Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

പുത്തന്‍ കൃഷിരീതികള്‍

കൂടുതല്‍ വിവരങ്ങള്‍

റോസ് കൃഷി ചെയ്യാം, പനിനീര്‍ നിര്‍മിക്കാം

മലയാള മനസിന്റെ ഭാവനയുടെ സുഗന്ധമാണ് പനിനീരെന്നു പറയാം. പൂവിതളില്‍ നിന്നും അതിസുഗന്ധിയായ പനിനീര്‍ലഭിക്കുന്നതു കൊണ്ടാണ് റോസാപുഷ്പത്തെ പനിനീര്‍ റോസ് എന്നു വിശേഷിപ്പിക്കുന്നത്. പൂക്കളുടെ റാണിയാണ് റോസ്. സൗന്ദര്യവര്‍ധകങ്ങളുണ്ടാക്കാന്‍ മാത്രമല്ല വാണിജ്യപരമായും ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ ഈ ചെടി കൃഷിചെയ്യപ്പെടുന്നു. റോസാ സെന്റിഫോളിയ എന്നതാണ് ഇതിന്റെ ശാസ്ത്ര നാമം. പനിനീര്‍ റോസാച്ചെടി മറ്റു റോസകളെപ്പോലെ വേഗത്തില്‍ നട്ടുപിടിപ്പിക്കാന്‍ കഴിയില്ല എന്നു ചിലര്‍ പറയാറുണ്ട്. എന്നാല്‍ ഈ അഭിപ്രായം സത്യമല്ലെന്നാണ് റോസാപ്രേമികള്‍ പറയുന്നത്.

നല്ലവണ്ണം പാകമായ കമ്പുമുറിച്ച് നടാം. ചെടികള്‍ക്ക് സൂര്യപ്രകാശം അത്യാവശ്യമാണ്. സാധാരണ റോസാച്ചെടി പോലെ ഇതും വളരും. നല്ല സൂര്യപ്രകാശവും നീര്‍വാര്‍ചയുമുള്ള സ്ഥലമാണ് അഭികാമ്യം. ചെടിച്ചട്ടികളിലും നടാം. ദിവസവും കൃത്യമായി നനയ്ക്കുകയും വളം നല്കുകയും ചെയ്താല്‍ റോസ് നന്നായി പുഷ്പിക്കും. ജൈവവളങ്ങളായ കമ്പോസ്റ്റ്, കടലപ്പിണ്ണാക്ക് എന്നിവ ഉത്തമം. നിലക്കടലപ്പിണ്ണാക്കും വേപ്പിന്‍പിണ്ണാക്കും വെള്ളത്തിലിട്ട് നാലു മുതല്‍ ഏഴു ദിവസം വരെ പുളിപ്പിച്ചത് ഏഴിരട്ടിയോളം വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ചെടികള്‍ക്കു നല്‍കാം.

രണ്ടോ മൂന്നോ കിലോ നിലക്കടപ്പിണ്ണാക്കും വേപ്പിന്‍പിണ്ണാക്കും അഞ്ച് ലിറ്റര്‍ വെള്ളത്തിലിട്ട് പുളിപ്പിക്കാവുന്നതാണ്. രാസവളം നിര്‍ബന്ധമാണെങ്കില്‍ അധികം കാഠിന്യമില്ലാത്ത റോസ്മിക്‌സ്ചര്‍ രണ്ടാഴ്ചയില്‍ ഒരിക്കല്‍ ചെടി ഒന്നിന് ഒരു ടീസ്പൂണ്‍ അളവില്‍ പ്രയോഗിക്കാവുന്നതാണ്. ജൈവവളങ്ങള്‍ മാത്രം നല്കി തികച്ചും ജൈവ പനിനീര്‍ പുഷ്പം വിടര്‍ത്തിയെടുക്കുന്നവര്‍ ഇന്നുമുണ്ട്. ഇന്നു വിപണിയില്‍ പലതരം പനിനീര്‍ ലഭിക്കാറുണ്ട് എന്നാല്‍ പലതും കൃത്രിമമാണ്. ശുദ്ധമായ പനിനീര്‍ റോസാപ്പുവില്‍ നിന്നു തന്നെ എടുക്കുന്നവരുണ്ട്.

പനിനീര്‍ നിര്‍മാണം

രാത്രിയില്‍ വിടരാറായ പൂമൊട്ടിനു മേല്‍ നനഞ്ഞ മസ്‌ലിന്‍ തുണി വിടര്‍ത്തിയിടണം. പൂവ് വിടരുന്ന സമയത്ത് പനിനീരിലെ മുഴുവന്‍ സുഗന്ധവും ഈ നനഞ്ഞ തുണിയില്‍ പകര്‍ന്നിരിക്കും. ഈ തുണി പഴിഞ്ഞെടുത്ത് ഏറ്റവും പ്രകൃതിദത്തമായ പനിനീര്‍ സ്വന്തമാക്കാവുന്നതാണ്. ശുദ്ധമായ പനിനീരിനു താരതമ്യേന വലിയ വിലയില്‍ ലഭിക്കുന്ന വിപണിയുമുണ്ട്.

ആയുര്‍വേദ ഔഷധങ്ങളിലും പനിനീര്‍ പൂക്കള്‍ ഉപയോഗിക്കുന്നു. ചെടി നന്നായി പൂത്തുതളിര്‍ക്കുവാനായി ഒക്‌ടോബര്‍-ഡിസംബര്‍ മാസങ്ങളില്‍ കൊമ്പ് കോതല്‍ നടത്താം. ഉണങ്ങിയ കമ്പുകളും, രോഗം ബാധിച്ചവയും മുറിച്ചു മാറ്റണം. ആരോഗ്യമുള്ള മുകുളങ്ങളുടെ മുകളിലായി 1-1.5 സെന്റീമീറ്റര്‍ മുകളില്‍ ചരിച്ചാണ് മുറിക്കേണ്ടത്.

എസ്. മഞ്ജുളാദേവി
9633671974

സംരക്ഷിക്കാം, അരുമപ്പക്ഷികളുടെ ആരോഗ്യം

അരുമപ്പക്ഷികളെ തങ്ങളുടെ വീടുകള്‍ക്ക് അലങ്കാരമായും, മാനസികോല്ലാസ ത്തിനും വിനോദത്തിനുമായുമൊക്കെ വളര്‍ത്തുന്നത് ഏറെ പ്രചാരം നേടിയിരിക്കുന്നു. കേവലമായ വിനോദത്തിനപ്പുറം അരുമപ്പക്ഷികളുടെ പരിപാലനവും കൈമാറ്റവുമൊക്കെ ധനസമ്പാദന മാര്‍ഗം എന്ന നിലയിലും ഇന്ന് വളര്‍ന്നിട്ടുണ്ട്. തത്തകള്‍, ബഡ്ജറിഗറുകള്‍, ഫിഞ്ചുകള്‍,ലൗബേര്‍ഡ്‌സ്, കൊക്കറ്റീലുകള്‍, ലോറി കീറ്റുകള്‍, കാനറികള്‍, പ്രാവുകള്‍ തുടങ്ങി വൈവിധ്യങ്ങളായ അലങ്കാര കോഴികള്‍ വരെ.... അരുമപക്ഷികളുടെ ലോകം വിശാലമാണ്.

അരുമപ്പക്ഷികളുടെ ആരോഗ്യമെന്നത് കൂടിന്റെയും പരിസരത്തിന്റെയും ശുചിത്വം, ഭക്ഷണം , ജനിതക ഘടന എന്നിങ്ങനെ വിവിധ ഘടകങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. രോഗകാരികളുടെ വലിയ നിര തന്നെ പക്ഷികളുടെ ആരോഗ്യത്തിന് ഭീഷണി ഉയര്‍ത്തുന്നുണ്ട്.

വൈറസ് രോഗങ്ങളും പ്രതിരോധവും

തൂവല്‍ കൊക്ക് രോഗം
തത്ത വര്‍ഗത്തിലെ പക്ഷികളെ ബാധിക്കുന്ന പ്രധാനപ്പെട്ട വൈറസ് രോഗമാണിത്. സിര്‍ക്കോ വൈറസ് എന്നയിനം വൈറസാണ് രോഗകാരി. തൂവല്‍ നാളികളെയും, കൊക്കിലെയും കാല്‍ വിരലുകളിലെയും കോശങ്ങളെ ബാധിക്കുന്നു. തുടര്‍ച്ചയായി തൂവല്‍ കൊഴിഞ്ഞു പോവുന്നതിനും കൊക്കിന്റെയും നഖങ്ങളുടെയും ശോഷണത്തിനും കാരണമായിത്തീരുന്നു. തൂവലുകളുടെ വളര്‍ച്ച മുരടിക്കുന്നതിനൊപ്പം, പക്ഷികളുടെ സ്വാഭാവിക പ്രതിരോധ ശേഷിയെയും വൈറസ് തകരാറിലാക്കുന്നു.

വൈറസ് രോഗമായതുകൊണ്ട് തന്നെ ഫലപ്രദമായ ചികിത്സ ലഭ്യമല്ല. പുതുതായി കൊണ്ടു വരുന്ന പക്ഷികളെ രണ്ടാഴ്ചവരെ പ്രത്യേകം മാറ്റി പാര്‍പ്പിക്കല്‍, കൂടുകളില്‍ അണുനാശിനി പ്യോഗം, സൂര്യപ്രകാശം കൊള്ളി ക്കല്‍, രോഗം ബാധിച്ചവയെ മാറ്റിപ്പാര്‍പ്പിച്ചു ആന്റിബയോട്ടി ക്കുകള്‍, കരള്‍ ഉത്തേജന മരുന്നു കള്‍ എന്നിവ നല്‍കല്‍ എന്നി ങ്ങനെ വിവിധ മാര്‍ഗങ്ങള്‍വഴി ഈ രോഗത്തെ ഒരു പരിധിവരെ തടയാം
വസന്ത രോഗം
കോഴികളെയും താറാവുകളെ യും ബാധിക്കുന്നതുപോലെ തന്നെ മറ്റ് ഓമനപ്പക്ഷികളിലും കാണപ്പെടുന്ന ഗുരുതരമായ രോഗങ്ങളിലൊന്നാണ് വസന്ത രോഗം അഥവാ ന്യൂ കാസ്റ്റില്‍ ഡിസീസ്.വിവിധ വിഭാഗങ്ങളി ലുള്ള പാരാമിക്‌സോ വൈറസു കള്‍ പരത്തുന്ന ഈ രോഗം പക്ഷി സ്‌നേഹികള്‍ക്കിടയില്‍ വലിയ നഷ്ടത്തിന് തന്നെ കാരണ മായിത്തീര്‍ന്നിട്ടുണ്ട്. വിവിധ വിറ്റാമിനുകളുടെ കുറവ് , മലേറിയ രോഗം എന്നിവയില്‍ നിന്നും ഈ രോഗത്തെ വേര്‍തിരിച്ചു മനസിലാക്കേണ്ടതുണ്ട്. രോഗം ബാധിച്ച പക്ഷികളുടെ കാഷ്ഠം, മറ്റു ശരീര സ്രവങ്ങള്‍ എന്നിവ യുടെ നേരിട്ടോ അല്ലാതെയോ ഉള്ള സമ്പര്‍ക്കമാണ് രോഗപ്പക ര്‍ച്ചയുടെ കാരണം . കോഴികളില്‍ നിന്നും ലൗ ബേര്‍ഡ്‌സിലേക്കും പ്രാവുകളിലേക്കുമൊക്കെ ഈ രോഗം പകരാന്‍ സാധ്യതയുണ്ട് .കേരളത്തില്‍ അലങ്കാര കോഴി കളിലും പ്രാവുകളിലും ലൗ ബേര്‍ഡ്‌സുകളിലും ഈ രോഗം സാധാരണയാണ്.

വൈറസ് ബാധയേറ്റു മൂന്നു മുതല്‍ മൂന്നാഴ്ചക്കുള്ളില്‍ വിവിധ ലക്ഷണങ്ങള്‍ കാണിച്ചു തുട ങ്ങും. ധാരാളം വെള്ളം കുടിക്കു മെങ്കിലും തീറ്റയെടുക്കാനുള്ള മടുപ്പ്, മെലിച്ചില്‍, പച്ചനിറത്തില്‍ ധാരാളം ജലാംശം കലര്‍ന്ന കാഷ്ഠം എന്നിവയെല്ലാം പ്രാരംഭ ലക്ഷണങ്ങളാണ്. തുടര്‍ന്ന് കാലുകളുടെ തളര്‍ച്ച , തലതിരിച്ചില്‍ , കറക്കം, പിറകോട്ടുള്ള തുടര്‍ച്ചയായ നടത്തം, ശ്വാസതടസം, തൂങ്ങിയുള്ള നില്‍പ്പ് തുടങ്ങിയ ലക്ഷണങ്ങളും കാണിച്ചു തുടങ്ങും. പ്രാവുകളിലെ തലതിരിച്ചിലും തല വെട്ടിക്കലും കറക്കവും ഇതിന്റെ മുഖ്യ ലക്ഷണങ്ങളാണ്. വേനല്‍ കാലങ്ങളില്‍ ഈ രോഗതിന്റെ വ്യാപന സാധ്യതയും ഏറെയാണ്.

പ്രതിരോധ കുത്തിവയ്പ്പ് തന്നെയാണ് ഫലപ്രദമായ രോഗ പ്രതിരോധ മാര്‍ഗം. കോഴിവസ ന്തക്കെതിരായ വാക്‌സിനുകള്‍ വിപണിയില്‍ സുലഭമാണെങ്കിലും മറ്റ് അരുമപ്പക്ഷികളിലെ വസന്ത രോഗത്തിനെതിരായ പ്രതിരോധ കുത്തിവയ്പുകള്‍ അത്ര സുലഭമല്ല. എങ്കിലും ആവശ്യപ്രകാരം ഇതര സംസ്ഥാനങ്ങളില്‍ നിന്നും മറ്റും ലഭ്യമാക്കാവുന്നതാണ്. കോഴികളില്‍ ഉപയോഗിക്കുന്ന എ/ലസോട്ട വാക്‌സിനുകള്‍ രണ്ടുമാസത്തിലൊരിക്കല്‍ പ്രാവുകളടമുള്ള പക്ഷികള്‍ക്ക് നല്‍കുന്നത് ഫലപ്രദമാണെന്ന് പഠനങ്ങളുണ്ട്. വാക്‌സിനേഷന് ശേഷം മൂന്നുമുതല്‍ നാലാഴ്ചക്കുള്ളില്‍ പക്ഷികള്‍ക്ക് രോഗത്തിനെതിരായ പ്രതിരോധ ശേഷി കൈവരും. പക്ഷികളുടെ സ്വാഭാവിക പ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ ലിവര്‍ ടോണിക്കുകള്‍ , മള്‍ട്ടി വൈറ്റമിന്‍ മരുന്നുകള്‍ എന്നിവയും നല്‍കാം.

വസൂരി രോഗം

കോഴികളില്‍ വസൂരിയുണ്ടാക്കുന്ന ഹെര്‍പ്‌സ് വൈറസുകള്‍ തന്നെയാണ് മറ്റു പക്ഷികളിലും വസൂരിക്ക് കാരണമാവുന്നത്. ഒരു തരം കൊഴുത്ത ദ്രാവകം നിറഞ്ഞു കൊക്കിനു മുകളിലും, കണ്ണിനു ചുറ്റും കാലുകളിലും കാണപ്പെടുന്ന കുമിളകള്‍ പിന്നീട് പൊട്ടി അരിമ്പാറപോലെ ഉറച്ചതായി തീരുന്നതാണ് വസൂരി രോഗം. തൊലിപ്പുറത്തു കാണപ്പെടുന്ന വസൂരി രോഗം അത്ര മാരകമല്ലെങ്കിലും, ശരീരത്തിന്റെ ഉള്ളില്‍ പിടിപെടുന്ന വസൂരിയുടെ രൂപമായ, ഡിഫ്ത്തീരിറ്റിക് ഫോം അതീവ ഗുരുതരമാണ്. രൂക്ഷഗന്ധത്തോടുകൂടി വായിലും ദഹനവ്യൂഹത്തിലും രൂപപ്പെടുന്ന കുമിളകള്‍ കാരണം ഭക്ഷണം എടുക്കാന്‍ കഴിയാതെ പെട്ടെന്നുള്ള മരണം സംഭവിക്കുന്നു .

ശരീരത്തിന് പുറത്തു രോഗം ബാധിച്ച ഭാഗം നേര്‍പ്പിച്ച അയഡിന്‍ ലായനി ഉപയോഗിച്ച് തുടച്ച് ബോറിക് ആസിഡ്, സിങ്ക് ഓക്‌സൈഡ് എന്നിവ തുല്യാനുപാതത്തില്‍ പച്ചമഞ്ഞളില്‍ ചാലിച്ച് പുരട്ടുന്നത് ഫലപ്രദമായ ഒരു ചികിത്സാ രീതിയാണ് . അസൈക്ലോവിര്‍ പോലുള്ള ആന്റി വൈറല്‍ മരുന്നുകള്‍ , മറ്റ് ആന്റി ബയോട്ടിക്കുകള്‍ എന്നിവയും ഉപയോഗിക്കാം. ഈ രോഗത്തിനെതിരായുള്ള പ്രതിരോധ വാക്‌സിനുകള്‍ ലഭ്യമാണ് .

ബാക്റ്റീരിയല്‍ രോഗങ്ങള്‍

സിറ്റക്കോസിസ് / തത്തപ്പനി / ഓര്‍ണിത്തോസിസ്

ക്ലമീഡിയ സിറ്റസി എന്നയിനം ബാക്ടീരിയയാണ് തത്തകളെയും പ്രാവുകളെയും വ്യാപകമായി ബാധിക്കുന്ന ഈ രോഗത്തിന്റെ കാരണം. തത്ത വര്‍ഗത്തില്‍പെട്ട പക്ഷികളില്‍ ഈ രോഗം സിറ്റക്കോസിസ് എന്നും മറ്റിനം പക്ഷികളില്‍ ഓര്‍ണിത്തോസിസ് എന്നും അറിയപ്പെടുന്നു . വായുവിലൂടെയും അണുബാധയേറ്റ ഭക്ഷണം, വെള്ളം എന്നിവയിലൂടെയെല്ലാം രോഗം പകരാം. പക്ഷികളില്‍ നിന്നും മനുഷ്യരിലേക്കു പകരാന്‍ സാധ്യതയുള്ള ചുരുക്കം ചില രോഗങ്ങങ്ങളില്‍ ഒന്നായതിനാല്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്.

പച്ച കലര്‍ന്ന വയറിളക്കം , കണ്ണുകളില്‍ നിന്നും മൂക്കില്‍ നിന്നും നീരൊലിപ്പ്, പോള വീക്കം, കണ്‍ജംറ്റിവിറ്റീസ് ഇവയെല്ലാം ഓര്‍ണിത്തോസിസ് രോഗത്തിന്റെ ലക്ഷണങ്ങളാണ്. ഗുരുതരമായ രോഗം ബാധിച്ച പക്ഷികളുടെ കണ്ണ് പഴുത്തു ചീയുന്നതായും കാണാം. മനുഷ്യരില്‍ ന്യൂമോണിയ്ക്കും ടൈഫോയിഡിനും സമാനമായ ലക്ഷണങ്ങള്‍ക്കും ഈ രോഗം കാരണമാവുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് .

രോഗം ബാധിച്ച പക്ഷികളുടെ കണ്ണുകള്‍ ബോറിക് ആസിഡിന്റെ നേര്‍പ്പിച്ച ലായനി ഉപയോഗിച്ച് കഴുകി, സിപ്രോ ഫ്‌ലോക്‌സാസിന്‍ ജന്റാമൈസിന്‍ പോലുള്ള ആന്റിബയോട്ടിക് ലേപനങ്ങള്‍ വെറ്ററിനറി ഡോക്ടറുടെ നിര്‍ദേശാനുസരണം പ്രയോഗിക്കുന്നത് ഫലപ്രദമാണ്. മൂന്നു മുതല്‍ അഞ്ചു ദിവസം വരെ തുടര്‍ച്ചയായി ടെട്രാസൈക്ലിന്‍ ആന്റിബയോട്ടിക് കുത്തിവയ്പ്പായി നല്‍കുന്നതും നല്ലതാണ്. ടെട്രാസൈക്ലിന്‍,ഡോക്‌സിസൈക്ലിന്‍ തുടങ്ങിയ മരുന്നുകള്‍ നല്‍കുന്ന സമയത്ത് താത്കാലികമായി കാല്‍സ്യം അടങ്ങിയ ടോണിക്കുകള്‍ നല്‍കാതിരുന്നാല്‍ മരുന്നിന്റെ ഫലപ്രാപ്തി വര്‍ധിക്കും .

സാല്‍മൊണെല്ലോസിസ് രോഗം

പക്ഷികളില്‍ ഏറ്റവും കൂടിയ മരണ നിരക്കിന് കാരണമാവുന്ന ബാക്റ്റീരിയല്‍ രോഗങ്ങളിലൊന്നാണ് സാല്‍മൊണെല്ലോസിസ്. സാല്‍മൊണെല്ല കുടുംബത്തില്‍പ്പെട്ട വ്യത്യസ്തങ്ങളായ രോഗാണുക്കള്‍ വിവിധയിനം പക്ഷി കളില്‍ രോഗബാധയുണ്ടാക്കുന്നു. അനുകൂല കാലാവസ്ഥയില്‍ ഒരു വര്‍ഷത്തിലധികം രോഗാണുവിന് പ്രസ്തുത പരിസ്ഥിതിയില്‍ കോട്ടമേല്‍ക്കാതെ നിലനില്‍ക്കാന്‍ കഴിയുമെന്നത് രോഗ സാധ്യത ഏറ്റുന്നു. വായുവിലൂടെയും, അണുബാധയേറ്റ ഭക്ഷ്യ വസ്തുക്കള്‍, വെള്ളം, പാത്രങ്ങള്‍ എന്നിവ വഴിയും ,രോഗം ബാധിച്ച പക്ഷികളുമായുള്ള ഇണചേര്‍ക്കല്‍, രോഗം ബാധിച്ച പക്ഷിയില്‍ നിന്നും മുട്ടയിലേക്ക്, ക്രോപ് മില്‍ക്ക് എന്നിവ വഴിയുമൊക്കെ ഈ രോഗം പകരാം. സാല്‍മോണെല്ല രോഗം സുഖപ്പെട്ടാലും പലപ്പോഴും അവ ഈ രോഗതിന്റെ വാഹകരായി പ്രവര്‍ത്തിക്കുകയും അണുക്കളെ പുറം തള്ളുകയും ചെയ്യുന്നു.

പച്ചകലര്‍ന്ന ദ്രാവക രൂപത്തിലുള്ള കാഷ്ഠം, രോഗം ആന്തരാവയവങ്ങളെ ബാധിക്കുന്ന പക്ഷം വളര്‍ച്ച മുരടിപ്പ്, മെലിച്ചില്‍, പെട്ടെന്നുള്ള മരണം എന്നിവയെല്ലാം പക്ഷിക്കുഞ്ഞുങ്ങളില്‍ സാല്‍മോണെല്ലോസിസിന്റെ ലക്ഷണങ്ങളാണ്.അമ്മപ്പക്ഷിയില്‍ നിന്നും കുഞ്ഞുങ്ങളിലേക്ക് മുട്ട വഴി പകരുന്ന രോഗം ഭ്രൂണാവസ്ഥയില്‍ തന്നെയോ, ജനിച്ച് ഒരാഴ്ചക്കകമുള്ള മരണത്തിനോ കാരണമാവാറുണ്ട്. വലിയ പക്ഷികളില്‍ സന്ധികളുടെ തടിപ്പ്, ചിറകുകളുടെയും കാലുകളുടെയും തളര്‍ച്ച എന്നിവയും കാണാറുണ്ട്.

കാഷ്ഠം , മറ്റു ശരീരഭാഗങ്ങള്‍ എന്നിവയുടെ ബാക്റ്റീരിയോളജിക്കല്‍ പരിശോധന വഴി രോഗത്തെ കൃത്യമായി നിര്‍ണയിക്കാം. രോഗം കണ്ടെത്തിയാല്‍ ഉടന്‍ ആന്റിബയോട്ടിക് മരുന്നുകള്‍, കരള്‍ ഉത്തേജന മരുന്നുകള്‍, വൈറ്റമിന്‍ മിശ്രിതങ്ങള്‍ എന്നിവയെല്ലാം ആരംഭിക്കേണ്ടതാണ്. രോഗം ബാധിച്ചവയെ മാറ്റി നിര്‍ത്തുന്നതും, അവയെ പറക്കാന്‍ വിടാതിരിക്കുന്നതുമെല്ലാം രോഗപ്പകര്‍ച്ച തടയും .

സാല്‍മൊണെല്ല അണുബാധയോളം തന്നെ അപകടമുണ്ടാക്കുന്ന മറ്റൊരു ബാക്റ്റീരിയല്‍ അസുഖമാണ് കോളി ഫോം രോഗം. അണുബാധയേറ്റ ഭക്ഷണവും വെള്ളവും വഴി പക്ഷികളുടെ ശരീരത്തില്‍ എത്തിച്ചേരുന്ന രോഗാണു ദഹന വ്യൂഹത്തിലും ശ്വാസനാവയവങ്ങളിലും വളരെ വേഗത്തില്‍ പെരുകുകയും രോഗബാധയുണ്ടാക്കുകയും ചെയ്യുന്നു.

ക്ഷീണം, ശ്വാസതടസം , വയറിളക്കം, തീറ്റയെടുക്കാന്‍ മടുപ്പ് എന്നാല്‍ കൂടുതലായി വെള്ളം കുടിക്കല്‍ എന്നിവയെല്ലാം ലക്ഷങ്ങളാണ്. ശക്തികുറഞ്ഞ കോളി ഫോം ബാക്ടീരിയകള്‍ വയറിളക്കത്തിന് മാത്രം കാരണമാവുമ്പോള്‍ , പത്തോജെനിക് വിഭാഗത്തില്‍ പെട്ട കോളിഫോം ബാക്ടീരിയകള്‍ രക്തത്തിലൂടെ വിവിധ ശരീരാവയവങ്ങളില്‍ എത്തിചേര്‍ന്ന് വിഷം പുറം തള്ളും . ഇത് പെട്ടെന്നുള്ള മരണത്തിനു തന്നെ കാരണമായേക്കാം .സാല്‍മൊണെല്ലോ സിസ് രോഗത്തിനെതിരേ സ്വീകരിക്കുന്ന നടപടികള്‍ ഈ രോഗത്തിനും ഫലപ്രദമാണ് .

മൈകോപ്ലാസ്‌മോസിസ് രോഗം

മൈക്കോപ്ലാസ്മാ രോഗാണു കാരണമായുണ്ടാവുന്ന മാരകമായ ശ്വാസകോശ രോഗങ്ങളിലൊന്നാണ് മൈകോപ്ലാസ്‌മോസിസ്. കോഴികളെയും ടര്‍ക്കി പക്ഷികളെയും കൂടുതലായി ബാധിക്കുന്ന ഈ രോഗം , പക്ഷികളുടെ ശ്വസനവ്യവസ്ഥയെ ബാധിക്കുന്ന കോളിഫോം ബാക്റ്റീരിയ, ഹെര്‍പ്‌സ് വൈറസ് തുടങ്ങിയ മറ്റു രോഗാണുക്കളുമായി ചേര്‍ന്ന് ഗുരുതരമായ രോഗാവസ്ഥയായി തീരുന്നു. ഫീസെന്റുകള്‍, പ്രാവുകള്‍, കാട, ഗീസുകള്‍, തത്തവര്‍ഗത്തിലെ പക്ഷികള്‍ എന്നിവയിലെല്ലാം ഈ രോഗം കണ്ടുവരുന്നു. തള്ള പക്ഷിയില്‍ നിന്ന് കുഞ്ഞുങ്ങളിലേക്ക് മുട്ടവഴിയും, രോഗബാധയേറ്റ പക്ഷികളുമായുള്ള സമ്പര്‍ക്കം മൂലവും, വായുവിലൂടെയും ഒക്കെ രോഗം പകരാം .

ശ്വാസമെടുക്കാനുള്ള പ്രയാസം , പ്രത്യേക കുറുകല്‍ ശബ്ദം, മൂക്കില്‍ നിന്നും കണ്ണില്‍ നിന്നും പത കലര്‍ന്ന നീരൊലിപ്പ്, തീറ്റയോടുള്ള മടുപ്പ്, മുട്ട ഉത്പാദനത്തില്‍ പെട്ടെന്നുള്ള കുറവ് തുടങ്ങിയ ലക്ഷണങ്ങള്‍ കാണാം. രോഗനിര്‍ണയത്തിന് ശേഷം തൈലോസിന്‍, എന്റോഫ്ലോക്‌സസിന്‍ തുടങ്ങിയ മരുന്നുകള്‍ ഉപയോഗിക്കുന്നത് നല്ലതാണ്. അണുനാശിനികള്‍ ഉപയോഗിച്ച് കൂടുകള്‍ വൃത്തിയാക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

ഫംഗസ് രോഗങ്ങള്‍ കാന്റീഡിയാസിസ്

കാന്റ്റിഡിയ ആല്‍ബിക്കന്‍സ് എന്ന ഒരിനം ഫംഗസ് ആണ് ഈ രോഗത്തിന് കാരണമാവുന്നത്. പൂര്‍ണവളര്‍ച്ചയെത്താത്ത പക്ഷികളില്‍ രോഗസാധ്യത ഏറെയാണ്. വായിലും അന്ന നാളത്തിലും രൂപപ്പെടുന്ന വെളുത്ത നിറത്തിലുള്ള വ്രണങ്ങള്‍ ഈ രോഗത്തിന്റെ തുടക്കമാണ്. ഏറെക്കാലം സൂക്ഷിക്കുന്ന ധാന്യങ്ങളും മറ്റും ഉപയോഗത്തിന് മുമ്പ് ഉണക്കി പൂപ്പല്‍ ബാധയേല്‍ക്കാനുള്ള സാധ്യത കുറച്ചും, കൂടും പരിസരവും ഈര്‍പ്പം കുറച്ചു വൃത്തിയായി പരിപാലിച്ചും, ശരിയായ വായു സഞ്ചാരം ഉറപ്പുവരുത്തിയും ഈ രോഗം നിയന്ത്രിക്കാം. കോപ്പര്‍ സള്‍ഫേറ്റ്(1:2000എന്ന അനുപാതത്തില്‍), അല്ലെങ്കില്‍ മെര്‍ക്കറിക് ക്ലോറൈഡ്(1:500എന്ന അനുപാതത്തില്‍) കുടിവെള്ളത്തില്‍ ചേര്‍ത്ത് നല്‍കുന്നതും കീറ്റോകൊണസോള്‍, ഫ്‌ലൂകൊണസോള്‍, നിസ്റ്റാറ്റിന്‍ തുടങ്ങിയ ആന്റി ഫംഗല്‍ മരുന്നുകള്‍ പ്രതിരോധത്തിനായി ഭക്ഷണത്തില്‍ ചേര്‍ക്കുന്നതും ഫലപ്രദമാണ്. കൂടാതെ വൈറ്റമിന്‍ എ യുടെ ലഭ്യതയും ഉറപ്പു വരുത്തണം

മറ്റൊരു പ്രധാന ഫംഗല്‍ രോഗമാണ് ആസ്‌പെര്‍ജില്ലോസിസ്. ശ്വാസതടസം, വായില്‍ നിന്നും മൂക്കില്‍ നിന്നും കൊഴുത്ത ദ്രാവകമൊലിക്കല്‍, അസാധാരണമായ കുറുകല്‍, നാവിലും വായിലും പച്ച നിറത്തിലുള്ള പാടുകള്‍ എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. കാന്റീഡിയാസിസ് രോഗത്തിനെതിരേ സ്വീകരിക്കുന്ന നടപടികള്‍ ഈ രോഗത്തിനും ഫലപ്രദമാണ് .

പ്രോട്ടോസോവല്‍ രോഗങ്ങള്‍

െ്രെടക്കോമോണിയാസിസ് (വായ് പുണ്ണ്), മലേറിയ, കോക് സീഡിയോസിസ് എന്നിവയാണ് അരുമപ്പക്ഷികളിലെ പ്രധാന പ്രോട്ടോസോവല്‍ രോഗങ്ങള്‍. ട്രൈക്കോമോണസ് ഗാലിനെ എന്ന പ്രോട്ടോസോവ കാരണമായുണ്ടാവുന്ന കാങ്കര്‍ അഥവാ വായ്പുണ്ണ് രോഗം ചെറിയ പ്രാവുകളില്‍ സാധാരണയാണ്. വലിയ പക്ഷികളെയും ബാധിക്കാം . രോഗവാഹകരായ തള്ളപ്പക്ഷിയില്‍ നിന്നും ക്രോപ് മില്‍ക്ക് വഴിയാണ് കുഞ്ഞുങ്ങളിലേക്ക് ഈ രോഗം പകരുന്നത്.

വായില്‍ ചെറിയ ബട്ടണ്‍ വലിപ്പത്തില്‍ മഞ്ഞ നിറത്തില്‍ പുണ്ണുകള്‍ , തൊണ്ടയുടെ ഭാഗം ചുവക്കല്‍ ,വായില്‍ നിന്നും രൂക്ഷ ഗന്ധമുണ്ടാവല്‍, ശ്വാസതടസം എന്നിവയെല്ലാം ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. വായില്‍ നിന്നുള്ള സ്രവം പരിശോധിച്ച് എളുപ്പത്തില്‍ രോഗം തിരിച്ചറിയാം. മെട്രോനിഡസോള്‍ അടങ്ങിയ മരുന്നുകള്‍ ഈ രോഗത്തിന് ഫലപ്രദമാണ് . വായില്‍ രൂപപ്പെടുന്ന അള്‍സറുകള്‍ നേര്‍പ്പിച്ച യൂറിയ ലായനി ഉപയോഗിച്ച് തടുക്കുന്നത് രോഗ തീവ്രത കുറയ്ക്കും. കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങുന്നതിനു മുമ്പ് തന്നെ തള്ളപ്പക്ഷിക്ക് ആന്റിപ്രോട്ടോസോവല്‍ മരുന്നുകള്‍ നല്‍കുന്നത് മികച്ച ഒരു പ്രതിരോധ വഴിയാണ്.

പ്രധാനമായും അരുമ പ്രാവുകളില്‍ കാണപ്പെടുന്ന പ്രോട്ടോ സോവല്‍ അസുഖമാണ് മലേറിയ രോഗം. ശരീരത്തിലെ ചുവന്ന രക്താണുക്കളെ ബാധിക്കുന്ന ഹീമോപ്രോട്ടിയസ് അണുക്കള്‍ മൂലമുണ്ടാവുന്ന ഈ രോഗം പ്രാവുകളില്‍ കഴുത്തു തിരിച്ചിലിനും ശരീരഭാരം കുറയുന്നതിനും നെഞ്ചെല്ലു പുറത്തേക്കു തള്ളി വരുന്നതിനും കാരണമാവുന്നു. ലക്ഷണങ്ങള്‍ ഏറെക്കുറെ സമാനമായതിനാല്‍ രക്തം പരിശോധിച്ച് പാരാമിക്‌സോ വൈറല്‍ രോഗത്തില്‍ നിന്നും മലേറിയ രോഗത്തെ പ്രത്യേകം തിരിച്ചറിയേണ്ടതുണ്ട്. ഈ രോഗം പരത്തുന്ന സ്യൂഡോലിഞ്ചിയ എന്നയിനം ഈച്ചയുടെ നിയന്ത്രണം , ക്ലോറോക്വിന്‍ അടങ്ങിയ മരുന്നുകളുടെ ഉപയോഗം  എന്നിവ വഴി രോഗത്തെ ഫലപ്രമായി നിയന്ത്രിക്കാം.

ഐമീറിയ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കളാണ് പക്ഷികളില്‍ കോക്‌സീഡിയോസിസ് അസുഖമുണ്ടാക്കുന്നത്. രൂക്ഷഗന്ധത്തോടു കൂടിയ ജലാംശവും കഫവും കലര്‍ന്ന പച്ചനിറമുള്ള കാഷ്ടം ഈ രോഗത്തിന്റെ ലക്ഷണമാണ്. രോഗം കൂടുതലാവുന്നപക്ഷം രക്തത്തിന്റെ അംശവും കാഷ്ഠത്തില്‍ കാണാം. കാഷ്ഠ പരിശോധന വഴി രോഗം നിര്‍ണയിച്ചു ആപ്രോലിയം , മൊണന്‍സിന്‍ എന്നിവയൊക്കെ അടങ്ങിയ ആന്റി കോക്‌സീഡിയല്‍ മരുന്നുകള്‍ കൊടുത്തു തുടങ്ങാം .

ബാഹ്യ ആന്തരിക വിരബാധകള്‍
ഉരുണ്ടവിരകള്‍, നാടവിരകള്‍,പരന്ന വിരകള്‍ എന്നിങ്ങനെ അരുമപ്പക്ഷികളെ ബാധിക്കുന്ന ആന്തരിക വിരബാധകള്‍ ഏറെയാണ്. തീറ്റയെടുക്കാന്‍ മടുപ്പ്, ഭാരക്കുറവ്, ക്ഷീണം, രക്തക്കുറവ്, വിളര്‍ച്ച എന്നിവയെല്ലാം വിരബാധയുടെ ലക്ഷണങ്ങള്‍ ആവാം . കാഷ്ഠം പരിശോധിക്കുക വഴി വിരബാധ എളുപ്പത്തില്‍ കണ്ടെത്തി ശരിയായ മരുന്നുകള്‍ നല്‍കാവുന്നതാണ് . ആല്‍ബെന്‍ഡസോള്‍ , ഫെന്‍ ബെന്‍ഡസോള്‍ ഐവര്‍ മെക്റ്റിന്‍ തുടങ്ങിയ മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം ഉപയോഗിക്കാവുന്നതാണ്.

അരുമപ്പക്ഷികളുടെ രക്തം കുടിച്ച് അവയുടെ ആരോഗ്യത്തെ ക്ഷയിപ്പിക്കുന്ന ബാഹ്യ പരാദങ്ങള്‍ക്കെതിരേ ഒരു ശ്രദ്ധ അനിവാര്യമാണ്. പ്രോട്ടോസോവ പോലുള്ള രോഗകാരികളുടെ പകര്‍ച്ചയ്ക്ക് ബാഹ്യ പരാദങ്ങള്‍ കാരണമാവുന്നുണ്ട് എന്നത് ഓര്‍ക്കേണ്ടതുണ്ട്. ഡെല്‍റ്റ മെത്രിന്‍, ഐവര്‍ മെക്റ്റിന്‍, ഫൈപ്രൊനില്‍ തുടങ്ങിയ മരുന്നുകള്‍ കൃത്യമായ അളവില്‍ നേര്‍പ്പിച്ച വെള്ളത്തില്‍ പക്ഷികളെ മുക്കിയെടുക്കുന്നതും, ശരീത്തില്‍ തളിക്കുന്നതും അതുപയോഗിച്ചു കൂടുകള്‍ കഴുകുന്നതും ബാഹ്യപരാദ നിയത്രണത്തിന് ഉത്തമമാണ്. ചെറിയ പക്ഷികളുടെ തൂവലുകള്‍ക്കു മുകളില്‍ ലിക്വിഡ് പാരഫിന്‍ പുരട്ടുന്നതും ഫലപ്രദമാണ്. ഫോണ്‍: 9495187522

ഡോ. മുഹമ്മദ് ആസിഫ് എം.
വെറ്ററിനറി പോളിക്ലിനിക് ഇരിട്ടി, കണ്ണൂര്‍

കൂടൊരുക്കി വരവേല്‍ക്കാം തേന്‍കാലത്തെ

പുതുതായി അനേകം കര്‍ഷകര്‍ തേനീച്ചക്കൃഷിയിലേക്ക് തിരിയുന്നുണ്ട്. തേനിന്റെ ഉത്പാദനവും ആഭ്യന്തര ഉപഭോഗവും വര്‍ധിച്ചിട്ടുമുണ്ട്. ജനുവരി മുതല്‍ ഏപ്രില്‍ വരെയാണ് കേരളത്തില്‍ തേന്‍കാലം. റബര്‍മരങ്ങളെയാണ് കേരളത്തില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള തേനുത്പാദനത്തിന് ആശ്രയിക്കുന്നത്. റബറിന്റെ ഇലപൊഴിഞ്ഞ് പുതിയ ഇലകള്‍ പകുതി മൂപ്പെത്തുന്നതോടെ ഇലക്കാമ്പിലുള്ള മൂന്നു ഗ്രന്ഥികള്‍ മധു ചൊരിയും. രാവിലെ ആറു മുതല്‍ 10 വരെയാണ് തേന്‍ കൂടുതലുണ്ടാകുന്നത്. തേനീച്ചകള്‍ക്ക് ഈ തേന്‍ ഏറെ പ്രിയങ്കരമാണ്. കാലാവസ്ഥ നന്നായാല്‍ വേലക്കാരി ഈച്ചകള്‍ ഉത്‌സാഹത്തോടെ ധാരാളം തേന്‍ സംഭരിക്കും. വിദേശ വിപണികളില്‍ നമ്മുടെ തേനിന് വന്‍ ഡിമാന്‍ഡുണ്ട്.

മൈഗ്രേറ്ററി ബീക്കീപ്പിംഗ്
തേനീച്ചക്കോളനികള്‍ തേന്‍ലഭ്യത അനുസരിച്ച് പല സ്ഥലങ്ങളിലേക്ക് മാറ്റിവച്ച് തേന്‍ ശേഖരിക്കുന്ന രീതിയാണ് മൈഗ്രേറ്ററി ബീക്കീപ്പിംഗ്. ഇതിന് സാധ്യതയുള്ള സംസ്ഥാനമാണ് കേരളം. വളര്‍ച്ചാക്കാലത്ത് തെങ്ങിന്‍തോപ്പില്‍ സൂക്ഷിച്ചിരുന്ന തേനീച്ചക്കൂടുകളെ റബര്‍ തോട്ടങ്ങളിലേക്കു മാറ്റി സ്ഥാപിച്ചാല്‍ മാത്രമേ ധാരാളം തേന്‍ ലഭിക്കൂ. ഡിസംബര്‍ അവസാനം മുതല്‍ റബര്‍മരങ്ങള്‍ ഇലപൊഴിച്ചു തുടങ്ങും. ഇത് കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ ആദ്യം ആരംഭിക്കുമെന്നതുകൊണ്ട് തേനീച്ചക്കൂടുകള്‍ അവിടെയുള്ള റബര്‍ തോട്ടങ്ങളില്‍ കൊണ്ടുവച്ച് തേന്‍ ശേഖരിക്കാം. തുടര്‍ന്ന് കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിലേക്ക് മാറ്റിസ്ഥാപിച്ച് അവിെടനിന്നും തേന്‍ സംഭരിക്കാനാകും. റബര്‍ ഇല പൊഴിഞ്ഞു തുടങ്ങുന്നതോടൊപ്പം കോളനികള്‍ മാറ്റി സ്ഥാപിക്കണം. റബര്‍ തോട്ടങ്ങളില്‍ തന്നെയോ അടുത്ത പ്രദേശത്തോ കൂടുകള്‍ വച്ചിരിക്കുന്നവര്‍ക്ക് ഇത് ബാധകമല്ല. ഒരേക്കര്‍ റബര്‍ തോട്ടത്തില്‍ 10 ഞൊടിയല്‍ തേനീച്ച കൂടുകള്‍ എന്നതോതില്‍ സ്ഥാപിക്കാം.

തേനീച്ചയെ മാറ്റുമ്പോള്‍

നിറയെ വേലക്കാരി ഈച്ചകളുള്ള കോളനികള്‍ റബര്‍ തോട്ടങ്ങളിലേക്ക് മാറ്റി സ്ഥാപിക്കാം. നല്ല ശ്രദ്ധയോടെവേണം ഇങ്ങനെ ചെയ്യാന്‍. പത്തു വര്‍ഷത്തിനുമേല്‍ പ്രായമുള്ള റബര്‍ മരങ്ങളില്‍ നിന്നാണ് തേന്‍ കൂടുതല്‍ ലഭിക്കുക. അതിനാല്‍ കോളനികള്‍ ഇത്തരം തോട്ടങ്ങളിലേക്കു വേണം മാറ്റാന്‍.

എല്ലാ വേലക്കാരി ഈച്ചകളും കൂട്ടില്‍ കയറിയെന്നുറപ്പു വരുത്തിയശേഷം കൂടിന്റെ പ്രവേശനകവാടം പേപ്പര്‍ അല്ലെങ്കില്‍ ഉണങ്ങിയ വാഴയില ഉപയോഗിച്ച് അടയ്ക്കണം. കൊണ്ടുപോകുമ്പോള്‍ ഉലച്ചില്‍ തട്ടാതിരിക്കാന്‍ കോളനികള്‍ കയറുകൊണ്ട് നെടുകയും കുറുകെയും കെട്ടണം. സൂര്യാസ്തമനത്തിനുശേഷം വേണം കോളനികള്‍ വാഹനത്തിലേക്ക് മാറ്റാന്‍. കോളനികള്‍ വാഹനത്തില്‍ അടുക്കുമ്പോള്‍ അതിന്റെ വാതില്‍ വാഹനത്തിന്റെ മുന്‍വശത്തേക്ക് അഭിമുഖീകരിക്കും വിധം വയ്ക്കണം. അമിത വേഗവും മോശമായ റോഡുകളും ഒഴിവാക്കണം. പുലരും മുമ്പ് കോളനികള്‍ പുതിയ സ്ഥലത്ത് എത്തിക്കണം. കൂടുകള്‍ക്ക് ഉലച്ചില്‍ തട്ടാതെ സാവധാനം ഇറക്കി സ്റ്റാന്‍ഡുകളില്‍ വച്ച ശേഷം അടച്ചിരിക്കുന്ന വാതിലുകള്‍ തുറന്നു കൊടു ക്കണം. അടകള്‍ക്ക് കേടു സംഭവിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തണം. അടകള്‍ക്ക് കേടു സംഭവിക്കുകയോ അടര്‍ന്ന് വീഴുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അവ ചട്ടങ്ങളോട് ചേര്‍ത്തുകെട്ടുക. ആവശ്യമെന്ന് തോന്നിയാല്‍ പഞ്ചസാര ലായനി നല്‍കണം.

പരിചരണം ശ്രദ്ധയോടെ

തേനുത്പാദനകാലം ആരംഭിക്കുന്നതോടെ ഞൊടിയല്‍ തേനീച്ചകളില്‍ കൂട്ടം പിരിയാനുള്ള പ്രവണത വര്‍ധിക്കും. ഇത് തേനുത്പാദനത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ കൂട് പരിശോധിച്ച് റാണി യറകള്‍ കണ്ടാല്‍ അവയെ നശിപ്പിക്കണം. ഇത് കൂട്ടംപിരിയല്‍ തടയാന്‍ സഹായിക്കും. ഒരിക്കല്‍ റാണി അറകള്‍ നശിപ്പിച്ചുകളഞ്ഞാലും വീണ്ടും കോളനിയില്‍ പുതിയ റാണിയറകള്‍ നിര്‍മിക്കപ്പെടും. അതുകൊണ്ട് കൃത്യമായി അഞ്ചുദിവസത്തിലൊരിക്കല്‍ പുഴു അറ പരിശോധിച്ച് റാണി അറകള്‍ നീക്കം ചെയ്യണം. കൂട്ടം പിരിയല്‍ തടയാന്‍ ഇതു സഹായിക്കും. ഇനി ആവശ്യാനുസരണം തേനറകള്‍ സുസജ്ജമാക്കുക എന്നതാണ് പ്രധാനം.

അറകള്‍ ശക്തിപ്പെടുത്താം

പുഴു അറയ്ക്ക് മുകളില്‍ തേന്‍ തട്ടു സ്ഥാപിക്കണം. കോളനിയുടെ അടിത്തട്ടില്‍ വിരിഞ്ഞിറങ്ങിക്കൊണ്ടിരിക്കുന്ന വേലക്കാരി ഈച്ചകളെ അതിലേക്ക് ആകര്‍ഷിക്കാനാണിത്. ഇതിനായി അടിത്തട്ടില്‍ വലത്തേ അറ്റത്തുള്ള ഒരടയെടുത്ത് അതിലെ ഈച്ചകളെ പുഴുഅറയിലേക്ക് മാറ്റാം. അട മുഴുവനായി മുറിച്ചുമാറ്റി ഒഴിഞ്ഞ ചട്ടം പുഴുഅറയുടെ മധ്യഭാഗത്ത് ഇട്ടുകൊടുക്കണം. മുറിച്ചുമാറ്റിയ അട ഒന്നര- രണ്ടിഞ്ച് വീതിയില്‍ നെടുകെ മുറിക്കുക. ഓരോ കഷണവും തേനറയിലെ ചട്ടത്തിന്റെ താഴ്ഭാഗത്തുവച്ച് റബര്‍ ബാന്‍ഡോ വാഴനാരോ ഉപയോഗിച്ച് ഉറപ്പിക്കുക. ശേഷം തേനറയുടെ ഇടതു ഭാഗത്തിട്ടു കൊടുക്കുക. ഈ സമയം പുഴുഅറയില്‍ നിന്നും വേലക്കാരി ഈച്ചകള്‍ തേനറയിലേക്ക് പ്രവേശിക്കും. 4-5 ദിവസം കൊണ്ട് അട പൂര്‍ണമായും നിര്‍മിച്ചുകഴിയും. ഇത്തരത്തില്‍ ഒരേസമയത്ത് ഒരു ചട്ടത്തില്‍ മാത്രമേ മുറിച്ച കഷണങ്ങള്‍ ഘടിപ്പിക്കാവൂ. നിര്‍മാണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് പുതിയ ചട്ടം മേല്‍പറഞ്ഞ രീതിയില്‍ നല്‍കാം. പുതുതായികെട്ടുന്ന ചട്ടത്തിന്റെ അടിഭാഗത്ത് നിന്ന് മുകളിലേക്കു നിര്‍മിക്കുന്നതുകൊണ്ട് റാണിഈച്ച ഈ അടകളില്‍ മുട്ടയിടില്ല. വീണ്ടും ഇത്തരത്തില്‍ അടകളുടെ കഷ്ണം കെട്ടിക്കൊടുത്ത് തേനറ അടകള്‍ കൊണ്ട് നിറയ്ക്കാവുന്നതാണ.് ഒരു തേന്‍ തട്ടില്‍ നാല് ചട്ടത്തില്‍ ഇപ്രകാരം അടകളുടെ പണി പുര്‍ത്തിയായാല്‍, പുതിയ ഒരു തേന്‍തട്ട് വച്ചുകൊടുക്കാം. ഇത് പുഴുഅറയ്ക്ക് തൊട്ടുമുകളിലായിരിക്കണം. ഈച്ച നിറഞ്ഞ ആദ്യത്തെ തേന്‍തട്ട് മുകളില്‍ വയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. രണ്ടാമത്തെ തട്ടിലും പുതിയ തേനടകളുടെ നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ മൂന്നാമത്തെ തേന്‍തട്ട് വയ്ക്കാവുന്നതാണ്.

കര്‍ഷകര്‍ ശാസ്ത്രീയമായി മേന്മയുള്ള തേന്‍ ഉത്പാദിപ്പിക്കണം. കൃത്രിമ ആഹാരം നല്‍കുന്ന സമയം തേനെടുക്കാന്‍ പാടില്ല. പഞ്ചസാര ലായനിയില്‍ നിന്നും തേനീച്ചകള്‍ക്ക് ഗുണനിലവാരമുള്ള തേനുത്പാദിപ്പിക്കാന്‍ കഴിയില്ലെന്നു മനസിലാക്കുക. അടിത്തട്ടില്‍ നിന്നും ഒരിക്കലും തേന്‍ എടുക്കാതിരിക്കുക. തേനറയില്‍ നിന്നുമാത്രം തേനെടുക്കുക. 90 ശതമാനം മെഴുകു കൊണ്ട് മൂടിയ അടകളില്‍ നിന്നു മാത്രം തേനെടുക്കുക. സ്റ്റെയിന്‍ലസ് സ്റ്റീല്‍ കൊണ്ടുള്ള തേനെടുക്കല്‍ യന്ത്രം, തേനടക്കത്തി എന്നിവ ഉപയോഗിക്കുക. ഉപകരണങ്ങളും പാത്രങ്ങളും വൃത്തിയുള്ളതായിരിക്കണം. തേനില്‍ മാലിന്യങ്ങള്‍, പൊടി എന്നിവ കലര്‍ന്ന് മലിനപ്പെടാതെ ശ്രദ്ധിക്കണം. തേന്‍ സൂക്ഷിക്കുന്നതിന് സ്റ്റെയിന്‍ലസ് സ്റ്റീല്‍ ഡ്രമ്മുകളോ പാത്രങ്ങളോ ഉപയോഗിക്കുക.

തേന്‍ എടുക്കുന്നതിനു മുമ്പും ശേഷവും ഇവ ചെറു ചൂടുവെള്ളത്തില്‍ കഴുകി ഉണക്കണം. തേനെടുത്തശേഷം ഒഴിഞ്ഞ അടകള്‍ വീണ്ടും അതേ കൂടുകളില്‍ തന്നെ സ്ഥാപിക്കണം. 7- 8 ദിവസം ഇടവിട്ട് കൂടുകളില്‍ നിന്നും തേന്‍ സംഭരിക്കാം. തേനെടുത്തതിനു ശേഷം തേനറയും പുഴുഅറയും എപ്പിയറിയില്‍ തുറന്ന നിലയില്‍ ഉപേക്ഷിച്ചു പോകരുത്. തേന്‍ കൈകാര്യം ചെയ്യുമ്പോള്‍ കൈയുറകളും മാസ്‌കും ഉപയോഗിക്കുന്നത് നന്നായിരിക്കും.

തേനെടുക്കല്‍ യന്ത്രത്തില്‍ നിന്നും സംഭരണികളിലേക്ക് മാറ്റുന്നതിനു മുമ്പ് തേന്‍ വൃത്തിയുള്ള അരിപ്പയില്‍ അരിച്ച് മെഴുക്, പുഴു, ഈച്ച ഇവയുടെ അംശങ്ങള്‍ മാറ്റണം. സ്റ്റീല്‍ കൊണ്ടുണ്ടാക്കിയ ഉപകരണങ്ങളും പാത്രങ്ങളും വേണം തേനെടുക്കുന്നതിനും സൂക്ഷിക്കുന്നതിനും ഉപയോഗിക്കേണ്ടത്. മറ്റു ലോഹങ്ങള്‍ കൊണ്ടുണ്ടാക്കിയവ ഉപയോഗിച്ചാല്‍ തേനില്‍ ലോഹമാലിന്യങ്ങള്‍ അടിഞ്ഞ് ഗുണമേന്മ ഇല്ലാതാകും. കീടനാശിനികള്‍, ആസിഡുകള്‍ എന്നിവ സൂക്ഷിച്ചിരുന്ന പാത്രങ്ങളില്‍ തേന്‍ സൂക്ഷിക്കരുത്.

തേന്‍മെഴുകുണ്ടാക്കാം...ശാസ്ത്രീയമായി

തേനീച്ചക്കൂട്ടില്‍ നിന്നു കിട്ടുന്ന മറ്റൊരു ഉത്പന്നമാണ് മെഴുക്. തേനിനേക്കാള്‍ വിലയേറിയതാണിത്. തേനെടുക്കുമ്പോള്‍ ചീകിമാറ്റുന്ന മെഴുകും തേനുത്പാദനകാലത്തിനുശേഷം തേനറകളില്‍ നിന്നു നീക്കംചെയ്യുന്ന അടകളും ഉരുക്കിയെടുത്താണ് മെഴുകുണ്ടാക്കുന്നത്. ഓരോതവണ തേന്‍ എടുക്കുമ്പോഴും ചീകിമാറ്റുന്നമെഴുക്, വെള്ളത്തില്‍ കഴുകി തേനിന്റെ അംശം നീക്കംചെയ്ത് സൂക്ഷിച്ചുവയ്ക്കാം . തേനുത് പാദനകാലം കഴിഞ്ഞാല്‍ ഉരുക്കിയെടുക്കാം. മെഴുക് ഉരുക്കുന്നതിന് ആദ്യം ഒരു വലിയ പാത്രത്തില്‍ വെള്ളമെടുത്ത് തിളപ്പിക്കുക. ഇതിലേക്ക് കഴുകിയ അടകള്‍ മുറിച്ച് ചെറിയ കഷ്ണങ്ങളാക്കിയിടുക. മെഴുക് 65ത്ഥഇ ഉരുകണം. ഇടയ്ക്ക് ഇളക്കിക്കൊടുക്കണം. തിളയ്ക്കുമ്പോള്‍ അടുപ്പില്‍ നിന്നും ഇറക്കി അധികം കണ്ണിയകലമില്ലാത്ത കമ്പിവലയില്‍ അരിക്കുക. അരിച്ചെടുത്ത വെള്ളവും മെഴുകും ചേര്‍ന്ന മിശ്രിതം തണുക്കാന്‍ വയ്ക്കുക. തണുക്കുമ്പോള്‍ മെഴുക് കട്ടയായി വെള്ളത്തിന്റെ മുകളില്‍ സ്ഥാനം പിടിക്കും. ഈ കട്ടയുടെ അടിഭാഗത്ത് അഴുക്കുണ്ടെങ്കില്‍ കഴുകിക്കള യുക. വീണ്ടും മെഴുകുകട്ട വെള്ളമൊഴിച്ച് തിളപ്പിക്കുക. അതിനു ശേഷം വെള്ളത്തുണിയില്‍ അരിച്ചെടുക്കുക. ഇത് തണുത്തു കഴിയുമ്പോള്‍ കിട്ടുന്ന മെഴുകുകട്ട വെള്ളം ചേര്‍ക്കാതെ ഉരുക്കി തുണിയിലരിച്ച് പാത്രത്തില്‍ ഒഴിക്കാം. തണുക്കുമ്പോള്‍ ശുദ്ധമായ മെഴുകുകട്ട ലഭിക്കും. ഒരു കിലോഗ്രാം തേന്‍മെഴുകിന് 500 രൂപയിലധികം വില ലഭിക്കും. മെഴുകുതിരി, പോളിഷ്, വാര്‍ണിഷ്, ലോഷനുകള്‍, ക്രീമുകള്‍, ഓയില്‍മെന്റുകള്‍, മഷി, പെയിന്റ്, മെഴുകുപ്രതിമകള്‍, വാദ്യോപകരണങ്ങള്‍ തുടങ്ങി അനേകം വസ്തുക്കളുടെ നിര്‍മാണത്തിനും ധാരാളം വ്യാവസായികോത്പന്നങ്ങള്‍ ഉണ്ടാക്കാനും തേന്‍മെഴുക് ഉപയോഗിക്കുന്നു.

കര്‍ഷകര്‍ക്ക് മറ്റേതൊരു കൃഷിയില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ ലാഭം തേനീച്ചക്കൃഷിയില്‍ നിന്നും ലഭിക്കും. ഇപ്പോള്‍ നമ്മുടെ തേനിന് വിദേശ വിപണിയില്‍ പ്രിയം വര്‍ധിക്കുന്നുണ്ട്. ആഭ്യന്തര ഉപയോഗവും കൂടിയിട്ടുണ്ട്. തേനിന്റെ മൂല്യവര്‍ധിത ഉത്പന്നങ്ങളും ഉപോത്പന്നങ്ങളും ഉത്പാദിപ്പിച്ച് വിപണി ശക്തിപ്പെടുത്താം. ഫോണ്‍: 9961431306.

ഡോ. കെ.കെ. ഷൈലജ

കടപ്പാട് :ദീപിക

2.96875
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top