অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മറുനാടന്‍ പഴങ്ങള്‍: കൃഷിയും സാധ്യതകളും

മറുനാടന്‍ പഴങ്ങള്‍: കൃഷിയും സാധ്യതകളും

ആമുഖം

കേരളം ഇന്ന് ഒരു കാര്‍ഷിക പ്രതിസന്ധിയുടെ നടുവിലാണ്. ഉത്പാദനച്ചെലവ് വര്‍ധിക്കുന്നു. എന്നാല്‍ കര്‍ഷകന് തന്റെ വിളവിന് ന്യായമായ വില ലഭിക്കുന്നുമില്ല. സസ്യസംരക്ഷണമാര്‍ഗങ്ങള്‍ പലപ്പോഴും പരാജയപ്പെടുന്നതുമെല്ലാം ഈ പ്രതിസന്ധിക്ക് ആക്കം വര്‍ധിപ്പിക്കുന്നു. കാര്‍ഷികരംഗം തകര്‍ന്നാല്‍ രാഷ്ട്രത്തിന്റെ സാമ്പത്തിക അടിത്തറയും ജനങ്ങളുടെ ജീവിതഭദ്രതയും ഒരുപോലെ തകരാറിലാകും. ഓരോ വര്‍ഷവും കൃഷിസ്ഥലം ചുരുങ്ങുകയും ഉത്പാദനക്ഷമത കുറഞ്ഞുവരുന്നതുമെല്ലാം പ്രശ്‌നം സങ്കീര്‍ണമാക്കുന്നു. ഈ സാഹചര്യത്തില്‍ ജനനേതാക്കളെയും സാമൂഹ്യപ്രവര്‍ത്തകരെയും കാര്‍ഷിക വിദഗ്ധരെയും കര്‍ഷകരെയുമെല്ലാം കോര്‍ത്തിണക്കി ആധുനിക കൃഷിരീതികളും വിളവുകളും പരമാവധി പ്രയോജനപ്പെടുത്തി, കൃഷി എന്ന മഹത്തായ അതിജീവനമാര്‍ഗം കൂടുതല്‍ ആകര്‍ഷകമാക്കിയേ തീരൂ. കൃഷിയിലൂടെ മെച്ചപ്പെട്ട ഒരു ജീവിതമില്ലെങ്കില്‍ കൃഷിയോട് കര്‍ഷകര്‍ എന്നന്നേയ്ക്കുമായി വിടപറയുന്ന കാഴ്ചകളും നാം കാണേണ്ടിവരും.

ഡോ. സ്വാമിനാഥന്റെ നേതൃത്വത്തിലുള്ള അറുപതുകളിലെ 'ഹരിതവിപ്ലവത്തിലൂടെ' ഭക്ഷ്യസ്വയംപര്യാപ്തത നേടിത്തന്നവരില്‍ ഭൂരിഭാഗവും ഇപ്പോഴും ദരിദ്രകര്‍ഷകരാണെന്നറിയുമ്പോള്‍ നമ്മുടെ ഇക്കാലങ്ങളിലെ പ്രവര്‍ത്തനങ്ങളിലൊക്കെയും എന്തൊക്കെയോ പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ടെന്ന് അനുമാനിക്കാം.

അനുകൂലമായ കാലാവസ്ഥയും ജലലഭ്യതയും പ്രയോജനപ്പെടുത്തി, ശാസ്ത്രീയ കൃഷിരീതികള്‍ അവലംബിച്ച് മലയാളികള്‍ ശക്തമായ സാമ്പത്തികഭദ്രതയുള്ള ഒരു കാര്‍ഷിക സംസ് ക്കാരം രൂപപ്പെടുത്തണം. നാണ്യവിളകളില്‍ അധിഷ്ഠിതമായ ഒരു സമ്പദ്‌വ്യവസ്ഥരൂപകല്പന ചെയ്ത കേരളം, മറ്റു ഭക്ഷ്യവിളകളിലൊന്നും തന്നെ കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. വിപണിയില്‍ എപ്പോഴും ഉണര്‍വുണ്ടായിരുന്ന റബര്‍ പോലുള്ള വിളകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് കര്‍ഷകര്‍ തങ്ങളുടെ കൃഷിയെ പരിമിതപ്പെടുത്തി. വലിയ തിരിച്ചടികള്‍ ഏറ്റുവാങ്ങിയതിന്റെ ആഘാതത്തിലാണിപ്പോള്‍ കേരളകര്‍ഷകര്‍. ഇപ്രകാരം നാണ്യവിളകളോടുള്ള മലയാളികളുടെ അമിത പ്രതിപത്തിമൂലം ഉഷ്ണമേഖലാ പഴവര്‍ഗങ്ങളുടെ ഗവേഷണത്തിലും കൃഷിയിലുമൊന്നും നമുക്കു വേണ്ടത്ര നേട്ടങ്ങള്‍ കൈവരിക്കുവാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഈയടുത്ത കാലത്തായി കേരളത്തിന്റെ കാര്‍ഷിക മേഖലയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ശ്രദ്ധിക്കുമ്പോള്‍ പഴവര്‍ഗങ്ങളുടെ കൃഷിക്കും വിപണനത്തിനും ഒരു ഉണര്‍വുണ്ടാകുന്നു എന്നു മനസിലാക്കാം. ഈ നിരീക്ഷണത്തെ ശരിവയ്ക്കുന്നതാണ് അടുത്തകാലത്ത് കേരളത്തിന്റെ സ്വന്തം ഫലവൃക്ഷമായ ചക്കയ്ക്ക് ലഭിച്ച സംസ്ഥാനതല അംഗീകാരം.

മലയാളികള്‍ താരതമ്യേന മെച്ചപ്പെട്ട രോഗപ്രതിരോധശേഷി ആര്‍ജിച്ചതില്‍ പഴങ്ങള്‍ക്കുള്ള പങ്ക് നിര്‍ണായകമാണ്. നാടന്‍ പഴങ്ങളുടെ വൈവിധ്യത്തിന് പേരുകേട്ട നാടാണല്ലോ കേരളം. വ്യത്യസ്ത സ്വഭാവഗുണങ്ങളുള്ള വിവിധതരം പഴവര്‍ഗങ്ങള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം സമൃദ്ധമായി വിളയുന്നു. മധ്യവേനല്‍ അവധിക്കാലത്ത് മധുരം വിളമ്പുന്ന നാട്ടുമാവുകള്‍ കേരളത്തിന്റെ ജൈവവൈവിധ്യത്തിന്റെ പ്രതീകമായിരുന്നു. നമ്മുടെ ഫലസമൃദ്ധിയുടെ മറ്റൊരു നേര്‍ക്കാഴ്ചയാണ് സ്വര്‍ഗീയഫലമായ വാഴപ്പഴം. സ്വാദിലും നിറത്തിലും രൂപത്തിലും വലുപ്പത്തിലുമൊക്കെ ഇത്രമാത്രം വൈവിധ്യം പുലര്‍ത്തുന്ന വാഴപ്പഴങ്ങള്‍ മറ്റേതൊരു നാട്ടിലുമുണ്ടെന്ന് തോന്നുന്നില്ല. പൈനാപ്പിള്‍ കൃഷിയുടെ തറവാടായ വാഴക്കുളം ഇന്ന് ലോകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നു. 'വാഴക്കുളം പൈനാപ്പിള്‍' എന്ന പേരില്‍ ഭൗമസൂചിക രജിസ്‌ട്രേഷന്‍ ലഭിച്ചിരിക്കുന്നതു കൊണ്ട് ഇതിന്റെ കയറ്റുമതി പ്രാധാന്യം അടുത്തകാലത്തായി വര്‍ധിച്ചിട്ടുമുണ്ട്. പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിരുന്ന കര്‍ക്കിടക മാസത്തില്‍ മലയാളികളുടെ വിശപ്പുമാറ്റിയിരുന്ന മറ്റൊരു ഫലവൃക്ഷമായിരുന്നു പ്ലാവ്. ലോകത്തിലെ ഏറ്റവും വലിയ ഫലം, ജൈവഫലം, അമൃതഫലം - വിശേഷണങ്ങള്‍ ഏറെയുണ്ടായിരുന്നെങ്കിലും ചക്കയ്ക്ക് അത ര്‍ഹിക്കുന്ന പ്രാധാന്യം നല്‍കുവാന്‍ പലപ്പോഴും നാം മറന്നുപോയിട്ടുണ്ട്. പഴമായും പച്ചക്കറിയായും ഔഷധമായും സമീകൃതാഹാരവുമായൊക്കെ ഉപയോഗപ്പെടുത്തുന്ന ചക്ക ഇന്ന് ഒരു തിരിച്ചുവരവിന്റെ പാതയിലാണെന്നതില്‍ നമുക്ക് അഭിമാനിക്കാം.

വിദേശിപ്പഴങ്ങളുടെ സാധ്യതകള്‍

നാടന്‍പഴങ്ങള്‍ ധാരാളമായുണ്ടായിരുന്നെങ്കിലും അയല്‍രാജ്യങ്ങളില്‍ നിന്നെത്തിയ പലതരം പഴങ്ങളെയും സ്വാഗതം ചെയ്ത ചരിത്രമാണ് നമുക്കുള്ളത്. ഇത്തരം ഉഷ്ണമേഖലാ പഴങ്ങള്‍ കേരളത്തില്‍ വാണിജ്യപരമായി കൃഷി ചെയ്യാനാവുമെന്നും നമ്മുടെ കര്‍ഷകര്‍ തന്നെ തെളിയിച്ചിട്ടുള്ളതാണ്. ഉഷ്ണമേഖലാപ്രദേശങ്ങളില്‍ മാത്രം വളരാനും വിളവുതരാനും ഇഷ്ടപ്പെടുന്ന ഇത്തരം പഴങ്ങളില്‍ ഏറെ ശ്രദ്ധേയമായ റംബുട്ടാന്‍, ദുരിയാന്‍, മാങ്കോസ്റ്റിന്‍, പുലാസാന്‍, ലോങ്ങന്‍, അബിയു, ചെമ്പടാക്ക്, ലോങ്കോങ്ങ്, മരിയന്‍ പ്ലം, സാന്റോള്‍ എന്നിവ കേരളത്തിന്റെ തനതായ കാലാവസ്ഥയിലും മണ്ണിലും വേരുറച്ച് മികച്ച വിളവ് നല്‍കാന്‍ പര്യാപ്തമാണ്.

കേരളം കൂടാതെ, കര്‍ണ്ണാടകത്തിന്റെ ചില പ്രദേശങ്ങളിലും കൊങ്കണ്‍ മേഖലകളിലും ഇത്തരം പഴങ്ങളുടെ കൃഷി സാധ്യമാണ്. എന്നാല്‍ ഇന്ത്യയുടെ മൊത്തം ഭൂവിസ്തൃതി യുടെ രണ്ടുശതമാനത്തിലും താഴെ മാത്രമേ ഉഷ്ണമേഖലാ കാലാവസ്ഥ നിലനില്‍ക്കുന്നുള്ളു എന്ന സത്യം വളരെ കുറച്ചുസ്ഥല ത്ത് മാത്രമേ മേല്‍പറയപ്പെട്ട പഴവര്‍ഗങ്ങള്‍ കൃഷി ചെയ്യാന്‍ സാധിക്കൂ എന്ന യാഥാര്‍ഥ്യത്തിലേക്കാണ് മലയാളികളെ ബോധവാന്മാരാക്കുന്നത്. അതിനാല്‍ കേരളത്തിനു മാത്രം സ്വന്തമായ ഈ അസുലഭ ഭാഗ്യം നഷ്ടപ്പെടുത്താതെ, പരമാവധി പ്രയോജനപ്പെടുത്തുവാന്‍ നമുക്കു സാധിച്ചാല്‍ കാര്‍ഷിക മേഖലയില്‍ വമ്പിച്ച നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ നമുക്കു കഴിയും.

തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഇന്‍ഡോ-മലയ പരിസ്ഥിതി പ്രദേശത്തിന്റെ സിരാകേന്ദ്രമായി അറിയപ്പെടുന്ന ബോര്‍ണിയോയിലാണ് മിക്കവാറും എല്ലാ ഉഷ്ണമേഖലാ പഴവര്‍ഗങ്ങളും ഉത്ഭവിച്ചതായി പറയപ്പെടുന്നത്. മലേഷ്യ, താ യ്‌ലാന്‍ഡ്, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളില്‍ ഇത്തരം പഴങ്ങളുടെ കൃഷി വന്‍തോതില്‍ ആരംഭിച്ചപ്പോള്‍ അനുകൂലമായ കാലാവസ്ഥയും ഭൂപ്രകൃതിയുംകൊണ്ട് ഈ രാജ്യങ്ങളേക്കാള്‍ വളരെയേറെ മെച്ചമായ കേരളത്തിന് മറുനാടന്‍ പഴങ്ങളുടെ കൃഷിയില്‍ ലഭിക്കാമായിരുന്ന മേല്‍ക്കോയ്മ നഷ്ടപ്പെട്ടു. അതിനിടയാക്കിയ അടിസ്ഥാന കാരണങ്ങള്‍ ശ്രദ്ധേയമാണ്. പോര്‍ച്ചുഗീസ് - ഇംഗ്ലീഷ് അധിനിവേശത്തില്‍ അവരുടെ വ്യാവസായിക ആവശ്യത്തിനുവേണ്ടി കൊണ്ടുവന്ന കശുമാവ്, റബര്‍, തേയില, കാപ്പി എന്നീ നാണ്യവിളകളുടെ സമ്മര്‍ദ്ദത്തില്‍ കേരളത്തിന് നഷ്ടപ്പെട്ടത് മറുനാടന്‍ പഴവര്‍ഗങ്ങളുടെ കൃഷിയിലൂടെ നമുക്കു ലഭിക്കാമായിരുന്ന വലിയ സാധ്യതകളായിരുന്നു.

തെക്കുകിഴക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ പഴവര്‍ഗകൃഷിയില്‍ നമ്മെ വളരെ പിന്നിലാക്കി ബഹുദൂരം മുമ്പോട്ടുപോയെങ്കിലും മറ്റൊരു തരത്തില്‍ ചിന്തിച്ചാല്‍ ഈ നഷ്ടം നമുക്ക് നല്ല അവസരവും സാധ്യതയും നല്‍കുന്നുണ്ട്. ആദ്യകാലങ്ങളില്‍ ഈ രാജ്യങ്ങളിലൊക്കെ കൃഷി ചെയ്തിരുന്നത് നാടന്‍ ഇനങ്ങളായിരുന്നു. ഇന്‍ഡോ-മലയ ഭൂവിഭാഗത്തിലെ ജൈവവൈവിധ്യത്തില്‍ നിന്ന് കാലക്രമേണ ഉരുത്തിരിഞ്ഞ മികച്ച ഇനങ്ങള്‍ പ്രാദേശിക ഇനങ്ങളുടെ സമ്മര്‍ദ്ദത്തില്‍പ്പെട്ട് വിപണിയെ ദുര്‍ബലമാക്കുന്ന കാഴ്ച അവിടെ സാധാരണമാണ്.

ഇവിടെയാണ് കേരളത്തിന് സ്വന്തമാക്കാവുന്ന അനന്തസാധ്യതകള്‍ പ്രയോജനപ്പെടുത്തേണ്ടത്. നന്നായി ആസൂത്രണം ചെ യ്താല്‍ വൈകിക്കിട്ടിയ സാധ്യതകള്‍ നമുക്കു പരമാവധി പ്രയോജനപ്പെടുത്താവുന്നതേയുള്ളു. പുതിയൊരു നഗരം, നാം വിഭാവനം ചെയ്യുന്നതുപോലെ നിര്‍മിക്കാന്‍ കഴിയുമെങ്കിലും നിലവിലുള്ള ഒരു നഗരത്തെ സമഗ്രമായി വിപുലീകരിക്കുവാന്‍ പ്രായോഗികമായ പരിമിതികളുണ്ടല്ലോ. പഴയ നഗരത്തെ പരിഷ്‌കരിക്കേണ്ട അവസ്ഥയിലാണ് പഴവര്‍ഗകൃഷിയില്‍ മുമ്പേപോയ രാജ്യങ്ങള്‍. ട്രോപ്പിക്കല്‍ കാലാവസ്ഥ നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ നിന്നും മികച്ച പഴവര്‍ഗച്ചെടിയിനങ്ങള്‍ കേരളത്തില്‍ കൊണ്ടുവന്നു പിടിപ്പിച്ച്, കൃത്യതയോടെ പരീക്ഷണ-നിരീക്ഷണങ്ങള്‍ നടത്തി, നമ്മുടെ കാലാവസ്ഥയുമായി പൊരുത്തപ്പെടുത്തി, നടീല്‍ വസ്തുക്കള്‍ ധാരാളമായി ഉത്പാദിപ്പിച്ച്, വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്താല്‍ നഷ്ടപ്പെട്ട അവസരങ്ങളെല്ലാം നമുക്ക് വീണ്ടെടുക്കാന്‍ സാധിക്കും.

(തുടരും)

ഡോ. സണ്ണി ജോര്‍ജ്

ഡയറക്ടര്‍, റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ്, ഹോംഗ്രോണ്‍ ബയോടെക്, കാഞ്ഞിരപ്പള്ളി

ഫോണ്‍: 81139 66600, 04828 297001© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate