Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

പച്ചക്കറി-കൃഷി

കൂടുതല്‍ വിവരങ്ങള്‍

കാബേജ്

ഇലക്കറികളിൽ പെടുന്ന ഒരു പച്ചക്കറിയാണ്.ഇതിനെ മൊട്ടക്കൂസ് എന്നും വിളിക്കാറുണ്ട്.കൊടും തണുപ്പിനെ അതിജീവിക്കുന്ന ഒരു സസ്യമാണ്.വളരെയധികം പ്രചാരത്തിൽ ഉള്ള പച്ചക്കറിയാണിത്. ചെറിയ ഒരു തണ്ടിനുമുകളിലായി ഇലകൾ ഗോളാകൃതിയിൽ അടഞ്ഞ് ഇരിക്കുന്നതാണ് കാബേജിന്റെ രൂപം. പച്ച നിറമാണ് കാബേജിന്. എന്നാൽ ചുവപ്പും പർപ്പിളും നിറങ്ങളിൽ ചിലപ്പോൾ കാബേജ് കാണപ്പെടാറുണ്ട്.ശീതകാല പച്ചക്കറിയായ ഇതിന്റെ വിത്തുകൾ പാകി തൈകളാണ്‌ നടുന്നത്. ഒക്ടോബർ ആദ്യവാരം തൈകൾ തവാരണകളിൽ പാകി മുളപ്പിച്ച് നവംബർ ആദ്യവാരത്തോടുകൂടി കൃഷി ആരംഭിക്കുന്നു. ഇതിന്റെ വിത്ത് കടുകുമണിയോളം ചെറുതായതിനാൽ പാകുന്ന സ്ഥലം മഴമൂലം ഉണ്ടാകുന്ന മണ്ണൊലിപ്പിൽ നിന്നും രക്ഷിക്കുന്നതിനായി പുതയിടുകയോ ചുറ്റും പട്ട കൊണ്ട് മറയ്ക്കുകയോ ചെയ്യാവുന്നതാണ്‌.

നല്ല സൂര്യപ്രകാശവും നീര്‍വാര്‍ച്ചയും ജൈവാംശവുമുള്ള ഏതു സ്‌ഥലത്തും കാബേജ്  കൃഷിചെയ്യാം. നീര്‍വാര്‍ച്ചയുള്ള മണല്‍ കലര്‍ന്ന പശിമരാശി മണ്ണും കളിമണ്ണു കലര്‍ന്ന പശിമരാശി മണ്ണും കൃഷിക്ക്‌ അനുയോജ്യമാണ്‌.നടുന്നതിനുമുമ്പ്‌ കൃഷിസ്‌ഥലം രണ്ടു,മൂന്നു തവണ നന്നായി ഉഴുതു വെടിപ്പാക്കണം. രണ്ടടി അകലത്തിലും ഒരടി വീതിയിലും താഴ്‌ചയിലും സൗകര്യപ്രദമായ നീളത്തിലും ചാലുകളെടുത്ത്‌ മേല്‍മണ്ണും ജൈവവളവും ചേര്‍ത്ത്‌ മുക്കാല്‍ ഭാഗത്തോളം മൂടണം. സെന്റിന്‌ 100 കിലോഗ്രാം എന്ന അളവില്‍ ജൈവവളം ചേര്‍ക്കാം. ചാലുകളില്‍ രണ്ടടിയോളം അകലത്തില്‍ തൈകള്‍ നടാം.

കറിവേപ്പ്

കറിവേപ്പ് മിക്ക ഭക്ഷണ പദാർത്ഥങ്ങളിലും സുഗന്ധവും,രുചിയും വരുന്നതിനു വേണ്ടി ഉപയോഗിച്ച് വരുന്നു.ഇതിന്റെ ഇലയാണ് സാധാരണ രുചിക്ക് വേണ്ടി ഉപയോഗിക്കുന്നത്.കറിവേപ്പിന്റെ ജന്മദേശം ഇന്ത്യയാണ്‌.ഭാരതത്തിൽ വ്യാപകമായി വളർത്തുന്നതും ഉപയോഗിക്കുന്നതുമായ കറിവേപ്പില, ഇന്ത്യയിലെ മിക്ക സ്ഥലങ്ങളിലുമുള്ള പാചകങ്ങളിൽ ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ്.ആഹാരങ്ങളുടെ സ്വാദ്, സുഗന്ധം എന്നിവ വർദ്ധിപ്പിക്കുവാൻ മാത്രമാണ് കറിവേപ്പിലകൾ ആഹാരത്തിൽ ചേർത്ത് തുടങ്ങിയത്. മധ്യകേരളത്തിലെ ചില സ്ഥലങ്ങളിൽ 'കരുവേപ്പ്' എന്നുപറയുന്നു. കറിവേപ്പിനോട് നല്ല സാമ്യമുള്ള ഒരു ചെറുവൃക്ഷമാണ് കാട്ടുകറിവേപ്പ്.വിത്ത് പാകിയാണ് സാധാരണ കറിവേപ്പ് കൃഷിചെയ്യുന്നത്.

കറിവേപ്പിലയിലെ ബാഷ്പശീലമുള്ള തൈലമാണ് ഇലയ്ക്ക് രുചിപ്രദാനമായ മണം നൽകുന്നത്. ജീവകം ഏ ഏറ്റവും കൂടുതലടങ്ങിയ ഇലക്കറിയായതിനാൽ ഇത് നേത്രരോഗങ്ങളെ ശമിപ്പിക്കുന്നു.പ്രധാനമായും കറികൾക്ക് സ്വാദും മണവും നൽകാനാണ്‌ കറിവേപ്പില ഉപയോഗിക്കുന്നത്. എങ്കിലും എണ്ണകാച്ചി തലയിൽ തേയ്ക്കാനും ഉപയോഗിക്കുന്നുണ്ട്. കൂടാതെ തൊലിപ്പുറത്തുണ്ടാകുന്ന വൃണങ്ങൾക്കും, വയറുസംബന്ധിയായ അസുഖങ്ങൾക്കും കറിവേപ്പില ഉപയോഗിക്കുന്നു.തലമുടി കൊഴിച്ചിൽ തടയാൽ കറിവേപ്പില, കറ്റാർവാഴ, മൈലാഞ്ചി എന്നിവ ചേർത്ത് എണ്ണ കാച്ചി തലയിൽ തേക്കുക.കഴിക്കുന്ന ഭക്ഷണത്തിൽ പതിവായി കറിവേപ്പില ഉൾപ്പെടുന്നത് കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ജീവകം 'എ' ഏറ്റവുമധികം ഉൾക്കൊള്ളുന്ന ഇലക്കറിയാണ് കറിവേപ്പില.ഇല, തൊലി, വേര് എന്നിവയാണ് ഔഷധ യോഗ്യമായ ഭാഗം

മുരിങ്ങ

മുരിങ്ങ കേരളത്തിൽ ഏറ്റവും അധികം കൃഷി ചെയ്യുന്ന പച്ചക്കറിയാണ്.ഉഷ്ണമേഖലാ പ്രദേശങ്ങളിൽ വളരുന്ന ചെറുമരമാണ് മുരിങ്ങ.ഈ ചെടിയിൽ നിന്ന് ഉണ്ടാകുന്ന കായ്ഫലമാണ്‌ മുരിങ്ങക്ക.ദക്ഷിണ ഇന്ത്യയിലെ മിക്ക വീട്ടു വളപ്പിലും മുരിങ്ങ ചെടി കണ്ടു വരുന്നു.കാറ്റിന്റെ സഹയത്താൽ വിത്തുവിതരണം നടത്തുന്നഒരു സസ്യമണു ഇത്. പല ദേശങ്ങളിലും വ്യത്യസ്ത ഇനം മുരിങ്ങകളാണ്‌ വളരുന്നത്‌.5-10 മീറ്റര്‍ വരെ ഉയരത്തില്‍ ശാഖോപശാഖകളോടുകൂടി വളരുന്ന ഈ ചെടിയുടെ എല്ലാ ഭാഗങ്ങളും വിവിധ രോഗങ്ങള്‍ക്ക് പ്രയോജനപ്രദമാണ്.ഇതിന്റെ പൂവും,കായും ഭക്ഷ്യയോഗ്യമാണ്.ധാരാളം ധാതുക്കളും,വിറ്റാമിനുകളും മുരിങ്ങക്കയിൽ അടങ്ങിയിരിക്കുന്നു.പച്ചക്കറികളിൽ ഏറ്റവും അധികം വിറ്റാമിൻ എ അടങ്ങിയിരിക്കുന്നത് മുരിങ്ങയിലയിലാണ്.വൈറ്റമിൻ എ,സി,ഇരുമ്പ്,ഫോസ്ഫറസ് എന്നിവയുടെ സമൃദ്ധമായ ഉറവിടമാണ് മുരീങ്ങയില.

ആയുർവ്വേദ വിധിപ്രകാരം മുരിങ്ങയില മുന്നൂറോളം രോഗങ്ങളെ ചെറുക്കാൻ പ്രാപ്തമാണ്‌. ശാസ്ത്രീയ ഗവേഷണങ്ങളും ഈ വാദം ശരിവയ്ക്കുന്നു. മുരിങ്ങയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്നതായും തെളിയിക്കപ്പെട്ടിട്ടുണ്ട്‌. ഒരു ഗ്രാം മുരിങ്ങയിലയിൽ ഓറഞ്ചിലുള്ളതിനേക്കാൾ ഏഴുമടങ്ങ്‌ ജീവകം സി, പാലിലുള്ളതിനേക്കാൾ നാലുമടങ്ങ്‌ കാൽസ്യം, രണ്ടുമടങ്ങ്‌ കൊഴുപ്പ്‌, ക്യാരറ്റിലുള്ളതിനേക്കാൾ നാലുമടങ്ങ്‌ ജീവകം എ, വാഴപ്പഴത്തിലുള്ളതിനേക്കാൾ മൂന്നുമടങ്ങ്‌ പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നതായും നിരവധി ഗവേഷണങ്ങൾ കണ്ടെത്തിയിരിക്കുന്നു. ഇക്കാരണങ്ങൾക്കൊണ്ട്‌ മുരിങ്ങയെ ജീവന്റെ വൃക്ഷം എന്നാണ്‌ വിശേഷിപ്പിക്കുന്നത്‌. വേര്, തൊലി, ഇല, കായ്, പൂവ് എന്നിവയാണ് മുരിങ്ങയിലെ ഔഷധ യോഗ്യമായ ഭാഗം.

കോവൽ

 

കോവൽ ഒരു ദീർഘകാല വിളയാണ്.കോവലിന്റെ ജന്മദേശം ഇന്ത്യയാണ്.ഇതിന്റെ കൃഷിരീതി വളരെ ലളിതമാണ്.ഭക്ഷ്യയോഗ്യമായ കോവയ്ക്ക ഉണ്ടാവുന്ന ഒരു വള്ളിച്ചെടിയാണ്‌ കോവൽ.കീടങ്ങളുടെ ആക്ക്രമണം വളരെ കുറവാണ്.കൂടാതെ കോവലിൽ നിന്ന് ദീർഘ കാലത്തേക്ക് വിളവെടുക്കാം.കോവൽ കയ്പ്പുള്ളവയും,കയ്പ്പില്ലത്തവയും എനിങ്ങനെ എന്നിങ്ങനെ 2 വിധത്തിലുണ്ട്.പ്രോട്ടീൻ, വിറ്റാമിൻ സി എന്നിവയാൽ സമ്പന്നമാണ്‌ കോവയ്ക്ക.ഏതു കാലാവസ്ഥയിലും ചെയ്യാവുന്ന ആദായകരമായ കൃഷിയാണിത്. വള്ളി മുറിച്ചു നട്ടാണ്‌ കോവൽ കൃഷി ചെയ്യുന്നത്‌. തുടർച്ചയായി വലിപ്പമുള്ള കായ്ഫലം തരുന്ന തായ്‌ വള്ളികളിൽ നിന്നാണ്‌ വള്ളി ശേഖരിക്കേണ്ടത്‌. നാലു മുട്ടുകൾ എങ്കിലുമുള്ള വള്ളിയാണു നടീലിനു നല്ലത്‌. കവറിൽ നട്ടുപിടിപ്പിച്ചു പിന്നീട്‌ കുഴിയിലേക്കു നടാം. ഉണങ്ങിയ കാലിവളം, തരിമണൽ, മേൽ‌മണ്ണ്‌ എന്നിവ സമം കൂട്ടിയിളക്കിയത്‌ പോളിത്തിൻ കവറിന്റെ മുക്കാൽ ഭാഗം വരെ നിറക്കുക. വള്ളിയുടെ രണ്ടു മുട്ടുൾ മണ്ണിൽ പുതയാൻ പാകത്തിൽ വള്ളികൾ നടുക. ഇവ തണലിൽ സൂക്ഷിക്കുക. ആവശ്യത്തിനു മാത്രം നനക്കുക. ഒരു മാസത്തിനുള്ളിൽ തൈകൾ മാറ്റി നടാം. പോളിത്തിൻ കവറിന്റെ ചുവടു കീറി കുഴിയിലേക്കു വെക്കുക. അര മീറ്റർ വീതിയും താഴ്ചയും ഉള്ള കുഴികളിലാണു നടേണ്ടത്‌.ഇലയുടെ നിറമുള്ള ഇലത്തീനിപുഴുക്കൾ, കായീച്ചകൾ എന്നിവയാണു കോവലിനെ ആക്രമിക്കുന്ന കീടങ്ങൾ. പുഴുക്കളെ പെറുക്കിയെടുത്തു നശിപ്പിക്കാം. കായീച്ചകളെ നശിപ്പിക്കാൻ തുളസിക്കെണി ജൈവ കീടനാശിനി പ്രയോഗിക്കാം

 

തുളസിക്കെണി കൃഷിയിൽ കീടങ്ങളുടെ ആക്രമണം തടയാനുപയോഗിക്കുന്ന ഒരു മാർഗ്ഗമാണു്.ഇതു് തയ്യാറാക്കാൻ വേണ്ടി ഒരു കൈപിടി നിറയെ എന്ന കണക്കിൽ തുളസിയില അരച്ച് ചിരട്ടക്കുള്ളിൽ ഇടുക. അരച്ചെടുത്ത തുളസിയിലകൾ ഉണങ്ങിപ്പോകാതിരിക്കാൻ കുറച്ചുവെള്ളം ചേർക്കുക. ഇതിൽ 10 ഗ്രാം ശർക്കര പൊടിച്ച് ചേർക്കുക. പിന്നീട് ഒരു നുള്ള് കാർബോഫുറാൻ തരി ചാറിൽ ഇട്ട് ഇളക്കുക.കാർബോഫുറാൻ തരിമൂലം വിഷലിപ്തമായ ഇതിലെ ചാറ് കുടിച്ച് കീടങ്ങൾ നശിക്കും.കായീച്ചശല്യവും ,ഗാളീച്ച ശല്യവും കുറയ്ക്കുവാന്‍ ഏറ്റവും നല്ലതാണ്‌ തുളസിക്കെണി.

ചുര

 

ചുര ഔഷധ ഗുണമുള്ള ഒരു പച്ചക്കറി ചെടിയാണ്.ഇതിൽ നിന്നുള്ള ഫലത്തിനെ ചുരക്ക എന്നു വിളിക്കുന്നു.കായുടെ വലുപ്പം,നീളം,ആകൃതി,വളവ്,ചുഴിപ്പ്,മുഴുപ്പ്,എന്നിവ പല ചെടികളിലും വ്യത്യസ്തമാണ്.നാട്ടിൻപുറങ്ങളിലെ തൊടികളിൽ ധാരാളമായി കണ്ടുവരുന്ന ഒരു പച്ചക്കറി വിളയാണ് ചുരക്ക. ഇതിനെ ചുരങ്ങ, ചെരവക്കായ എന്നൊക്കെ പ്രാദേശികമായി വിളിയ്ക്കുന്നു.സാധാരണയായി മൂന്നു വിധത്തിലുള്ള ചുരക്കയാണ് കാണപ്പെടുന്നത്.പാൽച്ചുരക്ക , കുംഭച്ചുരക്ക , കയ്പ്പച്ചുരക്ക എന്നിങ്ങനെയാണ് മൂന്ന് വിധത്തിലുള്ള ചുരക്കകൾ.ചുരക്ക നീര് കുടിക്കുന്നത് സുരക്ഷിതമല്ല.രണ്ട് സീസൺ ആയി ഇത് കൃഷിചെയ്യാം. നടീൽ സമയം സെപ്‌റ്റംബർ മുതൽ ഒക്ടോബർ വരെയും ജനുവരി- ഫെബ്രുവരി മാസത്തിലും കൃഷി ചെയ്യാവുന്നതാണ്.പച്ചത്തുള്ളൻ, മൊസെയ്‌ക്‌ പരത്തുന്ന വെള്ളീച്ച എന്നിവയുടെ ശല്യം ഉണ്ടാവുമ്പോൾ 15 ദിവസത്തിലൊരിക്കൽ വെളുത്തുള്ളി - വേപ്പെണ്ണ മിശ്രിതം തളിക്കുക.

 

നിയന്ത്രണ മാർഗങ്ങൾ

 

പച്ചക്കറിയിലെ കീടങ്ങളെ അകറ്റാന്‍ വെളുത്തുള്ളി വേപ്പെണ്ണ മിശ്രിതം ഉപയോഗിക്കുന്നു.രണ്ടു ശത­മാനം വീര്യ­ത്തിൽ 10 ലിറ്റർ വേപ്പെണ്ണ - വെളു­ത്തുള്ളി മിശ്രിതം ഉണ്ടാ­ക്കു­ന്ന­തിന്‌ 200 മില്ലി­ലി­റ്റർ വേപ്പെ­ണ്ണ, 200 ഗ്രാം വെളു­ത്തു­ള്ളി, 50 ഗ്രാം ബാർസോപ്പ്‌ എന്നിവ വേണ്ടി­വരും ബാർസോപ്പ്‌ ചീകി എടുത്ത്‌ അര ലിറ്റർ ഇളം ചൂടു­വെ­ള്ള­ത്തിൽ നല്ല­തു­പോലെ ലയി­പ്പിച്ച്‌ 200 മില്ലി ലിറ്റർ വേപ്പെ­ണ്ണ­യു­മായി ചേർത്ത്‌ ഇളക്കി പത­പ്പി­ക്ക­ണം. വെളു­ത്തുള്ളി നല്ല­തു­പോലെ അരച്ച്‌ 300 മില്ലി ലിറ്റർ വെള്ള­വു­മായി ചേർത്ത്‌, അരി­ച്ച്‌, വേപ്പെണ്ണ ഇമൾഷ­നു­മായി ചേർക്കു­ക. ഇത്‌ 9 ലി­റ്റർ വെള്ളം ചേർത്ത്‌ നേർപ്പിച്ച്‌ 10 ലിറ്റർ ലായനി ഉണ്ടാ­ക്കാം. നീരൂറ്റി കുടി­ക്കുന്ന വെള്ളീച്ച,മുഞ്ഞ ,പച്ചത്തുള്ളൻ എന്നീ കീടങ്ങൾക്കെതിരെ ഫല­പ്ര­ദമായ ഒരു ഉപാധിയാണ്.

തണ്ണി മത്തൻ

തണ്ണി മത്തൻ വേനൽക്കാലത്ത് വിപണിയിൽ ലഭ്യമാകുന്ന പഴങ്ങളിൽ ഏറ്റവും പ്രചാരമേറിയതാണ്‌.ഇതൊരു വെള്ളരി വർഗ വിളയാണ്.ചൂടുള്ള കാലാവസ്ഥയിൽ വളരെയധികം ഉപയോഗിക്കുന്ന ഒരു ഫലമാണിത്.മലബർ ഭാഗങ്ങളിൽ വത്തക്ക എന്നറിയപ്പെടുന്ന തണ്ണിമത്തൻ വേനൽക്കലത്തിന്റെ ആരംഭത്തോടെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വൻതോതിൽ ഇറക്കുമതി ചെയ്യപ്പെടുന്നു. ചെങ്കുമ്മട്ടി, കുമ്മട്ടി എന്നീ പേരുകളിലും ഇതറിയപ്പെടുന്നു.തണ്ണിമത്തന്റെ ജന്മ ദേശം ആഫ്രിക്കയാണ്‌.ഉഷ്ണമേഖലാ പ്രദേശങ്ങളിലെല്ലാം തന്നെ ഈ വിള വ്യാപകമായി കൃഷി ചെയ്തു വരുന്നു. വിളഞ്ഞ തണ്ണിമത്തന്റെ ഉള്ളിലുള്ള മാംസളമായ ഭാഗമാണ്‌ ഭക്ഷണമായി ഉപയോഗിക്കുന്നത്.മറ്റു വെള്ളരി വർഗ്ഗ വിളകളെ അപേക്ഷിച്ച് തണ്ണിമത്തനിൽ ഇരുമ്പിന്റെ അംശം കൂടുതലാണ്‌. തണ്ണിമത്തന്റെ നീര്‌ നല്ലൊരു ദാഹശമനി കൂടിയാണ്‌.

ഇന്ത്യയിൽ വളരെ തണുപ്പുള്ള പ്രദേശങ്ങളിലൊഴികെ എല്ലായിടത്തും തണ്ണി മത്തൻ കൃഷി ചെയ്തു വരുന്നു.അന്തരീക്ഷത്തിലെ ഈർപ്പവും; മഴയും കുറഞ്ഞ രീതിയിലുള്ള വരണ്ട കാലാവസ്ഥയുമാണ്‌ തണ്ണിമത്തന്റെ കൃഷിക്ക് അനുകൂള ഘടകങ്ങൾ. കേരളത്തിൽ ഡിസംബർ മുതൽ മാർച്ചുവരെയുള്ള സമയമാണ്‌ കൃഷിക്ക് അനുയോജ്യം. കായ്ക്കുന്ന സമയത്ത് കിട്ടുന്ന മഴ തണ്ണിമത്തന്റെ ഗുണവും മധുരവും കുറയ്ക്കാൻ ഇടയാക്കുന്ന ഘടകങ്ങളാണ്‌.

മത്തൻ

മത്തൻ പന്തലിലല്ലാതെ നിലത്ത് പടർത്തിവളർത്തുന്ന ഒരു പച്ചക്കറിയിനമാണ്‌.മത്തനിൽ വിറ്റാമിൻ എ വളരെയധികം അടങ്ങിയിരിക്കുന്നു.മത്തൻറെ കായ്കൾ,ഇളം ഇലകൾ,വള്ളിയുടെ അഗ്രം എന്നിവ മലക്കറിയായി ഉപയോഗിക്കുന്നു. ജീവകം എ കൂടുതലായി അടങ്ങിയതും വെള്ളരിവർഗ്ഗത്തിൽ പെട്ടതുമായ ഒരു പച്ചക്കറിയാണ്‌. വലിപ്പത്തിലും രൂപത്തിലും സ്വാദിലും വ്യത്യസ്തതയുള്ള വളരെയധികം മത്തൻ ഇനങ്ങൾ ഉണ്ട്.വിളവെടുപ്പിനുശേഷം വളരെക്കാലം സൂക്ഷിച്ച് വയ്ക്കാൻ കഴിയും എന്നുള്ളതാണ്‌ മത്തൻറെ പ്രത്യേകതയായിട്ടുള്ളത്. ചെടിയിൽ ഉണ്ടാവുന്ന കായ മത്തൻ കായ അഥവാ മത്തങ്ങ എന്നറിയെപ്പെടുന്നു. ഇത് പല വലിപ്പത്തിലും രുചിയിലും ഉണ്ട്.

മത്തനെ ആക്രമിക്കുന്ന പ്രധാന കീടമാണ്‌ കായകളെ ആക്രമിക്കുന്ന കായീച്ച. ഈ കീടം കായകളെ പൂവിട്ടുകഴിയുമ്പോൾ തന്നെ നശിപ്പിക്കുന്നു. ഇതിനെതിരെയുള്ള  പഴക്കെണി വഴിയും കായീച്ചകളെ നശിപ്പിക്കാം.ഏറ്റവും നല്ല പ്രതിരോധ മാർഗം വിരിഞ്ഞ കായ്‌കൾ കടലാസ് അല്ലെങ്കിൽ പ്ലാസ്റ്റിക്‌ കവർ ഇട്ടു പൊതിയുക,കായ്‌കൾ വളരുന്നതിനനുസരിച്ച് പൊതിയുടെ വലിപ്പം കൂട്ടി കൂട്ടി കൊടുക്കുക.

മത്തൻ ചെടിയെ ആക്രമിക്കുന്ന പ്രധാന രോഗമാണ്‌ മൊസൈക്ക്. ഇതിനെതിരെ മുൻകരുതലായി മത്തൻ ചെടിയുടെ പരിസരം വൃത്തിയായി സൂക്ഷിക്കുക, കള നിയന്ത്രിക്കുക എന്നിവയാണ്‌.രോഗം വരാതിരിക്കാന്‍ വേപ്പെണ്ണ എമല്‍ഷന്‍ അടക്കമുള്ള ജൈവ കീടനാശിനികൾ ഉപയോഗിക്കണം.ജൈവ കൃഷികളിൽ ഒഴിച്ച്  കൂട്ടനാവാത്ത ജൈവ കീടനാശിനിയാണ്  വേപ്പെണ്ണ എമൽഷൻ.ഇലതീനി പുഴുക്കൾ ,ചിത്രകൂടം,വെള്ളീച്ച,പയർ പേൻ തുടങ്ങിയ കീടങ്ങൾക്കെതിരെ ഫലപ്രദമായ ഒരു കീടനാശിനി ആണ്  വേപ്പെണ്ണ എമൽഷൻ.വേപ്പെണ്ണ,ബാർ സോപ്പ് എന്നിവ ഉപയോഗിച്ചാണ്‌ വേപ്പെണ്ണ എമൽഷൻ നിർമിക്കുന്നത്.ഒരു ലിറ്റർ വേപ്പെണ്ണ ഉണ്ടാക്കാൻ ഏകദേശം 65 ഗ്രാം ബാർ സോപ്പ് ആണ് വേണ്ടി വരുക.അര ലിറ്റർ ചൂട് വെള്ളത്തിൽ 65 ഗ്രാം സോപ്പ് ലയിപ്പിച്ചെടുക്കുക.ഇതിലേക്ക് വേപ്പെണ്ണ ചേർത്ത് നല്ലപോലെ ഇളക്കുക.ഈ ലായനി വെള്ളം ചേർത്ത് നേർപ്പിച്ചു വേണം ചെടികളുടെ ഇലകളിൽ തളിക്കാൻ.നല്ല വെയില് ഉള്ളപ്പോൾ തളിക്കുന്നതാണ് ഫലപ്രദം.വേപ്പെണ്ണ എമൽഷൻ അധിക നാൾ ഇരിക്കില്ല.ആയതിനാൽ ആവിശ്യത്തിന് അനുസരിച്ച് കുറച്ചു നിർമിക്കുന്നതാണ്  അഭികാമ്യം.

പാവലിനെ ബാധിക്കുന്ന രോഗങ്ങളിൽ പ്രധാനം മൊസൈക് രോഗമാണ്. ഇതിനെ പ്രധാന ലക്ഷണങ്ങൾ ഇലകളുടെ ഞരമ്പുകളിലെ പച്ച നിറം നഷ്ടപ്പെട്ട് മഞ്ഞനിറമാകുകയും ക്രമേണ കുരടിക്കുകയും ചെയ്യും. ഇങ്ങനെ യുള്ള രോഗം ബാധിച്ച ചെടികൾ വേരോടെ പിഴുതു മാറ്റി നശിപ്പിക്കുക എന്നതാണ് ഏറ്റവും ഫലപ്രദമായ വഴി.കുമിൾ രോഗവും പാവലിനെ ബാധിക്കുന്ന ഒരു രോഗമാണ്. ഇലകളുടെ അടിഭാഗം അഴുകുകയും മേൽഭാഗം മഞ്ഞനിറത്തിൽ പൊട്ടുകൾ പോലെ കാണപ്പെടുകയും ചെയ്യുന്ന മൃദുരാമപൂപ്പൽ (ഡൗണി മിൽഡ്യൂ), ഇലകളിൽ പൊടി തൂകിയതുപോലെ ആദ്യം കാണുകയും പിന്നീട് ഇലകൾ മുഴുവനും അഴുകി നശിക്കുകയും ചെയ്യുന്ന ചൂർണ്ണപൂപ്പ് (പൗഡറി മിൽഡ്യൂ) എന്നിവയാണിവ.

വെണ്ട

 

വെണ്ട പച്ചകറികളിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സസ്യം ആണ്.ഉഷ്ണ മേഖല പ്രദേശങ്ങളിൽ ഇതു കൃഷി ചെയ്തു വരുന്നു.ലോകത്ത് മിക്കവാറും രാജ്യങ്ങളിൽ കൃഷിചെയ്യുന്നതും; പച്ചക്കറി വിഭാഗത്തിൽ ഉൾപ്പെടുന്ന കായ് ഉണ്ടാകുന്നതുമായ ഒരു സസ്യമാണ് വെണ്ട.വെണ്ടക്കയിലെ ചെറിയ നാരുകൾ ദഹനത്തിന് വളരെയധികം ഉപയോഗപ്രദമാണ്.ഇതിലെ ശരാശരി പോഷകമൂല്യം പാവയ്ക്ക ഒഴികെയുള്ള വെല്ലരിവർഗ പച്ചകറികളെക്കാൾ കൂടുതലാണ്.

 

ഈ സസ്യത്തിൽ ഉണ്ടാകുന്ന വെണ്ടക്കയിൽ ദഹനത്തിന് സഹായകരമായ നാരുകൾ,ജീവകം എ,ജീവകം സി, ജീവകം കെ,തയാമിൻ,ജീവകം ബി6,ഫോളെറ്റ്,കാൽ‌സ്യം,മഗ്നീഷ്യം,ഫോസ്ഫറസ്,പൊട്ടാസ്യം,മാംഗനീസ്, മാംസ്യം,റൈബോഫ്ലേവിൻ,നിയാസിൻ,ഇരുമ്പ്,സിങ്ക്,ചെമ്പ് എന്നീ ഘടങ്ങൾ അടങ്ങിയിരിക്കുന്നു.തൊണ്ട വീക്കം തടയുന്നതിന് വെണ്ടയ്ക്ക വളരെയധികം പ്രയോജനപ്രദമാണ്‌.അയഡിൻ ഇതിൽ ധാരാളം ഉണ്ട്.  കേരളത്തിലെ കാലാവസ്ഥയിൽ അനുയോജ്യമായ പച്ചകറി വിളയാണ് വെണ്ട.കേരളത്തിൽ പരമ്പരാഗതമായി എല്ലാ കാലത്തും വെണ്ട കൃഷി ചെയ്തു വരുന്നത്.വാഴ തോട്ടങ്ങളിൽ ഇടവിളായി കൃഷി ചെയ്യാൻ പറ്റുന്ന പച്ചകറിയാണ് വെണ്ട.

തക്കാളി

തക്കാളി ആണ് ഉരുളകിഴങ്ങ്  കഴിഞ്ഞാൽ ലോകത്ത് രണ്ടാം സ്ഥാനത്ത് നിൽക്കുന്ന പച്ചക്കറി .തെക്ക്, വടക്ക് അമേരിക്കൻ വൻ‌കരകളിലായി മെക്സിക്കോ മുതൽ പെറു വരെയുള്ള പ്രദേശങ്ങളാണ് തക്കാളിയുടെ ജന്മദേശം‍.മധ്യ അമേരിക്കയിലേയും ദക്ഷിണ അമേരിക്കയിലേയും ആദിവാസികൾ ചരിത്രാതീതകാലം മുതൽക്കേ തക്കാളി ആഹാരമായി ഉപയോഗിച്ചിരുന്നു എന്നു രേഖപ്പെടുത്തിക്കാണുന്നുണ്ട്.20-25 ഡിഗ്രീ സെൽഷ്യസ് താപനിലയുള്ള കാലാവസ്ഥയിൽ നന്നായി വളരുന്നു.തക്കാളിയെ ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട രോഗമാണ് വാട്ട രോഗം.പാകം ചെയ്യാതെതന്നെ സാലഡുകളിലും മറ്റും ഉപയോഗിക്കുവാൻ സാധിക്കുന്ന നല്ലൊരു ഫലമാണ് തക്കാളി. സോസുകളും കെച്ചപ്പുകളും വ്യാവസായികാടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കുവാനും ഇത് പ്രയോജനപ്പെടുന്നുണ്ട്.

സെപ്തംബർ മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ രണ്ടു പ്രാവിശ്യം തക്കാളി ചെയ്യാൻ സാധിക്കും.നല്ല നീർവാർച്ചയും ജല സംഭരണ ശേഷിയും ആഴവുമുള്ള പശിമരാശി മണ്ണാണ് തക്കാളി കൃഷിക്ക് ഏറ്റവും അനുകൂലമായത്.18-27 °C വരെ താപനിലയുള്ള പ്രദേശങ്ങളിൽ തക്കാളി വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്തു വരുന്നു.മണ്ണിന്റെ അമ്ലക്ഷാര സൂചിക (പി.എച്ച്) 6 നും 6.5 നും ഇടയിലകുന്നതാണ് ഉത്തമം.പത്തു മുതൽ 25 സെന്റീമീറ്റർ വരെ നീളമുള്ള ഇലത്തണ്ടുകളാണ് തക്കാളിയുടേത്. ഒരു തണ്ടിൽ എട്ടു സെ.മീ വരെ നീളമുള്ള ഇലകളുണ്ടാകും. ഇലകളിലും തണ്ടുകളിലും രോമം പോലെ വെളുത്തു നനുനനുത്ത ആവരണമുണ്ട്. രണ്ടു സെ.മീ. വരെ നീളമുള്ള മഞ്ഞ പൂക്കളാണ് തക്കാളിയുടേത്. നിറത്തിലും രൂപത്തിലും വ്യത്യസ്തമായ മുപ്പതിലേറെ ഇനം തക്കാളികൾ കൃഷി ചെയ്യപ്പെടുന്നുണ്ട്. വളരെ വലിപ്പം കുറഞ്ഞ ഒരിനം തക്കാളി പീരുമേട് താലൂക്കിൽ പലയിടത്തും കണ്ടു വരുന്നു. കറിയ്ക്ക് ഉപയോഗിക്കുന്ന, കുട്ടിത്തക്കാളി എന്നറിയപ്പെടുന്ന ഈയിനം എന്നാൽ വ്യാപകമായി ഉപയോഗപ്പെടുത്തുന്നില്ല.ശക്തി,മുക്തി,കോ-1,കോ-2 തുടങ്ങിയവ മികച്ച തക്കാളി ഇനങ്ങളാണ്.തക്കാളിപ്പഴത്തിന് വർണഭേദം നല്കുന്നത് കരോട്ടിൻ, ലൈക്കോപെർസിഡിൻ എന്നീ വർണകങ്ങളുടെ വ്യത്യസ്ത സാന്ദ്രതയിലുള്ള സാന്നിധ്യമാണ്. വിത്തുകൾ പരന്നതും ഇളം തവിട്ടുനിറമുള്ളതും ആണ്.

ഉഷ്ണമേഖലാപ്രദേശങ്ങളിൽ തക്കാളിക്കൃഷിയ്ക്ക് ഏറ്റവുമധികം നഷ്ടമുണ്ടാക്കുന്നത് ഇലച്ചുരുൾ രോഗമാണ്. വേരുചീയൽ, ഫലം ചീയൽ, പലവിധ കുമിളു രോഗങ്ങൾ എന്നിവ തക്കാളിയെ ബാധിക്കാറുണ്ട്. തക്കാളി സസ്യത്തിന് ബാക്ടീരിയ മൂലമുള്ള ബാക്ടീരിയൽ വാട്ടവും  ബാക്ടീരിയൽ കാങ്കർ എന്ന പേരിലറിയപ്പെടുന്ന അഴുകലും സംഭവിക്കുന്നു.പുകയില മൊസേക്ക് വൈറസ്, ഇലച്ചുരുൾ വൈറസ് തുടങ്ങിയവയും രോഗങ്ങളുണ്ടാക്കുന്ന വിവിധയിനം കീടങ്ങളും തക്കാളിച്ചെടിക്കു ഭീഷണിയായിത്തീരാറുണ്ട്.

കടപ്പാട്-http://jaivakarshakan.com

3.125
Sanal Kumar v.p Jul 24, 2019 07:15 PM

വളരെ അധികം അറിവ് നൽകുന്ന പംക്തി

Pratheesh Oct 08, 2017 09:29 AM

Thakkali yude ella vattam thadayan enthu cheyanam

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top