অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പുത്തന്‍ കൃഷി അറിവുകള്‍

നോക്കിനിൽക്കെ ചുവന്നുതുടുക്കും ഉദ്യാനസുന്ദരി

പ്രകൃതി രസകരമായ കരവിരുതോടെ തീർത്ത ഉദ്യാനസസ്യങ്ങൾ നിരവധിയാണ്. ഓരോന്നിനുമുണ്ടാകും പ്രകൃതി നമുക്കായി കരുതിവച്ച വിസ്മയത്തിന്‍റെ വാതിൽ തുറക്കുന്ന ഒരു കൈയൊപ്പ്. ന്ധബ്ലഷിംഗ് ബ്രൊമെലിയാഡ്’ എന്ന ഓമനപ്പേരുള്ള രസഭരസസ്യമാണ് ഇതിനുമികച്ച ഉദാഹരണം. കണ്ണഞ്ചിപ്പിക്കും വിധം ശ്രദ്ധപിടിച്ചുപറ്റുന്ന ബ്രൊമെലിയാഡാണിത്. ബ്രൊമെലിയാഡുകളുടെ വലിയ ജനുസിലെ അംഗമാണിത്. പേരു സൂചിപ്പിക്കുന്നതുപോലെ ചെടിയുടെ മുകൾത്തലപ്പിന്‍റെ മധ്യഭാഗം ലജ്ജാവിവശയായൊരു സുന്ദരിയുടെ കവിൾത്തടം ചുവക്കുന്നതുപോലെ ചുവന്നു തുടുക്കും. അതാണ് ഈ ചെടിക്ക് ലജ്ജാവിവശയായ ബ്രൊമെലിയാഡ് എന്ന അർഥത്തിൽ ന്ധബ്ലഷിംഗ് ബ്രൊമെലിയാഡ്’ എന്ന ഓമനപ്പേരിട്ടു വിളിക്കുന്നത്. ഒരുപക്ഷെ ഏറ്റവുമധികം വളർത്തുന്ന ബ്രൊമെലിയാഡുകളിലൊന്നാണിത്. അകത്തളങ്ങളിലും വളർത്താൻ ഉത്തമം.

പരമാവധി 45 സെന്‍റീമീറ്ററാണ് ഈ ചെടിയുടെ ഉയരം. തെളിഞ്ഞ സൂര്യപ്രകാശത്തോട് വലിയ ഇഷ്ടമുള്ള ചെടിയാണിത്. ബ്രസീൽ, കൊളംബിയ, പെറു എന്നിവയാണ് ബ്ലഷിംഗ് ബ്രൊമെലിയാഡിന്‍റെ ജ·സ്ഥലങ്ങൾ. നീളൻ ഇലകൾ, തിളക്കമുള്ളതും മുകൾഭാഗത്ത് പച്ചയും താഴ്ഭാഗം കടും നിറമുള്ളതും. ദൃഢമാണ് ഇലകൾ. ഇലകളുടെ അരിക് പല്ലുകൾ പോലെ രൂപപ്പെട്ടതാണ്. ഒരടിയോളം നീളമുണ്ടാകും ഇവയ്ക്ക്. ഇക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയമായ ഇനമാണ് ട്രൈകളർ. ഇലയിൽ നീളത്തിൽ പച്ചയും വെള്ളയും കലർന്ന വരകളുണ്ടാകും. ഇലകൾ വളരുന്ന ചെടിയുടെ മധ്യഭാഗം പുഷ്പിക്കുന്നതിന് തൊട്ടുമുന്പാണ് നിറം മാറി ചുവക്കുക. അതുകൊണ്ടു തന്നെ ഇവിടെ വളരുന്ന വയലറ്റ് നിറമുള്ള ചെറിയ പൂക്കളുടെ കൂട്ടം അധകമാരും ശ്രദ്ധിക്കാറില്ല. ഇലയുടെ നിറഭേദത്തിലും ചന്തത്തിലും പൂക്കൾ അവഗണിക്കപ്പെട്ടുപോകുന്നു. ഇലകൾക്ക് നിറഭേദം സംഭവിക്കുന്നതോടെ ചെടിയുടെ മുകൾഭാഗം പൊതുവെ പരന്നു വളരുന്നത് കാണാം. ഇതോടെ നിറം കൂടുതൽ ആകർഷകവും ശ്രദ്ധേയവുമായിത്തീരും.

ബ്രൊമെലിയാഡ് കുടുംബത്തിലെ മറ്റു ചെടികളെപ്പോലെ മഴക്കാടുകളിൽ മരങ്ങളിലോ മണ്ണിലോ ആണ് നൈസർഗികമായി വളരുന്നത്. ചെടിയുടെ മധ്യഭാഗത്തെ കപ്പാകൃതിയിലുള്ള ഇലക്കൂട്ടത്തിൽ മഴയത്ത് വെള്ളം നിറയുക സ്വാഭാവികം. ചെറിയ വേരുകൾ കൊണ്ട് ഇത് ഏതു പ്രതലത്തിലും പിടിച്ചുനിൽക്കുകയാണ് പതിവ്. വനമേഖലകളിൽ വളരുന്പോൾ ഇലച്ചുറ്റ് തീർത്ത മുകൾഭാഗത്തെ കപ്പിൽ ജലത്തോടൊപ്പം ഇലയവശിഷ്ടങ്ങളും മറ്റും നിറയുക പതിവാണ്. ഇതിൽ നിന്നു തന്നെ വളർച്ചയ്ക്കാവശ്യമായ പോഷകങ്ങൾ ചെടി വലിച്ചെടുക്കുകയാണു പതിവ്. ഇലപ്പരപ്പിന് പൊടുന്നെ സംഭവിക്കുന്ന അത്യാകർഷകമായ നിറഭേദം പരാഗണത്തിനെത്തുന്ന ചെറുപ്രാണികളെ ഉള്ളിലെ തീരെ ചെറിയ പൂക്കളിലേക്ക് ആകർഷിക്കാൻ വേണ്ടിയാണ്. ഈ നിറം മാറ്റം മാസത്തോളം മാറ്റം വരാതെ നിലനിൽക്കുകയും ചെയ്യും.

ബ്ലഷിംഗ് ബ്രൊമെലിയാഡ് ചട്ടിയിലോ മരക്കഷണങ്ങളിൽ പറ്റിപ്പിടിപ്പിച്ചോ വളർത്താം. മരക്കഷണങ്ങളിൽ വളർത്താൻ ചെറുതൈകളാണ് ഉത്തമം. രണ്ടായാലും രണ്ടു വിധത്തിലാണ് വേരുപടലം ഉണ്ടാകുക. ചട്ടിയിലാണെങ്കിൽ മണലിൽ നിന്ന് ഈർപ്പവും പോഷകങ്ങളും ആഗീരണം ചെയ്യാൻ പാകത്തിന് വേരുകളുണ്ടാകും. എന്നാൽ മരക്കഷണത്തിലോ തടിയിലോ ആണെങ്കിൽ ബലവത്തായ വേരുകൾ ഉണ്ടാകുന്നത് ചെടിയെ അതിനോടു ചേർത്തു നിർത്താനാണ്. എന്നാൽ ഇവയ്ക്ക് നനവോ പോഷകങ്ങളോ വലിച്ചെടുക്കാൻ കഴിയണമെന്നില്ല.

ഉഷ്ണകാലത്ത് ഉച്ചസമയത്തുള്ള തീച്ചൂട് ബ്ലഷിംഗ് ബ്രൊമെലിയാഡ് സഹിക്കില്ല. രാവിലെയും വൈകുന്നേരവുമുള്ള വെയിലാണ് താത്പര്യം. ഇതര ബ്രൊമെലിയാഡ് ചെടികളേക്കാൾ ഇതിന്‍റെ ഇലകൾക്ക് സാമാന്യം കട്ടിയും ദൃഢതയുമുണ്ട്. എങ്കിലും അമിതവെയിലടിച്ച് നിറം മങ്ങുന്നത് കണ്ടാൽ തണലുള്ളിടത്തേക്കു മാറ്റണം. ഈർപ്പത്തിന്‍റെ അംശം നിറഞ്ഞ സാഹചര്യം ഇതിനിഷ്ടമാണ്. അതിനാലാണ് ചട്ടിയിൽ വളർത്തുന്ന ചെടി ഉരുളൻ കല്ലുകൾ നിരത്തിയ ഒരു വെള്ളപാത്രത്തിൽ ഇറക്കി വയ്ക്കാമെന്നു പറയുന്നത്. ലീഫ് മോൾഡ്, പീറ്റ് മോസ്, മണൽ ഇവ മൂന്നും കലർത്തുന്നതാണ് മികച്ച വളർച്ചാമിശ്രിതം. ഇലപ്പൊടിയും മണലും കുറച്ചു മേൽമണ്ണുമായാലും തരക്കേടില്ല.

പുഷ്പിച്ച് കഴിയുന്ന ചെടി യഥാർഥത്തിൽ ഒരു തരം സ്വയം നാശത്തിലേക്ക് പോകുന്നുവെന്നതാണ് യാഥാർഥ്യം. എന്നാൽ ഈ സമയത്തുതന്നെ ചെടിച്ചുവട്ടിൽ കുഞ്ഞുതൈകൾ രൂപപ്പെട്ടിട്ടുണ്ടാകും. സ്വയം നശിക്കുന്നു എന്നറിയുന്പോഴും വംശം നിലനിർത്താനുള്ള പ്രകൃതിയുടെ ഉപായമാണിത്. തൈ, മാതൃസസ്യത്തിന്‍റെ ഏതാണ്ട് പകുതിയോളം വളർന്നു കഴിയുന്പോൾ അതിളക്കി പുതിയ ചട്ടിയിലേക്ക് നടാം. ഇതോടൊപ്പം നശിച്ചുപോയ അമ്മച്ചെടി നീക്കുകയും വേണം.

നിയോറെജിലിയ കരോളിനേ എന്ന സസ്യനാമത്തിലറിയപ്പെടുന്ന ബ്ലഷിംഗ് ബ്രൊമെലിയാഡിന്‍റെ പ്രധാന മൂന്നിനങ്ങളാണ് മെയർചാലി, മെയൻഡോർഫി, ട്രൈകളർ എന്നിവ.

സീമ സുരേഷ്

ജോയിന്‍റ് ഡയറക്ടർ, കൃഷിവകുപ്പ് 944701 5939.

ജൈവ വളത്തിനു ശീമക്കൊന്ന

ജൈവവളക്ഷാമം ഒരു പരിധിവരെയെങ്കിലും പരിഹരിക്കാൻ കൃഷിക്കാർ പച്ചില വളച്ചെടികൾ നട്ടുവളർത്തേണ്ടതാണ്. കേരളത്തിൽ വിജയകരമായി നട്ടുവളർത്താവുന്നതും പയറുവർഗത്തിൽപെട്ടതും ധാരാളം പച്ചില ഉത്പാദിപ്പിക്കുന്നതുമായ ഒരു നല്ല പച്ചിലവളച്ചെടിയാണ് ശീമക്കൊന്ന.

കൃഷിസ്ഥലങ്ങളുടെ അരികുകൾ, കൃഷി ചെയ്യാതെ ഇട്ടിരിക്കുന്ന സ്ഥല ങ്ങൾ എന്നിവിടങ്ങളിലൊക്കെ ശീമക്കൊന്ന നട്ടുപിടിപ്പിക്കാവു ന്നതാണ്. വിത്തു പാകി ഉത്പാദി പ്പിക്കുന്ന തൈകൾ നട്ടോ, കന്പുകൾ മുറിച്ചുനട്ടോ ശീമ ക്കൊന്ന കൃഷിചെയ്യാം. നടീൽ വസ്തുവായി വിത്തു കിളിർപ്പിച്ചുണ്ടാക്കുന്ന തൈകളാണ് ഉപയോഗിക്കുന്നതെങ്കിൽ നല്ല മഴ കിട്ടുന്ന സമയത്തുവേണം നടേണ്ടത്. കന്പുകളാണ് നടീൽ വസ്തുവായി ഉപയോഗിക്കുന്നതെങ്കിൽ കാലവർഷം വരുന്നു എന്നു വിളിച്ചറിയിക്കുന്ന ഏതാ നും മഴകൾ കിട്ടിയതിനു ശേഷമോ അല്ലെങ്കിൽ കാലവർഷത്തിൽ കാഠിന്യം കുറഞ്ഞിരിക്കുന്ന ഓഗസ്റ്റ് മാസത്തിലോ നടാവുന്നതാണ്.

കന്പുകൾ ഒരടി താഴ്ത്തി നടണം. നട്ട കന്പുകൾ ചരിയാതെയും വീണുപോകാതെയും ഇരിക്കാൻ ചുവട്ടിലുള്ള മണ്ണ് നന്നായി ഉറപ്പിക്കണം. കന്പുകൾ പിടിച്ചു കിട്ടിയാൽ മൂന്നാമത്തെ വർഷം മുതൽ, വർഷം രണ്ടു പ്രാവശ്യം ഇലകൾ ശേഖരിക്കാം. ഓരോ മരത്തിൽ നിന്നും ഒരു പ്രാവശ്യം പതിനഞ്ച് കിലോഗ്രാം പച്ചിലവളം ലഭിക്കും. ശീമക്കൊന്നയുടെ ഇലയിൽ നൈട്രജന്‍റെ അളവ് രണ്ടുമുതൽ മൂന്നു ശത മാനം വരെയാണ്. തെങ്ങിൻ തോട്ടങ്ങളുടെ അരികുകളിൽ ഇവ നട്ടുപിടിപ്പിച്ചാൽ ഓരോവർഷവും തെങ്ങുകൾക്ക് ആവശ്യമായി വരുന്ന പച്ചിലവളം അവയിൽ നിന്നും ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് 0471 - 2572060, 8281436960.

കെ. കെ. രാമചന്ദ്രൻപിള്ള

റബർ ബോർഡ് (റിട്ട)

ഉരുളക്കിഴങ്ങിനു പകരക്കാരൻ അടതാപ്പ്

എയർപൊട്ടറ്റോ എന്നറിയപ്പെടുന്ന അടതാപ്പിനെ ഉരുളക്കിഴങ്ങിന്‍റെ പകരക്കാരൻ എന്നു വിശേഷിപ്പിക്കാം. ഉരുളക്കിഴങ്ങ് പാകംചെയ്യുന്നതുപോലെ തന്നെ കറിവയ്ക്കാനുമാകും. പക്ഷെ ഉരുളക്കിഴങ്ങിന്‍റെ അത്ര രുചിയില്ല. എന്നിരുന്നാലും ഉരുളക്കിഴങ്ങിനേക്കാളും വളരെയേറെ പോഷകമൂല്യം ഉണ്ടെന്നു കരുതപ്പെടുന്നതിനാലായിരിക്കാം ആറേഴ് പതിറ്റാണ്ടു കൾക്കു മുന്പ് നാട്ടുകാർ ഒന്നടങ്കം തങ്ങളുടെ പുരയിടത്തിൽനിന്നും ഒഴിവാക്കിയതിന്‍റെ പതി·ടങ്ങ് വേഗത്തിൽ ഇപ്പോൾ അടതാപ്പ് കൃഷി വ്യാപിപ്പിച്ചുകൊണ്ടിരിക്കുന്നത്. ചിലർ വൻതോതിൽ കൃഷി നടത്തുന്നുണ്ട്. അവയ്ക്ക് ആവശ്യക്കാരുമുണ്ട്.

കാച്ചിൽ വർഗത്തിൽപ്പെട്ട ഒരു വിള. നിൽക്കുന്ന ഭാഗത്തെ മണ്ണിന്‍റെ ഇളക്കം, വളക്കൂറ്, ചുറ്റിപ്പടർന്നു കയറുന്ന വൃക്ഷത്തിന്‍റെ ഉയരം, സൂര്യപ്രകാശം എന്നിങ്ങനെ എല്ലാഘടകങ്ങളും ഒത്തിരുന്നാൽ ചുവട്ടിൽ നിന്നും സാമാന്യം വലുപ്പമുള്ള ഒരു കിഴങ്ങ് ലഭിക്കും. പത്തു കിലോഗ്രാമിന് മേൽ തൂക്കമുള്ള കിഴങ്ങുലഭിച്ചതായറിയാം. കാച്ചിൽ പോലെ തന്നെ ഈ കിഴങ്ങും പുഴുങ്ങിത്തിന്നാനും കറിവയ്ക്കാനും ഒക്കെ കൊള്ളാം. മേൽപ്പോട്ട് പടർന്നു കയറുന്ന വള്ളിയിൽ ഉരുളക്കിഴങ്ങിന്‍റെ ആകൃതിയിലുള്ള മേക്കായ് ഉണ്ടാകും. അനുകൂലസാഹചര്യമാണെങ്കിൽ മുട്ടിന് മുട്ടിന് കണക്കില്ലാതെ ഉണ്ടാകും. 500-600 ഗ്രാം തൂക്കമുള്ളവ വരെ ലഭിക്കും. എന്നാൽ അപൂർവമായി 3-4 കിലോഗ്രാം തൂക്കം വരുന്ന മേക്കായ്കളും കിട്ടാറുണ്ട്. ഒറ്റ ചെടിയിൽ നിന്നും രണ്ടു ചാക്ക് വരെ മേക്കായ് കിട്ടിയിട്ടുള്ളതായി അനുഭവസ്ഥർ പറയുന്നു. കൂടുതൽ വിളവിനായി വൻമരങ്ങളിൽ കയറ്റി വിട്ടാൽ വിളവെടുപ്പ് വളരെ ദുഷ്കരമായിരിക്കും.

സാധാരണ വ്യാപകമായി കൃഷി ചെയ്യപ്പെടുന്നവയുടെ തൊലിക്കു ബ്രൗണ്‍നിറമാണ്. എന്നാൽ തൊലിപ്പുറമേ വെള്ള നിറമുള്ള ഒരു അപൂർവ ഇനം കൂടിയുണ്ട്.

വെള്ള അടതാപ്പ്

ഇത് അന്യംനിന്നുപോകാതെ സംരക്ഷിച്ചത് മലപ്പുറം ജില്ലയിലെ കാട്ടുനായ്ക്ക·ാരാണ്. ഇതേക്കുറിച്ച് ഈയടുത്തകാലത്ത് പുറം ലോകമറിഞ്ഞതും അവരിൽ നിന്നുതന്നെയാണ്. വെള്ള അടതാപ്പിന് വിളവ് ഇത്തിരി കുറവാണെന്ന് കേൾക്കുന്നു. പക്ഷെ സാധാരണ അടതാപ്പിനേക്കാൾ വളരെ ഉയർന്ന തോതിൽ പോഷകമൂല്യം ഉണ്ടെന്നും ഇവയുടെ ഉപയോഗം മനുഷ്യരിൽ വളരെയേറെ രോഗപ്രതിരോധ ശേഷി ഉണ്ടാക്കാൻ പര്യാപ്തമാണെന്നും പരക്കെ കരുതപ്പെടുന്നു. ഇതിനാൽ തന്നെ വെള്ള അടതാപ്പ് ഒരിടത്തും തന്നെ വാങ്ങാൻ കിട്ടാത്ത അവസ്ഥയിലുമാണ്. ഏറെ ഗവേഷണം ആവശ്യമുള്ള വിളതന്നെയാണിത്.

കൃഷിരീതികൾ

കാലവർഷാരംഭത്തോടെ കാച്ചിൽ നടുന്ന അതേ രീതിയിൽ കുഴിഎടുത്ത് മൂടി അല്പം ജൈവവളങ്ങളും ചേർത്ത് ഇടത്തരം വലുപ്പമുള്ള ഒരു മേക്കായ് നടുക. പടർന്നു കയറാനുള്ള സൗകര്യ മുണ്ടായിരിക്കണം. ചെറുമരങ്ങളിൽ കയറ്റി വിടുകയോ പന്തലിട്ടു കൊടുക്കുകയോ ചെയ്യാം.

വിളവെടുപ്പ്

വള്ളിയിൽ ഉണ്ടാകുന്ന മേക്കായ് മൂപ്പെത്തണമെന്നില്ല. ഒരു വിധം വളർച്ചയെത്തിയാൽ എപ്പോൾ വേണമെങ്കിലും പറിച്ചെടുത്ത് കറിവയ്ക്കാം. പക്ഷെ ചുവട്ടിലെ കിഴങ്ങ്, ചെടി മൂപ്പെത്തി തണ്ട് ഉണങ്ങാൻ തുടങ്ങുന്പോൾ മാത്രം പറിച്ച് എടുക്കുന്നതായിരിക്കും ഉത്തമം.

വളപ്രയോഗം

ആവശ്യാനുസരണം ജൈവവളങ്ങളും ചപ്പുചവറുകളും ചുവട്ടിൽ ചേർത്തു കൊടുക്കാവുന്നതാണ്. ഇതര വിളകളെപ്പോലെ തന്നെ വളപ്രയോഗതോതിനും പരിചരണത്തിനുമനുസരിച്ച് വിളവിൽ ഏറ്റക്കുറച്ചിൽ ഉണ്ടാകും. ഫോണ്‍: ജോസ്- 96450 33622.

ജോസ് മാധവത്ത്

യുവ കർഷകരുടെ ഹരിതഗാഥ

തരിശായി കിടന്ന കുന്നിൻ മുകളിൽ ജൈവകൃഷിയിലൂടെ ഹരിതവിപ്ലവം തീർക്കുകയാണ് യുവകർഷകനും സുഹൃത്തുക്കളും. കോവൂർ സ്വദേശികളായ കെ.പി.രാജേഷ്, പി.സന്തോഷ്, കെ.ഇ.ജനാർദ്ദനൻ എന്നിവർ ചേർന്നാണ് 13 ഏക്കറോളം സ്ഥലത്ത് കൃഷിയിറക്കി മാതൃകയായിരിക്കുന്നത്. കൂടാളി പഞ്ചായത്തിലെ കോവൂരിൽ വർഷങ്ങളോളം ഉപയോഗശൂന്യമായി കിടന്ന സ്ഥലത്താണ് മൂവർസംഘം ചേർന്നു പച്ചക്കറിയിൽ നൂറുമേനി വിളയിച്ചിരിക്കുന്നത്. തരിശുനിലത്തെ കൃഷി ആരെയും വിസ്മയിപ്പിക്കുകയാണ്. പച്ചമുളക് മുതൽ വെളളരി വരെയുളള കൃഷികൾ ഇവരുടെ തോട്ടത്തെ ഹരിതാഭമാക്കുന്നു. ഇതരസംസ്ഥാനങ്ങളിൽ കൂടുതലായി വിളയുന്ന പച്ചക്കറികളെല്ലാം തരിശുഭൂമിയിൽ പരീക്ഷിച്ച് വിജയം കണ്ടിരിക്കുകയാണിവർ. മത്തൻ കുന്പളം, നരയൻ കുന്പളം, പയർ, കയ്പ, വെണ്ട, കക്കിരി, ചീര, പടവലം, പൊട്ടിക്ക തുടങ്ങിയ ഓട്ടേറെ ഇനം പച്ചക്കറികൾ യുവകർഷകരുടെ തോട്ടത്തിലുണ്ട്.

തോട്ടത്തിലെ പച്ചക്കറികൾ ആരെയും ആകർഷിക്കുന്ന രീതിയിലാണ് വളരുന്നത്. പഞ്ചായത്തിലെ യുവകർഷകനായി തെരഞ്ഞെടുത്ത രാജേഷിന്‍റെ നിർദ്ദേശവും സുഹൃത്തുക്കളുടെ സഹായവുമാണ് തരിശുഭൂമിയിൽ പച്ചക്കറിയിൽ നൂറുമേനി വിളയിക്കാൻ സഹായകമായത്. വിദ്യാർഥിയായിരുന്നപ്പോൾ കൃഷിസ്നേഹമുണ്ടായിരുന്ന രാജേഷ് പിന്നീട് കർഷകനായി മാറുകയായിരുന്നു. 12 വർഷമായി കൃഷിയിൽ സജീവമായിട്ട്. കർഷകനായിരുന്ന അച്ഛൻ കാരക്കണ്ടി കുമാരന്‍റെ പാത പിന്തുടർന്നാണ് രാജേഷ് കൃഷിയിടത്തിലേക്കിറങ്ങിയത്. പാട്ടത്തിനെടുത്ത ഭൂമിയിലാണ് രാജേഷിന്‍റെ നേതൃത്വത്തിലുളള സംഘം കൃഷിയിറക്കുന്നത്. മുന്പൊക്കെ കുറച്ചുസ്ഥലത്തായിരുന്നു പാട്ടക്കൃഷി. ഇത്തവണയാണ് കൂടുതൽ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിച്ചതെന്ന് രാജേഷ് പറയുന്നു. ആൾ താമസമില്ലാത്ത പ്രദേശമായതിനാൽ പന്നി ശല്യമുണ്ട്. ഇതൊഴിവാക്കാൻ തോട്ടത്തിൽ ശബ്ദമുണ്ടാക്കുന്നതിനു കുപ്പിയും മറ്റും കെട്ടിയിട്ടിരിക്കുകയാണ്. പച്ചക്കറികൾക്കു പുറമെ കരനെൽകൃഷിയും രാജേഷ് ചെയുന്നുണ്ട്. തോട്ടത്തിൽ നിന്നു വിളവെടുക്കുന്ന ജൈവപച്ചക്കറികൾ നായാട്ടുപാറയിലും കൃഷിയിടത്തിലുമാണ് വിൽപന.

രാസവളം പുരളാത്ത രാജേഷിന്‍റെ കാർഷികോത്പന്നങ്ങൾക്ക് വൻ ഡിമാൻഡാണ്. ജൈവ കൃഷിരീതിയിലുള്ള പച്ചക്കറിക്ക് ഉത്പാദനച്ചെലവ് അൽപ്പം കൂടുതലാണെങ്കിലും അതിനനുസരിച്ച് ആവശ്യക്കാരുമുണ്ടെന്ന് യുവകർഷകൻ പറയുന്നു. കൂടാളി കൃഷി ഭവനിൽ നിന്നു ജൈവവളം സബ്സിഡിയായി നൽകുന്നുണ്ട.് കൃഷി വകുപ്പ് അധികൃതരുടെ നിർദ്ദേശങ്ങളും ഇവർക്കുണ്ടായതോടെ പച്ചക്കറി കൃഷിയിൽ വൻ വിജയം കൊയ്യുകയായിരുന്നു ഈ യുവകർഷകർ.ഫോണ്‍: ജിജേഷ് 9446004054

ജിജേഷ് ചാവശേരി

ഒരുക്കാം, സ്കൂളിൽ പച്ചക്കറിത്തോട്ടം

വളർന്നുവരുന്ന തലമുറയിൽ കൃഷിയെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കു ക, വിഷവിമുക്തമായ നാടൻ പച്ചക്കറികളുടെ ഉത്പാദനം വർധിപ്പിക്കക എന്നീ ലക്ഷ്യങ്ങളുമായി കൃഷിവകുപ്പിന്‍റെ നേതൃത്വത്തിൽ സ്കൂൾ പച്ചക്കറിത്തോട്ടം എന്ന ആശയം മുന്നേറ്റം സൃഷ്ടിച്ചിരിക്കുകയാണ്. കൂടുതൽ സ്കൂളുകളിൽ ഈ പദ്ധതി നടപ്പിലാക്കുന്നതിനുള്ള ശ്രമവും ആരംഭിച്ചുകഴിഞ്ഞു.

സ്കൂൾ പഠനത്തിന് കോട്ടം തട്ടാതെ വിശ്രമസമയം ഉപയോഗിച്ചുകൊണ്ട് സ്കൂൾ പച്ചക്കറിത്തോട്ടം നിർമിക്കുന്നത് മാനസിക ഉല്ലാസവും പ്രദാനം ചെയ്യും.

എന്നാൽ വ്യക്തമായ ആസൂത്രണമില്ലാതെയാണ് പലപ്പോഴും പച്ചക്കറിത്തോട്ടങ്ങൾ ആരംഭിക്കുന്നത്. ഒരു വീടോ, കെട്ടിടമോ നിർമിക്കുന്പോൾ നാം പ്ലാൻ തയാറാക്കുന്ന സൂക്ഷ്മതയോടെ പച്ചക്കറിത്തോട്ടത്തിനും പ്ലാൻ തയാറാക്കണം.

അത് ഭൂമിയുടെ മികച്ച ഉപയോഗത്തിനും പരമാവധി സൂര്യപ്രകാശം വിളകൾക്ക് ലഭ്യമാക്കുന്നതിനും നമ്മെ സഹായിക്കും. സ്കൂളുകളിലെ സ്ഥലപരിമിതി കണക്കിലെടുത്ത് 10 സെന്‍റ് (400 ചതുരശ്രമീറ്റർ) സ്ഥലത്തേക്കുള്ള ഒരു പ്ലാനാണ് ഇവിടെ അവതരിപ്പിക്കുന്നത്.

10 സെന്‍റ് സ്ഥലത്തെ എട്ടു പ്ലോട്ടുകളായി തിരിക്കുക. വിവിധയിനം പച്ചക്കറികൾ വർഷം മുഴുവൻ കൃഷിചെയ്യുന്ന വിധത്തിലാണ് ഇവ ക്രമീകരിക്കേണ്ടത്.

ദീർഘകാലവിളകളായ മുരിങ്ങ, കറിവേപ്പ്, പപ്പായ തുടങ്ങിയവയെ തോട്ടത്തിന്‍റെ ഒരു ഭാഗത്തു ക്രമീകരിക്കാം. സ്ഥലത്തിന്‍റെ ഘടനയനുസരിച്ച് 20 ഃ 20 മീറ്റർ എന്ന അളവ് മാറ്റാമെങ്കിലും അടിസ്ഥാന ആശയത്തിൽ മാറ്റം വരുത്തരുത്.

പച്ചക്കറിത്തോട്ടത്തിലേക്ക് വിളകൾ തെരഞ്ഞെടുക്കുന്പോൾ അവയുടെ സ്ഥാനം വളരെ പ്രാധാ ന്യം അർഹിക്കുന്ന ഒന്നാണ്. തോട്ടത്തിന്‍റെ ഒരുവശത്തായി ദീർഘകാലവിളകൾ ക്രമീകരിച്ചാൽ മറ്റുവിളകൾക്ക് തണൽ ഒഴിവായിക്കിട്ടും. മാത്രമല്ല ശക്തിയായ കാറ്റ്, മഴ എന്നിവയെ ഒരു പരിധിവരെ തടഞ്ഞുനിർത്തും. തണ ൽ ആവശ്യമുള്ള വിളകളെ ഇത്തരം ദീർഘകാല വിളകൾക്കിടയിൽ കൃഷിചെയ്യാം. ഉദാ: സാന്പാർചീര, കാന്താരിമുളക്, ചേന്പ്, ചേന തുടങ്ങിയവ. പച്ചക്കറിത്തോട്ടത്തിന്‍റെ നടവഴികൾക്കിരുവശവും ചീര നടുന്നത് സ്ഥലം ലാഭിക്കുന്നതിനും, തോട്ടത്തിന് മനോഹാരിത കൈവരിക്കുന്നതിനും സഹായകരമാകും. വളം ചെയ്യുന്നതിനും കീടരോഗ നിയന്ത്രണങ്ങൾക്കും നടവഴികൾ പ്രധാനമാണ്.

പച്ചക്കറിത്തോട്ടത്തിന്‍റെ നാലു വശങ്ങളിലായി അമര, നിത്യവഴുതിന, ഇറച്ചിപ്പയർ, കോവൽ എന്നിവ പടർത്തുന്നതുകൊണ്ട് തോട്ടത്തിന് ഒരു സംരക്ഷണവും, സ്ഥലം പരമാവധി ഉപയുക്തമാക്കുന്നതിനും സഹായിക്കുന്നു. പച്ചക്കറിത്തോട്ടത്തിന്‍റെ ഒരു ഭാഗത്തായി കന്പോസ്റ്റ് കുഴിയോ, മണ്ണിര കന്പോസ്റ്റ് യൂണിറ്റോ നിർമിക്കുന്നത് നല്ലതാണ്. അതിലൂടെ സ്കൂളിലെ ഭക്ഷണാവശിഷ്ടങ്ങളും, ദൈനംദിനനമാലിന്യങ്ങളും നല്ല ജൈവവളമാക്കി മാറ്റാം. ദീർഘകാലവിളകൾ, നടവഴി, കന്പോസ്റ്റ്കുഴി എന്നിവ കഴിച്ചുള്ള സ്ഥലം തുല്യവലുപ്പമുള്ള പ്ലോട്ടുകളായി തിരിച്ച് അവയിൽ പച്ചക്കറി വർഷം മുഴുവനും കൃഷിചെയ്യാം. പ്ലാനിൽ കാണിച്ചരീതിയിൽ വിളക്രമീകരണം നടത്തുന്നതുവഴി ഒരേ കുടുംബത്തിൽപ്പെട്ട പച്ചക്കറിവിളകൾ ഒരേഭാഗത്ത് കൃഷിചെയ്യുന്നത് ഒഴിവാക്കാം. അതിർ ത്തികൾ തിരിക്കുന്നതിന് മധുരച്ചീര അനുയോജ്യമാണ്.

പച്ചക്കറിത്തോട്ടത്തിലേക്ക് നടീൽ വസ്തുക്കൾ തെരഞ്ഞെടുക്കുന്പോഴും ശ്രദ്ധിക്കണം. ചില പച്ചക്കറിവിളകൾ മാറ്റി നടേണ്ടവയാണ്. അത്തരം പച്ചക്കറികളുടെ വിത്തുകൾ മുളപ്പിച്ച് 20-25 ദിവസം പ്രായമാകുന്പോൾ പ്രധാന കൃഷിസ്ഥലത്തേക്കോ ചട്ടികളിലേക്കോ മാറ്റി നടണം. ഉദാ: തക്കാളി, മുളക്, വഴുതിന. ചിലത് വിത്തിട്ട് മുളപ്പിച്ചെടുക്കേണ്ടവയാണ്. ഉദാ. പയർ, പാവൽ, പടവലം. ചിലയിനം പച്ചക്കറിക്ക് തണ്ടുകളാണ് നടീൽവസ്തു. ഉദാ: കോവൽ. ചേന, ചേന്പ് എന്നിവയുടെ കീഴങ്ങുകളാമ് നടുന്നതിനായി ഉപയോഗിച്ചുവരുന്നത്. ഇവയിൽ ഏതു നടീൽരീതിയാണ് നമ്മുടെ സ്കൂൾ പച്ചക്കറിത്തോട്ടത്തിന് അനുയോജ്യമെന്ന് നാം തന്നെ മനസ്സിലാക്കണം.

തീരെ സ്ഥലം കുറവുള്ള സ്കൂളുകളിൽ പച്ചക്കറികൾ ഗ്രോബാഗിലോ, ചട്ടികളിലോ കൃഷിചെയ്യുവാൻ അവസരമുണ്ട്. 80 മുതൽ 100 വരെ ഗ്രോബാഗുകൾ ഉപയോഗിക്കുന്നതിന് 2000 സ്ക്വയർഫീറ്റ് സ്ഥലം മതിയാകും. കൂടാതെ സ്കൂൾ പച്ചക്കറിത്തോട്ടങ്ങൾ ജൈവവളം, ജൈവകീട-രോഗനാശിനികൾ എന്നിവ ഉപയോഗിക്കുന്നത് നാം പ്രോൽസാഹിപ്പിക്കേണ്ടതാണ്. പച്ചക്കറിചെടികളുടെ നടീലും സംരംക്ഷണവും കുട്ടികളുടെ അദ്ധ്യായനത്തെ ബാധിക്കാത്ത രീതിയിലാകണം പ്ലാൻ ചെയ്യേണ്ടത്. കൃഷിക്കാര്യങ്ങൾ നടത്തുന്നതിനായി ഒരു കാർഷിക ക്ലബോ, ഇക്കോക്ലബോ രൂപീകരിക്കുന്നത് നല്ലതാണ്. അതിലൂടെ കാർഷികാവൃത്തിയും ചുതലകൾ ഏറ്റെടുത്ത് നടത്തുന്നതിനുള്ള കഴിവും സ്വായത്തമാക്കുന്നതിന് അവസരവും സൃഷ്ടിക്കപ്പെടുകയാമ്. ഈ വലിയ കാർഷീകവിപ്ലവത്തിൽ പങ്കുകാരാകുന്നതിന് ഓരോ വിദ്യാർത്ഥി വിദ്യാർത്ഥികളേയും അദ്ധ്യാപകരേയും രക്ഷിതാക്കളേയും കൃഷിവകുപ്പ് ക്ഷണിക്കുകയാണ്. കേരളത്തെ പച്ചക്കറിമിക്ക സംസ്ഥാനമാക്കുന്നതിനുള്ള പ്രയാണത്തിൽ നമുക്കും പങ്കാളികളാകാം. നാടൻ പച്ചക്കറി നാടിന്‍റെ ന·യ്ക്ക് എന്നതാകട്ടെ നമ്മുടെ മുദ്രാവാക്യം.

ജോസഫ് ജോണ്‍ തേറാട്ടിൽ

കൃഷി ഓഫീസർ, പഴയന്നൂർ, തൃശൂർ

കടപ്പാട് : ദീപിക© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate