Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

മഹത്തരമായ കൃഷി - 2

കൂടുതല്‍ വിവരങ്ങള്‍

കൃഷിയും യന്ത്രങ്ങളും

അഞ്ച് പണിചെയ്യുന്ന ഒരു കൃഷിയന്ത്രം

കാടുവെട്ടാനും കളയെടുക്കാനും മണ്ണിളക്കാനും കീടനാശിനി തളിക്കാനുമെല്ലാം പ്രത്യേക യന്ത്രങ്ങള്‍ ഇന്ന് ലഭ്യമാണ്. എന്നാല്‍, ഈ പ്രവൃത്തികളെല്ലാംതന്നെ ഒരു യന്ത്രംകൊണ്ട് ചെയ്തുതീര്‍ക്കാനായാലോ. ഇതാ ഇത്തരത്തിലൊരു വിവിധോദ്ദേശ്യയന്ത്രം. എളുപ്പത്തില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന ഭാരം കുറഞ്ഞ ഒരു എന്‍ജിനും മനോഹരമായി രൂപകല്പനചെയ്ത ചട്ടക്കൂടും ആവശ്യങ്ങള്‍ക്കനുസരിച്ച്‌ മാറ്റിപ്പിടിക്കാവുന്ന വിവിധ യന്ത്രഭാഗങ്ങളുമാണ് ഇതിന്റെ പ്രധാന സവിശേഷത.
ഒരാള്‍ക്ക് നടന്ന് പ്രവര്‍ത്തിപ്പിക്കാവുന്ന എട്ട് കുതിരശക്തിയില്‍ത്താഴെ ശേഷിയുള്ള എന്‍ജിനും മറ്റുയന്ത്രഭാഗങ്ങളും രണ്ട് ടയറുകളിലാണ് ഘടിപ്പിച്ചിരിക്കുന്നത്. നീണ്ട കൈപ്പിടികളില്‍ സജ്ജമാക്കിയിട്ടുള്ള വേഗനിയന്ത്രണ സംവിധാനങ്ങളിലൂടെയാണ് മുന്നോട്ടും പിന്നോട്ടുമുള്ള നീക്കം സാധ്യമാകുന്നത്.

പുല്ലും കുറ്റിച്ചെടികളും വെട്ടിമാറ്റുന്നതിനുള്ള കാടുവെട്ടി, മണ്ണിളക്കി മുന്നോട്ടുനീക്കാവുന്ന കലപ്പ, ഇളകിയ മണ്ണില്‍ വായുസഞ്ചാരമുണ്ടാക്കി നിരപ്പാക്കുന്ന റോട്ടറേറ്റര്‍, മണ്ണ് നിരപ്പാക്കാനുള്ള ലെവലര്‍, കീടനാശിനി തളിക്കാനുള്ള പവര്‍ സ്പ്രേയര്‍ എന്നിവയെല്ലാം ഘടിപ്പിക്കാവുന്ന ഇത്തരം ചെറു യന്ത്രസംവിധാനങ്ങളില്‍ അധികവും ഇപ്പോള്‍ ഇറ്റലി, ജര്‍മനി, ജപ്പാന്‍, ചൈന എന്നീ രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്നവയാണ്. ആവശ്യമായ രൂപഭേദം വരുത്തിയാണ് ഇവ ഇന്ത്യന്‍ വിപണിക്ക് അനുയോജ്യമാക്കിയിട്ടുള്ളത്. ഈ ശ്രേണിയില്‍പ്പെടുന്ന ചെറുയന്ത്രമാണ് ബി.സി.എസ്. എന്ന ഇറ്റാലിയന്‍ കമ്പനി പുറത്തിറക്കിയിട്ടുള്ളത്. ഏകദേശം രണ്ടുലക്ഷം രൂപയോളം വിലവരുന്ന സംയുക്ത യന്ത്രസംവിധാനമുപയോഗിച്ച്‌ ചെറിയ കൃഷിയിടങ്ങളിലെ വിവിധ കാര്‍ഷികജോലികള്‍ പരാശ്രയമില്ലാതെ ചെയ്തുതീര്‍ക്കാനാകും.

കാര്‍ഷിക സംരഭങ്ങള്‍ - ഉല്‍പ്പന്നങ്ങള്‍

കടല്‍ കടക്കും വാഴനാരുകള്‍

പറമ്പില്‍ വലിച്ചെറിയുന്ന വാഴനാരില്‍ നിന്ന് കരകൗശല ഉത്പന്നങ്ങളും വസ്ത്രങ്ങളും മറ്റും നിര്‍മിക്കുക..അത് വിദേശങ്ങളില്‍ കയറ്റി അയയ്ക്കുക..കേള്‍ക്കുമ്പോള്‍ ഇത്തിരി അതിശയോക്തി തോന്നും. വാഴനാരിന്‍റെ  അനന്ത സാധ്യതകളെ തിരിച്ചറിഞ്ഞ കണ്ണൂര്‍ തളിപ്പറമ്പിലെ സരോജിനി ചെയ്യുന്നത് മറ്റൊന്നല്ല. സരോജിനിയുടെ ഉത്പന്നങ്ങള്‍ ജര്‍മനിയിലും ഇറ്റലിയിലും എല്ലാം എത്തുന്നുണ്ട്.

വാഴപ്പഴവും കൂമ്പും പിണ്ടിയും ഇലയുമെല്ലാം എല്ലാവരും ഉപയോഗിക്കും. എന്നാല്‍ വാഴത്തടയോ? യാതൊന്നും ചെയ്യാതെ പാഴാക്കി കളയും. ഇത്തരത്തില്‍ പാഴാക്കേണ്ടതല്ല വാഴത്തടയെന്ന് സരോജിനിയെ പഠിപ്പിച്ചത് കൃഷി വിജ്ഞാന്‍കേന്ദ്രമാണ്. പന്നിയൂരില്‍ നിന്നും 2006ല്‍ ആണ് സരോജിനി പരിശീലനം നേടിയത്. തുടര്‍ന്ന് 2009 ല്‍ സ്വന്തമായി വിപണി കണ്ടെത്തി.തൊപ്പി, പൂക്കുടകള്‍, ബാഗുകള്‍, സാധനം വാങ്ങാനുപയോഗിക്കുന്ന സഞ്ചി, സ്യൂട്ട്‌കേസുകള്‍, ഫയല്‍കവറുകള്‍, ചവിട്ടി, മേശവിരി,സീറ്റ് കവറുകള്‍ ..വാഴനാരു കൊണ്ടുണ്ടാക്കുന്ന ഉത്പന്നങ്ങളുടെ നിര നീണ്ട് കിടക്കുന്നു. ഇത് മാത്രമല്ല സാരിയും ഷര്‍ട്ടുമുള്‍പ്പെടെയുള്ള ഉടയാടകള്‍ വാഴനാരില്‍ നെയ്‌തെടുക്കാം. വാഴനാര് ഉത്പാദനം, കരകൗശല വസ്തുക്കളുടെ നിര്‍മാണം എന്നിവയിലെല്ലാം സരോജിനി പരിശീലനം നല്‍കുന്നുണ്ട്. ഇതിനായി തളിപ്പറമ്പില്‍ ഒരോഫീസുമുണ്ട്. കെ.വി.കെയുടെ സഹകരണത്തോടെ എസ്.ബി.ഐയില്‍ നിന്ന് വായ്പയെടുത്താണ് തുടങ്ങിയത്.

തിളക്കമേകാന്‍ ഞാലിപ്പൂവന്‍

വാഴത്തടയുടെ പുറംപോളകളില്‍നിന്ന് പരുപരുത്ത നാരുകളും അകത്തെ പോളകളില്‍ നിന്ന് മൃദുനാരുകളും കിട്ടും. മൃദുനാരുകള്‍ കൊണ്ടാണ് കരകൗശല വസ്തുക്കള്‍ നിര്‍മിക്കുന്നത്. ഏത് തരം വാഴയില്‍നിന്നും നാരുകള്‍ ശേഖരിക്കാം. എന്നാല്‍ നേന്ത്രവാഴ, ഞാലിപ്പൂവന്‍, പാളയംകോടന്‍, ചെങ്കദളി എന്നിവയാണ് മികച്ചവ. ഞാലിപ്പൂവന്റെ നാര് സില്‍ക്ക് പോലെ തിളക്കമുള്ളതുകൊണ്ട് കൂടുതല്‍ ഭംഗി നല്‍കും. നേന്ത്രവാഴയുടെ നാരിന് കൂടുതല്‍ ഉറപ്പുള്ളതിനാല്‍ പലപ്പോഴും ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിന് അതാണ് ഉപയോഗിക്കുന്നത്.

ചീകി മിനുക്കിയെടുക്കാം നാരുകള്‍

സ്‌ക്രാപ്പര്‍ കൊണ്ടോ യന്ത്രമുപയോഗിച്ചോ ചീകിയാണ് നാരെടുക്കുന്നത്. ഒരു വാഴയില്‍ നിന്ന് 125 ഗ്രാം നാര് ലഭിക്കും. 10 വാഴത്തടയില്‍ നിന്ന് ഒരു കിലോഗ്രാം നാരാണ് കിട്ടുക. വിപണി വില കേട്ടാല്‍ ഒന്ന് ഞെട്ടും. കിലോവിന് 600 രൂപ. സുലഭമായി കിട്ടുന്ന വാഴത്തടയില്‍നിന്ന് ബുദ്ധിമുട്ടില്ലാതെ നാരെടുത്ത് പണം കൊയ്യാമെന്ന് ഇവര്‍ പറയുന്നു. നാരുകള്‍ ഉണക്കിയെടുത്ത് ഉടന്‍ തന്നെ ഉത്പന്ന നിര്‍മാണം തുടങ്ങാവുന്നതാണ്. ചായം മുക്കി വിവിധ വര്‍ണങ്ങളില്‍ ബാഗുകളും തൊപ്പിയും ഭാവനയ്ക്കനുസരിച്ച് രൂപപ്പെടുത്തി എടുത്താല്‍ മാത്രം മതി. ഉണങ്ങിയ നാരുകള്‍ പ്ലാസ്റ്റിക് സഞ്ചിയില്‍ പൊതിഞ്ഞ് സൂക്ഷിച്ചാല്‍ കേടുപറ്റുകയില്ല. നാരുകള്‍ ചീകുമ്പോള്‍ ബാക്കിയാവുന്ന സാധനങ്ങള്‍ മണ്ണിര കമ്പോസ്റ്റ് നിര്‍മ്മിക്കാന്‍ അത്യുത്തമമാണെന്നും സരോജിനി സാക്ഷ്യപ്പെടുത്തുന്നു. കേരളത്തില്‍ വാഴനാരുത്പന്നങ്ങള്‍ക്ക് പൊതുവെ മാര്‍ക്കറ്റ് കുറവാണ്. കോയമ്പത്തൂരിലും മറ്റും വളരെ നല്ല രീതിയില്‍ ഇതിന്‍റെ ഉത്പാദനം നടക്കുന്നുണ്ട്.

ആരും തിരിച്ചറിയാതെ പോകുന്ന കനകമാണ് വാഴനാരെന്ന് സരോജിനി പറയുന്നു. ബാഗുകളും തൊപ്പിയുമാണ് കൂടുതല്‍ പ്രിയപ്പെട്ട ഉത്പന്നങ്ങള്‍. ഒരു ബാഗിന് 450 മുതല്‍ 500 വരെയാണ് വില. ഫാന്‍സി ബാഗിനാണെങ്കില്‍ 125 ഉം. തൊപ്പിയുടെ വില 200 മുതല്‍ 250 വരെയാണ്. ജര്‍മനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലേക്ക് വാഴനാരും ഉത്പന്നങ്ങളും കയറ്റി അയച്ചതിന്‍റെ അനുഭവവുമുണ്ട് സരോജിനിക്ക്. തനത് നിറത്തില്‍ ചായം മുക്കാതെയുള്ള നാരില്‍ ഉണ്ടാക്കിയ ഉത്പന്നങ്ങളാണ് വിദേശത്തേക്ക് അയയ്ക്കുന്നത്. ബാംഗ്ലൂരിലേക്ക് സാധനങ്ങള്‍ കയറ്റുമതി ചെയ്യാന്‍ ഓര്‍ഡര്‍ കിട്ടിയിട്ടുണ്ടെന്ന് സരോജിനി പറഞ്ഞു. പ്രതിമാസം 7000 രൂപയിലധികം ലാഭം കിട്ടുന്നുണ്ടെന്ന് ഇവര്‍ പറയുന്നു. സ്‌കൂളുകളില്‍ വാഴനാരു കൊണ്ടുള്ള ഉത്പന്നങ്ങള്‍ നിര്‍മിക്കാന്‍ പരിശീലനം നല്‍കാറുണ്ട് സരോജിനി. ഇപ്പോള്‍ കുട്ടികള്‍ക്ക് പഠനത്തിന്‍റെ ഭാഗമായി ഇത്തരത്തിലുള്ള പ്രോജക്ടുകള്‍ ഒരുക്കുന്നുണ്ട്.

ഫാമിലി വെജിറ്റബിള്‍ ബാഗ്

അടുക്കളത്തോട്ടം വളര്‍ത്താന്‍ വേണ്ട സ്ഥലമില്ലെന്നാണ് പരാതിയെങ്കില്‍ ഫാമിലി വെജിറ്റബിള്‍ ബാഗ് നിങ്ങളുടെ രക്ഷയ്ക്കെത്തും. സ്ഥലപരിമിതിയുള്ളവര്‍ക്കും വെയില്‍ കിട്ടുന്ന സ്ഥലം കുറഞ്ഞവര്‍ക്കുമൊക്കെ വേണ്ടുവോളം പച്ചക്കറി സ്വയം ഉല്‍പാദിപ്പിക്കാന്‍ രണ്ടോ മൂന്നോ ഫാമിലി വെജിറ്റബിള്‍ ബാഗ് മതിയാകും. കടകളില്‍ അരിയും പഞ്ചസാരയുമൊക്കെ വില്‍ക്കാന്‍ വയ്ക്കുന്ന നൈലോണ്‍ ബാഗ് കണ്ടിട്ടില്ലേ. ഇത്തരത്തിലുള്ള മൂന്നു ബാഗാണ് ഒരു ഫാമിലി വെജിറ്റബിള്‍ ബാഗ് ഉണ്ടാക്കുന്നതിനു വേണ്ടത്. ആറടി വ്യാസമുള്ള (വാവട്ടമുള്ള) ബാഗാണ് ഇവയുപയോഗിച്ച് തയ്യാറാക്കുന്നത്. മൂന്ന് നൈലോണ്‍ ചാക്ക് ഉപയോഗിക്കുകയാണെങ്കില്‍ ഫാമിലി വെജിറ്റബിള്‍ ബാഗിന് ഉയരം കൂടുതല്‍ ലഭിക്കും. ചാക്കിനു പുറമെ ആവശ്യമായി വരുന്നത് നാലിഞ്ച് വ്യാസമുള്ള പിവിസി പൈപ്പിന്‍റെ ആറടി നീളത്തിലുള്ള ഒരു കഷണം, മൂന്നു ചാക്ക് ചകിരിച്ചോര്‍ കമ്പോസ്റ്റ്, ഒരു ചാക്ക് മേല്‍മണ്ണ്, ആവശ്യത്തിനു വിത്തുകള്‍ എന്നിവയാണ്. ചകിരിച്ചോര്‍ കമ്പോസ്റ്റ് കിട്ടാനില്ലെങ്കില്‍ മണ്ണും മണലും ചാണകപ്പൊടിയും സമാസമമെടുത്ത മിശ്രിതമായാലും മതി. നന്നായി അവിഞ്ഞുചേര്‍ന്ന ചിന്തേരുപൊടി (അറക്കപ്പൊടി പാടില്ല) ഉപയോഗിച്ചാലും കുഴപ്പമില്ല.

ഈ ചാക്കുകളുടെ നീളപ്പാടിനുള്ള രണ്ടു വശവും അഴിക്കുമ്പോള്‍ വീതി കുറഞ്ഞ് നീളം കൂടി മൂന്നു നൈലോണ്‍ തുണികളുടെ രൂപത്തിലേക്ക് ഇവ മാറുന്നു. ഇവ ഒന്നിനു മുകളില്‍ ഒന്നായി ചാക്കുസൂചിയും നൈലോണ്‍ ചരടുമുപയോഗിച്ച് തയ്ച്ചു ചേര്‍ക്കുക. ചുവടുഭാഗവും തയ്ച്ചു ചേര്‍ക്കുക. ഇപ്പോള്‍ ആറടി ഉയരവും എട്ടടി വ്യാസവുമുള്ള വലിയൊരു ചാക്കായി ഇതു മാറിയിട്ടുണ്ടാകും. ഇതിന്‍റെ വശങ്ങളില്‍ നിശ്ചിത അകലത്തില്‍ നാലു നിരയായി മുറിവുകള്‍ ഉണ്ടാക്കുക. ഇംഗ്ലീഷിലെ ടി- എന്ന അക്ഷരം തലതിരിച്ചു വയ്ക്കുന്ന ആകൃതിയിലും അഞ്ചു വിരലുകള്‍ മാത്രം കടക്കുന്ന രീതിയിലുമാണ് മുറിവുകള്‍ ഉണ്ടാക്കേണ്ടത്. ചാക്കിന്‍റെ ചുവട്ടിലും നാലഞ്ച് സുഷിരങ്ങളുണ്ടായിരിക്കണം. പിവിസി പൈപ്പിലും സുഷിരങ്ങളിട്ടാണ് ഉപയോഗിക്കേണ്ടത്. വണ്ണുള്ള ആണി പഴുപ്പിച്ച് അതുപയോഗിച്ച് സുഷിരങ്ങളുണ്ടാക്കുക. ചാക്കിനുള്ളില്‍ കുത്തി നിര്‍ത്താനുള്ളതാണീ പൈപ്പ്. മുകളില്‍ വരുന്ന ഭാഗത്ത് രണ്ടു നിരകള്‍ തമ്മില്‍ മൂന്നിഞ്ച് അകലം കൊടുത്ത് നിരയൊപ്പിച്ച് സുഷിരങ്ങളുണ്ടാക്കുക. ചുവടു ഭാഗത്തേക്കു വരുമ്പോള്‍ നിരകള്‍ തമ്മിലുള്ള അകലം നാലിഞ്ചായി വര്‍ധിപ്പിക്കുകയും ഓരോ നിരയിലെയും സുഷിരങ്ങള്‍ തമ്മിലുള്ള അകലം വര്‍ധിപ്പിക്കുകയും ചെയ്യണം. ചാക്കിനു നടുവില്‍ ഈ പൈപ്പ് നാട്ടിപ്പിടിച്ചു കൊണ്ട് ചാക്കിനുള്ളില്‍ നേരത്തെ തയ്യാറാക്കിയ നടീല്‍ മിശ്രിതം നിറയ്ക്കുക. ഫാമിലി വെജിറ്റബിള്‍ ബാഗ് തയ്യാറായിക്കഴിഞ്ഞു.

ഈ ബാഗിന്‍റെ ഏറ്റവും മുകളിലെ തുറന്ന ഭാഗത്ത് നാലഞ്ചു ചുവട് ചീരയും അത്രതന്നെ വെണ്ടയുമൊക്കെ നടാം. കുത്തനെ വളരുന്ന പച്ചക്കറികള്‍ക്കാണ് ഈ സ്ഥലം കൊടുക്കേണ്ടത്. ചാക്കിലെ മുകള്‍ഭാഗത്തെ മുറിവുകളില്‍ പടര്‍ന്നു വളരുന്ന പാവല്‍, പയര്‍ തുടങ്ങിയവയുടെ വിത്തുകള്‍ നട്ടുകൊടുക്കാം. വിത്ത് വിരലുകള്‍ക്കുള്ളിലെടുത്ത് മുറിവായ വിടര്‍ത്തി നടീല്‍ മിശ്രിതത്തില്‍ കുഴിച്ചു വയ്ക്കുകയാണ് വേണ്ടത്. ഓരോ വശത്തേക്കും ചെറിയ പന്തലുണ്ടാക്കി ഇവയെ വളര്‍ത്താം. വള്ളിച്ചെടികള്‍ വേണ്ടെങ്കില്‍ തക്കാളി തുടങ്ങി താങ്ങിന്‍മേല്‍ വളരുന്ന ചെടികള്‍ വളര്‍ത്താം. ഇവ വളര്‍ന്നു വരുമ്പോള്‍ ചാക്കിനു പുറമേ നിന്നു താങ്ങുകമ്പ് കുത്തിക്കൊടുത്ത് നേരേ നിര്‍ത്താം. ചുവടു ഭാഗത്തെ സുഷിരങ്ങളില്‍ വഴുതിന പോലെയുള്ള പച്ചക്കറികള്‍ വളര്‍ത്താം. നനയ്ക്കുന്നതിനുള്ള വെള്ളം എല്ലാ ദിവസവും വൈകുന്നേരം നടുവിലെ പൈപ്പിലൂടെ ഒഴിച്ചു കൊടുക്കക്കുക. അഞ്ചു മുതല്‍ പത്തു വരെ ലിറ്റര്‍ വെള്ളം മണ്ണിന്‍റെ ഉണക്കനുസരിച്ച് ഒഴിക്കാം. മുഴുവന്‍ വെള്ളവും ഒന്നിച്ചൊഴിക്കരുത്. പൈപ്പിലെ വെള്ളത്തിന്‍റെ അളവ് താഴുന്നതനുസരിച്ച് കൂടുതലായി ഒഴിക്കണം. രാവിലെയും വൈകുന്നേരവും വെള്ളമൊഴിക്കാന്‍ സാധിക്കുമെങ്കില്‍ ഇതിന്‍റെ പകുതി വെള്ളം സാവധാനം ഒഴിച്ചു കൊടുത്താലും മതി.

പുത്തനറിവുകള്‍ - വിജയകഥകള്‍

ചായമന്‍സ എന്ന മെക്സിക്കക്കാരന്‍

ഇതൊരു മെക്സിക്കന്‍ സസ്യമാണ്, പേര് ചായമന്‍സ. നല്ല സ്വാദുള്ള ഇലക്കറി, മികച്ച പോഷകഗുണവുമുണ്ട്. നമ്മുടെ നാട്ടിലും ഇത് നന്നായി വളരും' . പ്രത്യേകപരിചരണം ആവശ്യമില്ല. കീടങ്ങള്‍ ആക്രമിക്കില്ല; അതുകൊണ്ട് കീടനാശിനിയുടെ ആവശ്യവുമില്ല '. പരിസ്ഥിതിപ്രവര്‍ത്തകനായ അഡ്വ. സജുവിന് ഒരു സുഹൃത്തുണ്ട്, ആയുര്‍വേദചികിത്സകനായ ഡോ. എം.ആര്‍. വിജയന്‍. 'ബോഡിട്രീ ഫൗണ്ടേഷന്റെ ' സ്ഥാപകന്‍. വംശീയവൈദ്യത്തില്‍ തല്‍പരനായ അദ്ദേഹത്തിന് ഒരു സുഹൃത്ത് മുഖേനയാണ് ഈ മെക്സിക്കന്‍ സസ്യത്തിന്റെ തണ്ട് കിട്ടിയത്. നമ്മുടെ നാട്ടിലെ കാലാവസ്ഥയ്ക്കും മണ്ണിനും അനുയോജ്യമായ ഈ ഇലക്കറി തികച്ചും സൗജന്യമായി കേരളമെങ്ങും പ്രചരിപ്പിക്കാനുള്ള പ്രവര്‍ത്തനത്തിലാണ് അഡ്വ. സജുവും തിരുവനന്തപുരത്തെ 'ശാന്തിഗ്രാം' പോലുള്ള സന്നദ്ധസംഘടനകളും.

കുറ്റിച്ചെടിപോലെ വളരുന്ന സസ്യമാണ് ചായമന്‍സ. 'മരച്ചീര'യെന്നും പേരുണ്ട്. ചോളം ഉള്‍പ്പെടെ ഒട്ടേറെ കാര്‍ഷികസസ്യങ്ങള്‍ പ്രാചീനമനുഷ്യന്‍ മെരുക്കിയെടുത്ത മെക്സിക്കോയില്‍നിന്നാണ് ചായമന്‍സയുടെയും വരവ്. നൂറ്റാണ്ടുകളായി മധ്യഅമേരിക്കയിലെ മായന്‍വര്‍ഗക്കാര്‍ അവരുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്ന പോഷകസമൃദ്ധമായ സസ്യമാണിത്. ജൈവവേലിയുണ്ടാക്കാനും അലങ്കാരസസ്യവുമൊക്കെയായി മെക്സിക്കോയില്‍ ഈ ചെടി ഉപയോഗിക്കുന്നു.

ചായമന്‍സയുടെ ഇലകളാണ് കറിവെക്കുക. സാധാരണ ചീരപോലെ തോരന്‍വെക്കാം; ഉപ്പേരി, കട്ലറ്റ് അങ്ങനെ അനേകം വിഭവങ്ങളുമുണ്ടാക്കാം. ഒറ്റ കുഴപ്പമേയുള്ളൂ: വേവിക്കാതെ കഴിക്കരുത്. കപ്പയിലേതുപോലെ അല്‍പ്പം കട്ട് ചായമന്‍സയിലുണ്ട്. ഹൈഡ്രോസൈനിക് ആസിഡ് അടങ്ങിയിട്ടുണ്ടെന്ന് അര്‍ഥം, അതുകൊണ്ടാകാം കീടങ്ങള്‍ ആക്രമിക്കാത്തത്. ചൂടാക്കുമ്പോള്‍ കട്ട് പോകും. അതിനാല്‍ പത്തുപതിനഞ്ചുമിനിറ്റുനേരം വേവിച്ചുമാത്രമേ ചായമന്‍സ ഉപയോഗിക്കാവൂ. ഇതേ കാരണത്താല്‍ പാചകത്തിന് അലുമിനിയം പാത്രവും വേണ്ട.

ചായമന്‍സയുടെ ഉത്ഭവകേന്ദ്രമെന്ന് കരുതുന്ന മെക്സിക്കോയിലെ യുകറ്റാന്‍ ഉപദ്വീപ്
ഒരിക്കല്‍ ചായമന്‍സയുടെ സ്വാദറിഞ്ഞാല്‍ ആരുമതിനെ ഉപേക്ഷിക്കില്ലെന്ന് മാത്രമല്ല, ആ സസ്യത്തെപ്പറ്റി കൂടുതല്‍ അറിയാനും നട്ടുവളര്‍ത്താനും ശ്രമിക്കും.  അങ്ങനെയാണ്, 'മായന്‍മാരുടെ അദ്ഭുതസസ്യ'മെന്നറിയപ്പെടുന്ന അതിന്റെ ശാസ്ത്രീയനാമം Cnidoscolus aconitifolius ആണെന്നും, പോഷകഗുണത്തിന്റെ കാര്യത്തില്‍ നിലവിലുള്ള ഏത് ഇലക്കറിയെയും ചായമന്‍സ കടത്തിവെട്ടുമെന്നും മനസ്സിലായത്. വിറ്റാമിന്‍ സി, ബീറ്റകരോട്ടിന്‍, പ്രോട്ടീന്‍, കാല്‍സ്യം, ഫോസ്ഫറസ്, ഇരുമ്പ്, റൈബോഫ്ളേവിന്‍ എന്നിങ്ങനെയുള്ള പോഷകഘടകങ്ങള്‍ ചായമന്‍സയില്‍ മികച്ച രീതിയില്‍ അടങ്ങിയിരിക്കുന്നു. തുല്യതൂക്കം ഓറഞ്ചും ചായമന്‍സ ഇലകളുമെടുത്താല്‍, ഓറഞ്ചിലേതിനെക്കാള്‍ പത്തുമടങ്ങ് വിറ്റാമിന്‍ സി ചായമന്‍സയിലുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. ചായമന്‍സയുടെ മികച്ച സ്വാദിനുകാരണം അതിലടങ്ങിയ പ്രോട്ടീനാണ്. 100 ഗ്രാം ചായമന്‍സയിലയില്‍നിന്ന് ഒരു മുട്ടയില്‍ അടങ്ങിയ അത്രയും പ്രോട്ടീന്‍ ലഭിക്കും.

ചായമന്‍സ ഭക്ഷണത്തിലുള്‍പ്പെടുത്തുന്നത് പ്രമേഹവും രക്തസമ്മര്‍ദവും വിളര്‍ച്ചയും മുതല്‍ അസ്ഥിക്ഷയംവരെയുള്ള പ്രശ്നങ്ങള്‍ക്ക് ശമനമേകാന്‍ സഹായിക്കും. മാത്രമല്ല, വൃക്കരോഗങ്ങള്‍ പ്രതിരോധിക്കാനും കൊളസ്ട്രോള്‍ കുറയ്ക്കാനും ഓര്‍മശക്തി വര്‍ധിപ്പിക്കാനും ചായമന്‍സ ഭക്ഷിക്കുന്നത് സഹായിക്കുമെന്ന്, 'മെഡിക്കല്‍ പ്ലാന്റ് റിസര്‍ച്ച്‌ ജേര്‍ണല്‍' 2011ല്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പറയുന്നു. ചായമന്‍സയുടെ തണ്ട് (കമ്പ്) മുറിച്ചാണ് നടുക. വരള്‍ച്ചയെ അതിജീവിക്കുന്ന ചെടിയാണിത്. നട്ടാല്‍ ആറുമാസംകൊണ്ട് വിളവെടുത്ത് തുടങ്ങാം. ഏതെങ്കിലും പ്രത്യേക സീസണില്‍ മാത്രമല്ല, വര്‍ഷം മുഴുക്കെ വിളവുകിട്ടും 'അഡ്വ. സജു അറിയിക്കുന്നു. നിലവില്‍ ഏതാണ്ട് 30,000 സസ്യയിനങ്ങളെ ഭക്ഷ്യാവശ്യത്തിന് മനുഷ്യന്‍ ആശ്രയിക്കുന്നുവെന്നാണ് കണക്ക്. ചായമന്‍സ അതിലൊന്നാണ്.

ചായമന്‍സ

സസ്യങ്ങളെമെരുക്കി കൃഷിയാരംഭിച്ചതാണ് ആധുനികമനുഷ്യന്‍ നേടിയ ഏറ്റവും വലിയ മുന്നേറ്റങ്ങളിലൊന്ന്. കഴിഞ്ഞ പതിനായിരം വര്‍ഷത്തിനിടയ്ക്കാണത് സംഭവിച്ചത്. നവശിലായുഗ വിപ്ലവത്തിന്റെ ഭാഗമായി ലോകത്ത് ഏഴിടങ്ങളില്‍ ചൈന, പശ്ചിമേഷ്യ, ന്യൂഗിനി, ആന്‍ഡീസ്, ആമസോണ്‍ തടം, മെക്സിക്കോ, പശ്ചിമാഫ്രിക്ക എന്നിവിടങ്ങളില്‍സ്വതന്ത്രമായരീതിയില്‍ കൃഷി തുടങ്ങിയെന്നാണ് നിഗമനം. ശാസ്ത്രം ഇത്ര പുരോഗമിച്ചെങ്കിലും, ഇന്നും മനുഷ്യന്റെ കലോറി ആവശ്യത്തില്‍ 90 ശതമാനവും നിര്‍വഹിക്കുന്നത് 3,500 ബി.സി.9000 ബി.സി.ക്കിടെ മെരുക്കിയെടുത്ത ഒരുപിടി സസ്യങ്ങളില്‍ നിന്നാണ്; ഗോതമ്പ്, നെല്ല്, ചോളം, ഉരുളക്കിഴങ്ങ്, മില്ലറ്റ്, ബാര്‍ലി എന്നിവയില്‍നിന്ന്. ഇക്കാര്യത്തില്‍ നമ്മളിപ്പോഴും ശിലായുഗത്തിലാണ് സാരം!
മനുഷ്യന്‍ കൃഷിയാരംഭിച്ച പ്രാചീനകേന്ദ്രങ്ങളിലൊന്നാണ് മെക്സിക്കോ ഉള്‍പ്പെട്ട മധ്യഅമേരിക്ക. അവിടെയാണ് മായന്‍ ജനത പതിനായിരം വര്‍ഷംമുമ്പ് ചോളം മെരുക്കി കൃഷി തുടങ്ങിയത്. ബീന്‍സും തക്കാളിയും ആ മേഖലയിലാണ് ആദ്യം 'കണ്ടെത്തിയത്'. 'മീസോഅമേരിക്ക' (Mesoamerica) എന്നറിയപ്പെടുന്ന ആ പ്രദേശത്തുനിന്നാണ് ചായമന്‍സയുടെയും വരവ്.

മെക്സിക്കോയിലെ യുകറ്റാന്‍ ഉപദ്വീപിലാണ് ചായമന്‍സയുടെ ഉദ്ഭവം എന്നുകരുതുന്നു. ഗ്വാട്ടിമാല, ഹോണ്ടൂറാസ് തുടങ്ങിയ മറ്റ് മീസോഅമേരിക്കന്‍ മേഖലയിലേക്ക് അത് പിന്നീട് വ്യാപിച്ചു. ഇപ്പോള്‍ ചായമന്‍സ കേരളത്തിലും എത്തിയിരിക്കുന്നു. ചായമന്‍സ ഒരു വിദേശസസ്യമല്ലേ എന്ന് ചിലരെങ്കിലും കരുതുന്നുണ്ടാകാം. അവരുടെ അറിവിലേക്കായി പറയട്ടെ: ലോകമെങ്ങും ഇന്ന് 50 കോടി ആളുകളുടെ വിശപ്പടക്കുന്ന കപ്പ അഥവാ മരച്ചീനി ഒരിക്കല്‍ വടക്കന്‍ ബ്രസീലിലെ പ്രാചീനവര്‍ഗക്കാര്‍മാത്രം ഉപയോഗിച്ചിരുന്ന വിളയാണ്. സ്പാനിഷുകാരും പോര്‍ച്ചുഗീസുകാരുമാണ് അത് പുറംലോകത്തെത്തിച്ചത്. നമ്മുടെ നാട്ടിലിന്ന് കപ്പയുടെ സ്ഥാനമെന്തെന്ന് വിശദീകരിക്കേണ്ട ആവശ്യമില്ലല്ലോ. കേരളത്തിലും സുലഭമായ പപ്പായ വന്നത് ചായമന്‍സയുടെ ജന്മദേശമായ മീസോഅമേരിക്കയില്‍നിന്നാണ്. പച്ചമുളകും മെക്സിക്കോ സ്വദേശിയാണ്. തെക്കന്‍ പെസഫിക് ദ്വീപുകളില്‍ ആദിമനിവാസികള്‍ കൃഷിചെയ്തിരുന്ന ശീമച്ചക്ക (കടച്ചക്ക) എങ്ങനെ കേരളത്തിലും ഭക്ഷ്യവിഭവമായി എന്നാലോചിച്ച്‌ നോക്കുക. ഇന്‍ഡൊനീഷ്യയിലെ മൊളുക്കാ ദ്വീപില്‍നിന്നുള്ള ഇലുമ്പന്‍ പുളി (പുളിച്ചിക്ക) ഇന്ന് കേരളത്തിലെ തൊടികളിലും നന്നായി വളരുന്നില്ലേ. അത്തരത്തിലൊരു കേരളീയ കൃഷിയിനമാകാന്‍ എല്ലാ യോഗ്യതയുമുള്ള ഒന്നാണ് ചായമന്‍സയും

പോഷകാംശങ്ങൾ ഏറെയുള്ള സാമ്പാർ ചീര

പാടത്തും പറമ്പിലും യഥേഷ്ടം വളരുന്ന സാമ്പാർചീരയെ നാം അത്ര ഗൗനിക്കാറില്ല.കളയായി കളയാറുമുണ്ട്. എന്നാൽ ഏറെ ഭക്ഷ്യയോഗ്യമാണ് പോഷകാംശങ്ങൾ ഏറെയുള്ള താലിനം ട്രയാങ്കുലർ എന്ന ശാസ്​ത്രനാമത്തിൽ അറിയപ്പെടുന്ന സാമ്പാർ ചീര. ഇലകളിലും തണ്ടിലും ഇരുമ്പ്, കാൽസ്യം എന്നീ മൂലകങ്ങൾക്ക് പുറമെ ജീവകം എ യുംസിയും അടങ്ങിയിട്ടുണ്ട്.;ഇലയും തണ്ടും ഭക്ഷ്യയോഗ്യമാണ്. ഉയർന്ന തോതിൽമൂലകങ്ങളും ആൻറി ഓക്സിഡൻറുകളും അടങ്ങിയിരിക്കുന്നതിനാൽ വിളർച്ച , കുടലിലെഅർബുദം, അസ്​ഥി സംബന്ധമായരോഗങൾ എന്നിവയെ ഒരു പരിധി വരെ തടയാൻസഹായിക്കുന്നു.താരതമ്യേന കലോറി കുറവായതിനാൽ പ്രമേഹ രോഗികൾക്കും യഥേഷ്ടം ഉപയോഗിക്കാവുന്നതാണ്. സുഖപ്രസവ ഖൃതം എന്ന ആയുർവേദ മരുന്നിലെ പ്രധാനചേരുവയാണ് ഈ സസ്യം. മനോഹരമായ വയലറ്റ് നിറമുള്ള ചെറിയ പുഷ്പങ്ങളോടുകൂടിയ ചെടികൾ ആകർഷണീയമാണ്.അതിനാൽ നമ്മുടെ പൂന്തോട്ടങ്ങളിലും ഇവയെ ഉൾപ്പെടുത്താവുന്നതാണ്. നടീൽവസ്​തവായി 10 മുതൽ 15 സെ.മീ വരെ നീളമുള്ള മൃദുവായ തണ്ടുകളാണ് ഉപയോഗിക്കേണ്ടത്.മറ്റുചെടികളെ അപേക്ഷിച്ച് മണ്ണിൽ നിന്നും ഘനമൂലകങ്ങളെ ആഗീകരണം ചെയ്യാനുള്ള കഴിവ് ഇവക്ക് കൂടുതലാണ്. അതുകൊണ്ട് സാമ്പാർ ചീരനട്ടുവളർത്തുമ്പോൾ ഘനമൂലകങ്ങൾ അടങ്ങാത്ത മണ്ണ് തെരഞ്ഞെടുക്കണം –

വിഷം തീണ്ടാത്ത കുറ്റിയാട്ടൂര്‍ മാമ്പഴം

പയ്യന്നൂരിന് പവിത്രമോതിരം പോലെ, കണ്ണൂരിന് കൈത്തറി പോലെ, കുറ്റിയാട്ടൂരിന് സ്വന്തമാണ് കുറ്റിയാട്ടൂര്‍ മാമ്പഴം. പാകമായ കുറ്റിയാട്ടൂര്‍ മാങ്ങയുടെ അടിഭാഗം ഇളംമഞ്ഞ നിറത്തിലാണ്. ഞെട്ടില്‍ പിങ്ക് നിറത്തിലുള്ള കട്ടിയുളള കറ കാണാം. രൂപംപോലെതന്നെ വിശേഷപ്പെട്ടതാണ് രുചിയും. നാവില്‍ അലിഞ്ഞുചേരുന്ന അതിമധുരം.വിഷം തൊട്ടുതീണ്ടാത്തതിനാല്‍ അല്പം കൂടുതല്‍ കഴിച്ചാലും വയര്‍ പിണങ്ങില്ലെന്നുറപ്പ്. കുറ്റിയാട്ടൂര്‍ പഞ്ചായത്തിന്റെ പെരുമ നാടെങ്ങുമെത്തിച്ച കുറ്റിയാട്ടൂര്‍ മാമ്പഴത്തിന് ഇത് വിളവെടുപ്പിന്റെ കാലം. കേരളത്തിലാദ്യമായി ദേശസൂചികാപദവി ലഭിച്ച ഫലമായ കുറ്റിയാട്ടൂര്‍ മാമ്പഴം എല്ലാറ്റിനുമുപരി ശ്രദ്ധേയമാകുന്നത് ഏറ്റവുമധികം നാരുകളടങ്ങിയ മാങ്ങയെന്ന നിലയില്‍.

മാമ്പഴസ്റ്റാള്‍ റെഡി

കാത്സ്യം കാര്‍ബൈഡ് ഉപയോഗിച്ച്‌ കൃത്രിമമായി പഴുപ്പിച്ചെടുക്കുന്ന വിഷമാങ്ങകള്‍ക്കിടയില്‍ പരിശുദ്ധിയുടെ ഐ.എസ്.ഐ.മാര്‍ക്കുണ്ട് കുറ്റിയാട്ടൂര്‍ മാങ്ങയ്ക്ക്. കുറ്റിയാട്ടൂര്‍ മാങ്ങയുടെ സംരക്ഷണം ലക്ഷ്യമിട്ട് രൂപവല്‍കരിച്ച കുറ്റിയാട്ടൂര്‍ മാംഗോ പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡിന്റെ നേതൃത്വത്തില്‍ ചട്ടുകപ്പാറയില്‍ കുറ്റിയാട്ടൂര്‍ പഞ്ചായത്ത് ഹൈസ്കൂളിന് സമീപം മാങ്ങാവില്‍പനകേന്ദ്രം തുടങ്ങിയിട്ടുണ്ട്. 'ഫാം ഫ്രഷ് മധുരം' വാങ്ങാനായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് ഇവിടേക്ക് ആവശ്യക്കാര്‍ ധാരാളമായെത്തുന്നു. കിലോയ്ക്ക് 60 രൂപയാണ് വില. ഒന്നിച്ചുവാങ്ങുന്നവര്‍ക്ക് ഇളവ് ലഭിക്കും. കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ ഓരോ സ്റ്റാള്‍ വീതവും പ്രവര്‍ത്തിച്ചുവരുന്നു.

കുറ്റിയാട്ടൂര്‍ പഞ്ചായത്തിലും സമീപപഞ്ചായത്തുകളായ മയ്യില്‍, മുണ്ടേരി, കൂടാളി എന്നിവയുടെ ചില ഭാഗങ്ങളിലുമാണ് കുറ്റിയാട്ടൂര്‍ മാമ്പഴത്തിന് \'വേരോട്ടം\'. പഞ്ചായത്തില്‍ വ്യാവസായികാടിസ്ഥാനത്തില്‍ കൃഷിനടത്തുന്നില്ലെങ്കിലും മൊത്തം വീട്ടുപറമ്ബുകളിലായി മൂവായിരത്തഞ്ഞൂറോളം മാവുകള്‍ കാണും. ഉയര്‍ന്ന ഉല്‍പാദനക്ഷമത, ദ്രുതവളര്‍ച്ച, നിത്യഹരിതസ്വഭാവം, പടര്‍ന്നുപന്തലിക്കുന്ന പ്രകൃതം, ബഹുഭ്രൂണസ്വഭാവം, ഒന്നിടവിട്ട വര്‍ഷങ്ങളില്‍ തരുന്ന മികച്ച വിളവ് തുടങ്ങിയവയാണ് സവിശേഷതകള്‍. മിതമായ ചൂടും തണുപ്പുമാണ് പഥ്യം.ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് പൂക്കാലം. മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങളില്‍ കായ്ച്ചുതുടങ്ങും.? മേയ് തുടക്കത്തോടെ വിളവെടുപ്പ് കഴിയും.

2016 ആഗസ്ത് 16നാണ് മാങ്ങയുടെ സമഗ്രസംരക്ഷണം ലക്ഷ്യമിട്ട് കുറ്റിയാട്ടൂര്‍ മാംഗോ പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് രൂപംകൊണ്ടത്. പി.വി.ഗംഗാധരനാണ് മാനേജിങ് ഡയറക്ടര്‍.നിലവില്‍ 10 ഡയറക്ടര്‍മാരാണുള്ളത്. നബാര്‍ഡ് കണ്ണൂര്‍ ജില്ലാ ജനറല്‍ മാനേജര്‍ നാഗേഷ്, കണ്ണൂര്‍ കൃഷി വിജ്ഞാനകേന്ദ്രം പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ഡോ. പി.യരാജ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സഹായം നല്‍കിയതായി മാനേജിങ് ഡയറക്ടര്‍ പറഞ്ഞു. കാര്‍ഷിക സര്‍വകലാശാലയുടെ മാര്‍ഗനിര്‍ദേശപ്രകാരമാണ് എല്ലാ ഒരുക്കങ്ങളും. നബാര്‍ഡിന്റെ സാമ്പത്തികസഹകരണവും ലഭിച്ചുവരുന്നു.

