Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

വീട്,പരിസരം,പൂന്തോട്ടം

കൂടുതല് വിവരങ്ങള്

ചെമ്പരത്തി നടാം, പൂന്തോട്ടം മനോഹരമാക്കാം

ചെമ്പരത്തി മിക്കവാറും എല്ലാ പൂന്തോട്ടങ്ങളിലേയും സ്ഥിരം അംഗമാണ്. ഇതു വളര്‍ത്താന്‍ വലിയ ശ്രദ്ധയോ സംരക്ഷണമോ വേണ്ടെത്തതാണ് ഒരു ഗുണം. ചെമ്പരത്തിപ്പൂക്കളുണ്ടാകാന്‍ പ്രത്യേക കാലമൊന്നുമില്ല. മിക്കവാറും എല്ലാ സമയത്തും ഇത് പൂക്കും. പല തരത്തിലും പല നിറങ്ങളിലുമുള്ള ചെമ്പരത്തികള്‍ ഉണ്ട്.

ചുവന്ന നിറത്തിലുള്ള ചെമ്പരത്തിയാണ് സര്‍വസാധാരണമായി കണ്ടുവരുന്നത്. ചൈനീസ് ചെമ്പരത്തിയെന്ന പേരില്‍ അറിയപ്പെടുന്ന ഇതിന്റെ ഇലകള്‍ ചെറുതാണ്. ഇത് നിലത്തു തന്നെ മണ്ണില്‍ നടുകയാവും കൂടുതല്‍ നല്ലത്. എല്ലാ ദിവസവും ഇവക്ക് വെളളമൊഴിക്കണം. മഴക്കാലത്ത് ചെടിയുടെ ഇലകളില്‍ വേപ്പെണ്ണ തളിക്കുന്നത് നല്ലതാണ്.

ഹൈബിസ്‌കസ് റോസ സിനെസിസ് എന്ന പേരില്‍ അറിയപ്പെടുന്ന ഒരിനം ചെമ്പരത്തിയുണ്ട്. രക്തവര്‍ണമുള്ള ഈ ചെമ്പത്തിയുടെ ഇലകള്‍ റോസ്, ക്രീം, വെള്ള നിറങ്ങളിലായിരിക്കും. വളമോ വെളളമോ അധികം ആവശ്യമില്ലാത്ത ഇത് ഏതുതരം മണ്ണിലും വളരും.

മഞ്ഞ നിറത്തില്‍ കണ്ടുവരുന്ന ചെമ്പരത്തിയുടെ പൂവിതളുകള്‍ വലുപ്പമേറിയവയാണ്. പൂവിനു വലുപ്പമുണ്ടെങ്കിലും ചെടി അധികം വളരാറില്ല. അതുകൊണ്ടുതന്നെ ചട്ടികളിലും ഇവ വളര്‍ത്താം. മറ്റു ചെമ്പത്തികളെ അപേക്ഷിച്ച് ഇവ ഏറെക്കാലം നിലനില്‍ക്കും.

മലേഷ്യയിലെ ക്വാലാലംപൂരില്‍ കണ്ടുവരുന്ന ഒരു പ്രത്യേകയിനം ചെമ്പരത്തിയുണ്ട്. ഹൈബിസ്‌കസ് മോസ്ച്യൂട്ടോസ് എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന ഇവ സാധാരണയായി പൂന്തോട്ടങ്ങളില്‍ വളര്‍ത്താന്‍ ബുദ്ധിമുട്ടാണ്. വളരെ വലുപ്പമുള്ള പൂക്കളാണ് ഇവയുടെ പ്രത്യേകത.   ഹവായിയന്‍ ഹൈബിസ്‌കസ് എന്നറിയപ്പെടുന്ന ചെമ്പരത്തിയുണ്ട്. ധാരാളം വെള്ളമൊഴിച്ചാലേ ഇവയില്‍ പൂവുണ്ടാകൂ. വെള്ളം ലഭിക്കാതിരുന്നാല്‍ പൂമൊട്ടു തന്നെ കരിഞ്ഞുപോകും. വെള്ളത്തിനൊപ്പം ആവശ്യത്തിനു വളവുമിട്ടാല്‍ പൂന്തോട്ടങ്ങളില്‍ ഇവ വളര്‍ത്താവുന്നതേയുളളൂ.


പൂന്തോട്ടം സംരക്ഷിക്കാന്‍ ചില വഴികള്‍

വീട്ടുമുറ്റത്ത് ഭംഗിയുള്ള പൂന്തോട്ടമുണ്ടായതു കൊണ്ടായില്ല. പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന ഈ പൂന്തോട്ടം വേണ്ട രീതിയില്‍ സംരക്ഷിക്കുകയും വേണം. 

പൂക്കളുണ്ടാകുന്ന ചെടികള്‍ക്ക് ചട്ടികളേക്കാള്‍ നല്ലത് തോട്ടത്തില്‍ നേരിട്ടു വയ്ക്കുന്നത് തന്നെയാണ്. ചെടികള്‍ക്ക് ഇടയ്ക്കിടക്ക് വളമിട്ടു കൊടുക്കുകയും മണ്ണിളക്കിയിടുകയും വേണം. 

വിവിധ വര്‍ണങ്ങളിലുള്ള പൂച്ചെടികള്‍ വച്ചുപിടിപ്പിക്കണം. പടര്‍ന്നു പന്തലിച്ച് പൂക്കളുണ്ടാകുന്ന ചെടികളും നല്ലതായിരിക്കും. 

കൂടുതല്‍ വെയിലും ചൂടുമുള്ള സ്ഥലത്ത് പൂച്ചെടികള്‍ വയ്ക്കരുത്. മാത്രമല്ലാ, ചൂടുകാലത്ത് ഇവ രണ്ടുനേരം നനയ്ക്കുകയും വേണം. 

ചെടികളിലെ ഉണങ്ങിയ പൂക്കള്‍ തണ്ടിന് അല്‍പം താഴെ വച്ച് വെട്ടിക്കളയണം. ചെടിക്കൊമ്പുകളും വെട്ടിയൊതുക്കുന്നത് നല്ലതാണ്. 

മുട്ടത്തൊണ്ട്, പച്ചക്കറിയുടെ അവശിഷ്ടങ്ങള്‍ തുടങ്ങിയവ ചെടികള്‍ക്കിടുന്നത് നല്ലതാണ്.   ഇടയ്ക്കിടെ മരുന്നടിച്ചു കൊടുക്കേണ്ടത് അത്യാവശ്യം തന്നെ. ചെടികളില്‍ കേടുകള്‍ വരാനുള്ള സാധ്യത കൂടുതലാണ്.


സുഗന്ധം പരത്തും നിശാസുന്ദരികള്‍

പാലപ്പൂ മണം വഴിയുന്ന നിലാവുള്ള രാവുകളില്‍, ഭൂമിയിലേക്കു വിരുന്ന വരുന്ന ഗന്ധര്‍വന്മാരെക്കുറിച്ചുള്ള കഥകള്‍ കേട്ടിട്ടില്ലേ. ഗന്ധര്‍വനായാലും യക്ഷിയായാലും ഇത്തരം കഥകളില്‍ ഏതെങ്കിലും പൂക്കളുടെ സാന്നിധ്യം ഉണ്ടായിരിക്കുമെന്ന് ഉറപ്പ്. ഇത് വെറുതെ വായിച്ചു തള്ളാമെങ്കിലും രാത്രി പൂന്തോട്ടങ്ങളെ മനോഹരമാക്കുന്ന, സുഗന്ധം പരത്തുന്ന ചില പൂക്കളുണ്ട്. രാത്രിയും പൂന്തോട്ടം മനോഹരമാക്കണമെങ്കില്‍ ഇത്തരം പൂക്കളെക്കുറിച്ചറിയൂ.

രാത്രി വിരയുന്ന പൂക്കളില്‍ ഒന്നാം സ്ഥാനം മുല്ലപ്പൂവിന് തന്നെയാണ്. എല്ലാ തരം മൂല്ലപ്പൂക്കളും രാത്രിയിലല്ലാ വിരിയുന്നതെങ്കിലും മിക്കവാറും മുല്ലപ്പൂക്കള്‍ രാത്രിയാണ് വിരിയുന്നത്. വിവിധ തരം മുല്ലയിനങ്ങളുണ്ട്. പടര്‍ന്നു കയറുന്ന തരവും കുറ്റിമുല്ലയും ഇവയില്‍ ചിലതു മാത്രം. നല്ല പോലെ വെള്ളം നനച്ചാല്‍ ഇവയില്‍ ധാരാളം പൂക്കളുണ്ടാകും.

ക്യൂന്‍ ഓഫ് ദ നൈറ്റ് എന്നറിയപ്പെടുന്ന നിശാഗന്ധിക്കും രാത്രി പൂന്തോട്ടങ്ങളെ ഭംഗിയാക്കുന്നതില്‍ പ്രധാന സ്ഥാനമാണുള്ളത്. വെള്ള നിറത്തില്‍ വലിപ്പമുള്ള ഈ പൂവിന്റെ സുഗന്ധം എടുത്തുപറയേണ്ടതാണ്. 

മൂണ്‍ ഫഌവര്‍ എന്ന പേരിലുള്ള ഒരിനം പൂവും രാത്രി വിടരുന്നതാണ്. വലിയ വെളുത്ത ഒറ്റപ്പൂവു വിരിയുന്ന ഈ സസ്യം കള്ളിച്ചെടിയുടെ ഇനത്തില്‍ പെടുന്നതാണ്. 

ചന്ദ്രനു കൂട്ടായി വിരിയുന്ന മറ്റൊരിനം ചെടിയാണ് കൊളംമ്പൈന്‍. ഇവയുടെ വിത്തുകള്‍ വീണ് പുതിയ ചെടികള്‍ വീണ്ടും മുളയ്ക്കുകയും ചെയ്യും. ഇതും സുഗന്ധമുള്ള ഒരിനം വെളുത്ത പൂവാണ്.  Read: In English വൈകുന്നേരങ്ങളില്‍ വിരിയുന്ന പൂവാണ് പ്രൈംറോസ്. ഇത് ഇളം മഞ്ഞ, പിങ്ക് നിറങ്ങളില്‍ കാണപ്പെടുന്നു. വൈകീട്ടു വിരിഞ്ഞ് രാത്രി മുഴുവന്‍ വിരിഞ്ഞുനില്‍ക്കുന്ന ഒന്നാണ് ഇത്.


ഫ്‌ളാറ്റില്‍ വളര്‍ത്താവുന്ന ചെടികള്‍


ഫ്‌ളാറ്റില്‍ ചെടികള്‍ വളര്‍ത്തിയാല്‍ നനയ്ക്കുകയെന്നത് അല്‍പം ബുദ്ധിമുട്ടു പിടിച്ച പണിയാണ്. ഇതോര്‍ത്ത് പലരും ചെടികള്‍ നടുന്നത് ഒഴിവാക്കുകയാണ്  പതിവ്. എന്നാല്‍ ഫഌറ്റുകളില്‍ വളര്‍ത്താവുന്ന വെളളം വേണ്ടാത്ത ഇനം ചെടികളുമുണ്ട്.

കൈത ഇനത്തില്‍ പെട്ട ബ്രോമിലിയാഡ് എന്ന ചെടി അധികം വെള്ളം ആവശ്യമില്ലാത്ത ഇനമാണ്. മുള്ളുകളുടെ ആകൃതിയിലുള്ള ഇവ രണ്ടാഴ്ചയിലൊരിക്കല്‍ നനച്ചാലും മതിയാകും. വെള്ളം ശേഖരിച്ചു വയ്ക്കാന്‍ കഴിവുള്ള ഇവ കാണാനും ഭംഗിയുള്ള ചെടിയാണ്. നല്ല സൂര്യപ്രകാശത്തിലാണ് ചെടി വളരുക. എന്നാല്‍ നേരിട്ട് സൂര്യപ്രകാശം ആവശ്യമില്ല. വെള്ളം കെട്ടിനില്‍ക്കാത്ത തരം മണ്ണാണ് ബ്രോമിലിയാഡ് വളര്‍ത്താന്‍ നല്ലത്. 

കള്ളിച്ചെടികള്‍ വീടിന് പുറത്തും വീടിനുള്ളിലും മാത്രമല്ലാ, ടെറസിലും വളര്‍ത്താം. ഇവക്ക് വെള്ളം ആവശ്യമില്ല. കള്ളിച്ചെടികളില്‍ തന്നെ നിരവധി വൈവിധ്യങ്ങളുള്ളവയുണ്ട്. ഇവ ചട്ടിയിലോ അല്ലെങ്കില്‍ മണ്ണിലോ വളര്‍ത്താം. ചില കള്ളിച്ചെടികള്‍ നല്ല ഉയരം വയ്ക്കുന്നവയും മറ്റു ചിലവ കുറ്റിയായി നില്‍ക്കുന്നവയുമാണ്. 

സ്‌പൈഡര്‍ ചെടികള്‍ ചട്ടിയില്‍ തൂക്കിയിട്ട് വളര്‍ത്താവുന്ന ചെടികളാണ്. ഇവയ്ക്ക് അധികം മണ്ണും വെളളവും ആവശ്യമില്ല. ചെറിയ സൂര്യപ്രകാശമുണ്ടെങ്കില്‍ തന്നെ ഇവ വളരും. വെളളയും പച്ചയും ഇട കലര്‍ന്ന വരകളുള്ള ഇവ കാണാനും വളരെ ഭംഗിയുള്ളവയാണ്. വീതി കുറഞ്ഞ് നീളമുള്ള ഇലകളുള്ള ഇവ കൂട്ടത്തോടെയാണ് വളരുക. കളളിച്ചെടിയോട് സാമ്യമുള്ള മഡഗാസ്‌കര്‍ ഡ്രാഗണ്‍ എന്ന ചെടി വെള്ളമില്ലാതെ തന്നെ വളരുന്നവയാണ്. ഇവ ചട്ടിയിലോ അല്ലെങ്കില്‍ നിലത്ത് മണ്ണിട്ടോ വളര്‍ത്താം. ഉയരത്തില്‍ വളരുന്ന ഇവ വെട്ടി നിറുത്തണം. വെള്ളമിറങ്ങിപ്പോകുന്ന തരം മണ്ണാണ് ഇതു വളര്‍ത്തുവാന്‍ നല്ലത്.


പൂജാപുഷ്പങ്ങള്‍ വീട്ടില്‍ വളര്‍ത്താം

വീട്,പരിസരം,പൂന്തോട്ടം

പുഷ്പങ്ങള്‍ പൂജക്കും ആഘോഷങ്ങള്‍ക്കും അവശ്യം വേണ്ടവയാണ്. പൂജക്കു മാത്രമല്ലാ, നിങ്ങളുടെ വീടിനെ മനോഹരമാക്കാനും സുഗന്ധം പരത്താനും മനസിന് കുളിര്‍മയാകാനും പൂക്കള്‍ക്ക് കഴിയും. അല്‍പമൊന്നു മനസു വച്ചാല്‍ വീട്ടില്‍ത്തന്നെ പൂജക്കാവശ്യമായ പൂച്ചെടികള്‍ നട്ടുവളര്‍ത്താവുന്നതേയുള്ളൂ.

ചെണ്ടുമല്ലിപ്പൂകള്‍ കാണാന്‍ ഭംഗിയുള്ളവ മാത്രമല്ലാ, പൂജകള്‍ക്കും ആഘോഷങ്ങള്‍ക്കും ഉപയോഗിക്കുന്നവ കൂടിയാണ്. രണ്ടുമൂന്നു വര്‍ണങ്ങളിലുള്ള ഇവ നട്ടുവളര്‍ത്താനും എളുപ്പമാണ്. വെള്ളം കെട്ടിനില്‍ക്കാത്ത മണ്ണാണ് ചെണ്ടുമല്ലി വളര്‍ത്താന്‍ നല്ലത്. ഇത്തരം മണ്ണില്‍ വിത്തുപാകിയാല്‍ അവ എളുപ്പത്തില്‍ മുളച്ചുവരും. രണ്ടിഞ്ചു വളര്‍ന്നാല്‍ ഇവയെ ഒരുമിച്ചു വയ്ക്കാതെ പല സ്ഥലങ്ങളിലായി നടണം.ഒന്നിടവിട്ട ദിവസങ്ങളില്‍ ഇവയ്ക്ക് വെള്ളമൊഴിക്കണം. നല്ല സൂര്യപ്രകാശത്തില്‍ ചെടികള്‍ പെട്ടെന്നു വളരും.

വേണ്ട രീതിയില്‍ സംരക്ഷിച്ചാല്‍ ഏറെക്കാലം നിലനില്‍ക്കുന്ന ചെടിയാണ് ചെമ്പരത്തി. ഇവ ചെടിച്ചട്ടികളില്‍ വളര്‍ത്തുന്നതാണ് നല്ലത്. തണലിലാണ് ചെമ്പരത്തി വളര്‍ത്താന്‍ നല്ലത്. വെള്ളം കെട്ടിനിന്ന് ചെടികളുടെ കടഭാഗം ചീഞ്ഞുപോകാതെ ശ്രദ്ധിക്കണം. ഫോസ്‌റേറ്റ് കലര്‍ന്ന വളമാണ് ചെമ്പരത്തിയുടെ വളര്‍ച്ചക്ക് നല്ലത്. വളത്തില്‍ നൈട്രജനുണ്ടെങ്കില്‍ പൂക്കളുണ്ടാകുന്നത് കുറയും. ചെടികള്‍ വളരുന്തോറുംവെട്ടിനിര്‍ത്താന്‍ ശ്രദ്ധിക്കണം.

ചെമ്പരത്തിയുടെ തന്നെ വിഭാഗത്തില്‍ പെട്ട ചെടിയാണ് ചൈനാറോസ്. ഇവ വിത്തുകള്‍ പാവിയോ ബഡ് ചെയ്‌തോ കമ്പുകള്‍ നട്ടോ വളര്‍ത്താം. നട്ടുകഴിഞ്ഞാല്‍ ആറുമാസം കഴിഞ്ഞേ ഇതില്‍ പൂവുണ്ടാകൂ. പൂവുണ്ടായിക്കഴിഞ്ഞാല്‍ ചെടി വെട്ടിനിര്‍ത്തണം. ചൈനാറോസിന് നല്ല സൂര്യപ്രകാശം വേണം.  Read: In English റോസാപ്പൂവുകള്‍ ആഘോഷങ്ങള്‍ക്ക് ഒഴിവാക്കാനാവാത്ത ഘടകമാണ്. പല വര്‍ണങ്ങളിലും പല വലുപ്പത്തിലും റോസപ്പൂകള്‍ ലഭ്യമാണ്. റോസ്‌ചെടികള്‍ ചട്ടികളില്‍ നട്ട് വേണമെങ്കില്‍ വീട്ടിനുള്ളിലും വളര്‍ത്താനാകും. ഇവക്ക് എന്നും വെള്ളമൊഴിക്കണം. തണലിലാണ് റോസ്‌ചെടികള്‍ വയ്ക്കേണ്ടത്.


