অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഫാം കെയര്‍ ഫൌണ്ടേഷന്‍

ഫാം കെയര്‍ ഫൌണ്ടേഷന്‍  എന്ത്? എന്തിന്?

 

ആര്‍. ഹേലി

പ്രസിഡന്‍റ്, ഫാം കെയര്‍ ഫൌണ്ടേഷന്‍  (മുന്‍ ഡയറക്ടര്‍, കേരള കൃഷി വകുപ്പ്)

ലോകം ആരാധിക്കുന്ന സര്‍വ്വപുണ്യഗ്രന്ഥങ്ങളിലും പരമപവിത്രമായ ഭാഷാശൈലികള്‍ നിരത്തിയാണ് കാര്‍ഷിക രംഗത്തെ സമര്‍പ്പിച്ചിരിക്കുന്നത്. അതിനോട് ചേര്‍ന്നുതന്നെ ഒട്ടും മങ്ങാത്ത പരിപാവനതയുള്ള വചനങ്ങള്‍ ചൊരിഞ്ഞാണ് കര്‍ഷകരുടെ അദ്ധ്വാനത്തെയും വാഴ്ത്തിയിരിക്കുന്നത്. പതിനായിരം കൊല്ലത്തിലേറെ പഴക്കംചെന്ന ഈ നവലോക കാര്‍ഷിക പ്രക്രിയ മാനവരാശിയേയും പ്രകൃതിയേയും ഒരുപോലെ സഹായിച്ചും ഉപയോഗിച്ചും മുന്നോട്ട് ഇന്ന് നീങ്ങുകയാണ്.

കാര്‍ഷിക മേഖലയുടെ ഈ മുന്നേറ്റത്തില്‍ നിഴലുപോലെ പിന്തുടരുന്ന ഒരു പ്രതിഭാസം ആശങ്കകളും അവയെ അതിജീവിയ്ക്കാനുള്ള മാര്‍ഗ്ഗം സ്വരൂപിക്കലുമാണ്. കഴിഞ്ഞ കുറച്ചുകാലങ്ങളില്‍ ശാസ്ത്രത്തിന്‍റെ വിവിധ മേഖലകള്‍ വിള-മൃഗപരിപാലന രംഗത്ത് ഈ കര്‍മ്മനിര്‍വ്വഹണത്തിന് നല്‍കിയ സംഭാവനകള്‍ വളരെ വിലപ്പെട്ടതാണ്. ഇന്നത്തെ നിലയില്‍ സര്‍വ്വതോന്മുഖമായ ഉല്‍പാദന വര്‍ദ്ധനയ്ക്ക് ഉപരിയായി ഹരിതാഭമായ ഈ മേഖല,   സമ്പത്തിന്‍റെയും ഐശ്വര്യത്തിന്‍റെയും കൊടുമുടികള്‍ സൃഷ്ടിക്കുന്ന ഒരു വാണിജ്യ-വ്യവസായ രംഗമായി മാറിയിരിക്കുന്നു. ലോകത്തെ സമ്പദ്ഘടനയെയും ജീവിതശൈലിയെയും നിയന്ത്രിക്കുവാന്‍ വേണ്ട ശക്തി സ്വരൂകൂട്ടുവാനുള്ള ഒരു വന്‍ ഊര്‍ജ്ജസ്രോതസ്സായി കൃഷിയെ ഉയര്‍ത്തിയിരിക്കുന്നു, അല്ലെങ്കില്‍ പരിമിതപ്പെടുത്തിയിരിക്കുന്നു.
ഇന്ത്യ ഇത്തരം വളര്‍ച്ചയുടെ വെള്ളിവെളിച്ചം വീശുന്ന ഒരു കേന്ദ്രമാണ്.  സ്വാതന്ത്ര്യാനന്തര ഇന്ത്യ നേടിയ ഏറ്റവും വലിയ കരുത്ത് ഭക്ഷ്യസ്വയംപര്യാപ്തതയും തുടര്‍ന്ന് നേടിയ ലോക കമ്പോളത്തിലെ പരിതശക്തിസ്ഥാനവും ഇന്ന് നാം അനുഭവിക്കുന്ന ഭക്ഷ്യസുരക്ഷയും കാര്‍ഷികാധിഷ്ഠിത ഉല്‍പന്നങ്ങളുടെ څനിര്‍മ്മാണവുംچ കയറ്റുമതിയുമാണ്.  ഈ നേട്ടം വ്യവസായം, വാണിജ്യം, നയതന്ത്രജ്ഞത, യന്ത്രവല്ക്കരണം, ശൂന്യാകാശ ഗവേഷണം എന്തിനേറെ ഉപഗ്രഹ പ്രയാണമെഖല എന്നീ മേഖലകളില്‍ പുതിയ മാന്യതയും രാജ്യത്തിനും ഭരണാധികാരികള്‍ക്കും പൗരന്മാര്‍ക്കും നിറപ്പകിട്ടാര്‍ന്ന പുതുപുത്തന്‍   സ്വീകാര്യതയും ലഭ്യമാക്കുകയാണ്.