ശാസ്ത്രീയം, ജൈവികം

ശാസ്ത്രീയവും ജൈവികവുമായ രീതിയിലാണ് മാങ്ങ പഴുപ്പിക്കുന്നത്. കാഞ്ഞിരത്തിന്റെ ഇലയും വൈക്കോലും സമാസമം തട്ടുകളായി ക്രമീകരിച്ചാണ് പഴുപ്പിക്കല്‍ പ്രക്രിയ. മൂത്ത മാങ്ങ നാലുദിവസങ്ങള്‍ക്കകം പഴുക്കും. രാസവസ്തുക്കള്‍ ചേര്‍ക്കാത്തതിനാല്‍ 20 ശതമാനത്തോളം മാങ്ങകളും കേടുവരാനിടയുണ്ട്. (ഇക്കാരണത്താലാണ് വില താരതമ്യേന അല്‍പം കൂടുതല്‍) വൈവിധ്യവത്കരണമാണ് കമ്പനി ഭാവിയില്‍ ലക്ഷ്യമിടുന്നത്. ഇതിനായുള്ള പദ്ധതി ഏറെക്കുറെ പൂര്‍ത്തിയായിക്കഴിഞ്ഞു. നബാര്‍ഡിന്റെ സാമ്പത്തികസഹായത്തോടെ ഇതിനുവേണ്ട ഉപകരണങ്ങളും കെട്ടിടങ്ങളും സജ്ജീകരിക്കുകയാണ് ആദ്യപടി.പ്രദേശത്ത് നിലവിലുള്ള ജില്ലാപഞ്ചായത്തിന്റെ സ്റ്റാള്‍ ഇതിനായി വിട്ടുകിട്ടാനുള്ള സാധ്യതകള്‍ ആരായുകയാണ്. ജാം, പള്‍പ്പ്, ജ്യൂസ് എന്നിവയ്ക്കാണ് ആദ്യഘട്ടത്തില്‍ മുന്‍തൂക്കം. മാങ്ങയണ്ടിക്കുള്ളിലെ പരിപ്പ് വേര്‍തിരിച്ചെടുത്ത് തയ്യാറാക്കുന്നതും ശീതളപാനീയത്തില്‍ ഫ്ലേവറായി ഉപയോഗിക്കാവുന്നതുമായ ഉല്‍പന്നമാണ് മറ്റൊന്ന്.തൈകള്‍ തയ്യാറാക്കി വില്‍പന നടത്തുകയെന്നതാണ് മറ്റൊരു ലക്ഷ്യം .

ടെറസിലെ കൃഷി: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഇന്നത്തെ കാലത്ത് വീടിന്‍റെ ടെറസില്‍ കൃഷി ചെയ്യുക എന്നത് അത്ര പുതുമയുള്ള കാര്യമല്ല. പലരും പല വീട്ടിലും ഇപ്പോള്‍ കൃഷിയ്ക്കായി ടെറസ് ഉപയോഗിക്കാറുണ്ട്. എന്നാല്‍ ടെറസില്‍ കൃഷി ചെയ്യുന്നവര്‍ അറിഞ്ഞിരിയ്‌ക്കേണ്ട ചില കാര്യങ്ങളുണ്ട്.

ആദ്യം തന്നെ തോട്ടം തയ്യാറാക്കുമ്പോള്‍ എങ്ങനെയെല്ലാംഅതിനെ സജ്ജീകരിയ്ക്കാം എന്നതിനെക്കുറിച്ച് അറിഞ്ഞിരിയ്ക്കണം. കൃഷി ചെയ്യുന്നതിനു മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. എന്തൊക്കെയെന്ന് നോക്കാം.

പറ്റിയ സ്ഥലം തിരഞ്ഞെടുക്കുകയാണ് ആദ്യം വേണ്ടത്. സൂര്യപ്രകാശം ലഭിയ്ക്കുന്ന തുറന്ന സ്ഥലങ്ങള്‍ ആയിരിക്കണം കൃഷിയ്ക്കായി തിരഞ്ഞെടുക്കേണ്ടത്.

വെയില്‍ ലഭിയ്ക്കണം എന്ന് കരുതി മിതമായ വെയില്‍ മാത്രമുള്ളിടത്ത് വേണം കൃഷി ചെയ്യാന്‍ സ്ഥലം കണ്ടെത്താന്‍. അല്ലാത്ത പക്ഷം അത് ചെടിയെ നശിപ്പിക്കും

മണ്ണ് തയ്യാറാക്കാന്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഓര്‍ഗാനിക് കൃഷിയാണെങ്കില്‍ അതില്‍ ചാണകവും ചേര്‍ത്ത് വേണം മണ്ണ് തയ്യാറാക്കാന്‍.

വീട്ടില്‍ ഉപയോഗിച്ച് ബാക്കി വരുന്ന പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ച് കമ്പോസ്റ്റ് തയ്യാറാക്കണം. ഇതും മുകളില്‍ ചാണകവും മണ്ണും തയ്യാറാക്കിയതിന്‍റെ കൂടെ ചേര്‍ക്കാം.

വേഗത്തില്‍ വളരുന്ന പച്ചക്കറികള്‍ മാത്രം ആദ്യം തിരഞ്ഞെടുക്കുക. തക്കാളി, മുളക്, ചീര എന്നിവ മാത്രം.

ചെടികള്‍ സ്ഥിരമായി നനയ്‌ക്കേണ്ടത് അത്യാവശ്യമാണ്. പക്ഷേ അധികം നനയ്ക്കുകയും ചെയ്യരുത്. ഇത് വേരുകള്‍ ചീയാന്‍ കാരണമാകും. മാത്രമല്ല മണ്ണിലെ പോഷകങ്ങള്‍ നശിക്കാനും ഇത് കാരണമാകും.

ടെറസില്‍ കൃഷി ചെയ്യുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടതാണ് ഇത്. മഴ പെയ്ത് കഴിഞ്ഞാല്‍ പിന്നീട് മണ്ണിലേക്ക് വളം ചേര്‍ക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ മഴയോടൊപ്പം എല്ലാ വളങ്ങളും ഒലിച്ച് പോയിട്ടുണ്ടാവും.

കാര്‍ഷിക നാട്ടറിവുകള്‍

അകിടു വീക്കത്തിന്‌ ഉപ്പനച്ചിൻ (ഇലപ്പുള്ളി) പച്ചമഞ്ഞളുമായി ചേർത്ത്‌ അരച്ചിട്ടാൽ മതി. ആനക്കണ്ടയുടെ കിഴങ്ങ്‌ വച്ചാൽ ചിതൽ വരുകയില്ല.

കന്നുകാലിയുടെ പുഴുക്കടിക്കെതിരേ വേപ്പെണ്ണയുടെ കൂടെ അടുപ്പിന്‍റെ മുകളിലെ പുകക്കറ കൂടി ചേർക്കുന്നത്‌ വളരെ ഫലപ്രദമാണ്‌.

ചിരട്ടയെണ്ണ കന്നുകാലികളുടെ മുറിവുണങ്ങാൻ നല്ലതാണ്‌.

മുളയുടെ കിഴങ്ങ്‌ കത്തികൾക്ക്‌ പിടിയിടുവാൻ ഉപയോഗിക്കാം.

തേരകം, തൊണ്ടി തുടങ്ങിയവ നിൽക്കുന്നിടത്ത്‌ വെള്ളമുണ്ടായിരിക്കും.

തെങ്ങിന്‍റെ കൂമ്പുചീയലിന്‌ മണ്ടയിൽ ഉപ്പിടുന്നത്‌ ഫലപ്രദമാണ്‌.

അടയ്ക്കാ ക്കുല മരത്തോടു ചേരുന്നിടത്ത്‌ മുറിവുണ്ടാക്കുകയാണെങ്കിൽ അടയ്ക്ക പൊട്ടുന്നത്‌ കുറയും.

അമരത്തടത്തിൽ പഴകിയ കഞ്ഞിവെള്ളം ഒഴിച്ചു നിർത്തിയാൽ നല്ലവണ്ണം പൂക്കും, കായ്പ്പിടുത്തവും ക്രമമായി കൂടുന്നതാണ്‌.

കമ്പിളി, വെളുത്തുള്ളിയുടെ പോള എന്നിവ കത്തിച്ച്‌ പുകച്ചാൽ വെള്ളരിവർഗവിളകളെ ആക്രമിക്കുന്ന കീടങ്ങൾ വിട്ടകലും.

പഴയ കഞ്ഞിവെള്ളത്തിൽ കായം, വെളുത്തുള്ളി എന്നിവ നന്നായി കൂട്ടിക്കലർത്തി വെള്ളരിവർഗ വിളകളിൽ തളിച്ചു കൊടുക്കുക.

വൈറസ്‌ ദീനമായ നരപ്പ്‌ അഥവാ മൊസൈക്ക്‌ ബാധ കുറയുന്നതായി കാണാം. തെങ്ങിൻ തടത്തിൽ വേപ്പിൻപ്പിണ്ണാക്കും ഉമിയും ചേർത്തിടുന്നത്‌ നല്ല വിളവിന്‌ കാരണമാകും.

വാഴ നടുമ്പോൾ കുഴിയിൽ ഒരു പിടി വേപ്പിൻ പിണ്ണാക്കും, ഒരു നുള്ള്‌ അറക്കപ്പൊടിയും ചേർക്കുക. നിമാ വിരകൾ വരില്ല.

കപ്പ നടുമ്പോൾ ചെമന്ന കൊടുവേലിയും കൂടെ നടുക. എലി ശല്യം (തുരപ്പനെലി) വരില്ല. വഴുതന, തക്കാളി, മുളക്‌ എന്നിവ നടുന്ന, മണ്ണിൽ കുമ്മായം, വേപ്പിൻപ്പിണ്ണാക്ക്‌, ഉമി എന്നിവ ചേർക്കുക. ബാക്ടീരിയ, തണ്ടഴുകൽ എന്നിവ കുറയും.

ഇഞ്ചി നടുന്ന തടയിൽ (തവാരണയിൽ) ഉമി, വേപ്പിൻപ്പിണ്ണാക്ക്‌ ഇവ ചേർത്താൽ തണ്ടഴുകൽ വരില്ല.

പനിക്കൂർക്കയില, വെളുത്തുള്ളി, കായം എന്നിവ ചതച്ച്‌ ഇരട്ടി വെള്ളം ചേർത്ത്‌ പച്ചക്കറി വിളകളിൽ തളിക്കുക.

കീടങ്ങൾ വിട്ടകലുന്നതായി കാണാം. ആവണക്കെണ്ണ, സോപ്പ്‌ എന്നിവ ചേർത്ത്‌ നല്ല ലായനിയുണ്ടാക്കി ഇരട്ടിവെള്ളം ചേർത്ത്‌ തളിക്കുക.

കീടങ്ങൾ വരില്ല. കന്നുകാലികളുടെ ദേഹത്ത്‌ ആവണക്കിന്‍റെ എണ്ണ പുരട്ടുന്നത്‌ പല രോഗബാധകളെയും വിട്ടു നിർത്തും.

ജൈവകൃഷിയും തേനീച്ചപരിപാലനവും

മനുഷ്യരാശിയുടെ ആഹാരത്തിനായി ഉപയോഗിക്കുന്ന എഴുപത്‌ ശതമാനത്തോളം വരുന്ന ചെടികളും തേനീച്ചയുടെ പരാഗണത്തിലൂടെ ഉത്പാദിപ്പിക്കപ്പെടുന്നവയാണെന്നുള്ള കാര്യങ്ങൾ നാം അറിഞ്ഞിരിക്കേണ്ടതാണ്‌. ഭൂമിയിലെ തേനീച്ച മുഴുവൻ ഇല്ലാതായാൽ പച്ചപ്പ്‌ പരന്ന ഈ ഭൂപ്രദേശം ഒരു മരുഭൂമിയാകാൻ വെറും നാലു വർഷം മാത്രം മതിയാകും എന്ന്‌ പ്രശസ്ത ശാസ്ത്രജ്ഞൻ സാക്ഷാൽ ഐൻസ്റ്റീൻ ഒരിക്കൽ പറയുകയുണ്ടായി. ഇതിൽ നിന്നും പ്രകൃതിയുടെ നിലനിൽപ്പിന്‌ തേനീച്ചകളുടെ അഭംഗുരമായ പങ്കും പ്രവർത്തനവും വ്യക്തമാക്കുന്നു.
സപുഷ്പികളായ ചെടികളിലും മറ്റ്‌ വൃക്ഷങ്ങളിലും പഴങ്ങളും വിത്തുകളും രൂപാന്തരപ്പെടുന്നതിന്‌ പരാഗണം അനിവാര്യമായ പ്രവർത്തനമാണ്‌. ഭൂമിയിൽ ജീവന്‍റെ തുടിപ്പ്‌ നിലനിർത്തിക്കൊണ്ടുപോകുന്നതിന്‌ ഒരു പൂവിൽ നിന്ന്‌ പരാഗരേണുക്കൾ അഥവാ പൂമ്പൊടി മറ്റൊരു പുഷ്പത്തിലേക്ക്‌ സഞ്ചരിക്കുന്ന പ്രക്രിയയ്ക്ക്‌ അഗാധമായ അർഥവും വ്യാപ്തിയുമുണ്ട്‌. പൂവിലെ പുരുഷപ്രത്യുൽപ്പാദന അവയവമായ കേസരം (ആന്തറി) നിന്ന്‌ പുരുഷ ബീജ കോശങ്ങളായ പരാഗരേണുക്കൾ സ്ത്രീ പ്രത്യുത്പാദന അവയവമായ വർത്തികാഗ്രത്തിൽ വീഴുകയോ അതേ ഇനത്തിൽപ്പെട്ട മറ്റ്‌ പുഷ്പങ്ങളിലെ വർത്തികാഗ്രത്തിലേക്ക്‌ പരാഗണകാരികൾ വഴി പരിവഹണം ചെയ്യപ്പെടുകയോ ചെയ്യുന്ന പ്രക്രിയയ്ക്ക്‌ പരാഗണം എന്നു പറയുന്നു. ചില ചെടികളിൽ പുരുഷ സ്ത്രീ പ്രത്യുത്പാദന അവയവങ്ങൾ ഒരേ പുഷ്പത്തിലും മറ്റു ചില ചെടികളിൽ വ്യത്യസ്ഥ പുഷ്പങ്ങളിലും കാണപ്പെടുന്നു. എന്നാൽ മറ്റൊരുവിഭാഗം ചെടികളുണ്ട്‌. ആൺ ചെടികളും പെൺചെടികളും പ്രത്യേകം പ്രത്യേകമായി വളരുന്നു. ഇവയിൽ ആദ്യവിഭാഗത്തിൽപ്പെടുന്ന ചെടികളിലും സ്വയം പരാഗണമാണ്‌ കൂടുതൽ നടക്കുന്നതെങ്കിലും രണ്ടും മൂന്നും വിഭാഗം ചെടികളിൽ പരപരാഗണം മാത്രമാണ്‌ നടക്കുന്നത്‌.

പ്രകൃതിയുടെ നിരന്തരമായ നിർദ്ധാരണത്തിന്‍റേയും പരിണാമത്തിന്‍റേയും പ്രാദേശികമായ ചെടികളുടെ വളർച്ചയേയും അടിസ്ഥാനപ്പെടുത്തി പരാഗണത്തിനായി പ്രത്യേകം ഏജന്‍റുമാർ ഉള്ളതായി കാണാൻ കഴിയും. അവ കാറ്റ്‌, മഴ ഷഡ്പദങ്ങൾ, മറ്റ്‌ ജന്തുക്കൾ എന്നിവയാണ്‌. ഭൂമിയിൽ കാണപ്പെടുന്ന 80 ശതമാനം ചെടികളിലും പരാഗണം നടത്തുന്നത്‌ ഷഡ്പദവിഭാഗത്തിൽപ്പെട്ട ജീവജാലങ്ങളാണ്‌. തേനും പൂമ്പൊടിയും ശേഖരിക്കാനായി പൂക്കളിൽ എത്തുന്ന എല്ലാ ഷഡ്പദങ്ങളും ചെറിയ അളവിൽ പൂമ്പൊടി കൈമാറി പരാഗണത്തെ സഹായിക്കുന്നുണ്ട്‌. എന്നാൽ തേനീച്ചകളുടെ സ്ഥിതി അതല്ല.സാധാരണയായി ഒരു ഷഡ്പദം പൂവിലേക്ക്‌ വന്നാൽ അതിനാവശ്യമായ പൂമ്പൊടി മാത്രമേ ശേഖരിക്കാറുള്ളു. എന്നാൽ തേനീച്ചയുടെ സ്ഥിതി മറിച്ചാണ്‌. തന്‍റെ കോളനിയിലെ പതിനായിരക്കണക്കിന്‌ വരുന്ന അംഗസഖ്യങ്ങൾക്കും സമീപഭാവിയിൽ വിരിഞ്ഞിറങ്ങുന്ന പുതിയ തേനീച്ചകൾക്കും ആവശ്യമായ പൂമ്പൊടി മുഴുവൻ ശേഖരിക്കുന്നതിനായി കൂടുതൽ സമയം പൂക്കളിൽ ചിലവഴിക്കുന്നത്‌ പരാഗണത്തെ പരിപോഷിപ്പിക്കുന്നതിന്‌ സഹായിക്കുന്നു. ഇതുമൂലം ഉത്പാദനക്ഷമത വർധിക്കുന്നു.ആയിരക്കണക്കിന്‌ പരാഗരേണുക്കൾ ആവാഹിച്ചെടുക്കാൻ കഴിയുന്ന രോമാവൃതമായ ശരീരികഘടന തേനീച്ചകൾക്കുള്ളതിനാൽ കൂടുതൽ പരാഗണരേണുക്കൾ പൂക്കളിൽ നിക്ഷേപിക്കാൻ അനായാസം സാധിക്കുന്നതിനാൽ പരാഗണത്തിന്‍റെ തോതും ഗുണനിലവാരവും വർധിപ്പിക്കുന്നു.

ഓരോ ആഹാര ശേഖരണത്തിലും ഒരേ ഇനത്തിൽപ്പെട്ട ചെടികളിൽ നിന്ന്‌ മാത്രമേ തേനും പൂമ്പൊടിയും ശേഖരിക്കാറുള്ളു എന്നത്‌ തേനീച്ചകളുടെ മാത്രം പ്രത്യേകതയാണ്‌. തേനും-പൂമ്പൊടിയും ശേഖരിക്കുന്നതും സംസ്കരിക്കുന്നതിനും സൂക്ഷിക്കുന്നതിനുമുള്ള എളുപ്പത്തിനായാണ്‌ ഇങ്ങനെ ഏകമാനപുഷ്പങ്ങളിൽ നിന്ന്‌ മാത്രം ശേഖരിക്കുന്നത്‌. ഇത്‌ പരാഗണം ത്വരിതഗതിയിൽ ആക്കുന്നതിനും എല്ലാ പുഷ്പങ്ങളിലും കായ്ഫലം ഉണ്ടാക്കുന്നതിനും സഹായിക്കുന്നു.

പരപരാഗണം ചെടിയിൽ ഉണ്ടാകുന്ന ഉത്പന്നത്തിന്‍റെ അളവിലും ഗുണനിലവാരത്തിലും ഗണ്യമായ വ്യത്യാസം ഉണ്ടാക്കുന്നു. ശരിയായ പരാഗണം നടത്താതെ വന്നാൽ ഫലങ്ങളുടെ വലിപ്പക്കുറവിനും പല ആകൃതിയിൽ വളർന്നുമാറുന്നതിനും ഇടയാകുന്നു. ഷഡ്പദങ്ങളിലൂടെയുള്ള പരാഗണം കൃത്യമായി നടന്നാൽ പെട്ടെന്ന്‌ തന്നെ പഴങ്ങളും വിത്തുകളും രൂപപ്പെടുകയും വിളവെടുപ്പിന്‍റെ കാലദൈർഘ്യം കുറയ്ക്കാനും ഒരേസമയം ഫലങ്ങളും വിത്തുകളും പാകമായി മാറുന്നു.കൃഷിക്ക്‌ വെള്ളവും വളവും ഉപയോഗിക്കുന്നതുപോലുള്ള പ്രാധാന്യം തന്നെ പരാഗത്തിനും നൽകേണ്ടതുണ്ട്‌. നല്ലയിനം വിത്തിനങ്ങൾ അത്യുത്പാദനശേഷി പ്രദാനം ചെയ്യാൻ കഴിവുള്ള വളങ്ങളും ശാസ്ത്രീയ ജലസേചനമാർഗങ്ങൾ അവലംബിച്ചാലും പരാഗണം ശരിയായി നടന്നില്ലെങ്കിൽ ഉത്പാദനക്ഷമത കുറഞ്ഞുപോകുന്നു. കൃഷിയിൽ വ്യാപകമായി യന്ത്രവത്കരണം ഏർപ്പെടുത്തിയിരിക്കുന്ന മിക്കവാറും എല്ലാ രാജ്യങ്ങളിലും ഇരുപതാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ തന്നെ പരാഗണത്തെ സഹായിക്കുന്നതിനായി തേനീച്ചകളെ ഉപയോഗിച്ചുവരുന്നു.

ജൈവപച്ചക്കറികൃഷിയിൽ തേനീച്ച വളർത്തൽ സാധ്യമാണോ? സാധാരണ ഉയരുന്ന ഒരു സംശയമാണ്‌. തേനീച്ചകൾ കുത്തും, അവയ്ക്ക്‌ തീറ്റ കൊടുക്കണം, കൂടുതൽ സ്ഥലം വേണം, അധികം ജോലിയെടുക്കണം എന്നൊക്കെയാണ്‌ ചോദിക്കാറുള്ളത്‌. ജൈവപച്ചക്കറികൃഷിയിലാണ്‌ തേനീച്ചകളെ വളർത്താൻ സാധിക്കുന്നത്‌. തേനീച്ച വളർത്തലിന്‌ പ്രത്യേകിച്ച്‌ സ്ഥലം ആവശ്യമില്ല. സ്വന്തമായി സ്ഥലം ഇല്ലാത്തവർക്ക്‌ അന്യന്‍റെ കൃഷിത്തോട്ടത്തിൽ കോളനികൾ സ്ഥാപിച്ച്‌ തേൻ ശേഖരിക്കാവുന്നതാണ്‌. തേനീച്ചകൾ കുത്തുന്ന സ്വഭാവമുള്ള ജീവജാലങ്ങളാണെങ്കിലും ശാസ്ത്രീയമായ പരിചരണമാർഗങ്ങൾ അവലംബിക്കുന്നതുവഴി കുത്ത്‌ ഒഴിവാക്കാവുന്നതാണ്‌.

കീടനാശിനികളും രാസവളപ്രയോഗവുമൊന്നുമില്ലാതെ ജൈവപച്ചക്കറി കൃഷിയിൽ ഉത്പാദനവർധനവ്‌ മാത്രമല്ല ജൈവതേനും ഉത്പാദിപ്പിക്കാൻ കഴിയും. ജൈവപച്ചക്കറി കൃഷി വ്യാപകമായി ചെയ്യുന്ന ഒരേക്കർ സ്ഥലത്ത്‌ ഏകദേശം അഞ്ച്‌ മുതൽ 10 തേനീച്ച കോളനികൾ വരെ സ്ഥാപിക്കാം. ഇത്രയും തേനീച്ചകൾക്ക്‌ വേണ്ട ആഹാരപദാർഥം ഇത്രയും ചെടിയിൽ നിന്നും ലഭിക്കണമെന്നില്ല. എന്നാൽ തേനീച്ചകൾ ഒരു കിലോമീറ്റർ ദൂരം വരെ പറന്നുപോയി തേൻ ശേഖരിക്കുന്നതിനാൽ നമ്മുടെ പച്ചക്കറി കൃഷിയിലെ മാറതമല്ല സമീപ പ്രദേശത്തുള്ള മറ്റ്‌ കൃഷിയിടങ്ങളിലും പരാഗണം നടത്തി ഉത്പാദനം വർധിപ്പിക്കാനും മറ്റ്‌ കൃഷിയിടങ്ങളിലെ ചെടികളിൽ നിറഞ്ഞുവരുന്ന തേൻ കൂടി നമ്മുടെ തേനീച്ച കോളനികളിൽ എത്തിച്ച്‌ അധികവരുമാനം നേടിത്തരുന്ന ഒരു പ്രതിഭാസം കൂടി നമുക്ക്‌ അനുഭവിച്ചറിയാൻ കഴിയും. ഇതിൽ ശ്രദ്ധിക്കേണ്ട കാര്യം ഒരു സ്ഥലത്ത്‌ അഞ്ച്‌ മുതൽ 10 തേനീച്ച കോളനികൾ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ സമീപപ്രദേശത്ത്തന്നെ കൂടുതൽ തേനീച്ച പെട്ടികൾ സ്ഥാപിക്കാൻ പാടില്ല. കുറഞ്ഞത്‌ അരകിലോമീറ്റർ എങ്കിലും മാറിയേ കോളനികൾ സ്ഥാപിക്കാൻ പാടുള്ളു.

