Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

സമഗ്ര കാര്‍ഷിക വിവരങ്ങള്‍

കൂടുതല്‍ വിവരങ്ങള്‍

ഏലത്തിന് വളപ്രയോഗം

ഏലച്ചെടികളിൽ കാണുന്നത് ദ്വിലിംഗപുഷ്പങ്ങളാണ്. പൂക്കളുടെ ഘടനയിലുള്ള പ്രത്യേകത മൂലം ഇവയിൽ സ്വയം പരാഗണം നടക്കാറില്ല. ഏലത്തിൽ പരാഗണം നടത്തുന്ന ഏജൻസി ശലഭങ്ങളാണ്. പരാഗണം നടക്കുന്ന സമയം രാവിലെ 5 മണി മുതൽ 7 മണി വരെയും. കാരണം ഈ സമയമാണ് പൂക്കൾ അധികവും വിടരുന്നത്.

ഏലത്തിൽ പരാഗണം നടത്തുന്ന പ്രധാന ഏജൻസി തേനീച്ച ആണ്. തേനീച്ചകൾക്കു യഥേഷ്ടം എത്തിച്ചേരാൻ കഴിയുന്ന തോട്ടങ്ങളിൽ വിളവു കൂടുതലെന്നും കണ്ടിരിക്കുന്നു. ഏലത്തോട്ടത്തിൽ പരാഗണം ഉറപ്പാക്കാൻ ഹെക്ടറൊന്നിന് നാലു തേനീച്ച കൂടുകൾ ആവശ്യമാണ്.

ഏലച്ചെടികളിൽ യഥാസമയം പരാഗണം നടക്കുന്നതിനു സഹായമായ മുഖ്യ ഏജൻസിയാണു തേനീച്ചകൾ. ഈ ഏജൻസിയെ അകറ്റി പരാഗണത്തിനു പ്രതികൂലമാകുന്നതിൽ കീടനാശിനി പ്രയോഗം കാരണമാകാറുണ്ട്. ആയതിനാൽ ഇക്കാര്യത്തിൽ ഇനി പറയും പ്രകാരം മുൻകരുതലുകൾ കൈക്കൊള്ളേണ്ടതാണ്.

∙ പൊടി രൂപത്തിലുള്ള കീടനാശിനികളുടെ ഉപയോഗം കഴിവതും ഒഴിവാക്കുക.

∙ കീടനാശിനി പ്രയോഗം ഉച്ചയ്ക്കുശേഷം മാത്രം നടത്തുക.

∙ ഏലച്ചെടികൾ പൂവിടുന്ന കാലം അതിന്റെ പാരമ്യത്തിലെത്തുമ്പോൾ ഈച്ചകൾക്കു ഹാനികരമാകാത്ത കീടനാശിനികൾ മാത്രം ഉപയോഗിക്കുക.

∙ കീടനാശിനി പ്രയോഗിക്കുന്ന ദിവസത്തിനു തലേന്നു തേനീച്ച കൂടുകൾ നനഞ്ഞ ചാക്കുകൊണ്ടു മൂടുകയും ചെയ്യുക.

ഓൺലൈൻ കച്ചവടവുമായി കൃഷിക്കാരനും

വ്യാപാരം നടത്താൻ നാലു ചുവരും മേൽക്ക‍ൂരയും ഷട്ടറും വേണമെന്ന ചിന്ത കാലഹരണപ്പെട്ടു കഴിഞ്ഞു. ഓൺലൈൻ ഷോപ്പിങ്ങിന്റെയും വിപണനത്തിന്റെയും യുഗമാണിത്. വിൽക്കാനുണ്ടെന്ന് സൈബർലോകത്ത് പരസ്യം നൽകിയാൽ ആവശ്യക്കാർ തേ‍‌ടിയെത്തും. ഈ സാധ്യത പ്രയോജനപ്പെടുത്താൻ കൃഷിക്കാർക്ക് അവസരം നൽകുകയാണ് കൊച്ചിയിലെ കൃഷിക്കാരൻ‌ഡോട്ട്കോം എന്ന വെബ്സൈറ്റ്. വിപണിയിലെ ചാഞ്ചാട്ടത്തെക്കുറിച്ചോ ഇടനിലക്കാരുടെ ചൂഷണത്തെക്കുറിച്ചോ പരാതിക്ക് അവസരം നൽകാതെ ഉൽപന്നങ്ങൾ വിൽക്കാൻ ഇത് സഹായിക്കുന്നു. അതോടൊപ്പം ലോകമെമ്പാടുമുള്ള ഉപഭോക്താക്കളിൽനിന്ന് ലഭിക്കാവുന്ന ഏറ്റവും മികച്ച വില കിട്ടാനും ഈ ഓൺലൈൻ കാർഷികചന്ത കൃഷിക്കാർ പ്രയോജനപ്പെടുത്തുന്നു.

ആവശ്യക്കാർ അയലത്തു തന്നെ

അജി ജോസഫ്, രശ്മി രഘുനാഥ് എന്നീ ഐടി പ്രഫഷണലുകളാണ് ഈ സംരംഭത്തിന്റെ സാരഥികൾ. കാർഷിക പശ്ചാത്തലമുള്ള ഇവർക്കൊപ്പം 11 ഐടി പ്രഫഷണലുകളും എറണാകുളം പാലാരിവട്ടത്തുള്ള ട്രയോക്കോഡ്സ് ടെക്നോളജീസിന്റെ അണിയറയിലുണ്ട്. സോഫ്റ്റ്‌വെയർ വികസനത്തിനൊപ്പം സാമൂഹ്യപ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾകൂടി നടത്തണമെന്ന ആഗ്രഹമാണ് വെബ്സൈറ്റ‍ിനു പ്രേരകമായതെന്നു ഡയറക്ടറും സിഇഒയുമായ അജി ജോസഫ് പറഞ്ഞു. ഉൽ‌പാദകർക്കും ഉപഭോക്താക്കൾക്കും സൗജന്യമായി ഇതിൽ പേര് ചേർക്കാം. നാലായിരത്തോളം പേർ ഉൽപന്നങ്ങൾ വിപണനം നടത്തുന്ന സൈറ്റിൽ കഴിഞ്ഞ വർഷം 20,000 ഇടപാടുകളെങ്കിലും നടന്നിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ആകെ 11,000 പേരാണ് റജിസ്റ്റർ ചെയ്തിട്ടുള്ളത്. മൂന്നു വർഷത്തിനുള്ളിൽ ഒരു ലക്ഷം അംഗങ്ങളുള്ള കാർഷിക വിപണനസംവിധാനമായി മാറുകയാണ് ലക്ഷ്യമെന്നും അജി പറഞ്ഞു.

കേരളത്തിലെവിടെയുള്ള കൃഷിക്കാർക്കും ഓൺലൈൻ വിപണിയിൽ റജിസ്റ്റർ ചെയ്ത ശേഷം ഉൽപന്നങ്ങൾ പ്രദർശിപ്പിക്കാം. ഉൽപന്നങ്ങളുടെ പേരും ചിത്രവും അളവും മാത്രമല്ല, പ്രതീക്ഷിക്കുന്ന വിലയും രേഖപ്പെടുത്താൻ അവസരം നൽകുന്നുണ്ടെന്ന് ചീഫ് ടെക്നിക്കൽ ഓഫിസറും ഡയറക്ടറുമായ രശ്മി രഘുനാഥ് പറഞ്ഞു. താൽപര്യമുള്ള ഉപഭോക്താക്കൾ ഉൽപാദകരുമായി നേരിട്ടു ബന്ധപ്പെട്ട് ഇടപാട് ഉറപ്പിക്കണം. അതുവഴി കർഷകഭവനങ്ങളിൽനിന്ന് മികച്ച ഉൽപന്നങ്ങൾ നേരിട്ടു വാങ്ങാൻ അവർക്ക് അവസരം ലഭിക്കുന്നു. കൃഷിക്കാരൻ എന്ന മൊബൈൽ ആപ്പിലൂടെയും വെബ്സൈറ്റിൽ പ്രവേശിക്കാം. കേരളത്തിനു പുറത്തുനിന്നുപോലും വ്യാപാര അന്വേഷണങ്ങൾ എത്തുന്ന ഈ വെബ്സൈറ്റ‌ിന്റെ മാതൃകയിൽ ഒമാനിൽ ഓൺലൈൻ കാർഷിക വിപണനസംവിധാനം ഏർപ്പെടുത്തുന്നതിനുള്ള ചർച്ചകൾ നടക്കുന്നുണ്ട്. വ്യത്യസ്തമായ മറ്റ് വിപണനരീതികളും ഇവർ പരീക്ഷിക്കുന്നു. കാർഷികോൽപന്നങ്ങളുടെ ലേലം ബാർട്ടർ സമ്പ്രദായത്തിലുള്ള കൈമാറ്റം എന്നിവയൊക്കെ ഇപ്ര‍കാരം കൃഷിക്കാരൻ വെബ്സൈറ്റിലുണ്ട്. കൃഷിക്കാർ തമ്മിലുള്ള ഉൽപന്ന കൈമാറ്റത്തിനാണ് ബാർട്ടർ രീതി കൂടുതലായി പ്രയോജനപ്പെടുന്നത്.

ഫോൺ: 8943338666

കേരളത്തിൽ മല്ലി കൃഷിയുടെ സാധ്യത എങ്ങനെ?

ചോദ്യം: അടുക്കളയാവശ്യത്തിനു വേണ്ട മല്ലിയില പുതുമ നഷ്ടപ്പെടാതെ ഉൽപാദിപ്പിക്കുന്നതിനൊരു വഴി നിർദേശിക്കുമോ?

അംബികാ ദിവാകരൻ, കൃഷ്ണകൃപ, ആനാട്

മല്ലി എന്ന ചുരുക്കപ്പേരുള്ള കൊത്തമല്ലി രുചിയിലും മണത്തിലും പോഷകത്തിലും മികവുറ്റതാണ്. ഇതിന്റെ വിത്തുകളും അവ മുളപ്പിച്ചുള്ള തൈകളും ഒട്ടുമിക്ക കറികളിലെയും മുഖ്യ ചേരുവകളാണ്.

മല്ലിയും പച്ചക്കറികൾ, പലവ്യഞ്ജനങ്ങൾ എന്നതുപോലെ മറ്റു സംസ്ഥാനങ്ങളിൽനിന്ന് ഇവിടേക്ക് കൊണ്ടുവരപ്പെടുന്നു. മല്ലി കൃഷി കൂടുതലായുള്ള ഇന്ത്യൻ സംസ്ഥാനങ്ങളാണ് രാജസ്ഥാൻ, മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, ഒറീസ്സ, കർണാടക, തമിഴ്നാട് തുടങ്ങിയവ. ഇവിടങ്ങളിലെ ഉദ്ദേശം നാലു ലക്ഷം ഹെക്ടർ സ്ഥലത്തെ കൃഷിയിൽനിന്നും പ്രതിവർഷം രണ്ടു ലക്ഷം ടൺ കൊത്തമല്ലി ഉൽപാദിപ്പിക്കുന്നതായാണ് കണക്ക്. മല്ലി ഇലയും പോഷകസമ്പന്നമാണ്. ഇതിൽ മാംസ്യം, പഞ്ചസാര, വിറ്റമിൻ ബി എന്നിവ അടങ്ങിയിരിക്കുന്നു. ഹൃദ്യമായ സുഗന്ധത്തോടെയുള്ള ഇത് സ്വാദിഷ്ഠം കൂടിയാണ്.

മല്ലി കൃഷിക്ക് അനുയോജ്യമായത് താപനില കുറഞ്ഞ മഞ്ഞുവീഴ്ചാസാധ്യതയുള്ള ശൈത്യമേഖലയാണ്. ഉയരം കൂടിയ മേഖലകളിലെ ശൈത്യകാലാവസ്ഥയിൽ നടത്തുന്ന കൃഷിയിൽനിന്നും ലഭിക്കുന്ന വിളവിൽ എണ്ണയുടെ അംശം ഏറിയിരിക്കും. കേരളത്തിൽ കിഴക്കൻ മലമ്പ്രദേശങ്ങളിലെ ഉയരം കൂടിയ പ്രദേശങ്ങളിൽ മല്ലി കൃഷി പരീക്ഷിക്കാവുന്നതാണ്.

ഉഴുതൊരുക്കിയ സ്ഥലത്ത് ഹെക്ടറിനു 15–20 ടൺ കാലിവളം അല്ലെങ്കിൽ തത്തുല്യമായ ജൈവവളങ്ങൾ ചേർത്ത് വിത്ത് വിതയ്ക്കാം. ഹെക്ടറിനു വേണ്ടിവരുന്ന വിത്തിന്റെ അളവ് 15–20 കി.ഗ്രാം. വിത്ത് ലഭ്യത കുറവാണ് കേരളത്തില്‍ കൃഷി സാധ്യത പ്രയോജനപ്പെടുത്താനാകാതെ വന്നതിനൊരു കാരണം. വിത്ത് തമിഴ്നാട്ടിൽനിന്നും കൊണ്ടുവരാവുന്നതേ ഉള്ളൂ. വിതയ്ക്കാൻ വേണ്ടി വിത്ത് ഒരുക്കുമ്പോൾ ഗോളാകൃതിയിലുള്ളവ കൈകൾകൊണ്ടു മൃദുവായി തിരുമ്മി പിളർക്കണം. ഇങ്ങനെ ചെയ്യുമ്പോൾ ശ്രദ്ധിക്കുക; മുളപൊട്ടുന്ന ഭാഗത്തിനു ക്ഷതം ഉണ്ടാകാനിടയാകരുത്.

ചെടികൾ തമ്മിൽ 30 സെ.മീ. അകലം ലഭിക്കത്തക്കവിധം വിത്ത് പാകുക. കൃഷിയിറക്കാന്‍ പറ്റിയ സമയം ഒക്ടോബർ-നവംബർ മാസങ്ങള്‍. വിത കഴിഞ്ഞാൽ വിളവെടുപ്പിനു 80–140 ദിവസം വേണ്ടിവരുന്നു. ഇനങ്ങൾ തമ്മിൽ മൂപ്പുകാലം വ്യത്യസ്തമായിരിക്കും. വിത കഴിഞ്ഞാലുള്ള പ്രധാന പരിചരണങ്ങളാണ് ഇടയിളക്കൽ, കളയെടുപ്പ്, വളം ചേർക്കൽ, നനയ്ക്കൽ, കീടരോഗ നിയന്ത്രണം തുടങ്ങിയവ.

അവരവരുടെ വീട്ടാവശ്യത്തിനുവേണ്ടി ചെറിയ തോതിൽ മല്ലി കൃഷി അടുക്കള പരിസരത്തുതന്നെ നടത്താവുന്നതാണ്. അധിക വെള്ളം വാർന്നു പോകാൻ വേണ്ടത്ര ദ്വാരങ്ങളോടെയുള്ള 15–20 സെ.മീ പൊക്കമുള്ള പരന്ന പാത്രത്തിൽ പോട്ടിങ് മിശ്രിതം നിറച്ചു നനച്ചശേഷം വിത്തുകൾ പാകണം. തുടർന്നു മിതമായി നനച്ചുകൊണ്ടിരിക്കണം. വിത്താവശ്യത്തിനു തൽക്കാലം കടകളിൽനിന്നും വാങ്ങുന്നതിൽ‌നിന്നുമുള്ള മുഴുത്തവ പെറുക്കിയെടുത്ത് രണ്ടായി പിളർത്തിയത് മതിയാകും. വിത്തുകൾ കിളിർക്കാൻ 10–12 ദിവസങ്ങൾ വേണ്ടി വരും. തൈകൾക്കു 10–12 സെ.മീ ഉയരമായാൽ പിഴുതെടുത്ത് ഉപയോഗിക്കാം. ഈ വിധം വർഷം മുഴുവൻ വീട്ടാവശ്യത്തിനു വേണ്ടത് കിളിപ്പിച്ചെടുക്കാവുന്നതാണ്.

ഉത്തരം തയാറാക്കിയത്: വിശ്വനാഥൻ നായർ

വീട്ടുവളപ്പിൽ പയർകൃഷി

അമരപ്പയർ പടർന്നു വളരുന്ന ഇനങ്ങളും കുറ്റിയിനങ്ങളും ഉണ്ട്. കായ്കളാകട്ടെ ഇനവ്യത്യാസമനുസരിച്ച് കായ്കളുടെ വലുപ്പത്തിലും ആകൃതിയിലും വ്യത്യാസം വരും.

പടർന്നു വളരുന്നവ പകൽ ദൈർഘ്യം കുറഞ്ഞ കാലാവസ്ഥയിൽ മാത്രമേ പൂവിട്ടു വിളവു നൽകൂ. കേരളത്തിൽ മേയ്, ജൂൺ മാസങ്ങളിൽ കൃഷിയിറക്കിയാൽ കായ്കൾ ഉണ്ടാകാൻ തുടങ്ങുക സെപ്റ്റംബർ– ഒക്ടോബർ മാസങ്ങളിലാണ്. വേനൽക്കാലം പടരുന്ന ഇനങ്ങൾക്കു യോജിച്ചതല്ല. എന്നാൽ കുറ്റിയിനങ്ങൾ‌ ഏതു കാലത്തും നന്ന‍ായി വളരും.

വെള്ളം കെട്ടിനിൽക്കാനിടയില്ലാത്ത സ്ഥലത്ത് ഏതു തരം മണ്ണിലും അമര നടാം. മണ്ണിലെ പുളിരസം പിഎച്ച് 6.5നും 8.5നും ഇടയിലായാൽ നന്ന്. കൃഷി വീട്ടാവശ്യത്തിനാകുമ്പോൾ ഒന്നോ രണ്ടോ തടം മതിയാകും. ഒരു ചെടി വളർന്നു പന്തലിൽ പടർന്നുകയറിയാൽ ഒരു സെന്റിലധികം സ്ഥലത്തു വ്യാപിച്ചു നല്ല തോതിൽ കായ്കൾ നൽകും. ഇതുകൊണ്ടാണ് 'അമരവിത്തും കുരുത്തക്കേടും കുറച്ചു മതി' എന്നു പറയുന്നത്.

മഴക്കാലത്തിനു തൊട്ടുമുമ്പുതന്നെ കൃഷിക്കു തുടക്കമിടണം. 60 സെ.മീ. വ്യാസത്തിലും 45 സെ.മീ താഴ്ചയിലും കുഴിയെടുത്ത് കരിയില അതിലിട്ടു ചുടുന്നതു നന്ന്. തുടർന്നു രണ്ടോ മൂന്നോ പിടി കുമ്മായം വിതറി മണ്ണിൽ ഇളക്കി യോജിപ്പിച്ചശേഷം വിത്തു പാകാം. മഴയില്ലെങ്കിൽ നന നിർബന്ധം. കായികവളർച്ച കൂടുതലായതിനാൽ വെള്ളത്തിന്റെ ആവശ്യകതയും കൂടും. ഇതാണ് 'അമരത്തടത്തിൽ തവള കരയണം' എന്ന പഴഞ്ചൊല്ലിന് ആധാരം. അടിവളമായി തടമൊന്നിനു 10–15 കിലോ ചാണകപ്പൊടിയോ കമ്പോസ്റ്റോ ചേർക്കാം. ജൂലൈയിൽ തിരുവാതിര ഞാറ്റുവേലക്കാലമാണ് വിത്തു പാകാൻ നല്ല സമയം.

കിളിർപ്പ് നീണ്ടു വള്ളിവീശുമ്പോൾ‌ രണ്ടു മീറ്ററിൽ കുറയാതെ ഉയരമുള്ള കുറ്റികൾ നാട്ടി അതിലേക്കു കയറ്റിവിടണം. ഇതേ ഉയരത്തിൽ പന്തലിട്ടു ചെടി നിറഞ്ഞു കഴിഞ്ഞാൽ പൂക്കൾ ഉണ്ടായി തുടങ്ങും. ഈ സമയത്തു ചാരം വിതറുകയും ചാണകപ്പാൽ ചുവട്ടിൽ ഒഴിച്ചുകൊടുക്കുകയും ചെയ്യുന്നതു കൊള്ളാം. ഡിസംബർ മുതൽ കായ്കൾ പറിച്ചു തുടങ്ങാം.

കീട, രോഗ നിയന്ത്രണം: ഇലകൾ, ഇളം തണ്ടുകൾ എന്നീ ഭാഗങ്ങളിൽ ഇലപ്പേൻ കൂട്ടംകൂടിയിരുന്നു നീരൂറ്റിക്കുടിക്കുന്നു. തുടർന്ന് ചെടി ഉണങ്ങുന്നു. ചെറുചൂടോടെ ചാരം വിതറുന്നതും പുകയിലക്കഷായം തളിക്കുന്നതും വഴി ഇതിനെ നിയന്ത്ര‍ിക്കാം.

മീലിമൂട്ടശല്യം ഉണ്ടായാൽ ഫിഷ് അമിനോ ആസിഡോ കാന്താരി ഗോമൂത്ര മിശ്രിതമോ തളിച്ചാൽ മതി.

കുമിൾരോഗസാധ്യതയുമുണ്ട്. ഒരു ലീറ്റർ വെള്ളത്തിൽ സ്യൂഡോമോണാസ് 20 ഗ്രാം കലക്കി തളിക്കുന്നത് കുമിൾരോഗത്തെ നിയന്ത്രിക്കും. ഒരു സെന്റ് സ്ഥലത്തെ കൃഷിയിൽനിന്ന് 25–30 കിലോ വിളവു പ്രതീക്ഷിക്കാം.

കൊത്തമര

ചെറുതായി നുറുക്കി തോരൻ, മെഴുക്കുവരട്ടി, നീളത്തിലരിഞ്ഞ് അവിയൽ, തീയൽ, സാമ്പാർ എന്നിവയിൽ കഷണമാക്കിയും ഉപയോഗിക്കുന്ന കൊത്തമര കേരളത്തിൽ നന്നായി വളരുകയും വിളവു നൽകുകയും ചെയ്യും. എല്ലാക്കാലത്തും കൃഷി ചെയ്യാം. വരൾച്ചയിലും നന്നായി വളരും. നല്ല നീർവാർച്ചയുള്ള പ്രദേശത്തെ മണൽ കലർ‌ന്ന പശിമരാശി മണ്ണാണ് നല്ലത്. ഉപ്പുരസമുള്ളതും ക്ഷാരാംശം കൂടിയ മണ്ണിലും കൃഷിചെയ്യാം.

പൂസ സദാബഹാർ, പൂസ മൗസമി, പുസ നൗബഹാർ തുടങ്ങിയവ വിളവുശേഷി കൂടിയ ഇനങ്ങൾ. ഒരു സെന്റ് കൃഷിക്കു 160 ഗ്രാം വിത്ത് വേണ്ടി വരാം.

വരമ്പ‍ുകളും ചാലുകളും 60 സെ.മീ. അകലത്തിലെടുത്ത് വിത്തു വിതയ്ക്കാം. വേനൽക്കാലത്തു ചാലുകളിലും മഴക്കാലത്തു വരമ്പുകളിൽ 20–30 സെ.മീ ഇടവിട്ടും വിത്തു പാകണം.

വളം ചേർക്കൽ: സ്ഥലം കൃഷിക്കൊരുക്കുമ്പോൾ സെന്റൊന്നിന് ജൈവ വളങ്ങൾ 25 കിലോ, യൂറിയ 25 ഗ്രാം, റോക്ഫോസ്ഫേറ്റ് 70 ഗ്രാം ചേർക്കുക. നാലഞ്ച് ആഴ്ച കഴിഞ്ഞ് യൂറിയ 25 ഗ്രാം, പൊട്ടാഷ് വളം 70 ഗ്രാം കൂട്ടിക്കലർത്തി ചേർക്കാം. കൃഷിയിടത്തിൽ കള വളർച്ച തടയണം. കൈകൊണ്ടു പിഴുതു മാറ്റുകയാണ് നല്ലത്. വേരു പടലത്തിനു ക്ഷതമേൽക്കാതെ വേണം മണ്ണിളക്കാൻ.

സസ്യസംരക്ഷണം: ഇലപ്പേൻ ആക്രമണം സാധാരണമാണ്. ഇതൊഴിവാക്കാൻ പുകയിലക്കഷായം തളിക്കുക. കായ്തുരപ്പൻ പുഴുവിന്റെ ശല്യവും ഉണ്ടാകാറുണ്ട്. ഇതിനെ നിയന്ത്രിക്കാൻ വേപ്പെണ്ണ–വെളുത്തുള്ളി മിശ്രിതം തളിച്ചാൽ മതി.

വിത കഴി‍ഞ്ഞു 40–ാം ദിവസം മുതൽ വിളവെടുക്കും. വിളദൈർഘ്യം 3–4 മാസം. ഒരു സെന്റ് സ്ഥലത്തുനിന്ന് 5–8 കിലോ വിളവു ലഭിക്കാം.

കരുത്തുള്ള ചെടികൾ തിരഞ്ഞെടുത്തു സൂക്ഷ്മപരിശോധന നടത്തി വിത്തുകൾ ശേഖരിക്കാം. ഉണക്കി ഒരുക്കിയ വിത്തുകൾ കലത്തിലോ ഭരണികളിലോ സൂക്ഷിക്കുകയും വേണം.

മാംസ്യ((Protein) സമൃദ്ധമായതിനാൽ ഇറച്ചിപ്പയർ എന്നും അറിയപ്പെടുന്നു. കേരളത്തിൽ നാടൻ ഇനങ്ങളാണു കൂടുതലായും കൃഷി. കേരള കാർഷിക സർവകലാശാല പുറത്തിറക്കിയ മുന്തിയ ഇനമാണ് രേവതി. മൂപ്പ് 110–120 ദിവസം. വിളവുശേഷി സെന്റിന് 25–30 കിലോ.

കിളച്ചൊരുക്കിയ സ്ഥലത്തു നിരകൾ തമ്മിൽ 75 സെ.മീ. അകലത്തിൽ ചെടികൾ തമ്മിൽ 50 സെ.മീ ഇടവിട്ടു വിത്തു പാകണം. ഒരു സെന്ററിലേക്ക് 60–80 ഗ്രാം വിത്തു വേണ്ടിവരും. ജൂലൈ– ഓഗസ്റ്റ് മാസങ്ങളിൽ രണ്ടു ദിവസം വെള്ളത്തിലിട്ടു കുതിർത്ത ശേഷം വേണം വിത്തു പാകേണ്ടത്.

വളം ചേർക്കലും സസ്യ സംരക്ഷണവും അമരക്ക‍ൃഷിയിലെപ്പോലെ. ഇടയിളക്കൽ, മണ്ണ് അടുപ്പിക്കൽ, കളയെടുക്കൽ എന്നിവ യഥാസമയം നടത്തണം. കാലുകൾ നാട്ടി കമ്പിയോ കയറുമായോ ബന്ധിപ്പിച്ചുള്ള പന്തൽ ഉണ്ടാക്കി വള്ളികളെ പന്തലിലേക്കു കയറ്റിവിടുക.

ആദ്യ വിളവെടുപ്പിനു വിത്തു പാകി രണ്ടര മാസം വേണ്ടിവരും. വിത്തു കിളിർത്ത് മൂന്നാഴ്ച കഴിഞ്ഞുള്ള പിഞ്ചുകായ്കൾ ഭക്ഷ്യയോഗ്യം. ഉള്ളിലെ വിത്തുകൾ കൂടുതല്‍ മുറ്റ‍ിയാൽ പിന്നെ വിത്താവശ്യത്തിനേ ഉപയോഗപ്പെടുത്താനാകൂ. സെന്റിൽനിന്നു പ്ര‍തീക്ഷിക്കാവുന്ന വിളവ് 30 കിലോ വരെ.

ചെറിയ മരങ്ങൾ, വേലികൾ എന്നിവിടങ്ങളിലെല്ലാം കയറ്റിവിട്ടു വളർത്തുന്ന വാളരിപ്പയറിന് മറ്റു പല പയറിനങ്ങളെക്കാൾ വലുപ്പമുണ്ട്. വാളരിപ്പയർ രണ്ടു വിധമുണ്ട്. പടർന്നു വളരുന്നതും കുറ്റിച്ചെടിയായി വളരുന്നതും. ആദ്യത്തെ ഇനത്തിൽ താരതമ്യേന വലിയ കായ്കളും രണ്ടാമത്തേതിൽ കായ്കൾ ചെറുതും ആയിരിക്കും. പടരുന്നയിനത്തിന്റെ വിത്തിനു ചുവപ്പു നിറവും കുറ്റിയിനത്തിന്റേതു വെളുത്ത നിറവുമായിരിക്കും.

വെള്ളം കെട്ടിനിൽക്കാത്തതും വളക്ക‍ൂറുള്ളതുമായ മണ്ണ് തിരഞ്ഞ‍െടുക്കുക. മേയ്–ജൂൺ, സെപ്റ്റംബർ– ഒക്ടോബർ മാസങ്ങളിൽ കൃഷിയിറക്കാം.

കുറ്റിയിനങ്ങൾ 60–75 സെ.മീ അകലത്തിലുള്ള നിരകളിൽ 60 സെ.മീ ഇടവിട്ടു ചെറിയ കുഴികളെടുത്തതിൽ ജൈവവളങ്ങളിട്ടു വിത്തു പാകാം. പടർന്നു വളരാൻ പ്രകൃതിദത്ത സൗകര്യങ്ങൾ ഇല്ലെങ്കിൽ പന്തലിട്ടു കയറ്റിവിടണം.

വേനൽക്കാലത്ത് 5–6 ദിവസം ഇടവിട്ടു നനയ്ക്കണം. പച്ചക്കറി വളക്കൂട്ടു നൽകുന്നതു വിളവു വർധിപ്പിക്കും.

മൂപ്പായി പഴുക്കാൻ തുടങ്ങുന്ന കായ്കൾ പറിച്ചെടുത്ത് ഉണക്കി വിത്തെടുക്കാം. അടുത്ത കൃഷിയാവശ്യത്തിനു വിത്ത് ഉണക്കി സൂക്ഷിക്കുകയും ചെയ്യാം

സോയാബീൻ കൃഷിയും സംസ്കരണവും

പയർവർഗ വിളകളിലൊന്നാണ് സോയാബീൻ. നമ്മുടെ പച്ചക്കറിത്തോട്ടങ്ങളിലെ ഒരു പുത്തൻ അതിഥി എന്നിതിനെ വിശേഷിപ്പിക്കാം. ഇപ്പോള്‍ കേരളത്തിലെ എല്ലാ കാർഷികമേഖലകളിലും ഇതിന്റെ കൃഷി ആരംഭിച്ചിട്ടുണ്ട്. ഇവിടെ നന്നായി വളരും, നല്ല വിളവു കിട്ടും. നമ്മുടെ വീട്ടമ്മമാർ അധികം മൂപ്പെത്തുന്നതിനു മുൻപ് കായ്കൾ പറിച്ചെടുത്ത് തോരനും ഉപ്പേരിയുമായി ഉപയോഗിക്കുന്നു. മണ്ണിലെ നൈട്രജൻ അളവു കൂട്ടാനും ഈ പയർവർഗവിളയ്ക്കു കഴിയുന്നു.

കനത്ത മഞ്ഞും വേനലും ഒഴിവാക്കി കൃഷിയിറക്കുക. വെള്ളക്കെട്ടില്ലാത്ത മണൽ കലർന്ന വളക്കൂറുള്ള മണ്ണ് കൃഷിക്ക് ഉത്തമം. മേയ് – ജൂണ്‍ മാസങ്ങളിൽ കൃഷിയി‌റക്കാം. മൂപ്പ് നാലു മാസം. കാലവർഷാരംഭത്തില്‍ കൃഷിയിറക്കുന്നത് നല്ല ഫലം ചെയ്യും. മഴക്കാലത്തു പൂവിടുന്നത് വിളവിനെ ബാധിക്കുന്നതായി കാണുന്നു. മഴക്കാലത്തു വാരമെടുത്ത് വിത്തിടുക. 2–5 സെ.മീ. താഴ്ചയിലിടുന്നത് മണ്ണിലെ ഈർപ്പനില കണക്കാക്കിയാണ്. ചെടികള്‍ തമ്മിലുള്ള അകലം 20X20 സെ.മീറ്റർ മതിയാകും.

അടിസ്ഥാനവളമായി ജൈവവളങ്ങൾ ചേർത്തതിനു പുറമേ അടിവളമായി ഹെക്ടറിനു യൂറിയ 40 കി.ഗ്രാം, രാജ്ഫോസ് 150 കി.ഗ്രാം, പൊട്ടാഷു വളം 20 കി.ഗ്രാം എന്നിവ കലർത്തി ചേർക്കുകയും വേണം.

കളവളർച്ച കൂടുതലായാല്‍ അവ നീക്കി മണ്ണടുപ്പിക്കണം. കീടരോഗബാധ പൊതുവെ കുറവാണ്. എന്തെങ്കിലും കണ്ണിൽപ്പെട്ടാൽ വിദഗ്ധോപദേശം വാങ്ങി പ്രതിവിധി ചെയ്യണം.

മൂപ്പെത്തുന്നതോടെ കായ്കൾ പറിച്ചെടുത്ത് ഉണങ്ങി വിത്ത് വേർപെടുത്താം. മൂന്നു വർഷംവരെ വിത്ത് കേടാകാതെ സൂക്ഷിക്കാം.

സോയാപാൽ തയാറാക്കുന്ന വിധം: നല്ലതുപോലെ വിളഞ്ഞു പാകമായ സോയാവിത്തുകൾ കഴുകി വൃത്തിയാക്കിയതിനുശേഷം 8–10 മണിക്കൂര്‍ നേരം വെള്ളത്തിലിട്ടു കുതിർക്കുക. കുതിർത്തെടുത്ത വിത്ത് അമർത്തി പുറന്തൊലി വേർപെടുത്തുക. പരിപ്പു കഴുകി വൃത്തിയാക്കി നല്ലതുപോലെ അരച്ചെടുക്കുക. ഇത് ഇടവിട്ടു പുഴുങ്ങി വീണ്ടും അരച്ചു തയാറാക്കിയ മാവിൽ 6–8 ഇരട്ടി വെള്ളം ചേർത്തു തിളപ്പിക്കുക. ഇത് അരിച്ചെടുത്ത് ഒരിക്കൽക്കൂടി ചെറുതായി ഇളക്കിക്കൊണ്ടു തിളപ്പിക്കണം. ഇനിയിത് അഞ്ചു ദിവസത്തേക്കു ഫ്രിഡ്ജിൽ സൂക്ഷിക്കുക. ഇടയ്ക്കിടെ തിളപ്പിച്ചുവച്ചാൽ കേടാകാതെ സൂക്ഷിപ്പുകാലം ദീർഘിപ്പിക്കാവുന്നതാണ്.

സോയാപയറിന് ഒരു ദുർഗന്ധമുണ്ട്. ഇതു നീക്കാൻ ചൂടു കഞ്ഞിവെള്ളത്തിൽ അരമണിക്കൂർ നേരം മുക്കിയിട്ടതിനുശേഷം തണുത്തവെള്ളം വീഴ്ത്തി കഴുകിയെടുത്താൽ മതിയാകും.

മാമ്പഴം പുഴുവില്ലാതെ

പുഴുവില്ലാത്ത മാമ്പഴം കിട്ടാന്‍ ലളിത മാര്‍ഗം

ലോകത്ത് മാമ്പഴ ഉൽപാദനത്തിൽ രണ്ടാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. മാമ്പഴ ഈച്ചയുടെ ഉപദ്രവംമൂലം ഏറ്റവും കൂടുതൽ മാങ്ങ നശിച്ചുപോകുന്നതും ഇവിടെത്തന്നെ. മാങ്ങ മൂത്തുതുടങ്ങുന്നതോടെയാണ് ഈച്ചയുടെ ആക്രമണമുണ്ടാകുന്നത്. ചാര നിറത്തിലുള്ളതും സുതാര്യമായ ചിറകുകളോടുകൂടിയതുമാണ് പഴ ഈച്ചകൾ.

മാങ്ങയുടെ പുറംതൊലിയിൽ ഇവ സൂക്ഷ്മ സുഷിരങ്ങളുണ്ടാക്കി മുട്ടകള്‍ കൂട്ടമായി നിക്ഷേപിക്കുന്നു. മാങ്ങ പഴുക്കാൻ പരുവമാകുമ്പോൾ മുട്ടകൾ വിരിയുകയും ചെറിയ പുഴുക്കൾ മാങ്ങയുടെ ഉൾഭാഗം കാർന്നു തിന്നുകയും ചെയ്യുന്നു. കാർന്നു തിന്നാൻ തുടങ്ങുന്നതോടെ മാങ്ങയുടെ ഉൾഭാഗം വേഗത്തിൽ നശിക്കുകയും മാങ്ങ പെട്ടെന്നു പഴുക്കുകയും ഞെട്ടറ്റ് മണ്ണിൽ വീഴുകയും ചെയ്യുന്നു. ഇവയില്‍നിന്നു പുഴുക്കൾ വീണ്ടും മണ്ണിലെത്തി 8–10 ദിവസത്തിനുള്ളിൽ സമാധിദശയിലാകുന്നു. രണ്ടു മാസത്തിനകം ഈച്ചകളായി രൂപാന്തരപ്പെടുന്ന ഇവയിലെ പെണ്ണീച്ചകൾ വീണ്ടും മാങ്ങകളിൽ മുട്ട നിക്ഷേപിക്കുന്നു.

പഴ ഈച്ചകളുടെ വംശവർധന തടയുന്നതിന് ചീഞ്ഞ മാങ്ങകൾ എടുത്ത് കുഴിയിലാക്കി മണ്ണിട്ടു മൂടണം. മീതൈൽ യുജിനോൾ അടങ്ങിയ ഫിറമോൺ കെണികൾ ഇന്നു ലഭ്യമാണ്. ഇവ മാങ്ങ മൂപ്പെത്തുന്നതിനു മുമ്പു മാവിന്റെ ശിഖരത്തിൽ തൂക്കിയിടുക. ആൺ കായീച്ചകൾ കൂട്ടത്തോടെ ഈ കെണിയിൽ അകപ്പെടും. ഇവയെ നശിപ്പിച്ചു വംശവർധന തടയാം. കേരളത്തിൽ മാർച്ച്– ഏപ്രിൽ മാസത്തിലാണ് മാമ്പഴ ഈച്ചകളുടെ വംശവർധന ഏറ്റവും കൂടുതലായി കാണുന്നത്.

മാങ്ങയ്ക്ക് പുഴുക്കേട് വരാതിരിക്കാൻ

മൂപ്പെത്തിയ മാങ്ങകൾ പറിച്ചെടുത്തു സംസ്കരിക്കുകയാണെങ്കിൽ പുഴുശല്യമില്ലാത്ത മാമ്പഴം കിട്ടും. 10 ലീറ്റർ വെള്ളം കൊള്ളുന്ന ബക്കറ്റിൽ ആറു ലീറ്റർ തിളച്ച വെള്ളവും നാലു ലീറ്റർ തണുത്ത വെള്ളവും ചേർക്കുക. ഇതിലേക്ക് 200 ഗ്രാം ഉപ്പ് ചേർത്ത് ഇളക്കുക. മൂപ്പെത്തി പറിച്ചെടുത്ത മാങ്ങകള്‍ ഈ ലായനിയില്‍ 10–15 മിനിറ്റ് നേരം ഇട്ടുവയ്ക്കുക. മാങ്ങകൾ പൂർണമായും മുങ്ങിക്കിടക്കേണ്ടതുണ്ട്. ഇതിനുശേഷം മാങ്ങകള്‍ എടുത്ത് തുണികൊണ്ടു നന്നായി തുടച്ചു പഴുപ്പിക്കുക. നല്ല മാമ്പഴം പുഴു ഇല്ലാതെ ലഭിക്കും.

മിശ്രിതത്തിന്റെ ഊഷ്മാവ് ഏകദേശം 50 ഡിഗ്രി സെൽഷ്യസ് ആയിരിക്കണം. ഈ മിശ്രിതത്തിൽ മാങ്ങ ഇടുമ്പോൾ പഴ ഈച്ചകൾ മാങ്ങയുടെ പുറംതൊലിയിൽ ഉണ്ടാക്കിയ സുഷിരങ്ങൾ അൽപം വികസിക്കുകയും ഇതിലൂടെ ഉപ്പുവെള്ളത്തിന്റെ ചെറുകണികകൾ മാങ്ങയ്ക്കുള്ളിൽ കയറുകയും ചെയ്യുന്നു. ഉപ്പുവെള്ളം വിരിയാനിരിക്കുന്ന മുട്ടകളെ നശിപ്പിക്കും.

തയാറാക്കിയത്: സി. ജോസ് വർഗീസ്, ജോയിന്റ് ഡയറക്ടർ (റിട്ട.), കൃഷിവകുപ്പ്

വെറ്റിലക്കൃഷിക്ക് ഇത് അനുയോജ്യകാലം

കേരളത്തിൽ തനിവിളയായും ഇടവിളയായും വെറ്റില കൃഷി ചെയ്തുവരുന്നു. ഇവിടെ കൃഷിചെയ്യുന്ന ഇനങ്ങളാണ് അരിക്കൊടി, പെരുംകൊടി, അമരവിള, കൽക്കൊടി, കരിലേഞ്ചികർപ്പൂരം, തുളസി, വെൺമണി, പ്രാമുട്ടൻ എന്നിവ. നടീൽകാലത്തെ കണക്കിലെടുത്ത് മെയ്–ജൂൺ മാസങ്ങളിൽ കൃഷിയിറക്കുന്നത് ഇടവക്കൊടിയെന്നും ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലേത് തുലാക്കൊടി എന്ന പേരിലും അറിയപ്പെടുന്നു. കിളച്ചൊരുക്കിയ സ്ഥലത്ത് പത്ത് പതിനഞ്ചു മീറ്റർ നീളവും 75 സെ.മീ. വീതം വീതിയും താഴ്ചയുമുള്ള ചാലുകൾ ഒരു മീറ്റർ അകലത്തിലെടുത്തതിൽ, ചാരം, പച്ചിലവളം, ജൈവവളങ്ങൾ എന്നിവ ചേർത്ത് നല്ലയിനം വെറ്റില ചെടിയുടെ തണ്ടുകൾ മുറിച്ചെടുത്ത് നടുക.

നടീൽവസ്തുവും നടുന്ന രീതിയും

വെറ്റിലയുടെ നടീൽവസ്തു അതിന്റെ തണ്ടുകൾ മുറിച്ചുള്ള കഷ്ണങ്ങളാണ്. ഇതിനായി രണ്ടുമൂന്നു വർഷം പ്രായമായതും നല്ലതുപോലെ ഇലപ്പിടുത്തമുള്ളതുമായ കൊടികൾ തിരഞ്ഞെടുക്കണം. ഇതിന്റെ ശിഖരാഗ്രങ്ങളാണ് നടാൻ ഉപയോഗിക്കുക. നല്ല കരുത്തോടെ കാണുന്ന മൂന്നു മുകുളങ്ങൾ അതായത് മൂന്നു മുട്ടകളോടെയുള്ള വള്ളിത്തണ്ടുകളാണ് മുറിച്ചെടുക്കേണ്ടത്. ഇതിനു ഉദ്ദേശം 1 മീറ്റർ നീളം വരും. ഇപ്രകാരമുള്ള 80 മുതൽ 100 വള്ളിത്തലകൾ ഒരു സെന്റ് സ്ഥലത്തെ കൃഷിക്ക് വേണ്ടിവരുന്നു. നല്ല നനവുള്ള മണ്ണിൽ 20 സെ.മീ അകലത്തിൽ വള്ളികൾ നടണം. ഒരു മുട്ടു മണ്ണിനടിയിലാക്കി വേണം നടാൻ. നട്ട് മണ്ണ് അടുപ്പിക്കുക. തുടർന്ന‍ു ക്രമമായി നനയ്ക്കുകയും ചെയ്യുക.

വളമിടീലും പരിചരണവും

വെറ്റിലയ്‌ക്ക്‌ അടിസ്ഥാനവളമായി ജൈവവളങ്ങൾ സെന്റ് ഒന്നിനു 100 കിലോഗ്രാം എന്ന തോതിൽ ചേർക്കുക. ഇവയ്ക്കു പുറമേ യൂറിയ 500 ഗ്രാം റോക്ഫോസ്ഫേറ്റ് വളം 400 ഗ്രാം എന്നിവയും ശുപാർശ ചെയ്ത‍ിരിക്കുന്നു. ഇവയിൽ പകുതി അടിവളമായും ബാക്കി നാലു മാസത്തിനുശേഷവും ഇടേണ്ടതാണ്.

രണ്ടാഴ്ച ഇടവിട്ടു ചാരം ചേർത്ത് കരിയിലകൾകൊണ്ടു പുതയിടാവുന്നതുമാണ്. ചാണകവെള്ളം തളിച്ചുകൊടുക്കുന്നതും നന്ന്. ആദ്യ വിളവെടുപ്പിന് നട്ടു നാലുമാസം വേണ്ടിവരുന്നു. അതേവരെ രണ്ടാഴ്ച ഇടവിട്ടു ചാണകവെള്ളം തളിക്കുക. ഉണങ്ങിയ ഇലകൾ ചേർത്ത് കൊടുക്കുക എന്നിവ നടത്താവുന്നതാണ്.‌

നടീലിനു ശേഷമുള്ള പരിചരണങ്ങൾ

വെറ്റിലക്കൃഷിയിൽ തൈകൾ നട്ടതിനുശേഷമുള്ള പ്രധാന പരിചരണങ്ങളാണു ക്രമമായ നനയും തൈകൾ പിടിച്ചുകിട്ടിയാൽ നീളം വെയ്ക്കുന്നതോടെ താങ്ങുകാലുകളിലേക്കു പടർന്നു കയറാൻ സഹായകമാംവിധം കെട്ടിക്കൊടുക്കുകയും ചെയ്യുക എന്നത്.

നന രാവിലെയും വൈകുന്നേരവും നടത്തണം. വെറ്റില വളരുന്നിടത്ത് എല്ലായ്പ്പോഴും മതിയായ അളവിൽ ഈർപ്പം നിലനിർത്തേണ്ടതുണ്ട്. എന്നാൽ വെള്ളം കെട്ടിക്കിടക്കാൻ ഇടയാകുകയുമരുത്.

വെറ്റിലയ്ക്കു വേരുചീയൽ

നട്ട് ഒരു മാസമാകുന്നതോടെ കൊടി പടർത്താൻ തുടങ്ങാം. ഇതിനായി മുളങ്കാലുകൾ നാട്ടിയിട്ടുള്ളതിൽ 15–20 സെ.മീറ്റർ വ്യത്യാസത്തിൽ വാഴനാരുകൊണ്ട് അയച്ച് ബന്ധിപ്പിക്കണം. ഒരു വർഷത്തിനുള്ളിൽ കൊടിക്കു മൂന്നുമീറ്റർ വരെ നീളം വയ്ക്കും. അതിനുശേഷം ഉണ്ട‍ാകുന്ന ഇലകൾക്കു വലിപ്പം കുറവായിരിക്കും.

ഇലനുള്ളൽ അഥവ വിളവെടുപ്പ്

വെറ്റിലച്ചെടിയുടെ സാമ്പത്തിക പ്രാധാന്യമുള്ള ഘടകമാണ് അതിന്റെ ഇലകൾ. ചെടി നട്ടു മൂന്നു മുതൽ ആറുമാസംകൊണ്ട് 150–180 സെ.മീ ഉയരത്തിൽ വളർന്നിട്ടുണ്ടാകും. ഇതോടെ വള്ളികളിൽ ശിഖരങ്ങൾ പൊട്ടിത്തുടങ്ങുന്നു. ഈ അവസരത്തിൽ വിളവെടുപ്പ് തുടങ്ങാം. ഇലഞെട്ട് ഉൾപ്പെടെ നുള്ളിയെടുക്കുക എന്നതാണു വിളവെടുപ്പ‍ുരീതി. ഒരിക്കൽ ഇലകൾ‌ ശേഖരിക്കാൻ തുടങ്ങിയാൽ നിത്യേന അല്ലെങ്കിൽ നിശ്ചിത ദിവസങ്ങൾ ഇടവിട്ടു വിളവെടുത്തുകൊണ്ടിരിക്കാം. ഓരോ വിളവെടുപ്പിനുശേഷവും ജൈവവളങ്ങൾ‌ ചേർക്കുന്നത് വളർച്ചയ്ക്കൊപ്പം വിളവുവർധനയ്ക്കും സഹായകമാകും.

കൂവളത്തിന്റെ പരിപാലനം

കൂവളം ഔഷധവൃക്ഷങ്ങളിൽ ഒന്നാണ്. ക്ഷേത്രപൂജകൾ‌ക്ക് ഇതിന്റെ ഇലകൾ ഉപയോഗിക്കാറുണ്ട്. കേരളത്തിലെവിടെയും നന്നായി വളർത്താവുന്ന കൂവളത്തിന്റെ വംശവർധനയ്ക്കു തൈയാണു നടേണ്ടത്. പ്രായമായ മരങ്ങളിൽ ഡിസംബർ, ജനുവരി മാസങ്ങളിൽ കായ്കൾ പാകമാകും. കായ്കളിൽനിന്ന് വിത്തെടുത്തു കഴുകി വെയിലത്തിട്ട് ഉണക്കി സൂക്ഷിക്കാം. വിത്തുകൾ തവാരണകളിൽ പാകുന്നതിനു മുമ്പ് ആറു മണിക്കൂർ വെള്ളത്തിലിട്ടു കുതിർക്കണം. വിത്തു പാകി പുറമേ വൈക്കോൽകൊണ്ടു പുതയിടണം. കൃത്യമായി നനയ്ക്കണം. വിത്തുകൾ 15–20 ദിവസംകൊണ്ടു കിളിർക്കുന്നു. തൈയ്ക്ക് ആറ് ഇല പ്രായമായാൽ വേരുകൾ പൊട്ടാതെ പറിച്ചെടുത്ത് പോട്ടിങ് മിശ്രിതം നിറച്ച പോളിത്തീൻ ബാഗുകളിൽ നടണം. ഇവയിൽനിന്ന് രണ്ടു മൂന്നു പ്രായമായ തൈകൾ ഓരോ കുഴിയിലും നടുക.

ജൂൺ, ജൂലൈ മാസങ്ങളാണ് നടാൻ പറ്റിയ സമയം. ഇതിനായി 45X45X45 സെ.മീ വലുപ്പത്തിൽ 3 മീറ്റർ അകലത്തിൽ കുഴികളെടുക്കണം. കുഴിയിൽനിന്നെടുത്ത മേൽമണ്ണും ജൈവവളങ്ങളും ചേർത്തിളക്കി നിറച്ചതിനുശേഷം തൈ നടാം. തൈകൾ വേനൽക്കാലത്തു നനയ്ക്കണം. വർഷംതോറും ജൈവവളങ്ങൾ ചേർക്കണം. പത്തു വർഷമാകുന്നതോടെ തടിയും വേരും ഔഷധാവശ്യത്തിന് എടുക്കാം.

കൂവളം ദശമൂല ഔഷധത്തിൽ പ്രധാന ചേരുവയാണ്. വാതരോഗങ്ങൾ, കാസം, കഫക്കെട്ട്, പനി, തലവേദന, പ്രമേഹം, ഉദരരോഗങ്ങൾ എന്നിവയ്ക്ക് ഇതിന്റെ ഇലയും വേരും ഫലമജ്ജയും ഔഷധമാണ്. ദശമൂലാരിഷ്ടം, രസായനം, വില്വാദി ഗുളിക, വില്വാദി ലേഹ്യം എന്നിവയിൽ കൂവളവേരു പ്രധാന ചേരുവയാണ്.

കൂവളം രണ്ടിനങ്ങളുണ്ട്. ഉത്തരേന്ത്യനും ദക്ഷിണേന്ത്യനും. കൃഷിക്കു പറ്റിയത് ഉത്തരേന്ത്യൻ ഇനമാണ്.

നായ്ക്കൾക്ക് പൊണ്ണത്തടി അപകടം; വ്യായാമം ആവശ്യം

അമിതവണ്ണം മനുഷ്യർക്കെന്നതുപോലെ നായ്ക്കൾക്കും പുതിയ ആരോഗ്യപ്രശ്നമായി മാറുന്നു. ഓരോ നായയ്ക്കും ജനുസ്സ്, പ്രായം. ലിംഗം, ശാരീരികാവസ്ഥ എന്നിവയുടെ അടിസ്ഥാനത്തിൽ നിശ്ചിത ശരീരഭാരം വേണ്ടതുണ്ട്. ഇതിനെക്കാൾ പതിനഞ്ചു ശതമാനത്തിൽ കൂടുതലായാൽ പൊണ്ണത്തടിയെന്നു കണക്കാക്കാം. സാധാരണഗതിയിൽ പ്രായം കൂടുന്തോറും ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിന്റെ തോത് വർധിക്കുകയും ശരീരഭാരം കൂടുകയും ചെയ്യും. അമിതഭാരം എല്ലാ പ്രായത്തിലും ഉണ്ടാകാമെങ്കിലും മധ്യവയസ്സ് (5–10 വയസ്സ്) എത്തിയ നായ്ക്കളിൽ കൂടുതലായി കണ്ടുവരുന്നു. പെൺപട്ടികൾക്കും വന്ധ്യംകരണശസ്ത്രക്രിയ കഴിഞ്ഞവയ്ക്കും വീടിനുള്ളിൽത്തന്നെ കഴിയുന്നവയ്ക്കുമൊക്കെ പൊണ്ണത്തടിക്കു സാധ്യതയേറും.

അമിത ഭാരം, ശരീരത്തിൽ പല ഭാഗങ്ങളിലും കൊഴുപ്പ് അടിഞ്ഞുകൂടൽ, ആരോഗ്യക്കുറവ്, വ്യായാമത്തോടു മടി തുടങ്ങിയവയാണ് പൊണ്ണത്തടിയുടെ പൊതുലക്ഷണങ്ങൾ. ശരീരഭാരം, ശാരീരികാവസ്ഥാ പരിശോധന, ശരീരപരിശോധന എന്നീ മാർഗങ്ങളിലൂടെ അമിതഭാരമുണ്ടോയെന്നു കണ്ടെത്താനാകും. വാരിയെല്ലുകൾ, നടുഭാഗം, വാൽ, തല എന്നിവയുടെ ആകൃതിയും അവസ്ഥയുമാണ് പ്രധാനമായും വിലയിരുത്തുന്നത്. കൗതുകകരമായ ഒരു പൊതുനിരീക്ഷണം ഉടമകൾ തടിമാടന്മാരാണെങ്കിൽ മിക്കപ്പോഴും നായയും അങ്ങനെതന്നെ എന്നതാണ്.

ഇനി പൊണ്ണത്തടിയുടെ കാരണങ്ങൾ പരിശോധിക്കാം. അമിതഭക്ഷണം, വ്യായാമക്കുറവ്, ശരീരഭാരം കൂടാൻ പ്രവണതയുള്ള ശരീരം എന്നിവയാണ് പ്രധാന കാരണങ്ങൾ. കൂടാതെ പാരമ്പര്യം, ചില രോഗങ്ങൾ, ഹോർമോൺ വ്യതിയാനം എന്നിവയും അമിതഭാരത്തിനു കാരണമാകാം.

ലാബ്രഡോർ, ഹൗണ്ടുകൾ, ഡാഷ്ഹണ്ട് തുടങ്ങി പല ജനുസ്സുകൾക്കും പാരമ്പര്യമായി പൊണ്ണത്തടിക്കുള്ള പ്രവണതയുണ്ടാകും. കരൾ രോഗങ്ങൾ, അർബുദം, പ്രമേഹം തുടങ്ങിയവയുണ്ട‍െങ്കിൽ ശരീരഭാരം കൂടാം. ഹൈപ്പർ തൈറോയിഡിസം, ഇൻസുലിനോമ, ഹൈപ്പർ അഡ്രിനോ കോർട്ടിസം, വന്ധ്യംകരണശസ്ത്രക്രിയ തുടങ്ങിയവ ഹോർമോണുകളുടെ അളവിലുണ്ടാക്കുന്ന വ്യതിയാനം പൊണ്ണത്തടിക്കു വഴിവയ്ക്കാം.

വീട്ടിൽ മിച്ചംവരുന്ന ഭക്ഷണാവശിഷ്ടങ്ങൾ മുഴുവൻ നായ്ക്കൾക്കു നൽകുന്നതും സ്നേഹാധിക്യം മൂലം വീട്ടിലെ ഓരോ അംഗവും അവരുടെ വക ഭക്ഷണം നൽകുന്നതും പൊണ്ണത്തടിക്കു വഴിവയ്ക്കുന്നു. കൂടിയ കാലറിയും കൊഴുപ്പും മാംസ്യവും അടങ്ങിയ ഭക്ഷണം, മധുരപലഹാരങ്ങൾ, ഐസ്ക്രീം എന്നിവ സ്ഥിരമായി നൽകുന്നതും അമിതവണ്ണത്തിലേക്കു നയിക്കാം. ഭക്ഷണം ആവശ്യത്തിലധികവും വ്യായാമം കുറവുമാണെങ്കിലും പൊണ്ണത്തടിയുണ്ടാകും. സ്ഥലപരിമിതിയോ സമയക്കുറവോ മടിയോ കാരണം ഉടമ അരുമയുടെ വ്യായാമം നിഷേധിക്കുന്നതും പൊണ്ണത്തടിക്കു കാരണമാകുന്നു.

നായ്ക്കൾക്കുണ്ടാകുന്ന പല രോഗങ്ങളുടെയും മൂലകാരണം അമിതഭാരമാണ്. ആയുർദൈർഘ്യത്തെയും ഇതു ബാധിക്കുന്നു. അമിത ഭാരത്തിന്റെ ദോഷം എല്ല്, സന്ധി, ദഹനേന്ദ്രിയവ്യൂഹം, ശ്വാസകോശം എന്നിവയെയും ബാധിക്കാം. പ്രമേഹം, കരൾ രോഗങ്ങൾ, ഹൃദ്രോഗം, വാതം, രക്തസമ്മർദം തുടങ്ങിയ ജീവിതശൈലീരോഗങ്ങൾക്കു പൊണ്ണത്തടി വഴിവയ്ക്കുകയും ചെയ്യുന്നു. ശരീരത്തിന്റെ സ്വാഭാവിക രോഗപ്രതിരോധശേഷിയിലുണ്ടാകുന്ന കുറവ് കനൈൻ ഡിസ്റ്റംപർ, ചർമരോഗങ്ങൾ എന്നിവയ്ക്കും വഴിവയ്ക്കുന്നു. വന്ധ്യതയാണ് അമിതവണ്ണത്തിന്റെ മറ്റൊരു ദുഷ്ഫലം. മദിലക്ഷണങ്ങളുടെ അഭാവം, ഗർഭധാരണം കുറയൽ, ഗർഭമലസൽ, വിഷമപ്രസവം, കുഞ്ഞുങ്ങളുടെ എണ്ണം കുറയൽ, പാലൂട്ടാൻ ശേഷി കുറയൽ തുടങ്ങി പല പ്രശ്നങ്ങളും വരാം. അണപ്പും, കിതപ്പും കാരണം നടപ്പും ഓട്ടവുമൊക്കെ നായ്ക്കൾക്കു ബുദ്ധിമുട്ടാകുന്നു.

പൊണ്ണത്തടിയുടെ കാരണം കണ്ടുപിടിക്കുകയെന്നതാണു ചികിത്സയിൽ പ്രധാനം. ഭക്ഷണ ക്രമീകരണം, വ്യായാമം, മാനസിക – സ്വഭാവ ക്രമീകരണം, മരുന്ന്, സർജറി എന്നിവയാണു മനുഷ്യരിൽ പൊണ്ണത്തടി നേരിടാനുള്ള ചികിത്സ. ഇവയിൽ മരുന്നും സർജറിയും നായ്ക്കളിൽ സാധാരണ ഇപയോഗിക്കാറില്ല. ഭക്ഷണ ക്രമീകരണവും വ്യായാമവുമാണ് നായ്ക്കളിൽ അമിതാഹാരംമൂലമുള്ള പൊണ്ണത്തടി കുറയ്ക്കാൻ ചെയ്യാറുള്ളത്. ഒരോ ജനുസ്സിനും പ്രായത്തിനും ശാരീരികാവസ്ഥകൾക്കും ആവശ്യമായ ആഹാരത്തിന്റെ അളവ് അറിഞ്ഞുവേണം നായയെ പോറ്റാൻ. വീട്ടിൽ ബാക്കിവരുന്ന ആഹാരം മുഴുവൻ കൊടുക്കാനുള്ള വേസ്റ്റ്ബിൻ അല്ല നായ. ഇഷ്ടം കൂടി ഓരോരുത്തരും തീറ്റ നൽകേണ്ട ആവശ്യവുമില്ല. ദിവസം ഒന്നോ രണ്ടോ തവണ മാത്രം ആഹാരം നൽകുക.

ഊർജം കുറഞ്ഞ, നാരിന്റെ അംശം കൂടുതലുള്ള തീറ്റ നൽകണം. കൊഴുപ്പ് കൂടുതലുള്ള ഭക്ഷണം ഒഴിവാക്കണം. ഭക്ഷണത്തിൽ സമയക്രമം പാലിക്കണം. ധാരാളം ശുദ്ധജലം കൂടിക്കാൻ നൽകണം. മധുരപലഹാരങ്ങൾ ഒഴിവാക്കണം. അരിഭക്ഷണം കുറയ്ക്കണം. ഇറച്ചിയുടെ അളവ് പൊണ്ണത്തടിയന്മാർക്കു പകുതിയാക്കണം. L–കാർണിറ്റ‍ിൻ കോൺജുഗേറ്റഡ് ലിൻഒലിയിക് ആസിഡ്, ഉയർന്ന നാരുള്ള ഭക്ഷണം എന്നിവ ഉൾപ്പെടുത്തിയിട്ടുള്ള തെറാപ്യ‍ൂട്ടിക് ഡയറ്റുകൾ പൊണ്ണത്തടിയന്മാർക്കു നൽകാം. തടിയുള്ളവർക്കു മാംസാഹാരം കുറച്ച് പച്ചക്കറി കൂടുതൽ നൽകാം. വന്ധ്യംകരണ ശസ്ത്രക്രിയ കഴിഞ്ഞ നായ്ക്കൾക്കു മറ്റുള്ളവയെക്കാൾ ഭക്ഷണം കുറവു മതി. ദിവസേന അരമണിക്കൂറെങ്കിലും നടത്തിയോ ഓടിപ്പിച്ചോ വ്യായാമം നൽകണം. ഭക്ഷണക്രമീകരണത്തോടൊപ്പമുള്ള വ്യായാമമേ ഫലം നൽകൂ.

വെറ്ററിനറി ഡോക്ടറുടെ സഹായത്തോടെ ശാസ്ത്രീയ തീറ്റക്രമവും ഉചിതമായ വ്യായാമ മുറകളും അവലംബിച്ച് അമിതവണ്ണത്തെ പമ്പ കടത്താം.

വിലാസം: അസി. പ്രഫസർ, കേരള വെറ്ററിനറി സർവകലാശാല.

ഫോൺ– 9446203839

മുന്തിരിക്കൃഷി കേരളത്തിൽ

ചോദ്യം ഉത്തരം വിളകൾ

Q. മുന്തിരിച്ചെടിയുടെ പരിചരണത്തെക്കുറിച്ച് അറിയണം. എന്റെ രണ്ടടി ഉയരമുള്ള മുന്തിരിച്ചെടിക്കു മൊത്തത്തിൽ ഉഷാറില്ല. കൊടുക്കേണ്ട വളത്തെക്കുറിച്ചും കീടരോഗ നിയന്ത്രണത്തെക്കുറിച്ചും അറിയിച്ചാൽ ഉപകാരം.

പി.ജെ. പോളച്ചൻ, പുല്ലേലി വീട്, മേലൂർ

കേരളത്തിൽ മുന്തിരി അൽപമെങ്കിലും തോട്ടമടിസ്ഥാനത്തിൽ കൃഷിയുള്ളത് പാലക്കാടു ജില്ലയിലെ മുതലമടയിലാണ്. മറ്റിടങ്ങളില്‍ പടർന്നു പന്തലിച്ചു വളരുമെങ്കിലും കായ്ഫലം കുറവായിരിക്കും. മിതമായ ചൂടും തണുപ്പും അനുഭവപ്പെടുന്ന നമ്മുടെ കാലാവസ്ഥയ്ക്കു പറ്റിയ ഇനങ്ങളാണ് ബാംഗ്ളൂർ, പർപ്പിൾ എന്നിവ.

ഏതു കാലത്തും നടാം. നല്ല വെയിൽ കിട്ടുന്ന സ്ഥലമാണ് കൃഷിക്കു യോജ്യം 15 സെ.മീ. നീളം, വീതി, താഴ്ചയിൽ കുഴിയെടുത്തു രണ്ടു ഭാഗം മണലും ബാക്കി ഭാഗം ജൈവവളങ്ങളും ഇട്ട് ഇളക്കി വെള്ളമൊഴിച്ച് അഞ്ചു ദിവസം കുതിർക്കണം. ഒരടി പൊക്കമുള്ള തൈ, ഒരു പൊടിപ്പു മാത്രം നിര്‍ത്തി വേരുകൾക്കു മുറിവേൽക്കാതെ കുഴിയുടെ മധ്യത്തിൽ നടണം. താങ്ങു നൽകുകയും വേണം. ദിവസവും നന നിർബന്ധം. ആറടി ഉയരത്തിൽ പന്തലിട്ട് അതിലേക്കു വളർത്തിക്കയറ്റണം. പന്തലിൽ കയറാൻ തുടങ്ങുന്നതോടെ തലപ്പുകൾ നുള്ളി നീക്കണം. ശിഖരം കോതൽ മുഖ്യപരിചരണമാണ്. ഇത് കാര്യക്ഷമമായാലേ കായ്കൾ ഉണ്ടാകൂ.

ചെടി വളരുന്നതോടൊപ്പം ഇലകൾ അടുപ്പിച്ചു വരുന്ന പറ്റുവള്ളികളും നീക്കണം. തലപ്പു നുള്ളി വിട്ടതു ധാരാളം ശിഖരങ്ങൾ വളരുന്നതിനിടയാക്കും. ഇവ ഒരടി ഉയരത്തിലാകുമ്പോൾ വീണ്ടും തലപ്പു നുള്ളി വിടണം. ഉദ്ദേശം 10 മാസങ്ങൾകൊണ്ട് ഒരു ചെടിയുടെ വള്ളികൾ ഒരു സെന്റ് സ്ഥലം നിറയും. ഇതോടെ എല്ലാ തലപ്പുകളും മുറിച്ചു മാറ്റുകയും ഇലകളെല്ലാം അടർത്തി കളയുകയും വേണം. ഇതിനുശേഷം 15 ദിവസം കഴിയുമ്പോൾ തളിരിലകളോടൊപ്പം ശിഖരം മുഴുവന്‍ പച്ചനിറത്തിലുള്ള പൂക്കളും പൊടിക്കുന്നു. തലപ്പാകട്ടെ തുടർന്ന് ഒന്നര അടിയോളം വളരും. ഇതോടെ അവയുടെ തലപ്പും നുള്ളിക്കളയണം. തുടർന്നു താഴെയുള്ള മൂന്ന് ഇലകളും അടർത്തിക്കളയണം. ഒപ്പം സ്പ്രിങ് പോലുള്ള ചുറ്റുവള്ളികളും മുറിച്ചു നീക്കണം.

ശരിയായി ശിഖരങ്ങൾ നീക്കി ഇലകളും മാറ്റിയാൽ പന്തൽവള്ളികൾ മാത്രമായി കാണാം. ഇതിനുശേഷം ഉണ്ടായ പൂവുകൾ നാലു മാസം കഴിയുന്നതോടെ കായ്കള്‍ പഴുത്ത് പറിക്കാറാകും. പഴം പറിച്ചെടുത്ത ശേഷം വീണ്ടും ശിഖരംകോതൽ നടത്തിയാൽ ഒരു വർഷം മൂന്നു തവണ വിളവെടുക്കാം. കിളിശല്യം ഒഴിവാക്കാൻ നെറ്റ്കൊണ്ടു മൂടിയിടുന്ന രീതിയുമുണ്ട്.

വളപ്രയോഗം– നടുന്നതിനുമുമ്പ് ജൈവവളങ്ങൾക്കു പുറമേ കടലപ്പിണ്ണാക്ക് 250 ഗ്രാം വെള്ളത്തില്‍ കുതിർത്ത് രണ്ടു ദിവസം കഴിയുമ്പോൾ തെളിയെടുത്ത് ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ചുവട്ടിൽ ഒഴിച്ചു കൊടുക്കാം. രണ്ടു മാസം കൂടുമ്പോൾ ചാണകം, കമ്പോസ്റ്റ്, ആട്ടിൻകാഷ്ഠം ഇവയെല്ലാംകൂടി തടമൊന്നിന് 15 കിലോ വീതം ഇടാം.

മുന്തിരിച്ചെടിയിൽ പൂപ്പൽ രോഗം, ഇലമുരടിപ്പ് എന്നീ രോഗങ്ങൾ‌ ഉണ്ടാകാം. പ്രതിവിധിയായി ബോർഡോ മിശ്രിതം തളിച്ചാൽ മതി. മണ്ണിൽ ഈർപ്പം എപ്പോഴും നിലനിർത്തണം. വിളവെടുപ്പിന് ഒരാഴ്ച മുമ്പ് നന നിർത്തണം. ഇത് മധുരം കൂട്ടും.

കറ്റെരോഗം മാരകം

Q. ഇടുക്കിയിൽ ഏറെ പഴക്കം ചെന്ന ഒരു ചെറിയ ഏലത്തോട്ടം വിൽപനയ്ക്കുണ്ട്, അതു വാങ്ങണമെന്നു കരുതുന്നു. കറ്റെരോഗം ബാധിച്ചു വിള മോശമായതിനാൽ കാര്യമായ പരിചരണമൊന്നുമില്ലാത്ത തോട്ടമാണ്. കറ്റെരോഗത്തെയും നിയന്ത്രണോപാധികളെയും കുറിച്ച് അറിഞ്ഞാൽ വാങ്ങണമോ വേണ്ടയോ എന്നു തീരുമാനിക്കാമായിരുന്നു.

കെ.വി. അഗസ്തി, കൈരളി, വിളയൂർ

കേരളത്തിൽ ഏലത്തിനു കറ്റെരോഗം ഒരു കാലത്ത് സർവസാധാരണമായിരുന്നു. എന്നാൽ ഇന്ന് ഇതു നിയന്ത്രണവിധേയമാണ്. കറ്റെരോഗം ആദ്യം കാണുക തളിരിലകളിൽ. ഇലഞരമ്പുകൾക്കിടയിൽ മഞ്ഞ കലർന്ന പച്ച വരകൾ പ്രത്യക്ഷപ്പെടുന്നതോടെയാണ്. ഇതു ക്രമേണ ഇലയുടെ അരികുപാളിയിലേക്കു പടരും, വലുപ്പം കുറയും, മൊസേക് രൂപങ്ങൾ തണ്ടിലും ഉണ്ടാകും. വേരുകളുടെ വളർച്ചയും കുറയും.

രോഗകാരണം വൈറസാണ്. ചെടിയുടെ പ്രായം ഏതായാലും ഈ രോഗം ബാധിക്കാം. മൂന്നു വർഷംവരെ പ്രായമായവയിൽ രോഗം ബാധിച്ചാൽ കായ്പിടിത്തം ഉണ്ടാകില്ല. ഈ രോഗം പരത്തുന്നതു ചെടിയിൽനിന്നും നീരൂറ്റിക്കുടിക്കുന്ന ഒരിനം മുഞ്ഞയാണ്. വിത്തുവഴി രോഗം പകരില്ല, എന്നാൽ തട്ടവഴി പകരുകയും ചെയ്യും. അതിനാൽ രോഗമുള്ള തോട്ടങ്ങളിൽനിന്നു തട്ടകൾ നടാനെടുക്കരുത്.

രോഗം ബാധിച്ച ചെടികളെ രക്ഷപ്പെടുത്താനാകില്ല. അവയെ ഉടൻതന്നെ നശിപ്പിച്ചു കളയണം.

വാങ്ങാനുദ്ദേശിക്കുന്ന തോട്ടം ഒരു വിദഗ്ധനുമൊത്തു നേരിട്ടു കാണുക. രോഗബാധയില്ലെങ്കിലും ഉൽപാദനക്ഷമത തിട്ടപ്പെടുത്തി രക്ഷപ്പെടുത്താനാകാത്തവയെങ്കിൽ എല്ലാ ചെടികളും പിഴുതു നശിപ്പിച്ചശേഷം അടുത്ത മഴക്കാലാരംഭത്തോടെ നല്ല തൈകൾ നടണം.

കടലയുടെ കൃഷിരീതി

Q. കേരളത്തിൽ കടലയുടെ ഉപയോഗം കൂടുതലാണെങ്കിലും കൃഷി ചെയ്യുന്നതായി കണ്ടിട്ടില്ല. ഇതിന്റെ കൃഷിരീതി അറിഞ്ഞാൽക്കൊള്ളാം.

ആർ. ശാരദ, ശാരദാ മന്ദിരം, തൃപ്രങ്ങോട്ടൂർ

മികച്ച പോഷകമൂല്യമുള്ള ഭക്ഷ്യപദാർഥമാണ് കടല. വലുപ്പം കുറഞ്ഞതും കടും തവിട്ടുനിറമുള്ളതുമായ ദേശി കടലയും, മങ്ങിയ വെള്ളനിറത്തിൽ മുഴുത്ത കാമ്പുള്ളവയും എന്നിങ്ങനെ രണ്ടിനങ്ങൾ. ഇന്ത്യയ്ക്കു യോജിച്ചത് ദേശി ഇനങ്ങളാണ്.

മഴ കുറഞ്ഞ ശൈത്യമേഖലയാണു കൃഷിക്കു യോജ്യം. കളിമണ്ണില്‍ നന്നായി വളരുന്നു. കടല തനിവിളയായി കൃഷി ചെയ്യുന്നതു പരുത്തിക്കരിമണ്ണിലാണ്. മഴക്കാലം കഴിഞ്ഞാണ് കൃഷിയിറക്കേണ്ടത്. വിത്തുകൾ തമ്മിൽ 25–30 സെ.മീ. അകലം നൽകി പാകണം. ചെടികൾ നന്നായി തഴച്ചു വളരുന്നതിനാൽ കളശല്യം കുറവായിരിക്കും. കൂടുതൽ ചിനപ്പുകൾ ഉണ്ടാകാൻ ചെടിയുടെ തല നുള്ളി മാറ്റാറുണ്ട്.

മണ്ണ് ഒരുക്കുന്നതിനൊപ്പം ഹെക്ടറിന് 4–5 ടൺ ജൈവവളം (കാലിവളം/കമ്പോസ്റ്റ്) ചേർക്കണം. പുറമേ, നൈട്രജൻ 20 കിലോ, 40 കിലോ ഫോസ്ഫറസ് എന്നിവയും നൽകുക. മൂന്നര മാസംകൊണ്ടു കായ്കൾ മൂപ്പാകും. വിളവെടുപ്പ് ചെടികൾ പിഴുതെടുത്തോ അരിഞ്ഞെടുത്തോ നടത്തുന്നു. കൊയ്തെടുത്തത് ഒരാഴ്ചയോളം കൂട്ടിയിടണം. പിന്നീടു വടികൊണ്ടടിച്ചോ, ചവിട്ടിയോ മണികള്‍ വേർതിരിച്ചെടുക്കാം.

ഉത്തരങ്ങൾ തയാറാക്കിയത്: ജി. വിശ്വനാഥൻ നായർ

വായനക്കാരുടെ ശ്രദ്ധയ്ക്ക്

കൃഷി സംബന്ധമായ സംശയങ്ങൾക്ക് ഉത്തരം നൽകുന്ന ഈ പംക്തിയിലേക്ക് ചോദ്യങ്ങൾ അയയ്ക്കാം.

വിലാസം: എഡിറ്റർ ഇൻ ചാർജ്, കർഷകശ്രീ, മലയാള മനോരമ, കോട്ടയം - 686001

ഇ-മെയിൽ: karsha@mm.co.in

കടപ്പാട്- മനോരമഓണ്‍ലൈന്‍.കോം

 

3.13725490196
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top