Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

പഴം- പച്ചക്കറി കൃഷി

കൂടുതല്‍ വിവരങ്ങള്‍

മാങ്കോസ്റ്റിന്‍റെ ബന്ധുവായ അച്ചാച്ച

മാങ്കോസ്റ്റിന്‍റെ ബന്ധുവായ ബൊളീവിയന്‍ സസ്യമാണ് അച്ചാച്ച എന്ന അച്ചാചെറു. അമ്ള സ്വഭാവമുള്ള ജലം ലഭിക്കുന്ന മണ്ണില്‍ തഴച്ചുവളരുന്ന ഇടത്തരം സസ്യമാണിത്. നിത്യഹരിതസ്വഭാവമുള്ള അച്ചാച്ച മരത്തില്‍ ഭൂമിക്ക് ലംബമായാണ് ശാഖകള്‍ കാണുന്നത്. സസ്യ നാമം ഗാര്‍സീനിയ ഹുമിലിസ്. ഇലകള്‍ ചെറുതും പുളിരസമുള്ളവയുമാണ്.

വേനലിനൊടുവില്‍ പൂക്കുകയും മഴക്കാലത്ത് കായ്കള്‍ പഴുക്കുകയും ചെയ്യുന്ന പ്രകൃതം. താഴേയ്ക്കൊതുങ്ങിയ ശാഖകളില്‍ വിരിയുന്ന ചെറുകായകള്‍ പഴുക്കുമ്പോള്‍ മഞ്ഞനിറമാകും. പുളിയുടെ അകമ്പടിയുള്ള മധുരമാണ് രുചി. പഴക്കാമ്പിനുള്ളിലെ വിത്തുകളാണ് നടീല്‍വസ്തു. ചെറുകൂടകളില്‍ ഇവ കിളിര്‍പ്പിച്ച്‌ ഇടത്തരം തണല്‍ ലഭിക്കുന്നിടങ്ങളില്‍ നടാം. ജൈവവളങ്ങള്‍ ചേര്‍ക്കുന്നത് വളര്‍ച്ചയെ സഹായിക്കും. വേനല്‍ക്കാലത്ത് ജലസേചനം ക്രമമായി നല്‍കണം. നാല് വര്‍ഷങ്ങള്‍കൊണ്ട് അച്ചാച്ച ഫലം നല്‍കും.

വീട്ടു വളപ്പില്‍ വേണം പപ്പായ

മണവും മധുരവും വെണ്ണപോലെ സ്ഥിരതയും ഒത്തിണങ്ങിയ പപ്പായയെ മാലാഖമാരുടെ ഫലം എന്ന് ക്രിസ്റ്റഫര്‍ കൊളംബസ് വിളിച്ചതില്‍ അത്ഭുതപ്പെടാനില്ല. അധികം സംരക്ഷണം നല്‍കിയില്ലെങ്കിലും അധികമായി ഫലം നല്‍കുന്ന ഒരു വിളയാണ് പപ്പായ.പ്രത്യേക സീസണായല്ലാതെ വര്‍ഷം മുഴുവന്‍ പപ്പായ ഫലം നല്‍കും.

വിറ്റാമിന്‍ സിയാണ് പപ്പായയില്‍ മുഖ്യമായി അടങ്ങിയിരിക്കുന്നത്. ഒപ്പം വിറ്റാമിന്‍ എ, ഇ, കെ, ബി എന്നിവയും അടങ്ങിയിട്ടുണ്ട്. കൂടാതെ ഫൈബര്‍, കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, കോപ്പര്‍, എന്നീ ധാതുക്കളും ധാരാളം മിനറല്‍സും അടങ്ങിയിട്ടുണ്ട്. നല്ല വാസനയും സ്വാദും നല്‍കുന്നതിനോടൊപ്പം പഴുത്ത് പാകമായ പപ്പായ ചര്‍മ സൗന്ദര്യത്തിനും ഉപയോഗിക്കുന്നുണ്ട്.

പോഷക സമൃദ്ധമായ പപ്പായ രക്തചംക്രമണ വ്യവസ്ഥയുടെ ശരിയായ പ്രവര്‍ത്തനത്തിന് സഹായിക്കുകയും വന്‍കുടലിലെ കാന്‍സറിനെ തടയുകയും ചെയ്യുന്നു. പപ്പായയിലടങ്ങിയിരിക്കുന്ന അസെറ്റോജെനിന്‍ എന്ന ഘടകമാണ് ഡെങ്കിപ്പനി, ക്യാന്‍സര്‍ മലേറിയ എന്നിവയെ പ്രതിരോധിക്കുന്നത്.

ആര്‍ട്ടീരിയോസ്ക്ളീറോസിസ്, പ്രമേഹം, ഹൃദ്രോഗം, കൊളസ്ട്രോള്‍ എന്നിവയെ നിയന്ത്രിക്കാന്‍ പപ്പായ ധാരാളം. ദഹനസംബന്ധമായ രോഗങ്ങള്‍ക്കും പപ്പായ നല്ലതാണ്.

എല്ലാ സമയത്തും വിളവു നല്‍കുന്ന ഫലവൃക്ഷമെന്ന നിലയില്‍ പപ്പായ വീട്ടുവളപ്പിലും വാണിജ്യാടിസ്ഥാനത്തിലും കൃഷി ചെയ്യാവുന്നതാണ്. കുംഭം-മീനം മാസങ്ങളിലാണ് പപ്പായ മുളപ്പിക്കാന്‍ അനുയോജ്യം.

പഴുത്ത് പാകമായ പപ്പായയില്‍ നിന്ന് വിത്തുകള്‍ ശേഖരിക്കണം. ചാരവും ചാണകപ്പൊടിയും ചേര്‍ത്ത് വിത്ത് ഗ്രോബാഗുകളില്‍ നടാവുന്നതാണ്. ഇല നന്നായി വിരിഞ്ഞ് വളര്‍ച്ചയെത്തുമ്പോള്‍ കൃഷിയിടത്തിലേക്ക് മാറ്റി നടാം. ഒന്നരമീറ്റര്‍ അകലത്തില്‍ വേണം ഒരോ തൈയും നടാന്‍.

വളര്‍ച്ചയനുസരിച്ച്‌ ആവശ്യാനുസരണം ചാണകവും മറ്റ് ജൈവവളങ്ങളും ചേര്‍ക്കുന്നത് നല്ലതാണ്. കായ്ഫലം വര്‍ദ്ധിച്ചാല്‍ ഭാരം താങ്ങാനാകാതെ ചെടി ഒടിഞ്ഞു വീഴാന്‍ സാദ്ധ്യത കൂടുതലാണ്. അതിന് ആവശ്യമായ താങ്ങ് നല്‍കുകയോ കയറുപയോഗിച്ച്‌ വലിച്ച്‌ കെട്ടുകയോ വേണം. ആവശ്യത്തിന് വെള്ളം നല്‍കണം. വെള്ളം അധികമാകുന്നത് അഴുകുന്നതിന് ഇടയാക്കും.

വാണിജ്യാടിസ്ഥാനത്തിലല്ലെങ്കിലും വീട്ടുവളപ്പില്‍ ഒരു പപ്പായയുള്ളത് നല്ലതാണ്. മുടങ്ങാതെ പോഷക സമൃദ്ധവും കീടനാശിനി പ്രയോഗിക്കാത്തതുമായ ഒരു ഫലം കഴിക്കുകയും ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യാം.

മധുരം കിനിയും കൈതച്ചക്ക

വലിയ ബുദ്ധിമുട്ടില്ലാതെ ആര്‍ക്കും കൃഷി ചെയ്യാവുന്നതേയുള്ളൂ കൈതചക്ക. നീര്‍വാര്‍ച്ചയുള്ള മണ്ണാണ് കൈതച്ചക്കയുടെ വളര്‍ച്ചയ്ക്ക് ഉത്തമം. വയലിലായാലും ഉയര്‍ന്ന പ്രദേശങ്ങളിലായാലും വാരങ്ങള്‍ക്കിടയ്ക്ക് കൃത്യമായ നീര്‍വാര്‍ച്ച സൗകര്യങ്ങള്‍ ഉറപ്പുവരുത്തണം. എന്നാല്‍ വെള്ളക്കെട്ട് പാടില്ല. ഏപ്രില്‍ മെയ് ആണ് കൈതച്ചക്ക കൃഷിക്ക് നടീല്‍ സമയം. ആഗസ്ത് സെപ്തംബര്‍ മാസങ്ങളിലും നടാം. മഴ കുറഞ്ഞ സമയമാണ് പൊതുവേ കൈതചക്ക കൃഷിക്ക് അനുയോജ്യം. തനിവിളയായും ഇടവിളയായും കൃഷി ചെയ്യാം. വേനല്‍കാലത്ത് രണ്ടാഴ്ച ഇടവിട്ടു നനച്ചാല്‍ ചക്കയുടെ വലിപ്പവും തൂക്കവും കൂടും. കൈതച്ചെടിയുടെ അടിയില്‍ നിന്നുണ്ടാവുന്ന മുളപ്പാണ് (കാനി) നടാന്‍ ഉപയോഗിക്കുന്നത്. ചെടിയുടെ താഴത്തെ ഇല തണ്ടുമായി ചേരുന്ന ഭാഗത്താണ് മുളപ്പുണ്ടാകുന്നത്.

ചക്കയുടെ അടിയില്‍ നിന്നുവരുന്ന സ്ലിപ്പുകളും, ചക്കയുടെ മുകളില്‍ വളര്‍ന്നു നില്‍ക്കുന്ന മകുടവും കൂടാതെ തണ്ട് മുറിച്ച് മുളപ്പിച്ചവയും നടീല്‍ വസ്തുക്കളാക്കാറുണ്ട്. ടിഷ്യുകള്‍ച്ചര്‍ തൈകളും സാധാരണയായി നട്ടുവരുന്നുണ്ട്. കീടരോഗബാധയില്ലാത്ത നല്ല ആരോഗ്യമുള്ള കാനികളാണ് നടാന്‍ തിരഞ്ഞെടുക്കേണ്ടത്. അവയുടെ വലിപ്പമനുസരിച്ച് വലിയത്, ഇടത്തരം, ചെറുത് എന്നിങ്ങനെ തരംതിരിച്ച് നടാവുന്നതാണ്. തിരഞ്ഞെടുത്ത കാനികള്‍ നടീലിനുമുമ്പ് പത്ത്പതിനഞ്ച് ദിവസം തണലത്ത് പായ വിടര്‍ത്തി വച്ച് പാകമാക്കണം.

നിലമൊരുക്കുമ്പോള്‍ അടിവളമായി സെന്‍റൊന്നിന് 100 കിലോഗ്രാം എന്ന തോതില്‍ ചാണകമോ കമ്പോസ്റ്റോ ചേര്‍ക്കാം. രാസവളകൃഷിയില്‍ ഓരോ ചെടിക്കും 30ഗ്രാം യൂറിയ, 30 ഗ്രാം ഫോസഫേറ്റ്, 20 ഗ്രാം പൊട്ടാഷ് എന്നിവ ഒരു കാലയളവില്‍ നല്‍കാം. മഴപെയ്ത് മണ്ണ് നനഞ്ഞ ഉടനെത്തന്നെ കൃഷി സ്ഥലം നന്നായി കിളച്ചു മറിച്ചാണ് മണ്ണൊരുക്കേണ്ടത്. വരികള്‍ക്കിടയ്ക്ക് ആവശ്യത്തിന് നീര്‍ച്ചാലുകള്‍ നിര്‍മ്മിക്കണം. കടുത്ത വേനലില്‍ ആഴ്ചയിലൊരിക്കല്‍ നന സൗകര്യമുള്ള കൃഷിയിടങ്ങളില്‍ വലിയ ചക്കകള്‍ ലഭിക്കാറുണ്ട്. കൈതോലയിലെ മുള്ളുകള്‍ കാരണം ഇടകളില്‍ വരുന്ന കളകള്‍ നീക്കാന്‍ വലിയ ബുദ്ധിമുട്ടാണ്. എന്നാല്‍ രാസകൃഷിയില്‍ യൂറോണ്‍ 3 കിലോ അല്ലെങ്കില്‍ ബ്രോമസീല്‍ രണ്ടര കിലോ എന്നിവ 600 ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ചാല്‍ കളകള്‍ മുളച്ചുപൊന്തുന്നത് തടയാം. തനിവിളയായും റബ്ബര്‍തോട്ടം തെങ്ങിന്‍തോപ്പ് എന്നിവിടങ്ങളില്‍ ഇടവിളയായും കൈതച്ചക്ക നടാറുണ്ട്. ചക്ക വിരിഞ്ഞു വന്നാല്‍ മകുടത്തിന്‍റെ കൂമ്പ് മാത്രം നുള്ളിക്കളയുന്നത് ചക്കകളുടെ വലിപ്പം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

വിളവെടുപ്പ് കഴിഞ്ഞാല്‍ നടച്ചാലുകളിലേക്ക് നീണ്ടുനില്‍ക്കുന്ന ഇലകള്‍ മുറിച്ച് നീക്കി മുരടില്‍ വളം ചേര്‍ത്ത് മൂടിയാല്‍ ധാരാളം കന്നുകള്‍ പൊട്ടിവരും. അവയില്‍ ഏറ്റവും കരുത്തുള്ള ഒന്നോ രണ്ടോ മാത്രം നിലനിര്‍ത്തി ബാക്കി അടര്‍ത്തിമാറ്റണം.

പാഷന്‍ ഫ്രൂട്ടിന്‍റെ ഔഷധഗുണങ്ങള്‍

പാഷന്‍ ഫ്രൂട്ട് വെറുമൊരു നത്തോലി പഴമല്ല. ഗുണങ്ങള്‍ കേട്ടാല്‍ സ്രാവല്ല തിമിംഗലമാണെന്നു പറയേണ്ടി വരും. അത്രയ്ക്ക് ഔഷധ ഗുണവും പോഷക സമ്പുഷ്ടവുമാണ് പാഷന്‍ ഫ്രൂട്ട്. നാരുകള്‍ ഉള്ള ഈ പഴം നാഡീസംബന്ധമായ രോഗങ്ങള്‍ക്കും ഉറക്കക്കുറവിനും സിദ്ധൗഷധമാണ്. പാഷന്‍ ഫ്രൂട്ട് കഴിക്കുന്നത് ശീലമാക്കി നോക്കൂ. ജീവിതം തന്നെ മാറിമറിയും.

പാസിഫ്ലോറിന്‍ സമ്മര്‍ദ്ദം കുറയ്ക്കും

പാസിഫ്ലോറ കുടുംബത്തില്‍്പ്പെട്ട പാഷന്‍ ഫ്രൂട്ടില്‍് നിന്നും വേര്‍്തിരിച്ചെടുക്കുന്ന പാസിഫ്ലോറിന്‍ എന്ന ഘടകം മാനസിക സമ്മര്‍ദ്ദം അകറ്റാനുള്ള ഒറ്റമൂലി കൂടിയാണ്. പല മരുന്നുകളിലേയും അവിഭാജ്യ ഘടകമാണിത്. ടെന്‍ഷന്‍ മാത്രമല്ല ഹൃദ്രോഗത്തേയും കാന്‍്സറിനെയും പ്രതിരോധിക്കാന്‍് പാഷന്‍ ഫ്രൂട്ടിന് കഴിയും.

പാസിഫ്ലോറിന്‍ മാത്രമല്ല റൈസോഫ്ളാവിനും നിയാസിനും ഫോസ്ഫറസും ഇരുമ്പും നാരുകളുമെല്ലാം പാഷന്‍ ഫ്രൂട്ടിന്‍റെ രുചിയും ഗുണവും കൂട്ടുന്നു. ഇക്കാരണത്താല്‍ ലോക വിപണിയില്‍ പാഷന്‍് ഫ്രൂട്ടിന് ഡിമാന്‍്ഡ് കൂടുകയാണ്. ബ്രസീല്‍, ഓസ്ട്രേലിയ, ഫിജി എന്നീ രാജ്യങ്ങളില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ തന്നെ പാഷന്‍ ഫ്രൂട്ട് കൃഷി ചെയ്യുന്നുണ്ട്. പാഷന്‍ ഫ്രൂട്ടിന്റെ സ്വന്തം നാടായ ബ്രസീലാണ് ഉത്പാദനത്തില്‍ ഒന്നാമത്.

പാഷന്‍ ഫ്രൂട്ട് രക്തത്തിലെ കൗണ്ട് വര്‍ദ്ധിപ്പിക്കും

രക്തത്തിലെ കൗണ്ട് വര്‍ധിപ്പിക്കുവാന്‍ സഹായിക്കുന്നതിനാല്‍ പാഷന്‍ ഫ്രൂട്ടിന്‍റെ ജ്യൂസിനും ഡിമാന്‍ഡ് കൂടി. ക്ഷീണവും തളര്‍ച്ചയും മാറ്റാനും ഈ ജ്യൂസ് കഴിച്ചാല്‍ മതി. ഡെങ്കി പോലെയുളള പനികള്‍ നാട്ടില്‍ പടര്‍ന്നപ്പോഴാണ് എല്ലാവരും പാഷന്‍ ഫ്രൂട്ടിനെയും തിരിച്ചറിഞ്ഞത്. ചക്ക, പപ്പായ എന്നീ പഴങ്ങളെപ്പോലെ അവഗണനയില്‍ ആയിരുന്നു പാഷന്‍ ഫ്രൂട്ടും. മണവും നിറവും കൂട്ടാന്‍് രാസവസ്തുക്കള്‍ ഒന്നും ആവശ്യമില്ലെന്നതാണ് പാഷന്‍ ഫ്രൂട്ട് ജ്യൂസിന്‍റെ പ്രത്യേകത. മാമ്പഴ ജ്യൂസിനേക്കാള്‍ കൊതിപ്പിക്കുന്ന നിറമാണ് പാഷന്‍ ഫ്രൂട്ട് ജ്യൂസിന്റേത്.

വൈവിധ്യമേറിയ ഉത്പന്നങ്ങള്‍

പാഷന്‍ ഫ്രൂട്ടിന്‍റെ എല്ലാ ഭാഗങ്ങളും ഭക്ഷ്യയോഗ്യമാക്കാം. ജ്യൂസും ജെല്ലിയും സ്ക്വാഷുമുണ്ടാക്കാന്‍ അത്യുത്തമമാണ് പാഷന്‍് ഫ്രൂട്ട്. മാത്രമല്ല തൊണ്ട് അച്ചാറിടാം. മൂക്കുന്നതിനു മുമ്പായി പറിച്ചെടുത്താല്‍ പുളിക്ക് പകരമായി കറികളില്‍ ഉപയോഗിക്കാം. സിറപ്പുണ്ടാക്കിയ ശേഷം സോഡ ചേര്‍ത്ത് പാനീയം ഉണ്ടാക്കി കുടിക്കാം. പച്ച കായ എടുത്ത് കാന്താരി മുളകും ഉപ്പും ചേര്‍ത്ത് അരച്ചെടുത്താല്‍ നല്ല ചമ്മന്തി തയ്യാറാക്കാം. പാഷന്‍ ഫ്രൂട്ടിന്‍റെ കാമ്പ്, പഞ്ചസാര, കാന്താരി മുളക്, ഉപ്പ് എന്നിവ ചേര്‍ത്ത് ഉണ്ടാക്കുന്ന ജ്യൂസിന് പ്രത്യേക രുചിയാണ്. മധുരം, ഉപ്പ്, പുളി, എരിവ് എന്നീ നാലു രുചികളും ചേര്‍ന്നു വരുന്ന അപൂര്‍വ്വ സ്വാദാണ് ഈ പാനീയത്തിന്.

പാഷന്‍ ഫ്രൂട്ട് മഞ്ഞയും പര്‍പ്പിളും

രണ്ടുതരം പാഷന്‍ ഫ്രൂട്ടിനും വ്യത്യസ്ത രുചികളാണുളളത്. സാധാരണയായി പാഷന്‍ ഫ്രൂട്ടെന്നു പറഞ്ഞാല്‍ മനസ്സില്‍ തെളിയുന്നത് കടും മഞ്ഞ നിറത്തിലുളള പഴമാണ്. പര്‍പ്പിള്‍ നിറത്തിലുളള പഴം പലര്‍ക്കും പരിചയമില്ല. മഞ്ഞ നിറത്തിലുളള പഴത്തിന് പുളി രസമാണ് മേമ്പൊടി. എന്നാല്‍ നന്നായി പാകമായ പര്‍പ്പിള്‍ പാഷന്‍ ഫ്രൂട്ടിന് കടും മധുരമാണ്. കഴിക്കാനായി പഞ്ചസാര ചേര്‍ക്കേണ്ട ആവശ്യമില്ലെന്നര്‍ത്ഥം. കടും പച്ച നിറത്തിലുളള കായകള്‍ പഴുക്കുമ്പോഴാണ് നിറം മാറുന്നത്. പര്‍പ്പിള്‍ നിറത്തിലുളള പഴം പാകമായി തൊണ്ട് ചുളിഞ്ഞു തുടങ്ങിയാല്‍ കാമ്പ് നല്ല മധുരമായെന്ന് മനസ്സിലാക്കാം.

കൃഷിരീതി

നമ്മുടെ കാലാവസ്ഥയില്‍് നന്നായി വളരുന്ന ഈ വള്ളിച്ചെടിയുടെ വിത്തു മുളപ്പിച്ച തൈകളാണ് നടാന്‍ നല്ലത്. രണ്ടടി നീളവും വീതിയും താഴ്ചയുമുള്ള കുഴിയില്‍ ഒരു കിലോഗ്രാം കുമ്മായമിട്ട് മണ്ണുമായി ഇളക്കിച്ചേര്‍ക്കണം. പത്തു ദിവസത്തിനുശേഷം 15 കിലോഗ്രാം ചാണകപ്പൊടിയും മേല്‍്മണ്ണുമിട്ട് കുഴി നിറയ്ക്കണം. പശുക്കളുടെ ചാണകവും കോഴിക്കാഷ്ഠവും അടിസ്ഥാനവളമായി നല്‍കാം. ഈര്‍പ്പവും ജൈവാംശവും ഉള്ള മണ്ണില്‍ പാഷന്‍ ഫ്രൂട്ട് നന്നായി വളരും. പുളിരസം തീരെ കുറഞ്ഞ മണ്ണാണ് ഉത്തമം.

മെയ് - ജൂണ്‍ മാസങ്ങളിലും സെപ്റ്റംബര്‍ - ഒക്ടോബര്‍ മാസങ്ങളിലും പാഷന്‍ ഫ്രൂട്ട് പൂവിടും. മണ്ണില്‍ നട്ട് ടെറസ്സിലേക്ക് പടര്‍ത്തി പന്തലിടുന്ന രീതിയാണ് പൊതുവേ കാണപ്പെടുന്നത്. ചെടി പടര്‍ന്നു പന്തലിച്ചാല്‍ താഴെയുളള മുറികള്‍ ശീതീകരിച്ചതിനു തുല്യമാണ്. കൂടെക്കൂടെ ഇല കൊഴിഞ്ഞ് ടെറസ് വൃത്തിഹീനവുമാകില്ല. തൈകള്‍ വളര്‍ന്ന് എട്ടു മാസം കഴിയുമ്പോള്‍ തണ്ടിനു മൂപ്പാകും. തണ്ടുകള്‍ മൂത്തുകഴിയുമ്പോഴാണ് പുഷ്പിച്ചുതുടങ്ങുക.

നല്ല തൈകള്‍ നട്ടാല്‍ എട്ടു വര്‍ഷം വരെ മികച്ച വിളവു ലഭിക്കും. വിളവെടുപ്പ് കഴിയുമ്പോള്‍ പ്രൂണിംഗ് (കൊമ്പുകോതല്‍)) നടത്തിയാല്‍ കൂടുതല്‍ ശിഖരങ്ങള്‍ പൊട്ടിമുളയ്ക്കും. ഇതിലൂടെ ഉത്പാദനം വര്‍ധിപ്പിക്കാം. ചെടികളുടെ വളര്‍ച്ചയ്ക്കും ഉത്പാദന വര്‍ധനവിനും തേനീച്ചകള്‍ സഹായിക്കുമെന്നതിനാല്‍ തേനിച്ച പെട്ടികള്‍ സ്ഥാപിക്കുകയുമാവാം

മുന്തിരിവള്ളികൾ തളിർക്കുമ്പോൾ

ഒരു കാലത്ത് കേരളത്തിൽ അത്ര പ്രചാരം ഉണ്ടായിരുന്നില്ലെങ്കിലും  ഇന്ന് മുന്തിരി കൃഷി മലയാളികളുടെ മണ്ണിലും  ധാരാളമായി കായ്ച്ചു തുടങ്ങി. കാലാവസ്ഥയും മണ്ണുമാണ് ശ്രദ്ധിക്കേണ്ടത്. മഴക്കാലമൊഴികെ ഏതു സമയത്തും നടാവുന്ന പഴമാണ് മുന്തിരിക്ക്   വെയിൽ  അത്യാവശ്യമാണ്  ഒരു വർഷം പ്രായമായതും നല്ല വളർച്ചയുള്ളതുമായ വള്ളികൾ മുറിച്ചു നട്ടാണ് മുന്തിരിയുടെ തൈകളുണ്ടാക്കുന്നത്. മുപ്പതു സെന്റി മീറ്റർ നീളത്തിൽ മുറിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് ഒരിക്കലും മുട്ടുകൾ മുറിയാതിരിക്കുക എന്നതാണ്. മുട്ടുകളുടെ ഒത്തു നടുക്കായി വരുന്നതു പോലെ വേണം മുറിക്കാൻ.

മുറിച്ചെടുത്ത തണ്ടുകളെ മണലിൽ ഒരു മാസത്തോളം സൂക്ഷിച്ചത്തിന് ശേഷം നടുന്നത് വളർച്ചയും വിളവും  കൂട്ടും. രണ്ടരയടി ചതുരത്തിലും ആഴത്തിലും വേണം കുഴിയെടുക്കാൻ. മണലും ഉണങ്ങിയ ചാണകപ്പൊടി, കുമ്മായം എന്നിവ ചേർത്ത് അഞ്ച് ദിവസം വെള്ളമൊഴിച്ച് മണ്ണ് കുതിർക്കണം. അതിൽ തൈകൾ കുഴിച്ചു വച്ച ശേഷം താങ്ങുകമ്പ് നാട്ടണം.


ദിവസവും കൃത്യമായി നനയ്ക്കാൻ ശ്രദ്ധിക്കണം. വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. ടെറസിലാണ് പന്തലൊരുക്കുന്നതെങ്കിൽ ടെറസിൽ നിന്ന് ആറടി ഉയരം വരെ വള്ളി വളർത്തിക്കൊണ്ടുവരണം. പന്തലിൽ വള്ളി തൊടുമ്പോൾ തലപ്പ് നുള്ളിവിടുക. ഇങ്ങനെ നുള്ളി വിടുന്ന തലപ്പുകൾ കൂടുതൽ വള്ളികളായി പന്തലിലേക്ക് പടർന്നു കയറും. ഇങ്ങനെ ചെയ്താൽ മാത്രമേ മുന്തിരിയിൽ കൂടുതൽ കായ ഉണ്ടാകുകയുള്ളൂ. ഇവ ഒരടി വളരുമ്പോൾ വീണ്ടും തലപ്പ് നുള്ളി വിടണം. ഈ പ്രക്രിയ വള്ളി പന്തൽ മുഴുവൻ വ്യാപിക്കുന്നതുവരെ തുടരണം. ഏകദേശം 10 മാസം കൊണ്ട് ഒരു ചെടിയുടെ വള്ളികൾ ഒരു സെന്റോളം സ്ഥലത്ത് വളരും. സാധാരണയായി ഒന്നര വർഷം വളർച്ചയെത്തുമ്പോഴാണ് മുന്തിരി പൂക്കാൻ തുടങ്ങുന്നത്.

ചെടിക്ക് വർഷംതോറും നൂറു കിലോയോളം ജൈവവളം ആവശ്യമാണ്. ചാണകം, കമ്പോസ്റ്റ്, വെർമികമ്പോസ്റ്റ് തുടങ്ങിയവ ജൈവവളമാക്കാം. ഇതിനു പുറമെ ഒരു കിലോ വീതം രാജ്‌ഫോസും പൊട്ടാഷും അര കിലോ യൂറിയയും നൽകുകയും വേണം. കൊമ്പുകോതൽ കഴിഞ്ഞയുടനാണ് പൊട്ടാഷ് ഒഴികെയുള്ള വളം നൽകേണ്ടത്. പൂവിടുന്ന സമയത്താണ് പൊട്ടാഷ് നൽകേണ്ടത്.

മുന്തിരിക്കുലകൾ ചെടിയിൽ വച്ചുതന്നെ പഴുക്കുന്നതാണ് നല്ലത്. പഴങ്ങൾ പറിച്ച ശേഷം വീണ്ടും കൊമ്പുകോതിയാൽ ഒരു വർഷം തന്നെ മൂന്നുതവണ വിളവെടുക്കാം. കിളികളുടെ ഉപദ്രവം ഉണ്ടാവാതിരിക്കാൻ കുലകളെ നെറ്റ് വിരിച്ച് സംരക്ഷിക്കാവുന്നതാണ്. വെർമി ടീ (മണ്ണിര കമ്പോസ്റ്റ് നിർമ്മിക്കുമ്പോൾ ലഭിക്കുന്നത് ) ഇലകളിൽ നേർപ്പിച്ച് തളിച്ചാൽ ഇലച്ചുരുളൽ രോഗം മാറിക്കിട്ടും. ചുവട്ടിലെ മണ്ണ് ഇളകിപോകാതെയും എപ്പോഴും ഈർപ്പം നിലനിർത്താനും ശ്രദ്ധിക്കണം. വിളവെടുക്കുന്നതിന് ഒരാഴ്ച മുമ്പ് നനയ്ക്കുന്നത് നിർത്തണം. ഇത് മുന്തിരിയുടെ മധുരം കൂട്ടാൻ സഹായകരമാകും.

ഭംഗിയും ഗുണവും ഏറെയുള്ള എഗ്ഫ്രൂട്ട്

മനോഹരമായ സ്വർണവർണമുള്ള പഴമാണ് കാനിസ്റ്റൽ അഥവാ എഗ്ഫ്രൂട്ട്. ഭംഗിയും ഗുണവും ഈ സ്വർണപ്പഴങ്ങൾക്കു വളരെ അധികമാണ്, പക്ഷേ എന്തുകൊണ്ടോ കേരളത്തിൽ അധികം പ്രചാരത്തിലില്ല. അപൂർവം വീടുകളിൽ മാത്രമേ നല്ല തണൽ ചാർത്തി നില്ക്കുന്ന ഇലച്ചാർത്തുള്ള മരവും അതിൽ സ്വർണവർഷം പോലെ തിളങ്ങുന്ന കായ്കളും കാണപ്പെടുന്നുള്ളൂ. കേരളത്തിലെന്നല്ല ഇന്ത്യയിലും അധികം കൃഷി ചെയ്യപ്പെടുന്നില്ല എന്നതാണ് വസ്തുത. 
വളരെയേറെ ഗുണസമ്പന്നമായ ഈ ഫലവൃക്ഷത്തിന്‍റെ ഔഷധഗുണമോ, വിപണനസാധ്യതയോ നമ്മുടെ നാട്ടുകാർ ഉപയോഗപ്പെടുത്തിയിട്ടില്ല. മലേഷ്യ തുടങ്ങിയ വിദേശരാജ്യങ്ങളിൽ വളരെയേറെ വിലപിടിപ്പുള്ള ഫലമാണിത്. പുഴുങ്ങിയമുട്ടയുടെ മഞ്ഞക്കരുവിന്‍റെ നിറവും പ്രകൃതിയും ഉള്ളതിനാലാണ് ഈ ഫലം എഗ് ഫ്രൂട്ട് എന്നറിയപ്പെടുന്നത്. പുഴുങ്ങിയ മത്തങ്ങയുടെയോ മധുരക്കിഴങ്ങിന്‍റെയോ ഗന്ധമുള്ള എഗ്ഫ്രൂട്ടിന് ഒരു പ്രത്യേകതരം രുചിയാണ്. എല്ലാവർക്കും ഈ രുചി അത്ര പഥ്യമല്ലെങ്കിലും ഈ സ്വർണപ്പഴത്തിന്‍റെ രുചി ഏറെ ഇഷ്ടപ്പെടുന്നവരുമുണ്ട്. നല്ലപോലെ പഴുത്താൽ മാത്രമേ കഴിക്കാൻ പാകമാകൂ. എന്നാൽ അധികമായി പഴുത്തുപോയാൽ പഴം പൊട്ടി, തൊലി അടരുന്ന അവസ്ഥ ഉണ്ടാകുന്നു. പഴുത്തഫലം പുറത്ത് അധികനാൾ സൂക്ഷിക്കാൻ കഴിയില്ല. സപ്പോട്ടയുടെ കുടുംബത്തിൽപ്പെടുന്ന ഫലത്തിനു സപ്പോട്ടയുമായുള്ള സാദൃശ്യം കൊണ്ടുതന്നെ മഞ്ഞസപ്പോട്ട എന്നും അറിയപ്പെടുന്നു. 

ചില ഇടങ്ങളിൽ ഗോൾഡൻ ഫ്രൂട്ട് എന്നും പറയുന്നു. കടുംബ്രൗണ്‍ വിത്താണ് പൊതുവേയുള്ളത്. സ്വാദ് അത്രയ്ക്കങ്ങ് പ്രിയമല്ലെങ്കിലും ഇതിന്‍റെ ഗുണം കേട്ടാൽ എല്ലാവർക്കും ഇതിനോട് പ്രിയം തോന്നും. ഇരുമ്പ്, കാൽസ്യം, പ്രോട്ടീനുകൾ, വിറ്റാമിനുകൾ എന്നിവ വളരെ കൂടുതലുണ്ട്.
ജീവകം എ യുടെ വലിയ സ്രോതസുമാണ്. മനുഷ്യ ശരീരത്തിലെ രക്തവർധനയ്ക്കും രക്ത ചംക്രമണത്തിനും സഹായിക്കുന്ന എഗ്ഫ്രൂട്ട് നല്ല ഓർമയ്ക്കും സഹായകമാണ്. ജൂണ്‍--,ജൂലൈ മാസമാണ് വിളവെടുപ്പുകാലം. കീടശല്യമോ, മറ്റു രോഗങ്ങളോ അധികം ബാധിക്കാത്ത ഒരു ഫലവൃക്ഷം കൂടിയായ എഗ് ഫ്രൂട്ടിന്‍റെ കൃഷിയും എളുപ്പമാണ്. വലിയ ഫലസമ്പുഷ്ടമല്ലാത്ത മണ്ണിൽ പോലും വളരുന്ന മരമാണ്. മറ്റു പല ഫലവൃക്ഷങ്ങളെയും പോലുള്ള വളമിടലോ, പരിചരണമോ പോലും പലപ്പോഴും വേണ്ടിവരുന്നില്ല. എന്നാൽ നന്നായി പരിപാലിച്ചാൽ നല്ല വിളവു ലഭിക്കും.
സാധാരണയായി വിത്ത് കിളിർപ്പിച്ചാണ് പുതിയ തൈ ഉണ്ടാക്കുന്നത്. വിത്തു തനിയെ വീണ് പുതിയ തൈകൾ ഉണ്ടാകുന്നുണ്ട്. ചെടികൾ മൂന്നു നാല് വർഷം കൊണ്ട് മരമായി മാറുകയും കായ്ച്ചു തുടങ്ങുകയും ചെയ്യും. തൊലി കളഞ്ഞ പഴം, പാലും പഞ്ചസാരയും ചേർത്ത് മിക്സിയിൽ അടിച്ച് രുചിയും ഗുണവും ഭംഗിയും നിറഞ്ഞ മിൽക്ക് ഷേക്ക് ഉണ്ടാക്കാം. ഐസ്ക്രീമിലും കസ്റ്റാഡിലും ബ്രഡിലും ചേർക്കുന്നുണ്ട്. ജാമും ഇവയിൽ നിന്ന് ഉണ്ടാക്കുന്നു. ചില സ്ഥലങ്ങളിൽ സലാഡുകളിലും ഇവ ചേർത്തുവരുന്നു. മുഖകാന്തി വർധിപ്പിക്കുന്ന പഴത്തെ പ്രകൃതിദത്തമായ ഫേഷ്യൽ ക്രീമായും ചിലർ ഉപയോഗിക്കുന്നു. ആരോഗ്യത്തിനും ശരീരസൗന്ദര്യത്തിനും ഉത്തമമാണ്.

അത്തിപ്പഴത്തിന്‍റെ ഗുണങ്ങള്‍

അത്തിപ്പഴത്തെപ്പറ്റി കേട്ടിട്ടില്ലാത്തവര്‍ ആരുംതന്നെയില്ല. ആര്‍ട്ടിക്കേസി കുടുംബത്തില്‍പ്പെട്ട ഇതിന്‍റെ ശാസ്ത്രനാമം ഫൈക്കസ് കാരിക്ക എന്നാണ്. ഫൈക്കസ് ജനുസില്‍ ഉള്‍പ്പെടുന്ന ഇത് കണ്‍ട്രിഫിഗ് എന്നും അറിയപ്പെടുന്നു. ശീമയത്തി, കാട്ടത്തി, ചുവന്നയത്തി, കൊടിയത്തി, കല്ലത്തി, മലയത്തി, വിഴുലത്തി, പേരത്തി, കരുകത്തി എന്നിങ്ങനെ 13 ഇനം അത്തികളുണ്ടെന്നാണ് ആയുര്‍വേദമതം. ഇവയില്‍ ശീമയത്തിയാണ് മരുന്നിനായി സാധാരണ ഉപയോഗിക്കുന്നത്. അത്യുല്‍പ്പാദനശേഷിയുള്ള സിംല അത്തിയും വലിപ്പമാര്‍ന്ന പഴമുള്ള ഇസ്രായേല്‍ അത്തിയും പല സ്ഥലങ്ങളിലും കൃഷി ചെയ്തുവരുന്നുണ്ട്.
പലസ്തീനാണ് അത്തിയുടെ ജന്മസ്ഥലം. അത്തിയെപ്പറ്റി ബൈബിളിലും പരാമര്‍ശിക്കപ്പെടുന്നുണ്ട്. ഇസ്രയേല്‍, പലസ്തീന്‍ ദേശങ്ങളില്‍ വ്യാപകമായി വളരുന്ന അത്തി ഇന്ത്യ, ശ്രീലങ്ക, തുര്‍ക്കി, അമേരിക്ക, ഗ്രീസ്, ഇറ്റലി എന്നീ രാജ്യങ്ങളിലും കാണപ്പെടുന്നു. പത്തു മീറ്ററോളം ഉയരത്തില്‍ വളരുന്ന അത്തിമരത്തിന്‍റെ കട്ടിയുള്ള ഇലകള്‍ക്ക് അണ്ഡാകാരമാണ്. ഇരുപത് സെന്‍റീമീറ്ററോളം നീളവും കാണും. ഇലകള്‍ പെട്ടെന്ന് വാടിവീഴാത്തതുകൊണ്ട് ഭക്ഷണം വിളമ്പിക്കഴിക്കുവാന്‍ ഉപയോഗിക്കുന്നു. നിറയെ ശാഖകളുമായി ഇടതൂര്‍ന്ന് വളരുന്നതിനാല്‍ തണല്‍വൃക്ഷമായും ഇവയെ നട്ടുവളര്‍ത്താം. ഇന്ത്യയില്‍ പൂനൈ, ബംഗളൂരു എന്നിവിടങ്ങളില്‍ അത്തി ധാരാളമായി കൃഷി ചെയ്തുവരുന്നു. മിതശീതോഷ്ണ മേഖലയില്‍ ചതുപ്പുനിലങ്ങളൊഴികെയുള്ള എല്ലാ പ്രദേശങ്ങളിലും അത്തി നന്നായി വളരും. വിത്ത് കിളിര്‍ക്കാത്തതുകൊണ്ട് മുറ്റിയ കമ്പ് നട്ടാണ് വളര്‍ത്തേണ്ടത്. എന്നാലും പതിവെച്ചുണ്ടാക്കുന്ന തൈകള്‍ പെട്ടെന്ന് വളരുകയും കായ്ക്കുകയും ചെയ്യും.
ഒരു മീറ്റര്‍ സമചതുരത്തിലും ആഴത്തിലും കുഴിയെടുത്ത് മേല്‍മണ്ണും ജൈവവളവും ചേര്‍ത്ത് കുഴി നിറച്ച് അര കിലോഗ്രാം എല്ലുപൊടി വിതറി തൈകള്‍ നടാം. ആദ്യകാല ശുശ്രൂഷകള്‍ക്കുശേഷം മറ്റൊരു പരിചരണവും ഇവയ്ക്കാവശ്യമില്ല. മൂന്നാം കൊല്ലം തൊട്ട് കായ് പറിച്ചു തുടങ്ങാം. നാടന്‍ ഇനങ്ങളെ അപേക്ഷിച്ച് സിംല, ഇസ്രയേല്‍ എന്നീ ഇനങ്ങളില്‍ മിക്കവാറും എല്ലാ കാലങ്ങളിലും കായുണ്ടാകും.
നവംബര്‍ മാസത്തെ ഇല പൊഴിച്ചിലിനു ശേഷം തായ്ത്തടിയിലും ശിഖരങ്ങളിലും പുറത്തുകാണുന്ന വേരുകളുള്‍പ്പെടെയുള്ള ഭാഗങ്ങളിലുമെല്ലാം നിറയെ കുലകളായി കായ്പിടിക്കുന്നു. പുഷ്പമഞ്ജരികള്‍ക്കുള്ളില്‍ നീണ്ട കുലകളായി പെണ്‍പൂക്കളും ആണ്‍പൂക്കളും ഒന്നായി കാണപ്പെടുന്നു. ഇത്തരം പൂക്കളില്‍ ശലഭങ്ങള്‍ വന്നിരിക്കുമ്പോഴുണ്ടാവുന്ന ചെറുമര്‍ദം കൊണ്ടാണ് പരാഗണം നടക്കുന്നത്. നാടന്‍ പേരയ്ക്കയുടെ വലിപ്പത്തില്‍ ഇളംചുവപ്പുനിറമുള്ള 10-15 പഴങ്ങള്‍ ഒരു കുലയിലുണ്ടാവും. പുറംതൊലി ചെത്തിക്കളഞ്ഞ് ചെറുവിത്തുകളോടു കൂടി അത്തിപ്പഴം കഴിക്കാം. പ്രായപൂര്‍ത്തിയായ ഒരു മരത്തില്‍ നിന്നും 10-15 കിലോഗ്രാം പഴം ലഭിക്കും. മരത്തില്‍ നിന്ന് പഴുക്കുന്നവയ്ക്കാണ് കൂടുതല്‍ സ്വാദ്.
ഉണങ്ങിയ അത്തിപ്പഴത്തില്‍ അമ്പതുശതമാനം പഞ്ചസാരയും മൂന്നരശതമാനം മാംസ്യവും സോഡിയം, ഇരുമ്പ്, ഗന്ധകം തുടങ്ങിയ ലവണങ്ങളും അടങ്ങിയിട്ടുണ്ട്. അത്തിത്തൊലിയിട്ട് തിളപ്പിച്ച വെള്ളം തണുപ്പിച്ച് ചെങ്കണ്ണുരോഗം ബാധിച്ച കണ്ണ് കഴുകാന്‍ നല്ലതാണ്. അത്തിപ്പഴം പഞ്ചസാരയുമായി ചേര്‍ത്തുകഴിച്ചാല്‍ രക്തസ്രാവം ശമിപ്പിക്കാനും ദന്തക്ഷയവും മലബന്ധവും ഇല്ലാതാക്കാനും സാധിക്കും. മുലപ്പാലിന് തുല്യം പോഷകഗുണങ്ങള്‍ അത്തിപ്പഴത്തിലുള്ളതുകൊണ്ട് കുഞ്ഞുങ്ങള്‍ക്കും നല്‍കാം. കുട്ടികളുടെ ക്ഷീണം അകന്ന് വളര്‍ച്ച ത്വരിതപ്പെടും.

കടപ്പാട് : ഇന്‍ഫോ മാജിക്

3.03773584906
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top