ഈ മനോഹര കാഴ്ചയുടെ പിന്നാമ്പുറത്തേയ്ക്ക് കടക്കുമ്പോഴാണ് അതിന്‍റെ സൃഷ്ടാക്കളില്‍ പ്രമുഖരായ കര്‍ഷകലക്ഷങ്ങളുടെ ജീവിതത്തിന് സംഭവിച്ചിരിക്കുന്ന പടുതകര്‍ച്ചയും തന്മൂലം സംജാതമായിരിക്കുന്ന ജീവിത നൈരാശ്യവും പ്രകടമാകുന്നത്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ദുഃഖപൂര്‍ണ്ണമായിട്ടുള്ള അവസ്ഥ ഏവര്‍ക്കും അപമാനമായ കര്‍ഷക ആത്മഹത്യയാണ്. കൂട്ടത്തോടെ കൃഷി വിട്ടുപോകാനുള്ള കര്‍ഷകരുടെ വ്യഗ്രതയും പുതിയ തലമുറ കൃഷിയിലേയ്ക്ക് കടന്നുവരാതെ മാറിപോകലും നമ്മുടെ ഭാവി വളര്‍ച്ചയുടെ ഏറ്റവും വലിയ ചോദ്യചിഹ്നമായി ഉയര്‍ന്നുകഴിഞ്ഞിരിക്കുന്നു. മറ്റെല്ലാ നേട്ടങ്ങളും ഇതിനുമുമ്പില്‍ നിഷ്പ്രഭങ്ങളായി മാറുന്നു. 70 കോടി ജനങ്ങളുടെ ജീവിത ഭദ്രത തകര്‍ക്കപ്പെടുമോ എന്ന ഭീതി വളരുകയാണ്. ഇതിനുള്ള പ്രതിവിധിയാണ് ഇന്ത്യയ്ക്ക് ഭാവി നിര്‍ണ്ണയിക്കുന്ന ഏറ്റവും വലിയ കര്‍മ്മമാര്‍ഗ്ഗമായി മാറുന്നത്. ഇന്ത്യയെ സ്നേഹിക്കുന്ന സകലരുടെയും ശ്രമം ഇതിലേക്ക് കടന്നുവന്നേ മതിയാകൂ!

രാജ്യവ്യാപകമായ ശ്രദ്ധയ്ക്കുമപ്പുറം ഈ രംഗത്തെ കരുത്തോടെ സംരക്ഷിക്കുന്നത് രാജ്യത്തിന്‍റെ പരമാധികാരത്തെ സംരക്ഷിക്കുവാന്‍ അനിവാര്യമായിരിക്കുന്നു. ഇന്ത്യയ്ക്കും ഇതു ബാധകം. അതിനാല്‍ കൃഷിയ്ക്കും കൃഷിക്കാരനും തമ്മിലുള്ള ബന്ധത്തില്‍ ഒരു പുതുയുഗപിറവി അനിവാര്യമായിരിക്കുന്നു. കഴിഞ്ഞ സഹസ്രങ്ങളില്‍ സൃഷ്ടിക്കപ്പെടാത്ത ഒരു മാറ്റമായിരിക്കും അത്.  ഇതിന്‍റെ മുന്‍നിര സംഘാടകര്‍ കൃഷിക്കാരുടെ നേതാക്കളും കാര്‍ഷിക ശാസ്ത്ര-സാങ്കേതിക വിദഗ്ധരും ധനതത്വവിദഗ്ധരും സാമൂഹ്യശാസ്ത്രജ്ഞന്മാരും സര്‍വ്വോപരി എല്ലാ തുറകളിലുമുള്ള കര്‍ഷക സ്നേഹികളുമാകണം. ഇത്തരത്തിലുള്ള ഒരു തിരിച്ചറിവിന്‍റെയോ ചിന്തകളുടെയോ ഫലമായിട്ടാണ് സാഹസികമായ ഒരു സംരംഭമായി ഫാം കെയര്‍ ഫൌണ്ടേഷന് രൂപം നല്‍കിയിരിക്കുന്നത്. സമൂര്‍ത്തമായ ഒരു സൃഷ്ടിപരമായ വ്യതിയാനം കാര്‍ഷിക മേഖലയില്‍ സൃഷ്ടിച്ചെടുക്കുവാനുള്ള ഒരു ദീര്‍ഘകാല യത്നത്തിന്‍റെ ശുഭ തുടക്കമായി ഇതിനെ കണക്കാക്കാം.

ലക്ഷ്യങ്ങള്‍

 • കര്‍ഷകശാക്തീകരണം, പ്രവര്‍ത്തിക്കുന്നതും യാഥാര്‍ത്ഥ്യമായി അനുഭവപ്പെടുന്നതുമായ രീതിയില്‍ ചൂഷണരഹിതവും സുസ്ഥിരവളര്‍ച്ചയ്ക്ക് വഴിനല്‍കും വിധവുമായി വികസന യജ്ഞങ്ങളുടെ ആസൂത്രണവും നടത്തിപ്പും സുതാര്യമാക്കുക.
 • ജനസമൂഹത്തിന് ഭക്ഷ്യസുരക്ഷ, കാര്‍ഷിക വിഭവലഭ്യത ഉറപ്പിക്കുക.
 • അത്യാഹിതങ്ങളില്‍ നിന്നും പ്രതികൂല സാഹചര്യങ്ങളില്‍ നിന്നും കര്‍ഷകര്‍ക്ക് സുരക്ഷ നല്‍കുക.
 • സാമൂഹ്യഭദ്രതയോടൊപ്പം തന്നെ സാമൂഹ്യമാന്യതയും കൃഷിക്കാര്‍ക്ക് ലഭ്യമാക്കുക.
 • മുന്‍പ് സൂചിപ്പിച്ച ലക്ഷ്യപ്രാപ്തിയ്ക്കാവശ്യമായ പദ്ധതികള്‍ക്കും പ്രോജക്ടുകള്‍ക്കും രൂപം നല്‍കുക.
 • ഇതിനാവശ്യമായ വിജ്ഞാന സമ്പാദനം, വിജ്ഞാന  വ്യാപനം എന്നിവ നടത്തുക.
 • ഗവേഷണ-വികസനപഠനങ്ങള്‍ക്ക് പദ്ധതിരൂപീകരണത്തിനും പ്രാദേശിക വിജ്ഞാനലഭ്യതകള്‍ക്ക് അനുസൃതമായ  നവീനരൂപവും ഭാവവും പ്രവര്‍ത്തനശൈലിയും രൂപപ്പെടുത്തുക.
 • കൃഷി സംബന്ധമായ നിയമങ്ങള്‍, നിയമ വ്യവസ്ഥകള്‍, നിയമ തടസ്സങ്ങള്‍, നിയമ നിര്‍മ്മാണം, നിയമം നടപ്പാക്കുവാനുള്ള റൂളുകളുടെ പ്രസക്തി ഇവയെക്കുറിച്ചുള്ള പഠനം, പ്രയോഗം, ഇവ കര്‍ഷകപക്ഷമാക്കാന്‍ യത്നിക്കുക.
 • കൃഷിയുടെ സാമൂഹ്യപ്രതിബന്ധതയും മറ്റു ജീവിതമേഖലകളുമായിട്ടുള്ള ബന്ധങ്ങളെപ്പറ്റിയുള്ള പഠനം, പുതിയ സാങ്കേതിക മുറകളുടെ ഇത്തരം രംഗങ്ങളിലെ പ്രസക്തി പഠനം, പരീക്ഷണം, ഇവ നടത്തുക.
 • കൃഷി, കൃഷിയിതര രംഗങ്ങളിലെ വനിതകള്‍, യുവാക്കള്‍, പിന്നോക്കവിഭാഗക്കാര്‍ തുടങ്ങിയവര്‍ നേരിടുന്ന പ്രത്യേക പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാന്‍ യത്നിക്കുക.
 • ജൈവ വൈവിദ്ധ്യസംരക്ഷണം, പ്രകൃതി വിഭവസംരക്ഷണം തുടങ്ങിയ വിശാലമായ കാഴ്ചപ്പാടുകളോടുള്ള കര്‍ഷകസമീപനങ്ങള്‍ വാര്‍ത്തെടുക്കുക.
 • കൃഷിയേയും കൃഷിക്കാരേയും സംബന്ധിക്കുന്ന സര്‍വ്വപ്രശ്നങ്ങളിലും സജീവമായ പങ്കാളിത്തം ലഭ്യമാക്കുക.

 

ഈ മഹത്തരമായ ലക്ഷ്യങ്ങളെപ്പറ്റി പറയുമ്പോള്‍തന്നെ സുവ്യക്തമാക്കേണ്ട കാര്യങ്ങളുണ്ട്.

ഇന്ത്യയിലേയും കേരളത്തിലേയും കാര്‍ഷിക മേഖലകള്‍ പൊതുവില്‍ ചിത്രീകരിക്കുംവിധം ഉല്പാദന വര്‍ദ്ധനവുകൊണ്ടുമാത്രം ഭദ്രമാകുന്നില്ല എന്ന വസ്തുത ഓര്‍മ്മയില്‍ ഉണ്ടാകണം. സുസ്ഥിരമായ ഉല്പാദനക്ഷമത നിലനിര്‍ത്തുകയും ക്രമമായി അവ ഉയര്‍ത്തുകയുമാണ് ലക്ഷ്യമായി പറയുന്നതെങ്കിലും ഇന്നത്തെ ആഗോളപരിസ്ഥിതിയില്‍ ആഭ്യന്തര സുരക്ഷയുടെ ഭാഗമായിട്ട് മികച്ച രീതിയിലുള്ള ഭക്ഷ്യകരുതലും വിദേശ കയറ്റുമതിയും ഉണ്ടായാല്‍ മാത്രം പോരാ, മൂല്യവര്‍ദ്ധിത ഉല്പന്നനിര്‍മ്മാണവും അവയുടെ മുന്‍കിട വിപണന തന്ത്രവും കൂടിയേ തീരൂ.കൃഷി ജീവനെങ്കില്‍ വാണിജ്യം ജീവനാഡിയാണ്.  ഇതില്‍ വിഭവങ്ങളുടെ ഉല്പാദന മേഖലയിലാണ് കഴിഞ്ഞ 60 വര്‍ഷത്തിലേറെയായി ഇന്ത്യ ശ്രമിക്കുന്നതും നേട്ടം ഉണ്ടാക്കുന്നതും. ഇതില്‍ പക്ഷേ ഉല്പാദകര്‍ തളര്‍ന്ന് കളം വിടുന്ന കാഴ്ചയും വാണിജ്യശക്തികള്‍ സാമ്പത്തിക സാമൂഹ്യജീവശൈലിരംഗത്ത് അത്യാധുനികതയിലേക്ക് കുതിക്കുന്നതും നാം കാണുന്നു. ചുരുക്കത്തില്‍, കര്‍ഷകര്‍ വെറും അസംസ്കൃത കാര്‍ഷിക വിഭവ ഉല്പാദകരായി നശിക്കുമ്പോള്‍ അതിന്‍റെ വാണിജ്യ-വ്യവസായ മേഖല നിയന്ത്രിക്കുന്ന ശക്തികള്‍ വളരുന്നു. കര്‍ഷകക്ഷേമം പഴയതുപോലെ വേദപുസ്തകത്തിലെ പുകഴ്ത്തലുകളായി നിലനില്‍ക്കുന്നു. ഇതു മാറണം. മാറ്റിയേ മതിയാകൂ.

