Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

പരിശീലനം

വിവിധ തരത്തിലുള്ള കാർഷിക പരിശീലനങ്ങൾ

വ്യവസായി

ജന്തുജന്യ ഉല്‍പ്പന്ന വിപണി

ആഗോളതലത്തില്‍ പ്രോട്ടീന്‍ന്യൂനത മൂലമുള്ള രോഗങ്ങള്‍ നിയന്ത്രിക്കുവാനും, ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്താനും ജന്തുജന്യ പ്രോട്ടീന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാനുള്ള തന്ത്രങ്ങള്‍ക്ക് മുന്‍ഗണന നല്‍കി വരുന്നു. ലോകത്തില്‍ വെച്ചേറ്റവും കൂടുതല്‍ കന്നുകലികളുള്ള ഇന്ത്യയില്‍ ഈ രംഗത്ത് അനന്ത സാധ്യതകളാണുള്ളത്. രാജ്യത്തെ ഇറച്ചിയുല്പാദനം 4% വും കയറ്റുമതിയില്‍ 30% വും വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ജവഹര്‍ലാല്‍ നെഹ്‌റു അര്‍ബന്‍ മിഷന്‍ പദ്ധതിയിലുള്‍പ്പെടുത്തി രാജ്യത്തെ 3500 ഓളം മുനിസിപ്പല്‍ അറവുശാലകള്‍ നവീകരിക്കുവാനുള്ള പ്രവര്‍ത്തനം ഇറച്ചിയുല്പാദന മേഖല കൂടുതല്‍ ശാസ്ത്രീയവല്‍ക്കരിക്കാന്‍ ഉപകരിക്കും. രാജ്യത്തെ കന്നുകാലി വളര്‍ത്തല്‍ മേഖലയില്‍ 8% ത്തോളം തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്നു. മൊത്തം കാര്‍ഷിക ഉല്പാദനത്തിന്റെ 28% ത്തോളം സംഭാവന ചെയ്യുന്ന ഈ മേഖലയില്‍ 65-70% വും ക്ഷീരമേഖലയില്‍ നിന്നാണ്. ലോകത്തില്‍ വെച്ചേറ്റവും കൂടുതല്‍ പാലുല്പാദിപ്പിക്കുന്ന ഇന്ത്യയിലെ പ്രതിവര്‍ഷ പാലുല്പാദനം 110 ദശലക്ഷം ടണ്ണില്‍ നിന്ന് 12-ാം പദ്ധതിയുടെ ആരംഭത്തോടെ 126.42 ദശലക്ഷം ടണ്ണാക്കി ഉയര്‍ത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. മൃഗസംരക്ഷണമേഖല ഈ കാലയളവില്‍ 7% ത്തോളം വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മുട്ടയുല്‍പാദനത്തില്‍ ലോകത്ത് മൂന്നാം സ്ഥാനവും ഇറച്ചിയുല്പാദനത്തില്‍ 5-ാം സ്ഥാനത്തുമുള്ള ഇന്ത്യയിലെ കോഴിവളര്‍ത്തല്‍ രാജ്യത്തെ സമ്പദ്്ഘടനയില്‍ ചെലുത്തുന്ന സ്വാധീനം ചില്ലറയല്ല. ഇന്ത്യയില്‍ യഥാക്രമം 42 മുട്ടകളും 1400 ഗ്രാം. കോഴിയിറച്ചിയുമാണ് പ്രതിശീര്‍ഷ വാര്‍ഷിക ഉപഭോഗം. എന്നാല്‍ കേരളത്തിലിത് 72 ഉം 2 കിലോഗ്രാമുമാണ്. 2020ഓടു കൂടി കോഴിമുട്ടയുടെ ഉപഭോഗത്തില്‍ വന്‍ വര്‍ദ്ധനവാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇന്ത്യയില്‍ കോഴിയിറച്ചിയുടെ ആവശ്യകതയും ലഭ്യതയും 4.8% വും 5.2% വുമാണ്. ഇത് മറ്റേത് മേഖലയേക്കാളും ഉയര്‍ന്ന വളര്‍ച്ചാ നിരക്കാണ് സൂചിപ്പിച്ചിരിക്കുന്നത്. 
തനതു ഇന്ത്യന്‍ ജനുസ്സുകളായ സഹിവാള്‍, താര്‍പ്പാര്‍ക്കര്‍, റെഡ്‌സിന്ധി, ഗിര്‍, ധോണി, ഹരിയാന, ഓന്‍ഗോള്‍, കാന്‍കറെജ് മുതലായവയുടെ മെച്ചപ്പെട്ട ജനിതകശേഷി ഉള്‍പ്പെടുത്തുന്നത് കാലാവസ്ഥയ്ക്കിണയങ്ങിയ കന്നുകാലികളെ ഉരുത്തിരിച്ചെടുക്കാനും സുസ്ഥിരക്ഷീരവികസനത്തിനും ഉപകരിക്കും.

റോബോബാങ്കിന്റെ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് 2012 ല്‍ കാര്‍ഷികോല്‍പന്നങ്ങളുടെ വിലയില്‍ ചെറിയ ഇടിവുണ്ടാകുമെന്നാണ്! കാപ്പി, ചോളം, ഗോതമ്പ്, സോയാബീന്‍, പഞ്ചസാര, പരുത്തി, കൊക്കോ എന്നിവയില്‍ ഇത് പ്രതിഫലിക്കും. കാലിത്തീറ്റയിലെ ചേരുവകളായ ചോളം, ഗോതമ്പ് എന്നിവയിലുാകുന്ന വിലയിടിവ് കാലിത്തീറ്റ, കോഴിത്തീറ്റ വില കുറയാനിടവരുത്തും. ഇന്തോനേഷ്യ ഇറക്കുമതി നിരസിച്ച സാഹചര്യത്തില്‍ ചോളം ആഭ്യന്തര വിപണിയെ ആശ്രയിക്കുമ്പോള്‍ വില കുറയാനാണ് സാധ്യത. കര്‍ഷകര്‍ വിളവെടുപ്പുകാലത്ത് വിറ്റൊഴിവാക്കുന്ന പ്രവണതയും കൂടുതലാണ്. ജലാംശം കുറച്ച് സൂക്ഷിപ്പ്കാലം വര്‍ദ്ധിപ്പിക്കുക എറെ ശ്രമകരമായതാണ് ഇതിന് കാരണം.

കൂടുതല്‍ മഴ ലഭിച്ചത് ഈ വര്‍ഷം കോഴിവ്യവസായ മേഖലയ്ക്ക് കരുത്തേകിയിട്ടുണ്ട്. കോഴിമുട്ടയുടെ വിലയില്‍ 6% വര്‍ദ്ധനവുായിട്ടുണ്ട്. ചിലയവസരങ്ങളില്‍ മുട്ടവില മൂന്നു രൂപയിലധികം രേഖപ്പെടുത്തിയിട്ടുണ്ട്. മുട്ടയുല്പാദനവും 4% വര്‍ദ്ധിച്ചിട്ടുണ്ട്. ഇറച്ചിക്കോഴികളുടെ വിലയില്‍ 62 രൂപയും മുട്ടക്കോഴികളുടേതില്‍ 44 രൂപയും നാഷണല്‍ എഗ്ഗ് കോര്‍ഡിനേഷന്‍ കമ്മറ്റി (NECC) നിലനിര്‍ത്തിയിട്ടുണ്ട്

ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് ലോകത്തുല്പാദിപ്പിക്കുന്ന മരുന്നുകളില്‍ പകുതിയിലധികവും കന്നുകാലികള്‍ക്കും, വളര്‍ത്തുപക്ഷികള്‍ക്കും വേണ്ടിയാണ്. ഇവയുടെ അനിയന്ത്രിത ഉപയോഗം ഭക്ഷ്യവസ്തുക്കളിലൂടെ മനുഷ്യരില്‍ രോഗപ്രതിരോധശേഷി കുറയ്ക്കുമെന്ന കത്തെലുകള്‍ ഏറെ ആശങ്കയോടെയാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ 30 വര്‍ഷക്കാലയളവില്‍ മരുന്നുകളുടെ ഉപയോഗം 600% മായി വര്‍ദ്ധിച്ചിട്ടുണ്ട്. ഇവയുടെ അനിയന്ത്രിത ഉപയോഗം നിയന്ത്രിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് National Policy for Containment of Anti-microbial Resistance നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ്.

കർഷകൻ

മികച്ച തൊഴിലിന് കാര്‍ഷിക കോഴ്‌സുകള്‍

ഇന്നത്തെ ആഗോളവത്കൃത യുഗത്തില്‍ തൊഴില്‍ മേഖലയിലുണ്ടാകുന്ന മാറ്റങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. കാര്‍ഷിക രാജ്യമായ ഇന്ത്യയിലെ തൊഴില്‍ മേഖലയിലെ പ്രവണതകള്‍കനുസരിച്ച് ഉന്നത വിദ്യാഭ്യാസ ഗവേഷണ മേഖലകളില്‍ മാറ്റം വരുത്തേണ്ടതുണ്ട്. ഇന്ത്യയില്‍ കൃഷി, വ്യവസായം, സേവനങ്ങള്‍ എന്നിങ്ങനെ മൂന്ന് തട്ടുകളിലെ തൊഴില്‍ സാധ്യതകള്‍ വിലയിരുത്തുമ്പോള്‍ സേവന മേഖല കാര്‍ഷിക മേഖലയെ പിന്‍തള്ളിക്കൊണ്ട് മുന്നേറുന്ന കാഴ്ച പ്രത്യേകം പ്രകടമാണ്. എന്നാല്‍ രാജ്യത്തെ 121 കോടിയിലധികം കോടി ജനങ്ങളെ തീറ്റിപ്പോറ്റേണ്ട കാര്‍ഷിക മേഖല നേരിടുന്ന വെല്ലുവിളികള്‍ നിരവധിയാണ്. കൃഷി സംസ്‌ക്കാരത്തിന്റെ ഭാഗമെന്ന നിലയില്‍ വ്യവസായത്തിന്റെയും ബിസിനസ്സിന്റെയും ഭാഗമായ അഗ്രി ബിസ്സിനസ്സിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ഭക്ഷ്യസംസ്‌ക്കരണ രംഗത്തെ വാര്‍ഷിക വളര്‍ച്ചാ നിരക്ക് 18 ശതമാനത്തിലധികമാണ്. 51 ശതമാനത്തിലധികം പേരുടേയും ശരാശരി പ്രായം 26 വയസ്സാണ് ഇവര്‍ക്ക് നേരിട്ട് പാചകം ചെയ്യാവുന്നതും കഴിക്കാവുന്നതുമായ റെഡി ടു ഈറ്റ്, റെഡി ടു കുക്ക് ഭക്ഷ്യോല്പന്നങ്ങളോടാണ് താല്‍പര്യം. റീട്ടെയില്‍, സപ്ലൈ ചെയിന്‍, അഗ്രി ബിസിനസ്സ് രംഗത്തും വന്‍ മാറ്റങ്ങള്‍ പ്രകടമാണ്.

കൃഷി വിവരസാങ്കേതികവിദ്യയുമായി സംയോജിപ്പിച്ചുള്ള അഗ്രി ഇന്‍ഫര്‍മാറ്റി ക്‌സിനും സാധ്യതയേറുന്നു. കാര്‍ഷിക മേഖലയില്‍ ജന്തുജന്യ പ്രോട്ടീന്‍ ഉറവിടങ്ങളായ പാല്‍, മുട്ട, ഇറച്ചി എന്നിവയുടെ ഉപഭോഗം സസ്യ പ്രോട്ടീനിനേക്കാള്‍ വര്‍ദ്ധിച്ചു വരുന്നു. കൃഷി അനുബന്ധ മേഖലകള്‍ എന്നിവയിലെ പുത്തന്‍ പ്രവണതകള്‍, ഭക്ഷ്യസുരക്ഷിതത്വം, ആഗോളവത്കൃത കരാറുകള്‍, ചില്ലറ വ്യാപാരമേഖലയിലെ വിദേശ നിക്ഷേപം, റീട്ടെയില്‍, അഗ്രിബിസിനസ്സ്, ഭക്ഷ്യ സംസ്‌ക്കരണം, കയറ്റുമതി എന്നിവയ്ക്ക നുസരിച്ച് കാര്‍ഷിക വിദ്യാഭ്യാസ ഗവേഷണ രംഗത്തും ഏറെ മാറ്റങ്ങള്‍ ഇന്ന് പ്രകട മാണ്. ഇത്തരം പുത്തന്‍ വെല്ലുവിളികളെ നേരിടാനുപകരിക്കുന്ന തൊഴില്‍ മേഖലകള്‍ രാജ്യത്തിനകത്തും വിദേശത്തും രൂപപ്പെട്ടു വരുന്നു ഇതുമായി ബന്ധപ്പെട്ട കോഴ്‌സു കള്‍ നിരവധിയാണ്. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് കാര്‍ഷിക മേഖലയിലെ പുത്തന്‍ കോഴ്‌സുകള്‍, സ്ഥാപനങ്ങള്‍, അഡ്മിഷന്‍ വ്യവസ്ഥകള്‍, തൊഴില്‍ ഉപരിപഠന സാധ്യതകള്‍ എന്നിവയെ പരിചയപ്പെടുത്തുന്ന ഒരു പുത്തന്‍ പംക്തി കര്‍ഷകനില്‍ ഇനി മുതല്‍ വായിക്കാം. വിദ്യാര്‍ത്ഥികള്‍ക്കും, രക്ഷിതാക്കള്‍ക്കും ഇത്തരം അറിവുകള്‍ മികച്ച തൊഴില്‍ നേടാന്‍ സഹായിക്കും. തൊഴിലിനിണങ്ങിയ കോഴ്‌സ് കണ്ടെത്താന്‍ ശ്രമിക്കുന്നവര്‍ക്ക് ഈ പംക്തി ഏറെ പ്രയോജനപ്പെടും.

ക്ഷീരകര്‍ഷക ശാസ്ത്രജ്ഞ സംവാദം സംഘടിപ്പിക്കുന്നു

വെറ്ററിനറി സര്‍വ്വകലാശാലയുടെ എന്റര്‍പ്രണര്‍ഷിപ്പ് വിഭാഗം മൃഗസംരക്ഷണ വകുപ്പുമായി ചേര്‍ന്ന് 2013 ജൂലായ് 20 ന്  ക്ഷീര കര്‍ഷകര്‍ക്കായി ഉല്‍പാദന വര്‍ദ്ധനവിന്റെ ഭാഗമായി തൃശ്ശൂര്‍ ജില്ലയിലെ വലപ്പാട് ഗ്രാമ പഞ്ചായത്തില്‍ ക്ഷീരകര്‍ഷക ശാസ്ത്രജ്ഞ സംവാദം സംഘടിപ്പിക്കുന്നു. താല്‍പര്യമുള്ളവര്‍ക്ക്     വലപ്പാട് മൃഗാശുപത്രിയുമായി ബന്ധപ്പെടാം.

മൃഗസംരക്ഷണ മേഖലയിലെ പുത്തന്‍ സാങ്കേതികവിദ്യകള്‍

മൃഗസംരക്ഷണ മേഖലയിലെ പുത്തന്‍ സാങ്കേതികവിദ്യകള്‍ കര്‍ഷകരിലെത്തിക്കുന്നതിന്റെ ഭാഗമായി വെറ്ററിനറി സര്‍വ്വകലാശാലയുടെ എന്റര്‍പ്രണര്‍ഷിപ്പ് വിഭാഗം  കേരളത്തിലെ 14 ജില്ലകളിലും കര്‍ഷക ശാസ്ത്രജ്ഞ സംവാദവും,  Skill development പ്രോഗ്രാമും സംഘടിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഏറ്റവുമടുത്തുള്ള വെറ്ററിനറി സര്‍വ്വകലാശാലയുടെ കേന്ദ്രങ്ങള്‍, മൃഗാശുപത്രികള്‍, ക്ഷീരവികസന ഓഫീസുകള്‍ എന്നിവയുമായി ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 0487 - 2376644 എന്ന നമ്പറില്‍ ബന്ധപ്പെടുക.

CO3 ഇനം തീറ്റപ്പുല്ല്

പാലക്കാട് ജില്ലയിലെ വെറ്ററിനറി സര്‍വ്വകലാശാലയുടെ കീഴിലുള്ള തിരുവാഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തില്‍ നിന്നും CO3 ഇനം തീറ്റപ്പുല്ലിന്റെ നടീല്‍ വസ്തുക്കള്‍ കര്‍ഷകര്‍ക്ക് ലഭിയ്ക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447203151 എന്ന വിലാസത്തില്‍ ബന്ധപ്പെടുക.

മൃഗസംരക്ഷണം പരിശീലനം ആദായത്തിനും, സ്വയം തൊഴിലിനും

ഭക്ഷ്യസുരക്ഷാ പ്രതിസന്ധി നിലനില്‍ക്കുന്ന ഇക്കാലത്ത് പ്രോട്ടീനിന്റെ വര്‍ദ്ധിച്ച ആവശ്യകത നിറവേറ്റാനുള്ള എളുപ്പ മാര്‍ഗ്ഗം ജന്തുജന്യ പ്രോട്ടീനിന്റെ ഉല്പാദനം വര്‍ദ്ധിപ്പിക്കുക എന്നതാണ്. ഇതിനായി പാല്‍, മുട്ട, ഇറച്ചി എന്നിവയുടെ ഉല്പാദനം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട ്. സംസ്ഥാനത്ത് പാലിന്റെ പ്രതിശീര്‍ഷ ഉപഭോഗം പ്രതിദിനം 240 ഗ്രാമാണ്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ശുപാര്‍ശ ചെയ്യുന്നത് 280 ഗ്രാമാണ്. ദിവസം പകുതി കോഴിമുട്ട കഴിക്കണമെന്ന് ദേശീയ എഗ്ഗ് കോര്‍ഡിനേഷന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്യുമ്പോള്‍ കേരളത്തിലിത് പ്രതിവര്‍ഷം 74 മുട്ടകള്‍ മാത്രമാണ്. ഇറച്ചിയുടെ പ്രതിദിന പ്രതിശീര്‍ഷ ലഭ്യത 5 ഗ്രാമും ആവശ്യകത 15 ഗ്രാമുമാണ്. അതിനാല്‍ ലഭ്യതയും ആവശ്യകതയും തമ്മില്‍ വന്‍ അന്തരം നിലനില്‍ക്കുന്നു. അതിനാല്‍ ഈ രംഗത്ത് വന്‍ സാധ്യതകളാണ് നിലനില്‍ക്കുന്നത്. സ്വയം തൊഴില്‍, ഉപതൊഴില്‍, ഗ്രൂപ്പ് സംരംഭങ്ങളിലൂടെ ജന്തുജന്യ ഉല്‍പന്നങ്ങളുടെ ഉല്പാദനം, വിപണനം എന്നിവ വര്‍ദ്ധിപ്പിച്ച് സ്വയം പര്യാപ്തതയിലേക്കുള്ള ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടും.

അഭ്യസ്ത വിദ്യരായ യുവതീയുവാക്കളെ തൊഴില്‍സംരംഭകത്വ പരിപാടിയിലൂള്‍പ്പെടുത്തി മൃഗസംരക്ഷണ മേഖലയില്‍ പുത്തന്‍ സംരംഭങ്ങള്‍ തുടങ്ങാവുന്നതാണ്.

മൃഗസംരക്ഷണമേഖല ലാഭകരമായി പ്രവര്‍ത്തിക്കാന്‍ ശാസ്ത്രീയ പ്രജനനം, തീറ്റക്രമം, പരിചരണം, രോഗനിയന്ത്രണമാര്‍ഗങ്ങള്‍, വിപണനം എന്നിവ അത്യന്താപേക്ഷിതമാണ്.

ഫാമുകള്‍ തുടങ്ങുന്നതിനു മുമ്പ് ഭൗതിക സൗകര്യങ്ങളെക്കുറിച്ച് അറിയേണ്ടതുണ്ട ്. സ്ഥല ലഭ്യത, റോഡ്, വൈദ്യുതി, വെള്ളം എന്നിവയുടെ ലഭ്യത, വിപണന സാധ്യത മുതലായവയെക്കുറിച്ച് വ്യക്തമായ ധാരണ വേണം. മികച്ചയിനം കന്നുകാലികളുടെ ലഭ്യത, തെരഞ്ഞെടുക്കല്‍, തൊഴുത്ത്, കൂട് നിര്‍മ്മാണം, പരിപാലനമുറകള്‍, മാലിന്യ നിര്‍മാര്‍ജ്ജനം എന്നിവയെക്കുറിച്ചും വ്യക്തമായ ധാരണ വേണം.

മൃഗസംരക്ഷണ യൂണിറ്റുകള്‍ ലാഭകരമായി പ്രവര്‍ത്തിപ്പിക്കാന്‍ ശാസ്ത്രീയ പരിശീലനം അത്യന്താപേക്ഷിതമാണ്. പരിശീലനം ലഭിക്കാതെ തുടങ്ങുന്ന ഫാമുകള്‍ കുറഞ്ഞ ഉത്പാദനക്ഷമത, പരിചരണ തകരാറുകള്‍, രോഗങ്ങള്‍ എന്നിവ മൂലം പാതിവഴിയില്‍ അടച്ചുപൂട്ടേണ്ടി വരാറുണ്ട ്.

ഇന്ന് നിരവധി വിദേശ മലയാളികളും, തൊഴില്‍ സംരംഭകരും ഫാമുകള്‍ തുടങ്ങാന്‍ തയ്യാറായി വരുന്നുണ്ട ്. ചെറുകിട യൂണിറ്റുകള്‍ തുടങ്ങാന്‍ കുടുംബശ്രീ യൂണിറ്റുകളും താല്‍പര്യം പ്രകടിപ്പിച്ചു വരുന്നു. പശു, ആട്, ഇറച്ചിക്കോഴി, മുട്ടക്കോഴി, താറാവ്, കാട, പന്നി വളര്‍ത്തല്‍ യൂണിറ്റുകള്‍, പാല്‍, ഇറച്ചി സംസ്‌ക്കരണ യൂണിറ്റുകള്‍, ഇറച്ചിക്കായി പോത്തിന്‍ കുട്ടികളെ വളര്‍ത്തുന്ന യൂണിറ്റ്്, സംയോജിത മൃഗസംരക്ഷണ യൂണിറ്റുകള്‍, സമ്മിശ്ര സംരംഭങ്ങള്‍ എന്നിവ ഇവയില്‍ ഉള്‍പ്പെടുന്നു.

മൃഗസംരക്ഷമേഖലയില്‍പരിശീലനം നല്‍കാന്‍ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്, ക്ഷീരവികസന വകുപ്പ്, വെറ്ററിനറി സര്‍വ്വകലാശാല, ക്ഷീരോല്പാദക യൂണിറ്റുകള്‍ (മില്‍മ), കന്നുകാലി വികസന ബോര്‍ഡ് തുടങ്ങിയ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നു.

മൃഗസംരക്ഷണവകുപ്പ് തൊഴില്‍ സംരംഭകത്വ വികസന പദ്ധതിയിലുള്‍പ്പെടുത്തി നിരവധി പരിശീലന പരിപാടികള്‍ ആവിഷ്‌ക്കരിച്ച് വരുന്നു.

ഇവയില്‍ പ്രധാനപ്പെട്ടവയാണ് ഒരാഴ്ചവരെ നീണ്ടു നില്‍ക്കുന്ന ഹൈടെക് ഡയറി ഫാമിംഗ്, പാലുല്പന്ന നിര്‍മ്മാണം, ശാസ്ത്രീയ കറവരീതികള്‍, കറവ യന്ത്രങ്ങള്‍, കോഴിയിറച്ചി സംസ്‌ക്കരണം, കോഴിയിറച്ചി മൂല്യ വര്‍ദ്ധിത ഉല്‍പന്ന നിര്‍മ്മാണം എന്നിവ.

25 ദിവസത്തെ ഹാച്ചറി മാനേജ്‌മെന്റ്, 15 ദിവസത്തെ ഇറച്ചിയുല്പന്ന നിര്‍മ്മാണം എന്നിവയും മൃഗസംരക്ഷണ എന്റര്‍പ്രണര്‍ഷിപ്പ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൃഗസംരക്ഷണ വകുപ്പിന്റെ പരിശീലന കേന്ദ്രങ്ങള്‍, വെറ്ററിനറി സര്‍വ്വകലാശാല, മില്‍മ, ക്ഷീരവികസന വകുപ്പ്, കേരള കന്നുകാലി വികസന ബോര്‍ഡ്, പൌള്‍ട്രി ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍, മീറ്റ്് പ്രൊഡക്ട്‌സ് ഓഫ് ഇന്ത്യ, ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി എന്നിവിടങ്ങളില്‍ നിന്ന് പരിശീലനം നല്‍കും. മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ കടപ്പനക്കുന്ന്, ആലുവ, തലയോലപ്പറമ്പ്, മുയാട് പരിശീലന കേന്ദ്രങ്ങള്‍ തൊഴില്‍ സംരംഭക്ത്വ പരിശീലനത്തിനായി പ്രവര്‍ത്തിയ്ക്കും. മൊത്തം പദ്ധതിയിലൂടെ 4000 പേര്‍ക്ക് പരിശീലനം നല്‍കും.

ഹൈടെക് ഡയറി ഫാമിംഗ് പരിശീലനത്തില്‍ ശാസ്ത്രീയ പശുവളര്‍ത്തല്‍, യന്ത്രവല്‍ക്കരണം, മാലിന്യ നിര്‍മാര്‍ജ്ജനം, പരിചരണം തുടങ്ങിയ വിവിധ മേഖലകളുമായി ബന്ധപ്പെട്ട് പരിശീലനം നല്‍കും.

മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള ഈ പരിശീലന കേന്ദ്രങ്ങള്‍

1. കടപ്പനക്കുന്ന്, തിരുവനന്തപുരം - 0471 - 2732918
2. ആലുവ - 0484 - 2624441
3. മുയാട്, കണ്ണൂര്‍ - 0497 - 2721168
4. കോഴി വളര്‍ത്തല്‍ പരിശീലന കേന്ദ്രം
സെന്‍ട്രല്‍ ഹാച്ചറി, ചെങ്ങന്നൂര്‍ - 0479 - 2452277
5. തലയോലപ്പറമ്പ്, കോട്ടയം - 9447189272
6. മലമ്പുഴ, പാലക്കാട് - 0491 - 2815206


പരിശീലന കേന്ദ്രങ്ങളില്‍ മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ഹ്രസ്വകാല പരിശീലനങ്ങള്‍ കര്‍ഷകര്‍ക്കും, തൊഴില്‍ സംരംഭകര്‍ക്കും നല്‍കി വരുന്നു.

ക്ഷീരവികസന വകുപ്പിന്റെ കീഴിലുള്ള പരിശീലന കേന്ദ്രങ്ങളില്‍ പശു വളര്‍ത്തല്‍, തീറ്റപ്പുല്‍ കൃഷി, പാലുല്പന്ന നിര്‍മ്മാണം, സ്വയം തൊഴില്‍ സംരംഭകത്വം തുടങ്ങിയ മേഖലകളില്‍ പത്ത് ദിവസങ്ങള്‍ വരെ നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടികളുമുണ്ട ്.

പരിശീലന കേന്ദ്രങ്ങള്‍

1. ക്ഷീര പരിശീലന കേന്ദ്രം, പട്ടം, തിരുവനന്തപുരം - 14 - 0471 - 2440911
2. പരമ്പരാഗത പാലുല്പന്ന നിര്‍മ്മാണ 
പരിശീലന കേന്ദ്രം, ഓച്ചിറ, കൊല്ലം - 0476 - 2698550
3. ക്ഷീര വികസന പരിശീലന കേന്ദ്രം 
എറയില്‍ക്കടവ്, കോട്ടയം -1 - 0481 - 2302223
4. ക്ഷീരവികസന പരിശീലന കേന്ദ്രം, 
ആലത്തൂര്‍ പാലക്കാട് ജില്ല - 0492 - 2226040
5. ക്ഷീരവികസന പരിശീലന കേന്ദ്രം, ബേപ്പൂര്‍ നോര്‍ത്ത്, കോഴിക്കോട്-15 - 0495 - 2414579

വെറ്ററിനറി സര്‍വ്വകലാശാലയുടെ എന്റര്‍പ്രണര്‍ഷിപ്പ് ഡയറക്ടറേറ്റിന്റെ കീഴില്‍ നിരവധി പരിശീലന പരിപാടികള്‍ വിവിധ യൂണിറ്റുകളില്‍ നടന്നു വരുന്നു. പാലുല്പന്ന നിര്‍മ്മാണം, ഇറച്ചിയുല്പന്ന നിര്‍മ്മാണം, കോഴി വളര്‍ത്തല്‍, കാട വളര്‍ത്തല്‍, മുയല്‍ വളര്‍ത്തല്‍, ആടു വളര്‍ത്തല്‍ തുടങ്ങി വിവിധ മേഖലകളില്‍ പരിശീലനം നല്‍കി വരുന്നു.

സര്‍വ്വകലാശാലയുടെ പൂക്കോട്, മണ്ണുത്തി കാമ്പസ്സുകള്‍ കേന്ദ്രീകരിച്ചാണ് പരിശീലനം നല്‍കി വരുന്നത്. പാലുല്പന്ന നിര്‍മ്മാണം, ഇറച്ചിയുല്പന്നങ്ങള്‍ എന്നിവയില്‍ ഒരു വര്‍ഷം വരെ നീണ്ടു നില്‍ക്കുന്ന അപ്രന്റിസ് പ്രോഗ്രാമുകളുണ്ട്

കാട വളര്‍ത്തല്‍, എഗ്ഗര്‍ നഴ്‌സറി, ഇറച്ചിക്കോഴി വളര്‍ത്തല്‍ എന്നിവയിലെ പരിശീലനത്തിന് 9447688783, 9446072178 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. 

പന്നിവളര്‍ത്തല്‍ - 9447150267
പാലിന്റെ ഗുണനിലവാര നിയന്ത്രണം (ക്ഷീരവികസന സംഘം ജീവനക്കാര്‍ക്ക്) - 9895424296
പാലുല്പന്ന നിര്‍മ്മാണം - 9495882953 - 9447664888

തൊഴില്‍ സംരംഭകത്വം ക്ഷീരമേഖലയില്‍ - 9446293686

കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള വെള്ളത്തിന്റെ ഗുണനിലവാര പരിശീലനം - 949765590

ക്ഷീര സാങ്കേതിക മേഖലയില്‍ തൊഴില്‍ സംരംഭകത്വ പരിപാടി - 9447331231

കുടുംബശ്രീ യൂണിറ്റുകള്‍ക്ക് ശാസ്ത്രീയ ഇറച്ചി കൈകാര്യം ചെയ്യലും സൂക്ഷിപ്പും - 944729304

വ്യാവസായികാടിസ്ഥാനത്തിലുള്ള ആട് വളര്‍ത്തല്‍ - 9446162608
മുയല്‍ വളര്‍ത്തല്‍ - 9446234162
ശുദ്ധമായ പാല്‍ ഉല്പാദനം, സംസ്‌ക്കരണം, ഗുണമേന്മ - 9446084800
ലാബോറട്ടറി പരിശീലനം (വി.എച്ച.എസ്.സി. കുട്ടികള്‍ക്ക്) - 9447006499
ഇറച്ചിയുല്പാദനം, സംസ്‌ക്കരണം സ്റ്റൈപ്പന്‍ഡറി ട്രെയിനിംഗ് - 9446997932
പരീക്ഷണമൃഗ പരിചരണം - പൂക്കോട്, വയനാട് - 0493-6256380
വെറ്ററിനറി കോളേജ്, പൂക്കോട് - 0493 - 6256380
മീറ്റ് പ്ലാന്റ്, മണ്ണുത്തി, തൃശ്ശൂര്‍ - 0487 - 2370956
ഡയറി പ്ലാന്റ,് മണ്ണുത്തി, തൃശ്ശൂര്‍ - 0487 - 2370848
എന്റര്‍പ്രണര്‍ഷിപ്പ് വിഭാഗം, മണ്ണുത്തി, തൃശ്ശൂര്‍ - 0487 - 2576644

കന്നുകാലി ഗവേഷണ കേന്ദ്രം
1. തിരുവാഴം കുന്ന് - 9446245422
2. തുമ്പൂര്‍മുഴി - 0487 - 2343281
3. കോലാഹലമേട്, ഇടുക്കി - 944738670

കേരള കന്നുകാലി വികസന ബോര്‍ഡിന്റെ കീഴില്‍ മാട്ടുപ്പെട്ടി (ഇടുക്കി), ധോണി (പാലക്കാട്), പുത്തൂര്‍ (തൃശ്ശൂര്‍) എന്നിവിടങ്ങളില്‍ വെച്ച് പശു വളര്‍ത്തല്‍, തീറ്റപ്പുല്‍ കൃഷി, ആടു വളര്‍ത്തല്‍, കൃത്രിമ ബീജാദാനം മുതലായവയില്‍ കര്‍ഷകര്‍, തൊഴില്‍ സംരംഭകര്‍ എന്നിവര്‍ക്ക് പരിശീലനം ലഭിക്കും.

പരിശീലനത്തിനായി മാനേജര്‍, ലൈവ്‌സ്റ്റോക്ക് ട്രെയിനിംഗ് സെന്റര്‍, മാട്ടുപ്പെട്ടി, മൂന്നാര്‍ എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍ നമ്പര്‍ - 04865 - 242201.

മില്‍മയുടെ കീഴില്‍ തൃശ്ശൂര്‍ ജില്ലയിലെ രാമവര്‍മ്മപുരം, മലപ്പുറം ജില്ലയിലെ നടുവത്ത് എന്നിവിടങ്ങളില്‍ പരിശീലന കേന്ദ്രങ്ങളുണ്ട്. ക്ഷീര സംഘം ജീവനക്കാര്‍, കര്‍ഷകര്‍ എന്നിവര്‍ക്ക് ഇവിടെ പരിശീലനം നല്‍കി വരുന്നു.

രാമവര്‍മ്മപുരം, തൃശ്ശൂര്‍ - 0487 - 2695869
നടുവത്ത്, മലപ്പുറം - 9446457341
മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട പരിശീലനങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പരുകളില്‍ നിന്നും ലഭിക്കും. 
മൃഗസംരക്ഷണ ഡയറക്ടറേറ്റ്, തിരുവനന്തപുരം - 0487 - 2302381, 2302283
www.ahd.kerala.gov.in
വെറ്ററിനറി സര്‍വ്വകലാശാല - www.kvasu.ac.in
0487 - 2376644

വിദ്യാർത്ഥി

കാര്‍ഷിക അവബോധം സ്‌കൂള്‍തലം മുതല്‍

ഇന്ന് പഠനത്തോടൊപ്പം സ്‌കൂളുകളില്‍ കൃഷി, മൃഗസംരക്ഷണം, പരിസ്ഥിതി മുതലായവയുമായി ബന്ധപ്പെട്ട അവബോധം വളര്‍ത്താനായി നിരവധി പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പിലാക്കി വരുന്നുണ്ട ്. മാറുന്ന ജീവിത സാഹചര്യത്തില്‍ സുസ്ഥിര കൃഷിയ്ക്കുള്ള പ്രാധാന്യം ചില്ലറയല്ല. ഇവയ്ക്ക സാമ്പത്തികവും, പാരിസ്ഥിതികവും, സാമൂഹികവുമായ കാഴ്ചപ്പാട് ആവശ്യമാണ്. സുസ്ഥിര മേഖലയെക്കുറിച്ച് വിദ്യാര്‍ത്ഥികളില്‍ അവബോധം വളര്‍ത്താനുള്ള പരിശ്രമങ്ങള്‍ പുരോഗമിച്ചു വരുന്നു.

സംസ്ഥാന കൃഷിവകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, ക്ഷീര വികസന വകുപ്പ്, ജൈവ വൈവിധ്യ ബോര്‍ഡ്, കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, സന്നദ്ധ സംഘടനകള്‍, ഇന്റര്‍ നാഷണല്‍ എലിഫന്റ് ഫൗണ്ടേഷന്‍, ആനസംരക്ഷണ സമിതി എന്നീ നിരവധി പദ്ധതികള്‍ നടപ്പിലാക്കി വരുന്നു.

ഭക്ഷ്യ സുരക്ഷാ പ്രതിസന്ധി നിലനില്‍ക്കുമ്പോള്‍ കേരളത്തില്‍ പോഷക ന്യൂനത പരിഹരിക്കുന്നതിനുള്ള എളുപ്പ മാര്‍ഗ്ഗം ജന്തുജന്യ പ്രോട്ടീന്‍ ലഭ്യത ഉറപ്പു വരുത്തുക എന്നതാണ്. ഇതിനുള്ള എളുപ്പ മാര്‍ഗ്ഗം കോഴിമുട്ട ഉല്പാദനം പ്രോത്സാഹിക്കുകയാണ്. ചെലവ് കുറഞ്ഞതും പോഷക സംപുഷ്ടമായ കോഴിമുട്ട കുട്ടികള്‍ക്ക് ലഭ്യമാക്കാനാണ് മൃഗസംരക്ഷണ വകുപ്പും, പൗള്‍ട്രി വികസന കോര്‍പ്പറേഷനും സ്‌കൂള്‍ പൗള്‍ട്രി ക്ലബുകള്‍ ആരംഭിക്കുന്നത്. ഇതിലൂടെ കുട്ടികള്‍ക്ക് കോഴിവളര്‍ത്തലിനോടുള്ള താല്‍പര്യം വര്‍ദ്ധിക്കുകയും, മുട്ടയുല്‍പാദനം, ഉപഭോഗം എന്നിവയില്‍ സ്വയം പര്യാപ്തത കൈവരിക്കാനും സാധിക്കും.

സ്‌കൂളുകളിലെ ജന്തുക്ഷേമ ക്ലബുകള്‍ ജന്തുക്ഷേമത്തെക്കുറിച്ച് അവബോധം വളര്‍ത്താനും വിദ്യാര്‍ത്ഥികളെ മികച്ച പൗരന്മാരാക്കിയെടുക്കാനും സഹായിക്കും. മൃഗസ്‌നേഹം വളര്‍ത്തുന്നത് അവയോടുള്ള ക്രൂരത അകറ്റാന്‍ സഹായിക്കും. SPCA, CUPA തുടങ്ങിയ സന്നദ്ധ സംഘടനകളും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നു.

വംശനാശ ഭീഷണി നേരിടുന്ന ആനകളെക്കുറിച്ച് അവബോധം വളര്‍ത്താന്‍ ആന സംരക്ഷണ സമിതി, ജവഹര്‍ ബാലഭവന്‍ തുടങ്ങിയ ഏജന്‍സികള്‍ സ്‌കൂളുകളില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. വീട്ടാവശ്യത്തിനുള്ള പച്ചക്കറി ക്ലബുകള്‍, കാര്‍ഷിക ക്ലബുകള്‍ എന്നിവ കാര്‍ഷിക മേഖലയില്‍ പുത്തന്‍ തലമുറയെ വാര്‍ത്തെടുക്കാന്‍ സഹായിക്കും.

മാതൃഭൂമി നടപ്പിലാക്കുന്ന SEED പദ്ധതിയിലൂടെ പരിസ്ഥിതി അവബോധം, മാലിന്യ സംസ്‌ക്കരണം, കാര്‍ഷിക മേഖലയോടുള്ള താല്പര്യം എന്നിവ വളര്‍ത്തിയെടുക്കാന്‍ സഹായിക്കും.

ജൈവ വൈവിദ്ധ്യ ബോര്‍ഡിന്റെ സ്‌കൂള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളെക്കുറിച്ചും, മൃഗങ്ങളെക്കുറിച്ചും അവബോധം വളര്‍ത്താന്‍ സഹായിക്കും.

സ്‌കൂള്‍ സയന്‍സ് ക്ലബുകളും അടുത്ത കാലത്തായി കാര്‍ഷിക മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട പ്രൊജക്ടുകള്‍ നടപ്പിലാക്കി വരുന്നു. വെറ്ററിനറി സര്‍വ്വകലാശാലയുടെ ഐശ്വര്യ കോഴി വളര്‍ത്തല്‍ പദ്ധതിയും സ്‌കൂള്‍ കുട്ടികളില്‍ കോഴി വളര്‍ത്തലില്‍ താല്‍പര്യം വളര്‍ത്താന്‍ സഹായിച്ചു വരുന്നു.

സയന്‍സ് ഗവേഷണം പ്രോത്സാഹിപ്പിക്കല്‍, സാങ്കേതിക വികസനം, പാരിസ്ഥിതിക സംരക്ഷണം, ജൈവ സാങ്കേതിക വിദ്യ, പുത്തന്‍ കണ്ടുപിടുത്തങ്ങള്‍, വനിതാ ശാസ്ത്രജ്ഞര്‍ക്കുള്ള സാധ്യതകള്‍, വിവര സാങ്കേതിക വിദ്യ അനുവര്‍ത്തിച്ചുള്ള പരിശീലനം, ആശയ വിനിമയം എന്നിവ ഗവേഷണ പദ്ധതികളില്‍ ഉള്‍പ്പെടുന്നു.

ഉന്നത വിദ്യാഭ്യാസ മേഖല, സ്‌കൂളുകള്‍ എന്നിവയ്ക്കിണങ്ങിയ പദ്ധതികളുണ്ട് . ഇവ അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍ എന്നിവര്‍ക്ക് പ്രയോജനപ്പെടുത്താം. കോളേജുകള്‍, സ്‌കൂളുകള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരെ ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികളുണ്ട്. ഇവയില്‍ പ്രധാനപ്പെട്ടവ താഴെ പറയുന്നവയാണ്.

 • സയന്‍സില്‍ മികവുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള (SPYTIS) - Scheme for Promoting Young Talents in Science. ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളെ ഉദ്ദേശിച്ചുള്ള സയന്‍സ് ഗവേഷണ പദ്ധതിയാണിത്. മൂന്ന് വര്‍ഷക്കാലത്തെ പ്രൊജക്ടിന് 5000 രൂപ വീതം ഗ്രാന്റ് ലഭിയ്ക്കും. അദ്ധ്യാപകന്റെ നേതൃത്വത്തില്‍ പ്രൊജക്ട് ചെയ്യാം.
 • School Project & Science Laboratory Scheme
  സ്‌ക്കൂളുകളിലെ ലാബോറട്ടറി സൗകര്യം ഉറപ്പുവരുത്തുന്നതിനുള്ള ശാസ്ത്രപോഷിണി സ്‌കീം, ശാസ്ത്രബോധവല്‍ക്കരണത്തിനുള്ള ശാസ്ത്രബോധിനി സ്‌കീം എന്നിവ ഇവയില്‍പ്പെടുന്നു.
 • ഇക്കോ ക്ലബുകള്‍ – പരിസ്ഥിതി ബോധവത്ക്കരണത്തിന് 2500 ഇക്കോ ക്ലബുകള്‍ തുടങ്ങും.
 • പ്രതിഭ സ്‌ക്കോളര്‍ഷിപ്പുകള്‍- ശാസ്ത്രവിഷയങ്ങളില്‍ മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം 1000 രൂപ വീതം സ്‌കോളര്‍ഷിപ്പ് നല്‍കുന്നു.
 • Excellence in Experimental Design (SPEED) ഗവേഷണ ലാബോറട്ടറികളിലൂടെ നടപ്പിലാക്കുന്ന പദ്ധതിയാണിത്.
 • വിദ്യാര്‍ത്ഥികളുടെ പ്രൊജക്ട് - ബിരുദാനന്തര പഠനത്തിന്റെ ഭാഗമായുള്ള ഗവേഷണ പ്രോജക്റ്റാണിത്. സയന്‍സ്, മെഡിസിന്‍, സാങ്കേതികവിദ്യ എന്നീ മേഖലകളില്‍ ഒറ്റത്തവണയായി 15000 രൂപ വീതം ഗ്രാന്റ് ലഭിയ്ക്കും.
 • SARD - ഒരോ പ്രത്യേക മേഖലയിലുമുള്ള ഗവേഷണ പ്രോജക്റ്റാണിത്.
 • Tech Fest -.സാങ്കേതിക മേഖലയിലെ വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകര്‍, വ്യവസായ സ്ഥാപനങ്ങള്‍ എന്നിവരുടെ സംഗമമാണിതിലൂടെ ലക്ഷ്യമിടുന്നത്.
 • വനിതാ ശാസ്ത്ര ഗവേഷണങ്ങള്‍ക്കുള്ള പ്രോത്സാഹനം
  10. വിവര സാങ്കേതിക വിദ്യ, മാധ്യമങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയുള്ള ശാസ്ത്ര വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍.
 • ശാസ്ത്ര കണ്ടുപിടുത്തങ്ങളുടെ വികസനം, പ്രോത്സാഹനം.
  ഗ്രാമീണസാങ്കേതിക വിദ്യയും കണ്ടുപിടുത്തങ്ങളും പ്രോത്സാഹിപ്പിക്കല്‍, തൊഴില്‍ സംരംഭകത്വ വികസനം മുതലായവ ഇതില്‍ ഉള്‍പ്പെടുന്നു.

ക്ഷീര വികസനം

കുറഞ്ഞ ചെലവില്‍ കൂടുതല്‍ പാല്‍

തൊണ്ണൂറ് ശതമാനത്തിലധികം സങ്കരയിനം കറവപ്പശുക്കളുള്ള കേരളത്തില്‍ പാലുല്പാദനച്ചെലവ് അനുദിനം വര്‍ദ്ധിച്ചുവരുന്നു. ഉല്പാദനച്ചെലവും പാലിന്റെ വിലയും തമ്മില്‍ വന്‍ അന്തരം ഇന്ന് നിലനില്‍ക്കുന്നു. പാലിന്റെ വിലയില്‍ 50% വര്‍ദ്ധനവുാകുമ്പോള്‍ തീറ്റയുടെ വിലയില്‍ 200% ത്തിലധികം വര്‍ദ്ധനവുണ്ടാകുന്നു.

വര്‍ദ്ധിച്ച ഉത്പാദനച്ചിലവ് സുസ്ഥിര പശുവളര്‍ത്തലിനെ സാരമായി ബാധിക്കുന്നു. ശാസ്ത്രീയ പ്രജനനം, തീറ്റക്രമം, പരിചരണം, രോഗനിയന്ത്രണം, വിപണനം എന്നിവ സുസ്ഥിര പശുവളര്‍ത്തലിന്റെ ഘടകങ്ങളാണ്.

ഉത്പാദനച്ചെലവ് മൂലം ബുദ്ധിമുട്ടുന്ന ക്ഷീരകര്‍ഷകര്‍ക്ക് കുറഞ്ഞ ചിലവില്‍ കൂടുതല്‍ ഉത്പാദനം ലഭ്യമാക്കുന്ന സാങ്കേതികവിദ്യകള്‍ അത്യന്താപേക്ഷിതമാണ്. അടുത്തകാലത്ത് മണ്ണുത്തി വെറ്ററിനറി കോളേജിലെ പരാദശാസ്ത്ര വിഭാഗത്തില്‍ നടത്തിയ പഠനങ്ങളില്‍ കറവപ്പശുക്കള്‍ക്കളില്‍ നാല്‍പത് ശതമാനം വിരബാധയുെന്ന് തെളിഞ്ഞിട്ടുണ്ട്. ഇവയില്‍ വിരമരുന്ന് നല്‍കുന്നത് ഉല്പാദനവര്‍ദ്ധനവ് തരുന്നതായും കണ്ടെത്തിയിട്ടുണ്ട്

കറവപ്പശുക്കള്‍ക്ക് പ്രസവത്തിന് മുമ്പ് അതായത് 8 മാസം ചെനയുള്ളപ്പോഴോ, പ്രസവിച്ച് 10ാമത്തെ ദിവസമോ വിരമരുന്ന് നല്‍കാം. വിവിധയിനം ബ്രോഡ്‌സ്‌പെക്ട്രം വിരമരുന്നുകള്‍ രോഗത്തിന്റെ തരം നിര്‍ണ്ണയിച്ച ശേഷം നല്‍കാവുന്നതാണ്. ചെനയുള്ളപ്പോള്‍ ചിലതരം മരുന്ന് മാത്രമെ ഉപയോഗിക്കുവാന്‍ പാടുള്ളു. ഇതിനായി ഉപയോഗിക്കാം. ഇവ നല്‍കുന്നതിലൂടെ 305 ദിവസ കറവ കാലയളവില്‍ പ്രതിദിനം 1.22 ലിറ്റര്‍ പാലിന്റെ വര്‍ദ്ധനവുണ്ടാകുന്നതായി ആത്മ (ATMA) യുടെ സാമ്പത്തിക സഹായത്തോടെ തൃശ്ശൂര്‍ ജില്ലയില്‍ നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അതായത് ഉത്പാദനച്ചെലവ് മൂലം ബുദ്ധിമുട്ടുന്ന ക്ഷീരകര്‍ഷകന് പ്രതിദിനം 25 രൂപയുടെ അധിക വരുമാനമുാകുന്നു. ഒരു കറവക്കാലയളവിന് 7500/- രൂപയിലധികമാണ്.

കുറഞ്ഞ ചെലവില്‍ കൂടുതല്‍ വരുമാനം നേടാവുന്ന ഈ സാങ്കേതികവിദ്യ കേരളത്തിലെ ക്ഷീരോല്പാദന മേഖലയില്‍ പുത്തനുണര്‍വുണ്ടാകുമെന്ന് പ്രതിക്ഷിക്കാം.

ക്ഷീരമേഖലയ്ക്ക് സാധ്യതയേറുന്നു

മാറുന്ന ആഗോള സാമ്പത്തിക ചുറ്റുപാടില്‍ ഇന്ത്യയില്‍ ക്ഷീരമേഖലയ്ക്ക് സാധ്യതയേറുന്നു. ലോകത്തില്‍ വെച്ചേറ്റവും കൂടുതല്‍ പാലുല്പാദിപ്പിക്കുന്ന രാജ്യമായ ഇന്ത്യയിലെ പ്രതിവര്‍ഷ പാലുല്പാദനം 127 ദശലക്ഷം ടണ്ണാണ്. ഈ മേഖലയില്‍ 4% ത്തിലധികം വാര്‍ഷിക വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തി വരുന്നു.

2013 ല്‍ ലോകത്തിലുല്പാദിച്ച പാലില്‍ 84% പശുവിന്‍പാലാണ്. ഇത് പ്രതിദിനം 168 കോടി ലിറ്ററോളം വരും. എരുമപ്പാല്‍ 13% മാണ്. (26 കോടി ലിറ്റര്‍) എരുമപ്പാലിന്റെ ഉല്പാദനത്തിലാണ് കൂടുതല്‍ വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയിട്ടുള്ളത്.

ലോകത്തില്‍ പാലിന്റെ പ്രതിശീര്‍ഷ ലഭ്യതയില്‍ കഴിഞ്ഞ പത്തുവര്‍ഷക്കാലയളവില്‍ 9% ത്തിന്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. വികസിതരാജ്യങ്ങളിലെ പാലുല്പാദനത്തിലെ കുറഞ്ഞ വളര്‍ച്ചാ നിരക്കും, ജനസംഖ്യയിലുണ്ടായ വര്‍ദ്ധനവും ഇതിനിടവരുത്തിയിട്ടുണ്ട്.

എന്നാല്‍ വികസ്വര രാജ്യങ്ങളില്‍ പാലിന്റെ ലഭ്യത വര്‍ദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷക്കാലയളവില്‍ പാലുല്പാദനം വികസ്വര രാജ്യങ്ങളില്‍ 40% ത്തില്‍ നിന്ന് 48% മായി ഉയര്‍ന്നിട്ടുണ്ട്. എഷ്യന്‍ രാജ്യങ്ങള്‍ പ്രത്യേകിച്ച് ഈ രംഗത്ത് ഏറെ മുന്നിലാണ്. ലാറ്റിന്‍ അമേരിക്ക, ആസ്‌ട്രേലിയ, ന്യൂസിലാന്റ് എന്നീ രാജ്യങ്ങളില്‍ പാലുല്പാദനത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. യൂറോപ്പ്യന്‍ യൂണിയന്‍, ആഫ്രിക്ക, സെന്‍ട്രല്‍ അമേരിക്ക എന്നീ രാജ്യങ്ങളില്‍ ഉല്പാദനത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടില്ല. ആളോഹരി വരുമാനത്തിലുള്ള വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ പാലിന്റെയും, പാലുല്പന്നങ്ങളുടെയും വിലയിലുണ്ടായ വര്‍ദ്ധനവ് എന്നിവ ഉല്പാദനം വര്‍ദ്ധിയ്ക്കാന്‍ ഇടവരുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ 2012 ല്‍ വെണ്ണ, പാല്‍പ്പൊടി എന്നിവയുടെ വിലയില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

വിപണിയില്‍ പാലിന്റെ വില്പന വിലയില്‍ കര്‍ഷകന് ലഭിക്കുന്നത് ഇന്ത്യയില്‍ 62% മാണ്. ആസ്‌ട്രേലിയയിലിത് 26% വും ചൈനയില്‍ 44% വും, ന്യൂസിലാന്റില്‍ 28% വുമാണ്. സംഘടിത മേഖലയില്‍ കര്‍ഷകന് ലഭിയ്ക്കുന്ന പാലിന്റെ വില (Farmers gate milk prices) ഇന്ത്യയില്‍ ലിറ്ററിന് ശരാശരി 25 രൂപയാണ്. അസംഘടിത മേഖലയിലിത് 14 രൂപയാണെന്നോര്‍ക്കണം. അമേരിക്കയില്‍ 18.47 രൂപയും, ആസ്‌ട്രേലിയയില്‍ 21.73 രൂപയും, ന്യൂസിലാന്റില്‍ 22.64 രൂപയുമാണ്.
അന്താരാഷ്ട്ര വിപണിയില്‍ പാലുല്പാദനത്തില്‍ 2% ത്തിന്റെ വര്‍ദ്ധനവുണ്ടായി ട്ടുണ്ട്.

യൂറോപ്യന്‍ യൂണിയനില്‍ പാലുല്പന്നങ്ങളുടെ വ്യാപാരത്തില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. സബ്‌സിഡി കുറഞ്ഞതിനാല്‍ വ്യാപാരികള്‍ ഉത്പന്നം വിപണിയിലെത്തിക്കാന്‍ മടി കാണിക്കുന്നു. ആസ്‌ട്രേലിയയിലും ന്യൂസിലാന്റിലും ചില സീസണുകളില്‍ വിപണനത്തിന് ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ പാല്‍പ്പൊടിയുടെ കയറ്റുമതി സബിസിഡി കുറഞ്ഞിട്ടുണ്ട്. 2013 ഓടു കൂടി സബ്‌സിഡി നിര്‍ത്തലാക്കുമെന്ന് യൂറോപ്പ്യന്‍ .യൂണിയന്‍ ഹോങ്കോംഗില്‍ സമ്മതിച്ചിട്ടുണ്ട്. പാലുല്പന്നങ്ങളുടെ വില അന്താരാഷ്ട്ര വിപണിയില്‍ കരുത്താര്‍ജ്ജിച്ചു വരുന്നു. അതിനാല്‍ വര്‍ദ്ധിച്ച വിലയില്‍ കുറവ് വരാനിടയുണ്ട്.

ഇന്ത്യമുന്നേറുന്നു
ഇന്ത്യയില്‍ പാലുല്പാദന രംഗത്ത് വന്‍ കുതിച്ചു കയറ്റം തന്നെ ദൃശ്യമായി തുടങ്ങിയിട്ടുണ്ട്. ഉത്തരപ്രദേശ് മൊത്തം പാലുല്പാദനത്തില്‍ ഏറെ മുന്നിലാണ്. 17% പാലും യു.പിയില്‍ നിന്നാണ്. രാജസ്ഥാന്‍ (10%), ആന്ധ്രാപ്രദേശ് (9%), ഗുജറാത്ത് (7%), പഞ്ചാബ് (7%), ഹരിയാന (5%), തമിഴ്‌നാട് (5%), എന്നിവ മുന്‍ നിരയിലാണ്. കേരളവും, ആസ്സാമും ഈ രംഗത്ത് ഏറെ പിറകിലാണ്. സങ്കരയിനം പശുക്കള്‍ ദേശീയ തലത്തില്‍ 22% ല്‍ താഴെ മാത്രമാണ്. പൂര്‍ണ്ണമായി സങ്കര പ്രജനനം നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളമെന്ന് പ്രത്യേകം ഓര്‍ക്കേണ്ടതാണ്. എന്നാല്‍ അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യയുടെ പ്രാതിനിധ്യം വളരെ കുറവാണ്. ആഗോള വിപണിയില്‍ ഇന്ത്യയുടെ വിഹിതം വര്‍ദ്ധിപ്പിയ്ക്കാന്‍ വെണ്ണയുടെ ഇറക്കുമതി തീരുവ 40% ത്തില്‍ നിന്നും 100% മായി ഉയര്‍ത്തണം. ഉല്പന്ന വിപണനത്തിന് സംരക്ഷണ നടപടികള്‍ ആവശ്യമാണ്. വികസിത രാജ്യങ്ങള്‍ കയറ്റുമതി സബ്‌സിഡി കുറയ്‌ക്കേണ്ടതാണ്. സാനിറ്ററി ആന്റ് ഫൈറ്റോ സാനിറ്ററി കാര്യങ്ങളില്‍ വ്യക്തമായ മാനദണ്ഡം ആവശ്യമാണ്. ഇന്ത്യയില്‍ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി നിരവധി ലക്ഷ്യങ്ങളോടെ പ്രവര്‍ത്തിയ്ക്കുന്ന ക്ഷീരമേഖലയെക്കുറിച്ച് അന്താരാഷ്ട്രതലത്തില്‍ കൂടുതല്‍ അവബോധം വളര്‍ത്താനുള്ള നടപടികളാവശ്യമാണ്.

ഇന്ത്യാ ഗവണ്‍മെന്റിന് പാല്‍പ്പൊടിയുടെ കാര്യത്തില്‍ 15% ഇറക്കുമതി തീരുവ 10,000 മെട്രിക്ക് ടണ്‍ ഇറക്കുമതിയ്ക്ക് വരെ ചുമത്താനും. തുടര്‍ന്നങ്ങോട്ട് 60% മാക്കാനും കഴിഞ്ഞിട്ടുണ്ട്. 2010-12 ല്‍ ഇറക്കുമതി ഇതുമൂലം കുറഞ്ഞിട്ടുണ്ട്. പാലുല്പാദനത്തില്‍ വിവിധ സീസണില്‍ കുറവുണ്ടായിട്ടും മൊത്തം ഉല്‍പാദനത്തെ ബാധിച്ചിട്ടില്ല. കയറ്റുമതി നിയന്ത്രണം മൂലം പാല്‍പ്പൊടി 0.5% ല്‍ താഴെ മാത്രമെ കയറ്റുമതി ചെയ്യാന്‍ സാധിച്ചിട്ടുള്ളൂ. അമേരിക്കയും, യൂറോപ്യന്‍ യൂണിയനും ലോകവ്യാപാര സംഘടന നിബന്ധനകള്‍ പൂര്‍ണ്ണമായും പ്രാവര്‍ത്തികമാക്കിയിട്ടില്ല. വികസിത രാജ്യങ്ങള്‍ ഉയര്‍ന്ന ഇറക്കുമതി തീരുവ ചുമത്തുന്നതും, മറ്റു നികുതിയിതര നിബന്ധനകള്‍ പ്രാവര്‍ത്തികമാക്കുന്നതും പാലുല്പന്ന കയറ്റുമതിയെ സാരമായി ബാധിച്ചുവരുന്നു.

കയറ്റുമതി
കയറ്റുമതി പ്രോത്സാഹിപ്പിക്കാന്‍ വികസിത രാജ്യങ്ങളിലെ ഇന്ത്യക്കാരെ ലക്ഷ്യമിട്ടുള്ള Ethnic Products ന്റെ ഉത്പാദനത്തിന് ഊന്നല്‍ നല്‍കണം. ഉദാഹരണമായി മികച്ച ഗുണമേന്മയും, ആകര്‍ഷകമാര്‍ന്ന മണവുമുള്ള ഇന്ത്യന്‍ വെണ്ണ, ഇന്ത്യന്‍ രുചിക്കിണങ്ങിയ നെയ്യ്, വെജിറ്റേറിയന്‍ ചീസ്, ഗുലാബ് ജാമുന്‍, ശ്രീകാന്‍ഡ്, പനീര്‍, കോട്ടേജ് ചീസ് എന്നിവ ഇവയില്‍ ചിലതാണ്.

പാലുല്പാദനം കുറഞ്ഞ മദ്ധ്യ പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലേക്ക് UHT പാസ്ചു റൈസ്ഡ് പാല്‍ ടെട്രാ പായ്ക്കറ്റിലാക്കിയെത്തിക്കാം. പാല്‍പ്പൊടി കൂടിയ അളവില്‍ പായ്ക്ക് ചെയ്ത് മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍, ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യാം.

ഇന്ത്യക്ക് ശ്രീലങ്ക, തായ്‌ലാന്റ്, സിങ്കപ്പൂര്‍, നേപ്പാള്‍, ഭൂട്ടാന്‍, ജപ്പാന്‍ എന്നീ രാജ്യങ്ങളുമായി സൗജന്യ വ്യാപാരക്കരാര്‍ നിലവിലുണ്ട്.

വികസിത രാജ്യങ്ങള്‍ക്കാവശ്യം അവരുടെ വിപണി വികസ്വര രാജ്യങ്ങളിലെത്തിക്കുകയാണ്. സബ്‌സിഡി നല്‍കി കുറഞ്ഞ ചെലവില്‍ നിര്‍മ്മിച്ച പാല്‍ ഉല്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയ്ക്കാനാണ് അവര്‍ താല്‍പര്യപ്പെടുന്നത്.

ഇന്ത്യയില്‍ പാലുല്പാദനത്തില്‍ പ്രതിവര്‍ഷം 4% ത്തിന്റെ വര്‍ദ്ധനവ് രേഖപ്പെടുത്തി വരുന്നു. ഉപഭോക്താക്കളുടെ വാങ്ങാനുള്ള ശേഷി വര്‍ദ്ധിച്ചു വരുന്നു. ജനസംഖ്യയിലുണ്ടാകുന്ന വര്‍ദ്ധനവും ആവശ്യകത ഉയര്‍ത്താനിടവരുത്തുന്നു. പാലിന്റെ പ്രതിശീര്‍ഷ ഉപഭോഗത്തില്‍ കഴിഞ്ഞ ആറുവര്‍ഷക്കാലയളവില്‍ 22% ത്തിന്റെ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഉപഭോഗം 230 മില്ലി ലിറ്ററില്‍ നിന്നും 281 മില്ലി ലിറ്ററായി ഉയര്‍ന്നിട്ടുണ്ട്. 2020 ഓടുകൂടി പാലിന്റെ ഉപഭോഗം 190 ദശലക്ഷം മെട്രിക്ക് ടണ്ണായി ഉയരും. ആവശ്യകതയ്ക്കനുസരിച്ച് ഉല്പാദനം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്.

സബ്‌സിഡി കുറഞ്ഞതോടെ പാല്‍പ്പൊടിയുടെ വില ഉയര്‍ന്നു വരുന്നു. താരതമ്യേന വിലക്കുറവുള്ള ഇന്ത്യന്‍ പാല്‍പ്പൊടിയ്ക്ക് ആഗോള വിപണിയില്‍ പ്രിയമേറി വരുന്നു.

പാലുല്പാദനം വര്‍ദ്ധിപ്പിക്കാന്‍ ഇനിയും ഊന്നല്‍ നല്‍കേണ്ടതുണ്ട്. രാജ്യത്തെ പാലുല്പാദനം രണ്ടു രീതിയില്‍ വര്‍ദ്ധിപ്പിക്കാം. കറവപ്പശുക്കളുടെ എണ്ണം വര്‍ദ്ധിപ്പിച്ചും, ഉല്പാദനക്ഷമത ഉയര്‍ത്തിയും ഇത് സാധിച്ചെടുക്കാം. പശുക്കളുടെ ഉത്പാദനക്ഷമതയുടെ കാര്യത്തില്‍ ഇസ്രായേല്‍, അമേരിക്ക, ഡെന്‍മാര്‍ക്ക്, കാനഡ, നെതര്‍ലാന്റ്‌സ്, യുകെ, ജര്‍മ്മനി എന്നീ രാജ്യങ്ങള്‍ മുന്നിലാണ്. ഇന്ത്യ ഈ രംഗത്ത് ഏറെ പിന്നിലാണ്.

ഉല്പാദനക്ഷമത ഉയര്‍ത്താന്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ശാസ്ത്രീയ പ്രജനന മാര്‍ഗ്ഗങ്ങള്‍, കന്നുകുട്ടി പരിപാലനം, ജനിതകമേന്മയുള്ള കന്നുകാലികള്‍, ശുദ്ധ പ്രജനനം, ഡാറ്റാ ബാങ്ക്, E ആനിമല്‍ പ്രോഗ്രാം, സമീകൃത തീറ്റ, ടി.എം.ആര്‍., രോഗനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ എന്നിവ അവലംബിക്കേണ്ടതുണ്ട്.

വ്യാവസായിക ഡയറി ഫാമുകള്‍
വ്യാവസായിക അടിസ്ഥാനത്തിലുള്ള ഡയറി ഫാമുകള്‍ തുടങ്ങുകയാണ് ഇതിനുള്ള പരിഹാരം. മുടക്കുമുതലില്‍ നിന്നും ആദായകരമായ വരുമാനം ലഭിയ്ക്കുന്നതോടൊപ്പം, തൊഴില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കാനും ഇതിലൂടെ സാധിക്കും.

വ്യാവസായികാടിസ്ഥാനത്തിലുള്ള ഡയറി ഫാമിംഗിന്് നിരവധി സവിശേഷതക ളുണ്ട്. പാലിന്റെയും പാലുല്പന്നങ്ങളുടെയും ലഭ്യമായ വിപണി, കൃഷിയെ അപേക്ഷിച്ച് സീസണനുസരിച്ചുള്ള കുറഞ്ഞ വ്യതിയാനം, കുറഞ്ഞ കാലയളവിലുള്ള വരുമാനം, മൂല്യ വര്‍ദ്ധിത ഉല്പന്ന നിര്‍മ്മാണത്തിലൂടെയുള്ള ഉയര്‍ന്ന വരുമാനം, വായ്പ ലഭിയ്ക്കുവാനുള്ള എളുപ്പം എന്നിവ വ്യാവസായികാടിസ്ഥാനത്തിലുള്ള ഡയറിഫാമിംഗിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഡയറി ഫാം ലാഭകരമായി പ്രവര്‍ത്തിപ്പിക്കാന്‍ തീറ്റ, തീറ്റക്രമം, പരിചരണം, പ്രജനനം എന്നിവയ്ക്ക് ഊന്നല്‍ നല്‍കേണ്ടതുണ്ട്. പുത്തന്‍ സാങ്കേതിക വിദ്യകള്‍ ഈ മേഖലയില്‍ പ്രാവര്‍ത്തികമാക്കുന്നത് ലാഭവിഹിതം ഉയര്‍ത്താനിടവരുത്തും.

തൊഴിലാളികളെ ലഭിയ്ക്കാനുള്ള ബുദ്ധിമുട്ട്, പരിശീലനത്തിന്റെ അഭാവം, കൂടിയ മുതല്‍ മുടക്ക്, തീറ്റ, തീറ്റപ്പുല്ല്, ശുദ്ധമായ വെള്ളം, തൊഴുത്ത് തുടങ്ങിയ ഭൗതിക സൗകര്യങ്ങള്‍ ഒരുക്കുന്നതിലെ പരിമിതികള്‍, പശുക്കള്‍ക്കളുടെ തീറ്റ, മരുന്നുകള്‍ മുതലായവ വാങ്ങുന്നതിലെ പരിമിതികള്‍, ഉയര്‍ന്ന കറവ കാലയളവ്, പ്രജനനത്തിലെ തകരാറുകള്‍ എന്നിവയാണ് പൊതുവെ ഡയറിഫാം നഷ്ടത്തിലാക്കുന്നത്.

ഫാം ലാഭകരമായി പ്രവര്‍ത്തിയ്ക്കാന്‍ തീറ്റ, തീറ്റക്രമം എന്നിവയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കണം. പരുഷാഹാരങ്ങളില്‍ പച്ചപ്പുല്ല്, വൈക്കോല്‍, സമീകൃത തീറ്റ, വിറ്റാമിന്‍-ധാതു ലവണ മിശ്രിതം, കാഫ് സ്റ്റാര്‍ട്ടര്‍, കാഫ് ഗ്രോവര്‍ തീറ്റ, കിടാരി തീറ്റ എന്നിവ ലഭ്യമാക്കണം.

പശുക്കള്‍ക്ക് തൊഴുത്തില്‍ ആശ്വാസകരമായ അവസ്ഥ സംജാതമാക്കുന്ന Cow comfort ന് പ്രാധാന്യം നല്‍കണം. തീറ്റയ്ക്കും, കറവയ്ക്കുമുള്ള സ്ഥലങ്ങളില്‍ തൊഴുത്ത് കോണ്‍ക്രീറ്റ് ചെയ്യുന്നത് നല്ലതാണ്. തൊഴുത്തില്‍ അന്തരീക്ഷോഷ്മാവ് കുറയ്ക്കാന്‍ ആവശ്യത്തിന് വായു സഞ്ചാരത്തിനുള്ള സൗകര്യം വേണം.

ശരാശരി കന്നുകുട്ടി ജനന നിരക്ക് 40% മാണ്. രണ്ട് കറവകള്‍ തമ്മിലുള്ള ഇടവേള 12 മാസമാണ്. വ്യാവസായികാടിസ്ഥാനത്തില്‍ ഡയറി ഫാം തുടങ്ങുമ്പോള്‍ ആദ്യ പ്രസവം 28 മാസത്തില്‍ നടക്കണം. 60% പശുക്കളും ഹോള്‍സ്റ്റീന്‍ ഫ്രീഷ്യന്‍ ഇനങ്ങളായിരിക്കണം. എല്ലാ പശുക്കളെയും ഇന്‍ഷ്വര്‍ ചെയ്തിരിക്കണം. പ്രതിദിനം ഒരു പശുവിന്റെ ശരാശരി പാലുല്പാദനം 13 ലിറ്ററാണ്.

ഒരേക്കര്‍ സ്ഥലത്ത് 30 പശുക്കളുടെ ഫാം തീറ്റപ്പുല്ല് കൃഷി ചെയ്ത് ലാഭകരമായി പ്രവര്‍ത്തിപ്പിക്കാം. 3525 ചതുരശ്ര അടി വിസ്തൃതിയുള്ള ഷെഡ് ആവശ്യമാണ്. സൈലേജുണ്ടാക്കി തീറ്റയായി നല്‍കാം. ഫോഗര്‍, ഫാനുകള്‍, ചാഫ് കട്ടര്‍, ബയോഗ്യാസ് പ്ലാന്റ് എന്നിവ ഫാമില്‍ ആവശ്യമാണ്.

തീറ്റച്ചെലവ്
കറവപ്പശുക്കള്‍ക്ക് ദിവസേന 170 രൂപ തീറ്റച്ചെലവും, കറവയില്ലാത്ത പശുക്കള്‍ക്ക് 86 രൂപയും തീറ്റച്ചെലവ് വേണ്ടിവരും. വ്യാവസായികാടിസ്ഥാനത്തിലുള്ള ഡയറി ഫാമില്‍ നിന്നും മുടക്കു മുതലിന്റെ 30% ത്തോളം വരുമാനം പ്രതീക്ഷിക്കാം.

ദേശീയ തലത്തിലുള്ള ക്ഷീരമേഖലയിലെ സാധ്യതകള്‍ പരശോധിക്കുമ്പോള്‍ കേരളം ഈ രംഗത്ത് പിറകിലാണെന്ന് മനസ്സിലാക്കാം. കേരളത്തില്‍ കന്നുകാലികളുടെ എണ്ണം പ്രതിവര്‍ഷം 7.5% ത്തോളം കുറയുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 92% ത്തോളം സങ്കരയിനം പശുക്കളുള്ള കേരളത്തില്‍ ആവശ്യമായ അളവില്‍ പാലിനുവേണ്ടി അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരുന്നു. വര്‍ദ്ധിച്ച തീറ്റച്ചെലവും, സ്ഥലപരിമിതിയും ഈ രംഗത്തുള്ള പരിമിതികളാണെങ്കിലും തരിശായി കിടക്കുന്ന സ്ഥലങ്ങള്‍, തെങ്ങിന്‍ തോപ്പുകള്‍ എന്നിവിടങ്ങളില്‍ വ്യാവസായികാടിസ്ഥാനത്തിലുള്ള ഡയറി ഫാമുകള്‍ തുടങ്ങുന്നത് സംസ്ഥാനത്തെ പാലുല്പാദനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ഈ രംഗത്ത് വിവിധ ഏജന്‍സികളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനം ആവശ്യമാണ്. എന്നാല്‍ മാത്രമെ ദേശീയ തലത്തിലുള്ള ക്ഷീരവികസനത്തിനാനുപാതികമായി കേരളത്തിന് മുന്നേറാന്‍ സാധിക്കൂ.

3.1568627451
പി.പി.ചന്ദ്രൻ 9496163974 Dec 25, 2018 11:35 AM

ജൈവവൈവിധ്യ സംരക്ഷണം വിദ്യാർത്ഥികളിലൂടെ കാര്യക്ഷമമായി നടത്തിക്കൊണ്ടുപോകാനാകും. ഈ മേഖലയിൽ പരിമിതമായെങ്കിലും ഇടപെടാൻ കഴിഞ്ഞ ഒരു വ്യക്തിയെന്ന നിലയിൽ ഉറച്ച വിശ്വാസമുണ്ട്. ഈ മേഖലയിൽ പ്രവർത്തിക്കാൻ കഴിയുന്ന, സമയമുള്ള റിട്ട: അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്താൻ നടപടി ഉണ്ടാവണമെന്ന് അപേക്ഷിക്കുന്നു

അനീസ് May 02, 2018 02:52 PM

മധുരതുളസി കൃഷി ചെയ്യാൻ താത്പര്യപ്പെടുന്നു

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top