অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മഹത്തരമായ കൃഷി

ഔഷധ - പുഷ്പ - വാണിജ്യ വിളകള്‍

പച്ചമരുന്നുകളിൽ പ്രചാരമേറിയ ഓരില

ഓരില ഔഷധസസ്യങ്ങളിലൊന്നാണ്. ദശമൂലത്തിലെ ചേരുവയായും ഹൃദയസംബന്ധമായ അസുഖങ്ങൾക്കു പ്രതിവിധിയായും ഓരില ഉപയോഗിച്ചുവരുന്നു. ഓരിലയുടെ വംശവർധന വിത്തുകളിലൂടെയാണ്. മെയ്-ജൂൺ മാസങ്ങളിൽ കിളച്ചൊരുക്കിയ സ്ഥലത്ത് ഹെക്ടറിന് 5 ടൺ നിരക്കിൽ കമ്പോസ്റ്റോ ചാണകപ്പൊടിയോ ചേർത്തതിനു ശേഷം വിത്തുകൾ വിതറി വിതയ്‌ക്കാം. കിളിർത്ത് രണ്ടുമാസം കഴിയുമ്പോൾ കളയെടുത്ത് ഒരിക്കൽ കൂടി ജൈവവളം ചേർക്കാം. ഒക്ടോബർ കഴിയുന്നതോടെ കായ്കൾ പറിക്കാറാകും. ഇതോടൊപ്പം വേരും ശേഖരിക്കാവുന്നതാണ്. റബർ തോട്ടങ്ങളിൽ ആവരണവിളയായും ഓരില കൃഷി ചെയ്യാവുന്നതാണ്

കുപ്പിക്കുള്ളില്‍ പച്ചപ്പിന്‍റെ ലോകം തീര്‍ക്കാം

ചെറിയൊരു ഗ്ലാസിനുള്ളില്‍ അല്ലെങ്കില്‍ കുപ്പിക്കുള്ളില്‍ തീര്‍ക്കുന്നപച്ചപ്പിന്‍റെ ലോകമാണ് ടെററിയം. പച്ചപ്പിനെ വളരെയധികം സ്‌നേഹിക്കുകയും അതേസമയം ചെടി വളര്‍ത്താന്‍ സ്ഥലവും സമയവും ഇല്ലാതിരിക്കുകയും ചെയ്യുന്നവര്‍ക്കുള്ളതാണ് ടെററിയം. ലിവിങ് റൂമിലും ഡൈനിങ് മേശയുടെ മുകളിലും ഓഫിസ് മേശയുടെ  മുകളിലും വരെ വയ്ക്കാമെന്നതാണ് ടെററിയത്തെ ആകര്‍ഷകമാക്കുന്നത്.

ഭംഗിയുള്ള  ഗ്ലാസ് ജാറുകളാണ് ടെററിയം നിര്‍മിക്കാന്‍ ഉപയോഗിക്കുന്നത്. ആപ്പിള്‍, പിയര്‍ തുടങ്ങിയ ആകര്‍ഷകമായ ആകൃതിയില്‍ ടെററിയം നിര്‍മിക്കാനുള്ള ഗ്ലാസ് ജാറുകള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. ഭംഗിയുള്ള പൂന്തോട്ടംപുറത്തേക്കു കാണാനും ചെടികള്‍ക്ക് വെളിച്ചവും ചൂടും ലഭിക്കാനുമാണ് ഗ്ലാസ്പാത്രങ്ങള്‍ ഉപയോഗിക്കുന്നത്.

ടെററിയം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന പാത്രത്തില്‍ പോട്ടിങ് മിശ്രിതം നിറച്ച് ചെടികള്‍ നടുകയാണ് ചെയ്യുന്നത്. ഗ്ലാസ് ജാറിന്‍റെ  വലുപ്പത്തിനനുസരിച്ചാകണം ചെടികളുടെ വലുപ്പവും തരവും തീരുമാനിക്കാന്‍. കൊക്കോ പിത്ത്, മണ്ണ്, പെട്ടെന്ന് വേരോട്ടം ലഭിക്കാനുള്ള ടെര്‍മെല്‍ എന്ന ഹോര്‍മോണ്‍ എന്നിവ ചേര്‍ത്താണ് പോട്ടിങ് മിശ്രിതം തയാറാക്കുന്നത്. മണ്ണ്കുറഞ്ഞ അളവില്‍ മതിയെന്നതാണ് ശ്രദ്ധിക്കേണ്ട  ഒരു കാര്യം.

കുറഞ്ഞ അളവില്‍ വെള്ളവും പരിചരണവും വേണ്ട ചെടികളാണ് ടെററിയത്തില്‍ഉപയോഗിക്കുന്നത്. മണ്ണ് വേണ്ടാത്ത, വായുവില്‍ വളരുന്ന ചെടികള്‍ടെററിയത്തില്‍ നന്നായി ശോഭിക്കും. ടിലെന്‍ഷ്യയുടെ വിവിധയിനങ്ങള്‍, ക്രിപ്റ്റാന്തസ്, അധികം വളര്‍ച്ചയില്ലാത്ത കള്ളിച്ചെടികള്‍, ഫേണ്‍ഇവയെല്ലാം ടെററിയത്തില്‍ ഉപയോഗിക്കാം. പൂച്ചെടികള്‍ ഉപയോഗിക്കാറില്ല, മറിച്ച് ഇലകളുടെ നിറഭേദമാണ് ടെററിയത്തെ ആകര്‍ഷകമാക്കുന്നത്.
മൂന്നോ നാലോ ദിവസം കൂടുമ്പോള്‍ നനയ്ക്കുന്ന രീതിയാണ് ടെററിയത്തിലേത്.

വളം നല്‍കുന്നത് വെള്ളത്തില്‍ച്ചേര്‍ത്താണ്, അതും മാസത്തില്‍ ഒരിക്കലോ, രണ്ട്ആഴ്ചയില്‍ ഒരിക്കലോ മതി. ഏതു വലുപ്പമുള്ള ടെററിയവും നിര്‍മിക്കാം.ഉപയോഗിക്കുന്ന പാത്രത്തിന്‍റെ  വലുപ്പം, ചെടിയുടെ വലുപ്പം, ഇനം ഇതെല്ലാംഅനുസരിച്ച് ടെററിയത്തിന്‍റെ വിലയിലും വ്യത്യാസം കാണും. 250 രൂപ മുതല്‍ 650 രൂപ വരെ വില വരും ടെററിയത്തിന്. ചെടികള്‍ സ്വന്തമായി വയ്ക്കുമെങ്കില്‍പോട്ട് മാത്രമായും ലഭ്യമാണ്.

അടച്ചതോ തുറന്നതോ ആയ ടെററിയങ്ങള്‍ നിര്‍മിക്കാം. തുറന്ന ടെററിയങ്ങളാണ് നമ്മുടെ നാട്ടില്‍ കൂടുതല്‍ പ്രചാരത്തിലുള്ളത്. അടഞ്ഞ ടെററിയങ്ങളില്‍ വെള്ളം നല്‍കുന്നതിന്‍റെ അളവ് താരതമ്യേന കുറവുമതി.അടഞ്ഞിരിക്കുന്നതിനാല്‍ ഒരിക്കല്‍ നല്‍കിയ വെള്ളം ബാഷ്പീകരിച്ച് ഗ്ലാസ്ചുവരുകളില്‍ തട്ടി ഖനീഭവിക്കുമ്പോള്‍ വീണ്ടും ചെടിക്കു തന്നെ ലഭിക്കുന്നു.ഇക്കാരണത്താല്‍ അടഞ്ഞ ടെററിയങ്ങളില്‍ ഇടയ്ക്കിടെ നനയ്‌ക്കേണ്ട കാര്യമില്ല.

എന്നാല്‍ അടഞ്ഞ ടെററിയമാണെങ്കിലും ആഴ്ചയിലൊരിക്കല്‍ അല്പസമയം തുറന്നുവയ്ക്കണം. ഇടയ്ക്കിടെ ചെടികള്‍ മാറ്റുന്നതും ചെടികള്‍ വെട്ടിഭംഗിയാക്കുന്നതും ടെററിയത്തിന്‍റെ ഭംഗി കൂട്ടും. വീടിന്‍റെ അകത്തളത്തിലാണ് വയ്ക്കുന്നതെങ്കിലും ആഴ്ചയില്‍ ഒരിക്കല്‍ അല്പസമയം വെയിലില്‍ വയ്ക്കുന്നത്ചെടികളുടെ ആരോഗ്യത്തിനു നല്ലതാണ്.

വാണിജ്യാടിസ്ഥാനത്തില്‍ ജമന്തി കൃഷി ചെയ്യാം

വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യാന്‍ പറ്റിയ പുഷ്പങ്ങളില്‍ ഒന്നാണ് ജമന്തി. ലളിതമായ കൃഷി രീതിയും ഏതു കാലവസ്ഥയിലും കൃഷി ചെയ്യാം എന്നതും ജമന്തി കൃഷിയ്ക്ക് കൂടുതല്‍ പ്രചാരം നല്‍കുന്നത്. വളരെ വേഗത്തിലുള്ള പുഷ്പിക്കലും വിവിധ നിറത്തിലും വലിപ്പത്തിലും ഗുണമേന്മയുള്ള പുഷ്പങ്ങളും ഇവയുടെ വാണിജ്യപരമായ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്.ആഫ്രിക്കന്‍, ഫ്രഞ്ച് എന്നി രണ്ട് വിഭാഗത്തില്‍ പെടുന്ന ജമന്തി പ്രചാരത്തിലുണ്ട്. ഇവയുടെ സങ്കര ഇനങ്ങളായ റെഡ്,ഗോള്‍ഡ്,ഷോബോട്ട്,റെഡ് സെവന്‍സ്റ്റാര്‍ എന്നിവ ഇവയുടെ പ്രധാനയിനങ്ങളാണ്. പശിമയുള്ള മണ്ണിലാണ് കൂടുതലും ജമന്തി വളരുന്നതെങ്കിലും ഏത് പ്രദേശത്തിലും ജമന്തി കൃഷി ചെയ്യാം. പടശേഖരങ്ങളില്‍ കൃഷി ചെയ്യാവുന്നതാണ്. വിത്തുകള്‍ ഉപയോഗിച്ചാണ് തൈകള്‍ ഉണ്ടാക്കുന്നത്. പാകമായ പൂക്കളാണ് വിത്തുകളായി ഉപയോഗിക്കുന്നത്. നഴ്‌സറിയില്‍ വിത്തുമുളപ്പിച്ചതിന് ശേഷം തൈകള്‍ പറിച്ച് കൃഷി സ്ഥലത്ത് നടുന്നതാണ് നല്ലത്. നഴ്‌സറിയില്‍ ഉറുമ്പിന്‍റെ ശല്യം ഉണ്ടാകാതെ നോക്കണം. 1.5X1.5 നീളത്തിലും വീതിയിലും ഒരു മീറ്റര്‍ ഉയരത്തിലുമാണ് നഴ്‌സറികള്‍ ഉണ്ടാക്കേണ്ടത്. 30 കിലോഗ്രാം കാലിവളവും അര കിലോഗ്രാം രാസവളവും സംയോജിപ്പിച്ച് മണ്ണില്‍ നല്‍കണം.

വിത്തുകള്‍ 7.5 സെന്‍റീമീറ്റര്‍ അകലത്തില്‍ നിരകളായി വിതയ്ക്കണം. ഇവയെ കാലിവളം ഉപയോഗിച്ച് മൂടി നല്ലവണ്ണം ജലസേചനം നടത്തി മുളപ്പിച്ച ചെടികള്‍ ഒരു മാസത്തിനകം മാറ്റി നടണം. നന്നയി കാലിവളം ചേര്‍ത്ത് ഒരുക്കിയ മണ്ണില്‍ വേണം കൃഷി ചെയ്യുവാന്‍. കൃഷിസ്ഥലത്ത് 112:60:60 എന്നതോതില്‍ എന്‍ പി കെ വളങ്ങങ്ങള്‍ നല്‍കുന്നതും നല്ലതാണ്. ഫ്രഞ്ച് മാരിഗോള്‍ഡ് 30X30 സെന്‍റിമീറ്റര്‍ അകലത്തിലും ആഫ്രിക്കന്‍ ഇനം 45X45 സെന്‍റിമീറ്റര്‍ അകലത്തിലും വേണം കൃഷിയിടത്തില്‍ നടുവാന്‍. . തൈകള്‍ നട്ടതിന് ശേഷം ആവശ്യത്തിന് നനയ്ക്കണം.

30 മുതല്‍ 45 ദിവസങ്ങള്‍ക്ക് ശേഷം നൈട്രജന്‍ വളം പ്രയോഗിക്കുന്നത് നല്ലതാണ്. ഇതോടൊപ്പം മണ്ണ് കിളയ്ക്കുകയും ആവശ്യമില്ലാത്ത ഇലകളും തലപ്പുകളും നുള്ളുകയും ചെയ്യണം. മണ്ണിന്‍റെ ഈര്‍പ്പം,കാലാവസ്ഥ എന്നിവ പരിഗണിച്ച് നാല് മുതല്‍ ആറ് ദിവസം കൂടുമ്പോള്‍ നനയ്ക്കണം. ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് തലപ്പുകള്‍ നുള്ളുന്നത് നല്ലതാണ്. ഇത് തൈകള്‍ നട്ട് 30 മുതല്‍ 45 ദിവസങ്ങള്‍ക്ക് ശേഷം നടത്തണം. കീടങ്ങളുടെ ആക്രമണം ജമന്തിക്ക് വളരെ കുറവാണ്. പുല്‍ച്ചാടികള്‍, തണ്ടുതുരപ്പന്‍ പുഴു എന്നിവ ചിലപ്പോള്‍ ആക്രമിക്കാറുണ്ട്. ചിലപ്പോള്‍ നീര്‍വാര്‍ച്ചക്കുറവുള്ള മണ്ണില്‍ വേര് ചീയലിന് കാരണമാകുന്നു. വേരുചീയല്‍ തടയുന്നതിന് മാലത്തയോണ്‍, കാര്‍ബറില്‍ എന്നിവ വെള്ളത്തില്‍ കലക്കി ചെടിയുടെ ചുവട്ടില്‍ ഒഴിക്കണം. ചെടിയകലം പാലിക്കുകയും മണ്ണിന്‍റെ ഘടന അനുസരിച്ച് കൃഷിരീതികള്‍ അവലംബിക്കുകയും ചെയ്താല്‍ രോഗങ്ങളില്‍ നിന്നും ചെടിയെ സംരക്ഷിക്കാം. തൈകള്‍ മാറ്റി നട്ട് രണ്ട് മാസത്തിന് ശേഷം പൂക്കള്‍ വിളവെടുക്കാം.പിന്നീട് തുടര്‍ച്ചയായി രണ്ട് മാസംകൂടി വിളവെടുക്കാവുന്നതാണ്.പൂര്‍ണ്ണ വളര്‍ച്ചയെത്തിയ പൂക്കള്‍ വൈകുന്നേരങ്ങളില്‍ ഞെട്ടുകളോടെ വേണം വിളവെടുക്കുവാന്‍.

കോകം;കേരളത്തില്‍ വിരളമായി കാണപ്പെടുന്ന ഒരു സുഗന്ധവൃക്ഷ വിള

കേരളത്തില്‍ വിരളമായി കാണപ്പെടുന്ന ഒരു സുഗന്ധവൃക്ഷ വിളയാണ് കോകം. എല്ലാ ജില്ലകളിലും ഈ വൃക്ഷം വളരുമെങ്കിലും മലബാര്‍ മേഖലയിലെ മണ്ണും ചൂടുള്ള കാലാവസ്ഥയുമാണ് ഏററവും യോജിച്ചത്. ഈ മരം കാസര്‍ഗോഡ് ജില്ലയ്ക്കടുത്തുള്ള ദക്ഷിണ കന്നട ജില്ലയില്‍ ധാരാളം കാണപ്പെടുന്നുണ്ട്. കുടംപുളിയുടെ ജനുസ്സില്‍പെട്ട ഒരു മരമാണ് കോകം. മൂത്തു പഴുത്ത പഴങ്ങളുടെ തൊലി പഴച്ചാറില്‍ പല തവണ മുക്കി വെയിലത്തു വെച്ചുണക്കിയെടുത്താല്‍ മറാത്തി ഭാഷയില്‍ അംശൂള്‍ അല്ലെങ്കില്‍ ബിന്‍ട എന്നുപറയുന്ന സുഗന്ധദ്രവ്യം കിട്ടുന്നു. കറികള്‍ക്ക് രുചിയേകുവാന്‍ ഇത് പ്രധാനമായും ഉപയോഗിക്കുന്നു. ഉപ്പുലായനിയില്‍ സംസ്ക്കരിച്ചെടുക്കുന്ന തൊലികള്‍ക്ക് അഗര്‍ എന്നാണ് പേര്. ഇവ രണ്ടും കൊങ്കണ്‍ മേഖലയിലുള്ള മാര്‍ക്കററുകളില്‍ സുലഭമായി വാങ്ങാന്‍ കിട്ടും.

കോകത്തിന്‍റെ വിത്തിലുള്ള പരിപ്പില്‍ നിന്നു വേര്‍തിരിച്ചെടുക്കുന്ന കൊഴുപ്പ് വ്യാവസായിക പ്രാധാന്യമുള്ള മറെറാരു ഉത്പന്നമാണ്. കോകംവെണ്ണ എന്നു വിളിക്കുന്ന ഈ കൊഴുപ്പ് മുട്ടയുടെ ആകൃതിയിലുള്ള ഗോളങ്ങളായി മാര്‍ക്കററില്‍ വിററഴിക്കപ്പെടുന്നു. പ്രധാന ഉപയോഗം പാചകത്തിനാണെങ്കിലും ഔഷധമായും സൗന്ദര്യവര്‍ധകക്കൂട്ടുകളിലും ഇത് ധാരാളം ഉപയോഗിക്കുന്നുണ്ട്. പരമ്പരാഗതമായി കാല് വിണ്ട് കീറുന്നതിനും വയറിളക്കത്തിനും ഈ കൊഴുപ്പ് പേരുകേട്ട ഒരു ഔഷധമാണ്. വിത്തുകള്‍ ചതച്ചു പൊടിച്ചതിനു ശേഷം വെള്ളത്തിലിട്ടു തിളപ്പിച്ച് കൊഴുപ്പ് വേര്‍തിരിച്ചെടുക്കാം. പഴത്തില്‍ നിന്നെടുക്കുന്ന പുളിയുള്ള ചാറ് അമൃതകോകം എന്ന പേരില്‍ ധാരാളം വിററഴിയുന്നു. ചുവപ്പുനിറമുള്ള ഒരു സിറപ്പാണിത്. വേനല്‍ക്കാലത്ത് ശരീരത്തിന്‍റെ ചൂട് കുറയ്ക്കുന്നതിന് ഒരു ഉഷ്ണശമനിയായി അമൃതകോകം ഉപയോഗിച്ചുവരുന്നു.

പൗഡര്‍ രൂപത്തിലും ഇത് ലഭ്യമാണ്. അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന ഒരു മാര്‍ക്കററാണിതിനുള്ളത്. അതിന് പ്രത്യേക കാരണം വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന പാരാ ഹൈഡ്രോക്സി സിട്രിക്കാസിഡ് ഇതിലടങ്ങിയിരിക്കുന്നു എന്നതാണ്. പുളിച്ചു തികട്ടല്‍, അസിഡിററി, ദഹനക്കുറവ് മുതലായവയെ ശമിപ്പിക്കുന്നതിനും കോകത്തിന് അപാരമായ കഴിവുണ്ട്. രക്ത ശുദ്ധീകരണത്തിനും ഹൃദയം ഉത്തേജിപ്പിക്കുന്നതിനും കൊളസ്ട്രോള്‍, ഡയബററിസ് എന്നിവ നിയന്ത്രിക്കുന്നതിനും കോകം ഉപകാരപ്പെടുന്നതിനാല്‍ ഒരു ആരോഗ്യപാനീയമായി ഉപയോഗപ്പെടുത്താനുള്ള സാധ്യത വളരെ വലുതാണ്. അതിനുള്ള ശ്രമങ്ങളും നടന്നു വരുന്നു. ലോകത്ത് കാണപ്പെടുന്ന ഫല വര്‍ഗ്ഗങ്ങളില്‍ വെച്ച് ഏററവും കൂടുതല്‍ ചുവന്ന നിറം കോകത്തിനാണുള്ളത്. അതായത് 2.5 ശതമാനം. പ്രകൃത്യായുള്ള നിറങ്ങള്‍ക്ക് ഇന്ന് പ്രസക്തിയേറിയിരിക്കുന്നതിനാല്‍ ഈവിളയ്ക്ക് വലിയ വികസന സാധ്യതയാണുള്ളത്.

മംഗലാപുരം മുതല്‍ വടക്കോട്ടുള്ള കൊങ്കണ്‍ മേഖലയാണ് കോകം കൃഷിയുടെ ആസ്ഥാനം. ലോകത്തില്‍ ഏററവും കൂടുതല്‍ കോകം കൃഷി ഇവിടെത്തന്നെയാണ്. ഏകദേശം 15 ലക്ഷം മരങ്ങളുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്, ഉത്പാദനം 4000 ടണ്ണും. ഇതില്‍ 250 ടണ്ണോളം കയററുമതി ചെയ്യുന്നു. കേരളത്തില്‍ വയനാട്ടിലും പല സര്‍ക്കാര്‍ കൃഷി ഫാമുകളിലും നീലഗിരി മലകളിലും ഈ മരം കാണപ്പെടുന്നുണ്ട്. ക്രിസ്തുമസ് മരം പോലെ കുത്തനെ വളരുന്ന വൃക്ഷമാണ് കോകം. ഒരു നല്ല അലങ്കാര വൃക്ഷവുമാണ്. ഇലകള്‍ ചെറുതും ഗോളാകൃതിയിലുള്ളതുമാണ്. ഇളം തണ്ടുകളില്‍ ചുവന്ന നിറം കാണാം. കോകം ഒരു ബഹുലിംഗസസ്യമാണ്. ആണ്‍വൃക്ഷങ്ങളും പെണ്‍വൃക്ഷങ്ങളും ധാരാളമായും ദ്വിലിംഗ പുഷ്പങ്ങളുള്ള വൃക്ഷങ്ങള്‍ വിരളമായും കാണപ്പെടുന്നു. പെണ്‍ വൃക്ഷങ്ങളാണ് ധാരാളം കായ്ക്കുന്നത്. പരാഗണത്തിന് ആണ്‍ വൃക്ഷങ്ങള്‍ ആവശ്യമാണ്. വായുവിലൂടെയാണ് പരാഗണം. വിത്ത് കിളിര്‍ത്തു വരുന്ന തൈകള്‍ പൂക്കുന്നതിന് അഞ്ചോ അതില്‍ കൂടുതലോ വര്‍ഷങ്ങള്‍ വേണ്ടി വരും. എന്നാല്‍ ഇപ്പോള്‍ ലഭ്യമായ ഒട്ടുതൈകള്‍ നാലാം വര്‍ഷം മുതല്‍ വിളവു നല്‍കും. പഴുക്കാത്ത കായ്കള്‍ക്ക് പച്ചനിറവും വിളഞ്ഞു പഴുത്തകായ്കള്‍ക്ക് കടുംചുവപ്പു നിറമോ ഇരുണ്ട ചുവപ്പു നിറമോ ആയിരിക്കും. മാര്‍ച്ച് മുതല്‍ പഴങ്ങള്‍ വിളവെടുക്കാറാകും. മഴക്കാലത്തിനു മുമ്പായി പഴുക്കുന്ന ഇനങ്ങളാണ് അഭികാമ്യം.

തൊലി ഉണക്കിയെടുക്കുവാനുള്ള സൗകര്യം ഉദ്ദേശിച്ചാണിത്. തക്കാളിയോട് സമാനമായ പഴത്തിന് ഏകദേശം 34 ഗ്രാം തൂക്കമുണ്ടാകും. പ്രായമായ ഒരു മരത്തില്‍ നിന്നും 50 കിലോഗ്രാം പഴം ലഭിക്കുമെന്നാണ് കണക്ക്. വെളുത്തതും മഞ്ഞ നിറമുള്ളതുമായ പഴങ്ങള്‍ക്ക് വാണിജ്യ പ്രാധാന്യമില്ല. പഴത്തിന്‍റെ തൊലിക്ക് കനം കുറവാണ്. തൊലിയിലാണ് ചുവന്ന നിറം കാണുന്നത്. ഉള്ളിലുള്ള കാമ്പിന് വെളുത്ത നിറവും പുളിരസവുമാണ്. ചുരുക്കം മരങ്ങളില്‍ മധുരമുള്ള പഴങ്ങളും ലഭിക്കാറുണ്ട്. പഴങ്ങള്‍ പെട്ടെന്ന് കേടാകുന്നതിനാല്‍ സംസ്ക്കരണം വേഗത്തില്‍ നടത്തണം. കീട രോഗ ബാധ തീരെയില്ലെങ്കിലും പഴയീച്ച പല സ്ഥലങ്ങളിലും ഒരു പ്രശ്നമാണ്. ഇന്ന് കോകത്തിന്‍റെ ഗവേഷണം പ്രധാനമായി നടക്കുന്നത് മഹാരാഷ്ട്രയിലെ വെംഗുര്‍ല എന്ന സ്ഥലത്തുള്ള പ്രാദേശിക ഫലവര്‍ഗ്ഗ ഗവേഷണ കേന്ദ്രത്തിലാണ്. കൊങ്കണ്‍ അമൃത എന്ന പേരില്‍, ഒരു മരത്തില്‍ നിന്ന് 140 കിലോഗ്രാം വിളവ് ലഭിക്കുന്ന ഒരിനം നിര്‍ധാരണ രീതിയിലൂടെ തെരഞ്ഞെടുത്തിട്ടുണ്ട്. ഇതിന് 57 ശതമാനം ഉണങ്ങിയ തൊലിയും 33.34 ശതമാനം കൊഴുപ്പും 22.8 ശതമാനം ഹൈഡ്രോക്സി സിട്രിക് ആസിഡും 2.4 ശതമാനം ചുവന്ന നിറവും നല്‍കാന്‍ നല്‍കാന്‍ കഴിയും. ഒട്ടുതൈകള്‍ ഉല്പാദിപ്പിക്കാനായി ഇളം തണെ്ടാട്ടിക്കല്‍ രീതി വികസിപ്പിച്ചിട്ടുണ്ട്. ഒക്ടോബര്‍ മാസമാണ് ഇതിന് യോജിച്ച സമയം. ആറു മീററര്‍ അകലത്തിലായിരിക്കണം ഒട്ടുതൈകള്‍ നടേണ്ടത്. പെണ്‍വൃക്ഷങ്ങള്‍ മാത്രം കായ്ക്കുന്നതിനാല്‍ കേരളത്തില്‍ കൃഷി ചെയ്യുമ്പോള്‍ വൃക്ഷങ്ങളും നട്ടു വളര്‍ത്തണം.

ഒട്ടുതൈകള്‍ക്ക് ആദ്യ വര്‍ഷം 10 കിലോഗ്രാം ചാണകം നല്‍കണം. ഇത് വര്‍ഷം തോറും 10 കിലോഗ്രാം വീതം വര്‍ധിപ്പിച്ച് 50 കിലോഗ്രാം എന്ന തോതില്‍ നിലനിറുത്തണം. പ്രായപൂര്‍ത്തിയായ മരത്തിന് 1 കിലോഗ്രാം യൂറിയ, 1250 ഗ്രാം മസ്സൂറിഫോസ്, 400 ഗ്രാം മ്യൂറിയേററ് ഓഫ് പൊട്ടാഷ് എന്നീ അളവില്‍ രാസവളങ്ങള്‍ നല്‍കണം. ചെറിയ ചെടികള്‍ക്ക് ആനുപാതികമായി തോത് കുറച്ചു കൊടുക്കണം. കോകം ധാരാളം സൂര്യപ്രകാശം ആവശ്യമായ മരമായതിനാല്‍ ഇടവിളയായി കൃഷി ചെയ്യുവാന്‍ പററിയതല്ല. എങ്കിലും കോകം, മാവും കശുമാവും കൃഷി ചെയ്യുന്ന കൊങ്കണ്‍ മേഖലയില്‍ കൂട്ടു കൃഷിയായി വളര്‍ത്തുന്നത് സാധാരണ കാഴ്ചയാണ്. കുത്തനെയുള്ള ഇല വ്യൂഹം (ഇമിീു്യ) മററു മരങ്ങള്‍ക്ക് തണലാകാത്തതാണ് ഇതിന് നിദാനം.

കോകത്തിന്‍റെ ഉല്പാദനവും സംസ്ക്കരണവും ഗ്രാമീണ തൊഴില്‍ സാധ്യതയുള്ള ഒരു മേഖലയാണ്. ഈ മരം ഫലഭൂയിഷ്ഠമല്ലാത്ത തരിശു ഭൂമിയില്‍ നന്നായി വളരും. വരണ്ട കാലാവസ്ഥയും വരള്‍ച്ചയും ചെറുക്കുവാന്‍ കെല്‍പ്പുള്ളതുമാണ്. പിടിച്ചു കഴിഞ്ഞാല്‍ അധികം ശ്രദ്ധ ആവശ്യമില്ല. നനയ്ക്കുകയും വേണ്ട. നല്ല ലാഭമുളള കൃഷിയാണ്. ഇതുവരെയുള്ള പഠനങ്ങളില്‍ നിന്നും ഏഴാം വര്‍ഷം മുതല്‍ ലാഭം കിട്ടുമെന്നും പൂര്‍ണ വളര്‍ച്ചയായി കഴിഞ്ഞാല്‍ ഒരു ഹെക്ടര്‍ സ്ഥലത്തു നിന്ന് ഒരു ലക്ഷത്തിലധികം രൂപ അററാദായം കിട്ടുമെന്നും മനസ്സിലാകുന്നു. പഴത്തിന് കിലോഗ്രാമിന് ആറു രൂപയും ഉണങ്ങിയ തൊലിക്ക് 100 രൂപയില്‍ കൂടുതലും വിലയുണ്ട്.

കോകത്തിന്‍റെ പഴത്തില്‍ ആരോഗ്യപരിപാലനത്തിനുതകുന്ന പല ഗുണങ്ങളും അടങ്ങിയിരിക്കുന്നതിനാല്‍, പഴച്ചാര്‍ ടെട്രാപായ്ക്കററുകളിലൂടെ ഒരു ആരോഗ്യ പാനീയമായി ആഗോളതലത്തില്‍ വിററഴിക്കുന്നതിനുളള ശ്രമങ്ങള്‍ കൊങ്കണ്‍ മേഖലയിലുള്ള വ്യവസായികള്‍ ആരംഭിച്ചുകഴിഞ്ഞു. വിദേശികളും കോകത്തിന്‍റെ ഔഷധമൂല്യം മനസ്സിലാക്കിയിട്ടുണ്ട്. അത്യാധുനിക സംസ്ക്കരണരീതികള്‍ കൈവരിച്ചു കഴിഞ്ഞാല്‍ ഏററവും കൂടുതല്‍ വിററഴിക്കപ്പെടുന്ന ഒരു വിഭവമായിരിക്കും കോകത്തിന്‍റെ ഉത്പന്നങ്ങള്‍. ഇത്തരത്തിലുണ്ടാകാവുന്ന സാന്പത്തിക നേട്ടങ്ങള്‍ പ്രയോജനപ്പെടുത്തുവാന്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇന്നത്തെ സാഹചര്യത്തില്‍ കോകത്തിന്‍റെ വിപണനം മംഗലാപുരത്താണ ്കേന്ദ്രീകരിച്ചിരിക്കുന്നത്. എന്നാല്‍ കേരളത്തില്‍ കൃഷി വ്യാപകമായിക്കഴിഞ്ഞാല്‍ ഇവിടെയും വിപണനകേന്ദ്രങ്ങള്‍ ഉണ്ടാവുകയും കോകം വേഗത്തില്‍ വിററഴിക്കാനും സാധിക്കും.

വീട്ടാവശ്യത്തിനുള്ള ഇഞ്ചി ചാക്കില്‍ കൃഷി ചെയ്യാം

എത്ര കുറഞ്ഞ സ്ഥലമുള്ളവര്‍ക്കും ഇഞ്ചി ചാക്കിലോ ഗ്രോ ബാഗിലോ കൃഷി ചെയ്യാം. വീട്ടാവശ്യങ്ങള്‍ക്കുള്ള ഇഞ്ചി ഇത്തരത്തില്‍ കൃഷി ചെയ്യുന്നത് ഇപ്പോള്‍ വര്‍ധിച്ച് വരുന്നുണ്ട്. രോഗങ്ങള്‍ പിടിപെടില്ലന്നതും ഉല്‍പാദനം വര്‍ധിക്കുമെന്നതുമാണ് ചാക്കിലെ കൃഷിയുടെ പ്രത്യേകത. 
ടെറസിന് മുകളിലും വീട്ടുമുറ്റത്തും ഇത്തരം കൃഷി ചെയ്യാവുന്നതാണ്. കുരങ്ങ് ശല്യമുള്ള പ്രദേശങ്ങളില്‍ നെറ്റ് കെട്ടി മൂടി സംരക്ഷിക്കാനും കഴിയും.  വീട്ടാവശ്യങ്ങള്‍ക്കുള്ള ഇഞ്ചി കടകളില്‍ നിന്ന് വാങ്ങിക്കുമ്പോള്‍ വലിയ വില നല്‍കേണ്ടി വരികയാണ്. ഇത് ഒഴിവാക്കുന്നതിനും ഇത്തരം കൃഷി രീതി കൊണ്ട് സാധിക്കും. 
കൂടാതെ പ്ലാസ്റ്റിക് കവറുകള്‍ വലിച്ചെറിയുന്നതിന് പകരം കവറില്‍ മണ്ണ് നിറച്ച് ഇഞ്ചി നട്ടാല്‍ അത് പരിസ്ഥിക്ക് കൂടെ ഉപകരിക്കും. 
സാധാരണ മണ്ണില്‍ നടുന്നതിനെക്കാള്‍ ഇരട്ടി വരെ വിളവ് ഇത്തരം കൃഷിരീതിയില്‍ നിന്നും ലഭിക്കുമെന്ന് കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.  മണ്ണും ചാണക പ്പൊടിയും കലര്‍ത്തി അതിലാണ് വിത്ത് നടേണ്ടത്.

ചെടിവളര്‍ത്തി ഗൃഹാന്തരീക്ഷം ശുദ്ധീകരിക്കാം

ഗൃഹാന്തരീക്ഷം ശുദ്ധീകരിക്കണം എന്നുകേള്‍ക്കുമ്പോള്‍ പണച്ചെലവേറുമെന്നു കരുതി പേടിക്കേണ്ടതില്ല. പണച്ചെലവില്ലാതെ ഗൃഹാന്തരീക്ഷം ശുദ്ധീകരിക്കുന്നതിനോടൊപ്പം മാനസിക ഉല്ലാസവും നേടാവുന്നതാണ് ഇനിപ്പറയുന്നത്. ഇതിനുവേണ്ടത് സാധാരണ ചെടികള്‍ വയ്ക്കുന്നതുപോലെ വീടിനുള്ളിലും ചെടികള്‍ വയ്ക്കണമെന്നു മാത്രമേയുള്ളൂ. ചെടികളെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഇത് ആഹ്ലാദകരമായ വാര്‍ത്തയാണ്. മറ്റുള്ളവരെ സസ്യജാലങ്ങളോട് അടുക്കാന്‍ ഇത് പ്രേരിപ്പിക്കുകയും ചെയ്യും. എന്നാല്‍ തിരഞ്ഞെടുക്കുന്ന ചെടികള്‍ ഏതെന്നതാണ് ഇതില്‍ ശ്രദ്ധിക്കേണ്ട വിഷയം.

കവുങ്ങ് : കവുങ്ങ് എന്നുപറയുമ്പോള്‍ പുരയിടത്തില്‍ വളരുന്ന ദീര്‍ഘാകാരമായ വൃക്ഷമല്ല ഉദ്ദേശിക്കുന്നത്. ഈ ഇനത്തില്‍പ്പെട്ടതും ഇവയുടെ ഇലകളോടുകൂടിയതുമായ ചെടിയാണ്. വീടിനുള്ളില്‍ വളര്‍ത്താം. ഇത് കാര്‍ബണ്‍ ഡയോക്‌സൈഡ് ധാരാളമായി വലിച്ചെടുക്കും. അത് ഓക്‌സിജനാക്കി മാറ്റുകയും ചെയ്യും. ഇതുകൂടാതെ വായു മലിനീകരിക്കുന്ന ചില വസ്തുക്കളെ ആഗിരണം ചെയ്യുകയും ചെയ്യും. ഈ ചെടികള്‍ വീടിനുള്ളില്‍ തോളറ്റം ഉയരത്തിലാണ് വയ്‌ക്കേണ്ടത്. അധികം സൂര്യപ്രകാശം തട്ടാത്ത സ്ഥലത്ത് ഈ ചെടി നന്നായി വളരും. ദിവസവും നനച്ചുകൊടുക്കണം. സാധാരണ വീടുകളിലേക്ക് പ്രവേശിക്കുന്ന സ്ഥലങ്ങളിലും ഓഫീസ് കെട്ടിടങ്ങളിലും ഈ ചെടി ഇപ്പോള്‍ സര്‍വ സാധാരണമാണ്.

സ്‌നേക്ക് പ്ലാന്‍റ്: അമേരിക്കയിലെ ഒരു നാടന്‍ ചെടിവര്‍ഗമാണിത്. അന്തരീക്ഷത്തില്‍ നിന്നും അപകടകാരികളായ മൂലകങ്ങളെ വലിച്ചെടുക്കാനുള്ള അസാധാരണ കഴിവുണ്ട് ഈ ചെടിവര്‍ഗത്തിന്. രാത്രികാലം ഓക്‌സിജന്‍ ധാരാളമായി പുറത്തുവിടുന്നതിനാല്‍ കിടപ്പു മുറികളില്‍ ഈ ചെടി വളര്‍ത്തുന്നത് നല്ലതാണെന്നു വിദഗ്ധര്‍ ഉപദേശിക്കുന്നു. സൂര്യപ്രകാശത്തിലെന്നപോലെ മങ്ങിയ വെളിച്ചത്തിലും ഈ ചെടിക്ക് വളരാനുള്ള കഴിവുണ്ട്. ഈ ചെടിയുടെ ഇലകളുടെ പ്രത്യേകത കാരണം ഇവയ്ക്ക് മറ്റ് ചെടികള്‍ക്കു നല്‍കുന്നതുപോലെ എപ്പോഴും നനച്ചുകൊടുക്കേണ്ട ആവശ്യവുമില്ല. അരയറ്റം പൊക്കത്തില്‍ ഉള്ള ചെടികളാണാവശ്യം. വളര്‍ത്തു മൃഗങ്ങള്‍ ഉള്ളവര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം പൂച്ച, നായ എന്നിവയ്ക്ക് ഈ ചെടി ദോഷകാരികളാണ്. അതുകൊണ്ട് വളര്‍ത്തുമൃഗങ്ങളുള്ളവര്‍ ഈ ചെടി വീട്ടില്‍ വയ്ക്കരുത്.

മണി പ്ലാന്‍റ്: നമ്മുടെ നാട്ടില്‍ ഏറ്റവും സുലഭമായുള്ള ഒരു ചെടിയാണ് മണി പ്ലാന്‍റ്. മിക്കവീടുകളിലും മണിപ്ലാന്‍റുണ്ടുതാനും. ഇനി ഇത് വീട്ടിനുള്ളില്‍ വളര്‍ത്തുകയേ വേണ്ടൂ. അന്തരീക്ഷത്തില്‍ നിന്നും അപകടകാരികളായ രാസമൂലകങ്ങളെ വലിച്ചെടുക്കാനുള്ള കഴിവാണ് മണി പ്ലാന്‍റിനെ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. ഇക്കാര്യം ഏറ്റവും നന്നായി ചെയ്യാന്‍ മണി പ്ലാന്‍റ്കഴിഞ്ഞേ മറ്റു ചെടികളുള്ളൂ. മുന്തിയ നഗരങ്ങളിലും വന്‍കിട ഫ്ളാറ്റുകളിലും മണി പ്ലാന്‍റ് സ്ഥാനം പിടിച്ചുകഴിഞ്ഞു.  ബാല്‍ക്കണികളുടെ അവശ്യഘടകമായിരിക്കുന്നു ഇത്. നേരിട്ട് വെയിലേല്‍ക്കാത്തയിടത്ത് തഴച്ചുവളരും. നേരിട്ടല്ലാത്ത, ഒരുമാതിരി വെയിലേല്‍ക്കുന്നിടത്ത് ദിവസവും നനച്ചുവളര്‍ത്താവുന്ന ചെടിയാണ്. മണി പ്ലാന്‍റും വളര്‍ത്തുമൃഗങ്ങള്‍ക്ക് ദോഷകരമാകുന്ന ചെടിയാണ്. അതുകൊണ്ടുതന്നെ മണിപ്ലാന്‍റ് എവിടെ വയ്ക്കണം എന്നതില്‍ കൂടുതല്‍ കരുതല്‍ വേണം. വായുശുദ്ധമാക്കുന്നതില്‍ മണി പ്ലാന്‍റിന്‍റെ കഴിവില്‍ ഇന്‍റീരിയര്‍ ഡിസൈന്‍ ചെയ്യുന്നവര്‍ പോലും ഇന്ന് മുന്‍തൂക്കം നല്‍കിവരുന്നുണ്ട്.

പവിഴവള്ളി

വളരെ വേഗം പടർന്നുകയറുന്ന ഒരു വള്ളിച്ചെടിയാണ് പവിഴവള്ളി (Coral Vine). (ശാസ്ത്രീയനാമം: Antigonon leptopus).കടലപ്പൂവ് എന്നും പേരുണ്ട്. പിങ്ക് നിറത്തിൽ ആകർഷകമായ പൂവുകളാണ് ഈ ചെടിക്കുള്ളത്. കേരളത്തിൽ ഒരു അലങ്കാരമെന്ന നിലയ്ക്ക് കൊണ്ടുവന്ന ഈ ചെടി ഇന്ന് ജൈവാധിനിവേശം നടത്തുന്ന ചെടികളിലൊന്നായി മാറിയിരിക്കുന്നു. 13 മീറ്ററോളം ഉയരത്തിൽ പടർന്നുകയറാനുള്ള കഴിവ് ഈ വള്ളിച്ചെടിക്കുണ്ട്. തേനീച്ചകൾ ധാരാളമായി ഈ ചെടിയുടെ പൂവിൽ നിന്നും തേൻശേഖരിക്കാറുണ്ട്. ഹൃദയാകൃതിയിൽ ഇരുണ്ട പച്ചനിറത്തിലുള്ള ഇലയാണ് ചെടിക്കുള്ളത്. മെക്സിക്കൊ ആണ് ഈ ചെടിയുടെ ജന്മദേശം. വിത്തുകളിലൂടെയും വളളിയുടെ മണ്ണിൽ തൊടുന്ന ഭാഗങ്ങളിൽ നിന്നും പുതിയ ചെടിയുണ്ടാകും.

ആന്തൂറിയം കൃഷിയിലൂടെ മികച്ച വരുമാനം നേടാം

കേരളത്തില്‍ സജീവമായിരിക്കുകയാണ് പുഷ്പവിപണി. വീട്ടമ്മമാര്‍ക്ക് മാനസികോല്ലാസം മാത്രമല്ല, വരുമാനം നേടികൊടുക്കാനും പുഷ്പകൃഷിയിലൂടെ സാധിക്കും. കേരളത്തിലെ പുഷ്പകൃഷിയില്‍ മുന്നില്‍ നില്‍ക്കുന്നു ആന്തൂറിയങ്ങള്‍. മധ്യ തെക്കന്‍ അമേരിക്കയാണ് ഈ പൂവിന്‍റെ ജന്മനാട്. ഇന്ത്യയിലേക്ക് ആന്തൂറിയത്തിന്‍റെ വിവിധയിനങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് ഹോളണ്ടില്‍ നിന്നാണ്. ലോകത്താകമാനം ആയിരത്തോളം ഇനങ്ങള്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതില്‍ വളരെ ചുരുക്കം ഇനങ്ങള്‍ മാത്രമേ വാണിജ്യകൃഷിക്ക് ഉപയോഗിക്കുന്നുള്ളൂ. കേരളത്തിലെ കാലാവസ്ഥക്കനുയോജ്യമായി വളര്‍ത്താവുന്ന പതിമൂന്നോളം ഇനങ്ങള്‍ ഉണ്ട്. ട്രോപ്പിക്കല്‍, ലിമാവൈറ്റ്, ക്യൂബ, മിഡോരി, അയാപോളിസ് എന്നിവ ഇതില്‍ പ്രധാനയിനങ്ങളാണ്.

സഗ്ലോ എന്ന ഇനത്തിന് ഓറഞ്ച് നിറമുള്ള പൂവും ചേമ്പിലയുടെ ആകൃതിയിലുള്ള ഇലകളുമാണുള്ളത്. കേരളത്തില്‍ വാണിജ്യകൃഷിയില്‍ വിജയം കണ്ട ആന്തൂറിയം കൂടിയാണിത്. വിടര്‍ന്ന ദളത്തിന്‍റെ മധ്യത്തിലായി സ്വര്‍ണ്ണനിറമുള്ള തിരിയാണ് സഗ്ലോയുടെ ആകര്‍ഷണീയത. ഒരു ചെടിയില്‍ നിന്ന് ഏകദേശം പതിമൂന്ന് പൂക്കള്‍ വരെ ലഭിക്കും. നേരത്തെ പൂത്തുതുടങ്ങുമെന്നതും ഇവയുടെ പ്രത്യേകതയാണ്. രോഗപ്രതിരോധ ശേഷികുറവാണെന്നത് ഇവയുടെ പോരായ്മയായി നിലനില്‍ക്കുന്നു.

സഗ്ലോയോട് രൂപസാദൃശ്യമുള്ള ഒരിനം ആന്തൂറിയമാണ് കാസിനോ. നിറം സഗ്ലോയുടേതുതന്നെ. കട്ടിയുള്ള ദളങ്ങളും, നല്ല വളര്‍ച്ചാനിരക്കും, ഉയര്‍ന്ന രോഗപ്രതിരോധശേഷിയും ഈ ഇനത്തെ മികച്ചതാക്കുന്നു. എന്നാല്‍ പൂക്കളുടെ എണ്ണം സഗ്ലോയേക്കാള്‍ കുറവായിരിക്കും കാസിനോയ്ക്ക്. മറ്റൊരു ഇനമാണ് ചിയേഴ്സ്. അഗ്രഭാഗത്ത് പിങ്ക് നിറമുള്ള പൂവും, നീളന്‍ തണ്ടും ചിയേഴ്സിന്‍റെ ഭംഗി വര്‍ധിപ്പിക്കുന്നു.

വിപണിയില്‍ ആവശ്യക്കാരേറെയുള്ള ഇനമാണിവ. റോസയാണ് മറ്റൊരിനം. പിങ്കും റോസും നിറങ്ങളിലാണ് ഇവ കാണപ്പെടുന്നത്. വലുപ്പമേറിയ ദളങ്ങളാണ് ഈ ഇനത്തിന്‍റെ പ്രത്യേകത. വര്‍ഷത്തില്‍ 11 പൂക്കള്‍ വരെ ഇവയിലുണ്ടാകും. വലുപ്പ കൂടുതല്‍ വിപണയിലെ ഇവയുടെ വിലയും ഉയര്‍ത്തുന്നു.

രോഗപ്രതിരോധ ശേഷിയില്‍ മുന്നില്‍ നില്‍ക്കുന്ന മറ്റൊരിനമാണ് അക്രോപോളീസ്. നീളം കുറഞ്ഞ തണ്ടിന്‍റെ അഗ്രഭാഗത്തായി വിരിയുന്ന വെളുത്ത പൂക്കള്‍ ആരെയും ആകര്‍ഷിക്കും. വെളുപ്പ് നിറമായതിനാല്‍ നിറം മങ്ങാതെയും ചതവ് പറ്റാതെയും വിപണിയിലെത്തിക്കാന്‍ ശ്രദ്ധിക്കണം.

വിപണിയില്‍ ഒരല്പം മുന്‍പന്തിയില്‍ നില്‍ക്കുന്നത് ചുവന്ന ആന്തൂറിയം പൂക്കളാണ്. ട്രോപ്പിക്കല്‍ എന്ന ഇനം ഇത്തരത്തിലൊന്നാണ്. നല്ല വളര്‍ച്ചയും, നീളമുള്ള തണ്ടുകളും ദൃഢതയുള്ള പൂക്കളുമാണ് ഇവയുടെ സവിശേഷതകള്‍. എന്നാല്‍ രോഗങ്ങള്‍ ഇവയ്ക്ക് വളരെ പെട്ടെന്ന് ബാധിക്കാറുണ്ട്. ചുവന്ന മറ്റൊരു സുന്ദരി പൂവാണ് ഫയര്‍. കൂടുതല്‍ പൂക്കള്‍ സമ്മാനിക്കുന്ന ഇവയ്ക്ക് ഉയര്‍ന്ന രോഗപ്രതിരോധശേഷിയുമുണ്ട്.

ദളങ്ങളുടെ വശങ്ങളില്‍ പച്ചകരയോടുകൂടി കാണപ്പെടുന്നവയാണ് സിബ്ബ. ഏറ്റവും വലിപ്പമുള്ള പൂക്കള്‍ എന്ന വിശേഷണവും ആന്തൂറിയങ്ങള്‍ക്കിടയിലെ ഈ വെളുത്ത പുഷ്പത്തിനുണ്ട്. ചോക്കോ എന്ന മറ്റൊരിനം ആന്തൂറിയം പൂക്കളുണ്ട്. പേരു സൂചിപ്പിക്കുന്നു ഇവയുടെ നിറവും. പല നിറങ്ങള്‍ വിരിയിക്കുന്നയിനമാണ് ഹിറ്റ്താച്ച്‌. സെനറ്റര്‍ ആന്തൂറിയമാകട്ടെ പിങ്ക് പൂക്കള്‍ കൊണ്ട് മനോഹരമാണ്. നീളമേറിയ തണ്ടും രോഗങ്ങളെ ചെറുക്കാനുള്ള കഴിവും ഉയര്‍ന്ന വളര്‍ച്ചയും ഇവയുടെ മറ്റ് സവിശേഷതകളാണ്.

കൃത്യമായ സൂര്യപ്രകാശം കിട്ടുന്നതും അല്പം ചെരിവുള്ളതുമായ ഭൂമിയാണ് ആന്തൂറിയം കൃഷിക്ക് നല്ലത്. നല്ല നീര്‍വാര്‍ച്ച, സൂര്യന്‍റെ കിഴക്കുനിന്ന് പടിഞ്ഞാറേക്കുള്ള സഞ്ചാരത്തിനിടയില്‍ നിഴല്‍ വീഴാത്ത ഇടം, ശരിയായ വായു സഞ്ചാരം എന്നീ ഘടകങ്ങളും ആന്തൂറിയത്തിന്‍റെ വളര്‍ച്ചയ്ക്ക് അനിവാര്യമാണ്. ആന്തൂറിയത്തിന്‍റെ വേരുകള്‍ക്ക് പിടിച്ചു വളരാന്‍ പറ്റിയതും, എന്നാല്‍ നന്നായി വായു കടക്കുന്നതുമായ ഒരു മാധ്യമമാണ് ഈ സസ്യത്തിന് ആവശ്യം. അതിനാല്‍ ഓടിന്‍കഷ്ണങ്ങളും ചകിരിയും കരിക്കട്ടയുമെല്ലാം നിറച്ച ചട്ടികളിലും ബെഡുകളിലും ആന്തൂറിയം വളര്‍ത്താം. 70 മുതല്‍ 80 ശതമാനം വരെ അന്തരീക്ഷ ഈര്‍പ്പവും ആന്തൂറിയത്തിന് വേണം.

ഓരോ ഇനത്തിനും ആവശ്യമായ തണല്‍ വ്യത്യസ്തമാണെങ്കിലും കേരളത്തില്‍ വാണിജ്യകൃഷിയില്‍ 75% ഷെയ്ഡ് നെറ്റ് കെട്ടി സൂര്യപ്രകാശം നിയന്ത്രിച്ചാണ് കൃഷി നടത്തുന്നത്. ഇതിനായി 15 അടി മുതല്‍ 20 അടി വരെയുള്ള ഷെഡുകള്‍ പണിയാം. ചൂടുകാലത്ത് മാത്രം വിരിച്ചിടാവുന്ന തരത്തില്‍, പുറമെയുള്ള ഷെയ്ഡ് നെറ്റിന് താഴെയായി ഒരു കറുത്ത നെറ്റ് കൂടി ഉള്‍പ്പെടുത്താവുന്നതാണ്. നെറ്റുകള്‍ തമ്മില്‍ രണ്ടടി അകലം ക്രമീകരിക്കണം. പൂക്കളുടെ വളര്‍ച്ചയും ഭംഗിയും നിലനിര്‍ത്താനായി താപനിലയിലും വെളിച്ചത്തിലും വേണ്ടവിധമുള്ള മാറ്റങ്ങള്‍ വരുത്താന്‍ ഈ സംവിധാനം സഹായകരമാകും. ബഡു നിര്‍മ്മാണവും ശ്രദ്ധയോടെ ചെയ്യണം. ഒമ്പത് ഇഞ്ച് ഉയരമാണ് ബെഡുകള്‍ക്ക് വേണ്ടത്. ഒരു മീറ്റര്‍ വീതിയും, ബെഡുകള്‍ തമ്മില്‍ ഒന്നരയടി ഇടയകലവും ഉണ്ടാകണം. കമ്പോസ്റ്റു മണ്ണുമായി ചേര്‍ത്താണ് ബെഡുകള്‍ തയ്യാറാക്കുന്നത്. തൈകള്‍ തമ്മില്‍ 9 ഇഞ്ച് അകലമിടണം. ഒരു വര്‍ഷകാലം വേണ്ടിവരും ചെടിയില്‍ നിന്ന് പൂക്കള്‍ ലഭിച്ചു തുടങ്ങുവാന്‍.

മഴ അധികമുള്ള സമയങ്ങളില്‍ വേരു ചീയല്‍ രോഗവും കാറ്റുകാലത്ത് ബാക്റ്റീരിയ രോഗബാധയും വര്‍ഷത്തില്‍ മൂന്നോ നാലോ തവണ ഉണ്ടാകാന്‍ ഇടയുള്ള കീടബാധയുമാണ് ആന്തൂറിയം കൃഷിയില്‍ പൊതുവേ നേരിടുന്ന രോഗങ്ങള്‍. കാത്സ്യം നൈട്രേറ്റ്, പൊട്ടാസ്യം നൈട്രേറ്റ്, മഗ്നേഷ്യം സള്‍ഫേറ്റ് മറ്റ് സൂക്ഷ്മ മൂലകങ്ങള്‍ എന്നിവ ആവശ്യമായ തോതില്‍ നല്‍കിയും രോഗബാധകളില്‍ നിന്ന് ഒരു പരിധി വരെ മുക്തി നേടാന്‍ സാധിക്കും.

സുഗന്ധവ്യഞ്ജനവിളയായ മധുരത്തുളസി

സുഗന്ധവ്യഞ്ജനവിളയായ മധുരത്തുളസി അഥവാ സ്വീറ്റ് ബേസില്‍. ഇതിന്‍റെ ഇലകള്‍ പച്ചയ്‌ക്കോ ഉണക്കിയോ കുടിവെള്ളം തിളപ്പിക്കുമ്പോള്‍ ചേര്‍ത്താല്‍ വെള്ളത്തിന് നല്ല സ്വാദും സുഗന്ധവും കിട്ടും. പച്ചില അരച്ച് സലാഡില്‍ ചേര്‍ക്കാം. ഇലകള്‍ വാറ്റിയെടുക്കുന്ന സുഗന്ധതൈലം ബേക്കറി പലഹാരങ്ങളിലും കെച്ചപ്പ്, സോസ് തുടങ്ങിയവയിലും ചേരുവയാണ്. പ്രകൃതിചികിത്സാവിധിയായ അരോമ തെറാപ്പിയിലും മധുരത്തുളസി ഉപയോഗിക്കുന്നു.

കേരളത്തില്‍ മധുരത്തുളസി വളരും. തറയിലും ചട്ടിയിലും വളര്‍ത്താം. തറയൊരുക്കി ചെറിയ കുഴികുത്തി അതില്‍ ഒന്നരക്കിലോ പൊടിഞ്ഞുണങ്ങിയ ചാണകം അടിവളമായി ചേര്‍ത്ത് വേരുപിടിപ്പിച്ച ഇളംതണ്ടുകളോ തൈകളോ നടാം. 20 ഗ്രാം സ്യൂഡോമോണസ് വെള്ളത്തില്‍ കലക്കി ആഴ്ചയിലൊരിക്കല്‍ തളിച്ചാല്‍ രോഗബാധകളുണ്ടാവില്ല. ചെടി പൂക്കാന്‍ തുടങ്ങിയാല്‍ തലപ്പ് നുള്ളി വിളവെടുക്കാം. ചട്ടിയില്‍ പോട്ടിങ് മിശ്രിതം നിറച്ചും തൈ നടാം.

മരച്ചീനി കൃഷി ചെയ്യാം

മരച്ചീനിയുടെ വിപണി മൂല്യം കണ്ട് നമ്മള്‍ പലപ്പോഴും അത്ഭുതപ്പെടാറുണ്ട്.സ്റ്റാര്‍ ഹോട്ടലുകളില്‍ ഭക്ഷണ മെനുവില്‍ മുന്തിയ ഇനമാണ് നമ്മുടെ നാടന്‍മരച്ചീനി വിഭവങ്ങള്‍. നമ്മുടെ പറമ്പില്‍ നിന്നും അടുക്കളയില്‍ നിന്നും സ്റ്റാര്‍ ഹോട്ടല്‍ കയറിയ മരച്ചീനിയെ തിരികെ കൊണ്ടുവരാന്‍ അത്ര വലിയപാടൊന്നുമില്ല. ആഴത്തിലുള്ള കൃഷി പരിചയവും സ്ഥല വിസ്തൃതിയുംഇതിന് ആവശ്യമില്ല. നമുക്ക് ആവശ്യമായ അഞ്ചോ പത്തോ മൂട് മരച്ചീനി നമ്മുടെവളരെ കുറഞ്ഞ പറമ്പിലും അല്ലെങ്കില്‍ ടെറസിലെ ചാക്കുകളിലോ ബുദ്ധിമുട്ടുകളില്ലാതെ വളര്‍ത്തി വിളവെടുക്കാം. മരച്ചീനിയുടെ വേരാണ്കിഴങ്ങായി മാറുന്നത്. ഇവയെ തെക്കന്‍ കേരളത്തില്‍ കപ്പ എന്നും വടക്കന്‍കേരളത്തില്‍ പൂള എന്നും മദ്ധ്യകേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കൊള്ളിഎന്നുമാണ് അറിയപ്പെടുന്നത്. മരച്ചീനിയുടെ ജന്മദേശം ബ്രസീലാണ്.

കൃഷി രീതി: നീര്‍വാര്‍ച്ചയുള്ള മണ്ണാണ് കപ്പക്കൃഷിക്ക് കൂടുതല്‍ അനുയോജ്യം. മണ്ണ് ഇളക്കി കൂനകള്‍ ഉണ്ടാക്കിയാണ് കപ്പത്തണ്ടുകള്‍ നടേണ്ടത്. കപ്പത്തണ്ട് ഒരു ചാണ്‍ നീളത്തിലുള്ള ചെറുതുണ്ടുകളാക്കി മുറിച്ച് മണ്ണില്‍ കുഴിച്ചുവച്ചാണ് വളര്‍ത്തുന്നത്. ഓരോ തണ്ടും ഒരു മീറ്റര്‍ അകലത്തില്‍ വേണം നടാന്‍.മഞ്ഞുള്ള സമയം കപ്പ കൃഷിക്ക് നല്ല കാലമല്ല. വെള്ളം കെട്ടിനില്‍ക്കാത്തസ്ഥലങ്ങളില്‍ ചെടി നന്നായി വളരുന്നു.എട്ട് മുതല്‍ പത്ത് മാസം കൊണ്ട് കിഴങ്ങുകള്‍ പാകമാവുന്നു.

കപ്പയുടെ പ്രധാന ശത്രു പെരുച്ചാഴിയും എലി വര്‍ഗത്തില്‍ പെട്ട ജീവികളുമാണ്. മരച്ചീനിയില്‍ പ്രധാനമായും ബാധിക്കുന്ന രോഗം മെസേക് രോഗമാണ് ഇത്.വൈറസ് ജന്യരോഗമായതിനാല്‍ കരുതലുകളിലൂടെ മാത്രമേ നിയന്ത്രണം സാധിക്കുകയുള്ളൂ. ഒരു വര്‍ഷത്തെ വിളയില്‍ നിന്നും അടുത്ത വര്‍ഷത്തേക്കും ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്കും രോഗം വ്യാപിക്കുന്നതിനാല്‍ രോഗബാധയേറ്റ കമ്പുകള്‍ പിന്നീടുള്ള കൃഷിയില്‍ നിന്ന് ഒഴിവാക്കുന്നതാണ് നല്ലത്. രോഗമില്ലാത്ത കമ്പുകള്‍ തിരഞ്ഞെടുത്ത് നടുന്നതില്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ രോഗം അകറ്റി നിര്‍ത്തുവാന്‍ സാധിക്കും.

അടുക്കളയില്‍ നിന്ന് ലഭിക്കുന്ന ചാമ്പലും മുറ്റത്തെ കരിയിലകളുമെല്ലാം മരച്ചീനിക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച ജൈവ വളങ്ങളാണ്. രാസ വളങ്ങള്‍ ഉപയോഗിക്കാതിരിക്കുന്നത് വീട്ടിലെ ഉപയോഗത്തിന് കൂടുതല്‍ നല്ലത്.

കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം, വെള്ളായണി കാര്‍ഷിക കോളേജ്, കായംകുളം പ്രാദേശിക കൃഷി ഗവേഷണകേന്ദ്രം , കുമരകം കൃഷി വികസനകേന്ദ്രം എന്നിവിടങ്ങളില്‍ വികസിപ്പിച്ച അത്യുല്‍പാദനശേഷിയും രോഗപ്രതിരോധശേഷിയും ഉള്ള ഇനങ്ങള്‍ നടാന്‍ ഉപയോഗിക്കാം. നാട്ടിലെ സാധാരണ കര്‍ഷകരില്‍ നിന്നും ഗുണനിലവാരമുള്ള ഇനത്തിലെ നടാനുള്ള കമ്പുകള്‍ വാങ്ങാവുന്നതാണ്. ഒരു തവണ വിളവ് ലഭിച്ചാല്‍ പിന്നീട് നടാന്‍ ആവശ്യത്തിനുള്ള കമ്പുകള്‍ ഇതില്‍ നിന്ന് ലഭിക്കും.

ഇലുമ്പന്‍ പുളിയുടെ ഔഷധഗുണം

ഇലുമ്പിയില്‍ ഔഷധഗുണം ഉള്ളത് ഇലയിലും കായയിലുമാണ്. തൊലിപ്പുറത്തെ ചൊറിച്ചില്‍, നീര്‍വീക്കം, തടിപ്പ്, വാതം, മുണ്ടിനീര്, വിഷജന്തുക്കളുടെ കടിമൂലമുണ്ടാകുന്ന മുറിവ് എന്നിവയ്ക്ക് ഇലകള്‍ അരച്ച് കുഴമ്പ് രൂപത്തിലാക്കി തേയ്ക്കുന്നതിന് ഉപയോഗിക്കുന്നു.

ഇതിന്‍റെ കായ്കള്‍ക്ക് പുളിരസമാണ് ഉള്ളത്. തുണികളില്‍ പറ്റുന്ന തുരുമ്പ് പോലെയുള്ള കറകള്‍ മാറ്റുന്നതിന് ഇലുമ്പിപ്പുളിയുടെ നീര് ഉപയോഗിക്കുന്നു. കൂടാതെ പിത്തളപ്പാത്രങ്ങളിലെ ക്ലാവ് കളയുന്നതിനായും ഇലുമ്പിയുടെ നീര് ഉപയോഗിക്കുന്നു.രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനു ഇലുമ്പിപ്പുളി കഴിക്കുന്നത് നല്ലതാണെന്ന് നാട്ടറിവുണ്ട്.

പോഷകഗുണവും ഔഷധ വീര്യവുമുള്ള പുളിവെണ്ട

പോഷകഗുണവും ഔഷധ വീര്യവുമടങ്ങിയ പച്ചക്കറിയാണ് പുളിവെണ്ട. ഇന്ന് ഈ ചെടി കുറവാണ്. ഇംഗ്ലീഷില്‍ റോസല്ലീ എന്നു പറയുന്നു. വെണ്ടയുടെ കുലത്തില്‍പെട്ടതാണിത്.

ജീവകം സിയുടെയും ആന്‍റി ഓക്‌സിസെന്‍റുകളുടെയും ഉത്തമ കലവറയാണീ വിള. ആന്ധ്രാപ്രദേശില്‍ ഇതിന് നല്ല പ്രചാരം കിട്ടിവരുന്നു. ജാം, ജെല്ലി, അച്ചാര്‍, സ്ക്വാഷ് എന്നിവ ഇതില്‍ നിന്നുണ്ടാക്കിവരുന്നു. ചിലതരം അര്‍ബുദബാധവരെ, പുളിവെണ്ടയുടെ ഉപയോഗംവഴി കുറയ്ക്കാം. സ്കര്‍വി രോഗം തടയാന്‍ നല്ലതാണിത്.

ചെമ്പകം

പ്ലുമേറിയ എന്ന പേരു കേള്‍ക്കാത്തവര്‍ക്കുപോലും ചെമ്പകം, പാലമരം എന്നീ പേരുകള്‍ പരിചിതമാണ്. തെക്കേ അമേരിക്കന്‍ സ്വദേശിയായ പ്ലുമേറിയയുടെ നാടന്‍ വിളിപ്പേരുകളാണിവ.

നമുക്കെല്ലാം കണ്ടുപരിചയമുള്ള ഇലപൊഴിയും പൂമരമാണിത്. നറുമണം പേറുന്ന വെള്ളപ്പൂങ്കുലകളുള്ള ഇനമാണ് ഏറ്റവും പ്രചാരത്തിലുള്ളത്. കൂടാതെ ചുവപ്പ്, പിങ്ക്, മഞ്ഞ എന്നീ വര്‍ണങ്ങളിലും വര്‍ണമിശ്രിതങ്ങളിലുമായി മുന്നൂറില്‍പരം ഇനങ്ങള്‍ ഇപ്പോള്‍ കിട്ടാനുണ്ട്. ഇലകള്‍ കൂട്ടമായി ശിഖരങ്ങളുടെ അഗ്രഭാഗത്തു കാണപ്പെടുന്ന പ്ലുമേറിയയുടെ തണ്ടിന്‍റെ പുറംഭാഗം മിനുസമുള്ളതും ഉരുണ്ടതുമാണ്. പൂക്കളില്‍നിന്നു വേര്‍തിരിച്ചെടുക്കുന്ന ബാഷ്പീകരണശേഷിയുള്ള സുഗന്ധതൈലത്തിനു നാരങ്ങയുടെയും കറുവയുടെയും മറ്റും സമ്മിശ്രഗന്ധമാണ്. ഈ തൈലം വ്യാവസായികാടിസ്ഥാനത്തില്‍ സോപ്പുകളിലും സുഗന്ധലേപനങ്ങളിലും മറ്റും സൗരഭ്യം നല്‍കുവാന്‍ ചേര്‍ത്തുവരുന്നു.ഒരേ ആകൃതിയില്‍ അഞ്ച് ഇതളുകളോടുകൂടിയ പൂക്കള്‍ മനശാസ്ത്ര ചികില്‍സാരീതിയില്‍ മാനസിക പിരിമുറക്കം കുറയ്ക്കുവാന്‍ ഉപയോഗിക്കുന്നുമുണ്ട്.

പ്ലുമേറിയയുടെ പൂക്കളെ \'ഫ്ളവര്‍ ഓഫ് പെര്‍ഫെക്ഷന്‍\' എന്നാണ് വിശേഷിപ്പിക്കാറ്. ഇതളുകളുടെ വിന്യാസം തന്നെ ഇതിനു കാരണം. സുഗന്ധപുഷ്പങ്ങള്‍ മുഖ്യമായും ഉപയോഗിച്ചുള്ള അരോതെറപ്പി' എന്ന നവീന വൈദ്യശാസ്ത്രശാഖയില്‍ പ്ലുമേറിയയ്ക്ക് പ്രമുഖസ്ഥാനമാണുള്ളത്.

പ്ലുമേറിയയുടെ മൂന്നു വര്‍ഗങ്ങള്‍ക്കാണ് അലങ്കാരവൃക്ഷമെന്ന നിലയില്‍ പ്രാധാന്യം കൈവന്നിരിക്കുന്നത്.

ആല്‍ബ വര്‍ഗം: തൂവെള്ളയോ മഞ്ഞ രാശിയോടുകൂടിയ വെള്ളയോ പൂക്കളാണ് ഈയിനത്തിന്. നീളം കൂടിയ ഇലകളുമുണ്ടായിരിക്കും. സാമാന്യം ഉയരത്തില്‍ വളരുന്ന ഇല പൊഴിക്കുന്ന സ്വഭാവം കാണിക്കാറുണ്ട്. റൂബ്രവര്‍ഗം: ചുവപ്പ്, കടുംമഞ്ഞ, ചുവപ്പില്‍ മഞ്ഞനിറം, പിങ്ക് എന്നീ നിറങ്ങളാണ് പൂക്കള്‍ക്ക്. കാഴ്ചയ്ക്ക് ആല്‍ബവര്‍ഗംപോലെ തന്നെ. ഒബ്ട്യൂസവര്‍ഗം: കുറുകിയ പ്രകൃതമുള്ള ഇവ പൂന്തോട്ടത്തിലെ പുല്‍ത്തകിടിയില്‍ വളര്‍ത്തി പരിപാലിക്കുവാന്‍ യോജിച്ചതാണ്. കടുംപച്ചനിറത്തില്‍ ഇലകളും നിത്യഹരിത സ്വഭാവവുമുള്ള ഇവയ്ക്ക് ശിഖരങ്ങളും പൂക്കളും കൂടും.

പ്ലുമേറിയ പൂവിടുമ്പോള്‍ ആരംഭിക്കുന്നതിനു വളരെ മുന്‍പുതന്നെ ഇലയിലെ ഞരമ്പുകളുടെ നിറത്തില്‍നിന്ന് പൂക്കളുടെ നിറം തിരിച്ചറിയാം. വെള്ളരാശിയില്‍ ഞരമ്പുള്ളവ വെള്ളയും വെള്ളകലര്‍ന്ന മഞ്ഞ പൂക്കളും ഉല്‍പ്പാദിപ്പിക്കുന്നവയാണ്. ചുവപ്പുരാശിയുള്ളവ ചുവപ്പും, ചുവപ്പിന്‍റെ വര്‍ണഭേദങ്ങളിലും പിങ്ക് ഞരമ്പുള്ള ഇനം പിങ്ക് പൂക്കളും ഉല്‍പ്പാദിപ്പിക്കും.

നടീല്‍വസ്തു. ഒരു വര്‍ഷമെങ്കിലും മൂപ്പെത്തിയ നേരിയ ചാരനിറമുള്ള പൂവിടാത്ത തണ്ടിന്‍റെ ഒന്നരയടി നീളമുള്ള അഗ്രഭാഗമാണ് നടീല്‍വസ്തുവായി ഉപയോഗിക്കുക. തണ്ടിന്‍റെ മുറിപ്പാട് ഉണങ്ങുന്നതിനായി മൂന്നാഴ്ചക്കാലം തണലത്ത് കുത്തിച്ചാരി സൂക്ഷിക്കണം. ഈ സമയത്ത് മൂപ്പെത്തിയ ഇലകള്‍ കൊഴിഞ്ഞുപോയില്ലെങ്കില്‍ നീക്കം ചെയ്യുന്നത് നന്നായിരിക്കും. ഇതിനുശേഷം നടാനെടുക്കാം.

പ്ലുമേറിയയുടെ ചില സങ്കരയിനങ്ങള്‍ക്കു പതിവയ്ക്കല്‍ രീതിവഴി മാത്രമേ തൈയുണ്ടാക്കാന്‍ സാധിക്കൂ. ഇതിനായി മൂപ്പെത്തിയ തണ്ടിന്‍റെ അഗ്രഭാഗത്തുനിന്ന് ഒന്നര അടി താഴ്ത്തി ഒരിഞ്ചു വീതിയില്‍ ഒരു വളത്തിന്‍റെ ആകൃതിയില്‍ തൊലി നീക്കം ചെയ്യണം. ഈ ഭാഗം നനവ് ഏല്‍ക്കാതെ 2-3 ആഴ്ചക്കാലം സംരക്ഷിക്കുക. തൊലി നീക്കം ചെയ്തതിന്‍റെ മുകളിലെ മുറിഭാഗം ഈ സമയംകൊണ്ട് വീര്‍ത്തുവരുന്നതായി കാണാം. അവിടെ കുതിര്‍ത്ത ചകിരിയും ചുവന്ന മണ്ണും ഒരേ അളവില്‍ എടുത്തത് പ്ലാസ്റ്റിക് ഉപയോഗിച്ചു ചുറ്റി പൊതിഞ്ഞുവയ്ക്കണം. ഒരു മാസം കഴിഞ്ഞാല്‍ നേര്‍ത്ത വേരുകള്‍ മണ്ണിനു പുറത്തേക്കു വരുവാന്‍ തുടങ്ങും. വേരുകള്‍ കണ്ടു തുടങ്ങിയാല്‍ അഗ്രഭാഗം ഉള്‍പ്പെടെ തണ്ടു മുറിച്ചെടുത്ത് നടീല്‍വസ്തുവായി ഉപയോഗിക്കാം.

വളരെ അപൂര്‍വമായി മാത്രമെ പ്ലുമേറിയയില്‍ കായ്കളും വിത്തും ഉണ്ടാകാറുള്ളൂ. പൂവിന്‍റെ താഴെഭാഗം നേര്‍ത്ത കുഴല്‍ ആകൃതിയില്‍ ആയതുകൊണ്ട് സ്വാഭാവികമായി പരാഗണം നടക്കാറില്ല. കൃത്രിമ രീതിയില്‍ പരാഗണം നടത്തിയാല്‍ കാളക്കൊമ്പിന്‍റെ ആകൃതിയില്‍ നീണ്ടുവളഞ്ഞ രണ്ടു കായ്കള്‍ ഒരു തണ്ടില്‍ത്തന്നെ ഉണ്ടാകും. ഇവ വിളഞ്ഞു പാകമായാല്‍ നീളത്തില്‍ നേര്‍ത്ത് ഒരറ്റത്ത് വീതിയുള്ള ചിറകുമായി ധാരാളം വിത്തുകള്‍ കാണാനാവും. മൂപ്പെത്തിയ വിത്തും നടീല്‍വസ്തുവായി പ്രയോജനപ്പെടുത്താം. കമ്പ് കുത്തി നിര്‍ത്തുന്ന രീതിയില്‍ കുതിര്‍ത്ത ആറ്റുമണലില്‍ വിത്തിന്‍റെ ചിറകുഭാഗം മുകളില്‍ ലംബമായി വരുന്ന വിധത്തില്‍ നടാം. നേരിയ രീതിയില്‍ തുള്ളിനന ദിവസവും നല്‍കിയാല്‍ രണ്ടാഴ്ചയ്ക്കകം വിത്തു മുളച്ച് തൈ ആകും. സാവധാനത്തില്‍ വളരുന്ന തൈ മൂപ്പെത്തി പൂവിടുവാന്‍ മൂന്നുവര്‍ഷം വരെ വേണ്ടിവരും. വിത്തു നട്ടാണ് സങ്കരയിനങ്ങള്‍ സാധാരണയായി ഉണ്ടാക്കുന്നത്. ഇവയ്ക്കു തായ്വേരുള്ളതിനാല്‍ മണ്ണില്‍ ഉറച്ചു നില്‍ക്കും.

ജനുവരി മുതല്‍ മാര്‍ച്ച് വരെയാണ് പ്ലുമേറിയ നട്ടുവളര്‍ത്താന്‍ യോജിച്ചത്. ചട്ടിയില്‍ വളര്‍ത്തുന്നതിനെക്കാള്‍ നിലത്തു വളര്‍ത്തുന്നതിനാണിതു യോജിച്ചത്. ഒന്നരയടി സമചതുരത്തില്‍ കുഴിയെടുത്ത് ചുവന്ന മണ്ണും കംപോസ്റ്റും 3:1 എന്ന അനുപാതത്തില്‍ തയാറാക്കിയ മിശ്രിതം നിറച്ച് അതിലേക്കു നടീല്‍വസ്തു മൂന്നിഞ്ചോളം ഇറക്കിവച്ച് ഉറപ്പിച്ചു താങ്ങുകൊടുത്തു ബലപ്പെടുത്തണം. പ്രാരംഭദശയില്‍ നേരിയ തോതില്‍ നന മതിയാകും. നടീല്‍വസ്തുവില്‍നിന്നു പുതിയ നാമ്പും ഇലകളും ഉണ്ടാകുവാന്‍ ഒരു മാസം വരെ കാലതാമസമെടുക്കാറുണ്ട്. ഒബ്ട്യൂസ വര്‍ഗത്തിലെ കുള്ളന്‍ ഇനങ്ങളായ വൈറ്റ്, വിന്‍റ്മീല്‍ എന്നിവ ഒന്നരയടി വലിപ്പമുള്ള വാര്‍ക്കച്ചട്ടിയിലും നട്ടുവളര്‍ത്താം. മുമ്പു പറഞ്ഞ നടീല്‍മിശ്രിതം തന്നെ ചട്ടി നിറയ്ക്കുവാന്‍ ഉപയോഗിക്കുക. വിത്തുവഴി വളര്‍ത്തിയെടുത്ത തൈ ഒരടി ഉയരമായാല്‍ മാറ്റി സ്ഥാപിക്കാവുന്നതാണ്.

കൃഷിരീതി

നല്ല നീര്‍വാര്‍ച്ചയുള്ളതും നേരിട്ടു സൂര്യപ്രകാശം ലഭിക്കുന്നതുമായ സ്ഥലമാണ് പ്ലുമേറിയയ്ക്കു യോജിച്ചത്. സൂര്യപ്രകാശം ആവശ്യത്തിനു ലഭിക്കുന്നില്ലെങ്കില്‍ തണ്ടിനു നീളം വച്ചു വലിയ ഇലകളുമായി പൂവിടാവൃക്ഷമായി മാറും. ചെടിയുടെ വളര്‍ച്ചയുടെ പ്രാരംഭദശയില്‍ രാസവളമായി യൂറിയ നല്‍കുന്നത് ആരോഗ്യമുള്ള തണ്ടും ഇലകളും ഉണ്ടാകാന്‍ സഹായിക്കും. പില്‍ക്കാലത്ത് 18:18:18 മതിയാകും. പൂവിട്ടു തുടങ്ങിയാല്‍ നൈട്രജന്‍ കുറവുള്ളതും ഫോസ്ഫറസും പൊട്ടാസ്യവും അധികമുള്ളതുമായ എന്‍.പി.കെ. നല്‍കാവുന്നതാണ്. പൊട്ടാസ്യവും സൂക്ഷ്മരാസവളങ്ങളും അടങ്ങിയ മിശ്രിതം നേരിയ തോതില്‍ നല്‍കുന്നത് കൂടുതല്‍ പൂക്കള്‍ ഉല്‍പാദിപ്പിക്കുവാന്‍ സഹായിക്കും. ജൈവവളമായി കമ്പോസ്റ്റും നല്‍കാവുന്നതാണ്.

ഒരു പരിധിവരെ വരണ്ട പരിതസ്ഥിതിയില്‍ വളരുവാന്‍ യോജിച്ച വൃക്ഷമാണിത്. അതുകൊണ്ടുതന്നെ നന വളരെ മിതമായി മതിയാകും. വേനല്‍ക്കാലത്ത് മൂന്നു ദിവസത്തിലൊരിക്കല്‍ നനയ്ക്കുക. മഴക്കാലത്തു നന പൂര്‍ണമായി ഒഴിവാക്കുകയും ചെടിക്കു ചുറ്റും നല്ല നീര്‍വാര്‍ച്ചയുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. മിശ്രിതത്തിലെ ജലാംശം അധികമായാല്‍ വേരുചീയലിനു സാധ്യത കൂടും. അതുപോലെ ഇല വളര്‍ച്ച കൂടുകയും ചെയ്യും. പലവട്ടം പൂവിടുമെങ്കിലും മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലാണ് പൂക്കള്‍ അധികവും. രണ്ടാഴ്ചവരെ വാടാതെ ചെടിയില്‍ നില്‍ക്കും. പൂവിട്ടുതീര്‍ന്ന തണ്ടു കൊഴിയുമ്പോള്‍ അവിടെ നിന്നു പുതിയ ശിഖരവും അതില്‍ പൂക്കളും ഉണ്ടാകും. കുറുകിയ, ധാരാളം ശിഖരങ്ങളുള്ള ഇനങ്ങള്‍ കൂടുതല്‍ പൂക്കള്‍ ഉല്‍പാദിപ്പിക്കുവാന്‍ കഴിയുന്നവയാണ്. സങ്കരയിനങ്ങള്‍ക്ക് ഒരു തണ്ടില്‍നിന്ന് 15 ശിഖരങ്ങള്‍ വരെ ഉല്‍പാദിപ്പിക്കാനാവും. ഇലപൊഴിയുന്ന സമയത്ത് നനയും വളപ്രയോഗവും നന്നായി കുറയ്ക്കണം. ഈ അലങ്കാരവൃക്ഷം പ്രകൃത്യാ ഉയരത്തില്‍ വളരാതെ, പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന സ്വഭാവമുള്ളതുകൊണ്ട് വളര്‍ച്ചയുടെ ഒരവസ്ഥയിലും കൊമ്പുകോതല്‍ ആവശ്യമില്ല.

രോഗകീടങ്ങള്‍

നടീല്‍ മിശ്രിതത്തില്‍ അധികം ജലാംശം നിന്നാല്‍ വേരുചീയല്‍ രോഗം വരാം. നന കുറയ്ക്കുന്നത് ഇതിനു പ്രതിവിധിയാണ്. ചീയല്‍രോഗം കണ്ടുതുടങ്ങിയാല്‍ ചെടി മണ്ണില്‍നിന്ന് ഉയര്‍ത്തിയെടുത്ത് കേടുവന്നവേരും തണ്ടും മുറിച്ചു നീക്കം ചെയ്യുക. മുറിഭാഗം കുമിള്‍നാശിനി ഉപയോഗിച്ചു കഴുകി തണലത്തു വച്ച് 2-3 ആഴ്ചക്കാലം സൂക്ഷിക്കുക. പിന്നീട് നടുവാനായി ഉപയോഗിക്കാം.
ഇലയുടെ അടിഭാഗത്ത് തണ്ടിനോടു ചേര്‍ന്നു വെള്ളച്ചോക്കുപൊടിപോലെ ചെറുപ്രാണികള്‍ കൂട്ടമായി താവളമടിച്ച് ഇലപൊഴിയല്‍ രോഗം വരുത്താറുണ്ട്. ഏതെങ്കിലും കീടനാശിനി ഇലയുടെ താഴെ ഭാഗത്തു തളിച്ചു കീടബാധ തടയാം.

മൃതസഞ്ജീവനി ചെടി

മൃതസഞ്ജീവനി അഥവാ \'സഞ്ജീവനി\' ഒരു ഔഷധസസ്യമാണ്. \'സഞ്ജീവനി\' എന്നാല്‍ \'ജീവന്‍ നല്‍കുന്നത്\' എന്നാണര്‍ഥം. \'സെലാജിനെല്ല ബ്രയോപ്ടെറിസ്\' എന്ന സസ്യനാമത്തിലറിയപ്പെടുന്ന ചെടിയാണ് സഞ്ജീവനിയായി കണക്കാക്കിവരുന്നത്. \'സഞ്ജീവനി\'യുടെ സത്തിന് അപൂര്‍വമായ ചില ഔഷധസിദ്ധികളുണ്ട്. കോശവളര്‍ച്ച ത്വരപ്പെടുത്താനുള്ള കഴിവാണ് ഇതിലൊന്ന്. അമിതസമ്മര്‍ദത്താല്‍ നശിച്ചുപോകുന്ന കോശങ്ങളെ അതില്‍നിന്ന് പ്രതിരോധിക്കാന്‍ ഇത് സഹായിക്കും. സസ്തനികളുടെ കോശങ്ങളിലാണിത് കണ്ടെത്തിയത്. കൂടാതെ ഈ സസ്യരസത്തില്‍ കോശങ്ങള്‍ വളര്‍ച്ചപ്രാപിക്കുന്നതായും കണ്ടെത്തി. കോശങ്ങളെ നശിപ്പിക്കുന്ന ഓക്സീകരണപ്രക്രിയയെയും ഇത് വലിയൊരു പരിധിവരെ തടയുന്നു. അള്‍ട്രാവയലറ്റ് രശ്മികളും താപവികിരണവുമൊക്കെ കോശങ്ങളെ നശിപ്പിക്കുന്നത് തടയാനും ഇതിന് കഴിവുണ്ട്. ഉഷ്ണമേഖലാ പ്രദേശങ്ങളിലെ മലനിരകളിലാണ് മൃതസഞ്ജീവനി വളരുന്നത്. പ്രത്യേകിച്ച്‌ ഇന്ത്യയുടെ കിഴക്കുപടിഞ്ഞാറന്‍ ഭാഗത്തെ ആരവല്ലി മലനിരകളില്‍.

കടുത്ത വേനല്‍ക്കാലത്ത് ഈ ചെടി ഉണങ്ങിവരണ്ട് കരിഞ്ഞ് പൂര്‍ണമായും നശിക്കും. എന്നാല്‍, അല്പം വെള്ളം കിട്ടിയാല്‍ \'മരിച്ചുകഴിഞ്ഞ\' ചെടി വീണ്ടും ഇലകള്‍ വിടര്‍ത്തി, പച്ചനിറമായി പഴയപടി വളരുന്നതുകാണാം. ഇത് ഒരു \'ഉയിര്‍ത്തെഴുന്നേല്പിന്റെ\' സൂചകമായും കരുതുന്നു.
\'ബയോഫ്ലേവനോയിഡ്\' എന്നുപേരായ ജൈവസംയുക്തങ്ങളാണ് ചെടിയുടെ കാതല്‍. പരമ്പരാഗതമായി ഇത് മുറിവുണക്കാനും ആര്‍ത്തവ ക്രമക്കേടുകള്‍ പരിഹരിക്കാനും മൂത്രതടസ്സം ക്രമീകരിക്കാനും ആന്തരികക്ഷതങ്ങള്‍ക്കുമെല്ലാം ഉപയോഗിച്ചിരുന്നു. ഇത് ഒരേസമയം അണുനാശകവും നിരോക്സീകാരകവും അര്‍ബുദപ്രതിരോധകവുമൊക്കെയാണ്. അപൂര്‍വ ഔഷധസിദ്ധികളുള്ളതുകൊണ്ടുതന്നെ വളരെയധികം ചൂഷണംചെയ്ത് നശിപ്പിക്കപ്പെടുന്ന ഒരു ചെടികൂടിയാണ് മൃതസഞ്ജീവനി. ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ബിഹാര്‍, ഒഡിഷ, മഹാരാഷ്ട്ര, തമിഴ്നാട്, നേപ്പാള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഇത് കൂടുതല്‍ വളരുന്നു. ഹിന്ദുപുരാണമനുസരിച്ച്‌ \'മൃതസഞ്ജീവനി\' എന്നത് മരിച്ച ആളുകളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും അല്ലെങ്കില്‍ അമരത്വം പ്രദാനംചെയ്യാനും കഴിവുള്ള അദ്ഭുതച്ചെടിയായാണ് കണക്കാക്കുന്നത്. ഇതേക്കുറിച്ചുള്ള പഠനവും ഗവേഷണങ്ങളും തുടര്‍ന്നുവരുന്നു.

മഞ്ഞളിന്‍റെ മേന്മകൂട്ടാൻ ജൈവകൃഷി

ജൈവകൃഷിയിലൂടെ ഉൽപാദിപ്പിച്ച ഉൽപ്പന്നങ്ങൾക്കും ഭക്ഷ്യ വസ്തുക്കൾക്കും ആവശ്യകത ഏറിവരുകയാണ്‌. രാസകീടനാശിനികൾ ഒഴിവാക്കി പ്രകൃതിദത്തമായ വസ്തുക്കളുപയോഗിച്ച്‌ ജൈവകൃഷിരീതി അവലംബിക്കേണ്ടതിന്‍റെ ആവശ്യകത ഇപ്പോൾ പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്‌.
കുരുമുളകും ഇഞ്ചിയും കഴിഞ്ഞാൽ മറ്റൊരു പ്രധാനപ്പെട്ട സുഗന്ധവ്യഞ്ജന വിളയാണ്‌ മഞ്ഞൾ. ഇന്ത്യയിൽ വർഷം തോറും ശരാശരി ഒരുലക്ഷത്തി മൂവായിരം ഹെക്ടർ സ്ഥലത്ത്‌ മഞ്ഞൾ കൃഷി ചെയ്തു വരുന്നു. ലോകരാഷ്ട്രങ്ങളിൽ ഇന്ത്യയാണ്‌ മഞ്ഞൾകൃഷിയിൽ മുൻപന്തിയിൽ നിൽക്കുന്നത്‌. ചൂടുളളതും അന്തരീക്ഷ ഈർപ്പവും മഴയും ലഭിക്കുന്ന കാലാവസ്ഥയാണ്‌ മഞ്ഞളിന്‌ ഉത്തമം. നടുന്ന സമയത്ത്‌ മിതമായും വളരുന്ന സമയത്ത്‌ സമൃദ്ധമായും മഴ വേണം. നല്ല വളക്കൂറുളള പശിമരാശി മണ്ണാണ്‌ മഞ്ഞളിന്‌ ഏററവും യോജിച്ചത്‌. വെളളംകെട്ടി നിൽക്കുന്നത്‌ മഞ്ഞളിന്‌ ഹാനികരമാണ്‌. തനിവിളയായും ഇടവിളയായും മഞ്ഞൾ കൃഷി ചെയ്യാം. എന്നാൽ ഇടവിളയായി മഞ്ഞൾ കൃഷി ചെയ്യുമ്പോൾ ആ കൃഷിയിടത്തിൽ നട്ടിരിക്കുന്ന എല്ലാ വിളകളിലും ജൈവകൃഷി രീതി പാലിക്കേണ്ടതുണ്ട്‌.
മഞ്ഞളിന്‍റെ പ്രകണ്ടങ്ങളാണ്‌ വിത്തായി ഉപയോഗിക്കുന്നത്‌. കീടരോഗബാധയില്ലാത്തതും ജൈവകൃഷിരീതിയിലൂടെ ഉൽപ്പാദിപ്പിച്ചെടുത്തതുമായ വിത്താണ്‌ നടാനായി തിരഞ്ഞെടുക്കേണ്ടത്‌. ജൈവകൃഷിരീതിയിൽ ഉൽപ്പാദിപ്പിച്ച വിത്ത്‌ ലഭിക്കാത്ത പക്ഷം സാധാരണകൃഷിയിടങ്ങളിൽ നിന്നും ലഭിക്കുന്ന വിത്തുപയോഗിക്കാം. വിത്തിൽ മുളകൾ കുറവാണെങ്കിൽ നനഞ്ഞ വൈക്കോൽ കൊണ്ടു മൂടി നല്ലവണ്ണം മുളപ്പിച്ചെടുത്തതിന്‌ ശേഷം നടുന്നതായിരിക്കും നല്ലത്‌.
ഒരു മീറ്റർ വീതിയിലും 15 സെന്‍റിമീററർ ഉയരത്തിലും സൗകര്യപ്രദമായ നീളത്തിലും വാരങ്ങൾ തയ്യാറാക്കണം. വാരങ്ങൾ തമ്മിൽ ചുരുങ്ങിയത്‌ അരമീററർ അകലമുണ്ടായിരിക്കണം. ഇത്‌ നീർവാർചയ്ക്ക്‌ അത്യാവശ്യമാണ്‌. മൂന്നു മീററർ നീളവും ഒരു മീററർ വീതിയുമുളള ഒരു വാരം നടാൻ ഏകദേശം 750 ഗ്രാം മുതൽ ഒരു കിലോഗ്രാം വരെ നടീൽ വസ്തു വേണ്ടിവരും.
ഹെക്ടറൊന്നിന്‌ 40 ടണ്ണെന്ന തോതിൽ കാലിവളമോ കമ്പോസ്റ്റോ അടിവളമായി ചേർത്തുകൊടുക്കണം. വാരങ്ങളിൽ 25X25 സെന്‍റിമീററർ അകലത്തിൽ ചെറുകുഴികളെടുത്ത്‌ മഞ്ഞൾ വിത്ത്‌ നടണം. നടുന്ന സമയത്ത്‌ 25 ഗ്രാം പൊടിച്ച വേപ്പിൻ പിണ്ണാക്ക്‌ ഓരോ കുഴിയിലുമിട്ടശേഷം മണ്ണുമായി കൂട്ടിക്കലർത്തണം. അതിന്‌ ശേഷം വിത്ത്‌ കുഴിയിൽ നടാം, നല്ലതുപോലെ അഴുകിയ കാലിവളത്തിലോ കമ്പോസ്റ്റിലോ ഒരു ടണ്ണിന്‌ ഒരു കിലോഗ്രാം എന്ന തോതിൽ ട്രൈക്കോ ഡെർമ കലർത്തിയശേഷം 10 ഗ്രാം എന്ന തോതിൽ ഓരോ കുഴിയിലുമിട്ടതിന്‌ ശേഷം ഇമികുകൾ തട്ടി കുഴി മൂടണം. നട്ട ഉടനെ തന്നെ ഒരു ഹെക്ടറിന്‌ 15 ടൺ എന്ന തോതിൽ പച്ചിലയോ കരിയിലയോ ഉപയോഗിച്ച്‌ വാരങ്ങളിൽ പുതയിടണം. മഞ്ഞൾ നല്ലതുപോലെ കിളിർത്തു വരുന്നതിനും മഴസമയത്ത്‌ മണ്ണൊലിപ്പ്‌ തടയുന്നതിനും പുതയിടുന്നത്‌ സഹായിക്കും. 50 ദിവസത്തിന്‌ ശേഷം ഒരു ഹെക്ടറിന്‌ 15 ടൺ എന്ന തോതിൽ വീണ്ടും പുതയിടണം. ഓരോ പുതയിടലിന്‌ ശേഷവും വാരങ്ങളിൽ ചാണകകുഴമ്പ്‌ ഒഴിക്കണം. ഇങ്ങനെ ചെയ്യുന്നതു വഴി സൂക്ഷ്മാണുക്കളുടെ പ്രവർത്തനം വർദ്ധിക്കുകയും പോഷകലഭ്യത കൂടുകയും ചെയ്യും. കളകൾ വരുന്നതിനനുസരിച്ച്‌ അവ നീക്കം ചെയ്യണം. ഇങ്ങനെ നീക്കംചെയ്ത കളകൾ പുതയിടുന്നതിനായി ഉപയോഗിക്കാം.
ജൈവകൃഷിരീതി അവലംബിക്കുമ്പോൾ കീടനാശിനികൾ ഉപയോഗിക്കാൻപാടില്ല. തണ്ടുതുരപ്പന്‍റെ ആക്രമണം ഉണ്ടെങ്കിൽ ആ ചെടികൾ മുറിച്ച്‌ പുഴുവിനെ എടുത്തുമാററി പുഴുവിനെ നശിപ്പിക്കണം. ആവശ്യമെങ്കിൽ 0.5 ശതമാനം വീര്യമുളള വേപ്പെണ്ണ പതിനഞ്ച്‌ ദിവസത്തിലൊരിക്കൽ തളിച്ചുകൊടുക്കണം.
മഞ്ഞളിന്‍റെ ഇനമനുസരിച്ച്‌ 7 മുതൽ 9 മാസം വരെയുളള കാലയളവിൽ വിളലെടുക്കാം ഇലകളും തണ്ടുകളും കരിഞ്ഞുണങ്ങിയാൽ മഞ്ഞൾ പറിച്ചെടുക്കാം. വിളവെടുത്തശേഷം മണ്ണും വേരും നീക്കി മഞ്ഞൾ സംഭരിച്ചുവെക്കാവുന്നതാണ്‌.
മഞ്ഞൾ സംസ്കരിക്കുന്നതിനു വേണ്ടി യാതൊരു രാസവസ്തുക്കളും ചേർക്കാൻ പാടില്ല. ശുദ്ധജലമാണ്‌ മഞ്ഞൾ തിളപ്പിക്കാനുപയോഗിക്കേണ്ടത്‌. ചെമ്പോ നാകതത്തകിടോ കൊണ്ടുളള പാത്രമോ മൺപാത്രമോ മഞ്ഞൾ തിളപ്പിക്കാനുപയോഗിക്കാം. മഞ്ഞൾ മൂടുന്നതു വരെ വെളളമൊഴിച്ച്‌ 45 മുതൽ 60 മിനിട്ടു നേരം തിളപ്പിക്കണം. മഞ്ഞൾ പറിച്ചെടുത്ത ശേഷം 23 ദിവസത്തിനുളളിൽ തന്നെ വാട്ടിയെടുക്കേണ്ടതാണ്‌. ഇങ്ങനെ വേവിച്ചെടുത്ത മഞ്ഞൾ 5 മുതൽ 7 സെന്‍റി മീറ്റർ കനത്തിൽ സിമന്‍റ് തറയിൽ നിരത്തി വെയിലത്തുണക്കിയെടുക്കണം. രാത്രി സമയത്ത്‌ മഞ്ഞൾ കൂനകൂട്ടി വെക്കണം. 10 മുതൽ 15 ദിവസത്തിനുളളിൽ മഞ്ഞൾ ഉണങ്ങിക്കിട്ടും. ഇങ്ങനെ ഉണക്കിയെടുക്കുന്ന മഞ്ഞൾ പരുപരുത്തതും നിറം കുറഞ്ഞതുമായിരിക്കും. യന്ത്രമുപയോഗിച്ചോ അല്ലെങ്കിൽ കൈകൊണ്ടോ അവയെ മിനുസപ്പെടുത്തിയെടുക്കാവുന്നതാണ്‌. പത്ത്‌ കിലോഗ്രാം പച്ചമഞ്ഞൾ സംസ്കരിക്കുമ്പോൾ ഏതാണ്ട്‌ രണ്ട്‌ രണ്ടേകാൽ കിലോഗ്രാം മഞ്ഞൾ ലഭിക്കും.
മഞ്ഞൾ കയറ്റുമതി പ്രാധാന്യമേറിയ ഒരുൽപ്പന്നം കൂടിയായതിനാൽ കൂടുതൽ വിദേശനാണ്യം ലഭിക്കുന്നതിനായി ജൈവകൃഷിരീതിയിലൂടെ മഞ്ഞളിന്‍റെ ഗുണം വർദ്ധിപ്പിക്കുന്നതിനുളള നടപടികൾ കർഷകരുടെ ഭാഗത്തു നിന്നുണ്ടാകണം

പഴം- പച്ചക്കറി കൃഷി

കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ശരീരം തണുപ്പിക്കാനും മാങ്കോസ്റ്റിന്‍

പഴങ്ങളുടെ റാണിയാണ് മാങ്കോസ്റ്റിന്‍. മൂന്ന് മുതല്‍ നാല് ആഴ്ചവരെ പഴം കേടുകൂടാതെ ഇരിക്കുന്നതിനാല്‍ കയറ്റുമതിക്കും നല്ല സാദ്ധ്യതകളുണ്ട്. മലേഷ്യയില്‍ നിന്നാണ് ഈ പഴം കേരളത്തിലെത്തിയത് സാന്തോണുകള്‍ എന്നറിയപ്പെടുന്ന നാല്‍പതിലധികം സ്വാഭാവിക രാസസംയുക്തങ്ങള്‍ അടങ്ങിയിട്ടുള്ള മാങ്കോസറ്റിന്‍ പഴം ഹൃദയത്തിന്‍റെ ആരോഗ്യസംരക്ഷണത്തിന് മികച്ചതാണ് പഴത്തിന്‍റെ  തോട് ഉണക്കിപ്പൊടിച്ച് തൈരും ചേര്‍ത്ത് കഴിച്ചാല്‍ ഉദരരോഗങ്ങള്‍ മാറും. കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ശരീരം തണുപ്പിക്കാനും ഈ പഴം നല്ലതാണ്

തിളങ്ങുന്ന ഇലകളോടുകൂടിയ മാങ്കോസ്റ്റിന്‍ 25 മീറ്ററോളം ഉയരത്തില്‍ വളരുന്ന ഒരു നിത്യഹരിത വൃക്ഷമാണ്. പഴങ്ങള്‍ക്ക് ക്രിക്കറ്റ്ബോളിന്‍റെ വലിപ്പമുണ്ടാകും. മൂപ്പെത്താത്ത കായ്കള്‍ക്ക് പച്ചനിറമാണ് മൂപ്പെത്തിയാല്‍ ഇത് തവിട്ട് കലര്‍ന്ന പര്‍പ്പിള്‍ നിറമാകും. കട്ടിയുള്ള പുറന്തോടിനുള്ളില്‍ വെളുത്ത മാംസളമായ ഭാഗമാണ് ഭക്ഷ്യയോഗ്യം. പഴത്തിന് നല്ല മധുരവും ഹൃദ്യമായ ഗന്ധവുമുണ്ട്.  നിശ്ചിത അകലത്തില്‍ തൈകള്‍ നടാം. ഉണക്കി പൊടിച്ച കാലിവളവും മേല്‍മണ്ണും കൂട്ടിക്കലര്‍ത്തിയ മിശ്രിതം നിറച്ചതിനുശേഷം വേണം തൈകള്‍ നടാന്‍. നടുമ്പോള്‍ ഒട്ടുഭാഗം മണ്ണിനടിയില്‍ പോകരുത്.  തൈകള്‍ക്ക് തണല്‍ കൊടുക്കണം, നനയ്ക്കണം. ആദ്യവര്‍ഷങ്ങളില്‍ തൈ ഒന്നിന് പത്തു കിലോ വീതം കാലിവളമോ കമ്പോസ്റ്റോ ചേര്‍ത്തു കൊടുക്കണം. മഴ തുടങ്ങുന്നതോടെ മരത്തിനു ചുറ്റും ആഴം കുറഞ്ഞ തടങ്ങളെടുത്ത്  ജൈവവളവും പച്ചിലവളവും ചേര്‍ത്തു കൊടുക്കാം. മണ്ണിന്‍റെ മുകള്‍പരപ്പില്‍ തന്നെ വേരുകള്‍ ഉള്ളതിനാല്‍ മരച്ചുവട് ആഴത്തില്‍ കുഴിക്കരുത് പ്രായമായ മരങ്ങള്‍ക്ക് ജൈവവളം 50 കിലോഗ്രാം, വേപ്പിന്‍ പിണ്ണാക്ക് കടല പിണ്ണാക്ക് എന്നിവയില്‍ ഏതെങ്കിലും രണ്ട്കിലോഗ്രാം, എല്ലുപൊടി ഒന്ന് രണ്ട് കിലോഗ്രാം എന്ന അളവില്‍ നല്‍കണം. വേനല്‍ കാലത്ത് കരിയില, തെങ്ങോല, വാഴത്തടം, ചപ്പുചവറുകള്‍ തുടങ്ങിയവകൊണ്ട്തടത്തില്‍ പുതയിടണം. മഴക്കാലത്ത് മരചുവട്ടില്‍ വെള്ളം കെട്ടി നില്‍ക്കാന്‍ ഇടയാകരുത്‌

ഔഷധ ഗുണത്തില്‍ മുമ്പനായ ചുരയ്ക്ക

അടുക്കളത്തോട്ടത്തില്‍ സാധാരണ വളര്‍ത്തുന്ന ഒരു പച്ചക്കറിയാണ് ചുരയ്ക്ക. ലജനേരിയ സൈസറേറിയ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ചുരയ്ക്ക ഇന്ത്യ, മൊളുക്കാസ്, എത്യോപ്യ എന്നിവിടങ്ങളില്‍ കൃഷി ചെയ്യാറുണ്ട്. വെള്ളരിയിനത്തില്‍പ്പെട്ട ചുരയ്ക്ക ജീവകം ബിയുടെ കലവറയാണ്. വേനല്‍ക്കാലത്തും മഴക്കാലത്തും കൃഷി ചെയ്യാന്‍ കഴിയും എന്നതാണ് ചുരയ്ക്കയുടെ പ്രത്യേകത. ഔഷധ ഗുണം ഏറെയുള്ള ഇതിന് വിരശല്യത്തെ ശമിപ്പിക്കാന്‍ കഴിവുണ്ട്.  ചുരയ്ക്കയുടെ നീര് , ചെറു നാരങ്ങാ നീര് ചേര്‍ത്ത്കുടിച്ചാല്‍ വാതം കുറയും. ചുരയ്ക്കയില താളിയായി തലയില്‍  തേച്ചാല്‍ മുടികൊഴിച്ചില്‍ കുറയും. ഇതിന്‍റെ  കായ്കളില്‍  മാംസ്യം, കൊഴുപ്പ്, കാര്‍ബോഹൈഡ്രേറ്റ്, നാര് എന്നിവയടങ്ങിയിരിക്കുന്നു. കൂടാതെ ചുരയ്ക്ക വിത്തില്‍  45 ശതമാനം വരെ എണ്ണ അടങ്ങിയിട്ടുണ്ട്. സാലഡ് രൂപത്തില്‍ കഴിച്ചാല്‍ ശരീരത്തില്‍  നല്ല തണുപ്പും ലഭിക്കുന്നു.

കൃഷി രീതി

വേനല്‍ക്കാലത്ത് കൃഷി ചെയ്യുമ്പോള്‍  തടമുണ്ടാക്കി വിത്തുകള്‍ നടണം. എന്നാല്‍ മഴക്കാലത്ത് കൂനകളില്‍  വേണം വിത്ത് പാകുവാന്‍. . മുപ്പത്, നാല്പ്പത്  സെന്‍റീമീറ്റര്‍ ആഴത്തില്‍ 60 സെന്‍റീമീറ്റര്‍ വ്യാസത്തിലുള്ള കുഴികള്‍ 3 മീറ്റര്‍ അകലത്തില്‍  പന്തലില്‍ പടര്‍ത്താനുള്ള സൌകര്യാര്‍ത്ഥം  ഒരുക്കേണ്ടതാണ്. തറയില്‍  പടരുന്നതിനായി കുഴികള്‍ തമ്മില്‍ 2മീറ്റര്‍ അകലവും വരികള്‍  തമ്മില്‍  3 - 4 മീറ്റര്‍ അകലവും പാലിക്കണം. കുഴികളില്‍ കാലിവളവും രാസവളവും മേല്‍മണ്ണും കൂട്ടിക്കലര്‍ത്തിയ മിശ്രിതം നിറക്കണം. വിത്ത് വെള്ളത്തില്‍ കുതിര്‍ത്ത് പാകിയാല്‍ വേഗം മുളയ്ക്കും. അടിവളമായി ജൈവവളം ചേര്‍ക്കാവുന്നതാണ്. വള്ളി വീശാന്‍ തുടങ്ങിയാല്‍ യൂറിയ നല്‍കാം. അതിനോടൊപ്പം തന്നെ പന്തലും നിര്‍മ്മിക്കണം. വേനല്‍ക്കാലത്താണ് കൃഷി ചെയ്യുന്നതെങ്കില്‍ രണ്ട് ദിവസം കൂടുമ്പോള്‍ നനയ്ക്കണം. ജൈവവളങ്ങള്‍ നല്‍കുന്നതാണ് നല്ലത്. വെള്ളരിയില്‍  കാണുന്ന രോഗങ്ങള്‍ ചുരയ്ക്കയിലും കാണുന്നുണ്ട്. മത്തന്‍ വണ്ട്, ഇലപ്പുഴുക്കള്‍, എന്നിവയെ വെളുത്തുള്ളിക്കഷായം വേപ്പെണ്ണക്കഷായം എന്നിവ തളിച്ചും കായീച്ചകളെ തുളസിക്കെണി പ്രയോഗിച്ച് നിയന്ത്രിക്കാം.

വലിയ ചെലവില്ലാതെ പാഷന്‍ ഫ്രൂട്ട് കൃഷി ചെയ്യാം

വലിയ ചെലവൊന്നുമില്ലാതെ പറമ്പില്‍ വളര്‍ത്താം. ഏറെ ആരോഗ്യദായകവും പോഷകസമൃദ്ധവും മറ്റനേകം വിശേഷങ്ങളുമുള്ള പാഷന്‍ ഫ്രൂട്ടിനെ. മാനസിക സമ്മര്‍ദ്ദവും വിഷാദവുമാണ് പുതിയ  ലോകത്തിന്‍റെ മുഖമുദ്ര. പലരോഗങ്ങളുടെയും അടിസ്ഥാനവും ഇവയാണ്. ഈ മാനസിക സമ്മര്‍ദ്ദം ഒഴിവാക്കാന്‍ അതീവ രുചികരവും വളരെ ചെലവുകുറഞ്ഞതുമായ ഒരു മാര്‍ഗമാണ് പാഷന്‍ ഫ്രൂട്ട്. നാഡീതകരാറുകളും വിഷാദരോഗവും ഉറക്കമില്ലായ്മയുമൊക്കെ അകറ്റാന്‍ പറ്റിയ ഒരു ഒറ്റമൂലി നാം അത്ര പ്രാധാന്യം കല്‍പിക്കാത്ത പാഷന്‍ ഫ്രൂട്ടില്‍ അടങ്ങിയിട്ടുണ്ടെന്ന് ആധുനിക പഠനം തെളിയിക്കുന്നു.

പ്രത്യേക പരിചരണമില്ലാതെ തഴച്ചുവളരുന്ന പാഷന്‍ പഴം പാസിഫ്‌ളോറേസിയ കുലത്തിലെ അംഗമാണ്. ബ്രസീലിലാണ് ജന്മദേശം. പല ഇനങ്ങളുണ്ടെങ്കിലും പര്‍പ്പിള്‍, മഞ്ഞ എന്നിവ കൃഷിക്കു നന്ന്. ഇതില്‍ തന്നെ പര്‍പ്പിള്‍ ഇനമാണ് ഇന്ത്യയില്‍ കൂടുതല്‍ പ്രചാരത്തിലുള്ളത്. മഞ്ഞയിനം സമതലങ്ങള്‍ക്കും പര്‍പ്പിള്‍ ഇനം സമുദ്ര നിരപ്പില്‍ നിന്ന് 650-1300 മീറ്റര്‍ ഉയരമുള്ള പ്രദേശങ്ങള്‍ക്കും യോജിച്ചതാണ്. ഒരു കായയുടെ ഭാരം 8 മുതല്‍ 55 ഗ്രാം വരെ വ്യത്യാസപ്പെടാം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രചാരം സിദ്ധിച്ചിട്ടുള്ളത് മഞ്ഞയിനമാണ്.

സിലോണില്‍ നിന്നു വന്ന ഈയിനം ഒരു വര്‍ഷം കൊണ്ട് കായ്ക്കും. പര്‍പ്പിള്‍ ഇനത്തേക്കാള്‍ നല്ല മണവും രുചിയും ഉണ്ട്. ഈ രണ്ടിനങ്ങളുടെയും സങ്കരമായ കാവേരി ഹോര്‍ട്ടിക്കള്‍ച്ചര്‍ ഗവേഷണകേന്ദ്രം വികസിപ്പിച്ചെടുത്തതാണ്.

ഇവയ്ക്ക് പര്‍പ്പിള്‍ ഇനത്തോട് സാമ്യമെങ്കിലും സമതലങ്ങള്‍ക്കും ഉയര്‍ന്ന പ്രദേശങ്ങള്‍ക്കും യോജിച്ചതാണ്. മഞ്ഞയിനം പുഷ്പിക്കുന്നതിന് ആറ് മാസമെടുക്കുമ്പോള്‍ കാവേരി നാലാം മാസം പുഷ്പിക്കും. മികച്ച വിളവും നല്‍കും. പ്രത്യേക പന്തലില്ലെങ്കിലും വേലിപ്പടര്‍പ്പിലോ, മാവ്, പ്ലാവ് മുതലായവയിലോ ഇവ പടര്‍ന്നുവളരും. ആകര്‍ഷകമായ പൂക്കളാണ് ഇവയുടെ മറ്റൊരു പ്രത്യേകത. അതിനാല്‍ വീട്ടുവളപ്പില്‍ അലങ്കാരചെടിയായി വളര്‍ത്താനും ഉത്തമം. ഇവയെ പന്തലില്‍ പടര്‍ത്തിയാല്‍ ഒരു ഗ്രീന്‍ ഹൗസിന്‍റെ പ്രയോജനം ചെയ്യും.

മറ്റു നഴ്‌സറിചെടികള്‍ക്ക് തണലുമാകും. ഒരു ചെടിയില്‍ നിന്ന് ഏകദേശം 10 കിലോ വരെ കായ് കിട്ടും. കായ് മൂത്ത് പഴുത്ത് ഇളം മഞ്ഞ നിറമാകുമ്പോള്‍ വിളവെടുക്കാം. സെപ്തംബര്‍---,ഒക്‌ടോബര്‍, മെയ്-ജൂണ്‍ എന്നീ മാസങ്ങളിലാണ് ധാരാളം കായ് ലഭിക്കുക. വെള്ളക്കെട്ടില്ലാത്ത ഏതു മണ്ണും പാഷന്‍ ഫ്രൂട്ടിന്‍റെ വളര്‍ച്ചയ്ക്ക് യോജിച്ചതാണ്. സാമാന്യം ഈര്‍പ്പവും മിതമായി ജൈവാംശവും കുമ്മായവും കലര്‍ന്ന മണ്ണാണ് വളര്‍ച്ചയ്ക്ക് അത്യുത്തമം.

കടുത്ത ചൂടും അതിശൈത്യവും നന്നല്ല. വിത്തു മുളപ്പിച്ചും വള്ളി നട്ടും തൈ ഉത്പാദിപ്പിക്കാം. വിത്തു മുളച്ചുണ്ടാകുന്ന തൈകളേക്കാള്‍ വള്ളിമുറിച്ചു നട്ടവ വേഗം കായ്ച്ചു തുടങ്ങും. മൂത്തവള്ളിയാണ് മുറിച്ചു നടേണ്ടത്. വള്ളി കഷണങ്ങള്‍ 25-30 സെ.മീ നീളത്തില്‍ മുറിച്ചെടുക്കണം. ഓരോ കഷണത്തിലും അഞ്ചിലകളെങ്കിലും ഉണ്ടായിരിക്കണം.

60 സെ.മീ വീതം നീളവും വീതിയും താഴ്ചയുമുള്ള കുഴിയെടുത്ത് അതില്‍ മണ്ണും ചാണകവും കലര്‍ത്തിയ മിശ്രിതം നിറച്ച് നടുന്നതിന് ഒരു മാസം മുന്‍പ് കുഴി തയാറാക്കണം. ഈ കുഴിയില്‍ വള്ളി നട്ട് ചുവട്ടില്‍ വളവും വെള്ളവും ക്രമമായി ചേര്‍ത്താല്‍ വേഗം വളരും. 
വളര്‍ച്ചയെത്തിയ ചെടിയൊന്നിന് അഞ്ച് കി ഗ്രാം ചാണകവും 400 ഗ്രാം 7:10:5 എന്ന കൂട്ടുവളവും രണ്ടു തവണ ചേര്‍ത്തു കൊടുക്കുന്നതു നല്ലതാണ്. വള്ളിയില്‍ പുതുതായുണ്ടാകുന്ന തണ്ടുകളിലാണ് കായ് പിടിക്കുന്നത്. ധാരാളം ധാതു ലവണങ്ങളും ജീവകങ്ങളും അടങ്ങിയിരിക്കുന്നതിനാല്‍ പാഷന്‍ഫ്രൂട്ട് ഒരു മള്‍ട്ടി വിറ്റാമിന്‍ പഴം എന്ന് നിസംശയം പറയാം.

അമ്ലഗുണം കൂടുതലുള്ള ഈ പഴം കൊണ്ട് ഒരു വര്‍ഷത്തേക്കാവശ്യമായ ശീതളപാനീയം, ജെല്ലി ഇവ ഉണ്ടാക്കി സൂക്ഷിക്കാം.

പോഷകഗുണത്തിലും ഔഷധഗുണത്തിലും മുമ്പന്‍ ചതുരപ്പയര്‍

മനുഷ്യന്‍ പ്രകൃത്യാ സസ്യാഹാരി ആയിരുന്നെങ്കിലും ഇപ്പോള്‍ നാടുമുഴുവനും മാംസാഹാര പ്രതിപത്തി വര്‍ധിച്ചിരിക്കുന്നു. മാനവസമൂഹം ഭക്ഷ്യക്ഷാമത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് സസ്യാഹാരമുണ്ടാക്കുന്നതിലും കൂടുതല്‍ ഊര്‍ജം മാംസാഹാര ഉല്‍പാദനത്തിന് ചെലവഴിക്കേണ്ടിവരുന്നത് ഒരു വലിയ പ്രതിസന്ധിയാണ്. മാംസാഹാരമുല്‍പാദിപ്പിക്കാനുള്ള മാടുകള്‍ക്ക് ആഹാരമായി മനുഷ്യന്‍ ഭക്ഷിക്കേണ്ട വലിയഅളവ് ധാന്യങ്ങളും മറ്റും നല്‍കേണ്ടിവരുന്നതാണ് പ്രതിസന്ധിയുണ്ടാക്കുന്നത്. അതുകൊണ്ടാണ് ലോകാരോഗ്യസംഘടന ഷഡ്പദങ്ങളെയും പ്രാണികളെയും പുല്‍ച്ചാടികളെയും ആഹാരമാക്കുന്നത് ശീലിക്കാന്‍ നിര്‍ദേശിച്ചത്.

സസ്യാഹാരങ്ങളില്‍ മാംസ്യത്തിന്റെ കുറവ് പരിഹരിക്കാന്‍ പയര്‍വര്‍ഗങ്ങളുടെ ഉത്പാദനവും ഉപഭോഗവും വര്‍ധിപ്പിക്കാനാണ് ലോകാരോഗ്യസംഘടനയുടെ മറ്റൊരു നിര്‍ദേശം. അതിന്റെ പ്രാധാന്യം ലോകത്തെ ബോധ്യപ്പെടുത്താനാണ് 2016 ലോക പയര്‍വര്‍ഗവര്‍ഷമായി ആചരിച്ചത്. എന്നാല്‍ മാംസത്തില്‍ നിന്ന് കിട്ടുന്ന എല്ലാ അമിനോ അമ്ലങ്ങളും പയര്‍വര്‍ഗങ്ങളില്‍ നിന്ന് ലഭിക്കില്ലെന്നൊരുവാദം നിലനില്‍ക്കുന്നുണ്ട്. പക്ഷേ, ധാന്യങ്ങളും പയറും കൂടിച്ചേര്‍ന്ന സമീകൃതാഹാരം മതി ജീവസന്ധാരണത്തിന് എന്നൊരു മറുവാദം അതിനെ ഖണ്ഡിക്കുന്നു. എന്തായാലും പയര്‍ വര്‍ഗങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നതിന് യാതൊരു സംശയവുമില്ല. പയറുവര്‍ഗങ്ങളിലെല്ലാം തന്നെ മാംസ്യമടങ്ങിയിരിക്കുന്നു. എന്നാല്‍, ഏറ്റവും കൂടുതല്‍ മാംസ്യം അടങ്ങിയിരിക്കുന്ന പയറിനമാണ് ചതുരപ്പയര്‍ അല്ലെങ്കില്‍ ഇറച്ചിപ്പയര്‍ എന്നു നമ്മള്‍ വിളിക്കുന്ന പയറിനം. വിയറ്റ്നാമില്‍ ഡ്രാഗണ്‍ പയര്‍, മലയയില്‍ കസാങ് ബുട്ടോള്‍, സ്പാനിഷില്‍ സിഗാറില്ലാസ്, ചൈനയില്‍ സ്ക്വയര്‍ ബീന്‍സ്, സുഡാനില്‍ ജാട്ട, തായ് ഭാഷയില്‍ മൂണ്ടന്‍ ബീന്‍സ് എന്നിങ്ങനെ വിളിക്കപ്പെടുന്ന ചതുരപ്പയറിന് തമിഴര്‍ ശിറകു അവരൈ എന്നും ഇംഗ്ലീഷുകാര്‍ വിങ് ബിന്‍സ് എന്നും പറയുന്നു.

കേരളത്തിലെല്ലായിടത്തും വലിയപ്രയാസമില്ലാതെ വളര്‍ത്താവുന്നയിനം വള്ളിപ്പയറാണിത്. അത്യുത്പാദനശേഷിയും മികച്ചരോഗകീടപ്രതിരോധശേഷിയും പ്രകടിപ്പിക്കുന്നയിനമാണെന്നതുതന്നെയാണ് ഇതിന്റെ പ്രധാന മികവ്. ഇതിന്റെ എല്ലാഭാഗവും (ഇല, പൂവ്, കിഴങ്ങ്, കായ) ഭക്ഷ്യയോഗ്യമാണ്. ഇല ഉപ്പേരിയും കറിയുമായും പൂവ് ഉപ്പേരിയും സലാഡുമായും കായകള്‍ പലവിധത്തിലും വിത്ത് സോയാബീന്‍ പോലെയും മിക്കരാജ്യങ്ങളിലും വ്യാപകമായി ഉപയോഗിച്ചുവരുന്നു. പല രാജ്യങ്ങളിലും വളര്‍ത്തുമീന്‍ തീറ്റയുടെ പ്രധാനചേരുവയായും ചതുരപ്പയറിന്റെ വിത്തുകള്‍ ഉപയോഗിക്കാറുണ്ട്. പ്ലാനറ്റേ സാമ്രാജ്യത്തിലെ ഫബാസിയേ കുടുംബത്തിലെ അംഗമായ ചതുരപ്പയറിന് സോഫോ കാര്‍പ്പസ് ടെട്രാഗോണോലോബുസ് എന്നാണ് ശാസ്ത്രനാമം. 4-5 മീ്റ്റര്‍ വരെ ഉയരത്തില്‍ വളരുന്ന വള്ളിപ്പയറിനമാണിത്. ഇതിന്റെ കായകള്‍ക്ക് 10-15 സെ.മീ. വരെ നീളമുണ്ടാകും. പൂവുകള്‍ക്ക് മങ്ങിയ നീലനിറമാണ്. കായകള്‍ക്ക് രണ്ടറ്റത്തുനിന്നും നാല് എണറുകള്‍ ചിറകുകള്‍പോലെ കാണാം. വിത്തുകള്‍ ഉണങ്ങിക്കഴിഞ്ഞാല്‍ ചാരം കലര്‍ന്ന കാപ്പിനിറമാകും. തണ്ടിന് സാധാരണയായി പച്ച നിറമാണെങ്കിലും വള്ളി മൂത്തുകഴിഞ്ഞാല്‍ ചിലപ്പോള്‍ പര്‍പ്പിള്‍നിറവുമായി മാറാം.

കൃഷിരീതി

സാധാരണയായി വേനല്‍ക്കാലാംരംഭത്തിലാണ് കേരളത്തില്‍ ചതുരപ്പയര്‍ കൃഷിചെയ്തുവരുന്നത്. നല്ല വെയിലും ഈര്‍പ്പവും കലര്‍ന്ന അന്തരീക്ഷമാണിതിന് വേണ്ടത്. 25 ഡിഗ്രി അന്തരീക്ഷോഷ്മാവാണിതിന് പഥ്യം. ഒരുസെന്റിന് 80 ഗ്രാം വിത്ത് ആവശ്യമായിവരുന്നു. സെന്റിന് കൂടിയാല്‍ 20 തടങ്ങളേ പാടുള്ളു. ഓരോ തടത്തിനും രണ്ടുമീറ്ററെങ്കിലും ഇടയകലം ആവശ്യമാണ്. ഓരോ തടത്തിനും രണ്ടടിവ്യാസവും ഒരടി ആഴവും ഉണ്ടായിരിക്കണം. മണ്ണ് നന്നായി കിളച്ചൊരുക്കിയതിനുശേഷം അതിലേക്ക് ചപ്പിലകള്‍ വിതറി കത്തിക്കണം. ഒരുസെന്റിലേക്ക് 50 കിലോ ചാണകപ്പൊടിയോ കമ്പോസ്റ്റോ ആവശ്യമാണ്. ഇത് മേല്‍മണ്ണുമായി കലര്‍ത്തി കുഴികളിലിട്ടതിനുശേഷം അതില്‍ 50ഗ്രാം വേപ്പിന്‍പിണ്ണാക്ക് പൊടിച്ചത്, 50ഗ്രാം കുമ്മായം എന്നിവയും ചേര്‍ത്തിളക്കി നനച്ചിടുക. ചാക്കുകളിലാണ് നടുന്നതെങ്കില്‍ മണല്‍, മണ്ണ്, ചാണകപ്പൊടി, എന്നിവ 3:3:3 എന്ന അനുപാതത്തില്‍ കൂട്ടിക്കലര്‍ത്തി നിറച്ച്‌ നന്നായി നനച്ചതിനുശേഷം വിത്ത് നടാം. വിത്തിന് 5 മുതല്‍ 8 സെ.മീ. വരെ നീളമുണ്ടാവും. നടുന്നതിന് എട്ടുമണിക്കൂര്‍ മുമ്പെങ്കിലും വിത്ത് നനച്ചുവെക്കണം. നട്ട് നനച്ചതിനുശേഷം ചപ്പിലകൊണ്ട് പുതയിട്ടുകൊടുക്കണം. വിത്ത്മുളച്ചുവന്നാല്‍ പുതയൊഴിവാക്കാം.

താങ്ങുകൊടുക്കാം

പടര്‍ന്നുവളരുന്ന ഇനമായതുകൊണ്ട് പന്തല്‍ അല്ലെങ്കില്‍ താങ്ങ് കെട്ടിക്കൊടുക്കാം. മുള, കവുങ്ങ്. എന്നിങ്ങനെയുള്ളവയാണ് സാധാരണയായി ഇതിനുപയോഗിക്കാറ്. ചെടി വളര്‍ന്നു പന്തലില്‍ കയറുന്ന സമയത്താണ് ആദ്യത്തെ മേല്‍വളപ്രയോഗം നടത്തേണ്ടത്. മേല്‍വളമായി ചാണകപ്പൊടിയോ കമ്പോസ്റ്റോ 30 കിലോഗ്രാം പൊടിയാക്കി തടത്തില്‍ നന്നായി നനച്ചുകൊടുക്കണം. പിന്നീട് വള്ളിവീശുമ്പോഴും പൂവിടുമ്പോഴും മേല്‍വളം നല്‍കാവുന്നതാണ് കൂടാതെ ഗോമൂത്രം പത്തിലൊന്നാക്കി നേര്‍പ്പിച്ചതോ ബയോഗ്യാസ് സ്ലറിയോ തടത്തിലൊഴിച്ചുകൊടുക്കാവുതാണ്. കടലപ്പിണ്ണാക്ക് കുതിര്‍ത്ത് ചാണകത്തെളിയുടെ കൂടെ ഒഴിച്ചുകൊടുക്കാം. പ്രധാനവള്ളി പന്തലില്‍ കയറിക്കഴിഞ്ഞാല്‍ പന്തലിലല്ലാതെ ചുവട്ടിലെ വള്ളിയില്‍ പൊട്ടിവരുന്ന ചെറുവള്ളികള്‍ നശിപ്പിച്ചുകളയണം. വള്ളി പടര്‍ന്നുകയറി നാലുമാസത്തിനുള്ളില്‍ വിളവെടുക്കാം. നല്ല ഇളംപ്രായത്തില്‍ത്തന്നെ കായ പറിച്ചുപയോഗിക്കാന്‍ ശ്രദ്ധിക്കണം. ഒരു ഹെക്ടറിന് നാലു ടണ്‍ വിളവു ലഭിക്കും. ഏകദേശം ഒരു ടണ്‍ വിത്തുകള്‍ ഹെക്ടറിന് കിട്ടാറുണ്ട്.

രോഗങ്ങളും കീടങ്ങളും

സാധാരണ പച്ചക്കറികള്‍ക്കു വരുന്ന കീടങ്ങളൊന്നും ചതുരപ്പയറിനെ ബാധിച്ചുകാണാറില്ല. കായീച്ച, എപ്പിലാക്സ് വണ്ട് എന്നിവയാണ് കുറച്ചെങ്കിലും ബാധിക്കുന്നത്. വേരുചീയല്‍ രോഗം, പൂപ്പല്‍ രോഗം, ഇലപ്പുള്ളിരോഗം എന്നിങ്ങനെയുള്ള രോഗങ്ങളും ചിലപ്പോള്‍ ബാധിക്കാറുണ്ട്. കായ ചെറുതായി വന്നുതുടങ്ങുമ്പോള്‍ത്തന്നെ വേപ്പെണ്ണ എമെല്‍ഷന്‍, വെളുത്തുള്ളി-ബാര്‍സോപ്പ് മിശ്രിതം എന്നിങ്ങനെയും തളിച്ചുകൊടുക്കാം. ഇലതീനിപ്പുഴുക്കളെ ശേഖരിച്ച്‌ നശിപ്പിക്കാം. എപ്പിലാക്സ് വണ്ടുകളെ കൈവലയുപയോഗിച്ച്‌ ശേഖരിച്ച്‌ നശിപ്പിക്കാം. മിത്രപ്രാണികളെയുപയോഗിച്ചും വേപ്പെണ്ണ എമെല്‍ഷന്‍, പെരുവലം സത്ത്, വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം എന്നിവയുപയോഗിച്ചും വണ്ടിനെ നിയന്ത്രിക്കാം.

വേരുചീയല്‍ രോഗം

വേരുചീയല്‍ രോഗമാണ് ചതുരപ്പയറിനെ ബാധിക്കുന്ന രോഗം. ഇത് പിടിപെട്ടാല്‍ പിന്നെ ആ ചെടി നശിപ്പിക്കുകയേ മാര്‍ഗമുള്ളൂ. വള്ളി മഞ്ഞനിറത്തിലായിച്ചുരുങ്ങുകയും കായ്പിടിത്തം തീരെക്കുറയുകയുമാണിതിന്റെ ലക്ഷണം. രോഗം ബാധിച്ച ചെടികളെ നശിപ്പിക്കുക, രോഗബാധയില്ലാത്ത തോട്ടങ്ങളില്‍ നിന്നുമാത്രം വിത്ത് ശേഖരിക്കുക, ആരോഗ്യമുള്ള ചെടികള്‍ മാത്രം തടത്തില്‍ നിര്‍ത്തുക എന്നിവയാണിതിന് ചെയ്യാവുന്നത്. ഫംഗസിനെ പ്രതിരോധിക്കുന്ന തരം ജൈവമരുന്നുകള്‍ വേണമെങ്കില്‍ ചുവട്ടില്‍ ഒഴിച്ചുകൊടുക്കാവുന്നതാണ്.

ഇലപ്പുള്ളിരോഗം

ഇലയുടെ അടിഭാഗത്ത് വെള്ളത്തിനാല്‍ നനഞ്ഞപോലെയുള്ള പാടുകളും അതിനെത്തുടര്‍ന്ന് ഇലയുടെ ഉപരിതലത്തില്‍ മഞ്ഞക്കുത്തുകള്‍ പ്രത്യക്ഷപ്പെടുന്നതുമാണ് ഇതിന്റെ ലക്ഷണം. പിന്നീട് ഈ മഞ്ഞക്കുത്തുകള്‍ വലുതായി ഇലമൊത്തം വ്യാപിച്ച്‌ കരിഞ്ഞുണങ്ങുകയും ചെയ്യുന്നു. രോഗം കാണുന്ന ഇലകള്‍ നശിപ്പിക്കുകയും സ്യൂഡോമോണസ് ലായനി രണ്ടുശതമാനം വീര്യത്തില്‍ ഇലകളുടെ ഇരുവശങ്ങളിലും വീഴത്തക്കവിധവും സമൂലവും തളിക്കുകയുമാണിതിന്റെ പ്രതിരോധമാര്‍ഗങ്ങള്‍.
പ്രകൃതി ദത്ത പ്രോട്ടീനിന്റെ ഒരു മികച്ച കലവറയാണ് ചതുരപ്പയര്‍. ഇതില്‍ കാര്‍ബോ ഹൈഡ്രേറ്റും അടങ്ങിയിരിക്കുന്നു. കാല്‍സ്യം, ചെമ്പ്, സള്‍ഫര്‍, പൊട്ടാസ്യം, ഫോസ്ഫറസ്, ഇരുമ്പ്, മഗ്നീഷ്യം, എന്നീമൂലകങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. കൂടാതെ വിറ്റാമിന്‍ എ., തയാമിന്‍, റൈബോഫ്ലാവിന്‍, വിറ്റാമിന്‍ സി, അന്നജം, കൊഴുപ്പ് എന്നിവയും അസ്കോര്‍ബിക്, അമിനോ ആസിഡുകള്‍, എന്നിവയും നിയാസിനും ചതുരപ്പയറിയില്‍ അടങ്ങിയിരിക്കുന്നു. പോഷകഗുണത്തിലും ഔഷധഗുണത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന മാംസ്യത്തിന് പകരം വെക്കാവുന്ന ഈ പച്ചക്കറിയിനത്തിന്റെ ഒരു തടമെങ്കിലും നമുക്ക് വീട്ടില്‍ വളര്‍ത്താം.

വിവിധയിനം ചേമ്പുകളെ പരിചയപ്പെടാം

പാല്‍ച്ചേമ്പ്

തണ്ടും തളിരിലയും കിഴങ്ങും ഒരു പോലെ ഭക്ഷ്യയോഗ്യമായ പാല്‍ ചേമ്പ് നല്ല സ്വാദുള്ള ഇനമാണ്. ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയില്‍ നന്നായി വളരുന്ന പാല്‍ച്ചേമ്പ് വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്ന ഇനമാണ്.

ചെറുചേമ്പ്

ഈ ചേമ്പിന്‍റെ നേരിയതും ഇളം പച്ചനിറത്തില്‍ കാണപ്പെടുന്നതുമായ ചേമ്പിന്‍തണ്ട് കറിവെയ്ക്കാം. പുഴുക്കായും കറിക്കായും ഈ ചേമ്പ് ഉപയോഗിച്ചു വരുന്നു.

മക്കളെപ്പോറ്റി ചേമ്പ്

വെള്ള കലര്‍ന്ന പച്ചനിറത്തിലാണ് ചേമ്പിന്‍തണ്ട് കാണപ്പെടുന്നത്. ഇലയുടെ നിറം ഇളംപച്ചനിറമാണ്. ഇലയുടെ നടുഭാഗത്ത് പൊട്ട് ഉണ്ട്. തള്ള ചേമ്പിന്‍റെ ചുറ്റും വിത്തു ചേമ്പുകള്‍ വളര്‍ന്ന് തണ്ടും ഇലയും വരുന്ന സ്വഭാവമുള്ളതിനാലാവാം മക്കളെപ്പോറ്റി എന്ന പേര് ലഭിച്ചത്. അല്‍പം ചൊറിച്ചിലുള്ള ഇനമാണ്. കറിവെക്കുമ്പോള്‍ പുളികൂടി ചേര്‍ക്കുന്നു.വൃശ്ചിക മാസത്തോടെ ഇതിന്റെ ചൊറിച്ചില്‍ കുറയുന്നു.

കുഴിനിറയാന്‍ ചേമ്പ്

ഇലയും തണ്ടും മക്കളെപ്പോറ്റി ചേമ്പിനോട് സാദൃശ്യമുള്ളതാണ്. മക്കളെപ്പോറ്റിച്ചേമ്പിനേക്കാള്‍ തണ്ടിന് ഉയരം കൂടുതലുണ്ട്. ഇതിന്റെ വിത്ത് ചേമ്പുകള്‍ തള്ള ചേമ്പിന്റെ അടിഭാഗത്തുനിന്നും കൊട്ടയുടെ ആകൃതിയില്‍ വളര്‍ന്നു വരുന്നതിനാലാണ് കൊട്ടചേമ്പ് എന്ന് അറിയപ്പെടുന്നത്. ചെറിയ തോതിലുള്ള ചൊറിച്ചില്‍ ഈ ഇനത്തിനുമുണ്ട്.

കുടവാഴ ചേമ്പ്

വയറ്റിലുണ്ടാകുന്ന അസുഖങ്ങള്‍ പ്രതിരോധിക്കാന്‍ ഈ ചേമ്പ് ഭക്ഷിക്കുന്നതിലൂടെ കഴിയും. ഇലയുടെ വലിപ്പക്കൂടുതല്‍ കൊണ്ടാണ് കുടവാഴച്ചേമ്പിന് ഈ പേര് ലഭിച്ചത്. തണ്ടിന്റെ അടിഭാഗത്തിന് ബ്രൗണ്‍നിറവും മുകള്‍ ഭാഗം ബ്രൗണ്‍ കലര്‍ന്ന പച്ചയും ആണ്. പറിച്ച്‌ വെച്ച്‌ വെള്ളം വറ്റിയ ശേഷമാണ് കറിവെക്കുന്നതിന് നല്ലത്. ചൊറിച്ചിലുള്ള ഇനമാണ്. അതുകൊണ്ട് തിളപ്പിച്ച്‌ വെള്ളം ഊറ്റിക്കളഞ്ഞതിനുശേഷം പുഴുക്കായും കറിയാക്കിയും ഉപയോഗിക്കുന്നതാണ് നല്ലത്. വയറ്റില്‍ ഉണ്ടാകുന്ന അസുഖങ്ങളെ ചെറുക്കാന്‍ ഈ ചേമ്പ്ഭക്ഷിക്കുന്നതിലൂടെ സാധിക്കും.

മാറാന്‍ ചേമ്പ്

മാറാന്‍ ചേമ്പ് ഇളംപച്ചനിറത്തിലും നീലനിറത്തിലുമുണ്ട്. നീലനിറമുള്ള ചേമ്പ്ഔഷധ നിര്‍മാണത്തിനാണ് ഉപയോഗിക്കുന്നത്. പച്ചനിറമുള്ള രണ്ടിനങ്ങളുണ്ട്. ഇതില്‍ കിഴങ്ങ് നല്ലവണ്ണം തടിച്ചുരുണ്ട ഇനം പുഴുങ്ങിത്തിന്നാം. അര്‍ശസിനെതിരെ മാറാന്‍ ചേമ്പ് ഔഷധമായി ഉപയോഗിക്കാമെന്ന് ആയുര്‍വേദം പറയുന്നു. എത്ര മണ്ണ് കൂട്ടിക്കൊടുത്താലും കിഴങ്ങ് മുകളില്‍ വരും.

കരിന്താള്‍

വന്യയിനം ചേമ്പാണിത്. കാഴ്ചയ്ക്ക് കറുത്ത ചേമ്പിന്റെ തണ്ടിനോടും ഇലയോടും സാദൃശ്യമുണ്ട്. തള്ളചേമ്പില്‍ നിന്നും വള്ളിപോലെ നീണ്ടുവരുന്നതിന്റെ തല ഭാഗത്താണ് വിത്ത്ചേമ്പ് രൂപം കൊള്ളുന്നത്. ഏറെ ഔഷധഗുണമുള്ളതാണ് ഇതിന്റെ കിഴങ്ങും തണ്ടും തളിരിലയും. വിരിയാത്ത ഇലയോട് കൂടിയ ഇളംതണ്ട് പുളിയിട്ട് കറിവെക്കുന്നു. വിത്ത് ചേമ്പ് തിളപ്പിച്ച്‌ ഊറ്റി പുറംതൊലി കളഞ്ഞ് വീണ്ടും വെള്ളത്തിലിട്ട് തിളപ്പിച്ച്‌ വെള്ളം ഊറ്റിക്കളയുമ്പോള്‍ ചൊറിച്ചില്‍ കുറയുന്നു.

ചേമ്പിലെ ഔഷധ ഗുണങ്ങള്‍

ധാതുലവണങ്ങളാലും ജൈവസംയുക്തങ്ങളാലും സമ്പന്നമാണ് ചേമ്പ്. കിഴങ്ങും തണ്ടും ഇലയും ഭക്ഷിക്കുന്നതിലൂടെ രോഗപ്രതിരോധശേഷി ലഭിക്കും. വൈറ്റമിന്‍ \'എ\' ധാരാളമായി അടങ്ങിയ ചേമ്പിന്‍ താള്‍ ഭക്ഷിക്കുന്നത് അന്ധത മാറുന്നതിനും കാന്‍സറിനെ പ്രതിരോധിക്കുന്നതിനും നല്ലതാണ്.

പാച്ച് ബഡ്ഡിങ് പഴച്ചെടികളിലും

റബ്ബറില്‍ മാത്രം പ്രയോഗിച്ച് വിജയിപ്പിക്കുന്ന പാച്ച് ബഡ്ഡിങ് ഫലവര്‍ഗത്തൈകളിലും ഒട്ടിച്ച് വിജയം കൈവരിക്കാം. മാവ്, പ്ലാവ്, ജാതി, റംബൂട്ടാന്‍, ഫിലോസാന്‍, മാങ്കോസ്റ്റിന്‍, നാരകം, സീതപ്പഴം തുടങ്ങിയവയില്‍ ഈ രീതി നല്ല പ്രായോഗികഫലം തരുന്നു. പല നഴ്സറിക്കാരും ഇപ്പോഴിത് പ്രാവര്ത്തികമാക്കുന്നുണ്ട്.

റോസ് ചെടികള്‍ക്ക് സര്‍വസാധാരണയായി ഉപയോഗിക്കുന്ന T മുകുളനം അഥവാ, ഷീല്‍ഡ്മുകുളനം, പാളീ മുകുളനം എന്നീ രണ്ട് രീതികളിലാണ് ഒട്ടിച്ചെടുക്കുന്നത്. സാധാരണഗതിയില്‍ എപ്പികോട്ടൈല്‍ ഗ്രാഫ്റ്റിങ്, അപ്രോച്ച് ഗ്രാഫ്റ്റിങ് എന്നീ രീതികളില്‍ ഒട്ടിച്ചെടുക്കുന്ന തൈകള്‍ വളര്‍ന്നു വരുവാന്‍ വേണ്ട സമയത്തെക്കാള്‍ എളുപ്പം മേല്‍പ്പറഞ്ഞ രീതി നടത്താമെന്നതിനു പുറമെ ബഡ്ഡില്‍ നിന്നും വളരുന്ന തൈകള്‍ക്ക്  കരുത്തും ശേഷിയും കൂടുതലുമാണ്.

സ്റ്റോക്കില്‍ ഉണ്ടാക്കുന്ന മുറിവിന് ഇംഗ്ലീഷിലെ T യുടെ ആകൃതിയായതുകൊണ്ട് ഇതിനെ T മുകുളനം എന്നും മുകുളനത്തിന് പരിചയുടെ ആകൃതിയുള്ളതുകൊണ്ട് ഷീല്‍ഡ്മുകുളനം എന്നും പറയുന്നു. സാധാരണ റോസ്, ചെമ്പരത്തി ഇവയിലാണ് കൂടുതല്‍ അഭികാമ്യമെങ്കിലും മുന്‍പറഞ്ഞ ഇനങ്ങളില്‍ ഈ രീതി വിജയിപ്പിക്കാം. വിത്തിട്ട് കിളര്‍പ്പിച്ചോ, കമ്പുമുറിച്ചു നട്ടോ സ്റ്റോക്ക് ഉണ്ടാക്കാം. 6 ന്ദ 8 ഇഞ്ച് വലിപ്പത്തിലുള്ള പ്ലാസ്റ്റിക് കൂടുകളില്‍ മേല്‍മണ്ണും മണലും ചാണകപ്പൊടിയും തുല്യഅളവില്‍ നിറച്ച മിശ്രിതമാണ് നല്ലത്. തൈവളര്‍ന്ന്നാലുമാസം കഴിഞ്ഞ് പെന്‍സില്‍ വണ്ണമാകുമ്പോള് ബഡ്ഡ് ഒട്ടിക്കാം. സ്റ്റോക്കിന്‍റെ മണ്‍നിരപ്പില്‍ നിന്നും 5 മുതല്‍ 10 സെ. മീറ്റര് വരെയുള്ള ഇലകള്‍ നീക്കംചെയ്ത ഭാഗത്ത് അര സെന്‍റീമീറ്റര്‍ നീളത്തില്‍ സമാന്തരമായി പുറം തൊലി മാത്രം മൂര്‍ച്ചയുള്ള കത്തികൊണ്ട് ഒരു മുറിവുണ്ടാക്കുക. ഇതിന്‍റെ മധ്യഭാഗത്തുനിന്ന് താഴോട്ട് 2-3 സെ. മീ. നീളത്തില്‍ ലംബമായി പുറംതൊലിയുടെ താഴ്ചയില് മുറിക്കുക. രണ്ട് മുറിവുകളും മുട്ടുന്നഭാഗത്ത് കത്തികൊണ്ട് പുറംതൊലി വേര്‍പെട്ടുപോകാതെ അടര്‍ത്തിനിര്‍ത്തിയശേഷം ഏത് ഇനമാണോ ഒട്ടിക്കാന്‍ ഉദ്ദേശിക്കുന്നത് അതിന്‍റെ  ഇളംതണ്ടുകള്‍ തിരഞ്ഞെടുത്ത് ഇലഞെട്ട്  നിലനിര്‍ത്തി ഇല നീക്കണം . മുകുളം തണ്ടിന്‍റെ  വലിപ്പവും മുറികളുടെ നീളവുമനുസരിച്ച് 2,3 സെ.മി. നീളത്തില്‍ തൊലിയും തടിയും അടക്കെ ചെത്തിയെടുത്ത് പുറംതൊലിക്ക് ക്ഷതമേല്‍ക്കാതെ തടിഭാഗം അടര്‍ത്തിക്കളഞ്ഞ് സ്റ്റോക്കിലുള്ള മുറിവിനനുസൃതമായി മുകുളത്തിന്‍റെ നീളം ക്രമപ്പെടുത്തുക. ഇത് സ്റ്റോക്കിലെ വിടര്‍ത്തിയ തൊലിക്കുള്ളില്‍ കടത്തി മുകുളം കഴിവതും താഴേക്ക് അമര്‍ത്തി ഉറപ്പിച്ച് പ്ലാസ്റ്റിക് നാടയോ മെഴുകുതുണിയോ കൊണ്ട് മുകുളം പുറത്തേക്ക് കാണത്തക്കവിധം വെള്ളവും കാറ്റും തട്ടാതെ ചുറ്റിക്കെട്ടണം. എന്നാല്‍ സമചതുരത്തിലോ ദീര്‍ഘചതുരാകൃതിയിലോ മുറിവുണ്ടാക്കി അതിനനുസരണമായി ഒരു മുകുളം ഒട്ടിച്ചെടുക്കുന്നതാണ് പാച്ച് ബഡ്ഡിങ്. ഒട്ടിച്ചുകഴിഞ്ഞാല്‍ കാലതാമസം വരുന്നവയ്ക്കാണ് ഈ രീതി നല്ലത്. ഇപ്പോള്‍ ഈ രീതിയാണ് നല്ലതെന്ന് അനുഭവസ്ഥര്‍ പറയുന്നു.

പ്രത്യേകിച്ച്, അന്യമായിക്കൊണ്ടിരിക്കുന്നതും അപൂര്‍വമായി കാണപ്പെടുന്നതുമായ പ്ലാവിനങ്ങള്‍, മാവ് ഇവയുടെ ഒന്നോ രണ്ടോ ചെറുകൊമ്പുകള്‍ ഇവ യാത്രാവേളയില്‍ ശേഖരിച്ചുകൊണ്ട് വന്നും ഒട്ടിക്കാം. ഇലകൊഴിഞ്ഞ തണ്ടുകളിലെ മൂപ്പുകൂടിയ മുകുളത്തിനും തൊലിക്കും കനക്കൂടുതല്‍ ഉണ്ടാവാം.സ്റ്റോക്ക് ഒട്ടാന്‍ പരുവമായാല്‍ ചുവട്ടില്‍ നിന്നും 10-15 സെ. മീ ഉയരത്തില്‍ സമചതുരാകൃതിയില്‍ 1-2 സെമീ വിസ്താരത്തില്‍ തൊലി മാത്രം ഇളക്കി  മാറ്റുക. അതിനു ശേഷം തിരഞ്ഞെടുത്ത മുകുളം ഒട്ടു തടിയില്‍ നിന്ന് പുറത്തേക്ക് തള്ളി നില്‍ക്കാത്തതും നിരപ്പുള്ളതുമായവയെ സൂഷ്മതയോടെ സ്റ്റോക്കിലെ തൊലി ഇളക്കിയതുമാതിരി ഒട്ടു തടിയിലെ ഒരു മുകുളം അടയാളപ്പെടുത്തി ഇളക്കിമാറ്റി നാലരികും സ്റ്റോക്കിലെ മുറിവുമായി ചേര്‍ന്നിരിക്കത്തക്കവിധം പാടില്‍ കടത്തി അമര്‍ത്തിവെച്ച് മുകുളം ഒഴികെയുള്ള സ്ഥലം പ്ലാസ്റ്റിക് നാടകൊണ്ട് ചുറ്റിക്കെട്ടി നീരാവി അറകളിലോ അതല്ലെങ്കില്‍ ഓടോ ചെടിയെയും പോളികവറുകൊണ്ട് മൂടി ഒട്ടിന്‍റെ അടി ഭാഗത്തിന് താഴെയായോ കെട്ടിവെയ്ക്കണം മൂന്നാഴ്ച പിന്നിടുമ്പോള്‍ മുകുളം പച്ചയായിരുന്നാല്‍ ഒട്ട് വിജയിച്ചു എന്നു കരുതാം. വീണ്ടും രണ്ടാഴ്ച കഴിയുമ്പോള്‍ മുകുളം സജീവമായി പുതിയ ഇലകള്‍ വന്നു തുടങ്ങും. ആ സമയം നീരാവി അറയില്‍ നിന്നും മാറ്റി പുതപ്പിച്ച കവറും മാറ്റി ഒട്ടിന് അഞ്ച് സെ.മീ. ഉയരത്തില്‍ വെച്ച് സ്റ്റോക്ക് കമ്പിന്‍റെ തലപ്പ് വെട്ടിക്കളയണം. രണ്ടാഴ്ചയിലൊരിക്കല്‍ ചാണകപ്പൊടിയും വേപ്പിന്‍ പിണ്ണാക്കും ഒരു നുള്ള് എല്ലു പൊടിയും ചേര്‍ത്ത് നല്‍കി മുടങ്ങാതെ നനയ്ക്കുകയും  വേണം. ബഡ്ഡ് വളര്‍ന്ന് ഒരടിയാകുമ്പോള്‍ നടാറാകും. ആ സമയം പ്ലാസ്റ്റിക്ക് നാട അഴിച്ചുമാറ്റി മറ്റ് കിളിര്‍പ്പുകളെയും നീക്കം ചെയ്യണം. ശരാശരി 75 മുതല്‍ 80 ശതമാനം ഇങ്ങനെ ഒട്ടിച്ചെടുക്കാം.

മുന്‍കാലങ്ങളില്‍ സ്റ്റോക്ക് മാതൃവൃക്ഷത്തിന്‍റെ അടുത്ത് കൊണ്ടുവന്നുള്ള പാര്ശ്വ ഒട്ടിക്കലാണ് ഉണ്ടായിരുന്നത്. ഇന്നത് പാച്ച് ബഡ്ഡിങിന് വഴിമാറി. ഇങ്ങനെ ഉത്പ്പാദിപ്പിക്കുന്ന തൈകള്‍ പെട്ടെന്നു വളരും. എന്നാല്‍ അഞ്ചടി പൊക്കം വരുമ്പോള്‍ തലപ്പ് നുള്ളി വിടുകയും പാര്‍ശ്വശാഖകളില്‍ ഭാരം കെട്ടി തറയ്ക്ക് സമാന്തരമായി വളരാന്‍ സൌകര്യമൊരുക്കുകയും ചെയ്താല്‍  വിളവെടുപ്പ് വീട്ടുകാര്‍ക്ക്തന്നെ നടത്താം.

അടുക്കളത്തോട്ടത്തില്‍ കാബേജ് കൃഷി ചെയ്യാം

വളരെ രുചികരവും ഗുണസമ്പുഷ്ടവുമാണ് കാബേജ്. ജീവകങ്ങളും പോഷകങ്ങളും സമൃദ്ധമായ ഈ ശീതകാല പച്ചക്കറി കാൻസർ, ഹൃദ്രോഗം തുടങ്ങി പല മാരക രോഗങ്ങളെയും നിയന്ത്രിക്കാനും ഫലപ്രദമാണ്. കാര്യം ഇതൊക്കെയാണെങ്കിലും കുറച്ചു കാലങ്ങളായി കാബേജ് എന്നു കേൾക്കുമ്പോൾ പലർക്കും ചതുർഥിയാണ്. രാസ കീടനാശിനി പ്രയോഗങ്ങളുടെ പേടിപ്പെടുത്തുന്ന കഥകളാണ് കാബേജിൽ നിന്നും മലയാളിയെ അകറ്റുന്നത്. പണം മാത്രം ലക്ഷ്യമാക്കുന്ന ചില കച്ചവടക്കാർ കാബേജിനെ ഡിഡിറ്റി തുടങ്ങിയ കീടനാശിനികളിൽ മുക്കിയാണ് വില്പനയ്ക്കു വയ്ക്കുന്നതെന്നും മനുഷ്യശരീരത്തിനു ഹാനികരമായ കീടനാശിനികളാണ് കാബേജ് കൃഷിയിൽ ഉപയോഗിക്കുന്നതെന്നുമുള്ള വാർത്തകൾ കാബേജിന്‍റെ വലിയ ഇഷ്ടക്കാരെ വരെ മാറ്റി നിർത്തി. എന്നാൽ പല കൃഷി സ്നേഹികളും ഇപ്പോൾ വീട്ടമ്മമാരും കാബേജിനെ വിഷരഹിതമാക്കാനുള്ള പ്രയത്നങ്ങൾ വിജയകരമായി തുടങ്ങിയിട്ടുണ്ട്. വിളഞ്ഞു നില്ക്കുന്ന കാബേജ് കാണുവാനും അഴകാണ്. കീടനാശിനി തളിക്കാത്ത ശുദ്ധമായ പച്ചക്കറിയും ലഭിക്കും. ഇതിന്‍റെ കൃഷിരീതിയും എളുപ്പമാണ്. നല്ല വിത്ത് കിളിർപ്പിച്ചോ തൈകൾ നട്ടോ കാബേജ് വളർത്താം. കാബേജ് തൈകൾ പുറത്തുനിന്നു വാങ്ങാനും ലഭിക്കും. സ്വന്തം വീട്ടുമുറ്റത്ത് ഈ ശീതകാല പച്ചക്കറി നട്ടുവളർത്തി നല്ല ഒന്നാന്തരം ജൈവ കാബേജ് വിളയിച്ചെടുക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. വീട്ടുപറമ്പിൽ സെപ്റ്റംബർ മുതൽ കാബേജ് കൃഷി തുടങ്ങാം. തുറസായസ്ഥലത്തോ, ചെറിയ പരന്ന പാത്രത്തിലോ പ്രോട്രേകളിലോ വിത്തു പാകാം.

നീർവാർച്ചയുള്ള മണ്ണും, സൂര്യപ്രകാശവും കാബേജിന്‍റെ വളർച്ചയ്ക്ക് ആവശ്യമാണ്. വിത്തു പാകുന്നതിനു മുമ്പ് അര മണിക്കൂർ ജീവാണുവളമായ സ്യൂഡോമോണസ് ലായനിയിൽ ഇട്ടു വയ്ക്കാവുന്നതാണ്. ലായനി ലഭിച്ചില്ലെങ്കിൽ 20 ഗ്രാം സ്യൂഡോമോണസ് പൊടി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഉപയോഗിക്കാം. വിത്തു പാകിക്കഴിഞ്ഞാൽ ഇടയ്ക്കിടെ വെള്ളം നല്‍കണം. നാലില പ്രായമാകുമ്പോൾ വിത്ത് ഇളക്കി നടാം. ഗ്രോബാഗിലാണെങ്കിൽ മണൽ, മേൽമണ്ണ്, ഉണക്ക ചാണകപ്പൊടി, ചകിരിച്ചോറ്, കമ്പോസ്റ്റ് അഥവാ വെർമികമ്പോസ്റ്റ് എന്നിവ 1:1:1 അനുപാതത്തിൽ തയാറാക്കണം. ചാണകപ്പൊടിയും കമ്പോസ്റ്റും ഒന്നിച്ച് ഇളക്കി ഉപയോഗിക്കാം. ഉദാഹരണമായി രണ്ടുചട്ടി മണലാണ് ഉപയോഗിക്കുന്നതെങ്കിൽ രണ്ടു ചട്ടി മേൽ മണ്ണ് രണ്ട് ചട്ടി ചാണകപ്പൊടി അഥവ കമ്പോസ്റ്റ് എന്നിങ്ങനെ അനുപാതത്തിലെടുക്കുക. വീട്ടുപറമ്പിലാണ് തൈ നടുന്നതെങ്കിൽ ചെറിയ വരമ്പുകൾ ഉണ്ടാക്കി അതിന്‍റെ മുകളിൽ ചാണകപ്പൊടിയും വേപ്പിൻ പിണ്ണാക്കും ഇട്ടിളക്കി പരുവപ്പെടുത്തി തൈകൾ നടാം. - ഫംഗസ് ആക്രമണം അധകം നേരിടാത്ത ഒരു പച്ചക്കറിയാണ് കാബേജ്. അതിനാൽ ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക് എന്നീ വളങ്ങൾ മതിയാകും. 

ട്രൈക്കോഡർമ എന്ന ജീവാണു വളം ഉപയോഗിക്കുന്നവർക്കു മണ്ണ് തയാറാക്കുമ്പോൾ ആവശ്യത്തിനു ചേർക്കാം. ഒരു സെന്‍റിൽ കാബേജ് കൃഷി നടത്തുമ്പോൾ 90 കിലോ ചാണകപ്പൊടി, 10 കിലോ വേപ്പിൻ പിണ്ണാക്ക്, ഒരു കിലോ ട്രൈക്കോഡർമ എന്നിവയാണ് ഉപയോഗിക്കുന്നത്. ഈ വളം തയാറാക്കാൻ ഇവമൂന്നും കുഴച്ച്, ചാക്കിട്ട് മൂടി ഒരാഴ്ച കഴിഞ്ഞു വേണം ഉപയോഗിക്കാൻ. ഇതിൽ നിന്നും ഒരുപിടി വീതം ഇട്ട് നിലം ഒരുക്കാം. വളരെ കുറച്ച് കൃഷിയിടമേ ഉള്ളുവെങ്കിൽ അതിനനുസരിച്ചുള്ള ചാണകപ്പൊടിയും, മറ്റുവളവും ചേർത്താൽ മതിയാകും. ഒന്നരയടി അകലത്തിൽ തൈകൾ നടാം. തൈ പറിച്ചു നടുന്ന സമയത്ത് വലിയ വെയിലിൽ നിന്നും രക്ഷനേടാൻ നാലുദിവസം ഓലവച്ച് തണൽ നല്കണം. ജീവക സമൃദ്ധമായ കാബേജ് പലതരം കാൻസർ നിയന്ത്രണത്തിനു സഹായിക്കും. ഗ്യാസ്ട്രിക് അൾസറിനു ഫലപ്രദമാണ്. ജീവകം ബി, സി, കെ, ഇ വിറ്റാമിൻ ഒ, സി, കെ എന്നിവ അടങ്ങിയിട്ടുള്ള കാബേജിൽ നാരുകൾ, പൊട്ടാസ്യം എന്നിവയുമുണ്ട്. ജപ്പാനിലും, അമേരിക്കയിലും നടത്തിയ ഗവേഷണങ്ങൾ അർബുദ നിയന്ത്രണത്തിനുള്ള കാബേജിന്‍റെ പ്രാധാന്യം തെളിയിച്ചിട്ടുണ്ട്. ദഹനത്തിനും കാബേജ് സഹായകമാണ്.

കാബേജ് തോരൻ, കാബേജ് മെഴുക്കുപുരട്ടി എന്നിവയാണ് സാധാരണ തയാറാക്കുന്ന വിഭവങ്ങൾ. വെള്ളത്തിലും മറ്റും ഇട്ട് വേവിക്കുന്നത് കാബേജിലെ വൈറ്റമിൻ അളവ് കുറയ്ക്കാൻ കാരണമാകും. അതിനാൽ ആവിയിൽ വേവിക്കുന്നതാണ് കൂടുതൽ നല്ലത്. പച്ചയായി സാലഡിലും മറ്റും കാബേജ് ഉപയോഗിക്കുന്നതും ഗുണകരമാണ്. നീളത്തിൽ അരിഞ്ഞ കാബേജ്, പച്ചമുളക്, സവാള, കാപ്സിക്കം, നാരങ്ങ നീര് എന്നിവ ചേർത്ത് സലാഡുകൾ എളുപ്പം തയാറാക്കാം. പൈനാപ്പിൾ നീളത്തിൽ അരി ഞ്ഞിടുന്നത് കാബേജ് സാലഡിന്‍റെ രുചി വർധിപ്പിക്കും. കാബേജ് ജ്യൂസ് ദിവസേന ധാരാളം കഴിച്ചാൽ ശരീരത്തിലെ ഇരുന്പിന്‍റെ അംശം കുറയുമെന്നും തൈറോയ്ഡ് പ്രശ്നങ്ങൾ ഉള്ളവർക്ക് കാബേജ് നല്ലതല്ലെന്നു മുള്ള ദോഷവശങ്ങൾ ഒഴിച്ചാൽ കാബേജ് ഒന്നാന്തരം ഒരു ഭക്ഷ്യവിഭവമാണ്. ഗുണങ്ങൾ വളരെ യുള്ളതും ദോഷങ്ങൾ കുറഞ്ഞതുമായ പച്ചക്കറിയാണ് കാബേജ്. കാൻസറിനെ പ്രതിരോധിക്കുന്ന പച്ചക്കറിയാണെങ്കിലും കീടനാശിനികളിൽ മുങ്ങി വരുന്നതു കൊണ്ടുതന്നെ ഇത് കാൻസർ വരുത്തുന്നു എന്നുള്ള വാർത്തകൾ ഉണ്ട്. അതിനാൽ മാർക്കറ്റിൽ നിന്നും കാബേജ് വാങ്ങാൻ പലർക്കും വൈമനസ്യമുണ്ട്. ഇതിനൊക്കെയുള്ള ഏറ്റവും നല്ല പ്രതിവിധിയാണ് വീട്ടുവളപ്പിലെ കാബേജ് കൃഷി

തക്കാളി കൃഷി രീതിയും പരിപാലനവും

തക്കാളി വളരെ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന ഒരു പച്ചക്കറിയാണ്. ചെടിച്ചട്ടികളില്‍ , ചാക്കുകളില്‍ , ഗ്രോബാഗുകളില്‍ ഇതിലെല്ലാം നടീല്‍ മിശ്രിതം നിറച്ചശേഷം തക്കാളി നടാം. വിത്ത് പാകി മുളപ്പിച്ച ശേഷം പറിച്ചു നടുന്നതാണ്‌ ഉത്തമം. തക്കാളി ഒരു ഉഷ്ണകാല സസ്യമാണ് , ഉഷ്ണമേഖലയിലെ വരണ്ട പ്രദേശങ്ങളിലാണ് തക്കാളി സമൃദ്ധമായി വളരുന്നത്. ബാക്ടീരിയാ വാട്ടമില്ലാത്ത ഇനങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. ശക്തി, മുക്തി, അനഘ, വെള്ളായണി വിജയ്, മനുലക്ഷ്മി എന്നിവ ബാക്ടീരിയാ വാട്ടം ചെറുക്കാന്‍ കഴിവുള്ള തക്കാളിയിനങ്ങളാണ്. തക്കാളി വിത്തുകള്‍ പാകി മുളപ്പിക്കുക, വിത്തുകള്‍ ഒരു മണിക്കൂര്‍ രണ്ടു ശതമാനം വീര്യം ഉള്ള സ്യുഡോമോണാസ് ലായനിയില്‍ മുക്കി വെക്കുന്നത് വളരെ നല്ലതാണ്. ഒരു മാസം പ്രായമായ തൈകള്‍ പറിച്ചു നടാം.

നടുന്നതിന് മുന്‍പ് സ്യുഡോമോണാസ് ലായനിയില്‍ മുക്കി വെക്കുന്നത് നല്ലതാണ്. നേരിട്ട് മണ്ണില്‍ നടുമ്പോള്‍ മണ്ണ് നന്നായി കിളച്ചിളക്കി, കല്ലും കട്ടയും കളഞ്ഞു അടി വളമായി ഉണങ്ങിയ, ചാണകം, കമ്പോസ്റ്റ് ഇവ ചേര്‍ക്കാം. കുമ്മായം ചേര്‍ത്ത് മണ്ണിന്റെ പുളിപ്പ് കുറയ്ക്കുന്നതും നല്ലതാണ്. ചാക്ക് / ഗ്രോ ബാഗ്‌ ആണെങ്കില്‍ മണ്ണ് / ചാണകപ്പൊടി / ചകിരിചോറ് ഇവ തുല്യ അളവില്‍ ചേര്‍ത്ത് ഇളക്കി നടാം.
കടല പിണ്ണാക്ക്/കപ്പലണ്ടി പിണ്ണാക്ക് വെള്ളത്തില്‍ ഇട്ടു പുളിപ്പിച്ചത് നാലിരട്ടി വെള്ളം ചേര്‍ത്ത് ഒഴിച്ച് കൊടുക്കാം. ഫിഷ്‌ അമിനോ ആസിഡ് , പഞ്ചഗവ്യം , ജീവാമൃതം, ഇവയൊക്കെ ഒരാഴ്ച ഇട വിട്ടു കൊടുക്കാം. ചെടി വളര്‍ന്നു വരുമ്പോള്‍ താങ്ങ് കൊടുക്കണം. സ്യുഡോമോണാസ് ലായനി 10 ദിവസം അല്ലെങ്കില്‍ രണ്ടാഴ്ച കൂടുമ്പോള്‍ ഒഴിച്ച് കൊടുക്കുന്നത് വളരെ നല്ലതാണ്. രാസ വളം ഒഴിവാക്കുന്നതാണ് നല്ലത്, അളവ് കൂടിയാല്‍ ചെടി കരിഞ്ഞു ഉണങ്ങി പോകും.  തക്കാളിയെ ബാധിക്കുന്ന പ്രധാന രോഗങ്ങൾ – ഇലച്ചുരുൾ രോഗം, വേരുചീയൽ, ഫലം ചീയൽ, പലവിധ കുമിളു രോഗങ്ങൾ, ബാക്ടീരിയൽ വാട്ടം എന്നിവയാണ്. വാട്ടം ഉള്ള ചെടികള്‍ വേരോടെ നശിപ്പിക്കുക.

വീട്ടു വളപ്പില്‍ സവാള കൃഷി ചെയ്യാം

കേരളത്തിലും വീട്ടു വളപ്പില്‍ സവാള വിളയും. മഴക്കാലം ഒഴിവാക്കി കൃഷി ചെയ്യുന്നതാണ് നല്ലത്. തൈകള്‍ നട്ട് നാലു മാസത്തിനകം വിളവെടുക്കാം. സീസണില്‍ ആദ്യം കൃഷി ചെയ്യുന്ന ഇനങ്ങളില്‍ ഒന്നാണിത്. നടുമ്പോള്‍ നല്ല തണുപ്പും കുറച്ചു വളര്‍ന്നു കഴിയുമ്പോള്‍ ചൂടുമാണ് അനുയോജ്യമായ കാലാവസ്ഥ. കേരളത്തില്‍ ഏപ്രിലാണ് അനുയോജ്യമായ കാലാവസ്ഥ. അതോടൊപ്പം കീട ബാധ കുറവാണെന്നും നല്ല വിളവുകളാണെന്നും സവാളകൃഷി ജനകീയമാക്കുന്നു. വിത്തു നടുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. ചെറിയ വിത്തുകള്‍ നടുന്നതായിരിക്കും നല്ലത്. ഇതിനെ ഒനിയന്‍ സെറ്റ് എന്നാണ് വിളിക്കുന്നത്. നെഴ്‌സറികളില്‍ തലേവര്‍ഷം വിത്തു പാകി ചെറിയ ബള്‍ബുകള്‍ ആകുമ്പോള്‍ പറിച്ചെടുത്താണ് പിറ്റേവര്‍ഷത്തേക്ക് ഉപയോഗിക്കുന്നത്.

കൃഷിയിടം നന്നായി കിളച്ച് കട്ടയുടച്ച് പൊടിമണ്ണാക്കിയ തടങ്ങളില്‍ ഒരു സെന്‍റിന് രണ്ടുകിലോഗ്രാം എന്ന തോതില്‍ കുമ്മായം ചേര്‍ത്തിളക്കണം. ഒരാഴ്ചയ്ക്കു ശേഷം ചാണകപ്പൊടിയോ കോഴിക്കാഷ്ടമോ, മണ്ണിര കമ്പോസ്റ്റോ ചേര്‍ത്തിളക്കണം. ഒരു സെന്‍റിന് എണ്‍പത് നൂറു കിഗ്രാം എന്ന തോതില്‍ ജൈവ വളങ്ങള്‍ ചേര്‍ക്കാം. മൂന്നടി വീതിയും പത്തടിനീളവും അരയടി ഉയരവുമുള്ള ചെറുതടങ്ങള്‍ എടുക്കണം. ഇതില്‍  ഇരുപത് സെമി. അകലത്തില്‍ തൈകള്‍ നടാം.കറുത്ത് നനുത്ത വിത്തുകളാണ് കൃഷിക്കായി ഉപയോഗിച്ചത്. വിത്തുകള്‍ തവാരണകളില്‍ പാകുന്നതാണ് ഉചിതം. ചെടികള്‍ തമ്മില്‍ പത്ത് സെന്‍റീ മീറ്റര്‍ അകലം വേണം. വെള്ളം ആവശ്യമനുസരിച്ച് ഒഴിക്കണം. ആദ്യ ഘട്ടത്തില്‍ നനയ്ക്കുന്നത് വളരെ നല്ലതാണ്. പത്തു ദിവസം കൂടുമ്പോള്‍ ആദ്യ വളം ചെയ്യണം. രാസവളമോ, പുളിപ്പിച്ച് നേര്‍പ്പിച്ച പിണ്ണാക്ക് ലായനിയോ മറ്റ് ജൈവ വളമോ ഉപയോഗിക്കാം. പത്തു ദിവസം ഇടവിട്ട് വളം ചെയ്യണം. 10 മുതല്‍ 12 വരെ ഇലകള്‍ വളര്‍ന്നാല്‍ ഭൂകാണ്ഡം രൂപാന്തരപ്പെടും.

അഞ്ചുമുതല്‍ വിളവെടുപ്പ് തുടങ്ങാം. ഒരു തൈയില്‍ ഒരു സവാളയാണ് ഫലം ഉണ്ടാകുന്നത്. 125 ഗ്രാം തൂക്കം വരും. ഒരടി ഉയരത്തിലുള്ള തണ്ടും ഭക്ഷ്യയോഗ്യമാണ്. പൂര്‍ണമായും സൂര്യപ്രകാശം കിട്ടുന്നയിടത്തുവേണം തൈകള്‍ നടാന്‍. ടെറസിലും അടുക്കളമുറ്റങ്ങളിലും ഗ്രോബാഗിലും ചട്ടികളിലും സവാള നടാം. ബാഗില്‍ വെള്ളം കെട്ടിക്കിടക്കരുത്. തൈകള്‍ നട്ടശേഷം ഇരുപത് ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഒഴിക്കണം. ആഴ്ചയിലൊരിക്കല്‍ ജൈവപോഷകലായനികള്‍ ഒഴിക്കണം.

ലാറ്റിനമേരിക്കക്കാരനായ പൊപ്പോലു

കൊഴുത്തുരുണ്ട് വീര്‍ത്തു നില്ക്കുന്ന പൊപ്പോലുവിനെ കണ്ടാല്‍ അത്ഭുതം തോന്നും. നല്ല രാസവളമിട്ട് കൊഴുപ്പിച്ച വാഴക്കുലയാണെന്ന് തെറ്റിദ്ധരിക്കുന്നവരും ഉണ്ട്. കണ്ടാല്‍ പൂവന്‍ പഴത്തിന്‍റെ ചേട്ടനാണെന്നു തോന്നുമെങ്കിലും തിന്നാല്‍ അസല്‍ നേന്ത്രപ്പഴം തന്നെ. ലാറ്റിനമേരിക്കക്കാരനായ വിചിത്ര രൂപിയായ ഈ പഴം കേരളത്തിന്‍റെ പല ഭാഗങ്ങളിലും വില്പ്പനയ്ക്കെത്തിയിട്ടുണ്ട്. പേരും വിചിത്രം, പൊപ്പോലു.

ചിപ്സ് ഉണ്ടാക്കാന്‍ ബഹുകേമം

ചിപ്സ് ഉണ്ടാക്കാന്‍ ഇത്ര യോജിച്ച മറ്റൊരിനം വേറെയില്ല .ഏത്തക്കായ ഇക്കാര്യത്തില്‍ പൊപ്പോലുവിനു ബഹുദൂരം പിന്നിലാവും.മൂന്നു- മൂന്നേകാല്‍ കിലോ ഏത്തക്കായ വറുക്കുമ്പോഴാണ് ഒരു കിലോ ചിപ്സ് ലഭിക്കുന്നതെങ്കില്‍ രണ്ട്-രണ്ടേകാല്‍ കിലോ പൊപ്പോലുവില്‍ നിന്ന് ഒരു കിലോ ചിപ്സ് ലഭിക്കും. ഒരു തരി മഞ്ഞപ്പൊടി ചേര്‍ക്കാതെതന്നെ ചിപ്സിനു നല്ല മഞ്ഞ നിറം ലഭിക്കുകയും ചെയ്യും. നല്ല പൊരുപൊരുപ്പും പൊള്ളലുമുള്ള പൊപ്പോലു ചിപ്സ് കടിച്ചു പൊട്ടിക്കാനും എളുപ്പം.രുചിയും ഏത്തയേക്കാള്‍ ബഹുകേമം. 35 മുതല് 40 വരെ കായ്കള്‍ ഇതില്‍  ഉണ്ടാകും. വാഴകള്‍ക്ക് 2.5 മീറ്ററില്‍ കൂടുതല്‍  പൊക്കവും 60 മുതല്‍ 70 സെന്‍റീമീറ്റര്‍ വരെ വണ്ണവും 25 കിലോവരെ തൂക്കം വരുന്ന കുലകളുമാണ് ഉണ്ടാവാറ്.

പൊപ്പോലു നടാം.

ഉഴുതോ കിളച്ചോ നിലമൊരുക്കി കുഴികള്‍ തയ്യാറാക്കാം. വാഴക്കുഴിയുടെ നടുവിലായി കുന്നുകള്‍ കുത്തി നിറുത്തി കണ്ണിന്‍റെ മുകള്‍ ഭാഗം മണ്ണിന്‍റെ ഉപരിതലത്തില്‍ നിന്നും 5 സെ.മീറ്റര്‍ ഉയര്‍ന്നു  നില്‍ക്കുന്ന രീതിയില്‍ നടണം. കാലിവളമോ, കമ്പോസ്റ്റോ, പച്ചിലകളോ ഇട്ടുകൊടുക്കാം. പത്തുമാസംകൊണ്ട് വിളയുന്ന കേമനാണ് പൊപ്പോലു. കീടങ്ങളുടെ ശല്യം കുറവാണ്. കുന്നുകള്‍ക്ക് അടുത്തുള്ള കൃഷിഭവനുകളിലോ അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് സ്റ്റേഷനുകളിലോ ബന്ധപ്പെടുക.

ദേവതകളുടെ ഭക്ഷണം : റംമ്പൂട്ടാന്‍

മലേഷ്യ, ശ്രീലങ്ക, ഇന്തോനേഷ്യ,ഫിലിപ്പീന്‍സ്, എന്നിവിടങ്ങളിലും തെക്കുകിഴക്കന്‍ ഏഷ്യയിലും മറ്റും കണ്ടുവരുന്ന ഒരു ഫലമാണ് റമ്പുട്ടാന്‍. .ലിച്ചി, ലോന്‍ഗന്‍ എന്നിവയോട് സാദൃശ്യമുള്ളതാണ് ഈ ഫലം. മലായ് ദ്വീപസമൂഹങ്ങള്‍ ജന്മദേശമായ ഈ ഫലത്തിന് രോമനിബിഡം എന്നര്‍ത്ഥം വരുന്ന റമ്പൂട്ട് എന്ന മലായ് വാക്കില്‍ നിന്നാണ് പേര് ലഭിച്ചത്. റമ്പുട്ടാന്‍റെ പുറന്തോടില്‍ സമൃദ്ധമായ നാരുകള്‍ കാണപ്പെടുന്നതാണ് കാരണം. കേരളത്തിലും ഇത് നന്നായി വളരുകയും കായ്ഫലം തരുകയും ചെയ്യുന്നുണ്ട്. ഏഴുവര്‍ഷം പ്രായമായ മരങ്ങളാണ് കായ്ച്ച് തുടങ്ങുന്നത്. പഴങ്ങളിലെ രാജകുമാരി എന്നും ദേവതകളുടെ ഭക്ഷണം എന്നും വിശേഷിക്കപ്പെടുന്ന ഇത് സ്വാദിഷ്ടവും പോഷകസമ്പുഷ്ടവുമാണ്. ഔഷധമായും ഇത് ഉപയോഗിക്കുന്നു.റമ്പൂട്ടാന്‍ ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്ന രാജ്യം തായ്‌ലന്‍റ് ആണ്. ചുവപ്പ്, കടും മഞ്ഞ, മഞ്ഞ എന്നീ നിറങ്ങളില്‍ പഴങ്ങള്‍ കാണപ്പെടുന്ന ഇനങ്ങള്‍ റമ്പൂട്ടാനില്‍ ഉണ്ട്. കൂടാതെ ജാതി മരത്തേപ്പോലെ ആണ്‍ മരങ്ങളും പെണ്‍ മരങ്ങളും വെവ്വേറെ കാണപ്പെടുന്ന സസ്യമാണെങ്കിലും വളരെ അപൂര്‍വ്വമായി രണ്ട് പൂക്കളും ഒരു മരത്തില്‍ തന്നെ കാണപ്പെടുന്ന ഇനങ്ങളും ഉണ്ട്.
പൂര്‍ണ്ണമായും ജൈവ രീതിയില്‍ തന്നെ കൃഷി ചെയ്യാവുന്ന ഒരു ഫലവൃക്ഷം കൂടിയാണിത്.സമുദ്രനിരപ്പില്‍ നിന്നും 1800  മുതല്‍ 2000 അടിവരെ ഉയരത്തില്‍ കൃഷി ചെയ്യാവുന്ന ഒരു സസ്യമാണിത്. നീര്‍വാഴ്ചയും ജൈവാംശവും ഉള്ള മണ്ണില്‍ കൃഷിചെയ്യാവുന്നതാണ്. ജൂണ്‍ മുതല്‍ നവംബര്‍ വരെയുള്ള മഴക്കാലമാണ് റമ്പൂട്ടാന്‍ കൃഷി ചെയ്യാന്‍ പറ്റിയ സമയം. കൃഷി സ്ഥലത്തിന് അല്പം ചരിവുള്ളതാണ് കൃഷിക്ക് ഏറ്റവും നല്ല സ്ഥലം. 3 അടി നീളത്തിലും വീതിയിലും താഴ്ചയിലും ഉള്ള കുഴികളില്‍ 15 മുതല്‍ 20 അടി വരെ അകലത്തില്‍ റമ്പൂട്ടാന്‍ കൃഷി ചെയ്യാവുന്നതാണ്. കുഴികളില്‍ മുക്കാല്‍ ഭാഗത്തോളം മേല്‍മണ്ണ്, ചാണകപ്പൊടിയോ മണ്ണിര കമ്പോസ്‌റ്റോ, എല്ലുപൊടി, റോക്ക് ഫോസ്‌ഫേറ്റ്, വേപ്പിന്‍ പിണ്ണാക്ക് എന്നിവകൊണ്ട് നിറച്ച കുഴികള്‍ നിറച്ച് റമ്പൂട്ടാന്‍ നടാവുന്നതാണ്. നടുന്നതിനായി സങ്കരയിനം തൈകളുടെ ബഡ്ഡു ചെയ്ത തൈകള്‍; കുഴിയുടെ നടുവില്‍ ഒരു ചെറിയ കുഴി ഉണ്ടാക്കി തൈകള്‍ നടാവുന്നതാണ്. തൈകള്‍ നട്ടതിനു ശേഷം, കുഴിയുടെ വശങ്ങള്‍ അരിഞ്ഞിട്ട് ഏകദേശം നിരപ്പാക്കുക.വളര്‍ച്ച രണ്ടു മൂന്നു വര്‍ഷം ആകുന്നതുവരെ ഭാഗീകമായി തണല്‍ ആവശ്യമുള്ള ഒരു സസ്യമാണ് റമ്പൂട്ടാന്‍. തണലിനായി ഇതിന്‍റെ ഇടവിളകളായി വാഴ കൃഷി ചെയ്യാവുന്നതാണ്.

മൂന്നാം വര്‍ഷം മുതല്‍ നല്ല രീതിയില്‍ സൂര്യപ്രകാശവും ഈ ചെടികള്‍ക്ക് ആവശ്യമാണ്. നല്ല സൂര്യപ്രകാശം ലഭിക്കുന്ന മരങ്ങള്‍ നല്ല രീതിയില്‍ കായ്ഫലവും നല്‍കുന്നു. തണലിനേക്കൂടാതെ വളര്‍ച്ചയുടെ ആദ്യ കാലങ്ങളില്‍; നല്ല രീതിയില്‍ വളപ്രയോഗവും ജലസേചനവും വേണ്ടുന്ന ഒരു സസ്യമാണിത്. തൈകളില്‍ ആദ്യത്തെ ഇലകള്‍ പച്ച നിറമാകുന്നതോടെ ചാണകപ്പൊടി, എല്ലുപൊടി, കടലപ്പിണ്ണാക്കോ വേപ്പിന്‍ പിണ്ണാക്കോ തുല്യ അളവില്‍ കൂട്ടിച്ചേര്‍ത്ത് നിര്‍മ്മിക്കുന്ന ജൈവവളക്കൂട്ട്, ജീവാണുവളം അസോസ്‌പൈറില്ലം അല്ലെങ്കില്‍ ബയോ പൊട്ടാഷ് എന്നിവയും വളമായി നല്‍കാവുന്നതാണ്.ചെടിയ്ക്ക് ഒരു വര്‍ഷം പ്രായമാകുമ്പോള്‍ ജൈവവളകൂട്ട് 4 തവണയും ജീവാണൂവളങ്ങള്‍ 2 തവണയും മറ്റുള്ള വളങ്ങള്‍ രണ്ട് തവണയും നല്‍കാവുന്നതാണ്. രണ്ടാം വര്‍ഷത്തിലും മൂന്നാം വര്‍ഷത്തിലും ഇതേ രീതിയില്‍ തന്നെ വളപ്രയോഗം നടത്താവുന്നതാണ്. നാലുവര്‍ഷത്തില്‍ കൂടുതല്‍ പ്രായമായ ചെടികളില്‍ ജൈവ വളക്കൂട്ടിനും മറ്റു വളങ്ങള്‍ക്കും പുറമേ ചാണകപ്പൊടി കൂടുതലായി നല്‍കുന്നതും നല്ലതാണ്.
75 അടി വരെ ഉയരത്തില്‍ വളരുമെങ്ങിലും 8, 10 അടിയില്‍ കൂടുതല്‍ പൊക്കത്തില്‍ വളരാതിരിക്കുന്നതിനായി കമ്പു കോതല്‍ നടത്തേണ്ടതാണ്. തന്മൂലം പക്ഷികളുടെ ശല്യത്തില്‍ നിന്നും പഴങ്ങള്‍ വലയിട്ട് സംരക്ഷിക്കുവാന്‍ സാധിക്കും.ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലത്താണ് സാധാരണ റമ്പൂട്ടാന്‍ പൂവിടുന്നത്. പൂവിടുന്ന സമയങ്ങളില്‍ വളപ്രയോഗവും ജലസേചനവും ഒഴിവാക്കേണ്ടതുമാണ്. ഇങ്ങനെ പുഷ്പിക്കുന്ന സസ്യങ്ങള്‍ പരാഗണം വഴി കായ് ആയ മാറി ഏകദേശം മേയ്  ജൂലൈ മാസത്തോടെ വിളവെടുപ്പിന് പാകമാകുന്നു. പാകമായ പഴങ്ങള്‍ തോട്ടികൊണ്ട് പറിച്ചെടുക്കാവുന്നതാണ്.സാധാരണയായി രോഗങ്ങള്‍ ബാധിക്കാത്ത ഒരു സസ്യമാണിത്. എങ്കിലും നേരിയ തോതില്‍ ശല്‍ക കീടങ്ങള്‍, മീലിമൂട്ട, ഇല തിന്നുന്ന വണ്ടുകള്‍, പുഴുക്കള്‍, പുല്‍ചാടികള്‍ തുടങ്ങിയവയുടെ ആക്രമണം ഉണ്ടാകുന്ന ഒരു സസ്യം കൂടിയാണിത്. കീടശല്യം ഒഴിവാക്കുന്നതിന് സാധാരണയായി വേപ്പിന്‍ കുരു സത്ത് ആണ് ജൈവ കീടനാശിനിയായി ഉപയോഗിക്കുന്നത്. കൂടാതെ കളനിയന്ത്രണം, ശല്‍ക കീടങ്ങള്‍ ബാധിച്ചിരിക്കുന്ന കമ്പുകള്‍ വെട്ടി തീയിട്ട് നശിപ്പിച്ചാലും കീടശല്യം കുറയ്ക്കാവുന്നതാണ്.

മനം മയക്കും മോഹിനിച്ചീര

പച്ചനിറത്തിൽ നല്ല ഉയരത്തിൽ നില്ക്കുന്ന പച്ചച്ചീര. പ്രകൃതിയിലെ മികച്ച പച്ചചീരകളിൽ നിന്നും കർഷകർ തെരഞ്ഞെടുത്ത ഇനമാണ് മോഹിനി. ചുവപ്പ്പച്ച ചീരകളാണ് കേരളത്തിൽ പൊതുവേ കാണപ്പെടുന്നത്. തൊടിയിലും കാട്ടു പ്രദേശങ്ങളിലും വളർന്നു നിൽക്കുന്ന ചെറിയ കുപ്പച്ചീരകളും ചീര വൈവിധ്യത്തിന്‍റെ ഭാഗമാണ്.

പ്രോട്ടീനുകളും ജീവകങ്ങളും ധാതുക്കളും സമൃദ്ധമായുള്ള ഇലക്കറിയായ ചീരയുടെ ഗുണ സന്പുഷ്ടത പഴയകാലം മുതലേ മലയാളികൾക്കറിവുള്ളതാണ്. ചീരയുടെ ഗുണഫലങ്ങളെകുറിച്ചുള്ള ശാസ്ത്രീയമായ അറിവില്ലാതിരുന്ന മുൻകാലങ്ങളിൽ തന്നെ മുത്തശിമാരും അമ്മമാരും ചീര കഴിച്ചാൽ കണ്ണിനു തെളിച്ചമുണ്ടാകുമെന്നു പറയുക പതിവായിരുന്നു. ഇന്നത്തെ പോലെ ഇറക്കുമതി ചെയ്യപ്പെട്ട പച്ചക്കറികൾ ഇല്ലാതിരുന്ന ഒരു കാലത്ത് മലയാളികളുടെ ഉച്ചഭക്ഷണത്തിന്‍റെ ഒരു പ്രധാന കറിയും ചീര ഉൾപ്പെടെയുള്ള ഇലക്കറികളായിരുന്നു. വിഷ കീടനാശിനികൾ ഇല്ലാത്ത നാടൻ പച്ചക്കറികൾ നല്കിയിരുന്ന ആരോഗ്യവും പഴയ തലമുറയ്ക്കു സ്വന്തമായിരുന്നു.

രാസ കീടനാശിനി പ്രയോഗങ്ങളുടെ ദുരന്തങ്ങൾ ഏറ്റുവാങ്ങുന്ന മലയാളികളിൽ ഒരു വലിയ വിഭാഗം ഇപ്പോൾ നാടൻ പച്ചക്കറികളിലേക്കും ഇലക്കറികളിലേക്കും തിരുയുകയാണ്. അതുകൊണ്ടു തന്നെ ചീരയ്ക്കും പച്ച ചീരയ് ക്കും ഇപ്പോൾ വലിയ ഡിമാൻഡാണ്. ഏതു സാഹചര്യത്തിലും വളരുന്ന ഒരു ചീരയാണ് പച്ചചീര. അതായത് വളക്കുറില്ലാത്ത മണ്ണിൽ പോലും ഇവ നന്നായി വളരും. ചാണകപൊടി തുടങ്ങിയ ജൈവവളങ്ങൾഇട്ടു കൊടുത്താൽ നല്ല പൊക്കത്തിൽ തഴച്ചു വളരും. നല്ല സാഹചര്യങ്ങളിൽ ഒരാൾ പൊക്കത്തിൽ വരെ പച്ചചീര വളരും. തണ്ടിൽ മേൽ ഇടതൂർന്നു വളരുന്നതാണ് വിത്ത്. വിത്തെടുത്തു പാകി പുതിയ തൈ ഉണ്ടാക്കാം വിത്തുപാകാതെ തന്നെ പാകമായ വിത്ത് വീണ് പൊടിച്ച് ധാരാളം പുതിയ തൈകൾ ഉണ്ടാകും.

ചീരതോരൻ, മെഴുക്കുപുരട്ടി കൂടാതെ മാംസളമായ തണ്ട് അവിയൽ തുടങ്ങിയ കറികളിൽ ഇട്ട് വിഭവങ്ങൾ രുചികരവും, ഗുണകരവുമാക്കാവുന്നതാണ്. പ്രമേഹനിയന്ത്രണത്തിനും രക്തസമ്മർദ നിയന്ത്രണത്തിനും ഫലപ്രദമാണ് ചീര എന്നു കണ്ടെത്തിയിട്ടുണ്ട്. ചീരയുടെ അരിയും, ഇലയും ആരോഗ്ത്തിനുവളരെ ശ്രേഷ്ഠമാണ്. ചിലയിടങ്ങളിൽ വേരും ഭക്ഷണത്തിൽ ഉൾപ്പെടുത്തിവരുന്നു. ചീരയുടെ വിത്തു പൊടിച്ച് ഉണ്ടാക്കുന്ന മാവും ചില സ്ഥലങ്ങളിൽ ഭക്ഷ്യവസ്തുവായി ഉപയോഗിക്കുന്നു. ചീര ഉൾപ്പെടെയുള്ള ഇലക്കറികളിൽ ആന്‍റി ഓക്സിഡന്‍റുകൾ ധാരാളമുണ്ട്. അതുപോലെ പച്ചചീരയിലും ആന്‍റി ഓക്സിഡന്‍റുകൾ യഥേഷ്ടമുണ്ട്. കാൻസർ നിയന്ത്രണത്തിനും ആന്‍റി ഓക്സിഡന്‍റുകൾ വലിയ പങ്കുവഹിക്കുന്നതായി ഗവേഷണങ്ങൾ തെളിയിക്കുന്നു.

ശരീരവളർച്ചയ്ക്കും, പുനരുജീവനത്തിനും, നീർകെട്ട് തടയാനും, അസ്ഥികളുടെ ബലം വർധിപ്പിക്കാനും പ്രതിരോധശക്തി കൂട്ടുവാനും, വെരിക്കോസ് വെയിൻ പ്രശ്നങ്ങൾ തടയുവാനും, തലമുടി വളർച്ചയ്ക്കും, ശരീരഭാരം കുറയ്ക്കുവാനും ചീര ഉത്തമമാണ്. ചീരയില കാൽസ്യംഅളവ് അസ്ഥിക്ഷയത്തെ നിയന്ത്രിക്കുവാൻ പര്യാപ്തമാണ്. ചീരയിലെ നാരുകൾ ദഹന പ്രക്രിയയെ സഹായിക്കുന്നു. ചീരയിൽ അടങ്ങിയിരിക്കുന്ന ഫൈറ്റോസ്റ്റിരോൾസ് ചീത്ത കൊളസ്ട്രോൾ നിയന്ത്രിക്കുന്നു. ഹൃദയ ആരോഗ്യത്തിനു ചീര നല്ലതാണ്. ചീരയിൽ കാണുന്ന വിറ്റാമിൻ കെ ഹൃദയ ആരോഗ്യത്തിനും ഇതിലെ പൊട്ടാസ്യം രക്തസമ്മർദം കുറയ്ക്കുന്ന തിനും സഹായിക്കും. ചീരയിൽ കാണപ്പെടുന്ന ഫ്ളവനോയിഡ്സ് വെരിക്കോസ് വെയിൻ പ്രശ്നത്തെ തടയുന്ന ഘടകമാണ്. ഗർഭവതികളായ സ്ത്രീകൾ ചീര കഴിക്കുന്നത് ജനിക്കാൻ പോകുന്ന കുഞ്ഞിന്‍റെ ആരോഗ്യത്തിനും ഗുണകരമാണ്.

ചീരയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എയും കരോട്ടിനോയിഡ്സും കണ്ണുകളുടെ ആരോഗ്യത്തിനു വളരെ ഗുണകരമാണ്. തിമിരത്തെ തടയുവാനും നിയന്ത്രിക്കുവാനും ചീരയിലുള്ള ഈ ആന്‍റി ഓക്സിഡന്‍റുകൾ സഹായിക്കും. കണ്ണുകളുടെ കാഴ്ച ശക്തിയും വർധിപ്പിക്കുന്നു. ചീരയിലെ ഇരുമ്പ്  വിളർച്ചയെ ചെറുക്കും. ത്വക്ക് രോഗങ്ങൾക്കു പ്രകൃതിദത്തമായ പ്രതിവിധിയാണ്. വായിലെ അൾസർ, മോണപഴുപ്പ് എന്നിവയ്ക്കുള്ള ഔഷധമായി പച്ചച്ചീര ഇല ഉപയോഗിച്ചുവരുന്നു. ചീരയിലെ ഓക്സലേറ്റുകൾ വൃക്ക, ഗോൾബ്ലാഡർ എന്നിവയിൽ കല്ല് ഉള്ളവർക്കോ നല്ലതല്ല. ചീര ഇല ഒരു ചെറിയ ശതമാനം പേർക്കു അലർജിയുളവാക്കുന്നുണ്ട് എന്നു ചൂണ്ടികാണിക്കപ്പെടുന്നു.

വെയിലിന്‍റെ ദിശനോക്കി കൃഷി ചെയ്യാം

അനാദികാലം മുതൽ ജീവജാലങ്ങളുടെ സുസ്ഥിതിക്ക് ആധാരമാണ് വെയിൽ. വെയിൽ ഒരേ സമയം കർഷകനെ മോഹിപ്പിക്കുകയും നിരാശപ്പെടുത്തുകയും ചെയ്യും. എന്നാൽ വെയിലിന്‍റെ മനസറിയുന്ന കർഷകന് അധികം ദുഃഖിക്കേണ്ടി വരുന്നില്ല. അതുകൊണ്ടുതന്നെ വെയിലിന്‍റെ മനസറിഞ്ഞാകണം കൃഷി എന്നാണ് പഴമൊഴി.

വെയിൽ ഭൂമിയിൽ എത്തുന്നത് ഏതു ദിക്കിൽ നിന്നാണോ അതിനനുസരിച്ചുള്ള പ്രത്യേകത അതിനുണ്ട്. കിഴക്കുനിന്നുമുള്ള വെയിലിന് ചൂടിന്‍റെ കാഠിന്യമില്ല. അതിനാൽ ഈ വെയിൽ ചെറു ചെടികൾക്കുത്തമമാണ്. മഞ്ഞ പൂക്കളുണ്ടാകുന്ന ചെടികളിൽ പ്രഭാത കിരണങ്ങൾ ഏറ്റാൽ പൂക്കൾക്കു കൂടുതൽ വികാസവും സൗരഭ്യവും ഉണ്ടാകും. വാഴക്കുല കിഴക്കുദിശയിലേക്ക് ചായുന്നതും കിഴക്കുനിന്നുമുള്ള വെയിൽ ഏൽക്കുന്നതും വഴി മികച്ച ഫലം പ്രതീക്ഷിക്കാം.
വടക്കുനിന്നും വെയിൽ എത്തുന്നില്ല. അതിനാൽ ഉയരത്തിൽ വളരുന്ന വൃക്ഷ വിളകൾ വടക്കുദിശയിൽ കൃഷി ചെയ്യാം. ഇതുമൂലം, ഈ ഉയർന്ന വൃക്ഷങ്ങളുടെ തണൽ മൂലം മറ്റുസസ്യങ്ങൾക്ക് അന്നജ നിർമാണത്തിന് ലഭിക്കേണ്ട സൂര്യപ്രകാശം ഇല്ലാതെ വരുന്നില്ല. വളർച്ചയ്ക്കും തടസം ഉണ്ടാകുന്നില്ല. മാത്രമല്ല, ഒരു പറമ്പിന്‍റെ വടക്കുവശം തൊട്ടടുത്ത പറമ്പിന്‍റെ തെക്കുവശമാണ്. തെക്കുവശത്തുനിന്നുമുള്ള വെയിലിന് ചൂടു കൂടുതലാണ്. തെക്കൻ വെയിലിന്‍റെ കഠിന താപത്തെ ചെറുക്കാൻ കൃഷിക്കാർ തെങ്ങിൻ പട്ട ഉപയോഗിച്ച് തണൽ ഒരുക്കാറുണ്ട്. എന്നാൽ സമീപ പറമ്പിന്‍റെ വടക്കു വശത്തെ ഉയർന്ന വൃക്ഷവിളകൾക്ക് ഈ തെക്കൻ വെയിലിന്‍റെ കഠിന താപത്തെ ലഘൂകരിക്കാനാകും.
പടിഞ്ഞാറു നിന്നുമുള്ള സഞ്ചാര ദൈർഘമേറിയ വെയിലിൽ ചെങ്കിരണങ്ങൾ അധികമുണ്ട്. ഇത് സുഗന്ധവിളകൾക്ക് ഏറെ ഉത്തമമാണ്. പടിഞ്ഞാറൻ വെയിൽ ഏൽക്കുന്ന ഭാഗത്താണ് ഗ്രാമ്പൂ ആദ്യം മൊട്ടിടുന്നത്.

ഇഞ്ചി, മഞ്ഞൾ ഇവയുടെ വിത്തുകൾ പടിഞ്ഞാറു ദിശയിലേക്ക് ചരിച്ച് നടാറുണ്ട്. ഇതുപോലെ പടിഞ്ഞാറൻ വെയിൽ സുലഭമായി കിട്ടുന്ന കണ്ടം ഇഞ്ചി, മഞ്ഞൾ കൃഷിക്ക് ഏറെ ഉത്തമമാണ്. 
പടിഞ്ഞാറ് അഭിമുഖ മണ്‍ഭിത്തിയിൽ ചാണകം പതിച്ച് അതിൽ വിത്തുകൾ വെച്ച് അസ്തമയ കിരണമേൽപ്പിച്ച് ഉത്പാദനക്ഷമതയുള്ള വിത്തുകളുണ്ടാക്കിയിരുന്ന ഒരു കാലവും നമുക്കുണ്ടായിരുന്നു. വെയിലിന്‍റെ മനസറിഞ്ഞ പഴമക്കാരുടെ വിജയകഥയാണിത്.

സൂര്യകിരണങ്ങളുടെ സഞ്ചാര ദൈർഘ്യത്തിന് സസ്യ ജീവിതവും അവയുടെ പുഷ്പീകരണവുമായി ബന്ധമുണ്ട്. പല, വർണപുഷ്പങ്ങളും വികാസം പ്രാപിക്കുന്നത് അവയ്ക്കനുയോജ്യമായ വർണകിരണങ്ങളുടെ അഥവാ വെയിലിന്‍റെ പശ്ചാത്തലമുൾക്കൊണ്ടാണ്. ചുവപ്പു സൂര്യപ്രഭ കൂടുതൽ ലഭ്യമാകാൻ ഇടയാകുന്ന പടിഞ്ഞാറോട്ടു ചരിഞ്ഞ കുന്നിൻ പ്രദേശങ്ങളാണ് തേയില, കാപ്പി ചെടികളുടെ വളർച്ചയ്ക്ക് ഉത്തമമെന്ന് ചരിത്രവും വിധിയെഴുതുന്നുണ്ട്.

വ്യത്യസ്ത മൂലകങ്ങൾ ചെടികളുടെ വളർച്ചയുമായി എപ്രകാരം ബന്ധപ്പെട്ടിരിക്കുന്നുവെന്നറിയുന്നതിന് സ്കൂഗ് എന്ന കൃഷി ശാസ്ത്രജ്ഞൻ നടത്തിയ പരീക്ഷണവും ഇവിടെ ശ്രദ്ധേയമാണ്. വ്യത്യസ്ത വർണ പ്രകാശ ഫിൽട്ടറുകൾക്കു കീഴിൽ അദ്ദേഹം വളർത്തിയ തക്കാളി ചെടികളുടെ വളർച്ച വ്യത്യസ്തമായിരുന്ന ചുവന്ന പ്രകാശത്തിൽ വളർന്ന ചെടികൾ ആവശ്യാനുസരണം സിങ്ക് ലഭിക്കുന്ന ചെടികളോളം പൊക്കത്തിൽ വളരുകയുണ്ടായി. എന്നാൽ നീല വെളിച്ചത്തിൽ ചെടിയുടെ വളർച്ച വളരെ മന്ദമായിരുന്നു. ചില സസ്യങ്ങൾക്ക് ചില പ്രത്യേക ചക്രവാളദിശ ഏറെ അനുയോജ്യമാണ് എന്ന ഒരു നിഗൂഢ പ്രകൃതിനിയമമാണ് സ്കൂഗിന്‍റെ ഈ പരീക്ഷണം വഴി പുറത്തുവന്നത്.

പൊക്കത്തിൽ വളരുന്ന വൃക്ഷങ്ങളുടെ ഒരു പ്രത്യേകതയാണ് വളവ്. ഈ വളവിനഭിമുഖ ചക്രവാളദിശയിൽ നിന്നും അമിതവെയിൽ പ്രവാഹവും ഉണ്ടായാൽ വൃക്ഷം ആ ഭാഗത്തേക്ക് കൂടുതൽ കൂടുതൽ വളവ് പ്രകടമാക്കും. അതിനാൽ ഇത്തരം വളവ് വളർച്ചാഘട്ടത്തിൽത്തന്നെ ശ്രദ്ധയിൽപ്പെട്ടാൽ സസ്യത്തിന്‍റെ വളവുള്ള ഭാഗം വടക്കഭിമുഖമാക്കാൻ ശ്രദ്ധിക്കണം. അപ്പോൾ ആ സസ്യത്തിന്‍റെ തുടർന്നുള്ള വളർച്ച സൂര്യപ്രകാശം ലഭിക്കുന്ന ഭാഗത്തേക്കായിരിക്കും. ഇത് മരത്തിന്‍റെ വളവ് കുറച്ച് വിളവ് കൂട്ടാൻ സാഹചര്യമൊരുക്കും.

ചില സസ്യങ്ങൾ അവയുടെ അന്നജനിർമാണത്തിനുള്ള സൂര്യപ്രകാശത്തിനുവേണ്ടി അന്തരീക്ഷത്തിൽ അലയുന്നതായി തോന്നും. അവയ്ക്കു കിട്ടുന്ന പോഷകം സസ്യം ഈ അലച്ചിലിനുപയോഗിക്കുന്നതിനാൽ വിളവ് നന്നേകുറവായിരിക്കും.

വീട്ടുവളപ്പിലെ പൈനാപ്പിള്‍ കൃഷി

കേരളത്തിന്‍റെ കാലാവസ്ഥയ്‌ക്ക്‌ ഏറ്റവും യോജിച്ച പഴവര്‍ഗമാണ്‌ കൈതച്ചക്ക.വാണിജ്യാടിസ്ഥാനത്തില്‍ കേരളത്തിന്‍റെപല ഭാഗത്തും പൈനാപ്പിള്‍ കൃഷിചെയ്യുന്നു. എറണാകളും ജില്ലയിലെ വാഴക്കുളം എന്ന സ്ഥലം പൈനാപ്പിള്‍കൃഷിക്ക്‌ ഏറ്റവും പേരുകേട്ട സ്ഥലമാണ്‌. എങ്കിലും വീട്ടുവളപ്പിലെ പൈനാപ്പിള്‍ കൃഷി എന്നത്‌ ഒരു നൂതന ആശയമാണ്‌. ഒമ്പത്‌ മീറ്റര്‍ നീളത്തിലും 90 സെ.മീ. (3 അടി) വീതിയിലും ചെറിയ ആഴത്തിലും (അര അടി) ഉള്ള ഒരു ചാലില്‍രണ്ട്‌ വരിയായി 60 ചെടി നടാം. അത്തരം മൂന്നു ചാലുകള്‍ വീട്ടുവളപ്പില്‍ ഒരുഭാഗത്ത്‌ ഒതുക്കി എടുക്കുകയാണെങ്കില്‍ 180 ചെടി നടാം. ചെടികള്‍ ശരിയായിനോക്കിയാല്‍ നാല്‌ അംഗങ്ങളുടെ ഒരു കുടുംബത്തിന്‍റെ ആവശ്യത്തിന്‌ ധാരാളംമതിയാകും. വളരെയധികം പോഷകമൂല്യമുള്ള പൈനാപ്പിള്‍ കീടനാശിനി പ്രയോഗമില്ലാതെതന്നെ നമ്മുടെ വീട്ടുവളപ്പില്‍ വിജയപ്രദമായി കൃഷി ചെയ്യാം.ജലസേചനസൗകര്യമുണ്ടെങ്കില്‍ എപ്പോള്‍ വേണമെങ്കിലും പൈനാപ്പിള്‍ കൃഷിചെയ്യാം. തൃശ്ശൂര്‍ നഗരത്തില്‍നിന്ന്‌ 10 കിലോ മീറ്റര്‍ മാത്രം ദൂരമുള്ളവെള്ളാനിക്കരയിലെ കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള വെള്ളാനിക്കരപൈനാപ്പിള്‍ ഗവേഷണ കേന്ദ്രത്തില്‍ ക്യൂ, മൗറീഷ്യസ്‌ എന്നീ പൈനാപ്പിള്‍ഇനങ്ങളുടെ വിവിധ തരത്തിലുള്ള നടീല്‍ വസ്‌തുക്കള്‍ ലഭ്യമാണ്‌.മുന്‍കാലങ്ങളില്‍ നമ്മള്‍ നടീല്‍ വസ്‌തുക്കളായി ഉപയോഗിച്ചിരുന്നത്‌ കന്നുകളാണ്‌. ക്യൂ ഇനത്തിന്‌ സാധാരണയായി ഒരു കന്ന്‌ മാത്രമേ ഉാകുകയുള്ളൂ.മൗറീഷ്യസ്‌ ഇനത്തില്‍ 23 കന്നുകള്‍ ഉണ്ടാകും. കന്നുകളുടെ അപര്യാപ്‌തതയാണ്‌പൈനാപ്പിള്‍ കൃഷിയുടെ വികസനത്തിന്‌ തടസ്സമായി നില്‍ക്കുന്ന പ്രധാന ഘടകം.എന്നാല്‍ ഇപ്പോള്‍ വെള്ളാനിക്കര പൈനാപ്പിള്‍ ഗവേഷണകേന്ദ്രത്തില്‍ കന്നുകള്‍കൂടാതെ സ്ലിപ്പുകള്‍, ക്രൗണുകള്‍ തുടങ്ങിയ നടീല്‍ വസ്‌തുക്കള്‍ഉത്‌പാദിപ്പിച്ച്‌ കര്‍ഷകര്‍ക്ക്‌ വിതരണം ചെയ്യുന്നുണ്ട്‌.

മത്തന്‍വണ്ട് എന്ന വില്ലന്‍മാര്‍

കോവല്‍ മുതല്‍ മത്തന്‍ വരെയുള്ള വെള്ളരിവര്‍ഗവിളകളെ ഈ വര്‍ഷം വേരോടെ ഉണക്കിയ വില്ലനാണ് മത്തന്‍വണ്ട്. നീലയും ചുവപ്പും നിറത്തില്‍ കാണുന്ന ഈ കുഞ്ഞന്‍ വണ്ട് ഇലകള്‍ തിന്ന് വൃത്താകൃതിയിലോ അര്‍ധവൃത്താകൃതിയിലോ ദ്വാരങ്ങള്‍ ഉണ്ടാക്കുന്നു. ഇവയുടെ പുഴുക്കള്‍ വള്ളികളിലും വേരിലും തുളച്ചുകയറിയാണ് വെള്ളരിയെ മുച്ചൂടും മുടിക്കുന്നത്.

വെള്ളരി നടുന്നതിനുമുമ്പായി റാഡിഷ്, മല്ലിയില തുടങ്ങിയ രൂക്ഷഗന്ധമുള്ള വിളകളെ കെണിവിളയാക്കുക എന്നതാണ് ശത്രുകീടങ്ങളെ തുരത്തുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം. ബയോമെറ്റ്, ബയോമാജിക് എന്നീ പേരുകളില്‍ വിപണിയില്‍ ലഭ്യമായ മിത്രകുമിള്‍ മെറ്റാറൈസിയം 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തടം കുതിര്‍ത്തുകൊടുക്കുന്നത് ആക്രമണം തുടങ്ങിയാല്‍ ചെയ്യേണ്ട ജൈവനിയന്ത്രണരീതിയാണ്.

വിത്തിടുന്നതിനുമുമ്പ്തടം കരിക്കുന്നതും ഒരേ സ്ഥലത്തുതന്നെ തുടര്‍ച്ചയായി വെള്ളരിവര്‍ഗവിളകള്‍ കൃഷിചെയ്യാതിരിക്കുന്നതും നന്ന്. ഈ വര്‍ഷത്തെ ഹിറ്റ് ചാര്‍ട്ടില്‍ ഇടംനേടിയ മുഞ്ഞയാണ് കോവലിന്റെ പ്രധാനശത്രു. മുഞ്ഞകള്‍ ഇലയുടെ അടിയില്‍ കൂട്ടമായിരുന്ന് നീരൂറ്റി കുടിക്കുന്നതിന്റെ ഫലമായി ഇല കുരുടിച്ച്‌ ചെടിയുടെ വളര്‍ച്ച മുരടിക്കുന്നു. ബയോവെര്‍ട്ട്, ബയോക്യാച്ച്‌ എന്നീ പേരുകളില്‍ വിപണിയില്‍ ലഭ്യമായ മിത്രകുമിള്‍ വെര്‍ട്ടിസീലിയം 20 ഗ്രാം ആറുലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി ഇലകളില്‍ മുകളിലും താഴെയുമായി തളിച്ചുകൊടുത്ത് മുഞ്ഞയെ വെട്ടിലാക്കാം. ആഴ്ചയിലൊരിക്കല്‍ വേപ്പെണ്ണ എമല്‍ഷന്‍ ഇലകളിലും തടത്തിലും ഒഴിച്ചുകൊടുക്കുകയാണ് വെള്ളരിയിലെ വില്ലന്മാരെ അകറ്റാനുള്ള പ്രതിരോധതന്ത്രം.

കാര്‍ഷിക വാര്‍ത്തകള്‍

ഇല വെട്ടാനായി വാഴക്കൃഷി

എല്ലാ കര്‍ഷകരും വാഴക്കൃഷി ചെയ്യുന്നത് കുലവെട്ടാനാണ്. മനോജ് വാഴക്കൃഷി ചെയ്യുന്നത് ഇല വെട്ടാനാണ്. നാലായിരം ഞാലിപ്പൂവനില്‍നിന്ന് ഒന്നിടവിട്ടദിവസങ്ങളില്‍ 600 മുതല്‍ 800 വരെ ഇലകള്‍ മുറിക്കുന്നു. അതും തുടര്‍ച്ചയായി മൂന്നുവര്‍ഷം. പാലക്കാട് വടകരപ്പതി എന്ന തമിഴ് അതിര്‍ത്തി ഗ്രാമപ്പഞ്ചായത്തില്‍ കൃഷ്ണകൃപയില്‍ മനോജിന് മൂന്നേക്കര്‍ കൃഷിയുണ്ട്. ചെറുതും വലുതുമായി 200 തെങ്ങുകള്‍. അതിനിടയില്‍തന്നെ ഒരേക്കറില്‍ ഇലവാഴക്കൃഷി. തീറ്റപ്പുല്‍ക്കൃഷി 50 സെന്റില്‍ പിന്നെ പച്ചക്കറിക്കൃഷിയും. കൂടാതെ നല്ലൊരു ക്ഷീര കര്‍ഷകനുമാണ്. ഒരേ ചെലവില്‍ ഒരേ സ്ഥലത്ത് മൂന്നുവര്‍ഷം ഇലകള്‍ വെട്ടാന്‍ പാകത്തിലുള്ള ഞാലിപ്പൂവന്‍ കൃഷി മനോജിന് നല്ലവരുമാനം നല്‍കുന്നുണ്ട്. സാധാരണസമയങ്ങളില്‍ ഒരു വാഴയിലയ്ക്ക് നാലുരൂപയിലധികം കിട്ടും. കല്യാണസീസണായാല്‍ നല്ല വിലതന്നെ കിട്ടും.

ഞാലിപ്പൂവന്‍ വാഴനട്ട് 5,6 മാസം മുതല്‍ ഇലകള്‍ മുറിച്ചുതുടങ്ങാം. ഒരു വാഴയില്‍നിന്നും ആദ്യവര്‍ഷം 16 മുതല്‍ 18 ഇലകള്‍വരെ കിട്ടും. നല്ല വളവും വെള്ളവും നല്‍കണം. രാസവളത്തില്‍ യൂറിയയും പൊട്ടാഷുമാണ് നല്ലത്. അടിവളമായി ധാരാളം ഉണങ്ങിയ ചാണകപ്പൊടി നല്‍കും.

ഒരു വാഴ വെട്ടിത്തീരുമ്പോള്‍ അതിന്റെ തട ചെറുതായി നുറുക്കി അതിന് ചുവട്ടില്‍തന്നെയിട്ട് മണ്ണ് അടുപ്പിച്ചുകൊടുക്കും. നന്നായി പരിചരിച്ചാല്‍ ആഴ്ചയില്‍ ഒരില വീതം കിട്ടും. ഇലവാഴക്കൃഷിയ്ക്ക് ഞാലിപ്പൂവനും മൈസൂര്‍ പൂവനും നല്ലതാണ്. എന്നാല്‍, ഞാലിക്ക് വലിയ രോഗമോ കീടമോ വരാറില്ല. വലിയ പൊക്കവും വെക്കാറില്ല. അതുകൊണ്ട് ഞാലിയാണ് ഏറ്റവും നല്ലത്. മനോജിന് രണ്ടുജോഡി മൂരിക്കുട്ടന്മാരും, രണ്ട് വില്ലുവണ്ടിയുമുണ്ട്. വില്ല് വണ്ടിയുണ്ടാക്കാന്‍ ലക്ഷങ്ങളുടെ മുതല്‍ മുടക്കുണ്ട്. വിശേഷ ദിവസങ്ങളില്‍ വില്ലുവണ്ടിയില്‍ മൂരിക്കുട്ടന്മാരെ കെട്ടി ദൂരെയുള്ള ക്ഷേത്രങ്ങളിലേക്ക് തീര്‍ഥ യാത്രപോകും. ഈ യാത്രയില്‍ ഗ്രാമത്തിലെ വില്ലുവണ്ടിയുള്ളവരൊക്കെ അണിചേരും.

മൂരിയും വാഴയും തെങ്ങും മാത്രമല്ല ധാരാളം പാല്‍ തരുന്ന പശുക്കളെയും മനോജ് വളര്‍ത്തുന്നുണ്ട്. നാടന്‍കോഴികളുമുണ്ട്. ഇവയൊക്കെയും വരുമാനദായകമായി മനോജിനും കുടുംബത്തിനും തുണയാവുന്നു

വിനോദ സഞ്ചാരികളുടെ ഹരമായ കപ്പ വാഴ

ഒറ്റയ്ക്ക് ഏറ്റവും കൂടുതല്‍ വില തരുന്ന വാഴപ്പഴമേതെന്നതിന് ഉത്തരം ചുവന്ന കപ്പ തന്നെ. ചുവന്ന കട്ടി തൊലിയുള്ള ഒരു കപ്പപ്പഴത്തിന് അഞ്ച് രൂപ ഈടാക്കാന്‍ കച്ചവടക്കാര്‍ മടിക്കാറില്ല. വിദേശിയാണെങ്കില്‍ ഇതു ചിലപ്പോള്‍ ഇരട്ടിക്കും. പഴുത്ത പഴത്തിന്‍റെ കുഴമ്പ് നാവിലെ ഇളം ചൂടില്‍ അലിയും എന്നത്രെ കന്യാകുമാരി ജില്ലയിലെ ജനങ്ങളുടെ വിശ്വാസം. കന്യാകുമാരി, തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഇതിന്‍റെ കൃഷി. മറ്റുള്ളിടത്ത് അതേ സമയം ഇതിന് ആവശ്യക്കാര്‍ ഇല്ല. തനി വിളയായി വയലിലും പറമ്പില്‍ ഇടവിളയായും കൃഷി ചെയ്യാം. കല്ലുവെട്ടുന്ന കുഴികള്‍ ചവറിട്ട് കത്തിച്ച് അതിന് മുകളില്‍ മണ്ണും വളവും വെള്ളവും നല്‍കി പടുകൂറ്റന്‍ കപ്പവാഴക്കുലകള്‍ വിളവെടുക്കാം. കപ്പവാഴയുടെ ഏറ്റവും വലിയ ദൗര്‍ബല്യം വേഗത്തില്‍ കുറുനാമ്പ് രോഗം പിടിക്കുമെന്നതാണ്. കുല പാകമാകാന്‍ 14 മാസം എടുക്കും. എല്ലാ ദിവസവും നഗരത്തിലെ ചന്തകളില്‍ ഇത് സുലഭമായി എത്തുന്നു. പഴുത്താല്‍ വേഗം വിറ്റൊഴിയണം. 150 കായ് വരെയുള്ള കൂറ്റന്‍കുലകള്‍ ഉണ്ടാകും.

ഞാലിപ്പൂവന്‍:: വേഗം പ്രചരിക്കുന്ന വാഴ

എല്ലാ വാഴകൃഷി സംസ്ഥാനങ്ങളിലും ഇതിനു മികച്ച പ്രചാരമാണ്. നട്ട് 10 മാസത്തിനുള്ളില്‍ കുലവെട്ടാം. ഇടവിളയായും വീട്ടുപറമ്പിലും വയലിലും വളര്‍ത്തുന്നു. ഒരു പരിധിവരെ വരള്‍ച്ചയെ മാത്രമല്ല കുറുനാമ്പ് രോഗത്തെയും തടുക്കും. പഴത്തിനു നല്ല മധുരം. പക്ഷെ പഴുക്കാന്‍ സമയമെടുക്കും. കന്നുകള്‍ സുലഭമായി കിട്ടും. തഞ്ചാവൂര്‍, സേലം തൃശിനാപ്പള്ളി, തിരുനല്‍വേലി ജില്ലകളില്‍ സുലഭമായി കൃഷി ചെയ്യുന്നു. 120 കായ്കള്‍ വരെയുള്ള കുല കിട്ടുന്നുണ്ട്. പരിചരണം കുറവാണെങ്കിലും പ്രയാസമില്ലാതെ വളരും.

നെയ്പ്പൂവന്‍: : വിശിഷ്ടവാഴ

കേരളത്തില്‍ പൂവനെന്നും തമിഴകത്ത് നെയ്പ്പൂവനെന്നും വിളിക്കുന്ന പൂവന്‍ മികച്ച വാഴയാണ്. നല്ല മധുരവും മയവും വഴക്കവുമുള്ള കഴമ്പാണ് പഴത്തിന്. ജ്യൂസ് ഉത്പാദനത്തിന് വിപുലമായി ഉപയോഗിക്കുന്നു. മഹാരാഷ്ട്രയിലും വലിയ പ്രിയമാണ്. പഴത്തൊലിക്കു സ്വര്‍ണ നിറവും കട്ടി തീരെ കുറവുമാണ്. 12 മാസത്തിനകം കുലവെട്ടാന്‍ കഴിയും. വീട്ടുപറമ്പിലും തെങ്ങിനിടയിലും ഇണക്കത്തോടെ വളര്‍ത്താം. നടാനുള്ള കന്നുകിട്ടാന്‍ കുറച്ച് പ്രയാസമാണ്.

നമുക്കും കൃഷിചെയ്യാം സോയാബീന്‍

സോയാ പയറിനെക്കുറിച്ച് പലരും കേട്ടിരിക്കും. എല്ലില്ലാ ഇറച്ചി എന്ന മറ്റൊരു പേരുകൂടി ഇതിനുണ്ട്. തികച്ചും അന്വര്‍ഥമായ പേരാണിത്. ഇത്രയേറെ മാംസ്യം (പ്രോട്ടീന്‍) അടങ്ങിയ മറ്റൊരു സസ്യാഹാരവസ്തു വേറെയില്ല. നമ്മുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് ഏറ്റവും ആവശ്യമായ മാംസ്യം കുറഞ്ഞചെലവില്‍ ലഭ്യമാക്കാനാകുന്ന ഒരു പയര്‍വര്‍ഗം എന്ന നിലയില്‍ ഓരോ വീട്ടിലും ഈ പയര്‍ നട്ടുവളര്‍ത്തി ഉപയോഗിക്കേണ്ടത് ആവശ്യമാണ്. നമ്മുടെ മണ്ണും കാലാവസ്ഥയുമെല്ലാം ഈ കൃഷിക്ക് അനുഗുണമാണ്.  ഗ്ളൈസിന്‍ മാക്സ് എന്നാണ് ശാസ്ത്രീയ നാമം.

ആട്ടിറച്ചിയുടെയും, മാട്ടിറച്ചിയുടെയും ഇരട്ടിയിലധികം പ്രോട്ടീന്‍ ഈ പയറിലുണ്ട്. മുട്ടയെക്കാള്‍ മൂന്നിരട്ടിയും മത്സ്യത്തെക്കാള്‍ രണ്ടിരട്ടിയും പ്രോട്ടീന്‍ ഉണ്ടെന്നതും മത്സ്യ, മാംസത്തിനു പ്രാമുഖ്യം കൊടുക്കുന്ന മാംസാഹാരികള്‍ക്ക് ഒരു പുനര്‍ചിന്തനത്തിനുതന്നെ സാധ്യതയുണ്ട്. മാത്രവുമല്ല, എല്ലിന്‍റെയും പല്ലിന്‍റെയും വളര്‍ച്ചയ്ക്കാവശ്യമായ കാത്സ്യം, ഫോസ്ഫറസ് എന്നിവയും ധാതുലവണങ്ങളും പോഷകങ്ങളുമെല്ലാം ഇതില്‍ ധാരാളമുണ്ട്. സോയാപയര്‍ വിത്തുപൊടിച്ച് വെള്ളത്തില്‍ കലക്കി അരിച്ചെടുത്ത് ഉണ്ടാക്കുന്ന സോയാപാല്‍ പശുവിന്‍പാലിനു തുല്യമാണെന്നും ഓര്‍ക്കുക. എണ്ണ ധാരാളം അടങ്ങിയതിനാല്‍ പല വ്യവസായാവശ്യങ്ങള്‍ക്കും സോയാപയര്‍ ഉപയോഗിക്കുന്നുണ്ട്. കൂടാതെ ധാരാളം പ്രോട്ടീനും പോഷകാംശവും അടങ്ങിയ ചെടിയായതിനാല്‍ ചെടിയും പയറും ഉത്തമ കാലിത്തീറ്റകൂടിയാണിത്.  

കൃഷിരീതി
നമ്മുടെ പാടത്തും പറമ്പിലുമെല്ലാം ഇത് കൃഷിചെയ്യാം. രണ്ടാംവിളയ്ക്ക് സാധ്യതയില്ലാത്ത വയലുകള്‍, അധികമഴ ഇല്ലാത്ത, ആദ്യമഴ ലഭിക്കുമ്പോള്‍ കരപ്പറമ്പുകള്‍ എന്നിവിടങ്ങളിലെല്ലാം കൃഷിചെയ്യാനാവും. തനിവിളയായും ഇടവിളയായും ഇത് കൃഷിചെയ്യാം. അല്‍പ്പം വെള്ളക്കെട്ടിനെയും വരള്‍ച്ചയെയും ചെറുക്കാനും ഇതിനു കഴിവുണ്ട്. രണ്ടുവിളക്കണ്ടങ്ങളാണെങ്കില്‍ രണ്ടാംവിള കൊയ്തശേഷം മൂപ്പുകുറഞ്ഞ ഇനം വിത്ത് കൃഷിചെയ്യാം. നിലം നന്നായി ഉഴുത് കട്ട ഉടയ്ക്കുക. വരികള്‍ തമ്മില്‍ 20 സെ. മീറ്ററും രണ്ട് വിത്തുകള്‍ തമ്മില്‍ 10 സെ. മീറ്ററും അകലംവിട്ട് അരഇഞ്ച്മുതല്‍ ഒരിഞ്ച്വരെ താഴ്ചയില്‍ വിത്ത് നടാം. ഒരേക്കറില്‍ 400-500 കി.ഗ്രാം വിത്ത് വേണ്ടിവരും.

65 മുതല്‍ 200 ദിവസംവരെ മൂപ്പുള്ള സോയാപയര്‍ ഇനങ്ങള്‍ ഉണ്ട്. പഞ്ചാബ്, ജവഹര്‍, ബ്രാഗ്, പി കെ 416, ലിഹാര്‍ഡി, ഇംപ്രൂവ്ഡ് പെലിക്കന്‍, ക്ളാര്‍ക്ക് 63 തുടങ്ങിയവ മികച്ച ഇനങ്ങളാണ്. വേറെയും ഒട്ടേറെ ഇനങ്ങള്‍ ലഭ്യമാണ്. പൊതുവെ വിതച്ച് നാലുമാസത്തിനുശേഷം വിളവെടുപ്പിനു പാകമാകും. മൂപ്പുകുറഞ്ഞവ അതിനനുസരിച്ച് പാകപ്പെടും.


വളപ്രയോഗം
ജൈവവളം ധാരാളമായി ചേര്‍ക്കുക. രാസവളമായി 20:10:30 കി.ഹെക്ടര്‍ എന്ന അനുപാദത്തില്‍ എന്‍ പി കെ കിട്ടുംവിധം ചേര്‍ക്കാം. (ഉദാ: ഹെക്ടറിന് 50 കി.ഗ്രാം യൂറിയ, 50 കി.ഗ്രാം മഷൂറി-രാജ്ഫോസ്, 50 കി.ഗ്രാം മ്യൂററ്റ് ഓഫ് പൊട്ടാഷ് എന്നിവ വേണം. മഷൂറിഫോസ് മുഴുവനും യൂറിയയുടെ പകുതിയും അടിവളമായും ബാക്കി വളങ്ങള്‍ ഒരുമാസം കഴിഞ്ഞ് മേല്‍വളമായും ചേര്‍ക്കാം. 

വിളവെടുപ്പ്, സംസ്കരണം
മൂപ്പനുസരിച്ച് വിവിധ ഘട്ടങ്ങളില്‍ വിളവെടുക്കാം. ഇടത്തരം മൂപ്പുള്ളവയ്ക്ക് നാലുമാസം പ്രായം വേണം. ഇലകള്‍ക്ക് മഞ്ഞനിറം ബാധിച്ചിരിക്കും. ഇല പൊഴിയാന്‍ ഒരാഴ്ച നിര്‍ത്തിയശേഷം പറിച്ചെടുക്കും. 10 ദിവസം തണലില്‍ ഉണക്കും. പിന്നീട് കായ്കള്‍ കമ്പുകൊണ്ട് തല്ലി പയര്‍ വേര്‍പെടുത്തി സൂക്ഷിക്കാം. വിത്തില്‍ ഈര്‍പ്പമില്ലാത്തവിധം ഉണക്കണം. ഇവ മൂന്നുവര്‍ഷംവരെ സൂക്ഷിക്കാം.

മെയ്–ജൂൺ മാസങ്ങളിൽ തെങ്ങിൻതൈകൾ നടാം

തെങ്ങിൻതൈകൾ മഴക്കാലാരംഭത്തോടെ മെയ്–ജൂൺ മാസങ്ങളിൽ നടാം. എന്നാൽ വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ മഴക്കാലം ഒഴിവാക്കി വേണം നടാൻ. സാധാരണ അടുത്തുള്ള രണ്ടു തെങ്ങുകൾ തമ്മിൽ ഏഴര മീറ്റർ അകലം നൽകണം. ഈ അകലത്തിൽ 90 സെ.മീ വീതം നീളം വീതി താഴ്ചയുള്ള കുഴികൾ മുൻകൂട്ടി എടുത്തതിൽ മണലും മേൽമണ്ണും നിറച്ച് തൈ നടുക. തൈക്കുഴിയിൽ വെള്ളം കെട്ടിക്കിടക്കാനിടവരുത്തരുത്. തൈയുടെ കിളിർപ്പിനോടു ചേർന്ന് ആദ്യവർഷം മണ്ണ് അടുപ്പിക്കരുത്. കാറ്റിൽ ഉലച്ചിൽ തട്ടാനിടയാകാതെ താങ്ങുകൾ കൊടുക്കണം. ഈർപ്പം കുറവെങ്കിൽ നനയ്ക്കണം. ചിതൽ ശല്യത്തിൽനിന്നും സംരക്ഷണം നൽകുകയും വേണം. മണ്ണിന്റെ സ്വഭാവമനുസരിച്ചു നടുന്നതിനുള്ള നിർദേശങ്ങൾക്കു കൃഷിഭവനുമായി ബന്ധപ്പെടുക.

മണ്ണ് പലതരം

മണ്ണിന്റെ നിറം,ഘടന തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ മണ്ണിനങ്ങളെ പഠന സൗകര്യത്തിനായി തരംതിരിച്ചിട്ടുണ്ട്.

1.എക്കല്‍ മണ്ണ്
ഫലഭൂയിഷ്ടമായ എക്കല്‍മണ്ണ് നദീതടങ്ങളിലും തീരപ്രദേശങ്ങളിലാണ് പ്രധാനമായി കണ്ടുവരുന്നത്. കൃഷിക്ക് ഏറെ അനുയോജ്യമായ എക്കല്‍ മണ്ണ് ഇന്ത്യയില്‍ കാണപ്പെടുന്ന പ്രധാനപ്പെട്ട ഒരു മണ്ണിനമാണ്.
2.കരിമണ്ണ്
പരുത്തികൃഷിക്ക് പേരുകേട്ട കരിമണ്ണ്,ഡക്കാന്‍ പീഢഭൂമിയിലും മഹാരാഷ്ട്ര,മധ്യപ്രദേശ്,ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ധാരാളമായി കാണപ്പെടുന്നത്.അഗ്നിപര്‍വ്വത സ്ഫോടനഫലമായാണ് കരിമണ്ണ് രൂപപ്പെടുന്നത്.
3.ചെമ്മണ്ണ്
മൂന്നാമത്തെ പ്രധാന മണ്ണിനമാണ് ചെമ്മണ്ണ്.അയേണ്‍ ഓക്സൈഡിന്റെ സാന്നിധ്യമാണ് ഇതിന് ചുവപ്പ് നിറം നല്‍കുന്നത്.
4.ലാറ്ററൈറ്റ് മണ്ണ്
മിതമായ തോതില്‍ മാത്രം ഫലഭൂയിഷ്ടിയുള്ള ക്ഷാരഗുണം കൂടിയതാണിത്.കേരളം,കര്‍ണാടകം തുടങ്ങിയ സംസ്ഥാനങ്ങളില്‍ കണ്ടുവരുന്നു.
5.പീറ്റ് മണ്ണ്.
ചതുപ്പ് പ്രദേശങ്ങളില്‍ കാണപ്പെടുന്ന ഈ മണ്ണിനം കണ്ടല്‍ ചെടികളുടെ വളര്‍ച്ചയ്ക് ഉത്തമമാണ്.പല സംസ്ഥാനങ്ങളുടേയും തീരപ്രദേശങ്ങളില്‍ പീറ്റ് മണ്ണ് കാണപ്പെടുന്നുണ്ട്.
6.പര്‍വ്വത മണ്ണ്
ഇടതിങ്ങിയ വനങ്ങളുടെ വളര്‍ച്ചയ്ക് സഹായകമായ ജൈവസമൃദ്ധമായ മണ്ണാണിത്.തേയില കൃഷിക്ക് യോജിച്ച ഈ മണ്ണ് വിവിധ സംസ്ഥാനങ്ങളില്‍ കണ്ടുവരുന്നു.
7.മരുഭൂമിയിലെ മണ്ണ്.
ജലാംശവും ജൈവാംശവും തീരെയില്ലാത്ത മണ്ണാണിത്.മരുപ്രദേശങ്ങളിലല്‍ കാണപ്പെടുന്നു.
8.ചുണ്ണാമ്പ് മണ്ണ്
ജീര്‍ണ്ണിച്ച ജൈവാംശങ്ങളുടെ അളവ് കുറഞ്ഞതും കാര്‍ബണിക പദാര്‍ത്ഥങ്ങള്‍ കൂടുതലുള്ളമായ മണ്ണാണിത്.ചോക്കിന്റേയോ ചുണ്ണാമ്പിന്റേയോ ആധിക്യമാണ് ഇതിന് കാരണം.നനയുന്തോറും ദൃഢതയേറുന്ന ചുണ്ണാമ്പ് മണ്ണ് വേനല്‍കാലത്ത് വരണ്ടുപോകും.ഇതില്‍ വളരുന്ന സസ്യങ്ങള്‍ക്ക് തിളക്കമാര്‍ന്ന മഞ്ഞനിറമാണുണ്ടാകുക.
9.കളിമണ്ണ്
മനുഷ്യന്റെ സാമൂഹിക-സാംസ്കാരിക വളര്‍ച്ചയെ നേരിട്ട് സ്വാധീനിച്ച മണ്ണിനമാണ് കളിമണ്ണ്.കുഴമ്പ് പരുവത്തില്‍ കാണപ്പെടുന്ന മൃദുലമായ മണ്ണാണിത്.പാത്ര-ശില്പ നിര്‍മ്മാണത്തിന് അനുയോജ്യമായ കളിമണ്ണ് കൃഷിക്ക് അനുയോജ്യമല്ല.
10.മണല്‍
വന്‍തോതില്‍ വ്യവസായിക പ്രാധാന്യമുള്ള മണ്ണിനമാണിത്.കെട്ടിട നിര്‍മ്മാണം ഗ്ലാസ്സ് നിര്‍മ്മാണം,ഇഷ്ടിക നിര്‍മ്മാണം,ജലശുദ്ധീകരണം,കടലാക്രമണ പ്രതിരോധ മാര്‍ഗം തുടങ്ങിയ മേഖലകളിലെല്ലാം മണല്‍ ഉപയോഗിച്ചുവരുന്നു.എളുപ്പം ജലം വലിച്ചെടുക്കാന്‍ കഴിയുന്നതിനാല്‍ തണ്ണിമത്തന്‍,കടല തുടങ്ങിയ വിളകളുടെ വളര്‍ച്ചയ്ക് ഉത്തമമാണ്.മണലിലടങ്ങിയിരിക്കുന്ന സിലിക്കയുടെ അംശം ഈ മണ്ണുമായി സ്ഥിരം ഇടപെടുന്നവര്‍ക്ക് ദോഷം ചെയ്തേക്കാം.ശ്വസനത്തിലൂടെ ഇത് ശരീരത്തിലെത്തിയാല്‍ സിലിക്കോസിസ് എന്ന രോഗത്തിന് കാരണമാകും.
11.പശിമ രാശിമണ്ണ്
മണല്‍,എക്കല്‍,കളിമണ്ണ് തുടങ്ങിയവ പ്രത്യേക അനുപാതത്തില്‍ കലര്‍ന്നുണ്ടാകുന്ന മണ്ണാണിത്. കാഠിന്യമേറിയമണ്ണാണെങ്കെലും ഈര്‍പ്പം നിലനിര്‍ത്താന്‍ കഴിയുന്നതിനാലും ജൈവാംശമുള്ളതിനാലും കൃഷിക്ക് അനുയോജ്യമാണ് പശിമ രാശി മണ്ണ്.

വായുമലിനീകരണം അകറ്റാന്‍ വേനല്‍ പൂവള്ളി

റോസ് പിങ്ക് നിറത്തില്‍, നിറയെ ചെറിയ പൂക്കള്‍ നിറഞ്ഞ വലിയ പൂങ്കുലകളുള്ള ഉദ്യാന സുന്ദരിയാണ് വേനല്‍ പൂവള്ളി. ജന്മനാട് മെക്സിക്കോ. നമ്മുടെ നാട്ടില്‍ സമൃദ്ധമായി വളരും, സുലഭമായി പുഷ്പിക്കും. കോറല്‍ വൈന്‍, കോറല്‍ ക്രീപ്പര്‍, കോറല്‍ ബെല്‍സ്, ചെയിന്‍ ഓഫ് ലൗ, ലൗ വൈന്‍, ക്വീന്‍സ് ജൂവല്‍സ്, മൗണ്ടന്‍ റോസ് എന്നിങ്ങനെ എത്രയെങ്കിലും ഓമനപ്പേരുകളുള്ള ഇതിനെ തീവള്ളി, തേന്‍പൂവള്ളി എന്നും വിളിക്കാറുണ്ട്. സസ്യനാമം ആന്‍റിഗൊണോണ്‍.. ദീര്‍ഘായുസ്സാണ് ഈ വള്ളിച്ചെടിയുടെ മുഖമുദ്ര. വേനല്‍ക്കാലത്ത് റോസ് പിങ്ക് പൂക്കള്‍ ചൂടി നില്‍ക്കുന്ന ഈ വള്ളിച്ചെടി ഏത് ഉദ്യാനത്തിലെയും കമാനങ്ങളും ചിത്രത്തൂണുകളും അലങ്കരിക്കാന്‍ അത്യുത്തമമാണ്.

ഇതിന്‍റെ വള്ളി ഏതാണ്ട് 10-12 മീറ്റര്‍ വരെ നീളത്തില്‍ വളരും.

പച്ചനിറത്തില്‍ ഹൃദയാകൃതിയില്‍ അഗ്രം കൂര്‍ത്ത ഇലകളുടെ സമ്പന്നമായ പശ്ചാത്തലമാണ് ഈ വള്ളിച്ചെടിയുടെ മറ്റൊരു പ്രത്യേകത. പൂര്‍ണ്ണ സൂര്യപ്രകാശത്തില്‍ വളരാനും പൂ ചൂടാനുമാണ് വേനല്‍ പൂവള്ളിക്കിഷ്ടം.

ചെടിയുടെ ചുവട്ടില്‍ വളരെ ആഴത്തില്‍ വളരുന്ന കിഴങ്ങുകളില്‍ നിന്ന് നിരവധി പുതിയ തൈകള്‍ പൊട്ടിപ്പൊട്ടി വളരുന്നത് കാണാം. ഇവ ശ്രദ്ധാപൂര്‍വ്വം ഇളക്കി നട്ടാല്‍ പുതിയ ചെടി അനായാസം വളര്‍ത്തിയെടുക്കാം. ഇതു കൂടാതെ പകുതി മൂപ്പെത്തിയ കമ്പുകള്‍ മുറിച്ചുവച്ചോ, വിത്തു പാകിയോ തൈകള്‍ മുളപ്പിക്കാം. രണ്ടു ഭാഗം മണ്ണും ഒരു ഭാഗം മണലും ഒരു ഭാഗം ഇലപ്പൊടിയും കലര്‍ത്തിയ പോട്ടിങ് മിശ്രിതം നിറച്ച ചട്ടികളിലും ഇത് വളര്‍ത്താം. ഇതിന്‍റെ പൂക്കളില്‍ വേണ്ടത്ര തേനും പൂമ്പൊടിയും ഉള്ളതിനാല്‍ ധാരാളം തേനീച്ചകള്‍ ഈ ചെടിയെ ചുറ്റിപ്പറ്റി സദാ നില്‍ക്കുന്നതു കാണാം. അതുകൊണ്ടു തന്നെ തേനീച്ച വളര്‍ത്തലില്‍ ഏര്‍പ്പെടുന്നവര്‍ വേനല്‍ പൂവള്ളി ധാരാളമായി നട്ടു വളര്‍ത്താറുണ്ട്. റോസ് പിങ്കിനു പുറമെ ചുവപ്പ്, വെള്ള നിറങ്ങളില്‍ പൂക്കുന്ന ചെടികളുമുണ്ട്. വെളുത്ത പൂക്കള്‍ പിടിക്കുന്ന ഇനത്തിന് ആല്‍ബ എന്നാണ് പേര്.

വായുമലിനീകരണം ഒഴിവാക്കാന്‍ ഈ ചെടിക്ക് പ്രത്യേക കഴിവുണ്ട്. അതിനാല്‍ നഗരപ്രദേശങ്ങളില്‍ ഗൃഹോദ്യാനം ഒരുക്കുന്നവര്‍ വേനല്‍ പൂവള്ളി നട്ടുവളര്‍ത്താന്‍ മറക്കരുത്

കടപ്പാട് : www.infomagic.com

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate