Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

നീലംപേരൂര്‍ പടയണി എന്ന കാർഷികപൂരം

കൂടുതല്‍ വിവരങ്ങള്‍

ആമുഖം

ചരിത്ര പ്രസിദ്ധമായ നീലംപേരൂര്‍ പടയണിക്കു വര്‍ണാഭമായ സമാപനം. കേരളത്തിലെ പടയണിപ്പൂരങ്ങള്‍ക്കു നാന്ദി കുറിക്കുന്ന നീലംപേരൂര്‍ പടയണി കോട്ടയത്തിനടുത്തു നീലംപേരൂരില്‍ ഓണത്തോടനുബന്ധിച്ചാണ് എല്ലാ വര്‍ഷവും അരങ്ങേറുന്നത്.1700 ലേറെ വർഷങ്ങളുടെ പഴമ പേറുന്ന നീലംപേരൂർ പള്ളിഭഗവതിയുടെ തിരുമുമ്പിൽ ചേരസാമ്രാജ്യത്തിന്റെ അധിപതിയും രാജ്യം ഭരിച്ച അറുപത്തിമൂന്നാമതു നായനാരുമായിരുന്ന ചേരമാൻ പെരുമാൾ സമർപ്പിച്ച കാഴ്ചക്കോലങ്ങളുടെയും തുടർന്ന് നടന്ന ഉത്സവാഘോഷങ്ങളുടെയും സ്മരണ പുതുക്കുന്ന ദിനം. മുസ്സിരിസ് എന്നും മുചിരിപട്ടണമെന്നും പ്രാചീനകാലത്തറിയപ്പെട്ടിരുന്ന കൊടുങ്ങല്ലൂർ ആസ്ഥാനമായി കേരളമെന്ന ചേരളം വാണ രാമവർമ്മ കുലശേഖരപ്പെരുമാളാണത്രേ ചേരമാൻ പെരുമാൾ എന്ന പേരിൽ വിഖ്യാതനായത്. കളരിട്ടു അറിവാർ, പെരുമാക്കോതൈയാർ തുടങ്ങിയ പേരുകളിൽ വാഴ്ത്തപ്പെട്ടിരുന്ന ഈ ചക്രവർത്തിയുടെ ഇഷ്ടമൂർത്തിയായിരുന്നു തിരുവഞ്ചിക്കുളം ക്ഷേത്രത്തിലെ മഹാദേവർ. രാജ്യഭരണത്തോടൊപ്പം വിവിധ മതങ്ങളേയും ആചാരങ്ങളേയും സസൂക്ഷ്മം നിരീക്ഷിച്ചിരുന്ന ഋഷിതുല്യനായിരുന്നു ഈ കുലശേഖര ആഴ്‍വ‍ാർ. രാജ്യത്ത് ഭക്ഷ്യക്ഷാമമുണ്ടായപ്പോൾ മഹാദേവസന്നിധിയിൽ വെച്ചു നടത്തിയ ദേവപ്രശ്നത്തിൽ ''നീ ധ്യാനിച്ചിരിക്കൂ... മനക്കണ്ണിൽ അഗ്നികാണും ദിക്കിലേക്കു യാത്രചെയ്യൂ'' എന്നൊരു വെളിപാടുണ്ടാവുകയും അതെത്തുടർന്നുള്ള അദ്ദേഹത്തിന്റെ യാത്രയിലാണു നീലംപേരൂർ എന്ന പ്രകൃതി രമണീയമായ ഗ്രാമത്തിൽ എത്തിച്ചേരുകയും ചെയ്തതെന്നാണ് ഐതിഹ്യം.

നീലംപേരൂർ എന്ന പേരിനു പിന്നിലുമുണ്ടൊരു കഥ. നാടുകൾ താണ്ടിയെത്തിയ ഒരു സഞ്ചാരി ഈ ഗ്രാമത്തിന്റെ മനോഹാരിത കണ്ട് തന്റെ വണ്ടിക്കാരനോട് സ്ഥലപ്പേരു ചോദിച്ചപ്പോൾ ''ഊരും പേരും നിലംതാൻ'' എന്നായിരുന്നുവത്രേ മറുപടി. നിലം എന്നാൽ കൃഷിയിടം. വെറും കൃഷിയിടമല്ല വയൽ തന്നെ. മകരക്കൊയ്ത്തിനു കേൾവികേട്ട പാടശേഖരങ്ങളായിരുന്നു നീലംപേരൂരിലും സമീപപ്രദേശങ്ങളിലും പടർന്നു കിടന്നിരുന്നത്. വെൺപൊലിനാടുൾപ്പെടെ (ഇന്നത്തെ കോട്ടയം) യുള്ള നാട്ടുരാജ്യങ്ങളു‌ടെ അന്നദാതാവായിരുന്നു നീലംപേരൂർ പാടശേഖരങ്ങൾ.

പ്രശ്നവിധിപ്രകാരം പെരുമാൾ നീലംപേരൂർ എത്തുന്നത് മീനമാസത്തിലെ പൂരം നാളിലായിരുന്നുവത്രേ. നാടിന്റെ ഭരദേവതയായ ശ്രീ ഭഗവതിയുടെ തിരുനാളാണു മീനപ്പൂരം. ഭഗവതിയെ ആദരപൂർവ്വം പള്ളിഭഗവതി, പള്ളിയംബ എന്നൊക്കെയായിരുന്നു ഗ്രാമീണർ വിളിച്ചിരുന്നത്. നാടിനെ അന്നമൂട്ടുന്ന കർഷകർ തങ്ങളുടെ ഉൽപന്നങ്ങളുടെ ഒരു പങ്ക് ഭഗവതിക്കായി മാറ്റിവെയ്ക്കുകയും തിരുവുത്സവനാളിൽ ആർപ്പുവിളികളുടെയും വായ്ക്കുരവകളുടെയും അകമ്പടിയോടെ അവ സമർപ്പിക്കുകയും ചെയ്യുന്ന കൗതുകക്കാഴ്ചകൾക്ക് പെരുമാൾ സാക്ഷിയായി. അന്നത്തോണികളിൽ അന്നവും നിറച്ചെത്തുന്ന കൃഷീവലരുട‌െ ഭക്തിയും നിഷ്ക്കളങ്കതയും നാടിനോടുള്ള കൂറുമൊക്കെ അദ്ദേഹത്തെ ഹഠാദാകർഷിച്ചു. അവരിലൊരാളായി കുറെക്കാലം അവിടെ താമസമാക്കാൻ അദ്ദേഹം തീരുമാനിക്കുകയും തിരുവഞ്ചിക്കുളം എന്നപേരിൽത്തന്നെ അവിടെ ഒരു കൊച്ചുകൊട്ടാരം പണി കഴിപ്പിക്കുകയും ചെയ്തു.

വടക്കേക്കര, തെക്കേക്കര എന്ന് രണ്ടു കരക്കാരായിത്തിരിഞ്ഞായിരുന്നു കാർഷിക മേഖലയിൽ അന്ന് നാട്ടുകാരുടെ കൂട്ടായ്മകൾ. വടക്ക് ധനധാന്യ സമ്പദ്സമൃദ്ധിയുടെയും തെക്ക് ആയുരാരോഗ്യത്തിന്റെയും ദിക്കുകളത്രേ. രണ്ടും ചേർന്നാൽ സകലൈശ്വര്യങ്ങളായി. ഉത്സവവേളകളിൽ രണ്ടു കരക്കാരുടെയും സംഗമഭൂവായി പള്ളിഭഗവതിയു‌ടെ സന്നിധിമാറും. അന്നമായിരുന്നു നാടിന്റെ ഭാഗ്യചിഹ്നം. അന്നത്തിന് ധാന്യമെന്നും അരയന്നമെന്നും അർത്ഥമുണ്ടല്ലോ. വള്ളങ്ങളുടെ മുഖങ്ങളിൽ അരയന്നത്തിന്റെ ശിരസ്സ് നിർമ്മിച്ചാൽ അന്നത്തോണിയായി. ആറ്റിലൂടെ കാഴ്ചദ്രവ്യങ്ങളുമായി തുഴഞ്ഞെത്തുന്ന വലിയ അന്നത്തോണികളും കരയിലൂടെ കർഷകർ തോളിലേറ്റി എത്തിയ്ക്കുന്ന ചെറിയ നിരവധി അന്നത്തോണികളുമായിരുന്നു പ്രാചീനകാലത്തെ ഘോഷയാത്രകളെ ആകർഷകമാക്കിയിരുന്നത്. ഇതിനു മറ്റൊരു രൂപവും ഭാവവും കൈവന്നത് പെരുമാൾ തിരുമൊഴിമൂലമായിരുന്നുവത്രേ.

പരന്ന നിൽക്കുന്ന ദൃശ്യങ്ങളേക്കാർ ഉയർന്ന് നിൽക്കുന്നവയ്ക്ക് ചാരുത കൂടും. ഇവയാണു ബുദ്ധമതാനുയായികളുടെ ആഘോഷങ്ങളിൽ നിറഞ്ഞു നിന്നിരുന്നത്. ബുദ്ധമതാനുയായി ആയിരുന്ന പെരുമാൾ നീലംപേരൂർ ഉത്സവത്തെ കൂടുതൽ ആകർഷകമാക്കുവാൻ കരക്കാരുടെ യോഗങ്ങൾ വിളിച്ചുചേർത്ത് തന്റെ നിർദ്ദേശങ്ങൾ അവതരിപ്പിക്കുകയും അവ അന്നരൂപത്തിലാവണമെന്ന കരക്കാരുടെ അപേക്ഷ അംഗീകരിക്കുകയും ചെയ്തിനെ തുടർന്ന് ഇന്നത്തെ രൂപത്തിലുള്ള കെട്ടുകാഴ്ചകൾ രൂപം കൊണ്ടു.

പടയണി എന്നും വിളിക്കുമെങ്കിലും നീലംപേരൂരിലെ കാഴ്ചകൾക്കു പടയണിയുമായി കാര്യമായ ബന്ധമില്ല. മദ്ധ്യതിരുവിതാംകൂറിലെ, പ്രത്യേകിച്ചു പത്തനംതിട്ട ജില്ലയിലെ, ദേവീക്ഷേത്രങ്ങളിൽ അരങ്ങേറുന്ന പാളക്കോലങ്ങൾ അതാതു നാടിന്റെ തനതുസംഭാവനകളാണ്. പ്രകൃതിയിൽ നിന്നു ലഭിയ്ക്കുന്ന വസ്തുക്കൾ രണ്ടിടത്തും കാഴ്ചകളൊരുക്കാൻ ഉപയോഗിക്കുന്നു. ചൂട്ടുവെട്ടത്തിലാണു രണ്ടു കാഴ്ചകളും അരങ്ങേറുന്നത്. ബുദ്ധമതശാസനങ്ങൾ പ്രകാരം അഹിംസ വ്രതമാക്കിയ പെരുമാളും കാലാൾപ്പടയും നീലംപേരൂരിൽ ആഘോഷങ്ങൾക്കൊപ്പം അണിനിരന്നതുകൊണ്ടാവും ഇതിനു പടയണിയെന്ന പേരുവീണത്.

നീലംപേരൂർ പള്ളിഭഗവതിയുടെ ഉത്സവം മീനത്തിലെ പൂരത്തിനാണെങ്കിലും പടയണിയാഘോഷങ്ങൾ ചിങ്ങത്തിലെ പൂരത്തിനാണ്. ഓണം കഴിഞ്ഞാണിതുവരുന്നത്. തിരുവോണം മുമ്പോട്ടോ പിമ്പോട്ടോ ആയാൽ പൂരം അതനുസരിച്ചുമാറും. ഉദാഹരണത്തിന് ഈ വർഷം ചിങ്ങമാസം 29നായിരുന്നു തിരുവോണം എന്നതിനാൽ നീലംപേരൂർ പൂരം കന്നിമാസം 12 നാണു വന്നത്. അവിട്ടം മുതൽ തന്നെ പൂരാഘോഷങ്ങൾക്കു തുടക്കമിടും. ആദ്യ നാലുദിനങ്ങളിൽ ചൂ‌ട്ടുപടയണിയാണ്. തെങ്ങോലത്തുഞ്ചങ്ങൾ കൊണ്ടു തീർത്ത തുഞ്ചാണിച്ചൂട്ടുകൾ വീശിവീശി ജ്വലിപ്പിച്ച് ആർപ്പുവിളികളോടെ പൂരത്തിന്റെ വിളംബരമാണാദ്യം. തുടർന്ന് കുടപൂജ. നീളൻ കമുകിൻ വാരികളിൽ വർണ്ണശീലകൾ പിടിപ്പിച്ചുണ്ടാക്കുന്ന കുടകളാണ് ഈ ദിവസങ്ങളിലെ താരം. പിന്നീട് തെങ്ങോലകളിൽ നിന്നു വേർതിരിച്ചെടുക്കുന്ന വഴുകനാരുകൾ കൊണ്ട് കെട്ടുകാഴ്ചയ്ക്കുള്ള അന്നങ്ങളുടെ പഞ്ജരങ്ങളിൽ ഉണങ്ങിയ വാഴയിലകൾ നിറച്ച് വരിയുന്ന ചടങ്ങുകളാണ്. ഒടുവിലത്തെ നാലു ദിവസങ്ങളിൽ പ്ലാവിൽക്കോലങ്ങൾ അരങ്ങുകൊഴുപ്പിക്കുന്നു. തുടർന്ന് പെരുമാളുടെ സ്മരണയ്ക്കായി സ്ഥാപിതമായ പീഠത്തിനു മുമ്പിൽ പൂരം നടത്താനുള്ള അനുവാദം ചോദിച്ചുകൊണ്ട് താളക്രമത്തിൽ തോർത്തുകൾ ചലിപ്പിക്കുന്ന തോത്ത‍ാകളിയാണ്.

അന്നങ്ങൾക്ക് മൂന്നു വർണ്ണങ്ങളാണ് വെള്ളയും പച്ചയും ചുവപ്പും. ഓണത്തിന് വെട്ടിയ വാഴകളുടെ പോളകളാണ് വെളുപ്പുനിറത്തിനുപയോഗിക്കുന്നത്. താമരയിലകൾ ഹരിതവർണവും തെറ്റിപ്പൂക്കൾ (ച‌െത്തിപ്പൂവ്) ചുവന്ന നിറവും നൽകുന്നു. ഉണക്കവാഴയിലകൾ (വാഴകച്ചി, വാഴച്ചപ്പ്) കൊണ്ടു തീർത്ത രൂപങ്ങളിൽ താമരയിലകൾ ആവരണം ചെയ്ത് വാഴപ്പോളകൾ കൊണ്ടുള്ള അലുക്കുകളും തെറ്റിപ്പൂക്കൾ കൊണ്ടുള്ള അലങ്കാരങ്ങളും ചാർത്തുന്നു. ഇതുകൂടാതെ മരയന്നങ്ങളുമുണ്ട്. തടിയിൽ തീർത്ത അന്നങ്ങളിൽ ചെങ്കല്ലും ചുണ്ണാമ്പും മറ്റും പൂശിയാണ് ഇവ തയ്യാറാക്കുന്നത്. ഒപ്പം പുരാണകഥാപാത്രങ്ങളുടെ കോലങ്ങളും കാഴ്ചയ്ക്കായി നിരക്കുന്നു. തടിച്ചട്ടങ്ങളിലാണ് ഇവ തയ്യാറാക്കുന്നത്. എല്ലാം തന്നെ ചൂട്ടുവെട്ടത്തിലാണ് പണ്ടുകാലങ്ങളിൽ അണിനിരന്നിരുന്നത്.

പന്തവും വേണ്ടൊരു കുന്തവും വേണ്ട ചെന്ത‍ീക്കനലതിൻ കമ്പവും വേണ്ട തെങ്ങോല കൊണ്ടുചുരുട്ടിയ ചൂട്ടിന്റെ പൊൻപ്രഭമാത്രം പകോതിക്ക് വേണ്ടൂ

ഇതാണു പ്രമാണം. വൈദ്യുതദീപാലങ്കാരങ്ങൾ പൂരം പടയണിയിൽ കഴിവതും ഒഴിവാക്കുന്നുണ്ട് എന്നു സംഘാടകർ പറയുന്നു. അന്നങ്ങളുടെ നീളം സംബന്ധിച്ചും വ്യവസ്ഥാപിതമായ ധാരണകളുണ്ട്. പഴയ കണക്കനുസരിച്ച് ഒന്നേകാൽക്കോൽ, മൂന്നേകാൽക്കോൽ, അഞ്ചേകാൽക്കോൽ, ഏഴേകാൽക്കോൽ എന്നിങ്ങനെയാണു തടിച്ചട്ടങ്ങൾ തയ്യാറാക്കപ്പെടുന്നത്. ഓരോ കാര്യസാധ്യത്തിനായി ഇത്ര വലുപ്പമുള്ള അന്നങ്ങൾ സമർപ്പിക്കാമെന്ന് ഭക്തർ നേരുന്നു. ഈ നേർച്ചകൾക്കനുസരിച്ചാണു അന്നങ്ങളുടെ വലുപ്പം. ഒരു കോൽ എന്നാൽ രണ്ടരയടിയാണു നീളം. വലുപ്പമെത്രതന്നെ ആയാലും ഇവയുടെ നിർമ്മാണരീതിയോ ഉപയോഗിക്കുന്ന വസ്തുക്കളോ ഒന്നിലും തന്നെ മാറ്റങ്ങളൊന്നുമില്ല.

പൂരം പടയണിയ്ക്കു മുമ്പ് വേലകളിയും അരങ്ങേറിയിരുന്നു. ''വേലയും പൂരവും'' എന്ന വാക്കുതന്നെ ശ്രദ്ധിച്ചാലറിയാം ഇവ പരസ്പരപൂരകങ്ങളാണെന്ന്. പ്രാചീനകാലത്തെ നമ്മുടെ നാട്ടുരാജ്യങ്ങളിലെ കാലാൾപ്പടയുടെ വിനോദങ്ങളിലൊന്നായിരുന്ന വേലകളിയും ബുദ്ധമതസംസ്കാരത്തിന്റെ ശേഷിപ്പുകളായ കെട്ടുകാഴ്ചകളും ഇവിടെ സമന്വയിക്കപ്പെടുന്നു.

പൂരം പടയണിയ്ക്ക് പാട്ടുകൾ കൊഴുപ്പേകുന്നു. വാദ്യവൃന്ദങ്ങളുടെ അകമ്പടിയൊന്നുമില്ലാതെയുള്ള പാട്ടുകൾ കുടപൂജയ്ക്കും, വഴുകവരിച്ചിലിനും പ്ലാവിലനൃത്തത്തിനും തോത്താകളിക്കും എല്ലാം നിർബന്ധമാണ്. വഞ്ചിപ്പാട്ടുകളുടെ ഈണത്തിലാണിവയിൽ കൂടുതലും വിരചിതമായിരിക്കുന്നത്. ദേവിയെ വാഴ്ത്തിയും, രാജാവിനെ സ്തുതിച്ചും, നാടിന്റെ പൈതൃകത്തെ നമിച്ചുമുള്ള ഗാനങ്ങളാണിവയൊക്കെത്തന്നെ.

തിരുവോണം കഴിഞ്ഞല്ലോ തിരു പൂരക്കൊടിയേറ്റ് കരയായ കരയൊക്കെയണിഞ്ഞൊരുങ്ങി മരതകപ്പുടവയും പവിഴവും മണികളും അരയന്നച്ചാർത്തിനായി ക്കരയൊരുക്ക‍ീ...

ഇതു പൂരപ്പടയണിയുടെ ഒരുക്കത്തെ കുറിക്കുന്നു.

ഉടയോനു കുടയായി ക്കരവാഴും പകവതി ഉടയവരായിട്ടെങ്ങളുറപ്പായുണ്ടേ....

നാടിന്റെ ഐക്യത്തെ കാണിക്കുന്ന വരികളാണിവ. ഇതുകൂ‌ടാതെ നിരവധി സ്തുതിഗീതങ്ങൾ മന്ദമായും ചടുലമായും ആലപിച്ച് രാവിനെ പകലാക്കി നാട്ടുകാർ പടയണിപ്പൂരത്തെ അവിസ്മരണീയമാക്കുന്നു.

ചേരമാൻ പെരുമാളിന്റെ അഭീഷ്ടപ്രകാരം തുടങ്ങിയ ആദ്യ പൂരാഘോഷങ്ങൾ കാണാൻ മലയാളക്കരയിൽ നിന്നുള്ള നാട്ടുരാജാക്കന്മാരൊക്കെ നീലംപേരൂരിലേക്കെത്തിച്ചേർന്നിരുന്നുവത്രേ. അവരുടെ സാന്നിദ്ധ്യത്തിൽ പെരുമാളിന് പള്ളിവാണപെരുമാൾ എന്ന സ്ഥാനം നൽകുകയും പള്ളിഭഗവതിക്കടുത്തായി ഒരു പീഠം നൽകുകയും ചെയ്തുവെന്നാണ് ഐതിഹ്യം. ഈ പീഠത്തെ വണങ്ങിയാണ് പൂരാഘോഷങ്ങൾക്ക് ഇന്നും തുടക്കം കുറിയ്ക്കുന്നത്.
കടപ്പാട്-http:mykarshaka.blogspot.in

2.89130434783
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top