മണ്ണില്ലാതെയും ചെടികള്‍ വളര്‍ത്താം

സ്വന്തം വീട്ടില്‍ ഒരു പൂന്തോട്ടം ആഗ്രഹിക്കാത്തവരുണ്ടാകില്ല. വീട്ടുമുററമുള്ളവര്‍ക്ക് ഇതൊരു പ്രശ്‌നമല്ല. എന്നാല്‍ ഫഌറ്റുകളില്‍ താമസിക്കുന്നവര്‍ക്ക് പരിമിതമായ സ്ഥലത്ത് ഒരു പൂന്തോട്ടം പലപ്പോഴും പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്ത കാര്യമാണ്. ആകെ ബാല്‍ക്കണിയിലാണ് ചെടികള്‍ വയ്ക്കുവാന്‍ സ്ഥലമുണ്ടാകുക. ഇവിടെ മണ്ണും വെള്ളവും ആകുന്നത് ബാല്‍ക്കണിയെ വൃത്തികേടാക്കുകയും ചെയ്യും. എന്നാല്‍ മണ്ണില്ലാതെ തന്നെ എളുപ്പം നട്ടുവളര്‍ത്താവുന്ന ചില ചെടികളുണ്ട്.


പടര്‍ന്നു വളരുന്ന ഓര്‍ക്കിഡുകള്‍ മണ്ണില്ലാതെ തന്നെ വച്ചുപിടിപ്പിക്കാവുന്നവയാണ്. ഒരു നീണ്ട മുകള്‍ഭാഗമുളള ഒരു കുപ്പിയില്‍ പകുതി വെളളമെടുത്ത് ഇത്തരം ഓര്‍ക്കിഡുകള്‍ അതില്‍ വളര്‍ത്താം. ഇവയുടെ വേരുളള ഭാഗം വെള്ളത്തിലിടണമെന്നേയുള്ളൂ. ഇടയ്ക്കിടെ കുപ്പിയിലെ വെളളം മാറ്റുകയും വേണം. മണലിലും വെള്ളാരംകല്ലിലും ഇത്തരം ഓര്‍ക്കിഡുകള്‍ വളര്‍ത്താം.

മണ്ണ് ആവശ്യമില്ലാത്ത മണിപ്ലാന്റ് ഫാംഗ്ഷുയി വിശ്വാസപ്രകാരം വീടുകളില്‍ വളര്‍ത്താറുണ്ട്. ഇവ കുപ്പിയിലോ ഫഌവര്‍വേസിലോ വെളളം നിറച്ച് അതില്‍ വളര്‍ത്താം. പടര്‍ന്നുകയറാനായി ഇവ ഏതെങ്കിലും വടിയിലേക്കോ അല്ലെങ്കില്‍ ജനാലയിലേക്കോ കെട്ടിവയ്ക്കണം. ചെടിയുടെ പച്ചനിറം നിലനിര്‍ത്തുവാന്‍ ഇവയ്ക്ക് സൂര്യപ്രകാശം ലഭിക്കേണ്ടത് അത്യാവശ്യമാണ്. ചെടിക്കുള്ള വളം വെള്ളത്തിലേക്ക് നേരിട്ട് ചേര്‍ക്കാവുന്നതേയുള്ളൂ.  Read: In English ഇംഗ്ലീഷ് ഐവി എന്നറിയപ്പെടുന്ന ഹൈഡ്രിയ ഹെലിക്‌സ് ബാല്‍ക്കണികളെ മനോഹരമാക്കുന്ന ചെടിയാണ്. ഇവയ്ക്ക് വേരുകള്‍ മുളക്കുന്നതു വരെ നനവുള്ള തുണിയില്‍ പൊതിഞ്ഞുവയ്ക്കണം. വേരുകള്‍ വന്നു തുടങ്ങിയാല്‍ ഇവയെ ഈര്‍പ്പമുളള മണലില്‍ നടാം. ഇവ വെട്ടിനിറുത്തുവാനോ അല്ലെങ്കില്‍ പടര്‍ത്തുവാനോ സാധിക്കുന്ന ഇനം ചെടികളാണ്.


അടുക്കളത്തോട്ടത്തില്‍ രുചിക്കൂട്ട്

മസാലകള്‍ ഇന്ത്യന്‍ പാചകരീതിക്ക് ഒഴിവാക്കാനാവാത്തതാണ്. ഇവയില്‍ ചിലതെങ്കിലും നമുക്ക് വീട്ടില്‍ നട്ടുവളര്‍ത്തുവാന്‍ കഴിയും.

പച്ചമുളക് എന്നും എപ്പോഴും പാചകത്തിന് ആവശ്യം വരുന്ന ഒന്നാണ്. 25ളം തരം പച്ചമുളകുകള്‍ നമുക്ക് നട്ടുവളര്‍ത്തുവാന്‍ സാധിക്കുന്നവയാണ്. നീണ്ട പച്ചനിറത്തിലുളള മുളക് എല്ലായിടത്തും കണ്ടുവരുന്ന തരമാണ്. ഇവ മുളയ്ക്കുവാനും വളര്‍ത്തുവാനും എളുപ്പമാണ്. പഴുത്ത മുളകിന്റെ വിത്തുകള്‍ പാകുകയോ ഉണക്കി പാകുകയോ ചെയ്യാം. നല്ല ചൂടുളള കാലാവസ്ഥയിലും ഇവ വളരുമെങ്കിലും അല്‍പം തണല്‍ കൊടുക്കുന്നത് നന്നായിരിക്കും. കാര്യമായ വളമില്ലെങ്കിലും ഇവ വളരും. എന്നാല്‍ വളമിട്ടാല്‍ കൂടുതല്‍ വിള ലഭിക്കും. 

തുളസി പ്രധാനമായും പൂജാസസ്യമായാണ് ഉപയോഗിക്കുന്നത്. ആയുര്‍വേദ മരുന്നിനുളള ചേരുവ കൂടിയാണിത്. ഒരിനം കര്‍പ്പൂര തുളസിസഭക്ഷണത്തിന് രുചി വര്‍ദ്ധിപ്പിക്കാനുള്ള ഒരു ചേരുവയാണ്. ഇവയുടെ ഇലകള്‍ പുലാവ്, പരിപ്പുകറി എന്നിവയിലും ചട്‌നിയിലും ഉപയോഗിക്കാറുണ്ട്. ഇവയുടെ വിത്തുകള്‍ പാവിയോ ചെടിക്കമ്പു നട്ടോ ഇവ വളര്‍ത്താം. വേഗത്തില്‍ ഉണങ്ങുന്നതു കൊണ്ട് രണ്ടുനേരവും ഇവ നനച്ചുകൊടുക്കണം. ഇവ പൂക്കാന്‍ അനുവദിക്കരുത്. പൂത്തു കഴിഞ്ഞാന്‍ ഇവ എളുപ്പത്തില്‍ നശിച്ചുപോകുന്നു. അതുകൊണ്ട് ബേസില്‍ വെട്ടിനിറുത്തുന്നതായിരിക്കും നല്ലത്. മുകളില്‍ നിന്നും ഇവയുടെ ഇലകള്‍ കിള്ളിയെടുക്കണം.  Read: In English മല്ലിയില രുചി കൂട്ടാനുളള, ഭക്ഷണത്തിന് വ്യത്യസ്ത രുചി ലഭിക്കുവാനുളള നല്ലൊരു ചേരുവയാണ്. ഇന്ത്യയില്‍ ഇവ ധാരാളം ലഭ്യമാണെങ്കിലും ചൂടുകാലാവസ്ഥ ഇവയ്ക്ക് പറ്റിയതല്ലെന്നതാണ് വാസ്തവം. മല്ലി വളരുവാന്‍ തണുത്ത കാലാവസ്ഥ തെരഞ്ഞെടുക്കുന്നതാണ് അഭികാമ്യം. മല്ലിവിത്തുകള്‍ പാവിയാണ് ഇവ മുളപ്പിക്കുക. പടര്‍ന്നിറങ്ങുന്ന ചെടിയായതു കൊണ്ട് വേരുകളോടാനായി ഒന്നില്‍ നിന്നും കുറച്ചു നീക്കി ഒരു വരിയായി ഇവ കൃഷി ചെയ്യാം. പെട്ടെന്ന് കരിഞ്ഞുപോകുന്നതു കൊണ്ട് മല്ലിയിലകള്‍ വളരുന്തോറും മുറിച്ചെടുക്കണം. 

ഇഞ്ചി നമ്മുടെ കാലാവസ്ഥയില്‍ എളുപ്പം കൃഷി ചെയ്യാവുന്ന ഒന്നാണ്. ധാരാളം വളര്‍ച്ചാമുകുളങ്ങള്‍ ഉള്ളതു കൊണ്ട് ഇഞ്ചിക്കഷണം മണ്ണിനടിയില്‍ നട്ടാല്‍ മുളച്ചു വരും. ഒന്നില്‍ നിന്നും മറ്റൊന്നായി ഇവ മണ്ണിനടിയില്‍ പടര്‍ന്നു വളരും. ചെറിയ ഈര്‍പ്പമുള്ള മണ്ണാണ് ഇവയുടെ വളര്‍ച്ചക്ക് ചേര്‍ന്നത്.


കാബേജ്‌

ശാസ്ത്രീയ നാമം: 
ഇനങ്ങള്‍: മൂപ്പു കുറഞ്ഞവ: ഗോള്‍ഡന്‍ ഏക്കര്‍, പ്രൈഡ്‌ ഓഫ്‌ ഇന്ത്യ, പുസ മുക്ത (ബാക്ടീരിയല്‍ വാട്ടത്തിനു പ്രതിരോധ ശേഷിയുള്ള ഇനം) ഹരിറാണിശോല്‍ (ഹൈബ്രിഡ്‌) , പുസ സംബന്ധ്‌ (തീവ്രസാന്ദ്രത നടീലിനുള്ള ഇനം.)
മദ്ധ്യകാല ഇനം: സെപ്‌തംബര്‍
സങ്കരയിനം: പുസ ഡ്രംഹെഡ്‌, ശ്രീഗണേഷ്‌, പുസ സിന്തറ്റിക്ക്‌, നാഥ്‌ലക്ഷമി 401
കേരളത്തിനുപറ്റിയ ഇനങ്ങള്‍: ഗോള്‍ഡന്‍ ഏക്കര്‍, കാവേരി, ഗംഗ, ശ്രീഗണേഷ്‌, പുസ ഡ്രംഹെഡ്‌, പ്രൈഡ്‌ ഓഫ്‌ ഇന്ത്യ.
അനുയോജ്യമായ മണ്ണും, കാലാവസ്ഥയും: നീര്‍വാര്‍ച്ചയുള്ള മണല്‍കലര്‍ന്ന പശിമരാശി മണ്ണും, എക്കല്‍ കലര്‍ന്ന പശിമരാശിമണ്ണും, കളിമണ്ണ്‌ ചേര്‍ന്ന പശിമരാശി മണ്ണും കാബേജ്‌ കൃഷിക്ക്‌ അനുകൂലമാണ്‌. തണുപ്പും ഇര്‍പ്പവുമുള്ള കാലാവസ്ഥയില്‍, 15-20 oC വരെയുള്ള അനുകൂല താപനിലയില്‍ കാബേജ്‌ കൃഷി ചെയ്യാവുന്നതാണ്‌.
നടീല്‍ സമയം : ആഗസ്റ്റ്‌ - നവംബര്‍
ആവശ്യമായ വിത്ത് : 500-700 ഗ്രാം/ഹെക്ടര്‍
നേഴ്സറിയിലെ വളര്‍ച്ച: ഉയര്‍ന്ന നഴ്‌സറി തടങ്ങളില്‍ വിത്തുവിതച്ചതിനു ശേഷം 3-5 ആഴ്‌ച പ്രായമുള്ള തൈകള്‍ പറിച്ചു നടേണ്ടതാണ്‌.
നടീല്‍ അകലം: തൈകള്‍ 45 മീ x 45 മീ അകലത്തില്‍
വളപ്രയോഗം : കാലിവളം 25 ടണ്‍/ഹെക്ടര്‍ എന്ന നിരക്കിലും N:P:K 150: 100:125 കി.ഗ്രാം./ഹെക്ടര്‍ എന്ന അളവിലും നല്‍കണം.
കീട നിയന്ത്രണം:

  • കാബേജ്‌ ചിത്രശലഭം, ആഫീഡ്‌, ഡയെണ്ട്‌ ബ്ലാക്ക്‌ മോത്ത്‌: 5% വീര്യമുള്ള വേപ്പെണ്ണ ഇമല്‍ഷല്‍ തളിക്കുക.
  • പുകയില പുഴു: മാലത്തിയോണ്‍ 2% ഇളം പ്രായങ്ങളിലും 1 % പൈറത്രിന്‍ ഹെഡ്‌ പാകമാകുന്ന സമയത്തും തളിക്കുക.

രോഗ നിയന്ത്രണം :

  • കരിന്തണ്ട്‌, ക്ലബ്‌റോട്ട്‌, ബ്ലാക്ക്‌റോട്ട്‌: രോഗം ബാധിച്ച ചെടികള്‍ പറിച്ചു നശിപ്പിച്ചു കളയുകയും നീര്‍വാര്‍ച്ച സംവിധാനം ഉറപ്പുവരുത്തുകയും ചെയ്യണം. വിത്ത്‌ 50 oC ചൂടുള്ള വെള്ളത്തില്‍ 25-30 മിനിട്ട്‌ വരെ മുക്കി വച്ചതിനുശേഷം നടുന്നത്‌ രോഗം തടയാന്‍ ഉപകരിക്കും.
  • ആള്‍ട്ടര്‍നേറിയ ബ്ലൈറ്റ്‌: വിത്തു പരിചരണത്തില്‍ കാപ്‌റ്റാന്‍ 3 ഗ്രാം / കിലോ വിത്തു എന്നളവിനു ഉപയോഗിക്കുന്നതും, മാങ്കോസെബ്‌ 0.25% 15 ദിവസം ഇടവിട്ട്‌ രോഗബാധയ്‌ക്കു ശേഷം തളിക്കുന്നതും ബ്ലൈറ്റ്‌ നിയന്ത്രിക്കാന്‍ സഹായിക്കും.

വിളവ്: മൂപ്പു കുറഞ്ഞ ഇനങ്ങളില്‍ നിന്ന്‌ 20-25 ടണ്‍വരെയും മൂപ്പുകൂടിയ ഇനങ്ങളില്‍ നിന്ന്‌ 25-30 ടണ്‍ വരെയും വിളവ്‌ ലഭിക്കും.


ഹെലിക്കോണിയന്‍ വസന്തം

കോടനാട്: തേക്ക് തണല്‍ വിരിച്ചു നില്‍ക്കുന്ന നാലേക്കറില്‍ ഹെലിക്കോണിയ പൂക്കള്‍ ഒരുക്കുന്ന നിത്യ വസന്തം. പൂന്തോട്ടത്തിലെ നിറക്കാഴ്ച മാത്രമല്ല ഹെലിക്കോണിയ. മിനി ഷിബു മറ്റമന എന്ന വീട്ടമ്മയുടെ കഠിനാധ്വാനത്തിന്റെ, വിജയത്തിന്റെ അടയാളങ്ങള്‍ കൂടിയാണ്് ഈപൂക്കള്‍. ആരും കൃഷിചെയ്യാന്‍ ഒന്നു മടിക്കുന്ന ,കാണാന്‍ പ്രത്യേകിച്ചൊരു ഭംഗിയുമില്ലാത്ത പൂക്കള്‍ മിനിക്ക്്് ഇന്ന് നല്ലൊരു വരുമാന മാര്‍ഗമാണ്.

വര്‍ഷങ്ങള്‍ക്കു മുമ്പ് നാട്ടില്‍ ആന്തൂറിയം കൃഷിയും ഓര്‍ക്കിഡ് കൃഷിയും വേരുപിടിച്ചു തുടങ്ങിയ കാലത്താണ്്് മിനിയുടെ മനസ്സിലും സ്വന്തമായൊരു വരുമാന മാര്‍ഗമെന്ന ആശയം മുളപൊട്ടിയത്. വീട്ടമ്മമാര്‍ ക്കൊരു വരുമാന മാര്‍ഗമെന്ന നിലയില്‍ ഇവ പെട്ടെന്നു തന്നെ പച്ചപിടിച്ചിരുന്നു. ഇതൊന്നുമല്ലാതെ വ്യത്യസ്തമായ ഒരു കൃഷി ആയിരുന്നു മിനിയുടെ മനസില്‍. അങ്ങനെ ഏറെ ആലോചനകള്‍ക്കൊടുവിലാണ് മിനി ഹെലിക്കോണിയ ഫാം തുടങ്ങുന്നത്. കോടനാടിനടുത്ത് പാണംകുഴിയില്‍ വീട്ടുവളപ്പിലാണ് മിനിയുടെ ഹെലിക്കോണിയ പൂക്കള്‍ നിറക്കാഴ്ചയൊരുക്കുന്നത്്.

ഓര്‍ക്കിഡിനെയും ആന്തൂറിയത്തെയും പോലെ അധിക ശ്രദ്ധയും പരിചരണവും ഒന്നും ആവശ്യമില്ലാത്ത ചെടി എന്നതായിരുന്നു ഹെലിക്കോണിയയിലേക്ക് ആകര്‍ഷിച്ചതെന്ന് മിനി പറയുന്നു. അന്ന് ഹെലിക്കോണിയ നാട്ടില്‍ അത്ര വ്യാപകമായിരുന്നുമില്ല. അതിനാല്‍ വേറിട്ട കൃഷി എന്ന ആശയവും ഹെലിക്കോണിയ ഫാമിലേക്കു നയിച്ചു. പൂക്കള്‍ ധാരാളം ഉണ്ടായെങ്കിലും വരുമാനമുണ്ടാക്കുക എന്നത് തുടക്കത്തില്‍ വെല്ലുവിളിയായി. കാര്യമായ പഠനങ്ങള്‍ ഇല്ലാതെ കൃഷി തുടങ്ങിയത്തിരിച്ചടിയായതായി മിനി പറയുന്നു. ഒറ്റക്കു നില്‍ക്കുമ്പോള്‍ പ്രത്യേകിച്ച് ഭംഗിയൊന്നുമില്ലാത്ത ഈ പൂക്കള്‍ക്ക് വിപണിയില്‍ ആവശ്യക്കാരുമുണ്ടായിരുന്നില്ല.പൂക്കള്‍ മാര്‍ക്കറ്റ് ചെയ്യുന്നത്് അങ്ങനെ തുടക്കത്തില്‍ തന്നെ പ്രശ്‌നമായി.അപ്പോഴാണ് ഫ്ലവര്‍ അറേഞ്ച്‌മെന്റിന്റെ സാധ്യത മിനിക്കു രക്ഷക്കെത്തിയത്. പണ്ടു പഠിച്ച ഹോം സയന്‍സ് പാഠങ്ങള്‍ മിനി വീണ്ടും ഓര്‍ത്തെടുത്തു. ഹെലിക്കോണിയ പൂക്കള്‍ മനോഹരമായി ഒരുക്കി അതിന്റ ഭംഗി കാണിച്ചു കൊടുത്താണ് മിനി മെല്ലെമെല്ലെ വിപണി കണ്ടെത്തി തുടങ്ങിയത്. ഇപ്പോള്‍വിവാഹത്തിനും മറ്റ്്്്്് ചടങ്ങുകള്‍ക്കുമുളള സ്റ്റേജുകള്‍അലങ്കരിക്കാനും,ബൊക്കേകള്‍ ഉണ്ടാക്കാനും വിവാഹത്തിനു കാര്‍ അലങ്കരിക്കാനും ഒക്കെ ഹെലിക്കോണിയ പൂക്കള്‍ ഉപയോഗിക്കുന്നുണ്ട്്്. ഗൃഹപ്രവേശച്ചടങ്ങുകള്‍ക്കു വീട് മോടിയാക്കുന്നതിനും ഹെലിക്കോണിയ തിരഞ്ഞെടുക്കുന്നവര്‍ ഏറെയാണെന്ന്മിനി പറയുന്നു.


ആനക്കൂവ ഭംഗിക്കും മരുന്നിനും

ഒരേസമയം സുന്ദരിയായ ഒരു ഉദ്യാനസസ്യവും ഔഷധമഹിമ ഉള്ളിലൊതുക്കിയ ഔഷധസസ്യവും-അതാണ് 'ആനക്കൂവ' എന്ന ക്രേപ് ജിഞ്ചറിന്റെ സവിശേഷത. ഏഷ്യന്‍ സ്വദേശിതന്നെയാണ് ഈ ചെടി; കൃത്യമായിപ്പറഞ്ഞാല്‍ ഇന്‍ഡൊനീഷ്യയിലെ ഗ്രേറ്റര്‍ സുന്‍ഡ ദ്വീപുകള്‍. പേരില്‍ 'ജിഞ്ചര്‍' എന്നുണ്ടെങ്കിലും നമുക്ക് സുപരിചിതമായ ഇഞ്ചിയുമായി വലിയ ബന്ധമൊന്നും ആനക്കൂവയ്ക്കില്ല. 'കോസ്റ്റസ്' എന്ന ജനുസിലാണത് പെടുന്നത്. ഇഞ്ചിക്കുടുംബത്തിന്റെ ഒരകന്ന ബന്ധു എന്നുവേണമെങ്കില്‍ ക്രേപ് ജിഞ്ചറിനെ വിശേഷിപ്പിക്കാം.

നമ്മുടെ നാട്ടിലുള്‍പ്പെടെയുള്ള ഉഷ്ണമേഖലാ ഉദ്യാനങ്ങളിലൊക്കെ ആനക്കൂവ നന്നായി വളരും. മൂന്നു മീറ്ററോളം ഉയരത്തില്‍ വളരുന്ന ക്രേപ് ജിഞ്ചര്‍ ഭൂദൃശ്യത്തിന് (ലാന്‍ഡ്‌സ്‌കേപ്പ്) നാടകീയചാരുത പകര്‍ന്നുനല്കാന്‍ പ്രയോജനപ്പെടുത്താറുണ്ട്. എങ്കിലും ഇതിന്റെ ശരാശരി വളര്‍ച്ച ഒന്നര-രണ്ടു മീറ്റര്‍ ഉയരത്തിലാണ്. കടുത്ത പച്ചിലകള്‍ ചെടിത്തണ്ടില്‍ 'സ്‌പൈറല്‍' രൂപത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. വലിയ വെളുത്ത പൂക്കള്‍ക്ക് മധ്യഭാഗത്തായി മഞ്ഞരാശി കാണാം. പൂവിതളുകള്‍ മെഴുകുപുരട്ടിയതുപോലി രിക്കും. അരികുകള്‍ ഫ്രില്ല് പിടിപ്പിച്ചതുപോലെ രൂപഭാവത്തോടെ വസ്ത്രങ്ങള്‍ തുന്നാന്‍ ഉപയോഗിക്കുന്ന ക്രേപ് കടലാസിനോട് സാമ്യമുള്ളതിനാലാണ് ഈ ഉദ്യാനഔഷധിക്ക് 'ക്രേപ് ജിഞ്ചര്‍' എന്ന പേരുകിട്ടിയത്.

വിത്തുകിഴങ്ങ് മണ്‍നിരപ്പിനു തൊട്ടുതാഴെയായി ഇഴഞ്ഞ് മുന്നോട്ടുപോകുന്നതിനനുസരിച്ചാണ് ചെടിയില്‍ പുതിയ തണ്ടുകള്‍ തലനീട്ടുന്നത്. വളരുന്നതനുസരിച്ച് ഈ ചുവന്ന തണ്ടുകള്‍ രസകരമായ രീതിയില്‍ ചുറ്റിവളയുന്ന പതിവുണ്ട്. ഇതനുസരിച്ചാണ് ഇതിലെ ഇലകള്‍ വിടരുന്നത്. ഈ ചുറ്റിത്തിരിയലാണ് ഇതിന് 'സ്‌പൈറല്‍ ജിഞ്ചര്‍' എന്നു പേരു ലഭിക്കാന്‍ കാരണം.

ക്രേപ് ജിഞ്ചര്‍ ഏറെയും പുഷ്പിക്കുന്നത് വേനല്‍ അവസാനിക്കാറാകുന്നതോടെയാണ്. പൂക്കള്‍ വിടര്‍ന്നുകൊഴിഞ്ഞാലും അതിനെ ഉള്‍ക്കൊള്ളുന്ന ചുകപ്പന്‍ പുഷ്പഭാഗം അതേപടി നിലനില്ക്കുകയും ചെയ്യും. 'കോസ്റ്റസ്' എന്ന ജനുസ്സില്‍ നിരവധി ജനങ്ങള്‍ ഉദ്യാന അലങ്കാരത്തിനുവേണ്ടിയാണ് വളര്‍ത്തുന്നത്. ഇതിന്റെതന്നെ 'പിങ്ക്ഷാഡോ' എന്ന ഇനം വെളുത്ത പൂക്കളില്‍ പിങ്ക്‌രാശിയുള്ളതാണ്. 'വേരിഗേറ്റസ്' എന്ന ഇനത്തിന്റെ ഇലകള്‍ക്ക് പച്ചയും വെളുപ്പും കലര്‍ന്ന നിറമാണ്. 'ഫോസ്റ്റര്‍ വേരിഗേറ്റഡ്' എന്ന ഇനത്തിനാകട്ടെ ചുവന്ന തണ്ടുകളും ക്രീം വെള്ളവരകള്‍ കോറിയ വീതിയേറിയ വലിയ ഇലകളും ഉണ്ട്. 'നോവ' എന്ന ഇനമാകട്ടെ വെറും മൂന്നടി ഉയരത്തില്‍ മാത്രമേ വളരാറുള്ളൂ. ഇതിന്റെ ഇലകള്‍ ഇളംപച്ചയാണ്.

ദിവസവും ഏറ്റവും കുറഞ്ഞത് 3 മണിക്കൂര്‍ നേരമെങ്കിലും സൂര്യപ്രകാശം കിട്ടുംവിധമാണ് ആനക്കൂവ വളര്‍ത്തേണ്ടത്. ജൈവവളക്കൂറും വെള്ളക്കെട്ടില്ലാത്തതുമായ മണ്ണും നിര്‍ബന്ധം. വിത്തുകിഴങ്ങ് മുറിച്ചു നട്ടുതന്നെയാണ് ഇതിന്റെ കൃഷി. ഇത്തരം കിഴങ്ങിന്‍ കഷണങ്ങള്‍ മണ്ണും മണലും ഇലപ്പൊടിയും കലര്‍ത്തിയ പോട്ടിങ് മിശ്രിതം നിറച്ച ചട്ടിയില്‍ ഒരിഞ്ചു താഴ്ത്തി നട്ടും ആനക്കൂവ വളര്‍ത്താം. അനുകൂല സാഹചര്യങ്ങളില്‍ ഒരൊറ്റ വിത്തുകിഴങ്ങില്‍നിന്നുതന്നെ പുതിയ തണ്ടുകളും ഇലകളും വിടര്‍ത്തി മൂന്നടി വിസ്തൃതിയില്‍ പുതിയ ചെടി വളര്‍ന്നുവ്യാപിക്കും. തണ്ട് മുറിച്ചുനട്ടും ആനക്കൂവ വളര്‍ത്താറുണ്ട്.

പനിചികിത്സയില്‍ ഇതൊരു അവിഭാജ്യഘടകമാണ്. ഇലകള്‍ ചതച്ച് കുഴമ്പാക്കി നെറ്റിയില്‍ പുരട്ടിയാല്‍ കടുത്ത പനി കുറയും. സസ്യഭാഗങ്ങള്‍ തിളപ്പിച്ച് കഷായമാക്കിയാല്‍ പനിയുള്ള വ്യക്തിക്ക് അതില്‍ കുളിക്കാം. ജലദോഷം, വാതം, ന്യുമോണിയ തുടങ്ങിയവയുടെ ചികിത്സയില്‍ ഉപയോഗിക്കുന്നു. ഇതിന്റെ കിഴങ്ങില്‍ കാര്‍ബോഹൈഡ്രേറ്റ് സമൃദ്ധമായുള്ളതിനാല്‍ ക്ഷാമകാലത്ത് ആനക്കൂവയുടെ കിഴങ്ങ് ഭക്ഷ്യയോഗ്യമാണ്. വേണ്ടത്ര നാരുമുണ്ട്. ഇന്‍ഡൊനീഷ്യയില്‍ ഇതിന്റെ ഇളംതണ്ടുകള്‍ പച്ചക്കറിയായി ഉപയോഗിക്കുന്നു. പ്രമേഹചികിത്സയിലും കരള്‍രോഗ ചികിത്സയിലും ഇതിന് ഉപയോഗമുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍.

 

മാണ്ടിവില്ല- നേഴ്സറിയിലെ നവാഗത
വള്ളിചെടി-
ചുവപ്പ്,വെള്ള, പിങ്ക് പൂക്കള്‍
15   അടിവരെ നീളമുള്ള വള്ളികള്‍,
സാധാരണ സൂര്യപ്രകാശമോ ചെറിയ തണലോ പ്രശ്നമല്ല ജ‌ൈവാംശം കൂടിയ വളം,
ജലാംശം കൂടിയാല്‍ ദോഷം 
വില കുറച്ച് കൂടുതല്‍-  Rs  400 and Above  
സ്വകാര്യ നേഴ്സറികളില്‍ ലഭ്യമാണ്

പൂന്തോട്ടങ്ങള്‍ വെട്ടിമിനുക്കാന്‍ ഉപകരണങ്ങളുമായി ബോഷ്

ബാംഗ്ലൂര്‍: പൂന്തോട്ടങ്ങളും പുല്‍ത്തകിടികളും വെട്ടിമിനുക്കാന്‍ സഹായിക്കുന്ന ആധുനിക ഉപകരണങ്ങള്‍ ബോഷ് പവര്‍ ടൂള്‍സ് വിപണിയിലിറക്കി. പൂന്തോട്ടങ്ങളുടെ പരിപാലനത്തിനായുള്ള ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഉപകരണങ്ങളാണ് ബാംഗ്ലൂരില്‍ നടന്ന ചടങ്ങില്‍ സിനിമാതാരം രമ്യ പുറത്തിറക്കിയത്.
ഭാരം കുറഞ്ഞതും ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്നതുമായ ഗാര്‍ഡന്‍ ഉപകരണങ്ങള്‍ ആദ്യമായാണ് ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നതെന്ന് ബോഷ് പവര്‍ ടൂള്‍സ് വില്പന വിഭാഗം ഡയറക്ടര്‍ വിജയ്പാണ്ഡെ പറഞ്ഞു. വിവിധ ശ്രേണിയില്‍പ്പെട്ട ഉപകരണങ്ങള്‍ക്ക് 3500 രൂപ മുതല്‍ 50,000 രൂപ വരെ വില വരും. ഉപകരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ 18004258665 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറില്‍ ലഭിക്കും.

3.11940298507
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top