Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

പുത്തന്‍കൃഷി വിവരങ്ങള്‍ - 2

കൂടുതല്‍ വിവരങ്ങള്‍

പഴം- പച്ചക്കറി കൃഷി

കരോന്താ എന്ന അച്ചാര്‍ സസ്യം

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിശിഷ്യ, രാജസ്ഥാന്‍, ഛത്തീസ്ഘട്ട്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ മഴക്കാലത്ത് പച്ചക്കറികടകളില്‍ നിന്ന് സുലഭമായി ലഭിക്കുന്ന ഒരു പുളിയന്‍ കായാണ് കരോന്താ എന്ന അച്ചാറുഫലം. ഇവിടങ്ങളിലെ ഗ്രാമങ്ങളിലും നഗരോദ്യാനങ്ങളിലും വീട്ടുവളപ്പുകളിലും ഒക്കെ കരോന്താച്ചെടി നട്ടുനനച്ചു വളര്‍ത്തിവരാറുണ്ട്. വേലിയോരങ്ങളിലും കയ്യാലയ്ക്കടുത്തും അതിര്‍ത്തിഭിത്തികളോട് ചേര്‍ന്നും ഉദ്യാനങ്ങളിലെ നാലതിരുകളിലും ഇവ നട്ടുവരാറുണ്ട്.

നാരകം, കറിവേപ്പ്, പേര പോലുളള ഒരു ചെടിയാണിത്. നാരകംപോലെ മുളളുളളതിനാല്‍ ഇതിനെ ഹെഡ്ജ് തോണ്‍ പ്ലാന്‍റ് എന്ന് ഇംഗ്ലീഷുകാര്‍ പറഞ്ഞിരുന്നു. ഇതിന്‍റെ  ഇലകളും ഏകദേശം നാരകത്തിന്‍റേതുപോലെയോ ചുവന്ന ചെത്തിച്ചെടിയുടേതു പോലെയോ ആണ്. നല്ലതുപോലെ മൂത്തുപഴുത്ത കരോന്താ കായ്കളില്‍ നിന്നും വിത്തെടുത്ത് പാകി കിളിപ്പിച്ചോ, നേഴ്‌സറികളില്‍ നിന്ന് സസ്യച്ചെടി വാങ്ങിയോ ആണ് ഇവ നട്ടുവരുന്നത്. അധിക അധ്വാനമോ, ജലസേചനമോ, വളമോ ഇവയ്ക്കാവശ്യമില്ല. എത്ര വലിയ ചൂടും താങ്ങുവാനുളള കഴിവുണ്ടീച്ചെടിക്ക്. അതുകൊണ്ട് ഈ ചെടി വളര്‍ത്തുന്നവര്‍ക്ക് അത്യധ്വാനമോ, ശ്രദ്ധയോ ആവശ്യമില്ല.

മൂന്നോ നാലോ വര്‍ഷമാവുമ്പോള്‍ ഈ ചെടി പുഷ്പിക്കുവാന്‍ തുടങ്ങും. ഇവിടങ്ങളില്‍ ശൈത്യകാലം കഴിഞ്ഞ് വേനല്‍ അടുക്കാറാകുമ്പോഴാണ് (മാര്‍ച്ച്, ഏപ്രില്‍) ) കരോന്തയുടെ പൂക്കാലം ആരംഭിക്കുന്നത്. ഈ സസ്യത്തിന്‍റെ ശാഖാഗ്രങ്ങളില്‍ കുലകുലകളായി വിരിയുന്ന വെളളപ്പൂക്കള്‍ ഹരിതാഭമായ ഈ ചെടിയെ മനോഹരമാക്കുന്നു. വെളളനിറമാര്‍ന്ന ഈ ചെറുപുഷ്പങ്ങളുടെ തണ്ട് ചുവന്നതുമാണ്. വളരെയേറെ കായ്കള്‍ പിടിക്കുന്ന ഈ ചെടിയുടെ കായ്കളും ആരംഭകാലങ്ങളില്‍ നല്ല പച്ചനിറമാണ്. പച്ചിലകള്‍ക്കിടയില്‍ പച്ചക്കായ്കള്‍ അത്രവേഗം നമ്മുടെ ശ്രദ്ധയില്‍പെടില്ല. കായ് മൂക്കുന്നതനുസരിച്ച് നിറഭേദം വന്നുകൊണ്ടിരിക്കും. മധ്യവേനലില്‍ മഴ ലഭിച്ചാല്‍ കായ്കള്‍ വേഗം വളര്‍ന്ന് വലുതാകും. മഴക്കാലമാരംഭിക്കുമ്പോള്‍ കരോന്തയുടെ വിളവെടുപ്പ് സമയമാവും. മണ്‍സൂണ്‍ കാലങ്ങളില്‍ കരോന്തക്കായ് പച്ചക്കറികടകളില്‍ സമൃദ്ധിയായി വില്‍പനയ്‌ക്കെത്തുന്നു. ഒരു കിലോ കായ്ക്ക് 25 രൂപ മൂതല്‍ 40 രൂപ വരെ വിലവരുന്നുണ്ടിവിടെ. കരിവേപ്പിന്‍കായ് പോലെയോ, അമ്പഴങ്ങ പോലെയോ മാത്രം വലുപ്പം വരുന്ന ഇവന്‍ ആള് വലിയ പുളിയന്‍ തന്നെ.

രാജസ്ഥാനികളുടെ അച്ചാറുകളിലും സബ്ജിയിലുമൊക്കെ കരോന്തയ്ക്കും കാര്യമായ സ്ഥാനമാണുളളത്. ചപ്പാത്തിക്കറിയായും അച്ചാറായും ഇതുപകരിക്കുന്നു. അരി ഭക്ഷണക്കാരായ കേരളീയര്‍ക്കും പുളിക്കൂട്ടാനായും പുളിയിഞ്ചിയായും കരോന്തായച്ചാര്‍ ബഹുരസം തന്നെ.

ഉപ്പിലിടാനും ഉത്തമന്‍

മാങ്ങ, അമ്പഴങ്ങ, നെല്ലിക്ക എന്നിവപോലെ കരോന്തക്കായും ഉപ്പുവെളളം നിറച്ച ഭരണയിലോ, കുപ്പിയിലോ സൂക്ഷിച്ചുവച്ചാല്‍ ഒന്നൊന്നരയാഴ്ചയ്ക്കുളളില്‍ ഉപയോഗിക്കാം. കരോന്തയുടെ പുളിരസം അസാരം ഉളളതിനാല്‍ ചില ചേരുവകള്‍ ചേര്‍ത്ത് കറിവയ്ക്കാന്‍ അത്യുത്തമം തന്നെ.  കരോന്തകൊണ്ട് ചട്ട്‌നി, റിഡൈപ്പ്, ജാം, വിവിധ അച്ചാറുകള്‍ എന്നിവയും ഉണ്ടാക്കാം.

കരോന്ത ആഹാരവും ഔഷധവും

കൊളൊസ്‌ട്രോള്‍ നിയന്ത്രിക്കുവാന്‍ കഴിവുളള ഫലമാണ് കരോന്താക്കായ്. ഛത്തീസ്ഗഡ്ഡിലെ നാടന്‍ ചികിത്സകര്‍, കാന്‍സര്‍ രോഗങ്ങള്‍ക്കും മറ്റും ഈ ഫലം ഫലപ്രദമാണെന്ന് തെളിയിച്ചിട്ടുണ്ട്. വിവിധ പോഷകാംശങ്ങള്‍ പ്രത്യേകിച്ചും വിറ്റാമിന്‍ സി അടങ്ങിയിട്ടുളളതാണ് ഈ കായ്. ഇംഗ്ലീഷില്‍ കരോന്‍ഡാ ക്രാന്‍ബെറി, ഹെഡ്ജ്ത്രോണ്‍ പ്ലാന്‍റ്, കൗപിന്‍ എന്നീ പേരുകളാല്‍ അറിയപ്പെടുന്ന ഈ സസ്യത്തിന്‍റെ ശാസ്ത്രീയനാമം കരീസാ കരാന്താസ് എന്നാണ്. ചൂടും വരള്‍ച്ചയും അതിജീവിക്കുവാന്‍ കഴിവുളള ഈ ചെടി പേരകം, നാരകം, കരിവേപ്പു പോലെ ഉറച്ച തടിയുളളതാണ്. ഇവയുടെ ദൃഢമായ തണ്ടുകള്‍ കോടാലി, കൈക്കോട്ട്, വെട്ടുകത്തി എന്നിവയുടെ പിടിക്കുപയോഗിക്കാം. മരപ്പണിക്കാര്‍ ഇതുപയോഗിച്ച് ചെറു തവികളും ആപ്പയും ചെത്തിയെടുക്കാറുണ്ടിവിടെ. പ്രത്യേകിച്ചും ഗ്രാമപ്രദേശങ്ങളില്‍. ഇതൊരു മുള്‍ച്ചെടി ആയതുകൊണ്ട് ഗ്രാമപ്രദേശങ്ങളില്‍ അതിര്‍ത്തി വേലിയും മതിലോരങ്ങളും മറ്റും സുരക്ഷിതമാക്കാന്‍ നട്ടുവളര്‍ത്തിവരുന്നു, അതിര്‍ത്തി സംരക്ഷിക്കുവാന്‍ കഴിയുന്ന സസ്യമാകയാല്‍ ഇതിനെ ഹെഡ്ജ് പ്രൊട്ടക്ടര്‍ എന്നും പറഞ്ഞുവരുന്നു. ഇരുപതുവര്‍ഷത്തോളം ഈ ചെടി ഫലം തരുന്നുഈ ചെടി മ്യാന്‍മാര്‍, മലാക്കാ, ശ്രീലങ്ക എന്നിവിടങ്ങളിലും വളര്‍ന്നുവരുന്നുണ്ട്.

ഈന്തപഴത്തിന്‍റെ വിശേഷങ്ങള്‍ അറിയാം

ഗള്‍ഫ് രാജ്യങ്ങളില്‍ പൊതുവേ, അറബ്‌വംശജരുടെ സല്‍ക്കാരങ്ങളിലും, ഇന്ന് ഒട്ടുമിക്ക ആളുകളുടെയും ദൈനംദിന ഭക്ഷണത്തിലും ഈന്തപ്പഴത്തിന് സമുന്നതമായ ഒരു സ്ഥാനമാണുള്ളത്. ഈന്തപ്പഴ സംസ്‌കരണം വളരെ വികസിച്ച ഒരു വ്യവസായമാണിന്ന്. ഉണങ്ങിയ ഈന്തപ്പഴങ്ങള്‍ കൂടാതെ, ഇവയിലെ വിത്ത് മാറ്റി അവിടെ ബദാം വച്ച് സ്റ്റഫ് ചെയ്തവ, ഈത്തപ്പഴ സിറപ്പ് അഥവാ ഈന്തപ്പഴത്തേന്‍, ഈന്തപ്പഴ പേസ്റ്റ്, ഈന്തപ്പഴ പഞ്ചസാര, ഈന്തപ്പഴ വിന്നാഗിരി, ഈന്തപ്പഴ ജ്യൂസ്, ഈന്തപ്പഴ ചോക്ലേറ്റ്, ഈന്തപ്പഴ ബിസ്‌കറ്റ് തുടങ്ങി പലവിധത്തിലുള്ള ഈന്തപ്പഴ ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ ഉണ്ട്.

അയണിന്‍റെ ഇരുമ്പ്) കുറവുമൂലമാണ് വിളര്‍ച്ച ഉണ്ടാകുന്നത്. വിളര്‍ച്ച ഒരു പരിധിവരെ ആഹാരക്രമത്തിലൂടെ നിയന്ത്രിക്കാം. ദിവസവും ഈന്തപഴം കഴിച്ചാല്‍ വിളര്‍ച്ചയെ ഒഴിവാക്കാനാകുമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു. രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കുന്നത് ദഹനത്തിന് ഉത്തമമാണ്. കൂടാതെ മുഖക്കുരു, മറ്റ് ചര്‍മ്മരോഗങ്ങള്‍ എന്നിവയ്ക്കും ഈന്തപ്പഴം നല്ലതാണ്.

നല്ലൊരു വേദനസംഹാരി കൂടിയായ ഇത് ഭക്ഷണത്തിന് ശേഷം കഴിച്ചാല്‍ ശരീരത്തിലുണ്ടാകുന്ന വേദനകളെ കുറയ്ക്കുന്നു. ശരീരത്തിനാവശ്യമായ മഗ്‌നീഷ്യത്തിന്‍റെ അളവിനെ ബാലന്‍സ് ചെയ്യാന്‍ ഈന്തപ്പഴത്തിന് കഴിയും. ഈന്തപ്പഴത്തിന് അല്‍ഷിമേഴ്‌സ് കുറയ്ക്കാനുള്ള കഴിവുള്ളതായും വിദഗ്ധര്‍ പറയുന്നു. ശരീരത്തിലെ കൊഴുപ്പ് കുറച്ച് ഹൃദയാരോഗ്യം സംരക്ഷിക്കാനും ഗര്‍ഭിണികളുടെ ആരോഗ്യസംരക്ഷണത്തിനും ഈന്തപ്പഴം ഉത്തമമാണ്. രക്തസമ്മര്‍ദ്ദം, പക്ഷാഘാതം എന്നിവയെ പ്രതിരോധിക്കാനും ഈന്തപഴം സഹായിക്കുന്നു.
വിളര്‍ച്ച എന്ന അനീമിയ വളരെ ശ്രദ്ധവേണ്ട ഒരു ശാരീരികാവസ്ഥയാണ്.

രക്തത്തില്‍ ചുവന്ന രക്താണുക്കള്‍ വളരെയധികം കുറയുന്നതു മൂലമാണ് വിളര്‍ച്ച ഉണ്ടാകുന്നത്. ഹീമോഗ്ലോബിന്‍ എന്നത് ചുവന്ന രക്താണുക്കളിലെ അയണ്‍ അടങ്ങിയ ഒരു പ്രോട്ടീന്‍ ആണ്. ശരീരത്തിലെ മറ്റു ഭാഗങ്ങളിലേക്ക് ഓക്‌സിജന്‍ എത്തിക്കുന്നതിന് ഹീമോഗ്ലോബിന്‍ സഹായിക്കുന്നു. വിളര്‍ച്ച ഉള്ളവരുടെ ശരീരത്തില്‍ ഓക്‌സിജന്‍ സമൃദ്ധമായ രക്തം ഉണ്ടായിരിക്കില്ല. ഇതിന്റെ ഫലമായി ക്ഷീണവും തളര്‍ച്ചയും തലവേദന മുതലായ രോഗങ്ങളും ഉണ്ടാകുന്നു.

ആഗസ്റ്റ്- സെപ്തംബര്‍ മാസങ്ങളില്‍ ബജി മുളക് കൃഷിചെയ്യാം

ഡിസംബര്‍ ജനുവരി, മെയ് ജൂണ്‍, ആഗസ്റ്റ്,  സെപ്തംബര്‍ മാസങ്ങള്‍ ആണ് ബജി മുളകു കൃഷി ചെയ്യാന്‍ ഏറ്റവും ഉത്തമം. ബജി മുളക് വിത്ത് പാകി മുളപ്പിച്ചാണ് കൃഷി ചെയ്യുക. നല്ലപോലെ വിളഞ്ഞ ഒരു ബജി മുളക് പച്ചകറി കടയില്‍ നിന്നും വാങ്ങാം. വിത്ത് പാകുന്നതിനു മുന്‍പ് അര മണിക്കൂര്‍ സ്യൂഡോമോണോസ് ലായനിയില്‍ ഇട്ടു വയ്ക്കുന്നത് വിത്തുകള്‍ വേഗം മുളച്ചു വരാനും രോഗങ്ങളെ പ്രതിരോധിക്കാനും സഹായിക്കും. സ്യൂഡോമോണോസ് പൊടി രൂപത്തിലും ദ്രാവക രൂപത്തിലും വിപണിയില്‍ ലഭ്യമാണ്. വിത്തില്‍ മുക്കി വയ്ക്കാന്‍ മാത്രമല്ല, തൈകള്‍ പറിച്ചു നടുമ്പോള്‍ വേരുകള്‍ സ്യൂഡോമോണോസ് ലായനിയില്‍ മുക്കി നടുന്നതും നല്ലതാണ്. വിത്തുകള്‍ പാകിയ ശേഷം മിതമായി നനച്ചു കൊടുക്കണം. രണ്ടു മൂന്നു ആഴ്ച പാകമാകുമ്പോള്‍ പറിച്ചു നടാം. ടെറസ്സില്‍ ആകുമ്പോള്‍ ഗ്രോ ബാഗ് കൃഷിയാകും നല്ലത്.

മണ്ണും ഉണങ്ങിയ ചാണകപ്പൊടി, ഉണങ്ങിയ ആട്ടിന്‍ കാഷ്ഠം , ഉണങ്ങിയ കരിയില ഇവ ഉപയോഗിച്ചു ഗ്രോ ബാഗ് തയ്യാറാക്കാം. മണ്ണ് ലഭിക്കാന്‍ പ്രയാസം ആണെങ്കില്‍ ചകിരിച്ചോര്‍ ഉപയോഗിക്കാം. നടീല്‍ മിശ്രിതത്തില്‍ കുറച്ചു വേപ്പിന്‍ പിണ്ണാക്കോ കപ്പലണ്ടി പിണ്ണാക്കോ കൂടി ചേര്‍ക്കുന്നതും നല്ലതാണ്.

ഏറെയൊന്നും ചെലവ് വരാത്ത ബജി മുളകുകൃഷി കര്‍ഷകന് ഒരു മുതല്‍ക്കുട്ടുതന്നെ. വെള്ള രോഗമാണ് ഇതിനെ പ്രധാനമായും ബാധിക്കുന്ന പ്രശ്‌നം. ശക്തിയായി വെള്ളം പമ്പ് ചെയ്തും ഇലകളില്‍ വെളിച്ചെണ്ണ പുരട്ടിയും ഇതിനെ ഒരു പരിധി വരെ ഇല്ലാതാക്കാം.

സുഗന്ധം വിതറുന്ന കെപ്പൽ പഴം

അപൂർവ സസ്യജാലങ്ങളുടെ പറുദീസയാണ് ഇന്തൊനീഷ്യ. അവിടെ നിന്നെത്തിയ ഫലസസ്യമാണ് കെപ്പൽ. ഇവയുടെ പഴങ്ങൾ കഴിച്ചാൽ മനുഷ്യശരീരത്തിൽനിന്ന് ഉണ്ടാകുന്ന വിയർപ്പിനു ഹൃദ്യമായ സുഗന്ധമായിരിക്കുമത്രെ. ഇരുപത്തിയഞ്ചു മീറ്ററോളം ഉയരത്തിൽ നീളമേറിയ തായ്ത്തടിയും മുകളിൽ കുടപോലെ ശാഖകളുമായി കാണുന്ന നിത്യഹരിത സസ്യമാണ് കെപ്പൽ സസ്യനാമം സ്റ്റെലകോകാർപ്പസ് ബ്യൂറാഹോൾ (stelechocarpus burahol). ഇന്തൊനീഷ്യയിലെ രാജകുടുംബാംഗങ്ങളുടെ ഇഷ്ട പഴമായിരുന്നു കെപ്പൽ. രാജകൊട്ടാരത്തിന്‍റെ സമീപമൊഴികെ കെപ്പൽ മരം വളർത്തുന്നതു നിയമവിരുദ്ധമായിരുന്നു. അതിനാൽ ഇവയുടെ പ്രചാരണം സാവധാനത്തിലായി. രാജഭരണമവസാനിച്ചതോടെ ഇവയുടെ സുഗന്ധം പൊഴിക്കുന്ന പ്രത്യേകത അറിഞ്ഞ് പലരും തങ്ങളുടെ രാജ്യങ്ങളിലുമെത്തിച്ചു. ഇന്ന് ഉഷ്ണമേഖലാ രാജ്യങ്ങളിലെങ്ങും ഇവ വളരുന്നുണ്ട്. കെപ്പൽ മരത്തിന്‍റെ തായ്ത്തടിയിൽ ഗോളാകൃതിയിലുള്ള കായ്കൾ കൂട്ടമായി വിളയുന്നു. പഴങ്ങൾക്കു പഴങ്ങൾക്കു പുളികലർന്ന മധുരവും മാങ്ങയുടെ രുചിയുമാണ്. പഴക്കാമ്പ് നേരിട്ടു കഴിക്കാം. വിത്തുകളാണ് കെപ്പൽ മരത്തിന്‍റെ നടീൽ വസ്തു. സൂര്യപ്രകാശം ലഭിക്കുന്ന നീർവാർച്ചയുള്ള പ്രദേശങ്ങളിൽ പരിചരണമില്ലാതെതന്നെ ഇവ വളർത്താം. ചെമ്പുനിറമുള്ള തളിരിലകൾ ഇവയ്ക്കു മനോഹര രൂപം നൽകുന്നു.

മുറ്റത്തും പറമ്പിലും തക്കാളിത്തോട്ടം ഒരുക്കാം

കേരളത്തിലെ കര്‍ഷകര്‍ കൃഷിചെയ്യാന്‍ അധികം തിരഞ്ഞെടുക്കാത്ത ഒരു വിളയാണ് തക്കാളി. എന്നാല്‍ അല്പം ശ്രദ്ധവെച്ചാല്‍ പറമ്പിലും മുറ്റത്തും തക്കാളിത്തോട്ടം ഒരുക്കാം. ശക്തി, മുക്തി, അനഘ എന്നീ ഇനങ്ങളില്‍പെട്ട തക്കാളിയാണ് കൃഷി ചെയ്യുവാന്‍ നല്ലത്. നല്ലനീര്‍വാര്‍ച്ചയും വളക്കൂറും ഉളള മണ്ണാണ് തക്കാളികൃഷിക്കു പറ്റിയത്. പുളിരസമുളള മണ്ണ് അത്ര നന്നല്ല. പുളിമണ്ണില്‍ വളരുന്ന തക്കാളിക്ക് ബാക്ടീരിയമൂലമുണ്ടാകുന്ന വാട്ടം പിടിപെടാനുളള സാധ്യത കൂടുതലാണ്. സെപ്തംബര്‍ ഡിസംബര്‍ മാസങ്ങളിലെ കൃഷിയിലാണ് തക്കാളിയില്‍നിന്നും കൂടുതല്‍ വിളവു ലഭിക്കുന്നത്. കേരളത്തിലെ കാലാവസ്ഥ അനുസരിച്ച് സപ്തംബറാണ് തക്കാളികൃഷിക്ക് അനുയോജ്യമായ നടീല്‍ സമയം. തക്കാളിക്കുണ്ടാകുന്ന പ്രധാന രോഗമായ വാട്ടത്തെ ചെറുക്കാന്‍ കഴുവുളള ശക്തി എന്ന ഇനം തക്കാളിയാണ് കൃഷിക്ക് നല്ലത്.

ഒരുസെന്‍റ്സ്ഥലത്ത് കൃഷിക്കായി രണ്ട് ഗ്രാം വിത്തുമതി. ഇതില്‍ നിന്ന് ഏകദേശം 11 ചെടികള്‍ ലഭിക്കും. വിത്ത് പാകി തൈകളുണ്ടാക്കി പറിച്ചുനടുന്നതാണ് ഉത്തമം. ഉറുമ്പിന്‍റെ ശല്യം ഒഴിവാക്കാന്‍ ചാരവും മഞ്ഞളും കൂട്ടിക്കലര്‍ത്തി വിതറുന്നത് നല്ലതാണ്. 30 ദിവസം പ്രായമായ തക്കാളിത്തൈകള്‍ പറിച്ചുനടാം.തൈകള്‍ കുറച്ചുമതിയെങ്കില്‍ ചട്ടിയില്‍ മുളപ്പിക്കാം.കൂടുതല്‍ തൈകള്‍ വേണമെന്നുണ്ടെങ്കില്‍ ഉയര്‍ന്ന തടങ്ങളില്‍ ചാണകപ്പൊടി ചേര്‍ത്തിളക്കിയ സ്ഥലത്ത് വിത്തുപാകണം.

നടാനുള്ള സ്ഥലം രണ്ടോ മൂന്നോ പ്രാവശ്യം നന്നായി കിളച്ചുമറിച്ച് നിരപ്പാക്കണം. ചാണകം അടിവളമായി നല്‍കാം. നിലമൊരുക്കുമ്പോള്‍ മണ്ണില്‍ കുറച്ചു കുമ്മായം ചേര്‍ക്കണം. വെളളം കെട്ടിക്കിടക്കാത്ത സ്ഥലത്ത് എഴുപത്തഞ്ച് സെന്‍റീ മീറ്റര്‍ അകലത്തില്‍ ചാലുകള്‍ എടുത്തുവേണം തൈകള്‍ നടാന്‍. ചെടികളും വരികളും തമ്മില്‍ 60 സെ.മീ. അകലം വേണം. തൈകള്‍ നട്ട് ഒരു മാസം കഴിഞ്ഞ് കപ്പലണ്ടി പിണ്ണാക്ക്, ചാരം എന്നിവ നല്‍കാം. അടുത്ത വളം പൂവിട്ടശേഷം കൊടുക്കാം. ചെടികള്‍ക്ക് ആവശ്യാനുസരണം നനച്ചുകൊടുക്കേണ്ടതാണ്. വെയിലാറിയ ശേഷം ചെടി നനയ്ക്കുന്നതാണ് നല്ലത്.

തക്കാളിക്ക് കരുത്തു കുറവായതിനാല്‍ കമ്പുകള്‍ നാട്ടി ഇവയ്ക്ക് താങ്ങുകൊടുക്കണം.താങ്ങ് നല്‍കുന്നത് നന്നായി കായ്ക്കുവാനും കായകള്‍ക്ക് നല്ല നിറം ലഭിക്കുന്നതിനും, കായ്കള്‍ മണ്ണില്‍പ്പറ്റി കേടാകാതിരിക്കാനും സഹായിക്കും. കായ്കള്‍ നന്നായി പിടിക്കണമെങ്കില്‍ ആവശ്യമില്ലെന്നു തോന്നുന്ന ചെറുശിഖരങ്ങള്‍ മുറിച്ചുനീക്കണം. രണ്ടുമാസം കഴിയുമ്പോള്‍ കായ്കള്‍ പാകമാകും.

തക്കാളിച്ചെടികളെ ബാധിക്കുന്ന രോഗങ്ങളാണ് ഇലപ്പുള്ളി രോഗം, അഴുകല്‍, വാട്ടരോഗം, തണ്ട്കായ്തുരപ്പന്‍ പുഴുക്കള്‍ എന്നിവ.ഇലപ്പുള്ളി രോഗത്തിന് സോഡാപൊടി, മഞ്ഞള്‍ മിശ്രിതം, ചാണകപ്പാല്‍ ലായനിയില്‍ ചേര്‍ത്ത് തളിക്കുക. ചെടികള്‍ക്ക് വാട്ടരോഗം ബാധിച്ചാല്‍ ചെടികള്‍ പിഴുതുമാറ്റണം. കായ്തണ്ടുതുരപ്പന്‍ പുഴുക്കള്‍ക്ക് പ്രതിവിധിയായി അഞ്ച് ശതമാനം വീര്യമുള്ള വേപ്പിന്‍കുരു സത്ത്, ഗോമൂത്രം, കാന്താരിമുളക് ലായനി എന്നിവ തളിക്കാം.പുഴുകുത്തിയ കായ്കള്‍ നശിപ്പിച്ചുകളയണം. കായ്തുരപ്പന്‍ പുഴുവിന്‍റെ  ഉപദ്രവം കണ്ടു തുടങ്ങിയാല്‍ മീനെണ്ണ കലര്‍ത്തിയ സോപ്പുലായനി തളിച്ചാല്‍ ഒരുപരിധി വരെ നിയന്ത്രിച്ചുനിര്‍ത്താം.

പച്ചക്കറികളിലെ പുതിയ താരമായ് മൈക്രോഗ്രീന്‍

ആരോഗ്യദായക പച്ചക്കറികളിലെ പുതിയ താരമാണ് മൈക്രോഗ്രീന്‍.. കൃഷിസ്ഥലമോ കിളയോ രാസവളമോ വളക്കൂട്ടുകളോ വേണ്ട. നമുക്കാവശ്യമായ പോഷകസമ്പുഷ്ടമായ ഇലക്കറി വീട്ടിലേയും ഫ്‌ളാറ്റിലേയും ജനല്‍പ്പടിയിലോ ബാല്‍ക്കണിയിലോ വളര്‍ത്താന്‍ മൈക്രോഗ്രീനിനെ  കൂട്ടുപിടിക്കാം.

പേര് സൂചിപ്പിക്കുന്നതുപോലെ പച്ചക്കറികളുടെ വളരെ ചെറിയ തൈകളാണിവ. വിത്തുമുളച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ വിളവെടുക്കുന്നവ മൈക്രോഗ്രീനിന്‍റെ  ശ്രേണിയില്‍ വരും. രണ്ട് ചെറിയ ബീജപത്രങ്ങളും നീളം കുറഞ്ഞ ഒരുതണ്ടും ആദ്യത്തെ തളിരിലകളും ചേര്‍ന്നതാണ് മൈക്രോഗ്രീന്‍. ഏത് ഇലക്കറിയെക്കാളും പത്തിരട്ടി പോഷകഗുണം ഈ കുഞ്ഞുചെടികള്‍ക്കുണ്ട്. രോഗപ്രതിരോധശേഷി നല്‍കുന്നതിലും മൈക്രോഗ്രീന്‍ ഏറെ മുന്നിലാണ്. വിറ്റാമിന്‍ എ, സി, കെ, ഇ എന്നിവയാല്‍ സമ്പുഷ്ടം. ഗുണമുണ്ടെന്ന് കരുതി രുചിയില്ലെന്ന് വിചാരിക്കരുത്. നിറത്തിലും രുചിയിലും  ഗുണത്തിലും ഏറെ മുന്നിലാണിത്. സലാഡിലും കറികളിലും ഇവ രുചികൂട്ടാന്‍ ഉപയോഗിക്കാം.

പ്രാദേശികമായി ലഭിക്കുന്ന ഏത് വിത്തും മൈക്രോഗ്രീന്‍ തയ്യാറാക്കാനായി ഉപയോഗിക്കാം. ഉലുവ, കടുക്, പയറുവര്‍ഗങ്ങള്‍, ധാന്യങ്ങള്‍ തുടങ്ങി എല്ലാ വിത്തും മൈക്രോഗ്രീനിനിണങ്ങും. പ്ലാസ്റ്റിക് ട്രേകളോ ഗ്രോബാഗോ ചെടിച്ചട്ടിയോ മൈക്രോഗ്രീനിന് ധാരാളം. മണ്ണും ചകിരിച്ചോറും കമ്പോസ്റ്റും ഒരേ അനുപാതത്തില്‍ കലര്‍ത്തി ട്രേയുടെ പകുതി നിറയ്ക്കണം. നീര്‍വാര്‍ച്ചയ്ക്കായി ട്രേയുടെ അടിയില്‍ ദ്വാരങ്ങളിടാന്‍ മറക്കരുത്. ബാല്‍ക്കണിയില്‍ പല തട്ടുകളിലായി ട്രേ നിരത്തുകയാണെങ്കില്‍ ദിവസവും മൈക്രോ ഗ്രീന്‍ വിളവെടുക്കാം.

വിതയ്ക്കുന്നതിനുമുമ്പായി വിത്ത് 10-12 മണിക്കൂര്‍ കുതിര്‍ത്തുവെക്കണം. പാതിമുളച്ച വിത്തുപാകിയശേഷം അതിനുമുകളില്‍ വിത്തിന്‍റെ ഇരട്ടി കനത്തില്‍ മണ്ണുകൊണ്ട് മൂടണം. രണ്ടാഴ്ചയാണ് മൈക്രോഗ്രീനിന്‍റെ വളര്‍ച്ചാ ദൈര്‍ഘ്യം. രണ്ടിലപ്രായത്തില്‍ വിളവെടുക്കാം. ഒരു ട്രേയില്‍നിന്നും ഒരു വര്‍ഷം 24 വിളവെടുക്കാം. മണല്‍നിരപ്പിന് മുകളില്‍വെച്ച് മുറിച്ചെടുത്തശേഷം നന്നായി കഴുകി ഉപയോഗിക്കാം.

ഔഷധ - പുഷ്പ - വാണിജ്യ വിളകള്‍

അലങ്കാര സസ്യങ്ങള്‍ അലങ്കാരങ്ങള്‍ക്ക് മാത്രമല്ല

ഇന്‍റീരിയര്‍ ഡിസൈനിങ്ങില്‍ അലങ്കാര സസ്യങ്ങള്‍ക്കുള്ള സ്ഥാനം വളരെ വലുതാണ് .ഇത്തരം ചെടികള്‍ കേവലം മോടികൂട്ടുക എന്ന ഉദ്ദേശത്തോടെ മാത്രം ഉപയോഗിക്കുന്നതല്ല. ഇതിനു മറ്റൊരുവശം കൂടെ ഉണ്ട്. നമ്മുടെ വീടുകളിലും ജോലിസ്ഥലങ്ങളിലുമെല്ലാം ഇത്തരം ചെടികള്‍ ഉപയോഗിക്കാറുണ്ട് കേവലം അലങ്കാരസസ്യങ്ങള്‍ എന്നതിലുപരി അവയ്ക്കുള്ള ശാസ്ത്രിയ ഗുണങ്ങളാണേറെയും ഇവ ഉപയോഗിക്കാനുള്ള പ്രഥമ കാരണം. സ്ഥിരമായി നമ്മള്‍ കണ്ടുവരുന്ന അലങ്കാരസസ്യങ്ങള്‍ മണി പ്ലാന്റ്, ബാംമ്പൂ എന്നിവയാണ്.
ക്ഷീണം, ചുമ, തൊണ്ടവേദന, ജലദോഷ സംബന്ധമായ രോഗങ്ങള്‍ എന്നിവയെ മുപ്പത്ശതമാനം വരെ തടയാന്‍ കഴിവുണ്ട് ഇവയ്ക്ക്. മാനസിക പിരിമുറുക്കം കുറയ്ക്കാനും, സന്തോഷവാന്മാരായിരിക്കാനും ,പെട്ടെന്നുള്ള രോഗശാന്തിക്കും, ശ്രദ്ധകൂട്ടാനുമെല്ലാം ഇത്തരം ചെടികളുടെ സാന്നിധ്യം സഹായിക്കും .ആശുപത്രിമുറികളില്‍ ഇത്തരം ചെടികള്‍ സൂക്ഷിക്കുന്നത്തിലൂടെ രോഗിക്കുള്ള വേദന, ക്ഷീണം ഉത്കണ്ഠ എന്നിവ കുറയ്ക്കാന്‍ സാധിക്കുമെന്നും പഠനങ്ങള്‍വ്യക്തമാക്കുന്നു.
ചെടികള്‍ ആശുപത്രി മുറികളില്‍ സൂക്ഷിക്കുന്നത് അണുക്കള്‍ പറക്കും എന്ന വാദംഉയര്‍ത്തുന്നുണ്ട് എന്നാല്‍ അത് തികച്ചും വസ്തുത വിരുദ്ധമാണെന്ന്പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മുറികളിലെ പൊടിയുടെ അളവും വിഷാംശത്തിന്‍റെ അളവും കുറയ്ക്കാന്‍ ചെടികള്‍ക്കു കഴിവുണ്ട്. ഇക്കാരണങ്ങള്‍ എല്ലാംകൊണ്ടുതന്നെ ഇന്‍റീരിയര്‍ ഡിസൈനിങ്ങില്‍ നമ്മുക്ക് ഒഴിച്ചുകൂടാന്‍ പറ്റാത്തൊരു പങ്ക് ചെടികള്‍ക്കുണ്ടെന്ന് തന്നെയാണ് വിശ്വാസികളുടെ പക്ഷം.

ഔഷധഗുണമുള്ള കീഴാര്‍നെല്ലി

ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും മഴക്കാലത്ത് ഒരു വാര്‍ഷിക കളയായി വളരുന്ന ഔഷധിയാണ് കീഴാര്‍നെല്ലി. നീര്‍വാര്‍ച്ചയുള്ള മണ്ണാണിതിന് വേണ്ടത്. പാരമ്പര്യ വൈദ്യ രീതി പ്രകാരം കരള്‍ സംബന്ധമായ രോഗങ്ങള്‍ക്കുള്ള ദിവ്യൗഷധമാണ് കീഴാര്‍നെല്ലി.
കീഴാര്‍നെല്ലിയില്‍ അടങ്ങിയിരിക്കുന്ന ഔഷധവീര്യമുള്ള ഘടകങ്ങള്‍ ഫില്ലാന്തിന്‍, ഹൈപ്പോ ഫില്ലാന്തിന്‍ എന്നീ രാസവസ്തുക്കളാണ്. കഫം, രക്തപിത്തം, കുഷ്ഠം, ചുമ, ആസ്ത്മ തുടങ്ങിയരോഗങ്ങള്‍ക്കുള്ള ആയൂര്‍വേദ മരുന്നുകളില്‍ ഇത് അത്യാവശ്യ ഘടകമാണ്. വയറിളക്കത്തിനും മൂത്രാശയ സംബന്ധമായ അസുഖങ്ങള്‍ക്കും കീഴാര്‍നെല്ലി ഉത്തമം.
ഈചെടി കഞ്ഞിവെള്ളത്തിലരച്ചിട്ടാല്‍ വ്രണങ്ങള്‍ വേഗം കരിയും. വേര് 15 ഗ്രാം പശുവിന്‍പാലില്‍ അരച്ചുകലക്കി രണ്ട് നേരവും സേവിച്ചാലും ഇതിനെ സമൂലം അരച്ച്‌ നെല്ലിക്കയോളം വലുപ്പത്തില്‍ പാലില്‍ കലക്കി രണ്ട്നേരം സേവിച്ചാലും കാമില (മഞ്ഞപ്പിത്തം) ശമിക്കും.  കീഴാര്‍നെല്ലിയുടെ സമൂലനീറ്റില്‍ ത്രിഫലപ്പൊടി ചേര്‍ത്ത് ദിവസവും രാവിലെ സേവിച്ചാല്‍ രക്തത്തിലെ പഞ്ചസാര കുറയും.

സമൂലമരച്ചത് ഇളനീരിന്‍ വെള്ളത്തില്‍ നല്കിയാല്‍ മൂത്രതടസ്സം മാറും. സമൂലം വരട്ടു മഞ്ഞള്‍ ചേര്‍ത്തരച്ച്‌ സേവിച്ചാല്‍ ആര്‍ത്തവക്കുറവ്, അടിവയറ്റിലെവേദന, ഗര്‍ഭാശയ രോഗങ്ങള്‍ ശമിക്കും.

അകത്തളം മോടിയാക്കാൻ അഗ്ലോനി‌മ

അകത്തളം മോടിയാക്കാൻ ഉപയോഗിക്കുന്ന അലങ്കാര ഇലച്ചെടികളിൽ രാജകീയപ്രൗഢിയാണ് അഗ്ലോനി‌മയ്ക്ക്. ഒറ്റനോട്ടത്തിൽ പ്ലാസ്റ്റിക് ചെടിയെന്നു തോന്നുമാറ് ആകർഷകമായ ഇലകളുമായി അഗ്ലോനി‌മയുടെ പുതുപുത്തൻ റൊട്ടെണ്ടം ഇനങ്ങൾ ഇന്നു ലഭ്യമാണ്. പച്ചനിറത്തിലുള്ള ഇലകളിൽ വെള്ളപ്പുള്ളികളോ വരകളോ ഉള്ള ആദ്യകാല ഇനങ്ങളിൽനിന്നു വിഭിന്നമായി പിങ്ക്, ചുവപ്പ്, മെറൂൺ, ഓറഞ്ച് തുടങ്ങിയ വർണക്കൂട്ടുകളിലുള്ള ഇലകളാണ് റൊട്ടെണ്ടം ചെടികൾക്കുള്ളത്. മുഖ്യമായും തായ്‌ലൻഡിൽ നിന്നെത്തുന്ന ഇവയെല്ലാംതന്നെ കൃത്രിമ പരാഗണവും മ്യൂട്ടേഷനും വഴി ഉൽപാദിപ്പിച്ചവയാണ്. ചേമ്പിന്‍റെ കുടുംബത്തിൽപെടുന്ന, നിത്യഹരിത പ്രകൃതമുള്ള അഗ്ലോനി‌മയുടെ പുതിയ ഇനങ്ങൾ മറ്റ് അകത്തളച്ചെടികളിൽനിന്നു വ്യത്യസ്തമായി ഒതുങ്ങിയ പ്രകൃതമുള്ളവയാണ്. അതുകൊണ്ടുതന്നെ ജനൽപടി, വരാന്ത, ബാൽക്കണി, നടുമുറ്റം എന്നിവിടങ്ങളിലായി ഇവ നട്ടുപരിപാലിക്കാം. ഭാഗികമായി വെയിൽ കിട്ടുന്ന പ്ലാന്‍റർ ബോക്സുകളിലും കൂട്ടമായി വളർത്താം. മറ്റ് ചേമ്പിനങ്ങളിൽനിന്നു വ്യത്യസ്തമായി അഗ്ലോനി‌മയ്ക്ക് മണ്ണിനടിയിൽ കിഴങ്ങ് ഉണ്ടാകാറില്ല. എന്നാൽ മണ്ണിനടിയിലുള്ള കടയിൽനിന്നു പിള്ളത്തൈകൾ ഉൽപാദിപ്പിക്കാറുണ്ട്.

നടീൽവസ്തു, നടീൽ രീതി

പൂർണ വളർച്ചയെത്തിയ ചെടി ഉൽപാദിപ്പിക്കുന്ന തൈകളും ചെടിയുടെ തലപ്പുമാണ് നടീൽവസ്തുക്കള്‍. പുതിയ ഇനങ്ങളിൽ പലതിലും സാവധാനമാണു ചുവട്ടിൽനിന്നു തൈകൾ ഉണ്ടായി വരിക. ചെടി നട്ട് ഒരു വർഷത്തോളം വളർച്ചയായാൽ ചുവട്ടിൽ 2–3 തൈകൾ കാണാം. ചെടി പൂവിടാറാവുമ്പോഴോ പൂവിട്ടു കഴിയുമ്പോഴോ ആണ് തൈകൾ വളർന്നുവരിക. 3–4 ഇലകളുമായി ആവശ്യത്തിനു വളർച്ചയെത്തിയ തൈ, മാതൃസസ്യത്തിൽനിന്നു വേർപെടുത്തിയെടുക്കണം. ഇതിനായി ചട്ടിയിൽനിന്നു മിശ്രിതമുൾപ്പെടെ ചെടി പുറത്തെടുക്കുക. വേരിനു ചുറ്റുമുള്ള മണ്ണ് വെള്ളമൊഴിച്ച് മുഴുവനായി കഴുകി നീക്കം ചെയ്യണം. ഇതിനുശേഷം ബ്ലേഡ് ഉപയോഗിച്ച് തൈ വേരുൾപ്പെടെ വേർപെടുത്തിയെടുക്കാം. ചെടിയുടെ മുറിഭാഗത്ത് ചീയൽ വരാതിരിക്കാൻ കുമിൾനാശിനി പുരട്ടി സംരക്ഷിക്കണം. ഒരു ഭാഗം വീതം ചെമ്മണ്ണും ചകിരിച്ചോറും കലർത്തി കുതിർത്തെടുത്താൽ, വളമായി സ്റ്റെറാമീലും ചേർത്തുണ്ടാക്കിയ മിശ്രിതം നഴ്സറിച്ചട്ടിയിൽ നിറച്ച് അതിൽ തൈ നടാം. 2–3 ദിവസം വെയിലത്തിട്ട് ഉണക്കി അരിച്ചെടുത്ത ചെമ്മണ്ണു വേണം ഉപയോഗിക്കാൻ.

നല്ല വളർച്ചയെത്തിയ ചെടിയുടെ തലപ്പ് (ടോപ് കട്ടിങ്) മുറിച്ചെടുത്ത് നടാം. 4–5 ഇലകളെങ്കിലും തലപ്പിൽ ഉണ്ടായിരിക്കണം. രണ്ടു ഗ്രാം പൊട്ടാസ്യം പെർമാംഗനേറ്റ് ഒരു ലീറ്റർ വെള്ളത്തിൽ ലായനിയാക്കിയതിൽ, മുറിച്ചെടുത്ത തലപ്പിന്‍റെ ചുവടുഭാഗം ഒരു രാത്രി മുഴുവൻ മുക്കിവച്ച് അണുവിമുക്തമാക്കണം. തലപ്പു നീക്കിയ ചെടിയുടെ ചുവട്ടിലുള്ള മുട്ടുകളിൽനിന്നു പുതിയ തളിർപ്പുകൾ വളർന്നുവരും. തൈ നടാൻ ഉപയോഗിച്ച മിശ്രിതംതന്നെ തലപ്പു നടാനും മതി. നഴ്സറിച്ചട്ടിയിൽ നട്ട ചെടി തണലത്തുവച്ച് സംരക്ഷിക്കണം. ചട്ടിയിലെ മിശ്രിതത്തിൽ നേരിയ നനവ് നിലനിർത്തുന്ന വിധത്തിൽ ആവശ്യാനുസരണം നനയ്ക്കുക. 15–20 ദിവസം കഴി‍ഞ്ഞാൽ ചെടി പുതിയ ഇലകൾ ഉൽപാദിപ്പിക്കും. ഈ വിധത്തിൽ പ്രകടമായ വളർച്ച കാണിച്ചുതുടങ്ങിയ ചെടികൾ സ്ഥിരമായി പരിപാലിക്കാൻ ഉദ്ദേശിക്കുന്ന ചട്ടിയിലേക്കോ പ്ലാന്റർബോക്സിലേക്കോ മാറ്റിനടാം.

പരിപാലനം: അഗ്ലോനി‌മ നട്ടിരിക്കുന്നിടത്ത് അധികം ഈർപ്പവും വെയിലും വരാതെ സംരക്ഷിക്കുകയാണ് ഈ ചെടിയുടെ പരിപാലനത്തിൽ മുഖ്യം. നന്നായി വെള്ളം വാർന്നുപോകുന്ന മിശ്രിതമാണ് അഗ്ലോനി‌മ നടാൻ യോജിച്ചത്. ഇതിനായി ഒരു ഭാഗം വീതം അരിച്ചെടുത്ത ചുവന്ന മണ്ണ്, ആറ്റുമണൽ, ചകിരിച്ചോറ് ഇവ കലർത്തിയെടുത്തതിൽ വളമായി ഒരു പിടി സ്റ്റെറാമീലും ചേർത്ത് തയാറാക്കിയത് മതി. പത്ത് ഇഞ്ച് വലുപ്പമുള്ള പ്ലാസ്റ്റിക് ചട്ടിയാണ് ഈ ഇലച്ചെടിക്ക് യോജ്യം. നടീൽ മിശ്രിതം നിറയ്ക്കുന്നതിനു മുൻപ് അധിക ജലം വാർന്നുപോകാനായി ചട്ടിയുടെ അടിഭാഗത്ത് ഓടിന്‍റെയോ കരിയുടെയോ കഷണങ്ങൾ നിരത്തണം. ചെറിയ ചട്ടിയിൽ വളർത്തിയെടുത്ത ചെടി മിശ്രിതമടക്കം വലിയ ചട്ടിയിലേക്കു മാറ്റി നടാം.  ഭാഗികമായി തണൽ കിട്ടുന്ന വീടിന്‍റെ ഭാഗങ്ങളിലാണ് അഗ്ലോനി‌മ പരിപാലിക്കേണ്ടത്. വെയിൽ അധികമായാൽ ഇലകളുടെ വലുപ്പം കുറഞ്ഞ് അഗ്രഭാഗത്ത് തവിട്ടുനിറം വന്ന് ഉണങ്ങിപ്പോകാനിടയുണ്ട്. തണൽ അധികമായാലാവട്ടെ, ഇലകളുടെ തിളക്കമാർന്ന നിറം മങ്ങി കൂടുതൽ പച്ചനിറം വരുകയും ഭംഗി നഷ്ടപ്പെടുകയും ചെയ്യും. കിഴക്കുനിന്നു ചാഞ്ഞ് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളാണ് ഈ ചെടി വളർത്താൻ ഏറ്റവും യോജിച്ചത്. ചെടിയുടെ വേരുഭാഗത്ത് അധികനേരം ഈർപ്പം തങ്ങി നിന്നാൽ ചീയൽ രോഗം വരാം. മാസത്തിലൊരിക്കൽ കോണ്ടാഫ് കുമിൾനാശിനി (ഒരു മില്ലി / ലീറ്റർ വെള്ളം ) തളിച്ച് ചീയൽ രോഗത്തിൽനിന്നു സംരക്ഷിക്കാം.

സങ്കരയിനങ്ങൾ എല്ലാം തുടക്കത്തിൽ സാവധാനമാണു വളരുക. ചെടി നട്ട് പുതിയ തളിർപ്പും ഇലകളും വന്നു തുടങ്ങിയാൽ മാത്രം വളം നൽകുക. കടലപ്പിണ്ണാക്കും വേപ്പിൻപിണ്ണാക്കും പുളിപ്പിച്ചെടുത്തതിന്‍റെ തെളി നേർപ്പിച്ചത് നല്ല ജൈവവളമാണ്. രണ്ടാഴ്ചയിലൊരിക്കൽ ഈ തെളി ചെടിയുടെ ചുവട്ടിൽ ഒഴിച്ചുകൊടുക്കാം. രണ്ടു മാസത്തിലൊരിക്കൽ എല്ലുപൊടിയും കമ്പോസ്റ്റും ചേർത്ത വളക്കൂട്ട് മിശ്രിതത്തിൽ കലർത്തി നൽകാം. മഴക്കാലത്ത് ജൈവവളങ്ങൾ ഒഴിവാക്കണം. തുടക്കത്തിൽ കരുത്തുറ്റ വളർച്ചയ്ക്കായി വെള്ളത്തിൽ പൂർണമായി ലയിക്കുന്ന എൻപികെ ഒരു ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ ലായനിയായി ഇലകളിലും നട്ടിരിക്കുന്നിടത്തും തുള്ളിനനയായി നൽകാം. പൂമൊട്ടുകളും പഴകിയ ഇലകളും അപ്പപ്പോൾ നീക്കം ചെയ്യുന്നത് ചെടി കരുത്തോടെ വളരാനും കൂടുതൽ ആകർഷകമാകാനും ഉപകരിക്കും.

സംരക്ഷണം: നന അധികമായാലും മഴക്കാലത്ത് ചട്ടിയിൽ കൂടുതൽ നേരം വെള്ളം തങ്ങിനിന്നാലും കുമിൾ വഴി ഉണ്ടാകുന്ന ചീയൽരോഗമുണ്ടാകാനിടയുണ്ട്. വർഷകാലം ആരംഭിക്കുന്നതിനു മുൻപ് സ്യൂഡോമൊണാസ് ലായനി (5 മില്ലി / ലീറ്റർ വെള്ളം) ചെടിയും നട്ടിരിക്കുന്നിടവും രണ്ടാഴ്ചത്തെ ഇടവേളയിൽ 2–3 തവണ തളിച്ചുകൊടുക്കുന്നത് ഗുണം ചെയ്യും.

ചീയൽ രോഗലക്ഷണങ്ങൾ ആദ്യം കാണുക തണ്ടിന്‍റെ ചുവട്ടിലും താഴെയുള്ള ഇലകളിലുമാണ്. പിന്നീട് ഇലകൾ മഞ്ഞളിച്ചു കൊഴിയാൻ തുടങ്ങും. നന മിതപ്പെടുത്തി രണ്ടു ഗ്രാം സ്ട്രെപ്റ്റോ A.G ആന്‍റിബയോട്ടിക്കും ഒരു മില്ലി കോണ്ടാഫ് കുമിൾനാശിനിയും ഒരു ലീറ്റർ വെള്ളത്തിൽ ലായനിയായി ചെടി മുഴുവനായി തളിച്ച് ചെടി രോഗമുക്തമാക്കാം.

ചെടികളുടെ വേരുകള്‍ പെട്ടെന്ന് വളരാനുള്ള ചില പൊടിക്കൈകളിതാ

ഒരു സസ്യത്തെ മണ്ണില്‍ താങ്ങിനിര്‍ത്തുന്നതും അതിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്നതും അതിന്‍റെ കോശകലകളിലേക്ക് മൂലകങ്ങളെ വിതരണം ചെയ്യുന്നതും വേരാണല്ലോ. ചെറിയ മൂലലോമികകള്‍ ചുറ്റുപാടുമുള്ള മണ്ണില്‍ നിന്ന് ആവശ്യമുള്ള മൂലകങ്ങള്‍ വലിച്ചെടുത്ത് ചെടിയുടെ വിവിധ ഭാഗങ്ങളിലേക്കെത്തിക്കുന്നു. ചില സസ്യങ്ങളുടെ വേരു തന്നെയാണ് നാം ഭക്ഷണമാക്കുന്നത്. ചിലതിന്‍റെ വേരുകള്‍ അമൂല്യമായ ഔഷധങ്ങളായും ഉപയോഗിച്ചുവരുന്നു. അങ്ങനെ വരുമ്പോള്‍ വേരുപടലത്തിന്‍റെ വളര്‍ച്ച ചെടിയുടെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിക്കുന്നു.

വേരുകള്‍ പെട്ടെന്നു വളരാനുള്ള പൊടിക്കൈകള്‍

 • നന്നായി ഇളക്കിപ്പൊടിയാക്കിയ മണ്ണില്‍ കൃഷിയിറക്കുക.
 • അടിവളം ശരിയായ രീതിയില്‍ ചേര്‍ത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.
 • തെങ്ങിനാണെങ്കില്‍ ചെത്തി തടമെടുത്ത് വളപ്രയോഗത്തിന് ശേഷം അതിന്‍റെ മുരട്ടില്‍ മൂടൊന്നിന് രണ്ടുകിലോ വീതം ഉപ്പ് വിതറുക.
 • കളകള്‍ യഥാസമയം പറിച്ചു മാറ്റുക.
 • ചെടിയുടെ മുരട്ടില്‍ എല്ലായ്പ്പോഴും ജൈവവസ്തുക്കള്‍ക്കൊണ്ട് പുതയിടുക.
 • ജലലഭ്യത ഉറപ്പുവരുത്തുക. കുറഞ്ഞ ഈര്‍പ്പം എല്ലായ്പ്പോഴും ചെടികള്‍ക്ക് ചുവട്ടില്‍ നല്ലതാണ്.
 • മേല്‍വളം ചേര്‍ക്കുന്ന സമയങ്ങളില്‍ തടം നന്നായി ഇളക്കിയതിന് ശേഷം ചേര്‍ക്കാന്‍ മറക്കരുത്.
 • തവാരണകളില്‍ നിന്ന് മാറ്റി നടുന്ന ചീര, കാബേജ് , കോളിഫ്ലവര്‍ തുടങ്ങിയ ഇനങ്ങളില്‍ നടുന്നതിന് മുമ്പ് സ്യൂഡോമോണസ് ലായനിയില്‍ അല്പനേരം മുക്കിവെക്കാന്‍ മറന്നു പോവരുത്.
 • ചേന, ചേമ്പ് എന്നിങ്ങനെയുള്ള കിഴങ്ങു വര്‍ഗങ്ങള്‍ വേര് വേഗം പടര്‍ത്താന്‍ പുതയിട്ട് മണ്ണ് കൂട്ടുന്നതിന് മുമ്പ് ഓരോ കൂനയ്ക്കും 50 ഗ്രാം വീതം ഉപ്പ് വിതറിനല്‍കാം.
 • ജൈവവളങ്ങളുടെ കൂടെ മൈക്കോറൈസ എന്ന മാത്രകുമിള്‍ ചേര്‍ത്താല്‍ വേരുപിടുത്തം പെട്ടെന്ന് നടക്കും.

ഹൈറേഞ്ചിൽ ഡാലിയ പൂത്തു

ഹൈറേഞ്ചിൽ ഡാലിയാപൂക്കളുടെ വസന്തകാലം. മഞ്ഞും കുളിർകാറ്റും കൊണ്ട്‌ മനോഹരമായ ഹൈറേഞ്ചിന്‍റെ മാറ്റുകൂട്ടുകയാണ്‌ വിവിധ വർണ്ണങ്ങളിൽ വിടർന്ന്‌ നിൽക്കുന്ന ഡാലിയാപൂക്കൾ.
നിറവസന്തത്തിന്‍റെ വർണ്ണക്കാഴ്ച്ചയായി മാറിയിരിക്കുകയാണ്‌ ഹൈറേഞ്ച്‌ മേഖലയിൽ വ്യാപകമായി പൂത്തിരിക്കുന്ന ഡാലിയാപൂക്കൾ. വിവിധ ഇനങ്ങളിലും വർണ്ണങ്ങളിലുമായി പൂത്തുലഞ്ഞ്‌ നിൽക്കുന്ന ഡാലിയാപൂക്കൾ ആരെയും ആകർഷിക്കുന്ന കാഴ്ച്ചകൂടിയാണ്‌. മഞ്ഞ, വെള്ള, വൈലറ്റ്‌, മെറൂൺ, പഴുക്കാമഞ്ഞ തുടങ്ങിയ നിറത്തിലുള്ള പൂക്കളാണ്‌ വിരിഞ്ഞ്‌ നിൽക്കുന്നത്‌. ഇതിൽ ഇതളുകൾ നിറയെയുള്ള മഞ്ഞയും പഴുക്കാമഞ്ഞയും മെറൂണുമാണ്‌ ഏറെ ആകർഷണീയമായത്‌. നിലവിൽ കർക്കിടകമാസമാണെങ്കിലും ഓണത്തിന്‍റെ മൂന്നാറിയിപ്പുകൂടിയാണ്‌ ഡാലിയാ പൂക്കളുടെ വസന്തകാലം. ആസറ്ററേഷ്യ കുടുംബത്തിൽപ്പെടുന്ന കുറ്റിച്ചെടിയാണ്‌ ഡാലിയ.
രണ്ടുവർഷത്തിലേറെയാണ്‌ ഒരുചെടിയുടെ ആയുസെങ്കിലും എല്ലാക്കാലവും ഇവ പുഷ്പിക്കുന്നു എന്നതും പ്രത്യേകതയാണ്‌. വേരുകളിൽ ആഹാരം സൂക്ഷിച്ച്‌ വെയ്ക്കുന്ന ചെടിയായതിനാൽ ചില രാജ്യങ്ങളിൽ ഇവയെ ആഹാരത്തിനായും നട്ടുപരിപാലിക്കുന്നുണ്ട്‌. ഔഷധ ഗുണമുള്ള ഡാലിയാ ചെടികളുടെ തണ്ടുകൾ വെള്ളം വലിച്ച്‌ കുടിക്കുവാനും ഉപയോഗിക്കുന്നുണ്ട്‌.

ജാതിക്കയുടെ ഗുണങ്ങള്‍ അറിയാം

ജാതിക്കയും ജാതിപത്രിയും ജാതിക്കയുടെ പുറന്തോടുമാണ് ജാതിമരത്തില്‍ നിന്നും ലഭിക്കുന്ന ആദായകരമായ ഭാഗങ്ങള്‍. ജാതിക്കയില്‍ നിന്നും ജാതിയെണ്ണ, ജാതിവെണ്ണ, ജാതി സത്ത്, ജാതിപ്പൊടി, ഒളിയോറെസിന്‍ എന്നീ ഉത്പന്നങ്ങളും ജാതിപത്രി വാറ്റി തൈലവും കറിക്കൂട്ടുകള്‍ക്ക് ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനവും ആയി ഉപയോഗിക്കുന്നു. ജാതിക്കയുടെ പുറന്തോട് അച്ചാര്‍ നിര്‍മ്മിക്കുന്നതിനും ഉപയോഗിക്കുന്നു. ബേക്കറിയിലെ ആഹാരസാധനങ്ങളുടെ നിര്‍മ്മാണത്തില്‍ മണവും രുചിയും കൂട്ടുന്നതിനും ഉപയോഗിക്കപ്പെടുന്നു.

നല്ലതുപോലെ വിളഞ്ഞ കായകളില്‍ നിന്നും മാത്രമേ ഗുണനിലവാരമുള്ള കായും പത്രിയും ലഭ്യമാകുന്നുള്ളൂ. വിളഞ്ഞ കായകള്‍ പറിച്ചെടുത്തതിനുശേഷം കായ് പൊതിഞ്ഞിരിക്കുന്ന മാംസളമായ പുറന്തോട് നീക്കം ചെയ്തതിനുശേഷം കൈ കൊണ്ട് വിത്തില്‍ നിന്നും പത്രി വേര്‍പെടുത്തിയെടുക്കുന്നു. രണ്ടും വെവ്വേറെ ഉണക്കി സംരക്ഷിക്കുന്നു.

കായയില്‍ നിന്നും അടര്‍ത്തി പത്രി വേര്‍പെടുത്തിയ കുരു തോടോടുകൂടി ഉണക്കുന്നു. അകത്തെ കുരു കുലുങ്ങുന്നതാണ് നല്ലതുപോലെ ഉണങ്ങിയതിന്‍റെ  ലക്ഷണമായി കണക്കാക്കുന്നത്. വെയില്‍ ഇല്ലാത്ത അവസരങ്ങളില്‍ വൈദ്യുതി ഉപയോഗിച്ചും കുരു ഉണക്കാറുണ്ട്. 40 ഡിഗ്രി താപനില നിയന്ത്രിച്ച് ഓവനിലും കുരു ഉണക്കാന്‍ സാധിക്കുന്നു. 1 കിലോ കുരു ലഭിക്കുന്നതിനായ് ഏകദേശം 200 മുതല്‍ 250 വരെ കായകള്‍ വേണ്ടിവരും. കായകളുടെ വലിപ്പവും തൂക്കവും അനുസരിച്ചാണ് വില ലഭിക്കുന്നത്.

പത്രി ഉണക്കുന്നതിനായ് കൈകള്‍ക്ക് ഉള്ളില്‍ വച്ചോ മറ്റേതെങ്കിലും വസ്തുകൊണ്ടോ പൊട്ടാതെ പരത്തി എടുക്കുന്നു. ഇങ്ങനെ പരത്തിയെടുക്കുന്ന പത്രി നല്ലതുപോലെ വെയിലത്ത് വച്ച് ഏകദേശം അഞ്ച് ദിവസം കൊണ്ട് ഉണക്കിയെടുക്കുന്നു. ഇങ്ങനെ ഉണക്കിയെടുക്കുന്ന പത്രികള്‍ക്ക് മഞ്ഞകലര്‍ന്ന ചുവപ്പ് നിറമായിരിക്കും ഉണ്ടാകുന്നത്. ഏകദേശം 1000 കായകളില്‍ നിന്നും ശരാശരി 1 കിലോ ഉണങ്ങിയ ജാതിപത്രി ലഭിക്കും.

ജാതി കുരു ശരാശരി 30 മുതല്‍ 40 ശതമാനം വരെ തൈലം അടങ്ങിയിട്ടുണ്ട്. നീരാവിയോ ലായകങ്ങളോ ഉപയോഗിച്ച് പ്രത്യേകം നിര്‍മ്മിച്ചിരിക്കുന്ന യന്ത്രങ്ങള്‍ വഴി വെണ്ണ വേര്‍തിരിക്കുന്നു. ഓറഞ്ച് നിറത്തിലും നല്ല മണവും ഗുണവും ഉള്ള ഈ ഉത്പന്നം ഔഷധങ്ങള്‍ക്കായി പ്രധാനമായും ഉപയോഗിക്കുന്നു.

ജാതി വിത്ത് പത്രി എന്നിവയില്‍ നിന്നും വാണിജ്യപരമായി വാറ്റിയെടുക്കുന്ന ഉത്പന്നമാണ് ജാതി തൈലം. ഗുണനിലവാരം കുറഞ്ഞ് വില്‍ക്കാന്‍ കഴിയാത്ത ജാതിക്കയും പൊടിഞ്ഞ ജാതിപത്രിയുമാണ് ഇതിലേക്ക് തിരഞ്ഞെടുക്കുന്നത്. ഈ പ്രക്രിയയുടെ ആദ്യപടിയായി റോളാര്‍ മില്ലില്‍ അധികം പൊടിയാത്തരീതിയില്‍ ഒരു പ്രാവശ്യം ചതച്ചെടുക്കുന്ന വിത്ത് പിന്നീട് വാറ്റുന്ന ഉപകരണങ്ങളിലേക്ക് മാറ്റുന്നു. അതില്‍ ഏകദേശം 6 മുതല്‍ 8 മണിക്കൂര്‍ വരെ നീരാവി ഉപയോഗിച്ച് വാറ്റി തൈലം എടുക്കുന്നു. ജാതിക്കയില്‍ നിന്നും 11% എണ്ണയും ജാതിപത്രിയില്‍ നിന്നും 12% എണ്ണയും ലഭിക്കുന്നു. പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയുമാണ് ജാതി തൈലത്തിന്റെ മുഖ്യ ഉപഭോക്താക്കള്‍. മിരിസ്റ്റിസിന്‍, എലെമിസിന്‍, സാഫ്‌റോള്‍ എന്നീ രാസഘടകങ്ങള്‍ ജാതി തൈലത്തില്‍ അടങ്ങിയിരിക്കുന്നു.

കൊച്ചുകുടിയില്‍ ജോസ് മാത്യു വികസിപ്പിച്ചെടുത്ത കൊച്ചുകുടി എന്നയിനം ജാതിക്ക നിലവില്‍ മുന്തിയ ഇനം എന്ന് കണക്കാക്കപ്പെടുന്നു. ഇത് ബഡ്ഡ് ചെയ്ത ഇനമാണ്. മറ്റു ജാതിയെപ്പോലെ ഇടതൂര്‍ന്ന മരം അല്ലെങ്കില്‍ പോലും ധാരാളം കായ ലഭിക്കുന്നു. മറ്റിനങ്ങളില്‍ ഒരു കിലോയ്ക്ക് 120 കായ വേണ്ടിവരുന്ന സ്ഥാനത്ത് കൊച്ചുകുടി ജാതിക്കയ്ക്ക് 80 എണ്ണം മതിയാകും. ജാതിപത്രി ഒരു കിലോ ലഭിക്കാന്‍ 350 മുതല്‍ 400 എണ്ണം വരെ ജാതിക്കയും മതി.

വീട്ടില്‍ ചെടിച്ചട്ടികളില്‍ വളര്‍ത്താവുന്ന ഔഷധച്ചെടികള്‍

നിങ്ങള്‍ പൂന്തോട്ടമൊരുക്കുവാന്‍ താല്‍പര്യമുള്ള ആളായിട്ടും അതിനായി സ്ഥലം ലഭിക്കാതെ വന്നാല്‍ എന്ത് ചെയ്യും? എങ്കില്‍ എന്തുകൊണ്ട് നിങ്ങള്‍ക്ക് ചെടിച്ചട്ടിയില്‍ ഔഷധച്ചെടികള്‍ നട്ടുവളര്‍ത്തിക്കൂടാ?
വീടിനകത്ത് ചെടികളുടെ പച്ചപ്പ് വന്നാല്‍ അത് നിങ്ങളുടെ മുറിയുടെ അകംഭംഗി വര്‍ദ്ധിപ്പിക്കും

പനിക്കൂര്‍ക്ക

പനിക്കൂര്‍ക്ക ചെടിച്ചട്ടിയില്‍ നട്ടുവളര്‍ത്തുകയാണെങ്കില്‍, അവ നിങ്ങളുടെ പിസ്സയിലും സൂപ്പിലുമെല്ലാം ചേര്‍ത്ത് സ്വാദ് വര്‍ദ്ധിപ്പിക്കാവുന്നതാണ്. ഇതുപോലെ ചട്ടിയില്‍ വളര്‍ത്താവുന്ന ഒരുപാട് പ്രയോജനകരമായ ഔഷധച്ചെടികളുണ്ട്. പുതിന, തുളസി എന്നിവ ഉദാഹരണം. ഇവ വീടിനകത്ത് വളര്‍ത്തുമ്പോള്‍ അവയുടെ പച്ചപ്പും പ്രത്യേക സുഗന്ധവും നിങ്ങളില്‍ കുളിര്‍മ്മയേകുകയും ചെയ്യുന്നു.

പുതിന

വളര്‍ന്നു പന്തലിക്കാന്‍ അധികം സമയം വേണ്ടാത്ത ചെടിയാണിത്. ചായ ഉണ്ടാക്കുവാനും, ചട്ണി ഉണ്ടാക്കുവാനും, സൂപ്പിലും മറ്റും ഉപയോഗിക്കുവാനും ഉത്തമമാണ് പുതിനയില. അധികം സൂര്യപ്രകാശം ലഭിക്കാത്ത സ്ഥലത്ത് വളര്‍ത്താവുന്നതാണ് പുതിനച്ചെടി. ചട്ടികള്‍ വളര്‍ത്തുവാന്‍ ഏറ്റവും നല്ല ഔഷധച്ചെടികളില്‍ ഒന്നാണിത്.

തോട്ടതുളസി/നാരകതുളസി

നാരങ്ങയുടെ വാസനയുള്ള ഈ ചെടി നിങ്ങളുടെ വീടിന് പച്ചപ്പ് നല്‍കുന്നു.ചെറിയ പച്ചിലകളും സുഗന്ധമുള്ള ചെറിയ പൂവുകളും ഇവയെ കാഴ്ചയില്‍ മനോഹരമാക്കുന്നു. പെട്ടെന്ന് വളരുന്ന ഈ ചെടി ഇടയ്ക്ക് വെട്ടി ഒതുക്കി പരിപാലിക്കേണ്ടതാണ്.

ഉള്ളിച്ചെടി

കറിയില്‍ ഉപയോഗിക്കുവാനായി ഇവ നിങ്ങള്‍ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയിട്ടുണ്ടാകാം. എന്തുകൊണ്ട് ഇത് വീട്ടില്‍ തന്നെ നട്ടുവളര്‍ത്തിക്കൂടാ? ഇതിന് 4-5 മണിക്കൂര്‍ നേരത്തേക്ക് സൂര്യപ്രകാശവും നനഞ്ഞ മണ്ണും മാത്രമേ ആവശ്യമുള്ളു. വസന്ത കാലത്ത് വിടരുന്ന ഇവയുടെ പൂക്കള്‍ മനോഹരമാണ്.

അയമോദകം

അയമോദകം വളര്‍ത്തുവാന്‍ ക്ഷമ അത്യാവശ്യമാണ്. കാരണം, ഇവ വിത്തില്‍ നിന്ന് പൊട്ടിവിടരാന്‍ കുറച്ച്‌ സമയം എടുക്കും. എന്നാല്‍, ഇവ വളരാന്‍ തുടങ്ങിയാല്‍ രണ്ട് വര്‍ഷത്തോളം തുടര്‍ച്ചയായി ഇലകളും പൂക്കളും ലഭിക്കുന്നതാണ്. അതുകൊണ്ട് വേഗം തന്നെ ഒരു ചട്ടി എടുത്ത് അയമോദക വിത്തുകള്‍ നട്ടോളൂ.

തുളസി

തുളസിക്ക് ഇളംചൂട് ഇഷ്ടമാണെങ്കിലും അത് നേരിട്ടുള്ള സൂര്യപ്രകാശം എല്‍ക്കുകയാണെങ്കില്‍ വാടിപ്പോകും. അതുകൊണ്ട് സൂര്യപ്രകാശം നേരിട്ട് ലഭിക്കാത്ത, എന്നാല്‍ ഇളംചൂട് ലഭിക്കുന്ന സ്ഥലത്ത് ഇവ വയ്ക്കുക. ജൂണ്‍ മാസമാണ് തുളസി നടുവാനുള്ള ഏറ്റവും നല്ല സമയം. നന്നായി ഉണങ്ങിയ മണ്ണില്‍ വേണം തുളസി നടുവാന്‍. ജലാംശം ഉണ്ടെങ്കില്‍ അത് തുളസിയുടെ വേരിനെ നശിപ്പിക്കുന്നതാണ്.

ഔഷധഗുണമുള്ള പെരും ജീരകം

വളരെയേറെ ഔഷധഗുണമുള്ള സുഗന്ധവ്യഞ്ജനമാണ്‌ പെരുംജീരകം. ജലദോഷം, ബ്രോങ്കൈറ്റിസ്‌, മൂത്രതടസ്സം എന്നിവയുടെ ശമനത്തിനും ഇതു നല്ലതാണ്‌. വായുശല്യമകറ്റാൻ പെരുംജീരകച്ചെടിയുടെ ഇലയ്ക്കു കഴിയും. ദഹനസഹായികളായ ഇഞ്ചി, ജീരകം, കുരുമുളക്‌ എന്നിവയുമായി ചേർത്തു കഴിക്കുന്നതും നല്ലതാണ്‌. ആഹാരം ദഹിപ്പിക്കുന്നതുൾപ്പെടെ ഉറക്കമില്ലായ്മയ്ക്കും പെരുംജീരകം അത്യുത്തമമാണ്‌. പെരുംജീരകം വാറ്റിയെടുക്കുന്ന എണ്ണ പെർഫ്യൂംസ്‌, സോപ്പ്തുടങ്ങിയ സ്ന്ദര്യവർദ്ധകവസ്തുക്കളുടെ നിർമാണത്തിനുപയോഗിക്കുന്നു. പെരുംജീരകത്തിൽ നിന്നും എണ്ണ വാറ്റിയ ശേഷം കിട്ടുന്നപിശിട്‌ കാലിത്തീറ്റയായും ഉപയോഗിക്കുന്നു. ഇത്‌ കൂടാതെ ഉദരസംബന്ധിയായ എല്ലാ വിഷമതകൾക്കും പെരുംജീരകവും അത്യുത്തമമാണ്‌. ആർത്തവ വേദനകളിലും തിമിരത്തിന്റെ മരുന്നുകളിലും കൂടാതെ ഗർഭിണികൾക്ക്‌ മുലപ്പാൽ വർധിപ്പിക്കുന്നതിലുമുൾപ്പെടെ എല്ലാ രോഗങ്ങൾക്കുമുള്ള ഒറ്റമൂലിയായും പെരുംജീരകത്തെ ഉപയോഗിച്ച്‌ പോരുന്നു.

മേറ്റ്ല്ലാ ഉൽപ്പന്നങ്ങളും മുറ്റത്ത്‌ പരീക്ഷിക്കാറുണ്ടെങ്കിലും ജീരകം പോലെയുള്ള വിളകൾ നട്ട്‌ പിടിപ്പിക്കാൻ നാം ശ്രമിക്കാറില്ല. ആകർഷകമായ സുഗന്ധസസ്യമായ പെരുംജീരകത്തിൽ അനിത്തോൾ എന്ന രാസവസ്തുവാണ്‌ സുഗന്ധം നൽകുന്നത്‌. കാരറ്റിന്‍റെ കുടുംബത്തിൽപ്പെട്ട ഏറെ പോഷക സമൃദ്ധവും, സുഗന്ധപൂരിതവുമായ ചെടിയാണിവ.
ഇവയുടെ വിത്തും, ഇലകളും, തണ്ടും, കിഴങ്ങും ഭക്ഷ്യയോഗ്യമാണ്‌. തത്തപ്പച്ചനിറമുളള നേർത്ത തൂവലുകൾ പോലുളള ഇലകൾ, തലയുയർത്തി കുലകളായി വിരിഞ്ഞു നിൽക്കുന്ന ചെറിയ മഞ്ഞപ്പൂക്കൾ കൊണ്ട്‌ തീർത്ത കുടകൾ എന്നിവ ഈ ചെടിയെ കൂടുതൽ ഭംഗിയുളളതാക്കുന്നു.

പച്ച പെരുംജീരകം പാകിയാണ്‌ ആദ്യം തൈകൾ മുളപ്പിക്കുന്നത്‌. ഒരു മാസത്തിനു ശേഷം ഇവയെ പറിച്ചുനടുന്നു.
10 ദിവസം തണലും മണ്ണിര കമ്പോസ്റ്റും എല്ലുപൊടിയും ചാണകവുമൊക്കെ നൽകിവേണം ഇവയെ പരിപാലിക്കാൻ. നേർത്ത തണ്ടായതിനാൽ താങ്ങു നൽകണം. പിന്നീട്‌ പറിച്ച്‌ നടുകയും വേണം. ഒന്നര മാസത്തിനുളളിൽ ചെടികൾ പൂക്കുമെന്നാണ്‌ കണക്ക്‌. മൂന്ന്‌ മാസം കൊണ്ട്‌ പെരുംജീരകം വിളവെടുക്കാം. വിത്തുകൾ നന്നായി വിളഞ്ഞ്‌ പച്ചനിറം മാറുന്നതിന്‌ മുമ്പ് പറിച്ച്‌ ഉണക്കി ഉപയോഗിക്കാം.

ഇലകളും, പൂക്കളും ആകർഷകമായതിനാൽ ഉദ്യാനങ്ങൾ കൂടുതൽ അഴകുളളതാക്കുവാനും, ചെറുതേനീച്ചകളെ ആകർഷിക്കുന്നതിനാൽ ചെറുതേനീച്ച കർഷകർക്കും പെരുംജീരകം വളർത്താം. വിപണിയിൽ ജൈവപെരുംജീരകം സാധാരണ ലഭ്യമല്ല. ഓരോ വീടിനും ആവശ്യമായ പെരുംജീരകം ജൈവരീതിയിൽ വളർത്തി ഉണ്ടാക്കിയാൽ ശുദ്ധവും, പുതുമയും ഉളള പെരുംജീരകം നമുക്ക്തന്നെ തീൻ മേശയിൽ എത്തിക്കാം.

വീടിനകത്തും പൂന്തോട്ടമൊരുക്കാം

വീടിനു പുറത്ത് പലരും പൂന്തോട്ടങ്ങള്‍ ഒരുക്കാറുണ്ട്. വീടിനകത്ത് ഒരു ചെറിയ പൂന്തോട്ടമൊരുക്കുന്നത് വീടിന് ഭംഗി നല്‍കുന്നതിനൊപ്പം തന്നെ അകത്തളങ്ങളിലെ ചൂട് കുറച്ച് കുളിര്‍മയേകാനും സഹായിക്കും. വീടിനു പുറത്ത് പൂന്തോട്ടം ഒരുക്കാനുള്ള സ്ഥലമില്ലാത്തവര്‍ക്കുള്ള ഒരു പരിഹാരം കൂടിയാണ് ഇന്‍ഡോര്‍ ഗാര്‍ഡനുകള്‍. മൂന്നോ നാലോ തട്ടുകളിലായി നിര്‍മ്മിച്ച സ്റ്റാന്‍റുകളില്‍ ചെടിച്ചട്ടികള്‍ വെയ്ക്കുന്നത് വീടിനു കൂടുതല്‍ ഭംഗി നല്‍കും. വീടിനകത്ത് വെയ്ക്കുന്ന ചെടികള്‍ അധികം വളര്‍ന്നു പടരാത്തവയായിരിക്കാന്‍ ശ്രദ്ധിക്കണം എന്ന് മാത്രം. അധികം വളര്‍ന്നു പടരാത്ത ഇലച്ചെടികള്‍ കണ്ണിനും മനസിനും കുളിര്‍മയേകും.

സാധാരണയായി നടുത്തളങ്ങളിലും സ്വീകരണമുറികളിലുമാണ് ഇന്‍ഡോര്‍ ഗാര്‍ഡനുകള്‍ സെറ്റ് ചെയ്യുന്നത്. വ്യത്യസ്തത ഇഷ്ടപ്പെടുന്നവര്‍ക്ക് അടുക്കളയില്‍, കറിവേപ്പില, മല്ലിയില, പുതിനയില തുടങ്ങിയവയും ഒരു ഔഷധ സസ്യത്തോട്ടവും നട്ട് പിടിപ്പിക്കാവുന്നതാണ്.

ഒരു സെറാമിക് ടബില്‍ മണല്‍ നിറച്ച് ഒരു സ്പോഞ്ച് ഷീറ്റില്‍ ദ്വാരങ്ങളിട്ട് വേണം ചെടി നടാന്‍. രണ്ട് ഡേ ലൈറ്റ് ബള്‍ബുകളും ടബിനു മുകളില്‍ ക്രമീകരിക്കണം. ചെടികള്‍ നടുന്നതിനോടൊപ്പം തന്നെ അവ നന്നായി പരിപാലിക്കേണ്ടതും അത്യാവശ്യമാണ്.

ചെടികള്‍ വളരുന്നതിന് ഇളം ചൂട് അത്യാവശ്യമാണ്. വീടിനുള്ളിലെ ചൂട് ചെടികള്‍ക്ക് തികയാതെ വരും. അതിനാല്‍ തന്നെ ചെടികള്‍ക്ക് ആവശ്യമായ ചൂട് ലഭ്യമാക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ ചെടികളുടെ വളര്‍ച്ച മുരടിക്കും. ചൂട് പോലെ തന്നെ, അല്ലെങ്കില്‍ ചൂടിനേക്കാള്‍ ചെടികള്‍ക്ക് ആവശ്യമായ ഒരു ഘടകമാണ് പ്രകാശം. ചെടികള്‍ വെയ്ക്കുന്നതിന് മുകളില്‍ റുഫ് ഗ്ലാസ്‌ ഉപയോഗിക്കുന്നതാണ് ചെടികളുടെ വളര്‍ച്ചക്ക് ഉത്തമം.

വീടിനുള്ളില്‍ വളര്‍ത്തുന്ന ചെടികളുടെ ഇലകള്‍ ദിവസവും വൃത്തിയാക്കണം. ഇത് ചെടികളുടെ വളര്‍ച്ച ത്വരിതപ്പെടുത്താന്‍ സഹായിക്കും.

ബാൽക്കണിയിലെ വൃന്ദാവനം

വീടിന്റെ പൂമുഖത്ത് ഭംഗിയുള്ള ഉദ്യാനം ആരാണ് ഇഷ്ടപ്പെടാത്തത്. വീട്ടിലേക്കു നടന്നു കയറുമ്പോൾ ചുറ്റും പൂച്ചെടികളും പുൽത്തകിടിയും അലങ്കാരവുമെല്ലാമുള്ള പൂന്തോട്ടം മനസ്സിനു കുളിർമയും സന്തോഷവും നല്‍കും. നഗരവാസികളിൽ പലർക്കും ഇത് എത്ര സുന്ദരമായ നടക്കാൻ പറ്റാത്ത സ്വപ്നം മാത്രമാണ്. വിശേഷിച്ചും ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക്. ഇനി നഗരവാസികള്‍ക്കും പൂന്തോട്ടം അന്യമല്ല. കാരണം നഗരത്തിലെ വീടുകളിലും ഫ്ലാറ്റുകളിലും ബാൽക്കണി, പൂന്തോട്ടത്തിനുള്ള സ്ഥലമായി മാറുകയാണ്. ഏതു വലുപ്പത്തിലും ആകൃതിയിലുമുള്ള ബാൽക്കണിയാണെങ്കിലും ഉള്ള സ്ഥലം ഉപയോഗപ്പെടുത്തി ഉദ്യാനം രൂപപ്പെടുത്താൻ കഴിയും.

ആകർഷകമായ അലങ്കാരച്ചട്ടികളിലും റാക്കുകളിലും നിലത്തും ഭിത്തിയിലും ഹാൻഡ് റെയിലിങ്ങിലുമായി പലതരം അലങ്കാരച്ചെട്ടികള്‍ നട്ട് ഇരിപ്പിടങ്ങളും ഒരുക്കി, ബാൽക്കണിയെ ഉദ്യാനമായി മാറ്റാം. വീട്ടുകാർക്കു രാപകൽ വ്യത്യാസമില്ലാതെ സമയം ചെലവഴിക്കാൻ പറ്റിയ ഇടമാണ് ഈ കുഞ്ഞൻ ഉദ്യാനം. ചെടികളെല്ലാം ചട്ടിയിലോ പ്ലാന്റർ ബോക്സുകളിലോ നടുന്നതുകൊണ്ട് ഉദ്യാനത്തിന്റെ രൂപഘടന ആവശ്യാനുസരണം മാറ്റി ഇടയ്ക്കിടെ പുതുമയുണ്ടാക്കാനും കഴിയും.

നിലത്തു തയാറാക്കുന്ന ഉദ്യാനത്തിൽനിന്നു വ്യത്യസ്തമായി കളച്ചെടികളുടെ ശല്യമില്ല, കീടബാധ താരതമ്യേന കുറവായിരിക്കും. നനയാകട്ടെ, ചെടികളുടെ ആവശ്യത്തിനു മാത്രം മതി. ഓരോയിനം ചെടിക്കും യോജിച്ച നടീൽമിശ്രിതം തയാറാക്കി പരിപാലിക്കാമെന്ന മെച്ചവുമുണ്ട്. ബാൽക്കണിയിൽ ചെടികൾ എണ്ണത്തിൽ കുറവായതുകൊണ്ടു കൂടുതല്‍ ശ്രദ്ധയും പരിപാലനവും നൽകാനാവും. നിലത്തു മണ്ണിൽ നട്ടാൽ വലിയ ചെടിയായോ കൂട്ടമായോ മാറുന്ന മുള, പന എന്നിവയെ ചട്ടിയിലെ പരിമിത സാഹചര്യത്തിൽ വളർച്ച നിയന്ത്രിച്ചുനിർത്തി കുറേനാൾ പരിപാലിക്കാൻ കഴിയും. വീടിനുള്ളിൽ ശുദ്ധവായു സുലഭമാക്കാനും ബാൽക്കണി ഗാർഡൻ ഉപകരിക്കും.

തയാറാക്കുന്ന വിധം

ഏതൊരു ഉദ്യാനവുംപോലെ വ്യക്തമായ ലേ ഔട്ട് ബാൽക്കണി ഗാർഡനും വേണം. ബാൽക്കണിയിൽ ലഭിക്കുന്ന സൂര്യപ്രകാശത്തിന്റെയും കാറ്റിന്റെയും ലഭ്യതയനുസരിച്ചു വേണം ലേ ഔട്ടും ചെടികളും തീരുമാനിക്കാൻ. ഈ ഉദ്യാനത്തിൽ ചട്ടി, റാക്ക്, തൂക്കിയിടാൻ ഉപയോഗിക്കുന്ന വള്ളി ഉൾ‌പ്പെടെ എല്ലാ ഘടകങ്ങളിലും ആളുകളുടെ ശ്രദ്ധ ചെല്ലുമെന്നതിനാൽ ഇവയെല്ലാം സൂക്ഷ്മതയോടെ തിരഞ്ഞെടുക്കണം. ബാൽക്കണിയുടെ ഭിത്തികൾക്ക് ഇളം നിറമാണു യോജിച്ചത്. എങ്കിൽ മാത്രമേ ചട്ടിയും ചെടിയുമെല്ലാം കൂടുതൽ വ്യക്തമാകുകയുള്ളൂ. ചട്ടിയും റാക്കുമെല്ലാം തിളങ്ങുന്ന നിറങ്ങളുള്ളവയും ആകൃതികൊണ്ട് ആകർഷകവുമായിരിക്കണം. നല്ല വളർച്ചയെത്തിയ ചെടികളാണു നടേണ്ടത്. നിത്യഹരിത സ്വഭാവമുള്ളവയാണ് ഇവിടേക്കു യോജിച്ചത്. നല്ല വലുപ്പമുള്ള ഇലകളോടുകൂടിയവ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. ചെടികൾ വയ്ക്കുന്ന സ്ഥാനം നിർണയിക്കാൻ ആ ഭാഗത്തു ലഭിക്കുന്ന സൂര്യപ്രകാശത്തിന്റെ അളവു പരിഗണിക്കണം.

ശക്തമായി കാറ്റു വീശുന്ന ബാൽക്കണിയിൽ ഉയരമേറിയ ചട്ടികൾ വയ്ക്കുമ്പോൾ മറിഞ്ഞുവീഴാത്ത വിധത്തിൽ ഉറപ്പിക്കണം. ചെറിയ ചട്ടികളിലും മഗ്ഗിലുമായി ഏറെ ചെടികൾ നടുന്നതിനു പകരം വലിയ പ്ലാന്റർ ബോക്സിൽ കുറേയെണ്ണം ഒരുമിച്ചു വളർത്തുന്നതാണ് കൂടുതൽ ഭംഗി. ഒരേ അളവിൽ നനയും സൂര്യപ്രകാശവും ആവശ്യമുള്ളവ ഒരുമിച്ചു നടുക. ഭിത്തിയിൽ വെർട്ടിക്കൽ ഗാർഡൻ ഒരുക്കിയോ അല്ലെങ്കിൽ പ്രത്യേകം തയാറാക്കിയ റാക്കുകളിലും ബ്രാക്കറ്റുകളിലും ചട്ടികൾ നിരത്തിയോ കൂടുതൽ ഭംഗി നൽകാം. ചട്ടിയിൽനിന്ന് ഊർന്നിറങ്ങി നിലത്തു വീഴുന്ന വെള്ളം വേഗത്തിൽ ഡ്രെയിനേജ് ദ്വാരത്തിലേക്ക് ഒഴുകിപ്പോകാൻ വേണ്ടത്ര ചെരിവ് തറയ്ക്ക് ഉണ്ടായിരിക്കണം. ഉദ്യാനത്തിന്റെ പ്രതീതി ലഭിക്കാൻ ചട്ടികൾ ഇല്ലാത്ത ഭാഗങ്ങളിൽ കൃത്രിമ പുൽത്തകിടി വിരിക്കുന്നതു നന്ന്.

ചട്ടികൾക്കൊപ്പം ഇഷ്ടപ്പെട്ട ശിൽപങ്ങളും വച്ച് ഉദ്യാനം കൂടുതൽ ആകർഷകമാക്കാം. ഭാഗിക തണലിൽ വളരുന്ന വള്ളിയിനങ്ങളായ മണിപ്ലാന്റ്, വാക്സ് പ്ലാന്റ് ഇവയെല്ലാം ഭിത്തിയിൽ പ്രത്യേകമായി തയാറാക്കിയ ചട്ടത്തിലോ ബ്രാക്കറ്റിലേക്കോ പടർത്തി കയറ്റാം. ചട്ടിയിൽ നട്ട ചെടിക്കു ചുറ്റും ചെറിയ പെബിൾ, മാർബിൾ ചിപ്പുകൾ ഉപയോഗിച്ചു മിശ്രിതം മറയ്ക്കാൻ പറ്റും. ചട്ടിയിലെയും പ്ലാന്റർ ബോക്സിലെയും മിശ്രിതത്തിലെ ഈർപ്പത്തിന്റെ അളവനുസരിച്ചു മാത്രം നനച്ചാൽ മതി. നന്നായി കാറ്റും സൂര്യപ്രകാശവും കിട്ടുന്ന ബാൽക്കണിയിലെ ചെടികൾക്കു ജലം കൂടുതൽ അളവിൽ നഷ്ടപ്പെടുമെന്നതുകൊണ്ടു നന്നായി നനയ്ക്കണം. സെൽഫ് വാട്ടറിങ് പോട്ടുകൾ ഇന്നു വിപണിയിൽ ലഭ്യമാണ്. ഇത്തരം ചട്ടികളിലെ താഴത്തെ കള്ളിയിൽ നിറയ്ക്കുന്ന വെള്ളം വേരുകൾ സാവധാനം ഉപയോഗിച്ചുകൊള്ളും. താഴത്തെ കള്ളിയിൽ ശേഷിക്കുന്ന വെളളത്തിന്റെ അളവ് മനസ്സിലാക്കാൻ പ്രത്യേക സംവിധാനം ഇത്തരം ചട്ടികളിലുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ചെടികൾ തിരഞ്ഞെടുക്കുമ്പോൾ അവ ബാൽക്കണിയിൽ ലഭിക്കുന്നത്ര സൂര്യപ്രകാശത്തിൽ വളരാൻ കഴിയുന്നവയാണോയെന്നു നോക്കണം. ബാൽക്കണിയുടെ തറയിൽ വെള്ളം തങ്ങി നിൽക്കാതെ വേഗത്തിൽ വാർന്നു പോകുന്നുണ്ടെന്ന് ഉറപ്പാക്കണം. അധിക നനജലം താഴെയുള്ള അപ്പാർട്ടുമെന്റുകൾക്ക് അസൗകര്യം ഉണ്ടാക്കാൻ സാധ്യതയുള്ളതുകൊണ്ടു ചില ഫ്ലാറ്റുകളിൽ ഹാൻഡ് റെയിലിങ്ങിൽനിന്നു പുറത്തേക്കു തള്ളിനിൽക്കുന്നവിധം ചെടിച്ചട്ടികൾ തൂക്കിയിടാൻ അനുവദിക്കില്ല.

ബാൽക്കണിയുടെ തറയ്ക്കു താങ്ങാവുന്നത്ര ചെടിച്ചട്ടികൾ മാത്രം വയ്ക്കുക. ഭാരം കുറയ്ക്കാൻ ചകിരിച്ചോറും പെർലൈറ്റും മറ്റും ചേർത്ത നടീൽമിശ്രിതം പ്രയോജനപ്പെടുത്താം. ചട്ടികളും റാക്കുകളും മറ്റും സ്ഥാപിച്ചശേഷം ബാൽക്കണിയിൽ പെരുമാറാനുള്ള സ്ഥലസൗകര്യം ഉണ്ടായിരിക്കണം. ഉദ്യാനം ഒറ്റയടിക്കു മുഴുമിപ്പിക്കാതെ ഘട്ടംഘട്ടമായി തയാറാക്കിയാൽ നമ്മൾക്ക് ഇഷ്ടപ്പെട്ട ചെടിയും ചട്ടിയും ലഭ്യമാകുന്നതിന് അനുസരിച്ചു വാങ്ങി വയ്ക്കാം. ഉദ്യാനത്തിനു പുതുമ കിട്ടുകയും ചെയ്യും. വേണമെങ്കില്‍ രണ്ടുമൂന്നു ചെടികൾ ബാൽക്കണിയുടെ പല ഭാഗങ്ങളിലായി ഒന്നു രണ്ടു മാസം പരിപാലിച്ച് അവയുടെ വളർച്ചയും മറ്റും മനസ്സിലാക്കി ‌പിന്നീട് ഉദ്യാനം പൂർണമായി ഒരുക്കിയെടുക്കാം. ബാൽക്കണിയിൽനിന്നു പുറത്തേക്കുള്ള കാഴ്ച മുഴുവനായി മറയ്ക്കുന്ന വിധത്തിൽ ചെടികൾ വയ്ക്കരുത്. ഇളം നിറമുള്ള ചട്ടികൾ സാവധാനമേ ചൂടാകുകയുള്ളൂ എന്നതുകൊണ്ട് ഇവ നല്ല സൂര്യപ്രകാശം കിട്ടുന്ന ബാൽക്കണിയിൽ ഉപയോഗിക്കാം. ഉദ്യാന പരിപാലനത്തിന് എത്ര സമയം കിട്ടുമെന്നു കണക്കാക്കി വേണം ചെടികളുടെ ഇനവും എണ്ണവുമൊക്കെ തീരുമാനിക്കാൻ.

ബാല്‍ക്കണിയൊരു വൃന്ദാവനം

ഒന്നര വർഷം മുൻപ് മറിയം ബീവി എറണാകുളം കലൂരിലുള്ള ഫ്ലാറ്റിലേക്കു താമസം മാറ്റിയത് ഉദ്യാനത്തോടും പൂച്ചെടികളോടുമുള്ള താൽപര്യം എങ്ങനെ തുടരാനാവുമെന്ന ആശങ്കയോടെയാണ്. എന്നാൽ ഫ്ലാറ്റിന്റെ ബാൽക്കണി പടിഞ്ഞാറുഭാഗത്തായതു കാരണം ഉച്ചതിരിഞ്ഞുള്ള വെയിൽ അവിടെ നന്നായി കിട്ടുമായിരുന്നു. പിന്നെ കൂടുതൽ ചിന്തിച്ചില്ല. തനിക്കിഷ്ടപ്പെട്ട പൂച്ചെടികളും ഇലച്ചെടികളും ശേഖരിച്ച് ചട്ടികളിലാക്കി ബാല്‍ക്കണിയിൽ നിരത്തി. ഭാഗികമായി തണൽ ലഭിക്കുന്ന ഭിത്തിയോടു ചേർന്ന് റാക്ക് വച്ച് അതിൽ ചട്ടിയിൽ നട്ട സിങ്കോണിയം, മിനിയേച്ചർ ഫിലോ ഡെൻഡ്രോൺ ചെടികളും വച്ചു. ഇരുമ്പിന്റെ ആകർഷകമായ ചട്ടം ഭിത്തിയിൽ ഉറപ്പിച്ച് അതിൽ കൊങ്ങിണി, മണിപ്ലാന്റ് തുടങ്ങിയവ നിറച്ചു. നിലത്താവട്ടെ പലതരം ചട്ടികളിൽ മിനിയേച്ചർ ചെത്തി, ടെക്കോമ, ലീയ, യൂജിനിയ, ബാൾ അരേലിയ, ബൊഗേൻവില്ല, ചെമ്പരത്തി തുടങ്ങിയ ചെടികളും വളര്‍ത്തി. ഒപ്പം പക്ഷികൾക്കായി ടെറാക്കോട്ട നിർമിത ബേർഡ് ബാത്തും ഒരുക്കി.

മറിയം ബീവി രാവിലത്തെ സമയം ചെലവിടുന്നതു ബാൽക്കണിയിൽ നനയും വളമിടീലുമായി ചെടികൾക്കൊപ്പമാണ്. വളമായി വെള്ളത്തിൽ പൂർണമായി ലയിക്കുന്ന എൻപികെ 30:10:10 ലായനിയായി ചെടികൾക്കു തളിച്ചുനൽകും. കൂടാതെ 18:18:18 കൂട്ടുവളം മിശ്രിതത്തിലും നൽകാറുണ്ട്. വർഷത്തിൽ ഒരു തവണ മിശ്രിതം മാറ്റി പുതിയതിലേക്കു നടുന്നതുകൊണ്ടു ചെടികൾ നല്ല കരുത്തോടെയാണു വളരുന്നത്.

യോജിച്ച ചെടികൾ

ദിക്ക് അനുസരിച്ച് ബാൽക്കണിയിൽ ലഭിക്കുന്ന സൂര്യപ്രകാശത്തിന്റെ തീവ്രത വ്യത്യസ്തമായിരിക്കും. അതുകൊണ്ടുതന്നെ ചെടിയിനങ്ങളും വെവ്വേറെയാണ്. വടക്കും തെക്കും ഭാഗത്തുള്ള ബാൽക്കണിയിൽ വെയിൽ കിട്ടുന്നതു കുറവായതുകൊണ്ട് ഇവിടേക്ക് സിങ്കോണിയം, ബ്രൊമീലിയാസ് ചെടികൾ, ഡിഫൻബെക്കിയ, അഗ്ലോനിമ, ആന്തൂറിയം, പെപ്പറോമിയ, ആഫ്രിക്കൻ വയലറ്റ്സ്, ഡ്രസീന, ക്രിപ്റ്റാന്തസ്, അലോ, അലോക്കേഷിയ, കലാത്തിയ, ഫിലോഡെൻഡ്രോൺ തുടങ്ങിയ ഇലച്ചെടികളാണു കൂടുതൽ യോജിച്ചത്.

കിഴക്കുഭാഗത്തുള്ള ബാൽക്കണിയിൽ രാവിലത്തെ വെയിൽ കിട്ടുമെന്നതുകൊണ്ട് ഇവിടേക്കു മേൽപറഞ്ഞവ കൂടാതെ പെന്റാസ്, ഗോൾഫീമിയ, അരേലിയ ക്ലോനേഫൈറ്റം, ലില്ലി തുടങ്ങിയവയും ഉപയോഗിക്കാം. പടിഞ്ഞാറുവശത്തെ ബാൽക്കണിയിലാണ് ഉച്ചകഴിഞ്ഞുള്ള ചൂടുകൂടിയ വെയിൽ കിട്ടുന്നത്. അതുകൊണ്ടുതന്നെ ഇവിടെ പൂവിടും ചെടികൾ പരിപാലിക്കാം. മിനിയേച്ചർ ചെത്തി, നന്ത്യാർവട്ടം, ചെമ്പരത്തി, ക്രോട്ടൺ, മുള, കൊങ്ങിണി, എറാന്തിമം, റിബൺ ഗ്രാസ്, ഫൈക്കസ് എന്നിവയെല്ലാം ഇവിടേക്കു യോജിച്ചവയാണ്.

ആനക്കുറുന്തോട്ടി

ഔഷധഗുണം

വാതത്തിനു വളരെ ഫലവത്തായൊരു മരുന്നാണ് ആനക്കുറുന്തോട്ടി. വാതരോഗത്തിനുള്ള എല്ലാ അരിഷ്ടത്തിലും, കഷായത്തിലും കുറുന്തോട്ടി ചേരുവയുണ്ട്. ഹൃദ്രോഗം, ചതവ്, മർമ്മ ചികിത്സ എന്നിവക്കും കുറുന്തോട്ടി ചേർത്ത കഷായവും അരിഷ്ടവുമാണ് കഴിക്കുന്നത്. ഇല താളിയായി ഉപയോഗിക്കാം. വേര് കഷായം വെച്ചും കഴിക്കാം. കാൽപുകച്ചിലിനും തലവേദനക്കും കുറുന്തോട്ടി വേര് ഇട്ടു തിളപ്പിച്ച വെള്ളത്തിൽ‍ ധാര കോരുന്നത് ഫലപ്രദമാണ്[1]. വാതരോഗശമനത്തിനും ഹൃദയസ്പന്ദനം ത്വരിതപ്പെടുത്തുന്നതിനും കുറുംന്തോട്ടി നല്ലതാണ്. ക്ഷീരബല, ധന്വന്തരം, ബലാതൈലം, ബലാരിഷ്ടം എന്നിവയിലെ ഒരു ഘടകമാണ്.ബലാഗുളുച്യാദി എണ്ണ, ബലാശ്വഗന്ധാദി എണ്ണ, കാർപ്പസാസ്ഥ്യാദി തൈലം, പ്രഭഞനം കുഴമ്പ് എന്നിവയിലും കുറുന്തോട്ടി ചേർക്കുന്നു.

മൃഗം-പക്ഷി -മത്സ്യ കൃഷി

തണുപ്പുകാല രോഗങ്ങളില്‍ നിന്നും വളര്‍ത്തു മൃഗങ്ങളെ സംരക്ഷിക്കാം

തണുപ്പുകാലത്തു വളർത്തുമൃഗങ്ങളിൽ രോഗങ്ങൾ വരാനുള്ള സാധ്യതയേറെയാണെന്നും ഇക്കാരണത്താൽ കർഷകർ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും മൃഗസംരക്ഷണവകുപ്പ്. ശ്വാസകോശ സംബന്ധമായ രോഗങ്ങൾ, പൂപ്പൽ വിഷബാധ, കുളമ്പുരോഗം, വയറുപെരുപ്പം, ദഹനക്കേട്, കുരലടപ്പൻ, കരിങ്കാലി (കരിങ്കൊറു), തൊലിപ്പുറത്തുള്ള പരാദരോഗങ്ങൾ, ബെബിസിയോസിസ്, തെയിലേറിയാസിസ്, കോക്സിഡിയോസിസ് എന്നിവയാണു കന്നുകാലികളെ പ്രധാനമായും തണുപ്പുകാലത്തു ബാധിക്കുന്ന രോഗങ്ങൾ.

ശ്വാസകോശങ്ങളിൽ ഏറ്റവും മാരകം ന്യൂമോണിയയാണ്. പനി, ഇടയ്ക്കിടെയുള്ള ചുമ, മൂക്കിൽക്കൂടിയുള്ള പഴുപ്പ്, വിശപ്പില്ലായ്മ, ശ്വാസതടസ്സം, വായ തുറന്നു ശ്വാസം വിടുക എന്നിവയാണു പ്രാരംഭലക്ഷണങ്ങൾ. ഉരുക്കളെ നല്ലതുപോലെ കാറ്റും വെളിച്ചവും കയറുകയും പൊടിപടലങ്ങൾ ഇല്ലാത്തതുമായ അന്തരീക്ഷത്തിലേക്കു മാറ്റണം. വെള്ളം വെട്ടിത്തിളപ്പിച്ച്, വാവട്ടം കുറഞ്ഞ പാത്രത്തിൽ എടുത്തു രണ്ടു–മൂന്ന് തുള്ളി ടിങ്ചർ ബൻസോയിനോ, യൂക്കാലിയോ ഒഴിച്ച് ആവി മൂക്കിലേക്കു കൊള്ളിക്കുന്നതു നല്ലതാണ്. ദ്രവരൂപത്തിലുള്ള മരുന്നുകൾ രോഗം ഗുരുതരമാക്കും. ആന്‍റി ബയോട്ടിക്കുകൾ അടങ്ങിയ കുത്തിവയ്പ്പ് എടുക്കുന്നത് ഉത്തമം.

ധാന്യങ്ങളിലും പിണ്ണാക്കിലുലും വളരുന്ന പൂപ്പലിലെ വിഷാംശമാണ് പൂപ്പൽ വിഷബാധയ്ക്കു കാരണമാകുന്നത്. വിശപ്പില്ലായ്മ, പാലുൽപാദനത്തിൽ കുറവ്, ക്ഷീണം, മഞ്ഞപ്പിത്തം തുടങ്ങിയവാണു രോഗലക്ഷണങ്ങൾ. തീറ്റ വെയിലത്ത് ഇട്ടു ചൂടാക്കുന്നതു വിഷാംശം കുറയ്ക്കും.

ഇരട്ടക്കുളമ്പുള്ള മൃഗങ്ങളെ ബാധിക്കുന്ന സാംക്രമിക വൈറസ് രോഗമാണ് കുളമ്പു രോഗം. രോഗാണുക്കൾ വായുവിലൂടെയും തീറ്റയിലൂടെയും വെള്ളത്തിലൂടെയും ശരീരത്തിൽ പ്രവേശിക്കും. കടുത്ത പനി, മൂക്കിൽനിന്നു നീരൊലിപ്പ്, ഉമിനീർസ്രവം, തീറ്റ തിന്നാതിരിക്കൽ, അയവിറക്കാതിരിക്കൽ, പാൽ കുറയുന്നതു തുടങ്ങിയവയാണു പ്രാരംഭ രോഗലക്ഷണങ്ങൾ. വായിലും കുളമ്പുകൾക്കിടയിലും ചെറിയ കുമിളകൾ ഉണ്ടാകുകയും അവ പൊട്ടി വ്രണങ്ങളാകുകയും ചെയ്യും.രോഗം വന്നവയെ മറ്റുള്ളവയിൽനിന്നു മാറ്റിപ്പാർപ്പിക്കണം. കുത്തിവയ്പ്പാണു രോഗപ്രതിരോധത്തിനുള്ള മാർഗം.

ആമാശയത്തിൽ വാതകങ്ങളുടെ ആധിക്യം നിമിത്തം ഉണ്ടാകുന്ന രോഗമാണു വയറുപെരുപ്പം. ഭക്ഷണത്തിലെ ക്രമക്കേട്, പയറുവർഗ ചെടികൾ കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തൽ, വിഷച്ചെടികൾ തീറ്റയിൽ കലരുന്നത് എന്നിവയാണു കാരണങ്ങൾ. വിശപ്പില്ലായ്മ, അയവെട്ടാനുള്ള വിമുഖത, ഉദരസ്തംഭനം, കലശലായ ക്ഷീണം, മലബന്ധം–വയറിളക്കം, വായിൽക്കൂടി പച്ചനിറം കലർന്ന വെള്ളം വരുന്നത് എന്നിവയാണു രോഗലക്ഷണങ്ങൾ. ∙

പന്നികളെ ബാധിക്കുന്ന രോഗങ്ങൾ : ന്യൂമോണിയ, പന്നിഫ്ലൂ, പന്നിപ്പനി എന്നിവയാണു പ്രധാനമായും വളർത്തു പന്നികളെ ബാധിക്കുന്ന രോഗങ്ങൾ. തുമ്മൽ, മൂക്കൊലിപ്പ്, കണ്ണീരൊലിപ്പ്, ചുമ എന്നിവയാണു പന്നി ഫ്ലൂവിന്റെ രോഗലക്ഷണങ്ങൾ. വളരെയധികം സാമ്പത്തിക നഷ്ടത്തിനു കാരണമാകുന്ന വൈറൽ രോഗമാണു പന്നിപ്പനി. ഉയർന്ന മരണനിരക്കു രോഗത്തിന്‍റെ തീവ്രത കൂട്ടുന്നു. ∙

കോഴികളിലെ രോഗങ്ങൾ:  രക്താതിസാരം, പരാദങ്ങൾ, വസൂരി, വസന്ത എന്നിവയാണു തണുപ്പുകാലത്തു കോഴികളെ ബാധിക്കുന്ന പ്രധാന രോഗങ്ങൾ. ഫലപ്രദമായ പ്രതിരോധ കുത്തിവയ്പ്പുകളിലൂടെയും ആന്‍റി ബയോട്ടിക്കുകളിലൂടെയും രോഗത്തെ പടികടത്താം.

വളം - കീടനാശിനികള്‍

മുട്ടത്തോട് കൊണ്ട് ജൈവവളമുണ്ടാക്കാം

പച്ചക്കറിക്ക് ജൈവവളമാണ് അനുയോജ്യമെന്ന് നമുക്കറിയാം. കൃഷിഭവനില്‍ നിന്നോ മറ്റ് വ്യാപാര സ്ഥാപനങ്ങളില്‍ നിന്നോ ജൈവവളം വാങ്ങി ഉപയോഗിക്കുന്നവരാണ് അധികവും.

എന്നാല്‍, ജൈവക്കൃഷിക്ക് അനുയോജ്യമായ വളം നമുക്കു തന്നെ വീട്ടില്‍ ഉണ്ടാക്കാം. സാധാരണയായി നമ്മള്‍ വലിച്ചെറിയുന്ന അല്പം മുട്ടത്തോട് മാത്രം മതി. ഇത്രയധികം മുട്ടത്തോട് എവിടെ നിന്ന് കിട്ടുമെന്ന് ചിന്തിച്ച്‌ തല പുണ്ണാക്കേണ്ട. വീട്ടില്‍ ഉപയോഗിക്കുന്ന മുട്ടയുടെ തോടുകള്‍ സൂക്ഷിച്ച്‌ വയ്ക്കാം. അല്ലെങ്കില്‍ ഹോട്ടലുകളില്‍ നിന്നോ ചായക്കടകളില്‍ നിന്നോ വാങ്ങാം. നാണക്കേട് തോന്നില്ലെങ്കില്‍ വഴിയരികില്‍ ആളുകള്‍ ഉപേക്ഷിച്ചു പോകുന്നവ എടുക്കുകയുമാവാം.  മുട്ടത്തോട് കിട്ടിയാല്‍ ചെയ്യേണ്ടത് ഇത്രമാത്രം. മുട്ടത്തോട് നല്ല വെയിലുള്ള സ്ഥലത്തു കൊണ്ടിട്ട് നന്നായി ഉണക്കണം. ഈര്‍പ്പം ഒക്കെ പോയി നന്നായി ഉണങ്ങണം. രണ്ടു മൂന്നു ദിവസം വെയില്‍ കൊള്ളണം. അതുകഴിഞ്ഞ് നന്നായി ഇടിച്ചു പൊടിക്കണം. നന്നായി പൊടിയണം. പൊടിഞ്ഞു കഴിഞ്ഞാല്‍ ആ പൊടി പച്ചക്കറികളുടെ ചുവട്ടില്‍ ഇട്ടു കൊടുക്കാം. ചെടികള്‍ തഴച്ചു വളരാനും നല്ല ഫലം നല്‍കാനും ഈ വളം സഹായിക്കും.

മുട്ടത്തോടില്‍ ധാരാളം കാത്സ്യവും ധാതുക്കളും അടങ്ങിയിരിക്കുന്നു. മണ്ണിനെ സമ്പുഷ്ടമാക്കാന്‍ മണ്ണില്‍ ചേര്‍ക്കുന്ന കുമ്മായത്തിന്‍റെ ഗുണം മുട്ടത്തോടില്‍ നിന്നു ലഭിക്കും. മണ്ണിന്‍റെ അമ്ലത കുറയ്ക്കാന്‍ സഹായിക്കുന്ന കുമ്മായത്തിന്‍റെ പ്രധാന ഘടകം കാത്സ്യം കാര്‍ബണേറ്റ് ആണ്. മുട്ടത്തോടില്‍ 97 ശതമാനവും കാത്സ്യം കാര്‍ബണേറ്റ് ആണ്. ഇതിനു പുറമേ ഫോസ്ഫറസ്, മഗ്നീഷ്യം, സോഡിയം, പൊട്ടാസ്യം പോലുള്ള ധാതുക്കളും ഇതില്‍ അടങ്ങിയിട്ടുണ്ട്.

വളമായി മാത്രമല്ല, ചെടികളെ നശിപ്പിക്കുന്ന കീടങ്ങളെയും ഒച്ചുകളെയും നിയന്ത്രിക്കാനും മുട്ടത്തോട് നല്ലതാണ്. ഗ്രോ ബാഗ് നിറയ്ക്കുമ്പോള്‍ അല്പം മുട്ടത്തോട് പൊടി ചേര്‍ക്കുന്നത് നന്നാവും.

പുത്തനറിവുകള്‍ - വിജയകഥകള്‍

ബിഗ്നൈ ആളൊരു കേമനാണ്

കാടാണെന്നു പറഞ്ഞ് മിക്കവരും വെട്ടിക്കളയുന്ന ഒരു കുറ്റിച്ചെടിയാണ് ബിഗ്നൈ. താളിച്ചെടിയെന്നും കാട്ടു പുളിച്ചിയെന്നുമൊക്കെ നമ്മള്‍ വിളിക്കുന്ന ആളാണ് കക്ഷി. ബിഗ്നൈ ഇംഗ്ലീഷ് പേരാണ്. 150 മുതല്‍ 160 സെന്റീമീറ്റര്‍വരെ ഈ ചെടിക്ക് പൊക്കമുണ്ടാകും. ഇല കാണാത്തവിധം നിറയെ ഫലം തരും ഈ ചെടി. കുലകുലയായി പച്ചനിറത്തില്‍ ആണ് ആദ്യം കായ്കള്‍ ഉണ്ടാകുന്നത്. പിന്നെയാണ് കായ്കളിലെ നിറമാറ്റം കാണേണ്ടത്. പച്ചയില്‍ നിന്ന് ഇളം റോസിലേക്കും അതില്‍ നിന്ന് കടുത്ത ചുവപ്പിലേക്കും പിന്നെ നല്ല കറുത്ത നിറത്തിലേക്കും ഇത് നിറം മാറും. പച്ച നിറത്തില്‍ നിന്ന് ചുവപ്പിലേക്കെത്തുന്നതുവരെ ഇതിന് രുചി പുളി മാത്രമാണ്. കറുത്തു കഴിഞ്ഞാല്‍ പിന്നെ ഞാവല്‍ പഴം തിന്നുന്നതുപേലെ ചുണ്ടും നാവുമൊക്കെ കറുപ്പിക്കാം. സീസണായിക്കഴിഞ്ഞാല്‍ 200 കിലോയിലേറെ പഴം ലഭിക്കും.

ഇതു പഴുത്തു കഴിഞ്ഞാല്‍ ധാരാളം പക്ഷികളും അണ്ണാറക്കണ്ണന്മാരുമൊക്കെ വിരുന്നു വരും. അതുകൊണ്ടു തന്നെ അടുത്ത സീസണാകുമ്ബോഴേക്കും ആ പറമ്ബ് മുഴുവന്‍ പുതിയ ചെടികള്‍ കൊണ്ട് നിറഞ്ഞിരിക്കും. ചിലത് പൂവിടും. നമ്മള്‍ വലിയ വിലയൊന്നും കൊടുത്തിട്ടില്ലെങ്കിലും വിദേശത്ത് പേരുപോലെ തന്നെ ബിഗ്നൈ വലിയ പുള്ളിയാണ്. ഫിലിപ്പീന്‍സ് പോലുള്ള രാജ്യങ്ങളില്‍ ബിഗ്നൈ വൈനിന് വന്‍ ഡിമാന്റാണുള്ളത്. അവിടത്തെ ചെറിയ പട്ടണമായ ബാരങ്കായ് ലുംബാഗനില്‍ ബിഗ്നൈയുടെ ഇലകളും ചെടിയുടെ പുറംതൊലിയും ഉപയോഗിച്ച്‌ ചായ ഉണ്ടാക്കാറുണ്ട്. ഈ ചായ രോഗാവസ്ഥകള്‍ക്ക് ശമനമുണ്ടാക്കുമെന്നാണ് അവര്‍ പറയുന്നത്. ബിഗ്നൈ ചെടിയുടെ ഉത്ഭവം ഹിമാലയന്‍ താഴ്വരകളിലാണ്. വേനലിലാണ് നന്നായി വളരുക. ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയാണ് പൂവിടുക. ഓഗസ്റ്റ്, സെപ്തംബര്‍ തുടങ്ങിയ മഴമാസങ്ങളില്‍ ഇത് ഫലം നല്‍കുകയും ചെയ്യും.
ബിഗ്നൈ പഴത്തില്‍ അടങ്ങിയിരിക്കുന്ന ധാതുക്കളുടെ അളവ്
41 കിലോ കലോറി
5% പ്രോട്ടീന്‍
3% ഫാറ്റ്
10% കാര്‍ബോ ഹൈഡ്രേറ്റ്
81% ഫൈബര്‍
23 മില്ലിഗ്രാം കാത്സ്യം
.8 മില്ലിഗ്രാം അയണ്‍
4 മില്ലിഗ്രാം വിറ്റാമിന്‍
.01 മില്ലിഗ്രാം തൈയമിന്‍
.03 മില്ലിഗ്രാം റൈബോഫ്ലവിന്‍
.04 മില്ലിഗ്രാം നിയാസിന്‍

ശരീരഭാരം കുറയ്ക്കാനും ശരീരഭംഗി കാത്തുസൂക്ഷിക്കുന്നതിനും ബിഗ്നൈ പഴം സഹായിക്കും. മൂത്രാശയ രോഗങ്ങള്‍ക്കും ഔഷധമാണ്. രക്തസമ്മര്‍ദം നിയന്ത്രിക്കാനും ഈ പഴം കഴിക്കുന്നത് ഏറെ നല്ലതാണ്. ബിഗ്നൈയുടെ ഇലയും ഏറെ ഔഷധമൂല്യമുള്ളതാണ്.

കാന്താരിയുടെ പ്രധാന ഗുണങ്ങള്‍

കാന്താരിയിലെ ജീവകം സി ശ്വാസകോശ രോഗങ്ങളെ ചെറുക്കാനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. രക്തക്കുഴലുകള്‍ കട്ടിയാവുന്നത് തടയുവാനും കാന്താരി കഴിക്കുന്നതിലൂടെ സാധിക്കും. രക്തയോട്ടം വര്‍ദ്ധിപ്പിക്കാനുള്ള കഴിവ് കാന്താരിയിലെ എരിവിനുണ്ട്. എരിവ് കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ ഇത് രക്തചംക്രമണ വ്യവസ്ഥയെ ത്വരിതപ്പെടുത്തുകയും ചെയ്യും.

കാന്താരി കഴിക്കുമ്പോഴുള്ള എരിവിനെ പ്രതിരോധിക്കാനായി ശരീരം ധാരാളം ഊര്‍ജം ഉല്‍പാദിപ്പിക്കേണ്ടി വരുമെന്നതിനാല്‍ ശരീരത്തിലെ കൊളസ്ട്രോളിന്‍റെ അളവിനെ നിയന്ത്രിക്കുന്നതിന് കാന്താരി കഴിക്കുന്നത് വളരെ ഉത്തമമാണ്.

അമിത വണ്ണം, ഭാരം എന്നിവ കുറയ്ക്കാന്‍ കാന്താരി കഴിക്കുന്നത് വളരെ നല്ലതാണ്. ജലദോഷത്തിനും പരിഹാരമാണ് എരിവ് ഉള്ള കാന്താരി. ഉമിനീരുള്‍പ്പെടെയുള്ള സ്രവങ്ങളെ ഉദ്ദീപിപ്പിക്കുകയും അതുവഴി ദഹനപ്രക്രിയ വളരെ സുഗമമാക്കുകയും ചെയ്യും.

ഹൃദ്രോഗമുണ്ടാക്കുന്ന ട്രൈഗ്ലിസറൈഡുകളുടെ അധിക ഉത്പാദനത്തെ കാന്താരിമുളക് നന്നേ നിയന്ത്രിക്കും. ഹൃദയസംബന്ധമായ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിച്ച്‌ ഹൃദയത്തെ സംരക്ഷിക്കാനും കാന്താരി മുളകിനു കഴിയുന്നു.

ചെറുതേനീച്ച കോളനി സ്ഥാപിക്കലും പരിപാലനവും

നമ്മുടെ ചുറ്റുപാടും ഒന്നു കണ്ണോടിച്ചാല്‍ അനവധി ചെറുതേനീച്ചക്കൂടുകള്‍ കാണുവാന്‍ സാധിക്കും. എന്നാല്‍ അവയില്‍ നല്ലൊരു ശതമാനവും കൂടുപൊളിച്ച് ഈച്ചകളെ പിടിക്കാന്‍ സാധിക്കാത്ത സ്ഥലങ്ങളിലായിരിക്കും വാസമുറപ്പിച്ചിരിക്കുന്നത്. ഇത്തരം കോളനികളിലെ റാണിയെയും ഈച്ചകളെയും മുട്ട ഉള്‍പ്പെടെ കൂടിനുവെളിയില്‍ സ്ഥാപിച്ചിരിക്കുന്ന മറ്റൊരു കൂട്ടിനുള്ളിലേക്കു മാറ്റുവാന്‍ സാധിക്കും. ഇങ്ങനെ സ്ഥാപിക്കുന്ന കൂടുകളെ കെണിക്കൂട് എന്നാണ് വിളിയ്ക്കുന്നത്.

ചെറുതേനീച്ചക്കോളനിയെ കെണിക്കൂടിനുള്ളിലേക്കു മാറ്റാം. ചെറുതേനീച്ചക്കൂടിന്റെ പ്രവേശനകവാടത്തിലേക്ക് ഏകദേശം ഒരടി നീളമുള്ളതും അര ഇഞ്ച് വണ്ണമുള്ളതുമായ transparent tube (level hose) പിടിപ്പിക്കുക. ട്യൂബ് ഉറപ്പിക്കാന്‍ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളില്‍ ആവശ്യമെങ്കില്‍ ഒരു ചെറിയ ഫണല്‍ സ്ഥാപിച്ച ശേഷം ഫണലിലേക്കു ട്യൂബ് പിടിപ്പിക്കാവുന്നതാണ്. ഇത്രയും ചെയ്തശേഷം വിടവുകള്‍ കളിമണ്ണോ സിമന്റോ അരക്കോ ഉപയോഗിച്ച് അടയ്ക്കുക. ട്യൂബിന്റെ മറ്റേ തുമ്പ് കെണിക്കൂടായി വയ്ക്കുന്ന പെട്ടിയില്‍ ഒരു ദ്വാരമുണ്ടാക്കി അതിനുള്ളിലേക്ക് കടത്തി വയ്ക്കുക. ട്യൂബിന്റെ തുമ്പ് പെട്ടിക്കുള്ളിലേക്കു ഒരിഞ്ചെങ്കിലും പ്രൊജക്റ്റ് ചെയ്തു നിര്‍ത്തണം. ഇത്രയും കാര്യങ്ങള്‍ വൈകുന്നേരം ആറ് മണിക്കുശേഷം ചെയ്യുന്നതാണ് നല്ലത്. കെണിക്കൂട് വെയിലും മഴയും ഏല്‍ക്കാത്തിടത്ത് ഉറുമ്പു കയറാതെ വേണം വയ്ക്കാന്‍.

ഇത്തരമൊരു സാഹചര്യത്തില്‍ ചെറുതേനീച്ചകള്‍ ട്യൂബ് വഴി പുറത്തു വച്ചിരിക്കുന്ന കെണിക്കൂടിനുള്ളില്‍ക്കൂടി സഞ്ചരിക്കാന്‍ നിര്‍ബന്ധിതരാകുകയും കെണിക്കൂടിന്റെ പ്രവേശന കവാടത്തില്‍ക്കൂടി കയറി ഇറങ്ങാന്‍ തുടങ്ങുകയും ചെയ്യും. കാലക്രമേണ കെണിക്കൂടിനുള്ളിലേക്കും കൂടി ഈച്ചകള്‍ താമസം വ്യാപിപ്പിക്കും. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ത്തന്നെ ചെറുതേനീച്ചകള്‍ കെണിക്കൂടിനുള്ളില്‍ തേനും പൂമ്പൊടിയും ശേഖരിക്കുകയും തുടര്‍ന്ന് റാണി ഈച്ച കെണിക്കൂടിനുള്ളിലേക്ക് ഇറങ്ങി മുട്ട ഇടാന്‍ തുടങ്ങുകയും ചെയ്യുന്നു. സാധാരണ ഗതിയില്‍ ആറ് മാസമോ അതില്‍ അധികമോ സമയം ഇത്തരത്തിലുള്ള ഒരു കൂട് മാറ്റത്തിന് ആവശ്യമായി വരും. 
മാതൃ കൂടിനുള്ളിലെ പരിമിതമായ സ്ഥല സൗകര്യമാണ് റാണിഈച്ചയെ കെണിക്കൂടിനുള്ളില്‍ ഇറങ്ങി മുട്ട ഇടാന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. അതിനാല്‍ റാണി ഈച്ച എത്ര കാലയളവിനുള്ളില്‍ കെണിക്കൂടിനുള്ളില്‍ മുട്ട ഇടാന്‍ തുടങ്ങുമെന്ന് കൃത്യമായി പറയാനാവില്ല. ഓരോ കൂടിനും കാലയളവ് വ്യത്യസ്തമായിരിക്കും. റാണി ഈച്ച മുട്ട ഇടാന്‍ തുടങ്ങിയതിനു ശേഷം കെണിക്കൂട് പഴയ കൂടുമായുള്ള ബന്ധം വേര്‍പെടുത്തി മാറ്റി സ്ഥാപിക്കാവുന്നതാണ്.  അതേസമയം കെണിക്കൂടിനുള്ളില്‍ നല്ല രീതിയില്‍ തേനും പൂമ്പൊടിയും ശേഖരിച്ച ശേഷവും റാണി ഇറങ്ങി മുട്ട ഇടാന്‍ തുടങ്ങിയില്ലെങ്കില്‍ കെണിക്കൂടും ചുമരിനുള്ളിലെ ഒറിജിനല്‍ കൂടും തമ്മിലുള്ള ബന്ധം വിടുവിക്കുകയും രണ്ടു ദിവസത്തിന് ശേഷം ഒരു വിരിയാറായ റാണി മുട്ട വച്ചു കൊടുക്കുകയും ചെയ്താല്‍ കെണിക്കൂട് പുതിയ ഒരു കോളനിയായി രൂപാന്തരപ്പെട്ടു വരും. ഒപ്പം തന്നെ ഒറിജിനല്‍ കൂട്ടില്‍ വേറൊരു കെണിക്കൂട് ഫിറ്റ് ചെയ്യുകയും ആവാം.

കടപ്പാട് : ഇന്‍ഫോ മാജിക്

2.91836734694
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top