Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ഫാം കെയര്‍

കൂടുതല്‍ വിവരങ്ങള്‍

പുതയിട്ട് മണ്ണിനെ സംരക്ഷിക്കാം

വേനല്‍ച്ചൂടിൻ്റെ കാഠിന്യം കൂടിവരുന്നതനുസരിച്ച് സൂര്യതാപം നേരിട്ട് ഏല്‍ക്കുന്ന മേല്‍മണ്ണിൻ്റെ ആരോഗ്യം ക്ഷയിച്ചു തുടങ്ങും. സൂര്യപ്രകാശവും മഴവെള്ളവും നേരിട്ടു പതിക്കുന്നത് മണ്ണിനും വിളകള്‍ക്കും ഒട്ടും ഗുണകരമല്ല. ഇതില്‍നിന്നു രക്ഷനേടാനുള്ള ഏറ്റവും ലളിതവും ഫലപ്രദവുമായ മാര്‍ഗമാണ് പുതയിടല്‍. 

നമ്മുടെ മണ്ണിലെ ജൈവാംശത്തിൻ്റെ തോത് ഒരുശതമാനത്തില്‍ താഴെയാണ്. ജൈവാംശമില്ലാത്ത മണ്ണിന് ആരോഗ്യവും കുറവാകും. നമ്മുടെ ചുറ്റുവട്ടത്തുനിന്നു ലഭിക്കുന്ന ജൈവാവശിഷ്ടങ്ങള്‍ ഉപയോഗപ്പെടുത്തി വിളകളുടെ ചുവട്ടില്‍ പുതയിടുകയാണെങ്കില്‍ ജൈവാംശത്തിൻ്റെ അളവു കൂട്ടാനും മണ്ണിൻ്റെ ഗുണം മെച്ചപ്പെടുത്താനും സാധിക്കും.

* തുറസ്സായിക്കിടക്കുന്ന ഭൂമിയുടെ പ്രതലത്തെ ഏതെങ്കിലും വസ്തുവിനാല്‍ മൂടുന്ന പ്രക്രിയയാണ് പുതയിടുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
* മണ്ണിലെ ജലാംശം നിലനിര്‍ത്തുന്നതിനും മണ്ണൊലിപ്പു തടയുന്നതിനും പുത അത്യാവശ്യമാണ്.
* മണ്ണിന്റെ താപവില കാര്യമായ വ്യതിയാനംവരാതെ താപക്രമീകരണം നടത്താനും മണ്ണിനെ പുതപ്പിക്കണം. 
* പുരയിടത്തില്‍ സുലഭമായ പാഴ്വസ്തുക്കള്‍ പുതയാക്കുന്നതുവഴി ചെലവുകുറഞ്ഞ രീതിയില്‍ ജലസംരക്ഷണം സാധ്യമാകും. 
*ജൈവവസ്തുക്കള്‍ ഉപയോഗിച്ചുള്ള പുത കാലക്രമത്തില്‍ ദ്രവിച്ചുചേരുകവഴി മണ്ണിന്റെ വളക്കൂറ് വര്‍ധിക്കും. 
* മണ്ണിന്റെ ഈര്‍പ്പവും ചൂടും സംരക്ഷിക്കുന്നതോടൊപ്പം പോഷകഘടകങ്ങള്‍ ഒലിച്ചുപോകാതെ കാത്തുസൂക്ഷിക്കാനും പുതയ്ക്ക് കഴിയുന്നു. 
* വെള്ളത്തുള്ളികള്‍ നേരിട്ട് മണ്ണില്‍ പതിക്കാത്തതിനാല്‍ ഉപരിതലത്തിലുള്ള മണ്ണൊലിപ്പ് കുറയും.
* മണ്ണിരയുടെയും സൂക്ഷ്മാണുക്കളുടെയും പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും മണ്ണിൻ്റെ ഘടനയും സ്വഭാവവും നന്നാക്കാനും പുത സഹായിക്കും. 
* പൂക്കളും കായകളും വെള്ളവുംമണ്ണും തെറിച്ച് കേടാകാതെ തടയുന്നു. 
* മണ്ണിലൂടെ പകരുന്ന പല രോഗാണുക്കളും കീടങ്ങളും മറ്റും കൃഷിയിടത്തിൻ്റെ മറ്റുഭാഗങ്ങളിലേക്ക് വ്യാപിക്കുന്നത് ഒരുപരിധിവരെ തടയാനും പുത      സഹായിക്കും. 
* സ്ഥിരമായി ഈര്‍പ്പമുള്ള അവസ്ഥയാണ് ചെടികളുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യം. അതുകൊണ്ടുതന്നെ പുതയിടല്‍ ഒരു സംരക്ഷണകവചം എന്നതിലുപരി  ഉല്‍പ്പാദന വര്‍ധനവിനും സഹായിക്കുന്നു.
* സൂര്യപ്രകാശം മണ്ണിലെത്തുന്നതു തടഞ്ഞ് കളവിത്തുകള്‍ മുളയ്ക്കുന്നത് നിയന്ത്രിക്കും.
* മണ്ണിൻ്റെ താപക്രമീകരണത്തിലൂടെ വേരുവളര്‍ച്ച ത്വരിതപ്പെടുത്തും. 
* ജൈവിക പുതയായി വൈക്കോല്‍, ഉണങ്ങിയ കളകള്‍, കരിയില, ഉണക്ക ഓല, മരച്ചീളുകള്‍, മരത്തിൻ്റെ പുറംതൊലി, അറക്കപ്പൊടി, ചകിരി തുടങ്ങി     ഏത് ജൈവവാശിഷ്ടവും ഉപയോഗിക്കാം.
* കരിയിലകള്‍ പച്ചക്കറിക്കൃഷിക്ക് പുതയാക്കാം. 
* തെങ്ങിന്‍തടങ്ങളില്‍ തൊണ്ട്, ചകിരിച്ചോര്‍, അടയ്ക്കാതൊണ്ട് തുടങ്ങിയവ വിരിക്കാം. അറക്കപ്പൊടി, മരച്ചീളുകള്‍, ചെറുശിഖരങ്ങള്‍ ഇവ സാവധാനത്തിലേ ചീയുകയുള്ളു. അതുകൊണ്ടുതന്നെ ദീര്‍ഘകാലം നിലനില്‍ക്കും. 
* ഏതു ചെടിക്കും അതിൻ്റെ തടത്തില്‍ വട്ടത്തിലാണ് പുതയൊരുക്കേണ്ടത്. 
* കാര്‍ഷികാവശിഷ്ടങ്ങള്‍ ഒന്നുണങ്ങി വാടിയശേഷം പുതയിടാന്‍ ഉപയോഗിക്കുന്നതാണ് ഉത്തമം. അല്ലെങ്കില്‍ അഴുകിത്തുടങ്ങുമ്പോള്‍ ഉണ്ടാകുന്ന ചൂടും രാസപ്രവര്‍ത്തനങ്ങളും ചെടിയെ പ്രതികൂലമായി ബാധിക്കും. 
* ഒന്നിച്ച് കൂട്ടിയിടാതെ തടം മുഴുവന്‍ രണ്ടുമുതല്‍ ആറ് ഇഞ്ച് കനത്തില്‍വരെ പുതയിടാം.
* ചുവടുമറയാതെ ചെടിയുടെ ചുവട്ടില്‍നിന്ന് കുറച്ചു മാറിവേണം പുതയിടാന്‍. 
* ജലാംശം കൂടുതലുള്ള വസ്തുവോ പൊടിരൂപത്തിലുള്ള വസ്തുവോ ഉപയോഗിക്കുമ്പോള്‍ പുതയുടെ കനം മൂന്ന് ഇഞ്ചില്‍ കൂടരുത്. 
* കളകള്‍ നീക്കി ഒരു നകൂടി നടത്തിയശേഷം പുതയിടുന്നതിന് ഗുണം കൂടും. 
* പുതയിട്ട വസ്തുക്കള്‍ ചീഞ്ഞുനാറുന്ന അവസ്ഥയുണ്ടായാല്‍ ഇളക്കിമറിച്ച് വായുസഞ്ചാരം ഉറപ്പുവരുത്തി കനം കുറയ്ക്കാം. ഈ ഗുണഫലങ്ങളെക്കാള്‍ കേരളത്തിലെ മണ്ണിന് ഇന്ന് ഏറ്റവും അത്യാവശ്യം ജൈവാംശമാണ്. 
* ആരോഗ്യമുള്ള മണ്ണില്‍ ഏറ്റവും കുറഞ്ഞത് അഞ്ചുശതമാനം ജൈവാംശം വേണമെന്നതാണ് കണക്ക്.
* മണ്ണിൻ്റെ ജലാഗിരണശേഷിയും ജലസംഭരണശേഷിയും വര്‍ധിക്കുന്നതിനും വിളയുടെ ഉല്‍പ്പാദനക്ഷമത കൂട്ടുന്നതിനും ജൈവപുത സഹായിക്കും.

ചകിരിച്ചോര്‍ കമ്പോസ്റ്റ് തയാറാക്കാം

ജൈവകൃഷിയില്‍ വലിയ പ്രാധാന്യമാണ് ചകിരിച്ചോര്‍ കമ്പോസ്റ്റിനുള്ളത്. അടുക്കളത്തോട്ടത്തിലും ടെറസ് കൃഷിയിലും, ഗ്രോ ബാഗ് തയാറാക്കുമ്പോഴും ഒഴിച്ചു കൂട്ടാന്‍ പറ്റാത്ത വസ്തുവാണ് ചകിരിച്ചോര്‍ കമ്പോസ്റ്റ്. ചകിരിയില്‍ നിന്ന് ചകിരിനാര് വേര്‍തിരിച്ച ശേഷം മിച്ചം വരുന്ന ചകിരിച്ചോറില്‍ നിന്നും നല്ല കമ്പോസ്റ്റ് വളം നിര്‍മ്മിക്കാം. വീട്ടില്‍ തന്നെ തയ്യാറാക്കുവാന്‍ പറ്റുന്ന ഒന്നാണിത്. ഗ്രോബാഗില്‍ മണ്ണിനൊപ്പം നിറയ്ക്കുന്ന ചകിരിച്ചോറിന് വലിയ ഗുണങ്ങളാണുള്ളത്.

ചകിരിച്ചോറ് നേരിട്ട് ജൈവവളമായി ഉപയോഗിക്കാറില്ല. സൂക്ഷ്മ ജീവികള്‍ക്ക് ഇതിനെ വിഎന്നാല്‍ പ്ലൂറോട്ടസ് സൊജോര്‍-കാജു, ആസ്പര്‍ജില്ലസ്, ട്രൈക്കോഡെര്‍മ മുതലായ കുമികളുകള്‍ക്ക് ചകിരിച്ചോറിനെ എളുപ്പം വിഘടിച്ച് വളമാക്കി മാറ്റാന്‍ കഴിയും. ചകിരിച്ചോറിനെ എളുപ്പത്തില്‍ കമ്പോസ്റ്റാക്കാന്‍ ഉപയോഗിക്കുന്ന വസ്തുവാണ് പിത്ത് പ്ലസ്. ഇതു വിപണിയില്‍ വാങ്ങാന്‍ ലഭിക്കും. ജൈവവളം നിര്‍മിക്കാന്‍ ആവശ്യമായ പൂപ്പല്‍ മിശ്രിതമാണിത്. കയര്‍ ബോര്‍ഡ് ഇതു വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മിച്ച് വിതരണം ചെയ്യുന്നുണ്ട്.

കമ്പോസ്റ്റ് നിര്‍മിക്കുന്നവിധം

നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം വേണം കമ്പോസ്റ്റ് നിര്‍മാണത്തിനായി തെരഞ്ഞെടുക്കാന്‍. തറയില്‍ അഞ്ച് മീറ്റര്‍ നീളത്തിലും മൂന്നു മീറ്റര്‍ വീതിയിലുമായി 10 സെമി കനത്തില്‍ ചകിരിച്ചോര്‍ നിരത്തുക. 400 ഗ്രാം പിത്ത് പ്ലസ് ഇതിനു മുകളിലായി ഒരേ കനത്തില്‍ വിതറുക. അതിനു ശേഷം പഴയപടി 100 കിലോഗ്രാം ചകിരിച്ചോര്‍ പിത്ത് പ്ലസിനു മുകളില്‍ വിതറണം. ഈ ക്രമത്തില്‍ 10 അടുക്ക് ചകിരിച്ചോര്‍ വിതറണം. ഈര്‍പ്പം നിലനിര്‍ത്താന്‍ ആവശ്യത്തിന് വെള്ളം നനച്ചു കൊടുക്കണം. ചണച്ചാക്ക്, വാഴയില, തെങ്ങോല എന്നിവ കൊണ്ടു പുതയിടുന്നതും ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും. 30-40 ദിവസം കൊണ്ടു ചകിരിച്ചോര്‍ കമ്പോസ്റ്റ് ലഭിക്കും. ഒരു ടണ്‍ ചകിരിച്ചോറിയില്‍ നിന്ന് 600 കിലോഗ്രാം കമ്പോസ്റ്റ് ലഭിക്കും. ചകിരിച്ചോറിന്റെ അളവ് കുറച്ച് ഇതേ രീതിയില്‍ നമുക്ക് വീട്ടിലും കമ്പോസ്റ്റ് നിര്‍മിക്കാം.
സംസ്‌കരിച്ചെടുത്ത ചകിരിച്ചോറില്‍ 1.26% നൈട്രജന്‍, 0.06% ഫോസ്ഫറസ്, 1.20% പൊട്ടാഷ് എന്നിവയ്ക്കു പുറമെ ലിഗ്‌നില്‍ 4.80%, സെല്ലുലോസ് 10% എന്നിവ അടങ്ങിയിരിക്കുന്നു. നെല്‍കൃഷി ഏക്കറിന് നാല് ടണ്‍, തെങ്ങിന് 50 കി.ഗ്രാം, കശുമാവിന് 50 കി.ഗ്രാം എന്ന തോതില്‍ ഉപയോഗിക്കാം. മണ്ണിൻ്റെ ഈര്‍പ്പം നിലനിര്‍ത്തുന്നതിനും, മണ്ണിളക്കം കൂട്ടുന്നതിനും, വേരുകളുടെ പ്രവര്‍ത്തനം ഉത്തേജിപ്പിക്കുന്നതിനും, ഉല്‍പ്പാദനം കൂട്ടുന്നതിനും ഗുണമേന്മ വര്‍ധിപ്പിക്കുന്നതിനും ഈ കമ്പോസ്റ്റിനു കഴിയും.

ഗുണങ്ങള്‍

ചകിരിച്ചോര്‍ കമ്പോസ്റ്റ് നല്ല ജൈവവളമെന്നതിനു പുറമേ മണ്ണില്‍ വായുസഞ്ചാരം ഉറപ്പാക്കുന്നത്തിനും സഹായിക്കും. മണ്ണിലെ ഈര്‍പ്പനില ഉയര്‍ത്തുകയും ചെടികളുടെ വേരുപടലത്തിൻ്റെ   വളര്‍ച്ചയ്ക്കു വേഗം കൂട്ടുകയും ചെയ്യുന്നു. സസ്യമൂലക ആഗിരണശേഷി കൂടുന്നു. വിളവിൻ്റെ    അളവും ഗുണവും വര്‍ധിക്കും. ഗ്രോബാഗ്, ചട്ടികള്‍ എന്നിവയുടെ ഭാരം കുറയ്ക്കാനും ചകിരിച്ചോര്‍ കമ്പോസ്റ്റ് ഉപയോഗിക്കുന്നത് സഹായിക്കും.

ഇഞ്ചി കൃഷിയും പരിചരണ മാര്‍ഗങ്ങളും

ഏലം കഴിഞ്ഞാല്‍ കേരളത്തില്‍ വളരെ പ്രധാന്യമുള്ളതാണ് സുഗന്ധവൃഞ്ജനങ്ങളില്‍ ഒന്നാണ് ഇഞ്ചി. ദക്ഷിണേന്ത്യയാണ് ഇഞ്ചിയുടെ ജന്മദേശം. ഇന്ത്യയില്‍ ഉണ്ടാക്കുന്ന ചുക്കിൻ്റെ 90 ശതമാനവും കയറ്റി അയക്കുകയാണ്. ഇന്ത്യന്‍ ചുക്കിനും ഇഞ്ചിക്കും ലോക മാര്‍ക്കറ്റില്‍ വലിയ പ്രധാന്യമാണുള്ളത്. അന്തരീക്ഷ ഈര്‍പ്പം കൂടിയ സ്ഥലങ്ങളിലാണ് ഇഞ്ചി കൃഷി ചെയ്യാന്‍ നല്ലത്. നീര്‍വാര്‍ച്ചയുള്ള മണല്‍മണ്ണ്, ചെളിമണ്ണ്, ചരല്‍മണ്ണ് എന്നിവിടങ്ങളില്‍ ഇഞ്ചി കൃഷി നടത്താം. ജൈവാംശം കൂടുതലുള്ള മണ്ണിലാണ് കൃഷി ചെയ്യുവാന്‍ കൂടുതല്‍ അനുയോജ്യം. മണ്ണില്‍ നിന്ന് വളാംശം കൂടുതല്‍ വലിച്ചെടുക്കുന്നതിനാല്‍ ഒരു സ്ഥലത്ത് തന്നെ തുടര്‍ച്ചയായി ഇഞ്ചി കൃഷി ചെയ്യുന്നത് നല്ലതല്ല. 

ചുക്കിന് പറ്റിയ ഇഞ്ചിയിനങ്ങളാണ് മാരന്‍, വയനാട്, മാനന്തവാടി, ഹിമാചല്‍, വള്ളുവനാട്, കുറുപ്പംപടി, ഐ ഐ എസ് ആർ - വരദ, ഐ ഐ എസ് ആർ -രജത, ഐ ഐ എസ് ആർ -മഹിമ എന്നിവ.  റിയോ  ഡി ജനിറോ, ചൈന,വയനാട് ലോക്കല്‍, തഫന്‍ജീയ, ഓളിസോറെസിന്‍ എന്നിവയാണ് പച്ച ഇഞ്ചിക്കു നല്ലത്.

ഫെബ്രുവരി മാര്‍ച്ച് മാസങ്ങളിലാണ് കൃഷി ചെയ്യാന്‍ കൃഷിസ്ഥലത്ത് ജോലി ആരംഭിക്കണം. കിളച്ചൊരുക്കിയ ശേഷം ഒരു മീറ്റര്‍ വീതിയിലും 25 സെന്റിമീറ്റര്‍ ഉയരത്തിലും വാരം തയ്യാറാക്കി വേണം കൃഷി ചെയ്യുവാന്‍. നിരപ്പായ സ്ഥലത്ത് 25 വാരങ്ങള്‍ക്ക് ഒന്ന് എന്ന തോതില്‍ നീര്‍വാര്‍ച്ച ചാലുകളും ഉണ്ടാക്കണം. ഇഞ്ചി കൃഷിയില്‍ കഴിഞ്ഞ വര്‍ഷത്തെ ഇഞ്ചി കൃഷിയില്‍ നിന്നും ശേഖരിക്കുന്ന വിത്ത് ഇഞ്ചിയാണ് നടീല്‍ വസ്തു. എട്ട് മാസമാകുമ്പോള്‍ തന്നെ കരുത്തുള്ള നല്ല നല്ല ഇഞ്ചികള്‍ വിത്തിനായി കണ്ടുവെക്കണം. ഇങ്ങനെ കണ്ടു വെയ്ക്കുന്നവയില്‍ നിന്നും കിഴങ്ങിനു കേടുവരാത്ത രീതിയില്‍ വേണം പറിച്ചെടുക്കുവാന്‍.

ഇങ്ങനെ വിളവെടുത്ത ഇഞ്ചി മൂന്ന് ഗ്രാം മാങ്കോസെബ്, ഒരു മില്ലി മാലത്തയോണ്‍ എന്നിവ കലര്‍ത്തിയ ലായിനിയില്‍ 30 മിനിറ്റ് മുക്കിവെയ്ക്കണം. നടുന്നതിന് മുമ്പ് തണലുള്ള തറയില്‍ നിരത്തിയിട്ട് തോര്‍ത്തിയെടുക്കണം. തണലുള്ള പ്രദേശത്ത് കുഴിയെടുത്ത് മണലോ അറക്കപ്പൊടിയൊവിരിച്ച് വിത്ത് സൂക്ഷിക്കാം. ഇത് ഓലകൊണ്ട് മൂടണം കുഴിയില്‍ വായുസഞ്ചാരം ഉണ്ടാകണം. മാസത്തില്‍ ഒന്ന് വിത്ത് പരിശോധിച്ച് ചീഞ്ഞതുണ്ടെങ്കില്‍ മാറ്റണം.
ഏപ്രില്‍ മാസം ആദ്യത്തെ ആഴ്ച ഇഞ്ചി വിത്ത് നടാം. വേനല്‍ മഴ ലഭിക്കുന്നതിന് അശ്രയിച്ച് വിത്ത് നടണം. നന സൗകര്യമുള്ളിടത്ത് ഫെബ്രുവരിയില്‍ കൃഷിയിറക്കാം. ഒരു ഹെക്ടറിലെ കൃഷിയ്ക്ക് 1500 കിലോ ഗ്രാം വിത്തുവേണ്ടിവരും. വിത്ത് 15 ഗ്രാമില്‍ കുറയാതെ കഷണങ്ങളാക്കി 20 മുതല്‍ 25 സെന്റിമീറ്റര്‍ അകലത്തില്‍ അഞ്ച് സെന്റിമീറ്റര്‍ താഴ്ചയുള്ള കുഴികളെടുത്ത് നടാം. ആവശ്യമുള്ള നീളത്തിലും വീതിയിലും ബെഡ് തയ്യാറാക്കി അതില്‍ ചെറിയ തടങ്ങളെടുത്തും വിത്തുപാകാം. 

ഒരു ഹെക്ടര്‍ സ്ഥലത്ത് കൃഷിയ്ക്ക് അടിസ്ഥാന വളമായി ജൈവവളം 30 ടണ്ണും, യൂറിയ 150 കിലോഗ്രാമും രാജ്‌ഫോസ് 250 കിലോഗ്രാം,പൊട്ടാഷ് 90 കിലോ ഗ്രാം എന്നിവ വേണ്ടിവരും. ആദ്യ അടിവളമായി മുഴുവന്‍ രാജ്‌ഫോസും 45 കിലോ ഗ്രാം പൊട്ടാഷ്യം ചേര്‍ക്കണം. 60-ാം ദിവസത്തിലും 120-ാം ദിവസത്തിലും യൂറിയ 75 കിലോഗ്രാം യൂറിയ നല്‍കണം. പൊട്ടാഷ് 45 കിലോഗ്രാമും നല്‍കാം. നടീല്‍ കഴിഞ്ഞാല്‍ വാരങ്ങളില്‍ പുതയിടണം. ഹെക്ടറിന് 15 ടണ്‍ പച്ചില വേണ്ടിവരും.

ശല്‍ക്കകീടങ്ങള്‍, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു, ഇലപ്പേന്‍ എന്നിവയാണ് ഇഞ്ചിയെ ആക്രമിക്കുന്ന പ്രധാനകീടങ്ങള്‍. ശല്‍ക്കകീടങ്ങള്‍ കിഴങ്ങുകളില്‍ പറ്റിപിടിച്ചിരുന്ന് നീര് ഊറ്റിക്കുടിക്കുന്നു. വിത്ത് ശുദ്ധീകരിച്ച് നടുകയാണെങ്കില്‍ ഇത് പരിഹരിക്കാം. തണ്ടുതുരപ്പന്‍ ഉള്ളിലേക്ക് കയറി ഉള്‍ഭാഗം തിന്നുന്നതിനാല്‍ നാമ്പ് ഉണങ്ങുന്നു. റോഗര്‍ 30 ഇ സി,1.5 മില്ലി അല്ലെങ്കില്‍ ക്യുനാല്‍ഫോസ് 25 ഇ സി രണ്ട് മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ച് ഇവയെ നിയന്ത്രിക്കാം. ഇലചുരുട്ടി പുഴുവിന്റെ ആക്രമണം കണ്ടാല്‍ ഇലയുള്‍പ്പടെ ശേഖരിച്ച് നശിപ്പിക്കണം. ഇലപ്പേരന്‍ നീരുറ്റിക്കുടിക്കുന്നത് മൂലം ഇലകള്‍ മഞ്ഞളിക്കുന്നു. ഇതു നിയന്ത്രിക്കുവാന്‍ റോഗര്‍ 30 ഇ സി 1.5 മില്ലി ലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലര്‍ത്തി തളിക്കാണം.
മൃദുചീയല്‍,ബാക്ടീരിയല്‍ വാട്ടം, ഇലപ്പുള്ളി, മൂടുചീയല്‍ എന്നിവയാണ് ഇഞ്ചിയുടെ പ്രധാന രോഗങ്ങള്‍. മൃദുചീയല്‍ രോഗത്തിന്റെ ലക്ഷണം ഇല മഞ്ഞളിക്കുന്നതാണ്. രോഗബാധയുള്ള ചെടികളെ ഉടന്‍ തന്നെ പിഴുതുമാറ്റി നശിപ്പിക്കണം. കൂടാതെ ബോര്‍ഡോ മിശ്രിതം ഒരു ശതമാനം വിര്യത്തില്‍ തയ്യാറാക്കി ആഭാഗത്തെ മണ്ണ് കുതുര്‍ക്കുകയും വേണം. 

നടീല്‍ സമയത്ത് ട്രൈക്കോഡര്‍മ, സ്യൂഡോമോണാസ്, മൈക്കോറൈസ എന്നി ജീവാണുവളങ്ങള്‍ ചേര്‍ക്കുന്നതും രോഗസാദ്ധ്യത കുറയ്ക്കാന്‍ സഹായിക്കും. 
നട്ട് ആറുമാസം മുതല്‍ക്കെ വിളവെടുക്കാം. എന്നാല്‍ ചുക്ക് ആക്കുവാന്‍ 245 മുതല്‍ 260 ദിവസങ്ങള്‍ക്കുള്ളില്‍ പറിച്ചെടുക്കണം. ഒരു ഹെക്ടറില്‍ നിന്ന് 25 ടണ്‍ വരെ പച്ചയിഞ്ചി ലഭിക്കും.

മികച്ച വിളവിനു ഗ്രാഫ്റ്റ് പച്ചക്കറിത്തൈകൾ

ആറ്റുനോറ്റു വളർത്തിയ തക്കാളിയും മുളകും ഒരു സുപ്രഭാതത്തിൽ വാടി നിൽകുന്നത് ഏതൊരു കര്ഷകൻ്റെ യും ദുർസ്വപ്നമാണ്‌. തക്കാളി, മുളക്, വഴുതിന തുടങ്ങിയ ചെടികളിൽ എല്ലാം ഈ വാട്ട രോഗം കണ്ടുവരുന്നു. വെള്ളത്തിൻ്റെ കുറവ് കൊണ്ടാണെന്നു ധരിച്ചു കൂടുതൽ വെള്ളം നൽകിയാൽ ഒന്നും ഇതിനു പരിഹാരം ആകില്ല. ഒരു തരാം ബാക്റ്റീരിയൽ ആക്രമണം കൊണ്ടാണ് ഇത് സംഭവിക്കുന്നത്. പലപ്പോഴും നന്നായി കായ്ച്ചുകൊണ്ടിരിക്കുന്ന അവസരത്തിലായിരിക്കും ബാക്റ്റീരിയൻ വാട്ടം ഇവരെ കൂട്ടത്തോടെ ആക്രമിക്കുക.

വേരുകളിലെ ചെറിയ മുറിവുകളിലൂടെ റാസല്റ്റോണിയ എന്ന ബാക്ടീരിയ ചെടിക്കകത്ത് കയറുന്നതാണ് പ്രശ്നത്തിൻ്റെ തുടക്കം. അകത്ത് കയറിക്കൂടിയാല് ഇത് പെട്ടെന്ന് പെരുകും. വെള്ളവും പോഷകമൂലകങ്ങളും മുകളിലെത്തിക്കുന്ന നാളികളില്ക്കയറി തടസ്സം സൃഷ്ടിക്കുകയാണ് റാസല്റ്റാണിയയുടെ പ്രധാന ആക്രമണരീതി.പലപ്പോഴും നന്നായി കായ്ച്ചുകൊണ്ടിരിക്കുന്ന അവസരത്തിലായിരിക്കും ബാക്റ്റീരിയൻ വാട്ടം ഇവരെ കൂട്ടത്തോടെ ആക്രമിക്കുക.തടസ്സം രൂക്ഷമാകുന്നതി അടയാളപ്പെടുത്തലാണ് വിളകളിലെ വാട്ടം. ബാക്റ്റീരിയൽ ആക്രണമണം നടന്നുകഴിഞ്ഞാൽ ഈ ചെടികളെ രക്ഷിക്കാൻ ഒന്നിനും കഴിയില്ല

ഗ്രാഫ്റ്റിങ് രീതിക്കു സാദ്ധ്യതയേറുന്നത് ഈ അവസരത്തിലാണ്. ഉത്പാദനവർദ്ധനവ് വാട്ടരോഗത്തെ ചെറുക്കലും ഒത്തിണക്കാൻ പച്ചകറികളിലെ ഗ്രാഫ്റ്റിങ്ങിലൂടെ സാധിക്കുമെന്ന് കേരള കാര്ഷികസർവ്വകലാശാല ശാസ്ത്രജ്ഞന്മാർ തെളിയിച്ചിട്ടുണ്ട്. മാവ് ഉൾപ്പെടെയുള്ള ഫലവൃക്ഷങ്ങളുടെ ഗ്രാഫ്റ്റ് തൈകള് നമുക്ക് സുപരിചിതം. കരുത്തുറ്റ വേരുപടലവും രോഗപ്രതിരോധശേഷിയുമുള്ള ഇനങ്ങളാണ് മാതൃസസ്യമായി തിരഞ്ഞെടുക്കുക. തക്കാളിയും വഴുതനയും ഒട്ടിച്ചെടുക്കുന്നത് 'ചുണ്ട'യിലാണ്. വാട്ടരോഗത്തെയും നിമാവിരയെയും ചെറുക്കാൻ കഴിയുന്നതും ഉറച്ച വേരുപടലവും ചുണ്ടയുടെ മാതൃത്വത്തിന് ശക്തിയേകുന്നു.

അത്യുത്പാദനശേഷിയുള്ള സങ്കരയിനം തൈകളാണ് ചുണ്ടയില് ഒട്ടിച്ചെടുക്കുന്നത്. ഇതിന് ചുണ്ടയെയും ഒട്ടിക്കാനുദ്ദേശിക്കുന്ന സങ്കരയിനം തക്കാളിയുടെയും തൈകൾ പ്രത്യേകം വിത്തുപാകി തയ്യാറാക്കണം. മുളയ്ക്കാൻ പ്രയാമുള്ളതിനാൽ ചുണ്ടവിത്ത് ആദ്യം പാകാം. 20 ദിവസത്തിനുശേഷം സങ്കരയിനം തക്കാളിവിത്ത് പാകണം. അടുത്ത മൂന്നാഴ്ചകൊണ്ട് ചുണ്ടയും തക്കാളിയും 12 സെന്റിമീറ്റര്വരെ ഉയരം വെച്ച് ഒപ്പത്തിനൊപ്പമാകും. ഇനിയാണ് ഒട്ടിക്കല്.

ചുണ്ടത്തൈകളുടെ കടഭാഗം 5 സെന്റിമീറ്റര് ഉയരത്തില് നിർത്തി മേൽഭാഗം മുറിച്ചുമാറ്റണം. സങ്കരയിനം തൈകള് 'ഢ' ആകൃതിയില് മൂർച്ചയുള്ള ബ്ലേയ്ഡ് ഉപയോഗിച്ച് മുറിക്കണം. ചുണ്ട ത്തൈകളുടെ മുറിച്ച ഭാഗത്ത് നെടുകെ നാലു സെന്റിമീറ്റർ നീളത്തില് പിളർപ്പുണ്ടാക്കി അതിൽ മുറിച്ചെടുത്ത സങ്കരയിനം തക്കാളിത്തൈ ഇറക്കിവെക്കുക.

തക്കാളിയും ചുണ്ടയും ചേർന്നിരിക്കാൻ അമർന്നുപോകാത്ത ക്ലിപ്പ് ഇടാം. ഇനി ഒരാഴ്ച മിസ്റ്റ് ചേമ്പറിലും അടുത്ത ഒരാഴ്ച പോളിഹൗസിലും വളർത്തി ക്ലിപ്പ് നീക്കം ചെയ്യണം. കരുത്തുറ്റ വേരുപടലത്തോടും വാട്ടരോഗ പ്രതിരോധശേഷിയോടും ചേർന്ന് അത്യുത്പാദനശേഷിയുള്ള തക്കാളിത്തൈ തയ്യാറായിക്കഴിഞ്ഞു. ഇങ്ങനെ തയ്യാറാക്കുന്ന തക്കാളി തൈകൾ വളരെ ഉത്പാദനക്ഷമത ഒട്ടുമിക്ക രോഗങ്ങളെയും ചെറുക്കൻ ശേഷിയുള്ളവയും ആയിരിക്കും .

ജൈവ ഹോർമോൺ നമുക്കും വീട്ടിൽ ഉണ്ടാക്കാം

കമ്പുകള്‍ വളരെവേഗം വേരുപിടിപ്പിക്കുന്നതിന് ജൈവ ഹോർമോൺ നമുക്കും വീട്ടിൽ ഉണ്ടാക്കാം മുറിച്ചുനടുന്ന കമ്പുകളോ വള്ളികളോ ചീഞ്ഞുപോകാതെ വളരെവേഗം വേരുപിടിപ്പിക്കുന്നതിന് ഇന്ന് പല തരത്തിലുള്ള ഹോർമോൺ  ( Root hormone ) ലഭ്യമാണ് എന്നാൽ ചിലർക്കെങ്കിലും എന്താണ് ഹോർമോൺ അത് എവിടെ കിട്ടും? എങ്ങിനെ ഉപയോഗിക്കണം? എന്നതിനെകുറിച്ച് സംശയം കാണാം എന്ന് മാത്രമല്ല ഇത് വാങ്ങുവാൻ സമയമോ സൗകര്യമോ കിട്ടിയെന്നും വരില്ല അവർക്കായി പലടത്തീന്നും വായിച്ചെടുത്തതും ഉപയോഗിച്ച പരിചയവും വെച്ച് ഇവിടെ എഴുതുന്നു .

മാതൃസസ്യത്തിൻ്റെ  മുഴുവന്‍ ഗുണങ്ങളോടുംകൂടിയ തൈയുണ്ടാക്കുന്നതിന് ഏറ്റവും എളുപ്പവും ലാഭകരവുമായ രീതിയാണ് കമ്പ് മുറിച്ചുനടുന്നത് . വളരെയധികം ചെടികള്‍ ഒരേ മാതൃസസ്യത്തില്‍നിന്ന് പരിമിതമായ സ്ഥലം ഉപയോഗിച്ച് ഉത്പാദിപ്പിക്കാമെന്നതാണ് അധികമേന്മ. എളൂപ്പവും ലളിതവുമാണ് കമ്പ് വേരുപിടിപ്പിക്കലിന് പിന്നിലെ ഈ  ഹോർമോൺ വിദ്യ.

പൗഡർ രൂപത്തിലും ദ്രാവക രൂപത്തിലുമുള്ളതും പല പേരുകളിൽ അറിയപ്പെടുന്നവയുമായ അനേകം ഹോർമോൺ ഇന്ന് ലഭ്യമാണ്. എന്നാൽ നമുക്ക് വളരെയെളുപ്പത്തില്‍ വീട്ടിൽ തയാറാക്കാവുന്ന റൂട്ട് ഹോർമോണുകൾ  ഏതൊക്കെയാണെന്നും എങ്ങിനെ ഉപയോഗിക്കാമെന്നും  പരിചയപ്പെടാം.

(1) തേൻ :-

രണ്ട് ടീസ്‌പൂണ്‍ ശുദ്ധമായ തേൻ ഒരു കപ്പ്  വെള്ളത്തില്‍കലക്കി കുപ്പിയിൽ ഒഴിച്ച് അടപ്പ് നന്നായി മുറുക്കി അടച്ച് കറുത്ത തുണികൊണ്ട് മൂടി അധികം ചൂടോ പ്രകാശമോ പതിക്കാത്തിടത്ത് രണ്ടാഴ്ച വെച്ചാൽ അത് നല്ലൊരു റൂട്ട് ഹോർമോണായി മാറും. തയാറാക്കിയ ഈ മിശ്രിതത്തില്‍ കിളിർപ്പിക്കുവാനുള്ള കമ്പോ വള്ളിയോ 20 -30 മിനിറ്റ് ഇട്ടു വെക്കാം അതിനുശേഷം മാറ്റി നടാം.  (തേൻ നേരിട്ട് കമ്പിൽ പുരട്ടിയും നടും)

(2) കരിക്കിന്‍ വെള്ളം - പച്ചച്ചാണകം :-

ഒരു ഗ്ളാസ് കരിക്കിന്‍ വെള്ളത്തില്‍ അഞ്ച് ടീസ്‌പൂണ്‍ പച്ചചാണകം കലക്കിവെച്ച് തെളിനീർ ഊറ്റിയെടുത്തത് അതിൽ നടാനുള്ള കമ്പോ വള്ളിയോ 20-30 മിനിറ്റ് മുക്കിവെച്ച ശേഷം മാറ്റി നടാം.

(3)മുരിങ്ങ ഇല സത്ത് :-

അമ്പത് ഗ്രാം മുരിങ്ങയില ഇരുന്നൂറ് മില്ലി വെള്ളത്തില്‍ തലേദിവസം കുതിര്‍ക്കണം . പിഴിഞ്ഞെടുത്തോ അരച്ചെടുേത്താ തയ്യാറാക്കുന്ന മുരിങ്ങാച്ചാറില്‍ കമ്പിന്റെ അഗ്രം 20-30 മിനിറ്റ് നേരം മുക്കിവെച്ച് നടുന്നത് പെട്ടെന്ന് വേരിറങ്ങാന്‍ സഹായിക്കും. (ആപ്പിള്‍ വിനാഗിരി ഉപയോഗിച്ചും സിനിമോൻ സ്റ്റിക് പൗഡർ ( കറുവ പട്ട പൊടി ) ഉപയോഗിച്ചും ഹോർമോൺ ഉണ്ടാക്കാം തൽക്കാലം അതിന്റെ ആവശ്യം വരുന്നില്ല കാരണം മുകളില്‍ വിവരിച്ചവ വളരെ ഗുണമേന്മയും ലളിതവുമാണ് )

കടുത്ത വേനലില്‍ നടാനായി കമ്പ് മുറിക്കരുത്. നേര്‍ത്ത കമ്പാണ് ഉപയോഗിക്കുന്നതെങ്കില്‍ അരയടി നീളത്തിലും മൂത്തകമ്പാണെങ്കില്‍ ഒരടി നീളത്തിലുമുള്ള തണ്ട് മുറിച്ചെടുക്കാം. നേര്‍ത്ത കമ്പിലെ പകുതിയിലധികം ഇലകളും നീക്കം ചെയ്തതിനുശേഷമാണ് നടേണ്ടത്. മൂത്ത കമ്പില്‍നിന്നും മുഴുവന്‍ ഇലകളും നീക്കംചെയ്യണം. നടാനെടുക്കുന്ന തണ്ടുകളുടെ അടിവശം മൂര്‍ച്ചയുള്ള കത്തികൊണ്ട് ചെരിച്ച് മുറിച്ചെടുക്കുന്നതാണ് ആദ്യഘട്ടം. അതിനുശേഷം ഈ കമ്പ് അല്ലെങ്കില്‍ വള്ളി 20-30 മിനിറ്റ് മുക്കിവെച്ച ശേഷം ഒരു കപ്പിൽ നനച്ച്  നിറച്ചുവെച്ചിരിക്കുന്ന നടീല്‍ മിശ്രിതത്തില്‍ നടണം ( മണ്ണും മണലും ചാണകപ്പൊടിയും ഒരേ അനുപാതത്തില്‍ ചേര്‍ത്ത പോട്ടിങ് മിശ്രിതം ). കമ്പ് നട്ടുവെച്ച കപ്പ് ഒരു  ക്ലിയർ പോളിത്തീന്‍ ബാഗ്കൊണ്ട് കവർചെയ്യണം  (തെളിഞ്ഞ പ്ലാസ്റ്റിക്‌ കൂട്) 

18 സെന്റീമീറ്റര്‍ ഉയരവും 12 സെന്റീമീറ്റര്‍ വീതിയുമുള്ള പോളിത്തീന്‍ സഞ്ചികളാണ് സാധാരണഗതിയില്‍ തിരഞ്ഞെടുക്കേണ്ടത്. കവറിന്റെ താഴത്തെ പകുതിയില്‍ 15 മുതല്‍ 20 വരെ സുഷിരങ്ങളിടണം. ഇത് അധികം സൂര്യ പ്രകാശം ഏല്‍ക്കാതെ സിറ്റൗട്ടിലോ റൂമിനുള്ളിൽ ജനലരികിലോ  വെക്കണം.

വേരുറയ്ക്കുന്നതുവരെ പരിപാലിച്ചില്ലെങ്കില്‍ കമ്പില്‍നിന്ന് വെള്ളം വാര്‍ന്ന് ഉണങ്ങാനുള്ള സാധ്യതയേറെയാണ്. മണ്ണും മണലും ചാണകപ്പൊടിയും ഒരേ അനുപാതത്തില്‍ കലര്‍ത്തി പോട്ടിങ് മിശ്രിതം തയ്യാറാക്കാം. ചകിരിച്ചോറ് കമ്പോസ്റ്റും വെര്‍മിക്കുലൈറ്റും വേര് കുമിളെന്ന് വിളിക്കുന്ന മൈക്കോഡൈയും പോട്ടിങ് മിശ്രിതത്തില്‍ ചേര്‍ക്കുന്നത് ഏറെ നന്ന്. മണ്ണില്‍ നനവുണ്ടായാല്‍ മാത്രം പോരാ, ചുറ്റുപാടും ആര്‍ദ്രത കൂടിയുണ്ടെങ്കിലേ വേഗം വേര് പിടിക്കൂ.

അരിച്ചിറങ്ങുന്ന വെയിലാണ് വേരുപിടിപ്പിക്കാന്‍ നല്ലത്. നേര്‍ത്ത പാളിയായി ലഭിക്കുന്ന വെള്ളം വേരുപിടിക്കലിൻ്റെ  സാധ്യതയേറ്റും.തണ്ടിൻ്റെ  ഒരു മുട്ട് പോട്ടിങ് മിശ്രിതത്തിനടിയില്‍ ഉണ്ടെന്ന് ഉറപ്പുവരുത്താം.പുതിയ ഇലകള്‍ വിരിഞ്ഞുവരുന്നത് വേരിറങ്ങുന്നതിൻ്റെ  ലക്ഷണമാണ്. വേര് ഇറങ്ങിയ തൈ ഇളകാതെ മാറ്റി നടാം.റോസ് ഉൾപ്പെടെയുള്ള പൂചെടികൾ നാരകം പോലെയുള്ള കമ്പ് മുറിച്ച് നടുന്ന ഇനങ്ങള്‍ പച്ചക്കറി ചെടികൾ മധുര കിഴങ്ങ് പോലെയുള്ള വള്ളി ചെടികൾ അലങ്കാര ചെടികള്‍ എന്നിവക്ക് മാത്രമല്ല ലെയറിംഗ് ചെയ്യുമ്പോഴും ഉപയോഗിക്കാം.

അസോള എന്ന അത്ഭുത സസ്യം

ശുദ്ധജലത്തിൽ വളരുന്ന പന്നൽ (ഫേൺ) വിഭാഗത്തിൽപെടുന്ന ഒരു ചെറുസസ്യമാണ്‌ അസോള. കന്നുകാലികൾക്കുള്ള പോഷകാഹാരം, ജൈവവളം എന്നീനിലകളിലും ഉപയോഗിക്കാവുന്ന ഒരു സസ്യമാണ്‌. മണ്ണിന്റെ ഫലഭൂയിഷ്ഠത വര്‍ധിപ്പിക്കുന്ന നല്ലൊരു ജൈവവളവും മികച്ച പോഷകഗുണവുമുള്ള കാലിത്തീറ്റയുമാണ് അസോള. ബയോഗ്യാസ് ഉല്‍പ്പാദനത്തിനും ഇത് ഏറെ ഉപകാരപ്രദമാണ്. 

അസോളയുടെ ഗുണങ്ങൾ :

ജലത്തില്‍ പൊങ്ങി കിടന്നു വളരുന്ന  പന്നല്‍ ചെടിയായ അസോളയോട് ചേര്‍ന്ന് വളരുന്ന നീല ഹരിതപ്പയലായ അനബീനയുടെ സഹായത്തോടെ അന്തരീക്ഷത്തിലുള്ള നൈട്രജന്‍ വലിച്ചെടുക്കുവാനുള്ള കഴിവ് ഈ ചെടിക്ക് ഉണ്ട്. സസ്യ വളർച്ചക്കാവശ്യമായ മൂലകങ്ങളില്‍ പ്രധാനി ആണ് നൈട്രജന്‍. അതിനാല്‍ അസോള വളമായി നല്കുമ്പോൾ ഉള്ളില്‍ അടങ്ങിയ നൈട്രജന്‍ ചെടികള്‍ക് ലഭിക്കുന്നു. കൂടാതെ ഇവയിലടങ്ങിയിരിക്കുന്ന നിരവധി സൂഷ്മ മൂലകങ്ങളും വിറ്റാമിനുകളും ചെടികള്‍ക് ലഭിക്കുന്നു. 30 ശതമാനം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നതിനാല്‍ ക്ഷീര കര്‍ഷകര്‍ നല്ലൊരു കാലിത്തീറ്റയായും ഉപയോഗിക്കുന്നു. അസോള തീറ്റയായി നല്‍ക്കുന്ന കന്നുകാളികളുടെ പാല്‍ ഉത്പാദനം 15 ശതമാനം വരെ വർദ്ധിച്ചതായി കാണപ്പെടുന്നുണ്ട്.കോഴികള്‍ക്ക് അസോള നല്കുന്നതിലൂടെ മുട്ടയ്ക്ക് വലിപ്പം വയ്ക്കുന്നതിനും മുട്ടക്കരുവിനു നല്ല നിറം വെക്കുന്നതിനും സഹായകരമാണ്.

അസോള കൃഷി രീതി :

ഭാഗികമായി തണലുള്ള സ്ഥലമാണ് അസോള വളര്‍ത്താന്‍ ഉത്തമം. വീട്ടുമുറ്റത്തോ മട്ടുപ്പാവിലോ തയാറാക്കുന്ന കൃത്രിമ കുളത്തില്‍ അസോള കൃഷി ചെയ്യാം. കുറഞ്ഞ ചിലവില്‍ അസോള കുളങ്ങള്‍ നിര്‍മിക്കാന്‍ സാധിക്കും. ഇതിനു ചതുരാകൃതിയില്‍ ഒരു കുഴി കുത്തി (5 അടി നീളം, 3 അടി വീതി, ഒരടി താഴ്ച എന്ന കണക്കിലാണ് കുഴിയുടെ അളവ്) മട്ടുപ്പാവിലാണെങ്കില്‍ ഇഷ്ടികയോ തടി കഷ്ണങ്ങലളോ നിശ്ചിത അളവില്‍ നിരത്തിയാല്‍ മതി. ഇതിന് അടിയിലായി പഴയ പ്ലാസ്റിക് നിരത്തുക. മുകളില്‍ ഗുണ നിലവാരമുള്ള ടാര്‍പ്പ ഷീറ്റ് വിരിക്കണം. ഏകദേശം 5കിലോ ഗ്രാം വളക്കൂറുള്ള മണ്ണ് ഷീറ്റിനു മുകളില്‍ നിരത്തണം. കുറച്ചു വെള്ളത്തില്‍ അര കിലോഗ്രാം പച്ച ചാണകം, 7 ഗ്രാം ഫോസ്ഫറസ് വളവും കൂട്ടിച്ചേര്‍ത്ത്  കലക്കണം. ഈ ലായനി ഷീറ്റില്‍ നിരത്തിയ മണ്ണിനു മുകളില്‍ ഒഴിക്കുക. ര്‍ന്ന് വെള്ളം ഒഴിക്കണം. അരയടി പൊക്കം വരത്തക്ക വിധം വെള്ളം പൊങ്ങി നില്കണം. വെള്ളത്തിന്‌ മുകളിലായി 500 ഗ്രാം അസോള വിത്ത് വിതറാം. ശേഷം ഒരു കമ്പുകൊണ്ട് ഇളക്കി കൊടുക്കുക. ഏകദേശം രണ്ടാഴ്ചകൊണ്ട് ജലോപരിതലത്തില്‍ പച്ച പരവതാനി വിരിച്ചപോലെ അസോള നിറയും.

അസോള വിളവെടുപ്പ് :

മുകളില്‍ പറഞ്ഞ പ്രകാരം പ്രായമായ ചെടികള്‍ വിളവെടുക്കാം. കൈകൊണ്ടു കോരി മാറ്റിയാണ് വിളവെടുപ്പ്. ഈ കണക്കു പ്രകാരം ദിവസേന 350 ഗ്രാം അസോള ദിവസേന വിളവെടുക്കാന്‍ സാധിക്കും. വാരിയെടുക്കുന്നതിനനുസരിച്ച് ഇവ വളര്‍ന്നു നിറയും.വിളവെടുത്ത അസോള നേരേ ചെടിയുടെ ചുവട്ടില്‍ വളമായി ഇടാം. കാലിതീറ്റയായി എടുക്കേണ്ട അസോള ശുദ്ദജലത്തില്‍ കഴുകി എടുക്കണം. തുടര്‍ന്ന് രണ്ടിരട്ടി കാലിതീറ്റയുമായി ചേര്‍ത്ത് കന്നുകാലികൾക്ക് നല്‍കാവുന്നതാണ്. അസോള കുളത്തിലെ വെള്ളം വാർന്ന് ചെടിയുടെ ചുവട്ടില്‍ ഒഴിച്ചാല്‍ നല്ല വളമാണ്. കൂടാതെ അടിയിലെ മണ്ണും നീക്കം ചെയ്ത് അതും വളമായി ഉപയോഗിക്കാം.

അസോള വളപ്രയോഗം :

ആഴ്ചതോറും അസോളക്ക് വളം പ്രയോഗിക്കണം. 100 ഗ്രാം പച്ച ചാണകവും ഒരു സ്പൂണ്‍ ഫോസ്ഫറവും അസോള പാടത്തില്‍ ചേര്‍ത്ത് ഇളക്കി കൊടുക്കണം. വളം അധികമായാല്‍ ഇവ അഴുകിപ്പോകും. കുളത്തില്‍ അരയടി പൊക്കത്തില്‍ വെള്ളം നിലനിര്‍ത്തുവാന്‍ ശ്രദ്ധിക്കണം.

ബ്രഷ് കട്ടര്‍ കർഷകനൊരു സഹായി

 

 

കർഷകർക്ക് ഒരു സഹായിയായവിപണിയിലെത്തിയിരിക്കുകയാണ് കാടുവെട്ടി യന്ത്രമെന്നു വിളിക്കുന്ന    ബ്രഷ് കട്ടര്‍ . കള മുറിച്ചുമാറ്റാനും തീറ്റപ്പുല്ല് മുറിച്ചെടുക്കാനും നെല്ല് കൊയ്യാനും തോട്ടം പ്രൂണ്‍ ചെയ്യാനുമെല്ലാം  ഉപയോഗിക്കാം. ഏഴ് കിലോഗ്രാമില്‍ കുറഞ്ഞ ഭാരം മാത്രമുള്ള ഈ യന്ത്രം വളരെ എളുപ്പത്തില്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ കഴിയും. വനിതകൾക്കും  ഇതുപ്രവർത്തിപ്പിക്കാം  ചെറിയ ചെലവാണ് മറ്റൊരു പ്രത്യേകത. 25 സെന്റ് സ്ഥലത്തെ കളകള്‍ മാറ്റാന്‍ ഒരു മണിക്കൂര്‍ തന്നെ ധാരാളം. ചെറിയ ഇടകളിലും പ്രവര്‍ത്തിപ്പിക്കാവുന്ന ബ്രഷ്‌കട്ടറിന്റെ ഇന്ധനച്ചെലവും കുറവാണ്.

ബാഫിള്‍ ചേര്‍ത്ത കാടുവെട്ടി യന്ത്രമാണ് നെല്ല് കൊയ്യാന്‍ ഉപയോഗിക്കുന്നത്. വയലില്‍ ചെളികെട്ടി നില്‍ക്കുന്നതും നെല്ല് ചാഞ്ഞ് വീഴുന്നതും ബ്രഷ് കട്ടറിന് പ്രശ്‌നമേയല്ല. ഒരാള്‍ക്ക് ഒരു ദിവസംകൊണ്ട് രണ്ട് ഏക്കറിലെ നെല്ല് കൊയ്യാം. കൊയ്ത നെല്ല് ഒരേ രീതിയില്‍ മുറിച്ചിടാന്‍ ബ്രഷ് കട്ടറിന് കഴിയും. ആവശ്യത്തിനനുസരിച്ച് വൈക്കോല്‍ താഴ്ത്തി അരിയുന്നതിനുള്ള ക്രമീകരണങ്ങളും ബ്രഷ് കട്ടറിലുണ്ട്.

പരിസരമലിനീകരണം സൃഷ്ടിക്കാത്ത 2.5 കുതിരശക്തി എന്‍ജിനുള്ള ബ്രഷ്‌കട്ടര്‍ ആക്‌സിലറേറ്റര്‍ ഉപയോഗിച്ച് ഒരിക്കലും സ്റ്റാര്‍ട്ട് ചെയ്യരുത്. ശുദ്ധമായ പെട്രോള്‍ മാത്രമേ ഇതില്‍ ഇന്ധനമായി ഉപയോഗിക്കാവൂ. ഓരോ 30 മണിക്കൂര്‍ ഉപയോഗത്തിനുശേഷവും 20 ഗ്രാം ഗ്രീസ് നിറയ്ക്കുവാനും 50 മണിക്കൂര്‍ ഉപയോഗിച്ചശേഷം ഓയില്‍ മാറ്റാനും ശ്രദ്ധിക്കണം. സ്റ്റാര്‍ട്ട് ചെയ്യുന്നതിനുമുമ്പ് ഓയിലിന്റെ അളവ് പരിശോധിക്കുന്നത് പ്രവര്‍ത്തനക്ഷമത കൂട്ടും.ഇരുപതിനായിരം മുതല്‍ മുപ്പതിനായിരം വരെ വിപണിവിലയുള്ള ബ്രഷ്‌കട്ടര്‍ സംസ്ഥാന ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്‍ പദ്ധതിയിലും കൃഷിവകുപ്പിന്റെ യന്ത്രവത്കരണപദ്ധതിയിലും ഉള്‍പ്പെടുത്തി കര്‍ഷകര്‍ക്കു സാമ്പത്തിക സഹായവും നല്‍കിവരുന്നു.

കൃഷിയിടത്തിലെ സൗഹൃദ 'കെണികൾ '

വെള്ളരിവർഗ പച്ചക്കറികളിലെ പ്രധാന ശത്രുവായ കായിച്ചകളെ കുടുക്കുന്നതിന് പഴം ശർക്കരക്കെണി ,ഫെറമോൺ കെണി എന്നിവ ഉപയോഗിക്കാം . വെളീച്ച , മുഞ്ഞ എന്നീ കീടങ്ങളെ മഞ്ഞക്കെണി നാട്ടി നിയന്ത്രിക്കാം .

1.പഴം ശർക്കരക്കെണി

പഴം 20 ഗ്രാം അല്ലെങ്കിൽ പപ്പായ 10 ഗ്രാം , ശർക്കര 10  ഗ്രാം മാലത്തയോൺ അര മില്ലി എന്നിവ 100 മി.ലി  വെള്ളത്തിൽ കലർത്തി ദ്വാരമുള്ള പ്ലാസ്റ്റിക് കുപ്പികളിലാക്കി പന്തലിന് താഴെ തീക്കിയിടുക.രണ്ടാഴ്ച്ചയിലൊരിക്കൽ കെണി പുതുക്കേണ്ടതാണ് .

2. ഫെറമോൺ കെണി

ക്യൂലർ എന്നെ ഫെറമോൺ കെണികൾ ഒരു ഹെക്ടറിന് 10 എണ്ണം എന്ന തോതിൽ പന്തലിൽ തൂക്കിയിട്ടു ആൺ കായിച്ചകളിൽ ശേഖരിച്ച് നശിപ്പിക്കാം . ആൽക്കഹോൾ , ക്യൂലർ ,  മാലത്തയോൺ എന്നിവ 6 :4 :1 എന്ന അനുപാതത്തിൽ കലർത്തിയ മിശ്രിതത്തിൽ മുക്കിയ 5X 5 X 12 സെ .മി വലിപ്പമുള്ള തടിക്കഷണങ്ങൾ ദ്വാരമുള്ള കുപ്പികളിൽ തൂക്കിയിട്ടാണ് ഹെറാമോൺ കെണി തയാറാക്കുന്നത് . ഈ കെണി ആൺ ഈച്ചകളെ മാത്രം ആകര്ഷിക്കുന്നതിനാൽ പഴം ശർക്കരക്കെണി ഉപയോഗിച്ച് പെൺ ഈച്ചകളെക്കൂടി നശിപ്പിക്കണം.

3. മഞ്ഞക്കെണി

ഒഴിഞ്ഞ ടിന്നുകൾ പുറത്ത് മഞ്ഞ പൈയിൻ്റെറിച്ച ഉണക്കിയശേഷം ആവണക്കെണ്ണ പുരട്ടുക. തോട്ടത്തിൽ കമ്പുകൾ നാട്ടി അതിന്മേൽ ടിന്നുകൾ കമഴ്ത്തി വയ്ക്കുക . കട്ടിയുള്ള കാർഡ്ബോർഡിൽ മഞ്ഞ പെയിൻ്റെടിച്ഛ് അതിൽ ആവണക്കെണ്ണ തേച്ച് കമ്പുകളിൽ തറച്ച് മഞ്ഞക്കെണി ഉണ്ടാക്കാവുന്നതാണ് . ചെടിയുടെ നിരപ്പിൽ നിന്നും അൽപ്പം താഴ്ത്തി വേണം മഞ്ഞക്കെണി വെയ്ക്കാൻ . പച്ചക്കറികൾക്കിടയിൽ നാട്ടിയാൽ ചെറു പ്രാണികൾ അതിൽ പറ്റിപിടിക്കും. ഇടയ്ക്കിടെ ബോർഡ് വൃത്തിയാക്കി ആവണക്കെണ്ണ തേക്കുക

വെർമി കമ്പോസ്റ്റ് അഥവാ മണ്ണിര കമ്പോസ്റ്റ്

മണ്ണിര ഉപയോഗിച്ച് പാഴ് വസ്തുക്കളെ കൃഷിക്ക് ഉപയോഗിക്കാൻ കഴിയുന്ന ജൈവ വളം ആക്കുന്നതിനെ മണ്ണിര കമ്പോസ്റ്റിംഗ് എന്ന് വിളിക്കുന്നു. മറ്റു കമ്പോസ്റ്റിംഗ് രീതികളെ അപേക്ഷിച്ച് മണ്ണിര കമ്പോസ്ടിനുള്ള മെച്ചം ഇവ ഏകദേശം 40-45 ദിവസങ്ങൾക്കുള്ളിൽ തയ്യാറാകും എന്നതാണ്. ദ്രവിക്കുന്ന മാലിന്യങ്ങളെ സംസ്‌കരിച്ച് സസ്യപോഷകവസ്ഥുക്കളാക്കിമാറ്റുവാൻ കമ്പോസ്റ്റ് നിർമ്മാണത്തിലൂടെ സാദ്ധ്യമാണ്.

മണ്ണിരയുടെ ആമാശയത്തിൽ വെച്ചുതന്നെ ജൈവവസ്ഥൂക്കൾ നന്നായി അരച്ചെടുക്കുന്നതുമൂലം സൂക്ഷ്മജീവികളുടെ പ്രവർത്തനം വേഗത്തിലാകുന്നു. എൻസൈമുകൾ ജൈവവസ്തുക്കളെ വിഘടിപ്പിച്ച് അവയിലടങ്ങിയിരിക്കുന്ന പോഷകങ്ങളെ ചെടികൾക്കും സൂക്ഷ്മാണുക്കൾക്കും എളുപ്പത്തിൽ ആഗിരണം ചെയ്യാൻ രൂപത്തിലാക്കുന്നു. വീട്ടിൽ തന്നെ ചെറിയതോതിൽ കമ്പോസ്റ്റ് നിർമ്മിച്ചാൽ അടുക്കളതോട്ടങ്ങളിൽ ഉപയോഗിക്കാൻ കഴിയും. ഗാർഹികാവശിഷ്ടങ്ങൽ ഉപയോഗിച്ചുള്ള മണ്ണിര കമ്പോസ്റ്റ് നിർമ്മാണം വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്നതാണ്. 

ഏകദേശം 45 സെ.മി നീളം, 30 സെ.മി വീതി, 45 സെ.മി പൊക്കമുള്ള വീഞ്ഞപെട്ടിയോ, പ്ലാസ്റ്റിക്‌ പാത്രമോ, അടിവിസ്താരമുള്ള ചട്ടിയോ ഇതിനായി ഉപയോഗിക്കാം. പെട്ടിയുടെ ചുവട്ടില് വെള്ളം വാര്ന്നു പോകാനായി രണ്ടു ദ്വാരങ്ങള് ഇടണം. വീഞ്ഞപ്പെട്ടി ചീത്തയാകാതിരിക്കാന് അടിയില് 5 സെ. മി കനത്തിൽ പ്ലാസ്റ്ററിക് ഷീറ്റ് വിരിക്കാവുന്നതാണ്. 5 സെ. മി കനത്തിത്തിൽ മണല് നിരത്തി ശേഷം 3 സെ. മി കനത്തിൽ ചകിരി ഇടുക. തുടർന്ന് മൂന്നിഞ്ച് കനത്തില് 200 ഗ്രാം/500 എണ്ണം മണ്ണിരയോടു കൂടിയ കമ്പോസ്റ്റ് അഥവാ ചാണകപ്പൊടി നിരത്തുക. ഇതിനു മുകളിൽ ഓരോ ദിവസത്തെയും അടുക്കള മാലിന്യം നിക്ഷേപിക്കുക, എല്ലായിടത്തും നിരത്തി 8 ഇഞ്ച് കാണാം ആക്കുക. (പ്ലാസ്റ്റിക്‌ , നാരങ്ങ , പുളി , എരിവുള്ളവ , എണ്ണ തുടങ്ങിയ ഒഴിവാക്കണം). മണ്ണിരയെ നിക്ഷേപിച്ചു ഏതാണ്ട് 20-25 ദിവസം കഴിഞ്ഞു മാത്രം അവശിഷ്ട്ടങ്ങൾ നിക്ഷേപിച്ചു തുടങ്ങുക. അത് കഴിഞ്ഞാൽ പെട്ടിക്കു മുകളിൽ ഒരു ചാക്ക് വിരിച്ചു അനക്കാതെ മാറ്റി വെച്ച ശേഷം ദിവസവും വെള്ളം തളിച്ച് കൊടുക്കുക.

അടുക്കള അവശിഷ്ട്ടങ്ങൾക്കൊപ്പം ഇടയ്ക്കിടെ കടലാസ് കഷണങ്ങൾ , പാതി അഴുകിയ ഇലകൾ ഇവ ഇടുന്നത് വിരകൾക്കാവശ്യമായ വായു സഞ്ചാരം കൂട്ടാൻ ഉപകരിക്കും. പെട്ടിക്കു മേലെ കമ്പിവല ഇടുന്നത് എലി, കാക്ക, മുതലായവയുടെ  പിടിയിൽ നിന്നും മണ്ണിരയെ രക്ഷിക്കും. പ്ലാസ്റ്റിക് പാത്രങ്ങളിൽ വെള്ളം ഒഴിച്ച് പെട്ടി വെക്കുകയോ അല്ലെങ്കിൽ പെട്ടി കല്ലുകൾക്ക് മുകളിൽ വെച്ചു കല്ലുകൾക്ക് ചുറ്റും ഉപ്പു/മഞ്ഞള് പൊടി വിതറുക. ഉറുമ്പിന്റെ ശല്യം ഒഴിവാക്കാൻ ആണിത്.

പെട്ടി വെയിലത്ത്‌ വെച്ചാൽ മണ്ണിരകൾ താനെ അടിയിലേക്ക് പോകും, അതിനു ശേഷം മീതെയുള്ള കമ്പോസ്റ്റ് നീക്കി പെട്ടി വീണ്ടും കമ്പോസ്റ്റ് നിർമ്മിക്കാൻ ഉപയോഗിക്കാം. രണ്ടു യുണിട്ടുകൾ ഉണ്ടെങ്കിൽ കമ്പോസ്റ്റ് നിർമ്മാണം കൂടുതൽഎളുപ്പമാകും. ഒന്ന് നിറയുമ്പോൾ അടുത്തതിൽ അവശിഷ്ട്ടങ്ങൾ ഇട്ടു കൊടുക്കാം. ആഴ്ചയിൽ ഒരിക്കൽ ജൈവ അവശിഷ്ട്ടങ്ങൾ ഒരു കമ്പ് ഉപയോഗിച്ച് ഇളക്കുന്നത് നല്ലതാണ്. മണ്ണിര കമ്പോസ്റ്റിൽ കൂടി വെള്ളം സാവദാനത്തിൽ ഒഴിച്ച് ശേഖരിക്കുന്ന തെളിഞ്ഞ ദ്രാവകം ആണ് വെർമി വാഷ്. അഞ്ചിരട്ടി വെള്ളം ചേർത്ത് നേർപ്പിച്ചു വെർമി വാഷ്‌ ചെടികൾക്ക് ഒഴിച്ച് കൊടുക്കുന്നത് ചെടികളുടെ വളർച്ചയും വിളവും വർധിക്കാൻ ഉപകരിക്കും.

നമുക്കും തക്കാളി കൃഷി ചെയ്യാം

തക്കാളി വളരെ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന ഒരു പച്ചക്കറിയാണ്. ഉരുളക്കിഴങ്ങ് കഴിഞ്ഞാല്‍ വിപണനത്തില്‍ രണ്ടാം സ്ഥാനത് നിൽക്കുന്ന വിളയാണ് തക്കാളി. പാവപെട്ടവൻ്റെ ഓറഞ്ച് എന്നും അറിയപെടുന്നു.

ചെടിച്ചട്ടികളില്‍ , ചാക്കുകളില്‍ , ഗ്രോബാഗുകളില്‍ ഇതിലെല്ലാം നടീല്‍ മിശ്രിതം നിറച്ചശേഷം തൈകള്‍ പറിച്ചു നടാം. വിത്ത് പാകി മുളപ്പിച്ച ശേഷം പറിച്ചു നടുന്നതാണ്‌ ഉത്തമം. ഇത് ഒരു ഉഷ്ണകാല സസ്യമാണ് , ഉഷ്ണമേഖലയിലെ വരണ്ട പ്രദേശങ്ങളിലാണ് ഇവ സമൃദ്ധമായി വളരുന്നത്. 

ബാക്ടീരിയാ വാട്ടമില്ലാത്ത ഇനങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. ശക്തി, മുക്തി, അനഘ, വെള്ളായണി വിജയ്, മനുലക്ഷ്മി എന്നിവ ബാക്ടീരിയാ വാട്ടം ചെറുക്കാന്‍ കഴിവുള്ളയിനങ്ങളാണ്.

നല്ല നീര്‍വാര്‍ച്ചയും,സൂര്യപ്രകാശവും ലഭിക്കുന്ന സ്ഥലത്ത് മാത്രമേ കൃഷിക്ക് ഉപയോഗിക്കനാവു.

തടമെടുത്ത്‌ രണ്ടടി താഴ്ചയില്‍ 5kg ചാണകപൊടി,1kg ആടിന്‍ കാഷ്ടം,250gm എല്ലുപൊടി, 200gm കുമ്മായം, 100gm ഉപ്പ് എന്നിവ മണ്ണുമായി കൂടി കലര്‍ത്തുക.

നാല് ഇല പ്രായമാകുമ്പോള്‍ രണ്ടാം വളപ്രയോഗം നടത്തുക. 100gm കടല പിണ്ണാക്ക് 100gm വേപ്പിന്‍ പിണ്ണാക്ക് 100gm മരോട്ടി പിണ്ണാക്ക് 2kg ചാരം എന്നിവ കലര്‍ത്തി ഇടുക.

മൂന്നാം വളപ്രയോഗം രണ്ടാം വളപ്ര- യോഗത്തിന് 10 ദിവസത്തിനു ശേഷം. 100gm കടല പിണ്ണാക്ക് 100gm വേപ്പിന്‍ പിണ്ണാക്ക് 100gm മരോട്ടി പിണ്ണാക്ക് 2kg ചാരം ½ kg ആട്ടിന്‍ കാഷ്ടം 2kg ചാണകപൊടി നാലാം വളപ്രയോഗം മൂന്നാം വളപ്രയോഗത്തിന് 15 ദിവസത്തിനു ശേഷം. തുടര്‍ന്ന് 15 ദിവസം കൂടുമ്പോള്‍ മേല്പറഞ്ഞ രീതിയില്‍ വളപ്രയോഗം നടത്തുക. 

തക്കാളി ചെടികള്‍ ഒടിഞ്ഞു വീഴാതിരിക്കാന്‍ കമ്പുകള്‍ നാട്ടി വേലി കെട്ടി കൊടുക്കണം. തക്കാളി കൃഷി ചെയ്യുന്നതിന് ചുറ്റും ജമന്തി കൃഷി ചെയ്യുന്നത് നിമാവിരകളെ അകറ്റി നിര്‍ത്തും.

തക്കാളി വിത്തുകള്‍ പാകി മുളപ്പിക്കുമ്പോൾ വിത്തുകള്‍ ഒരു മണിക്കൂര്‍ രണ്ടു ശതമാനം വീര്യം ഉള്ള സ്യുഡോമോണാസ് ലായനിയില്‍ മുക്കി വെക്കുന്നത് വളരെ നല്ലതാണ്. ഒരു മാസം പ്രായമായ തൈകള്‍ പറിച്ചു നടാം. നടുന്നതിന് മുന്‍പ് സ്യുഡോമോണാസ് ലായനിയില്‍ മുക്കി വെക്കുന്നത് നല്ലതാണ്. നേരിട്ട് മണ്ണില്‍ നടുമ്പോള്‍ മണ്ണ് നന്നായി കിളച്ചിളക്കി, കല്ലും കട്ടയും കളഞ്ഞു അടി വളമായി ഉണങ്ങിയ, ചാണകം, കമ്പോസ്റ്റ് ഇവ ചേര്‍ക്കാം. കുമ്മായം ചേര്‍ത്ത് മണ്ണിൻ്റെ പുളിപ്പ് കുറയ്ക്കുന്നതും നല്ലതാണ്. ചാക്ക് / ഗ്രോ ബാഗ്‌ ആണെങ്കില്‍ മണ്ണ് / ചാണകപ്പൊടി / ചകിരിചോറ് ഇവ തുല്യ അളവില്‍ ചേര്‍ത്ത് ഇളക്കി നടാം.

തക്കാളി തൈകള്‍ നടുമ്പോൾ

കടല പിണ്ണാക്ക്/കപ്പലണ്ടി പിണ്ണാക്ക് വെള്ളത്തില്‍ ഇട്ടു പുളിപ്പിച്ചത് നാലിരട്ടി വെള്ളം ചേര്‍ത്ത് ഒഴിച്ച് കൊടുക്കാം. ഫിഷ്‌ അമിനോ ആസിഡ് , പഞ്ചഗവ്യം , ജീവാമൃതം, ഇവയൊക്കെ ഒരാഴ്ച ഇട വിട്ടു കൊടുക്കാം. ചെടി വളര്‍ന്നു വരുമ്പോള്‍ താങ്ങ് കൊടുക്കണം. സ്യുഡോമോണാസ് ലായനി 10 ദിവസം അല്ലെങ്കില്‍ രണ്ടാഴ്ച കൂടുമ്പോള്‍ ഒഴിച്ച് കൊടുക്കുന്നത് വളരെ നല്ലതാണ്. 

രാസ വളം ഒഴിവാക്കുന്നതാണ് നല്ലത്, അളവ് കൂടിയാല്‍ ചെടി കരിഞ്ഞു ഉണങ്ങി പോകും.തക്കാളിയെ ബാധിക്കുന്ന പ്രധാന രോഗങ്ങൾ – ഇലച്ചുരുൾ രോഗം, വേരുചീയൽ, ഫലം ചീയൽ, പലവിധ കുമിളു രോഗങ്ങൾ, ബാക്ടീരിയൽ വാട്ടം എന്നിവയാണ്. വാട്ടം ഉള്ള ചെടികള്‍ വേരോടെ നശിപ്പിക്കുക.

ഗ്രോബാഗിൽ  പച്ചമുളക്

ഗ്രോബാഗിലും ചട്ടിയിലും പച്ചമുളക് വളർത്താം.
മണ്ണ്, മണൽ, ചാണകപ്പൊടി / മണ്ണിര കമ്പോസ്റ്റ് എന്നിവ 1 :1 :1  എന്ന അനുപാതത്തിൽ ചേർത്ത് തയാറാക്കിയ മിശ്രിതം പത്തുകിലോ (ഗ്രോബാഗീൻ്റെ മുക്കാൽ ഭാഗത്തോളം ) നിറച്ച്  ത്തൈയ്കൾ നടാം.

ഓരോ ഗ്രോ ബാഗിലും 1-2  കിലോ , ചകിരി 1 -2  കിലോ, മണ്ണിരകമ്പോസ്റ്,100 ഗ്രാം  എല്ലുപൊടി, 100 ഗ്രാം  പൊടിച്ച വേപ്പിൻപിണ്ണാക്ക് എന്നിവയും ചേർക്കണം .

25 ഗ്രാം വീതം സ്യൂഡോമോണസ് ഫ്‌ളൂറസെന്‍സ് എന്നിവ ചേർത്താൽ രോഗബാധകൾ ഒഴിവാക്കാം. 

കപ്പലണ്ടിപിണ്ണാക്ക് /വേപ്പിൻപിണ്ണാക്ക് രണ്ടു ദിവസം വെള്ളത്തിലിട്ട് പുളിപ്പിച്ച ശേഷം തെളി ഒഴിച്ചുകൊടുക്കുന്നത് നല്ലതാണ് . 

ജൈവവളങ്ങൾ മാറിമാറി ഉപയോഗിക്കണം .

വളം  ചേർക്കുമ്പോൾ മണ്ണ് ചേർത്തുകൊടുക്കുകയും വേണം . 

രണ്ടാഴ്ച്ച കൂടുമ്പോൾ ഒരു ചെടിക്ക് 10 ഗ്രാം വീതം കുമ്മായം ചേർത്താൽ മണ്ണിൻ്റെ പുളിരസം കുറയും . 

കുമ്മായം ഇട്ട് ഒരാഴ്ച്ച കഴിഞ്ഞ് 200 ഗ്രാം  സ്യൂഡോമോണസ് ഫ്‌ളൂറസെന്‍സ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തടത്തിൽ ഒഴിച്ചുകൊടുക്കുകയും ചെയ്യണം .


സ്യൂഡോമോണസ്  പ്രയോഗം  പത്തു ദിവസം കൂടുമ്പോൾ  ആവർത്തിക്കണം .

ജൈവരീതിയില്‍ വെണ്ട കൃഷി ചെയ്യാം

മാംസ്യത്തിന്റെയും കൊഴുപ്പിന്റെയും കലവറയായ വെണ്ട കേരളത്തിലെ കാലാവസ്ഥയില്‍ നന്നായി വിളയുന്ന പച്ചക്കറിയാണ്. സാധാരണയായി നാടന്‍ ഇനങ്ങളും സങ്കരയിനങ്ങളും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. നല്ല രുചിയും മണവുമുള്ള ചെറിയ ഇനം സാമ്പാര്‍ വെണ്ട മുതല്‍ അരമീറ്ററിലധികം നീളം വെക്കുന്ന ആനക്കൊമ്പന്‍ വെണ്ടയിനങ്ങൾ വരെ കേരളത്തിലുണ്ട്.

സാധാരണയായി സപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളിലും വേനല്‍ക്കാല വിളയായി ജനുവരി-ഫിബ്രവരി മാസങ്ങളിലുമാണ് വെണ്ട കൃഷി ചെയ്യാറ്. എന്നാല്‍ ആനക്കൊമ്പന്‍ എന്ന ഇനം മെയ് അവസാനവും ജൂണ്‍ ആദ്യവുമായി നട്ടുവളര്‍ത്താറുണ്ട്.

കൃഷിയിടം നന്നായി കിളച്ച് മണ്ണ് ഉണക്കി ചപ്പിലകള്‍ കത്തിച്ച് ചാരവുമായി മണ്ണ് നന്നായി കൂട്ടിയിളക്കണം. ഇത് വരമ്പ് രൂപത്തിലോ കുനകൂട്ടി തടമാക്കിയോ വാരമെടുക്കാം. വിത്ത് നടുന്നതിന് 15 ദിവസം മുമ്പ് സെന്റിന് 3 കിലോഗ്രാം കുമ്മായം ചേര്‍ത്തിളക്കുന്നത് മണ്ണിലെ അമ്ലത്വം കുറയ്ക്കാനും ജൈവവളങ്ങള്‍ വളരെ വേഗം വിളകള്‍ക്ക് വലിച്ചെടുക്കാനും കാരണമാകും. 5 കിലോ വേപ്പിന്‍ പിണ്ണാക്കും ചേര്‍ക്കണം.
അമ്പത് കിലോ ഉണക്ക ചാണകമോ, മണ്ണിര കമ്പോസ്റ്റോ പത്ത് ഗ്രാം ട്രൈക്കോഡര്‍മയുമായി ചേര്‍ത്ത് കലര്‍ത്തി തണലില്‍ ഉണക്കിയതിന് ശേഷം അടിവളമായി മണ്ണില്‍ ചേര്‍ക്കാം. 20 കിലോ കോഴികാഷ്ടം ചാണകപ്പൊടിക്ക് പകരമായി മണ്ണില്‍ ചേര്‍ക്കാവുന്നതാണ്.

ഒരു സെന്റിന് 30-40 ഗ്രാം വിത്ത് വേണ്ടിവരും. ഓരോ ചെടികള്‍ തമ്മിലും രണ്ടടിയെങ്കിലും അകലമുണ്ടാവണം. ഒരു സെന്റില്‍ പരമാവധി 200 ചെടികള്‍ നടാം. പത്ത് ഗ്രാം സ്യൂഡോമോണസ് വിത്തുമായി (100 വിത്തിന്) കൂട്ടിക്കലര്‍ത്തി വിത്ത് പരിചരിച്ചശേഷം നടണം. വിത്ത് നട്ടതിന് ശേഷം മണ്ണില്‍ ആവശ്യത്തിന് നനവ് ഉണ്ടായിരിക്കണം. വൈകീട്ട് ഒരു നേരം നനച്ചുകൊടുക്കണം.

ചാണകവെള്ളമോ, ബയോഗ്യാസ് സ്ലറിയോ ഒരു ലിറ്റര്‍ അഞ്ച് ലിറ്റര്‍ വെള്ളവുമായി ചേര്‍ത്ത് നേര്‍പ്പിച്ച് മേല്‍ വളമായി നല്‍കാം. അല്ലെങ്കില്‍ ഗോമൂത്രമോ വെര്‍മി വാഷോ രണ്ട് ലിറ്റര്‍ പത്തിരട്ടി വെള്ളവുമായി ചേര്‍ത്തതും മേല്‍വളമാക്കാം. സെന്റിന് 10 കിലോഗ്രാം മണ്ണിര കമ്പോസ്റ്റോ, കോഴിവളമോ അല്ലെങ്കില്‍ കടലപ്പിണ്ണാക്ക് ഒരു കിലോ പുതര്‍ത്തി 20 ലിറ്റര്‍ വെള്ളത്തില്‍ കലക്കിയോ ചെടിയ്ക്ക് മേല്‍വളമാക്കി നല്‍കാം.
അത്യാവശ്യത്തിന് നനവ് ഓരോ വാരത്തിലും നിലനിര്‍ത്തണം. പാഴ് ചെടികള്‍ കൊണ്ടോ ശീമക്കൊന്ന ഇല കൊണ്ടോ പുതയിട്ടു കൊടുക്കുന്നത് കളകള്‍ വരാതിരിക്കാനും മണ്ണില്‍ നനവ് നിലനിര്‍ത്താനും സഹായിക്കും. മഴക്കാലത്താണ് വെണ്ട കൃഷിയിറക്കുന്നത് എങ്കില്‍ ഇടയ്ക്ക് കളപറിച്ചുകൊടുക്കുകയും മണ്ണ് കൂട്ടിക്കൊടുക്കുകയും ചെയ്യണം. വേനല്‍ക്കാലത്ത് ചെടികള്‍ക്ക് ഓരോ ദിവസവും ഇടവിട്ട് നനയ്‌ക്കേണ്ടതാണ്. 

രോഗങ്ങള്‍

മൊസേക്ക് രോഗമാണ് വെണ്ടയ്ക്ക് സാധാരണയായി കണ്ടുവരുന്ന പ്രധാന രോഗം. ഇലകളിലെ പച്ചപ്പ് നഷ്ടപ്പെട്ട് മഞ്ഞനിറമാവുകയും ഞരമ്പുകള്‍ തടിക്കുകയും ചെയ്യും. കായകള്‍ മഞ്ഞ കലര്‍ന്ന് ചുരുണ്ടുപോവും. ഇലത്തുള്ളന്‍, വെള്ളീച്ച എന്നിവയാണ് മൊസേക്ക് രോഗത്തിന് കാരണമാവുന്ന വൈറസിന്റെ വാഹകര്‍.
രോഗമുള്ള ചെടികള്‍ കണ്ടാല്‍ പിഴുത് കത്തിച്ചുകളയണം. വേപ്പെണ്ണ- വെളുത്തുള്ളി മിശ്രിതം രണ്ടു ശതമാനം വീര്യത്തില്‍ തളിച്ചുകൊടുക്കാം. വൈറസിന്റെ വാഹകരായ കളകള്‍ പറിച്ചുമാറ്റുക, വേപ്പധിഷ്ടിത കീടനാശിനികള്‍ (ജൈവം) ഉപേയാഗിച്ചും രോഗനിവൃത്തി വരുത്താം. തണ്ടുതുരപ്പന്‍, കായ്തുരപ്പന്‍, വേരിനെ ആക്രമിക്കുന്ന നിമ വിരകള്‍, നീരൂറ്റിക്കുടിക്കുന്ന കീടങ്ങള്‍, ഇലചുരുട്ടിപ്പുഴു എന്നിവയാണ് വെണ്ട കൃഷിയെ ബാധിക്കുന്ന പ്രധാന കീടങ്ങള്‍.

കായയുടെ ഇളംതണ്ടുകളിലും കായകളിലും തുളച്ചുകയറി ഉള്‍ഭാഗം തിന്ന് കേടാക്കുന്ന പുഴുക്കളാണ് കായ്തുരപ്പന്‍, തണ്ടുതുരപ്പന്‍ എന്നീ പേരുകളിലറിയപ്പെടുന്നത്. വിത്ത് നട്ട് രണ്ടാഴ്ച കഴിയുമ്പോള്‍ വേപ്പിന്‍ പിണ്ണാക്ക് മണ്ണില്‍ ചേര്‍ത്ത് കൊടുക്കുക, അടിവളമായി അല്പം വേപ്പിന്‍ പിണ്ണാക്ക് ചേര്‍ത്ത് കൊടുക്കുക എന്നിവയാണ് ഇതിന്റെ പ്രതിവിധി. ആക്രമണം തുടങ്ങുമ്പോള്‍ വേപ്പിന്‍ കുരു സത്ത് അഞ്ച് ശതമാനം വീര്യത്തില്‍ തളിക്കുക. ബൂവേറിയ പോലുള്ള ജൈവകീടനാശിനികള്‍ ഉപയോഗിക്കാവുന്നതാണ്.
മുഞ്ഞ, വെള്ളീച്ച, പച്ചത്തുള്ളന്‍ എന്നിവയാണ് വെണ്ടയുടെ നിലനില്പിനെ ബാധിക്കുന്ന മറ്റ് കീടങ്ങള്‍. ഇവ ഇലയുടെ അടിവശത്ത് പറ്റിപിടിച്ചിരുന്ന് നീരൂറ്റി കുടിക്കുന്നു. ഇലകള്‍ മഞ്ഞളിച്ച് ഉണങ്ങിപ്പോവും. വെള്ളീച്ച വൈറസ് രോഗവാഹകരാണ്.

വെണ്ടയെ ബാധിക്കുന്ന മറ്റൊരു കീടം ഇല ചുരുട്ടിപ്പുഴുവാണ്. വെള്ളച്ചിറകിന്റെ മുന്നില്‍ പച്ചപ്പൊട്ടുകളുള്ള ശലഭങ്ങളുടെ മുട്ട വിരിഞ്ഞാണ് ഇല ചുരുട്ടിപ്പുഴുകള്‍ ഉണ്ടാകുന്നത്. ഇത് പച്ചിലകള്‍ തിന്ന് നശിപ്പിക്കുകയും കായ് തുരക്കുകയും ചെയ്യുന്നു. വേപ്പ് അടിസ്ഥാനമാക്കി വരുന്ന ജൈവ കീടനാശിനികള്‍ ആണ് ഇതിന് ഫലപ്രദം. ചുരുണ്ട ഇലകള്‍ പറിച്ചു നശിപ്പിച്ചു കളയുകയും വേപ്പിന്‍ കുരു സത്ത് തളിക്കുകയും ചെയ്താല്‍ ഇതിനെ നിയന്ത്രിക്കാം. മഞ്ഞക്കെണികള്‍ ഒരുക്കിയും ഇലച്ചുരുട്ടിപ്പുഴുവിന്റെ വ്യാപനം തടയാം.

ബോറന്‍ പുഴുക്കളും നിമ വിരകളുമാണ് വെണ്ട കൃഷിയുടെ ശത്രുക്കള്‍. വിത്ത് മുളച്ച് രണ്ടാഴ്ച പ്രായം കഴിഞ്ഞാല്‍ ഒന്നാകെ വാടിപ്പോകുന്നതാണ് ലക്ഷണം. വാടിപ്പോയ ചെടി പറിച്ച് അതിന്റെ തണ്ട് കീറിനോക്കിയാല്‍ വെളുത്തപ്പുഴുക്കളെ കാണാം. ഇതാണ് ബോറന്‍ പുഴു. ഇതിനെ പ്രതിരോധിക്കാന്‍ മണ്ണ് തയ്യാറാക്കുമ്പോള്‍ അടിവളമായി സെന്റൊന്നിന് അഞ്ച് കിലോ വേപ്പിന്‍പിണ്ണാക്ക് പൊടിച്ച് ചേര്‍ക്കണം. 

തൈപറിച്ചു നടുകയാണെങ്കില്‍ നടുന്ന കുഴിയില്‍ അല്പം വേപ്പിന്‍ പിണ്ണാക്ക് പൊടിച്ചിട്ടാലും മതി. 
നിമ വിര കയറിയാല്‍ ആദ്യം ചെടി മുരടിക്കുകയും പിന്നീട് വാടിപ്പോവുകയും ചെയ്യും. മുരടിക്കാന്‍ തുടങ്ങുന്ന ചെടി സൂക്ഷിച്ചു നോക്കിയാല്‍ തണ്ടിന് ചെറിയ വീക്കം തോന്നാം. ബ്ലേഡുകൊണ്ട് തൈ ചെറുതായി കീറി പുഴുവിനെ ഒഴിവാക്കിയാല്‍ തൈ രക്ഷപ്പെടും.അടിവളമായി വേപ്പിന്‍ പിണ്ണാക്കും മേല്‍വളമായി ഗോമൂത്രവും (നേര്‍പ്പിച്ചത്) നല്‍കിയാല്‍ വെണ്ട കൃഷിയെ ബാധിക്കുന്ന ഒട്ടുമിക്ക കൃമി കീടങ്ങളെയും ഒഴിവാക്കാം.