അവകാശലാഭം, വിളസംരക്ഷണ ഇന്‍ഷുറന്‍സ്, മിനിമം ലാഭം ഉറപ്പുവരുത്തല്‍, നീതിപൂര്‍വ്വമായ സംഭരണം, വിപണനം, സംസ്ക്കരണം, കയറ്റുമതി തുടങ്ങിയ മേഖലകളില്‍ കര്‍ഷക കൂട്ടായ്മ കമ്പനികളുടെ സജിവപ്രവര്‍ത്തനം ഇവയെല്ലാം യാഥാര്‍ത്ഥ്യമാക്കാന്‍ നമുക്ക് ഇന്ന് കഴിയും. കഴിഞ്ഞേ മതിയാകൂ. നമ്മുടെ ഗവേഷണം, വികസനം, സംഭരണം, സാമ്പത്തിക നിക്ഷേപം, സംഘടനാ സംവിധാനങ്ങള്‍ ഇവയെല്ലാം കര്‍ഷക ക്ഷേമത്തിന് പ്രധാന്യം നല്‍കി പുനഃസംഘടിപ്പിക്കണം. ഇന്ന് നാം വെള്ളകോളര്‍ ലോകത്ത് കാണുന്ന മാറ്റങ്ങള്‍ ശ്രദ്ധിക്കണം. സംഘടനാശക്തിവഴി ബോണസ്, അധികവേതനം, മെഡിക്കല്‍ സൗകര്യങ്ങള്‍, വിനോദസഞ്ചാര  സൗകര്യങ്ങള്‍, പാര്‍പ്പിട  സൗകര്യസഹായങ്ങള്‍, വിദ്യാഭ്യാസ സൗകര്യ സഹായങ്ങള്‍, എന്തിനേറെ ഷെയറുകളില്‍ പങ്കാളിത്തംവരെ ലഭ്യമാക്കുന്നു. ഇവയൊന്നും തന്നെ കൃഷിക്കാരനു കിട്ടുന്നില്ല. ഈ അവകാശങ്ങള്‍ കൃഷിക്കാരന് ലഭ്യമാക്കാനുള്ള ചുമതല സമൂഹവും ഭരണാധികാരികളും പലപ്പോഴും മറക്കുന്നു. ഇന്ത്യയില്‍ 1947 മുതല്‍ സ്വാതന്ത്ര്യം ആസ്വദിച്ചിട്ടും കര്‍ഷക ക്ഷേമ ബോര്‍ഡുകള്‍ ഒരു തലത്തിലും നിയമ പിന്തുണയോടെ വരാത്തതിന്‍റെ കാര്യവും ഓര്‍ക്കണം, അല്പം ലജ്ജയോടെയെങ്കിലും.

പുതിയ കൃഷിക്കാരനെ വാര്‍ത്ത് എടുക്കുകയല്ല, വളര്‍ത്തി എടുക്കുകയാണ് വേണ്ടത്.  കൃഷി തൊഴിലിന് സാമൂഹ്യമാന്യത കസവു നേര്യതുകള്‍ പുതയ്ക്കുന്നത് വഴി സൃഷ്ടിക്കപ്പെടുന്നതു മാത്രമല്ല, ഉല്പന്നങ്ങള്‍ മൂല്യവര്‍ദ്ധിതമാക്കി, അസംസ്ക്കൃത ഉല്പന്നത്തിന്‍റെ ഇരുപതും മുപ്പതും ഇരട്ടി ആദായം നേടുമ്പോള്‍ അതിന്‍റെ മേലുള്ള കര്‍ഷകാവകാശം സ്ഥാപിക്കപ്പെടണം. അതിന്‍റെ പങ്ക് കൃഷിക്കാരനും ലഭിക്കണം. അങ്ങിനെ വന്നാല്‍, ഇന്ത്യയില്‍ 70 കോടിയില്‍പരം ജനങ്ങള്‍ ഇതിന്‍റെ ക്ഷേമം അനുഭവിക്കുന്നവരായി മാറും. അതിനുള്ള തുടക്കം കേരളത്തില്‍ നിന്ന് ആരംഭിയ്ക്കാം. സമൂഹത്തിലെ ഏറ്റവും മിടുക്കന്മാര്‍ കൃഷിയിലേക്ക് ഓടിവരുന്ന നാള്‍ അപ്പോഴാണ് പിറക്കാന്‍ പോകുന്നത്.

ഈ മാറ്റത്തിന്‍റെ സുഗന്ധവാഹിയായ മന്ദമാരുതനെ നമുക്കു സൃഷ്ടിക്കാന്‍ കഴിയും എന്ന ആത്മവിശ്വാസമാണ് ഫാം കെയര്‍ ഫൌണ്ടേഷന്‍റെ രൂപീകരണത്തിന്‍റെ പിന്നിലെ പ്രേരക ശക്തി! കൃഷിയും കൃഷിക്കാരനും ഉപഭോക്താവിനെപ്പോലെ ഐശ്വര്യം ലഭ്യമാക്കുന്ന ഒരു കാര്‍ഷിക രംഗം നമുക്കു പടുത്തയര്‍ത്താം. അതിനുവേണ്ടി നമുക്ക് കൂട്ടായി യത്നിയ്ക്കാം.

കടപ്പാട്-http:www.farmcarefoundation.in© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate