Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

വേനല്‍ കൃഷികള്‍

വേനല്‍ കനക്കുന്നു കൃഷികള്‍ നനയ്ക്കലാണ് ഇനി പ്രധാനം

നെല്ല് വിതയ്ക്കാനായി പാടം ഒരു തവണ ഉഴുതു നിരത്തുക.  തുടര്‍ന്ന് വെള്ളം വാര്‍ന്ന് രണ്ടാഴ്ച ഇടുക.   കളകളെല്ലാം ഈ സമയം മുളയ്ക്കും.  വീണ്ടും ഉഴുത് നിരപ്പാക്കി വിത്തു വിതയ്ക്കുക.  കുട്ടനാട് കോള്‍ നിലങ്ങളില്‍ വിതച്ച് വെള്ളം വറ്റിച്ച പാടം ഉണങ്ങി വിള്ളല്‍ വീഴ്ത്തി വെള്ളം കയറ്റുന്നതോടെയാണ് അടിവളം ചേര്‍ക്കുക.  മണ്ണ് പരിശോധനയുടെ  അടിസ്ഥാനത്തില്‍ വിദഗ്ധരുടെ ശുപാര്‍ശ പ്രകാരം വളപ്രയോഗം നടത്തുകയാണ് നന്ന്, ഒരേക്കറിനുള്ള വളത്തിന്റെ അളവ് നോക്കാം.  പറിച്ച് നട്ട് ഒരാഴ്ച കഴിഞ്ഞും വിതച്ച് 25 ദിവസത്തിനു ശേഷവും ഒരാഴ്ചത്തെ ഇടവേളകളില്‍ അഞ്ച്ആറ് തവണ പാടത്ത് െ്രെടക്കോകാര്‍ഡുകള്‍ നാട്ടുന്നത് ഓല ചുരുട്ടിക്കും തണ്ടുതുരപ്പനുമെതിരെ ഫലപ്രദമായ നിയന്ത്രണ മാര്‍ഗമാണ്.

തെങ്ങ്

വേനല്‍ക്കാലത്തെ ജലസേചനം കൊണ്ട് തെങ്ങിന്റെ വിളവ് ഇരട്ടിയാകും.   അതുകൊണ്ട് തന്നെ തെങ്ങിന് നന നിര്‍ബന്ധം.  തുള്ളിനന രീതിയാണ് കൂടുതല്‍ ഫലപ്രദം.  ഈ രീതിയില്‍ ദിവസവും തെങ്ങൊന്നിന് 3032 ലിറ്റര്‍ വെള്ളം നല്‍കിയാല്‍ മതി.  തടത്തില്‍ വെള്ളം തുറന്നുവിട്ട് നനയ്ക്കുകയാണെങ്കില്‍ നാല് അഞ്ചു ദിവസം ഇടവേളയില്‍ 200 ലിറ്റര്‍ വെള്ളം നല്‍കണം.  ജലസംരക്ഷണത്തിന് തുള്ളിനനയാണ് നല്ലതെങ്കിലും തുറന്നുവിട്ടു നനയില്‍ ഒരു വര്‍ഷം ശരാശരി വിളവ് 150160 വരെ തേങ്ങ ലഭിക്കുന്നതായി കണ്ടിരിക്കുന്നു.  നനയ്ക്കാത്ത അവസരങ്ങളില്‍ തടത്തില്‍ നിന്നുള്ള ഈര്‍പ്പനഷ്ടം പരമാവധി കുറയ്ക്കാന്‍ ചപ്പുചവറോ, ഓലയോ, പച്ചച്ചകിരിയോ ഉപയോഗിച്ച് തടത്തില്‍ പുതയിടണം.  തെങ്ങിന്‍ തൈകള്‍ക്ക് തെക്കുപടിഞ്ഞാറന്‍ ദിശയില്‍ നിന്ന് തണല്‍ കുത്തണം.
വളം തടത്തില്‍ വിതറി മണ്ണില്‍ കൊത്തിച്ചേര്‍ക്കണം.  കീടങ്ങള്‍ക്കെതിരെയും പ്രത്യേക ശ്രദ്ധവേണം.  കൊമ്പന്‍ ചെല്ലിയെ ചെല്ലിക്കോല്‍ കൊണ്ട്് കുത്തിയെടുത്ത് നശിപ്പിക്കുക. രാസകീടനാശിനി പ്രയോഗം പരമാവധി ഒഴിവാക്കുക.  ചെമ്പന്‍ ചെല്ലി കുത്തിയാല്‍  തടിയില്‍ സുഷിരം വീഴുകയും അതിലൂടെ ചണ്ടിപുറത്തു വരുകയും ചെയ്യും.  ഒടുവില്‍ മണ്ട മറിയും.  തടിയിലുള്ള സുഷിരങ്ങളെല്ലാം കളിമണ്ണുകൊണ്ട്  അടച്ച് ഏറ്റവും മുകളിലുള്ള സുഷിരത്തിലൂടെ ഒന്നോ രണ്ടോ നാഫ്തലിന്‍ ടാബ്ലറ്റ് (പാറ്റാഗുളിക) കൊണ്ട് ഈ ദ്വാരം അടയ്ക്കുക.  കള്ളിന്റെ മട്ടും ഏതെങ്കിലും ഒരു കീടനാശിനിയും ചേര്‍ത്തുള്ള കെണി, ഫിറമോണ്‍ കെണി എന്നിവ ഉപയോഗിച്ച് തോട്ടത്തില്‍ പറന്നു നടക്കുന്ന ചെമ്പന്‍ ചെല്ലികളെ നശിപ്പിക്കാം.  തീരപ്രദേശങ്ങളില്‍ ഹരിതകം കാര്‍ന്നു തിന്നുന്ന തെങ്ങോലയിലെ തെങ്ങോലപ്പുഴുക്കളെ നിയന്ത്രിക്കാന്‍ എതിര്‍ പ്രാണികളെ വിടുന്നതിന് അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടുക.
ചെന്നീരൊലിപ്പിന് ആ ഭാഗത്തെ തൊലി ചെത്തിമാറ്റി കാലിക്‌സിന്‍ അഞ്ചു മില്ലി 100 മില്ലി ലിറ്റര്‍ വെള്ളത്തില്‍ കലക്കി ചെത്തിയ ഭാഗത്ത് തേക്കുക.  കാലിക്‌സിന്‍ 25 മില്ലിഐ 25 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി നനവുള്ള തടത്തില്‍ ഒഴിക്കുകയും ചെയ്യാം.  ആന്ധാപ്രദേശിലും തമിഴ്‌നാട്ടിലും മറ്റും ചെന്നീരൊലിപ്പ് നിയന്ത്രിക്കാന്‍ 50 ഗ്രാം െ്രെടക്കോഡെര്‍മ 25 മില്ലി ലിറ്റര്‍ വെള്ളത്തില്‍ പേസ്റ്റാക്കി കറ ഒലിക്കുന്ന ഭാഗത്ത് തേക്കുന്ന പതിവുണ്ട്.  കൂടാതെ തെങ്ങൊന്നിന് അഞ്ചു കിലോ വീതം വേപ്പിന്‍ പിണ്ണാക്കും 50 ഗ്രാം െ്രെടക്കോഡെര്‍മ കള്‍ച്ചറും ഒന്നിച്ച് തടത്തില്‍ ചേര്‍ക്കുകയും ചെയ്യുന്നു.

കമുക്

വിത്തടയ്ക്ക ശേഖരിക്കുകയും പാകുകയും ചെയ്യുന്ന സമയമാണിത്.  രണ്ടും മൂന്നും കുലകളിലുള്ള വിത്തടയ്ക്കയാണ് ഉചിതം.  ഈ കുലകളില്‍ നിന്ന് ഒന്നോ രണ്ടോ അടയ്ക്ക വീതം പിളര്‍ന്ന് നോക്കുക.  പുറം തൊലിക്ക് കനക്കുറവും ഉള്‍ക്കാമ്പിന് കട്ടിയും വേണം.  ഇത്തരം കമുകില്‍ നിന്നുവേണം അടയ്ക്ക ശേഖരിക്കാന്‍.
അഞ്ചു ദിവസം കൂടുമ്പോള്‍ കമുകിന് നനയ്ക്കണം.  ഒരു നനയ്ക്ക് കുറഞ്ഞത് 150 ലിറ്റര്‍ വെള്ളം, നനയ്ക്കാത്ത കവുങ്ങിന്‍ ചുവട്ടില്‍ നന്നായി പുതയിടണം.   തൈകളുടെ തടി കുമ്മായം പൂശുകയോ ഓല കൊണ്ട് പൊതിയുകയോ ചെയ്യുക.
വാഴ
വാഴയ്ക്ക് നനയാണ് പ്രധാനം.  നേന്ത്രന് ആഴ്ചയില്‍ രണ്ടു നനയും മറ്റിനങ്ങള്‍ക്ക് ഒന്നു വീതവും, പുതയിടാമെങ്കില്‍ നനയുടെ ഇടവേള കൂട്ടാം.  നട്ട് മൂന്ന് മാസമായ
നേന്ത്രന് 60 ഗ്രാം യൂറിയയും 100 ഗ്രാം പൊട്ടാഷും ചേര്‍ക്കുക.  നാലാം മാസവും ഇതു തന്നെ മതി.  തോട്ടം വൃത്തിയായി സൂക്ഷിക്കണം.  തടതുരപ്പന്റെ ശല്യം ഉണ്ടാകാം.  ഉണങ്ങിക്കരിഞ്ഞ ഇലകളും പുഴുകുത്തിയ പുറം പോളകളും നീക്കി ഇക്കാലിക്‌സ് രണ്ട് മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ സ്‌പ്രേ ചെയ്യുക.

റബ്ബര്‍

ചപ്പുചവറുകൊണ്ട് ചെറുതൈകളുടെ തടത്തില്‍ പുതയിടണം.  വെട്ടുപട്ടയില്‍ ബോര്‍ഡോ മിശ്രിതമോ ചൈനോ ക്ലേയോ തേക്കുക.  ചെറുതൈകള്‍ക്ക് തെക്കുപടിഞ്ഞാറന്‍ വെയിലിനെതിരെ തണല്‍ നല്‍കണം.  തൈകളുടെ തടിയില്‍ കട മുതല്‍ കവര വരെയുള്ള ഭാഗത്ത് ചുണ്ണാമ്പുകൊണ്ട് വെള്ള പൂശണം.  വേനല്‍ക്കാലത്ത് റഹ്ഹര്‍ തോട്ടത്തില്‍ തീപിടുത്തം ഉണ്ടാകാതിരിക്കാന്‍ ഫയര്‍ ബെല്‍റ്റ് തീര്‍ക്കണം.  നഴ്‌സറിയിലെ തൈകള്‍ക്ക് കുമിള്‍ ബാധ കണ്ടാല്‍ ഒരു ശതമാനം വിര്യമുള്ള ബോര്‍ഡോ മിശ്രിതം തളിക്കണം.  തൈകളില്‍ ഗ്രീന്‍ ബഡിങ് നടത്താനും യോജിച്ച സമയമാണിത്.

കുരുമുളക്

കൊടിത്തലകള്‍ രണ്ടും മൂന്നും മുട്ടുള്ള കഷണങ്ങളായി മുറിച്ച് കവറുകളില്‍ പോട്ടിങ് മിശ്രിതം നിറച്ച് വേരുപിടിപ്പിക്കാന്‍ നടുന്ന സമയമാണിത്.  പോട്ടിങ് മിശ്രിതത്തില്‍ വാം കള്‍ച്ചര്‍ കൂടെ ചേര്‍ത്താല്‍ ചെടികള്‍ക്ക് കരുത്തും രോഗപ്രതിരോധ ശേഷിയും കിട്ടും.  കൊടിത്തലകള്‍ വളര്‍ത്താന്‍ മുരിക്കിന്റെ കമ്പുകള്‍ മുറിച്ചെടുക്കാന്‍ പറ്റിയ കാലവുമാണിത്.   മുറിച്ചെടുത്ത ശിഖരങ്ങള്‍ രണ്ടാഴ്ച തണലത്ത് കുത്തിനിര്‍ത്തുക.  ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ക്ക് പന്നിയൂര്‍ കുരുമുളക് ഗവേഷണ കേന്ദ്രവുമായി ബന്ധപ്പെടാം.  ഫോണ്‍ : 04602227287

ഏലം

നഴ്‌സറിയില്‍ തണല്‍ ക്രമീകരിക്കണം.  നനയും മണ്ണിടലും പുതവെക്കലും തുടരുക.  വെള്ളം നല്ല ശക്തിയായി ചീറ്റിയാല്‍ ഏലത്തോട്ടത്തിലെ നിരവധി ചെറുകീടങ്ങളെ നശിപ്പിക്കാം.  ജൈവനിയന്ത്രണത്തിന് പ്രാധാന്യം നല്‍കണം.  കറ്റെരോഗം ബാധിച്ച ചെടികള്‍ നശിപ്പിക്കുക.  വെള്ളീച്ച, ജാസിഡ് തുടങ്ങിയ കീടങ്ങളെ നശിപ്പിക്കാന്‍ വെളുത്തുള്ളി, വേപ്പെണ്ണ, സോപ്പു മിശ്രിതം നല്ല സമര്‍ദ്ദത്തില്‍ തളിക്കുക.
കടപ്പാട് : സുരേഷ് മുതുകുളം
റിട്ട. പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, 9446306909
3.0652173913
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top