ജൈവപച്ചക്കറികൃഷിയിൽ തേനീച്ച പരിപാലനം കൂടി ഉൾപ്പെടുത്തിയാൽ 14000 രൂപ നിക്ഷേപിക്കുന്ന കർഷകന്‌ ഏകദേശം 77000 രൂപ വരവ്‌ പ്രതീക്ഷിക്കാം. അതായത്‌ നിക്ഷേപത്തിന്റെ 450 ശതമാനം വർധനവാണ്‌ ഒരു വർഷംകൊണ്ട്‌ കർഷകന്‌ വരവിൽ ലഭിക്കുന്നത്‌. അത്യുത്പാദനത്തിന്‍റെയും ത്വരിത വികസനത്തിന്‍റെയും പേരുപറഞ്ഞ്‌ രാസകീടനാശിനികളും രാസവളപ്രയോഗങ്ങളും ഉപയോഗിച്ച്‌ മണ്ണിന്‍റെയും പ്രകൃതിയുടെയും ജൈവഘടനയേയും ജൈവവൈവിധ്യത്തെയും നശിപ്പിക്കാൻ ശ്രമിക്കുമ്പോൾ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പരസ്പര ബന്ധത്തെ അരക്കിട്ടുറപ്പിക്കാൻ ശ്രമിക്കുന്ന ജൈവകൃഷിക്കാരായ സുമനസുകൾക്ക്‌ തേനീച്ച പരിപാലനം അനുയോജ്യവും അയുക്തവുമായ കൃഷിരീതി തന്നെയാണ്‌.

വളം - കീടനാശിനികള്‍

കൊക്കോ തോടുകൊണ്ട്‌ ജൈവവളമുണ്ടാക്കാം

ആരോഗ്യമുള്ള മനസ്സ്‌ ആരോഗ്യമുള്ള ശരീരത്തെ സൃഷ്ടിക്കുന്നു. അതുപോലെയാണ്‌മണ്ണിന്‍റെ കാര്യവും. ശുദ്ധമായ മണ്ണിലേ നല്ല വിളവുണ്ടാവുകയുള്ളു. മണ്ണിന്‍റെ ഘടന മെച്ചപ്പെടുത്താനും ചെറിയ മൺകട്ടകൾ രൂപപ്പെട്ട്‌ മണ്ണൊലിപ്പ്‌തടയുന്നതിനും കൃഷിസ്ഥലത്തെ മണ്ണിൽ ജൈവവളം ചേർക്കണം. കൊക്കോ തോടുകൊണ്ട്‌ജൈവവളം ഉണ്ടാക്കുന്ന വിധമാണ്‌ ഇനി പറയാൻ പോകുന്നത്‌.
കൊക്കോതോട്‌ 10 പാട്ട (പച്ചക്കായുടെയും കേടുവന്ന കായുടെയും മററും തോട്‌ഉപയോഗിക്കാം) മണ്ണ്‌ 2.5 പാട്ട (കല്ല്‌, പ്ലാസ്റ്റിക്ക്‌ എന്നിവ നീക്കംചെയ്തത്‌) ചാണകം, സസ്യാവശിഷ്ടങ്ങൾ 2 പാട്ട (ലഭ്യമെങ്കിൽ മാത്രം) 3:3:3 അടി അളവിലുളള കുഴി(ടാങ്ക്‌) നിർമ്മിക്കണം. കല്ലുകൾ ഉപയോഗിച്ച്‌ വശങ്ങൾകെട്ടുന്നതും നല്ലതാണ്‌. ഈ കുഴിയിൽ കൊക്കോതോട്‌ നിക്ഷേപിക്കണം. ആഴ്ചയിൽ പൊട്ടിക്കുന്ന കൊക്കോ കായുടെ തോട്‌ ശേഖരിച്ചുവച്ചും ഇതിനുവേണ്ടി ഉപയോഗിക്കാം.  ചാണകം, സസ്യാവശിഷ്ടങ്ങൾ എന്നിവ ലഭ്യമെങ്കിൽ രണ്ട്‌ പാട്ട ഇതിനോടൊപ്പം ചേർക്കുന്നത്‌ വളരെ നല്ലതാണ്‌. അതിനുശേഷം കല്ലും കട്ടയുംനീക്കം ചെയ്ത മണ്ണിട്ട്‌ കുഴിയുടെ മുകൾഭാഗം മൂടുന്നു. പ്ലാസ്റ്റിക്‌, ഗ്ലാസ്‌, ലോഹങ്ങൾ എന്നിവ ഉണ്ടെങ്കിൽ നീക്കം ചെയ്യണം. കൊക്കോതോടുകൾ കുഴിയിൽനിക്ഷേപിക്കുന്ന അവസരത്തിൽ അവ ചെറുതായി പൊട്ടിച്ചിടുന്നതാണ്‌ ഉത്തമം.
ഇപ്രകാരം തയ്യാർ ചെയ്ത കൊക്കോ ജൈവവളം അഞ്ച്‌ മാസം കൊണ്ട്‌ തയ്യാറാകും.വേനൽക്കാലത്ത്‌ കുഴിയുടെ മുകൾ ഭാഗം നനയ്ക്കുന്നത്‌ നല്ലതാണ്‌. അഞ്ചുമാസങ്ങൾക്കു ശേഷം കൊക്കോ ജൈവവളം കൊക്കോ കൃഷിക്ക്‌ മാത്രമല്ല റബർ, തെങ്ങ്‌, വാഴ, എന്നീ കൃഷികൾക്കും ഉപയോഗിക്കാം.

ചകിരിച്ചോറിനെ നല്ല ജൈവവളമാക്കി മാറ്റാം

കയര്‍ ഉല്‍പന്നങ്ങളുണ്ടാക്കാന്‍ ഉപയോഗിക്കുന്ന ചകിരിയുടെ അവശിഷ്ടം നല്ല കമ്പോസ്റ്റ് വളമാണ്. ഒരു കിലോഗ്രാം ചികിരിനാര് ഉണ്ടാവുമ്പോള്‍ അവശിഷ്ടമായി രണ്ടു കിലോഗ്രാം ചികിരിച്ചോറ് ലഭിക്കന്നു. ഭാരംകുറഞ്ഞ, കാറ്റില്‍ പറക്കുന്ന ഈ അവശിഷ്ടം ധാരാളം ഈര്‍പ്പം വലിച്ചെടുക്കുന്നതും നിക്ഷേപിക്കാന്‍ ധാരാളം സ്ഥലം ആവശ്യമുള്ളതുമാണ്. കേരളത്തിലെ ചകിരിവ്യവസായ കേന്ദ്രങ്ങളില്‍ ഒഴിവാക്കാനിടമില്ലാതെ കിടക്കുന്ന ചികിരിച്ചോര്‍ മികച്ച ജൈവവളമാണ്. മാറ്റാനിടമില്ലാതെ വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോഴാണ് തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാലയുടെയും കയര്‍ബോര്‍ഡിന്റെയും ആഭിമുഖ്യത്തില്‍ നടത്തിയ പരീക്ഷണം ചികിരിയില്‍നിന്ന് ചകിരിച്ചോര്‍ കമ്പോസ്റ്റ് എന്ന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. ജൈവവള നിര്‍മാണത്തിന് ആവശ്യമായ പൂപ്പല്‍ മിശ്രിതം പിത്ത്പ്ലസ് കേന്ദ്ര കയര്‍ ഗവേഷണ കേന്ദ്രത്തില്‍നിന്ന് വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിച്ച് വിതരണംചെയ്തുവരുന്നു. പിത്ത്പ്ലസ് ഉപയോഗിച്ചാല്‍ 30 ദിവസംകൊണ്ട് ചകിരിച്ചോറിനെ നല്ല ജൈവവളമാക്കി മാറ്റാന്‍കഴിയും. ഒരു ടണ്‍ ചികിരിച്ചോര്‍ കമ്പോസ്റ്റാക്കി മാറ്റാന്‍ രണ്ടു കിലോഗ്രാം പിത്ത് പ്ലസും അഞ്ച് കിലോഗ്രാം യൂറിയയും വേണം.

കമ്പോസ്റ്റ് നിര്‍മാണം

നല്ല സൂര്യപ്രകാശം ലഭിക്കുന്ന, വെള്ളം കെട്ടിനില്‍ക്കാത്ത തുറസ്സായ സ്ഥലത്ത് തറയില്‍ അഞ്ച് മീറ്റര്‍ നീളത്തിലും മൂന്നു മീറ്റര്‍ വീതിയിലുമായി 10 സെ. മീ. കനത്തില്‍ ചകിരിച്ചോര്‍ നിരത്തുക. 400 ഗ്രാം പിത്ത്പ്ലസ് ഇതിനു മുകളില്‍ ഒരേ കനത്തില്‍ വിതറുക. അതിനുശേഷം പഴയപടി 100 കി.ഗ്രാം ചകിരിച്ചോര്‍ പിത്ത്പ്ലസിനു മുകളില്‍ വിതറണം. അതിനു മുകളില്‍ ഒരു കി.ഗ്രാം യൂറിയ വിതറുക. ഇങ്ങനെ വീണ്ടും ചകിരിച്ചോര്‍, പിത്ത്പ്ലസ്, ചികിരച്ചോര്‍, യൂറിയ എന്ന ക്രമത്തില്‍ 10 അടുക്ക് ചകിരിച്ചോര്‍ വിതറണം. ഈര്‍പ്പം നിലനിര്‍ത്താന്‍ ആവശ്യത്തിന് വെള്ളം ലഭ്യമാക്കണം.
ഈര്‍പ്പം നിലനിര്‍ത്താന്‍ ചണച്ചാക്കോ, വഴയിലയോ, തെങ്ങോലയോ കൊണ്ടു മുകളില്‍ പുതയിടണം. 30-40 ദിവസംകൊണ്ട് ചികിരിച്ചോര്‍ കമ്പോസ്റ്റ് റെഡി. ഒരു ടണ്‍ ചികിരിച്ചോറില്‍നിന്ന് 600 കി.ഗ്രാം കമ്പോസ്റ്റ് വളം ലഭിക്കും. സംസ്‌കരിച്ച ചകിരിച്ചോറില്‍ 1.26% നൈട്രജന്‍, 0.06% ഫോസ്ഫറസ്, 1.20% പൊട്ടാഷ് എന്നിവയ്ക്കു പുറമെ ലിഗ്‌നില്‍ 4.80, സെല്ലുലോസ് 10% എന്നിവ അടങ്ങിയിരിക്കുന്നു. നെല്‍കൃഷി ഏക്കറിന് നാല് ടണ്‍, തെങ്ങിന് 50 കി.ഗ്രാം, കശുമാവിന് 50 കി.ഗ്രാം എന്ന തോതില്‍ ഉപയോഗിക്കാം. മണ്ണിന്‍റെ ഈര്‍പ്പം നിലനിര്‍ത്തുന്നതിനും മണ്ണിളക്കം കൂട്ടുന്നതിനും വേരുകളുടെ  പ്രവര്‍ത്തനം ഉത്തേജിപ്പിക്കുന്നതിനും ഉല്‍പ്പാദനം കൂട്ടുന്നതിനും ഗുണമേന്മ വര്‍ധിപ്പിക്കുന്നതിനും ഈ കമ്പോസ്റ്റിനു കഴിയും.

ജൈവകൃഷിക്ക് സമ്പുഷ്ടീകരിച്ച വളം നിര്‍മിക്കാം

ജൈവകൃഷിതന്നെ ജൈവ വളത്തില്‍ അധിഷ്ഠിതമായ കൃഷിമുറയാണ്. ജൈവ വള ലഭ്യത ഉറപ്പുവരുത്തുന്നതോടൊപ്പം അതിന്റെ ഗുണമേന്മ ഉറപ്പിക്കാനും പോഷകസമ്പന്നമാക്കാനും നമുക്കാവണം. ചില പ്രത്യേക ശ്രദ്ധ നല്‍കി ഉപയോഗിക്കുന്ന ജൈവവളത്തെ സമ്പുഷ്ടീകരിക്കാന്‍ ഓരോ കൃഷിക്കാരനും പഠിക്കണം. കൂടുതല്‍ ഉപയോഗിക്കുന്ന ഏതാനും ജൈവവളങ്ങളെ എങ്ങിനെ സമ്പുഷ്ടീകരിക്കാമെന്നു വിശദമാക്കാം.

കാലിവളം

ജൈവകൃഷിയില്‍ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന കാലിവളം പ്രത്യേക രീതിയില്‍ തയ്യാറാക്കി ഉപയോഗിച്ചാല്‍ വലിയ മൂല്യവര്‍ധന ഉണ്ടാകും. തൊഴുത്തില്‍നിന്നു തുടങ്ങണം ഈ പ്രവൃത്തി. തൊഴുത്തിനോടു ചേര്‍ന്ന് 20: 6 : 3 വലുപ്പത്തില്‍ കുഴിയെടുക്കുക. മുകളില്‍ വെയിലും, മഴയും കൊള്ളാത്തവിധം മേല്‍ക്കൂര വേണം. ഗോമൂത്രവും ചാണകവും ചേര്‍ന്നതാകണം കാലിവളം. അനുപാതം ചാണകം മൂന്നു ഭാഗം ഗോമൂത്രം ഒരു ഭാഗം (3:1). തൊഴുത്തില്‍ വൈക്കോല്‍ വിരിച്ചുകൊടുക്കണം. അറക്കപൊടിയും ചപ്പുചവറുകളും ആവാം. ഒരു പശുവിനു മൂന്നു കി.ഗ്രാം എന്ന തോതില്‍ തറയില്‍ വിരിച്ചുകൊടുക്കാം. തൊഴുത്തിനു സമീപത്തുള്ള കുഴിയുടെ ഒരരികില്‍ മൂന്നടി ഭാഗത്ത് ദിവസവും തറയില്‍വിരിച്ച ജൈവവസ്തുക്കളും ചാണകവും മൂത്രവും കലര്‍ന്ന മിശ്രിതം കോരിക്കൂട്ടുക. പല ദിവസങ്ങളിലായി ഏതാണ്ട് മൂന്നടി ഉയരമാവുമ്പോള്‍ ഇതിനു മുകളില്‍ മണ്ണും ചാണകവും ചേര്‍ത്ത മിശ്രിതം കുഴമ്പുരൂപത്തിലാക്കി പുരട്ടി മൂടിവയ്ക്കുക. അടുത്തദിവസംമുതല്‍ ലഭിക്കുന്ന തൊഴുത്തിലെ അവശിഷ്ടം ഇതിനടുത്ത കുഴിഭാഗത്തെ മൂന്നടി സ്ഥലത്ത് നിറയ്ക്കാം. 3-4 മാസം കഴിയുമ്പോള്‍ ആദ്യത്തെ കൂന എടുക്കാം. ഇങ്ങിനെ തുടര്‍ന്ന് ഓരോകൂനവഴി ഗുണമേന്മയുള്ള കാലിവളം ഉണ്ടാക്കാം. സാധാരണ കാലിവളത്തെക്കാള്‍ കൂടുതല്‍ ഗുണമേന്മയും പോഷകമൂലകങ്ങളും ഉണ്ടാവും.

ഇ എം കമ്പോസ്റ്റ്

വളംജൈവവളങ്ങളുടെ സമ്മിശ്ര ശേഖരമാണ് കമ്പോസ്റ്റ്. നമ്മള്‍ പാഴാക്കിക്കളയുന്ന എല്ലാ ജൈവവസ്തുക്കളും, ചാണകവും ചേര്‍ത്ത് കമ്പോസ്റ്റ് ഉണ്ടാക്കാം വളത്തെ കൂടുതല്‍ സമ്പുഷ്ടമാക്കാന്‍ ഇ എം കമ്പോസ്റ്റ് രീതി സ്വീകരിക്കാവുന്നതാണ്. മണ്ണില്‍ വിളകളുടെ പോഷണത്തെ ഏറ്റവും സഹായിക്കുന്ന ഒരുകൂട്ടം സൂക്ഷ്മജീവികളുടെ മിശ്രിതമാണ് ഇ എം ലായനികള്‍. ഇവ മാര്‍ക്കറ്റില്‍ ലഭ്യമാണ്. ഇതുകൂടി ചേര്‍ത്ത കമ്പോസ്റ്റാണ് ഇ എം കമ്പോസ്റ്റ്. നിര്‍മാണരീതി ഇനി പറയുന്നു. വെള്ളം കെട്ടിക്കിടക്കാത്ത, വെയിലേല്‍ക്കാത്ത ഇടം തെരഞ്ഞെടുക്കണം. ഈ പ്രതലത്തില്‍ ഇ എം ലായനി ഒഴിക്കണം. (അതായത് 30 ലിറ്റര്‍ ശുദ്ധജലം ഒരു ബക്കറ്റിലെടുത്ത് അതില്‍ 500 മി. ലി. ഇ എം ലായനിയും പരിപോഷണ മാധ്യമമായി 300 മി.ലി. ശര്‍ക്കര ലായനിയും ചേര്‍ത്തിളക്കിയതാണ് നാം ഉണ്ടാക്കുന്ന ഇ എം ലായനി). ഈ ലായനിയില്‍നിന്നാണ് അഞ്ചു ലിറ്റര്‍ പ്രതലത്തില്‍ ഒഴിക്കേണ്ടത്. ഇതിനു മുകളില്‍ അഞ്ചു സെ. മീ. ഉയരത്തില്‍ പച്ചച്ചാണകം നിരത്തുക. വീണ്ടും ഈര്‍പ്പം നിലനിര്‍ത്താന്‍ മാത്രം അല്‍പ്പം ഇ എം ലായനി ഒഴിക്കുക. തുടര്‍ന്ന് ചപ്പുചവറുകളും ജൈവ വസ്തുക്കളും ദിവസവും നിരത്തുക. 1.5 മീറ്റര്‍ ഉയരത്തിലെത്തിയാല്‍ ഇതിനു മുകളില്‍ പോളിത്തീന്‍ ഷീറ്റ്കൊണ്ട് മൂടിവയ്ക്കുക. 25 ദിവസം കഴിഞ്ഞാല്‍ മുകളില്‍ അല്‍പ്പം വെള്ളം തളിച്ച് ഈര്‍പ്പം നിലനിര്‍ത്താം. 50 ദിവസത്തോടെ ഇത് നല്ല കമ്പോസ്റ്റായി മാറും. ഇതില്‍ അഞ്ചു കി.ഗ്രാംവീതം കടലപ്പിണ്ണാക്കും എല്ലുപൊടിയുംകൂടി ചേര്‍ത്താല്‍ വളരെ ഗുണംചെയ്യും.

കോഴിവളം

ജൈവവളത്തില്‍ ഏറ്റവും ഗുണമേന്മയുള്ളതാണ് കോഴിവളം. കാലിവളത്തിന്റെ നാലിരട്ടി ഗുണംചെയ്യും. സമ്പുഷ്ടീകരിക്കാന്‍ പ്രയോഗിക്കുമ്പോള്‍ ഇനിപറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക. ചൂട് കൂടുതലുള്ളതിനാല്‍ മണ്ണില്‍ നവുള്ളപ്പോഴേ പ്രയോഗിക്കാവൂ. ഒരു ടണ്ണിന് 90 കി.ഗ്രാം തോതില്‍ കുമ്മായവുമായി ചേര്‍ത്ത് ഉപയോഗിക്കുക. ആട്ടിന്‍കാഷ്ടംനല്ല ജൈവവളമാണ്. എന്നാല്‍ ഘടനയുടെ പ്രത്യേകതകൊണ്ട് പെട്ടെന്ന് ചെടികള്‍ക്ക് കിട്ടില്ല. പൊടിച്ചുചേര്‍ക്കുക. നല്ല വെയിലത്തിട്ടാലും കാറ്റുവഴിയും മൂലകനഷ്ടം ഉണ്ടാകും. പുതിയ വളം ഉപയോഗിക്കുക.

പച്ചക്കറിക്കൃഷിക്കുള്ള ഉത്തമവളവും ജൈവകീടനാശിനിയുമായി വഡേലിയ

കടുംനിറത്തില്‍ മാറ്റ് ഫിനിഷിലുള്ള ഇലകളും നിലത്തോട് പറ്റിച്ചേര്‍ന്നു വളരുന്ന സ്വഭാവമുള്ള വഡേലിയയുടെ മുഖ്യ ആകര്‍ഷണം മഞ്ഞനിറത്തിലുള്ള നക്ഷത്രപ്പൂക്കള്‍തന്നെ. നോക്കിനില്‍ക്കെയാണ് സുന്ദരി വളര്‍ന്നുനിറഞ്ഞത്. ഇന്ന് ഈര്‍പ്പമുള്ളിടത്തെല്ലാം വഡേലിയ ആധിപത്യം ഉറപ്പിച്ചുകഴിഞ്ഞു.

സിംഗപ്പുര്‍ ഡേയ്സിയെന്നും നക്ഷത്രപ്പൂച്ചെടിയെന്നും പേരുള്ള വഡേലിയ ട്രൈലോബാറ്റയില്‍ കീടങ്ങളും രോഗങ്ങളും അടുക്കാറില്ല. ഈ ഒരു പ്രത്യേകത ഉപയോഗപ്പെടുത്തുകയാണെങ്കില്‍ പച്ചക്കറിക്കൃഷിക്കുള്ള ഉത്തമവളവും ജൈവകീടനാശിനിയുമായി  വഡേലിയയെ മാറ്റാം. വഡേലിയ വളമാക്കുന്നതിനായി രണ്ടടി താഴ്ചയുള്ള കുഴിയെടുത്ത് ചാണകപ്പൊടിയോ ആട്ടിന്‍കാഷ്ഠമോ രണ്ടിഞ്ച് കനത്തില്‍ ചേര്‍ക്കുക. പുളിപ്പിച്ച കഞ്ഞിവെള്ളമോ പച്ചച്ചാണകമോ നേര്‍പ്പിച്ച് തളിച്ചുകൊടുക്കണം. ഇതിനു മുകളിലായി വഡേലിയ ഒരടി കനത്തില്‍ നിരത്താം. ഈര്‍പ്പം നിലനിര്‍ത്താനായി മേല്‍പ്പറഞ്ഞ ലായനി തളിക്കണം. ഈ പ്രക്രിയ കുഴിയുടെ മുകളില്‍ അരയടി ഉയരംവരെ ആവര്‍ത്തിക്കാം. ഈ കൂന കളിമണ്ണും ചാണകവും കൂട്ടിയ മിശ്രിതം ഉപയോഗിച്ച് മൂടണം. ഈര്‍പ്പം നിലനിര്‍ത്താനായി മൂന്നുദിവസത്തിലൊരിക്കല്‍ വെള്ളം തളിക്കണം.

