Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

പുത്തന്‍കൃഷി വിവരങ്ങള്‍

കൂടുതല്‍ വിവരങ്ങള്‍

പഴം- പച്ചക്കറി കൃഷി

ഏറെ ഗുണങ്ങളുള്ള അസായ് പഴം

കവുങ്ങുപോലുളള നീണ്ടുവളരുന്ന ഒരു സസ്യമാണ് അസായ്.  അക്കേഷ്യ വിഭാഗത്തില്‍പ്പെട്ട ഇതിന് അലങ്കാരപ്പനയോട് സാമ്യമുണ്ട്.  കേരളത്തിന്‍റെ കാലാവസ്ഥയിലും നന്നായി വിളയുന്നതാണ് അസായ്പഴം. കറുത്തമുന്തിരിക്ക് സമാനമാണ് പഴം കാണാന്‍. എന്നാലോ മുന്തിരിയേക്കാളും പല മടങ്ങ് ഗുണങ്ങള്‍ നല്‍കുന്നതാണ് അസായ് പഴം.

തൂക്കം കുറയ്ക്കാന്‍

അസായ് പഴത്തിന്‍റെ പാനീയം സ്ഥിരമായി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നതുവഴി  ദുര്‍മേദസ് കുറയ്ക്കാന്‍ മാത്രമല്ല, ശരീരത്തിന്‍റെ ഭാരം ആരോഗ്യകരമായി നിലനിര്‍ത്താനും കഴിയുന്നു. നമ്മുടെ ശരീരത്തില്‍ കൊഴുപ്പടിയുന്നതിനെ തടയുകയാണ് അസായ് പഴത്തിന്‍റെ രാസഘടകങ്ങള്‍ ചെയ്യുന്നത്.

ത്വക്കിനെ കാക്കാന്‍

ത്വക്ക് സംരക്ഷണത്തിന് പറ്റിയ ഏറ്റവും നല്ല പ്രകൃതിദത്ത എണ്ണയാണ് അസായ് പഴത്തില്‍ നിന്ന് ലഭിക്കുന്നത്. ഇതിലടങ്ങിയിരിക്കുന്ന മികച്ച ആന്‍റിഓക്‌സിഡെന്റാണ് ഇത് സാധ്യമാക്കുന്നത്. അസായ് പഴം ധാരാളം കഴിക്കുന്നവര്‍ക്ക് തൊലി നല്ല തിളക്കമുള്ളതായിത്തീരുന്നു. തെക്കേ അമേരിക്കയിലെ ജനങ്ങള്‍ ത്വക്‌രോഗത്തനുള്ള മരുന്നായും അസായ് പഴം കഴിച്ചുവരുന്നു.

ദഹനശക്തിക്ക്

ദഹനപ്രക്രിയയെ സുഗമവും ശരിയായരീതിയിലും ആക്കി നിലനിര്‍ത്താന്‍ അസായ് പഴത്തിന്‍റെ ഡെറ്റോക്‌സിഫിക്കേഷന്‍ കപ്പാസിറ്റിക്ക് കഴിയുന്നു. കൂടാതെ ഇതിന്‍റെ ദഹനശക്തി വര്‍ധിക്കുന്ന നാരുകളും ഈ പ്രക്രിയയ്ക്ക് സഹായിക്കുന്നു.

പ്രതിരോധശേഷിക്കും ഹൃദയാരോഗ്യത്തിനും

ഇതിലടങ്ങിയിരിക്കുന്ന പോളിഫെനോലിക്ക് സങ്കരം നല്ലരീതിയിലല്ലാതെ പ്രവര്‍ത്തിക്കുന്ന കോശങ്ങളെയും കലകളെയും റിപ്പയര്‍ ചെയ്യാന്‍ ശേഷിയുള്ളതാണ്. അതുകൊണ്ടുതന്നെ പ്രായമാകല്‍ പ്രക്രിയയെ സാവധാനത്തിലാക്കുന്നു. ഇതിലെ ആന്‍തോസൈനന്‍സും ആന്‍റിഓക്‌സിഡെന്‍റുകളും ഹൃദയത്തെ നന്നായി സൂക്ഷിക്കാന്‍ കെല്‍പുള്ളതാണ്

തൈകള്‍ തയ്യാറാക്കലും കൃഷിയും

നന്നായി മൂത്തുവിളഞ്ഞകായകള്‍ പാകി മുളപ്പിച്ചാണ് അസായ് തൈകള്‍ ഉണ്ടാക്കിയെടുക്കുന്നത്. കേരളത്തില്‍ എല്ലായിടത്തും  അസായ് നന്നായി കായ്ക്കും. നന്നായി മൂത്തകായകള്‍ ശേഖരിച്ചെടുത്ത് ഉടന്‍തന്നെ പോളിത്തീന്‍ കവറുകളില്‍  നട്ട് മുളപ്പിച്ചെടുക്കണം. ഇവ പെട്ടെന്നു മുളയ്ക്കുമെന്നതിനാല്‍ത്തന്നെ രണ്ടാഴ്ചകൊണ്ടുതന്നെ ഇവയുടെ മുളയക്കല്‍ ശേഷിയും നഷ്ടപ്പെടുന്നു. വേഗം കേടാകുന്ന പഴമാണിത്. അതിനാല്‍ സംസ്‌കരിച്ച് സൂക്ഷിക്കണം.

മുളച്ചുപൊന്തിയ തൈകള്‍ മൂന്ന്  നാലു മാസം പ്രായമാകുമ്പോള്‍ നല്ല നീര്‍വാര്‍ച്ചയുള്ള നന്നായി വെയില്‍ കിട്ടുന്ന സ്ഥലത്ത് മാറ്റിനട്ട് വളര്‍ത്തിയെടുക്കാം. ചെടിയുടെ ആദ്യകാലത്ത്  വളര്‍ത്തിയെടുക്കാന്‍ കുറച്ച് ശ്രദ്ധ ആവശ്യമാണ്. പിന്നീട് വലിയ പരിരക്ഷ ആവശ്യമില്ല. ഉദ്യാനങ്ങളില്‍ നടുമ്പോള്‍ 1-2 മീറ്റര്‍ അകലം പാലിക്കാം. പോഷക സമ്പുഷ്ടവും മികച്ച പ്രതിരോധ ശേഷി കാണിക്കുന്നതുമായതിനാല്‍ അതിനെ കീടങ്ങളും രോഗങ്ങളും ബാധിച്ചു കാണാറില്ല. അഥവാ ബാധിച്ചാല്‍തന്നെ കുരുന്നിലകളെ ബാധിക്കുന്ന ഫംഗസ് രോഗം മാത്രമേ വരൂ. അതിനെ അസായ്  സ്വയം തന്നെ പ്രതിരോധിക്കും.

നീരൂറ്റിക്കുടിക്കുന്ന ചില പ്രാണികള്‍ ഇലയും ഇളം തണ്ടും തിന്നുതീര്‍ക്കാറുണ്ട്. പഴങ്ങളെ പഴയീച്ചകളും ആക്രമിക്കാറുണ്ട് രണ്ടുവര്‍ഷംകൊണ്ടുതന്നെ 8-10 മീറ്റര്‍ ഉയരം വെക്കുന്ന ഇത് നാലുവര്‍ഷംകൊണ്ടുതന്നെ പുഷ്പിക്കും. അടയ്ക്ക പോലെത്തന്നെ കുലകുലകളായാണ് കായകള്‍ ഉണ്ടാവുക. അവ പാകമെത്തിയാല്‍ പഴുത്തു തുടുത്ത് നല്ല കറുപ്പു നിറമാകും. അപ്പോള്‍ പറിച്ചെടുത്ത് സംസ്‌കരിച്ച് സൂക്ഷിക്കുകയാണ് ചെയ്യുന്നത്.

ഒട്ടേറെ പ്രമുഖ കമ്പനികള്‍ ഇതിന്‍റെ പള്‍പ്പും സ്‌ക്വാഷും ജാമും നിര്‍മിച്ച് ലോകമാകെ വിപണനം ചെയ്തുവരുന്നു. ഉയര്‍ന്ന അളവില്‍ പോളി ഫിനോള്‍സ്, ഫെറ്റോകെമിക്കല്‍സ്, ധാതുക്കള്‍ എന്നിവയും അടങ്ങിയിരിക്കുന്ന ഈ പഴം കേരളത്തിലെ കാലാവസ്ഥയില്‍ നന്നായി വളരും. അതിന്‍റെ തോട്ടമുണ്ടാക്കി ലാഭം കൊയ്യാം.

തക്കാളിയോട് സാമ്യമുള്ള പേഴ്‌സിമണ്‍

കാഴ്ചയ്ക്ക് തക്കാളിയോട് ഏറെ സാമ്യമുള്ള മധുരഫലമാണ് പെഴ്‌സിമണ്‍. ജപ്പാന്‍, ചൈന, ബര്‍മ, ഹിമാലയ സാനുക്കള്‍ എന്നിവിടങ്ങളിലാണ് പെഴ്‌സിമണ്‍ ജന്മം കൊണ്ടത്. ഇന്ത്യയില്‍ ഇതിന്‍റെ കൃഷി ആദ്യം തുടങ്ങിയത് നീലഗിരിയിലാണ്. യൂറോപ്യന്‍ കുടിയേറ്റക്കാരാണ് ഈ ഫലവൃക്ഷം ഇന്ത്യന്‍ മണ്ണിലും എത്തിച്ചത്. ഇപ്പോള്‍ ഇത് ജമ്മുകാശ്മീര്‍, തമിഴ്‌നാട്ടിലെ കൂര്‍ഗ്, ഹിമാല്‍പ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ വളരുന്നു. ഡയോസ്‌പൈറോസ് എന്ന ജനുസില്‍പ്പെട്ടതാണ് ഈ ഫലവൃക്ഷം. ഡയോസ് പൈറോസ് എന്നിങ്ങനെ രണ്ടു ഗ്രീക്കുപദങ്ങള്‍ ചേര്‍ന്നാണ് ഡയോസ്‌പൈറോസ് എന്ന പേര് ഉണ്ടായത്. 'ദൈവീകഫലം' എന്നാണ് ഈ വാക്കിന്റെ അര്‍ഥം. ഈ പഴത്തെ ജപ്പാനീസ് പെഴ്‌സിമണ്‍ എന്നും വിളിക്കുന്നുണ്ട്. ശാസ്ത്രനാമം ഡയോസ്‌പൈറോസ് കാക്കി.

ഇലപൊഴിയുന്ന മരമായ പെഴ്‌സിമണ്‍ പരമാവധി 9 മീറ്റര്‍ വരെ ഉയരത്തില്‍ വളരും. രണ്ടായിരത്തിലധികം വര്‍ഷമായി ചൈനയില്‍ ഈ പഴം ഉപയോഗത്തിലുണ്ട്. മരത്തിന് മഞ്ഞ കലര്‍ന്ന പച്ചിലകള്‍; പ്രായമാകുന്നതോടെ തിളക്കമുള്ള കടുംപച്ചയാകും. എന്നാല്‍ ശരത്കാലഗമനത്തോടെ ഇലകള്‍ക്ക്  നാടകീയമായ നിറമാറ്റം സംഭവിക്കും. അവ മഞ്ഞ, ഓറഞ്ച്, ചുവപ്പ് എന്നിങ്ങനെ വ്യത്യസ്തമായ വര്‍ണങ്ങളണിയും. ആപ്പിള്‍ മരത്തോട് സമാനമാണ് ഇതിന്‍റെ രൂപം. മേയ്-ജൂണ്‍ ആണ് പൂക്കാലം. മിതോഷ്ണ കാലാവസ്ഥ മുതല്‍ സാമാന്യം തണുത്ത കാലാവസ്ഥ വരെയാണ് പെഴ്‌സിമണ്‍ മരത്തിന് വളരാന്‍ ഇഷ്ടം.

ഉഷ്ണമേഖലാ സമതലപ്രദേശങ്ങളില്‍ ഇതില്‍ കായ്പിടിക്കുവാന്‍ സാധ്യത കുറവാണ്. എന്നാല്‍ ഹൈറേഞ്ചിലെ തണുത്ത മേഖലകളില്‍ കായ്ക്കും. സാമാന്യം തണുപ്പും ചൂടും കുറഞ്ഞ വെയിലുള്ള പ്രദേശങ്ങളിലാണ് പെഴ്‌സിമണ്‍ നന്നായി വളരുക. ഊഷ്മാവ് പൂജ്യം ഡിഗ്രി സെന്‍റിഗ്രേഡിലും താഴ്ന്നാലും ഇതിന് പ്രശ്‌നമില്ല. എന്നാല്‍ ചൂടു കൂടുന്നത്. ഇഷ്ടമല്ല. ചൂടുകൂടിയാല്‍ തടി പൊള്ളിയിളകുന്നത് കാണാം. ഉഷ്ണ മേഖലാ സമതലങ്ങളിലാകട്ടെ ഇത് കായ്ക്കുകയുമില്ല.

ഒന്നിലേറെ പ്രധാന ശിഖരങ്ങളോടെ, താഴേക്കു തുടങ്ങിയ ഇലകളുമായി അലസമായി നില്‍ക്കുന്ന പെഴ്‌സിമണ്‍ ഉത്തമ അലങ്കാരവൃക്ഷം കൂടെയാണ്. ഇത് രണ്ടുതരമുണ്ട്. തീക്ഷ്ണ രസമുള്ളതും തീക്ഷ്ണത കുറഞ്ഞതും. പഴത്തിലടങ്ങിയിരിക്കുന്ന ടാനിന്‍ ആണ് ഈ രുചിവിത്യാസത്തിന് കാരണം. തീക്ഷ്ണതയേറിയ ഇനമാണ് താനെനാഷി; തീക്ഷ്ണത കുറഞ്ഞ ഇനമാണ് ഫുയോ. ഇതാണ് ഒരുപക്ഷേ ലോകത്തില്‍ ഏറ്റവുമധികം കൃഷി ചെയ്യപ്പെടുന്ന പെഴ്‌സിമണ്‍ ഇനവും. ഉയര്‍ന്ന തോതില്‍ അടങ്ങിയിരിക്കുന്ന ബീറ്റാകരോട്ടിന്‍ അഥവാ പ്രോവൈറ്റമിന്‍ എയുടെ സാന്നിധ്യമാണ് പെഴ്‌സിമണ്‍ പഴത്തെ പോഷകസമൃദ്ധമാക്കിയിരിക്കുന്നത്.

ചൈനയില്‍ മാത്രം പെഴ്‌സിമണ്‍ പഴത്തിന്‍റെ രണ്ടായിരത്തോളം ഇനങ്ങള്‍ പ്രചാരത്തിലുണ്ട്. ജപ്പാനില്‍ എണ്ണൂറോളം ഇനങ്ങള്‍ ഉണ്ടെങ്കിലും നൂറില്‍ താഴെ മാത്രമേ പ്രധാനമായിട്ട് കരുതുന്നുള്ളു. ഫൂയും, ജീറോ, ഗോഷോ, സുറുഗ, ഹാച്ചിയ, ആയുഷ്മിഷിരാസു, യോക്കോനോ എന്നിവ ഇവയില്‍ ചിലതാണ്. ഇന്ത്യയില്‍ കൂനൂരുള്ള പഴവര്‍ഗ ഗവേഷണ കേന്ദ്രത്തില്‍ ദയ ദയ് മാറു എന്ന ഇനം നന്നായി വളര്‍ന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. അത്യാകര്‍ഷകവും ഏറെ മധുരതരവുമായ വലിയ പഴങ്ങള്‍ക്ക് കടുംചുവപ്പ് നിറമാണ്.

പ്രജനനവും കൃഷിയും

ഇടത്തരം വളക്കൂറുള്ള ഏതുമണ്ണിലും പെഴ്‌സിമണ്‍ വളരും. ഒട്ടിച്ചുണ്ടാക്കുന്ന പുതിയ തൈകളാണ് നട്ടുവളര്‍ത്തേണ്ടത്. ആഴത്തില്‍ കിളച്ച് ജൈവവളങ്ങള്‍ ചേര്‍ത്തൊരുക്കിയ കൃഷിസ്ഥലത്ത് 4.5x1.5 മീറ്റര്‍ അകലത്തില്‍ തൈകള്‍ നടാം. ഒരേക്കറില്‍ ഇങ്ങനെ 400 തൈകള്‍ വരെ നടുന്നു. ഇവ 10-15 വര്‍ഷത്തെ വളര്‍ച്ചയാകുമ്പോഴേക്കും നല്ല കരുത്തും ഫലോല്‍പ്പാദന ശേഷിയുമുള്ള 85 മരങ്ങളായി എണ്ണത്തില്‍ കുറച്ചെടുക്കണം. ബാക്കിയുള്ളവ നീക്കം ചെയ്യണമെന്നര്‍ഥം. പൂര്‍ണവളര്‍ച്ചയെത്തിയ മരത്തിന് ജൈവ വളങ്ങള്‍ക്കു പുറമെ രാസവളപ്രയോഗം നടത്തുന്ന പതിവുണ്ട്. രാസവളമിശ്രിതമാണ് ഇതിനുപയോഗിക്കുക. ജപ്പാനിലും മറ്റും ഒരു മരത്തിന് ഒരു വര്‍ഷം 45 കി.ഗ്രാം വരെ രാസവളമിശ്രിതം രണ്ടു തവണയായി വിഭജിച്ചു നല്‍കാറുണ്ട്. എന്നാല്‍ നൈട്രജന്‍ മാത്രം അടങ്ങിയ വളങ്ങള്‍ കൂടുതലായി നല്‍കുന്നത്, കായ്‌പൊഴിച്ചിലിനിടയിലാകും എന്നറിയുക.

പെഴ്‌സിമെണിന് പ്രൂണിങ്ങ് (കൊമ്പുകോതല്‍) നിര്‍ബന്ധമാണ്. മരത്തിന് നിയതമായ രൂപം കിട്ടാനും ശിഖരങ്ങള്‍ക്ക് ദൃഢത ലഭിക്കാനും ഇത് കൂടിയേ കഴിയൂ. എല്ലാ വര്‍ഷവും പുതുതായുണ്ടാകുന്ന വളര്‍ച്ചയുടെ ഒരു ഭാഗം നീക്കുന്നത് നന്ന്. വളര്‍ച്ചയുടെ തോതുനോക്കി മരങ്ങളെ പാതി ഉയരത്തിലേക്ക് നിയന്ത്രിച്ചു വളര്‍ത്തണം.

വരള്‍ച്ച ചെറുക്കാന്‍ പെഴ്‌സിമെണിന് സ്വതഃസിദ്ധമായ കഴിവുണ്ടെങ്കിലും ശരിയായി നനച്ചു വളര്‍ത്തുന്ന മരങ്ങളില്‍ വലിപ്പവും മേന്മയുമേറിയ കായ്കളുണ്ടാകുക പതിവാണ്. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ നിര്‍ബന്ധമായും നനയ്ക്കുക. തോട്ടമടിസ്ഥാനത്തില്‍ വളര്‍ത്തുമ്പോള്‍ തുള്ളിനന നടത്തുകയാണ് അഭികാമ്യം.

വിളവ്

മിക്ക ഇനങ്ങളും ഒട്ടുതൈകളാണെങ്കില്‍ നട്ട് 3-4 വര്‍ഷമാകുമ്പോഴേക്കും കായ്ക്കാന്‍ തുടങ്ങും. ചിലത് 5-6 വര്‍ഷം വരെ എടുക്കും. വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ ഇതില്‍ നിന്ന് 40 മുതല്‍ 250 വരെ കിലോ കായ്കള്‍ കിട്ടും. തീക്ഷ്ണരസമുള്ള ഇനങ്ങള്‍ പൂര്‍ണമായും വിളഞ്ഞിട്ടു മാത്രമേ വിളവെടുക്കാറുള്ളൂ. ഇവ മുളക്കൂട്ടുകളിലും മറ്റും വച്ചുപഴുപ്പിച്ച് വിപണിയില്‍ എത്തിക്കുന്നു. വിദേശരാജ്യങ്ങളില്‍ വിളവെടുപ്പിനു മൂന്നു ദിവസം മുന്‍പ് ജിഞ്ചറെല്ലിക്ക് ആസിഡ് പോലുള്ള ഹോര്‍മോണുകള്‍ തളിച്ച്  കായയുടെ മൂപ്പ് വൈകിപ്പിക്കാറുണ്ട്. ഇത്തരം കായ്കള്‍ കൂടുതല്‍ നാള്‍ സൂക്ഷിച്ചുവെയ്ക്കാന്‍ കഴിയും. സാധാരണ ഊഷ്മാവില്‍ പഴുത്ത പഴങ്ങള്‍ നാലുദിവസം വരെ കേടാകാതെയിരിക്കും. പഴങ്ങള്‍ ഓരോന്നായി പേപ്പറില്‍ വെവ്വേറെ പൊതിഞ്ഞു സൂക്ഷിക്കുന്ന പതിവുമുണ്ട്. ഇന്ത്യയില്‍ ഇതാണ് രീതി. മൂന്നു ദിവസം കൊണ്ട് ഇവ ഭക്ഷ്യയോഗ്യമാകും.

മേന്മകള്‍

നന്നായി പഴുത്ത പെഴ്‌സിമണ്‍ പഴം പാതി മുറിച്ച് ഒരു സ്പൂണ്‍ കൊണ്ടു തന്നെ കോരി കഴിക്കാം. ചിലര്‍ ഇതിലേക്ക് അല്‍പം നാരങ്ങാനീരോ പഞ്ചസാരയോ ചേര്‍ത്താകും കഴിക്കുക. പഴക്കാമ്പ് സലാഡ്, ജീഞ്ചര്‍, ഐസ്‌ക്രീം, യോഗര്‍ട്ട്, കേക്ക്, പാന്‍കേക്ക്, ജീഞ്ചര്‍ ബ്രെഡ്, കുക്കീസ്, ഡിസേര്‍ട്ട്, പുഡ്ഡിംങ്ങ്, ജാം, മാര്‍മലെയിഡ് എന്നിവയോടൊപ്പം ചേര്‍ത്താല്‍ മാറ്റ് കൂടും. ഇന്തൊനേഷ്യയില്‍ പഴുത്ത പെഴ്‌സിമണ്‍ ഫലങ്ങള്‍, ആവിയില്‍ പുഴുങ്ങി, പരത്തി വെയിലത്തുണക്കി അത്തിപ്പഴം പോലെയാക്കിയാണ് ഉപയോഗിക്കുക. പഴം ഉപയോഗിച്ച് വീഞ്ഞ്, ബിയര്‍ എന്നിവയും തയ്യാറാക്കുന്നു. ഇതിന്‍റെ വറുത്ത അരി (വിത്ത്) പൊടിച്ച് കാപ്പിപോലെയുള്ള പാനീയങ്ങളുണ്ടാക്കാന്‍ ഉപയോഗിക്കുന്നു.

പെഴ്‌സിമണിലെ പോഷകസമൃദ്ധിയാണ് അതിന് ദൈവത്തിന്റെ ആഹാരം എന്ന ഓമനപേര് നേടിക്കൊടുത്തത്. മാംസ്യം, കൊഴുപ്പ്, കാര്‍ബോഹൈഡ്രേറ്റ്, എന്നിവയ്ക്കു പുറമെ, കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നീ മൂലകങ്ങളും കരോട്ടിന്‍, തയമീന്‍,റിബോഫ്ളവിന്‍, നിയാസിന്‍, ആസ്‌കോര്‍ബിക് ആസിഡ് എന്നീ ജീവകങ്ങളും ഇതലടങ്ങിയിട്ടുണ്ട്.

അധികം പഴുക്കാത്ത പെഴ്‌സിമണ്‍ പഴത്തില്‍ നിന്ന് ലഭിക്കുന്ന ടാനിന്‍ സാക്കെ എന്ന മദ്യം തയ്യാറാക്കുന്നതിലുപയോഗിക്കുന്നുണ്ട്. ടാനിന്‍, ചായം നിര്‍മിക്കാനും മരത്തടി സംരക്ഷിക്കാനും പ്രയോജനപ്പെടുന്നു. ഭക്ഷ്യയോഗ്യമല്ലാത്ത വന്യപെഴ്‌സിമണ്‍ കായ്കള്‍ ചതച്ച് വെള്ളത്തില്‍ നേര്‍പ്പിച്ചെടുത്തത് കീടനശീകരണത്തിന് സഹായിക്കുന്നു. മരത്തടി ഫാന്‍സി ഉപകരണങ്ങള്‍ തയ്യാറാക്കാന്‍ ഉപയോഗിക്കുന്നു. പാകമാകാത്ത കായയുടെ നീര് പനി, ചുമ എന്നിവ അകറ്റാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായകമാണ്.

ഔഷധ - പുഷ്പ - വാണിജ്യ വിളകള്‍

ഔഷധഗുണവും പോഷകമേന്മയും ഒത്തിണങ്ങിയ മുള്ളാത്ത

10 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഒരു ചെറു നിത്യഹരിത വൃക്ഷമാണ് മുള്ളാത്ത. മധ്യ അമേരിക്കയിലും കരീബിയന്‍ ദ്വീപുകളുമാണ് ജന്മദേശം. പ്ലാവ് വളരുന്ന അതേ കാലാവസ്ഥയില്‍ വളരുന്ന ഒരു ഉഷ്ണമേഖലാ വൃക്ഷമാണ് മുള്ളാത്ത. സമുദ്രനിരപ്പില്‍ നിന്നും 1000 മീറ്റര്‍വരെ ഉയരമുള്ള പ്രദേശങ്ങളില്‍ നന്നായി വളരും. തീരെ തണുത്ത കാലാവസ്ഥ ഇതിന് അനുയോജ്യമല്ല. നല്ല സുര്യപ്രകാശം വളര്‍ച്ചക്ക് അത്യാവശ്യമാണ്. വേരുകള്‍ അധികം ആഴത്തില്‍ പോകാത്തതിനാല്‍ കാറ്റില്‍നിന്നും സംരക്ഷണം നല്‍കണം.

മധ്യ അമേരിക്കന്‍ രാജ്യങ്ങള്‍, വെസ്റ്റ് ഇന്‍ഡീസ്, ചൈന, ആസ്ത്രേലിയ, വിയറ്റ്നാം, മലേഷ്യ, ക്യൂബ തുടങ്ങിയ രാജ്യങ്ങളിലാണ് പ്രധാനമായും കൃഷി. ഇന്ത്യയില്‍ തമിഴ്നാട്, കേരളം, കര്‍ണാടകം, ആന്ധ്രാപ്രദേശ് എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുള്ളാത്ത കൃഷി ചെയ്തുവരുന്നു. കാന്‍സര്‍ ചികിത്സയില്‍ പ്രചാരം ലഭിച്ചതിനെ തുടര്‍ന്ന് അടുത്തകാലത്ത് മുള്ളാത്ത കൃഷി ദക്ഷിണേന്ത്യയില്‍ പല സ്ഥലങ്ങളിലും വാണിജ്യാടിസ്ഥാനത്തില്‍ ആരംഭിച്ചിട്ടുണ്ട്. ആണ്ട് മുഴുവന്‍ പുഷ്പിക്കുമെങ്കിലും ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളാണ് ദക്ഷിണേന്ത്യയിലെ പ്രധാന സീസണ്‍.

വളക്കൂറും ആഴവും നല്ല നിര്‍വാര്‍ച്ചയുമുള്ള മണ്ണാണ് മുള്ളാത്ത കൃഷി ചെയ്യാന്‍ അനുയോജ്യം. വിത്ത് മുളപ്പിച്ചുണ്ടാക്കുന്ന തൈകളും ഗ്രാഫ്റ് തൈകളും നടാനുപയോഗിക്കും. വിത്ത് മുളപ്പിച്ചുണ്ടാക്കുന്ന തൈകള്‍ മൂന്ന് നാല് വര്‍ഷംകൊണ്ട് കായ്ച്ച് തുടങ്ങും. മധുരമുള്ള ഇനവും പുളിയുള്ള ഇനങ്ങളും മുള്ളാത്തയിലുണ്ട്. പഴമായി ഭക്ഷിക്കാന്‍ മധുരമുള്ള ഇനങ്ങളും സംസ്‌കരിച്ച് ഉല്പന്നങ്ങള്‍ തയ്യാറാക്കാന്‍ പുളിയുള്ള ഇനങ്ങളും ഉപയോഗിക്കുന്നു.

50 സെന്‍റിമീറ്റര്‍ ആഴവും നീളവും വീതിയുമുള്ള കുഴികളില്‍ മേല്‍മണ്ണും ജൈവവളവും കുട്ടിക്കലര്‍ത്തി നിറച്ചിതനുശേഷം തൈകള്‍ നടാം. 4-4 മീറ്റര്‍ മുതല്‍ 8-8 മീറ്റര്‍ വരെ അകലം നല്കി തൈകള്‍ നടാം. മഴക്കാലത്തിന്‍റെ ആരംഭത്തിലാണ് തൈകള്‍ നടേണ്ടത്. ഒരടി ഉയരമെത്തിയ തൈകള്‍ നടാം. കടുത്ത വേനലില്‍ നനച്ചു കൊടുക്കണം. വേരുകള്‍ അധികം ആഴത്തില്‍ പോകാതിരിക്കാന്‍ കൂടെകൂടെ കളയെടുക്കണം. വേനല്‍കാലത്ത് ചുവട്ടില്‍ പുതയിട്ട് മണ്ണിലെ ഈര്‍പ്പം സംരക്ഷിക്കണം. കൊമ്പുകോതല്‍ നടത്തി വളര്‍ച്ച നിയന്ത്രിച്ചു നിര്‍ത്തണം. രോഗപ്രതിരോധശേഷി പകരുന്നതിനോടൊപ്പം പോഷകമേന്മയിലും മികച്ചതാണ് മുള്ളാത്ത. വൈറ്റമിന്‍ സി, ബി1, ബി2, ബി3, ബി5, ഇരുമ്പ്, മഗ്‌നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, സോഡിയം, കാര്‍ബോഹൈഡ്രേറ്റ് എന്നിവയുടെ സമ്പന്നമായ ഒരു സ്രോതസ്സാണ് മുള്ളാത്ത. ആത്തച്ചക്കയുടെ വര്‍ഗത്തില്‍ വരുന്നതാണെങ്കിലും കാഴ്ചയിലും സ്വാദിലും വ്യത്യസ്തമാണ് മുള്ളാത്ത. ഫലം കടും പച്ചനിറത്തോടുകൂടിയും നിറെയ മുള്ളുകള്‍ പോലുള്ള പുറംതോടോടുകൂടിയതുമാണ്. പുറംതോട് മൃദുലവും മാംസളവുമായ മുള്ളുകളാല്‍ പൊതിഞ്ഞിരിക്കുന്നു പഴത്തിന് രണ്ട് മുതല് നാല് വരെ കിലോഗ്രാം ഭാരം ഉണ്ടായിരിക്കും.

അണ്ഡാകൃതിയിലോ ഹൃദയാകൃതിയിലോ വളഞ്ഞ ആകൃതിയോ പഴം കാണപ്പെടുന്നു. പഴത്തിന്റെ ഉള്ളില്‍ 67.6 ശതമാനവും വെള്ളനിറത്തിലോ മഞ്ഞ കലര്‍ന്ന വെള്ള നിറത്തിലോ ഉള്ള മാംസളമായ പള്‍പ്പാണ് പള്‍പ്പിനുള്ളില്‍ കറുത്ത നിറത്തിലുള്ള വിത്തുകളുണ്ട്. തിളങ്ങുന്ന കടും പച്ച നിറത്തിലുള്ള വലിയ ഇലകളാണ് മുള്ളാത്തയുടേത്.

പൂര്‍ണമായി വളര്‍ച്ചയെത്തിയതും പച്ചനിറത്തിലുള്ളതുമായ ഫലങ്ങളാണ് വിളവെടുക്കേണ്ടത്. മരത്തില്‍നിന്ന് പഴുക്കാന്‍ അനുവദിച്ചാല്‍ താഴെ വീണ് പൊട്ടിപ്പോകും. വിളവെടുത്താന്‍ അധികം ദിവസം സംഭരിച്ചുവെക്കാനാവില്ല. പെട്ടെന്ന് കേടാകുന്ന പഴമാണിത്.

രോഗപ്രതിരോധശേഷി പകരുന്നതിനു പുറമെ നല്ല ഉറക്കം നല്‍കുന്നതിനും മാനസിക പിരിമുറുക്കം കുറച്ച് ഉണര്‍വ് പകരുന്നതിനുമെല്ലാം ഈ ഫലം നല്ലതാണ്. മൈഗ്രേന്‍, വിളര്‍ച്ച, ദഹനക്കുറവ്, മൂത്രാശയ രോഗങ്ങള്‍, ശരീരവേദന എന്നിവയെല്ലാം മാറ്റുന്നതിനു ഇതിനു കഴിയും. ശരീരത്തിലെ ട്യൂമര്‍ വളര്‍ച്ചക്കെതിരേയും പ്രവര്‍ത്തിക്കുന്ന മുള്ളാത്ത മൊത്തത്തില്‍ ശരീരത്തിന് ആരോഗ്യവും ഉന്മേഷവും പകരുന്ന പഴവര്‍ഗമാണ്

പഴത്തിന്‍റെ പള്‍പ്പ് സംസ്‌കരിച്ച് ജ്യൂസ്, ഐസ്‌ക്രീം, നെക്ടര്‍, ക്യാന്‍ഡി, ജാം, ജെല്ലി തുടങ്ങിയ ഉല്പന്നങ്ങള്‍ തയ്യാറാക്കാം. ഔഷധഗുണവും പോഷകമേന്മയും ഒത്തിണങ്ങിയ മുള്ളത്തയുടെ ഒരു തൈ എങ്കിലും വീട്ടുവളപ്പില്‍ നട്ടുവളര്‍ത്തുന്നത് എന്തുകൊണ്ടും പ്രയോജനകരമാണ്.

വെള്ളപ്പൂങ്കുലയുള്ള കണിക്കൊന്ന

കേരളത്തിന്‍റെ ഔദ്യോഗിക പുഷ്പമായ കണിക്കൊന്നയുടെ മഞ്ഞപ്പൂക്കളാണ് വിഷുനാളിൽ കണി കാണുക. എന്നാൽ ഈ പൂമരത്തിന്‍റെ വെള്ളപ്പൂക്കളുള്ള ഇനം നമ്മുടെ നാട്ടിൽ അത്ര പ്രചാരത്തിലായിട്ടില്ല. സസ്യപ്രകൃതിയിൽ നാടൻ കണിക്കൊന്നയ്ക്കു സമാനമാണ് ഈയിനവും. എന്നാൽ പൂവിടും കാലത്ത് പൂങ്കുലകൾ നന്നേ വ്യത്യസ്തമാണ്. ഞാന്നുകിടക്കുന്ന പൂങ്കുലകളിൽ വെള്ളപ്പൂക്കളാണ് ഉണ്ടായിവരിക. പൂമൊട്ടുകൾക്കാവട്ടെ മഞ്ഞനിറവും. നാടൻ ഇനം പോലെ വേനൽക്കാലത്താണ് ഈ മരവും സമൃദ്ധമായി പുഷ്പിക്കുക. നാടൻ കണിക്കൊന്ന ഇംഗ്ലിഷിൽ ഗോൾഡൻ ഷവർ ട്രീ എന്നാണ് അറിയപ്പെടുന്നതെങ്കിൽ ഈയിനത്തിനെ വൈറ്റ് ഷവർ ട്രീ എന്നു വിശേഷിപ്പിക്കാം. കമ്പു മുറിച്ച് നട്ടു വളർത്തിയെടുക്കുന്ന തൈകൾ വേഗത്തിൽ വളർന്നു മരമായി മാറും

റോസിനു നല്‍കാം മഴക്കാല പരിചരണം

ബഡ് ചെയ്ത റോസാച്ചെടികളാണ് ഇന്ന് നടീൽവസ്തുവായി ലഭിക്കുന്നത്. നന്നായി പരിപാലിച്ചില്ലെങ്കിൽ വേഗത്തിൽ കേടുവരുന്ന ഇവയ്ക്കു മഴക്കാലത്ത് അധിക ശ്രദ്ധയും ശുശ്രൂഷയും ആവശ്യമാണ്. സമൃദ്ധമായി പൂവിട്ടുനിൽക്കുന്ന റോസിന്‍റെ പരിചരണത്തിൽ വളരെ പ്രധാനമാണ് കമ്പുകോതൽ (പ്രൂണിങ്).  മഴയ്ക്കു മുൻപ് റോസ് ആവശ്യാനുസരണം പ്രൂൺ ചെയ്യുന്നതു പിന്നീട് നന്നായി പൂവിടാനും ഒപ്പം മഴക്കാലത്തുണ്ടാകാനിടയുള്ള ഇലപ്പുള്ളി രോഗം തടയാനും ഉപകരിക്കും. ചെടിയുടെ കമ്പുകൾ അരയടി നീളത്തിൽ നിർത്തി തലപ്പു നീക്കം ചെയ്യണം. ചില സങ്കരയിനങ്ങളിൽ ഇലകൾ കൂട്ടമായുണ്ടായി പൂവിടാകമ്പുകൾ അഥവാ ബൈന്‍റ് ഷൂട്ടുകൾ കാണാം. ഇവയും മുറിച്ചു കളയണം. കമ്പു കോതിയ ചെടിയുടെ ചട്ടിയിലെ മിശ്രിതം മാറ്റി പുതിയ വളം ചേർത്തുണ്ടാക്കിയ മിശ്രിതം നിറച്ചതിലേക്കു ചെടി മാറ്റി നടണം. മഴക്കാലത്തു റോസിൽ കാണുന്ന കറുത്ത പുള്ളിരോഗം തടയുന്നതിനു മഴ തുടങ്ങും മുൻപും പിന്നീടും മാസത്തിലൊരിക്കൽ സ്യൂഡോമോണാസ്  ലായനി തളിച്ചു കൊടുക്കാം (5 മില്ലി ലായനി/ഒരു ലിറ്റർ വെള്ളം). സ്യൂഡോമോണാസ് ലഭ്യമല്ലെങ്കിൽ പകരം കോണ്ടാഫ് എന്ന രാസ കുമിൾനാശിനി (ഒരു മില്ലി/ ഒരു ലിറ്റർ വെള്ളം)യാകാം.

മായൻചീരഎന്ന ചായമാന്‍സ

ജനനം മെക്സിക്കോയിൽ. വളർച്ച ലോകമൊട്ടാകെയുള്ള ഉഷ്‌ണമേഖലകളിൽ. ശാസ്‌ത്രനാമം നിഡോസ്‌കോളസ് ചായമൻസ. വിളിപ്പപ്പേര് മെക്സിക്കൻ ചീര. ഇത് മായന്മാരുടെ പാരമ്പര്യ വൈദ്യത്തിൽ ഔഷധമായി ഉപയോഗിച്ചിരുന്ന മായൻ ചീര. നമുക്കിത് ഇലക്കറി വിളയായ ചായമൻസ. തോരനും പരിപ്പു കറിയും കുറ്റിച്ചെടിയാണ് മായൻചീര. മൂക്കാത്ത ഇലകളും ഇളന്തണ്ടുകളും ഇലക്കറിയായി ഉപയോഗിക്കാം. ഇവയിൽ, മരച്ചീനിയിലുള്ളതുപോലുള്ള വിഷമയമായ സയനോജനിക് ഗ്ലൈക്കോസൈഡുകൾ അടങ്ങിയിട്ടുള്ളതിനാൽ ചെറുതായി നുറുക്കി 15–20 മിനിറ്റ് വേവിക്കണം. തോരനുണ്ടാക്കാനും പരിപ്പുചേർത്ത് വേവിച്ച് കറിയുണ്ടാക്കാനും നല്ലതാണ്. സൂപ്പും ഇത് ചേർത്തുണ്ടാക്കാം. പച്ചയിലയും ഉണക്കിയ ഇലയും ഹെർബൽ ചായയുണ്ടാക്കാനും ഉപയോഗിക്കാം. കാൽസ്യവും മാംസ്യവും... മായൻ ചീരയിൽ ധാരാളം ഭക്ഷ്യനാരുകളും കാൽസ്യം, പൊട്ടാസ്യം, ഇരുമ്പ് മുതലായ ധാതുക്കളും വൈറ്റമിൻ എ, ബി, സി എന്നിവയും കരോട്ടിനും നിരോക്സീകാരികകളും മാംസ്യവുമൊക്കെയുണ്ട്. ഇവയുടെ അളവ് മറ്റ് ഇലക്കറി ചെടികളിലുള്ളതിന്‍റെ മൂന്നിരട്ടിയോളം വരുമെന്നതാണ് ചായമൻസയുടെ മേന്മ. നിത്യഹരിത സസ്യം ചായമൻസ കേരളത്തിലെ കാലാവസ്ഥയിൽ തഴച്ചുവളരും. നീർവാർച്ചയും വളക്കൂറുമുള്ള ഏതുതരം മണ്ണിലും വളരാനാവും. വരൾച്ച പ്രതിരോധിക്കാനുള്ള ശേഷിയുണ്ട്. വലിയ പരിചരണമോ വളപ്രയോഗമോ ആവശ്യമില്ല. കീടങ്ങൾ ബാധിക്കാറുമില്ല.

പുത്തനറിവുകള്‍ - വിജയകഥകള്‍

മലബാർ ചെസ്റ്റ്‌നട്ട്

ഫ്രഞ്ച് പീനട്ട് എന്നും ഇത് അറിയപ്പെടുന്നു. ട്രോപ്പിക്കൽ അമേരിക്കയാണു ജന്മദേശം. നല്ല നനവുള്ള, നീർവാര്‍ച്ചയും വളക്കൂറുമുള്ള മണ്ണും നല്ല വെയിലുമാണ് ഇതിന്‍റെവളർച്ചയ്ക്കു യോജ്യം. വരൾച്ചയെ ചെറുക്കുന്ന ഈ ചെടി തണലിലും വളരുന്നു. അധികം തണുപ്പ് നന്നല്ല.

വിത്തുകൾ പാകിയോ, കമ്പുകൾ മുറിച്ചുനട്ടോ തൈകൾ ഉണ്ടാക്കാം. തിളങ്ങുന്ന പച്ച ഇലകളും മിനുസമുള്ള പച്ചത്തൊലിയുമുള്ള സുന്ദരമായ മരമായി ഏഴു മീറ്ററോളം ഉയരത്തിൽ വളരുന്നു. നേർത്ത സൂചിപോലുള്ള ഇതളുകളോടെയുള്ള പൂക്കൾ ഇതിനെ ആകർഷകമാക്കുന്നു. കൊക്കോ കായ്കളോട് രൂപസാദൃശ്യമുള്ള കായ്കള്‍ക്കുള്ളിലെ ഇളം കാപ്പി നിറത്തിൽ വെള്ള വരകളോടു കൂടിയ കട്ടിയേറിയ ഭാഗമാണു ഭക്ഷ്യയോഗ്യം. കപ്പലണ്ടിയുടെ രുചിയുള്ള മലബാർ ചെസ്റ്റ്‌നട്ട് നേരിട്ടും, വേവിച്ചും ഭക്ഷിക്കാം. ഇതു പൊടിച്ച് മാവാക്കി റൊട്ടിയുണ്ടാക്കിയും കഴിക്കാം. ഇളം ഇലകളും പൂക്കളും പച്ചക്കറികളായി ഉപയോഗിക്കുന്നു. കായ്കൾ പാകമാകുമ്പോൾ പച്ചനിറത്തിൽനിന്നു കാപ്പി നിറമാകും. കായ്കൾ പാകമായിട്ടും പറിച്ചില്ലെങ്കിൽ തനിയെ പിളര്‍ന്നു താഴെ വീണു പോകും.

വിദേശങ്ങളില്‍ ഇതിനെ കാശ് മരം എന്നും വിളിക്കുന്നുണ്ട്. ഇതിനു പിന്നിൽ ഒരു കഥയുണ്ട്. ദരിദ്രനായ ഒരു മനുഷൻ തന്‍റെ പട്ടിണിയകറ്റാന്‍ ദൈവത്തോടു പ്രാർഥിക്കുകയും തുടര്‍ന്നു വേറിട്ട ഈ ചെടി കണ്ടെത്തുകയും ചെയ്തു. അയാള്‍ ഇതു ഭാഗ്യലക്ഷണമായി കരുതി വീട്ടുവളപ്പില്‍ നട്ടു. കാലക്രമേണ ധാരാളം തൈകൾ ഉല്‍പാദിപ്പിച്ച് വില്‍പന നടത്തി ധാരാളം ധനം സമ്പാദിക്കുകയും ചെയ്‌തു. ജപ്പാൻകാർ ഇത് ഭാഗ്യം കൊണ്ടുവരുന്ന അലങ്കാരച്ചെടിയായി വീടിനകത്തും പുറത്തും നട്ടുവളർത്തുന്നു. ചെറുപ്രായത്തിൽതന്നെ തണ്ടിന്‍റെ താഴ്‌ഭാഗത്തിനു നല്ല വണ്ണമുണ്ടായിരിക്കും.

കടപ്പാട് : ഇന്‍ഫോ മാജിക്

3.0
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top