Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

പുത്തൻതലമുറ വളങ്ങൾ

പുത്തൻ തലമുറ വളങ്ങളെ കുറിച്ചുള്ള വിവരങ്ങൾ

പുത്തന്‍തലമുറ വളങ്ങള്‍


കൃഷിസമ്പ്രദായങ്ങള്‍ പലതും മാറ്റത്തിന്റെ പാതയിലാണ്. അതുപോലെത്തന്നെ കൃഷിക്ക് ആവശ്യമായ വളങ്ങളും. കൃഷിയുടെ സമ്പ്രദായം ഏതായാലും കൃഷിക്ക് വളം ആവശ്യമാണ്. കൃഷി ആരംഭിക്കുന്ന കാലത്ത് മണ്ണില്‍ വേണ്ടത്ര വളമുണ്ടായിരുന്നു. തുടര്‍ച്ചയായ കൃഷിമൂലം കൃഷിഭൂമിയില്‍നിന്ന് വര്‍ധിച്ച തോതില്‍ സസ്യപോഷകമൂലകങ്ങള്‍ വലിച്ചുമാറ്റപ്പെടുന്നതിനാല്‍ അവയുടെ കുറവ് മണ്ണുപരിശോധനയില്‍ മനസ്സിലാക്കാന്‍ കഴിയും. അങ്ങനെ പോന്നുപോരാഞ്ഞ്, മണ്ണില്‍ ചേര്‍ത്തുകൊടുത്താല്‍മാത്രമേ ഉല്‍പ്പാദനം വേണ്ടരീതിയില്‍ കിട്ടുകയുള്ളു. അതിനുവേണ്ടി മണ്ണില്‍ ചേര്‍ത്തുകൊടുക്കുന്ന സസ്യപോഷകങ്ങളാണ് വളങ്ങള്‍ എന്നറിയപ്പെടുന്നത്. വളങ്ങള്‍ പലരൂപത്തിലുണ്ട്. ജൈവവസ്തുക്കള്‍ അഴുകിയുള്ള ജൈവവളങ്ങള്‍ , മണ്ണിര കമ്പോസ്റ്റ്, ചകിരിച്ചോര്‍ കമ്പോസ്റ്റ്, ചാണകം, പിണ്ണാക്കുകള്‍ , മൃഗാവശിഷ്ടങ്ങള്‍ തുടങ്ങി പലതരം ജൈവവളങ്ങള്‍ക്കുപുറമെ രാസവളങ്ങളും കര്‍ഷകര്‍ ഉപയോഗിച്ചുപോരുന്നു.

ഏതു വിളയ്ക്കും ഏറ്റവും കൂടുതല്‍ വേണ്ട മൂലകങ്ങള്‍ കാര്‍ബണ്‍ , ഹൈഡ്രജന്‍ , ഓക്സിജന്‍ , നൈട്രജന്‍ , ഫോസ്ഫറസ്, പൊട്ടാഷ് എന്നിവയാണ്. ഇതില്‍ ആദ്യ മൂന്നു മൂലകങ്ങള്‍ അന്തരീക്ഷവായുവില്‍ നിന്നുതന്നെ ചെടി സ്വീകരിക്കും. മറ്റുള്ളവ മണ്ണില്‍നിന്നാണ് കിട്ടേണ്ടത്. അതു കുറഞ്ഞാല്‍ മണ്ണില്‍ ചേര്‍ത്തുകൊടുക്കേണ്ടത് അനിവാര്യമാണ്. മൂലകങ്ങളുടെ ലഭ്യതയുടെ ഏറ്റവും നല്ല സ്രോതസ്സ് ജൈവ വളങ്ങള്‍തന്നെയാണ്. പക്ഷേ, അവ കൈകാര്യംചെയ്യാനാണ് ബുദ്ധിമുട്ട്. കൃഷിസ്ഥലത്തേക്ക് എത്തിക്കാനും മണ്ണില്‍ ചേര്‍ത്തു കൊടുക്കാനും ഏറെ അധ്വാനം ആവശ്യമാണ്. പരിഹാരമെന്ന നിലയില്‍ ജൈവവളങ്ങള്‍ കൃഷിസ്ഥലത്തുതന്നെ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയണം. അതല്ലെങ്കില്‍ ജൈവവളവിളകള്‍ വളര്‍ത്തി പുഷ്പിക്കുന്നതിനുമുമ്പ് മണ്ണില്‍ ഉഴുതുചേര്‍ക്കുന്ന രീതിയും അഭികാമ്യമാണ്.

ജൈവവളങ്ങളില്‍നിന്ന് വേണ്ടത്ര അളവില്‍ മൂലകങ്ങള്‍ ലഭ്യമാകുന്നില്ലെങ്കില്‍മാത്രമേ രാസവളങ്ങള്‍ ചേര്‍ക്കേണ്ടതുള്ളു. കോംപ്ലക്സ്, നേര്‍വളങ്ങള്‍ , മിക്സ്ചറുകള്‍ എന്നിങ്ങനെ രാസവളങ്ങള്‍ ലഭ്യമാണ്. ഇത്തരം വളങ്ങളില്‍നിന്ന് അവയുടെ പേര് സൂചിപ്പിക്കുംപോലെ ഒന്ന്, രണ്ട്, മൂന്ന്, നാല് മൂലകങ്ങള്‍ മാത്രമാണ് വിളകള്‍ക്കു ലഭിക്കുക. ഇത്തരം വളങ്ങള്‍ ടണ്‍കണക്കിനാണ് കൃഷിയിടങ്ങളില്‍ ഉപയോഗപ്പെടുത്തിപ്പോരുന്നത്. തുടര്‍ച്ചയായ അവയുടെ ഉപയോഗം ഒരുപാട് കെടുതികള്‍ സമ്മാനിക്കുന്നുണ്ടെന്ന് വിവിധ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. മണ്ണില്‍ അമ്ലത വര്‍ധിപ്പിക്കുന്നു, മണ്ണിന്റെ ഉല്‍പ്പാദനക്ഷമത കുറയ്ക്കുന്നു. ജലം മലിനമാക്കുന്നു, മണ്ണിലെ സൂക്ഷ്മജീവികളെ ഇല്ലാതാക്കുന്നു എന്നിങ്ങനെ നീളുന്നു ദോഷങ്ങള്‍ . പരിഹാരമെന്നോണം ജൈവകൃഷിസമ്പ്രദായങ്ങള്‍ കൂടുതല്‍ വ്യാപകമാവുന്നുമുണ്ട്. ഈ പ്രതിസന്ധിഘട്ടത്തില്‍ മണ്ണിനെയും ജലത്തെയും വല്ലാതെ ഹനിക്കാത്ത പുത്തന്‍തലമുറ വളങ്ങളുടെ സാധ്യതയും പലരും പരീക്ഷിക്കുന്നുണ്ട്. പുത്തന്‍തലമുറ വളങ്ങളുടെ സാധ്യത ആദ്യം കണ്ടെത്തിയത് ഇസ്രയേലാണ്. തുടര്‍ന്ന് യൂറോപ്പിലും ഗള്‍ഫ് മേഖലയിലും പ്രചുരപ്രചാരം നേടിക്കഴിഞ്ഞു. പ്രധാനമായും പ്രിസിഷന്‍ , സംരക്ഷിതകൃഷി സമ്പ്രദായങ്ങളിലാണ് ഈ വളങ്ങളുടെ സാധ്യത ഏറെയും.

മുന്‍പറഞ്ഞ രാജ്യങ്ങളില്‍ ഇത്തരം കൃഷിരീതികള്‍ വ്യാപകമാണ്. പ്രിസിഷന്‍ - സംരക്ഷിതകൃഷി സമ്പ്രദായത്തില്‍ വളങ്ങള്‍ ഫെര്‍ട്ടിഗേഷനായിട്ടാണ് നല്‍കുന്നത്. ഇറിഗേഷനും ഫെര്‍ട്ടിലൈസേഷനും ഒന്നിച്ചുനടത്തുന്നതിനെയാണ് ഫെര്‍ട്ടിഗേഷന്‍ എന്നു പറയുന്നത്. സസ്യങ്ങള്‍ക്ക് ആവശ്യമായ മൂലകങ്ങള്‍ ജലസേചനത്തിനുള്ള വെള്ളത്തില്‍ത്തന്നെ ലയിപ്പിച്ച് ചെടികളുടെ വേരുപടലങ്ങളിലേക്ക് നേരിട്ടെത്തിക്കുന്ന ഫെര്‍ട്ടിഗേഷന്‍ സമ്പ്രദായത്തില്‍ മൂലകങ്ങള്‍വളരെ കുറച്ചു നല്‍കിയാല്‍മതി. കൂടുതല്‍ തവണകളായി ചെടികള്‍ക്ക് ആവശ്യമുള്ള അളവില്‍ വളര്‍ച്ചയ്ക്കനുസരിച്ചു നല്‍കാന്‍ കഴിയും. തുള്ളിനന രീതിയായതിനാല്‍ കൃഷിഭൂമിയിലെ മണ്ണ് ചീത്തയാവുകയോ, ഭൂഗര്‍ഭജലം മലിനമാവുകയോ ചെയ്യുന്നില്ല. തുള്ളിനനയായതിനാല്‍ ജലസേചനത്തിന് കുറച്ചുവെള്ളം മതിയാവും. വളമിടാന്‍ മണ്ണിളക്കുന്നതിനും വളങ്ങള്‍ പ്രയോഗിക്കുന്നതിനും തൊഴിലാളികളുടെ ആവശ്യകതയും വേണ്ടിവരുന്നില്ല. കൃഷിച്ചെലവ് ഗണ്യമായി കുറയ്ക്കാന്‍ കഴിയും. ടണ്‍കണക്കിന് വളങ്ങളുടെ സ്ഥാനത്ത് ഏതാനും ബാഗ് വളങ്ങള്‍കൊണ്ട് കൃഷി നടത്താമെന്നതിനാല്‍ കടത്തുകൂലിയിലും ലാഭമുണ്ടാകുന്നു.

ഒരു കൃഷിവിദഗ്ധന്റെ സഹായത്തോടെ ഒരു ലിറ്റര്‍ വെള്ളത്തില്‍ 4-5 ഗ്രാം വളം എന്ന തോതില്‍ ഓരോ വളര്‍ച്ചഘട്ടത്തിലും വളര്‍ച്ചനിരീക്ഷണ അടിസ്ഥാനത്തില്‍ പ്രയോഗിക്കാന്‍കഴിയും. വളരുമ്പോഴും പുഷ്പിക്കുമ്പോഴും കായ്ക്കുമ്പോഴും പ്രത്യേകം പ്രത്യേകം ഫെര്‍ട്ടിഗേഷന്‍ ഷെഡ്യൂള്‍ ആവശ്യമാണ്. പരിചയസമ്പന്നനായ ഒരു കൃഷിവിദഗ്ധന് ഇക്കാര്യത്തില്‍ കൃഷിക്കാരെ സഹായിക്കാന്‍കഴിയും. ക്രമേണ കൃഷിക്കാരനും ഇക്കാര്യത്തില്‍ വൈദഗ്ധ്യം നേടാന്‍ കഴിയും. ഇന്ത്യയിലെ ആദ്യത്തെ പ്രിസിഷന്‍ കൃഷിരീതി നടപ്പാക്കി വിജയിപ്പിച്ച ധര്‍മപുരിയിലെയും കൃഷ്ണഗിരിയിലെയും കര്‍ഷകര്‍ നിരക്ഷരരായിരുന്നു എന്ന കാര്യം നമുക്കിവിടെ ഓര്‍ക്കാം. കേരളത്തിലെ ആദ്യത്തെ പ്രിസിഷന്‍കൃഷി ഏറ്റെടുത്ത പെരുമാട്ടി പഞ്ചായത്തിലെ പെരുമാട്ടി സര്‍വീസ് സഹകരണ ബാങ്ക് ഇത്തരം വളങ്ങളുടെ ഡീലര്‍ഷിപ്പ് നേടി അവിടത്തെ കര്‍ഷകര്‍ക്ക് ഇവ വ്യാപകമായി ലഭ്യമാക്കുന്നു. പുത്തന്‍തലമുറ വളങ്ങള്‍ ദ്രവരൂപത്തിലും ഖരരൂപത്തിലും ലഭ്യമാണ്. ഒരേക്കര്‍ പച്ചക്കറിക്കൃഷി ചെയ്യാന്‍ പുത്തന്‍തലമുറ വളങ്ങള്‍ ഒന്നോ രണ്ടോ ചെറുബാഗുകളില്‍ കൊള്ളുന്ന അളവു മതിയാകും. പ്രിസിഷന്‍ കൃഷിസമ്പ്രദായത്തില്‍മാത്രമല്ല ഇത്തരം വളങ്ങളുടെ സാധ്യത. നമ്മുടെ സാധാരണ കൃഷിയിലും നല്ല ഫലം ലഭിക്കുന്നതാണ്. അലങ്കാരച്ചെടികള്‍ , വളംചേര്‍ക്കാന്‍ ബുദ്ധിമുട്ടുള്ള മഴക്കാലത്ത് നെല്‍കൃഷിയില്‍ , പച്ചക്കറിക്കൃഷിയില്‍ ഒക്കെ ഫോളിയാര്‍ ആയി സ്പ്രേചെയ്ത് വിളകള്‍ക്ക് വളം നല്‍കാം. (ഇലകളില്‍ തളിച്ചുകൊടുക്കുന്ന പത്രപോഷണരീതിയാണ് ഫോളിയാര്‍ സ്പ്രേയിങ്) ആവശ്യത്തിന് ജൈവവളങ്ങള്‍ നല്‍കുന്ന വിളയാണെങ്കില്‍ ജലസേചനത്തിലൂടെയും ഫോളിയാര്‍ രീതിയിലും സസ്യങ്ങള്‍ക്ക് ഈ വളങ്ങള്‍ നല്‍കാവുന്നതാണ്.

