൽ. പൂങ്കുല മുഴുവൻ മൂടിക്കെട്ടാൻ വെള്ളക്കോറത്തുണി ഉപയോഗിച്ചു കെട്ടുനാടയോടെയുള്ള സഞ്ചി തയാറാക്കണം. രണ്ടാഴ്ച തികയുമ്പോൾ സഞ്ചികൊണ്ടു മൂടണം. കൊതുമ്പ് മുറിച്ച് മാറ്റി ആൺപൂക്കൾ ഉണ്ടെങ്കിൽ അവയെയും നീക്കി സഞ്ച‍ിയിടണം. കാറ്റ്, പ്രാണികൾവഴി പരാഗണം നടക്കാതിരിക്കാൻ നാട മുറുക്കി സഞ്ചി കെട്ടണം.

സഞ്ചി ഇട്ട് ഏഴാം ദിവസം മുതൽ പെൺപൂക്കളായ മച്ചിങ്ങകൾ പരാഗണം നടത്താൻ പാകമാകും. ഓരോ കുലയിലെയും എല്ലാ മച്ചിങ്ങകളിലും തുടർച്ചയായി മൂന്നു നാലു ദിവസം പരാഗണം നടത്തണം. തിര‍ഞ്ഞെടുത്ത നല്ല തെങ്ങുകളിൽനിന്നു ശേഖരിച്ച പൂമ്പൊടി പോളിത്തീൻ കൂടുകളിലാക്കി അടുത്ത മൂന്നു ദിവസത്തിനുള്ളിൽ പരാഗണം നടത്താം. ഇതിനുശേഷം നാലു ദിവ‍സം കഴിയുമ്പോൾ പൂങ്കുല ലേബൽ ചെയ‍്തു സഞ്ചി മാറ്റാം.

പതിനൊന്നു മാസം കഴിയുമ്പോൾ തേങ്ങ മൂപ്പാകും. ഇവ താഴേക്കു വെട്ടിയിടരുത്. കെട്ടിയിറക്കണം. തിരഞ്ഞടുത്ത വിത്തുതേങ്ങകൾ അട്ടി അടുക്കി സൂക്ഷിക്കാം. അട്ടികൾക്കിടയിൽ മണൽ വിരിക്കുന്ന കാര്യം മറക്കരുത്. മണൽ ഉണങ്ങിയതെങ്കിൽ നേരിയ അളവിൽ നനയ്ക്കണം. ഉള്ളിലെ വെള്ളം വറ്റിപ്പോകാനിടയാകരുത്. വിത്തുതേങ്ങ സാധാരണപോലെ പാകണം. കിളിർക്കാൻ വൈകുന്നതും കിളിർപ്പിന്റെ കരുത്തു കുറവെന്നും കണ്ട‍ാൽ അവ ഉപേക്ഷിക്കുക.

ഉത്തരങ്ങൾ തയാറാക്കിയത്: ജി. വിശ്വനാഥൻ നായർ

പച്ചക്കറിക്കു കായീച്ച ശല്യം

ചോദ്യം ഉത്തരം വിളകൾ

Q. പന്തലിട്ട് അതിലേക്കു കയറിക്കഴിഞ്ഞ പാവൽ, പടവലം എന്നിവ പൂവിട്ടുതുടങ്ങി. ചെറിയ കായ്കളും വന്നുതുടങ്ങി. ഇതോടെ കായീച്ചകളുടെ ഉപദ്രവവുമായി. പ്രതിവിധിയെന്ത്?

കെ.എസ്. പ്രഭാവതി, പ്രതിഭാലയം, കുമ്പള

പടവലം, പാവൽ തു‌ടങ്ങിയ വിളകളുടെ പ്രധാന ശത്രുകീടമാണ് കായീച്ചകൾ. പരാഗണം നടന്നുകഴിഞ്ഞാൽ പെൺപൂക്കൾ കായ്കളായിത്തീരുന്നു. ഈ സമയം വശങ്ങളിൽ കായീച്ചകൾ മുട്ടയിടുന്നു. ഇതൊഴിവാക്കണം. ഇതിനു കായ്കൾക്കു കടലാസ്, തുണി, പോളിത്തീൻ എന്നിവകൊണ്ടുള്ള ഉറകൾ ഇടുക. ആക്രമണമേറ്റ കായ്കൾ പറിച്ചു വെള്ളം നിറച്ച ബക്കറ്റിൽ ഇട്ടു പുഴുക്കളെ നശിപ്പിക്കാം. തടത്തിലെ മണ്ണിളക്കിയിടുക, സമാധിദശയിലുള്ള പ്രാണികൾ നശിച്ചുകൊള്ളും. ഇതേ ആവശ്യത്ത‍ിനു കെണികളും ഉപയോഗിക്കാം. പഴക്കെണി, തുളസിക്കെണി, കഞ്ഞിവെള്ളക്കെണി, പുളിപ്പിച്ച തേങ്ങാവെള്ളക്കെണി തുടങ്ങിയവ നാലു തടത്തിന് ഒന്ന് എന്ന തോതിൽ പന്തലിൽ തൂക്കിയിടുകയോ 25 ഗ്രോബാഗിനു നടുവിൽ രണ്ടു കെണി എന്ന തോതിൽ സ്ഥാപിക്കുകയോ ചെയ്യാം.

കെണികൾ നിർമിക്കൽ

പഴക്കെണി: പാളയംകോടൻ പഴം തൊലി കളയാതെ മൂന്നുനാലു കഷണങ്ങളാക്കി, മുറിച്ച ഭാഗങ്ങളിൽ തരിരൂപത്തിലുള്ളതും ലഭ്യമായതുമായ കീടനാശിനികളിലൊന്ന് പതിപ്പിച്ചശേഷം ചിരട്ടകളിൽ വച്ചു പന്തലിൽ തൂക്കിയിടുക. പ്രാണികൾ ഇതിലേക്ക് ആകർഷിക്കപ്പെട്ട് വിഷമയമായ പഴച്ചാർ കഴിച്ചു ചത്തൊടുങ്ങുന്നു.