ഒരുമാസത്തിനകം വഡേലിയ ഒന്നാന്തരം കമ്പോസ്റ്റായി മാറിയിട്ടുണ്ടാകും. പച്ചച്ചാണകത്തിനുപകരം ഇ എം ലായിനി ഉപയോഗിക്കുകയാണെങ്കില്‍ കമ്പോസ്റ്റിങ് പ്രക്രിയ വേഗത്തിലാക്കാം. ഇതിനായി ഒരുലിറ്റര്‍ വെള്ളത്തില്‍ 300 മില്ലി ശര്‍ക്കരലായനിയും അരലിറ്റര്‍ ആക്ടിവേറ്റഡ് ഇ എമ്മുമാണ് ചേര്‍ക്കേണ്ടത്. ഇങ്ങനെ തയ്യാറാക്കുന്ന ലായനി ഇടയ്ക്കിടയ്ക്ക് കമ്പോസ്റ്റില്‍ തളിക്കുന്നത്  സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തും. ഇ എമ്മിലുള്ള ലാക്ടിക് ആസിഡ് ബാക്ടീരിയ വഡേലിയയിലെ സെല്ലുലോസിനെപ്പോലും വേഗം വിഘടിപ്പിക്കുമ്പോള്‍ ആസ്പര്‍ജില്ലസും പെനിസിലിയവും വഡേലിയയിലെ ജൈവവസ്തുക്കളുടെ വിഘടനത്തിന് പ്രാധാന്യം നല്‍കുന്നു. ടര്‍പീനും, ആല്‍ഫാപൈനീനും  ധാരാളമായി അടങ്ങിയ വഡേലിയയില്‍ കീടങ്ങള്‍ക്ക് ജീവിക്കാനോ ആഹരിക്കാനോ മുട്ടയിടാനോ പറ്റാറില്ല. കീടങ്ങള്‍ അടുക്കാത്ത വഡേലിയയെ അതുകൊണ്ടുതന്നെ ഒന്നാന്തരം ജൈവകീടനാശിനിയാക്കാം.

ഒരു ബക്കറ്റില്‍ ഒരുകിലോ പച്ചച്ചാണകവും 20 ഗ്രാം ശര്‍ക്കരയും ഒരു നുള്ള് യീസ്റ്റും 20 ലിറ്റര്‍ വെള്ളവും ചേര്‍ത്ത് കലക്കിയെടുക്കുക. ഈ മിശ്രിതത്തില്‍ ഒരുകിലോഗ്രാം വഡേലിയ ചണച്ചാക്കില്‍ നിറച്ച് മുക്കി തണലത്തുവക്കാം. ദിവസവും രണ്ടുനേരം നന്നായി ഇളക്കണം. മൂന്നാഴ്ച കഴിയുമ്പോള്‍ ചാക്ക് നന്നായി പിഴിഞ്ഞ് അരിച്ചെടുത്ത് നേര്‍പ്പിച്ച് പച്ചക്കറികളില്‍ തളിക്കുകയും തടത്തില്‍ ഒഴിച്ചുകൊടുക്കുകയും ചെയ്യണം. ആഴ്ചയിലൊരിക്കല്‍ ഇങ്ങനെ ചെയ്താല്‍ പച്ചക്കറിക്ക് നല്ല വളര്‍ച്ച കിട്ടും. പച്ചക്കറിക്കൃഷിയിലെ പെട്ടെന്നുള്ള കീടനിയന്ത്രണത്തിനായി വഡേലിയ വെള്ളത്തിലിട്ട് തിളപ്പിക്കുക. തണുത്തശേഷം ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് നേര്‍പ്പിച്ച് തളിക്കണം. എളുപ്പം അഴുകുന്ന സ്വഭാവമുള്ളതിനാല്‍ മണ്ണിരകമ്പോസ്റ്റിലെ താരമാകാനും വഡേലിയക്ക് കഴിയും.

ജൈവവള ഉല്‍പ്പാദനത്തിന് ചില നൂതനമാര്‍ഗങ്ങള്‍ ഇതാ

കേരളം ജൈവവളക്ഷാമം ഏറെ അനുഭവിക്കുന്ന ഇക്കാലത്ത്, പ്രത്യേകിച്ചും ജൈവ മാലിന്യ സംസ്കരണം അനിവാര്യമായ ഈ ഘട്ടത്തില്‍ ഇവയെ എങ്ങനെ സംസ്കരിച്ചെടുക്കാമെന്നത് മനസ്സിലാക്കേണ്ടതുമുണ്ട്. ഏതാനും ചില ഉറവിടമാലിന്യസംസ്കരണ മുറകള്‍ ഇതാ

മോസ്പിറ്റ് കമ്പോസ്റ്റിങ് :മണ്ണില്‍ ഒരു ചെറിയ കുഴിയെടുത്ത് നിര്‍മിക്കാവുന്നതാണിത്. ഒരു മീറ്റര്‍ ആഴവും 60 സെ. മീറ്റര്‍ വ്യാസവുമുള്ള ഒരു കുഴിയെടുക്കുക. ഈ കുഴി ചെറിയ കോണ്‍ക്രീറ്റ് സ്ളാബ്കൊണ്ട് അടയ്ക്കണം. സ്ളാബിന് 75 സെ.മീ. വ്യാസവും അഞ്ചു സെന്‍റിമീറ്റര്‍ കനവും വേണം. സ്ളാബ് തയ്യാറാക്കുമ്പോള്‍ ഇതിന്‍റെ  മധ്യഭാഗത്ത് 10 സെന്‍റിമീറ്റര്‍ വ്യാസവും 40 സെ. മീ. നീളവുമുള്ള ഒരു പിവിസി പൈപ്പ് സ്ഥാപിച്ച്‌ ഉറപ്പിക്കണം. ഇത്തരം സ്ളാബ്കൊണ്ടാണ് കുഴി മൂടേണ്ടത്. പൈപ്പിന് അടപ്പും ഉണ്ടാവണം. സ്ളാബ് മണ്ണിട്ടുമൂടാന്‍ ശ്രദ്ധിക്കുക. അടപ്പു തുറന്ന് പൈപ്പിലൂടെ കുഴിയില്‍ ഗാര്‍ഹിക ജൈവവസ്തുക്കള്‍ ഇടാം. മാലിന്യം നിക്ഷേപിക്കും മുമ്പേ അല്‍പ്പം പച്ചച്ചാണകവും ഈര്‍പ്പമുള്ള മേല്‍മണ്ണും ഇട്ട് ബാക്ടീരിയാസാന്നിധ്യം ഉണ്ടാക്കണം. പിന്നീട് അല്‍പ്പാല്‍പ്പമായി ജൈവവസ്തുക്കള്‍ ഇടുക. മാസത്തിലൊരിക്കല്‍ അല്‍പ്പം ചാണകക്കുഴമ്പ് ഒഴിക്കുന്നത് ബാക്ടീരിയാ പ്രവര്‍ത്തനം ത്വരിതമാക്കും. മൂന്നുമാസംകൊണ്ട് നിറയുന്നു. തുടര്‍ന്ന് മൂന്നുമാസം കമ്പോസ്റ്റ് രൂപപ്പെടാന്‍ അടച്ചുവയ്ക്കുന്നു. ഈ സമയം മറ്റൊരു കുഴികൂടി ഉണ്ടാക്കിയാല്‍ രണ്ടു കുഴിവഴി ഒരുവര്‍ഷത്തേക്ക് നിക്ഷേപിച്ച്‌ വളമാക്കാം. മഴ നനയരുത്. വെള്ളം കെട്ടിക്കിടക്കരുത്. സ്ളാബ് മാറ്റി വളം ശേഖരിക്കാം.

മണ്‍കല കമ്പോസ്റ്റ്: ഏറ്റവും ലളിതമായ അണുകുടുംബത്തിന് സ്വീകരിക്കാവുന്നതാണ് ഈ മാര്‍ഗം. ഏകദേശം 50 സെ.മീ. ഉയരവും ഒരുമീറ്റര്‍ ചുറ്റളവുമുള്ള രണ്ട് മണ്‍കലം വേണം. ഇതിനെ അടയ്ക്കാനുള്ള മണ്ണിന്‍റെ  മൂടിയും വേണം. മണ്‍കലം, ഇരുമ്പുകൊണ്ടോ മറ്റോ ഉണ്ടാക്കിയ ഒരു മുക്കാലിയിലാണ് സ്ഥാപിക്കേണ്ടത്. 30-45 മീ. ഉയരമുണ്ടായാല്‍ മതി. അടുക്കളപരിസരത്ത് മഴ നനയാത്തിടത്തു വയ്ക്കണം. മണ്‍കലത്തിന്‍റെ അടിഭാഗത്ത് ചെറിയൊരു ദ്വാരം ഇടണം. ഊറിവരുന്ന കമ്പോസ്റ്റിലെ വെള്ളം ദ്വാരംവഴി അടിയില്‍ വയ്ക്കുന്ന ചെറിയ പ്ളാസ്റ്റിക് ബക്കറ്റില്‍ ശേഖരിക്കണം. നാല് സ്പൂണ്‍ ഉപ്പു വിതറിയാല്‍ പ്രാണിസാന്നിധ്യം ഇല്ലാതാക്കാം. എല്ലാ ദിവസവുമുള്ള ജൈവവിത്തുകള്‍ ഇതില്‍ ഇടുക (കൂടുതല്‍ ഒന്നിച്ചിടരുത്. ചകിരിപോലുള്ള പെട്ടെന്ന് അഴുകാത്തതും ഇടരുത്). ഒരുമാസം കഴിയുമ്പോള്‍ കലം നിറയും, അത് ഒരുമാസംകൂടി അടച്ചുവയ്ക്കുക. ഈ സമയം മറ്റൊരു കലം സ്ഥാപിക്കുക. ഇങ്ങനെ രണ്ടുമൂന്ന് മാസത്തോടെ മാറിമാറി ജൈവവളം ഉണ്ടാക്കാം. ഇത് പച്ചക്കറിക്കും ചെടികള്‍ക്കുമെല്ലാം ചേര്‍ക്കാം. ഊറിവരുന്ന വെള്ളം ഉപ്പുസാന്നിധ്യമുള്ളതിനാല്‍ തെങ്ങിന് ഒഴിച്ചുകൊടുക്കാം. ശ്രദ്ധിക്കേണ്ട കാര്യം: മഴ നനയരുത്. കലത്തിനകത്ത് അമിതമായ വെള്ളം ഉണ്ടാവരുത്. അങ്ങനെവരുന്ന പക്ഷം അല്‍പ്പം മരപ്പൊടിയോ ചകിരിപ്പൊടിയോ വിതറുക. കലത്തിനുചുറ്റും ഈച്ച പറക്കുന്നുവെങ്കില്‍ രണ്ടു കഷണം കര്‍പ്പൂരം കത്തിച്ച പൊടി 25 മി.ലി. വെളിച്ചെണ്ണയില്‍ ചാലിച്ച്‌ ബ്രഷ്കൊണ്ട് കലത്തില്‍ പുരട്ടുക. ഇടയ്ക്ക് ഒന്നോ രണ്ടോ തവണ അല്‍പ്പമാത്രയില്‍ ചാണകലായനി ചേര്‍ക്കുക. ബാക്ടീരിയസാന്നിധ്യം വര്‍ധിക്കാനാണിത്.

പൈപ്പ് കമ്പോസ്റ്റ്: ഒരുമീറ്റര്‍ നീളവും 20 സെ.മീ. വ്യാസമുള്ള രണ്ട് പിവിസി പൈപ്പുകള്‍. ഇതിന് ജിഐ ഷീറ്റ്കൊണ്ടുള്ള ഒരടപ്പും വേണം. ഇത് വെള്ളക്കെട്ടില്ലാത്ത മഴ നനയാത്ത ഇടത്ത് മണ്ണില്‍ സ്ഥാപിക്കണം. അതായത്, 30 സെ. മീറ്റര്‍ പൈപ്പ്ഭാഗം മണ്ണില്‍ കുഴിച്ചിട്ട് കുത്തനെ നിര്‍ത്തുക. ഏറ്റവും അടിയില്‍ അല്‍പ്പം പച്ചച്ചാണകം വിതറുക. ഇതിനു മുകളില്‍ പൈപ്പിലൂടെ ഗാര്‍ഹിക ജൈവമാലിന്യം ചെറുതായി അരിഞ്ഞ് എല്ലാ ദിവസവും ഇടാം. ഒരടി ആവുമ്പോള്‍ അല്‍പ്പം പുളിപ്പിച്ച തൈരോ, മോരോ, കഞ്ഞിവെള്ളമോ ഒഴിക്കുക. വീണ്ടും ഒരടിയാവുമ്പോള്‍ ഇത് ആവര്‍ത്തിക്കാം. കൂടുതല്‍ വെള്ളം അകത്താകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ചളിപ്പരുവമായാല്‍ പുഴു വരും. ദുര്‍ഗന്ധം വമിക്കും. അടച്ചിടാന്‍ പ്രത്യേകം ശ്രദ്ധിക്കുക. മൂന്നുമാസംകൊണ്ട് പൈപ്പ് നിറയും. തുടര്‍ന്ന് മൂന്നുമാസം അടച്ചുവയ്ക്കുക. ഈ സമയം രണ്ടാമത്തെ പൈപ്പില്‍ നിക്ഷേപിക്കുക. ആറുമാസംകൊണ്ട് ഓരോ പൈപ്പില്‍നിന്നും കമ്പോസ്റ്റ് ശേഖരിക്കാം.

നീറ്റുകക്കയും കുമ്മായവും ഹ്രസ്വകാല വിളകള്‍ക്ക് പ്രയോഗിക്കാം

നന്നായി ആഹാരം കഴിക്കുന്നു . എന്നിട്ടും ശരീരപുഷ്ടിയില്ല . ശരീര കലകള്‍ക്ക് ഭക്ഷണപദാര്‍ത്ഥങ്ങളിലെ മൂലകങ്ങളെയും വിറ്റാമിനുകളെയും ആവശ്യമായ അളവില്‍ ആഗിരണം ചെയ്യുവാന്‍ അസിഡിറ്റി ഉണ്ടായാല്‍ സാധിക്കില്ല . മണ്ണിന്റെ കാര്യവും വ്യത്യസ്ഥമല്ല. പൊതുവേ കേരളത്തിലെ മണ്ണിന് അമ്ലത്വം കൂടുതലാണ് .പാലക്കാട് ചിറ്റൂര്‍ മേഖല ചിലപ്പോള്‍ ഇതിന് ഒരപവാദമായിരിക്കും. ചരിഞ്ഞ ഭൂമി ആയതിനാലും പെയ്യുന്ന മഴവെള്ളം കുത്തി ഒലിച്ച്‌ പോകുന്നതും അമ്ലത്വത്തിന് വഴിവെക്കുന്നു . 30-70 mm വാര്‍ഷിക മഴ ലഭിക്കുന്നുവെന്നാണ് കണക്ക്. സഹ്യപര്‍വ്വതവും പടിഞ്ഞാറ് അറബിക്കടലും അതിരിട്ട നമ്മുടെ ചരിഞ്ഞ ഭൂമി കാത്സ്യം ,പൊട്ടാസ്യം ,മഗ്നീഷ്യം തുടങ്ങിയ ക്ഷാരഗുണമുള്ള ലവണങ്ങളുടെ ഒഴുക്കിനെ എളുപ്പത്തിലാക്കുന്നു .

ജൈവളം ചേര്‍ക്കാതെ ദീര്‍ഘകാലം രാസവള പ്രയോഗം നടത്തുന്നതും അമ്ലത്വം വേഗത്തിലാക്കുന്നു .
മണ്ണിന്റെ അമ്ലക്ഷാര സൂചിക മനസ്സിലാക്കുവാന്‍ മണ്ണ് പരിശോധിക്കുക എന്നതാണ് പോംവഴി .അസിഡിറ്റിയുള്ള മണ്ണില്‍ ഫംഗസ് വളരാനുള്ള സാഹചര്യം അനുകൂലമാണ് . രോഗങ്ങള്‍ക്കും വഴിവെക്കും . അമ്ലത്വം കൂടിയ മണ്ണില്‍ ഫോസ്ഫറസ്, നൈട്രജന്‍, സള്‍ഫര്‍ തുടങ്ങിയ മൂലകങ്ങളുടെയും ലഭ്യത കുറയും. ശാസ്ത്രീയമായി മണ്ണിലെ അമ്ലത്വം കുറയ്ക്കുവാന്‍ ലളിതമായി അനുവര്‍ത്തിക്കുന്ന മാര്‍ഗ്ഗം കുമ്മായ പ്രയോഗമാണ് . ഡോളോമൈറ്റും ഇപ്പോള്‍ കൃഷിയിടത്തില്‍ ചേര്‍ക്കുന്നത് വ്യാപകമായിട്ടുണ്ട് . ഡോളോമൈറ്റില്‍ മഗ്നീഷ്യവും അടങ്ങിയിട്ടുണ്ട് . ചുണ്ണാമ്പുകല്ല്, കുമ്മായം, നീറ്റുകക്ക, ഡോളാമൈറ്റ് എന്നിവയാണ് സാധാരണയായി ലഭ്യമാകുന്ന കുമ്മായവസ്തുക്കള്‍. ഹ്രസ്വകാല വിളകള്‍ക്ക് പെട്ടെന്നു ഫലം ലഭിക്കാന്‍ നീറ്റുകക്ക, കുമ്മായം എന്നിവയും ദീര്‍ഘകാലവിളകള്‍ക്ക് പൊടിച്ച ചുണ്ണാമ്പുകല്ല് അല്ലെങ്കില്‍ ഡോളാമൈറ്റ് എന്നിവയുമാണ് ചേര്‍ക്കുന്നത് .

സാധാരണയായി ശുപാര്‍ശ ചെയ്യുന്നത്, (കുമ്മായം) നെല്ല് 600kg/hetcre, വാഴ 500gm/one, പച്ചക്കറി 1kg/cent, പയര്‍ 2kg/cent തെങ്ങ് 1kg/palm എന്നിങ്ങനെയാണ്. മണ്ണിന്റെ ഘടനയും രചനയും നന്നായാല്‍ ഉല്‍പാദനക്ഷമത കൂടുന്നു . അമ്ലക്ഷാര സൂചിക (PH ) 6 .05 മുതല്‍ 7 വരെ വിളകള്‍ക്ക് ഉത്തമം . PH 7 ല്‍ താഴെ അമ്ലഗുണവും PH 7 ന് മുകളില്‍ ക്ഷാരഗുണവുമാണ് കാണിക്കുന്നത് . അമ്ലക്ഷാര സൂചിക ,കുമ്മായത്തിന്റെ തരിമുഴുപ്പ് , വിളയുടെ സ്വഭാവം എന്നിവ പരിഗണിച്ചാണ് മണ്ണില്‍ പ്രയോഗിക്കേണ്ട കുമ്മായത്തിന്റെ അളവ് തീരുമാനിക്കുന്നത് .കൃഷിയിടം കിളച്ചിടുന്നതിനു മുമ്പു കുമ്മായം ചേര്‍ക്കണം . കൂടുതല്‍ ചേര്‍ക്കേണ്ടി വരുമ്പോള്‍ തവണകളായി കൊടുക്കണം . മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തിയാല്‍ വിളയുടെ ആരോഗ്യം നന്നാവും .ആരോഗ്യമുള്ള വിളയില്‍ ഗുണമേന്മയുള്ള വിളവുകളുണ്ടാകും. മേന്മയുള്ള വിഭവങ്ങള്‍ ഭക്ഷിക്കുന്ന ജീവജാലങ്ങള്‍ക്ക് ആരോഗ്യവും ലഭിക്കുന്നു .ആരോഗ്യമുള്ള ശരീരം ഉണ്ടാകുവാന്‍ ആരോഗ്യമുള്ള മണ്ണ് മതി .

മൃഗം-പക്ഷി -മത്സ്യ കൃഷി

പശുവളര്‍ത്തല്‍ ആദായകരമാക്കാം

പാല്‍ നമ്മുടെ ദൈനംദിന ജീവിതത്തിലെ ഒരവശ്യവസ്തുവാണ്. അതുപോലെ തന്നെ പശുവും. ശാസ് ത്രീയമായും ശ്രദ്ധയോടും പശുവിനെ തെരഞ്ഞെടുക്കുക എന്നതു പശുപരിപാലനത്തില്‍ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യമാണ്. ഓരോ ഉരുവില്‍ നിന്നും പരമാവധി ഉത്പാദനം ലഭിച്ചാല്‍ മാത്രമേ പശുവളര്‍ത്തല്‍ ലാഭകരമാവുകയുള്ളൂ. ഉരുവിന്‍റെ ജനിതകമൂല്യം പാലുത്പാദനത്തെ ബാധിക്കുന്ന ഒന്നായതിനാല്‍ ഉരുക്കളുടെ തെരഞ്ഞെടുപ്പ് അത്രമേല്‍ പ്രാധാന്യമര്‍ഹിക്കുന്നു. അതിനാല്‍ പശുക്കിടാങ്ങളെ തെരഞ്ഞെടുക്കേണ്ടതിന്‍റെ  ശാസ്ത്രീയവശം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

ജനന സമയത്ത് കൂടിയ ശരീരതൂക്കവും ആരോഗ്യവും പിന്നീട് ഉയര്‍ന്ന വളര്‍ച്ചാനിരക്കും ഉള്ള കിടാക്കളെയാണ് തെരഞ്ഞെടുക്കേണ്ടത്. അംഗവൈകല്യങ്ങളോ മറ്റ് അനാരോഗ്യലക്ഷണങ്ങള്‍ ഉള്ളതോ ആയ കിടാക്കളെ ഒഴിവാക്കുക. കറവപ്പശുവിനെ തെരഞ്ഞെടുക്കുമ്പോള്‍ ഏകദേശം 305 ദിവസത്തെ കറവക്കാലത്ത് 2000 കിലോഗ്രാമില്‍ അധികം പാലുത്പാദിപ്പിക്കുന്ന പശുക്കളാണ് ഉത്തമം. ഏറ്റവും കൂടിയ പ്രതിദിന പാലുത്പാദനശേഷിയുള്ള (9-10 ലിറ്റര്‍) പശുക്കളാണ് ഈ ഇനത്തില്‍പ്പെടുന്നത്.
പശുപരിപാലനത്തില്‍ പാലുത്പാദനക്ഷമത കൂടാതെ പാലിലെ കൊഴുപ്പിന്‍റെയും മറ്റു ഖരപദാര്‍ഥങ്ങളുടെയും ശരാശരി അനുപാതം  എന്നിവ അറിഞ്ഞിരിക്കേണ്ടതാണ്. പ്രസവശേഷം വേണ്ടിവരുന്ന ബീജദാനങ്ങളുടെ എണ്ണം മുന്‍കാലവന്ധ്യതയുടെ വിവരങ്ങള്‍ എന്നിവയും അറിഞ്ഞിരിക്കുക. കിടാരികളെ തെരഞ്ഞെടുക്കുമ്പോള്‍ അവയുടെ മാതാപിതാക്കളുടെ ജനിതകമേന്മ അറിഞ്ഞിരിക്കേണ്ടതാണ്. നല്ല കിടാങ്ങളില്‍ രണ്ടു വയസിനുള്ളില്‍ ഗര്‍ഭധാരണം നടക്കേണ്ടതാണ്. മൂരിക്കിടാവിനോടൊപ്പം ജനിക്കുന്ന കിടാക്കളില്‍ വന്ധ്യതയ്ക്കുള്ള സാധ്യത കൂടുതലായതിനാല്‍ അങ്ങനെയുള്ളവയെ ഒഴിവാക്കുന്നതാണു നല്ലത്.

ഓരോ പ്രസവം കഴിയുംതോറും കറവപ്പശുക്കളുടെ പാലുത്പാദനശേഷി ക്രമേണ വര്‍ധിച്ച് മൂന്നാമത്തെ പ്രസവം കഴിയുമ്പോഴേക്കും ഏറ്റവും കൂടിയ ഉത്പാദനശേഷി കൈവരുന്നു. പിന്നീട് ഉത്പാദനം കുറഞ്ഞുവരുന്നു. എട്ടു വയസാകുമ്പോഴേക്കും പാലുത്പാദനശേഷി തീരെ കുറയുന്നതിനാല്‍ കൂടുതല്‍ പ്രായമുള്ള പശുക്കളെ തെരഞ്ഞെടുക്കുന്നത് ഒഴിവാക്കേണ്ടതാണ്. പ്രസവശേഷം ഓരോ ദിവസം കഴിയുന്തോറം പാലുത്പാദനം ക്രമേണ വര്‍ധിക്കും. അതിനുശേഷം നേരിയതോതില്‍ കുറഞ്ഞുവരികയും 10-ാം മാസത്തോടെ വളരെ കുറഞ്ഞ ഉത്പാദനത്തിലേക്ക് എത്തുകയും ചെയ്യുന്നു.

ശരീരം, കൊമ്പ്, പല്ല് എന്നിവ പരിശോധിച്ച് പശുക്കളുടെ പ്രായം നിശ്ചയിക്കാനാകും. കൊമ്പുകളില്‍ കാണുന്ന വളയങ്ങള്‍ പശുവിന്‍റെ പ്രായത്തെ കാണിക്കുന്നു. ഇവ ഉരച്ചു മിനുക്കി എണ്ണ പുരട്ടുന്നതുകൊണ്ട് ഇത്തരത്തിലുള്ള പ്രായനിര്‍ണയം ശരിയാവണമെന്നില്ല. പ്രായം നിശ്ചയിക്കാനുള്ള മറ്റൊരു മാര്‍ഗം പല്ലുകളില്‍ പ്രായത്തിനുസരിച്ച് ഉണ്ടാകുന്ന വ്യതിയാനങ്ങളാണ്.

താല്‍ക്കാലിക പല്ലുകള്‍ വെളുത്തതും ചെറുതുമാണ്. ഇവ കൊഴിഞ്ഞതിനുശേഷം വരുന്ന സ്ഥിരം പല്ലുകള്‍ വലുതും മങ്ങിയനിറത്തോടുകൂടിയതുമാണ്. കീഴ്ത്താടികളിലെ നാലു ജോഡി ഉളിപ്പല്ലുകളാണ് പ്രായനിര്‍ണയത്തിന് ഉപയോഗിക്കുന്നത്. നാലുജോഡി താത്കാലിക പല്ലുകളാണുള്ളതെങ്കില്‍ പ്രായം രണ്ടാഴ്ച മാത്രമായിരിക്കും. 
ഉളിപ്പല്ലില്‍ നടുവിലത്തെ രണ്ടെണ്ണം കൊഴിഞ്ഞ് സ്ഥിരം പല്ല് വന്നിട്ടുണ്ടെങ്കില്‍ പ്രായം രണ്ടു-മൂന്ന് വയസ് എത്തിയിട്ടുണ്ടാകും. നാലു സ്ഥിരം പല്ലുകളാണെങ്കില്‍ നാലുവയസിനോടടുത്ത് പ്രായം എന്നാണര്‍ഥം.  പല്ലുകളുടെ തേയ്മാനം നോക്കി ഉരുക്കളുടെ പ്രായം നിര്‍ണയിക്കാം. 10 വര്‍ഷത്തിനുമേല്‍ പ്രായമുള്ളതെങ്കില്‍ അത് ആദായകരമായിരിക്കില്ല.

രണ്ടിലധികം തവണ പ്രസവിക്കാത്തതും പ്രായം കുറഞ്ഞതും ഇളം കറവയുള്ളതുമായതിനെവേണം തെരഞ്ഞെടുക്കാന്‍. തൊഴി, കുത്ത്, തന്നത്താനുള്ള പാല്‍കുടി മുതലായ ദുശീലങ്ങളുള്ള ഉരുക്കളെ ഒഴിവാക്കേണ്ടതാണ്. ശാന്തസ്വഭാവമുള്ളതും ഇണക്കമുള്ളതും കറവയ്ക്ക് ബുദ്ധിമുട്ടില്ലാത്തതും ആയതിനെ തെരഞ്ഞെടുക്കുന്നതാവും ഉചിതം. ആദ്യ ചുരത്തലില്‍ മുഴുവന്‍ പാലും തരുന്നതും തീറ്റ, കാലാവസ്ഥ, മറ്റു ചുറ്റുപാടുകള്‍ എന്നിവയുമായി പൊരുത്തപ്പെടുന്ന തരത്തിലുള്ളതും യഥേഷ്ടം ആഹാ രം കഴിക്കുന്നതുമായ പശുക്കളെയാവണം തെരഞ്ഞെടുക്കേണ്ടത്. ഇത്തരത്തില്‍ ശ്രദ്ധയോടെ നീങ്ങിയാല്‍ പാലുത്പാദനം കൊണ്ടുമാത്രം നല്ലവരുമാനം സാധ്യമാക്കാം.

മുയല്‍കൃഷി: ആ‌ദായത്തിനൊപ്പം ആഹ്ളാദവും

മറ്റു കൃഷികളില്‍ നിന്നു വ്യത്യസ്തമായി കുറഞ്ഞ സമയത്തിനുളളില്‍ ആദായമെടുക്കാവുന്ന കൃഷിയാണ് മുയല്‍കൃഷി. ഒറ്റ പ്രസവത്തില്‍ 10 കുഞ്ഞുങ്ങള്‍ വരെ ഉണ്ടാകുമെന്നതിനാല്‍ മുയല്‍കൃഷി ഏറെ ലാഭകരവുമാണ്. രോഗപ്രതിരോധശേഷി കുറഞ്ഞ മൃഗമായതിനാല്‍ അല്‍പ്പം കരുതല്‍ വേണമെന്നു മാത്രം. 
മുയലിറച്ചിക്കാണ് ആവശ്യക്കാര്‍ കൂടുതല്‍ എന്നതിനാല്‍ വ്യാവസായികാടിസ്ഥാനത്തില്‍ തന്നെ മുയല്‍കൃഷിയിലേക്ക് ഇറങ്ങാവുന്നതാണ്. കൊഴുപ്പുകുറഞ്ഞ ഇറച്ചിയായതിനാല്‍ ജീവിതശൈലീരോഗങ്ങള്‍ ഭൂരിഭാഗം ആളുകളെയും കീഴടക്കിയ ഇക്കാലത്ത് വിപണിയെയും ഭയക്കേണ്ടതില്ല. മുയലിറച്ചിയിലുള്ള ഒമേഗ 3 ഫാറ്റി ആസിഡ് കൊളസ്‌ട്രോളിന്‍റെ അളവു കുറയ്ക്കുകയും ഹൃദ്രോഗസാധ്യത ഒഴിവാക്കുകയും ചെയ്യുന്നതിനാല്‍ മറ്റു മാംസാഹാരങ്ങള്‍ കഴിക്കാന്‍ പറ്റാത്തവര്‍ക്കും മുയലിറച്ചി ഭയം കൂടാതെ ഭക്ഷിക്കാം. 
ഇറച്ചിക്കും അലങ്കാരത്തിനുമായി വളര്‍ത്തുന്ന വിദേശ ഇനങ്ങളായ ഗ്രേ ജയന്‍റ്, സോവിയറ്റ് ജിഞ്ചില, വൈറ്റ്ജയന്‍റ്, ന്യൂസിലാന്‍റ് വൈറ്റ്, അംഗോറ, ഇവയുടെ സങ്കരയിനങ്ങള്‍ തുടങ്ങി ഏതിനത്തിനെയും വളര്‍ത്താവുന്നതാണ്.

മൂന്ന് സെന്‍റ്ഭൂമിയില്‍ എട്ട് പെണ്‍മുയലും രണ്ട് ആണ്‍മുയലുമടങ്ങുന്ന അഞ്ച് യൂണിറ്റ് മുയലുകളെ വളര്‍ത്താവുന്നതാണ്. വൃത്തിയുള്ള കൂടും പരിസരവുമാണ് അത്യാവശ്യം. കമ്പിക്കൂടിനകത്താണു മുയലുകളെ വളര്‍ത്തുന്നത്. ഒരു കൂട്ടില്‍ ഒരു മുയലിനെ വളര്‍ത്തുന്ന രീതിയില്‍ കൂടുകള്‍ തയാറാക്കുന്നതാണ് നല്ലത്. ഒരുമിച്ചിട്ടാല്‍ കടികൂടാനും ദേഹം മുറിയാനും സാധ്യതയുണ്ട്. മുയലുകള്‍ക്കു രണ്ടുനേരവും ഭക്ഷണം കൊടുക്കണം. പല തരത്തിലുള്ള പച്ചിലകളും പുല്ലുകളും നല്‍കാം. എന്നാല്‍ എല്ലാ ഇലകളും നല്‍കാന്‍ പാടില്ല. വിവിധ തരം പിണ്ണാക്കുകള്‍, പായ്ക്കറ്റില്‍ വാങ്ങുന്ന മുയല്‍ത്തീറ്റ എന്നിവയും നല്‍കാം. കൂട്ടില്‍ 24 മണിക്കൂറും വെള്ളം വേണം.

6-8 മാസം പ്രായമാകുമ്പോള്‍ ഇണചേര്‍ക്കാം. പെണ്‍മുയലിനെ ആണ്‍മുയലിന്‍റെ കൂട്ടില്‍ ഇട്ടാണ് ഇണചേര്‍ക്കേണ്ടത്. മുയലുകളുടെ ഗര്‍ഭകാലം ഇണചേര്‍ത്ത് 28 മുതല്‍ 32 വരെ ദിവസങ്ങളാണ്. ഗര്‍ഭിണിയാണെങ്കില്‍ ഇരുപത്തിമൂന്നാം ദിവസം മുതല്‍ സ്വന്തംരോമവും പുല്ലും ഉപയോഗിച്ച് പ്രസവഅറ ഒരുക്കിത്തുടങ്ങും.ഇരുപത്തിയെട്ടാം ദിവസം പ്രസവിക്കുന്നതിനു പ്രത്യേകം തയാറാക്കിയ പെട്ടി കൂട്ടില്‍ വെച്ചുകൊടുക്കേണ്ടതാണ്. മുയലുകള്‍ അവയുടെ രോമം പറിച്ചെടുത്ത് പെട്ടിക്കകത്ത് ബെഡ് ഉണ്ടാക്കി അതിലാണ് പ്രസവിക്കുക. ഒരു പ്രസവത്തില്‍ ഏഴു മുതല്‍ പത്തുവരെ കുഞ്ഞുങ്ങള്‍ ഉണ്ടാകും. പെണ്‍മുയലുകള്‍ വര്‍ഷത്തില്‍ ശരാശരി ഒന്‍പതു തവണ പ്രസവിക്കും.
കുഞ്ഞുങ്ങള്‍ 15 ദിവസം പ്രായമാകുമ്പോള്‍ തള്ളമുയലിന്‍റെ ഭക്ഷണം ചെറിയ അളവില്‍ കഴിച്ചുതുടങ്ങും. രണ്ടാഴ്ചയ്ക്കു ശേഷം ബോക്‌സ് എടുത്തു കുഞ്ഞുങ്ങളെ വേറെ കൂടുകളിലേക്കു മാറ്റണം. മൂന്നുമാസം പ്രായമാകുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് മൂന്ന് കിലോക്കടുത്ത് തൂക്കം വരും. ഈ സമയത്താണ് വില്‍ക്കുക.

മുയല്‍ വളര്‍ത്താനുദ്ദേശിക്കുന്നവര്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത് മുയലുകള്‍ക്കടുത്തേക്ക് ആളുകളെ അധികം അടുപ്പിക്കരുതെന്നാണ്. കാരണം ആളുകളുടെ അമിതസാമീപ്യം മുയലുകള്‍ക്ക് ആരോഗ്യകരമല്ല.
ശ്വാസകോശത്തെ ബാധിക്കുന്ന പാസ്ചുറെല്ലാരോഗം, കരളിനെ ബാധിക്കുന്ന കോക്‌സീഡിയ രോഗം, അകിടുവീക്കം, തൊലിപ്പുറത്തുണ്ടാകുന്ന ചൊറി, പുഴുക്കടി എന്നിവയാണു പ്രധാന രോഗബാധകള്‍. ശുചിത്വം പാലിക്കുകയാണ് മുയലുകളെ രോഗങ്ങളില്‍ നിന്നും അകറ്റാനുള്ള പ്രധാന വഴി. കോളേജ് ഓഫ് വെറ്ററിനറി ആന്‍റ് ആനിമല്‍ സയന്‍സ്, മണ്ണുത്തി, റീജിയണല്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് സ്റ്റേഷന്‍, പീലിക്കോട്,കാസര്‍ഗോഡ്, ഡിസ്ട്രിക്ട് ലൈവ്‌സ്റ്റോക്ക് ഫാം, കുടപ്പനക്കുന്ന്, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും മുയല്‍ക്കുഞ്ഞുങ്ങളെ ലഭിക്കുന്നതാണ്. ഇതു കൂടാതെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിരവധി കര്‍ഷകരും മുയല്‍ക്കുഞ്ഞുങ്ങളെ യൂണിറ്റുകളാക്കി വില്‍ക്കുന്നുണ്ട്.

അലങ്കാരത്തോടൊപ്പം ആദായവും നല്‍കാന്‍ വാത്ത

സങ്കല്‍പത്തിലെ അരയന്നങ്ങളോട് രൂപസാദൃശ്യമുള്ള വാത്തകള്‍ വീട്ടുമുറ്റത്തിന് അലങ്കാരമാണ്. അതിനാല്‍ തന്നെ അലങ്കാരപക്ഷി വിപണിയിലും ഇവര്‍ താരങ്ങളാണ്. ബുദ്ധിശക്തിയില്‍ മുന്‍പില്‍ നില്‍ക്കുന്ന ഇവര്‍ പലപ്പോഴും വീട്ടുകാവല്‍ക്കാരന്‍റെ ചുമതലയും നിര്‍വഹിക്കുന്നു. അപരിചിതരേയും ഇഴജന്തുക്കളേയും കണ്ടാല്‍ ബഹളമുണ്ടാക്കി കൊത്തിയോടിക്കുന്ന സ്വഭാവമാണ് ഇവരെ മികച്ച കാവല്‍ക്കാരാക്കുന്നത്. അലങ്കാരത്തോടൊപ്പം ആദായവും നല്‍കാന്‍ കഴിവുള്ള വാത്തകളെ പരിചയപ്പെടാം.

എംഡന്‍, ടൊളൂസി, സെബറ്റോ പോള്‍, ചൈനീസ് തുടങ്ങിയ പല ഇനങ്ങള്‍ വാത്തകള്‍ക്കിടയിലുണ്ട്. ധാരാളം പുല്ലു തിന്നാനുള്ള കഴിവാണ് വാത്തകളുടെ പ്രധാന പ്രത്യേകത. അതിനാല്‍ പുല്ലു മേയുന്നതിനായി സ്ഥല സൗകര്യമുണ്ടെങ്കില്‍  ഇവര്‍ സംതൃപ്തരായിരിക്കും. പുല്ലിലേയും തീറ്റയിലേയും നാരുകളെ ദഹിപ്പിക്കാനുള്ള കഴിവ് ഇവര്‍ക്കുണ്ട്.

വിളകള്‍ക്കിടയിലെ നീളം കുറഞ്ഞ കളകള്‍ ജലാശയങ്ങളിലെ പായല്‍, കുളവാഴ എന്നിവ തിന്നൊടുക്കാന്‍ പലപ്പോഴും വാത്തക്കൂട്ടത്തെ ഉപയോഗിക്കാറുണ്ട്. അടുക്കള അവശിഷ്ടങ്ങള്‍, പച്ചക്കറി വേസ്റ്റ്, തവിട്, പിണ്ണാക്ക്, നെല്ല്, ഗോതമ്പ് തുടങ്ങിയവ നല്‍കി വളര്‍ത്തുന്ന രീതിയാണ് നമ്മുടെ നാട്ടിലുള്ളത്. വാത്തക്കുഞ്ഞുങ്ങള്‍ക്ക് കോഴികള്‍ക്ക് നല്‍കുന്ന സ്റ്റാര്‍ട്ടര്‍ തീറ്റ നല്‍കാം. പുല്ലും തീറ്റയൊടൊപ്പം വാത്തകള്‍ക്ക് നല്‍കണം. തീറ്റയോടൊപ്പം മണലിന്‍റെ അവശിഷ്ടങ്ങള്‍, കക്ക, ചെറിയ കല്ലുകള്‍ എന്നിവ നല്‍കണം. ആമാശയത്തിന്‍റെ ആദ്യ ഭാഗത്തെ അരയ്ക്കല്‍ പ്രക്രിയ നടക്കാന്‍ ഇതു വേണം. കക്ക, ചുണ്ണാമ്പുകല്ല് എന്നിവ കാല്‍സ്യം, ഫോസ് ഫറസ് നല്‍കുന്നു. മുട്ടയിടുന്നവയ്ക്ക് കാല്‍സ്യം ലഭിക്കാനായി കണവനാക്ക്, കക്ക, മുട്ടത്തോട് എന്നിവ നല്‍കണം. തീറ്റ നനച്ചോ വെള്ളത്തിലിട്ടോ നല്‍കാം. ധാരാളം ശുദ്ധജലം നല്‍കണം. തലയും കൊക്കും മുങ്ങുന്ന രീതിയില്‍ വെള്ളപ്പാത്രങ്ങള്‍ വേണം.

വര്‍ഷത്തില്‍ 50-80 മുട്ടകള്‍ വരെ ഇവ ഇടുന്നു. ഫെബ്രുവരി മുതല്‍ ജൂണ്‍ വരെയാണു പ്രധാന സീസണ്‍. വിരിയിക്കാനുള്ള മുട്ട ലഭിക്കാന്‍ നാലു പിടയ്ക്ക് ഒരു പൂവന്‍ എന്ന തോതില്‍ വളര്‍ത്തണം. മുട്ടയിടാന്‍ സമയമാകുന്നതിന് ഒരുമാസം മുന്‍പ് പൂവനും പിടയും ഒരുമിച്ചുണ്ടാകണം. മുട്ടകള്‍ക്ക് അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലായതിനാല്‍ വൃത്തിയുള്ള സ്ഥലസൗകര്യം മുട്ടയിടാന്‍ ഒരുക്കണം. ഇതിനായി കൂടിനുള്ളില്‍ പ്രത്യേക മുട്ടയിടല്‍ അറ ഒരുക്കണം. 50* 70* 70 സെന്റീമീറ്റര്‍ വിസ്തൃതിയുള്ള കുട്ടകള്‍ തറനിരപ്പില്‍ ഒരുക്കാം. ഈ കൂട്ടില്‍ അറക്കപ്പൊടി, ചിന്തേര്, വൈക്കോല്‍ ഇവയില്‍ ഏതെങ്കിലും ഉപയോഗിച്ച് വിരി ഒരുക്കണം. ഒരു സമയം 10-12 മുട്ടവരെ ഒരു വാത്ത അടയിരിക്കും.

കോഴി, ടര്‍ക്കി, ഇന്‍ക്യൂബേറ്റര്‍ എന്നിവയും ഉപയോഗിച്ച് മുട്ടവിരിയിക്കാം. മുട്ട വിരിയാന്‍ 30 ദിവസം വേണം. കോഴി 4-6 മുട്ടകള്‍ക്കും, ടര്‍ക്കി 10-14 മുട്ടകള്‍ക്കും അടയിരിക്കും. മുട്ടകള്‍ ദിവസത്തില്‍ 2-3 തവണ തിരിച്ചു വയ്ക്കുകയും ഇടവേളകളില്‍ വെള്ളം തളിക്കുകയും വേണം. വാത്തകളുടെ കുഞ്ഞുങ്ങള്‍ വിപണയില്‍ ഏറെ പ്രിയമുള്ള പക്ഷികളാണ്.

എമു വളര്‍ത്തല്‍

പറക്കാന്‍ പറ്റാത്ത പക്ഷിയിനത്തിലുള്ളവയാണ് എമു. ഇവയുടെ മാംസം, മുട്ട, എണ്ണ, തൊലി, തൂവല്‍ എന്നിവയ്ക്ക് വന്‍ ഡിമാന്‍റാണ്. ഏത് കാലാവസ്ഥയുമായും ഇവ ഇണങ്ങും. എമു, ഒട്ടകപക്ഷി എന്നിവ ഇന്ത്യയില്‍ അവതരിപ്പിച്ചെങ്കിലും, എമു വളര്‍ത്തലിനാണ് പ്രാമു ഖ്യം ഉണ്ടായത്.

ഈയിനം പക്ഷികള്‍ക്ക്, പറക്കാന്‍ പറ്റാത്ത രീതിയിലാണ് ചിറകുകള്‍, എമു, ഒട്ടകപ്പക്ഷി, റിയ, കസാവരി, കിവി എന്നിവ ഈയിനത്തില്‍ പെടും. ലോകത്തിന്‍റെ പല ഭാഗങ്ങളില്ല എമു, ഒട്ടകപക്ഷികളെ, മാംസം, എണ്ണ, തൊലി, തൂവല്‍ എന്നിവയ്ക്കായി വളര്‍ത്തി വരുന്നു. ഇവയുടെ ശാരീരിക, ബാഹ്യപ്രത്യേകതകള്‍, മിതശീതോഷ്ണ, ഉഷ്ണമേഖല പ്രദേശങ്ങള്‍ക്ക് യോജിച്ചതാണ്. വിപുലമായ തോതിലും, സെമി ഇന്റന്‍സീവ് രീതിയിലും നാരുകള്‍ ഏറെയുള്ള ഭക്ഷണം നല്‍കാം. എമു വളര്‍ത്തലില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് അമേരിക്ക, ആസ്ട്രേലിയ, ചൈന എന്നിവയാണ്. ഇന്ത്യന്‍ കാലാവസ്ഥയുമായി ഇവ നന്നായി ഇണങ്ങും.

എമുവിന്‍റെ പ്രത്യേകതകള്‍

നീളന്‍ കഴുത്ത്, ചെറിയ, നഗ്നമായ തല, ശരീരം തൂവലുകളാല്‍ മൂടിയിരിക്കും. ആദ്യ മൂന്നു മാസം പ്രായത്തില്‍ വൃത്താംശരീതിയില്‍ വരകള്‍ കാണും. 4-12 മാസത്തില്‍ അവ തവിട്ടുനിറമായി മാറും. പ്രായപൂര്‍ത്തിയായ പക്ഷിക്ക് നഗ്നമായ നീല കഴുത്തും, വര്‍ണ്ണാഭമായ തൂവലുകള്‍ ശരീരത്തി ലും ഉണ്ടാകും. ഇവയ്ക്ക് 6 അടി ഉയരവും, 45-60 കിലോ ഭാരവും കാണും. നീളമുള്ള കാലുകളില്‍ ചെതമ്പലുകള്‍പോലുള്ള തൊലിയാണ് ഇവ വരണ്ട മണ്ണിന് അനുയോജ്യമാണ്. പ്രാണികള്‍, ചെടികളുടെ ഇലകള്‍, മറ്റ് അവശിഷ്ടങ്ങള്‍ ഭക്ഷിക്കും. കൂടാതെ കാരറ്റ്, വെള്ളരിക്ക, പപ്പായ എന്നിവയും കഴിക്കും. പെണ്‍പക്ഷിയാണ് വലുത്. പ്രത്യേകിച്ച് ബ്രീഡിംഗ് കാലത്ത് ആണ്‍പക്ഷി ഉപവാസത്തിലായിരിക്കും. ഇണകളില്‍ പെണ്ണിനാണ് ആദിപത്യം. ഇവ മുപ്പതുവര്‍ഷംവരെ ജീവിക്കും. പതിനാറ് വര്‍ഷം വരെ മുട്ടയിടും. ഇവ കൂട്ടമായും ജോഡിയായും വളര്‍ത്താം.

കുട്ടികളെ വളര്‍ത്തേണ്ട രീതികള്‍;

എമുവിന്‍റെ കുഞ്ഞുങ്ങള്‍ക്ക് 370 - 450 ഗ്രാം (മുട്ടയുടെ ഭാരത്തിന്‍റെ 67%) കാണും. മുട്ടയുടെ വലിപ്പം ആശ്രയിച്ചിരിക്കും. ആദ്യ 48-72 മണിക്കൂറുകളില്‍ കുട്ടികളെ ഇന്‍കുബേറ്ററില്‍, മഞ്ഞക്കരു വേഗം ആഗിരണം ചെയ്യാനും ഉണങ്ങാനുമായി സൂക്ഷിക്കും. വളര്‍ത്തുന്ന കൂട് വൃത്തിയായും അണുവിമുക്തമായ, വയ്‌ക്കോല്‍ കിടക്ക വിരിച്ച് പുറത്ത് പുതിയ ചാക്ക് വിരിക്കണം. 25-40 കുഞ്ഞുങ്ങള്‍ക്ക് ഒരു സൈറ്റ് ബ്രൂഡര്‍ ക്രമീകരിക്കുക. ആദ്യ 3 ആഴ്ചയില്‍ ഓരോ കുഞ്ഞും നാല് sft എന്ന കണക്കിന് ആദ്യ 10 ദിവസം 900 F ബ്രൂഡിംഗ് താപനില നല്കണം, 3-4 ആഴ്ച വരെ 850F ബ്രൂഡിംഗ് താപനില നല്കണം. നല്ല താപനില നല്കിയാല്‍ പൊരുന്ന വിജയകരമാവും. 1 ലിറ്റര്‍ വെള്ളംകൊണ്ടുള്ള മഗ്ഗുകള്‍ വെള്ളം നിറച്ച് ആവശ്യത്തിന് നല്കുക. അത്രയും തന്നെ ഭക്ഷണവും പാത്രങ്ങളും നല്കുക. 2.5 അടി ഉയരത്തില്‍ സംരക്ഷണവേലി വേണം, ഇവ ചാടാതെയും ഒറ്റപ്പെട്ടുപോകാതെയും ഇരിക്കും. ബ്രൂഡര്‍‌ഷെഡ്ഡില്‍ 40 വാട്ട് ബള്‍ബ് കത്തിനില്കക്കണം. 100 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിന് 1 എന്ന ക്രമത്തില്‍ 3 ആഴ്ച കഴിഞ്ഞാല്‍ സംരക്ഷണവേലി നീക്കി വിശാലമാക്കണം, 6 ആഴ്ച ആയാല്‍ അത് മാറ്റണം. ആദ്യ 14 ആഴ്ചയിലും, ശരീരഭാരം 10 കിലോ എത്തുംവരെയോ കുഴമ്പുരൂപ ത്തില്‍ഭക്ഷണം നല്കണം. പക്ഷികള്‍ക്ക് പറന്ന് നടക്കാനുള്ള സ്ഥലസൌകര്യം നല്കണം. 30 അടി സ്ഥലം വേണം. അതിനാല്‍ 40 കുഞ്ഞുങ്ങള്‍ക്ക് 40 ft x 30 ft തറ വേണം, പുറത്തു വേറെ സ്ഥല മുണ്ടെങ്കില്‍. തറ വൃത്തിയായി, ഈര്‍പ്പരഹിതമായിരിക്കണം, വെള്ളം ഒഴുകിപ്പോകാന്‍ സംവിധാനം വേണം.

ചെയ്യേണ്ടത്: കൂടില്‍ തിരക്ക് പാടില്ല.

ആദ്യ ദിവസങ്ങളില്‍ വൃത്തിയാക്കിയ വെള്ളം, സമര്‍ദ്ദം കുറയ്ക്കുന്നവയും നല്‍കണം.
വെള്ളം ദിവസവും വൃത്തിയാക്കണം. അല്ലെങ്കില്‍ സ്വയം വെള്ളം മാറ്റുന്ന രീതി നോക്കണം.
പക്ഷികളുടെ സൌകര്യം, ഭക്ഷണം, വെള്ളം കഴിക്കാന്‍, കുഞ്ഞുങ്ങളുടെ പരിപാലനം എന്നിവ ദിവസവും ശ്രദ്ധിക്കണം. എന്തെങ്കിലും തകരാര്‍ കണ്ടെത്തിയാല്‍ ഉടന്‍തന്നെ പരിഹരിക്കണം.
പക്ഷികളുടെ ആരോഗ്യുള്ള വളര്‍ച്ചയ്ക്ക് ആവശ്യമായ ധാതുക്കള്‍ വിറ്റാമിനുകള്‍ നല്കണം, ഇവ വൈകല്യം അകറ്റും. മികച്ച ബയോസുരക്ഷയ്ക്കായി എല്ലാം പുറത്ത് – എല്ലാം അകത്ത് എന്ന രീതി പരിശീലിപ്പിക്കുക.

ചെയ്യരുതാത്തത്:

ചൂടുള്ള സമയങ്ങളില്‍ പക്ഷികളെ കൈകാര്യം ചെയ്യരുത്.ശാന്തവും, സ്വസ്ഥവുമായ പരിസ്ഥിതി കൂടിനുള്ളില്‍ വേണം.
പക്ഷികള്‍ പെട്ടെന്ന് വസ്തുക്കള്‍ പിടിച്ചെടുക്കും. അതിനാല്‍ ആണി, കല്ലുകള്‍ എന്നിവ പരിസരത്ത് ഇടരുത്.
അപരിചിതര്‍, വസ്തുക്കള്‍ എന്നിവ ഫാമില്‍ അനുവദിക്കരുത്. ശരിയായ ബയോ സെക്യൂരിറ്റി ഉറപ്പാക്കണം.
വളരുന്നവയെ പരിപാലിക്കല്‍

എമു വളരുമ്പോള്‍ അവയ്ക്ക് കൂടുതല്‍ വെള്ളം, ഭക്ഷണം (ഇവയുടെ പാത്രങ്ങളും വലുത് വേണം) കൂടുതല്‍ സ്ഥലസൌകര്യം വേണം. ലിംഗഭേദം കണ്ടെത്തി പ്രത്യേക കൂടുകളില്‍ വളര്‍ത്തുക. കുട്ടികളെ നല്ല ഈര്‍പ്പരഹിത അവസ്ഥയില്‍ വളര്‍ത്തുവാന്‍ കൂടിനുള്ളില്‍ ആവശ്യമായ വയ്ക്കോല്‍ വിരിക്കണം. 34 ആഴ്ച എത്തുംവരെയോ, 25 കിലോ ശരീരഭാരം കൂടുംവരെയോ ഗ്രോവര്‍ ഭക്ഷണം നല്കുക. 10 ശതമാനം ഇലകള്‍ ആഹാരത്തില്‍ നല്കക. ഇവ വ്യത്യസ്ത തരത്തില്‍ ആകുന്നത് പലതരം നാരുവര്‍ഗ്ഗങ്ങള്‍ കഴിക്കാനും, പൊരുത്തപ്പെടാനും ഇടയാക്കും. എപ്പോഴും ശുദ്ധജലം നല്കുക. ആവശ്യമുള്ള വളര്‍ച്ചയുടെ സമയത്ത് ഈര്‍പ്പരഹിതമായ അന്തരീക്ഷം നല്കണം. ആവശ്യമെങ്കില്‍ കൂടുകളില്‍ കൂടുതല്‍ വയ്ക്കോല്‍ വിരിക്കണം. പുറത്ത് തുറസ്സായ ഇടമുണ്ടെങ്കില്‍, 40 അടി x 100 അടി ഇടം 40 പക്ഷികള്‍ക്ക് മതിയാകും. തറ പെട്ടെന്ന് ഉണങ്ങുന്ന രീതിയില്‍ സംവിധാനം ചെയ്യണം. വശങ്ങളിലായി പക്ഷികളെ പിടിച്ചുനിറുത്തി നിയന്ത്രി ക്കണം. മുതിര്‍ന്നവയെ ചിറകുകളില്‍ പിടിച്ചു ചേര്‍ത്ത് നിറുത്തുക. അവ ചവിട്ടാന്‍ അനുവദിക്കരുത്. ഇവ വശങ്ങളിലേയ്ക്കം മുന്നോട്ടുമാണ് ചവിട്ടുന്നത്. അതിനാല്‍ വശങ്ങളിലായി പിടിച്ചുനിറുത്തുന്നതാണ് ഇരുകൂട്ടര്‍ക്കും നല്ലത്.

ചെയ്യേണ്ടത്:

പക്ഷികളിലെ, ജാഗ്രത, ഭക്ഷണം, ജലം കഴിക്കുന്നോ എന്നറിയാനും ദിവസേന പരിശോധന നടത്തണം.
കാലുകള്‍ വൈകല്യം ഉണ്ടോ, കാഷ്ഠം എന്നിവ ശ്രദ്ധിക്കണം. രോഗമുണ്ടെന്നുകണ്ടാല്‍ മാറ്റിപ്പാര്‍പ്പിക്കണം.
എല്ലാറ്റിനെയും പുറത്ത്- എല്ലാറ്റിനെയും അകത്ത് എന്ന രീതി ശീലിപ്പിക്കുക.
മുതിര്‍ന്ന പക്ഷികളുടെ പരിസരത്ത് വിടരുത്.

ചെയ്യരുതാത്തത്:

മൂര്‍ച്ചയുള്ള വസ്തുക്കള്‍, കല്ലുകള്‍ ഇവ പക്ഷികളുടെ സമീപത്ത് ഇടരുത്. പക്ഷികള്‍ വികൃതികളാണ്. കൈയില്‍ കിട്ടുന്നതെന്തും എടുക്കും. ചൂടുള്ള കാലങ്ങളില്‍ പക്ഷികളെ കുത്തിവയ്പിനോ, നിയന്ത്രിക്കാനോ പിടിച്ച് നിറുത്തരുത്. ദിവസം മുഴുവന്‍ തണുത്ത, ശുചിയായ വെള്ളം നല്കുക.

കാട വളര്‍ത്തുമ്പോള്‍ പരിചരണം ഏറെ പ്രധാനം

ഈയിടെയായി വളരെയധികം പ്രസിദ്ധിയാര്‍ജിച്ചിട്ടുള്ള ഒരു ഉപതൊഴില്‍ മേഖലയാണ് കാടവളര്‍ത്തല്‍. കുറഞ്ഞ തീറ്റച്ചെലവ്, ചുരുങ്ങിയ ദിവസംകൊണ്ട് മുട്ടവിരിയല്‍ (16-18 ദിവസം), ചെറിയ സ്ഥലത്ത് വളര്‍ത്താന്‍ സാധിക്കുക, ധാരാളം മുട്ടയിടാനുള്ള ശേഷി, സ്വാദിഷ്ഠവും ഔഷധമേന്മയും ഒത്തിണങ്ങിയ മുട്ട, മാംസം എന്നിവ കാടകളുടെ പ്രത്യേകതകളാണ്.

ശരിയായ പരിചരണം നല്‍കിയില്ലെങ്കില്‍ കാടക്കുഞ്ഞുങ്ങള്‍ ചെറുപ്രായത്തില്‍ ചത്തുപോകാനുള്ള സാധ്യത കൂടുതലാണ്. മൂന്നാഴ്ച പ്രായമാകുന്നതുവരെ കുഞ്ഞുങ്ങള്‍ക്ക് കൃത്രിമചൂട് നല്‍കണം. തുടക്കത്തില്‍ 37.5 ഡിഗ്രി സെല്‍ഷ്യസ് ചൂട് ആവശ്യമാണ്. മൂന്നാഴ്ചയ്ക്കുശേഷം അന്തരീക്ഷത്തിലെ ചൂട് വളരെ കുറവാണെങ്കില്‍ മാത്രം കൃത്രിമച്ചൂട് നല്‍കിയാല്‍ മതി. ഡീപ്പ് ലിറ്റര്‍ രീതിയില്‍ 100 കുഞ്ഞുങ്ങള്‍ക്ക് നാല്പതോ അറുപതോ വോള്‍ട്ടുള്ള ഒരു ബള്‍ബ് മതിയാകും. നിലത്ത് വിരിച്ച ലിറ്ററില്‍ ഒരേ പ്രായത്തിലുള്ള പക്ഷികളെ വളര്‍ത്തുന്ന രീതിയെയാണ് ഡീപ്പ് ലിറ്റര്‍ സംവിധാനം എന്നു പറയുന്നത്. തീറ്റ കൊടുക്കാനായി നീളമുള്ള തീറ്റപ്പാത്രങ്ങള്‍ അഥവാ ലീനിയര്‍ ഫീഡര്‍ ഉപയോഗിക്കാം. വെള്ളപ്പാത്രം ചെലവ് കുറഞ്ഞതും വൃത്തിയാക്കാന്‍ എളുപ്പമുള്ളതും കാടകള്‍ക്ക് അകത്തുകയറി ചീത്തയാക്കാന്‍ പറ്റാത്തതുമായിരിക്കണം. ഈ പാത്രങ്ങള്‍ എല്ലാ ദിവസവും കഴുകി വൃത്തിയാക്കണം. വെള്ളം പുറത്തു വീണ് ലിറ്റര്‍ നനയാനും പാടില്ല.

ഡീപ്പ് ലിറ്റര്‍ സമ്പ്രദായത്തില്‍ കാടകളെ വളര്‍ത്തുമ്പോള്‍ 5 സെന്‍റിമീറ്റര്‍ ഘനത്തില്‍ ലിറ്റര്‍ ഇടണം. ആദ്യത്തെയാഴ്ച ബ്രൂഡറിന് ചുറ്റും 30 സെന്‍റീമീറ്റര്‍ പൊക്കത്തില്‍ കാര്‍ഡ്‌ബോര്‍ഡ്, പനമ്പ് തകിട് ഇവയിലേതെങ്കിലും കൊണ്ടുള്ള ഒരു വലയം സ്ഥാപിക്കാം. ഇതിനെ ചിക്ക്ഗാര്‍ഡ് എന്നു പറയുന്നു. കുഞ്ഞുങ്ങള്‍ വളരുന്നതനുസരിച്ച് ബ്രൂഡറിന് ചുറ്റുമുള്ള വലയത്തിന്‍റെ വിസ്തീര്‍ണം വലുതാക്കേണ്ടി വരും. ഒരാഴ്ച കഴിഞ്ഞാല്‍ വലയം എടുത്തുമാറ്റാം.

ആദ്യത്തെ രണ്ടാഴ്ച പ്രായംവരെ 24 മണിക്കൂര്‍ വെളിച്ചവും മൂന്നാമത്തെ ആഴ്ചയില്‍ 12 മണിക്കൂര്‍ വെളിച്ചവും വേണം. മൂന്നാഴ്ച മുതല്‍ ആറാഴ്ച പ്രായംവരെയാണ് വളരുന്ന പ്രായം എന്നു പറയുന്നത്. ഏകദേശം മൂന്നാഴ്ച പ്രായമാകുമ്പോള്‍ കഴുത്തിലെയും നെഞ്ചുഭാഗത്തെയും തൂവലുകളുടെ നിറവ്യത്യാസത്തില്‍നിന്ന് ആണ്‍പെണ്‍കാടകളെ വേര്‍തിരിക്കാം. ആണ്‍കാടകള്‍ക്ക് ഈ ഭാഗങ്ങളില്‍ ചുവപ്പും തവിട്ടും കലര്‍ന്ന നിറത്തിലുള്ള തൂവലുകളുണ്ടായിരിക്കുമ്പോള്‍ പെണ്‍കാടകള്‍ക്ക് കറുപ്പ് പുള്ളികളടങ്ങിയ ടാന്‍ അല്ലെങ്കില്‍ ഗ്രേ നിറത്തിലുള്ള തൂവലുകളുണ്ടായിരിക്കും.

മറ്റു പക്ഷികളില്‍നിന്നു വിഭിന്നമായി ആണ്‍കാടകള്‍ പെണ്‍കാടകളേക്കാള്‍ ചെറുതായിരിക്കും. ആണ്‍കാടകളില്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍ അവയുടെ വിസര്‍ജനാവയവത്തിനടുത്ത് വിരല്‍കൊണ്ടമര്‍ത്തുകയാണെങ്കില്‍ വെളുത്ത നിറത്തില്‍ പതരൂപത്തിലുള്ള ഒരു ദ്രാവകം ഊറിവരുന്നതായിക്കാണാം. ഇത് ആണ്‍കാടയെ തിരിച്ചറിയാന്‍ സഹായിക്കുന്നു.

ആറാഴ്ച പ്രായമാകുമ്പോള്‍ പെണ്‍കാടകള്‍ക്ക് 150 ഗ്രാം തൂക്കം കാണും. ഈ പ്രായത്തില്‍ ഇവ മുട്ടയിട്ടുതുടങ്ങുന്നു. ഇറച്ചിക്കുള്ള കാടകളെ ഈ പ്രായത്തില്‍ വില്ക്കാം. മുട്ടയിടുന്ന കാടകള്‍ക്ക് അഞ്ച് കാടകള്‍ക്ക് ഒരു പെട്ടി എന്ന തോതില്‍ മുട്ടയിടാനുള്ള പെട്ടികള്‍ വെക്കണം.

മുട്ടയിടുന്ന കാടകള്‍ക്ക് 16 മണിക്കൂര്‍ വെളിച്ചം നല്‍കണം. അനാവശ്യമായി പെണ്‍കാടകളെ കൈകാര്യം ചെയ്യരുത്.

കാടവളര്‍ത്തലിന്‍റെ 70 ശതമാനം ചെലവും തീറ്റയ്ക്കാണ്. ആദ്യത്തെ മൂന്നാഴ്ച കൊടുക്കുന്ന സ്റ്റാര്‍ട്ടര്‍ തീറ്റയില്‍ 27 ശതമാനം മാംസ്യവും 2800 കിലോ കലോറി ഊര്‍ജവും അടങ്ങിയിരിക്കണം. മുട്ടയിടുന്നവയ്ക്ക് കൊടുക്കുന്നതിലാകട്ടെ 22 ശതമാനം പ്രോട്ടീനും (മാംസ്യം) 2900 കിലോ കലോറി ഊര്‍ജവും വേണം. മുട്ടയിടുന്ന കാടപ്പക്ഷികള്‍ക്കും തീറ്റയില്‍ കക്കപ്പൊടി ചേര്‍ത്തുകൊടുക്കണം. ഒരു കാട അഞ്ചാഴ്ച പ്രായം വരെ ഏകദേശം 400 ഗ്രാം തീറ്റ എടുക്കുന്നു. അതിനുശേഷം പ്രതിദിനം 25 ഗ്രാമോളം തീറ്റ വേണം. ഒരു കാടയ്ക്ക് ഒരുവര്‍ഷത്തേക്ക് എട്ടു കിലോഗ്രാം തീറ്റ മതിയാകും.കാടകള്‍ക്കായി സമീകൃതാഹാരം ഉണ്ടാക്കുമ്പോള്‍ മഞ്ഞച്ചോളം, അരിത്തവിട്, കടലപ്പിണ്ണാക്ക്, എള്ളിന്‍പിണ്ണാക്ക്, മീന്‍പൊടി, ഉപ്പ്, എല്ലുപൊടി, കക്കപ്പൊടി, ധാതുലവണങ്ങള്‍, ജീവകങ്ങള്‍ എന്നിവ വേണം.കോഴികളുടെ തീറ്റതന്നെ ചില വ്യത്യാസങ്ങളോടെ കാടകള്‍ക്കും കൊടുക്കാവുന്നതാണ്. ഇറച്ചിക്കോഴിക്ക് ഉപയോഗിക്കുന്ന തീറ്റയില്‍ ഓരോ നൂറ് കിലോഗ്രാമിനും20 കിലോഗ്രാം മീന്‍പൊടി, അഞ്ചു കിലോഗ്രാം കപ്പലണ്ടിപ്പിണ്ണാക്ക്, ആറ് ഗ്രാം ജീവകം ഇ എന്നിവ ചേര്‍ത്ത് കാടത്തീറ്റയായി മാറ്റാം

ബ്രോയിലർ കോഴി വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ബ്രോയിലർ കോഴികൾ, 36 ദിവസം കൊണ്ട്‌, ഒന്നേമുക്കാൽ കിലോ തീറ്റകൊണ്ട്‌, ഒരു കിലോ ഇറച്ചി ഉത്പാദിപ്പിക്കുന്നു. വർഷങ്ങൾ നീണ്ട ഗവേഷണ-ശാസ്ത്രീയ പരീക്ഷണങ്ങളുടേയും പ്രജനന തന്ത്രങ്ങളുടേയും ഫലമാണിത്‌ .

വെൻകോബ്‌, റോസ്‌ തുടങ്ങിയവയാണ്‌ ലഭ്യമായ പ്രധാന ഇനങ്ങൾ. കേരളത്തിൽ പൊതുമേഖലയിൽ ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുവാൻ ബ്രീഡർ ഫാമുകൾ ഇല്ല. അയൽ സംസ്ഥാനങ്ങളിലെ സ്വകാര്യഫാമുകളെ ആശ്രയിക്കേണ്ടി വരും. അല്ലെങ്കിൽ, കൊത്തുമുട്ടകൾ അന്യസംസ്ഥാനങ്ങളിൽ നിന്നും കൊണ്ടു വന്ന്‌ ഹാച്ചറികളിൽ വിരിയിപ്പിച്ചെടുക്കാം. ഇന്‍റഗ്രേഷൻ എന്ന ഒരു സമ്പ്രദായവും നിലവിലുണ്ട്‌. ഇതിൽ കുഞ്ഞുങ്ങൾ, തീറ്റ, മരുന്ന്‌, എന്നിവ ഏജൻസികൾ വിതരണം ചെയ്യുന്നു. കൂട്‌, വൈദ്യുതി, പരിചരണം എന്നിവ കർഷകർ ചെയ്യണം. വളർച്ചയെത്തിയ കോഴികളെ തിരിച്ചെടുക്കുന്നു. കർഷകർക്ക്‌ നോട്ടക്കൂലിയായി ഒരു കിലോയ്ക്ക്‌ 4-5 രൂപ എന്ന നിരക്കിൽ ലഭിക്കുന്നു. തുടക്കക്കാർക്ക്‌ യോജിച്ച രീതിയാണ്‌ ഇത്‌.

വിപണനത്തെക്കുറിച്ചുള്ള ആകുലതകൾ ഒഴിവാക്കാം എന്ന മേന്മയും ഉണ്ട്‌. കൂടാതെ സ്വന്തം നിലയ്ക്ക്‌ കോഴിക്കുഞ്ഞുങ്ങളെ വാങ്ങി വളർത്തി വിൽക്കുകയോ കോഴികളെ കൊന്ന്‌ ഡ്രസ്സ്‌ ചെയ്ത്‌ വിൽക്കുകയോ ചെയ്യാം. വൈദ്യുതി, ശുദ്ധജലം, കോഴിക്കുഞ്ഞുങ്ങൾ, തീറ്റ മുതലായവ ലഭിക്കുന്ന വെള്ളക്കെട്ടില്ലാത്ത ഒരു സ്ഥലത്ത്‌ വേണം ഫാം തുടങ്ങാൻ. ഒരു കോഴിക്ക്‌ 1-1.2 ചതുരശ്ര അടി സ്ഥലം ആവശ്യമാണ്‌. കിഴക്ക്‌-പടിഞ്ഞാറ്‌ ദിശയിൽ കൂടുകൾ പണിയുന്നത്‌, നേരിട്ട്‌ സൂര്യപ്രകാശം കൂടിനുള്ളിൽ പതിക്കുന്നത്‌ ഒഴിവാക്കുവാൻ സഹായിക്കും. ഏകദേശം ഒരടി പൊക്കത്തിൽ ഭിത്തി നിർമ്മിച്ച്‌ ബാക്കി സ്ഥലം കമ്പിവലകൾ കൊണ്ട്‌ മറയ്ക്കാം. തറ കോൺക്രീറ്റ്‌ ചെയ്യുന്നതാണ്‌ നല്ലത്‌. കൂടിന്‍റെ വീതി 7 മീറ്ററായി ചുരുക്കുന്നത് നല്ല വെളിച്ചവും വായു സഞ്ചാരവും കിട്ടുന്നതിനു സഹായിക്കും. മേൽക്കൂരയ്ക്ക്‌ മധ്യഭാഗത്ത്‌ 3.3 മീ. (11 അടി) ഉയരവും, വശങ്ങളിൽ 1.8 മീറ്റർ (6 അടി) ഉയരവും ഉണ്ടായിരിക്കണം. മേൽക്കൂര അലുമിനിയം ഷീറ്റ്‌, ഇരുമ്പ്‌, ഓട്‌, ഓല കൊണ്ടാകാം. ഭിത്തികളും, തറയും, കുമ്മായം പൂശി അണുനശീകരണം നടത്തുക. 200 ഗ്രാം പൊട്ടാസ്യം പെർമാംഗനേറ്റ്‌ പൊടി ഒരു ചട്ടിയിൽ എടുത്ത്‌ 400 മില്ലി ഫോർമാലിൻ അതിലേക്ക്‌ ഒഴിച്ച്‌ ധൂമികരണം നടത്തുന്നതും നല്ലതാണ്‌. ഉപകരണങ്ങളും, കമ്പിവലകളും, ഇരുമ്പ്‌ വസ്തുക്കളും, മേൽക്കൂരയും, തറയും എല്ലാ വൃത്തിയാണെന്ന്‌ ഉറപ്പു വരുത്തുക. കോഴികളെ വിറ്റതിനുശേഷം, പഴയ വിരി മാറ്റി 2 ആഴ്ചത്തേക്കെങ്കിലും കൂടുകൾ അണുനശീകരണം നടത്തി ഒഴിച്ചിട്ടതിനുശേഷം മാത്രം പുതിയ കുഞ്ഞുങ്ങളെ ഇടുന്നത്‌ രോഗനിയന്ത്രണത്തിനു സഹായിക്കും. പ്രവേശന കവാടത്തിൽ അണുനാശിനി കൊണ്ട്‌ കാൽ കഴുകുന്ന സംവിധാനം ഒരുക്കുക, ചത്തവയെ ഉടനടി നീക്കം ചെയ്യുക. സന്ദർശകരെ പരമാവധി കുറയ്ക്കുക, വിരിപ്പ്‌ എല്ലായ്പ്പോഴും ഉണങ്ങിയിരിക്കുവാൻ ശ്രദ്ധിക്കുക തുടങ്ങിയ മുൻകരുതലുകൾ പാലിക്കണം.

ആദ്യത്തെ 10-14 ദിവസം കോഴിക്കുഞ്ഞുങ്ങൾക്ക്‌ ഒരു കുഞ്ഞിനു ഒരു വാട്ട്‌ എന്ന നിരക്കിൽ കൃത്രിമ ചൂട്‌ നൽകേണ്ടതാണ്‌. ബൾബുകൾ തറ നിരപ്പിൽ നിന്ന്‌ ഒരടി പൊക്കത്തിൽ ക്രമീകരിക്കണം. കുഞ്ഞുങ്ങൾ ബൾബിനടിയിൽ നിൽക്കുന്നതിനായി ഒരടി പൊക്കമുള്ള ചിക്ക്‌ ഗാർഡുകൾ ഉപയോഗിച്ച്‌ മറ നിർമ്മിക്കണം. വളരുന്നതിനനുസരിച്ച്‌ ഇവയുടെ വ്യാസം കൂട്ടണം. കുഞ്ഞുങ്ങൾ ബൾബിനു കീഴിൽ അവിടവിടെയായി ചിതറി നിൽക്കുന്നത്‌ ശരിയായ ചൂട്‌ ലഭിക്കുന്നതിന്‍റെ സൂചനയാണ്‌.

ചിന്തേര്‌ ,അറക്കപ്പൊടി എന്നിവയിൽ ഏതെങ്കിലും തറയിൽ വിരിച്ച്‌ അതിനു മുകളിൽ പത്രക്കടലാസ്‌ വിരിക്കണം. ഇതിലായിരിക്കണം ആദ്യ ദിവസങ്ങളിൽ തീറ്റ നൽകേണ്ടത്‌. അതിനുശേഷം തീറ്റപ്പാത്രങ്ങൾ ഉപയോഗിക്കാം.
ആറ്‌ ആഴ്ച പ്രായമാകുമ്പോൾ ഇറച്ചിക്കോഴി ഏകദേശം 3.5 കിലോ തീറ്റ തിന്നും. തീറ്റപ്പാത്രങ്ങൾ പകുതിയിൽ കൂടുതൽ നിറയ്ക്കരുത്‌. എപ്പോഴും തീറ്റ തിന്നുന്നതിനായി കൂടുകളിൽ രാത്രികാലങ്ങളിലും വെളിച്ചമുണ്ടാകണം. എപ്പോഴും ശുദ്ധജലം ലഭ്യമായിരിക്കണം. വെള്ളപ്പാത്രങ്ങൾ എല്ലാ ദിവസവും വൃത്തിയാക്കണം. കോഴി വസന്ത, ഗംബോറോ രോഗം എന്നിവയ്ക്കുള്ള പ്രതിരോധ മരുന്നുകളാണ്‌ നൽകുക. വെള്ളത്തിൽ കലക്കി കൊടുക്കുകയാണ്‌ സാധാരണ ചെയ്യേണ്ടത്‌. ഇതിനായി ശുദ്ധജലം തന്നെ ഉപയോഗിക്കുവാൻ ശ്രദ്ധിക്കുക. രോഗപ്രതിരോധ മരുന്നുകൾ നൽകുന്ന ദിവസം വെള്ളത്തിൽ അണുനാശിനി ഉപയോഗിക്കരുത്‌.

ഓരോ ദിവസം കഴിയുന്തോറും തീറ്റയുടെ ചെലവ്‌ വർദ്ധിക്കും എന്നതു കാരണം ആറ്‌ ആഴ്ച പ്രായത്തിനു മുമ്പുതന്നെ ഇവയെ വിറ്റഴിക്കണം. ഡ്രസ്‌ ചെയ്തോ ഉൽപന്നങ്ങളാക്കിയോ വിറ്റഴിച്ചാൽ കൂടുതൽ ലാഭം നേടാനാകും. തീറ്റയുടെ വിലവർദ്ധനവ്‌, അസുഖങ്ങൾ, മാലിന്യ നിർമാർജ്ജനം, ശരിയായ വിപണന സംവിധാനങ്ങളുടെ അഭാവം എന്നിവ വെല്ലുവിളികളാണ്‌.

കന്നുകാലികളെ തളര്‍ത്തുന്ന ബെബീസിയ രോഗം

സങ്കരയിനം കന്നുകാലികളെ ബാധിക്കുന്ന ഒരു മാരക പരാദബാധയാണ് ബെബീസിയ രോഗം അഥവാ ചുവപ്പുരോഗം. രോഗത്തിന്‍റെ പേരുപോലെത്തന്നെ മൂത്രം ചുവപ്പുനിറത്തില്‍ പോവുന്നതാണ് പ്രധാന ലക്ഷണം. കൊടുക്കുന്ന മരുന്ന് കാരണമാണ് കാലികള്‍ക്ക് മൂത്രത്തില്‍ ചുവപ്പുനിറം എന്ന തെറ്റിദ്ധാരണ മൂലം യഥാസമയത്ത് വിദഗ്ധചികിത്സ നടത്താത്തപക്ഷം കന്നുകാലികളുടെ ജീവന്‍ അപഹരിക്കുന്ന രോഗമാണിത്. രോഗലക്ഷണങ്ങള്‍ കാണുമ്പോള്‍തന്നെ വിദഗ്ധ ചികിത്സയ്ക്ക് വിധേയമാക്കേണ്ടതാണ്. ചികിത്സയ്ക്കുണ്ടാകുന്ന കാലതാമസം രോഗം സുഖപ്പെടാതിരിക്കാന്‍ ഇടയാക്കാറുണ്ട്.  രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ച്‌ പത്തുദിവസം കഴിഞ്ഞാണ് രോഗലക്ഷണം കണ്ടുതുടങ്ങുന്നത്.

ഉയര്‍ന്ന ശരീരോഷ്മാവാണ് ആദ്യം കാണുക. ഇത് മൂന്നുദിവസത്തോളം കാണാം. ഇതോടൊപ്പം വിശപ്പില്ലായ്മ, അയവിറക്കാതിരിക്കല്‍, മലബന്ധം, വര്‍ധിച്ച നാഡിമിടിപ്പും ശ്വാസോച്ഛ്വാസവും, പാലുത്പാദനത്തില്‍ ഗണ്യമായ കുറവ് എന്നീ ലക്ഷണങ്ങളും കാണാം. മൂത്രത്തിന്‍റെ നിറവ്യത്യാസമാണ് ഈ രോഗത്തിന്‍റെ ഏറ്റവും പ്രകടമായ രോഗലക്ഷണങ്ങള്‍. മൂത്രമൊഴിക്കുന്നതിന് വേദനയും കാണപ്പെടും. മൂത്രത്തിന്‍റെ അളവില്‍ ഗണ്യമായ കുറവ് കാണാം. മലബന്ധത്തെ തുടര്‍ന്ന് രക്തവും കഫവും കലര്‍ന്ന വയറിളക്കം കാണാറുണ്ട്. ഈ അവസ്ഥ വരുമ്പോഴേക്കും കന്നുകാലികള്‍ ക്ഷീണിച്ച്‌ തളര്‍ന്നുപോകും. പേശികളുടെ വിറയല്‍, ഉമിനീരൊലിക്കല്‍ എന്നിവയും കാണാം. ക്രമേണ ഉയര്‍ന്ന ശരീരോഷ്മാവ് കുറഞ്ഞുവരികയും കാലികള്‍ ചാവുകയും ചെയ്യും.

രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ വെറ്ററിനറി ഡോക്ടറെ സമീപിച്ച്‌ ചികിത്സ തേടേണ്ടതാണ്. ശരീരത്തില്‍ കാണുന്ന പട്ടുണ്ണികള്‍ വഴിയാണ് കാലികളില്‍ രോഗസംക്രമണം നടക്കുന്നത്. രോഗമുള്ള കാലികളെ പട്ടുണ്ണികള്‍ കടിക്കുമ്പോള്‍ അവയുടെ കുടലില്‍ ബെബീസിയ അണുക്കള്‍ പെരുകുകയും വീണ്ടും അവ ആരോഗ്യമുള്ള കാലികളെ കടിക്കുന്നതുവഴി രോഗം വ്യാപിക്കുകയും ചെയ്യും. ഇക്കാരണത്താല്‍ പട്ടുണ്ണികളെ നശിപ്പിക്കല്‍ അനിവാര്യമാണ്. മേച്ചില്‍സ്ഥലം ഇടയ്ക്കിടക്ക് മാറ്റിയാല്‍ പട്ടുണ്ണികളെ നിര്‍മാര്‍ജനം ചെയ്യാം.

പൂച്ചകളില്‍ സാധാരണയായി കണ്ടുവരുന്ന വൈറസ് രോഗങ്ങള്‍

റാബീസ്, പന്‍ലൂക്കോപീനിയ, കാല്‍സി വൈറസ് രോഗം, ഹെര്‍പ്പിസ് വൈറസ് രോഗം എന്നിവയാണ് പൂച്ചകളില്‍ സാധാരണയായി കണ്ടുവരുന്ന വൈറസ് രോഗങ്ങള്‍. തലച്ചോറിനെ ബാധിക്കുന്ന രോഗമാണ് റാബീസ്. പൂച്ചകളിലെ റാബീസിന്റെ ലക്ഷണങ്ങള്‍ പട്ടികളിലേതുപോലെത്തന്നെയാണ്. രോഗലക്ഷണങ്ങള്‍ രണ്ടുതരത്തില്‍ പ്രത്യക്ഷപ്പെടാം. തളര്‍ച്ചരൂപത്തിലോ ആക്രമണ രൂപത്തിലോ. അസുഖമുള്ള പൂച്ചകള്‍ സാധാരണയില്‍ കൂടുതലായി കരയുന്നതുപോലെയുള്ള ശബ്ദങ്ങള്‍ പുറപ്പെടുവിക്കാറുണ്ട്. അവസാനം തളര്‍ന്നുകിടന്നാണ് ചാവുന്നത്. പന്‍ലൂക്കോപീനിയ വൈറസ് ദഹനേന്ദ്രിയത്തെ ബാധിക്കുന്ന രോഗമാണ്. കടുത്ത പനി, വിശപ്പില്ലായ്മ, ഛര്‍ദി, വയറിളക്കം എന്നിവയാണ് രോഗലക്ഷണങ്ങള്‍. പൂച്ചക്കുട്ടികളിലാണ് അസുഖം കൂടുതലായും കാണുന്നത്.

രോഗലക്ഷണങ്ങള്‍ ഒരാഴ്ചയോളം നീണ്ടുനില്‍ക്കും. ഇതിനിടയില്‍ മരണംവരെ സംഭവിക്കാം.
കാല്‍സി വൈറസും ഹെര്‍പ്പിസ് വൈറസും പ്രധാനമായും ശ്വസനേന്ദ്രിയത്തെയാണ് ബാധിക്കുന്നത്. രണ്ടിന്റെയും രോഗലക്ഷണങ്ങള്‍ ഒന്നുതന്നെയാണ്. പനി, മൂക്കൊലിപ്പ്, ചെങ്കണ്ണ്, കണ്ണില്‍ പീളകെട്ടല്‍, തുമ്മല്‍, ചുമ, വിശപ്പില്ലായ്മ എന്നിവയാണ് രോഗലക്ഷണങ്ങള്‍. മുകളില്‍പ്പറഞ്ഞ നാലു പ്രധാന വൈറസ് രോഗങ്ങള്‍ക്കും ഫലപ്രദമായ പ്രതിരോധ കുത്തിവെപ്പുകള്‍ കേരളത്തില്‍തന്നെ ലഭ്യമാണ്. ബെഓഫെല്‍ പി.സി.എച്ച്‌.ആര്‍. എന്നുപേരുള്ള കുത്തിവെപ്പില്‍ നാലു രോഗങ്ങള്‍ക്കുമുള്ള പ്രതിരോധഘടകങ്ങളുണ്ട്. ഫെലിജന്‍ സി.ആര്‍.പി. എന്ന മരുന്നില്‍ റാബീസ് ഒഴികെയുള്ള മൂന്നു രോഗങ്ങള്‍ക്കുമുള്ള പ്രതിരോധഘടകങ്ങളുണ്ട്. രക്ഷ റാബ് എന്ന കുത്തിവെപ്പിലൂടെ റാബീസിനുമാത്രം പ്രതിരോധം ലഭിക്കുന്നു.

കന്നുകാലികളിലെ തൈലേറിയ രോഗം

കേരളത്തിലെ കന്നുകാലികളിൽ പൊതുവായി കാണപ്പെടുന്നില്ല എന്നു കരുതിയിരുന്നതും, എന്നാൽ ഇപ്പോൾ കാണപ്പെടാൻ തുടങ്ങിയതുമായ രോഗങ്ങളിലൊന്നാണ്‌ തൈലേറിയ രോഗം. അയൽ സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലും, കർണ്ണാടകത്തിലും തൈലേറിയ ആനുലേററ വിഭാഗത്തിൽപ്പെടുന്ന മാരക പരാദങ്ങൾ കാണപ്പെടുന്നു. അയൽ സംസ്ഥാനങ്ങളിൽ നിന്ന്‌ ധാരാളമായി പശുക്കൾ എത്താൻ തുടങ്ങിയതോടെ കേരളത്തിലും അതിമാരകമല്ലെങ്കിലും തൈലേറിയ ബാധിച്ച മൃഗങ്ങളുടെ എണ്ണം കൂടി വരുന്നു.
പട്ടുണ്ണികൾ വഴിയാണ്‌ ഈ രോഗം പകരുന്നത്‌. ഏകകോശമുള്ള ഈ പരാദം രക്തകോശങ്ങളെ ആക്രമിക്കുകയും അതിശക്തമായ പനി, വിളർച്ച, മഞ്ഞപ്പിത്തം, കട്ടൻകാപ്പിയുടെ നിറമുള്ള മൂത്രം, ഗ്രന്ഥി വീക്കം തുടങ്ങിയ രോഗലക്ഷണങ്ങൾ കാണിക്കുകയും ചെയ്യും. പാലുൽപാദനത്തിലെ കുറവും, മരണത്തിന്‍റെ ഉയർന്ന തോതും അനുബന്ധമായി വരുന്നു. അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന കന്നുകാലികളിൽ കാലാവസ്ഥാ മാറ്റവും, ദീർഘദൂര യാത്രയും ഈ രോഗാവസ്ഥയെ സഹായിക്കുന്നു. ഏതു പ്രായത്തിലുള്ള മൃഗങ്ങളും, പശുക്കളും, എരുമകളും ഇവരുടെ ഇരകളാകാം. ഇതേ രോഗലക്ഷണങ്ങളുള്ള ധാരാളം രോഗങ്ങളുള്ളതിനാൽ കൃത്യ സമയത്ത്‌ രോഗനിർണയം നടത്തണം. രക്തപരിശോധനയിലൂടെ തൈലേറിയ രോഗം സ്ഥിരീകരിക്കാവുന്നതാണ്‌. ടെട്രാസൈക്ലിൻ, ബു പാർവ്വക്വോൺ തുടങ്ങിയ മരുന്നുകൾ ഉത്തമം. പ്രതിരോധ കുത്തിവെയ്പ്‌ ഇന്ത്യയിൽ ലഭ്യമെങ്കിലും നമ്മുടെ നാട്ടിൽ കാണപ്പെടുന്ന ഇനത്തിന്‌ ചേരുന്നതല്ല. പട്ടുണ്ണികളാണ്‌ രോഗം പകർത്തുന്നതിനാൽ കന്നുകാലികളുടെ ബാഹ്യപരാദ നിയന്ത്രണം പ്രധാനം. ഇതിനായി ഉചിതമായ കീടനാശിനികൾ അഥവാ മരുന്നുകൾ ശരീരത്തിൽ പുരട്ടുകയും തൊഴുത്തിലും പരിസര പ്രദേശങ്ങളിലും തളിക്കേണ്ടതുമാണ്‌. പുറത്ത്‌ മേയാൻ വിടുന്ന പശുക്കളിൽ  പട്ടുണ്ണികളെ നിയന്ത്രിക്കുക ഏറെ വിഷമകരമാണ്‌. രോഗം അധികമുള്ള പ്രദേശങ്ങളിൽ മേയാൻ വിടുന്നത്‌ ഒഴിവാക്കുക തന്നെ ഉചിതം.

കടപ്പാട് : www.infomagic.com

2.88636363636
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top