പല കോമ്പിനേഷനുകളില്‍ പുത്തന്‍തലമുറ വളങ്ങള്‍ ലഭ്യമാണ്. 19:19:19, 30:0:35, 15:5:0:0:18, 0:0:50, 0:5:34, 12:61:0, 13:40:13, 17:44:0 തുടങ്ങി നീളുന്നു അവയുടെ കോമ്പിനേഷനുകള്‍ . പല പേരുകളില്‍ ഇവ ലഭ്യമാണ്. പ്രധാനമായും ഇവയൊക്കെ ഇറക്കുമതിചെയ്യുന്നുണ്ടെങ്കിലും ചില കമ്പനികള്‍ ഇന്ത്യയിലും ഉല്‍പ്പാദിപ്പിച്ചുതുടങ്ങിയിട്ടുണ്ട്. ജൈവവളമായാലും രാസവളമായാലും പുത്തന്‍തലമുറ വളമായാലും ഓരോ കൃഷിക്കും ഏതു വളമാണ് വേണ്ടതെന്ന് മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തിലും കാര്‍ഷിക വിദഗ്ധരുടെ നിര്‍ദേശപ്രകാരവും കാര്‍ഷികാനുഭവങ്ങളുടെ വെളിച്ചത്തിലും വേണം തെരഞ്ഞെടുക്കാന്‍ . (ആലപ്പുഴ തഴക്കര കൃഷി ഓഫീസറാണ് ലേഖകന്‍)

ജൈവവളം

കാലവര്‍ഷം പിറന്നതോടെ വിവിധ വിളകള്‍ക്ക് വളപ്രയോഗം നടത്തുന്ന തിരക്കിലാണ് കര്‍ഷകര്‍. എല്ലാ വിളകള്‍ക്കും ജൈവവളം അത്യാവശ്യമാണ്. വളക്കൂറ് അനുസരിച്ച് വ്യത്യസ്ത അളവില്‍ ചേര്‍ക്കണമെന്നു മാത്രം. കാലിവളം മൂത്രംകൂടി കലര്‍ന്നതും നേരിട്ട് വെയിലും മഴയും ഏല്‍ക്കാത്തതുമാണ് മികച്ചത്. കമ്പോസ്റ്റില്‍ ഇലകളും അഴുകിച്ചേരുന്ന ജൈവാവശിഷ്ടങ്ങളും ചാണകവും എല്ലാം ചേര്‍ന്ന് അഴുകിയതാണ്. ഇത് മികച്ച ജൈവവളമാണ്. പച്ചിലതൂപ്പുകള്‍ നേരത്തെ അരിഞ്ഞുകൂട്ടി ഒരു പരിധിവരെ അഴുകിയശേഷം ഉപയോഗിക്കുന്നതാണ് നല്ലത്. പയറുവര്‍ഗച്ചെടികള്‍, വിത്തുവിതച്ച് ചെടികളാക്കി വളര്‍ത്തിയശേഷം മണ്ണില്‍ ഉഴുതുചേര്‍ക്കുകയോ പിഴുതുചേര്‍ക്കുകയോ ചെയ്യാം. കോഴിവളം: ജൈവവളങ്ങളില്‍ ഏറ്റവും മികച്ചതാണ്. വളരെ പെട്ടെന്ന് ചെടി പ്രയോജനപ്പെടുത്തും. എന്നാല്‍ അമിതമായി ഉപയോഗിച്ചാല്‍ ദോഷംചെയ്യും. ഇവയുടെ ഗുണം കൂട്ടാന്‍ 100 കി.ഗ്രാമിന് 4.5 കി.ഗ്രാം സൂപ്പര്‍ ഫോസ്ഫേറ്റും ഒമ്പതു കി.ഗ്രാം കുമ്മായവും ചേര്‍ക്കുന്നത് നല്ലതാണ്.

പിണ്ണാക്കുകള്‍ക്ക് കാര്യക്ഷമത കൂടുതലുണ്ട്. നൈട്രജന്‍ കൂടുതലുള്ളതിനാല്‍ പത്തുദിവസത്തിനകം ചെടിക്ക് ലഭിക്കും. നിലക്കടല, പിണ്ണാക്ക്, ആവണക്ക് പിണ്ണാക്ക്, വേപ്പിന്‍ പിണ്ണാക്ക്, എള്ള്, തേങ്ങ, കടുക്, പുന്നക്ക എന്നിവയുടെ പിണ്ണാക്കുകളും ഉപയോഗിക്കാം. വേപ്പിന്‍പിണ്ണാക്ക് കീടനിയന്ത്രണത്തിന് അനുയോജ്യമാണ്. പുന്നക്കാപിണ്ണാക്ക് ചിതലിനെ അകറ്റാന്‍ ഉത്തമമാണ്. ജീവാണുവളങ്ങള്‍:- ജൈവവളത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാനും അതുവഴി അളവ് ലഘൂകരിക്കാനും പറ്റിയ ആധുനിക മാര്‍ഗമാണ് ജീവാണു വളപ്രയോഗം. നൈട്രജന്‍ ജീവാണുവളങ്ങളും, ഫോസ്ഫറസ് ജീവാണുവളങ്ങളുമുണ്ട്. നൈട്രജന്‍ ജീവാണുവളങ്ങള്‍ക്ക് ഉപയോഗിക്കുന്നതാണ് ട്രൈക്കോഡര്‍മ എന്ന ജീവാണു വളപാക്കറ്റ്. ഇവ പാക്കറ്റില്‍ മാര്‍ക്കറ്റില്‍ കിട്ടും. 90 കി.ഗ്രാം ഉണക്കിയ ചാണകപ്പൊടിയും 10 കി.ഗ്രാം വേപ്പിന്‍പിണ്ണാക്കും കൂട്ടികലര്‍ത്തി അതില്‍ രണ്ട! കി.ഗ്രാം ട്രൈക്കോഡര്‍മ പാക്കറ്റ് പൊട്ടിച്ചു വിതറി കുഴച്ച്, ഉരുട്ടിയാല്‍ ഉരുളുന്ന പാകത്തില്‍ കുഴച്ച് തണലില്‍ മൂടിവയ്ക്കുക. ഒരാഴ്ച കഴിഞ്ഞ് ഇളക്കി വീണ്ടും ഒരാഴ്ചകൂടി മൂടിവയ്ക്കുക. ഈ വളം മുഴുവന്‍ സൂക്ഷ്മാണുക്കളാല്‍ നിറഞ്ഞിരിക്കും. രോഗപ്രതിരോധശേഷിക്കും ഇതു സഹായിക്കും.

ഇത്തരം ജൈവവളം കുറഞ്ഞ അളവില്‍ ചേര്‍ത്താല്‍ മതി. കാര്‍ഷിക സര്‍വകലാശാല വിവിധ വിളകള്‍ക്ക് ശുപാര്‍ശചെയ്ത ജൈവവള അളവ്: നെല്ല്- ഹെക്ടറിന് അഞ്ചുടണ്‍, പയര്‍വര്‍ഗങ്ങള്‍- 20 ടണ്‍, പച്ചക്കറി- സെന്റിന് ശരാശരി 100 കി.ഗ്രാം. തെങ്ങ്- 15-25 കി.ഗ്രാം (ഒരുമരം) കുരുമുളക് 10 കി.ഗ്രാം. കശുമാവ്- 10 കി.ഗ്രാം, റബര്‍- 2.5 ടണ്‍ (ഒരു ഹെക്ടര്‍), കിഴങ്ങുവര്‍ഗങ്ങള്‍- 12 ടണ്‍/ഹെക്ടര്‍, ശീതകാല പച്ചക്കറി- 20-25 ടണ്‍/ഹെക്ടര്‍. പഴവര്‍ഗം- വാഴ 10 കി.ഗ്രാം (ഒന്നിന്), കൈതച്ചക്ക- 25 ടണ്‍/ഹെക്ടര്‍.

ബോർഡോ മിശ്രിതം

സസ്യരോഗങ്ങൾക്കെതിരെ ആദ്യമായ് ഉപയോഗിച്ച് തുടങ്ങിയ രസ പദാർത്ഥമാണ്‌ കോപ്പർ സൾഫേറ്റ്  അഥവാ തുരിശ്. ഫ്രാനസിലെ ബോർഡോ എന്ന സ്ഥലത്തെ മുന്തിരി കർഷകർ തങ്ങളുടെ മുന്തിരിചെടികൾക്കുണ്ടായ ഒരു വെള്ള കുമിൾ രോഗത്തെ നിയന്ത്രിക്കാൻ തുരിശും ചുണ്ണാമ്പും കൂട്ടികലക്കി തളിച്ച മരുന്ന് വളരെ ഫലപ്ര്ധമനെന്നു കണ്ടെതുകയരുന്നു. ആ സ്ഥലത്തിന്റെ പേര് പിന്നീട് ബോർഡോ മിശ്രിതം എന്നാ മരുന്നിന്റെ പേരായി മാറുകയും ചെയ്തു. ഇന്നും ബോര്ടോ മിശ്രിതം കുമിൾ രോഗങ്ങള്ക്കെതിരായ ഏറ്റവും ഫലപ്രദമായ കീടനാശിനിയായ്  നിലകൊള്ളുന്നു.

ബോർഡോ മിശ്രിതം ഉണ്ടാക്കുവനായ് ആവശ്യമായ സാധനങ്ങൾ

തുരിശ്- 10 g

ചുണ്ണാമ്പ് - 10 g

വെള്ളം -1 ലിറ്റർ

തയ്യാറാക്കുന്ന വിധം

1 -10 ഗ്രാം തുരിശ് അര ലിറ്റർ വെള്ളത്തില ലയിപ്പിക്കുക

2 -10 ഗ്രാം ചുണ്ണാമ്പ് വേറൊരു പാത്രത്തിൽ അര ലിറ്റർ വെള്ളത്തിൽ ലയിപ്പിക്കുക

3- തയ്യാറാക്കി വെച്ച തുരിശ് ലായനി ചുണ്ണാമ്പ് ലായനിയിൽ ഇളക്കിചെർക്കുക

മുൻകരുതലുകൾ

ബോര്ടോ മിശ്രിതം തയ്യാറാക്കാൻ ചെമ്പ്, മരം, മണ്ണ്,അല്ലെങ്കിൽ പ്ലാസ്റ്റിക്‌ കൊണ്ടുണ്ടാക്കിയ പാത്രങ്ങള മാത്രമേ ഉപയോഗിക്കാവു.

ഏറ്റവും പുതിയതും നല്ല നീല നിറമുള്ളതുമായ വലിയ തുരിശു കട്ടകൾ ഉപയോഗിക്കണം.

ലായനികൾ തമ്മിൽ യോജിപ്പിക്കുമ്പോൾ എല്ലായ്പ്പോഴും ചുണ്ണാമ്പ് ലയനിയുമയ് ഒഴിക്കാൻ ശ്രദ്ധിക്കുക.

ബോര്ടോ മിശ്രിതം കുറച്ചു സമയതെക്കോ ഒരു ദിവസതെക്കോ സൂക്ഷിച്ചു വെക്കണമെങ്കിൽ ശര്ക്കര 1 kg/ വെള്ളത്തില എന്നാ തോതിൽ ചേർത്ത് സൂക്ഷിക്കാവുന്നതാണ്.

2.93103448276
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top