ഫിറമോൺ കെണി: എതിർലിംഗത്തിൽപെട്ട ജീവിയെ ആകർഷിക്കുന്നതിനുവേണ്ടി ഒരു ജീവി അതിന്റെ സ്വന്തം ശരീരത്തിൽനിന്നു പുറപ്പെടുവിക്കുന്ന രാസവസ്തുവാണ് ഫിറമോൺ. ഇതു കൃത്രിമമായി ഉൽപാദിപ്പിച്ചു കെണിയായി വച്ച് കീടങ്ങളെ ആകർഷിക്കുന്നു. കെണിയിൽപ്പെട്ട കീടങ്ങളെ നശിപ്പിക്കണം.

തുളസിക്കെണി: ഒരു പിടി തുളസിയില നന്നായി ചതച്ച് ഒരു ചിര‌ട്ടയിലെടുക്കുക. ഇതിലേക്കു 10 ഗ്രാം ശർക്കരപ്പൊടി കലർത്തുക. കൂടാതെ ഒരു നുള്ള് രാസവിഷവസ്തുവും വിതറണം. ആവശ്യമെങ്കിൽ അൽപം വെള്ളവും ചേർത്തു തുളസിയില ഉണങ്ങാതെ നോക്കണം. ഈ ചിരട്ട പന്തലിൽ തൂക്കിയിടുക. ഇതിലേക്ക് ആകർഷിക്കപ്പെടുന്ന കീടങ്ങൾ ചാറു കഴിച്ചു നശിക്കും.

തേങ്ങാവെള്ളക്കെണി: രണ്ടു ദിവസം ശേഖരിച്ചുവച്ച പുളിപ്പിച്ച തേങ്ങാവെള്ളത്തിൽ മൂന്നുതരി യീസ്റ്റ് ചേർത്ത് ഒരു ചിരട്ടയിൽ അതിന്റെ അരഭാഗം നിറയ്ക്കുക. ഇതിൽ ലേശം തരി രൂപത്തിലുള്ള കീടനാശിനി ഇട്ട് ഇളക്കുക. തേങ്ങാവെള്ളത്തിനു മുകളിൽ ഒരു കഷണം പച്ച ഓലക്കാൽ ഇടുക. എന്നിട്ടു ചിരട്ട പന്തലിൽ തൂക്കിയിടുക. പ്രാണികൾ ഓലക്കാലിൽ ഇരുന്ന‍ു വിഷം കലർന്ന തേങ്ങാവെള്ളം കുടിച്ചു ചാകും.

കഞ്ഞിവെള്ളക്കെണി: ഒരു ചിരട്ടയുടെ പകുതിവരെ കഞ്ഞിവെള്ളം നിറയ്ക്കുക. ഇതിൽ ശർക്കര 10 ഗ്രാം പൊടിച്ചു ചേർക്കുക. പിന്നീടു മൂന്നു നാലു തരി യീസ്റ്റും ഒരു നുള്ളു വിഷത്തരികളും ചേർക്കുക. എന്നിട്ടു കെണി പന്തലിൽ തൂക്കിയിടണം. വിഷം ചേർത്ത കഞ്ഞിവെള്ളം കഴിച്ചു കീടങ്ങൾ ചാകും.

മീൻ കെണി: ഒരു ചിരട്ട പോളിത്തീൻ കൂട്ടിനുള്ളിൽ ഇറക്കിവച്ച് അതിൽ 5 ഗ്രാം ഉണക്കമീൻ പൊടി ഇടുക. കുറച്ചു വെള്ളം ചേർത്തു മീൻപൊ‌ടി നനയ്ക്കുകയും അൽപം വിഷത്തരികൾ ഇതിൽ കലർത്തുകയും വേണം. കൂടിന്റെ മുകൾഭാഗം കൂട്ടിക്കെട്ടുക. ചിരട്ടയ്ക്കു മുകളിലുള്ള ഭാഗത്ത് ഈച്ചകൾക്കു കയറാൻ തക്ക വലുപ്പത്തിലുള്ള ദ്വാരങ്ങൾ ഇട്ടശേഷം കെണി പന്തലിൽ തൂക്കിയിടണം. ഒരാഴ്ച പിന്നിടുന്നതോ‌ടെ പുതിയ കെണികൾ വയ്ക്കണം.

തണ്ടുതുരപ്പന് ജൈവിക നിയന്ത്രണം

Q. കഴിഞ്ഞ പുഞ്ചസീസണിൽ ഞങ്ങളുടെ പാടത്തു നെൽകൃഷിക്കു വെള്ളക്കൂമ്പ്, വെൺകതിർ എന്നിവ വ്യാപകമായിരുന്നു. നല്ല തോതിൽ വിളവുനഷ്ടം സംഭവിക്കുകയുമുണ്ടായി. ഇത് എന്തിന്റെ ആക്രമണം മൂലമാണ്. ഇതിനു ജൈവ നിയന്ത്രണോപാധികൾ ഉണ്ടെങ്കിൽ അറിയിക്കണം.

എ.എൻ. സലിംരാജ്, പള്ളിക്കാലായിൽ, വെളിയനാട്

ചോദ്യത്തിൽ പറയുന്ന ലക്ഷണങ്ങൾ നെല്ലിൽ കാണപ്പെട്ടതു തണ്ടുതുരപ്പൻ പുഴുവിന്റെ ആക്രമണഫലമായാണ്. ഇതിന്റെ ശലഭം ഇടുന്ന മുട്ടകൾ വിരിഞ്ഞിറങ്ങുന്ന പുഴുക്കൾ ചെടിയുടെ തണ്ടിനുള്ളിൽ കടന്ന് ഉൾഭാഗം തിന്നുന്നു. ഇതു കൂമ്പില ഉണങ്ങുന്നതിനും ചെ‌ടി മുഴുവനായി നശിക്കുന്നതിനും ഇടയാക്കുന്നു. ഇളം പ്രായത്തിലാണു ശല്യം ഉണ്ട‍ാകുന്നതെങ്കിൽ നടുനാമ്പു വാട്ടം, വെള്ളക്കൂമ്പ് എന്നിവ ഉണ്ടാകും. ഈ കീടശല്യം കുട്ടൻകുത്ത് എന്ന പേരിൽ അറിയപ്പെടുന്നു. കതിരു വന്നതിനു ശേഷമെങ്കിൽ വെൺകതിർ എന്ന പേരിലും.

നിയന്ത്രണം: പാടത്ത് ട്രൈക്കോഗ്രമ്മ മുട്ട കാർഡ് വയ്ക്കുക. ‌ട്രൈക്കോഗ്രമ്മ എന്ന ചെറിയ പ്രാണികൾ തണ്ടുതുരപ്പന്റെ മുട്ടക്കൂട്ടങ്ങളെ തിരഞ്ഞു പി‌ടിച്ചു മുട്ടയിടുന്നു. ഇതോ‌ടെ വംശം അറ്റുപോകുന്നു. ട്രൈക്കോഗ്രമ്മ മുട്ടക‍ൾ അടക്കം ചെയ്ത ഒരു കാർഡിൽ 18000–20000 മുട്ട കാണും. ഒരു പ്രാവശ്യം ഒരേക്കറിലേക്ക് 40,000 മുട്ടകൾ വേണ്ടിവരും. ഇപ്രകാരം ഒരു കൃഷിക്ക് 4–6 തവണ ഉപയോഗിക്കേണ്ടി വരാം. കാർഡ് ലഭിച്ചാലുടൻ ചെറു തുണ്ടുകളാക്കി പാടത്തിന്റെ പല ഭാഗത്തായി ചെടികളിൽ വയ്ക്കുകയോ കമ്പുകൾ നാട്ടി അതിന്മേൽ വയ്ക്കുകയോ വേണം.

ഫിറമോൺ കെണി: ഫിറമോൺ ഉപയോഗിച്ചു തണ്ടുതുരപ്പന്റെ പെൺശലഭങ്ങളെ ആകർഷിച്ചു കെണിയിൽ കുടുക്കി നശിപ്പിക്കുന്നു. ഇതോടെ വംശവർധന തടസ്സപ്പെടുന്നു. ഇതു പാടത്തിന്റെ പല ഭാഗത്ത‍ായി രണ്ടടി ഉയരത്തിൽ വയ്ക്കണം. പ്രത്യേക മണം വമിക്കുന്ന കെണികൾ 30 മീറ്റർ അകലത്തിലാണ് വയ്ക്കേണ്ടത്. 4–6 കെണികൾ ഒരേക്കറിലേക്കു വേണ്ടിവരും. കെണികൾ രണ്ടാഴ്ചയിൽ ഒരിക്കൽ മാറ്റി പുതിയവ വയ്ക്കണം.

താറാവ്: കൊയ്തു തീർന്ന പാടങ്ങളിൽ താറാവുകളെ തീറ്റാൻ വിടുന്നത് ജൈവിക കീടനിയന്ത്രണോപാധിയാണ്. ഇവ തണ്ടുതുരപ്പൻ പുഴു സമാധിദശയിലായിരിക്കുമ്പോൾ അവയെ തിന്നു തീർക്കുന്നു.

മറ്റു മാർഗങ്ങൾ: കൊയ്ത്തിനുശേഷം നിലം നല്ലതുപോലെ ഉഴുത് വെ‍ള്ളം കയറ്റിനിർത്തണം. ഇതുമൂലം തണ്ടുതുരപ്പന്റ പുഴു, സമാധി എന്നിവ നശിക്കും. കീടരോഗ പ്രതിരോധശേഷിയുള്ള ഇനങ്ങളായ ഐആർ 20, കാഞ്ചന, ധനു, അരുണ തുടങ്ങിയവ കൃഷിയിറക്കുക. നെൽച്ചെ‌‌ടി എത്രയും താഴ്ത്തി കൊയ്തെടുക്കുക. തണ്ടുതുരപ്പന് കെണിവിളയായി പ്രതിരോധശേഷി കുറഞ്ഞ നെല്ലിനം അതിരിനടുത്തോ അല്ലെങ്കിൽ 10 വരികൾക്കിടയിൽ ഒരു വരി എന്ന തോതിലോ കൃഷി ചെയ്യുക. ഞാറ്റടിയിൽ കാണപ്പെടുന്ന മുട്ടക്കൂട്ടങ്ങളെ ശേഖരിച്ചു നശിപ്പിക്കുക.

ഉത്തരങ്ങൾ തയാറാക്കിയത്: ജി. വിശ്വനാഥൻ നായർ

ജീവന്റെ പച്ചപ്പ്

പ്രകൃതിയെ സ്നേഹിച്ചും ആയു‍ർവേദ ചികിൽസയ്ക്ക് പ്രചാരം നൽകിയും വിഷ പച്ചക്കറികളെ അകറ്റിയും കോഴിക്കോട് വടകരയിലെ മഹാത്മാ ദേശ സേവാ ട്രസ്റ്റ് നടത്തുന്ന പ്രവർത്തനങ്ങൾ ഒരു ദശാബ്ദം പിന്നിടുന്നു. പ്രകൃതിയെ തൊട്ടറിയാൻ വ്യത്യസ്ത മേഖലയിൽ നിന്നുള്ളവർ കൂട്ടായി തുടങ്ങിയ ചെറിയൊരു സംരംഭമാണ് ഇന്നിപ്പോൾ വൈവിധ്യമാർന്ന പരിപാടികളുമായി മുന്നേറുന്നത്. ജനകീയ സഹകരണത്തോടെ തുടങ്ങിയ ട്രസ്റ്റിന് രാജ്യത്തിനകത്തും പുറത്തും സഹായമൊന്നും ലഭിക്കുന്നില്ല.

പ്രവർത്തനം കണ്ടറിഞ്ഞ് സർക്കാർ സഹായം എന്നോ കടന്നു വരേണ്ട സംഘടനയാണെങ്കിലും ട്രസ്റ്റിനു മുകളിൽ ഒരു പാർട്ടിയുടെ കൊടി പോലുമില്ലാത്തതു കൊണ്ടാവാം സഹായമൊന്നും തേടി വരാത്തത്.മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനും വടകര നഗരസഭാ മുൻ വൈസ് ചെയർമാനുമായിരുന്ന ടി. ശ്രീനിവാസൻ ട്രസ്റ്റ് ചെയർമാനായതു മുതൽ രാഷ്ട്രീയം ഉപേക്ഷിച്ച് ട്രസ്റ്റ് പ്രവർത്തനം ജീവവായു പോലെ ഏറ്റെടുക്കുകയായിരുന്നു.

നാടൻ പച്ചക്കറികളും ധാന്യങ്ങളും മാത്രം വി‍ൽപന നടത്തുന്ന പുതിയ ബസ് സ്റ്റാൻഡിനടുത്തുള്ള ജൈവ കലവറയായിരുന്നു ട്രസ്റ്റിന്റെ ആദ്യ സ്ഥാപനം. ജൈവ കർഷകർ തങ്ങളുടെ ഉൽപന്നങ്ങൾ നേരിട്ട് ഇവിടെ എത്തിക്കുകയും ഇടനിലക്കാരില്ലാതെ ന്യായമായ വിലയ്ക്ക് പച്ചക്കറികൾ വി‍ൽക്കുകയും ചെയ്ത സ്ഥാപനത്തിന് പലപ്പോഴും ആവശ്യത്തിന് ഉൽപന്നങ്ങൾ കിട്ടുന്നില്ലെന്ന പരാതിയാണുള്ളത്.

സ്ഥാപനങ്ങൾ തുടങ്ങുന്നതിനു പുറമ ജൈവ കൃഷിയുമായി ബന്ധപ്പെട്ട് എല്ലാ വർഷവും നഗരത്തിൽ നടത്തുന്ന ഹരിതാമൃതം പ്രദർശനം സംസ്ഥാന തലത്തിൽ തന്നെ പ്രകൃതി സ്നേഹികളുടേയും ജൈവ കർഷകരുടേയും ശ്രദ്ധ പിടിച്ചു പറ്റിയതും ട്രസ്റ്റിന്റെ നേട്ടമാണ്. ജൈവ കർഷകരുടെ ഉൽപന്നങ്ങൾ വിൽക്കാനും പാരമ്പര്യ ആയുർവേദ ചികിൽസകരുടെ ക്യാംപും അവർ തയാറാക്കുന്ന മരുന്നുകളുടെ പിൽപനയും നാടൻ പശുക്കളുടെ പ്രചാരണവും നടത്താൻ വേണ്ടി എല്ലാ വർഷവും നടത്തുന്ന പരിപാടിയിലൊരിക്കൽ നടൻ ശ്രീനിവാസിന്റെ സാന്നിധ്യവുമുണ്ടായി.

ഇതിനു പുറമെ നാടൻ ചക്കര നിർമാണവും നെൽകൃഷി പ്രചാരണവും ട്രസ്റ്റ് വ്യാപകമാക്കിയിരിക്കുകയാണ്. ആയഞ്ചേരിയിലും തിരുവള്ളൂരിലും പാടം പാട്ടത്തിനെടുത്ത് നെൽകൃഷി നടത്തുന്നതിനു പുറമെ കൂത്താളിയിൽ സ്ഥിരം നെൽകൃഷിയും നടത്തുന്നു. വടകരയുടെ പെരുമയായിരുന്ന തെങ്ങിൻ ചക്കര നിർമാണത്തിന് എക്സൈസ് അനുമതി കിട്ടാത്തതു കൊണ്ട് വിജയകരമായി നടത്തി വന്ന ചക്കര നിർമാണം പേരിനു മാത്രമേയുള്ളൂ.

എന്നാൽ, നെൽകൃഷി ഓരോ വർഷവും വിപുലമായി വരികയാണ്. ഇതിനു പുറമെ വീട്ടുമുറ്റത്തൊരു അവര പന്തൽ പരിപാടിയിലൂടെ നൂറുകണക്കിന് വീടുകളി‍ൽ കൃഷി നടത്താൻ പ്രേരിപ്പിക്കുകയും നല്ല പന്തലിന് അവാർഡും നൽകി വരുന്നു. മികച്ച കർഷകന് നൽകുന്ന അവാർഡിന് പുറമെയാണിത്.

സെൻട്രൽ മുക്കാളി ദേശീയ പാതോരത്ത് സമുദ്ര ആയുർവേദ ഗവേഷണ കേന്ദ്രം എന്ന പേരിൽ സംസ്ഥാനത്തെ വിവിധ ഭാഗത്തുള്ള പാരമ്പര്യ വൈദ്യൻമാരെയും ആയുർവേദ ഡോക്ടർമാരെയും കോർത്തിണക്കി തുടങ്ങിയ സ്ഥാപനമാണ് ട്രസ്റ്റിന്റെ പ്രവർത്തനത്തിന്റെ മറ്റൊരു നാഴികക്കല്ല്. നൂറ്റി അൻപത് രൂപ റജിസ്ട്രേഷൻ ഫീ വാങ്ങി ചികിൽസ തുടങ്ങിയ 9332 പേരുണ്ടിവിടെ. പാരമ്പര്യ വൈദ്യൻമാരായ കെ. ഗോപാലൻ, കെ. തങ്കച്ചൻ, എം. കെ. മാത്യൂസ്, എ. നടരാജസ്വാമി, അന്നമ്മ ദേവസ്യ, ഡോ. എ. കെ. പ്രകാശൻ ഗുരുക്കൾ, ഡോ. വി. കെ. മാധവൻനായർ, ഡോ. എം. പി. മണി തുടങ്ങിയവർ ഇവിടെ ചികിൽസ നടത്തുന്നതിനു പുറമെ പഠന ഗവേഷണത്തിന് നേതൃത്വം നൽകുന്നു.

വൈദ്യൻമാരും ഡോക്ടർമാരും സ്വയം തയാറാക്കുന്ന മരുന്നല്ലാതെ കമ്പനി മരുന്നുകൾ ഇവിടെ കിട്ടില്ല. നിരവധി പേർക്ക് രോഗമുക്തി കിട്ടാൻ സഹായിച്ച ഗവേഷണ കേന്ദ്രം ആയുർവേദ– മർമ– പ്രകൃതി ചികിൽസയുടെ പ്രചാരണവും നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇവിടെ നടത്തുന്ന വിവിധ ക്ലാസുകളിൽ വൻ ജന പങ്കാളിത്തമാണ്. ട്രസ്റ്റ് ചെയർമാൻ ടി. ശ്രീനിവാസന്റെ വയൽക്കഥ, ട്രസ്റ്റ് അംഗം പി. രജനിയുടെ മുത്തശി വൈദ്യം എന്നീ പുസ്തകങ്ങൾ ട്രസ്റ്റിന്റെ ആശയ പ്രചാരണത്തിനും കൂടിയുള്ളതാണ്.

തന്റെ പിതാവും സഹപ്രവർത്തകരും സ്നേഹിതൻമാരും ഉൾപ്പെടെ നിരവധി പേർ കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് അടിമയായി മരണത്തിനു കീഴടങ്ങയതിന്റെ പശ്ചാത്തലത്തിലാണ് ജൈവ കൃഷിയും ആയുർവേദ ചികിൽസയും പ്രോൽസാഹിപ്പിക്കുന്നതിന്റെ ആവശ്യകതയെപ്പറ്റി ബോധവാനായതെന്ന് ട്രസ്റ്റ് ചെയർമാൻ ടി. ശ്രീനിവാസൻ പറഞ്ഞു.

വിഷ പച്ചക്കറികളും ശരീരത്തിന് ഹാനികരമായ മരുന്നും ചില ചികിൽസാ രീതികളും ജീവന് കൂടുതൽ ഭീഷണിയാവുകയാണെന്നും ഇതിനെല്ലാം പരിഹാരം ആയുർവേദത്തിലുണ്ടെന്നും തിരിച്ചറിഞ്ഞപ്പോൾ രാഷ്ട്രീയം വിട്ട് ഈ പാത തിരഞ്ഞെടുക്കുകയുമായിരുന്നു. ‘‘നടന്നു വരുന്നവനെ കിടത്തലാകരുത് കിടന്നു വരുന്നവരെ നടത്തലാകണം ചികിൽസ.....’’ എന്ന സന്ദേശമാണ് ട്രസ്റ്റ് മുന്നോട്ടു വയ്ക്കുന്നത്.

രോഗം മാറുമെന്ന വിശ്വാസവും മാറണമെന്ന ആഗ്രഹവും രോഗിക്കു വേണം, ശരീരത്തെ കീറി മുറിച്ച് ചികിൽസിക്കുന്നതിനു മുൻപ് ആയുർവേദ മേഖലയിലെ ചികിൽസകരുടെ കൂടി അഭിപ്രായം തേടുന്നതും നല്ലതാണെന്ന് ശ്രീനിവാസൻ പറയുന്നു. ഡെങ്കിപ്പനിയുടെ കാലത്തായിരുന്നു സമുദ്രയിലെ ചികിൽസയും ഗവേഷണവും ഏറെ വിജയം കണ്ടത്. ഇപ്പോൾ പ്രമേഹം, ആസ്തമ, തൈറോയ്ഡ്, മഞ്ഞപ്പിത്തം പോലുള്ള നിരവധി രോഗത്തിന് ശമനം തേടി രോഗികൾ ഇവിടെയെത്തുന്നു.

ഒടിവും ചതവും മാറ്റാൻ മർമ ചികിൽസയും ഇവിടെയുണ്ട്. മുത്തശി വൈദ്യം കൽപിക്കുന്ന ചെറു മരുന്നുകൾ കൊണ്ടു പോലും രോഗ ശാന്തി നേടാമെന്ന് പുതിയ തലമുറയ്ക്ക് സമുദ്രയിലെ ഗവേഷകർ ഉദാഹരണ സഹിതം കാണിച്ചു കൊടുക്കുന്നു. മറ്റു ചികിൽസാ മേഖല കൈവിട്ട രോഗികളിൽ ചിലരെ സമുദ്ര ഗവേഷണ കേന്ദ്രം ഏറ്റെടുത്ത് രോഗമുക്തി നൽകിയ സംഭവങ്ങളാണ് സ്ഥാപനത്തിന്റെ ചരിത്രത്തിലെ പ്രധാന നേട്ടം.

രോഗം വന്ന് ചികിൽസിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുകയാണെന്ന മുദ്രാവാക്യമാണ് ജൈവ പച്ചക്കറി– നെൽ കൃഷിയിലൂടെ തുടങ്ങി സമുദ്രയുടെ പ്രവർത്തനം വരെ ട്രസ്റ്റിനെ കൈ പിടിച്ചുയർത്തിയത്. ജനകീയ സംരംഭമായതു കൊണ്ട് നടത്തിപ്പ് ചെലവ് ഏറെയാണ്. സ്ഥാപനത്തെപ്പറ്റി കേട്ടറിഞ്ഞ പലരും ഹരിതാമൃതം പരിപാടിയ്ക്ക് പോലും സഹായവുമായെത്തുന്നതാണ് പ്രവർത്തന വിജയത്തിന് കാരണമാകുന്നത്. മുക്കാളിയിൽ തുടങ്ങിയ സമുദ്ര ആയുർവേദ ഗവേഷണ കേന്ദ്രമാണ് ട്രസ്റ്റിന്റെ പ്രവർത്തനത്തിൽ മറ്റൊരു പൊൻതൂവലായത്.

ഏലം കഴുകൽ എത്രയെളുപ്പം!

 

ഏലക്കായ കഴുകാനുള്ള മെഷീൻ വികസിപ്പിച്ച പുളിയന്മലക്കാരനു ദേശീയതലത്തിലുള്ള പുരസ്കാരം.

ഇടുക്കി പുളിയൻമല നിരപ്പേൽ എൻ.ജെ. തോമസിനെത്തേടിയാണു ഇന്ത്യൻ അഗ്രിക്കൾച്ചർ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഇന്നവേറ്റിവ് ഫാർമർ അവാർഡ് എത്തിയത്.

30 സെക്കൻഡു കൊണ്ട് ഏലക്കായയിലെ ചെളി പൂർണമായി നീക്കിയശേഷം അടുത്ത 30 സെക്കൻഡിനകം ജലവും മാറ്റിയെടുക്കാൻ സാധിക്കുന്ന കാർഡമം വാഷിങ് മെഷീനാണു തോമസ് വികസിപ്പിച്ചെടുത്തത്. 100 കിലോഗ്രാം വരെ ഏലക്കായ ഇതിൽ ഉണങ്ങിയെടുക്കാനാകും. 25 ലീറ്റർ വെള്ളം മാത്രമാണ് കഴുകാനായി ഉപയോഗിക്കേണ്ടി വരുന്നതെന്ന പ്രത്യേകതയുമുണ്ട്. സാധാരണ രീതിയിൽ രണ്ട് തൊഴിലാളികൾക്ക് 100 കിലോഗ്രാം ഏലക്കായ കഴുകിയെടുക്കാൻ 15 മിനിറ്റ് വേണമെന്നിരിക്കെ ഈ യന്ത്രത്തിന്റെ സഹായത്തോടെ 500 കിലോഗ്രാം ഏലക്കായ കഴുകിയെടുക്കാനാകും. 2011ൽ വികസിപ്പിച്ചെടുത്ത ഈ യന്ത്രം നിലവിൽ ഏലം മേഖലയിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

എട്ടാം ക്ലാസിൽ പഠനം നിർത്തിയ തോമസ് അച്ഛനെ സഹായിച്ചുകൊണ്ടാണ് കൃഷിയിലേക്ക് തിരിഞ്ഞത്. മികച്ച വില ലഭിച്ചിരുന്നതിനാൽ ഏലമാണ് കൂടുതലായി കൃഷി ചെയ്തിരുന്നത്. പലവിധത്തിലുള്ള പരീക്ഷണങ്ങൾ നടത്തി വളരെയധികം പണം ചെലവഴിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിലാണ് 1995ൽ ഏലക്കായ ഉണക്കി പോളിഷ് ചെയ്യാനുള്ള കാർപോൾ എന്ന മെഷീൻ രൂപപ്പെടുത്തിയത്.

തേൻ ഊറ്റിയെടുക്കുന്ന സാങ്കേതിക വിദ്യ തന്റെ ആശയങ്ങളുമായി സംയോജിപ്പിച്ചാണ് ഇദ്ദേഹം കണ്ടെത്തൽ നടത്തിയത്. ഇതിനുശേഷം യന്ത്രം നിർമിച്ച് വിപണനം ചെയ്യാൻ തീരുമാനിച്ചെങ്കിലും മറ്റിടങ്ങളിൽ നിന്നുള്ള സാങ്കേതിക സഹായം ലഭ്യമാക്കേണ്ടതിനാൽ അത് വിലയിൽ നിഴലിച്ചു. യന്ത്രത്തിന്റെ പ്രവർത്തനം മനസ്സിലാക്കിയശേഷം വർക്‌ഷോപ്പ് ഉടമകൾ ഇത് നിർമിച്ച് കുറഞ്ഞ വിലയ്ക്ക് വിൽക്കാൻ തുടങ്ങിയതോടെ തിരിച്ചടി നേരിട്ടു. യന്ത്രത്തിന്റെ നിർമാണത്തിനും വിൽപനയ്ക്കുമുള്ള കുത്തകാവകാശം എടുക്കേണ്ടതിനെക്കുറിച്ച് തോമസിന് അറിവില്ലാതിരുന്നതാണ് ഇതിനു കാരണം. എന്നാൽ തന്റെ കണ്ടെത്തൽ മറ്റു കർഷകർക്കു പ്രയോജനകരമായതിൽ ഏറെ സന്തോഷവാനാണ് ഇദ്ദേഹം.

പോളിഷ് യന്ത്രത്തിന്റെ തത്വം ഉപയോഗിച്ചാണ് കുരുമുളക് മെതിക്കുന്ന യന്ത്രവും ഏലക്കായ കഴുകുന്ന യന്ത്രവും തോമസ് വികസിപ്പിച്ചെടുത്തത്

ബ്രാൻഡ് കരുത്തുമായി കൂവ

നാട്ടിൻപുറത്ത് ഒരു ചെറുപ്പക്കാരൻ ഡോക്ടറെത്തി ക്ലിനിക്ക് ആരംഭിക്കുക. അവിടുത്തെ കൃഷിക്കാരുടെ ഉൽപന്നങ്ങൾക്ക് ന്യായവില കിട്ടാനായി സംരംഭം തുടങ്ങുക– ഒരു സിനിമാക്കഥയല്ല പറഞ്ഞുവരുന്നത്, കൂവയെന്ന അവഗണിക്കപ്പെട്ട കാർഷിക ഉൽപന്നത്തെ രണ്ടു വർഷത്തിനുള്ളിൽ ന്യൂട്രാസ്യൂട്ടിക്കൽ ബ്രാൻഡായി വളർത്തിയ സംരംഭകന്റെ കഥയാണ്. 'നമ്മൾ മറന്നു പോയ ശീലങ്ങൾ, നല്ല കാലത്തിന്റെ ഓർമകൾ' എന്നാണ് ഈ ഉൽപന്നത്തിന്റെ പരസ്യവാചകം.

അസ്സലൊരു മലയോരഗ്രാമമാണ് നിലമ്പൂരിനടുത്ത് അകംപാടം. സമീപപ്രദേശമായ മുക്കത്തുനിന്ന് ഇവിടേക്കു താമസം മാറ്റിയ ഡോ. റഫീക്ക് ചികിത്സയ്ക്കൊപ്പം കാർഷികോൽപന്ന സംരംഭം കൂടി തുടങ്ങിയത് പണം സമ്പാദിക്കാൻ വേണ്ടിയായിരുന്നില്ല. ചെറുപ്പകാലം മുതൽ കൂവയും കൂവപ്പൊടിയുമൊക്കെ റഫീക്കിന്റെ പരിസരങ്ങളിലുണ്ടായിരുന്നു. സ്വന്തം വീട്ടിലും അയലത്തുമൊക്കെ കൂവ സംസ്കരിക്കുന്നതു കാണുകയും കൂവ കൊണ്ടുള്ള വിഭവങ്ങൾ കഴിക്കുകയും ചെയ്ത ഓർമകളാണ് റഫീക്കിനെ സംരംഭത്തിനു പ്രേരിപ്പിച്ചത്. കൃഷിക്കാർ കൂവയ്ക്കു വില കിട്ടാതെ വിഷമിക്കുമ്പോൾ നഗരവാസികൾക്ക് നല്ല കൂവപ്പൊടി കിട്ടാനില്ലാത്ത അവസ്ഥയുമുണ്ട്. പല സ്ഥലങ്ങളിലും ചോളപ്പൊടിയാണ് കൂവപ്പൊടിയെന്ന പേരിൽ വിൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മികച്ച പ്രകൃതിദത്തവിഭവമായ കൂവയുടെ പേരിലിറങ്ങുന്ന ബിസ്കറ്റിൽ ഇത് അടങ്ങിയിട്ടില്ലെന്ന കാര്യം ഡോക്ടർമാര്‍പോലും മനസ്സിലാക്കിയിട്ടില്ലെന്നു ഡോ. റഫീക്ക് ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് സ്വയം സംരംഭത്തിനിറങ്ങിയത്. ആവശ്യക്കാരനു നിലവാരമുള്ള ഉൽപന്നം കിട്ടുന്നതിനും ഉൽപാദകനു വിപണി ഉറപ്പാക്കുന്നതിനും കൂവപ്പൊടി നന്നായി പായ്ക്കു ചെയ്ത് ബ്രാൻഡിനു കീഴിൽ വിപണിയിലെത്തിക്കണമെന്നു ഡോ. റഫീഖ് തീരുമാനിച്ചു. കൂവ എന്ന ബ്രാൻഡുണ്ടായത് അങ്ങനെ. ഇന്ന് www.amazon.in എന്ന വെബ്സൈറ്റിലൂടെ ഇന്ത്യ മുഴുവൻ ഒറി‌‍ജിനൽ കൂവപ്പൊടി എത്തിക്കാൻ റഫീക്കിന്റെ ഉദ്യമത്തിനു കഴിയുന്നു.

തെക്കേ അമേരിക്കയിലെ ആദിവാസികൾ വിഷം പുരണ്ട അമ്പേറ്റവരിൽനിന്നു വിഷാംശം നീക്കാൻ ഉപയോഗിച്ചിരുന്നതുകൊണ്ടാണ് ഈ കിഴങ്ങിന് ഇംഗ്ലിഷിൽ ആരോറൂട്ട് എന്നു പേരുണ്ടായതത്രെ. അതെന്തായാലും ഭക്ഷണത്തിലൂടെയും മരുന്നിലൂടെയും മദ്യത്തിലൂടെയുമൊക്കെ നമ്മുടെ ശരീരത്തിലെത്തുന്ന വിഷാംശം നീക്കാൻ കൂവ ഉത്തമമാണെന്ന വിശ്വാസം തലമുറകളായി ഇവിടെയുണ്ട്. ആന്തരികാവയവങ്ങളെ ശാസ്ത്രീയമായി തണുപ്പിക്കുന്ന കൂവ മൂത്രാശയപ്രശ്നങ്ങൾക്കും പ്രത്യുൽപാദനപ്രശ്നങ്ങൾക്കുമൊക്കെ പരിഹാരമായി നിർദേശിക്കപ്പെടുന്നു. ശിശുക്കളുടെ ആഹാരമായി നാം ഉപയോഗിക്കുന്ന കൂവപ്പൊടി നിർജലീകരണം തടയുന്ന ഒആർഎസ് ലായനിക്കു പകരക്കാരനായും ഉപയോഗിക്കാം. കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയുടെ മികച്ച സ്രോതസ്സ് കൂടിയാണ് ഈ കിഴങ്ങുകൾ.

കൃഷിക്കാരിൽനിന്നു സംഭരിക്കുന്ന കൂവ സംസ്കരിച്ച് പൊടിയെടുക്കുന്നതിനായി വിവിധ സംഭരണകേന്ദ്രങ്ങളിൽ കരാറുകാരെ നിയോഗിച്ചിട്ടുണ്ട്. ഇവർ കൂവ അരച്ചശേഷം ഏഴു ദിവസം ശുദ്ധജലത്തിൽ കഴുകി വൃത്തിയാക്കുന്നു. തുടർന്ന് ഏഴു ദിവസം ഉണക്കുക കൂടി ചെയ്യുന്നതോടെ കൂവപ്പൊടി വിൽപനയ്ക്കു തയാർ. മതിയായ നിലവാര പരിശോധനകൾക്കു ശേഷം കൂവ എന്ന പേരിൽ നന്നായി ലേബലൊട്ടിച്ച ബോട്ടിലുകളിൽ വിപണിയിലെത്തിച്ചപ്പോൾ ആവശ്യക്കാരും വർധിച്ചു. പാലക്കാട്, കണ്ണൂർ എന്നിവിടങ്ങളിൽനിന്നാണ് ഇദ്ദേഹം കൂടുതലായി കൂവ വാങ്ങുന്നത്. വെള്ളക്കൂവയാണ് പ്രധാനമായും സംസ്കരിക്കുന്നത്. കിലോയ്ക്ക് മുപ്പതു രൂപ നിരക്കിലാണ് ഇതു വാങ്ങുക. കൃഷിയായി കൂവ വളർത്തുന്നവർക്ക് വെള്ളക്കൂവയായിരിക്കും ആദായകരമെന്ന് ഡോക്ടർ അഭിപ്രായപ്പെട്ടു. ഔഷധഗുണം കൂടുതലുള്ള നീലക്കൂവയും മഞ്ഞക്കൂവയും സംസ്കരിക്കുന്നുണ്ട്. കൃഷിയിടങ്ങളിൽ പ്രകൃതിദത്ത‌മായുണ്ടാകുന്ന ഇവ കിലോയ്ക്ക് 16–20 രൂപ നിരക്കിൽ വാങ്ങും. ഒരു കിലോ പൊടി കിട്ടുന്നതിനു 12–13 കിലോ നീലക്കൂവയും മഞ്ഞക്കൂവയും വേണ്ടിവരുമ്പോൾ വെള്ളക്കൂവ ആറു കിലോ മതി. നാടൻ കൂവയുടെ പൊടി 100 ഗ്രാമിനു 148 രൂപ നിരക്കിലും വെള്ളക്കൂവ 90 രൂപ നിരക്കിലുമാണ് വിൽക്കുന്നത്. ഉൽപാദനക്ഷമതയിൽ വെള്ളക്കൂവയാണ് മുമ്പിലെന്നു ഡോ. റഫീക്ക് പറഞ്ഞു. അതുകൊണ്ടാണ് വെള്ളക്കൂവയുടെ പൊടിക്കു വിലക്കുറവും കിഴങ്ങിനു വില കൂടുതലും കിട്ടുന്നത്.

കൂവപ്പൊടിയും ഫാത്തിമയും പിന്നെ ടോൾസ്റ്റോയിയും

സംസ്കരണത്തോളം തന്നെ പ്രയാസമുള്ള കാര്യമാണ് ഉൽപന്നം ബ്രാൻഡ് രേഖപ്പെടുത്തിയ പായ്ക്കുകളിൽ സംസ്ഥാനമെമ്പാടും എത്തിക്കുന്നതെന്ന് റഫീക്ക് ചൂണ്ടിക്കാട്ടി. വിവിധ അനുമതികൾ വാങ്ങുന്നതിനൊപ്പം ഉൽപന്നത്തിന്റെ പോഷകനിലവാരം സംബന്ധിച്ച പരിശോധനാറിപ്പോർട്ട് ലേബലിൽ ചേർക്കുകയും വേണം. രണ്ടു വർഷത്തിനകം സംസ്ഥാനത്തെമ്പാടും സാന്നിധ്യമറിയിക്കാനായെങ്കിലും വിൽപന ഉദ്ദേശിച്ച തലത്തിലേക്ക് ഇനിയും ഉയരേണ്ടതുണ്ട്. കഴിഞ്ഞ വർഷം 50 ടൺ കൂവക്കിഴങ്ങാണ് ഇവർ കൃഷിക്കാരിൽനിന്നു വാങ്ങിയത്. ഇതുവരെ സംസ്കരിച്ചു കിട്ടിയ 12 ടൺ കൂവയിൽ രണ്ടു ടൺ ഇനിയും വിറ്റു തീരേണ്ടതുണ്ട്. സൂക്ഷിപ്പുകാലം കൂടുതലുളളതിനാൽ കേടാകുമെന്ന ഭയമില്ല. ഈ വർഷം കൂടുതൽ വാങ്ങാനാണ് ഉദ്ദേശിക്കുന്നത്. ഒരു വർഷത്തിനുള്ളിൽ വിൽപന കുത്തനെ ഉയർത്താമെന്ന ആത്മവിശ്വാസത്തിലാണിത്. വിപണനതന്ത്രങ്ങളും പരസ്യങ്ങളുമൊക്കെ തയാറായി വരുന്നു.

ഫോൺ – 9846785122
വെബ് – www.koova.in 
ഇമെയിൽ– rootproducts@gmail.com

കടപ്പാട്-മനോരമ ഓണ്‍ലൈന്‍.കോം

3.0
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top