വാഴകൃഷി ആദായകരമാക്കാൻ  ചില പൊടിക്കൈകൾ

 

1) വാഴക്കന്ന് ചരിച്ചു നട്ടാല്‍ മുളങ്കരുത്ത് കൂടും വിളവും മെച്ചപ്പെട്ടതായിരിക്കും.

2) വാഴക്കന്ന് ചൂടു വെള്ളത്തില്‍ പത്തു മിനിറ്റ് മുക്കി വച്ചതിനു ശേഷം നട്ടാല്‍ നിമാ വിരയെ ഒഴിവാക്കാം.

3) വാഴക്കന്ന് നന്നായി ചെത്തി വൃത്തിയാക്കുക. നടാനുള്ള കുഴിയില്‍ ഒരു കിലോ വേപ്പിന്‍ പിണ്ണാക്കു ചേര്‍ക്കുക. തുടര്‍ന്ന് വാഴ നട്ടാല്‍ നിമാ വിരയുടെ ഉപദ്രവം ഉണ്ടാവുകയില്ല.

4) വാഴ നടുന്ന കുഴിയില്‍ 25 ഗ്രാം ഫുറഡാന്‍ ഇട്ടാല്‍ മാണവണ്ടിന്റെ ഉപദ്രവം ഒഴിവാക്കാം.

5) ചുവട്ടിലേക്കു വണ്ണമുള്ള മുകളിലേക്ക് നേര്‍ത്ത് വാള്‍ മുന പോലെ കൂര്‍ത്ത ഇലകളോടു കൂടിയ സൂചിക്കന്നുകളാണ് നടാന്‍ ഉത്തമം.

6) നേത്ര വാഴക്കന്ന് ഇളക്കിയാല്‍ 15 - 20 ദിവസത്തിനുള്ളില്‍ നടണം.

7) മറ്റുള്ള വാഴക്കന്നുകള്‍ എല്ലാം 3- 4 ദിവസത്തിനുള്ളില്‍ നടണം.

8) ഏത്ത വാഴക്കന്ന് ഇളക്കിയ ശേഷം ചാണക വെള്ളത്തില്‍ മുക്കി ഉണക്കി സൂക്ഷിച്ചാല്‍ ഒരു മാസം വരെ ജീവനക്ഷമത നിലനിര്‍ത്താം.

9) അത്തം ഞാറ്റുവേലയാണ് ഏത്തവാഴ നടാന്‍ ഏറ്റവും പറ്റിയത്.

10) വാഴക്കന്ന് നടുന്നതിനു മുമ്പ് വെള്ളത്തില്‍ താഴ്ത്തി വച്ചിരുന്നാല്‍ അതില്‍ പുഴുക്കളുണ്ടെങ്കില്‍ അവ ചത്തുകൊള്ളും.

11) വാഴ പുതുമഴയോടെ നടുക, നല്ല കരുത്തോടെ വളരും പുഷ്ടിയുള്ള കുലയും കിട്ടും.

12) വാഴവിത്ത് നടുന്ന കുഴിയില്‍ കുറച്ച് ചാണകപ്പൊടി കൂടി ഇടുക. മണ്ടയടപ്പില്‍ നിന്നും വാഴ രക്ഷപ്പെടും.

13) വേപ്പിന്‍ പിണ്ണാക്ക് ചുവട്ടിലിട്ട് വാഴ നട്ടാല്‍ കരിക്കിന്‍ കേട് തടയാം. നട്ടതിന് ശേഷം രണ്ടു പ്രാവശ്യം കൂടി വേപ്പിന്‍ പിണ്ണാക്ക് ഇടണം.

14) ഓണത്തിന് ഏത്തവാഴ വെട്ടണമെങ്കില്‍ നടുന്ന സമയം ക്രമീകരിക്കുക. ഓണം വിട്ടേ ചിങ്ങം ആവൂ എങ്കില്‍ അത്തം ഞാറ്റുവേലയുടെ തുടക്കത്തില്‍ കന്ന് നടുക. ഓണം അവസാനമാണെങ്കില്‍ ചോതി ഞാറ്റുവേലയില്‍ നടുക.

15) വാഴ നടുമ്പോള്‍ കുഴിയില്‍ അല്‍പ്പം വേപ്പിന്‍ പിണ്ണാക്ക് ചേര്‍ക്കുകയും വാഴയിലയുടെ കുരലില്‍ രണ്ടു മൂന്നു പ്രാവശ്യം അല്പം വേപ്പെണ്ണ ഒഴിച്ചു കൊടുക്കുകയും ചെയ്താല്‍ കുറുമ്പുരോഗം വരികയില്ല.

16) വാഴക്കുഴിയില്‍ ഇഞ്ചിപ്പുല്ലു വച്ച് വാഴക്കന്ന് നട്ടാല്‍ കീടശല്യം കുറയും.

17) വാഴയുടെ മാണപ്പുഴുക്കളെ നശിപ്പിക്കാന്‍ , പ്ലാസ്റ്റിക് ചാക്കുകള്‍ വെള്ളം നനച്ച് കുമ്മായപ്പൊടി തൂകി പിണ്ടിയില്‍ അധികം മുറുക്കാതെ കെട്ടിയുറപ്പിക്കുക. ഉണങ്ങിയ പോളകള്‍ മാറ്റിക്കളഞ്ഞതിന് ശേഷം വേണം ഇങ്ങനെ ചെയ്യാന്‍. ആക്രമണം തുടങ്ങുമ്പോള്‍ തന്നെ ചെയ്താല്‍ ഏറ്റവും ഫലം കിട്ടും.

18) കുരലപ്പ് വന്ന വാഴയുടെ കവിളില്‍ അഞ്ചു ഗ്രം വീതം വറുത്ത ഉലുവ വിതറുക ഭേദമാകും.

19) എല്ലായിനം വാഴയിലും ഉണ്ടാകുന്ന ചെല്ലി, പലവക കീടങ്ങള്‍ എന്നിവ ഒഴിഞ്ഞു പോകാന്‍ ഉണങ്ങിയ പോളകള്‍ പൊളിച്ചു മാറ്റി തീയിലിടുക. ഇവയിലാണ് കീടങ്ങള്‍ കൂടു വക്കുന്നത്.

20) വയല്‍ വരമ്പുകളില്‍ വാഴ നടുമ്പോള്‍ ഞണ്ടിന്റെ മാളത്തില്‍ നികക്കെ ചാണകവെള്ളം ഒഴിക്കുക. അവ ശ്വാസം മുട്ടി പുറത്ത് വരും. അപ്പോള്‍ പിടിച്ച് നശിപ്പിക്കാം.

21) വാഴ മുളച്ചു വരുമ്പോള്‍ രണ്ടാഴ്ചയിലൊരിക്കല്‍ മഞ്ഞുവെള്ളം തോരുന്നതിനുമുമ്പ് ഓരോ നുള്ള് ചാരം കൂമ്പിലും കവിളിലും ഇട്ടുകൊടുത്താല്‍ പുഴുക്കളുടെ ശല്യം ഒഴിവാകും.

22) കുഴികളില്‍ നേന്ത്ര വാഴ നട്ടതിനു ശേഷം കുഴിക്ക് ചുറ്റും തകര നട്ടുവളര്‍ത്തിയാല്‍ വാഴയെ ബാധിക്കുന്ന നിമാവിരകളെ നിയന്ത്രിക്കാം.

23) വാഴയ്ക്കിടയില്‍ പയര്‍ വിതക്കുന്നത് വളരെ പ്രയോജനപ്രദമായ കള നിവാരണമാര്‍ഗ്ഗമാണ്.

24) കുറുനാമ്പു രോഗം ഒഴിവാക്കാന്‍ വാഴ നടുന്ന സമയത്ത് 40 ഗ്രാം ഫുറഡാന്‍ ചുവട്ടിലും മൂന്നു മാസങ്ങള്‍ക്കു ശേഷം 20 ഗ്രാം ഫുറഡാന്‍ വീതം പോളകള്‍ക്കിടയിലും ഇടുക.

25) ടിഷ്യു കള്‍ച്ചര്‍ വാഴകള്‍ക്ക് മാണപ്പുഴുവിന്റെ ഉപദ്രവം വളരെ കുറവായിരിക്കും. ടിഷ്യൂ കള്‍ച്ചര്‍ വാഴകള്‍ക്ക് കുറുനാമ്പ് ഉണ്ടാകാനുള്ള സാധ്യതയും തീരെ കുറവാ‍ണ്.

26) നേന്ത്രവാഴ കുലക്കാന്‍ എടുക്കുന്ന കാലം നടാന്‍ ഉപയോഗിക്കുന്ന കന്നിന്റെ മൂപ്പിനെ ആശ്രയിച്ചാണ്. മൂപ്പു കുറഞ്ഞ ചെറിയ കന്നുകള്‍ നട്ട് ഏതാനും ദിവസങ്ങള്‍ക്കു ശേഷം മൂപ്പു കൂടിയവ നട്ടാല്‍ ‍ എല്ലാ വാഴകളും ഏതാ‍ണ്ട് ഒരേകാലത്ത് കുലക്കുന്നതാണ്.

27) വാഴക്കുലയുടെ നേരെ ചുവട്ടിലും , എതിര്‍വശത്തും ഉള്ള കന്നുകള്‍ നടാനുപയോഗിച്ചാല്‍ നല്ല വലിപ്പമുള്ള കുലകള്‍ കിട്ടും.

28) വാഴത്തോപ്പില്‍ വെയിലടി ഉള്ള ഇടങ്ങളില്‍ പോളിത്തീന്‍ ഷീറ്റുവിരിച്ചാല്‍ കളയുടെ വളര്‍ച്ച ഒഴിവാക്കാം.

29) ത്രികോണ രീതിയില്‍ നട്ടിട്ടുള്ള വാഴകള്‍ പരസ്പരം കയറു കൊണ്ടു കെട്ടിയാല്‍ കാറ്റു മൂലം മറിഞ്ഞു വീഴുന്നത് ഒഴിവാക്കാം.

30) വാഴയുടെ വേരു പടലം ഉപരിതലത്തോട് ചേര്‍ന്നിരിക്കുന്നതിനാല്‍ ആഴത്തില്‍ വളം ഇട്ടാല്‍ പ്രയോജനം കിട്ടുകയില്ല.

പെരുമയെഴും 'പെരുമ'

വാഴയില്‍ - പ്രത്യേകിച്ച് നേന്ത്രവാഴയില്‍ വിളവര്‍ധനയ്ക്ക് സൂക്ഷമ മൂലകലഭ്യത നിര്‍ബന്ധമാണ്. വാഴയില്‍ സാധാരണഗതിയില്‍ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവയാണ് വളമായി നല്‍കുന്നത്. സൂക്ഷ്മ മൂലകങ്ങളുടെ കാര്യം പലപ്പോഴും നാം ഓര്‍ക്കാറില്ല. എന്നാല്‍ പ്രധാന വിളകളോടൊപ്പം സൂക്ഷ്മ മൂലകങ്ങള്‍ കൂടെ നല്‍കിയാല്‍ ഉത്പാദനം 20 മുതല്‍ 30 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ സാധിക്കും എന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ കുറവ് പരിഹരിക്കാനാണ് ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ റിസര്‍ച്ച് (ഐ.ഐ.എച്ച്.ആര്‍) എന്ന സ്ഥാപനം വാഴകള്‍ക്കായി ഒരു പ്രത്യേക സൂക്ഷ്മ മൂലകക്കൂട്ട് തയാറാക്കിയത്.

'പെരുമ' എന്നാണിതിന് പേര്. ഇരുമ്പ്, സിങ്ക്, ബോറോണ്‍, കോപ്പര്‍, മാംഗനീസ്, മോളിബ്ഡിനം, മഗ്നീഷ്യം, സള്‍ഫര്‍ എന്നീ എട്ടു സൂക്ഷ്മ മൂലകങ്ങള്‍ ഒരു പ്രത്യേക അനുപാതത്തില്‍ ചേര്‍ത്താണ് ഈ വളക്കൂട്ട് തയാറാക്കിയിരിക്കുന്നത്. നേന്ത്രന്‍ ഉള്‍പ്പെടെ എല്ലാ വാഴകള്‍ക്കും ഇത് പ്രയോജനപ്രദമാണ്.

പെരുമ അഞ്ചു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ഇലകളില്‍ തളിച്ചുകൊടുത്താല്‍ മതി. നട്ട് നാലു മാസം മുതല്‍ വളപ്രേയാഗം ആരംഭിക്കാം. മാസത്തില്‍ ഒരു തവണ വീതം, കുലച്ചതിന് ശേഷം രണ്ടു മാസം വരെ ഇത് തുടരാം. കുലച്ചതിനുശേഷം ഇലകളോടൊപ്പം കുലകളിലും തളിക്കാം. ഒരു വാഴയില്‍ അഞ്ച്-ആറ് പ്രാവശ്യം തളിക്കണം. ഒരു പ്രാവശ്യം ഒരു ഹെക്ടറില്‍ തളിക്കാന്‍ അഞ്ചു കിലോഗ്രാം എന്ന തോതില്‍ ആകെ 25-30 കിലോഗ്രാം 'പെരുമ' വളക്കൂട്ട് വേണ്ടിവരും. എട്ടു സൂക്ഷ്മ മൂലകങ്ങള്‍ ഒരു പ്രത്യേക അനുപാതത്തില്‍ ചേര്‍ത്ത് തയാറാക്കിയതായതിനാല്‍ ഈ വളക്കൂട്ടിനോടൊപ്പം മറ്റ് കുമിള്‍ നാശിനികളോ കീടനാശിനികളോ ഒന്നും ചേര്‍ക്കാനേ പാടില്ല.

കോഴിക്കോട്, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന കൃഷിവിജ്ഞാന കേന്ദ്രങ്ങളില്‍ ഇതിന്റെ ഉത്പാദനവും വിപണനവും ആരംഭിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട വിലാസം:

പ്രോഗ്രാം കോര്‍ഡിനേറ്റര്‍, ഐ.സി.എ.ആര്‍ കൃഷിവിജ്ഞാനകേന്ദ്രം, പെരുവണ്ണാമൂഴി പോസ്റ്റ്, കോഴിക്കോട് - 673 528,

മുന്തിരി വിളയും കേരളത്തിലും

കേരളത്തിന്റെ പൊതുവെയുളള കാലാവസ്ഥ മുന്തിരിക്കൃഷിക്ക് അനുയോജ്യമല്ലെന്നാണ് പറയുക. പക്ഷേ, അല്പം ശ്രദ്ധിച്ചാല്‍ ഇവിടത്തെ കാലാവസ്ഥയിലും നമുക്ക് മുന്തിരി കൃഷിചെയ്യാം. ലോകത്ത് എണ്ണായിരത്തില്‍പ്പരം മുന്തിരിയിനങ്ങള്‍ കാണപ്പെടുന്നുണ്ടെങ്കിലും ഇന്ത്യയില്‍ അനാബെഷാഹി, ബാംഗ്ലൂര്‍ പര്‍പ്പിള്‍, ബോഖ്‌റി, ഗുലാബി, കാളി സാഹേബി, തോംസണ്‍ സീഡ്‌ലസ് തുടങ്ങിയവയാണ് പ്രധാന കൃഷി.

ഇതിനുപുറമെ കേന്ദ്ര കൃഷിമന്ത്രി ശരദ്പവാര്‍ മുന്തിരി കര്‍ഷകര്‍ക്ക് നല്‍കിയ പ്രോത്സാഹനത്തിന് നന്ദിസ്മാരകമായി പേരിട്ട ശരദ്‌സീഡ്‌ലസ് എന്ന 110 ദിവസംകൊണ്ട് പഴുത്ത് പാകമാവുകയും ഹെക്ടറിന് 25 ടണ്‍ വിളവ് ലഭിക്കുന്ന കൂടുതല്‍ മാംസളവും മണവുമുള്ള ഇനവും പ്രചാരത്തിലുണ്ട്. ഇറ്റലിയാണ് ലോകത്തില്‍ മുന്തിരി ഉത്പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യം.

ഇന്ത്യയില്‍ മഹാരാഷ്ടയിലാണ് മുന്തിരി കൂടുതലായിട്ട് കൃഷി ചെയ്യുന്നതെങ്കിലും വിളവിന്റെ അടിസ്ഥാനത്തില്‍ ആന്ധ്രപ്രദേശാണ് മുന്നില്‍. തമിഴ്‌നാട്ടിലെ കമ്പം, തേനി പ്രദേശങ്ങളിലും വന്‍തോതില്‍ മുന്തിരി കൃഷി ചെയ്തുവരുന്നു. കേരളത്തില്‍ തോട്ടമടിസ്ഥാനത്തില്‍ പാലക്കാട് മുതലമടയില്‍ മാത്രമായി ഒതുങ്ങിനില്‍ക്കുകയാണ് മുന്തിരിക്കൃഷി.

വീട്ടുമുറ്റത്ത് കൃഷിചെയ്യാന്‍ അനുയോജ്യമായത് ബാംഗ്ലൂര്‍ പര്‍പ്പിള്‍ എന്ന സാധാരണ വിപണിയില്‍ കാണുന്ന ഇനമാണ്. ഇടത്തരം കുലകള്‍, നീലിമ കലര്‍ന്ന കറുപ്പുനിറം, ഉരുണ്ട വിത്തും കട്ടിയുള്ള തൊലിയും മാംസളമായ ഉള്ള് ഒന്നിച്ച് പാകമാകുന്ന സ്വഭാവം ഇതൊക്കെയുണ്ടെങ്കിലും മറ്റിനങ്ങളെക്കാള്‍ മധുരം അല്പം പിറകോട്ടാണ്. പഴത്തിനും ജ്യൂസിനും ഉപയോഗിക്കാം. മിതമായ ചൂടും തണപ്പും അനുഭവപ്പെടുന്ന നമ്മുടെ കാലാവസ്ഥയ്ക്ക് പറ്റിയതാണ് നടുന്ന രീതി.

മുന്തിരി എല്ലാകാലത്തും നടാം. നല്ല വെയില്‍കിട്ടുന്ന സ്ഥലം തിരഞ്ഞടുക്കണം. മണ്ണ് ഏതുമായിക്കൊള്ളട്ടെ രണ്ടരയടി ചതുരുത്തിലും ആഴത്തിലും ടെറസ്സിന് ചേര്‍ന്നോ മുറ്റത്തോ കുഴിയെടുക്കാം. അതില്‍ രണ്ടുഭാഗം മണലും ഒരുഭാഗം ഉണങ്ങിയ ചാണകപ്പൊടിയോ കമ്പോസ്റ്റോ മണ്ണിരവളമോ നിറച്ച് 100 ഗ്രാം കുമ്മായവും ചേര്‍ത്ത് അഞ്ച് ദിവസം വെള്ളമൊഴിച്ച് മണ്ണ് കുതിര്‍ക്കണം. ഇതില്‍ വിശ്വസ്തമായ നഴ്‌സറികളില്‍ നിന്നും വാങ്ങുന്ന കരുത്തുറ്റ ഒരടി പൊക്കമുള്ള ഒരു പൊടിപ്പ് മാത്രം നിലനിര്‍ത്തി വേരുകള്‍ക്ക് ക്ഷതമേല്‍ക്കാതെ കുഴിയുടെ മധ്യേ നട്ടതിന് ശേഷം താങ്ങുകമ്പ് നാട്ടണം. മിതമായി ദിവസവും നനയ്ക്കുകയും വേണം.

ടെറസ്സിലാണ് പന്തലൊരുക്കുന്നതെങ്കില്‍ ടെറസ്സില്‍നിന്ന് ആറടി ഉയരം വരെ വള്ളിവളര്‍ത്തിക്കൊണ്ടുവരണം. മുറ്റത്താണെങ്കില്‍ ബലമുള്ള തൂണുകള്‍ നാട്ടി പന്തലാക്കി പന്തലില്‍ വള്ളിതൊടുമ്പോള്‍ തലപ്പ് നുള്ളിവിടുക. ഇങ്ങനെ നുള്ളി വിടുന്ന തലപ്പുകള്‍ കൂടുതല്‍ വള്ളികളായി പന്തലിലേക്ക് കയറും. പരിചരണത്തിനും കായ് പറിക്കുന്നതിനും വേണ്ടിയാണ് പന്തല്‍ ആറടി ഉയരത്തില്‍ ക്രമീകരിക്കുന്നത്. മുന്തിരി പടര്‍ത്തിക്കയറ്റുന്നതിനു ബലമുള്ള പന്തല്‍ വേണം. അല്ലെങ്കില്‍ മുന്തിരിയുടെ ഭാരം വരുമ്പോള്‍ പന്തല്‍ നശിച്ചു പോകും. ചെടികള്‍ തമ്മിലും ചുവടുകള്‍ തമ്മിലും ആറ് അടി വീതം അകലം കൊടുക്കുന്നതാണ് നല്ലത്. അതിനു സാധിക്കുന്നില്ലെങ്കില്‍ ചുവടുകള്‍ തമ്മില്‍ നാലരയടി അകലമായാലും മതി.

നടീല്‍ വസ്തുക്കള്‍

ഒരു വര്‍ഷം പ്രായമായതും പെന്‍സില്‍ വണ്ണമുള്ളതുമായ മൂപ്പെത്തിയ വള്ളികള്‍ മുറിച്ചു നട്ടാണ് മുന്തിരിയുടെ തൈകളുണ്ടാക്കുന്നത്. മുപ്പതു സെന്റി മീറ്റര്‍ നീളമാണ് നടീല്‍ വസ്തുക്കള്‍ക്കു വേണ്ടത്. തണ്ടു മുറിക്കുമ്പോള്‍ മുട്ടുകള്‍ക്ക് (കണ്ണുകള്‍ക്ക്) ചേര്‍ന്നാകരുത്. രണ്ടു കണ്ണുകളുടെ ഒത്തു നടുക്കായി വരുന്നതു പോലെ മുറിക്കുക. പ്രതികൂല സാഹചര്യങ്ങളില്‍ സൂക്ഷിച്ച് പച്ചകെടുത്തിയ തണ്ടുകളാണ് നടീല്‍ വസ്തുവാക്കുന്നത്. പച്ചകെടുത്തുന്നതിന് ഏറ്റവും നല്ല മാര്‍ഗം തണ്ടുകള്‍ കെട്ടുകളാക്കി മണലില്‍ സൂക്ഷിക്കുന്നതാണ്. ഒരുമാസത്തോളം ഇങ്ങനെ സൂക്ഷിക്കുന്നതാണ് മികച്ച വിളവു തരുന്നതായി കണ്ടിരിക്കുന്നത്. അതിനു ശേഷം ഇത്തരം വള്ളികള്‍ നഴ്‌സറിയില്‍ നട്ടുകിളിര്‍പ്പിച്ചെടുക്കാം.

നടീല്‍

മുന്തിരിവള്ളി നടുന്നതിലും പ്രത്യേക ശ്രദ്ധ വേണം. ഒരു കണ്ണ് മാത്രമേ മണ്ണിനു മുകളിലേക്കു കാണാവൂ. മുപ്പതു സെന്റിമീറ്റര്‍ നീളത്തില്‍ വേറെ എത്ര കണ്ണുകളുണ്ടെങ്കിലും അവയെല്ലാം മണ്ണിനടിയിലേക്കു പോകണം. പോളിബാഗുകള്‍ക്കുള്ളിലോ ഉയര്‍ത്തിയെടുത്ത നഴ്‌സറിത്തടങ്ങളിലോ തൈകള്‍ വളര്‍ത്താം. തടങ്ങിളിലാണ് കൃഷിയെങ്കില്‍ തടങ്ങള്‍ തമ്മില്‍ മുക്കാല്‍ മീറ്ററും ചുവടുകള്‍ തമ്മില്‍ മുപ്പതു സെന്റിമീറ്ററും അകലം നല്‍കണം. തൈകള്‍ നന്നായി വേരുപിടിച്ചു കിട്ടുന്നതിന് എട്ടുപത്തു മാസം വേണ്ടിവരും. കേരളത്തിലെ തണുപ്പുകാലമാണ് നടീലിന് ഏറ്റവും യോജിച്ചത്.

നഴ്‌സറി തടങ്ങളില്‍ നിന്നു മാറ്റി നടേണ്ടത് സമചതുരക്കുഴികളിലേക്കാണ്. കുഴികള്‍ക്കോരോന്നിനും അറുപതു സെന്റിമീറ്റര്‍ വീതം നീളവും വീതിയും താഴ്ചയുമുണ്ടായിരിക്കണം. കുഴി എടുത്തതിനു ശേഷം വെയില്‍ കൊണ്ടു പരുവപ്പെടുന്നതിനു പത്തുദിവസം തുറന്നിടണം. അതുകഴിഞ്ഞാല്‍ നേരത്തെ കോരിയെടുത്ത മണ്ണിലെ മേല്‍മണ്ണ് പ്രധാന ചേരുവയായി നടീല്‍ മിശ്രിതം തയ്യാറാക്കി കുഴി നിറയ്ക്കണം. മേല്‍മണ്ണിനു പുറമെ ഇരുപതു കിലോഗ്രാം ചാണകപ്പൊടിയും അരകിലോ വീതം രാജ്‌ഫോസും പൊട്ടാഷും ചേര്‍ക്കണം. മണ്ണില്‍ നിന്നുള്ള രോഗങ്ങളെയും കീടങ്ങളെയും തുരത്തുന്നതിന് കുഴിയൊന്നിന് ഒരു കിലോ വേപ്പിന്‍പിണ്ണാക്കും ചേര്‍ക്കുന്നതു നല്ലതാണ്. മേല്‍ മണ്ണിന്റെ പോരായ്മ പരിഹരിക്കുന്നതിന് ചുറ്റിലും നിന്ന് മണ്ണു വെട്ടിക്കയറ്റുകയും ചെയ്യാം. കുഴിയുടെ മധ്യത്തിലായി വേരുപിടിപ്പിച്ച തൈകള്‍ നട്ട് ചുറ്റിലും മണ്ണ് അമര്‍ത്തിയുറപ്പിക്കണം.

പ്രൂണിങ്ങ്

ചെടിയുടെ തലപ്പ് മുറിച്ച് മാറ്റുന്ന രീതിക്കാണ് പ്രൂണിംഗ് എന്നു പറയുന്നത്. പ്രൂണിങ്ങ് നടത്തിയാലെ മുന്തിരിയില്‍ കൂടുതല്‍ കായ്കള്‍ ഉണ്ടാവുകയുള്ളു. ചെടി വളരുന്നതോടൊപ്പം ഇലകളടുപ്പിച്ച് വരുന്ന  വള്ളികള്‍ നീക്കണം. തലപ്പ് നുള്ളി വിട്ടത് പല ശിഖരങ്ങളായ് വളരും. ഇവ ഒരടി വളരുമ്പോള്‍ വീണ്ടും തലപ്പ് നുള്ളി വിടണം. ഈ പ്രക്രിയ വള്ളി പന്തല്‍ മുഴുവന്‍ വ്യാപിക്കുന്നത് വരെ തുടരണം. ഏകദേശം 10 മാസങ്ങള്‍ കൊണ്ട് ഒരു ചെടിയുടെ വള്ളികള്‍ ഒരു സെന്റോളം സ്ഥലത്ത് വളരും. അപ്പോള്‍ എല്ലാ തലപ്പ് വള്ളികളേയും ഒരടി നീളത്തില്‍ മുറിച്ച് മാറ്റുകയും എല്ലാ ഇലകളേയും അടര്‍ത്തി മാറ്റുകയും ചെയ്യണം. അത് കഴിഞ്ഞ് 15 നാള്‍ കഴിയുമ്പോള്‍ പുതിയ തളിരിലകളോടൊപ്പം ശിഖിരത്തില്‍ മൊത്തമായ് ഇളം പച്ചനിറത്തിലുള്ള പൂക്കളും വന്ന് തുടങ്ങും. വീണ്ടും രണ്ടാഴ്ച്ച കഴിയുമ്പോള്‍ തലപ്പ് വീണ്ടും ഒന്നരടിയോളം വളരും ആ സമയം അവയുടെ തലപ്പും നുള്ളി വിട്ടതിന് ശേഷം തൊട്ട് താഴെയുള്ള 3 ഇലകളേയും അടര്‍ത്തി മാറ്റണം. അതോടൊപ്പം സ്പ്രിങ്ങ് പോലുള്ള ചുറ്റുവള്ളികളും മാറ്റണം. ശരിയായ് പ്രൂണിങ്ങ് ചെയ്ത് ഇലകള്‍ മാറ്റിയ ശേഷം പന്തല്‍ വള്ളി മാത്രമായ് കാണണം.

പ്രൂണിങ്ങിന് ശേഷം ഉണ്ടായ പൂക്കള്‍ 120 ദിവസം കഴിയുമ്പോള്‍ കായ്കള്‍ പഴുത്ത് പറിക്കാറാകും. മുന്തിരി കുലകള്‍ ചെടിയില്‍ വെച്ചു തന്നെ പഴുക്കാന്‍ അനുവദിക്കണം. പഴങ്ങള്‍ പറിച്ചതിന് ശേഷം വീണ്ടും പ്രൂണിങ്ങ് നടത്തിയാല്‍ ഒരാണ്ടില്‍ 3 തവണ വിളവെടുക്കാം. കിളികളുടെ ഉപദ്രവം ഉണ്ടാകാതിരിക്കാന്‍ കുലകളെ നെറ്റ് വിരിച്ച് സംരക്ഷിക്കാം.

കടപ്പാട് : malayalam.krishijagran.com

3.13157894737
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top